Saturday, August 6, 2011

ഒരു സന്താള്‍ യുവാവിന്റെ വെങ്കലനൃത്തം

ഇന്ത്യന്‍ ശില്‍പകലയുടെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന ശാന്തിനികേതന്‍ കലാകാരന്‍
കെ എസ് രാധാകൃഷ്ണന്റെ മുസൂയി-മയ്യ ശില്‍പ പരമ്പരയിലൂടെ

പി പി ഷാനവാസ്

രാംകിങ്കര്‍ ബെയ്ജും ആധുനിക ഇന്ത്യയും
ആധുനിക ഇന്ത്യന്‍ ശില്‍പകലയുടെ പിതാവ് എന്നറിയപ്പെടുന്ന രാംകിങ്കര്‍ ബെയ്ജ്, ബംഗാളി ചലച്ചിത്രകാരന്‍ റിത്വിക് ഘട്ടകിന് സമകാലീനനാണ.്  നന്ദലാല്‍ബോസ്, രാംകിങ്കര്‍ ബെയ്ജ്, ബിനോദ് ബിഹാരി മുഖര്‍ജി ഈ ത്രിമൂര്‍ത്തികളാണ് ടാഗോറിന്റെ പ്രചോദനത്തില്‍, ശാന്തിനിശാന്തിനികേതനെ അതാക്കി മാറ്റിയത്. ശാന്തിനികേതന്‍ കാമ്പസില്‍, കോണ്‍ക്രീറ്റിലും സിമന്റിലുമായി, അദ്ദേഹം ചെയ്ത മൂന്നു ശില്‍പങ്ങളുണ്ട്. സന്താള്‍ കുടുംബം, മില്ലിന്റെ വിളി, കൊയ്ത്തുകാരി.
തലയില്‍ വീട്ടുസാമാനങ്ങളുമായി എങ്ങോട്ടോ പുറപ്പെട്ടു പോകയോ, തിരികെ വരികയോ ചെയ്യുന്ന സന്താള്‍ കുടുംബം. ഫാക്ടറിയുടെ വിളികേട്ട് നീങ്ങുന്ന തൊഴിലാളിസ്ത്രീകള്‍. കറ്റ കയ്യിലേന്തി മുഖം നഷ്ടപ്പെട്ട് പിന്നോട്ടാഞ്ഞ് നില്‍ക്കുന്ന കര്‍ഷകസ്ത്രീ. ഇന്ത്യന്‍ കലാചരിത്രം ഏറെ പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഈ ശില്‍പങ്ങള്‍, ആധുനിക ഇന്ത്യയുടെ രൂപീകരണത്തിലെ മൂന്നു മുഹൂര്‍ത്തങ്ങളുടെ പ്രതിനിധാനങ്ങളാണ്. ബെയ്ജിന്റെ സവിശേഷമായ പരിചരണം വഴി ശില്‍പനിശ്ചലതകള്‍ യഥാര്‍ത്ഥത്തില്‍ പതുക്കെ ചലിക്കുന്നതായി തോന്നുമെന്ന്, ബെയ്ജിന്റെ ചലനാത്മകമായ സ്പേസിനെക്കുറിച്ച് കെ ജി സുബ്രഹ്മണ്യന്‍ എഴുതുന്നു.  ഇന്ത്യന്‍ ആധുനികതയുടെയും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെയും ആദ്യകാലമാണ് ഈ ശില്‍പങ്ങളുടെ ചരിത്രപശ്ചാത്തലം.  വ്യവസായവല്‍ക്കരണം വരുമ്പോള്‍ പറിച്ചറിയപ്പെടുന്ന തദ്ദേശീയ ജനതയും, ഫാക്ടറി വ്യവസായം സൃഷ്ടിക്കുന്ന കൂലിത്തൊഴിലാളികളുടെ പടയും, കൊയ്ത്തുപാടത്ത് മുഖം നഷ്ടപ്പെടുന്ന കര്‍ഷകയും, ഇന്ത്യയുടെ ആദ്യകാല ആധുനികതയുടെ പ്രമേയവല്‍ക്കരണവും പ്രശ്നവല്‍ക്കരണവും വിമര്‍ശവുമായിരുന്നു. ആധുനികത കൊണ്ടുവരുന്ന പുതിയ അസ്തിത്വ രൂപീകരണങ്ങളെ ഈ ശില്‍പങ്ങള്‍ ആവിഷ്കരിക്കുന്നു. ഒരുപക്ഷേ, വ്യവസായവല്‍ക്കരണത്തിന്റെ സാന്നിധ്യമാണ് പേരിട്ടു വിളിക്കാനാവും വിധം സ്ഫുടമായി ഇത്തരം അസ്തിത്വസന്ധികള്‍ കലയില്‍ സാധ്യമായത്. ആധുനികതയും മുതലാളിത്ത നിര്‍മ്മാണവും ആഗോളവല്‍ക്കരണമായി വളര്‍ന്ന സമകാലീന സാഹചര്യത്തില്‍ ഈ ശില്‍പങ്ങള്‍ക്ക് സവിശേഷ സാര്‍വ്വലൌകിക പ്രസക്തി കൈവരുന്നു.

മുസൂയി-മയ്യ ശില്‍പപരമ്പര

രാംകിങ്കര്‍ ബെയ്ജിന്റെ പ്രവര്‍ത്തന കാലത്തുതന്നെ, ബംഗാള്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ സോമനാഥ് ഹോര്‍, വെങ്കലശില്‍പങ്ങളും വുഡ്കടുകളും ചെയ്തിരുന്നു. ആധുനികതയെ മിനിമലിസത്തില്‍ ആവിഷ്കരിച്ച ശര്‍ബരീ ചൌധരിയുടെ സാന്നിധ്യവും അക്കാലത്ത് ശാന്തിനികേതനത്തെ സമ്പന്നമാക്കി.  ശാന്തിനികേതനം സംഭാവന ചെയ്ത ഈ മൂന്നു കലാകാരന്മാരുടെ കളരിയില്‍ പരിശീലനം നേടിയയാളാണ് ആധുനിക ഇന്ത്യന്‍ ശില്‍പികളില്‍ ഏറെ ശ്രദ്ധേയനായ കെ എസ് രാധാകൃഷ്ണന്‍. വെങ്കലം മാധ്യമമാക്കി, മൂന്നു പതിറ്റാണ്ടായി, രാധാകൃഷ്ണന്‍, അതിശയിപ്പിക്കുന്ന വ്യാപ്തിയിലും വലിപ്പത്തിലും എണ്ണത്തിലും, ശില്‍പാഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഇതാദ്യമായി കേരളത്തില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ രാധാകൃഷ്ണന്റെ ശില്‍പങ്ങളുടെ പ്രദര്‍ശനം നടന്നു. രാധാകൃഷ്ണനെപ്പോലുള്ള സമ്മാനിതരായ കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ മെച്ചപ്പെട്ട ഗാലറി സംവിധാനം ഇവിടെ ഇല്ലാത്തതുകൊണ്ടായിരുന്നു കനകക്കുന്ന് കൊട്ടാരത്തില്‍ പ്രദര്‍ശനം നടന്നത്. എന്നാല്‍ കനക്കുന്നിന്റെ ലാന്റ്സ്കേപ്പില്‍ പ്രദര്‍ശനം എത്രയോ ഇരട്ടി കാവ്യഭംഗി കൈകൊണ്ടു. ഭൂഗുരുത്വാകര്‍ഷത്തില്‍ നിന്ന് പൊങ്ങി  വായുവില്‍ നൃത്തം ചവിട്ടി നില്‍ക്കുന്ന രാധാകൃഷ്ണന്റെ ഇമേജറി ആകത്തുകയില്‍ ഒരു കോസ്മിക് നൃത്തത്തെ ഓര്‍മ്മിപ്പിക്കുന്നു. മുസൂയി എന്ന സന്താള്‍ യുവായും, അവന്റെ സഹചാരിണിയെന്നോണം ആവിഷ്കരിക്കപ്പെടുന്ന മയ്യ എന്ന പെണ്‍കുട്ടിയും, ശില്‍പാഖ്യാനത്തിലെ പല സന്ദര്‍ഭങ്ങളായും, രൂപങ്ങളായും പ്രത്യക്ഷപ്പെടുന്ന പരമ്പരയാണ് രാധാകൃഷ്ണന്‍ കനക്കുന്നില്‍ അവതരിപ്പിച്ചത്. കൂടാതെ ഹ്യൂമന്‍ ബോക്സ് പരമ്പരയിലെ ഏതാനും ശില്‍പങ്ങളും. ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്ന ബൃഹത്തായ ശില്‍പസമുഛയവും പ്രദര്‍ശനത്തിലുണ്ടായി.
മുസൂയിയെ കണ്ടുമുട്ടിയതിനു പിന്നില്‍ രാധാകൃഷ്ണന് ഒരു കഥ പറയാനുണ്ട്. (അഭിമുഖം കാണുക). ബുദ്ധിമാന്ദ്യത്തെ അനുസ്മരിക്കുന്ന നോട്ടവും നിഗൂഢമായ മന്ദസ്മിതവും അപരലോകത്ത് നിന്നുള്ളവന്‍ എന്ന ദാര്‍ശനികതയും ആണ് കൌമാാരം പിന്നിടുന്ന മുസൂയിയുടേത്. ശാന്തിനികേതനില്‍ ശില്‍പം ചെയ്യാന്‍ മോഡലായി എത്തിയ മുസൂയിയുടെ ഭാവത്തിലും ആകാരത്തിലും ഒരു സാര്‍വ്വലൌകിക മനഷ്യാസ്തിത്വത്തിന്റെ സൂചനകള്‍ രാധാകൃഷ്ണന്‍ ദര്‍ശിച്ചു.  രാധാകൃഷ്ണന്റെ വാക്കുകളില്‍ ഒരു ഇന്ത്യന്‍ ബുദ്ധന്‍. അസ്തിത്വത്തിന്റെ മള്‍ടിപ്ളിക്കേഷനുള്ള മുസൂയിയുടെ ശരീരത്തിന്റെ സാധ്യതകള്‍, രാധാകൃഷ്ണന്‍ തന്റെ തന്നെ സ്വത്വപകര്‍ച്ചകളാക്കി പരിണമിപ്പിച്ചു. അങ്ങിനെയാണ് മുസൂയി-മയ്യ ശില്‍പാഖ്യാനങ്ങള്‍ പിറവിയെടുക്കുന്നത്. മനുഷ്യരായും മഹാന്മാരായും സസ്യമായും ജന്തുവായും പിശാചായും മാലാഖയായും വസ്തുവായും യന്ത്രമായും മുസൂയി പ്രത്യക്ഷപ്പെട്ടു. മുസൂയിയുടെ അപരയായി മയ്യ എന്ന ബാലികയെയും സൃഷ്ടിച്ചു. ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് തലകുത്തിയും വില്ലു വളഞ്ഞും നൃത്തം ചെയ്യുന്ന മോഹന വെങ്കലരൂപങ്ങളായി, രാധാകൃഷ്ണന്റെ മയ്യയും മുസൂയിയും. അവര്‍ ജീവമര്‍മ്മങ്ങള്‍ പിടിതരാതെ ഭിന്നാസ്തിത്വമായി വീണ്ടും വീണ്ടും ജനിച്ചു. മയ്യയുടെയും മുസൂയിയുടെയും ഈ ജന്മാന്തരങ്ങള്‍ ഒരു ബൌദ്ധജാഥക കഥയായി മാറുന്നു. എഴുത്തുകാരിയായ മയ്യയുടെ മനോഹരമായ ഒരു ശില്‍പം ഇക്കൂട്ടത്തിലുണ്ട്. ആകാശത്ത് കാലുകള്‍ നൃത്തം ചെയ്യിച്ച് ശീര്‍ശാസനത്തില്‍ താഴെ പെഡസ്റ്റനിലേക്ക് പേന പിടിച്ച് എഴുതുന്ന, മയ്യ. മയ്യയെ ശാന്തിനികേതനത്തിലെ ഗ്രാജ്വേറ്റായും മോഹന്‍ജദാരോയിലെ നായികാരൂപമായും അവതരിപ്പിക്കുന്ന ശില്‍പങ്ങള്‍ ഉര്‍വ്വരതയുടെ മോഹനവെങ്കലം പണിയുന്നു.  യക്ഷിയായും മഹിഷാസുരനെ നിഗ്രഹിക്കുന്നവളായും മാലഖയായും മോണാലിസയായും ഒരു വെറും വിന്റ് മില്ലായും, തരംഗമായും, സാത്താനായും, ശാരാദാദേവിയായും മയ്യ പ്രത്യക്ഷപ്പെടുന്നു. ക്രിസ്തുവായും ബുദ്ധനായും മുല്ലാ നസറുദ്ദീനായും, ദണ്ഡിയാത്രക്കു പോകുന്ന ഗാന്ധിജിയായും, പുണൂല്‍ ഉയര്‍ത്തി സൂര്യനഭിമുഖമായി നില്‍ക്കുന്ന ബ്രാഹ്മണനായും, പരശുരാമനായും, നടരാജനായും, കുട്ടിച്ചാത്തനായും, രാമകൃഷ്ണ പരമഹംസരായും, എലിപ്പിടിത്തകാരനായും, റിക്ഷ വലിക്കുന്നവനായും മുസൂയി പ്രത്യക്ഷപ്പെടുന്നു. മുസൂയിയും മയ്യയും നൃത്തം ചെയ്യുന്നു. മുഖം ചേര്‍ത്തു നില്‍ക്കുന്നു. ഒരു മനുഷ്യഗ്ളോബ് തീര്‍ക്കുന്നു, പിരമിഡുകളായി നില്‍ക്കുന്നു. ഒരു മൊറോക്കന്‍ വാതില്‍പ്പടിക്കു ചുറ്റും ആടിപ്പാടിനടക്കുന്നു. മയ്യ വെറുമൊരു അമ്പായും വില്ലായും ഒരു തൂണായും വയലിന്‍ വായിച്ചും, പാരമ്പര്യത്തിന്റെ കോളത്തില്‍ പിടിച്ച് വായുവില്‍ അമ്മാനമാടുന്നവളായും പ്രത്യക്ഷപ്പെടുന്നു.

മുസൂയി-മയ്യയും ഹ്യൂമന്‍ ബോക്സും

വിസ്മയം ജനിപ്പിക്കുന്ന ഈ നടരാജനൃത്തം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നു ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്നു പേരിട്ട ബൃഹത്ശില്‍പത്തില്‍. മുസൂയി-മയ്യമാര്‍ നൂറു കണക്കിനായി ആവര്‍ത്തിച്ച് ഒരു ആള്‍കൂട്ടമായി നടന്ന് ഒരു ചെരിഞ്ഞ പ്രതലം കയറിപ്പോകുന്നു. ഉമ്മറപ്പടിപ്പോലുള്ള ഒരു സ്പേസിലൂടെ കടന്നുള്ള ഈ മനുഷ്യപ്രവാഹത്തിനു മുകളില്‍ സമാന്തരമായി മയ്യയും മുസൂയിയും ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഏഴ് പോസ്ചറുകള്‍. (അഭിമുഖത്തില്‍ വിശദീകരണം കാണുക).  മയ്യയും മുസൂയിയും ഉയരും തോറും ലാന്റ് ചെയ്യും വിധമുള്ള പോസ്ചറുകളിലാണിത്. താഴെ മയ്യയും മുസൂയിയും അംഗങ്ങളായി വരുന്ന ജനപ്രവാഹം. അഭയാര്‍ത്ഥി പ്രവാഹമോ ആനന്ദപ്രവാഹമോ? ഒരു കോര്‍പറേറ്റ് ഹൌസിന്റെ പൂന്തോട്ടവും കാര്‍ പോര്‍ച്ചും കഫേയും അടിയിലായി, മുകളിലേക്കു ചെരിഞ്ഞു കയറുന്ന പ്രതലത്തില്‍ മയ്യ-മുസൂയി പ്രവാഹവും, അതിനു മുകളില്‍ അവരുടെ ഏഴ് വലിയ പോസ്ചറുകളും, എന്ന മട്ടില്‍ രണ്ടു കിലോമീറ്ററിലായി വിഭാവനം ചെയ്തതാണ് ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്ന ശില്‍പം. കോര്‍പറേറ്റ് ഹൌസ് കരാറൊഴിഞ്ഞെങ്കിലും ഈ ആശയത്തില്‍ രാധാകൃഷ്ണന്‍ ശില്‍പങ്ങള്‍ ചെയ്തു. ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് രാധാകൃഷ്ണന്‍ തന്റെ രണ്ടു ശില്‍പ പരമ്പരങ്ങളെ ഒന്നിപ്പിക്കുന്ന ശില്‍പാഖ്യാനം കൂടിയാണ്. ഹ്യൂമന്‍ ബോക്സ് പരമ്പരയും, മുസൂയി-മയ്യ പരമ്പരയും ഇവിടെ സന്ധിക്കുന്നു.
ദില്ലിയില്‍ തന്റെ സ്റ്റുഡിയോ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചപ്പോള്‍ ചുറ്റുവട്ടത്ത് കണ്ട ഒരു ജീവിത പ്രതിഭാസത്തില്‍ നിന്നാണ് ഹ്യൂമന്‍ ബോക്സ് പരമ്പര ഉണ്ടാകുന്നത്. ഒരു കോളനിയില്‍ ജനം പാര്‍പ്പു തുടങ്ങി പെരുകി വരുന്നത്. ഓരോരുത്തരും തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും അവിടെകൊണ്ടു വന്ന് പാര്‍പ്പിച്ച് ഒരു കോളനിയായിത്തീരുന്നത്. ഒരേ വൃത്തിയുടെ ആവൃത്തിയിലൂടെയോ അനുകരണത്തിലൂടെയോ, അല്ലെങ്കില്‍ ഒരു നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിലൂടെയോ, പലായനത്തിലൂടെയോ, കുടിയേറ്റത്തിലൂടെയോ, സ്വത്വവും അസ്തിത്വവും നഷ്ടപ്പെട്ട് ആള്‍കൂട്ടമായിത്തീരുക. ഈ പ്രതിഭാസത്തെയാണ് രാധാകൃഷ്ണന്‍ ഹ്യൂമന്‍ ബോക്സ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. മുഖം നഷ്ടപ്പെട്ട രൂപങ്ങളുടെ ഒരു വെബ്, അല്ലെങ്കില്‍ മെഷ് ഏതെങ്കിലും പ്രതലത്തില്‍ ഒന്നിച്ച് നിപതിച്ചിരിക്കുന്നതു പോലെയാണ് ഈ ശില്‍പങ്ങള്‍.  ഹ്യൂമന്‍ ബോക്സ് പരമ്പരയിലെ ഈ ആള്‍ക്കുട്ടം, സംസ്കൃതി ഇട്ടേച്ചുപോകുന്ന ഹാരപ്പന്‍ ജനതയെപ്പോലെയോ, ആനന്ദവാദികളുടെ ആത്മീയാത്രയ്ക്ക് സമാനമോ, കാര്‍ണിവല്‍ ആഘോഷമോ ആയാണ് ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസില്‍ കടന്നു വരുന്നത്. മനുഷ്യപ്രവാഹം റാമ്പ് കയറിപ്പോകുന്നത്, സ്ഥൂല നോട്ടത്തില്‍ ഒരു അഭയാര്‍ത്ഥിപ്രവാഹം. സൂക്ഷ്മ നോട്ടത്തില്‍ മുസൂയി-മയ്യ ജോഡികളുടെ ആനന്ദനൃത്തം. മുകളില്‍ പറന്നിറങ്ങുന്ന മുസൂയി-മയ്യ പോസ്ചറുകള്‍. അഭയാര്‍ത്ഥിവല്‍ക്കരണത്തിന്റെയും പ്രവാസത്തിന്റെയും സന്ദര്‍ഭങ്ങളെ ആനന്ദനൃത്തം കൊണ്ട് അതിജീവിക്കാനാകുമോ? റിക്ഷ വലിക്കുമ്പോഴും മുസൂയിക്ക് ഒരു മൂളിപ്പാട്ട് പാടാനാകുമോ? സ്വന്തം ശരീരത്തിനും ജീവിതത്തിനും ഇടയില്‍ തളര്‍ന്നു വീഴുന്ന സ്ത്രീക്ക് ആ പ്രയാസകമരമായ കിടപ്പിലും ഒരു വയലിന്‍ വായിക്കാന്‍ കഴിയുമോ? അപ്രകാരം ദുരന്തങ്ങളെപ്പോലും കാര്‍ണിവലാക്കി മാറ്റുന്ന ദര്‍ശനമാണ് രാധാകൃഷ്ണന്റേത്.  ദുരിതങ്ങള്‍ക്കിടയിലും ജീവിതമാഘോഷിക്കുന്ന സാധാരണ മനുഷ്യരാണ് രാധാകൃഷ്ണന്റെ ശില്‍പപാത്രങ്ങള്‍.
യഥാര്‍ത്ഥവസ്തുവില്‍ ഉള്ള ഘനം ഇവിടെ അയഥാര്‍ത്ഥമായി തോന്നുന്നു. വെങ്കലത്തിന്റെ കാഠിന്യം ഇവിടെ ഹൃദയത്തിന്റെ ലാഘവത്വമായിത്തീരുന്നു. ആയിത്തീരാനുള്ള സാധ്യതകളുടെ ഉണ്മ. അതാണ് മുസൂയി.  മയ്യയുടെയും മ്യൂസിയുടെയും ആത്മവത്തയുടെ ഏതു അംശത്തെയും, ഏതുതരം മെറ്റമോര്‍ഫോസസിനെയും മൂര്‍ത്തീകരിക്കുന്ന, സുതാര്യവും ലളിതവും ലാഘവവും പകരുന്ന കൈപ്പാടുകള്‍ കൊണ്ട് ശില്‍പത്തെയാകമാനം, ലോലവും സെന്‍സ്വഷസും ആയ വസ്തുവാക്കി മാറ്റിയിരിക്കുന്നു. സുതാര്യത, ലാളിത്യം, ലാഘവത്വം, ഊര്‍ജ്ജസ്വലത എന്നീ മൂല്യങ്ങള്‍ വെങ്കലമെന്ന മെറ്റീരിയലിന്റെ സൌന്ദര്യമൂല്യങ്ങളാക്കി മാറ്റുന്നിടത്താണ് രാധാകൃഷ്ണനിലെ ശില്‍പകാരന്‍ തന്റെ മാധ്യമത്തിന്റെ അര്‍ത്ഥവും മൂല്യവും കണ്ടെത്തുന്നത്. ശില്‍പിയുടെ ഹൃദയത്തിന്റെ ലാഘവമാകെ ഈ ശില്‍പങ്ങളുടെ ജീവനില്‍  പകര്‍ന്ന പോലെ. മയ്യ-മുസൂയി ശില്‍പങ്ങളുടെ ലാഘവവും താരതള്യവും ഏറെ ശ്രദ്ധേയമാണ്. ലാഘവത്വവും ലാളിത്യവും, ദുര്‍മേദസ്സില്ലാത്ത ശരീരവും കൊണ്ട്, ഏത് അസ്തിത്വങ്ങള്‍ സ്വീകരിക്കാനും ഏതു സ്വത്വത്തിലേക്ക് കൂടൊഴിയാനും ഏതു ജന്മങ്ങള്‍ കൈകൊള്ളാനുമുള്ള സാങ്കേതിക വിദ്യ പണിയുന്നു. ഭിന്നതകളിലേക്കു സഞ്ചരിക്കാന്‍ കഴിയുന്ന ഒന്നിന്റെ വിസ്താരങ്ങള്‍ ആയി അതു മാറുന്നു. രാധാകൃഷ്ണന്റെ മുസൂയി-മയ്യ പരമ്പര ഒരു കാളിദാസ ക്ളാസികിന്റെ സൌഖ്യം പകരുന്നു.

മദര്‍ടോര്‍സോയും സ്ത്രീരൂപങ്ങളും

രാംകിങ്കറിന്റെ തിയേറ്ററിക്കല്‍ ശില്‍പനിര്‍മ്മാണ പാരമ്പര്യത്തിലും, പോട്രേറ്റ് നിര്‍മ്മാണ പൈതൃകത്തിലും, പരിശീലനം നേടിയ രാധാകൃഷ്ണന്‍, ആദ്യകാലത്ത് ഈ സ്വാധീനത്തില്‍ മനോഹരമായ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. തിയേറ്റര്‍ സ്പേസിനെ അനുസ്മരിക്കുന്ന, സന്ദിഗ്ധമായ നില്‍പ് സൂക്ഷിക്കുന്ന, ഘനമാനങ്ങളുടെ ക്യുബിക്കല്‍ സ്പേസുകള്‍ ഇപ്രകാരം രാധാകൃഷ്ണന്റെ ആദ്യകാല ഇമേജുകളില്‍ ശ്രദ്ധേയമാണ്. എന്നാല്‍ രാധാകൃഷ്ണന്റെ ശില്‍പകല പിന്നെ ഒരു പതിറ്റാണ്ടോളം അന്വേഷിച്ചത് മിക്കവാറും സ്ത്രൈണതയുടെ സങ്കീര്‍ണ്ണതകളായിരുന്നു. ഈ ശില്‍പങ്ങളില്‍ രതിഭാവം ആവിഷ്കരിച്ചപ്പോള്‍ തന്നെ, അതിനു നല്‍കുന്ന പശ്ചാത്തലമോട്ടീഫ് ശില്‍പത്തെ  ധൈഷണികമായ തലത്തിലേക്കു നയിക്കുന്നു. സ്ത്രീയും അവള്‍ ഘര്‍ഷണ-വിഘര്‍ഷണങ്ങള്‍ക്ക് വിധേയമാകുന്ന അപരമാസും,മദര്‍ടോര്‍സോ എന്ന ആദ്യകാല ശില്‍പത്തില്‍ തന്നെ പ്രകടമാകുന്നുണ്ട്. പില്‍ക്കാലത്ത് ഈ പ്രമേയത്തിലുള്ള ഒട്ടനവധി അര്‍ദ്ധഅബ്സ്ട്രാക്റ്റ് ശില്‍പങ്ങളുടെ ഭ്രൂണമാണ്, മദര്‍ടോര്‍സോ. കേരളവും ബംഗാളും വിശേഷിച്ചും പങ്കുവെയ്ക്കുന്ന അമ്മദൈവാരാധനയുടെ സാമൂഹ്യശാസ്ത്രവും, വൈയക്തിക മന:ശാസ്ത്രവും ആണ് ഇവിടെ ശില്‍പപ്രമേയം രുപപ്പെടുത്തുന്നത്. ഇന്ത്യന്‍ ശില്‍പകലയില്‍ ഖജുരാഹോ ശില്‍പങ്ങള്‍ രതിയെ ശില്‍പപ്രമേയമാക്കിയിട്ടുണ്ടെങ്കിലും, രാധാകൃഷ്ണന്റെ ശില്‍പങ്ങളില്‍ തികച്ചും ആധുനികമായ ഒരു ഭാവുകത്വത്തിലാണ് സ്ത്രീശരീരവും അതിന്റെ പ്രതിസന്ധിയും കടന്നു വരുന്നത്. തികച്ചും ആധുനികമായ ഒരിന്ത്യന്‍ സ്ത്രീ-പുരുഷ പ്രമേയത്തിന്റെ പശ്ചാത്തലമാണ് അവയ്ക്കുള്ളത്. വളഞ്ഞ പോസ്ചറുകളിലും ഛേദിക്കപ്പെട്ട നിലയിലും ഈ ശില്‍പങ്ങള്‍ എല്ലാം ഉല്‍ക്കടമായ ഒരു മനോവികാരത്തില്‍ നിലകൊള്ളുന്നവയാണ്. രത്യുന്മുഖമായ അവയുടെ ശരീരഭാവം അതിന്റെ തന്നെ എക്സ്ട്രീം എന്നോണം അപസ്മാരതുല്യമായ ഒരു വിസ്മൃതിയിലേക്ക് കെട്ടു പോകുന്നതുമാണ്. തന്റെ പതിത്വത്തില്‍ നിന്ന് വിമോചനം തേടാന്‍ ശ്രമിക്കുംവിധമുള്ള സ്ത്രീരൂപങ്ങളുടെ ഈ സ്ട്രഗ്ളിങ്ങ് അബ്സ്ട്രാക്റ്റുകളില്‍ ശ്രദ്ധേയമായ ഒന്നാണ് വുമണ്‍ ഓണ്‍ റോക്ക്. താന്‍ കൊത്തിവെയ്ക്കപ്പെട്ട ശില്‍പവസ്തുവില്‍ നിന്ന് വിമോചിതയായി സ്വന്തം അസ്തിത്വത്തിലേക്കു നീങ്ങാന്‍ അങ്ങേയറ്റം ശ്രമപ്പെടുന്ന ഒരു സ്ത്രീശരീരം ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. രാധാകൃഷ്ണന്റെ പല ശില്‍പങ്ങളും രത്യുന്മുഖമായി നിലകൊള്ളുന്ന സ്ത്രീരൂപങ്ങളാണ്. ഈ വൈകാരിക സ്ഥിതിയെ അപസ്മാരദ്യൂതി നല്‍കി സംഹാരാത്മകവും ആത്മവിനാശിയുമാക്കിയിരിക്കുന്നു. ദുര്‍ഗയിലും, ഛന്ദേല്‍ റൈഡറിലും, വേള്‍വിന്റിലും, ഫാളിങ് വിമണിലും, ഈവനിങ് സ്റ്റാറിലും, പുള്ളിലും എല്ലാ ഈ ദ്വന്ദഭാവങ്ങളുടെ സ്പേസുകള്‍ സംഘര്‍ഷത്തിലാണ്.
സ്ത്രീരുപങ്ങളുടെ ഈ കാലം പിന്നിടുന്ന രാധാകൃഷ്ണന്റെ കലാജീവിതത്തില്‍ സൂക്ഷ്മമായ ചില വ്യതിയാനങ്ങള്‍ കണ്ടുമുട്ടുന്നു. മഹിഷാസുരനായി പ്രത്യക്ഷപ്പെട്ടിരുന്ന ജന്തുരൂപങ്ങള്‍ ചില ഇംപിഷ് ഫിഗറുകളായി പൂര്‍ണ്ണകായം കൊള്ളുന്ന പരിണാമമാണിത്. സ്ത്രീരൂപങ്ങളോട് ചേര്‍ന്ന് ഏതാനും ശില്‍പങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പക്ഷിയും നായയും മഹിഷവും അവളുടെ പുരുഷാപരത്വത്തിന്റെ മോട്ടീഫുകളായിരുന്നു. വുമണ്‍ വിത്ത് ബേര്‍ഡ്, മഹിഷാസുര്‍, ചന്ദേല്‍ റൈഡര്‍ തുടങ്ങിയ ശില്‍പങ്ങളില്‍ രത്യുന്മുഖതയെ കൂടുതല്‍ ആനിമേറ്റ് ചെയ്യുന്ന അപരലിംഗ രൂപമായി ഈ ജന്തുസാന്നിധ്യം കടന്നു വരുന്നുണ്ട്. പാറയും (വിമണ്‍ ഓണ്‍ റോക്ക്) ഇത്തരം ലിംഗ ഇമേജാണ്. പാറമേല്‍ നിന്ന് തന്റെ അസ്തിത്വത്തെ വേര്‍പ്പെടുത്തുവാന്‍ വ്യഗ്രപ്പെടുന്ന നിസ്സഹായതയായും, മഹിഷനുമായി യുദ്ധം ചെയ്യുന്ന ദുര്‍ഗ്ഗയായും, തന്റെ ഹിപ്പില്‍ വന്നിറങ്ങിയ പക്ഷിയെ കൌതുകവും അമ്പരപ്പും കലര്‍ന്ന് തിരിഞ്ഞു നോക്കുന്ന സ്ത്രീയായും, ഈ സ്ത്രീ-പുരുഷ സംഘര്‍ഷം കടന്നെത്തുന്നു. ആണ്‍രൂപങ്ങളുടെ ഈ ലീനഭാവം ഇംപിഷ് ഫിഗറുകളായി പില്‍ക്കാലത്ത് പരിണമിക്കുന്നു. ഇത് രാധാകൃഷ്ണന്റെ കലാജീവിതത്തെ സവിശേഷമായ സന്ദര്‍ഭമായിരുന്നു.

കുട്ടിച്ചാത്തന്മാര്‍

പില്‍ക്കാലത്ത് രാധാകൃഷ്ണ്‍ ആഘോഷിക്കുന്ന സന്താള്‍ യുവാവിന്റെ ആദിരൂപം, ഇംപിഷ് ഫിഗറുകളില്‍ ഉണ്ട്. കുട്ടിച്ചാത്തനെപ്പറ്റിയുള്ള കഥകള്‍ തന്റെ കുട്ടിക്കാലം നല്‍കിയതാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. കുട്ടിച്ചാത്തന്റെ കുസൃതിയും സര്‍റിയല്‍ സാന്നിധ്യവും, നിഗൂഢമായ മന്ദസ്മിതവും ഈ ഇംപിഷ്ഫിഗറിലൂടെ മുസൂയിയിലേക്കും പടരുന്നു. മുസൂയിയെത്തന്നെ ഒരു കുട്ടിച്ചാത്തനായി രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്നുണ്ട്. മുസൂയിയിലൂടെയും മയ്യയിലൂടെയും മനുഷ്യനെപ്പറ്റിയുള്ള തന്റെ ജീവിതദര്‍ശനത്തെ രാധാകൃഷ്ണ്‍ ആഘോഷിക്കുന്നതു കാണാം. മദര്‍ ടോര്‍സോ കാലഘട്ടത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നും, വൈരുദ്ധ്യങ്ങളില്‍ നിന്നും, സന്ദിഗ്ധതകളില്‍ നിന്നും, മുസൂയി-മയ്യ കാലം മുക്തമാകുന്നു. ഘനത്തേക്കാള്‍ ലാഘവത്വം ശില്‍പഭാഷയായിത്തീരുന്നു. ഘനമാനങ്ങളെ മുസൂയി-മയ്യ ശില്‍പങ്ങള്‍ ഭാരമില്ലായ്മയാക്കുന്നു. മനുഷ്യരൂപം ഇവിടെ വ്യക്തവും സുതാര്യവും നഗ്നവും സുന്ദരവും സ്വതന്ത്രവുമായിത്തീരുന്നു. അസ്തിത്വത്തെ സംബന്ധിച്ച സന്ദിഗ്ധത പേറിയ, ആധുനികതയുടെ ആത്മബോധം കൈവരിക്കാത്ത കാലവും ഇതോടെ അവസാനിക്കുന്നു. ആസക്തിയും തൃഷ്ണയും മായുന്നു, ന്യൂടോണിക് ബലതന്ത്രത്തില്‍ നിന്ന് സ്വതന്ത്രമാകുന്നു. ഉന്മത്തതയുടെയും അപസ്മാരദ്യൂതിയുടേയും ആത്വിനാശകാരിയായ ആ വൈകാരികതയുടെ ഇടവേള പിന്നിട്ട്, ഭിന്നാസ്തിത്വങ്ങള്‍ ഒരു നടരാജനൃത്തമായി വസിക്കുന്ന സ്പേസിലേക്ക് രാധാകൃഷ്ണന്‍ പ്രവേശിക്കുന്നു. രാധാകൃഷ്ണന്റെ ശില്‍പങ്ങളാകെ അങ്ങിനെ ഒരു കോസ്മിക് നൃത്തത്തിന്റെ മിന്നലൊളികള്‍ നിര്‍മ്മിക്കുന്നു.


Friday, August 5, 2011



മതരാഷ്ട്രവാദവും മൌദൂദിയും
ഹമീദ് ചേന്ദമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയ'ത്തെപ്പറ്റി

പി പി ഷാനവാസ്
ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവവും രാഷ്ട്രീയമുക്തമല്ല. "നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്സിസ്റ്റല്ല'' എന്ന് മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങിനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദു:ഖങ്ങള്‍ മറയ്ക്കാനും മാനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിനിന്റെ വിശകലനത്തില്‍ മാര്‍ക്സിസം, ജര്‍മ്മതത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീംമാസയുടേയും ഇംഗ്ളീഷ് ധനതത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം. മറുഭാഗത്ത് മാര്‍ക്സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും ദേശീയനിര്‍മ്മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്സിസം സമീപിച്ചതെങ്കിലും, അവ പങ്കിട്ട പൈതൃകം മാര്‍ക്സിസസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്കരണ സംരഭങ്ങളുടെയും സാമൂഹ്യ നിര്‍മ്മാണ പ്രക്രിയയുടെയും കലാനിര്‍മ്മാണ സംരഭങ്ങങ്ങളുടെയും ആകത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.
മതം എന്ന സ്വകാര്യസ്ഥലി


പിന്നെയും എന്തിനാണ് മനുഷ്യന് ഒരു സ്വകാര്യസ്ഥലി? എന്താണ് ആ സ്വകാര്യ ഇടത്തില്‍ സംഭവിക്കുന്നത്? സമൂഹത്തിലെ സര്‍വ്വതല സ്പര്‍ശിയായ മാറ്റം സ്വകാര്യതയുടെ ധര്‍മ്മസ്ഥലങ്ങളെയും സ്വാധീനിക്കുകയില്ലേ? ധര്‍മ്മചിന്തയുടെയും മൂല്യവ്യവസ്ഥിതിയുടെയും സദാചാരസംഹിതയുടെയും ഈ മേഖലയെ മുതലാളിത്തം തുറന്ന മത്സരത്തിനും ന്യൂറോസിസിനും തുറന്നിട്ടു. മാര്‍ക്സിസം അതിനെ സംബോധന ചെയ്തുമില്ല. ആ സ്ഥലത്ത് ഇന്നും വിശ്വാസത്തിന്റേയും ആചാരത്തിന്റേയും മതസംഹിതയുടെയും 'മധ്യയുഗം' തന്നെ ഒളിച്ചുകളിക്കുന്നു.
എന്നാല്‍, യൂറോപ്പിലും തുടര്‍ന്ന് കോളനിയാനന്തര ദേശ-രാഷ്ട്രങ്ങളിലും നിലവില്‍ വന്ന, ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ പ്രജകളെ കൈകാര്യം ചെയ്യാന്‍ പ്രത്യേക മൂല്യസങ്കല്‍പനങ്ങള്‍ വേണ്ടി വന്നു. മതസമൂഹങ്ങളോട് മതനിരപേക്ഷമായും, ജനസമൂഹങ്ങളോട് ജനാധിപത്യത്തിന്റെ പേരിലും, സാമ്പത്തികഘടയെ ദേശീയമായും അത് അഭിസംബോധന ചെയ്തു. അങ്ങിനെ സമൂഹനിര്‍മ്മാണത്തിന് ഒരു സാര്‍വ്വലൌകിക മാനദണ്ഡം  നിലവില്‍ വന്നു. ഭരണവര്‍ഗങ്ങളെ കാഴ്ചപ്പാടില്‍ ഈ വര്‍ഗീകരണം ഒരു പരിധി വരെ ശാസ്ത്രീയവും യുക്തിപരവുമായിരുന്നു. ദേശീയ സമ്പദ്ഘടനയില്‍ കീഴാളമായ ഭാഗധേയം നിര്‍വ്വഹിച്ചിരുന്ന ജനങ്ങളാകട്ടെ, മതനിരപേക്ഷതയുടെ പേരില്‍ വരേണ്യവര്‍ഗ മതപ്രതിനിധാനങ്ങളെ സ്വായത്തമാക്കിയ ഭരണകൂടശക്തികളോടു പ്രതികരിക്കാന്‍ തുടങ്ങി . അങ്ങിനെ ദേശീയതയ്ക്കുള്ളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. ബ്രിട്ടനില്‍ ഐറിഷ്-വെല്‍സ് ദേശീയതയുടെ പ്രശ്നമായും, ഇന്ത്യയില്‍ ഭാഷാദേശീയതയായും, അറബ് ലോകത്ത് മതദേശീയതയായും, കമ്മ്യൂണിസ്റ്റുകാരുടെ കാര്യത്തില്‍ 'ദേശീയതയുടെ സ്വയം നിര്‍ണ്ണായവകാശ പ്രശ്നമായും' ഇത് ആവിഷ്കാരം കൊണ്ടു. മുതലാളിത്തനിര്‍മ്മാണ ചരിത്രത്തില്‍ മതദേശീയതാവാദങ്ങളുടെ ഉദയത്തിനും  ഈ പശ്ചാത്തലമാണുള്ളത്. മുതലാളിത്തത്തോട് വിമര്‍ശനാത്മകമായി പ്രതികരിച്ച് ബദല്‍ രൂപീകരിച്ച സോഷ്യലിസ്റ്റ് പ്രക്രിയയെ, പില്‍ക്കാലത്ത് മുതലാളിത്തയന്ത്രം സ്വാംശീകരിച്ചപ്പോഴാണ്, മതദേശീയതകള്‍ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ വാഗ്ദാനം നല്‍കി രംഗത്തു വന്നത്. തൊണ്ണൂറുകളില്‍ രൂപപ്പെട്ട ദേശീയതയ്ക്കുള്ളിലെ സംഘര്‍ഷങ്ങളുടെ ഒരു പ്രധാന സന്ധി ഇതായിരുന്നു.
പാശ്ചാത്യ മൂല്യങ്ങളുടെ വേദപ്രോക്തത
1920കളായിരുന്ന ഈ പ്രക്രിയ ഇന്ത്യയില്‍ ഏറ്റവും സജീവമായി നിലവില്‍ വന്നത്. പുതുതായി രൂപംകൊണ്ട സ്വത്തുടമാ-ഭരണവര്‍ഗത്തിന് ഇന്ത്യന്‍ ദേശീയതയെ നിര്‍വ്വചിക്കാന്‍, സ്വന്തം പാരമ്പര്യത്തിലെ പാഠങ്ങളെയും സൂക്തങ്ങളെയും  തത്വചിന്തയെയും തേടിപ്പോകേണ്ടി വന്നു. പാശ്ചാത്യ മൂല്യസങ്കല്‍പങ്ങള്‍ക്കുള്ളില്‍ ദേശ-രാഷ്ട്ര ഭരണകൂടം നിലവില്‍ വന്നപ്പോള്‍, അതിനെ സ്വന്തം മണ്ണില്‍ സാധൂകരിക്കാന്‍ അവര്‍ക്ക് തങ്ങളുടെ പാരമ്പര്യങ്ങളെ ഉണര്‍ത്തുകയും കണ്ടെടുക്കേണ്ടിയും വന്നു. ഉപനിഷത്തുകള്‍, പുരാണങ്ങള്‍, വേദങ്ങള്‍, ഭഗവദ്ഗീത തുടങ്ങിയവയാണ് ഇപ്രകാരം ഉണര്‍ത്തപ്പെട്ടത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 'സതി നിരോധനം' അംഗീകരിക്കാന്‍ പോലും ഇപ്രകാരം വേദങ്ങളില്‍ നിന്ന് സാധൂകരണം തേടിയിരുന്നു. ഗാന്ധിജിയുടെ ഒരര്‍ത്ഥത്തിലുള്ള ക്രൈസ്തവമൂല്യ സമുഛയത്തിന് ഭഗവദ്ഗീത ആധികാരികത നല്‍കി. ദേശ-രാഷ്ട്രം എന്ന സങ്കല്‍പത്തെ 'രാമരാജ്യം' എന്നദ്ദേഹം വിവര്‍ത്തനം ചെയ്തു.
എന്നാല്‍ മേല്‍ക്കോയ്മാ വര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ ഇന്ത്യ തന്നെയാണോ ഇന്ത്യ? ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും പ്രമേയങ്ങളും വേദോപനിഷത്തുകളും പുരാണങ്ങളും ഉപനിഷത് തത്വചിന്തയും മാത്രമാണോ? ഈ സംശയം ഇതര ജനവിഭാഗങ്ങളിലെ, കീഴാള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികളില്‍ മുളപൊട്ടി. അധികാരത്തിന്റെ പ്രശ്നങ്ങള്‍ കൂടി ഉയര്‍ന്നു വന്നതോടെ, വിവിധ ശ്രേണിയിലും തട്ടിലും പെട്ട വിഭാഗങ്ങള്‍ ഭരണകൂടാധികാരത്തില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാനായി മത്സരിച്ചു.
ഇതിന്റെ ഫലമെന്നോണം, അംബേദ്കറുടെയും  മറ്റും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഹിന്ദു-ഇതര ദേശീയതയെ സംബന്ധിച്ച ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കപ്പെട്ടു. ബുദ്ധചിന്തയെ ഉണര്‍ത്തി. കമ്യുണിസ്റ്റുകാര്‍ അക്കാലത്ത് സോവിയറ്റ് റഷ്യയുടെ ഭരണഘടനയില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച്, 'ദേശീയതയുടെ സ്വയം നിര്‍ണ്ണയാവകാശം' എന്ന വാദമുന്നയിച്ചു. പാരമ്പര്യ വരേണ്യ സമൂഹങ്ങളിലെയും പൌരോഹിത്യ വര്‍ഗങ്ങളിലെയും 'പരമ്പരാഗത ബുദ്ധിജീവികള്‍' കുറേക്കൂടി റാഡിക്കല്‍ എന്നു തോന്നുന്ന മതദേശീയതാവാദത്തിന് ജന്മം നല്‍കി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുപുനരുത്ഥാന വാദികളും ഖിലാഫത്ത് പ്രസ്ഥാനവും എല്ലാചേര്‍ന്ന് വിവിധ ദേശീയതാ വാദങ്ങളുടെ വിളഭൂമിയായി മാറി, തൊള്ളളായിരത്തി ഇരുപതുകള്‍. ഇതിന്റെയെല്ലാം പ്രത്യക്ഷ ഫലമായി ഉയര്‍ന്നുവന്നത് ഇന്ത്യ, പാക്കിസ്ഥാന്‍ എന്ന രാഷ്ട്രീയാതിര്‍ത്തിയുടെ രൂപീകരണവും, അതിലൂടെ രണ്ട് വ്യത്യസ്ത ദേശീയതകളുടെ നിര്‍മ്മാണവുമായിരുന്നു.
 ഈ രണ്ടു ദേശീയതകളുടെ പരീക്ഷണശാലയ്ക്കകത്തും,  ദേശീയതയിലെ വിവിധവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടു നിലനിന്നു. ദളിത്-കീഴാള ദേശീയവാദവും, 'ജനകീയ ദേശീയത' എന്ന് ഗ്രാംഷിയന്‍ അര്‍ത്ഥത്തില്‍ വിളിക്കാവുന്ന ഗാന്ധിയന്‍ ദേശീയവാദവും, സോവിയറ്റ് ഭരണഘടനയുടെ അടിത്തറയിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വാദഗതിയും, അതിന്റെ മാവോയിസ്റ്റ് അനുബന്ധവും എല്ലാം ഇതില്‍ പെടുന്നു. അതില്‍ പ്രധാനമായിരുന്നു മതദേശീയ വാദങ്ങള്‍. പാക്കിസ്ഥാന്‍ ദേശീയതയുടെ വിജയം ഇതില്‍ ഈ വിഭാഗത്തിന് പ്രതിക്ഷയേകി. 'പാക്കിസ്ഥാന്‍ മോഡല്‍ ഇന്ത്യ', ഹിന്ദുത്വവാദികള്‍ക്ക് സ്വപ്നം കാണാമെന്നായി.
മൌദൂദിയും ഖുതുബും മറ്റും
ഈ സങ്കീര്‍ണ്ണപ്രക്രിയയിലെ, മതരാഷ്ട്രവാദ പക്ഷത്തിന്റെ തണലിലാണ്, അബ്ദുല്‍ അഅ്ലാ മൌദൂദിയെപ്പോലുള്ള ഇന്ത്യന്‍ 'പരമ്പരാഗത ബുദ്ധിജീവികള്‍' ഉദയം ചെയ്തത്. മൌദൂദിയുടേയും അദ്ദേഹത്തിനു സമകാലീനമായി അക്കാലത്ത് തന്നെ ഏഷ്യന്‍ ദേശ-രാഷ്ട്രങ്ങളില്‍ ഉയര്‍ന്നു വന്ന ബുദ്ധിജീവികളുടെയും, അവര്‍ പൊതുവായി പങ്കിട്ട ആശയപ്പൊരുത്തങ്ങളെയും, അത് സൃഷ്ടിച്ച ജമാഅത്തെ ഇസ്ലാമിപോലുള്ള പാന്‍- ഇസ്ലാമിക പ്രസ്ഥാനത്തെയും, വിശകലനം ചെയ്യുന്ന ഉജ്വല കൃതിയാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന 'മാതൃഭൂമി' പുസ്തകം.
മതമൌലികവാദത്തെ സമഗ്രമായി വിലയിരുത്താന്‍ പുസ്തകം ശ്രമിക്കുന്നില്ല എന്നതു വാസ്തവം തന്നെ. പുസ്തകമെഴുത്തിന്റെ അടിയന്തര പ്രേരണ ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന വിവാദങ്ങളാണ്. മതമൌലികവാദത്തിന്റെ 'സമ്പുഷ്ട യുറേനിയം' ജമാഅത്ത് ആണെന്നും, മുസ്ലിംങ്ങള്‍ക്കിടയിലെ വിവിധതരം മതമൌലിക സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി തണലേകുന്നത് ജമാഅത്ത് ബൌദ്ധിക കേന്ദ്രമാണെന്നും ഉള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ സൂചിപ്പിച്ച തരത്തില്‍, തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ മൂന്നു പതിറ്റാണ്ടു നിലനിന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങളെ പുസ്തകം കണക്കിലെടുക്കുന്നില്ല. എന്നിരുന്നാലും, സ്വന്തം സമുദായത്തിനകത്ത് തീവ്രവാദപ്രവണതകള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉത്കണ്ഠയാണ് അദ്ദേഹം വ്യക്തവും ലളിതവുമായ ഭാഷയിലൂടെ ഈ വിശകലനം നടത്തിയിരിക്കുന്നത്. അത്തരം ഒരു വിമര്‍ശനം സമകാലീന മലയാളത്തിന് അനിവാര്യമാണു താനും. 
മതമൌലികവാദത്തെ ഒരു സമീപകാല പ്രതിഭാസം എന്ന നിലയിലാണ് ഹമീദ് ചേന്ദമംഗലൂര്‍ വിലയിരുത്തുന്നത്. പാക്കിസ്ഥാന്‍ വിഭജന വാദത്തിന്റെ പശ്ചാത്തലത്തിലാണ് മൌദൂദിയെപ്പോലുള്ള ബുദ്ധിജീവികള്‍ ഉദയം ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ലോകത്തില്‍ ക്രൈസ്തവ മതമൌലികവാദം അടക്കം എല്ലാ ഇത്തരം പ്രവണതകളും രൂപപ്പെട്ടത്, ജ്ഞാനോദയ ആശയങ്ങളെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിന്റെ ഭാഗമെന്നോണമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. മതത്തിന്റെ ശുദ്ധീവാദത്തിലൂടെയാണ് മൌലികവാദം പുലരുന്നത്. ഇപ്രകാരം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഈജിപ്തിലും ദേശ-രാഷ്ട്ര രൂപീകരണത്തിന്റെ ആധുനിക കാലത്താണ് മൌദൂദിയെയും ഖുതുബിനെയും പോലുള്ള മതമൌലിക വാദികള്‍ എന്നറിയപ്പെടുന്ന ബുദ്ധിജീവികളുടെ ഉദയം. ഖുതുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ എങ്ങിനെ ജനങ്ങളെ, തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായി വിഭജിച്ചുകൊണ്ട്, ശത്രുപാളയങ്ങള്‍ സൃഷ്ടിക്കുന്നു എന്നു ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മാര്‍ക്സിസത്തിന്റെ ആശയങ്ങളെ അട്ടിമറിക്കുന്നതിലൂടെയാണ് മൌദൂദി തന്റെ ആശയങ്ങള്‍ വികസിപ്പിച്ചത് എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത് എത്രയും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ശൈലിയെയും ആശയത്തെയും വക്രീകരിച്ചുകൊണ്ടും സ്വാംശീകരിച്ചുകൊണ്ടും മൌദൂദി പ്രചരിപ്പിച്ച ആശയപ്രപഞ്ചത്തെ ഹമീദ്മാഷ്് അവതരിപ്പിക്കുന്നു.
ഇസ്ലാമിന്റെ പേരില്‍ ഒരു തരം ഫ്യൂഡല്‍ ഏകാധിപത്യമാണ് മൌദൂദിയുടെ മനസ്സിലുണ്ടായിരുന്നത് എന്നും, ദൈവികമായ ഭരണത്തിന്റെ പേരില്‍ ഒരു ഏകാധിപതിയുടെ, ഇസ്ലാമിന്റെ പേരിലുള്ള ഭരണമാണ് ഇതിലൂടെ വിഭാവനം ചെയ്യപ്പെട്ടത് എന്നും, ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ഇങ്ങിനെ ദൈവീകമായ ഭരണത്തിന്റെ പേരില്‍,  ഇസ്ലാം മൌലികമായും എതിര്‍ത്തുപോരുന്ന പൌരോഹിത്യത്തെയാണ് മൌദൂദി പകരം വയ്ക്കുന്നത്. ഇറാന്‍ വിപ്ളവത്തെത്തുടര്‍ന്ന് എഴുപതുകളില്‍ ആയത്തുള്ള ഖൊമേനിയുടെ ഭരണം ജമാഅത്തുകാര്‍ക്ക് പ്രിയപ്പെട്ടതാകുന്നതും അങ്ങിനെയാണെന്ന് ഹമീദ് ചൂണ്ടിക്കാണിക്കുന്നു. മൌദൂദിയുടെ ആശയങ്ങള്‍ക്കു നേരെ ഇസ്ലാമിലെയും മതനിരപേക്ഷ ക്യാമ്പിലെയും പണ്ഡിതരുടെയും ബുദ്ധിജീവികളുടെയും ഭാഗത്തു നിന്നുണ്ടായ നിശിതവിമര്‍ശനത്തെ നേരിടാന്‍ സമകാലീന ജമാഅത്ത് നേതാക്കള്‍ നടത്തുന്ന മലക്കം മറിച്ചിലുകളെയും ഒരു അധ്യായത്തില്‍ ഹമീദ് വിശകലനം ചെയ്യുന്നു. പാക്കിസ്ഥാന്‍ രൂപീകരണത്തിനു ശേഷം അവിടെ മതമൌലികവാദം ശക്തിപ്പെടുത്തുന്നതിലും ആ രാഷ്ട്രത്തെത്തന്നെ അരാജകാവസ്ഥയില്‍ തള്ളിവിട്ടതിലും, പാക്കിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമിയും അതിനു നേതൃത്വം കൊടുത്ത മൌദൂദി ഉള്‍പ്പെടുന്ന നേതാക്കളും  വഹിച്ച പങ്ക്, ശ്രദ്ധേയമായ ഒരു അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ഒരു ജനതയെ എങ്ങിനെ നിരാലംബരും നിരാശരും ആക്കുമെന്നും, ഒരു രാഷ്ട്രത്തെ എങ്ങിനെ സാമ്രാജ്യത്വത്തിന്റെ പടനിലമാക്കുമെന്നും, അതെങ്ങിനെ മതത്തിനും അതിന്റെ മൂല്യങ്ങള്‍ക്കും തന്നെ കൊടിയ ക്ഷയം വരുത്തുമെന്നും, പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലൂടെ ഹമീദ് മാഷ് ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം രാഷ്ട്രീയപാര്‍ടിയും യുവജനസംഘടനകളും ഉണ്ടാക്കി കേരളത്തിലെ മുസ്ലിം ഭൂരിപക്ഷത്തില്‍ കണ്ണുവെച്ച് ആരംഭിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വലയില്‍ വീണുപോകാതെ, സ്വന്തം പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്ലിമിനെയും മതേതര ജനാധിപത്യ വാദിയെയും ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു.  ഹമീദ് മാഷുടെ ലളിതമായ ശൈലി പുസ്തകത്തെ വളരെ എളുപ്പം വായിച്ചുപോകാന്‍ സഹായിക്കുന്നു. കൊച്ചു കൊച്ചു അധ്യായങ്ങളിലായി മുന്നേറുന്ന വിശകലനം പഴുതില്ലാത്തവിധം ഇസ്ലാമിക മതമൌലികതയുടെ ഖുര്‍ആന്‍ വിരുദ്ധതയെ തുറന്നുകാണിക്കുന്നതാണ്.


   
ദൈവത്തിന്റെ രാഷ്ട്രീയം
പഠനം
ഹമീദ് ചേന്നമംഗലൂര്‍
മാതൃഭൂമി ബുക്സ്, 2011
പേജ്: 202, വില: 120.00 രൂപ
Everybody, O Kabir,
Makes my caste a laughing stock:
But it devotes itself to the Creator,
And I martyr myself to its cause-
             Kabir meri jati kau:shalok 2


എന്റെ ഹുസൈന്‍,
നിങ്ങളുടെ ഹുസൈന്‍

പി പി ഷാനവാസ്

നിഷാപൂരിലെ പ്രസിദ്ധ സൂഫിവര്യനും മിസ്റ്റിക് കവിയുമായ ഫരീദുദ്ദീന്‍ അത്തറിനെക്കുറിച്ച് ഒരു കഥയുണ്ട്. നൂറു വയസ്സിലേറെകഴിഞ്ഞിട്ടും മരണം സംഭവിക്കാതെ അത്തര്‍ നിരാശനായി. അതിനിടെ, നിഷാപൂരില്‍ കടന്നെത്തിയ മംഗോള്‍ സൈന്യത്തില്‍ ഒരു ഭടന്‍ അദ്ദേഹത്തെ തടവുകാരനായി പിടിച്ചു. ഒരാള്‍, ഈ യുദ്ധ അടിമയ്ക്ക് ആയിരം വെള്ളിനാണയങ്ങള്‍ നല്‍കാം എന്ന് മംഗോളി ഭടനോടു പറഞ്ഞു. എന്നാല്‍, തനിക്ക് അതിനേക്കാള്‍ കൂടുതല്‍ വില കിട്ടുമെന്നും, ഈ വിലയ്ക്ക് തന്നെ വില്‍ക്കുന്നത് മഠയത്തരമാകുമെന്നും അത്തര്‍ ഭടനെ ഉപദേശിച്ചു. ആര്‍ത്തി പൂണ്ട ഭടന്‍ അത്തറിന്റെ വാക്കുകള്‍ വിശ്വസിച്ചു. കുറേകഴിഞ്ഞ്, മറ്റൊരാള്‍ വന്ന് അത്തറിനെ വിലയ്ക്കു ചോദിച്ചു. കൂടുതല്‍ വില ആവശ്യപ്പെട്ട ഭടനോട് അയാള്‍ പറഞ്ഞു, "പല്ലുകൊഴിഞ്ഞ ഈ കിഴവനാണോ നീ ഇത്രയും വിലകെട്ടുന്നത്, അയാള്‍ക്കു പകരം ഞാന്‍ ഒരു കൂന വൈക്കോല്‍ തരാം.'' യഥാര്‍ത്ഥത്തില്‍ തന്റെ വില അതാണെന്ന് അപ്പോള്‍ അത്തര്‍ മംഗോള്‍ ഭടനോടു പറഞ്ഞു. കുപിതനായ ഭടന്‍ പ്രസിദ്ധനായ ആ സൂഫ്യവര്യനെ കഴുത്തറത്തുകൊന്നു എന്നും, പൊട്ടിച്ചിരിച്ചുകൊണ്ട് അത്തര്‍ മരണം വരിച്ച് തന്റെ നാഥന്റെ സാമീപ്യത്തിലേക്കു മടങ്ങി എന്നുമാണു കഥ. സൂഫി ചരിത്രത്തില്‍ പ്രസിദ്ധമായ ഈ കഥ ഏതെല്ലാമോ നിലയില്‍ എം എഫ് ഹുസൈന്റെ ജീവിതത്തിന്റെയും ഒരേടാണ്.
കലാലോകം കയ്യടക്കിക്കഴിഞ്ഞ മൂലധനത്തിന്റെയും കമ്പോളത്തിന്റേയും ലോകത്തോട് ഹുസൈന്‍ പ്രതികരിച്ചത് ഇതിനു സമാനമായിരുന്നു. ഒരിക്കല്‍ ഒരു പ്രദര്‍ശനത്തില്‍ വെറും ചായത്തുണി കെട്ടി കാണികളെയും ഗാലറി-കമ്പോള കൂട്ടുകെട്ടിനെയും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട്ടെ മലബാര്‍ മഹോല്‍സവത്തിന്റെ വന്‍ആള്‍ക്കൂട്ടത്തിനു മുമ്പില്‍ കാന്‍വാസിലേക്ക് ചുവന്ന ചായം കോരിയൊഴിച്ച് പ്രതികരിച്ചു. പ്രശസ്തനായപ്പോള്‍ തനിക്കു വിലകെട്ടാന്‍ വന്ന കമ്പോളത്തോടും, തന്നെ അറിയാത്ത ആള്‍ക്കൂട്ടത്തോടും ഉള്ള പ്രതികരണങ്ങളായിരുന്നു ഇതെല്ലാം.
വിവാന്‍ സുന്ദരം, തന്റെ 'ഫ്രണ്ട്ലൈന്‍' അഭിമുഖത്തില്‍, ഇതുപോലെ മറ്റൊരു സന്ദര്‍ഭം ചൂണ്ടിക്കാണിക്കുന്നുണ്ട്. "കമ്പോളം ഒരു കലാകാരന്റെ പബ്ളിസിറ്റിയിലാണു ശ്രദ്ധ വെയ്ക്കുന്നത്. അതേസമയം, ഹുസൈനെപ്പോലെ നല്ലൊരു പബ്ളിസിസ്ററ് വേറെ ഉണ്ടായിരുന്നില്ല. അദ്ദേഹം പല ആര്‍ട് ഗാലറിയുമായും ഇടപാടു നടത്തി. എല്ലാതരത്തിലുള്ള കലാകച്ചവടക്കാരുമായും. അവരില്‍ പലരും അദ്ദേഹത്തെ പല നിലയില്‍ പ്രമോട് ചെയ്തു. ഒരര്‍ത്ഥത്തില്‍ അദ്ദേഹം കമ്പോളത്തോട് വളരെ തന്ത്രപരമായാണ് ഇടപെട്ടത്. അദ്ദേഹം തന്റെ ഈ 'ലീല'യെ തമാശമട്ടില്‍ അവതിരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറയുമായിരുന്നു: 'ഞാന്‍ ഈ പണമെല്ലാം ഉണ്ടാക്കിയത്, വൃത്തികെട്ട ഈ 'കുതിര'കളെ വിറ്റിട്ടാണ്.' ഇതില്‍ ഒരു ഐറണി ഉണ്ടായിരുന്നു. അദ്ദേഹം മഹത്തായ പല രചനകളും പണിതീര്‍ത്തിട്ടുണ്ട്. എന്നാല്‍, അതേസമയം, അദ്ദേഹം പറയും, 'ജനങ്ങള്‍ക്ക് ബുദ്ധീഹീനമായ വസ്തുക്കളാണു വേണ്ടതെങ്കില്‍ ഞാനതു നിര്‍മ്മിക്കും'. വളരെ ചുരുക്കം കലാകാരന്മാര്‍ക്കേ സ്വന്തം രചനകളെക്കുറിച്ച് ഇങ്ങിനെയൊരു പ്രസ്താവന നടത്താനാവൂ-വിവാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളായിരുന്നു ഹുസൈന്‍ ഉള്‍പ്പെടുന്ന എക്സ്പ്രഷണലിസ്റ്റുകള്‍ തങ്ങളുടെ അര്‍ത്ഥവത്തായ കല നിര്‍മ്മിച്ച കാലം. അന്നാകട്ടെ, ഇന്നു നാം അമ്പരക്കുന്ന അവസ്ഥയിലുള്ള ആഗോള ലേലപ്പുരകളോ, കമ്പോളമാനദണ്ഡം കൊണ്ട് ഒരു കലാകാരന്റെ രചനകള്‍ക്ക് മൂല്യം നിര്‍ണ്ണയിക്കുന്ന ഗാലറി-ബയേഴ്സ് അവിശുദ്ധ കൂട്ടുകെട്ടുകളോ ഇല്ലായിരുന്നു. എണ്‍പതുകള്‍ക്കു ശേഷമുള്ള ഹുസൈന്റെ കലാപ്രവര്‍ത്തനത്തിന് ഇത്തരത്തില്‍ ഒരു 'മോക്കറി'യുടെ സ്വഭാവമുണ്ടായിരുന്നു. ബോളിവുഡ് താരപ്പൊലിമയിലും, സിനിമാകെട്ടുകാഴ്ചകളിലും, കലയുടെയും ജീവിതത്തിന്റെയും അര്‍ത്ഥം നിക്ഷേപിച്ച ഒരു തലമുറയോടുള്ള പ്രതികരണം. സ്വാതന്ത്യ്രപൂര്‍വ്വ ഇന്ത്യയില്‍ ജീവിതാനുഭവങ്ങള്‍ സമാഹരിക്കുകയും, സ്വാതന്ത്യ്രം കിട്ടിയ ശേഷം അതിന്റെ അര്‍ത്ഥം അന്വേഷിച്ച് കലാപ്രവര്‍ത്തനം നടത്തുകയും ചെയ്ത മഹാനായ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം, എല്ലാം മൂലധനം കയ്യടക്കിയ ആഗോളവല്‍ക്കരണത്തിന്റെ മൂന്നാംലോക പരിതസ്ഥിതിയില്‍,  ഇപ്രകാരം ഒരു 'മോക്കറി'യേ സാധ്യമാകുമായിരുന്നുള്ളൂ.
ഉത്തരാധുനികതയുടെ പരിസരത്ത്, അല്ലെങ്കില്‍, അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഫ്രെഡറിക് ജെയിംസന്റെ അഭിപ്രായത്തില്‍, പില്‍ക്കാലമുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തിയായ ഉത്തരാധുനികതയുടെ കാലത്ത്, ഇത്തരം ഹാസ്യാനുകരണങ്ങളും മോക്കറിയും കലയുടെ ശൈലിയായിത്തീരുന്നു. അങ്ങിനെ ഹുസൈന്‍ എന്ന പ്രതിഭാസം, നമ്മുടെ മാനദണ്ഡങ്ങളെയും മൂല്യവ്യവ്യവസ്ഥയെയും അവസാനം വരെ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഹുസൈന്റെ ഖത്തര്‍ പ്രവാസം തുടങ്ങിയതിനു ശേഷം, ബറോഡയില്‍, കെ ജി സുബ്രഹ്മണ്യന്‍ ഈ ലേഖകനുമായുള്ള ഒരു കൂടിക്കാഴ്ചയില്‍  പ്രതികരിച്ചതുപോലെത്തന്നെ, ഹുസൈന്റെ പ്രതിഭ ഉന്നതങ്ങളില്‍ വിരാചിക്കുമ്പോഴും, അദ്ദേഹം തന്റെ കല കൊണ്ട് ഒത്തിരി 'ട്രാഷു'കളും നിര്‍മ്മിച്ചിട്ടുണ്ട്. ഈ 'ട്രാഷു'കള്‍ ഒരു പക്ഷേ നമ്മുടെ ജനപ്രിയ ഭാവുകത്വം ചെന്നെത്തിയ ദുരന്തത്തിന്റെ കലാപരമായ ആവിഷ്കാരം തന്നെയായിരുന്നു എന്ന് വിവാന്‍ ഉദ്ധരിക്കുന്ന, ഹുസൈന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മഹാരാഷ്ട്രയില്‍ പന്താര്‍പൂര്‍ ഗ്രാമത്തില്‍ ജനിച്ച ഹുസൈന്‍ ബോഹ്റ വിഭാഗത്തില്‍ പെട്ട ഒരു മുസ്ലിംകുടുംബത്തിലെ അംഗമായിരുന്നു. ബഷീറിനെപ്പോലെത്തന്നെ ജന്മദിനം അദ്ദേഹത്തിന് അത്ര വ്യക്തമല്ലായിരുന്നു. തന്റെ ഗ്രാമത്തിലെ ഒരാള്‍ ജനനസര്‍ടിഫിക്കറ്റ് കണ്ടെത്തിയപ്പോഴാണ് അദ്ദേഹം അതറിഞ്ഞത്. ഇസ്ലാമിക കലണ്ടര്‍ പ്രകാരം അദ്ദേഹത്തിന്  കഴിഞ്ഞ വര്‍ഷം നൂറുതികഞ്ഞു. പടിഞ്ഞാറന്‍ കലണ്ടര്‍ പ്രകാരം തൊണ്ണൂറ്റേഴും. ഒറ്റപ്പാലത്ത് എട്ടാം വയസ്സില്‍ നടത്തിയ കച്ചേരിയുടെ ഒരു തനിയാവര്‍ത്തനം എന്ന മട്ടില്‍, പാലക്കാട് കാന്തള്ളൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അവസാന കച്ചേരി നടത്തി പ്രാര്‍ത്ഥനയ്ക്കും കളിതമാശയ്ക്കും ശേഷം മരണത്തെ പുല്‍കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ (ആര്‍ നന്ദകുമാര്‍) കലാജീവിതത്തിനു സമാനമെന്നോണമുള്ള, ഒരു സാര്‍ത്ഥകത, നൂറു വര്‍ഷം ജീവിച്ച്, തന്റെ കാലത്തെയും ദേശത്തെയും കലയെയും ജീവിതത്തെയൂം എന്നെന്നേക്കുമായി സ്വാധീനിച്ച് മണ്‍മറഞ്ഞ ഹുസൈനും അവകാശപ്പെടാം. ദേശീയതയെ സംബന്ധിച്ച മൂഢമായ ഫിലിസ്റൈറന്‍ നിലവിളികളില്‍ മുങ്ങിപ്പോയ നമ്മുടെ ദേശവാദികള്‍, അദ്ദേഹം ആവിഷ്കരിക്കാനും അന്വേഷിക്കാനും ശ്രമിച്ച കലയുടെയും, അടയാളപ്പെടുത്താന്‍ ശ്രമിച്ച ചരിത്രത്തിന്റേയും, അര്‍ത്ഥവ്യാപ്തി മനസ്സിലാക്കിട്ടില്ലെന്നു മാത്രം. വികാരാവേശങ്ങളും ഫിലിസ്റ്റൈന്‍ നിലവിളികളും  തോരുമ്പോള്‍, അത് ഇന്ത്യന്‍ കലാചരിത്രം സാവകാശമെടുത്ത് അടയാളപ്പെടുത്താനിരിക്കുന്നേയുള്ളൂ.
രണ്ട്
"ഇന്ത്യന്‍ കലാചരിത്രം ശിഥിലവും ഭംഗപ്പെട്ടതു''മാണെന്ന് നിരീക്ഷിക്കുന്നുണ്ട് എ
ണ്‍പതുകള്‍ക്കാദ്യം പുറത്തുവന്ന തന്റെ പ്രസിദ്ധമായ 'നിളാലേഖന'ത്തില്‍ കലാചരിത്രകാരന്‍ ആര്‍. നന്ദകുമാര്‍. യഥാര്‍ത്ഥത്തില്‍, അത്തരം വിഛേദങ്ങളിലൂടെയും ശൈഥില്യങ്ങളിലൂടെയുമാണ് ആധുനിക ഇന്ത്യ കല, അതിന്റെ 'അഭിജ്ഞാനത' കണ്ടെത്തിയത് എന്ന് ശാന്തിനികേതനത്തിന്റെ കലാചരിത്രകാരന്‍ ആര്‍ ശിവകുമാര്‍ ഈ ലേഖകനുമായുള്ള ഒരഭിമുഖത്തില്‍ പറയുന്നു. ഓരോ കലാപാരമ്പര്യവും തുടര്‍ന്നുപോന്ന പാരമ്പര്യത്തിന്റേയും ശൈലീവല്‍ക്കരണത്തിന്റെയും ജഡാവസ്ഥയെ നിശിതമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടാണ്, ആധുനിക ഇന്ത്യന്‍ കലാചരിത്രത്തില്‍ പുതിയ സ്കൂളുകളും ശൈലീഭേദങ്ങളും നിലവില്‍ വന്നത്. നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുംപോലെ, തങ്ങളുടെ 'കലാപരമായ ചരിത്രബോധത്തിന്റെയും കര്‍മ്മപരമായ ആത്മബോധത്തിന്റെയും' അഭാവം എല്ലാ കാലത്തും ഇന്ത്യന്‍ ചിത്രകാരന്മാരെയും ശില്‍പികളെയും വേട്ടയാടിയിരുന്നു. തങ്ങളുടെ 'അഭിജ്ഞാനത'യെയും (സ്വത്വത്തിന് 'നിളാലേഖന'ത്തില്‍ നന്ദകുമാറും ടികെ രാമചന്ദ്രനും ഈ സംഞ്ജയാണ് ഉപയോഗിക്കുന്നത്.) സ്വത്വത്തെയും പറ്റിയുള്ള ഈ അവ്യക്തകള്‍, അതാതു കാലത്ത് പ്രചാരം നേടുന്ന ഏതെങ്കിലും ശൈലിയുടെ, പിന്‍പാട്ടുകാരാവാന്‍ അവര്‍ വ്യഗ്രപ്പെടുന്നതിലേക്കു നയിച്ചു. ചിലപ്പോള്‍ പ്രാദേശിക-തനിമാ വാദമായും, മറ്റു ചിലപ്പോള്‍ അന്താരാഷ്ട്രാവാദമായും, ഇന്ന് ദളിത് കലാവാദമായും എല്ലാം, ഈ മാറിവരുന്ന മൂല്യസന്ദിഗ്ധതകള്‍ പ്രചാരം നേടിവന്നു. തീര്‍ച്ചയായും, എംഎഫ് ഹുസൈന്‍ ഉള്‍പ്പെട്ട മുംബൈയിലെയും കല്‍ക്കട്ടയിലേയും പ്രോഗ്രസീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പുകള്‍, ബംഗാളില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരുന്ന, പുനരുജ്ജീവന സ്വഭാവമുള്ള കലാപ്രസ്ഥാനത്തോടുള്ള പ്രതികരണവും വിമര്‍ശനവുമായാണ് രംഗത്തുവന്നത്. 'വളരെ ദുരന്തസ്വഭാവമുള്ള സ്വാധീന'മെന്ന് കെ ജി സുബ്രഹ്മണ്യന്‍ വിശേഷിപ്പിക്കുന്ന, ജാമിനീറോയിയുടെയും മറ്റും ഇഡിയത്തോടുള്ള പ്രതികരണം എന്ന നിലയിലാണ്, സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ എക്സ്പ്രഷണിലിസ്റ്റ് കലയുടെയും അന്തര്‍ദേശീയ കലാസങ്കല്‍പത്തിന്റേയും വക്താക്കളായി, സൂസയും റാസയും ഹുസൈനും അക്ബര്‍ പദംശ്രീയും തയ്യിബ് മേത്തയും എല്ലാം ഉയര്‍ന്നു വന്നത്. ഇതില്‍ സൂസയും റാസയും ഹുസൈനും വ്യത്യസ്തമായ നിലകളില്‍ അതിന്റെ പ്രശസ്ത പ്രചാരകരായിത്തീര്‍ന്നു. ആ ആദര്‍ശത്തെ തങ്ങളുടേതായ നിലയില്‍ മുന്നോട്ടുകൊണ്ടുപോയി. 
1947ല്‍ ഇന്ത്യ സ്വാതന്ത്യ്രം നേടിയതോടെ, കലാരംഗത്ത് ഇന്ത്യന്‍ അഭിജ്ഞാനതയെ സംബന്ധിച്ച് പുതിയ ചില മാനദണ്ഡങ്ങളും സങ്കല്‍പങ്ങളും ആവശ്യമായി വന്നു. ബംഗാള്‍ സ്കൂള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ജാമിനിറോയിയുടെയും മറ്റും സ്വാധീനം, 'ഇന്ത്യയെ കണ്ടെത്തിയത്' പ്രാദേശിക തനിമാവാദത്തിന്റെ 'ശൈലീകൃത ജാഢ്യ'ങ്ങളിലായിരുന്നു (ആര്‍ നന്ദകുമാര്‍). വെട്ടിമുറിക്കപ്പെട്ട ഇന്ത്യ, ഈ പ്രവണതയ്ക്ക് പ്രത്യേക നിലയില്‍ സാധൂകരണവും നല്‍കിയിരിക്കണം. ഈ പ്രതിസന്ധിയെയാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ ചായ്വുള്ള 'അന്തര്‍ദേശീയ കല' എന്ന ആശയവുമായി രംഗത്തുവന്ന, എക്സ്പ്രഷണലിസ്റ്റുകള്‍ എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന, പ്രോഗസീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പ് ഒരര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്തത്.
ഇന്ത്യ എന്ന പേരു തന്നെ വൈദേശികമായ ഒരു കാഴ്ചയുടെ നിര്‍മ്മിതിയാണല്ലോ. സിന്ധു നദിക്കു അക്കരെയുള്ളവരെ, അറബികള്‍ വിശേഷിപ്പിച്ച പേരാണ് സിന്ധ്. അതാണ് പില്‍ക്കാലത്ത് റോമന്‍-ഗ്രീക്ക് 'നാവി'ല്‍ ഇന്ത്യയായി തീര്‍ന്നത്. വൈദേശികമായ ഇത്തരം ആദാനപ്രദാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഒരു ദേശത്തിന് അതിന്റെ സ്വത്വം തന്നെ നല്‍കുന്നത്. അതിനാല്‍ തന്നെ, ഇന്ത്യന്‍ കല, ആഗോള കലാകേന്ദ്രങ്ങളില്‍ അതിനു ലഭിച്ച അംഗീകാരത്തിലൂടെയാണ് സ്വന്തം പ്രയാണം കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലെ കലയും ഇതില്‍ നിന്ന് മുക്തമല്ല. പോസ്റ്റ് ഇപ്രംഷണലിസ്റ്റുകളും, പിക്കാസോ അടക്കമുള്ള ക്യുബിസ്റ്റുകളും എല്ലാം, പാശ്ചാത്യ കലയുടെ ത്രിമാന 'ശൈലീവല്‍കൃത ജാഢ്യങ്ങളെ' കയ്യൊഴിഞ്ഞ്, തങ്ങളുടെ കലയെ നവീകരിച്ചത്, ജപ്പാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും അറേബ്യന്‍ പാരമ്പര്യത്തില്‍ നിന്നും കലാപാരമ്പര്യങ്ങളെ തങ്ങളുടെ കലയില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടായിരുന്നു. ആധുനിക ഇന്ത്യന്‍ കലാകാരനാകട്ടെ, പാശ്ചാത്യമായ ഇഡിയങ്ങളെയും പ്രവണതകളെയും ശൈലികളെയും തങ്ങളുടെ കലാപാരമ്പര്യത്തില്‍ ഉപയോഗിച്ചുകൊണ്ട് നവീകരണവും പുനരുജ്ജീവനവും നടത്തിക്കൊണ്ടാണ്, തങ്ങളുടേതായ നിലയില്‍, ആധുനിക ഇന്ത്യന്‍ കലയിലെ വിവിധ പ്രവണതകളെ സൃഷ്ടിച്ചത്.
മൂന്ന്
ചിത്രകലയെ സംബന്ധിച്ചിടത്തോളം ഉപയോഗിക്കുന്ന മാധ്യമത്തിന്റെ കാര്യത്തില്‍ പോലും ഇതു ശരിയാണ്. രവിവര്‍മ്മ ഓയില്‍ പെയിന്റിങ് സങ്കേതം സ്വായത്തമാക്കിയതിലൂടെ പാശ്ചാത്യ യജമാനന്റെ സങ്കേതം മാത്രമല്ല, സാംസ്കാരിക ജീവിതത്തെയും ഒരര്‍ത്ഥത്തില്‍ സ്വാംശീകരിച്ചു സ്വന്തമാക്കുകയായിരുന്നു. അങ്ങിനെ ഇന്ത്യന്‍ പുരാണങ്ങളെയും കഥാപാത്രങ്ങളെയും ദൈവീക ഐക്കണുകളെയും എല്ലാം ഉടുപ്പിടുവിച്ചുകൊണ്ട്, യൂറോപ്പില്‍ അക്കാലത്ത് പ്രചാരത്തില്‍ ഇരുന്ന നിയോ പ്ളാറ്റോണിക് ആയ വിക്ടോറിയന്‍ സദാചാരത്തിനകത്തു പുന:സൃഷ്ടിച്ചു. രവിവര്‍മ്മ തന്റെ ദൈവീക ഐക്കണുകളുടെ നിര്‍മ്മിതിയില്‍ പോലും, എത്രമാത്രം വിക്ടോറിയന്‍ സദാചാരത്തിന്റേയും മൂല്യവ്യവസ്ഥയുടെയും അകത്തുനിന്നാണ് പ്രവര്‍ത്തിച്ചത് എന്ന്, സാമ്രാജ്യത്വത്തിന്റെ അബോധമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ ഹിന്ദുത്വവാദികള്‍ക്ക് മനസ്സിലാകാത്ത കാര്യമാണ്. (ഇന്റര്‍നെറ്റിലെ ഹുസൈന്‍ വിരുദ്ധ പ്രചാരണം കാണുക. സദാനന്ദ് മേനോന്‍ ഹുസൈന്റെ ചരമക്കുറിപ്പില്‍  ചൂണ്ടിക്കാണിക്കും പോലെ, അദ്ദേഹം മരിച്ച ശേഷം മാത്രം, ഇന്റര്‍നെറ്റില്‍ 140ലേറെ വെബ്സൈറ്റുകള്‍ ഹുസൈന്‍ വിരുദ്ധ അപസ്മാരം പ്രചരിപ്പിക്കാന്‍ സൃഷ്ടിക്കപ്പെട്ടു.) }അക്കാലത്ത് 'മേല്‍മുണ്ട് കലാപം' എന്ന പേരില്‍ തെക്കന്‍ തിരുവിതാംകൂറില്‍, കൃസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനത്താല്‍ പ്രചോദിതമായ, അയ്യാവൈകുണ്ഠ സ്വാമികളുടെ സമരപ്രക്ഷോഭങ്ങളുടെ പ്രാതിനിധ്യവും, തിരുവിതാംകൂര്‍ രാജകുടുംബാംഗമായ രവിവര്‍മ്മയുടെ ഇമേജറിയിലും ബിംബനിര്‍മ്മിതിയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിക്ടോറിയന്‍ സദാചാരത്തിന്, ഒരുപക്ഷേ അക്കാലത്തെ ജീര്‍ണ്ണിച്ച നാടുവാഴി-രാജ വാഴ്ചയുടെ പശ്ചാത്തലത്തില്‍, പുരോഗമനപരാമയ ദൌത്യങ്ങള്‍ ഉണ്ടായതുകൊണ്ടാകാം, രവിവര്‍മ്മയെ ക്രാഫ്റ്റിന്റെ കാര്യത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പോലും, അദ്ദേഹം ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ പ്രാത:സ്മരണീയനായ വക്താവാകുന്നത്. കേരളത്തില്‍ നമ്പൂതിരി സ്ത്രീകളടക്കം മാറ് മറച്ചിരുന്നില്ല എന്ന കാര്യം ഓര്‍ക്കുമ്പോള്‍, അയ്യാവൈകുണ്ഠ സ്വാമികള്‍ നേതൃത്വം നല്‍കിയ അന്നത്തെ സമരപ്രവര്‍ത്തനങ്ങള്‍, യഥാര്‍ത്ഥത്തില്‍ കീഴാള സ്ത്രീകളുടെ നഗ്നത എന്ന പ്രശ്നത്തേക്കാള്‍, ജാതിവിരുദ്ധതതയും പൊതുവെ സ്ത്രീസ്വാതന്ത്യ്രവും ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നു കാണാം.
ഇന്നാകട്ടെ, രവിവര്‍മ്മ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ധൈഷണികര്‍, സ്ത്രീകള്‍ക്കുമേല്‍ ഒരര്‍ത്ഥത്തില്‍ കെട്ടിയേല്‍പിച്ച വിക്ടോറിയന്‍ സദാചാരത്തില്‍ നിന്ന് കുതറിമാറാനാണ് സ്ത്രീവിമോചന പ്രസ്ഥാനം ശ്രമിക്കുന്നത്. ബ്രാ ബഹിഷ്കരിക്കാനും, നഗ്നത പ്രദര്‍ശിപ്പിക്കാനും, ശരീരം ആഘോഷിക്കാനും, മദ്യപിക്കാനും, രാത്രിയാഘോഷിക്കാനും, ലൈംഗികതയെ കൊണ്ടാടാനും ഉള്ള ഒരു സമരത്തിലാണ്, സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ഒരു പങ്കെങ്കിലും നിലകൊള്ളുന്നത്. ഇതും യഥാര്‍ത്ഥത്തില്‍ ശരീരസംബനന്ധിയോ ലൈംഗികസംബന്ധിയോ ആയ പ്രശ്നമല്ല, മറിച്ച് സ്വാതന്ത്യ്രത്തിന്റെയും വിമോചനത്തിന്റെയും പുരുഷമേല്‍ക്കോയ്മയുടെയും ചില സൂചനാപലകകള്‍ മാത്രമാണെന്നു കാണാം. വിക്ടോറിയന്‍ സദാചാരം സാരിയുടുപ്പിച്ച ഇന്ത്യന്‍ സ്ത്രീത്വം, അതുവഴി സ്ഥാപിക്കപ്പെട്ട പുരുഷകോയ്മയുടെ ഈറോടിക് നോട്ടത്തില്‍ നിന്നും, രതിബോധത്തില്‍ നിന്നും കുതറി മാറാനുള്ള ശ്രമങ്ങളാണ്, ഒരുപക്ഷേ പില്‍ക്കാലത്ത് സാല്‍വാര്‍ കമ്മീസും പര്‍ദയും എല്ലാം കടന്ന്, 'രതിനിര്‍വ്വേദ'ത്തിന്റെ പുനരാവിഷ്കരം നടത്തുന്ന 'രതിച്ചേച്ചി'യെ ആഘോഷിക്കുന്ന, മലയാള സിനിമാ-ചാനല്‍ സംസ്കാരത്തില്‍ വരെ, എത്തിനില്‍ക്കുന്നത്.
സ്ത്രീയുടെ സ്വാതന്ത്യ്രവാഞ്ചകളെ, ആഗോളവല്‍ക്കരണം കമ്പോളത്തിന്റെ ഒരു ഉപാധിയായി സ്വീകരിച്ച കാലഘട്ടത്തിലാണ്, ഹുസൈന്‍ ബോളിവുഡ് സംസ്കാരത്തിനുമേല്‍ തന്റെ കൈവെയ്ക്കുന്നത്. ഒരുപക്ഷേ ഫൈനാന്‍സ് മൂലധനത്തോട് അതേ നാണയത്തില്‍ തിരിച്ചടിച്ച ആ കലാകാരന്റെ ധിഷണയില്‍, മാധുരി ദീക്ഷിതും താബുവും കുതിരയും ആനയുമായി ഐക്കണുകള്‍ തീര്‍ത്തത്, സ്ത്രീയുടെ നഗ്നതയുടെ മൂലധന ഉപയോഗത്തിന്റേതായ ആധുനിക 'വെണ്‍മണി'കാലത്തോടുള്ള പ്രതികരണമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. എന്തിനെയാണ് തത്വത്തില്‍ എതിര്‍ക്കുന്നത് അതിന്റെതന്നെ വക്താക്കളായി നമ്മുടെ 'സംഘ്'സംഘം മാറിയതും അവരുടെ ഹുസൈന്‍ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്്. കേവല വൈകാരികതയുടെയും വംശീയതയുടെയും പ്രശ്നം എന്നതിനപ്പുറം, പാശ്ചാത്യ മൂല്യങ്ങളുടെയും മൂലധനവ്യവസ്ഥയുടെയും പ്രശ്നങ്ങള്‍ ഈ പ്രതികരണങ്ങളിലെല്ലാം ഉള്‍ച്ചേര്‍ന്നതായി കാണാം. സ്വദേശീ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ സ്വന്തം സഹോദരങ്ങളെ ബലികൊടുത്തുകൊണ്ട് എങ്ങിനെ പാശ്ചാത്യപ്രോക്തവികസനത്തിന്റെയും മൂലധനപ്രത്യയശാസ്ത്രത്തിന്റെയും ആഗോളവല്‍ക്കരണ രഥത്തിന്റെ തേരോട്ടവാഹകരായിത്തീര്‍ന്നു എന്ന ഉപകഥയാണ് ഗുജറാത്ത് സംഭവവികാസങ്ങള്‍ അടയാളപ്പെടുത്തുന്നത് എന്നതും ഇതിനോട് കൂട്ടിവായിക്കാം. സ്വന്തം ഭാഗധേയത്തെ മനസ്സിലാക്കാനാവാതെ പുരോഗമനകാരികളും ഈ ചതിക്കുഴികളില്‍ വീണുപോകുന്നത് നമ്മുടെ വികസനകാഴ്ചപ്പാടുകള്‍ അടയാളപ്പെടുത്തുന്നു.
നാല്
ഇന്ത്യന്‍ ദേശീയതയുടെ ഗാന്ധിയന്‍-ടാഗോര്‍ പരിപ്രേക്ഷ്യങ്ങളെയാണ്, ബംഗാള്‍ നവോത്ഥാന കലയുടെ മഹാന്മാരായ കലാകാരന്മാരായ (ഇത് ജാമിനറോയ് പ്രതിനിധീകരിച്ച ബംഗാള്‍ സ്കൂള്‍ അല്ല) നന്ദലാല്‍ ബോസ് സ്വാതന്ത്യ്രത്തിനു മുമ്പും, കൂടുതല്‍ ഗഹനവും വിപുലവുമായ നിലയില്‍ത്തന്നെ കെ ജി സുബ്രഹ്മണ്യന്‍ സ്വാതന്ത്യ്രത്തിനു ശേഷവും, പ്രതിനിധീകരിക്കുന്നുവെങ്കില്‍, 40ളിലെയും 50കളിലേയും പ്രോഗസീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പുകള്‍, തിരികൊളുത്തിയ കലാപ്രസ്ഥാനം, നെഹ്റുവിയന്‍ ആധുനികതയുടെയും അക്കാലത്ത് നിലനിന്ന ഇടതുപക്ഷ ഭാവുകത്വത്തിന്റെയും വക്താക്കാളായിരുന്നു എന്നു കാണാം.
1947ല്‍ ആണ് സൂസ ബോംബെയില്‍ പ്രോഗസീവ് ആര്‍ട്സിറ്റ്സ് ഗ്രൂപ്പിനു തുടക്കമിട്ടത്. റാസ, ആറ എന്നിവരായിരുന്ന ആദ്യം അതില്‍ ചേര്‍ന്നത്. ഗെയ്ഡ്, ബക്റേ, ഹുസൈന്‍ എന്നിവര്‍ പിന്നീടും, പദംശ്രീ, ഖന്ന, മെഹ്ത്ത, ഗെയ്ടൊണ്ടെ എന്നിവര്‍ ഒടുവിലും ബോംബെ ഗ്രൂപ്പില്‍ അംഗമായി. "ബ്രിട്ടീഷ് മേംസാഹിബുമാരുടെ പാസ്ടൈം എന്ന നിലയിലുള്ള കലാപ്രവര്‍ത്തനത്തെ പരിഗണിക്കേണ്ടതില്ല. എന്നാല്‍ പ്രാദേശിക കലാകാരന്മാരുടെ പ്രവര്‍ത്തനങ്ങളുടെ ആകത്തുക, പ്രചോദനമോ ദിശാബോധമോ നല്‍കുന്നുമില്ല. ഈ രണ്ടു പരിതസ്ഥിതകളെയും നേരിട്ടുകൊണ്ടാണ് ഞങ്ങള്‍ക്കിടയിലുള്ള ഏറ്റവും പ്രതിഭാശാലികളായ കലാകാരന്മാര്‍ അതിന് പരിഹാരമായത്. പ്രോഗസീവ് ആര്‍ടിസ്റ്റ്സ്് ഗ്രൂപ്പിന്റെ രൂപീകരണം ഇന്ത്യന്‍ സ്വാതന്ത്യ്ര ലബ്ധിയുമായി ചേര്‍ന്നു നിന്നു എന്നത് എന്നാല്‍ യാദൃശ്ചികമായിരുന്നു,'' പാട്രിയോട് മാഗസിനില്‍ 1984 ഫെബ്രുവരി 12ന് സൂസ എഴുതിയതാണിത്.
തന്റെ ഹുസൈന്‍ ബന്ധത്തെക്കുറിച്ചും, 2002ല്‍ അന്തരിച്ച സൂസ തുടര്‍ന്നെഴുതുന്നു: "ഞങ്ങള്‍ വളരെ മിസ്റ്റിക്കല്‍ ആയ ഒരു രാസപ്രക്രിയയില്‍ ഒന്നിച്ചുകൂടിയവരായിരുന്നു. രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചിരിക്കും. കായല്‍തീരത്ത് പോയിരുന്നുള്ള നീണ്ട നീണ്ട സംസാരങ്ങള്‍ പതിവായിരുന്നു. എന്തായിരിക്കണം കല എന്നും, എങ്ങിനെയാണ് അത് നിര്‍വ്വഹിക്കേണ്ടത് എന്നുമായിരുന്നു മിക്കവാറും ഞങ്ങളുടെ സംഭാഷണങ്ങള്‍. കലയുടെ ഒരു മാതൃകയും മുമ്പില്‍ കാണാതെ, എങ്ങിനെയാണ് അത് നിര്‍വ്വഹിക്കുക എന്നറിയാതെ, കല നിര്‍മ്മിക്കുന്നതിനു മുമ്പ് ഞങ്ങള്‍ അത് സംഭാഷണത്തില്‍ സൃഷ്ടിക്കുകയായിന്നു.''
1949ല്‍ ബോംബെയില്‍ ആദ്യമായി പ്രോഗസീവ് ആര്‍ടിസ്റ്റ്സ്് ഗ്രൂപ്പിന്റെ പ്രദര്‍ശനം ഡോ. മുല്‍ക് രാജ് ആനന്ദ് ഉദ്ഘാടനം ചെയ്തു. അക്കാലത്ത് കമ്യുണ്‍ അടക്കം ഉണ്ടാക്കിക്കൊണ്ട്, വിപ്ളവപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റുകളുടെ ആശയങ്ങള്‍, ബോംബെയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആദര്‍ശാത്മകമായ കലയുടെ ഒരു ഇഡിയം സ്വപ്നം കണ്ട പ്രോഗസീവ് ആര്‍ടിസസ്റ്റ്സ് ഗ്രൂപ്പിന്റെ തത്വചിന്ത, ഇപ്രകാരം മാര്‍ക്സിസവുമായും ചാര്‍ച്ച പുലര്‍ത്തി. സൂസ പ്രഖ്യാപിച്ചു: "ഇന്ന് നാം ചിത്രം വരയ്ക്കുന്നത് ഉള്ളടക്കത്തിന്റെയും സങ്കേതത്തിന്റെയും കാര്യത്തില്‍ പരിപൂര്‍ണ്ണ സ്വാതന്ത്യ്രത്തോടെയാണ്്.'' സൂസയുടെ ഇത്തരം തുറന്ന പ്രഖ്യാപനങ്ങളും വിമര്‍ശനങ്ങളും എതിര്‍പ്പുകള്‍ക്കിടയാക്കി. 'ആര്‍ട് സൊസൈറ്റി ഓഫ് ഇന്ത്യ'യുടെ പ്രദര്‍ശനത്തില്‍ നിന്ന് സൂസയുടെ രചനകള്‍ ഒഴിവാക്കി. അശ്ളീല ചിത്രങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ഹുസൈന്റെ കാര്യത്തില്‍ ഈ നൂറ്റാണ്ടില്‍ സംഭവിച്ചപോലെത്തന്നെ. അന്ന് ഭരണകൂടം തന്നെയാണ് അതിക്രമത്തിന് നേതൃത്വം നല്‍കിയതെങ്കില്‍, ഇന്ന് ഭരണകൂടത്തിന്റെ മൌനാനുവാദത്തോടെ അരാജകത്വം നിറഞ്ഞ ഇന്ത്യന്‍ സിവില്‍സമൂഹത്തിലെ ഗ്രൂപ്പുകളാണ് ഹുസൈനെതിരെ വാളോങ്ങിയത്.
അഞ്ച്
ഹുസൈന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് വ്യത്യസ്തമായ തലത്തിലാണെങ്കിലും പ്രതിനിധീകരിച്ച, കലയുടെ മൂല്യമാനദണ്ഡങ്ങളെ മനസ്സിലാക്കാന്‍ ഗ്രൂപ്പിന്റെ സ്ഥാപകനായി അറിയപ്പെട്ട സൂസയുടെ ഈ വാക്കുകള്‍ കൂടി സഹായിക്കും. അദ്ദേഹം 1960ല്‍ 'ഇല്ലുസ്ട്രേഡ് വീക്കിലി'യില്‍ എഴുതി: "കലയുടെയും അക്ഷരവിദ്യയുടേയും കാര്യത്തില്‍, ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഒരു പാരമ്പര്യമില്ല. നമ്മുടെ സംസ്കാരത്തിന് ഒരു തുടര്‍ച്ചയില്ല, ഒരു വികാസമില്ല. അധിനിവേശകര്‍ ഇവിടേക്ക് വിജയകരമായി കുടിയേറുകയും നമ്മുടെ പാരമ്പര്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. മിഷണറിമാരും അധിനിവേശകരും വിക്ടോറിയന്മാരും.  നമുക്കു ചുറ്റും കുന്നുകൂടിയ സംസ്കാരാവശിഷ്ടങ്ങളില്‍ നിന്ന് പുതിയ പാരമ്പര്യവും രൂപങ്ങളും സാഹിത്യവും സംഗീതവും ആവിഷ്കരിക്കാനുള്ള ജീവന്‍ ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്നു. അധിനിവേശകര്‍ നമ്മുടെ സൌന്ദര്യക്ഷമത ഒന്നൊന്നായി ഷണ്ഡീകരിച്ചതാണോ, അതോ നമ്മുടെ ജീര്‍ണ്ണതകളെ നാം താലോലിച്ചു സ്വയം സാംസ്കാരിക ഷണ്ഡത്വം സ്വീകരിച്ചതാണോ എന്ന് എനിക്കു നിശ്ചയമില്ല.''
ജീര്‍ണ്ണമായ പാരമ്പര്യപ്രഘോഷണത്തോടും, കമ്പനിപെയിന്റിങ് സംസ്കാരത്തോടും, പ്രതികരിച്ചുകൊണ്ട് തുറന്ന നിലയില്‍ രംഗത്തുവെന്ന ഈ ഗ്രൂപ്പ് തുടക്കത്തില്‍ തന്നെ ആക്രമണത്തിനു വിധേയമായി. ഒരു ഭാഗത്ത് അവരുടെ കലാസങ്കല്‍പത്തിലും മൂല്യസങ്കല്‍പത്തിലും ഉണ്ടായിരുന്ന അവ്യക്തതകള്‍. തങ്ങള്‍ വാക്കുകള്‍കൊണ്ട് പ്രഖ്യാപിച്ച ആദര്‍ശത്തിനു ചേര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിയാതിരുന്ന കലാപരമായ പ്രതിസന്ധികള്‍. അതേസമയം അന്തരാഷ്ട്രാ കലാകേന്ദ്രങ്ങള്‍ വെച്ചുനീട്ടിയ പ്രതീക്ഷകള്‍. എല്ലാം ചേര്‍ന്ന് പ്രോഗസീവ് ഗ്രൂപ്പ്, ഇന്ത്യയിലെ ആധുനികതയ്ക്കും നവോത്ഥാനത്തിനും നെഹ്റുവിയന്‍ പ്രത്യശാസ്ത്രത്തിനും, സര്‍വ്വോപരി ദേശനിര്‍മ്മാണ പ്രക്രിയയ്ക്കും, സംഭവിച്ച വൈപരീത്യത്തില്‍ തന്നെ ചെന്നുപെട്ടു. തങ്ങള്‍ പ്രതികരിക്കാന്‍ ശ്രമിച്ച ആധുനികതയുടെ പരിപ്രേക്ഷ്യത്തിനു തന്നെ, പാരമ്പര്യത്തിന്റെ ശരിയായ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് ശക്തിയും തേജസ്സും കണ്ടെത്താനാവാതെ, ആധുനികതയുടെ പാശ്ചാത്യപ്രോക്തമായ നിലനില്‍പില്‍ അഭയം തേടുന്നതിലെത്തി,അവരില്‍ മിക്കപേരുടെയും കലാസപര്യ. അങ്ങിനെ ഇന്ത്യന്‍ ആധുനികതയുടെ വക്താക്കളായി രംഗത്തുവന്ന റാസ പാരീസിലും, സൂസ ലണ്ടനിലും തങ്ങള്‍ ഉള്‍കൊണ്ട ആധുനികതയുടെ പരിപ്രേക്ഷ്യവുമായി കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കമ്പോളത്തില്‍ അവര്‍ വിജയിച്ചു. അന്താരാഷ്ട്ര കലാകേന്ദ്രങ്ങളില്‍ ഇന്ത്യയുടെ നാമം അവരിലൂടെ ഉയര്‍ന്നുകേട്ടു. യൂറോപ്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തേണ്ട ഒരര്‍ത്ഥത്തിലുള്ള 'പ്രവാസം' അവര്‍ തുടര്‍ന്നു.
ഹുസൈന്‍ ഇതില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിച്ചു നിന്ന് തന്റെ കലാപ്രവര്‍ത്തനം തുടര്‍ന്നു എന്നുള്ളതാണ്. തന്റേതായ നിലയില്‍ അദ്ദേഹം ഇന്ത്യന്‍ ദേശീയതയെ സംബന്ധിച്ച തന്റെ കലാപരമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യന്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളും, ഇന്ത്യന്‍ തെരുവുകളിലെ ജീവിതവും, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഗതിവിഗതികളും, ഇന്ത്യന്‍ ബൂര്‍ഷ്വായുടെ ഫിലാന്ത്രോഫിയും തന്റെ കലയ്ക്ക് അദ്ദേഹം വിഷയമാക്കി. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ബ്രാഹ്മണാധിഷ്ഠിതമായ മൂല്യങ്ങളെ രാമായണ-മഹാഭാരത മിത്തുകള്‍ പ്രമേയമാക്കിക്കൊണ്ട് പ്രശ്നവല്‍ക്കരിച്ചു. എണ്‍പതുകള്‍ വരെ ഈ വിജയം തുടര്‍ന്നു. എണ്‍പതുകള്‍ക്കു ശേഷം, മാറിയ സാമ്പത്തിക പരിതോവസ്ഥകളും, അതിന് അനുബന്ധവും മുന്‍ബന്ധവുമായ വളര്‍ന്ന സാംസ്കാരിക പരിതോവസ്ഥകളും, ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ ദേശീയ നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചുമുള്ള, ഏറ്റവും ലിബറലായ ദേശീയവാദികളുടെ പോലും, സങ്കല്‍പങ്ങളെ അട്ടിമറിച്ചു. നിയോലിബറലിസവും ഹിന്ദുത്വവാദവും, അടിത്തറയും മേല്‍പ്പുരയും ഒരുക്കിയ, ഒരു പുതിയ ഇന്ത്യ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഇത് ഒരര്‍ത്ഥത്തില്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും പ്രതിനിധാനം ചെയ്ത ദേശീയതാനിര്‍മ്മാണത്തിന്റെ അനിവാര്യമായ ദുരന്തമായിരുന്നു. ഈ കാലഘട്ടത്തിലാണ് തന്റെ വൈയക്തികമായ സിനിമാപ്രണയത്തിന്റെ തലത്തില്‍ നിന്ന,് ബോളിവുഡ് നിര്‍മ്മിച്ചുകൊണ്ടിരുന്ന പോപുലിസ്റ്റ് സംസ്കാരത്തില്‍, ഹുസൈന്‍ ഇടപെടുന്നത്. ഹുസൈന്‍ പ്രതിനീധീകരിച്ച ദേശീയതയുടെ പരികല്‍പനകളോട് ഏതെല്ലാമോ നിലയില്‍ അത് ചേര്‍ന്നുപോകുകയും ചെയ്തു. എന്നാല്‍ ആ സങ്കല്‍പങ്ങളുടെ ആന്തരികമായ അന്ത:സാരശൂന്യത അദ്ദേഹത്തിന്റെ പില്‍ക്കാല കലാപ്രവര്‍ത്തനത്തില്‍ പ്രകടമായി. കലാപ്രവര്‍ത്തനം ഒരു 'ഒതോറിയല്‍ ഫെറ്റിഷിസം' എന്നു പേരിട്ടുവിളിക്കുന്ന താരപൂജയുടെ തലത്തിലേക്ക് മൂക്കുകുത്തി. കമ്പോളസമ്പദ്വ്യവസ്ഥയും അതിന് പ്രത്യയശാസ്ത്ര സാധൂകരണം നല്‍കിയ ഹിന്ദുത്വജാഗരണ പ്രസ്ഥാനവും, ഹുസൈന്റെ കലയെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കി. എന്നാല്‍, ധൈഷണികമായി, ഒരു കലാകാരന്‍ എന്ന നിലയില്‍, തന്റെ സഹകലാകാരന്മാരില്‍ നിന്ന് വ്യത്യസ്തമായി, താന്‍ അകപ്പെട്ട പ്രതിസന്ധി, താന്‍ ഉള്‍കൊണ്ട ബ്രാഹ്മണിക്കല്‍ ആയ ദേശീയതാ സങ്കല്‍പത്തിന്റെ പ്രതിസന്ധിയാണെന്ന് അദ്ദേഹത്തിലെ കലാകാരന്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞു.
ആഗോളവിപണിയുടെ സ്വാംശീകരണ തന്ത്രങ്ങളോട്, വിവാന്‍ ചൂണ്ടിക്കാണിക്കുംപോലെ, മോക്കറിയിലൂടെയും തന്ത്രപരമായും; ആഗോളമൂലധനത്തിന്റെ ഇന്ത്യന്‍ സാംസ്കാരിക അടിത്തറയായ ഹിന്ദുത്വത്തോട്, പ്രവാസജീവിതത്തിലൂടെയും ഹുസൈന്‍ പ്രതികരിച്ചു. ദേശീയതയെ സംബന്ധിച്ച നമ്മുടെ ചപലവും വൈകാരികവുമായ പ്രതികരണങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണെന്നും, ദേശീയത പോലും വിദേശീയമായ കാഴ്ചകളില്‍ നിന്ന് രുപപ്പെടുന്ന ഒരു നിര്‍മ്മിതിയാണെന്നും, അദ്ദേഹം തന്റെ കലാജീവിതവും വ്യക്തിജീവിതവും കൊണ്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യൂറോപ്യന്‍ പ്രാതിനിധ്യങ്ങളില്‍ നിന്നും ബ്രാഹ്ണിക്കല്‍ നവോത്ഥാന മൂല്യങ്ങളില്‍ നിന്നും കണ്ടെത്തിയ, ആധുനിക ഇന്ത്യന്‍ ദേശീയതയുടെ നെഹ്റുവിയന്‍ മൂല്യങ്ങള്‍ക്ക് തൊണ്ണൂറുകളില്‍ ഏറ്റ ആഘാതം, ഇന്ത്യന്‍ ദേശീയതയുടെ കൂടുതല്‍ പ്രാചീനമായ അടിസ്ഥാനങ്ങള്‍ തേടിപ്പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു.
ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ഇന്ത്യയുടെ പ്രധാനപ്പെട്ട കലാകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കെ ജി സുബ്രമണ്യന്‍, കബീറില്‍ നിന്നും ഗാന്ധിയില്‍ നിന്നും ബുദ്ധനില്‍ നിന്നും പ്രാദേശികമായ അസംഖ്യം പാരമ്പര്യങ്ങളില്‍ നിന്നും, പാശ്ചാത്യ ശൈലീവകഭേദങ്ങളുടെ സങ്കേതങ്ങള്‍ കൊണ്ടും, തനിക്കു നഷ്ടമായ ഇന്ത്യയെ തന്റെ സൃഷ്ടികള്‍ പുനരാവിഷ്കരിച്ചുവെങ്കില്‍, ഹുസൈന്‍ അറേബ്യന്‍ പാരമ്പര്യത്തിലെ ഇന്ത്യയെ തേടിപ്പോയത,് നമ്മുടെ കലാചരിത്രകാരന്മാര്‍ ഹുസൈന്‍ ചരമക്കുറിപ്പില്‍ തെറ്റായി മനസ്സിലാക്കും പോലെ, ഒരു വേദനയല്ല. മറിച്ച്, അതിര്‍ത്തികള്‍ ഗൌനിക്കാത്ത മാനവികനായ കലാകാരന്റെ, താന്‍ പണിതീര്‍ക്കാന്‍ ശ്രമിക്കുന്ന കലാപ്രവര്‍ത്തനത്തിന്റെ, അഭിജ്ഞാനതയെ സംബന്ധിച്ച അന്വേഷണങ്ങള്‍ ചെന്നെത്തുന്ന, തുറസ്സുകളും വിഹായസ്സുകളുമാണ്. അവസാനകാലത്ത് ഹുസൈന്റെ ചിത്രീകരണ പദ്ധതികളില്‍ ഇന്ത്യയും അറേബ്യയും പ്രമേയങ്ങള്‍ തീര്‍ത്തത്, ഇന്ത്യന്‍ ആധുനികതയെക്കുറിച്ചുള്ള സ്വത്വാന്വേഷണത്തിന്റെ കൂടുതല്‍ പ്രാചീനമായി അടിസ്ഥാനങ്ങളിലേക്കുള്ള പ്രവേശമായിരുന്നു.
ഹുസൈന്റെ കലയും ജീവിതവും മറ്റെല്ലാ ഇന്ത്യന്‍ കലാകാരന്മാരെപ്പോലെയും, സാര്‍ത്ഥകമായിത്തീരുന്നത്, പാശ്ചാത്യ യജമാനന്‍ സമ്മാനിച്ച ഇന്ത്യന്‍ ദേശീയാവബോധത്തിന്റെ പരിമിതികളില്‍ നിന്നും, രോഗാതുരതയിയില്‍ നിന്നും, പ്രതിസന്ധിയില്‍ നിന്നും ഉള്ള മുന്നോട്ടുള്ള പ്രയാണത്തിലൂടെയാണ്. അറബികള്‍ കണ്ടുപിടിച്ച ഇന്ത്യ, ബുദ്ധന്‍ പണിതീര്‍ത്ത ഇന്ത്യ, പാശ്ചാത്യര്‍ നല്‍കിയ ആധുനികതയുടെ പരിപ്രേക്ഷ്യം, കബീറും മീരയും തുളസീദാസും എഴുത്തച്ഛനും ലല്ലേശ്വരിയും അക്കമഹാദേവിയും തീര്‍ത്ത ഇന്ത്യകള്‍, അംബേദ്കറിന്റെയും ഗാന്ധിയുടെയും ഇന്ത്യ, നാരായണ ഗുരുവിന്റെ ഇന്ത്യ. എണ്ണമറ്റ ഇന്ത്യകള്‍. നിന്റെ ഇന്ത്യ. എന്റെ ഇന്ത്യ. ഒരൊറ്റ ഇന്ത്യയല്ല, ഒരായിരം ഇന്ത്യകള്‍.


ധന്വന്തരി

ധന്വന്തരി
ആയുര്‍വേദ കോളേജ് കാമ്പസ്, ആയുര്‍വേദ ജങ്ഷന്‍

ദേവന്മാര്‍ക്ക് സ്വന്തമായിരുന്ന ആയുര്‍വേദം, മനുഷ്യര്‍ക്കു സമ്മാനിച്ച ദേവതയായാണ് ധന്വന്തരിയെ കണക്കാക്കുന്നത്. വേദങ്ങളില്‍ എന്നാല്‍, ഇരട്ടകളായ 'അശ്വനികളെ'യാണ്, ആയുര്‍വേദത്തിന്റെ ദേവതകളായി കണക്കാക്കുന്നത്. മനുഷ്യരുടെ സുഖക്ഷേമം അന്വേഷിച്ച് അവരുടെ ഇടയില്‍ നടന്നതിനാലും, ഐത്തം സൂക്ഷിക്കാത്തതുകൊണ്ടും,ഈ ദേവതകള്‍ക്ക് യജ്ഞബാക്കി നിഷേധിക്കണമെന്ന് 'ശതപതബ്രാഹ്മണം' വിധിയെഴുതുന്നുണ്ട്. 
പില്‍ക്കാലത്താവണം, വിഷ്ണുവിന്റെ പ്രതിരൂപം എന്ന നിലയില്‍, ധന്വന്തരിയെ കണക്കാക്കുന്ന മൂര്‍ത്തീസങ്കല്‍പം നിലവില്‍ വന്നത്. ഇതുകൂടാതെ, ഭാരതീയ പൌരാണിക ചരിത്രത്തിലും മിഥോളജിയിലും, മൂന്ന് ധന്വന്തരികളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഒരു ഭാഷ്യത്തില്‍, ഭാസ്കര ഭഗവാനില്‍ നിന്ന് ആയുര്‍വേദം അഭ്യസിച്ച പതിനാറ് ശിഷ്യരില്‍ ഒരാളാണ് ധന്വന്തരി. മറ്റൊരു ഭാഷ്യത്തില്‍, കാശിരാജ ദിവോദാസ എന്നയാളാണ്് ധന്വന്തരിയായി അറിയപ്പെടുന്നത്. ഇദ്ദേഹം വിഷ്ണുവിന്റെ പ്രതിപുരുഷനായി കണക്കാക്കപ്പെട്ടു. മൂന്നാമതായി പറയപ്പെടുന്ന ചരിത്രം, ഗുപ്ത രാജാവായ വിക്രമാദിത്യത്തിന്റെ രാജധാനിയിലെ ഒമ്പത് ഭിഷഗ്വര രത്നങ്ങളില്‍ ഒരാളാണ് ധന്വന്തരി എന്നാണ്. ഇദ്ദേഹം, 'ധന്വന്തരിനിഗന്തു' എന്ന ഔഷധനിഖണ്ഡുവിന്റെ കര്‍ത്താവാണെന്നു കരുതുന്നു.
വിക്രമാദ്യത്യത്തിന്റെ രാജസദസ്സിലെ ഭിഷഗ്വരനായിരുന്ന ചികിത്സാ രത്നം, ധന്വന്തരി, ലോകത്തിലെ ആദ്യത്തെ സര്‍ജന്മാരില്‍ ഒരാളായി കരുതപ്പെടുന്നു. സസ്യ ഔഷധികളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയായിരുന്നു പ്രധാനമായും അദ്ദേഹം നടത്തിയത്. മഞ്ഞളിന്റെ ആന്റിസെപ്റ്റിക് ഗുണവും, ഉപ്പിന്റെ പ്രസര്‍വേറ്റീവ് ഗുണവും കണ്ടെത്തിയത് അദ്ദേഹമാണ്. പ്ളാസ്റ്റിക് സര്‍ജറിക്കു സമാനമായ സര്‍ജറി പോലും അദ്ദേഹം പ്രയോഗിച്ചിരുന്നെന്നും കരുതുന്നു. അനസ്തെറ്റിക് ഉപയോഗിച്ചിരുന്നില്ലെന്നതിനാല്‍, അദ്ദേഹത്തിന്റെ രീതികള്‍ പ്രാകൃതവും വേദനാജനകവുമായിരുന്നുവെങ്കിലും, യുദ്ധം പോലെ അടിയന്തര സാഹചര്യങ്ങളില്‍ നടത്തിയ ചികിത്സകളിലൂടെ അദ്ദേഹം പ്രസിദ്ധി പിടിച്ചു പറ്റി. ആയുര്‍വേദ സര്‍ജറിയുടെ പിതാവായ കരുതുന്ന സുശ്രുതനെ, സര്‍ജറി രീതികള്‍ പഠിപ്പിച്ചത് ഇദ്ദേഹമാണെന്നും കരുതുന്നു.
'ആദി ധന്വന്തരി' എന്നു സങ്കല്‍പിച്ച് ആരാധിക്കുന്ന വിഷ്ണുവിന്റെ പ്രതിരൂപമായ ധന്വന്തരിയുടെ രൂപത്തിന് നാലു ബാഹുക്കളുണ്ട്. ഒരു കയ്യില്‍ ഔഷധ സസ്യം, മറ്റേ കയ്യില്‍ അനശ്വരത സമ്മാനിക്കുന്ന അമൃതും. ആയുര്‍വേദ ചികിത്സയില്‍ പൌരാണിക പാരമ്പര്യമുള്ള കേരളത്തിലെ അഷ്ടവൈദ്യന്മാരുടെ കുടുംബങ്ങള്‍ കുലദേവതയായി ആരാധിക്കുന്നത് ധന്വന്തരിയെയാണ്്. ഈ കുടുംബത്തില്‍ പെട്ട പുലാമന്തോള്‍ അഷ്ടവൈദ്യന്മാരുടെ തറവാടിനോടു ചേര്‍ന്നുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ 'രുദ്രധന്വന്തരി'യാണ്. ഇത് അപൂര്‍വ്വ പ്രതിഷ്ഠയാണ്. ശിവനും വിഷ്ണുവും ഈ മൂര്‍ത്തിയില്‍ സംഗമിക്കുന്നു. കേരളത്തില്‍ അഷ്ടവൈദ്യന്മാര്‍ അടക്കം ആശ്രയിക്കുന്ന പ്രധാന ചികിത്സാ ഗ്രന്ഥമായ 'അഷ്ടാംഗഹൃദയം' വാഗ്ഭടാചാര്യ എന്ന ബുദ്ധഭിക്ഷുവിന്റെ സംഭാവനയാണ്. മറ്റെല്ലാ വിജ്ഞാന ശാഖകളെപ്പോലെ, ചികിത്സാ രംഗത്തും ജൈന-ബൌദ്ധ സ്വാധീനം ഇത് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തും ഒരു ധന്വന്തരി ക്ഷേത്രമുണ്ട്. പേരൂര്‍ക്കടയിലെ ഈ ധന്വന്തരി ക്ഷേത്രം മഴവഞ്ചേരി വടക്കേടം എന്ന പുരാതന നായര്‍ കുടുംബത്തിന്റെ വകയാണ്.
ആയുര്‍വേദ കോളേജിനു മുന്‍വശത്ത് സ്ഥാപിച്ച ധന്വന്തരിയുടെ പ്രതിമ തമിഴ്നാട്ടില്‍ നിന്നുള്ള ശില്‍പികള്‍ നിര്‍മ്മിച്ചതാണ്. 2007, സെപ്തംബര്‍ 25ന് അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതി അനാഛാദനം ചെയ്തു. 2005-2007ലെ കോളേജിന്റെ പാരന്റ് ടീച്ചേഴ്സ് അസോസിയേഷനാണ് പ്രതിമാ നിര്‍മ്മാണം ഏറ്റെടുത്തു നടത്തിയത്. ധന്വന്തരി മൂര്‍ത്തിയുടെ ഐക്കണോഗ്രഫിയുടെ അടിസ്ഥാനങ്ങള്‍ പാലിച്ചിരിക്കുന്ന പ്രതിമയ്ക്കു താഴെ,
'നമാമി ധന്വന്തരിമാദിദേവം
സുരാസുരൈര്‍ വന്ദിത പാദപത്മം
ലോകേ ജരാരുഗ്ഭയ മൃത്യുനാശം
ധാതാരമീശം വിവിധൌഷധീനാം' എന്ന ശ്ളോകം മാര്‍ബിളില്‍ കൊത്തിവെച്ചിട്ടുണ്ട്. ചുറ്റും ഒരു ചെറിയ പൂന്തോട്ടവും.

Tuesday, November 30, 2010

ഒരു മിഹ്റാജ് രാവിന്റെ ഓര്‍മ്മയ്ക്ക്..

ഒരു മിഹ്റാജ് രാവിന്റെ ഓര്‍മ്മയ്ക്ക്..



പി പി ഷാനവാസ്

റാം നന്ദകുമാറിന് ദില്ലിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സില്‍ പ്രൊഫര്‍ഷിപ്പ് ലഭിച്ചതിന്റെ സന്തോഷം പങ്കിടാന്‍ സ്റ്റാച്യു ജങ്ഷനില്‍ കണ്ടുമുട്ടിയപ്പോഴാണ്, ചിത്രകാരന്‍ പത്മശ്രീ ഗുലാം മുഹമ്മദ് ഷെയ്ഖ് പിറ്റേന്ന് കൊച്ചിയില്‍ വരുന്ന കാര്യം അറിഞ്ഞത്. ബറോഡാകാലത്ത് നന്ദകുമാറിന്റെ ചിന്താലോകത്തെ രുപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുകാരനായ ഷെയ്ഖ് കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ്മ പുരസ്കാരം ഏറ്റുവാങ്ങാനാണ്  എത്തുന്നത്.  വളരെനാളിനു ശേഷം നന്ദകുമാറുമായി കണ്ടുമുട്ടിയ ആ ദിവസം  തന്നെ ഷെയ്ഖിന്റെയും നന്ദകുമാറിന്റെയുമെല്ലാം ഗുരുസ്ഥാനീയനായ, ഇന്ത്യന്‍ കലാരംഗത്തെ പിതൃതുല്യനായ ചിത്രകാരനും കലാചിന്തകനുമായ കെ ജി സുബ്രഹ്മണ്യന്റെ പുതിയ വര്‍ക്കുകളുടെ ഷോ കല്‍ക്കത്തയില്‍ അന്ന് ഉദ്ഘാടനം നടക്കുകയാണ്. അവിടെ നിന്നുള്ള ഒരു കോള്‍ അറ്റന്റ് ചെയ്ത്  നന്ദകുമാര്‍ അക്കാര്യം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന്റെ ചര്‍ച്ചകള്‍ ദേശീയതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മാറ്റങ്ങളുടെ കാറ്റ് കലാകാരന്‍ വേഗത്തില്‍ പിടിച്ചെടുക്കുന്നു എന്നു പറയാറുണ്ട്. നന്ദകുമാറിന്റെ ദില്ലിയിലേക്കുള്ള കൂടുമാറ്റവും, ഷെയ്ഖിന്റെ കൊച്ചി സന്ദര്‍ശനവും, സുബ്രഹ്മണ്യന്റെ കൊല്‍ക്കത്ത പ്രദര്‍ശനവുമെല്ലാം ഇത്തരമൊരു സന്ധി പങ്കിടുന്നതായി ഞാന്‍ കരുതി.
ചോറ്റാനിക്കരയിലെ ബൊമ്മക്കൊലു
അങ്ങിനെയാണ് കൊച്ചിയിലേക്ക് പെട്ടൊന്ന് യാത്രക്കൊരുങ്ങിയത്. ഇന്ത്യയിലെ ആര്‍ട് ഫോട്ടോഗ്രഫറില്‍ പ്രമുഖനായ  മട്ടാഞ്ചേരിയിലെ അബുള്‍ കലാം ആസാദിന്റെ സ്റ്റുഡിയോവിലെത്തി ആസാദുമൊത്ത് ഷെയ്ഖിനെ കാണാന്‍ പോകാനായിരുന്നു പ്ളാന്‍. സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി ഇറങ്ങി നടക്കുമ്പോള്‍, എറണാംകുളത്തെ ചോരവര്‍ണ്ണത്തിലുള്ള സിറ്റിബസുകളില്‍ ചിലത് ചോറ്റാനിക്കരയിലേക്ക് പോകുന്നതു കണ്ടു. പരമ്പരാഗത വിശ്വാസത്തിലെ മനോരോഗ ചികിത്സക്കു പേരുകേട്ട ചോറ്റാനിക്കര കാണാന്‍ കുറേ നാളായി മനസ്സില്‍ കരുതിയതാണ്. സമയം ധാരാളമുണ്ട്. അര മണിക്കൂര്‍ യാത്രക്കൊടുവില്‍ ചോറ്റാനിക്കര ഗ്രാമത്തിലെത്തി. നവരാത്രിയുടെ സമയമായതിനാല്‍ അമ്പലത്തിലെ സരസ്വതീ മണ്ഡപത്തില്‍ ഗായകരുടെ അര്‍ച്ചനാലാപനം കേള്‍ക്കാം. വഴിയിലൊക്കെ മന്ത്രച്ചരടകളും കോലങ്ങളും വില്‍ക്കുന്ന സ്ത്രീകള്‍. വിശാലമായ പന്തല്‍ കടന്നു പടികയറി. അമ്പലത്തിന്റെ വലതു ഭാഗത്ത്  ശ്രീമൂലസ്ഥാനത്തിനു പിന്‍വശത്തായി പ്രതിഷ്ഠയുള്ള ശിവലിംഗത്തില്‍ പുരോഹിതര്‍ പൂമാല ചാര്‍ത്തുകയാണ്. കൊട്ടും കുരവയും വാദ്യവും. ആ താളമേളങ്ങളില്‍ ഉറഞ്ഞു തുള്ളുന്നവര്‍. നാഗത്തെപ്പോലെ തറയില്‍ കിടന്ന് ഇഴയുന്ന പെണ്‍കുട്ടി. ദേവിയുടെ സ്വരൂപത്തില്‍ അമ്പലം ചുറ്റുന്ന സ്ത്രീ. എല്ലാം മനസ്സിനെ ബാധിക്കുന്ന കാഴ്ചകള്‍. ശ്രീകോവിലിന്റെ നടയടക്കാന്‍ പോകുന്നു, വേഗം കടന്നോളൂ എന്ന് കാവല്‍ക്കാരന്‍ സ്വാഗതം ചെയ്തു. എന്നെക്കണ്ടാല്‍ അന്ന് ഒരു മനോരോഗിയുടെ എല്ലാ ലക്ഷണവുമുണ്ട്. ചുകന്ന കരയുള്ള ബാഗ് താഴെ വെച്ച് എല്ലാ അസുഖങ്ങളും മാറ്റിത്തരണേ എന്ന് പ്രാര്‍ത്ഥിച്ച് ദീര്‍ഘമായി തൊഴുതു. കീഴേക്കാവിലെ കുരുതിനിലം കാണാന്‍ പടികളിറങ്ങി. കുരുതിച്ചോര വീണ് തണുത്തുറഞ്ഞ മണ്ണ്. മസ്തിഷ്കത്തിന്റെ പെരുപ്പുകള്‍ മാറ്റാന്‍ ആണികള്‍ അടിച്ചുകയറ്റുന്നതിന്റെ പ്രതീകമെന്നവണ്ണം അവിടുത്തെ ആല്‍മരത്തില്‍ നിറയെ ആണികളും കോലങ്ങളും. ആല്‍മരം കണ്ടാല്‍ ബൊമ്മക്കൊലു ഒരുക്കിയതാണെന്നു തോന്നും. ഇതെല്ലാം കണ്ടും നമസ്കരിച്ചും മടങ്ങുമ്പോള്‍ ആയിടെ മനസ്സിനെ ബാധിച്ചിരുന്ന വേവലാതികള്‍ കൂടൊഴിഞ്ഞ് പോകുംപോലെ തോന്നി. പുറത്ത് പന്തലിലെ സ്റ്റാളിലെ പെണ്‍കുട്ടിയില്‍ നിന്ന് ഒരു തുളസിമാല. നാരായണഗുരുവിന്റെ ആത്മോപദേശശതകത്തിന്റെ കോപ്പികളില്‍ കണ്ണുടക്കി. പതിനഞ്ചു രൂപ വിലയുള്ള കുഞ്ചന്‍ നമ്പ്യാരുടെ ശിവപുരാണം വാങ്ങി. ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ സരസ്വതീ മണ്ഡപത്തില്‍ നിന്ന് മധുരമായ ഒരു ശാരീരം പിന്തുടര്‍ന്നു.


സൂഫ്യപുണ്യാള റബിയ

ഉച്ചയോടെ ആസാദിന്റെ സ്റ്റുഡിയോവില്‍. ആദി റഹ്മാനും മകന്‍ നാരായണന്‍ റഹ്മാനും ബന്ധുവിന്റെ കല്ല്യാണം കൂടാന്‍ സ്വദേശമായ ഇസ്രായേലിലാണ്. അബുള്‍ സ്റ്റുഡിയോവില്‍ ഒറ്റക്ക്.  സ്റ്റുഡിയോ ഗാലറിയുടെ ചുമരില്‍ ആസാദ് ചെയ്യുവാനുദ്ദേശിക്കുന്ന മൂന്നു വര്‍ക്കുകളുടെ പ്രോടോടൈപ്പായ പെയിന്റിങ്ങുകള്‍. ഫോട്ടോഗ്രഫിയാണ് ണ് അടിസ്ഥാന മാധ്യമമെങ്കിലും ആസാദിന്റെ വര്‍ക്കുകള്‍ ചിത്രകലയ്ക്കും ഫോട്ടോഗ്രഫിക്കും ഇടയിലെവിടെയോ ആണ് ഇരുപ്പുറപ്പിക്കുന്നത്. ഇന്ത്യന്‍ ഫോട്ടോഗ്രഫിയില്‍ അധികമാരും പരീക്ഷിക്കാത്ത ഒരു സ്പേസിലാണ് അബുളിന്റെ കലാപ്രവര്‍ത്തനം. പുതിയ കാന്‍വാസുകളിലെ വിഷയം സമകാലീനമാണ്. ബോംബുകള്‍ പൊട്ടുന്നുണ്ട് എന്ന് കാന്‍വാസുകളിലൊന്നില്‍ കുറിച്ചിട്ടിട്ടുണ്ട്. മറ്റൊരു കാന്‍വാസില്‍ ബീജഗണിതാക്ഷരങ്ങളും മയിലും മിനാരവും. ഒന്നില്‍ പ്രസിദ്ധ സൂഫിവര്യ റബിയയെയാണ് താന്‍ ചിത്രീകരിച്ചത് എന്ന് ആസാദ് പറഞ്ഞു. സ്വര്‍ഗ്ഗത്തിലുള്ള പ്രതിഫലത്തിനും നരകശിക്ഷയില്‍ നിന്നുള്ള രക്ഷയ്ക്കും പണിപ്പെട്ട വിശ്വാസികളുടെ പൊള്ളയായ ജീവിതത്തിനു നേര്‍ക്ക് കയര്‍ത്ത സൂഫിതത്വചിന്തകയായിരുന്നു റബിയ. സ്വര്‍ഗ്ഗത്തിന് തീകൊടുക്കാന്‍ ഒരു കയ്യില്‍ തീയും നരകത്തിനെ ശമിപ്പിക്കാന്‍ മറുകയ്യില്‍ വെള്ളവും കൊണ്ടു നടന്ന അവര്‍ക്ക് സൂഫിപുണ്യാളചരിത്രത്തില്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ സ്ഥാനമുണ്ട്. ചോറ്റാനിക്കര ദേവിക്ക് പേര്‍ഷ്യയില്‍ നിന്ന് പകരക്കാരി. റബിയയെ അബുള്‍ കോറിയിട്ടത് കണ്ട് ശരിക്കും അമ്പരന്നു. ഞാന്‍ എവിടെ നിന്നാണ് വരുന്നത് എന്നത് അവന്‍ ആന്റിസിപേറ്റ് ചെയ്ത പോലെയാണ് വന്നയുടനെ റബിയയുടെ ചിത്രസൂചനയിലേക്ക്  ക്ഷണിച്ചത്. ആദിക്കും കുഞ്ഞിനും ഇസ്രായേലില്‍ നിന്നും തിരികെയെത്താനുള്ള വിസ കിട്ടാന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നുള്ള തടസ്സങ്ങളെക്കുറിച്ച് അവന്‍ പറഞ്ഞു. അഭ്യന്തര മന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ഇതു സംബന്ധിച്ച ഹര്‍ജികള്‍ കൊടുക്കാം എന്നു ഞാനേറ്റു.
മട്ടാഞ്ചേരിയിലെ ജുതത്തെരുവിനടുത്തെ ഹോട്ടലില്‍ നിന്ന് മീന്‍കറിയും കൂട്ടിയുള്ള ഊണ്. വൈകീട്ട് ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് ബോട്ടു പിടിച്ച് എറണാംകുളം ദര്‍ബാര്‍ ഹാളിലേക്ക്. പെരുന്നാളിന്റെ മൂന്നാംപിറയാണ്. ദര്‍ബാര്‍ ഹാളിന്റെ മുറ്റത്തെ ആകാശത്ത് അമ്പിളിക്കല വിഷാദമുഖിയായി  നിന്നു. പുരസ്കാരം സമ്മാനിക്കാന്‍ മന്ത്രിയെത്താനുള്ള നീണ്ട കാത്തിരിപ്പാണ്. അതിനിടെ ഗുലാം ഷെയ്ഖിനെക്കുറിച്ച് നന്ദകുമാര്‍ ദൂരദര്‍ശനുവേണ്ടി ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനം. അതില്‍ പ്രസിദ്ധ കലാനിരൂപക ഗീതാകപൂര്‍ ഷെയ്ഖിന്റെ കലയെയും അധ്യാപനജീവിതത്തെയും കുറിച്ച് കവിത തുളുമ്പുന്ന ആംഗലേയത്തില്‍ സംസാരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ആതിഥേയര്‍ എത്തിക്കണ്ടില്ല. ഗുലാം ഷെയ്ഖിനെപ്പോലുള്ള ഒരു കലാകാരനെ ഇത്ര നേരം കാത്തു നിര്‍ത്താനുള്ള മലയാളിയുടെ ഔദ്ധത്യത്തില്‍ ഇത്തിരി പ്രതിഷേധവുമായി ഞങ്ങള്‍ സ്ഥലം വിട്ടു. മദ്യശാലയിലെ അടിയോളമെത്തുന്ന കൊടിയ തര്‍ക്കങ്ങളും,കൊച്ചിയില്‍ പലര്‍ക്കും ഗുരുതുല്യനായ ഫോട്ടോഗ്രാഫര്‍ രാമേട്ടനും, അദ്ദേഹം ബഹളങ്ങള്‍ ശമിക്കാന്‍ പാടിയ ബല്ലാര്‍ഡും.ഷെയ്ഖ്ഭായിയെ മറന്ന് അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ മട്ടാഞ്ചേരിയിലേക്കു മടങ്ങി. തന്റെ അനാഥമായ ഒരു രാത്രിയില്‍ മട്ടാഞ്ചേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സൂഫ്യവര്യന്‍ ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെയും പിതാവിന്റെ കബറിടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യവെ മരണപ്പെട്ട പൊന്നുമകള്‍ സൈനബയുടെയും കബറിടങ്ങള്‍ ഒരുക്കിയ മഖാമില്‍ ഒരു രാത്രി ഏറെ നേരം ചെലവഴിച്ച കഥ അബുള്‍ എന്നോടു പറഞ്ഞു. മട്ടാഞ്ചേരിയിലെ മിസ്റ്റിക് രാത്രികള്‍. ഷെയ്ഖിനെ കാണാന്‍ കഴിയാത്ത നിരാശയുമായി, ആദി റഹ്മാന്റെ വിസക്കാര്യങ്ങളുടെ പരാതി നിറച്ച ഹര്‍ജികളുമായി തിരുവനന്തപുരത്തിനു മടങ്ങി.


ഷീഷെക്കിന്റെ ഇവാന്‍ജലിസം

കൊച്ചി ജീവിതം പിന്നെയും വിളിച്ചു. സ്ളാവോജ് ഷീഷെക്കിന്റെ വരവിനു മുന്നോടിയായി നടന്ന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍. അതുകഴിഞ്ഞ് ഷീഷെക്കിന്റെ  ഇവാന്‍ജലിസം നിറഞ്ഞുനിന്ന പ്രഭാഷണം കേള്‍ക്കാന്‍. ഇടതുപക്ഷം തകരുകയാണോ എന്ന ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങളുമായി കൊച്ചി ലെറേറഴ്സ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ സെമിനാര്‍. ഉദ്ഘാടനം ചെയ്ത ദളിത് കവി സി. അയ്യപ്പന്റെ പ്രസംഗം ഒരു വിസമ്മതപ്രകടനമായിരുന്നു. എന്തെല്ലാം പരാധീനതകള്‍ നേരിടുന്നുവെങ്കിലും മര്‍ദിതരും പീഡിതരുമായ ജനതയ്ക്ക് ഇടതുപക്ഷം തന്നെയാണ് ഇന്നും ആശ്രയമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ചോദ്യങ്ങളെല്ലാം ഇടതുപക്ഷത്തിനേയും മാര്‍കിസ്സത്തിനേയും നേരെ വിരല്‍ ചൂണ്ടുന്നതാണ്. അതെന്തായാലും, അപനിര്‍മ്മിക്കുന്നവര്‍ക്ക് പുന:സൃഷ്ടി നടത്താനും ബാധ്യതയുണ്ട്, അദ്ദേഹം പറഞ്ഞു. വൈകീട്ട് ഫോട്ടോഗ്രഫറും സഹ്മതിന്റെ പ്രവര്‍ത്തകനുമായ റാം റഹ്മാന്‍ അവതരിപ്പിച്ച, വ്യഖ്യാത ഫോട്ടോഗ്രഫര്‍ സുനില്‍ ജനയുടെ ക്യാമറക്കണ്ണിലൂടെ, കമ്മ്യൂണ്‍ കാലം മുതലുള്ള കമ്മ്യൂണിസ്റ്റ് ഭൂതകാലത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍. ഇന്ത്യയുടെ നാല്‍പതുകളും അമ്പതുകളും ജനയുടെ ഫോട്ടോഗ്രഫിയിലൂടെ. സദസ്സ് വീര്‍പ്പടക്കിയാണ് ആ ദൃശ്യങ്ങളില്‍ മിഴിനട്ടത്.
നേരത്തെ ഉച്ചയൂണിന് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഞങ്ങളോടൊത്താണ് റാംറഹ്മാന്‍ ചെലവിട്ടത്. ആസാദിന്റെയും ആദി റഹ്മാന്റെയും കൂടെ ഒരു പത്രപ്രവര്‍ത്തക സാന്നിധ്യമായി ഞാനും. മുകള്‍ നിലയിലെ വീഞ്ഞുശാലയില്‍ നിന്ന് പഴച്ചാര്‍ നുകര്‍ന്ന് ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി കാത്തിരുന്നു. അവിടെ ചുമരില്‍, നടന്‍ സുകുമാരന്റെ ചിത്രണമുള്ള, അഹിംസ എന്ന സിനിമയുടെ  അക്കാലത്തെ പോസ്റ്റര്‍ പകര്‍ത്തിയ ആസാദിന്റെ കാന്‍വാസ്  തൂക്കിയിട്ടിട്ടുണ്ട്. സുകുമാരന്റെ മകന്‍ പ്രിത്വിരാജ് അതിന് ലക്ഷങ്ങള്‍ വില പറഞ്ഞത്രെ. അഹിംസ സിനിമയുടെ ആ പോസ്റ്ററിന്റെ ഫോട്ടോ കാന്‍വാസ് കേരളത്തിന്റെ ദൃശ്യവേദ്യതയുടെ ഒരു കാലഘട്ടം പറഞ്ഞു തരുന്നു.
താഴെ നിലയില്‍ റഹ്മാന് നല്‍കിയ വിരുന്നിന്റെ സമീപത്ത് സംവിധായിക മീരാനായരും സംഘവും ഉച്ചഭക്ഷണം പങ്കിടുന്നുണ്ടായിരുന്നു. ഹോട്ടലുടമയുടെ സൌഹാര്‍ദ്ദങ്ങള്‍. കൊല്ലത്തെ തങ്ങളുടെ സ്ഥാപനത്തെപ്പറ്റി പറഞ്ഞ കൂട്ടത്തില്‍ ആ വിദേശിയായ മധ്യവയസ്കന്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടിയുടെ ബേബി ജോണിനെപ്പറ്റിയും സംസാരിക്കുന്നതു കണ്ട് ഞാന്‍ അത്ഭുതം കൂറി.
റാം റഹ്മാന്റെ ഊഴം പിന്നിട്ട്, പിറ്റേന്നാണ് ഷീഷെക്കിന്റെ പ്രകടനം. ക്രിസ്തു പാരമ്പര്യത്തില്‍ നിന്നുള്ള ഒരു പ്രവാചകനെപ്പോലെ സമകാലീന ലോകസാഹചര്യത്തില്‍ ലെനിനിസത്തെ പുനരാനയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപൂര്‍വ്വമായ ഊര്‍ജജസ്വലത. മുന്‍വാതിലിലൂടെ  ഇന്ന് പുറത്താക്കിയാലും അടുത്ത തവണ ജാലകവാതിലിലൂടെ നിങ്ങളെ കാണാന്‍ വീണ്ടും വരുമെന്ന് പറഞ്ഞാണ് 130 മിനുട്ട് നീണ്ട ദീര്‍ഘഭാഷണം അദ്ദേഹം നിര്‍ത്തിയത്. ഷീഷെക്കിന്റെ കൈപ്പടം വാങ്ങാനെന്ന മട്ടില്‍ പ്രസംഗം കഴിഞ്ഞ്  അടുത്തു ചെന്നു. ഒപ്പം ഇ മെയില്‍ വിലാസവും ചാര്‍ത്തി, മുകളില്‍ ഹിറ്റ്ലര്‍ എന്നോ സ്റ്റാന്‍ലിന്‍ എന്നോ തന്റെ പേരിനു പകരംഎഴുതിക്കോളൂ എന്ന് സ്വതസിദ്ധമായ ഹാസ്യത്തില്‍അദ്ദേഹം പറഞ്ഞു. ഹിറ്റ്ലര്‍ അല്ലെങ്കില്‍ സ്റ്റാലിന്‍ എന്നീ രണ്ട്  ഓപ്ഷനുകളിലാണ് നാം കേരളീയര്‍ രാഷ്ട്രീയബോധം നിലനിര്‍ത്തുന്നതെന്ന് തന്റെ പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിലെ കൊടിയ തര്‍ക്കവിതര്‍ക്കങ്ങളില്‍ നിന്ന് ആ സ്ളോവേനിയന്‍ തത്വചിന്തകന്‍ മനസ്സിലാക്കിയിരുന്നു.
ഷീഷേക്ക് തന്നെ കുരിശില്‍ തറച്ചു എന്നാണ് അബുള്‍ അതിനോടെല്ലാം പ്രതികരിച്ചത്. ആ മുറിവുകള്‍ ഉണങ്ങും മുമ്പ് അവന്‍ വീണ്ടും വിളിച്ചു. ഗുലാം ഷെയ്ഖും ആര്‍ നന്ദകുമാറും ത്രിപ്പൂണിത്തുറയില്‍ വരുന്നു. സ്റ്റുഡിയോയില്‍ അവര്‍ക്കായി തന്റെ ഫോട്ടോഗ്രാഫുകളുടെ സ്ളേഡ് ഷോ. നീ വരണം. ഭാര്യയുടെ പിണക്കം വകവെയ്ക്കാതെ, ഡെസ്കിലെ ജോലിഭാരങ്ങള്‍ തീര്‍ത്ത്, എഗ്മൂറില്‍ നിന്ന് കന്യാകുമാരി വഴി വരുന്ന ഗുരുവായൂര്‍ എ്ക്പ്രസില്‍ വീണ്ടും കൊച്ചിയിലേക്ക്. ബിജു ഇബ്രാഹിമും അവന്റെ ക്യാമറയും ഒപ്പമുണ്ട്.
സൂര്യന്റെ സാന്ധ്യശോഭയില്‍
പിറ്റേന്ന് സൂര്യഗ്രഹണമാണ്. തിരുവിതാംകൂറില്‍ മാത്രമേ കേരളത്തില്‍ ഗ്രഹണം പൂര്‍ണ്ണ രാശി പടര്‍ത്തൂ. പതിനൊന്നോടെ ആസാദിന്റെ മറൂണ്‍ ഫിയറ്റില്‍ തൃപ്പൂണിത്തുറയിലേക്ക്. റാം റഹ്മാന്‍ ആ കാറിനെ മട്ടാഞ്ചേരിയിലെ നിരവധി കെട്ടിടങ്ങളെയും വസ്തുവകകളെയും പോലെ ഒരു ആന്റിക് എന്നാണു വിശേഷിപ്പിച്ചത്. അറുപതുമോഡല്‍ കാര്‍ സ്വന്തം നിലയില്‍ ഒരു കലാസൃഷ്ടിയാണ്.  വഴിക്കുവെച്ച് പതിനൊന്നേ നാല്‍പ്പത്തഞ്ചോടെ ആദി റഹ്മാന്‍ ആസാദിനെ ഫോണില്‍ വിളിച്ചു. ഞാന്‍ ഫോണെടുത്തു. അബുള്‍ ഡ്രൈവിങ്ങിലാണ്. എങ്കില്‍ പിന്നെ വിളിച്ചോളാം എന്നു പറഞ്ഞു. എന്റെ ആമാശയത്തിലൂടെ ഒരു തണുത്ത കാറ്റ് വീശി. അതോടെ ഗ്രഹണം തുടങ്ങി.

കൊച്ചിയില്‍ സാന്ധ്യപ്രകാശം ചൊരിഞ്ഞാണ് സൂര്യന്‍ മറഞ്ഞു നിന്നത്. ഞങ്ങളുടെ ദേഹമാകെ ഒരു മാര്‍ബിള്‍ പ്രതലം പോലെ മിനുസമാര്‍ന്നു. തൃപ്പൂണിത്തുറയില്‍ പണിതീരാതെ കിടന്ന ഭാര്‍ഗ്ഗവീ നിലയം പോലുള്ള ആ കെട്ടിടത്തിന്റെ ഹാളില്‍, വരയന്‍ ജുബ്ബയില്‍ നന്ദകുമാര്‍ സംസാരിക്കുന്നു. സൂര്യനു കണ്ണുകൊടുക്കാതെ ഞങ്ങള്‍ ഹാള്‍ കവിഞ്ഞു നില്‍ക്കുന്ന കലാവിദ്യാര്‍ഥികളുടെ ബഹളത്തിലേക്ക് മറഞ്ഞു. ഹാളിന്റെ മധ്യത്തില്‍ പണിതീര്‍ത്ത വലിയ ദ്വാരത്തിലൂടെ സൂര്യന്‍ ഗ്രഹണവെളിച്ചം പകര്‍ന്നു. ഷെയ്ഖ് മുന്‍നിരയില്‍ ഇരിപ്പുണ്ട്, തന്റെ ശിഷ്യന്റെ ഭാഷണം സാകൂതം ശ്രദ്ധിച്ചുകൊണ്ട്. സൈബര്‍ സ്പേസും കമ്പ്യൂട്ടര്‍ ടെക്നോളജിയും കര്‍തൃത്വത്തില്‍ വരുത്തുന്ന ഋതുചംക്രമണത്തെക്കുറിച്ചായിരുന്നു നന്ദകുമാറിന്റെ ചിന്തകള്‍. തുടര്‍ന്ന് കലാചരിത്രത്തില്‍ ബരോക് ഘട്ടം എന്നു പേരുള്ള കാലത്തെ, പതിനേഴാം നൂറ്റാണ്ടിലെ ദീഗോ വാലസ്ക്വസ് എന്ന സ്പാനിഷ്  ചിത്രകാരന്റെ, ഏറെ ചര്‍ച്ചാവിഷയമായ ഒരു പെയിന്റിങ്ങിലെ പ്രേക്ഷകത്വത്തെയും സ്പേസിനെയുംപറ്റി ഷെയ്ഖ് സംസാരിച്ചു. ലാ മെനിലാസ് എന്ന അതിസങ്കീര്‍ണ്ണമായ വിവക്ഷകളുള്ള ആ ചിത്രത്തെക്കുറിച്ച് പറഞ്ഞാണ് മിഷേല്‍ ഫൂക്കോവിന്റെ ഓര്‍ഡര്‍ ഓഫ് തിങ്സ് എന്ന പുസ്തകം ആരംഭിക്കുന്നത്. നന്ദകുമാറിന്റെ പ്രഭാഷണത്തില്‍ ഇക്കാര്യം പറഞ്ഞതിനോട് അനുബന്ധമായാണ് മൊബൈല്‍ വിഷന്‍ എന്ന പരികല്‍പനയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഷെയ്ഖ് ഈ പെയിന്റിങ്ങ് വിവരിച്ചത്. ഹാളിനു മുകളിലെ വലിയ ദ്വാരത്തിലൂടെയും വശത്തെ ചില്ലുജാലകങ്ങളിലൂടെയും സൂര്യന്റെ ഗ്രഹണപ്പകര്‍ച്ച  വെളിച്ചത്തിന് സവിശേഷമായ ടോണ്‍ പകര്‍ന്നു. ബിജുവിന്റെ ക്യാമറ ആ അപൂര്‍വ്വ വെളിച്ചത്തെ പിടിച്ചെടുത്തുകൊണ്ടിരുന്നു. എക്സ്റേ ഷീറ്റിലൂടെ ഷെയ്ഖ് കേരളത്തില്‍ വെച്ച് അപൂര്‍വ്വമായ ആ സൂര്യഗ്രഹണം വീക്ഷിക്കുന്നതും സ്നാപ്പില്‍ കുടുങ്ങി.
സന്ധ്യക്ക് ആറിന് മട്ടാഞ്ചേരിയില്‍ അബുളിന്റെ സ്റ്റുഡിയോയില്‍ സ്ളേഡ് പ്രദര്‍ശനത്തിന് സന്ധിക്കാമെന്നു പറഞ്ഞ് ഷെയ്ഖിനെയും നന്ദകുമാറിനെയും കാറില്‍ ഉച്ചയൂണിന് പറഞ്ഞയച്ച് ഞങ്ങള്‍ മട്ടാഞ്ചേരിയിലേക്കു മടങ്ങി. വഴിക്ക് കേയീസ് സ്ട്രീറ്റില്‍ കേയിക്കയുടെ ബിരിയാണിക്കടയില്‍ നിന്ന് ഊണും ബിരിയാണിയും പാര്‍സല്‍ വാങ്ങി. പ്രസിദ്ധനായ എം എഫ് ഹുസൈന്റെ സന്ദര്‍ശനം കൊണ്ട് ധന്യമായ കേയിക്കയുടെ ഹോട്ടല്‍ ചുമരില്‍ ഒട്ടകക്കൂനില്‍ കലിമാവചനം വരച്ചിട്ട ഹുസൈന്റെ ഒരു സ്കെച്ച് ഉണ്ട്.  അന്തരാഷ്ട്രാ ആര്‍ട്മാര്‍ക്കറ്റില്‍ എത്രയായിരിക്കും അതിനു വില കിട്ടുക?
ആസാദിന്റെയും ആദി റഹ്മാന്റെയും രണ്ടര വയസ്സുകാരന്‍ നാരായണന്‍ റഹ്മാനെ ബഹങ്ങളില്‍ കുടുക്കേണ്ട എന്നു കരുതിയാവണം പള്ളുരുത്തിയിലെ അവന്റെ ദീദിമാരുടെ മേല്‍നോട്ടത്തില്‍ വിട്ടതാണ്. ഗ്രഹണ സമയത്ത് ആഹാരം പാടില്ല എന്ന വഴക്കം മറന്ന്  ഞാനും ബിജുവും പട്ടിണിപ്പാവങ്ങളെപ്പോലെ ചോറു കഴിച്ചു. ആദിയും അബുളും കോഴിബിരിയാണിയില്‍ വൈകുന്നേരത്തെ സല്‍ക്കാരത്തെക്കുറിച്ച് പ്ളാനുകള്‍ ഒരുക്കി. അതിനിടക്ക് അബുളിന്റെ അമ്മാവന്റെയും പരിവാരങ്ങളുടെയും സന്ദര്‍ശനം. ബംഗ്ളുരുവില്‍ ബീഫിന് അപ്രഖ്യാപിത വിലക്കു വന്നതിനാല്‍ അനിയന്റെ മീറ്റുകട മാസങ്ങളായി പൂട്ടിക്കിടക്കുകയാണെന്നും അവന്റെ ബിസിനസില്‍ പണിക്കാര്‍ക്ക് പണിയില്ലാതെ കൂലികൊടുത്തും വാടകകൊടുത്തും ലക്ഷങ്ങള്‍ നഷ്ടത്തിലാണെന്നുമുള്ള വിവരങ്ങള്‍. എങ്ങും സംസ്കാരത്തെപ്പോലെ സമ്പത്തും പ്രതിസന്ധിയില്‍.
വിരുന്നൊരുക്കത്തിനുള്ള സാധന സാമഗ്രികള്‍ വാങ്ങാന്‍ സഹായിയായ അഷ്റഫിനെ അയച്ചു. സ്ളേഡു ഷോ കാണിക്കാന്‍ പ്രൊജക്ടറുമായി മലയാറ്റൂരില്‍ നിന്ന് ആളെത്തി. എല്ലാം ഒരുക്കി വെച്ചു. സന്ധ്യയായിട്ടും അവരെത്തിയില്ല. ആരെങ്കിലും റാഞ്ചികൊണ്ടുപോയതാണോ? വിളിച്ചപ്പോള്‍ മറ്റേതോ ഒരു കലാകാരന്റെ വര്‍ക്കുകള്‍ കാണാന്‍ അവര്‍ സഞ്ചാരത്തിലാണ്. നന്ദകുമാറിനെ വീണ്ടും വിളിച്ചന്വേഷിച്ചപ്പോള്‍, കാറയച്ചിട്ടുണ്ടല്ലോ, അത്കൊണ്ട് എന്തുകൊണ്ടും എത്തും എന്നു പറഞ്ഞു. ഷെയ്ഖിനെക്കാണാന്‍ ആഹ്രിച്ചാണ് ഓഫും ലീവുമില്ലാതെ ഞാന്‍ വന്നത് എന്നു പറഞ്ഞത് നന്ദകുമാര്‍ വിമ്മിട്ടത്തോടെ മൂളിക്കേട്ടു. ആസാദും ആദി റഹ്മാനും വനംവകുപ്പിന്റെ ഫണ്ടില്‍ ചെയ്ത ഒരു ഡോക്യുമെന്ററി, സനിമാപ്രവര്‍ത്തകനായ ബിജു ഇബ്രാഹിമിനു വേണ്ടി പ്രദര്‍ശിപ്പിച്ചു. അതും കഴിഞ്ഞ് ഏറെ നേരമായിട്ടും അതിഥികള്‍ എത്താത്തതില്‍ ആശങ്കയായി. അതിനിടക്ക് ആസാദ് സ്റ്റുഡിയോ-ഗാലറിക്കായി പണിത രണ്ടുതട്ടുള്ള മരം കൊണ്ടുണ്ടാക്കിയ അടുക്കളത്തട്ടിലെ നടരാജവിഗ്രഹത്തിന് വിളക്കുവെച്ചു. വാതിലില്‍ ക്രിസ്മസ് വിളക്കുകള്‍ തൂക്കി.
കാമധേനുവിന്റെ കഥ
ഇഷായുടെ സമയത്തോടെ ഗുലാം ഷെയ്ഖ് എത്തി. അടുക്കളയുടെ ഇരിപ്പിടത്തില്‍ വിശ്രമിച്ചു.  അബുളും ആദിയും ഗുലാമുമായി സല്ലാപം ആരംഭിച്ചു. ആദിയുടെ കൂര്‍മ്മമായ വിരല്‍ത്തുമ്പില്‍ മൌസ് ചലിച്ചപ്പോള്‍ അബുള്‍ കലാം ആസാദിന്റെ ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയായ ഫോട്ടോഗ്രഫി ജീവിതത്തിന്റെ ഡിജിറ്റര്‍ പകര്‍പ്പുകള്‍ ചുമരില്‍ പ്രൊജക്ട് ചെയ്തു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ നീണ്ട ഷോ. കൈഫി ആസ്മിയുമൊത്തുള്ള സഹ്മതിന്റെ ദില്ലിയിലെ ഗാനസന്ധ്യ. കൈഫിയെക്കണ്ട് ഷെയ്ഖ് ആഹ്ളാദാരവത്തോടെ പൊട്ടിച്ചിരിച്ചു. ഊഷ്മളമായ സ്നേഹബന്ധം ആ പ്രതികരണത്തില്‍ നിന്ന് വായിച്ചെടുക്കാനായി. അയോധ്യാ സംഭവങ്ങള്‍ക്കു മുമ്പും പിമ്പുമായി സഹ്മത്ത് ദില്ലിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യങ്ങള്‍. സ്റ്റേറ്റ്മാനില്‍ ദീര്‍ഘകാലം സംഗീതനിരൂപകനായിരുന്ന അന്തരിച്ച സുബ്ബുഡുവും നൃത്തധിഷണ അലര്‍മേല്‍വള്ളിയും പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂറും ഉസ്താദ് സക്കീര്‍ ഹുസൈനും ബേബി സഖാവും എല്ലാം സൌഹൃദം പങ്കിടുന്ന അപൂര്‍വ്വവും സ്വകാര്യവുമായ നിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകള്‍. അതുകഴിഞ്ഞ് തൊണ്ണൂറുകള്‍ മുതലുമുള്ള അബുളിന്റെ ഫോട്ടോഗ്രഫിയിലെ പരമ്പരകള്‍ ഒന്നൊന്നായി ചുമരില്‍ തെളിഞ്ഞു.

ബാബ്രി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ അബുള്‍ ചെയ്ത വിശുദ്ധ പൂമുഖങ്ങള്‍ എന്നു പേരിട്ട കാന്‍വാസുകള്‍. ദില്ലിയിലെ ചരിത്ര സ്മാരകങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യന്‍ മനുഷ്യരുടെ ദൈന്യസാധാരണമായ മുഖങ്ങള്‍ പകര്‍ത്തിയ വലിയ കാന്‍വാസുകളുടെ ഇമേജുകള്‍. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബംഗ്ളാദേശിന്റെയും ചരിത്രത്തിലേക്ക് മിഴിതുറക്കുന്ന, മൂന്നു സ്വപ്നങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ എന്നു പേരിട്ട, ലണ്ടനില്‍ ജനുവരി ഇരുപത്തൊന്നിന് ഉദ്ഘാടനം ചെയ്ത് ഏപ്രില്‍ വരെ നീളുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനത്തിലേക്ക് ആസാദിന്റെ ഈ പരമ്പര തെരഞ്ഞെടുത്തിട്ടുണ്ട്. ശൂദ്രപുരോഹിതനും സ്ത്രീകോമരങ്ങളും നിറയുന്ന കൊടുങ്ങല്ലൂര്‍ ഭരണിയെക്കുറിച്ച് അബുള്‍ ചെയ്ത, സില്‍വര്‍ ബ്രോമൈഡില്‍ പ്രിന്റു ചെയ്ത ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫിയുടെ അതിശയം ജനിപ്പിക്കുന്ന കാന്‍വാസുകളുടെ ഇമേജുകളിന്മേല്‍ നന്ദകുമാറും ഷെയ്ഖ്ഭായിയും ചര്‍ച്ചകള്‍ നടത്തി. ലണ്ടനിലെ ഫോണ്‍ബൂത്തുകളില്‍ പതിച്ച വേശ്യകളുടെ പരസ്യപോസ്റ്ററുകള്‍ പകര്‍ത്തി അതില്‍ ഗില്‍റ്റുകള്‍ കൊണ്ടും നാണയങ്ങള്‍ കൊണ്ടും അലങ്കാരപൂജ നടത്തിയ ഗോഡസസ് എന്നു പേരിട്ട പരമ്പര. മട്ടാഞ്ചേരിയിലെയും തെക്കന്‍ കേരളത്തിന്റെയും സ്വന്തം വ്യക്തിചരിത്രത്തിന്റെയും ഫോട്ടോ പ്രതിനിധാനങ്ങള്‍ ഉള്‍പ്പെടുന്ന അണ്‍ടച്ചബിള്‍ എന്നു പേരിട്ട നിറക്കൂട്ട്.
അതിലൊന്ന് കാമധേനുവിന്റെ ഇമേജിനെ മുന്‍നിര്‍ത്തിയാണ്. വശങ്ങളില്‍ ചിറകുള്ള പശു താഴെ ശിവലിംഗത്തിലേക്ക് പാല്‍ചുരത്തുന്നു. മുകളില്‍ സപ്തര്‍ഷിഖജിതമായ രാത്രിയാകാശം. പ്രവാചകന്‍ മുഹമ്മദ് ആകാശ യാത്ര നടത്തിയ മിത്തിലെ ചിറകുള്ള കുതിരക്കു സമാനമായ ഇന്ത്യന്‍ മിത്തോളജിയാണ് കാമധേനുവെന്ന് അബുളിന്റെ വ്യാഖ്യാനങ്ങള്‍. എലിവേറ്റ് ചെയ്യപ്പെടുന്ന മനുഷ്യാനുഭവങ്ങളുടെ ആ ഇമേജിന്മേല്‍ ഷെയ്ഖ് ഏറെ നേരം ചര്‍ച്ച നടത്തി.
പ്രവാചകന്റെ ആകാശയാത്ര
ഷെയ്ഖിന്റെ പെയിന്റിങ്ങുകളിലൊന്ന് പ്രവാചകന്റെ ഈ ആകാശയാത്രയെ ചിത്രീകരിക്കുന്നതാണ്. മിഹ്റാജ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ രാത്രിയാത്ര, യെറുശലേമില്‍, ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഒരു പോലെ പുണ്യദേവാലമായ, ബൈത്തുല്‍ മുഖദ്ദസിന്റെ മുകള്‍ പരപ്പില്‍ നിന്നാണ് പ്രവാചകന്‍ ആരംഭിച്ചതത്രെ. ബുറാഖ് എന്ന, ചിറകുകളുള്ള  കുതിരപ്പുറത്ത്, ഏഴാകാശങ്ങളിലൂടെ, ജിബ്രീല്‍ എന്ന മാലാഖ വഴികാട്ടിയായി, പ്രവാചകന്‍ സഞ്ചരിച്ചു. വഴിയില്‍ പൂര്‍വ്വ പ്രവാചകന്മാരായ മൂസയെയും ഈസയെയും നൂഹിനെയും സന്ധിച്ചു. ആകാശങ്ങളുടെ അതിര്‍ത്തിക്കൊടുവില്‍ ജിബ്രീല്‍ പറഞ്ഞു, ഇനി ദൈവ സന്നിധി, അവിടേക്ക് എനിക്കു പ്രവേശനമില്ല, ഒറ്റക്കു പോകണം. അള്ളാവുമായുള്ള പ്രവാചകന്റെ ആ സന്ധിയെത്തുടര്‍ന്നാണത്രെ നിസ്കാരം മനുഷ്യര്‍ക്കു സമ്മാനമായി ലഭിച്ചത്. ഇന്ത്യന്‍ യോഗദര്‍ശനത്തിനു സമാനമായ നിസ്കാരത്താല്‍ സമ്മാനിതനായി പ്രവാചകന്‍ ഭൂമിയിലേക്കു മടങ്ങി.
  എണ്‍പതുകളില്‍ ബറോഡയിലെ വര്‍ഗ്ഗീയല്‍ക്കരണത്തെത്തുടര്‍ന്ന് അനുഭവിച്ച ഗെറ്റോവൈസ്ഡ് പരിതസ്ഥിതിയുടെ പശ്ചാത്തലത്തിലാണ്, പേര്‍ഷ്യന്‍ ഇമേജറിയില്‍ നിന്ന് ബുറാഖിനെയും മാലാഖമാരെയും കടമെടുത്ത്, പ്രവാചകന്റെ ആകാശയാത്ര മുകള്‍പരപ്പിലും, താഴെ താനെടുത്ത തന്റെ ഉമ്മയുടെ ഫോട്ടോഗ്രാഫും പതിച്ച പ്രസിദ്ധമായ ചിത്രം ഷെയ്ഖ് ചെയ്തത്. എണ്‍പതുകള്‍ മുതല്‍ ഇന്ത്യന്‍ സാമൂഹ്യജീവിതത്തെ, വിശേഷിച്ചും ഗുജറാത്തിനെ ഗ്രസിച്ച വയലന്‍സിനെയും വര്‍ഗീയതയെയും ഷെയ്ഖ് തന്റെ കാന്‍വാസുകളില്‍ പിടിച്ചെടുത്തിട്ടുണ്ട്. സിറ്റി ഫോര്‍ സെയില്‍, വെയിറ്റിങ് ആന്റ് വാണ്ടറിങ് എല്ലാം അക്കൂട്ടത്തില്‍ ശ്രദ്ധേയമായി. പേര്‍ഷ്യന്‍ മിനിയേച്ചര്‍ പാരമ്പര്യവും, മുഗള്‍ മിനിയേച്ചറുകളിലെ സ്പേസിന്റെ സവിശേഷമായ പ്രയോഗവും, ഇറ്റാലിയന്‍ നവോത്ഥാന കാലത്തിന്റെ കലാപാരമ്പര്യങ്ങളും, ജപ്പാനീസ് ചൈനീസ് ഇന്ത്യന്‍ മ്യൂറലുകളും എല്ലാം ചേര്‍ന്ന സവിശേഷമായ കോസ്മോസ് ആണ് ഷെയ്ഖിന്റെ ചിത്രശരീരം. അത് ലോകമാകെ സഞ്ചരിച്ച,് അതില്‍ നിന്നെല്ലാം കടംകൊണ്ട്, സ്വന്തം ചിത്രഭാഷ കണ്ടെത്തുമ്പോള്‍ തന്നെ, വൈയക്തികാനുഭവത്തിലും സമകാലീനമായ ചരിത്രസന്ദര്‍ഭത്തിലുമാണ് നിലകൊള്ളുന്നതെന്ന് ഗീതാകപൂര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യമാകെ അറിയപ്പെടുന്ന കവി കൂടിയായ ഷെയ്ഖ് തന്റെ കലയിലും ജീവിതത്തിലും ആ കാവ്യാത്മകത കാത്തുസൂക്ഷിക്കുന്നു.

ഗുലാം ഷെയ്ഖിന്റെ കലയെ കണ്ടും കേട്ടുമുള്ള അനുഭവത്തോട് നേരില്‍ കണ്ട ഷെയ്ഖ്ഭായിയും ഒട്ടും വിദൂരത്തായിരുന്നില്ല. തന്റെ സവിശേഷമായ വ്യക്തിത്വത്തില്‍, തനിക്കും തന്നെ ചൂഴ്ന്നും നില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കും സന്താപങ്ങള്‍ക്കും ഒരു ഭാവഗീതത്തിന്റെ സൌന്ദര്യം പകരാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഏറ്റവുമൊടുവില്‍ ഷെയ്ഖിന്റെ പ്രവര്‍ത്തനം രാജസ്ഥാനിലെ പ്രാദേശികപാരമ്പര്യമായ കാവണ്ഡ് (ൃമ്ലഹഹശിഴ വൃെശില) മെറ്റഫര്‍ ആയി ഉപയോഗിച്ച്  ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ  സ്ഥലവും കാലവും അടയാളപ്പെടുത്താനുള്ള പരിശ്രമങ്ങളാണ്. മാരീചനു പിറകെ സഞ്ചരിക്കുന്ന രാമനും, യേശുവിന്റെ കാലടിപ്പാടുകള്‍ തേടുന്ന മഗ്ദലന മറിയവും, ഭക്തി-സൂഫി പാരമ്പര്യത്തിലെ കവി കബീറിന്റെ സഞ്ചാരപഥങ്ങളും ആ കാന്‍വാസുകളില്‍ അപൂര്‍വ്വചാരുതായി കടന്നുവരുന്നു. തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും ഇന്ത്യയിലെ പൌരസമൂഹത്തിനെന്ന പോലെ ബുദ്ധിജീവികളെയും ഗ്രസിച്ച, മതപരവും ജാതിപരവുമായ സ്വത്വക്കെണിയില്‍ നിന്ന് പുറത്തു കടക്കാനുള്ള ഔഷധക്കൂട്ടാണ് ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ കാന്‍വാസുകളുടെ സൌന്ദര്യചിന്ത. സ്വത്വബോധം ഉറഞ്ഞുചീഞ്ഞ മസ്തിഷ്കത്തെയും മനസ്സിനെയും വിശുദ്ധീകരിച്ച്, സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും  വൈജാത്യത്തിലൂടെ സഞ്ചരിക്കാനാവുന്ന ഒരിന്ത്യന്‍ കര്‍തൃത്വത്തെ വിഭാവന ചെയ്യാന്‍ ഗുലാം ഷെയ്ഖിന്റെ കാന്‍വാസുകളില്‍ ആവിഷ്കരിക്കുന്ന തത്വചിന്തക്കാകുന്നു. നമ്മുടേതു പോലുള്ള ഇരുണ്ട കാലത്ത് ഗുലാം ഷെയ്ഖിനെപ്പോലുള്ള ഒരു കലാകാരന്റെ പ്രസക്തിയും മറെറാന്നല്ല.

ഗംഗുഭായി പാടുന്നു
ബുറാഖും കാമധേനുവും കലര്‍ന്ന മിത്തിക്കല്‍ പാരമ്പര്യത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചു. ഇനി ഭക്ഷണത്തിന് ഇടവേളയാകം. അതിന് ആസാദിന്റെ അദബും മര്യാദയും ഇല്ലാത്ത ആതിഥേയത്വം വഴങ്ങി. ഞാനാണ് വിളമ്പുകാരന്‍.  ജാപ്പനീസ് ശീലത്തെ ഓര്‍മ്മിപ്പിക്കുന്ന അടുക്കളുടെ ഭാഗം തന്നെയായ തറനിരപ്പിലുള്ള തീന്‍മേശയില്‍ വിഭവങ്ങള്‍ വിളമ്പി.  ബുദ്ധജാതക കഥ ചിത്രീകരിച്ച തിബത്തന്‍ തങ്ക ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, മുകളില്‍ തുണിചാര്‍ത്തി അലങ്കരിച്ചു വെച്ച ബുദ്ധപ്രതിമയുടെ മൌന സാന്നിധ്യത്തില്‍, ഞങ്ങള്‍ പുട്ടും പൊറാട്ടയും മട്ടനും മീന്‍കറിയും അടങ്ങിയ പോട്ട്പുരി ഉണ്ടു. വളരെ കൂടുതലായി എന്ന് പറഞ്ഞ് ഗുലാം എണീറ്റു. സ്റ്റുഡിയോയുടെ പൂമുഖത്ത് ഷെയ്ഖിനും നന്ദകുമാറിനുമായി ഞാന്‍ കസേര വലിച്ചിട്ടു. വട്ടമേശയൊരുക്കി. ഷെയ്ഖിനു കാല്‍നീട്ടി വിശ്രമിക്കാനായി കറുത്ത സില്‍ക്ക് പ്രതലത്തില്‍ മെറൂണ്‍പൂക്കള്‍ പതിച്ച ദിവാന്‍ നീക്കിയിട്ടു. തന്നെ അറിഞ്ഞു സല്‍ക്കരിച്ചതറിഞ്ഞാവണം അദ്ദേഹം ഗംഭീരമായി കുലുങ്ങിച്ചിരിച്ചു. ഗംഗുഭായ് ഹംഗലിന്റെ ഗാനസുധയിലേക്ക് പൊടുന്നനെ ഇടിവെട്ടിയുണരും പോലെ. കബീറിന് അര്‍ച്ചനയായി അവസാനിച്ച നീണ്ട രാഗാലാപനം. ഇടയ്ക്ക് ആസാദിന്റെ വാക്ശരങ്ങള്‍. നേര്‍ത്ത വെളിച്ചത്തില്‍ ബിജുവിന്റെ സ്നാപ്പുകള്‍. ചുവന്ന ചോളിയില്‍ ആദിയുടെ ലക്ഷ്മീസാന്നിധ്യം. ഉസ്താദ് ഫയാസ് ഖാന്റെ ഹുങ്കാരം ഉറയുന്ന ശാരീരം. അതു കഴിഞ്ഞ് ചാര്‍ളി മറിയത്തിന്റെയും രമണിമീനയുടെയും ഫ്യൂഷന്‍. സംഗീതത്തിന്റെ ശുദ്ധഭാവങ്ങള്‍ ലംഘിക്കുന്നുവെന്നറിഞ്ഞാണാവോ നന്ദകുമാര്‍ പോകാന്‍ സമയമായെന്നു പറഞ്ഞു. അപ്പോള്‍ അബുള്‍ ദക്ഷിണാഫ്രിക്കന്‍ ജാസ് സംഗീതകാരന്‍ അബ്ദുള്ള  ഇബ്രാഹിമിന്റെ അള്ളാ സലാം എന്ന അഭിവാദ്യഗാനമിട്ടു.
ഫോര്‍ട്ട് കൊച്ചിക്കും മട്ടാഞ്ചേരിക്കും ഇടയില്‍് ഒരു പുരാവസ്തുവായി നീണ്ടു കിടന്ന ബസാര്‍ റോഡിലെ ഗ്രഹണം കഴിഞ്ഞ് ഉറങ്ങുന്ന ജനുവരിരാത്രിയുടെ തണുപ്പില്‍ അവര്‍ വിട ചോദിച്ചു. നാം യെറുശലേം പിടിച്ചടക്കി എന്ന് അബുള്‍ പറഞ്ഞു. കടന്ന കയ്യായോ നിന്റെ ആതിഥേയത്വം എന്ന എന്റെ നിശബ്ദനോട്ടത്തിന് ഇതെല്ലാം  ഷിയാ പ്രാക്ടീസാണ്, അതെല്ലാം ഗുലാമിന് മനസ്സിലാകും എന്നു മറുപടി. ക്രിസ്മസ് വിളക്കുകള്‍ ചിരിച്ചു. സ്റ്റുഡിയോയിലെ ലക്ഷമീവിഗ്രഹം ആശിസുകള്‍ നേര്‍ന്നു. ഗണപതിക്ക് മുഹമ്മദിന്റെ സ്ഥൈര്യം.

ഷെയ്ഖ് സൈനൂദ്ദീന്‍ മഖ്ദൂം


പിറ്റേന്ന് ഗുജറാത്തി തെരുവില്‍ നിന്ന് ആസാദ് ഞങ്ങള്‍ക്ക് ആഹാരം വാങ്ങിത്തന്നു. മടങ്ങുമ്പോള്‍ ജൂതത്തെരുവിലെ സിനഗോഗിനടുത്തെ പുസ്തകക്കടയില്‍ നിന്ന് ഇരുനൂറു രൂപക്ക് തിബത്തന്‍ മരണച്ചടങ്ങുകളെക്കുറിച്ചുള്ള പുസ്തകം വാങ്ങി. സിനഗോഗിന്റെ പടിയിലിരുന്നു സ്നാപ്പുകള്‍ എടുത്തു. പിന്നെ ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും മകള്‍ സൈനബയും അന്തിയുറങ്ങുന്ന മഖാം തേടിപ്പോയി. വഴിക്ക് മലപ്പുറത്ത് പിറ്റേന്നു ഉദ്ഘാടനം ചെയ്യുന്ന ദേശാഭിമാനി എഡിഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണവുമായി ന്യൂസ് എഡിറ്റര്‍ കെ വി കുഞ്ഞിരാമന്റെ ഫോണ്‍. മഖ്ദൂമിന്റെയും മകളുടെയും ശവകുടീരത്തിനെ സാക്ഷിയാക്കി പ്രാര്‍ത്ഥിച്ചു, അള്ളാഹുവേ, ഞങ്ങളുടെ എല്ലാ രോഗാവസ്ഥകളും നീ ശമിപ്പിക്കേണമേ...എല്ലാവര്‍ക്കും നീ നേര്‍മാര്‍ഗ്ഗം കാണിക്കേണമേ....ഞങ്ങളെയെല്ലാം സ്വര്‍ഗ്ഗാവകാശികളാക്കിത്തീര്‍ക്കേണമേ....ശുഭം.


Published in Mathrubhumi weekly. A popular piece on Gulam Shaikh visit at ochi...Mattancheri..Abul's studio.....A day with Gulam Muhammed Shaikh, R Nandakumar, Abul Kalam Azad, Adi Zelnik ..photos..biju ibrahim...