Thursday, September 8, 2011

 
ആദിബോധത്തിന്റെ  കലാകാരന്‍

പി പി  ഷാനവാസ്


വിസ്മരിച്ചു പോകുന്ന ഓര്‍മ്മകള്‍ ചിലപ്പോള്‍ കൊണ്ടാടുന്ന സ്മരണകളേക്കാളും വിലപ്പെട്ടതാണ്. നാടക കലാകാരന്‍ അപ്പുണ്ണിയെക്കുറിച്ചുള്ള ഓര്‍മ്മ അത്തരത്തില്‍ വിലപിടിച്ച ഒന്നാണ്. കലയുടെ നിധി തേടിപ്പോയ ഒരു കുടുംബത്തിന്റെ പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. അത് കുലപരമായി പകര്‍ന്നു കിട്ടിയ ഒന്നാണ്. കൊട്ടിന്റെയും പാട്ടിന്റെയും തിറയെടുക്കലിന്റെയും മന്ത്രവിദ്യയുടേയും അനുഷ്ഠാനപരമായ രക്തലിഖിതങ്ങള്‍. അവിടെ നിന്നാണ് അപ്പുണ്ണിയിലെ നാടകകാരന്റെ ജനനം.
നാടക സങ്കേതങ്ങളുടെ പ്രാഗ് രൂപങ്ങളിലൊന്നായി കണക്കാക്കാവുന്ന കുതിരച്ചമയങ്ങള്‍ കളിയാട്ട്കാവ് ഉല്‍സവത്തോടനുബന്ധിച്ച് പ്രദേശത്തെ വീട്ടു മുറ്റങ്ങളില്‍ പാടിയാടുന്ന പാരമ്പര്യം. ചെണ്ടയുടെ അകമ്പടിയോടെ ഈ കുതിരച്ചമയങ്ങള്‍ വീട്ടുമുറ്റങ്ങളിലെത്ത് നൃത്തം വെച്ചെത്തുന്ന ഋതു ഏറനാടിന്റെ വടക്കേ മൂലയിലെ കര്‍ഷകരാശിയുമായി ബന്ധപ്പെട്ടതാണ്. അപ്പുണ്ണി ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. കളിയാട്ടമായാല്‍ പാതിരാവില്‍ അപ്പുണ്ണിയേട്ടന്റെ കുടുംബം വസിച്ചുപോന്ന കുന്നിന്‍ പുറത്തു നിന്ന് മുഖരിതമാകുന്ന ചെണ്ടയുടെ നിലവിളികള്‍ ഓരോ തുറക്കല്‍കാരന്റെയും ചെവിയുടെ ജീവശാസ്ത്രത്തോട് അടുപ്പമുള്ള കലാപാരമ്പര്യമാണ്.


തെയ്യം, തിറ പാരമ്പര്യവും കുട്ട നെയ്ത്തിന്റെ കരവിരുതും സ്വന്തമായുള്ള കലയുടെ അനുഷ്ഠാനപരമായ ആദിയിലാണ് അപ്പുണ്ണി എന്ന കലാകാരന്റെ നിലപാടുതറ. അതില്‍ ചവിട്ടി നിന്നാണ് അപ്പുണ്ണിയുടെ പതിനാലാം വയസ് മുതലുള്ള നാടകജീവിതം ആരംഭിക്കുന്നത്. തന്റെ പാരമ്പര്യത്തെ ഇടതുപക്ഷ ആധുനികതയുമായി സന്ധി ചെയ്യിക്കാന്‍ നടത്തിയ ശ്രമമാണ് നാടകരംഗത്തേക്ക് അപ്പുണ്ണിയുടെ രംഗപ്രവേശം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ബന്ധു രാമന്‍കുട്ടിയുടെ നാടക പങ്കാളിത്തവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. തങ്ങള്‍ പണിയിടം കണ്ടെത്തിയ തുറക്കലെ പുരോഗമന മുസ്ളിം കുടുംബങ്ങളിലെ ചെറുപ്പക്കാരുടെ മുന്‍കയ്യില്‍ നടത്തിയ നാടകസംരഭങ്ങളില്‍ രാമന്‍കുട്ടി അഭിനേതാവെന്ന നിലയിലും അണിയറ പ്രവര്‍ത്തകന്‍ എന്ന നിലയിലും പങ്കാളിയായിരുന്നു. തറവാടുകളിലെ സ്ത്രീകളുടെ പ്രേക്ഷക സാന്നിധ്യത്തില്‍ അവരുടെ മക്കളും പേരമക്കളും നടത്തിയ നാടകങ്ങള്‍  വിടിയുടേയും മറ്റും നാടക സംരഭങ്ങളെ സ്മരിപ്പിക്കുന്നതാണ്. രാമന്‍കുട്ടിയും അപ്പുണ്ണിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. നാരനാട്ടെയും വട്ടപ്പറമ്പിലെയും കല്ലാടത്തെയും വീട്ടുമുറ്റങ്ങളും തുറക്കല്‍ ടിബി റോഡ് പരിസരങ്ങളും ഇത്തരം നാടകപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പുരോഗമന ഇടതുപക്ഷം തുറക്കല്‍ ശക്തിയാര്‍ജിക്കാന്‍ തുടങ്ങിയതിന്റെ തുടിപ്പുകള്‍ ഈ കലാസംരഭങ്ങള്‍ക്ക് അവകാശപ്പെടാം. കൊണ്ടോട്ടിയിലെ ബീഡി തൊഴിലാളികളുടെ നാടകപ്രവര്‍ത്തനങ്ങളും പില്‍ക്കാലത്ത് ഹാപ്പി ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങളും ഇപ്രകാരമുള്ള പ്രയത്നങ്ങളായിരുന്നു. ബീഡിത്തൊഴിലാളികളുടെ തൊഴില്‍ ഇടത്തോട് അനുബന്ധമായാണ് ഹാപ്പിക്ളബ്ബ്  പ്രവര്‍ത്തിച്ചിരുന്നത്.  നിലമ്പൂര്‍ ബാലനും കെടിമുഹമ്മദും തങ്ങളുടെ നാടകപ്രവര്‍ത്തനങ്ങളിലൂടെ കൊണ്ടോട്ടിയില്‍ പല പുരോഗമന ഇടതുപക്ഷ വേദികളിലും തങ്ങളുടെ വിമര്‍ശനാത്മക നാടക സംരഭങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഇതിനെ പിന്‍പറ്റിയാവണം 'പിറക്കാത്ത മോന്‍' എന്ന അപ്പുണ്ണിയുടെ നാടകം തുറക്കല്‍ പരിസരത്ത് 1970ല്‍ അരങ്ങേറിയത്. കൊണ്ടോട്ടിയിലെ മുഴുവന്‍ സാംസ്കാരിക കലാ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ വേദിയും സദസ്സുമായിരുന്നു അത്. യാഥാസ്ഥിതകമായ പല ഇടപെടലുകളേയും അതിജീവിച്ചാണ് പിറക്കാത്ത മോന്‍ അരങ്ങേറിയത്. മെയ്ക്കപ്പിട്ടു നിന്ന ഒരു നടനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ പിടിച്ചിറക്കി കൊണ്ടുപോയപ്പോള്‍ ആ രംഗം അടിയന്തരമായി കൈകാര്യം ചെയ്യാനും അത് ഭംഗിയായി സ്റ്റേജില്‍ അവതരിപ്പിക്കാനും അപ്പുണ്ണിക്കായി. അദ്ദേഹം അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ചിറ്റമ്മ, ഒരു ഞ്ഞെട്ടില്‍ വിടര്‍ന്ന പൂക്കള്‍, പുതിയ വെളിച്ചം, പൂക്കാത്ത വസന്തം, അറബിപ്പൊന്ന് തുടങ്ങി അമ്പതോളം നാടകങ്ങള്‍ അപ്പുണ്ണി എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. തുറക്കലിലെ സ്റ്റേജ് നാടക പ്രവര്‍ത്തനത്തിന്റെ അവസാന കാലത്ത് അരങ്ങേറിയ അഗ്നിശാല എന്ന നാടകത്തിന്റെ സംവിധാനവും അപ്പുണ്ണിയേട്ടനായിരുന്നു. അവശനും കുനിഞ്ഞ ദേഹപ്രകൃതിയോടെയും കാണപ്പെടുമെങ്കിലും അപ്പുണ്ണി നാടകപരിശീലന കളരിയില്‍ ഭാവങ്ങളുടെ കരുത്തും തീക്ഷ്ണതയും തന്റെ മുഖത്തും ദേഹചലനങ്ങളിലും അവിഷ്കരിച്ചു കാണാറുണ്ട്. കളരിയിലെ ഈ അത്ഭുതവിദ്യ, മാന്ത്രിക വിദ്യ ഇവിടെ ഇന്ന് പ്രസിദ്ധരായ പല കലാകാരന്മാരുടെയും അദ്യാക്ഷരിയായിത്തീര്‍ന്നു. ടി എ റസാഖ്. പിന്നെ തുറക്കലിലെ അസഖ്യം അജ്ഞാതരായ കലാകാരന്മാരും അപ്പുണ്ണിയേട്ടന്റെ ശിഷ്യന്മാരാണ്. തുറക്കലില്‍ അപ്പുണ്ണിയുടെ നാടക പാരമ്പര്യത്തില്‍ നിന്നും ചുവടുകള്‍ നേടിയ റസാഖ് തന്റെ തേജസാര്‍ന്ന നാടകജീവിത കാലത്ത് കേരളത്തിലെ പല വേദികളിലും തന്റെ രചനയുടെയും സംവിധാന മികവിന്റെയും വിസ്മയങ്ങള്‍ തീര്‍ത്തിട്ടുണ്ട്്. പില്‍ക്കാലത്ത് തുറക്കലിലെ സാംസ്കാരിക ജീവിതത്തിന് പുതിയ അധ്യായം തീര്‍ത്ത അരങ്ങ് എന്ന കലാ സംഘടനയുടെ തുടക്കവും അപ്പുണ്ണിയുടെ കുടുംബമുറ്റത്തായിരുന്നു. പറയനും അവകാശമായ ബ്രാഹ്മണ്യം തന്റെ കലയിലൂടെ അപ്പുണ്ണി പകര്‍ന്നു നല്‍കി. അത് ചിലപ്പോള്‍ പുനരുത്ഥാനത്തിന്റെ സ്വഭാവത്തിലേക്കും വഴിപിഴച്ചിട്ടുണ്ട്. തുറക്കലിലെ കലാകാരന്മാരുടെ കൂട്ടായ്മ പക്ഷേ മതനിരപേക്ഷമായ ഒരു സാംസ്കാരിക പ്രയോഗമായി അതിനെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു.
 പാരമ്പര്യത്തെയും പറയച്ചെണ്ടയെയും ആധുനിക നാടകപ്രസ്ഥാനത്തെയും മുതലാളിത്ത കലാനിയമങ്ങള്‍ വിഴുങ്ങിയതിന്റെ ചിത്രമാണ് വര്‍ത്തമാനത്തിന്റേത്. അതിലൂടെ കലയുടെ ജനകീയമായ പാരമ്പര്യം മൂലധനത്തിന്റെ ആര്‍ത്തിപൂണ്ട അവസരവാദമായി ഒടുങ്ങി. അത് പുനരുത്ഥാന വാദത്തിന്റെ സ്വഭാവത്തോടെ അഭ്രപാളിയില്‍ അതിഭാവുകതയോ അശ്ളീലമോ ആയി മാറി. കലാകാരന്റെ ജനകീയ ജീവിതവും അതോടെ മൂലധന ദല്ലാളന്റെ കൊട്ടാരങ്ങളിലായി. കല ഇന്ന് പോരാടുന്ന ഒന്നല്ല. സൌന്ദര്യാത്മകതയുടെ ആദി മാതൃകകളും അതിന് അന്യമാണ്. ആസക്തിയും മോഹവും അഭിനിവേശവും വിപണിയുടെ മൂല്യങ്ങളും ഉല്‍പാദിപ്പിക്കുന്ന സാംസ്കാരവ്യവസായമായി അത് അധ:പതിച്ചിരിക്കുന്നു. അത് ജീവിതയാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെയ്ക്കുന്നു. മൂലധനത്തിന്റെ പരീക്ഷണശാലയില്‍ ജനപ്രിയതയുടെ സൂത്രവാക്യം തേടുന്ന കൂലിത്തൊഴിലാളിയായി കലാകാരനും കാലഹരണപ്പെട്ടിരിക്കുന്നു. കലയുടെ ഈ ദുരന്തപൂര്‍ണ്ണമായ പരിണാമം ഇന്നു പൂര്‍ത്തിയാണ്.  ഇവിടെ നിന്നാണ് അപ്പുണ്ണിയേട്ടനില്‍െ ജനകീയ കലാകാരന്റെ പറയച്ചെണ്ടയിലെ പ്രാവീണ്യവും കീഴാള മാന്ത്രികതയുടെ ജീവിത വീക്ഷണവും തെയ്യച്ചമയങ്ങളുടെ ദൃശ്യബോധവും നാടകപാരമ്പര്യവും സംബന്ധിച്ച ആദികള്‍ ഉണരുന്നത്. ആദിയെ സംബന്ന്ധിച്ച, ഭാവിയെ സംബന്ധിച്ച ഈ ഉത്കണ്ഠയാണ് അപ്പുണ്ണിയുടെ സ്മരണ ബാക്കിവെയ്ക്കുന്നത്. 

A note on Appuniatten, a traditional dalit artist who pioneered in giving an impetus to progressive cultural front in our village...Thurakkal, Kondotty....published in deshabhimani daily commemorating his death anniversary. The article deals with dalit culture and its richness to be reverted for our present society as well as for the benefit of their own community and culture...


ബാബുക്കയുടെ പകലുകള്‍
ബാബുക്കയുടെ രാത്രിക
ള്‍


പി പി ഷാനവാസ്


ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ മലയാളി ഓര്‍ത്തെടുക്കുക ബാബുക്കയിലൂടെയായിരിക്കും. മലയാള ഗാനപദങ്ങളില്‍ ഉത്തരേന്ത്യന്‍ രാഗശീലുകൊണ്ടുതീര്‍ത്ത ഭാവഗീതികയായിരുന്നു അദ്ദേഹത്തിന്റെ ട്യൂണുകള്‍. ഉപകരണസംഗീതത്തെ തന്റെ കംമ്പോസിഷനില്‍ സമര്‍ത്ഥമായി സന്നിവേശിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശ്യത പുലര്‍ത്തി. എന്നാല്‍ ഉപകരണവാദ്യങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ, ഹാര്‍മോണിയവും തബലയും കൊണ്ടുമാത്രം, അദ്ദേഹം ഭാവാലാപനത്തില്‍ ഇന്ദ്രജാലം തീര്‍ത്തിട്ടുണ്ട്. ബാബുക്കയുടെ തനത് ആലാപനത്തിന്റെ ഏതാനും റെക്കോര്‍ഡുകള്‍ തൊണ്ണൂറുകള്‍ക്കു മധ്യേ പുറത്തെത്തിയത് മലയാളത്തിന്റെ മഹാഭാഗ്യമായി മാറി. ബാബുക്കയുടെ കംമ്പോസിഷന്റെ യഥാര്‍ത്ഥ ആവിഷ്കാരം ഇങ്ങനെയാണെന്നറിഞ്ഞ് സംഗീതപ്രേമികള്‍ അത്ഭുതം കൂറി. പ്രൌഢഗംഭീരമായ ആ ഗാനനിര്‍ജ്ജരിയില്‍ നിന്നുള്ള ഏതാനും ട്യൂണുകള്‍ മാത്രമായിരുന്നു അത്. ഉള്ളുതുറന്ന വിലാപസ്ഥായില്‍ അദ്ദേഹം പാടിയുണര്‍ത്തിയ മെഹ്ഫില്‍രാവുകള്‍ മലബാറിലെ സംഗീതസംസ്കാരത്തിന്റെ മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമായി മാറി.

മലയാള സിനിമാശാഖയില്‍ ബാബുക്ക മെലഡിയുടെ ചക്രവര്‍ത്തിയായി വിരാജിക്കുന്നു. ലയമധുരമായ ഇന്ത്യന്‍ സംഗീതത്തെ അദ്ദേഹം സാധാരണക്കാരന്റെ കേള്‍വിശീലത്തിന്റെ ഭാഗമാക്കി. ടാഗോറിന്റെ ബംഗാളും ആയിരത്തൊന്നു രാവുകളുടെ ബാഗ്ദാദും ആ ട്യൂണുകളില്‍ കസവുഞൊറിയിട്ടു. ഉള്ളുതുറന്ന ആ വിലാപസ്വരം ഉഛസ്ഥായിയില്‍ മണലാരണ്യങ്ങളില്‍ അലഞ്ഞു. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിമിഷങ്ങളെ ഉന്മീലനം ചെയ്തു. ഇന്ത്യ എങ്ങിനെ ജീവിച്ചു എന്ന് ബാബുക്കയുടെ സംഗീതത്തിലൂടെ മലയാളി അറിഞ്ഞു. ഭക്തമീരയും, വിരഹിണിയായ രാധയും, ഓമര്‍ഖയ്യാമിന്റെ മധുചഷകവും, ഹിമാലയ വനഛായയിലെ ദേവതാരുവും, ആ ട്യൂണുകളില്‍ ജാലകവാതില്‍ തുറന്നു.

ഒടുവില്‍ മാപ്പിള ഗാനശാഖിയിലും ആ വാനമ്പാടി പറന്നെത്തി. ഇശലുകളുടെ നാട്ടില്‍, വൈദ്യരുടെ പാട്ടുപാരമ്പര്യത്തില്‍... അക്കാലത്തെ ഏതു എളിയ കലാകാരനും കലാകാരിയും ബാബുക്കയുടെ സംഗീതസാന്നിധ്യമറിഞ്ഞു. അങ്ങിനെ മാപ്പിള നാടോടി ഗാനപാരമ്പര്യത്തില്‍ ക്ളാസിസത്തിന്റെ വിത്തെറിഞ്ഞു.

നമ്മുടെ സംഗീതഭാവുകത്വത്തെയും ജീവിതത്തെയും
ഇത്രമേല്‍ മാറ്റിമറിച്ച ആ കലാകാരന്
നാമെന്തു പകരം നല്‍കും?
രാഗ്രംഗിന്റെ എളിയ ഖജനാവില്‍ നിന്ന്...

അന്വേഷണത്തിനായി ഒരു പകല്‍
ആനന്ദത്തിനായി ഒരു രാത്രി


text for a musical programme organized at our home village as part of Baburaj's death anniversary....



 

നവോത്ഥാനത്തിന്റെ അന്തരാളങ്ങള്‍
പി പി ഷാനവാസ്

'ഭീകരതയുടെ രക്തവര്‍ണ്ണങ്ങള്‍' എന്ന തലവാചകത്തില്‍ കേരളത്തിലെ മുസ്ളിംങ്ങള്‍ക്കിടയിലെ വര്‍ഗീയ പ്രവണതയെക്കുറിച്ച് എഴുതിയ ലേഖനത്തോട് (ദേശാഭിമാനി വാരി ലക്കം- ) പ്രതികരിച്ചുകൊണ്ട് ബഹുമാന്യനായ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ കുറിപ്പ് വാരിക പ്രസിദ്ധീകരിച്ചിരുന്നു (ലക്കം ). അതില്‍ അദ്ദേഹം ഉന്നയിക്കുന്ന ചില കാര്യങ്ങളോട് പ്രതികരിക്കാന്‍ ആവശ്യമുയര്‍ന്നെങ്കിലും "ഒന്നിനെക്കുറിച്ചും പറയേണ്ട, നാളെ പറയാം''1 എന്ന മട്ടില്‍ മറുപടി നീട്ടി വെച്ചു. ഇതിനിടെ അറേബ്യന്‍ ചരിത്രത്തിലൂടെയും പ്രവാചകന്‍ മുഹമ്മദിന്റെ ജീവചരിത്രത്തിലൂടെയും ഖുര്‍ആനിന്റെ ഭിന്ന വ്യഖ്യാന ശ്രമങ്ങളിലൂടെയും വീണ്ടും ഒന്നു പ്രദക്ഷിണം നടത്താനും കഴിഞ്ഞു. യുക്തിവാദിയുടെ 'കേവല മതവിമര്‍ശം' എന്ന നിലപാടില്‍ നിന്നല്ല, സമകാലീന സാഹചര്യങ്ങളില്‍ നിന്നു കൊണ്ട്, മറ്റു മതങ്ങളുടെ കാര്യത്തിലെന്ന പോലെ, ഇസ്ളാമിലെയും 'വിമോചക ദൈവശാസ്ത്ര' ധാരകള്‍ കണ്ടെടുക്കാനുള്ള ഉല്‍കണ്ഠയും അഭിലാഷവുമാണ് ഈ വായനയില്‍ എന്നെ നയിച്ചത്. അതേസമയം ശൈഖ് മുഹമ്മദ് സാഹിബ് വിയോജിച്ച ചില വസ്തുതകളോടും അദ്ദേഹം വെച്ചു പുലര്‍ത്തുന്ന ചില നിലപാടുകളോടും പ്രതികരിക്കേണ്ട ബാധ്യതയും ഉണ്ടായിരുന്നു. കാരക്കുന്നിന്റെ ലേഖനത്തിലെ യോജിപ്പുകളെയാണ് ഇവിടെ പരിശോധിക്കുന്നത്. രണ്ട് കാര്യത്തില്‍ അദ്ദേഹം ഉന്നയിച്ച വിമര്‍ശനത്തോട് വഴിയേ വിശദീകരണവും ഉണ്ട്.


ഒന്ന്

 'യുക്തി അതിന്റെ യുക്തിസഹമായ രൂപത്തിലല്ലെങ്കിലും എല്ലാ സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു' എന്ന മാര്‍ക്സിന്റെ പ്രസ്താവം ശ്രദ്ധേയമാണ്. ചരിത്രത്തിന്റെ നിശ്ചിത ഘട്ടങ്ങളില്‍ യുക്തിയും മനുഷ്യേച്ഛയും ഗുണപരമായ മറ്റൊരു തലം കൈകൊള്ളുന്നു. ഒരാശയം ഉള്ളില്‍ പ്രവേശിച്ചാല്‍ അതൊരു ഭൌതിക ശക്തിയായി പ്രവര്‍ത്തിക്കുന്നു എന്നും മാര്‍ക്സ് പറയുന്നു. ഗോത്രങ്ങളുടെ ദൈവ സങ്കല്‍പങ്ങളോട് വിട പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന 'തൌഹീദ്' എന്ന ആശയം അത്തരത്തിലൊന്നായിരുന്നു. ~ജ്ഞാനത്തിന്റെ പൊന്‍തൂവലുമായി വന്ന മാലാഖ ഒരു മിന്നല്‍പ്പിണര്‍ കൊണ്ട് അറേബ്യന്‍ ഉപഭൂഖണ്ഡത്തിനാകെ ഏകീകരണത്തിന്റെയും ഏകദൈവവിശ്വാസത്തിന്റെയും ഇടിമുഴക്കം നല്‍കി ഉണര്‍ത്തി. ചിന്തയുടെ കേന്ദ്രത്തില്‍ ഏകനായ ഇലാഹ്. അവനാണ് എല്ലാത്തിന്റെയും പരമാധികാരി. അവനില്‍ പങ്കുകാരില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തില്‍ ഇടനിലക്കാരുമില്ല. മനുഷ്യന്റെ ജ്ഞാനത്തിനും കഴിവിനും പരിമിതികള്‍ ഉണ്ട്. എന്നാല്‍ മനുഷ്യന് സൃഷ്ടികളുടെ കൂട്ടത്തില്‍ ഏറ്റവും ഉല്‍കൃഷ്ട സ്ഥാനമുണ്ട്.
  സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള, ദൈവവവും മനുഷ്യനും തമ്മിലുള്ള ഈ വ്യവഛേദിച്ചറിയല്‍ ആണ് അറേബ്യന്‍ ഗോത്രജനത്തിന് ചിന്തയില്‍ പുതിയൊരു യുക്തി സമ്മാനിച്ചത്. ഏകീകരണം എന്ന കാഴ്ചപ്പാട്. വിട്ടുവീഴ്ചയില്ലാത്തവിധം  ഏകദൈവം എന്ന ആശയം. യുക്തിമാനും തന്ത്രജ്ഞാനിയുമായ ദൈവം. ഇക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു. സൃഷ്ടി/സ്രഷ്ടാവ്, പുരുഷന്‍/സ്ത്രീ, ഇഹലോകം/പരലോകം, അള്ളാഹു/പ്രവാചകന്‍, ശത്രു/മിത്രം, ഹലാല്‍/ഹറാം എന്നിങ്ങനെ ചിന്തയില്‍ ദ്വന്ദങ്ങളെ സൃഷ്ടിച്ചുകൊണ്ടുള്ള വര്‍ഗീകരണം. എല്ലാത്തിനെയും കറുപ്പിലും വെളുപ്പിലും നിര്‍ത്തി അതിര്‍വരമ്പുകള്‍ നിശ്ചയിച്ചു. ഇതിലൂടെ  ഇസ്ളാം അറബികളുടെ ചിന്തയില്‍ യുക്തിയുടെ ഒരു പുതുയുഗം സൃഷ്ടിച്ചു.  മാത്രമല്ല, മനുഷ്യനെ ഏകാന്തനായ ഒരു വ്യക്തിയായായാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. മനഷ്യന്റെ ഏകാന്തമായ നില്‍പിനോടും അനാഥത്തോടും വിഹ്വലതകളോടും ഉള്ള സംബോധന. ഗോത്രത്തിന്റെയും രക്തബന്ധത്തിന്റെയും ബാധ്യതകളെ അത് അറുത്തിടാന്‍ ശ്രമിച്ചു. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവന്‍/അവള്‍ ദൈവത്തിനു മുമ്പില്‍ ഒറ്റക്ക് ഉത്തരം പറയണം എന്ന പരലോക സിദ്ധാന്തവും ആവിഷ്കരിച്ചു. ദൈവം/മനുഷ്യന്‍ എന്ന ദ്വന്ദം. 'പ്രകൃതിയുടെ രഹസ്യലക്ഷ്യവും' അതില്‍ ജീവിക്കുന്ന 'മനുഷ്യന്റെ പ്രവൃത്യുന്മുഖതയുടെ ബലതന്ത്രവും' വിശദീകരിക്കാന്‍ ശ്രമിച്ച, യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ 'പ്രവാചകന്‍'  ഇമ്മാനുവല്‍ കാന്റ് പരിചയപ്പെടുത്തുന്നതും ഇത്തരമൊരു യുക്തിയുടെ പില്‍ക്കാല മാതൃകയാണ്.2
  ഇസ്ളാമിന്റെ വരവിനു മുമ്പുള്ള കാലത്തെ അഞ്ജതയുടെ കാലം (ജാഹിലിയ കാലം) എന്നു വിളിച്ചതിലൂടെ ജ്ഞാനത്തിന്റേയും യുക്തിയുടേയും ഒരു പുതിയ യുഗത്തെ മുഹമ്മദ് നബി വിളംബംരം ചെയ്യുകയായിരുന്നു. യൂറോപ്പില്‍ ജഞ്നോദയം പിന്നീട് ആടിയ നാടകങ്ങളുടെ ആദിമാതൃക അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറി. അറബ് ദേശീയതയെ സംബന്ധിച്ച കാഴ്ചപ്പാടും മുഹമ്മദ് നബിക്കുണ്ടായിരുന്നു. തദ്ദേശീനായ, അറബിയായ പ്രവാചകന്‍, എന്ന് ഖുര്‍ആന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. അങ്ങിനെ ദേശീയതയെ സംബന്ധിച്ച ഒരു സങ്കല്‍പനവും  മുന്നോട്ടുവെച്ചു. ഇസ്ളാം സാധ്യമാക്കിയ നവോത്ഥാനത്തിന്റെയും ഏകതാവാദത്തിന്റെയും ദേശീയതാ ബോധത്തിന്റെയും താങ്ങില്‍ സ്വന്തം സ്വതം കണ്ടെത്തിയ ആ പടയാളി-കച്ചവട (വാരിയര്‍ ട്രേഡേഴ്സ്) സമൂഹം; പരസ്പരമുള്ള കുടിപ്പകയിലൂടെയും കൊടിയ അധികാരത്തര്‍ക്കങ്ങളിലൂടെയുമെങ്കിലും, പരിവര്‍ത്തനങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. 
     ബാഗ്ദാദില്‍ അബ്ബാസിയ കാലം ശാസ്ത്രവളര്‍ച്ചയുടെയും യുക്തി ചിന്തയുടെയും പില്‍ക്കാല മാതൃകകള്‍ക്കെല്ലാം കളിത്തൊട്ടിലായി. ഈ വസ്തുത ഇസ്ളാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്കെല്ലാം തങ്ങളുടെ മതത്തിന്റെ ഉത്കൃഷ്ടത ഘോഷിക്കാന്‍ ഇഷ്ട വിഷയമാണ്. അതെന്തായാലും ജ്ഞാനോദയ ചിന്തയുടെ ഒരു പ്രാഗ്മാതൃക ആധുനിക കാലത്ത് ഇസ്ളാമിന്റെ കാലം സൃഷ്ടിച്ചു. യൂറോപ്പിന്റെ ഈ ഇസ്ളാം ബാന്ധവത്തിന്റെ പില്‍ക്കാല രേഖയെന്നോണംപി ബി ഷെല്ലി തന്റെ പ്രസിദ്ധമായ 'റിവോള്‍ട്ട് ഓഫ് ഇസ്ളാം'എന്ന കാവ്യം രചിച്ചു. ഇസ്ളാം സ്പെയിനില്‍ സൃഷ്ടിച്ച വിജ്ഞാനത്തിന്റെ കലാശാലയില്‍ നിന്നാണ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ വിത്തുകള്‍ മുളയെടുക്കുന്നത് എന്ന് എച്ച് ജി വെല്‍സും പറഞ്ഞു.  "ഇക്കാലത്താണ് (അബ്ബാസിയ), ഈജിപ്ത് കീഴടങ്ങിയതോടെ, കോപ്റ്റിക് മൊണാസ്റ്ററി വഴി, നിയോ പ്ളാറ്റോണിസം, ഇസ്ളാമിക ചിന്തയില്‍ പ്രവേശിച്ചത്. ഇത് മൌത്തസില (ാമൌമ്വേശഹമ) പോലെയുള്ള ദൈവശാസ്ത്ര ചിന്താധാരകളായി വികസിച്ചു.  ഈജ്പത്യന്‍ ഗ്രീക്ക് ചിന്താധാരകള്‍ ഇസ്ളാമുമായി ചേര്‍ന്ന ഈ നവോത്ഥാനമുന്നേറ്റത്തെ പാശ്ചാത്യര്‍ കയ്യാളി എന്നത് ഫണ്ടമെന്റലിസ്റ്റുകളുടെ ഇഷ്ട പ്രമേയമാണ്.''3

രണ്ട്

  ഇത്രയൊക്കെയാണെങ്കിലും ഭരണകൂടത്തെ സംബന്ധിച്ച വളരെ അവ്യക്ത ധാരണകളേ അക്കാലത്ത് അറേബ്യയില്‍ രൂപപ്പെട്ടിരുന്നുള്ളൂ. ഇന്നത്തെ നിലയില്‍ ദേശ-രാഷ്ട്രം നിലവില്‍ വന്നിട്ടില്ല. മിക്കവാറും എല്ലായിടത്തും ഗോത്രസമൂഹ സമുഛയങ്ങളായിരുന്നു. എങ്കിലും മദീനയിലെത്തിയ മുഹമ്മദ് നബി അവിടെ ഒരു മധ്യസ്ഥനായും പിന്നെ ഭരണാധികാരിയായും മുഹാജിറുകളുടെയും അന്‍സാറുകളുടെയുമിടയില്‍4 പ്രവാചകനായും അറിയപ്പെട്ടു. മുഹമ്മദ് നബി മദീനയില്‍ ഉണ്ടാക്കിയ ഭരണകരാര്‍ ജൂതന്മാരോടും ക്രൃസ്ത്യാനികളോടും മറ്റു ഗോത്രങ്ങളോടും സന്ധി ചെയ്തുകൊണ്ടുള്ളതായിരുന്നു. ഒരു 'മതനിരപേക്ഷ' ഭരണസംവിധാനം. എന്നാല്‍ ഭരണകൂടത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച് ധാരണ അവ്യക്തമായി മാത്രമേ അന്ന് വളര്‍ന്നു വന്നിട്ടുണ്ടായിരുന്നുള്ളൂ. ഖര്‍ആന്റെ തന്നെ മൂന്നില്‍ രണ്ടു ഭാഗം മദീനയില്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനു മുമ്പ് അവതരിക്കപ്പെട്ടതാണ്. "തിരുമേനിക്ക് പ്രവാചകത്വം ലഭിച്ചതുമുതല്‍ കുബായി വരെയുള്ള കാലം മുഴുവന്‍ അവിടുത്തെ മക്കാ ജീവിതമായി ഗണിക്കപ്പെടുന്നു. അത് പന്ത്രണ്ടുകൊല്ലവും അഞ്ച് മാസവും 21 ദിവസവുമാണ്. ഏതാണ്ട് ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും വരുന്ന 93 അധ്യായങ്ങള്‍ ഈ ഘട്ടത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. അവയില്‍ മുഖ്യമായും പ്രതിപാദിക്കുന്നത് മൌലിക സിദ്ധാന്തങ്ങളാണ്. അനുഷ്ഠാന മുറകളും ആചാരങ്ങളുമല്ല. മദീനയില്‍ വന്ന ശേഷമാണ് അനുഷ്ഠാന മുറകളും ആചാരസമ്പ്രദായങ്ങളും ഭരണസമ്പ്രദായങ്ങളുമെല്ലാം ഉള്‍കൊളളുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചത്.'5
 'ജിഹാദ്' എന്ന വിശുദ്ധയുദ്ധ/ധര്‍മ്മയുദ്ധ സങ്കല്‍പം എല്ലാ വിശ്വാസത്തിലുമുണ്ട്. അതിനെക്കുറിച്ച് വളരെ കുറച്ച് പരാമര്‍ശങ്ങളേ ഖുര്‍ആനിലുള്ളൂ. ഖുര്‍ആനിക സാഹിത്യത്തിന്റെ സത്തയും സൌന്ദര്യവും അതിന്റെ നീതിശാസ്ത്രത്തിലും തത്വസംഹിതയിലും കാരുണ്യബോധത്തിലുമാണ് കുടികൊള്ളുന്നത്.  സിഎന്‍ അഹമ്മദ് മൌലവിയെപ്പോലുള്ള പണ്ഡിതര്‍ ഇക്കാര്യം ഊന്നിപ്പറയുന്നു. സ്വാതന്ത്യ്ര സമര നായകന്‍ അബ്ദുല്‍ കലാം ആസാദിന്റെ ഖുര്‍ആന്‍ ഭാഷ്യവും ദൈവസങ്കല്‍പത്തെക്കുറിച്ചും തൌഹീദിനെക്കുറിച്ചുമാണ് വാചാലമാകുന്നത്. പ്രബഞ്ചവും മനുഷ്യനും തമ്മിലുള്ള മുഖാമുഖം.
  മനുഷ്യന്‍ ചെന്നുപെടുന്ന ഭീതിജനകമായ ചരിത്രസന്ധിയുടെ വിഹ്വലതയില്‍ നിന്ന് ഭാവി പ്രവചിക്കപ്പെടുന്ന സര്‍റിയലിസ്റ്റ് അനുഭവങ്ങള്‍.  മൂസയും മുഹമ്മദും ചരിത്രത്തിന്റെ ഇത്തരം വിഹ്വല സന്ധികളിലാണ് പ്രബഞ്ചനാഥനുമായി സംവദിച്ചത്. ഒരിടിനാദവുമായി ജ്ഞാനം മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചു. ഖുര്‍ആന്‍ തന്റെ മനുഷ്യാനുഭവത്തിന്റെയും അറിവിന്റെയും എല്ലാ സീമകളും ലംഘിച്ചതായി പ്രവാചകന്‍ അറിഞ്ഞു. അതു പല നിലയിലും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.    ഭരണകൂടം എത്തരത്തിലാകണമെന്ന കണിശമായ നിര്‍ദ്ദേശമൊന്നും ഖുര്‍ആന്‍ പറയുന്നില്ല. പരാമധികാരം അള്ളാഹുവിനാണെന്നാണ് മാത്രം.  നബിയുടെ നിര്യാണത്തിനു തൊട്ടു പിന്നാലെ കഠോരമായ അധികാരതര്‍ക്കങ്ങള്‍ നിലവില്‍ വന്നു. അധികാരത്തിനുവേണ്ടിയുള്ള വ്യക്തിതര്‍ക്കങ്ങള്‍ ആണ് ഇവയെന്ന് പ്രത്യക്ഷത്തില്‍ തോന്നും. എന്നാല്‍ അമീറിനെ എങ്ങനെ തെരഞ്ഞെടുക്കണം എന്നുള്ള കാര്യത്തിലുള്ള വ്യത്യസ്ത വീക്ഷണങ്ങളായിരുന്നു ഈ തര്‍ക്കങ്ങളുടെ അടിസ്ഥാനം. 'പൊതുകാര്യങ്ങള്‍ കൂടിയാലോചനയിലൂടെ മുന്നോട്ടു കൊണ്ടുപോകക' എന്ന് ജനായത്ത ഭരണത്തെസംബന്ധിച്ച ഒരു വാക്യമേ വ്യക്തമായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുള്ളൂ.   തനിക്കുശേഷം ഭരണകൂടരൂപീകരണവുമായി വന്നു ചേരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മുഹമ്മദ് നബി ബോധവാനായിരുന്നു. അദ്ദേഹത്തിന്റെ കാലത്തുതന്നെ പല വിഭാഗീയ പ്രവണതകളും തലപൊക്കിയിരുന്നു.
  രോഗ പീഡയാല്‍ അന്ത്യ നിമിഷങ്ങളെ കാതോര്‍ത്ത് ശയ്യാലവംബിയായ നബി. ഒരു രാത്രി മദീനക്കു സമീപത്തെ ഒരു ശ്മശാനം അദ്ദേഹം സന്ദര്‍ശിച്ചു. കൂടെ ഭൃത്യന്‍ അബൂ മുവൈഹിബയും. ശവകുടീരങ്ങള്‍ക്കു മധ്യേ നിന്നു കൊണ്ട് അദ്ദേഹം പറഞ്ഞു: 'ശവകുടീരങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നവരെ, നിങ്ങള്‍ക്ക് ദൈവത്തിന്റെ തുണയുണ്ടാകട്ടെ. നിങ്ങളുടെ ഇന്നത്തെ അവസ്ഥ മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ അനുഗൃഹീതം. തമോമയമായ നിശാഖഡ്ഡങ്ങള്‍ പോലെ കുഴപ്പങ്ങള്‍ ഒന്നിനുപിന്നാലെ വരാന്‍ പോകുന്നു. അവയില്‍ പിമ്പിനാലെ വരുന്നത് മുമ്പിനാലത്തതിനേക്കാള്‍ മാരകമായിരിക്കും.'' ഈ ഹദീസ7 ശരിയാണെങ്കില്‍, തന്റെ അസ്തിത്വത്തെക്കുറിച്ചും ഭാഗധേയത്തത്തെക്കുറിച്ചും ഉള്ള ബോധ്യവും നിസ്സാഹായത ഓര്‍ത്തുള്ളള പ്രാര്‍ത്ഥനയുമാണ് ഈ വാക്കുകള്‍. പൂരിപ്പിക്കേണ്ട ഒരു ഭരണകൂട സങ്കല്‍പത്തെക്കുറിച്ച് ഉത്കണ്ഠകള്‍ ബാക്കി വെച്ചാണ് ഖിന്നനായി അദ്ദേഹവും ദൈവസന്നിധിയിലേക്കു മടങ്ങിയത്. ഇസ്ളാമിന്റെ രാഷ്ട്രീയ വിമോചന ശാസ്ത്രം ഈ ഖിന്നതയില്‍ നിന്നാണ് കണ്ടെടുക്കേണ്ടത്. ഒരു ജനായത്ത ഭരണക്രമത്തെക്കുറിച്ചുള്ള വാഞ്ചയാണ് ഒരു വിശ്വാസിയുടെ ജിഹാദ് ആയിത്തീരേണ്ടത്. മതാധ്യക്ഷന്റെ തിട്ടുരങ്ങള്‍ക്കല്ല. ഖുര്‍ആന്റെ ദൈവസങ്കല്‍പം വിപുലമാര്‍ന്ന ഒന്നാണ്. അതില്‍ ദൈവം ഏകാധിപതിയായ ന്യയാധിപന്റെ രൂപത്തിലല്ല അവതരിപ്പിക്കപ്പെടുന്നത്. ദൈവത്തെക്കുറിച്ചുള്ള ഖുര്‍ആനിലെ വിശേഷണങ്ങള്‍, വിശദീകരണങ്ങള്‍, അവയുടെ ആവര്‍ത്തനങ്ങള്‍, കേവലം ഉപമകളല്ല.മുഹമ്മദ് നബി പരിചയപ്പെടുത്തിയ തൌഹീദ് എന്ന ആശയത്തെ ഭാഷാപരമായി വിശദീകരിക്കാനുള്ള ശ്രമങ്ങളാണ്. ഖുര്‍ആന്റെ ദാര്‍ശനികപ്രഭാവത്തെ, നവോത്ഥാനപരമായ ആശയങ്ങളെ, അവഗണിക്കുന്ന ഏതൊരു വ്യഖ്യാനശ്രമവും അതിനെ ചുരുക്കിക്കാണലാണ്. ഖുര്‍ആന്‍ ഒരു സംഘടനയുടെ മാനിഫെസ്റ്റോ അല്ല.
   പ്രവാചകനു ശേഷം അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഈ സന്ധികളില്‍ ഉലഞ്ഞ ഇസ്ളാമിക സമൂഹത്തിന് പുനര്‍ജീവന്‍ സിദ്ധിക്കുന്നത് ഖുര്‍ആനിന്റെ ഈ ദാര്‍ശനിക വശത്തെ വിപുലീകരിച്ചുകൊണ്ടാണ്. സൂഫിപാരമ്പര്യം. അബ്ബാസി കാലഘട്ടത്തില്‍ ഒടുവില്‍ അലിപക്ഷക്കാര്‍ക്ക് സര്‍വ്വവിധ സാഹോദര്യവും നല്‍കിയ ഖലീഫ മൈമൂന്‍ ഇവിടെ സ്മരിക്കപ്പെടേണ്ട ഒരാളത്രെ. ഇസ്ളാമിലെ സ്പര്‍ധയുടെ ഒരു ഘട്ടത്തിന് അന്ത്യമിട്ട്, സാഹോദര്യത്തിന്റെ പുതിയ ഒരു പന്ഥാവ് തുറന്ന മൈമൂന്‍ ആണ,് ഗ്രീക്ക് ക്ളാസിക്കുളും മറ്റും പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യുന്ന വലിയൊരു സംരഭത്തിനു തുടക്കമിട്ടത്. പില്‍ക്കാലത്ത് ഖുര്‍ആനിനെയും ഇസ്ളാമിനെയും കൂടുതല്‍ സ്വീകാര്യമാക്കാനും സമ്പുഷ്ടമായ ഒരു വ്യാഖ്യാനശാസ്ത്രം വികസിപ്പിക്കാനും  ഈ താരതമ്യപഠന സാഹചര്യം വഴിയൊരുക്കി. ഖുര്‍ആന്‍ അസംഖ്യം നിലകളില്‍ വായിക്കപ്പെട്ടു. സൂഫിപാരമ്പര്യത്തില്‍ വ്യതിയാനങ്ങളും യുക്തിരാഹിത്യവും ചൂണ്ടിക്കാണിക്കാനാവുമെങ്കിലും സാധാരക്കാരിലേക്ക് ഇസ്ളാമിന്റെ വ്യാപനം സൂഫി ആദര്‍ശത്തിലൂടെയാണു നടന്നത്. കേരളവും കാശ്മീരും തന്നെ ഉദാഹരണം. പല ജനകീയ പോരാട്ടങ്ങള്‍ക്കും സൂഫി ആശയങ്ങള്‍ വഴിയൊരുക്കി. അറേബ്യയില്‍ തന്നെ ഇത്തരം സൂഫി ആദര്‍ശങ്ങള്‍ ഉടലെടുത്തിരുന്നു. ഇന്ത്യയില്‍ സൂഫിസം വലിയ സ്വാധീനം ചെലുത്തി. സാഹോദര്യത്തിന്റെയും ഏകദൈവവിശ്വസത്തിന്റെയും ഒരു ഭാരതീയരൂപം ഉണ്ടായിത്തീര്‍ന്നതിനു പിന്നില്‍ സൂഫിസ്വാധീനമുണ്ട്. ഇന്ത്യയുടെ കലയെയും സാഹിത്യത്തെയും അതു സ്വാധീനിച്ചു. സംഗീതത്തെയും നൃത്തത്തെയും പോലും. ബഹുദൈവാരാധനയിലേക്കു വഴിതെറ്റുന്നു എന്ന പ്രശ്നത്തോട് പ്രതികരിച്ചുകൊണ്ട് സൂഫിധാരയില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. അപ്പോഴേക്കും ഭരണകൂട ദുര്‍ഗ്ഗങ്ങളില്‍ സൂഫിസവും ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. എങ്കിലും ഇസ്ളാമികസൂഫി പ്രസ്ഥാനത്തില്‍ സ്വാധീനമുള്ള  ഭക്തിപ്രസ്ഥാന പാരമ്പര്യത്തില്‍ നിന്നും ആവേശം കൊണ്ട് പല 'കള്‍ട്ടു'കളും കാര്‍ഷിക സമൂഹങ്ങളും മുഗള്‍ഭരണത്തിനെതിരായി പോലും കലാപങ്ങള്‍ നടത്തിയിട്ടുണ്ട്.
  മുഗള്‍ ഭരണത്തിന്റെ നാശത്തോടൊപ്പമാണ് ഇന്ത്യയില്‍ ഇസ്ളാമിക പുനരുത്ഥാനം എന്ന ആശയം കടന്നു വരുന്നത്. സൂഫി മതം എന്ന നിലയില്‍ അക്ബറിന്റെ 'ദീന്‍ഇലാഹി' രൂപം കൊണ്ടതാണ് ഇതിന് ഒരു മുഖ്യപ്രേരണയായത്. ഒരര്‍ത്ഥത്തില്‍ സൂഫിസത്തിന്റെയും ഭക്തിപ്രസ്ഥാനത്തിന്റെയും ജനകീയ പാരമ്പര്യം മുഗള്‍ ഭരണം സ്വാംശീകരിക്കുകയായിരുന്നു. ബാഗ്ദാദില്‍ സൂഫിസം കൊട്ടാരത്തില്‍ നിന്ന് കുമാരന്മാരെ ഇറക്കിവിട്ടപ്പോള്‍, ഇന്ത്യയില്‍ അത് രാജാക്കന്മാരോടൊപ്പം കൊട്ടാരത്തില്‍ വസിച്ചു. ഇതിനോടുള്ള പ്രതികരണം കൂടിയായിരിക്കണം നഖഷ്ബന്ദി വിഭാഗത്തില്‍ പെട്ട മൌലാനാ ശെയ്ഖ് അഹമ്മദ് സര്‍ഹിന്ദി (1564-1624) അക്ബറെ എതിര്‍ത്ത് രംഗത്തു വന്നു. ഇദ്ദേഹത്തിന്റെ പില്‍ക്കാലത്തെ അനുയായികള്‍ അക്കാലത്തു ജീവിച്ച ഇസ്ളാമിക ശുദ്ധീവാദത്തിന്റെ വലിയ വക്താവ് സയ്യദ് അഹമ്മദ് അബ്ദുല്‍ വഹാബിന്റെ നയങ്ങള്‍ പിന്‍ പറ്റിയിരുന്നു. വഹാബിന്റെ മതപരിഷ്കരണാശയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് 'ഇസ്ളാമിക ഗവര്‍മെണ്ട്' എന്ന ഒരാശയം മൌലാനാ സയ്യിദ് അഹമ്മദും മൌലവി മുഹമ്മദ് ഇസ്മയിലും മുന്നോട്ടു വെച്ചു. ഇവരുടെ ആശയത്തില്‍ പ്രചോദിതരായി ഇന്ത്യയിലെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള സിഖ് ഭരണത്തിനെതിരെ കലാപം നടന്നു. അവിടെ 'ഇസ്ളാമിക ഗവര്‍മെണ്ട്' സ്ഥാപിച്ചു. പിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ ഒരു ജിഹാദ് നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മൌലാനാ അഹമ്മദും മൌലാനാ ഇസ്മായീലും കൊല്ലപ്പെട്ടു. അതോടെ ഇസ്ളാമിക രാഷ്ട്രം എന്ന പദ്ധതി തകര്‍ന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പട്ടാളക്കാര്‍ 1853ല്‍ വഹാബി കലാപകാരികളുമായി കത്തിടപാട് നടത്തി എന്ന പേരില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പല കാര്‍ഷിക ചെറുത്തുനില്‍പുകള്‍ക്കും വഹാബി കലാപകാരികള്‍ പ്രേരണയായി. കല്‍ക്കത്തയില്‍ 1831ലുണ്ടായ കാര്‍ഷികലഹള ഒരു ഉദാഹരണം. 1853ല്‍ അംബാലയിലും 1871ല്‍ പാറ്റ്നയിലും നടന്ന വിചാരണകളെത്തുടര്‍ന്ന് വഹാബി കലാപകാരികള്‍ ജീവപര്യന്തത്തിനോ നാടുകടത്തലിനോ ശിക്ഷിക്കപ്പെട്ടു.7

മൂന്ന്

  മൌദൂദിയും ഖുത്ബും ഹസനുല്‍ ബന്നയും മറ്റും പ്രതിനിധീകരിക്കുന്ന 'രാഷ്ട്രീയ ഇസ്ളാം' എന്ന മുദ്രാവാക്യം ഏതു സാഹചര്യത്തിലാണ്് പിറവിയെടുക്കുന്നത്? ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ തൊട്ടു മുമ്പിലെ വര്‍ഷത്തിലാണ് ജമാഅത്തെ ഇസ്ളാമി രൂപം കൊള്ളുന്നത്. എന്നാല്‍ അതിന്റെ സ്ഥാപകനായി അറിയപ്പെടുന്ന മൌദൂദി രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത് 1920കളിലാണ്. ഇന്ത്യാ ചരിത്രത്തില്‍ പല നിലയിലും പ്രത്യാഘാതം സൃഷ്ടിച്ച കാലയളവാണിത്. ഗാന്ധിജിയുടെ രംഗപ്രവേശനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണം, തുര്‍ക്കി സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കിയതിന്റെ പേരില്‍ രുപപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ ഖിലാഫത്ത് പ്രസ്ഥാനം, അതിനെത്തുടര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനം. ഖിലാഫത്തിനേയും നിസ്സഹകരണ പ്രസ്ഥാനത്തെയും സമന്വയിപ്പിച്ചുകൊണ്ട് മലബാറില്‍ ഗാന്ധി നടത്തിയ പരീക്ഷണം, മലബാറിലെ 1921 സംഭവം, ആര്‍എസ്എസ് എന്ന അര്‍ദ്ധ സൈനിക സംഘടനയുടെ രൂപീകരണം. എന്നിങ്ങനെ ഇന്ത്യാചരിത്രത്തില്‍ പ്രധാനപ്പെട്ട മൂന്നു ധാരകളുടെ ഉദയം ഈ കാലഘട്ടം അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മൂന്ന് ഉള്‍പ്പിരിവുകളായ ഗാന്ധിസം, കമ്മ്യൂണിസം, മതപുനരുത്ഥാന പ്രസ്ഥാനം എന്നിവയാണവ. 'രാഷ്ട്രീയ ഇസ്ളാം' എന്ന പേരില്‍ പില്‍ക്കാലത്ത് ആശയരൂപീകരണം നടന്ന ഇസ്ളാമിക പുനരുത്ഥാന ആശയവും ഇന്ത്യയില്‍ ഇക്കാലത്തു നാമ്പിട്ടു. ഇതിന് അന്തരാഷ്ട്രാ തലത്തില്‍ ചില മാനങ്ങളും കൈവന്നിട്ടുണ്ട്.
  പാക്കിസ്ഥാന്‍ രൂപീകരണം. ഇറാനിലെ ഷാ വിരുദ്ധ കലാപത്തില്‍ ഖൊമൈനിയുടെ ഇസ്ളാമിസ്റ്റ് പ്രസ്ഥാനം. കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലൂടെ അറബ് രാഷ്ട്രങ്ങളില്‍ പലയിടത്തും രൂപപ്പെട്ട ദേശരാഷ്ട്രങ്ങള്‍. ഈജിപ്ത്, ഇറാഖ്, ലിബിയ തുടങ്ങിയവ. ഇവിടങ്ങളില്‍ പില്‍ക്കാലത്തു നിലവില്‍ വന്ന അമേരിക്കന്‍ സ്വാധീനത്തിലുള്ള സര്‍ക്കാരുകള്‍ക്കെതിരെ വന്ന പ്രക്ഷോഭങ്ങള്‍. ഇവയില്‍ എല്ലാം ഇസ്ളാമിസ്റ്റുകള്‍ അവരുടെ പങ്ക് വഹിച്ചു. ജയിലിലടക്കപ്പെട്ടു. വേട്ടയാടപ്പെട്ടു. കൂടെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും. പാശ്ചാത്യ പിന്തുണയുള്ള ഷാ സര്‍ക്കാരിനെതിരെ നടന്ന ഇറാന്‍ വിപ്ളവത്തില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട തടവുകാരില്‍ അമ്പതുശതമാനവും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അക്കാലത്ത് വിപ്ളവ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലടച്ച് പിന്നീട് മോചിതനാക്കപ്പെട്ട വിഖ്യാത ചലച്ചിത്രകാരന്‍ മക്മല്‍ ബഫ് തന്റെ ഇറാന്‍ അനുഭവങ്ങള്‍ തിരുവനന്തപുരത്ത് വെച്ച് ഞങ്ങളോട് പങ്കു വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സിനിമകളില്‍ ചിലത് ഇറാന്‍ വിപ്ളവത്തിന്റെ ചില മുഹൂര്‍ത്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അക്കാലത്ത് ഇറാനിലും ഇറാഖിലുമെല്ലാം ശക്തമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിന്നെന്തു സംഭവിച്ചു? ഏകാധിപത്യ മതമൌലിക ഭരണകൂടങ്ങള്‍ സ്ഥാപിതമായതോടെ കമ്മ്യൂണിസ്റ്റുകര്‍ നിഷ്കാസിതരായി. നിശ്ശബ്ദരാക്കപ്പെട്ടു. ഈ നിലപാട് മാറ്റം, ചാഞ്ചാട്ടം, അവസരവാദം തന്നെയാണ് ശൈഖ് മുഹമ്മദ് സാഹിബും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഇപ്പോള്‍ ഇടതുപക്ഷത്തോട് എടുക്കുന്നത്. 'പാലം കടക്കുവോളം നാരായണ' എന്ന സമീപനം.  മദീനയില്‍ 'മതനിരപേക്ഷ ഭരണകൂടം' സ്ഥാപിച്ച ഇസ്ളാമിക പാരമ്പര്യമാണോ ഇത്? അതോ ദൈവത്തിന്റെ പരാമാധികാരവും വൈപുല്യവും സംബന്ധിച്ച ഖുര്‍ആന്റെ പരാമര്‍ശങ്ങളെ ഭരണകൂടവും മനുഷ്യനുവുമായുള്ള ബന്ധമായി ചിത്രീകരിച്ച്, ഏതാനും ഖുര്‍ആന്‍ സൂക്തങ്ങളെദുര്‍വ്യാഖ്യാനം ചെയ്ത്, അതിനാവശ്യമായ ഹദീസുകള്‍ ഉദ്ധരിച്ച്, മൌദൂദിസ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഇസ്ളാമിക ഭരകൂടത്തിന്റെ വഴിയിലെ ബലിയാണോ കമ്മ്യൂണിസ്റ്റുകാര്‍?
  ഇന്ന് വര്‍ഗീയ ഫാസിസത്തിനും പാശ്ചാത്യ കടന്നാക്രമണത്തിനും എതിരെ ഇടതുപക്ഷത്തോട് കൈകോര്‍ക്കുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ശൈഖ് സാഹിബും അനുയായികളും സ്വന്തം തത്വസംഹിതകളുടെ പുനരെഴുത്തും നടത്തേണ്ടതായുണ്ട്. മൌദൂദി സാഹിത്യം അത്രയേറെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചതാണു കാരണം.  ഇത്തരമൊരു പുനരെഴുത്താണോ ഇപ്പോഴത്തെ ഈ യാഥാര്‍ത്ഥ്യബോധം? അങ്ങനെയെങ്കില്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജമാഅത്തെ ഇസ്ളാമി ഉള്‍പ്പെടെയുള്ള ഇസ്ളാമിക കൂട്ടായ്മകളെയാകെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇസ്ളാമിന്റെ നീതിബോധവും തത്വചിന്തയും കൊണ്ട് മാര്‍ക്സിസത്തെയും, മാര്‍ക്സിസത്തിന്റെ വിമോചക പാരമ്പര്യം കൊണ്ട് വിശ്വാസത്തെയും സമ്പുഷ്ടമാക്കുന്ന ഒരു പ്രക്രിയ.

നാല്

 രാഷ്ട്രീയ ഇസ്ളാം എന്ന സംജ്ഞക്ക് അന്തരാഷ്ട്രാ തലത്തിലുള്ള ഒരു അക്കാദമിക സാഹചര്യവും വഴിയൊരുക്കിയിട്ടുണ്ട്.   ഓറിയന്റലിസ്റ്റ് പദ്ധതികളെക്കുറിച്ച് അക്കാദമികസമൂഹത്തില്‍ നടന്ന ചില പഠനങ്ങളും നിലപാടുകളുമാണ് പാശ്ചാത്യവിരുദ്ധതയുടെ തൂവല്‍ കുത്തിയ ഈ പുതിയ ഇസ്ളാമിന് ആശയപരമായി അടിത്തറ നല്‍കുന്നത്.  ഇന്ത്യയില്‍ ആനന്ദകുമാര സ്വാമി പാശ്ചാത്യര്‍ കിഴക്കിനെ കാണുന്ന വിധത്തെയും സമീപിക്കുന്ന രീതിയെയും സംബന്ധിച്ച ഓറിയന്റലിസ്റ്റ് വാദങ്ങളെ, ഹിന്ദുമിഥോളജിയുടെ തലത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാശ്ചാത്യര്‍ പടച്ചുവിട്ട ഓറിയന്റല്‍ സാഹിത്യത്തിന്റെ നിരൂപണവും വിമര്‍ശവുമാണ് എഡ്വേര്‍ഡ് സെയ്ദിന്റെ 'ഓറിയന്റലിസം' എന്ന ഗ്രന്ഥം. ജപ്പാനില്‍ നിന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. കലാചരിത്ര രംഗത്ത് ഈ പ്രവണതകള്‍ ഏറെ മുമ്പേ നാമ്പിട്ടിരുന്നു. ഇവരുടെയെല്ലാം മൌലികമായ വിയോജിപ്പ്, അധിനിവേശത്തിന്റെ പൈതൃകം പറ്റുന്ന ഒരു പാശ്ചാത്യന്‍ കിഴക്കിനെ കാണുന്ന വിധമാണ്. ഈ കൊളോണിയല്‍ കണ്ണിന്റെ കഴുകന്‍ സ്വഭാവത്തെയും  എക്സോട്ടിക് സമീപനത്തെയുമാണ് ഓറിയന്റല്‍ കാഴ്ച എന്നു പൊതുവെ വിളിക്കുന്നത്.
  കിഴക്കിനെ അഭൌമതയുടെ നിറം പുരണ്ട  സൌന്ദര്യാത്മക അനുഭവമായി അടയാളപ്പെടുത്തുക. അതേസമയം വിഭവ ചൂഷണത്തിന്റെ ഒരു മേഖലയായും കാണുക. ഈ ചൂഷണത്തിന് ഉതകുന്ന ഒരു വ്യവഹാരം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. അത് ബൌദ്ധികവും സാമ്പത്തികവും സാംസ്കാരികവുമായ മേഖലകളെ സ്വാധീനിച്ചു. ഓറിയന്റല്‍ പാഠങ്ങള്‍ എല്ലാ മേഖലയിലും നിര്‍മ്മിക്കപ്പെട്ടു.  'പൌരസ്ത്യതയും അവിടുത്തെ ഏകാധിപത്യ സമൂഹങ്ങളും' എന്ന പദാവലി ഒരു കൊളോണിയല്‍ പദ്ധതിയുടെ ഭാഗമായി ഉല്‍പാദിപ്പിക്കപ്പെട്ടതായിരുന്നു. ഏഷ്യാറ്റിക് ഉല്‍പാദന വ്യവസ്ഥയെക്കുറിച്ച് യൂറോപ്യന്‍ സര്‍ക്കാര്‍ രേഖകള്‍ ആശ്രയിച്ച മാര്‍ക്സിനു പോലും ഒരു ഘട്ടത്തില്‍ ഈ കാഴ്ചയോടെ ഇന്ത്യയെ മനസ്സിലാക്കേണ്ടിവന്നു. പൌരസ്ത്യതയെ ഒരു പിന്നോക്ക നിലമായാണ് പാശ്ചാത്യവികസന മാതൃകകള്‍ പരിഗണിച്ചത്. അതിനാല്‍ പൌരസ്ത്യം എന്നു വിളിക്കുന്ന, അല്ലെങ്കില്‍ ഓറിയന്റലിസം എന്നു വിളിക്കുന്ന ഒരു പദ്ധതി കൊളോണിയല്‍ അധിനിവേശത്തിന്റെ ഭാഗമായി നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതിനു ദൂരവ്യാപക പ്രത്യാഘാതമുണ്ടായി. അധിനിവേശത്തിന് ഒരു പ്രത്യയശാസ്ത്രം ഈ കാഴ്ചപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. കിഴക്കിനെ പൈശാചികവല്‍ക്കരിക്കുന്ന ഒരു കാഴ്ചപ്പാടും അതിന് വിപുലമായ വ്യവഹാരവും കൊളോണിയലിസം സൃഷ്ടിച്ചു.  സാഹിത്യത്തിലും തത്വചിന്തയിലും കലയിലും ഭാഷയിലും വാര്‍ത്തഎഴുത്തിലും എല്ലാം ഉണ്ടാക്കിയെടുത്ത ഈ വ്യവഹാരത്തിന്റെ അപഗ്രഥനമാണ് സെയ്ദിന്റെ സംഭാവനകളുടെ മുഖ്യപങ്ക്.
  ഇസ്ളാമിനെയും മുഹമ്മദ് നബിയെയും കുറിച്ച് ഓറിയന്‍ലിസ്റ്റ് കാഴ്ചപ്പാടില്‍ സ്തുതിഗീതം നിര്‍മ്മിക്കാനും ഇടിച്ചുകാണിക്കാനും ഒക്കെയുള്ള ശ്രമങ്ങള്‍ വളരെ വ്യാപകമായി നടന്നിട്ടുണ്ട്. ഇസ്ളാമിന്റെ ഈ പൈശാചികവല്‍ക്കരണത്തിനും അതിനെക്കുറിച്ച് ലിബറലുകളുടെ മനസ്സില്‍ പോലും ഉണ്ടാക്കിത്തീര്‍ത്ത അകാരണമായ ഭീതിക്കും ഇടയാക്കിയത് കുരിശുയുദ്ധം മുതല്‍ ആരംഭിച്ച ഈ ഓറിയന്റലിസ്റ്റ് പാഠനിര്‍മ്മാണമാണ്. ഇസ്ളാമിനെക്കുറിച്ച് വളരെ വിപുലമായ ഒരു സാഹിത്യംതന്നെ പാശ്ചാത്യ ഗ്രന്ഥകാരന്മാര്‍ രചിച്ചിട്ടുണ്ട്. ഇന്ന് ലോക പുസ്തക വിപണിയില്‍ ഇസ്ളാമിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ഒരു കുത്തൊഴുക്കാണ്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ യൂണിവേഴ്സിറ്റികളിലും മറ്റും പല അക്കാദമിക സംരഭങ്ങളും നടന്നു. ഫ്രാന്‍സിലും ഇത്തരം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടന്നു.
  ഓറിയന്റലിസത്തിന്റെ ഇസ്ളാമിക വായനയെ പ്രതിരോധിച്ചുകൊണ്ട് രചിക്കപ്പെട്ട പല ഗ്രന്ഥങ്ങളും ഇസ്ലാമിസ്റ്റുകളുടെ ആശയരൂപീകരണത്തിനു സഹായിച്ചു. ഇതില്‍ അവര്‍ക്ക് വലിയ ഒരബന്ധം സംഭവിച്ചു. പാശ്ചാത്യതയെ പൌരസ്ത്യതക്ക് എതിര്‍ നിര്‍ത്തുന്ന ഒരു നിലപാട് ഇസ്ളാമിസ്റ്റുകളും കൈകൊണ്ടു. പാശ്ചാത്യ ദ്വന്ദാത്മക യുക്തിചിന്തയുടെ കാഴ്ചപ്പാടില്‍ സ്വന്തം മതത്തെയും ദേശത്തെയും മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചു.  പാശ്ചാത്യതക്ക് എതിരായി പൌരസ്ത്യത എന്ന ഗണം. പൌരസ്ത്യത/പാശ്ചാത്യത എന്ന ഈ ദ്വന്ദം ആശയരൂപീകരണത്തെ നിര്‍ണ്ണയിച്ചു. ഈ ദ്വന്ദം ചൂഷണത്തിന്റെ ഒരു കൊളോണിയല്‍ വര്‍ഗീകരണമായിരുന്നു എന്നു മനസ്സിലാക്കിയില്ല. ഓറിയന്റലിസിസ്റ്റ് പദ്ധതിക്കും കാഴ്ചപ്പാടിനും ഓറിയന്റലിസ്റ്റ് വിരുദ്ധ സാഹിത്യം ദാര്‍ശനിക ന്യായീകരണം നല്‍കി. ഇസ്ളാമിസ്റ്റുകളുടെ ഇസ്ളാം വീക്ഷണത്തെ അങ്ങനെ ഓറിയന്റല്‍ പാഠങ്ങള്‍ സ്വാധീനിച്ചു. എഡ്വേര്‍ഡ് സെയ്ദിന്റെ രീതിശാസ്ത്രത്തിലെ ഈ അപാകതയെക്കുറിച്ചും മറ്റും ഐജാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.  ഈ പാശ്ചാത്യത/പൌരസ്ത്യത ദ്വന്ദത്തെ ഹണ്ടിങ്ടണ്‍ സിദ്ധാന്തത്തിലെ പാശാചാത്യത/ഇസ്ളാം ദ്വന്ദവുമായി വേണമെങ്കില്‍ വെച്ചു മാറാവുന്നതാണ്. ഈ ദ്വന്ദചിന്തയുടെ യുക്തിയാണ് പാശ്ചാത്യവിരുദ്ധതയുടെ അടിസ്ഥാനാശയമായി മൌദൂദിസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ദൌര്‍ഭാഗ്യകരമാണ്.
  
അഞ്ച്

  ഈ കാഴ്ചപ്പാടില്‍ നിന്നുള്ള നിരവധി ദുര്‍വ്യാഖ്യാനങ്ങള്‍ ഇസ്ളാമിസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. 'ക്രിസ്തീയ പാശ്ചാത്യത'യെ എതിര്‍ക്കുന്നതിന്റെ പേരില്‍ പാശ്ചാത്യമെന്ന് പൊതുവെ കരുതുന്ന, മതനിരപേക്ഷത, ജനാധിപത്യം, ദേശീയതാസങ്കല്‍പം എന്നിവയെയെല്ലാം മൌദൂദി എതിര്‍ക്കുന്നത് ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന് പകരമായി ഇസ്ളാമിക ഖിലാഫത്ത് എന്ന ആശയവും മുന്നോട്ടുവെച്ചു.  മതനിരപേക്ഷ, ജനാധിപത്യ, ദേശീയതാ സങ്കല്‍പങ്ങളിലെ ബൂര്‍ഷ്വാ വാചോടാപത്തെയും വൈരുദ്ധ്യങ്ങളെയും മാര്‍ക്സിസം തുറന്നു കാണിക്കാറുണ്ട്. ഇന്ന് മാര്‍ക്സിസം വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യം എങ്ങനെ തൊളിലാളിവര്‍ഗസങ്കല്‍പങ്ങളില്‍ സാക്ഷാത്കരിക്കാം എന്നതാണ്. 'ഭരണകൂടത്തെ' വര്‍ഗസമൂഹത്തിലെ വൈരുദ്ധ്യങ്ങളെ പരിഹരിക്കാനും ഒരു പ്രത്യേക വര്‍ഗത്തിനു വേണ്ടി ഭരണം നടത്താനും ഉപയോഗിക്കുന്ന  ഒരു യന്ത്രമായാണ് മാര്‍ക്സിസം കാണുന്നത്. സമൂഹത്തിന്റെ ഒരാവശ്യമെന്ന നിലയില്‍ ഭരണകൂടം നിലനില്‍ക്കുന്നിടത്തോളം അതിന്റെ 'ജനകീയഉള്ളടക്കമായി' ജനാധിപത്യവും മതനിരപേക്ഷതയും ദേശീയതാബോധവും നിലനില്‍ക്കുക തന്നെ ചെയ്യും.
  അതിനു പകരം ഖിലാഫത്തിനെക്കുറിച്ചുള്ള അവ്യക്തമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് മൌദൂദിസ്റ്റുകളുടെ ദൈവസങ്കല്‍പത്തിലെ ഒരു സങ്കുചിതത്വം വെളിപ്പെടുത്തുന്നതാണ്. ദൈവം പ്രതാപിയായ ഒരു ഏകാധിപതിയാണെന്നാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. 'പിന്നീട് നാം മലക്കുകളോട് ആദമിനെ നമിക്കുവാനാജ്ഞാപിച്ചു. അവരെല്ലാം നമിച്ചു. പക്ഷേ ഇബ്ലീസ് വിസമ്മതിച്ചു. അവന്‍ സ്വന്തം മഹിമയില്‍ ഗര്‍വിഷ്ഠനായി. അവന്‍ ധിക്കാരികളില്‍ പെട്ടു പോയി'  എന്ന ഖുര്‍ആന്‍ വചനത്തെ മൌദൂദി വ്യാഖ്യാനം ചെയ്യുന്നതു നോക്കുക:
  "ഒരു രാഷ്ട്രത്തിന്റെ അധിപന്‍ അധികാരത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വ്യക്തിയെ ഭരണകര്‍ത്താവായി നിയോഗിക്കുന്ന പക്ഷം, അയാളെ അനുസരിക്കാന്‍ ആ പ്രദേശത്തെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ നിര്‍ബന്ധിതമായിത്തീരുന്നു. ആ ഭരണകര്‍ത്താവിന് തന്റെ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് രാഷ്ട്രത്തിന്റെ തലവന്‍ ഉദ്ദേശിക്കുന്ന കാലത്തോളം അവനുമായി അവന്‍ പൂര്‍ണ്ണമായി സഹകരിക്കേണ്ടതുണ്ട്. ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച്,  അത് പ്രവര്‍ത്തിക്കാന്‍ അവനെ അനുവദിക്കരുതെന്ന് രാഷ്ട്രപതിയില്‍ നിന്ന് ഉത്തരം ലഭിക്കുന്നതോടെ ആ ഭരണകര്‍ത്താവിന്റെ അധികാരം അവസാനിച്ചു പോകുന്നു. അതോടെ ആ പ്രദേശത്തെ മുഴുവന്‍ ഗവണ്‍മെന്റുദ്യോഗസ്ഥരും ഹര്‍ത്താലാചരിച്ചതുപോലുള്ള ഒരു പ്രതീതിയാണനുഭവപ്പെടുക. അത്രയുമല്ല, പ്രസ്തുത ഭരണകര്‍ത്താവിനെ സ്ഥാനഭ്രഷ്ടനാക്കുവാനും അറസ്റ്റ് ചെയ്യുവാനും രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിക്കുന്ന പക്ഷം, അതേവരെ അവന്റെ ആജ്ഞാനുവര്‍ത്തികളായിരുന്ന സേവകരും കീഴുദ്യോഗസ്ഥരും തന്നെ അവന്റെ കൈക്ക് വിലങ്ങു വെച്ച് കാരഗ്രഹത്തിലേക്ക് കൊണ്ടുപോകേണ്ടതാണ്. ആദമിന്റെ മുന്നില്‍ കുനിയാന്‍ മലക്കുകള്‍ ആജ്ഞാപിച്ചതിന്റെ സ്വഭാവവും ഇതാണ്.''8
  നേരിട്ടുള്ള പശ്ചാത്തല വിവരണത്തിനും വ്യാഖ്യാനത്തിനും പുറമെയുള്ള കൂട്ടിച്ചേര്‍ക്കലാണിത്. ആധുനിക രാഷ്ട്രവ്യവഹാരത്തിലെ പദവും പ്രയോഗവും ഉപയോഗിച്ച് രാഷ്ട്രപതി എന്ന ഒരു ഏകാധിപതിയുടെ ചിത്രം വരയ്ക്കുന്നതിലൂടെ രാഷ്ട്രീയമായ ഒരു കുത്തിനിറക്കല്‍ മാത്രമല്ല, ഖുര്‍ആനിന്റെ ദൈവസങ്കല്‍പത്തിന്റെ വിശാലതയെയും ഓജസ്സിനെയും ചോര്‍ത്തിക്കളയുകയുമാണ് ചെയ്യുന്നത്. സിഎന്‍ അഹമ്മദ് മൌലവിയുടെ വ്യാഖ്യാനത്തിലാകട്ടെ 'ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ മഹനീയ സ്ഥാനം' എന്ന ആശയത്തില്‍ നിന്നുകൊണ്ടാണ്  വിവരണം പുരോഗമിക്കുന്നത്. നൈസര്‍ഗ്ഗികവും ഓജസ്സാര്‍ന്നതുമായ ലളിത മലയാളത്തില്‍. സിഎന്നിന്റെ ആ വ്യാഖ്യാനം മലയാളത്തിന്റെ സത്യസന്ധമായ ഖുര്‍ആന്‍ പാരായണ പ്രക്രിയക്ക് ഒരു മുതല്‍കൂട്ടാണ്. ഇസ്ളാമിനെ ഇടതുപക്ഷ സ്വരത്തിലുള്ള ഒരു പാര്‍ടിയായി അണിനിരത്താനുള്ള പദവലികള്‍ക്കൊപ്പം ഒരു ഏകാധിപത്യ മതഭരണകൂടത്തിനുള്ള കോപ്പുകളും മൌദൂദിയുടെ ഖുര്‍ആന്‍ വ്യഖ്യാനത്തിലും മറ്റുരചനകളിലും സുലഭമാണ്.

ആറ്  

ക്രിസ്തീയം എന്നാരോപിച്ച,് ജൂതായിസം എന്നാരോപിച്ച് എല്ലാ മാനുഷിക വ്യവഹാരത്തെയും വര്‍ഗീകരിക്കാനും തിരസ്കരിക്കാനുമുള്ള നീത്ചേ വംശീയതയാണ്10 ഇസ്ളാമിക മതമൌലിക പ്രസ്ഥാനങ്ങളെ പൊതുവെ നയിക്കുന്നത്. ഈ വെറുപ്പ് തൂവുമ്പോള്‍, ജൂത-ക്രിസ്തീയ പാരമ്പര്യത്തിലാണ് തന്റെ തൌഹീദ് നിലകൊള്ളുന്നതെന്ന് ഖുര്‍ആനും നബിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് എന്ന കാര്യം കൂടി ഓര്‍ക്കണം.  മദീനക്കു മുമ്പ് അബ്സീനിയയിലേക്ക് മുസ്ളിംങ്ങള്‍ നടത്തിയ പാലായനം ഒരു ക്രിസ്ത്യന്‍ രാജാവിന്റെ അഭയം തേടിയായിരുന്നു. അവിടെവെച്ചാണ് തങ്ങള്‍ ക്രിസ്തീയ ഏകദൈവത്തിന്റെ പിന്മുറക്കാര്‍ തന്നെയാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് ഇസ്ളാം സാമ്രാജ്യത്വങ്ങളുടെയും സൂല്‍ത്താന്മാരുടെയും മതമായി മാറി. നാടുവാഴിത്തത്തോട് സന്ധി ചെയ്ത ഇസ്ളാമിക ഭരണകൂടങ്ങള്‍ കുരിശുയുദ്ധത്തില്‍ കൃസ്തീയ യൂറോപ്പുമായി ഏറ്റുമുട്ടി.  ഈ ഏറ്റുമുട്ടലിലൂടെയാണ് ക്രിസ്തീയത യൂറോപ്പില്‍ പുനര്‍ജനിച്ചത്. ക്രിസ്തുമതത്തിന്റെ പുനരുജ്ജീവനം. അതിന്റെ അടിത്തറയില്‍ പണിത മുതലാളിത്ത സമൂഹം. അവര്‍ സൃഷ്ടിച്ച ഭരണകൂടങ്ങള്‍. തീര്‍ത്ത തടങ്കല്‍ പാളയങ്ങള്‍. വലിയ ജനാധിപത്യ പരീക്ഷണങ്ങള്‍ക്കു ശേഷവും സൃഷ്ടിച്ച ഓഷ്വിറ്റ് ക്യാമ്പുള്‍. വംശീയ ശുദ്ധീകരണം. ഗ്യാസ് ചേംബറുകളും യുദ്ധങ്ങളും. മൂലധന പടയോട്ടങ്ങള്‍. 'ഓരോ രോമകൂപങ്ങളില്‍ ചെളിയും ചോരയുമൊലിപ്പിച്ച്' മൂലധനം 'മദിരോത്സവം കൊണ്ടാടി' എന്നു മാര്‍ക്സ്. ഈ ദുരന്ത ഭൂമികളില്‍ നിന്നാണ് ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയും ദേശീയതാബോധവുമെല്ലാം അതിജീവിച്ചത്. മാര്‍ക്സിസം അതിന്റെ ശിഷ്ടജന്മങ്ങളിലൂടെ ജീവിക്കുന്നത്.
   ഖുര്‍ആന്‍ സമാഹരിച്ച രൂപത്തില്‍, രണ്ടാം അധ്യായത്തിലെ 'അല്‍ ബഖറ' എന്ന അധ്യായത്തില്‍, വിവിധ മതസ്ഥരെയും വിശ്വാസികളെയും കപടമവിശ്വാസികളെയും സംബോധന ചെയ്തും താക്കീതു ചെയ്തും ഓര്‍മ്മപ്പെടുത്തിയും സ്നേഹിച്ചും ഖുര്‍ആന്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ ചരിത്രനിരപേക്ഷമായി കണ്ട് സ്വാംശീകരിച്ചതു വഴിയാണ് ഈ വംശവാദത്തിന് അവര്‍ അടിമപ്പെട്ടത്. ഈ ഖുര്‍ആന്‍ വാക്യങ്ങളെ അവര്‍ സന്ദര്‍ഭത്തില്‍ നിന്നകറ്റുന്നു. യുദ്ധോന്മുഖമായ സന്ധികളില്‍ അവതരിപ്പിക്കപ്പെട്ട ആ വാക്യങ്ങള്‍ക്ക് സമകാലീന വാഖ്യാനങ്ങള്‍ നല്‍കുന്നു. ഇതിലൂടെ ഒരു വംശീയ വാദത്തിന്റെ കണ്ണില്‍ ചരിത്രപ്രഭാസങ്ങളെയും പ്രസ്ഥാനങ്ങളെയുമെല്ലാം വിലയിരുത്തുന്നു. മൌദൂദിസ്റ്റുകളുടെ 'നീത്ചേ വംശീയ വാദം' പാശ്ചാത്യതയെ തെറ്റായ രീതിശാസ്ത്രത്തിലൂടെയാണ് മനസ്സിലാക്കുന്നത്. ബോസ്നിയന്‍ പ്രസിണ്ടായിരുന്ന ഇസ്ളാമിസ്റ്റുകളുടെ നേതാവായിരുന്നു അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ മാര്‍ക്സിസത്തെ വിലയിരുത്തുന്ന കാഴ്ചപ്പാടില്‍ ഈ വംശാവലി വാദം കാണാം. മര്‍ദ്ദിതരോടും ചൂഷിതരോടുമുള്ള മാര്‍ക്സിസത്തിന്റെ അഭിനിവേശം അതിന്റെ ജൂതപ്രഭവം കൊണ്ടാണെന്ന് ബെഗോവിച്ച് വിശ്വസിക്കുന്നു. 'തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ പറയുമ്പോള്‍ ഒരു ജൂതപ്രവാചകനെപ്പോലെ മാര്‍ക്സ് തുറന്ന ആരോപണങ്ങള്‍ നടത്തുന്നു.''ഭൂമിയിലെ സ്വര്‍ഗം എന്ന ആശയം തീര്‍ത്തും ഉല്പത്തിയിലും സ്വഭാവത്തിലും ജൂതധാരണയാണ്.' 'സമസ്ത വിപ്ളവങ്ങളും യൂട്ടോപ്യയകളും സോഷ്യലിസ്റ്റാശയങ്ങളും ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാന്‍ കാംക്ഷിക്കുന്ന മറ്റുള്ള ആശയങ്ങളും സാരംശത്തില്‍ ജൂതരില്‍ നിന്നുണ്ടായതാണ്. അതാകട്ടെ വന്നത് പഴയ നിയമത്തില്‍ നിന്നും.''11
  ഇങ്ങനെ പ്രസ്ഥാനങ്ങളുടെയും മഹാപുരുഷന്മാരുടെയും ബുദ്ധിജീവികളുടെയും സംഭാവനകളെ വംശീയതയുടെ കണ്ണില്‍ കൂടി നോക്കിക്കാണുന്ന പരിമിതി. ഇത് ഭൂമിയിലെ മറ്റ് പാരമ്പര്യങ്ങളെയും വ്യവഹാരങ്ങളെയും സ്വാധീനശക്തികളെയും, ചുരുക്കത്തില്‍ ദൈവത്തിന്റെ അനാദിയെയും ആഴത്തെയും തന്നെ തള്ളിപ്പറയുന്നതിനു തുല്യമാകും. ഈ വംശാവലി രീതിശാസ്ത്രം പാശ്ചാത്യതയുടെ കാര്യത്തില്‍ ആണെങ്കില്‍ പോലും ഖുര്‍ആന്റെ അന്തസത്തക്കു നിരക്കുന്നതല്ല. മാര്‍ക്സിസ്റ്റ് രീതിശാസ്ത്രവും മറ്റൊരു നിലയിലാണ് പാശ്ചാത്യ അധിനിവേശത്തെ നോക്കിക്കാണുന്നത്. സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും മതവിശ്വാസപരവുമായ ഘടകങ്ങളുടെ ആകത്തുകയായാണ് ഇന്നത്തെ യുദ്ധങ്ങളെയും അധിനിവേശപ്രക്രിയയെയും അതിന്റെ പ്രത്യാഘാതങ്ങളെയും മാര്‍ക്സിസം നോക്കിക്കാണുന്നത്. ഒരു സ്വാധീനത്തെയും മാര്‍ക്സിസം ഒഴിച്ചു നിര്‍ത്തുന്നില്ല. മുഖ്യമായതിനെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു. സാമ്പത്തിക കാരണങ്ങളിലേക്കു പോകാതെ വര്‍ഗസമരങ്ങള്‍ക്ക് വംശാവലിയുടെ മാത്രം ചരിത്രം തേടിപ്പോകുന്നത് മൌഢ്യമായിരിക്കും. അതിനാലാണ് പാശ്ചാത്യ വിരുദ്ധത ഇത്രമാത്രം പ്രകടിപ്പിച്ചിട്ടും, ശക്തമായ ഒരു യുദ്ധ വിരുദ്ധ പ്രസ്ഥാനത്തിന്റെ പതാകവാഹകരാന്‍ 'ഇസ്ളാമിക രാഷ്ട്രീയ'ത്തിനു കഴിയാതെ പോയത്. അവരുടെ പ്രതികരണം ചില വേറിട്ട കാഴ്ചകളായി നില്‍ക്കുന്നു. എന്നാല്‍ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ, ഇടറാത്ത ചുവടുകളോടെ, സ്വരശുദ്ധിയോടെ, സാമ്രാജ്യത്വത്തിനെതിരെയുള്ള മുന്നണിയുടെ മുന്‍പന്തിയില്‍ നില്‍ക്കാനും, പലസ്തീനികളുടെ ദേശീയപ്രക്ഷോഭത്തെ അകമഴിഞ്ഞ് പിന്തുണക്കാനും, കമ്മ്യൂണിസ്റ്റുകാര്‍ക്ക് തങ്ങളുടെ സിദ്ധാന്തത്തിന്റെയും പ്രായോഗികാനുഭവങ്ങളുടെയും മൂര്‍ഛയുണ്ട് എന്നത് ഇസ്ളാമിക രാഷ്ട്രീയത്തിന് എന്നും ഒരു വിസ്മയമായി അവശേഷിക്കും. "കാരണം അവരുടെ മനസ്സുകളും കാതുകളും അടച്ചുപൂട്ടി മുദ്ര വെച്ചിരിക്കുന്നു.അവരുടെ ദൃഷ്ടികള്‍ക്ക് ഒരു മൂടി വീണിരിക്കുന്നു''12
വാല്‍ക്കഷ്ണം:
 മൌദൂദിയുടെ സ്വാധീനത്തില്‍ തന്നെയാണ് സിമി രൂപം കൊള്ളുന്നത്. അന്നത് പരോക്ഷമായ നിലയില്‍ ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്നു. അവര്‍ പിന്നീട് നയവ്യത്യാസത്താല്‍ വേര്‍പ്പെട്ടു. പകരം സ്ഥാനം എസ്ഐഒ ഏറ്റെടുത്തു. ഇസ്ളാമിക ജിഹാദ് എന്ന ആശയത്തെ ഒരു ചുമരെഴുത്താക്കിയതിലൂടെ, സംഘ്പരിവാറിന് ഇന്തയില്‍ പ്രതികരണശേഷി നല്‍കിയ സിമിയുടെ പങ്കും, അവരുടെ മൌദൂദി ചാര്‍ച്ചയും, ശൈഖ് മുഹമ്മദ് സാഹിബ് ഉന്നയിക്കും പോലെ ചരിത്രത്തിന്റെ ക്രോണോളജിയുടെ പ്രശ്നമല്ല. അതൊരു വസ്തുതയാണ്. ഒരു പ്രവണത രൂപപ്പെടുന്നതിന്റെ പ്രത്യയശാസ്ത്രപരമായ പാഠങ്ങള്‍ എന്ന നിലയിലാണ് ഇവിടെ മൌദൂദിയുടെ സ്വാധീനത്തെ വിലയിരുത്തിയത്. ഏതു സംഘം അത് ആദ്യം ഏറ്റുപിടിച്ചു എന്നല്ല.  ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രവാദത്തെ മാത്രമല്ല, സിമിയുടെ രാഷ്ട്രവാദത്തിന്റെ വായാടിത്തത്തെയും മൌദൂദി പ്രതിനിധാനം ചെയ്യുണ്ട്. നമ്മുടെ എന്‍ഡിഎഫ് കുഞ്ഞാടുകളും തങ്ങളുടെ ദൈനംദിന ചര്യക്ക് കൈപുസ്തകമായി ഉപയോഗിക്കുന്നത് മൌദുദിയുടെ 'ഖുതുബാത'് എന്ന ഖുതുബാ പ്രസംഗങ്ങളാണ്. മൌദൂദിയുടെ ഇത്തരം ഉപയോഗങ്ങള്‍ നക്സലൈറ്റ്പരമാണോ? എങ്കില്‍ എന്തുകൊണ്ട് ശക്തമായി അപലപിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നു?അതല്ല അങ്ങനെയും ചിലര്‍ സമുദായത്തിന്റെ രക്ഷക്കായി ഇരുന്നോട്ടേ എന്നു കരുതിയിട്ടാണോ?

1. മദീനയിലെ ചില പുരോഹിതന്മാരുടെ ചോദ്യങ്ങള്‍ക്ക്് മറുപടി പിന്നെ പറയാം എന്നു പറഞ്ഞു മടങ്ങിയ നബിക്ക് ദീര്‍ഘനാള്‍ ഖുര്‍ആന്‍ അവതരണമൊന്നുമുണ്ടായില്ല. പിന്നെ മറുപടിയായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ ആരംഭിക്കുന്നത് ഈ കാലതാമസത്തെ രേഖപ്പെടുത്തുമാറ് "ഒന്നിനെക്കുറിച്ചും പറയേണ്ട, നാളെ പറയാം'' എന്ന് ഉണര്‍ത്തിക്കൊണ്ടാണ്.

2. സിവിലൈസേഷന്‍ ആന്റ് എന്‍ലൈറ്റെന്‍മെന്റ് (1784), ഇമ്മാനുവല്‍ കാന്റ് കാണുക. മനുഷ്യ വംശത്തെയും സമൂഹത്തിന്റെ പുരോഗതിയെയും സംബന്ധിച്ച് പ്രകൃതിക്ക് ചില പദ്ധതികളും ഉദ്ദേശ്യങ്ങളുമുണ്ടെന്ന് കാന്റ് കരുതുന്നു. പ്രകൃതിയുടെ ഈ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി  യാണ് മനുഷ്യന്റെ യുക്തിചിന്ത പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ അനിവാര്യമായ പുരോഗതി വ്യക്തിയിലൂടെയല്ല, സമൂഹത്തിലൂടെയാണ് നടക്കുന്നത്. സമൂഹത്തിന്റെ വളര്‍ച്ച  അന്തര്‍ദേശീമായ ഒരു ഭരണസംവിധാനത്തിലേക്ക് നയിക്കും.  പ്രകൃതിയും മനഷ്യനും തമ്മിലുള്ള ദ്വന്ദത്തിലൂന്നി, ചരിത്രം മുന്നോട്ടു പോകുന്നതിന്റെയും അന്യുസ്യൂത പുരോഗതിയുടേയും, ബലതന്ത്രം വിശദീകരിക്കുകയാണ് കാന്റ് തന്റെ പ്രസിദ്ധമായ ഈ ലേഖനത്തില്‍. യൂറോപ്യന്‍ ജ്ഞാനോദയ യുക്തിക്കും പോസിറ്റിവിറ്റ് ചിന്തക്കും എല്ലാം അടിസ്ഥാനമിട്ട കാന്റിന്റെ ചിന്തകള്‍. (ക്ളാസിക്കല്‍ റീഡിങ് ഇന്‍ കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്‍, പേജ:് 39-47, റൂട്ട്ലെഡ്ജ്, ലണ്ടന്‍ ആന്റ് ന്യൂയോര്‍ക്ക്, 1998, )

3. ഐജാസ് അഹമ്മദ്, ആസാദ്സ് കരിയേര്‍സ്: റോഡ് ടെയ്കന്‍ നോട് ടെയ്കന്‍, ലീനിയേജസ് ഓഫ് ദ പ്രസന്റ്, പേജ് 147, തൂലിക, ന്യൂദില്ലി,  1996.

4. മക്കയില്‍ നിന്ന് മദീനയിലേക്കക് മുഹമ്മദ് നബിയോടൊപ്പം പലായനം നടത്തിയവര്‍ മുഹാജിറുകള്‍. മദീനയില്‍ നബിയെ സ്വീകരിച്ച് ആതിഥ്യമരുളിയവര്‍ അന്‍സാറുകള്‍.
5. സിഎന്‍ അഹമ്മദ് മൌലവി,   സഹീഹുല്‍ ബുഖാരി (ഹദീസ് സമാഹാരം) മുഖവര , പേജ്: 41
6. മുഹമ്മദ് (ജീവചരിത്രം), മുഹമ്മദ് ഹുസ്സൈന്‍ ഹൈക്കല്‍,  പേജ്: 559, മനാസ് ഫൌണ്ടേഷന്‍, 2000.
7. ഭാരതീയ ചിന്ത, കെ ദാമോദരന്‍, പേജ്: 517-520, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1998. 
8. തഹ്ലീമുല്‍ ഖുര്‍ആന്‍, സയ്യിദ് അബ്ദുല്‍ അഅ്ല മൌദൂദി, പേജ്: 58, 59. ഇസ്ളാമിക് പബ്ളിഷിംങ് ഹൌസ്, കോഴിക്കോട്, 2004.
9. ആന്റി ക്രൈസ്റ്റ്, നീത്ചേ കാണുക. നീത്ചേയുടെ ചിന്തകള്‍ ഫാഷിസത്തിന്റെയും ചാര്‍ച്ചകള്‍ പുലര്‍ത്തിയിരുന്നു.
10. ഇസ്ലാം രാജമാര്‍ഗ്ഗം, അലിജ ഇസ്സത്ത് ബെഗോവിച്ച്, പേജ്: 311, 312, ഇസ്ളാമിക് പബ്ളിഷിങ് ഹൌസ്, കോഴിക്കോട്, 1994.
11. അല്‍ ബഖറ, 6-7, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം ഒന്ന്, സയ്യിദ് അബ്ദുല്‍ അഅ്ല മൌദൂദി, പേജ്: 48


Essay as part of the discussion appeared in Deshabhimani weekly, in response to the emerging scenario of Muslim Politics in Kearal and its controversial relationship with left politics..the essay is a response to Shaikh Muhammed Karakkunnu.....As the response to this essay, in the answer to a question of read of Prabhodhanam monthly, the mouthpiece of Jamaat E Islami Hind, in Keralam, the editorial board assured the reader Jamaat didnot subscribe all the approaches put forward by Maudoodi and his literature, thought he is the founder of their organisation....









പണവും പൊന്നുതമ്പുരാനും

കെ ആര്‍ അജയന്റെ കഥകളുടെ പ്രമേയപരിസരം


പി പി ഷാനവാസ് 


പത്രോസ് രക്ഷതു, കഥകള്‍
കെ ആര്‍ അജയന്‍
ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം
വില: 30 രൂപ


താന്‍ ജീവിക്കുന്ന നിമിഷത്തില്‍ അടര്‍ന്നുവീഴുന്ന ഒരു മഴത്തുള്ളിയോ, കണ്ണില്‍പെടുന്ന ഒരു പ്രതിബിംബമോ, മനസ്സില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മകളുടെ ജീവപടമാണ് കെ ആര്‍ അജയന്റെ കഥകള്‍. തിരുവിതാംകൂറിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഭാവപ്പകര്‍ച്ചകളിലൂടെ സഞ്ചരിക്കുന്ന കഥാകൃത്ത്, തന്നെ ആഖ്യാനത്തിലേക്കു നയിച്ച വര്‍ത്തമാനത്തിന്റെ നിമിഷത്തിലേക്കു തന്നെ എല്ലായ്പ്പോഴും തിരിച്ചെത്തുന്നതും കാണാം. ഭൂത-വര്‍ത്തമാനങ്ങള്‍ക്കിടയിലൂടെ ഈ ദീര്‍ഘ വൃത്തം നിര്‍മ്മിക്കുന്ന അജയന്റെ കഥാശില്‍പം, അങ്ങിനെ തിരുവിതാംകൂറിന്റെ ഗ്രാമ്യതയുടെ ഒരു ചരിത്രം നിര്‍മ്മിക്കുന്നു.
   തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം ഈ ഗ്രാമ്യതയുടെ ആഖ്യാനം അതിന്റെ സാഹിത്യസൌകുമാര്യം കൊണ്ടു മാത്രമല്ല പ്രസക്തമാകുന്നത്. പലപ്പോഴും ഗ്രാമ്യമായ സാംസ്കാരിക ജീവിതം നയിക്കുകയും, അധികാരബന്ധങ്ങളുടെ സമസ്യകളില്‍ നിത്യജീവിതം ഉഴറുകയും ചെയ്യുന്ന പ്രാദേശികത ഒരു പക്ഷേ കേരളത്തിന്റെ അപൂര്‍വ്വമായ ജീവിതചിത്രമാണ്. രാജഭരണത്തിന്റെ ഭൂതകാലത്തും, കൊളോണിയല്‍ സാമന്താധികാര ചരിത്രത്തിലും, വര്‍ത്തമാനകാല ജനാധിപത്യത്തിന്റെ ദുഷിപ്പുകള്‍ക്കിടയിലും ഈ ഗ്രാമ്യത കൊണ്ടാണ് തിരുവിതാംകൂറിലെ ജനജീവിതം പച്ചപ്പും തണലും വിരിക്കുന്നത്. അധികാര മാത്സര്യങ്ങള്‍ അന്യവല്‍ക്കരിക്കുന്ന നിത്യജീവിതത്തിന്റെ സങ്കുചിത വര്‍ത്തമാനങ്ങളില്‍ നിന്ന് തിരുവിതാംകൂറിന്റെ ജനജീവിതത്തെ രക്ഷിച്ചു നിര്‍ത്തുന്നത് ഈ ഗ്രാമ്യതയാണ്. അജയന്റെ വ്യക്തി ജീവിത നൈര്‍മ്മല്യവും അയാളുടെ കഥയുടെ ലോകവും ഈ ജീവിത പരിസരത്തിന്റെ പ്രതിഫലനവും പകര്‍പ്പുമാണ്.
   മണ്ണും പെണ്ണും എന്ന സംഘര്‍ഷ ബിന്ദു ഈ കഥകളില്‍ ആവര്‍ത്തിക്കുന്ന ദ്വന്ദമാണ്. കൊളോണിയല്‍ സാമന്ത നാടുവാഴി കാലത്തെ ഭൂബന്ധങ്ങളില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളുടെ സന്ദര്‍ഭമാണ് അജയന്റെ കഥകളുടെ പൊതുകാലം. അവിടെ, ജീവിതപ്രാന്തത്തില്‍ നിന്ന് നാടന്‍ വാസ്തുശില്‍പ വൈദഗ്ധ്യം കൊണ്ട് ചരിത്രം രചിച്ച പത്രോസ് പുലയനും,  റജിസ്ട്രാപ്പീസില്‍ സാക്ഷിയൊപ്പുകാരനായി ജീവിത ചക്രം തിരിക്കുന്ന കൃഷ്ണപിള്ളയും എരുത്തിലെ ജീവിത രസനാടകവും എല്ലാം വന്നു നിറയുന്നു.
   പണത്തിനും പൊന്നുതമ്പുരാനും വിധേയപ്പെടുത്തിയ ജനാവബോധത്തിന്റെ ഉള്ളടക്കത്തോട്, ഒരു മിശ്രിത മുതലാളിത്ത സംസ്കൃതിയോട്, അജയന്റെ കഥകള്‍ കാരുണ്യപൂര്‍വ്വം കലഹിക്കുന്നുണ്ട്. അതുകൊണ്ടാണ് പത്രോസ് രക്ഷതു എന്ന കഥയില്‍ പത്രോസ് എന്ന പുലയന്റെ ചിത്രം കൊത്തിയ നാണയത്തിന്റെ മിഥ്യാഭ്രമത്തിലൂടെ അജയന്‍ തന്റെ ജനതയുടെ വിശ്വാസ വിധേയത്തെ തലതിരിച്ചിടുന്നു. പത്രോസ് രക്ഷതു എന്ന  കഥ സവിശേഷമായ ഒരു ബോധധാരാ രീതിയാണ് പിന്തുടരുന്നത്. പഴയ വീടിന്റെ ഓട്ടുമേല്‍ക്കൂരയില്‍ നിന്ന് തന്റെ മേല്‍ പതിച്ച ഒരു മഴത്തുള്ളി അയാളെ ഗ്രാമജീവിതത്തിന്റെ ഓര്‍മ്മകളിലേക്കും ചരിത്രത്തിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു. ചുമര്‍ പണിയുടെ അക്കാലത്തെ എഞ്ചിനീയര്‍ ആയിരുന്നു. പത്രോസ് പുലയന്‍, മണ്‍ചുമരിന്റെ രക്ഷക്കായി കുഴിച്ചിട്ട, പൊന്നു തമ്പുരാന്റെ ചിത്രം കൊത്തിയ നാണയം അടര്‍ന്നു കയ്യില്‍ വീഴുമ്പോള്‍,അതില്‍ പത്രോസിന്റെ ചിത്രം കൊത്തിവെച്ച പോലെ അയാള്‍ക്കു മിഥ്യാഭ്രമം ഉണ്ടാകുന്നു. അങ്ങനെ രാജാവല്ല, പത്രോസാണ് ഇനി രക്ഷകന്‍ എന്ന പ്രഖ്യാപനത്തോടെ കഥ അവസാനിക്കുന്നു. തമ്പുരാനു പകരം പത്രോസ് പുലയനെ പ്രതിഷ്ഠിക്കാനുള്ള ഈ കുസൃതി തന്റെ ജനതയുടെ ജീവിതാവബോധത്തില്‍ കഥാകാരന്‍ നടത്താന്‍ കൊതിക്കുന്ന ഒരു അട്ടിമറിയാണ്. ഈ മിഥ്യാഭ്രമത്തില്‍ ഭൂവുടമാ വ്യവസ്ഥയിലെ ജാത്യാധികാര ശ്രേണീവ്യവസ്ഥയില്‍ നിന്ന് മോചനം നേടി, പണവ്യവസ്ഥയില്‍ അഭയം കണ്ടെത്താനുള്ള  ഒരു ജനതയുടെ മോഹത്തിന്റെയും മോഹഭംഗത്തിന്റെയും അടിയൊഴുക്കുണ്ട്.
 സാക്ഷിപ്പടി എന്ന കഥയിലും കൊളോണിയല്‍ സാമന്തഭരണം സങ്കീര്‍ണ്ണമാക്കിയ ഭൂബന്ധങ്ങളുടെ പശ്ചാത്തലം കടന്നു വരുന്നു. രജിസ്ട്രാപ്പീസില്‍ സാക്ഷി ഒപ്പിടുന്ന ജോലി നോക്കുന്ന കൃഷ്ണപിള്ളയുടെ ചരിത്രം പറയുന്നു ഈ കഥ. പൊന്നു തമ്പുരാന്റെ ചക്രത്തിനോടും പെണ്ണിനോടും മണ്ണിനോടും വാറ്റുചാരായത്തിനോടുമുള്ള ആസക്തികള്‍, മാറി വരുന്ന കാലത്തെ ദുരന്തങ്ങള്‍ ആയി മാറുന്നതും നാം  അറിയുന്നു. പണ്ടാരം വക ഭൂമി സ്വകാര്യസ്വത്തായി മാറുന്നതിന് പിള്ള സാക്ഷിയും സാമന്തക്കാരനുമാകുന്നു. മാറി വരുന്ന കാലത്തിന്റെ സാക്ഷിയും ചരിത്രകാരനും. ഒടുവില്‍, സ്വന്തം മകളെ തട്ടിക്കൊണ്ടുപോയവന് കല്ല്യാണത്തിന് കള്ളനോട്ടീസ് ഉണ്ടാക്കാനും, അറിയാതെ, അയാള്‍ പുതിയ കറന്‍സിക്ക് വശംവദനാകുന്നു. വിധേയപ്പെടലിന്റെ ഈ രസതന്ത്രം അജയന്റെ കഥകളുടെ ഭാവരസമാണ്.
   എപ്പോഴും അധികാരവുമായുള്ള ബന്ധത്തില്‍ ഒരുതരത്തിലുള്ള അധമബോധത്തിനോ അപകര്‍ഷതക്കോ അടിമപ്പെട്ടു ജീവിക്കുന്ന മനുഷ്യരാണ് ഈ കഥകളുടെ പ്രോട്ടഗോണിസ്റ്റുകള്‍. കൊളോണിയല്‍ സാമന്ത ഭരണവും ജാതിവ്യവസ്ഥയും ചേര്‍ന്ന് സൃഷ്ടിച്ച സവിശേഷമായ ഈ വിധേയവിനയത്വം കഥകളുടെ പൊതുവായ സാംസ്കാരിക ഭൂമിശാസ്ത്രമാണ്. തന്റെ ഇംഗ്ളീഷ് ഭാഷാ പഠന ഭൂതകാലം സ്വപ്നത്തിലും മതിഭ്രമത്തിലും തന്നെ വേട്ടയാടുന്ന പശ്ചാത്തലത്തിലെ രണ്ടു കഥകളില്‍ ഈ കൊളോണിയല്‍ അപകര്‍ഷതയെ അജയന്‍ ഹാസ്യരസത്തോടെ ആവിഷ്കരിക്കുന്നുണ്ട് (ഷേക്സിപയറും വനിതാ കമ്മീഷനും, ലീക്കോക്ക്). തട്ടിക്കൂട്ടിയ ഇംഗ്ളീഷും തിരുവോന്തരം മലയാളവും മനസ്സിലാകാതെ ഷേക്സിപയര്‍....എന്ന് ആഖ്യാനം ചെയ്യുമ്പോള്‍,എവിടെയോ അധമത്വം അനുഭവിക്കുന്ന ഒരു കൊളോണിയല്‍ പ്രജയുടെ സങ്കടങ്ങളും സ്വത്വനഷ്ടവും അപകര്‍ഷതയും ഭാഷാനഷ്ടവും ആവിഷ്കരിക്കപ്പെടുന്നു. അങ്ങനെ അജയന്റെ കഥ നമ്മുടെ കാലത്തെ സങ്കീര്‍ണ്ണമായ സാമൂഹ്യ ബന്ധങ്ങളില്‍ അന്തര്‍ഭവിച്ച അപകര്‍ഷതയില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു വൈദ്യപരീക്ഷണമായിത്തീരുന്നു. എങ്ങും സാറന്മാരും അധികാരികളും  കാമലോഭമോഹങ്ങളും മാത്രം കാണുന്ന കഥാകാരന്‍ വര്‍ത്തമാനത്തില്‍ നിന്ന് പലയാനം ചെയ്യുന്നു. കുടജാദ്രി യാത്രയായും അച്ഛന്റെ സ്പര്‍ശത്തില്‍ അമ്മയുടെ തണുപ്പറിയുന്ന ആത്മീയാനുഭവമായും കുറിഞ്ഞിപ്പൂക്കള്‍ വിരിഞ്ഞ കുന്നു തേടിയുള്ള സഞ്ചാരമായും യോഗാശ്രമത്തിലെ യുവസന്യാസിനി പകര്‍ന്ന അറിവായും ഓര്‍മകളിലേക്കുന്ന ഊളിയിടലായും പലായനത്തിന്റെ കഥകള്‍ പറയുന്നു. എന്നാല്‍ പലായനങ്ങള്‍ അയാളെ എവിടെയുമെത്തിക്കുന്നില്ല. പലായനം ചെയ്ത ഇടങ്ങളിലെ ജീവിത യാഥാര്‍ഥ്യം കഥാകാരനെ വീണ്ടും വര്‍ത്തമാനത്തിലേക്കു തന്നെ വലിച്ചെറിയുന്നു. കുറിഞ്ഞിപ്പൂക്കള്‍ വിരിഞ്ഞ കുന്നു കാണാന്‍ വഴികാട്ടിയായി വന്ന ബാലന്റെ ദുരിതത്തോടുള്ള താദാത്മ്യപ്പെടലായി വീണ്ടും സങ്കടത്തിന്റെ ഭൂമിശാസ്ത്രം തീര്‍ക്കുന്നു. വര്‍ത്തമാനത്തിന്റെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭൂതത്തിലേക്കു പലയാനം ചെയ്യുന്ന ഈ ആത്മാനുഭവം ഈ മലയിറക്കം കൊണ്ടാണ് ആഖ്യാന ശില്‍പമായി കരുത്താര്‍ജിക്കുന്നത്.  ഇതാണ് ഗൃഹാതുരാ നിര്‍മ്മിതിയില്‍ പിഴയ്ക്കുന്ന കലാ-സാഹിത്യ വ്യവഹാരത്തില്‍ നിന്ന് അജയന്റെ കഥകളെ വേറിട്ടു നിര്‍ത്തുന്നതും.

This review appeared in Chinda weekly, the article deal with the complex history of Travancore and its reflection in K R Ajayan's stories...




ചാവുകടലില്‍ നിന്നുള്ള കല്ല്



ഇന്ത്യന്‍ ആര്‍ട് ഫോട്ടോഗ്രഫിയിലെ
ശ്രദ്ധേയനായ അബുള്‍ കലാം ആസാദ് സംസാരിക്കുന്നു


അബുള്‍ കലാം ആസാദ്-പി പി ഷാനവാസ്


താങ്കള്‍ ചാവു കടലില്‍ നിന്നുള്ള ഒരു കല്ല് ഇമേജാക്കി ഒരു വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ? എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്?

ഒരു കല്ലിന് പല കഥയും പറയാനുണ്ടാവും. അത് ഒരു റഫറന്‍സ് ആണ്. അത് നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച കല്ലാകാം. പലസ്തീന്‍ പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് എഡ്വേര്‍ഡ് സെയ്ദ് സയണിസ്റ്റ് പട്ടാളത്തിന് എതിരെ എറിഞ്ഞ കല്ലാകാം. കല്ലിന്റെ ഒരു കാഴ്ച ഇത്തരം പല ഓര്‍മ്മകളും ഉണര്‍ത്തിയേക്കാം. പല വികാരങ്ങള്‍ ജെനറേറ്റ് ചെയ്യിച്ചേക്കാം. ചാവുകടലില്‍ നിന്നും ഗംഗയില്‍ നിന്നും ഒക്കെയുള്ള കല്ലുകള്‍ കൊണ്ടും നമുക്ക് കലാപ്രവര്‍ത്തനം നടത്താം.

കലയ്ക്ക് മന്ത്രമാരണത്തിന്റെ ചില സ്വഭാവമുണ്ടെന്ന് ചിത്രകലയെക്കുറിച്ച് പറഞ്ഞപ്പോള്‍ വാള്‍ട്ടര്‍ ബഞ്ചമിന്‍ സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ പ്രാദേശിക ജീവിതത്തിലുള്ള ചില വിശ്വാസങ്ങളോടനുബന്ധിച്ച് ചില കാര്യങ്ങള്‍ താങ്കള്‍ സ്വന്തം വര്‍ക്കില്‍ പരീക്ഷിച്ചിട്ടുണ്ട് എന്നു പറയുകയുണ്ടായി. രോഗ ചികിത്സക്ക് മന്ത്രലിപികള്‍ എഴുതിക്കൊടുക്കുന്ന പഴയ ചികിത്സാരികളുടെ രീതികള്‍. ഇത്തരം ഇസ്മിന്റെ പണിയാണോ കലാപ്രവര്‍ത്തനം? സാമൂഹിക ചികിത്സയുടെയും സ്വയം ചികിത്സയുടേയും ഭാഗമായാണോ താങ്കള്‍ ഇത് ചെയ്യുന്നത്?

തീര്‍ച്ചയായും. അത്തരം ഒരു ഷോ ചെയ്യണമെന്നുണ്ട്. വസിയെഴുത്ത്. കൊച്ചിയിലെല്ലാം അങ്ങിനെയൊരു പ്രാക്ടീസ് നിലവിലുണ്ടായിരുന്നു. രോഗം മാറുന്നതിന് വസിയെഴുതുന്ന സമ്പ്രദായം. ഇത്തരം കാര്യങ്ങള്‍ കലയില്‍ കൊണ്ടുവരുമ്പോള്‍ അത് സ്വയം ചികിത്സയും സമൂഹ ചികിത്സയുമാണ്. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ അത് വിശ്വാസികള്‍ക്ക് എന്തെങ്കിലും പ്രശ്നമാകും എന്നു വിചാരിച്ചാണ് അതു ചെയ്യാന്‍ മടിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം പല കാര്യങ്ങളും പല സെന്‍സേഷനുകളും ഉണ്ടാക്കിയിട്ടുണ്ട്. അങ്ങിനെ ചെയ്യുമ്പോള്‍ അതില്‍ ഒരു അഞ്ഞൂറു പേര്‍ ചാവുക. ഫോട്ടോ നശിപ്പിക്കുക. പെയിന്‍ിങ് കത്തിക്കുക. അതിനൊന്നും എന്റെ കല ഇടയാകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. സമയമാകുമ്പോള്‍ അത്തരം വര്‍ക്കുകള്‍ ചെയ്യാം എന്നു കരുതുകയേ ഇന്ന് നിവൃത്തിയുള്ളൂ. കുട്ടിക്കാലം തൊട്ട് നാം കണ്ടു പരിചയിച്ച ഇത്തരം സംഗതികളില്‍ നിന്ന് ഒരു പാട് വിഷ്വല്‍സ് ഉണ്ടാക്കാന്‍ പറ്റും.

കലാകാരന്റെ ജീവിതത്തില്‍ പലപ്പോഴും യുക്തിപരമായ തീരുമാനങ്ങളേക്കാള്‍ അയുക്തിയും അവിചാരിതയും യാദൃശ്ചികതയുമാണ് നിയാമക ശക്തിയായിത്തീരുന്നത്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ കലാകാരന്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ പലപ്പോഴും രക്ഷപ്പെടാനാവാത്ത ചുഴികളായി മാറാറുണ്ട്. താങ്കളുടെ ജീവിതത്തിലും അത്തരം ഒരു പാട് യാദൃശ്ചികതകള്‍ ഉണ്ടല്ലോ...ജീവിതം തന്നെ എന്നേന്നേക്കുമായി മാറ്റിത്തീര്‍ത്ത യാദൃശ്ചികതകള്‍. എന്നാല്‍ എനിക്കു തോന്നുന്നത് ഇത്തരം ജീവിതവഴിത്തിരിവുകള്‍ നാം മനസ്സിലാക്കിയതും മനസ്സില്‍ കൊണ്ടു നടക്കുന്നതുമായ ആശയങ്ങളുടെ ഒരു പരിണതി തന്നെയാണ് എന്നതാണ്.

തീര്‍ച്ചയായും. ഇസ്രായേലില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി എന്റെ കൂടെ ജീവിച്ചത് അത്തരം ഒരു പാട് യാദൃശ്ചികതകളുടെ ഫലമാണ്. അത് നമ്മുടെ ജീവിതത്തെ ഒരു പാട് മാറ്റിത്തീര്‍ക്കുന്നു. ഒരു പാട് അറിവുകളും അതോടൊപ്പം നഷ്ടങ്ങളും നല്‍കുന്നു. ഇസ്രായേലില്‍ പോയ ഒരാള്‍ക്ക് പിന്നെ മക്കയില്‍ പോകാന്‍ പറ്റില്ല. ഇസ്രായേല്‍ മുദ്ര അടിച്ചാല്‍ പിന്നെ പലയിടത്തേക്കും പോകാന്‍ വിസ നിഷേധിക്കും. ഇതാണ്  നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍. നാം വളര്‍ന്നു വരുമ്പോള്‍ പല ആശയങ്ങളും നാം ഉള്ളില്‍ പേറേണ്ടി വരുന്നു. പലതും ജാതി തിരിച്ചും മതം തിരിച്ചുമാണ് നാം മനസ്സിലാക്കുന്നത്. അതില്‍ നിന്ന് സ്വരൂപിക്കുന്ന ആശയങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പശ്ചാത്തലമായി നില്‍ക്കുന്നു. പിന്നെ അതിനെ അടുത്തറിയാനുള്ള വഴികള്‍ തേടുമ്പോള്‍ നാം പലതിലും ആകൃഷ്ടരാകും. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും സ്നേഹ വിദ്വേഷങ്ങളുമെല്ലാം ഇത്തരം ആശയങ്ങളുടെ പല തരത്തിലുള്ള പരിണാമങ്ങളാകാം. അങ്ങിനെ നാം ചെന്നു വീഴുന്ന കുഴികള്‍ സ്വര്‍ഗ്ഗമാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഞാന്‍ നടത്തുന്നത്. പലപ്പോഴും പലതില്‍ നിന്നും വ്യാകുലനായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അതിനു കഴിയാതെ വരുമ്പോള്‍ ലഭിച്ച ലോകത്തെ സുന്ദരമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പല കാര്യങ്ങളും നമ്മള്‍ എത്ര ഇഷ്ടപ്പെടാന്‍ ആഗ്രഹിച്ചാലും ഉള്ളില്‍ കയറില്ല എന്നു വരും. ഭക്ഷണക്രമങ്ങള്‍. വസ്ത്രരീതികള്‍.  മറ്റുള്ളവര്‍ക്ക് ചീത്ത മണം കിട്ടാതിരിക്കാന്‍ നാം പെര്‍ഫ്യൂം ഉപയോഗിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. അത്തരം കാര്യങ്ങള്‍ എല്ലാം വളരെ ലളിതമാണെന്നു തോന്നും. എന്നാല്‍ അതൊന്നും അത്ര സിംബിള്‍ അല്ല. പല കാര്യങ്ങളിലും ഭരണാധികാരികള്‍ ചെയ്യുന്നത് അവര്‍ ഭരിക്കുന്ന ജനതയുടെ മുകളില്‍ കെട്ടിവെയ്ക്കാനും ചാര്‍ത്തുവാനാണ് നാം ഇഷ്ടപ്പെടുന്നത്. അങ്ങിനെ ഒരു ജനതയെയാകെ നാം വെറുക്കാന്‍ ഇടയാകുന്നു. ഇസ്രായേലിനോടും അവിടുത്തെ ജനതയോടും ഉള്ള വിദ്വേഷം ഇത്തരത്തില്‍ ഒന്നാകാം.

എല്ലാ കാലത്തും വെറുക്കപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. ആ രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണ്? അവിടുത്തെ സാമൂഹ്യ ബന്ധങ്ങള്‍ എങ്ങിനെയാണ്? അവര്‍ മറ്റുള്ളവര്‍ക്ക് ഗുണങ്ങള്‍ ചെയ്തിട്ടില്ലേ? ഇക്കാര്യങ്ങളിലേക്കെല്ലാം പെനട്രേറ്റ് ചെയ്യാന്‍ എനിക്കു കഴിഞ്ഞു. നാം സ്നേഹിക്കുന്നത് നമ്മുടെ ഉള്ളിലുള്ള സ്നേഹം തിരച്ചുകിട്ടാനാണ്. പോകരുത് എന്നു വിചാരിച്ച സ്ഥലങ്ങള്‍ പോകേണ്ടി വരിക. കാണേണ്ടി വരിക. കുടുംബത്തില്‍ ചെല്ലുക. മതാപിതാക്കളുമായി കണ്ടുമുട്ടുക. ഇടപഴകുക. അവര്‍ എങ്ങിനെയാണ് പെരുമാറുന്നത് എന്ന് അറിയാന്‍ കഴിയുക. അങ്ങിനെ നമുക്ക് നമ്മളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു. ഇതെല്ലാം പലതും നിയോഗം പോലെയാണ്. ഒരു ആസൂത്രണവും ഇതിന്റെ പിന്നില്‍ ഇല്ല. വിധി പോലെ വന്നു ചേരുന്നതാണ്. ഇതിലെല്ലാം പ്രശ്നങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ആഗ്രഹിച്ച സ്ഥലങ്ങളില്‍ പോകാന്‍ കഴിയാതെ വരും.  അത്തരം വെല്ലുവിളികളിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. അതാണ് എന്നിലെ കലാകാരന്റെ പ്രവര്‍ത്തനത്തിന്റെ പ്ളാറ്റ്ഫോം.

പലപ്പോഴും സൌന്ദര്യത്തിന്റെ ലോകങ്ങള്‍, ഓവര്‍ലാപ്പ് ചെയ്യുന്ന ഇടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നു തോന്നുന്നു. അതിര്‍ത്തികളില്‍ വെച്ച് സൃഷ്ടിക്കപ്പെടുന്നതാണ് കലാപ്രവര്‍ത്തനം. അതിര്‍ത്തിയിലെ ഇലന്തി മരത്തിനരികില്‍ വെച്ചാണ് പുതിയ ജീവിതവും സൌന്ദര്യവും തത്വചിന്തയും നാം കണ്ടെടുക്കുന്നത്..താങ്കള്‍ പലപ്പോഴും റഫറന്‍സ് ആയി എടുക്കാറുള്ള ഖുര്‍ആനിലെ, പ്രശസ്തമായ ഒരു ഇമേജറിയാണ് അതിര്‍ത്തിയിലെ ഇലന്തിമരത്തിനരികില്‍ കണ്ട പ്രവാചകനെക്കുറിച്ച് പറയുന്നത്...

അങ്ങിനെയാണ്. ഏകലോകം എന്ന തത്വചിന്തയാണ് ഞാന്‍ പുറത്തെല്ലാം പോയി ജീവിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നത്. നാരായണ ഗുരുവിന്റെയും നടരാജഗുരുവിന്റെയുമൊക്കെ തത്വചിന്തയിലൂടെയാണല്ലോ നാം ഇന്നത്തെ മലയാളിയായിത്തീര്‍ന്നത്. കലാപ്രവര്‍ത്തനം തത്വചിന്തയുടെ ഒരു മേഖലയാണെന്ന അഭിപ്രായം ശരിയായിരിക്കാം. അതിന്റെ ആരംഭസ്ഥലം അതല്ല എന്നു വരികിലും. തതചിന്തയില്‍ ജാതിയും മതവും ഒന്നുമില്ല. അല്ലെങ്കില്‍ ജാതിയും മതവുമെല്ലാം തത്വചിന്ത കൈകാര്യം ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നു വരുന്നു. പല വിശ്വാസങ്ങളും നമ്മുടെ സാമൂഹികാനുഭവങ്ങളുടെ ഭാഗമായി ഉണ്ടായി വരുന്നതാണ്. സ്റ്റാന്‍ലിന്റെ ചിത്രമുള്ള ഏലസ് കെട്ടിയാല്‍ പോലീസ് പിടിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്ന ഒരാള്‍ മട്ടാഞ്ചേരിയില്‍ ഉണ്ടായിരുന്നു. സാന്റോ ഗോപാലന്‍ എന്ന ഗുസ്തിക്കാരനായ കമ്മ്യൂണിസ്റ്റ്. ധിഷണാശാലിയായ മനുഷ്യന്‍. ഇങ്ങിനെ ചെറുപ്പക്കാലം മുതല്‍ നമ്മുടെ കൂടെയുള്ള ഓര്‍മ്മകള്‍ കൊണ്ടാണ് ഞാന്‍ കലാപ്രവര്‍ത്തനം നടത്തുന്നത്. അണ്‍ടച്ചബിള്‍സ് എന്ന എന്റെ പരമ്പരയില്‍ ഞാന്‍ പ്രാദേശികമായ ഈ ഓര്‍മ്മകളെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നാം ഇന്ന് ഇങ്ങിനെ എങ്ങിനെയായിത്തീര്‍ന്നു എന്നതിന്റെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു അത്. പോപ് ആര്‍ടിന്റെ ഭാഷ ഉപയോഗിച്ച് ഞാന്‍ സാന്റോ ഗോപാലനെയും കുമാരനാശാനെയും ചെയ്തത് അങ്ങിനെയാണ്. നാരായണഗുരുവും കുമാരനാശാനും നടരാജഗുരുവുമെല്ലാം ഇങ്ങനെ പ്രാന്തീയരായ മനുഷ്യരായിരുന്നു. സംസ്കാര സമ്പന്നരായ അവര്‍ മനുഷ്യ സ്നേഹികളായിരുന്നു. അവര്‍ വളരെ സര്‍ഗ്ഗാത്മാകമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ ഫലമാണ് നാം.

ജീവിതത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍. നമുക്ക് നിയന്ത്രണമില്ലാത്ത അറിയാന്‍ പാടില്ലാത്ത പല കാര്യങ്ങളും നമുക്കു ചുറ്റുമുണ്ട്. അതില്‍ നിന്നാണ് ഞാന്‍ ക്രിയേറ്റീവ് ആയ കാര്യങ്ങളിലേക്കു കടക്കുന്നത്. യാഥാസ്ഥിതികമല്ലാതെ ജീവിക്കാന്‍ പറ്റുക. സംസ്കാരവും മനുഷ്യസ്നേഹവും നഷ്ടപ്പെടാതിരിക്കുക. ഞാന്‍ പടിഞ്ഞാറാനായ കാര്യങ്ങള്‍ കാണാനോ വായിക്കാനോ ഒന്നും ഇഷ്ടപ്പെടുന്നില്ല. നമ്മുടേതായ സംസ്കാരത്തിന്റെ ഖനികളില്‍ നിന്ന് വസ്തുക്കളും ഇമേജുകളും ഉള്‍പ്പെടുത്താനാണു ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെയാണ് ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. എന്റെ സുഹൃത്തായ സിനിമാറേറാഗ്രാഫര്‍ റസിയയെ കാണാന്‍ ചെന്നൈയില്‍ ചെന്നപ്പോള്‍ അവളുടെ സഹോദരന്‍ ആക്സിഡന്റായി കിടക്കുകയാണ്. അവന്‍ ഒറ്റക്കാണ് താമസിക്കുന്നത്. ആ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ കുന്നുകുന്നായി പോര്‍ണോഗ്രഫി കിടക്കുന്നതു കണ്ടു. കറുത്തു കരിക്കട്ട പോലെ കക്കൂസുകള്‍. സീലിങ്. ഒറ്റക്കുള്ള ഒരാളുടെ ജീവിതം. എല്ലാം ഞാന്‍ ഷൂട്ട് ചെയ്തു. ഈ മനംമടുപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് എന്റെ റെഡ്റൂം എന്ന പരമ്പരയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഫോട്ടോഗ്രഫിയുടെ മേഖലയും ചിത്രകലയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച്. ഫോട്ടോഗ്രഫി ചിത്രകലയുടെ മുന്നില്‍ ഒരു വെല്ലുവിളിയായാണല്ലോ പ്രത്യക്ഷപ്പെട്ടത്...

അത്തരം ഒരു വെല്ലുവിളിയിലൂടെയാണ് ചിത്രകല വളര്‍ന്നത്. സത്യത്തില്‍ ഫോട്ടോഗ്രഫിയും ചിത്രകലയും തമ്മില്‍ വലിയ അകല്‍ച്ചയൊന്നുമില്ല എന്നതാണ് മറ്റൊരു കാര്യം. ബ്രഷ് പോലെത്തന്നെയാണ് ക്യാമറ. കൈത്തറിയും നെയ്ത്തുയന്ത്രവും തമ്മിലുള്ള വ്യത്യാസം. ചിത്രകലക്ക് ഫോട്ടോഗ്രഫിയില്‍ നിന്ന് എന്നപോലെ, ഫോട്ടോഗ്രഫിക്ക് ചിത്രകലയില്‍ നിന്നും വളരെ പഠിക്കാനുണ്ട്. ഉദാഹരണമായി റെംറാന്റെ പെയിന്റിങ്ങിലെ വെളിച്ചത്തിന്റെ ഉപയോഗം ഒരു പക്ഷേ ഫോട്ടോഗ്രഫിക്ക് അനുകരിക്കാന്‍ പററുന്നതല്ല, മറിച്ച് അതില്‍ നിന്ന് ഏറെ മനസ്സിലാക്കാനുണ്ട്. പണ്ട് കാലത്ത് അടുത്ത മുറിയിലെ മോഡലിനെ ഇങ്ങേ മുറിയില്‍ ഇരുന്ന് ചുമരില്‍ ദ്വാരത്തിലൂടെ നോക്കിയാണ് വരച്ചിരുന്നത്. ഇത് ക്യാമറയുടെ ആദ്യ ഉപയോഗം തന്നെയാണ്. നാലു കാലില്‍ നടന്നിരുന്ന ജീവി രണ്ടു കാലിലേക്കു മാറിയപ്പോള്‍ സംഭവിച്ചതാണ് ഇതെല്ലാം. കൈകള്‍ സ്വതന്ത്രമായപ്പോള്‍ അതുകൊണ്ട് എന്തു ചെയ്യണം എന്നായി. ബ്രഷ് പിടിക്കാം. അതുകഴിഞ്ഞ് ശാസ്ത്രം വളര്‍ന്നു വന്നപ്പോള്‍ ക്യാമറ വന്നു. അത്ര മാത്രമേ ഉള്ളൂ. അതില്‍ വലിയ വ്യത്യാസവും ശത്രുതയും ദര്‍ശിക്കാനായി ഒന്നുമില്ല. അവയെല്ലാം എന്തിനുവേണ്ടിയാണ് നാം ഉപയോഗിക്കുന്നത് എന്നതിന് അനുസരിച്ചാണ് കാര്യങ്ങളിരിക്കുന്നത്.

യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കാനും ഡോക്യുമെന്റ് ചെയ്യാനും ഫോട്ടോഗ്രഫി കൂടുതല്‍ ശക്തിയുള്ള ഒരു മാധ്യമമായി മനസ്സിലാക്കപ്പെട്ടിട്ടുണ്ടല്ലോ....

യാഥാര്‍ത്ഥ്യം എന്നത് പലപ്പോഴും കബളിക്കപ്പെടുന്ന ഒന്നാണ്. ഒരടിക്കുറിപ്പുകൊണ്ട് പലപ്പോഴും അര്‍ത്ഥങ്ങള്‍ തന്നെ മാറാം. ബംഗാള്‍ ക്ഷാമകാലത്ത് എടുത്ത പടങ്ങള്‍ക്കു തലവാചകമായി വൃദ്ധര്‍ എന്നെഴുതിയപ്പോള്‍ ആ ഫോട്ടോഗ്രാഫുകളുടെ അര്‍ത്ഥം തന്നെ മാറി. നാം എല്ലാം കണ്ടു പരിചയിച്ച വിയത്നാം യുദ്ധത്തിന്റെ മനുഷ്യവിഹീനത ചിത്രീകരിക്കപ്പെട്ട യുദ്ധമുഖത്ത് നഗ്നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം, പ്ളാന്‍ ചെയ്ത് എടുത്തതായിരുന്നു. വിയറ്റ്നാം യുദ്ധത്തിനെതിരായി വലിയ വികാരങ്ങള്‍ അഴിച്ചുവിട്ട ഒരു ഫോട്ടോഗ്രാഫ് ആയിരുന്നു അത്. 

താങ്കളുടെ ഏതാനും കാന്‍വാസുകള്‍ ലണ്ടനില്‍ നടക്കുന്ന ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. താങ്കളെ ആ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍ എന്നു വിളിക്കുന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

ഞാന്‍ പറഞ്ഞിട്ടല്ല അത്തരം ഒരു പ്രതിനിധാനം ഉണ്ടാകുന്നത്. ഇന്ത്യന്‍ ഫോട്ടോഗ്രഫിക്ക് അതു കണ്ടുപിടിച്ച കാലം മുതല്‍ തന്നെയുള്ള ചരിത്രമുണ്ട്. യൂറോപ്പില്‍ ഫോട്ടോഗ്രഫി വികസിച്ചു വന്നതോടൊപ്പം തന്നെ യൂറോപ്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ത്യയില്‍ വന്ന് പടങ്ങള്‍ പിടിച്ചു പോന്നിരുന്നു. ഫോട്ടോ സ്റ്റുഡിയോകള്‍ ഏറ്റവുമധികം ഒരു പക്ഷേ ഇന്ത്യയിലായിരിക്കും ഉള്ളളത്. ഗള്‍ഫ്ബൂം വന്നതോടെ ഇന്ത്യയില്‍  ഗ്രാമങ്ങള്‍ തോറും സ്റ്റുഡിയോ എന്ന നില വന്നു. സ്ട്രീറ്റ് ഫോട്ടോഗ്രഫി, ട്രാവലിങ് ഫോട്ടോഗ്രഫി  തുടങ്ങിയവയെല്ലാം വികസിച്ചു വന്നു. ഫോട്ടോഗ്രഫി സമകാലീന സാമൂഹ്യശാസ്ത്രത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മീഡിയയുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഗ്രഫിയുടെ ചരിത്രമാണ് മറ്റൊന്ന്. സ്വതന്ത്രമായ ഒരു ശാഖ എന്ന നിലയിലല്ല പലപ്പോഴും ഫോട്ടോഗ്രഫി നിലവില്‍ വരികയും വികസിക്കുകയും ചെയ്തത്. വ്യവസായത്തിന്റെ ആവശ്യങ്ങളുടെ ഭാഗമായിരുന്നു അതിന്റെ വളര്‍ച്ച.

ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ളാദേശും രാഷ്ട്രീയാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കപ്പെട്ടതാണ്. യഥാര്‍ത്ഥത്തില്‍ ഈ രാജ്യങ്ങള്‍ ഒരു ഭൂഖണ്ഡത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ്. വലിയൊരു ഏരിയയാണത്. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ജീവിതങ്ങളും അടങ്ങിയ വിപുലമായ പ്രദേശം. അത്തരം സ്ഥലത്തു നിന്നുള്ള ഫോട്ടോഗ്രഫിയെ യൂറോപ്പിന് പെട്ടൊന്ന് തിരിച്ചറിയാനാകും. വലിയൊരു സാമൂഹ്യശാസ്ത്രത്തെയും ചരിത്രത്തെയുഅതിലൂടെ തൊട്ടറിയുന്നു. യൂറോപ്യന്‍മാര്‍ക്ക് അതിനാല്‍ തന്നെ ഫോട്ടോഗ്രഫിയുടെ പ്രാധാന്യം പെട്ടൊന്നു തിരിച്ചറിയാനാകും.

ഒരു കാലത്ത് ഫോട്ടോഗ്രഫി വരേണ്യമായ ആളുകള്‍ക്കു മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. സൈനിക ഓഫീസര്‍മാര്‍ക്കും രാജാക്കന്മാര്‍ക്കും ഒക്കെയേ അതിന്റെ ചെലവ് താങ്ങാന്‍ പറ്റുമായിരുന്നുള്ളൂ. ലെവി അടച്ചെങ്കിലേ ഫോട്ടോഗ്രഫി കൈകാര്യം ചെയ്യാന്‍ പറ്റൂ. കാശ് കൊടുത്താല്‍ തന്നെ കിട്ടില്ല എന്ന സ്ഥിതിയായിരുന്നു. റാണി, അസൈന്‍ ചെയ്തിട്ടാണ് ഫോട്ടോ എടുക്കാന്‍ വരുന്നത്. സ്വന്തം സ്വത്ത് ഫോട്ടോ എടുത്ത് ആഭിജാത്യം കാണിക്കുക എന്നതായിരുന്നു ഇതിനു പിന്നിലുള്ള ഉദ്ദേശ്യം. ഇരുപത്തഞ്ച് അടി പൊക്കമുള്ള കുത്തബ് മിനാര്‍ പകര്‍ത്തുക. കൊളോണിയല്‍ ആര്‍കിടെക്ചര്‍ ഫോട്ടോഗ്രഫിയുടെ ചരിത്രം നോക്കിയാല്‍ ഇതു മനസ്സിലാകും. അനങ്ങാതെ കസേരയില്‍ ഇരുന്നാണ് ഫോട്ടോ എടുക്കുക. കറുത്ത മനുഷ്യരെപ്പോലും പൌഡറിട്ട് വെളുപ്പിക്കും. പണക്കാരെപ്പോലെയാണ് പാവം മനുഷ്യരെയും ഫോട്ടോ എടുക്കുക. ടൈയും കോട്ടും ഒക്കെ ഇടുവിച്ച്.

പുറത്തെല്ലാം ഒരു ന്യൂസ് ഫോട്ടോഗ്രഫര്‍ എന്ന നിലയില്‍ വര്‍ക്ക് ചെയ്ത അനുഭവങ്ങള്‍ ആര്‍ട് ഫോട്ടോഗ്രഫിയിലേക്കു വന്നപ്പോള്‍ എങ്ങിനെയാണ് സഹായകരമായത്? ഇങ്ങിനെ സ്വന്തം ദേശം വിട്ട് പുറത്തുപോകുന്ന കാലത്ത് സ്വത്വത്തെപ്പറ്റിയും ദേശത്തെപ്പറ്റിയും ഇന്ത്യയെപ്പറ്റിയും എല്ലാം എന്തെന്തു സങ്കല്‍പങ്ങളാണ് വെച്ചുപുലര്‍ത്തിയിരുന്നത്?


എനിക്ക് ഏക ലോകം എന്ന സങ്കല്‍പം ആണ് ഉണ്ടായിരുന്നത്. ഭാരതം, കൊച്ചി എന്നൊന്നും വിചാരിച്ചിരുന്നില്ല.  കേരളത്തില്‍ പക്ഷേ എല്ലായിടത്തും മതിലുകളാണ്്. കേരളത്തില്‍ വിസ്ത എന്നു പറയുന്നത് ഇല്ല. കാഴ്ചകള്‍ക്ക് ഇടമില്ലാത്ത സ്ഥിതി. ഇമ്മീഡിയറ്റ് റിയാലിറ്റി മാത്രമാണുള്ളത്. എങ്ങും ഒരര്‍ത്ഥത്തിലുള്ള സഭാവല്‍ക്കരണമാണ്. എല്ലാം ചേംബര്‍വല്‍ക്കരിക്കുകയും സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു. പള്ളിയുടെയും പോപ്പിന്റെയും സ്വാധീനമാണ് എങ്ങും. നേരത്തെ കൃസ്ത്യന്‍ പള്ളിയുടെ സ്വാധീനമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എല്ലാ പള്ളികളും അമ്പലങ്ങളും സമുദായസംഘടനകളും സ്വാധീനിച്ച് ജനങ്ങളെയാകെ വശത്താക്കിയിരിക്കുന്നു. കാഴ്ച കാണാന്‍ കടപ്പുറത്ത് വരണം എന്ന അവസ്ഥയാണ്. കടപ്പുറത്ത് വന്നാലും കടലില്‍ ഇറങ്ങാത്ത ഒരേ ഒരു ജനത മലയാളിയുടേതാണ്. കേരളത്തില്‍ നിന്ന് പുറത്തുപോകുമ്പോള്‍ നാം കാണുന്നത് വലിയ വിസ്തകളാണ്. ഒന്നും ഇല്ലാത്ത ഭൂപരപ്പുകള്‍. കണ്ണെത്താത്ത നെല്‍പ്പാടങ്ങള്‍. തമിഴ്നാട്ടില്‍ പോലും ഇതുണ്ട്. മറുനാട്ടില്‍ പോയി ഞാന്‍ കാഴ്കളുടെ ലോകങ്ങള്‍ കണ്ടുപഠിച്ചു.
കേരളത്തില്‍ വന്നു താമസിച്ചത് ഇവിടെ പ്രവര്‍ത്തനത്തിന്റെ ഭൂമികയായി കണ്ടുകൊണ്ടാണ്. ലണ്ടനില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. അവിടത്തെ നികുതിദായകന്‍ ആയിരുന്നു. യൂറോപ്പില്‍ മറ്റു സ്ഥലത്തും എനിക്ക് ജീവിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ദുബായില്‍ പോകാമായിരുന്നു. എന്നാല്‍ പ്രാദേശിക ജീവിതത്തില്‍ പ്രവര്‍ത്തിക്കണം എന്നുള്ളതുകൊണ്ടാണ് ഞാന്‍ സ്വന്തം നാടായ മട്ടാഞ്ചേരി തെരഞ്ഞെടുത്തത്. എന്നാല്‍ വളരെ സ്ട്രഗിള്‍ ചെയ്ത് മാത്രമേ കേരളം പോലുള്ള ഒരു സ്ഥലത്ത് കലാപ്രവര്‍ത്തനം സാധ്യമാകൂ എന്നാണ് അനുഭവം. ഇവിടെ പത്ത്, പതിമൂന്ന് ചാലനലുകളുണ്ട്, പത്രങ്ങളുണ്ട്, സിനിമാ ഫെസ്റ്റിവലുകളുണ്ട്. ഇതെല്ലാമുണ്ടായിട്ടും ഒന്നും സംഭവിക്കാത്ത സ്ഥിതിയാണ്.

മട്ടാഞ്ചേരിയിലെ മായാലോകം ഗാലറികൂട്ടായ്മയുടെ പ്രവര്‍ത്തനം എങ്ങിനെയായിരുന്നു?

ഇവിടെ ഒരര്‍ത്ഥത്തില്‍ ഒരു ഡെഡ്ലോക്ക് ആയിരുന്നു. കാഷി ഗാലറി മാത്രമേ ഞാന്‍ വരുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ഗായത്രിയും തോമസുമാണ് അതിന്റെ ആളുകള്‍. വിദേശികളെ ആകര്‍ഷിക്കാന്‍ പോന്ന ചിത്രങ്ങള്‍. വീഡിയോ ലൈബ്രററി. വികലമായ നിലയിലായിരുന്നു ഇതിന്‍െ സ്ഥിതിയെല്ലാം. ഫോട്ടോഗ്രഫിയുമായി ഞാനെത്തുമ്പോള്‍ അതിവിടെ പുതിയ അനുഭവം തന്നെയായിരുന്നു എന്നു പറയാം. എന്റെ അനുഭവങ്ങളും ഞാന്‍ അത്ര കാലം പഠിച്ചെടുത്ത കാര്യങ്ങളും എല്ലാ ഇവിടുത്തെ ഗാലറി പ്രവര്‍ത്തനത്തിനുള്ള എന്റെ ഒരു ഓഫര്‍ ആയിരുന്നു. ഫൈന്‍ ആര്‍ട്സ് കോളേജുകളെ ചുറ്റിപ്പറ്റിയായിരുന്നു ഇവിടുത്തെ ചര്‍ച്ചകള്‍. അതില്‍ നിന്നു മാറി പുതിയ ഒരു അന്തരീക്ഷം ഉണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു വാക്വം ആണ് നില നിന്നിരുന്നത്. പത്ത് വര്‍ഷങ്ങള്‍ ഒറ്റക്കാലില്‍ തപസ്സ്്. വളരെ കഠിനമായ പ്രവര്‍ത്തനങ്ങളായിരുന്നു. അത് വഴി വളരെ ബിസിനസ് സാധ്യതകളും ഉണ്ടായി. കലാകാരന്മാര്‍ക്ക് സാമ്പത്തിക വിജയങ്ങള്‍ ഉണ്ടായി. ഞങ്ങള്‍ ഒരു ആര്‍ട് ഫെസ്റ്റിവല്‍ നടത്താം എന്നു വിചാരിച്ചു. എന്‍കൌണ്ടര്‍ എന്ന പേരില്‍ ഒരു പരിപാടി നടത്തി. ഗാന്ധി-ഗ്രാമം എന്നതായിരുന്നു വിഷയം. ഡോ. എ കെ രാമകൃഷണന്‍, ചരിത്രകാരന്‍ ഡോ.രാജന്‍ ഗുരിക്കള്‍ എല്ലാം അതില്‍ പങ്കെടുത്തു.

എന്റെ ബ്ളാക്ക് മദര്‍ പരമ്പര കാഷി ഗാലറിയിലും ഡിവൈന്‍ മദര്‍ പരമ്പര ലീലയിലും ഗോഡസസ് പരമ്പര ദ്രാവിഡയിലും നടത്തണം എന്നാണു കരുതിയത്. ലണ്ടനില്‍ ഇരുന്നപ്പോള്‍ പ്രിന്റ് ചെയ്തതാണ് അവ. ലണ്ടനില്‍ ബ്ളാക്ക് മദറിന്റെ പ്രിവ്യൂ പ്രദര്‍ശനം മാത്രമേ നടത്തിയിരുന്നുള്ളൂ. ചെറിയ ചെറിയ ശില്‍പങ്ങളുടെ പ്രദര്‍ശനം. അംബേദ്കറിന്റെ ഒരു പൊട്ടിയ ശില്‍പം, ബേംബെയിലെ സമരത്തിന്റെ ഭാഗമായുള്ള പന്തം, എന്നിങ്ങനെ. അങ്ങിനെ കാഷിയുടെ വിജയത്തില്‍ ഞങ്ങളും പങ്കാളികളായി.

കല്‍ക്കത്തയില്‍ നടത്താനുള്ള പ്രദര്‍ശനമാണ് പുതുതായി കൊച്ചി ബോട്ട് ജെട്ടി പരിസരത്ത് ആരംഭിച്ച ഇഷ്ക ഗാലറിയുടെ ഉദ്ഘാടന പ്രദര്‍ശനമായത്. അത് ക്യൂറേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് നന്ദകുമാറുമായി ബന്ധപ്പെട്ടത്.

മട്ടാഞ്ചേരിക്കുള്ളള ഗുണം ഇവിടെ എപ്പോഴും ഒരു അന്തരാഷ്ട്രാ സദസ്സ് ഉണ്ട് എന്നതാണ്. ലോകത്തിലുള്ള പല ഭാഗത്തു നിന്നുള്ള ആളുകള്‍. പത്തുകൊല്ലം തമിഴ്നാട്ടിലേക്കു മാറുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. അവിടുത്തെ സംസ്കാരിക പരിസരവുമായി ഇടപഴകാനുള്ള അവസരം കിട്ടുമല്ലോ എന്ന നിലയില്‍. യെറുശലേമില്‍ പോയി താമസിക്കാനുള്ള അവസരവും എനിക്കുണ്ടായിരുന്നു. എന്നാല്‍ കൊച്ചിയില്‍ നിന്ന് വിട്ടുപോകാന്‍ എന്തുകൊണ്ടോ മനസ്സു വരുന്നില്ല. കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന മട്ടില്‍.

എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫിയില്‍ എനിക്ക് ലഭിച്ച പരിശീലനം സവിശേഷമായിരുന്നു. ക്വാളിറ്റിയുടെയും ക്ളീന്‍നസിന്റെയും ഒക്കെ കാര്യത്തില്‍ വളരെ അര്‍ത്ഥവത്തായ ക്രാഫ്റ്റ് എനിക്ക് നിര്‍മ്മിക്കാന്‍ പരിശീലനം കിട്ടിയിട്ടുണ്ട്. വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള ട്രെയിനിങ് എനിക്കു കിട്ടിയിരുന്നു. പിന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അറിവ്. ഇവിടെ കമ്പ്യൂട്ടര്‍ പ്രചരിക്കുന്നതിനു പതിനഞ്ചു വര്‍ഷം മുമ്പ് ഞാന്‍ ആ മീഡിയം സ്വന്തമാക്കിയിരുന്നു. അന്നിവിടെ വരുമ്പോള്‍ ആര്‍ക്കും മെയില്‍ ഐഡി പോലുമില്ല. പബ്ളിക്ക് ഡൊമയിനില്‍ ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ മാത്രമേ അന്നിവിടെയുള്ളൂ. ടൂറിസ്റ്റ് ഏരിയ ആയിട്ടു പോലും ഇതായിരുന്നു സ്ഥിതി. പത്ത് കൊല്ലത്തെ വികാസം ആണ് ഇതെല്ലാം.

നന്ദകുമാറിനെ ഞാന്‍ നേരത്തെത്തന്നെ ശ്രദ്ധിച്ചിരുന്നു. അരവിന്ദന്റെ മകന്‍ രാമുവിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച് എഴുതിയത് വായിച്ചിരുന്നു. സംഗീതത്തെക്കുറിച്ച് എഴുതിയത് വായിച്ചിരുന്നു. ഒരിക്കല്‍ ചിത്രകാരന്‍ പ്രഭാകരന്റെ എക്സിബിഷന്‍ സമയത്തു കണ്ടു. ചിന്ത രവിയാണ് പരിചയപ്പെടുത്തുന്നത്. ലാപ്ടോപ്പില്‍ എന്റെ വര്‍ക്കുകള്‍ നന്ദകുമാറിന് കാണിച്ചു കൊടുത്തു. പിന്നീട് അത് ദീര്‍ഘകാലം നിലനിന്ന ഒരു ബന്ധമായി വികസിച്ചു. നന്ദകുമാറിന്റെ സംഭാവനകളെ അടുത്തറിയാന്‍ കഴിഞ്ഞു. വര്‍ക്കുകള്‍ വായിച്ചു. വളരെയധികം ആശയവിനിമയങ്ങള്‍ നടന്നു. നന്ദകുമാര്‍ ദില്ലിയിലേക്കു പോയത് വളരെ ശൂന്യത സൃഷ്ടിച്ചു എന്നു പറയാം. ഇവിടെ ഇപ്പോള്‍ എല്ലാവരും പരസ്പരം കലഹിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ തന്നെ ഒരര്‍ത്ഥത്തിലുള്ള ഏകാന്തതയിലാണ് ഈ രംഗത്ത് ഇപ്പോള്‍. സൂചിക്കുഴിയില്‍ കയ്യിട്ടു നോക്കി മാത്രമേ ഇവിടെ ആളുകള്‍ പരസ്പരം വിശ്വസിക്കൂ എന്ന മട്ടാണ്. ന്യൂറോട്ടിക് ആയ മാനസികാവസ്ഥ. തോമസിന്റെ മനോഭാവമാണ് മലാളികള്‍ക്ക്.

മായാലോകം ഗാലറി സ്പേസ് ഞാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് പേര്‍ ഇവിടെ വന്ന് സന്ദര്‍ശിക്കുകയും ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും ചെയ്തു. അക്കൂട്ടത്തില്‍ അന്ന് ദില്ലിയില്‍ നിന്ന് കേരളത്തില്‍ വന്ന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം പലപ്പോഴും ഒരു ബ്ളെസിംഗ് ആയിരുന്നു. എന്നാല്‍ സംശയത്തിന്റെ കണ്ണുകളാണ് മലയാളിക്കുള്ളത് എന്നു തോന്നുന്നു. ആ സംശയങ്ങള്‍ ഇത്തരമൊരു സ്പേസിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. മാത്രമല്ല, ഈ രംഗത്ത് മറ്റു തരത്തിലുള്ള ഇടപാടുകള്‍ക്കും കളമൊരുങ്ങി. ചിത്രകാരന്മാരുടെയും എഴുത്തുകാരുടേയും മറ്റും ഒരു കൂട്ടായ്മ. അവരുടെ കാന്‍വാസുകള്‍ക്ക് ഒരു വില്‍പ്പന ഇടം. അതിലൂടെ വലിയ വ്യാപാരനേട്ടങ്ങളും ഈ രംഗത്തുണ്ടായി.

അതോടു കൂടി തന്നെ പല തരത്തിലുള്ള കാഴ്ചപ്പാടുകളും വികസിച്ചു വന്നു. പണത്തില്‍ മാത്രമായി കണ്ണ് എന്ന നില വന്നു. പത്രത്തില്‍ പടം വരാത്തതും മാധ്യമ ശ്രദ്ധ ലഭിക്കാത്തതുമെല്ലാം ചര്‍ച്ചയില്‍ വലിയ സ്ഥാനം നേടി. പിന്നെ മാര്‍ക്കറ്റ് ഇടിഞ്ഞപ്പോള്‍ കലാപ്രവര്‍ത്തനത്തെയും അതു ബാധിച്ചു. ഇവിടെ ചാലനലുകളും സിനിമാവിശേഷങ്ങളും ഏറെയുണ്ട്. കളരിപ്പയറ്റുകാരന് സ്പേസ് ഇല്ല. ഒരു മുഴുവന്‍ കഥകളി കാണാന്‍ ഇടമില്ല. പിന്നെ ചിത്രകലയെയും ഫോട്ടോഗ്രഫിയെയും കുറിച്ച് പറയേണ്ടതില്ല. ഫോട്ടോഗ്രഫി ഇവിടെ ശീലിച്ചുപോരുന്നത് പ്രത്യേക മട്ടാണ്. എടുത്ത കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണ്. പച്ചനിറത്തിലുള്ള പാടങ്ങള്‍, കായലോരങ്ങള്‍, അഴകുള്ള വഞ്ചികള്‍, ചീന വല വലിക്കുന്നു, സൂര്യാസ്തമയം. കഴിഞ്ഞു. ഇതെടുത്താലേ ഫോട്ടോഗ്രഫി ആവുകയുള്ളൂ. അതിനേ അംഗീകാരമുള്ളൂ. എല്ലാ സ്ഥലത്തും ഈ ഇമേജുകള്‍ മാത്രം നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

ഇവിടെ വലിയ പുരോഗതിയും കമ്മ്യൂണിസവും എല്ലാം ഉണ്ടെങ്കിലും ജാതി ശക്തമായ സാന്നിധ്യമായി നില നില്‍ക്കുകയാണ്. മേല്‍ജാതിക്കാരന്റെ ആധിപത്യം ഭയങ്കര ശക്തമാണ്. എല്ലാ മേഖലയിലും പ്രത്യേക തരത്തില്‍ ഈ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നു. ജാതി ഇല്ല, മതം ഇല്ല എന്ന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതാന്‍ പറ്റില്ല. എന്തെങ്കിലും എഴുതിയേ പറ്റു. അല്ലെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍ അതിനു നിര്‍ബന്ധിക്കും. ബ്യൂറോക്രസിയുടെ തലത്തില്‍ ആണ് ജാതി ശക്തമായി അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും കലയിലുമൊക്കെ ജാതിയും മതവും നിറഞ്ഞാടുന്ന പ്രദേശമാണ് കേരളം. 

പിടിഐയിലെയും ദില്ലിയിലെയും പ്രവര്‍ത്തന കാലം..

ഞാന്‍ ഫോട്ടോഗ്രഫി പഠിക്കുന്ന കാലത്ത് കുടുംബത്തിന്റെ ചെലവിനും പഠന ചെലവിനും പല ജോലികളും എടുത്തിട്ടുണ്ട്. ഹോട്ടലില്‍ പാത്രം കഴുകാനും ബാറില്‍ ഡിജെ ആകാനും ഒക്കെ പോയിട്ടുണ്ട്. ഡല്‍ഹിയിലെ കാലം എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്. പിടിഐയില്‍ ജോലി വളരെയേറെ അനുഭവങ്ങള്‍ നല്‍കി. ശശികുമാറിനെപ്പോലുള്ളവരുടെ സബോര്‍ഡിനേറ്റായി ജോലി ചെയ്യാനും, റാംറഹ്മാനെപ്പോലുള്ളവരുടെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാനും അവസരമുണ്ടായതെല്ലാം വലിയ തരത്തിലുള്ള ആശയവിനിയമങ്ങളായിരുന്നു.

ദില്ലിയിലെ അനുഭവങ്ങള്‍ പ്രത്യേകിച്ചും വലിയ നേട്ടമാണ്. രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ വലിയ തോതില്‍ സംഭവിച്ച കാലമായിരുന്നു അത്. ബിജെപിയുടെ ഉദയം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കപ്പെടുന്നു. ബാബ്രി മസ്ജിദ് പൊളിക്കുന്നു. ഒരു നാഷണല്‍ ന്യൂസ് ഏജന്‍സിയില്‍ ഇരുന്നുകൊണ്ട് ഇതെല്ലാം കാണാന്‍ കഴിയുകയാണ്. വി പി സിങ്, ചന്ദ്രശേഖര്‍, നരസിംഹറാവു, അടല്‍ ബിഹാരി വാജ്പേയ്, ദേവഗൌഢ, മന്‍മോഹന്‍സിങ് തുടങ്ങിയ പ്രധാനമന്ത്രിമാരുടെ ഭരണങ്ങള്‍. ദില്ലിയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വളരെ അടുത്തറിയാന്‍ കഴിഞ്ഞു. പിന്നെ കലാപങ്ങളുടെ പരമ്പര. ബോംബെ, ഭോപ്പാല്‍. ഇവിടെയൊക്കെ നേരിട്ടു പോകുവാനായി.

മെലങ്കളിയുടേതായ ഒരു ഭാവം താങ്കളുടെ ഫോട്ടോഗ്രഫിയുടെ നിതാന്തമായ സാന്നിധ്യമാണല്ലോ?

മെലങ്കളി ഈ മീഡിയത്തിന്റെ ഭാഗമാണ്. ഇരുട്ടിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍. മീഡിയത്തില്‍ തന്നെ നിക്ഷ്പ്തമായ കാര്യമാണത്. സ്മരണയാണ്, ഓര്‍മ്മകളാണ്, മരണത്തെക്കുറിച്ചാണ് ഈ മീഡിയം സംസാരിക്കുന്നത്. നഷ്ടപ്പെട്ടുപോകുന്ന ഓര്‍മ്മകള്‍. സെക്കന്റിന്റെ ഒരംശത്ത്െ ക്യാപ്ച്വര്‍ ചെയ്യുകയാണ്. സകളപ്ച്വര്‍ വിത്ത് ടൈം ആന്റ് ലൈറ്റ്. പ്രകാശത്തിന്റെ ഫാസ്റ്റ്നെസ് കണ്‍ട്രോള്‍ ചെയ്ത് ഉപയോഗിക്കുക. ഇതാണ് ഫോട്ടോഗ്രഫി. ഇതൊന്നും അറിയാതെയാണ് നാം തുടങ്ങുക. പിന്നെയാണ് അതിന്റെ സങ്കീര്‍ണ്ണതയിലേക്കു  കടക്കുക.

ജേണര്‍ലിസ്റ്റ് എന്ന നിലയിലുള്ള അനുഭവങ്ങള്‍

ജേണര്‍ലിസം പഠിച്ചതുകൊണ്ട് എല്ലാം വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. ക്വാളിറ്റിയും ഫാസ്റ്റ്നെസും രണ്ടും ഒരേ സമയം കൊണ്ടുവരാനുള്ള പരിശീലനമായിരുന്നു അത്. ഇന്ന് ജേണര്‍ലിസവും മറ്റെല്ലാത്തിനെയും പോലെ മാറിപ്പോയി. സാമൂഹിക മാറ്റം എന്ന സങ്കല്‍പം അതിന് ഇല്ലാതായി. ജേര്‍ണലിസത്തില്‍ കേരളത്തില്‍ നിന്നൊക്കെയുള്ള തുടക്കക്കാരില്‍ ഒരാളായ ഞാന്‍ അത്തരം എത്തോസ് എല്ലാം പറഞ്ഞു പഠിപ്പിച്ചാണു പോയത്. അതില്‍ നിന്നെല്ലാം വിട്ടുപോകുക പ്രയാസമാണ്. അതുകൊണ്ടു തന്നെ അത്തരം എത്തോസ് അലട്ടിക്കൊണ്ടിരിക്കും. അവയെല്ലാം ഈ മേഖലയില്‍ നഷ്ടമായിരിക്കുന്നു എന്നറിയുമ്പോള്‍ അതുപേക്ഷിക്കാന്‍ തോന്നും. അതാണ് സംഭവിച്ചത്. പിടിഐയില്‍ നിന്ന് പന്ത്രണ്ടുവര്‍ഷത്തിനുശേഷം വിട്ടുപോരുമ്പോള്‍ ഈ ആശങ്കകള്‍ ആയിരുന്നു അതിനിടയാക്കിയത്. പിന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന ആത്മവിശ്വാസവും.


Published in Student monthly along with a review of Abul's work..One can see many more interviews and articles on an of Abul, in this blog.....

എന്റെ പനനീര്‍തോട്ടത്തില്‍ പന്നി
 അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച്-2



  പി പി ഷാനവാസ്

ഭന്ദ്രകാളിയാണു ദേവത. കര്‍ണ്ണകിയുടെ കഥ ആധാരമായുള്ള സങ്കല്‍പം. അമ്മദൈവാരാധനക്കും ഉര്‍വ്വതാനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യമുള്ള കേരളത്തില്‍ കൊടുങ്ങല്ലൂരമ്മ കേളികേട്ട ദേവതയാണ്. ആത്മപീഡയോളം എത്തുന്ന അനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മീനഭരണി ഉത്സവവും അതിലെ സ്ത്രീപ്രാധാന്യവും ഇവിടം കണ്‍കേന്ദ്രമാക്കുന്നു. ഉല്‍സവകാലത്തെ ഇവിടുത്തെ തെറിപ്പാട്ടുകള്‍ നമ്മുടെ ശ്ളീലാശ്ളീല സങ്കല്‍പങ്ങളെ ആകെ പരിഹസിക്കുന്നതാണ്. ജൈനരും ബൌദ്ധരും ശൈവസന്യാസിമാരും ശങ്കരാചാര്യരും വരെ പെരുമാറിയിട്ടും പരിഷ്കരിച്ചിട്ടും പേരുമാറ്റിയിട്ടും സങ്കീര്‍ണ്ണ പ്രകൃതിയായിത്തന്നെ നിലകൊള്ളുന്നു കൊടുങ്ങല്ലൂര്‍. അവിടുത്തെ ഗര്‍ഭഗൃഹത്തെക്കുറിച്ച് ചില നിഗൂഢതകള്‍ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. അമ്പലപ്പറമ്പില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രതിഷ്ഠ വസൂരിമാലയുടേതാണ്. മഞ്ഞള്‍പ്പൊടിയും കുരുമുളകുമാണ് നിവേദ്യം. അത് വിതരണം ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്കാണ്. മഞ്ഞള്‍പ്പൊടി വാങ്ങി വിഗ്രഹത്തില്‍ എറിയുമ്പോള്‍ വിഗ്രഹമുഖവും ബാഹുക്കളും കവിഞ്ഞ് വായുവില്‍ മഞ്ഞ പടരുന്ന കാഴ്ച. വാക്സിനേഷന്‍ നിലവില്‍ വരും മുമ്പ്, വസൂരി പടരുന്ന കാലത്ത് ജനങ്ങള്‍ക്ക് അവലംബമായിരുന്നു ദേവി. പ്രാദേശികമായ ഈ ദേവതാസങ്കല്‍പവും, അവിടുത്തെ അസംബന്ധമെന്നു തോന്നുന്ന അനുഷ്ഠാനങ്ങളും അബുള്‍ കലാം ആസാദ് തന്റെ ഫോട്ടോഗ്രഫിയില്‍ പകര്‍ത്തിയിട്ടുണ്ട്. അനലോഗ് സാങ്കേതിക വിദ്യയില്‍ ബ്ളാക്ക് ആന്റ് വൈറ്റില്‍ വികസിപ്പിച്ച മൂന്ന് അടിയോളം വീതിയിലും നീളത്തിലുമുള്ള കാന്‍വാസുകള്‍. ബ്ളാക്ക് മദര്‍ എന്നാണ് ഈ ഫോട്ടോ കാന്‍വാസ് പരമ്പരയ്ക്ക് പേരിട്ടിരിക്കുന്നത്.
ആനന്ദ വിസ്മൃതിയുടേയോ അപസ്മാര സ്മൃതിനാശത്തിന്റേയോ വിദ്യുത് ദ്യുതിയില്‍ ചവിട്ടി നില്‍ക്കുന്ന സ്ത്രീകോമരങ്ങള്‍, കോമരത്തണ്ട, ചുറ്റുടുക്കുന്ന മുണ്ട്, ഭക്തര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞുനിറഞ്ഞ നിലം, അഭിഷേകനിറവിലെ വിഗ്രഹ പ്രതിഷ്ഠ എന്നിവയെല്ലാം വളരെ വൈബ്രന്റ് ആയി, സ്വാഭാവിക വെളിച്ചത്തില്‍ പകര്‍ത്തിയിരിക്കുന്നു. അബുളിന്റെ ഫോട്ടാ കാന്‍വാസുകള്‍ താഴെ നിന്നോ മുകളില്‍ നിന്നോ ഉള്ള ക്യാമറയുടെ നോട്ടത്തെ ദൃശ്യവല്‍ക്കരിക്കുന്നതല്ല. പകര്‍ത്തുന്ന ദൃശ്യത്തിന്റേയോ സൃഷ്ടിക്കുന്ന ഇമേജിന്റെയോ വലിപ്പച്ചെറുപ്പങ്ങളെ കാണിക്കുന്ന ഫോക്കസും പരിപ്രേക്ഷ്യവുമല്ല. ഇമേജ് നമ്മെ നേരിട്ടഭിമുഖീകരിക്കുന്നു. മനുഷ്യരും വസ്തുക്കളും മറ്റൊന്നിന്റെ അനുബന്ധമായല്ല, കാന്‍വാസ് സ്പേസിലെ നിറസാന്നിധ്യമാണ്. കൊളോണിയല്‍ ഫോട്ടോഗ്രഫിയുടെയും അതിന്റെ തദ്ദേശീയ അനുശീലനങ്ങളുടെയും, മനുഷ്യരൂപങ്ങളെ അപ്രസക്തമാക്കുന്ന സമീപനങ്ങളെ അബുള്‍ നിരാകരിക്കുന്നു. ഇവിടെ ഫോട്ടോഗ്രഫി മനുഷ്യനെ അന്വേഷിക്കുന്നു. കാമറയുടെ നേര്‍ക്കാഴ്ചകള്‍, വോയറിസ്റ്റ് ആയ നോട്ടങ്ങളില്‍നിന്ന്  കാണിയെ രക്ഷിക്കുന്നു. നാഗരികതയുടെ അനിവാര്യമായ ഉള്ളടക്കമായ പെര്‍വേര്‍ഷന്റെയും ന്യൂറോസിസിന്റെയും നോട്ടവും തൃഷ്ണാശീലങ്ങളും കാന്‍വാസുകള്‍ സുഖപ്പെടുത്തുന്നു. മഞ്ഞള്‍പ്പൊടിയും കുരുമുളകുമണികളും പ്രസാദമായി ആധുനികതയ്ക്ക് രോഗശമനം നടത്തുന്നു. യാഥാര്‍ത്ഥ്യത്തിന്റെ നഗ്നമായ അഭിമുഖീകരണങ്ങളിലേക്ക് ഈ കാന്‍വാസുകള്‍, അതിന്റെ കലാപരമായ സൌന്ദര്യമൂല്യങ്ങളിലൂടെ നമ്മെ നയിക്കുന്നു. ഒളിച്ചുവെയ്ക്കാതെ, ഋജുത്വത്തെ ആഘോഷിക്കുന്ന സമീപനം അബുളിന്റെ ഫോട്ടോഗ്രഫിയെ സവിശേഷമാക്കുന്നു. മുഖാമുഖമുള്ള ക്യാമറയുടെ ഈ നോട്ടങ്ങള്‍,  ഭക്തന്റെ കാഴ്ചയുടെയും പങ്കാളിത്തത്തിന്റെയും താദാദ്മ്യത്തിന്റെയും നേരിട്ടുള്ള അനുഭവമായി ബ്ളാക്ക്മദര്‍ പരമ്പരയെ മാറ്റുന്നു.
 കൊടുങ്ങല്ലൂരിന്റെ പ്രാചീനതയിലേക്കുള്ള ഈ നോട്ടം പലതുകൊണ്ടും പ്രസക്തമായിരുന്നു. ഇത്തരം ഒരു മിത്തിനെ  ക്യാമറയില്‍ പിടിച്ചെടുക്കുക വഴി പ്രാദേശിക ജീവിതത്തിന്റെ ഒരു ഇഡിയം ഉണ്ടാക്കാനാണ് താന്‍ ശ്രമിച്ചത് എന്ന് അബുള്‍ പറയുന്നു. എല്ലാം അന്താരാഷ്ട്രവല്‍ക്കരിക്കുകയും എല്ലാത്തിനെയും ലോകനിലവാരത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന നമ്മുടെ പൊള്ളയായ പരിപ്രേക്ഷ്യങ്ങളുടെ പൊങ്ങച്ചത്തെ ഇതിലൂടെ പ്രശ്നവല്‍ക്കരിക്കുന്നു. പ്രാദേശികമായ വെയിലിനെയും നിഴലിനെയും പിടിച്ചെടുക്കുന്നു. അധിനിവേശങ്ങള്‍ക്കു മുമ്പുള്ള ഒരു പ്രാദേശിക വിശ്വാസത്തിന്റെയും മിത്തിന്റെയും നൈസര്‍ഗ്ഗികതയും മന:ശാസ്ത്രപരമായ ഉള്ളടക്കവും ചര്‍ച്ചചെയ്യുന്നു. നമ്മുടെ വോയറിസ്റ്റ് ആയ നോട്ടങ്ങളെയും, താദാത്മ്യപ്പെടലിന്റെ സങ്കേതത്തിലൂടെ വിമര്‍ശനപരമായ അകലം കൈമോശം വരുത്തുന്ന കലയെയും, ആസാദിന്റെ സമീപനം മാറ്റിപ്പണിയുന്നു.
ലണ്ടനിലെ ഫോണ്‍ബൂത്തുകളിലെ കാള്‍ഗേളുകളുടെ പരസ്യങ്ങളിലെ അശ്ളീലത്തെ അലങ്കാരങ്ങള്‍  കൊണ്ട് വസ്തുവല്‍ക്കരിച്ച്, അതിലെ മാംസവും തൃഷ്ണയും മായ്ച്ചുകളയുന്ന വിധം ശ്രദ്ധേയമായ ഒരു കാന്‍വാസ് പരമ്പര അബുള്‍ ചെയ്തിട്ടുണ്ട്. ലൈംഗികോര്‍ജ്ജത്തിന്റെ വള്‍ഗര്‍ മാനിഫെസ്റ്റേഷനെ സുഖപ്പെടുത്തുകയാണ് ഇവിടെ.  മദര്‍ ഗോഡസസ് എന്നു പേരിട്ട പരമ്പര, അതിന്റെ മന:ശാസ്ത്രപരമായ പാഠങ്ങളില്‍, ബ്ളാക്ക് മദര്‍ പരമ്പരയുമായി  പാരസ്പര്യങ്ങള്‍ പങ്കുവെയ്ക്കുന്നതാണ്. ആത്മപീഡയും പരപീഡയുംതമ്മിലുള്ള പാരസ്പര്യങ്ങള്‍. പ്രാദേശിക ജീവിതത്തെയും മിത്തുകളെയും വ്യക്തി ചരിത്രത്തെയും തേടിയുള്ള അബുളിന്റെ ക്യമറയുടെ അന്വേഷണം അണ്‍ടച്ചബിള്‍ എന്ന പരമ്പരയ്ക്കും, പട്ടണം വീട് എന്ന പരമ്പരയ്ക്കും അടിസ്ഥാനമായി. പ്രാദേശിക സ്വത്വത്തിനും സാര്‍വ്വദേശീയമായ മനുഷ്യാസ്തിത്വത്തിനും ഇടയില്‍ സഞ്ചാരം നടത്തുന്ന ഇമേജുകളാണ് അബുളിന്റെ 2000 വരെയുള്ള ഫോട്ടോഗ്രഫിയുടെ പൊതുഭാവം.
ആനിമല്‍ എന്നു പേരിട്ട അബുളിന്റെ ഡിജിറ്റല്‍ ഫോട്ടോ പരമ്പര  മനുഷ്യന്റെ മനസ്സിന്റെ ടോടമിക് അവക്ഷിപ്തങ്ങളെയും, ടാബൂ നിറഞ്ഞ  ജീവിതക്രമങ്ങളുടെയും നിയാകമകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ആംഗലേയ കവി ആല്‍ഫ്രെഡ് ടെന്നിസന്റെ നിലാവെവെളിച്ചത്തില്‍ ഓരിയിടുന്ന തെരുവു നായയുടെ  സര്‍റിയല്‍ ഇമേജിനെ ഓര്‍മ്മിപ്പിക്കുന്ന നായ, അബോധത്തിന്റെ നിലാവില്‍ മേയുന്ന പന്നി, വെയില്‍ത്തണലിലെ നന്ദിനി, സിദ്ധാത്ഥനെ ഗര്‍ഭം ധരിച്ച മായയുടെ സ്വപ്നത്തിലെ ആന, പൌരാണികമായ ഒരു കോട്ടയുടെ പശ്ചാത്തലത്തില്‍ അയവെട്ടിക്കിടക്കുന്ന പോത്ത്, ഹൈവേ മധ്യേ ഇടഞ്ഞു നില്‍ക്കുന്ന കാളയുടെ രക്താഭ ചിന്തിയ കാന്‍വാസ്, മനുഷ്യന്റെ നിസ്സാഹായമായ കണ്ണുകളെ സ്ഫുരിപ്പിക്കുന്ന സിംഹപ്രതിമ എല്ലാം മനസ്സിലെ അബോധ കാമനയുടെയും ജന്തുപ്രകൃതിയുടെയും ഐക്കണുകള്‍ നിര്‍മ്മിക്കുന്നു. വിലക്കുകളുടെയും കുലചിഹ്നങ്ങളുടെയും ഇമേജറി തീര്‍ക്കുന്നു. ഡിജിറ്റല്‍ മീഡിയത്തിലൂടെ പരിചരണം നല്‍കിയ ഈ ഇമേജുകള്‍, വെര്‍ച്വല്‍ റിയാലിറ്റിയുടെ കാലത്തും മനുഷ്യനെ നയിക്കുന്ന പ്രാചീനമായ അബോധത്തിന്റെ ബലതന്ത്രത്തെ ആവിഷ്കരിക്കുന്നതാണ്.
മനസ്സിലെ മൃഗങ്ങളുടെ ഈ ഐകോണിക് ഇമേജറിയെ, ഇക്കൂട്ടത്തിലെത്തന്നെ മറ്റൊരു കാന്‍വാസ് കൊണ്ട് വളരെ സജീവമായ ഒരു സംവാദസ്ഥലിയാക്കി അബുള്‍ വികസിപ്പിച്ചിട്ടുണ്ട്.  പിഗ് ഇന്‍ മൈ റോസ് ഗാര്‍ഡന്‍ (എന്റെ പനനീര്‍തോട്ടത്തില്‍ പന്നി)
എന്ന് പ്രവാചകന്റേതായി പറയപ്പെടുന്ന ഒരു പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണത്രെ അബുള്‍ ഈ കാന്‍വാസ് ചെയ്തത്. സില്‍ക്കില്‍  റോസാപ്പൂവുകളുടെ അവ്യക്തമായ ഇമേജറിയും, ചിന്തിപ്പടര്‍ന്ന ചുവപ്പിന്റെ ശീലും കൊണ്ട് മനോഹരവും അമൂല്യവുമായ ഒരു നെയ്ത്തുഖണ്ഡമാണ് ഈ കാന്‍വാസ്. പന്നി കയറിയ പനനീര്‍പൂന്തോട്ടം. ഇമേജിനെയും ഐക്കണുകളെയും പരമാവധി തന്റെ വ്യവഹാരത്തില്‍ നിന്ന് ഒഴിവാക്കിയ പ്രവാചകന്റെ തത്വചിന്ത, യഥാര്‍ത്ഥത്തില്‍ ആദ്യകാല ബുദ്ധിസത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ബുദ്ധന്റെ ഇമേജ് ചിത്രീകരിക്കുന്നത് ആദ്യകാല ബുദ്ധിസത്തില്‍ നിരോധിക്കപ്പെട്ട ഒന്നാണ്. വളരെ നീണ്ട നൂറ്റാണ്ടുകളുടെ പരിവര്‍ത്തനങ്ങളിലൂടെയാണ് ബുദ്ധന്റെ ശില്‍പങ്ങളും വിഗ്രഹങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ ബനിയന്‍ ബുദ്ധ വിഗ്രഹങ്ങള്‍ ഈ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ബുദ്ധാകാരങ്ങളായിരുന്നു.
പക്ഷിമൃഗാദികള്‍ കുലചിഹ്നങ്ങളായി വരുന്ന മനുഷ്യന്റെ നരവംശശാസ്ത്രപരവും ഗോത്രപരവുമായ പരിണാമചരിത്രത്തെപ്പറ്റിയാണ് ആനിമല്‍ പരമ്പര പറയുന്നത്. അവ മതങ്ങളുടെ ചരിത്രത്തിലേക്കും, മതജീവിതം തീര്‍ക്കുന്ന സാംസ്കാരിക ജീവിതത്തിന്റെ എതിര്‍നിര്‍ത്തലുകളുടെ ബലതന്ത്രത്തിലേക്കും സഞ്ചരിക്കുന്നു. ബുദ്ധന്റെ മാതാവിന്റെ സ്വപ്നവും, ബുദ്ധ ഇമേജറിയില്‍ പ്രാധാന്യം കൈവരിക്കുന്ന മനുഷ്യന്റെ കണ്ണുകളില്‍ മാത്രം കണ്ടുപോരുന്ന ദൈന്യത സൂക്ഷിക്കുന്ന സിംഹവും, നന്ദിനിയുടെ ഇമേജും, നമ്മുടെ ഉള്ളിലെത്തന്നെ ഹൈവേ വിഹ്വലതയില്‍ ഇടഞ്ഞു നില്‍ക്കുന്ന കാളയും എല്ലാം നിറയുന്ന ഈ കാന്‍വാസുകള്‍; പ്രവാചകന്റെ സ്വപ്നത്തിലെ പനനീര്‍പൂന്താട്ടവുമായി ചേര്‍ത്തുവെയ്ക്കുക വഴി, മതചരിത്രങ്ങളുടെ പരിണാമവും സംഘര്‍ഷസ്ഥലികളും നരേറ്റു ചെയ്യുന്നു. കുരിശുയുദ്ധത്തെപ്പറ്റിയുള്ള പ്രവാചകന്റെ ഒരു ദു:സ്വപ്നമായിരിക്കാം ഈ കാന്‍വാസ്. ആധുനികതയിലേക്കും പരിഷ്കരണത്തിലേക്കും നവോത്ഥാനസംരഭങ്ങളിലേക്കും പടികയറിയ മനുഷ്യചരിത്രം അബോധത്തിലും ശുദ്ധീസങ്കല്‍പങ്ങളിലും ഭക്ഷണക്രമങ്ങളിലുമെല്ലാം ഈ ടോടമിക് കാലം ഇന്നും  പിന്തുടരുന്നതിനെപ്പറ്റിയുമുള്ള  നരേഷനാണ് ആനിമല്‍ പരമ്പര. പന്നിയും പശുവും നിരോധിത ഭക്ഷ്യവസ്തുവും വിശുദ്ധമൃഗവും, മതസമൂഹങ്ങള്‍ തമ്മിലുള്ള വ്യതിരിക്തതയുടെ കൊടിയടയാളമായിത്തീരുന്നതിന്റെ ഭാഷ്യങ്ങള്‍. നമ്മുടെ ഗോത്രജീവിതത്തിന്റെ ഭൂതകാലത്തേക്കും അത് അബോധത്തില്‍ ഇന്നും അവക്ഷിപ്തപ്പെടുത്തുന്ന ശുദ്ധാശുദ്ധ സങ്കല്‍പങ്ങളിലേക്കും ഇവിടെ ചിന്തകള്‍ സഞ്ചരിക്കുന്നു. അനലോഗ് ഇഷ്ടമാധ്യമമായ അബുള്‍ കലാം ആസാദ് ഈ പരമ്പരയെ ആവിഷ്കരിക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചത് സവിശേഷമായ അര്‍ത്ഥതലങ്ങളിലേക്കു നയിക്കുന്നു. ആധുനിക ജീവിതം രൂപപ്പെടുത്തുന്ന സാങ്കേതിവിദ്യ കൊണ്ട് മനസ്സിന്റെ അബോധങ്ങളിലേക്കു നടത്തുന്ന ഈ സഞ്ചാരം അബുള്‍ കലാം ആസാദിനെ ഇന്ത്യന്‍ ഫോട്ടോഗ്രഫിയുടെ സമകാലീന ചരിത്രത്തിന്റെ കണ്‍വെട്ടത്ത് പ്രതിഷ്ഠിക്കുന്നു. നമ്മുടെ കാലത്തെ വംശീയ സംഘര്‍ഷങ്ങളെയും സ്വത്വാസ്തിത്വ പ്രതിസന്ധിയുടെയും സങ്കീര്‍ണ്ണതകളിലേക്ക് അബുള്‍ കൂട്ടിക്കൊണ്ടുപോകുന്നു.


Published along with an interview with Abul Kalam Azad, in Student monthly.....see other articles and interview of and on Abul and his works in this blog....

അബോധത്തിലെ ജന്തുലോകം

അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച്

പി പി ഷാനവാസ്



അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫി കലയുടെയും സൌന്ദര്യശാസ്ത്രത്തിന്റെയും സൈദ്ധാന്തികവും തത്വചിന്താപരവുമായ ഉള്‍ക്കാഴ്ചകളിലേക്ക് നമ്മെ ഉണര്‍ത്തുന്നു. സൌന്ദര്യാത്മക മൂല്യനിര്‍ണ്ണയത്തിന്റെ  നിഷ്കളങ്കത അസാധ്യമാക്കുംവിധം പല തലത്തിലുള്ള ശക്തികള്‍ കലാരംഗത്ത് ഇന്ന് മേല്‍ക്കോയ്മ നാട്ടിയിട്ടുണ്ട്. കലാകാരന്‍ പരിവേഷനഷ്ടം സംഭവിച്ച പ്രാന്തീയനോ, സംസ്കാര വ്യവസായത്തിലെ കൂലിവേലക്കാരനോ ആയി മാറി. ആത്മാവില്‍ ആത്മഹത്യ ചെയ്ത കലയുടെ വര്‍ത്തമാനം.  ഈ സാഹചര്യത്തില്‍, തന്റെ സൌന്ദര്യപരമായ മാനദണ്ഡങ്ങളും, താന്‍ ആന്തരവല്‍ക്കരിച്ച സാമൂഹികമായ ഉല്‍കണ്ഠകളും കൊണ്ട് കലാലോകത്ത് അതിജീവിക്കാനാവുക എന്നത് സാഹസികമെന്നു കരുതേണ്ട ഗറില്ലാപ്രവര്‍ത്തനമാണ്. അങ്ങനെ, കലയെ ഒരു സംസ്കാര മൂലധനം എന്ന നിലയില്‍ കാണാതെ, മാനുഷിക മൂല്യങ്ങളുടെയും സാമൂഹിക ഉല്‍കണഠകളുടെയും പക്ഷത്ത് നിന്ന് നോക്കിക്കാണുന്ന കലാകാരന്‍, തന്റെ മാധ്യമത്തിന്റെ നിലനില്‍പിനെയും ഉപയോഗത്തെയും തന്നെ പ്രശ്നവല്‍ക്കരിക്കാന്‍ നിര്‍ബന്ധിതമായിത്തീരുന്നു. ഇത്തരമൊരു ആത്മാപഗ്രഥനത്തിലൂടെ മാത്രമേ കലയുടെ ബാക്കിനില്‍ക്കുന്ന നന്മകളെ കണ്ടെടുക്കാനാവൂ എന്ന് വരുന്നു. അബുള്‍ കലാം ആസാദ് തന്റെ മാധ്യമത്തിന്റെ സാധ്യതകളെ ഈ നിലയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍,  പ്രതിഛായാനിര്‍മ്മിതിയുടെയും അതിന്റെ ഉപയോഗങ്ങളുടെയും സൈദ്ധാന്തികവും രാഷ്ട്രീയവുമായ വശങ്ങള്‍ സ്വാഭാവികമായും ചര്‍ച്ചക്കു വരുന്നു.
 ഫോട്ടോഗ്രഫി  മേഖല തുടര്‍ന്നു പോരുന്ന പലതിനെയും  ശൈശവസഹജമായ ഒരു മനോഭാവത്തോടെ ആസാദ് അട്ടിമറിക്കുന്നുണ്ട്. പ്രത്യേകിച്ചും ആധുനിക വിവരവിനിമയ വിദ്യാവികാസം സൃഷ്ടിച്ച സാധ്യതകളുടെ മലവെള്ളപ്പാച്ചിലുകള്‍ ഉണ്ടാക്കുന്ന അനായാസതയും പൊങ്ങച്ചവും പളപളപ്പും വെല്ലുവിളിച്ചുകൊണ്ടുള്ള നിര്‍മ്മാണകൌശലമാണ് ആസാദിന്റേത്.  ഫോട്ടോഗ്രഫിയില്‍ നാം കണ്ടു ശീലിച്ച തെളിച്ചത്തെയും വെളിച്ചത്തെയും ക്രിസ്റ്റല്‍ ക്ളാരിറ്റിയെയും  ആസാദിന്റെ സൃഷ്ടികള്‍ മൂലക്കിരുത്തുന്നു. തീരെ വെളിച്ചം കുറഞ്ഞതും മങ്ങിമുഷിഞ്ഞുപോയതും അവ്യക്തമായി  നിഴലിച്ചുനില്‍ക്കുന്നതുമായ ഇമേജുകളുടെ ഈ ലോകം നമ്മുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും മാറ്റിത്തീര്‍ക്കുന്ന ചില ഉണ്മകളും ഉല്‍കണ്ഠകളും പങ്കുവെയ്ക്കുന്നു. ഡിവൈന്‍ ഫാക്കേഡ്, അമ്മദൈവങ്ങള്‍,  മാന്‍ വിത്ത് ടൂള്‍സ്, ആനിമല്‍ തുടങ്ങിയ ആസാദിന്റെ ഛായാപട പരമ്പരയിലെല്ലാം  വിവിധ പ്രമേയങ്ങള്‍ വിഷയമാക്കുമ്പോഴും, ഈ ഭാവം തന്നെയാണ് മുഴങ്ങി നില്‍ക്കുന്നത്. കോര്‍പറേറ്റ് ഫോട്ടോഗ്രഫിയുടെ മേല്‍ക്കോയ്മ നിലനില്‍ക്കുന്ന പരസ്യപ്പലകകളുടെയും പത്രഛായാപടങ്ങളുടെയും, മാനുഷിക മൂല്യങ്ങളെ മുക്കിക്കൊല്ലുന്ന തെളിച്ചത്തെയും വെളിച്ചത്തെയുമാണ് ആസാദ് തന്റെ ഫോട്ടോപ്രിന്റുകളില്‍ അപകടപ്പെടുത്തുന്നത്. തീരെ വെളിച്ചം കുറഞ്ഞ, വരകളും വര്‍ണ്ണങ്ങളും ചിത്രപ്പണികളും ഷെയ്ഡുകളും മായ്ക്കലുകളും കോറലുകളും തുന്നിച്ചേര്‍ക്കലുകളും നിറഞ്ഞ ഒരു നെയ്ത്തു ഖണ്ഡമായി ആസാദിന്റെ കാന്‍വാസ് പ്രിന്റുകള്‍ മാറിത്തീരുന്നത് ദീര്‍ഘിച്ച  നിര്‍മ്മാണ പരിചരണത്തിലൂടെയാണ്. ആസാദിന്റെ ഈ സമ്പ്രദായങ്ങളെ കുറിച്ചുള്ള സാമാന്യമായ ധാരണകള്‍ അദ്ദേഹത്തിന്റെ കലാപരവും രാഷ്ട്രീയവുമായ ഉദ്ദേശ്യങ്ങളെയും സമ്പ്രദായങ്ങളെയും, പട്ടണം കുടുംബത്തില്‍പെട്ട അയാളുടെ പാരമ്പര്യത്തിലെ കലാനിപുണതയെയും തിരിച്ചറിയുന്നതിനു സഹായിക്കും. അതിലൂടെ ആസാദ് അറിഞ്ഞോ അറിയാതെ ഉയര്‍ത്തുന്ന യാഥാര്‍ത്ഥ്യത്തെയും അതിന്റെ നിര്‍മ്മാണത്തെയും കുറിച്ചുള്ള സൈദ്ധാന്തികമായ പ്രശ്നങ്ങളും വെളിപ്പെടുന്നു. 
 നെഗറ്റീവില്‍ തന്നെ കോറലുകള്‍ ഇടുക, താന്‍ പകര്‍ത്തിയ ഇമേജിനെ വിവിധ മാനിപ്പുലേഷനിലൂടെ മാറ്റിത്തീര്‍ക്കുക, അതില്‍ മായ്ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും പോറലുകളും നടത്തുക; ഇതെല്ലാം ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ വളരെ വിചിത്രമായ ഒരു ശൈലിയിലാണ് ആസാദ് തന്റെ, ഫോട്ടോപ്രിന്റുകള്‍ തീര്‍ക്കുന്നത്. വിവിധ ഇമേജുകള്‍ ജക്സ്റ്റാപോസ് ചെയ്ത്, പകര്‍ത്തിയ പടത്തിന്റെ കേവലതയെയും പരാമൃഷ്ടതയെയും ഭേദിച്ച്, താന്‍ അന്വേഷിക്കുന്ന അര്‍ത്ഥത്തിലേക്കുള്ള പ്രയാണം. ഈ രീതി പല ചോദ്യങ്ങളും ഉന്നയിക്കുന്നു. ക്യാമറയുടെ, യാഥാര്‍ത്ഥ്യം പകര്‍ത്തുന്നതിലെ സ്വാഭാവികതയും നൈസര്‍ഗികതയും, അതിന്റെ നിഷ്കളങ്കമായ പകര്‍പ്പെടുപ്പും പരാമൃഷ്ടതയും, യഥാതഥ ചിത്രീകരണവും ഈ ശൈലിചോര്‍ത്തിക്കളയുന്നില്ലേ? ഫോട്ടോ പകര്‍ക്കലിന്റെ ഘട്ടം മുതല്‍ നെഗറ്റീവ് സൃഷ്ടി, അതിലെ കൈക്രിയകള്‍,  രാസപ്രക്രിയകള്‍, ഡിജിറ്റല്‍ മാനിപ്പുലേഷന്‍ എന്നിങ്ങനെ, ദീര്‍ഘവും പ്രയാസകരവുമായ ഘട്ടങ്ങളിലൂടെയാണ് താന്‍ ഉദ്ദേശിക്കുന്ന ഭാവനിര്‍മ്മാണത്തിലേക്ക് ആസാദ് പ്രവേശിക്കുന്നത്.   ഫോട്ടോഗ്രാഫുകള്‍ പോലെ യാഥാര്‍ത്ഥ്യത്തിന്റെ യഥാതഥമായ പ്രതിനിധാനത്തെ പരാമര്‍ശവിധേയമാക്കുന്ന ഒരു മാധ്യമത്തെ ഇത്തരം പ്രക്രിയകളിലൂടെ വലിച്ചിഴക്കുക വഴി പ്രതിഛായയുടെ ഏതു പകര്‍പ്പാണ്  യാഥാര്‍ത്ഥ്യത്തെ പരാമര്‍ശിക്കുന്നത് എന്ന ചോദ്യം വരുന്നു. അതായത് ക്യാമറ പകര്‍ത്തിയ ഛായയുടെ പകര്‍പ്പിന്റെ ഏതുഘട്ടത്തിലെ ഉല്‍പന്നമാണ് യഥാര്‍ത്ഥത്തില്‍ പരാമൃഷ്ട  യാഥാര്‍ത്ഥ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം. ക്യാമറയില്‍ പകര്‍ത്തപ്പെടുമ്പോള്‍, നെഗറ്റീവ് ആക്കി മാറ്റുമ്പോള്‍, അതിനെ പോസിറ്റീവ് ആക്കുമ്പോള്‍, സവിശേഷമായ രാസപ്രക്രിയക്ക് വിധേയമാക്കപ്പെടുമ്പോള്‍, അതില്‍ മറ്റ് മോട്ടീഫുകളുടെ തുന്നിച്ചേര്‍ക്കല്‍ നടക്കുമ്പോള്‍, പിന്നെ ഡിജിറ്റല്‍ മാനിപ്പുലേഷന്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ഇമേജ് പരാവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍  ഫോട്ടോഗ്രാഫിയുടെ നാം പരിചയിച്ചു ശീലിച്ച ഉപയോഗവും ആസ്വാദനവും തന്നെ ഇതാണോ എന്ന സംശയം ഉണ്ടാകുന്നു.
 ഈ ചോദ്യങ്ങള്‍ക്ക് ആസാദിന്റെ കാന്‍വാസുകള്‍ പ്രക്ഷേപിക്കുന്ന സൌന്ദര്യാത്മക മൂല്യങ്ങളും ഭാവസമ്പത്തും പ്രമേയകല്‍പനയും സര്‍വ്വോപരി രാഷ്ട്രീയ നിലപാടുകളും മറുപടി നല്‍കുന്നുണ്ട്. തന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് ആസാദ്  അന്വേഷിച്ചു ചെല്ലുകയാണ്്.  കാന്‍വാസ് പ്രിന്റില്‍ രൂപപ്പെടുന്ന ആസാദിന്റെ നിര്‍മ്മിതികള്‍  പലപ്പോഴും പെയിന്റിങ്ങുകള്‍ക്കു സമാനമാണ്. ഒരേവര്‍ണ്ണത്തിന്റെ ടോണില്‍ മുഷിഞ്ഞ വെളിച്ചത്തുണ്ടില്‍ പ്രകാശിക്കാന്‍ മടിച്ചുനില്‍ക്കുന്ന ദീപ്തി. നിലാവിന്റെയോ പോക്കുവെയിലിന്റെയോ മുഖദാവില്‍ നിലകൊള്ളുന്ന നിശ്ചലതകള്‍. യഥാതഥ്യവാദത്തിന്റെ പളപളച്ച സത്യം വിളമ്പുന്ന നുണകളെയാണ്, പ്രത്യയശാസ്ത്രത്തെയാണ് ആസാദ് ഇവിടെ പ്രശ്നവിധേയമാക്കുന്നത്. അങ്ങനെ യാഥാര്‍ത്ഥ്യത്തെയും യഥാതഥവാദത്തെയും സംബന്ധിച്ച സൌന്ദര്യശാസ്ത്രപരവും സൈദ്ധാന്തികവുമായ പ്രശ്നങ്ങളിലേക്ക് ഈ ചര്‍ച്ച  നീണ്ടു പോകുന്നു.

രണ്ട്

 ആസാദിന്റെ ഏറ്റവും പുതിയ കാന്‍വാസ് പ്രിന്റുകളുടെ ഒരു പരമ്പര കൊച്ചി ഇഷ്ക ഗാലറിയുടെ ഉദ്ഘാടന പ്രദര്‍ശമായി ഉണ്ടായിരുന്നു. ആനിമല്‍ എന്നാണ് പരമ്പരക്കു പേരിട്ടത്. യാഥാര്‍ത്ഥത്തിന്റെ സത്യം, പ്രതിഛായയുടെ യാഥാര്‍ത്ഥ്യം എന്ന അര്‍ത്ഥവത്തായ തലവാചകമാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്ത പ്രൊഫ. ആര്‍ നന്ദകുമാര്‍ നല്‍കിയ സ്ളോഗന്‍. സാമാന്യലോകത്ത് കണ്ടു പരിചയമുള്ള മൃഗങ്ങളാണ് പ്രധാന മോട്ടീഫായി കാന്‍വാസുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹൈവേയുടെ വിഹ്വലപ്പരപ്പില്‍ കൊമ്പുകള്‍ മുന്നോട്ടാഞ്ഞ് ദ്രഷ്ടാവിന്റെ നില്‍പ്പിനോട് ഇടഞ്ഞ് നില്‍ക്കുന്ന കാള, നിലാവിന്റെ പ്രേതാകാശത്തേക്ക് വായ്പ്പൊളിച്ച് നില്‍ക്കുന്ന നായ, സ്വപ്നതുല്യമായ കോള്‍നിലത്ത് മേയുന്ന പന്നി, ഒരാനയുടെ മുതുകിന്റെ തികച്ചും അവ്യക്തമാക്കിയ മേട്ടീഫിനെ സ്വപ്നാഭമാക്കുന്ന കാന്‍വാസ്, പൌരാണിക കോട്ടയുടെ വിദൂരമായ പശ്ചാത്തലത്തില്‍ പുല്‍മേടില്‍ അയവെട്ടി കിടക്കുന്ന പശു, ഇടഞ്ഞു നില്‍ക്കുന്ന എരുമ, സൌമ്യത മാത്രം പ്രക്ഷേപിക്കുന്ന കണ്ണുകള്‍ കൊണ്ട് നമ്മെ നിസ്സാഹമായെന്നവണ്ണം നോക്കുന്ന പച്ചനിറത്തിന്റെ ഏകതാനതയില്‍ കിടക്കുന്ന സിംഹം, ഒരു ചാന്ദ്രഗ്രഹണത്തിന്റെ അവ്യക്തതയും ദുരൂഹതയും പ്രക്ഷേപിക്കുന്ന കാന്‍വാസ്, വെയിലിന്റെ തണല്‍പാടുകളില്‍ മേയുന്ന നന്ദിനി, എണ്ണമറ്റ റോസാപുഷ്പങ്ങള്‍ വീണുകിടക്കുന്ന കാന്‍വാസിന്റെ ഖണ്ഡം. വലിപ്പത്തില്‍ തീര്‍ത്ത കാന്‍വാസുകള്‍ അബോധത്തിന്റെ നിലാപരപ്പുകള്‍ പ്രസരണം ചെയ്യുന്നു. സമൂഹത്തിന്റെ പ്രാഗ്ചരിത്രത്തിലെ ഗോത്രചിഹ്നത്തിന്റെ സൂചനകള്‍ എന്നവണ്ണം മന:ശാസ്ത്രാപഗ്രഥനത്തില്‍ പ്രാമുഖ്യം കൈവരിക്കുന്ന ഈ ടോടമിക് മൃഗങ്ങളുടെ മോട്ടീഫുകളുടെ ഭൂമിക മനസ്സിന്റെ അബോധത്തോട് സംവദിക്കുന്നു. സാര്‍വ്വലൌകികമായ മാനുഷ്യാസ്തിത്വം എന്ന നില്‍പ്പിനോട് പ്രതികരിച്ചുകൊണ്ട്, അതിന്റെ ഭുതായനങ്ങളെ പരാമൃഷ്ടമാക്കുന്നു. പരിഷ്കൃതമനുഷ്യന്റെ ഭാവങ്ങള്‍ക്കും പെരുമാറ്റരീതികള്‍ക്കും സാംസ്കാരിക നില്‍പ്പിനും അടിസ്ഥാനമായ അബോധത്തിലെ ടോടമിക് ശേഷിപ്പുകള്‍. പരിഷ്കൃത മനുഷ്യനെ പിന്നെയും പിന്നെയും പ്രാകൃതമെന്നു കരുതുന്ന ശത്രുതയിലേക്കും സ്പര്‍ധയിലേക്കും നയിക്കാന്‍ ഇടവരുത്തുന്ന സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍. ലോകമാകെ പടരുന്ന വംശീയവാദത്തിന്റെയും വംശീയകൂട്ടക്കൊലയുടെയും ഒക്കെ പശ്ചാത്തലത്തില്‍ ആണ് ഈ കാന്‍വാസ് പ്രിന്റുകള്‍ നമ്മോട് സംസാരിക്കുന്നത്. അതിലെ മൃഗങ്ങളുടെ മോട്ടീഫുകള്‍ നമ്മോട് ഇടഞ്ഞും സ്നേഹഭാഷണം ചെയ്തും വെറുപ്പിന്റെയും സ്നേഹത്തിന്റെയും അംഗലാവണ്യം പെയ്യിച്ചും നിലകൊള്ളുന്നു. മനുഷ്യമനസ്സിന്റെ വയലന്‍സിനെയും സ്നേഹാഭിമുഖ്യങ്ങളുടെയും അപരിഹാര്യമെന്നു തോന്നുന്ന വൈരുധ്യങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഭക്ഷ്യവസ്തു, കുലചിഹ്നം, വളര്‍ത്തുമൃഗങ്ങള്‍ എന്ന നിലയിലുള്ള സാമീപ്യം, വിശ്വാസത്തിന്റേയും വിലക്കുകളുടേയും സംസ്കാര നിര്‍ണ്ണയത്വം എന്നിങ്ങനെ, ഈ മോട്ടീഫുകള്‍ അത് ആവിഷ്കരിച്ച നിലാവിന്റേയോ പോക്കുവെയിലിന്റെയോ തണല്‍പരപ്പിന്റെയോ വിതാനത്തിന്റെ പാരസ്പര്യത്തിലൂടെ സംവദിക്കുന്നു. കാന്‍വാസുകള്‍ മിക്കവാറും ഒരൊറ്റ വര്‍ണ്ണത്തിന്റെ ചാരുതയിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഏകതാനമായ വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ച് അബോധത്തിന്റെ അവ്യക്തതയില്‍ നിന്ന് എഴുന്നുനില്‍ക്കുന്ന  നിലാഭൂമികയില്‍ മേയുകയും വിശ്രമിക്കുകയും ചെയ്യുന്ന മനുഷ്യന്റെ അബോധത്തിലെ ജന്തുലോകം. നിലാവിനെ അടയാളപ്പെടുത്തുന്ന ടോണും അതിന്റെ മോട്ടീഫ് എന്നവണ്ണം ഓരോ കാന്‍വാസിനെയും തുളച്ചു നില്‍ക്കുന്ന അമ്പിളിക്കലയും ചന്ദ്രബിംബവും. ഈ പശ്ചാത്തലത്തില്‍ നിറയുന്ന ജന്തുലോകം ആസാദിന്റെ ഫോട്ടോഗ്രഫിയുടെ തെരഞ്ഞെടുപ്പുകളെയും നിശ്ചയങ്ങളെയും നിര്‍ണ്ണയിച്ചതിന്റെ വ്യക്തിപരമായ തീര്‍പ്പുകള്‍ സംബന്ധിച്ചുള്ള അന്വേഷണം രസാവഹമായിരിക്കും.

മൂന്ന്

 ആസാദിന്റെ ലോകം തന്റെ പാരമ്പര്യത്തിന്റെയും, താന്‍ ജീവിക്കുന്ന പരിതസ്ഥിതി മുന്നോട്ടുവെയ്ക്കുന്ന ആധുനികതയുടെ സമകാലീനമായ ഉള്‍പ്പിരിവുകളും നിറഞ്ഞ ഒന്നാണ്. ദക്ഷിണേന്ത്യയുടെ സാംസ്കാരിക ഭൂമികയുടെ പാരമ്പര്യം ആസാദിന്റെ മോട്ടീഫുകളെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. മഹിഷാസുര മര്‍ദിനി, നന്ദിനി ശില്‍പങ്ങളുടെയും ബൌദ്ധ ശില്‍പ പാരമ്പര്യത്തിന്റേയും ഉറവകളും, തന്റെ കുടുംബത്തൊഴിലായ അലങ്കാര വസ്ത്രനെയ്ത്തിന്റെ  പാരമ്പര്യവുമെല്ലാം ആസാദിന്റെ കാന്‍വാസുകളിലെ പ്രമേയവും മോട്ടീഫും ബിംബനിര്‍മ്മിതികളും നിര്‍ണ്ണയിക്കുന്നതു കാണാം. കേരളത്തില്‍ മട്ടാഞ്ചേരിയില്‍ പ്രസിദ്ധമായ പ്രസിദ്ധമായ പട്ടണം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആസാദിന്റെ പ്രമേയ-ബിംബ കല്‍പനകള്‍ വൈയക്തികതയുടെ ഓര്‍മ്മച്ചെപ്പില്‍ നിന്ന് കടഞ്ഞെടുത്തതാണെങ്കിലും,ആ ഓര്‍മ്മകളുടെ ആര്‍ക്കൈവിനെ തീര്‍ക്കുന്ന സാമൂഹിക പരിസരത്തെപ്പറ്റി, കലാകാരന്‍ എന്ന നിലയിലുപരി ഒരു സാമൂഹ്യജീവി എന്ന നിലയില്‍, ആസാദ് തികഞ്ഞ ബോധ്യം പുലര്‍ത്തുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള ഈ പാരസ്പര്യം അവ്യക്തതയും സംശയാസ്പദിത്വവും കലര്‍ന്ന ഭാവത്തെ പ്രിന്റുകളില്‍ പകര്‍ത്തുന്നു. ഓര്‍മ്മയിലും അബോധത്തിലും അഭിരമിക്കാനുള്ള വ്യഗ്രത കൊണ്ട് വിഷാദമുഖിയായിത്തീര്‍ന്നിരിക്കുന്നു ആസാദിന്റെ ഫോട്ടോഗ്രഫുകള്‍. ഒരൊറ്റ വര്‍ണ്ണത്തിന്റെ മുഷിഞ്ഞ ബോധ്യങ്ങള്‍ പകരുന്ന കാന്‍വാസുകള്‍ മെലങ്കളിയുടെ ഭാവഗീതിക ചമയ്ക്കുന്നു. ഈ വിഷാദോന്മുഖത്വം  ആര്‍ നന്ദകുമാര്‍ ചൂണ്ടിക്കാണിക്കും പോലെ, സാമൂഹിക പ്രശ്നങ്ങളോടുള്ളള സംശയം കലര്‍ന്ന പാരസ്പര്യത്തിന്റെ ഉല്‍പന്നമാണെന്നു വരാം.
 മട്ടാഞ്ചേരിയുടെ കൊളോണിയല്‍ പൈതൃകത്തിന്റെ ശേഷിപ്പുകളോട് പല നിലയില്‍ പ്രതികരിച്ചുകൊണ്ടാണ് ആസാദിന്റെ പ്രമേയങ്ങള്‍ രൂപപ്പെടുന്നത്. സാര്‍വ്വദേശീയതയോടും സാര്‍വ്വലൌകിക മാനുഷികത എന്ന പരികല്‍പയോട് ഏറ്റുമുട്ടിക്കൊണ്ട് ആസാദിന്റെ ഫോട്ടോഗ്രഫി പ്രതിരോധസ്വഭാവമാര്‍ജ്ജിക്കുന്നത് പ്രാദേശികതയുടെ ഒരു പുരാവസ്തുവിജ്ഞാനീയത്തിലൂടെയാണ്. അങ്ങിനെ നമ്മുടെ കൊളോണിയല്‍ ആധുനികതയുടെ പൈതൃകത്തിന്റെ സങ്കീര്‍ണ്ണമായ കര്‍തൃനിര്‍മ്മിതിയോട് ആസാദ് പ്രതികരിക്കുന്നു. അധിനിവേശ ചരിത്രത്തിലൂടെ നമുക്ക് പകര്‍ന്നുകിട്ടിയ അനുകരണ ആധുനികതയെ പ്രശ്നവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആണ് ആസാദിന്റെ ഫോട്ടോഗ്രഫിയുടെ പൊതുസ്ഥലി. കേരളീയ ആധുനികതയുടെ പദ്ധതിയോട് പ്രതികരിച്ചുകൊണ്ട് പാരമ്പര്യ ഊര്‍ജജസ്രോതസ്സുകളില്‍ നിന്ന് ഉറവപൊട്ടിയ പരിഷ്കരണ വാദത്തിന്റെയും ബദല്‍ ആധുനികതയുടേയും വശങ്ങള്‍ ഛായാപടനിര്‍മ്മാണത്തിന്റെ പ്രമേയകല്‍പനകളായി  കടന്നു വരുന്നു.
 കേരളീയ നവോത്ഥാനത്തിന്റെ മുഖ്യധാരാചരിത്രം പ്രാന്തവല്‍ക്കരിച്ച പ്രാത:സ്മരണീയനായ സനാവുള്ള മക്തി തങ്ങളുടെ മട്ടാഞ്ചേരിയിലെ കബറിടം ആസാദ് പകര്‍ത്തിയിട്ടുണ്ട്. മഹാനായ ശ്രീനാരായണ ഗുരുവും നടരാജഗുരുവും കുമാരനാശാനും രാജനും സ്വന്തം കുടുംബവും സ്വകാര്യനിമിഷങ്ങളും പ്രാദേശിക ജനനായകരും കലാകാരന്മാരും എല്ലാം നിറഞ്ഞു കവിയുന്ന പ്രിന്റുകള്‍. ഗാന്ധിസത്തെക്കുറിച്ചും ഇന്ദിരാഗാന്ധിയെക്കുറിച്ചുമൊക്കെയുള്ള തന്റെ വായനകള്‍. പട്ടണം വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍. കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും അതുവഴി കേരളത്തിന്റെയും പ്രാദേശിക ചരിത്രത്തിലൂടെയുള്ള മിന്നലാട്ടങ്ങള്‍. നാരായണഗുരുവിന്റെയും ഗാന്ധിയുടേയും സ്റ്റാലിന്റേയും ചുമര്‍ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടാഞ്ഞു നില്‍ക്കുന്ന കേരളീയ ഇതിഹാസ നായകന്റെ ചിത്രം ആസാദിന്റെ ശേഖരത്തിലുണ്ട്. കേരളത്തിന്റെ ആദ്യകമ്മ്യൂണിസ്റ്റ് എന്നു വിശേഷണമുള്ള പി കൃഷ്ണപിള്ളയുടെ ജീവനുള്ള ഒരു ഛായാപടം തെളിഞ്ഞ് മുന്നില്‍ വന്നു നില്‍ക്കുന്ന കാന്‍വാസ്.
 നമ്മുടെ ശ്രീനാരായണീയ പാരമ്പര്യത്തിലെ നവോത്ഥാനത്തിന്റെ ഉപലബ്ധികളെ വിമര്‍ശനാത്മകമായി അന്വേഷിക്കുന്ന ഒരു പരമ്പരയാണ് മാന്‍ വിത്ത് ടൂള്‍സ്. കേരളത്തിന്റെ ജാതിസമൂഹങ്ങളുടെ തൊഴില്‍പരമായ അടിസ്ഥാനങ്ങളിലേക്ക് മിഴിതുറന്നുവെയ്ക്കുന്ന പരമ്പരയിലെ കാന്‍വാസ് പ്രിന്റുകള്‍ ശക്തിമത്തായ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ചരിത്രവല്‍ക്കരണമാണ്. തന്റെ പണിയായുധങ്ങളുമായി പോസ് ചെയ്ത നിലയില്‍ ക്യാമറക്കണ്ണിലേക്ക് തുറിച്ചുനോക്കി നില്‍ക്കുന്ന പുലയന്റെയും ഈഴവന്റെയും പ്രതിനിധാനങ്ങളുടെ കാന്‍വാസുകള്‍. ജാതിസമ്പ്രദായത്തിന്റെ ശ്രേണീവ്യവസ്ഥയില്‍ ഈ മനുഷ്യരുടെ നിലനില്‍പ്പിന്റെ പ്രത്യയശാസ്ത്രബദ്ധമായ അസ്തിത്വത്തെ പരാമര്‍ശിക്കുമ്പോഴും, അത്തരമൊരു പ്രത്യയശാസ്ത്രവല്‍ക്കരണത്തിലേക്കു നയിച്ച സാമൂഹിക വര്‍ഗീകരണത്തിലേക്കാണ്, തൊഴില്‍പരമായ സാമൂഹികതയിലേക്കാണ് ആസാദിന്റെ ഈ പരമ്പരയിലെ ഛായാപടങ്ങള്‍ വെളിച്ചം വീശുന്നത്. 
 ജാതിയോടുള്ള നമ്മുടെ നവോത്ഥാനത്തിന്റെ സംസ്കൃതവല്‍ക്കരണത്തിനും ആംഗലേയവല്‍ക്കരണത്തിനും വിധേയമാക്കപ്പെട്ട സമീപനങ്ങള്‍ ആണ് ഇവിടെ പ്രശ്നവല്‍ക്കരിക്കുന്നത്. ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ ശ്രേണീവല്‍ക്കരണം സൃഷ്ടിച്ച പീഡിതാവസ്ഥകളോട് പ്രതികരിച്ചുകൊണ്ടാണല്ലോ അയ്യങ്കാളിയുടേയും ശ്രീനാരായണന്റെയും പ്രസ്ഥാനങ്ങള്‍ നമ്മുടെ നവോത്ഥാന പൈതൃകത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. അത് ജാതിവിരുദ്ധമായപ്പോള്‍ തന്നെ അപകര്‍ഷത ഉള്ളില്‍ അടിച്ചമര്‍ത്തിയ ഒരു നവോത്ഥാന കര്‍തൃത്വത്തെ നിര്‍മ്മിക്കുകയുണ്ടായി. ജാതിയുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ തന്നെ തങ്ങളുടെ സാംസ്കാരിക ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും, അതേസമയം,  ആ ശ്രേണീവ്യവസ്ഥയിലൂടെ വിഹരിക്കുന്ന അധികാര പ്രയോഗത്തോട് വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്യുന്ന  സമുദായികാവബോധത്തിലാണ് ഈ പുതിയ കര്‍തൃത്വം അഭയം കണ്ടെത്തിയത്. ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട ജാതീയാസ്തിത്വം പല സങ്കീര്‍ണ്ണതകളെയും പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് ഇന്നും കര്‍തൃകേന്ദ്രത്തില്‍ നിലകൊളളുന്നു. തൊഴില്‍പരമായ അസ്തിത്വമാണ് ജാതിയുടെ ഉറവിടമായി ഗണിക്കപ്പെടുന്നതെങ്കിലും, ആധുനികവല്‍ക്കരണത്തിലൂടെ ജാതിസ്വത്വത്തിന് ഒരു പരിധിവരെ തൊഴില്‍പരമായ ഈ അടിത്തറ നഷ്ടപ്പെടുന്നു. എന്നാല്‍, ഉപരിഘടനയില്‍ കര്‍തൃസങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചുകൊണ്ട് ജാതിപരമായ സ്വത്വരൂപങ്ങള്‍ നൈരന്തര്യം പുലര്‍ത്തുകയും ചെയ്യുന്നു. അങ്ങിനെ, കൊളോണിയല്‍ ആധുനികതയില്‍ നിന്ന് സങ്കല്‍പനങ്ങള്‍ പിന്‍പറ്റിക്കൊണ്ട് വളര്‍ന്ന നമ്മുടെ സംസ്കൃതവല്‍കൃത നവോത്ഥാന പൈതൃകത്തിന്റെ മരണമുനമ്പാണ് മാന്‍ വിത്ത് ടൂള്‍സ് എന്ന പരമ്പരയില്‍ അവതരിപ്പിക്കുന്ന ചേകവന്റെ ഛായാപടം. ഗോള്‍വാള്‍ക്കറുടെയും മറ്റ് ഹിന്ദുത്വവക്താക്കളുടെയും ഛായാപടങ്ങളുടെ താഴെ കായബലത്താലും നിര്‍വ്വികാരമായ പേശീബലമുഖപ്പോടെയും കൂസലന്യേ ഇരിക്കുന്ന ഈ പുതിയ 'പുരുഷന്‍' തന്റെ ആയുധമായി കണ്ടെത്തുന്നത് ഈ ചുമര്‍ചിത്രത്തില്‍ മാലയിട്ട് അലങ്കരിച്ചു വെച്ചിരിക്കുന്ന ഗുരുക്കന്മാര്‍ പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ്. നമ്മുടെ കൊളോണിയല്‍ ആധുനിതയുടെ ഈ മരണമുനമ്പിനെയും അതിലേക്ക് നയിച്ച സാമൂഹിക വിന്യാസക്രമങ്ങളെയും ആസാദ് തന്റെ പരമ്പരയില്‍ പ്രശ്നവല്‍ക്കരിക്കുന്നു.