Tuesday, November 30, 2010

ഒരു മിഹ്റാജ് രാവിന്റെ ഓര്‍മ്മയ്ക്ക്..

ഒരു മിഹ്റാജ് രാവിന്റെ ഓര്‍മ്മയ്ക്ക്..



പി പി ഷാനവാസ്

റാം നന്ദകുമാറിന് ദില്ലിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സില്‍ പ്രൊഫര്‍ഷിപ്പ് ലഭിച്ചതിന്റെ സന്തോഷം പങ്കിടാന്‍ സ്റ്റാച്യു ജങ്ഷനില്‍ കണ്ടുമുട്ടിയപ്പോഴാണ്, ചിത്രകാരന്‍ പത്മശ്രീ ഗുലാം മുഹമ്മദ് ഷെയ്ഖ് പിറ്റേന്ന് കൊച്ചിയില്‍ വരുന്ന കാര്യം അറിഞ്ഞത്. ബറോഡാകാലത്ത് നന്ദകുമാറിന്റെ ചിന്താലോകത്തെ രുപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുകാരനായ ഷെയ്ഖ് കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ്മ പുരസ്കാരം ഏറ്റുവാങ്ങാനാണ്  എത്തുന്നത്.  വളരെനാളിനു ശേഷം നന്ദകുമാറുമായി കണ്ടുമുട്ടിയ ആ ദിവസം  തന്നെ ഷെയ്ഖിന്റെയും നന്ദകുമാറിന്റെയുമെല്ലാം ഗുരുസ്ഥാനീയനായ, ഇന്ത്യന്‍ കലാരംഗത്തെ പിതൃതുല്യനായ ചിത്രകാരനും കലാചിന്തകനുമായ കെ ജി സുബ്രഹ്മണ്യന്റെ പുതിയ വര്‍ക്കുകളുടെ ഷോ കല്‍ക്കത്തയില്‍ അന്ന് ഉദ്ഘാടനം നടക്കുകയാണ്. അവിടെ നിന്നുള്ള ഒരു കോള്‍ അറ്റന്റ് ചെയ്ത്  നന്ദകുമാര്‍ അക്കാര്യം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന്റെ ചര്‍ച്ചകള്‍ ദേശീയതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മാറ്റങ്ങളുടെ കാറ്റ് കലാകാരന്‍ വേഗത്തില്‍ പിടിച്ചെടുക്കുന്നു എന്നു പറയാറുണ്ട്. നന്ദകുമാറിന്റെ ദില്ലിയിലേക്കുള്ള കൂടുമാറ്റവും, ഷെയ്ഖിന്റെ കൊച്ചി സന്ദര്‍ശനവും, സുബ്രഹ്മണ്യന്റെ കൊല്‍ക്കത്ത പ്രദര്‍ശനവുമെല്ലാം ഇത്തരമൊരു സന്ധി പങ്കിടുന്നതായി ഞാന്‍ കരുതി.
ചോറ്റാനിക്കരയിലെ ബൊമ്മക്കൊലു
അങ്ങിനെയാണ് കൊച്ചിയിലേക്ക് പെട്ടൊന്ന് യാത്രക്കൊരുങ്ങിയത്. ഇന്ത്യയിലെ ആര്‍ട് ഫോട്ടോഗ്രഫറില്‍ പ്രമുഖനായ  മട്ടാഞ്ചേരിയിലെ അബുള്‍ കലാം ആസാദിന്റെ സ്റ്റുഡിയോവിലെത്തി ആസാദുമൊത്ത് ഷെയ്ഖിനെ കാണാന്‍ പോകാനായിരുന്നു പ്ളാന്‍. സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി ഇറങ്ങി നടക്കുമ്പോള്‍, എറണാംകുളത്തെ ചോരവര്‍ണ്ണത്തിലുള്ള സിറ്റിബസുകളില്‍ ചിലത് ചോറ്റാനിക്കരയിലേക്ക് പോകുന്നതു കണ്ടു. പരമ്പരാഗത വിശ്വാസത്തിലെ മനോരോഗ ചികിത്സക്കു പേരുകേട്ട ചോറ്റാനിക്കര കാണാന്‍ കുറേ നാളായി മനസ്സില്‍ കരുതിയതാണ്. സമയം ധാരാളമുണ്ട്. അര മണിക്കൂര്‍ യാത്രക്കൊടുവില്‍ ചോറ്റാനിക്കര ഗ്രാമത്തിലെത്തി. നവരാത്രിയുടെ സമയമായതിനാല്‍ അമ്പലത്തിലെ സരസ്വതീ മണ്ഡപത്തില്‍ ഗായകരുടെ അര്‍ച്ചനാലാപനം കേള്‍ക്കാം. വഴിയിലൊക്കെ മന്ത്രച്ചരടകളും കോലങ്ങളും വില്‍ക്കുന്ന സ്ത്രീകള്‍. വിശാലമായ പന്തല്‍ കടന്നു പടികയറി. അമ്പലത്തിന്റെ വലതു ഭാഗത്ത്  ശ്രീമൂലസ്ഥാനത്തിനു പിന്‍വശത്തായി പ്രതിഷ്ഠയുള്ള ശിവലിംഗത്തില്‍ പുരോഹിതര്‍ പൂമാല ചാര്‍ത്തുകയാണ്. കൊട്ടും കുരവയും വാദ്യവും. ആ താളമേളങ്ങളില്‍ ഉറഞ്ഞു തുള്ളുന്നവര്‍. നാഗത്തെപ്പോലെ തറയില്‍ കിടന്ന് ഇഴയുന്ന പെണ്‍കുട്ടി. ദേവിയുടെ സ്വരൂപത്തില്‍ അമ്പലം ചുറ്റുന്ന സ്ത്രീ. എല്ലാം മനസ്സിനെ ബാധിക്കുന്ന കാഴ്ചകള്‍. ശ്രീകോവിലിന്റെ നടയടക്കാന്‍ പോകുന്നു, വേഗം കടന്നോളൂ എന്ന് കാവല്‍ക്കാരന്‍ സ്വാഗതം ചെയ്തു. എന്നെക്കണ്ടാല്‍ അന്ന് ഒരു മനോരോഗിയുടെ എല്ലാ ലക്ഷണവുമുണ്ട്. ചുകന്ന കരയുള്ള ബാഗ് താഴെ വെച്ച് എല്ലാ അസുഖങ്ങളും മാറ്റിത്തരണേ എന്ന് പ്രാര്‍ത്ഥിച്ച് ദീര്‍ഘമായി തൊഴുതു. കീഴേക്കാവിലെ കുരുതിനിലം കാണാന്‍ പടികളിറങ്ങി. കുരുതിച്ചോര വീണ് തണുത്തുറഞ്ഞ മണ്ണ്. മസ്തിഷ്കത്തിന്റെ പെരുപ്പുകള്‍ മാറ്റാന്‍ ആണികള്‍ അടിച്ചുകയറ്റുന്നതിന്റെ പ്രതീകമെന്നവണ്ണം അവിടുത്തെ ആല്‍മരത്തില്‍ നിറയെ ആണികളും കോലങ്ങളും. ആല്‍മരം കണ്ടാല്‍ ബൊമ്മക്കൊലു ഒരുക്കിയതാണെന്നു തോന്നും. ഇതെല്ലാം കണ്ടും നമസ്കരിച്ചും മടങ്ങുമ്പോള്‍ ആയിടെ മനസ്സിനെ ബാധിച്ചിരുന്ന വേവലാതികള്‍ കൂടൊഴിഞ്ഞ് പോകുംപോലെ തോന്നി. പുറത്ത് പന്തലിലെ സ്റ്റാളിലെ പെണ്‍കുട്ടിയില്‍ നിന്ന് ഒരു തുളസിമാല. നാരായണഗുരുവിന്റെ ആത്മോപദേശശതകത്തിന്റെ കോപ്പികളില്‍ കണ്ണുടക്കി. പതിനഞ്ചു രൂപ വിലയുള്ള കുഞ്ചന്‍ നമ്പ്യാരുടെ ശിവപുരാണം വാങ്ങി. ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ സരസ്വതീ മണ്ഡപത്തില്‍ നിന്ന് മധുരമായ ഒരു ശാരീരം പിന്തുടര്‍ന്നു.


സൂഫ്യപുണ്യാള റബിയ

ഉച്ചയോടെ ആസാദിന്റെ സ്റ്റുഡിയോവില്‍. ആദി റഹ്മാനും മകന്‍ നാരായണന്‍ റഹ്മാനും ബന്ധുവിന്റെ കല്ല്യാണം കൂടാന്‍ സ്വദേശമായ ഇസ്രായേലിലാണ്. അബുള്‍ സ്റ്റുഡിയോവില്‍ ഒറ്റക്ക്.  സ്റ്റുഡിയോ ഗാലറിയുടെ ചുമരില്‍ ആസാദ് ചെയ്യുവാനുദ്ദേശിക്കുന്ന മൂന്നു വര്‍ക്കുകളുടെ പ്രോടോടൈപ്പായ പെയിന്റിങ്ങുകള്‍. ഫോട്ടോഗ്രഫിയാണ് ണ് അടിസ്ഥാന മാധ്യമമെങ്കിലും ആസാദിന്റെ വര്‍ക്കുകള്‍ ചിത്രകലയ്ക്കും ഫോട്ടോഗ്രഫിക്കും ഇടയിലെവിടെയോ ആണ് ഇരുപ്പുറപ്പിക്കുന്നത്. ഇന്ത്യന്‍ ഫോട്ടോഗ്രഫിയില്‍ അധികമാരും പരീക്ഷിക്കാത്ത ഒരു സ്പേസിലാണ് അബുളിന്റെ കലാപ്രവര്‍ത്തനം. പുതിയ കാന്‍വാസുകളിലെ വിഷയം സമകാലീനമാണ്. ബോംബുകള്‍ പൊട്ടുന്നുണ്ട് എന്ന് കാന്‍വാസുകളിലൊന്നില്‍ കുറിച്ചിട്ടിട്ടുണ്ട്. മറ്റൊരു കാന്‍വാസില്‍ ബീജഗണിതാക്ഷരങ്ങളും മയിലും മിനാരവും. ഒന്നില്‍ പ്രസിദ്ധ സൂഫിവര്യ റബിയയെയാണ് താന്‍ ചിത്രീകരിച്ചത് എന്ന് ആസാദ് പറഞ്ഞു. സ്വര്‍ഗ്ഗത്തിലുള്ള പ്രതിഫലത്തിനും നരകശിക്ഷയില്‍ നിന്നുള്ള രക്ഷയ്ക്കും പണിപ്പെട്ട വിശ്വാസികളുടെ പൊള്ളയായ ജീവിതത്തിനു നേര്‍ക്ക് കയര്‍ത്ത സൂഫിതത്വചിന്തകയായിരുന്നു റബിയ. സ്വര്‍ഗ്ഗത്തിന് തീകൊടുക്കാന്‍ ഒരു കയ്യില്‍ തീയും നരകത്തിനെ ശമിപ്പിക്കാന്‍ മറുകയ്യില്‍ വെള്ളവും കൊണ്ടു നടന്ന അവര്‍ക്ക് സൂഫിപുണ്യാളചരിത്രത്തില്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ സ്ഥാനമുണ്ട്. ചോറ്റാനിക്കര ദേവിക്ക് പേര്‍ഷ്യയില്‍ നിന്ന് പകരക്കാരി. റബിയയെ അബുള്‍ കോറിയിട്ടത് കണ്ട് ശരിക്കും അമ്പരന്നു. ഞാന്‍ എവിടെ നിന്നാണ് വരുന്നത് എന്നത് അവന്‍ ആന്റിസിപേറ്റ് ചെയ്ത പോലെയാണ് വന്നയുടനെ റബിയയുടെ ചിത്രസൂചനയിലേക്ക്  ക്ഷണിച്ചത്. ആദിക്കും കുഞ്ഞിനും ഇസ്രായേലില്‍ നിന്നും തിരികെയെത്താനുള്ള വിസ കിട്ടാന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നുള്ള തടസ്സങ്ങളെക്കുറിച്ച് അവന്‍ പറഞ്ഞു. അഭ്യന്തര മന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ഇതു സംബന്ധിച്ച ഹര്‍ജികള്‍ കൊടുക്കാം എന്നു ഞാനേറ്റു.
മട്ടാഞ്ചേരിയിലെ ജുതത്തെരുവിനടുത്തെ ഹോട്ടലില്‍ നിന്ന് മീന്‍കറിയും കൂട്ടിയുള്ള ഊണ്. വൈകീട്ട് ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് ബോട്ടു പിടിച്ച് എറണാംകുളം ദര്‍ബാര്‍ ഹാളിലേക്ക്. പെരുന്നാളിന്റെ മൂന്നാംപിറയാണ്. ദര്‍ബാര്‍ ഹാളിന്റെ മുറ്റത്തെ ആകാശത്ത് അമ്പിളിക്കല വിഷാദമുഖിയായി  നിന്നു. പുരസ്കാരം സമ്മാനിക്കാന്‍ മന്ത്രിയെത്താനുള്ള നീണ്ട കാത്തിരിപ്പാണ്. അതിനിടെ ഗുലാം ഷെയ്ഖിനെക്കുറിച്ച് നന്ദകുമാര്‍ ദൂരദര്‍ശനുവേണ്ടി ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനം. അതില്‍ പ്രസിദ്ധ കലാനിരൂപക ഗീതാകപൂര്‍ ഷെയ്ഖിന്റെ കലയെയും അധ്യാപനജീവിതത്തെയും കുറിച്ച് കവിത തുളുമ്പുന്ന ആംഗലേയത്തില്‍ സംസാരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ആതിഥേയര്‍ എത്തിക്കണ്ടില്ല. ഗുലാം ഷെയ്ഖിനെപ്പോലുള്ള ഒരു കലാകാരനെ ഇത്ര നേരം കാത്തു നിര്‍ത്താനുള്ള മലയാളിയുടെ ഔദ്ധത്യത്തില്‍ ഇത്തിരി പ്രതിഷേധവുമായി ഞങ്ങള്‍ സ്ഥലം വിട്ടു. മദ്യശാലയിലെ അടിയോളമെത്തുന്ന കൊടിയ തര്‍ക്കങ്ങളും,കൊച്ചിയില്‍ പലര്‍ക്കും ഗുരുതുല്യനായ ഫോട്ടോഗ്രാഫര്‍ രാമേട്ടനും, അദ്ദേഹം ബഹളങ്ങള്‍ ശമിക്കാന്‍ പാടിയ ബല്ലാര്‍ഡും.ഷെയ്ഖ്ഭായിയെ മറന്ന് അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ മട്ടാഞ്ചേരിയിലേക്കു മടങ്ങി. തന്റെ അനാഥമായ ഒരു രാത്രിയില്‍ മട്ടാഞ്ചേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സൂഫ്യവര്യന്‍ ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെയും പിതാവിന്റെ കബറിടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യവെ മരണപ്പെട്ട പൊന്നുമകള്‍ സൈനബയുടെയും കബറിടങ്ങള്‍ ഒരുക്കിയ മഖാമില്‍ ഒരു രാത്രി ഏറെ നേരം ചെലവഴിച്ച കഥ അബുള്‍ എന്നോടു പറഞ്ഞു. മട്ടാഞ്ചേരിയിലെ മിസ്റ്റിക് രാത്രികള്‍. ഷെയ്ഖിനെ കാണാന്‍ കഴിയാത്ത നിരാശയുമായി, ആദി റഹ്മാന്റെ വിസക്കാര്യങ്ങളുടെ പരാതി നിറച്ച ഹര്‍ജികളുമായി തിരുവനന്തപുരത്തിനു മടങ്ങി.


ഷീഷെക്കിന്റെ ഇവാന്‍ജലിസം

കൊച്ചി ജീവിതം പിന്നെയും വിളിച്ചു. സ്ളാവോജ് ഷീഷെക്കിന്റെ വരവിനു മുന്നോടിയായി നടന്ന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍. അതുകഴിഞ്ഞ് ഷീഷെക്കിന്റെ  ഇവാന്‍ജലിസം നിറഞ്ഞുനിന്ന പ്രഭാഷണം കേള്‍ക്കാന്‍. ഇടതുപക്ഷം തകരുകയാണോ എന്ന ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങളുമായി കൊച്ചി ലെറേറഴ്സ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ സെമിനാര്‍. ഉദ്ഘാടനം ചെയ്ത ദളിത് കവി സി. അയ്യപ്പന്റെ പ്രസംഗം ഒരു വിസമ്മതപ്രകടനമായിരുന്നു. എന്തെല്ലാം പരാധീനതകള്‍ നേരിടുന്നുവെങ്കിലും മര്‍ദിതരും പീഡിതരുമായ ജനതയ്ക്ക് ഇടതുപക്ഷം തന്നെയാണ് ഇന്നും ആശ്രയമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ചോദ്യങ്ങളെല്ലാം ഇടതുപക്ഷത്തിനേയും മാര്‍കിസ്സത്തിനേയും നേരെ വിരല്‍ ചൂണ്ടുന്നതാണ്. അതെന്തായാലും, അപനിര്‍മ്മിക്കുന്നവര്‍ക്ക് പുന:സൃഷ്ടി നടത്താനും ബാധ്യതയുണ്ട്, അദ്ദേഹം പറഞ്ഞു. വൈകീട്ട് ഫോട്ടോഗ്രഫറും സഹ്മതിന്റെ പ്രവര്‍ത്തകനുമായ റാം റഹ്മാന്‍ അവതരിപ്പിച്ച, വ്യഖ്യാത ഫോട്ടോഗ്രഫര്‍ സുനില്‍ ജനയുടെ ക്യാമറക്കണ്ണിലൂടെ, കമ്മ്യൂണ്‍ കാലം മുതലുള്ള കമ്മ്യൂണിസ്റ്റ് ഭൂതകാലത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍. ഇന്ത്യയുടെ നാല്‍പതുകളും അമ്പതുകളും ജനയുടെ ഫോട്ടോഗ്രഫിയിലൂടെ. സദസ്സ് വീര്‍പ്പടക്കിയാണ് ആ ദൃശ്യങ്ങളില്‍ മിഴിനട്ടത്.
നേരത്തെ ഉച്ചയൂണിന് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഞങ്ങളോടൊത്താണ് റാംറഹ്മാന്‍ ചെലവിട്ടത്. ആസാദിന്റെയും ആദി റഹ്മാന്റെയും കൂടെ ഒരു പത്രപ്രവര്‍ത്തക സാന്നിധ്യമായി ഞാനും. മുകള്‍ നിലയിലെ വീഞ്ഞുശാലയില്‍ നിന്ന് പഴച്ചാര്‍ നുകര്‍ന്ന് ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി കാത്തിരുന്നു. അവിടെ ചുമരില്‍, നടന്‍ സുകുമാരന്റെ ചിത്രണമുള്ള, അഹിംസ എന്ന സിനിമയുടെ  അക്കാലത്തെ പോസ്റ്റര്‍ പകര്‍ത്തിയ ആസാദിന്റെ കാന്‍വാസ്  തൂക്കിയിട്ടിട്ടുണ്ട്. സുകുമാരന്റെ മകന്‍ പ്രിത്വിരാജ് അതിന് ലക്ഷങ്ങള്‍ വില പറഞ്ഞത്രെ. അഹിംസ സിനിമയുടെ ആ പോസ്റ്ററിന്റെ ഫോട്ടോ കാന്‍വാസ് കേരളത്തിന്റെ ദൃശ്യവേദ്യതയുടെ ഒരു കാലഘട്ടം പറഞ്ഞു തരുന്നു.
താഴെ നിലയില്‍ റഹ്മാന് നല്‍കിയ വിരുന്നിന്റെ സമീപത്ത് സംവിധായിക മീരാനായരും സംഘവും ഉച്ചഭക്ഷണം പങ്കിടുന്നുണ്ടായിരുന്നു. ഹോട്ടലുടമയുടെ സൌഹാര്‍ദ്ദങ്ങള്‍. കൊല്ലത്തെ തങ്ങളുടെ സ്ഥാപനത്തെപ്പറ്റി പറഞ്ഞ കൂട്ടത്തില്‍ ആ വിദേശിയായ മധ്യവയസ്കന്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടിയുടെ ബേബി ജോണിനെപ്പറ്റിയും സംസാരിക്കുന്നതു കണ്ട് ഞാന്‍ അത്ഭുതം കൂറി.
റാം റഹ്മാന്റെ ഊഴം പിന്നിട്ട്, പിറ്റേന്നാണ് ഷീഷെക്കിന്റെ പ്രകടനം. ക്രിസ്തു പാരമ്പര്യത്തില്‍ നിന്നുള്ള ഒരു പ്രവാചകനെപ്പോലെ സമകാലീന ലോകസാഹചര്യത്തില്‍ ലെനിനിസത്തെ പുനരാനയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപൂര്‍വ്വമായ ഊര്‍ജജസ്വലത. മുന്‍വാതിലിലൂടെ  ഇന്ന് പുറത്താക്കിയാലും അടുത്ത തവണ ജാലകവാതിലിലൂടെ നിങ്ങളെ കാണാന്‍ വീണ്ടും വരുമെന്ന് പറഞ്ഞാണ് 130 മിനുട്ട് നീണ്ട ദീര്‍ഘഭാഷണം അദ്ദേഹം നിര്‍ത്തിയത്. ഷീഷെക്കിന്റെ കൈപ്പടം വാങ്ങാനെന്ന മട്ടില്‍ പ്രസംഗം കഴിഞ്ഞ്  അടുത്തു ചെന്നു. ഒപ്പം ഇ മെയില്‍ വിലാസവും ചാര്‍ത്തി, മുകളില്‍ ഹിറ്റ്ലര്‍ എന്നോ സ്റ്റാന്‍ലിന്‍ എന്നോ തന്റെ പേരിനു പകരംഎഴുതിക്കോളൂ എന്ന് സ്വതസിദ്ധമായ ഹാസ്യത്തില്‍അദ്ദേഹം പറഞ്ഞു. ഹിറ്റ്ലര്‍ അല്ലെങ്കില്‍ സ്റ്റാലിന്‍ എന്നീ രണ്ട്  ഓപ്ഷനുകളിലാണ് നാം കേരളീയര്‍ രാഷ്ട്രീയബോധം നിലനിര്‍ത്തുന്നതെന്ന് തന്റെ പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിലെ കൊടിയ തര്‍ക്കവിതര്‍ക്കങ്ങളില്‍ നിന്ന് ആ സ്ളോവേനിയന്‍ തത്വചിന്തകന്‍ മനസ്സിലാക്കിയിരുന്നു.
ഷീഷേക്ക് തന്നെ കുരിശില്‍ തറച്ചു എന്നാണ് അബുള്‍ അതിനോടെല്ലാം പ്രതികരിച്ചത്. ആ മുറിവുകള്‍ ഉണങ്ങും മുമ്പ് അവന്‍ വീണ്ടും വിളിച്ചു. ഗുലാം ഷെയ്ഖും ആര്‍ നന്ദകുമാറും ത്രിപ്പൂണിത്തുറയില്‍ വരുന്നു. സ്റ്റുഡിയോയില്‍ അവര്‍ക്കായി തന്റെ ഫോട്ടോഗ്രാഫുകളുടെ സ്ളേഡ് ഷോ. നീ വരണം. ഭാര്യയുടെ പിണക്കം വകവെയ്ക്കാതെ, ഡെസ്കിലെ ജോലിഭാരങ്ങള്‍ തീര്‍ത്ത്, എഗ്മൂറില്‍ നിന്ന് കന്യാകുമാരി വഴി വരുന്ന ഗുരുവായൂര്‍ എ്ക്പ്രസില്‍ വീണ്ടും കൊച്ചിയിലേക്ക്. ബിജു ഇബ്രാഹിമും അവന്റെ ക്യാമറയും ഒപ്പമുണ്ട്.
സൂര്യന്റെ സാന്ധ്യശോഭയില്‍
പിറ്റേന്ന് സൂര്യഗ്രഹണമാണ്. തിരുവിതാംകൂറില്‍ മാത്രമേ കേരളത്തില്‍ ഗ്രഹണം പൂര്‍ണ്ണ രാശി പടര്‍ത്തൂ. പതിനൊന്നോടെ ആസാദിന്റെ മറൂണ്‍ ഫിയറ്റില്‍ തൃപ്പൂണിത്തുറയിലേക്ക്. റാം റഹ്മാന്‍ ആ കാറിനെ മട്ടാഞ്ചേരിയിലെ നിരവധി കെട്ടിടങ്ങളെയും വസ്തുവകകളെയും പോലെ ഒരു ആന്റിക് എന്നാണു വിശേഷിപ്പിച്ചത്. അറുപതുമോഡല്‍ കാര്‍ സ്വന്തം നിലയില്‍ ഒരു കലാസൃഷ്ടിയാണ്.  വഴിക്കുവെച്ച് പതിനൊന്നേ നാല്‍പ്പത്തഞ്ചോടെ ആദി റഹ്മാന്‍ ആസാദിനെ ഫോണില്‍ വിളിച്ചു. ഞാന്‍ ഫോണെടുത്തു. അബുള്‍ ഡ്രൈവിങ്ങിലാണ്. എങ്കില്‍ പിന്നെ വിളിച്ചോളാം എന്നു പറഞ്ഞു. എന്റെ ആമാശയത്തിലൂടെ ഒരു തണുത്ത കാറ്റ് വീശി. അതോടെ ഗ്രഹണം തുടങ്ങി.

കൊച്ചിയില്‍ സാന്ധ്യപ്രകാശം ചൊരിഞ്ഞാണ് സൂര്യന്‍ മറഞ്ഞു നിന്നത്. ഞങ്ങളുടെ ദേഹമാകെ ഒരു മാര്‍ബിള്‍ പ്രതലം പോലെ മിനുസമാര്‍ന്നു. തൃപ്പൂണിത്തുറയില്‍ പണിതീരാതെ കിടന്ന ഭാര്‍ഗ്ഗവീ നിലയം പോലുള്ള ആ കെട്ടിടത്തിന്റെ ഹാളില്‍, വരയന്‍ ജുബ്ബയില്‍ നന്ദകുമാര്‍ സംസാരിക്കുന്നു. സൂര്യനു കണ്ണുകൊടുക്കാതെ ഞങ്ങള്‍ ഹാള്‍ കവിഞ്ഞു നില്‍ക്കുന്ന കലാവിദ്യാര്‍ഥികളുടെ ബഹളത്തിലേക്ക് മറഞ്ഞു. ഹാളിന്റെ മധ്യത്തില്‍ പണിതീര്‍ത്ത വലിയ ദ്വാരത്തിലൂടെ സൂര്യന്‍ ഗ്രഹണവെളിച്ചം പകര്‍ന്നു. ഷെയ്ഖ് മുന്‍നിരയില്‍ ഇരിപ്പുണ്ട്, തന്റെ ശിഷ്യന്റെ ഭാഷണം സാകൂതം ശ്രദ്ധിച്ചുകൊണ്ട്. സൈബര്‍ സ്പേസും കമ്പ്യൂട്ടര്‍ ടെക്നോളജിയും കര്‍തൃത്വത്തില്‍ വരുത്തുന്ന ഋതുചംക്രമണത്തെക്കുറിച്ചായിരുന്നു നന്ദകുമാറിന്റെ ചിന്തകള്‍. തുടര്‍ന്ന് കലാചരിത്രത്തില്‍ ബരോക് ഘട്ടം എന്നു പേരുള്ള കാലത്തെ, പതിനേഴാം നൂറ്റാണ്ടിലെ ദീഗോ വാലസ്ക്വസ് എന്ന സ്പാനിഷ്  ചിത്രകാരന്റെ, ഏറെ ചര്‍ച്ചാവിഷയമായ ഒരു പെയിന്റിങ്ങിലെ പ്രേക്ഷകത്വത്തെയും സ്പേസിനെയുംപറ്റി ഷെയ്ഖ് സംസാരിച്ചു. ലാ മെനിലാസ് എന്ന അതിസങ്കീര്‍ണ്ണമായ വിവക്ഷകളുള്ള ആ ചിത്രത്തെക്കുറിച്ച് പറഞ്ഞാണ് മിഷേല്‍ ഫൂക്കോവിന്റെ ഓര്‍ഡര്‍ ഓഫ് തിങ്സ് എന്ന പുസ്തകം ആരംഭിക്കുന്നത്. നന്ദകുമാറിന്റെ പ്രഭാഷണത്തില്‍ ഇക്കാര്യം പറഞ്ഞതിനോട് അനുബന്ധമായാണ് മൊബൈല്‍ വിഷന്‍ എന്ന പരികല്‍പനയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഷെയ്ഖ് ഈ പെയിന്റിങ്ങ് വിവരിച്ചത്. ഹാളിനു മുകളിലെ വലിയ ദ്വാരത്തിലൂടെയും വശത്തെ ചില്ലുജാലകങ്ങളിലൂടെയും സൂര്യന്റെ ഗ്രഹണപ്പകര്‍ച്ച  വെളിച്ചത്തിന് സവിശേഷമായ ടോണ്‍ പകര്‍ന്നു. ബിജുവിന്റെ ക്യാമറ ആ അപൂര്‍വ്വ വെളിച്ചത്തെ പിടിച്ചെടുത്തുകൊണ്ടിരുന്നു. എക്സ്റേ ഷീറ്റിലൂടെ ഷെയ്ഖ് കേരളത്തില്‍ വെച്ച് അപൂര്‍വ്വമായ ആ സൂര്യഗ്രഹണം വീക്ഷിക്കുന്നതും സ്നാപ്പില്‍ കുടുങ്ങി.
സന്ധ്യക്ക് ആറിന് മട്ടാഞ്ചേരിയില്‍ അബുളിന്റെ സ്റ്റുഡിയോയില്‍ സ്ളേഡ് പ്രദര്‍ശനത്തിന് സന്ധിക്കാമെന്നു പറഞ്ഞ് ഷെയ്ഖിനെയും നന്ദകുമാറിനെയും കാറില്‍ ഉച്ചയൂണിന് പറഞ്ഞയച്ച് ഞങ്ങള്‍ മട്ടാഞ്ചേരിയിലേക്കു മടങ്ങി. വഴിക്ക് കേയീസ് സ്ട്രീറ്റില്‍ കേയിക്കയുടെ ബിരിയാണിക്കടയില്‍ നിന്ന് ഊണും ബിരിയാണിയും പാര്‍സല്‍ വാങ്ങി. പ്രസിദ്ധനായ എം എഫ് ഹുസൈന്റെ സന്ദര്‍ശനം കൊണ്ട് ധന്യമായ കേയിക്കയുടെ ഹോട്ടല്‍ ചുമരില്‍ ഒട്ടകക്കൂനില്‍ കലിമാവചനം വരച്ചിട്ട ഹുസൈന്റെ ഒരു സ്കെച്ച് ഉണ്ട്.  അന്തരാഷ്ട്രാ ആര്‍ട്മാര്‍ക്കറ്റില്‍ എത്രയായിരിക്കും അതിനു വില കിട്ടുക?
ആസാദിന്റെയും ആദി റഹ്മാന്റെയും രണ്ടര വയസ്സുകാരന്‍ നാരായണന്‍ റഹ്മാനെ ബഹങ്ങളില്‍ കുടുക്കേണ്ട എന്നു കരുതിയാവണം പള്ളുരുത്തിയിലെ അവന്റെ ദീദിമാരുടെ മേല്‍നോട്ടത്തില്‍ വിട്ടതാണ്. ഗ്രഹണ സമയത്ത് ആഹാരം പാടില്ല എന്ന വഴക്കം മറന്ന്  ഞാനും ബിജുവും പട്ടിണിപ്പാവങ്ങളെപ്പോലെ ചോറു കഴിച്ചു. ആദിയും അബുളും കോഴിബിരിയാണിയില്‍ വൈകുന്നേരത്തെ സല്‍ക്കാരത്തെക്കുറിച്ച് പ്ളാനുകള്‍ ഒരുക്കി. അതിനിടക്ക് അബുളിന്റെ അമ്മാവന്റെയും പരിവാരങ്ങളുടെയും സന്ദര്‍ശനം. ബംഗ്ളുരുവില്‍ ബീഫിന് അപ്രഖ്യാപിത വിലക്കു വന്നതിനാല്‍ അനിയന്റെ മീറ്റുകട മാസങ്ങളായി പൂട്ടിക്കിടക്കുകയാണെന്നും അവന്റെ ബിസിനസില്‍ പണിക്കാര്‍ക്ക് പണിയില്ലാതെ കൂലികൊടുത്തും വാടകകൊടുത്തും ലക്ഷങ്ങള്‍ നഷ്ടത്തിലാണെന്നുമുള്ള വിവരങ്ങള്‍. എങ്ങും സംസ്കാരത്തെപ്പോലെ സമ്പത്തും പ്രതിസന്ധിയില്‍.
വിരുന്നൊരുക്കത്തിനുള്ള സാധന സാമഗ്രികള്‍ വാങ്ങാന്‍ സഹായിയായ അഷ്റഫിനെ അയച്ചു. സ്ളേഡു ഷോ കാണിക്കാന്‍ പ്രൊജക്ടറുമായി മലയാറ്റൂരില്‍ നിന്ന് ആളെത്തി. എല്ലാം ഒരുക്കി വെച്ചു. സന്ധ്യയായിട്ടും അവരെത്തിയില്ല. ആരെങ്കിലും റാഞ്ചികൊണ്ടുപോയതാണോ? വിളിച്ചപ്പോള്‍ മറ്റേതോ ഒരു കലാകാരന്റെ വര്‍ക്കുകള്‍ കാണാന്‍ അവര്‍ സഞ്ചാരത്തിലാണ്. നന്ദകുമാറിനെ വീണ്ടും വിളിച്ചന്വേഷിച്ചപ്പോള്‍, കാറയച്ചിട്ടുണ്ടല്ലോ, അത്കൊണ്ട് എന്തുകൊണ്ടും എത്തും എന്നു പറഞ്ഞു. ഷെയ്ഖിനെക്കാണാന്‍ ആഹ്രിച്ചാണ് ഓഫും ലീവുമില്ലാതെ ഞാന്‍ വന്നത് എന്നു പറഞ്ഞത് നന്ദകുമാര്‍ വിമ്മിട്ടത്തോടെ മൂളിക്കേട്ടു. ആസാദും ആദി റഹ്മാനും വനംവകുപ്പിന്റെ ഫണ്ടില്‍ ചെയ്ത ഒരു ഡോക്യുമെന്ററി, സനിമാപ്രവര്‍ത്തകനായ ബിജു ഇബ്രാഹിമിനു വേണ്ടി പ്രദര്‍ശിപ്പിച്ചു. അതും കഴിഞ്ഞ് ഏറെ നേരമായിട്ടും അതിഥികള്‍ എത്താത്തതില്‍ ആശങ്കയായി. അതിനിടക്ക് ആസാദ് സ്റ്റുഡിയോ-ഗാലറിക്കായി പണിത രണ്ടുതട്ടുള്ള മരം കൊണ്ടുണ്ടാക്കിയ അടുക്കളത്തട്ടിലെ നടരാജവിഗ്രഹത്തിന് വിളക്കുവെച്ചു. വാതിലില്‍ ക്രിസ്മസ് വിളക്കുകള്‍ തൂക്കി.
കാമധേനുവിന്റെ കഥ
ഇഷായുടെ സമയത്തോടെ ഗുലാം ഷെയ്ഖ് എത്തി. അടുക്കളയുടെ ഇരിപ്പിടത്തില്‍ വിശ്രമിച്ചു.  അബുളും ആദിയും ഗുലാമുമായി സല്ലാപം ആരംഭിച്ചു. ആദിയുടെ കൂര്‍മ്മമായ വിരല്‍ത്തുമ്പില്‍ മൌസ് ചലിച്ചപ്പോള്‍ അബുള്‍ കലാം ആസാദിന്റെ ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയായ ഫോട്ടോഗ്രഫി ജീവിതത്തിന്റെ ഡിജിറ്റര്‍ പകര്‍പ്പുകള്‍ ചുമരില്‍ പ്രൊജക്ട് ചെയ്തു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ നീണ്ട ഷോ. കൈഫി ആസ്മിയുമൊത്തുള്ള സഹ്മതിന്റെ ദില്ലിയിലെ ഗാനസന്ധ്യ. കൈഫിയെക്കണ്ട് ഷെയ്ഖ് ആഹ്ളാദാരവത്തോടെ പൊട്ടിച്ചിരിച്ചു. ഊഷ്മളമായ സ്നേഹബന്ധം ആ പ്രതികരണത്തില്‍ നിന്ന് വായിച്ചെടുക്കാനായി. അയോധ്യാ സംഭവങ്ങള്‍ക്കു മുമ്പും പിമ്പുമായി സഹ്മത്ത് ദില്ലിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യങ്ങള്‍. സ്റ്റേറ്റ്മാനില്‍ ദീര്‍ഘകാലം സംഗീതനിരൂപകനായിരുന്ന അന്തരിച്ച സുബ്ബുഡുവും നൃത്തധിഷണ അലര്‍മേല്‍വള്ളിയും പണ്ഡിറ്റ് മല്ലികാര്‍ജുന്‍ മന്‍സൂറും ഉസ്താദ് സക്കീര്‍ ഹുസൈനും ബേബി സഖാവും എല്ലാം സൌഹൃദം പങ്കിടുന്ന അപൂര്‍വ്വവും സ്വകാര്യവുമായ നിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകള്‍. അതുകഴിഞ്ഞ് തൊണ്ണൂറുകള്‍ മുതലുമുള്ള അബുളിന്റെ ഫോട്ടോഗ്രഫിയിലെ പരമ്പരകള്‍ ഒന്നൊന്നായി ചുമരില്‍ തെളിഞ്ഞു.

ബാബ്രി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ അബുള്‍ ചെയ്ത വിശുദ്ധ പൂമുഖങ്ങള്‍ എന്നു പേരിട്ട കാന്‍വാസുകള്‍. ദില്ലിയിലെ ചരിത്ര സ്മാരകങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യന്‍ മനുഷ്യരുടെ ദൈന്യസാധാരണമായ മുഖങ്ങള്‍ പകര്‍ത്തിയ വലിയ കാന്‍വാസുകളുടെ ഇമേജുകള്‍. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബംഗ്ളാദേശിന്റെയും ചരിത്രത്തിലേക്ക് മിഴിതുറക്കുന്ന, മൂന്നു സ്വപ്നങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ എന്നു പേരിട്ട, ലണ്ടനില്‍ ജനുവരി ഇരുപത്തൊന്നിന് ഉദ്ഘാടനം ചെയ്ത് ഏപ്രില്‍ വരെ നീളുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനത്തിലേക്ക് ആസാദിന്റെ ഈ പരമ്പര തെരഞ്ഞെടുത്തിട്ടുണ്ട്. ശൂദ്രപുരോഹിതനും സ്ത്രീകോമരങ്ങളും നിറയുന്ന കൊടുങ്ങല്ലൂര്‍ ഭരണിയെക്കുറിച്ച് അബുള്‍ ചെയ്ത, സില്‍വര്‍ ബ്രോമൈഡില്‍ പ്രിന്റു ചെയ്ത ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫിയുടെ അതിശയം ജനിപ്പിക്കുന്ന കാന്‍വാസുകളുടെ ഇമേജുകളിന്മേല്‍ നന്ദകുമാറും ഷെയ്ഖ്ഭായിയും ചര്‍ച്ചകള്‍ നടത്തി. ലണ്ടനിലെ ഫോണ്‍ബൂത്തുകളില്‍ പതിച്ച വേശ്യകളുടെ പരസ്യപോസ്റ്ററുകള്‍ പകര്‍ത്തി അതില്‍ ഗില്‍റ്റുകള്‍ കൊണ്ടും നാണയങ്ങള്‍ കൊണ്ടും അലങ്കാരപൂജ നടത്തിയ ഗോഡസസ് എന്നു പേരിട്ട പരമ്പര. മട്ടാഞ്ചേരിയിലെയും തെക്കന്‍ കേരളത്തിന്റെയും സ്വന്തം വ്യക്തിചരിത്രത്തിന്റെയും ഫോട്ടോ പ്രതിനിധാനങ്ങള്‍ ഉള്‍പ്പെടുന്ന അണ്‍ടച്ചബിള്‍ എന്നു പേരിട്ട നിറക്കൂട്ട്.
അതിലൊന്ന് കാമധേനുവിന്റെ ഇമേജിനെ മുന്‍നിര്‍ത്തിയാണ്. വശങ്ങളില്‍ ചിറകുള്ള പശു താഴെ ശിവലിംഗത്തിലേക്ക് പാല്‍ചുരത്തുന്നു. മുകളില്‍ സപ്തര്‍ഷിഖജിതമായ രാത്രിയാകാശം. പ്രവാചകന്‍ മുഹമ്മദ് ആകാശ യാത്ര നടത്തിയ മിത്തിലെ ചിറകുള്ള കുതിരക്കു സമാനമായ ഇന്ത്യന്‍ മിത്തോളജിയാണ് കാമധേനുവെന്ന് അബുളിന്റെ വ്യാഖ്യാനങ്ങള്‍. എലിവേറ്റ് ചെയ്യപ്പെടുന്ന മനുഷ്യാനുഭവങ്ങളുടെ ആ ഇമേജിന്മേല്‍ ഷെയ്ഖ് ഏറെ നേരം ചര്‍ച്ച നടത്തി.
പ്രവാചകന്റെ ആകാശയാത്ര
ഷെയ്ഖിന്റെ പെയിന്റിങ്ങുകളിലൊന്ന് പ്രവാചകന്റെ ഈ ആകാശയാത്രയെ ചിത്രീകരിക്കുന്നതാണ്. മിഹ്റാജ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ രാത്രിയാത്ര, യെറുശലേമില്‍, ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഒരു പോലെ പുണ്യദേവാലമായ, ബൈത്തുല്‍ മുഖദ്ദസിന്റെ മുകള്‍ പരപ്പില്‍ നിന്നാണ് പ്രവാചകന്‍ ആരംഭിച്ചതത്രെ. ബുറാഖ് എന്ന, ചിറകുകളുള്ള  കുതിരപ്പുറത്ത്, ഏഴാകാശങ്ങളിലൂടെ, ജിബ്രീല്‍ എന്ന മാലാഖ വഴികാട്ടിയായി, പ്രവാചകന്‍ സഞ്ചരിച്ചു. വഴിയില്‍ പൂര്‍വ്വ പ്രവാചകന്മാരായ മൂസയെയും ഈസയെയും നൂഹിനെയും സന്ധിച്ചു. ആകാശങ്ങളുടെ അതിര്‍ത്തിക്കൊടുവില്‍ ജിബ്രീല്‍ പറഞ്ഞു, ഇനി ദൈവ സന്നിധി, അവിടേക്ക് എനിക്കു പ്രവേശനമില്ല, ഒറ്റക്കു പോകണം. അള്ളാവുമായുള്ള പ്രവാചകന്റെ ആ സന്ധിയെത്തുടര്‍ന്നാണത്രെ നിസ്കാരം മനുഷ്യര്‍ക്കു സമ്മാനമായി ലഭിച്ചത്. ഇന്ത്യന്‍ യോഗദര്‍ശനത്തിനു സമാനമായ നിസ്കാരത്താല്‍ സമ്മാനിതനായി പ്രവാചകന്‍ ഭൂമിയിലേക്കു മടങ്ങി.
  എണ്‍പതുകളില്‍ ബറോഡയിലെ വര്‍ഗ്ഗീയല്‍ക്കരണത്തെത്തുടര്‍ന്ന് അനുഭവിച്ച ഗെറ്റോവൈസ്ഡ് പരിതസ്ഥിതിയുടെ പശ്ചാത്തലത്തിലാണ്, പേര്‍ഷ്യന്‍ ഇമേജറിയില്‍ നിന്ന് ബുറാഖിനെയും മാലാഖമാരെയും കടമെടുത്ത്, പ്രവാചകന്റെ ആകാശയാത്ര മുകള്‍പരപ്പിലും, താഴെ താനെടുത്ത തന്റെ ഉമ്മയുടെ ഫോട്ടോഗ്രാഫും പതിച്ച പ്രസിദ്ധമായ ചിത്രം ഷെയ്ഖ് ചെയ്തത്. എണ്‍പതുകള്‍ മുതല്‍ ഇന്ത്യന്‍ സാമൂഹ്യജീവിതത്തെ, വിശേഷിച്ചും ഗുജറാത്തിനെ ഗ്രസിച്ച വയലന്‍സിനെയും വര്‍ഗീയതയെയും ഷെയ്ഖ് തന്റെ കാന്‍വാസുകളില്‍ പിടിച്ചെടുത്തിട്ടുണ്ട്. സിറ്റി ഫോര്‍ സെയില്‍, വെയിറ്റിങ് ആന്റ് വാണ്ടറിങ് എല്ലാം അക്കൂട്ടത്തില്‍ ശ്രദ്ധേയമായി. പേര്‍ഷ്യന്‍ മിനിയേച്ചര്‍ പാരമ്പര്യവും, മുഗള്‍ മിനിയേച്ചറുകളിലെ സ്പേസിന്റെ സവിശേഷമായ പ്രയോഗവും, ഇറ്റാലിയന്‍ നവോത്ഥാന കാലത്തിന്റെ കലാപാരമ്പര്യങ്ങളും, ജപ്പാനീസ് ചൈനീസ് ഇന്ത്യന്‍ മ്യൂറലുകളും എല്ലാം ചേര്‍ന്ന സവിശേഷമായ കോസ്മോസ് ആണ് ഷെയ്ഖിന്റെ ചിത്രശരീരം. അത് ലോകമാകെ സഞ്ചരിച്ച,് അതില്‍ നിന്നെല്ലാം കടംകൊണ്ട്, സ്വന്തം ചിത്രഭാഷ കണ്ടെത്തുമ്പോള്‍ തന്നെ, വൈയക്തികാനുഭവത്തിലും സമകാലീനമായ ചരിത്രസന്ദര്‍ഭത്തിലുമാണ് നിലകൊള്ളുന്നതെന്ന് ഗീതാകപൂര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യമാകെ അറിയപ്പെടുന്ന കവി കൂടിയായ ഷെയ്ഖ് തന്റെ കലയിലും ജീവിതത്തിലും ആ കാവ്യാത്മകത കാത്തുസൂക്ഷിക്കുന്നു.

ഗുലാം ഷെയ്ഖിന്റെ കലയെ കണ്ടും കേട്ടുമുള്ള അനുഭവത്തോട് നേരില്‍ കണ്ട ഷെയ്ഖ്ഭായിയും ഒട്ടും വിദൂരത്തായിരുന്നില്ല. തന്റെ സവിശേഷമായ വ്യക്തിത്വത്തില്‍, തനിക്കും തന്നെ ചൂഴ്ന്നും നില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കും സന്താപങ്ങള്‍ക്കും ഒരു ഭാവഗീതത്തിന്റെ സൌന്ദര്യം പകരാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഏറ്റവുമൊടുവില്‍ ഷെയ്ഖിന്റെ പ്രവര്‍ത്തനം രാജസ്ഥാനിലെ പ്രാദേശികപാരമ്പര്യമായ കാവണ്ഡ് (ൃമ്ലഹഹശിഴ വൃെശില) മെറ്റഫര്‍ ആയി ഉപയോഗിച്ച്  ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ  സ്ഥലവും കാലവും അടയാളപ്പെടുത്താനുള്ള പരിശ്രമങ്ങളാണ്. മാരീചനു പിറകെ സഞ്ചരിക്കുന്ന രാമനും, യേശുവിന്റെ കാലടിപ്പാടുകള്‍ തേടുന്ന മഗ്ദലന മറിയവും, ഭക്തി-സൂഫി പാരമ്പര്യത്തിലെ കവി കബീറിന്റെ സഞ്ചാരപഥങ്ങളും ആ കാന്‍വാസുകളില്‍ അപൂര്‍വ്വചാരുതായി കടന്നുവരുന്നു. തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും ഇന്ത്യയിലെ പൌരസമൂഹത്തിനെന്ന പോലെ ബുദ്ധിജീവികളെയും ഗ്രസിച്ച, മതപരവും ജാതിപരവുമായ സ്വത്വക്കെണിയില്‍ നിന്ന് പുറത്തു കടക്കാനുള്ള ഔഷധക്കൂട്ടാണ് ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ കാന്‍വാസുകളുടെ സൌന്ദര്യചിന്ത. സ്വത്വബോധം ഉറഞ്ഞുചീഞ്ഞ മസ്തിഷ്കത്തെയും മനസ്സിനെയും വിശുദ്ധീകരിച്ച്, സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും  വൈജാത്യത്തിലൂടെ സഞ്ചരിക്കാനാവുന്ന ഒരിന്ത്യന്‍ കര്‍തൃത്വത്തെ വിഭാവന ചെയ്യാന്‍ ഗുലാം ഷെയ്ഖിന്റെ കാന്‍വാസുകളില്‍ ആവിഷ്കരിക്കുന്ന തത്വചിന്തക്കാകുന്നു. നമ്മുടേതു പോലുള്ള ഇരുണ്ട കാലത്ത് ഗുലാം ഷെയ്ഖിനെപ്പോലുള്ള ഒരു കലാകാരന്റെ പ്രസക്തിയും മറെറാന്നല്ല.

ഗംഗുഭായി പാടുന്നു
ബുറാഖും കാമധേനുവും കലര്‍ന്ന മിത്തിക്കല്‍ പാരമ്പര്യത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചു. ഇനി ഭക്ഷണത്തിന് ഇടവേളയാകം. അതിന് ആസാദിന്റെ അദബും മര്യാദയും ഇല്ലാത്ത ആതിഥേയത്വം വഴങ്ങി. ഞാനാണ് വിളമ്പുകാരന്‍.  ജാപ്പനീസ് ശീലത്തെ ഓര്‍മ്മിപ്പിക്കുന്ന അടുക്കളുടെ ഭാഗം തന്നെയായ തറനിരപ്പിലുള്ള തീന്‍മേശയില്‍ വിഭവങ്ങള്‍ വിളമ്പി.  ബുദ്ധജാതക കഥ ചിത്രീകരിച്ച തിബത്തന്‍ തങ്ക ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, മുകളില്‍ തുണിചാര്‍ത്തി അലങ്കരിച്ചു വെച്ച ബുദ്ധപ്രതിമയുടെ മൌന സാന്നിധ്യത്തില്‍, ഞങ്ങള്‍ പുട്ടും പൊറാട്ടയും മട്ടനും മീന്‍കറിയും അടങ്ങിയ പോട്ട്പുരി ഉണ്ടു. വളരെ കൂടുതലായി എന്ന് പറഞ്ഞ് ഗുലാം എണീറ്റു. സ്റ്റുഡിയോയുടെ പൂമുഖത്ത് ഷെയ്ഖിനും നന്ദകുമാറിനുമായി ഞാന്‍ കസേര വലിച്ചിട്ടു. വട്ടമേശയൊരുക്കി. ഷെയ്ഖിനു കാല്‍നീട്ടി വിശ്രമിക്കാനായി കറുത്ത സില്‍ക്ക് പ്രതലത്തില്‍ മെറൂണ്‍പൂക്കള്‍ പതിച്ച ദിവാന്‍ നീക്കിയിട്ടു. തന്നെ അറിഞ്ഞു സല്‍ക്കരിച്ചതറിഞ്ഞാവണം അദ്ദേഹം ഗംഭീരമായി കുലുങ്ങിച്ചിരിച്ചു. ഗംഗുഭായ് ഹംഗലിന്റെ ഗാനസുധയിലേക്ക് പൊടുന്നനെ ഇടിവെട്ടിയുണരും പോലെ. കബീറിന് അര്‍ച്ചനയായി അവസാനിച്ച നീണ്ട രാഗാലാപനം. ഇടയ്ക്ക് ആസാദിന്റെ വാക്ശരങ്ങള്‍. നേര്‍ത്ത വെളിച്ചത്തില്‍ ബിജുവിന്റെ സ്നാപ്പുകള്‍. ചുവന്ന ചോളിയില്‍ ആദിയുടെ ലക്ഷ്മീസാന്നിധ്യം. ഉസ്താദ് ഫയാസ് ഖാന്റെ ഹുങ്കാരം ഉറയുന്ന ശാരീരം. അതു കഴിഞ്ഞ് ചാര്‍ളി മറിയത്തിന്റെയും രമണിമീനയുടെയും ഫ്യൂഷന്‍. സംഗീതത്തിന്റെ ശുദ്ധഭാവങ്ങള്‍ ലംഘിക്കുന്നുവെന്നറിഞ്ഞാണാവോ നന്ദകുമാര്‍ പോകാന്‍ സമയമായെന്നു പറഞ്ഞു. അപ്പോള്‍ അബുള്‍ ദക്ഷിണാഫ്രിക്കന്‍ ജാസ് സംഗീതകാരന്‍ അബ്ദുള്ള  ഇബ്രാഹിമിന്റെ അള്ളാ സലാം എന്ന അഭിവാദ്യഗാനമിട്ടു.
ഫോര്‍ട്ട് കൊച്ചിക്കും മട്ടാഞ്ചേരിക്കും ഇടയില്‍് ഒരു പുരാവസ്തുവായി നീണ്ടു കിടന്ന ബസാര്‍ റോഡിലെ ഗ്രഹണം കഴിഞ്ഞ് ഉറങ്ങുന്ന ജനുവരിരാത്രിയുടെ തണുപ്പില്‍ അവര്‍ വിട ചോദിച്ചു. നാം യെറുശലേം പിടിച്ചടക്കി എന്ന് അബുള്‍ പറഞ്ഞു. കടന്ന കയ്യായോ നിന്റെ ആതിഥേയത്വം എന്ന എന്റെ നിശബ്ദനോട്ടത്തിന് ഇതെല്ലാം  ഷിയാ പ്രാക്ടീസാണ്, അതെല്ലാം ഗുലാമിന് മനസ്സിലാകും എന്നു മറുപടി. ക്രിസ്മസ് വിളക്കുകള്‍ ചിരിച്ചു. സ്റ്റുഡിയോയിലെ ലക്ഷമീവിഗ്രഹം ആശിസുകള്‍ നേര്‍ന്നു. ഗണപതിക്ക് മുഹമ്മദിന്റെ സ്ഥൈര്യം.

ഷെയ്ഖ് സൈനൂദ്ദീന്‍ മഖ്ദൂം


പിറ്റേന്ന് ഗുജറാത്തി തെരുവില്‍ നിന്ന് ആസാദ് ഞങ്ങള്‍ക്ക് ആഹാരം വാങ്ങിത്തന്നു. മടങ്ങുമ്പോള്‍ ജൂതത്തെരുവിലെ സിനഗോഗിനടുത്തെ പുസ്തകക്കടയില്‍ നിന്ന് ഇരുനൂറു രൂപക്ക് തിബത്തന്‍ മരണച്ചടങ്ങുകളെക്കുറിച്ചുള്ള പുസ്തകം വാങ്ങി. സിനഗോഗിന്റെ പടിയിലിരുന്നു സ്നാപ്പുകള്‍ എടുത്തു. പിന്നെ ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും മകള്‍ സൈനബയും അന്തിയുറങ്ങുന്ന മഖാം തേടിപ്പോയി. വഴിക്ക് മലപ്പുറത്ത് പിറ്റേന്നു ഉദ്ഘാടനം ചെയ്യുന്ന ദേശാഭിമാനി എഡിഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണവുമായി ന്യൂസ് എഡിറ്റര്‍ കെ വി കുഞ്ഞിരാമന്റെ ഫോണ്‍. മഖ്ദൂമിന്റെയും മകളുടെയും ശവകുടീരത്തിനെ സാക്ഷിയാക്കി പ്രാര്‍ത്ഥിച്ചു, അള്ളാഹുവേ, ഞങ്ങളുടെ എല്ലാ രോഗാവസ്ഥകളും നീ ശമിപ്പിക്കേണമേ...എല്ലാവര്‍ക്കും നീ നേര്‍മാര്‍ഗ്ഗം കാണിക്കേണമേ....ഞങ്ങളെയെല്ലാം സ്വര്‍ഗ്ഗാവകാശികളാക്കിത്തീര്‍ക്കേണമേ....ശുഭം.


Published in Mathrubhumi weekly. A popular piece on Gulam Shaikh visit at ochi...Mattancheri..Abul's studio.....A day with Gulam Muhammed Shaikh, R Nandakumar, Abul Kalam Azad, Adi Zelnik ..photos..biju ibrahim...