Monday, August 8, 2011








കൈവേലയുടെ തത്വചിന്ത


കെ ജി സുബ്രഹ്ണ്യന്റെ 'ദ ലിവിങ് ട്രഡീഷ'നെക്കുറിച്ച്
പി പി ഷാനവാസ്




The Living Tradition
Perspectives on Modern Indian Art
K G Subramanyan
Seagull books
Calcutta 1987
Price:Rs.150.00


രാഷ്ട്രീയക്കാരും തത്വചിന്തകരുമല്ല, കൈവേലക്കാരും കരകൌശലവിദഗ്ധരുമാണ് രാഷ്ട്രത്തെയും സംസ്കാരത്തെയും സൃഷ്ടിച്ചത്, എന്ന ആനന്ദകൂമര സ്വാമിയുടെ  നിഗമനത്തെ, ഇരുപതാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യന്‍ കലാലോകത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കണ്ടെടുക്കുകയാണ്, കെ ജി സുബ്രഹ്മണ്യന്‍ തന്റെ പ്രസിദ്ധമായ ഈ പുസ്തകത്തിലൂടെ. ആധുനിക ഇന്ത്യന്‍ കലാചരിത്രത്തിലെ ക്ളാസിക് എന്ന് ഈ കൊച്ചുകൃതിയെ വിശേഷിപ്പിക്കാം. വാക്കിലും ഭാഷണത്തിലും അധിഷ്ഠിതമായ നമ്മുടെ ചിന്തയുടെ ലോകത്തെ, ഈ പുസ്തകം കൈവേലയുടെ തത്വചിന്ത കൊണ്ട് മാറ്റിയെഴുതുന്നു. 1985 വരെയുള്ള ഏഴു വര്‍ഷത്തിനിടയില്‍ സുബ്രഹ്ണ്യന്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ എഴുത്തുരൂപമാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പരമ്പരാഗത ഗില്‍ഡുകളില്‍ അനുശീലനം ചെയ്തുപോന്ന  കൈത്തൊഴില്‍ പാരമ്പര്യം, എങ്ങിനെയാണ് ഒരു സംസ്കാരത്തിന്റെ സ്വരൂപങ്ങളെ നിര്‍ണ്ണയിച്ചത് എന്ന ചരിത്രത്തിലേക്കും തത്വചിന്തയിലേക്കും സുബ്രഹ്മണ്യന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇന്ത്യന്‍ കലാലോകത്ത് തൊണ്ണൂറുകള്‍ക്കാദ്യം ഏറെ സ്വാധീനമായിത്തീര്‍ന്ന ഈ  കണ്ടെത്തലിലൂടെ, 'വായി'നും വാക്കിനുമപ്പുറം, കൈകള്‍ക്ക്, മനുഷ്യന്റെ ചിന്തയെ രൂപപ്പെടുത്തുന്നതില്‍ ഉള്ള പങ്കിന്റെ അടിസ്ഥാനമെന്തെന്ന് ഭംഗ്യന്തരേണ അന്വേഷിക്കുന്നുണ്ട് ഈ പുസ്തകം. അതുകൊണ്ടായിരിക്കണം, ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ഇന്ത്യയിലെ ഏറ്റവും പ്രധാന കലാകാരന്‍ എന്ന് ഹാന്‍ വര്‍ഗീസ് മാത്യു വിശേഷിപ്പിക്കുന്ന കെ ജി സുബ്രഹ്മണ്യന്‍, ഗണനീയമായ ഒരു തത്വചിന്തകന്‍ കൂടിയാണെന്ന് ആര്‍ ശിവകുമാര്‍ വിശേഷിപ്പിക്കുന്നത്. വളരെ സൂക്ഷ്മമായ ചിന്താധാരയുടെ അടിസ്ഥാനങ്ങള്‍ സുബ്രഹ്മണ്യന്റെ എഴുത്തിന്റെ അന്തര്‍ധാരയായി കാണാം. അദ്ദേഹത്തിന്റെ എഴുത്തും കലാപ്രവര്‍ത്തനവും പൌരസ്ത്യമായ സവിശേഷതകളുള്ള ചിന്തയുടെ രൂപകങ്ങളെയും പരികല്‍പനകളെയും കൊത്തിയെടുക്കുന്നു. ഏതൊരു കലാവിദ്യാര്‍ഥിയുടെയും തത്വചിന്താ തല്‍പരയുടെയും, ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ദിശയെ മാറ്റിത്തീര്‍ക്കാന്‍, സീഗള്‍ പുറത്തിറക്കിയ ഈ പുസ്തകം സഹായകരമാകും എന്നത് അതിശയോക്തിയാവില്ല. ചിത്രകല ഉള്‍പ്പെടുന്ന അതിവരേണ്യമായിത്തീര്‍ന്ന കലാപ്രവര്‍ത്തനത്തിന്റെ ലോകത്തെ, സ്വന്തം മണ്ണിലേക്കും സംസ്കാരത്തിലേക്കും ഇറക്കിക്കൊണ്ടുവന്ന്, അതിനെ ലളിതവും മാനുഷികവുമായ ഒരു സംവേദനസംസ്കാരമായി വികസിപ്പിക്കുന്നതിലേക്ക്, സുബ്രഹ്മണ്യന്‍  വഹിച്ച പങ്കിലേക്ക് പുസ്തകം വെളിച്ചം വീശുന്നു.
ദൃശ്യവസ്തുക്കള്‍, കാഴ്ചയുടെ രൂപങ്ങളെയും സ്വഭാവത്തെയും നിര്‍ണ്ണയിക്കുന്നതിന്റെ അടിസ്ഥാനങ്ങള്‍ അന്വേഷിച്ച് ആരംഭിക്കുന്ന ഗ്രന്ഥം, ഇന്ത്യന്‍ കല, അതിന്റെ ആധുനികത തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഇന്ത്യന്‍ കലയുടെ ആധുനികതയ്ക്ക് കൊളോണിയല്‍ വാഴ്ച സമ്മാനിച്ച രൂപവൈചിത്യ്രങ്ങളെ വിശകലനം ചെയ്യുന്നു. തന്റെ മുമ്പേ കടന്നുപോയ കലാനിരൂപകരുടെ സംഭാവനകളെ നിരൂപണം ചെയ്യുന്നു. ജപ്പാനീസ് കലാനിരൂപകനായിരുന്ന ഒകാകുറാ കാകുസോ, ബ്രിട്ടീഷ് കലാകാരനും പണ്ഡിതനുമായ  ഇ ബി ഹാവേല്‍, ഇന്ത്യന്‍ കലാചരിത്രത്തിന്റെ പിതാവായി അറിയപ്പെടുന ആനന്ദ കൂമരസ്വാമി തുടങ്ങിയവരുടെ ചിന്തകളുടെയും സമീപനത്തിലെയും,പ്രാത:സ്മരണീയമായ ചുവടുവെയ്പുകളിലെയും, സമാനതയും സവിശേഷതയും,  തന്റെ സംക്ഷിപ്ത ഭാഷയില്‍ ചര്‍ച്ച ചെയ്യുന്നു. പാശ്ചാത്യ ആധുനികതയ്ക്കും കാഴ്ചയുടെ ശീലങ്ങള്‍ക്കും സൌന്ദര്യശാസ്ത്രാവബോധത്തിനും പിടിതരാതെ, സ്വന്തം സവിശേഷതകളില്‍ നിലയുറപ്പിക്കുന്ന, ഏഷ്യന്‍ കലയുടെ ചരിത്രവും പ്രാധാന്യവും എന്താണെന്നുള്ള അവരുടെ കണ്ടെത്തലുകള്‍ അദ്ദേഹം  സമാഹരിക്കുന്നു.
സൈദ്ധവ നദീതട സംസ്കാരം മുതലുള്ള ഇന്ത്യന്‍ കലയുടെ സ്വഭാവരൂപീകരണങ്ങള്‍ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഇത് അദ്ദേഹം നാലായി തിരിക്കുന്നു. ഒന്ന്, പ്രൊഫഷണലുകളും അല്ലാത്തവരുമായ താണ വൈദഗ്ധ്യം അവകാശപ്പെടാവുന്ന വിഭാഗം കൈവേലക്കാരുടെ ലളിതമായ കളിമണ്‍- ടെറാകോട്ട കളിപ്പാവകള്‍. രണ്ട്: പ്രശസ്തമായ സീലുകളും കല്ലില്‍ കൊത്തിയ ടോര്‍സോകളും വെങ്കലത്തിലെ നര്‍ത്തകരും അടങ്ങുന്ന വളരെ വികസിച്ച പ്രൊഫഷണല്‍ കലാകാരന്മാരുടെ അതിവിദഗ്ധമായ സൃഷ്ടികള്‍. മൂന്ന്, ഇവ രണ്ടിനുമിടയ്ക്ക് കടന്നു വരുന്ന വിദഗ്ധതൊഴിലാളികളുടെ കളിമണ്‍ പാത്രങ്ങളും ടെറാകോട്ട ഫിഗറിനുകളും. അവസാനമായി, രണ്ടും മൂന്നും വിഭാഗത്തിന് ഇടയ്ക്കു വരുന്ന പ്രൊഫഷണല്‍ സൃഷ്ടികള്‍. രണ്ടാം തരം ക്വാളിറ്റിയുള്ള ഇവ ജനകീയ വൈദഗ്ധ്യത്തിന്റെയും പരികല്‍പനകളുടെയും സ്വാധീനം പ്രകടിപ്പിക്കുന്നതാണ്. ലീനിയര്‍ സീലുകള്‍, പുരാണ വിഷയങ്ങളുടെ ചിത്രീകരണം, പുരോഹിതന്മാരുടെ തലകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. ഇന്ത്യന്‍ കലയുടെ അതിസൂക്ഷ്മമായ ഈ വര്‍ഗീകരണം വഴി, സൈദ്ധവ സംസ്കൃതി മുതല്‍, ഇടമുറിയാതെത്തന്നെ കൈമാറിപ്പോന്ന, കലാവൈദഗ്ധ്യത്തിന്റേയും കരകൌശല പാരമ്പര്യത്തിന്റേയും ഇന്ത്യയെ, സുബ്രഹ്ണ്യന്‍ ദൃശ്യവല്‍ക്കരിക്കുന്നു. മാറിമാറി വന്ന അധിനിവേശങ്ങളും വാഴ്ചകളും കുടിയേറ്റങ്ങളും ഇവയില്‍ സ്വാധീനം ചെലുത്തിയെങ്കിലും, അടിസ്ഥാനപരമായ പ്രിമൈസുകള്‍ അപ്പോഴും ഇടമുറിയാതെത്തന്നെ നിലനിന്നത്, ഒരു സംസ്കാരത്തിന്റെ സഞ്ചിതമായ ഭൂതകാലം കൈമോശം വരാതെ സ്വംശീകരിക്കാന്‍ കഴിയുന്നതിന് ഇടയാക്കി എന്ന്  ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യോന്മുഖനായ നമ്മുടെ ആധുനിക കലാകാരനോട്, ഇന്ത്യന്‍ ഗില്‍ഡുകളില്‍ വളര്‍ന്നു വികസിച്ച, അതിവിശിഷ്ടമായ ഈ പാരമ്പര്യത്തോട് കണ്ണിച്ചേരാന്‍ സുബ്രഹ്ണ്യന്‍ ആഹ്വാനം ചെയ്യുന്നു. അങ്ങിനെ, കേവലം കലാവിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും പുരാവസ്തുഗവേഷകര്‍ക്കും തത്വചിന്തകര്‍ക്കും ഒരുപോലെ  ഈ പുസ്തകം വഴിക്കാട്ടിയാണ്. ഭാഷണത്തിലധിഷ്ഠിതമായ നമ്മുടെ ചിന്തയെ, എഴുത്തിന്റെയും ചിത്രമെഴുത്തിന്റെയും ശില്‍പനിര്‍മ്മാണത്തിന്റെയും കൈവേലാ പാരമ്പര്യത്തിലൂടെ, പുന:സംഘടിപ്പിക്കുകയും ദിശാമാറ്റത്തിന് വിധേയമാക്കുകയും ചെയ്യുന്ന സുബ്രഹ്ണ്യന്റെ ഇടപെടല്‍, ഫ്രഞ്ച് തത്വചിന്തകരായ മിഷേല്‍ ഫൂക്കോവിന്റെയും ദറിദയുടെയും മറ്റും ചിന്താപദ്ധതികളെ ഓര്‍മ്മിക്കുന്നതാണ്.
കൊളോണിയല്‍ വാഴ്ച ഗില്‍ഡുകളുടെ ഈ പാരമ്പര്യത്തിന് ആഘാതങ്ങള്‍ ഏല്‍പിച്ചുവെങ്കിലും, പാശ്ചാത്യ ലോകത്ത് സംഭവിച്ച അളവില്‍, ഇന്ത്യന്‍ കൈവേലാപാരമ്പര്യത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സുബ്രഹ്മണ്യന്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ ആധുനികതയുടെ കൊളോണിയല്‍ ഭാഷ്യത്തിലൂടെ നാം കടന്നുപോയെങ്കിലും, കൊളോണിയലിസത്തിന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയാത്ത ഇന്ത്യന്‍ കൈത്തൊഴില്‍ പാരമ്പര്യം, ഇന്നും 'ജീവിക്കുന്ന ഫോക്ലോര്‍' ആയി നിലനില്‍ക്കുന്നുവെന്ന് സുബ്രഹ്മണ്യന്‍ കണ്ടെത്തുന്നു. 'ജീവിക്കുന്ന പാരമ്പര്യം' (ഘശ്ശിഴ ഠൃമറശശീിേ) എന്ന സുബ്രഹ്ണ്യന്റെ പരികല്‍പന, ഇരുപതാംനൂറ്റാണ്ടിലെ ഇന്ത്യന്‍ കലാരംഗത്തിനു ലഭിച്ച വലിയ സംഭാവനയാണെന്ന് ഗീതാകപൂര്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങിനെ കൊളോണിയല്‍ നഷ്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്, ആധുനിക ഇന്ത്യന്‍ കലയുടെ രൂപഭാവങ്ങള്‍ നിശ്ചയിക്കാന്‍ നടത്തിയ ഇന്ത്യന്‍ കലാകാരന്മാരുടെ പ്രയത്നങ്ങളെ, പിന്നീട് വരുന്ന അധ്യായങ്ങളില്‍ സുബ്രഹ്മണ്യന്‍ വിലയിരുത്തുന്നു.
ബംഗാളില്‍ നിന്ന് ആരംഭിച്ച ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെച്ചത് അബനീന്ദ്ര നാഥ ടാഗോര്‍, ഗംഗേന്ദ്ര നാഥ ടാഗോര്‍, രബീന്ദ്ര നാഥ ടാഗോര്‍ തുടങ്ങിയവരായിരുന്നു. നേരത്തെ സൂചിപ്പിച്ച  കലാചരിത്രകാരന്മാരുടെ വളരെ ക്ളേശകരമായ പ്രവര്‍ത്തനങ്ങള്‍ ഇതിന് അടിത്തറയൊരുക്കി. പിന്നീട് നന്ദലാല്‍ ബോസിന്റെയും രാംകിങ്കര്‍ ബെയ്ജിന്റെയും  ബിനോദ് ബിഹാരി മുഖര്‍ജിയുടെയും ശാന്തിനികേതന്‍ കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍. അമൃത ഷെര്‍ഗില്‍, കല്‍കത്ത-ബോംബെ പ്രോഗസീവ് ഗ്രൂപ്പുകള്‍, ജാമിനിറോയ് തുടങ്ങിയവര്‍ മുന്നോട്ടുവെച്ച ഇഡിയങ്ങള്‍, കെ സി എസ് പണിക്കരുടെ കാഴ്ചപ്പാടുകള്‍, സോമനാഥ് ഹോറിന്റെ സംഭാവനകള്‍, സര്‍വ്വോപരി രവിവര്‍മ്മ പ്രതിനിധീകരിച്ച ആശയങ്ങള്‍ എല്ലാം സുബ്രഹ്ണ്യന്‍ തന്റെ വിഗഹവീക്ഷണത്തിനു വിധേയമാക്കുന്നു.
റിയലിസത്തെസംബന്ധിച്ചുള്ള പാശ്ചാത്യ കാഴ്ചയും പൌരസ്ത്യവകഭേദവും വിശദമാക്കുന്ന ഭാഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കൊളോണിയല്‍ ചരിത്രം നിലവില്‍വരുത്തിയ പാശ്ചാത്യോന്മുഖ കാഴ്ച, എങ്ങിനെ കിഴക്കിന്റെ കാഴ്ചപ്പാടുകളെ അന്ധമാക്കിയെന്നും, കിഴക്ക് എങ്ങിനെ സവിശേഷമായ കാഴ്ചയെയും യഥാര്‍ത്ഥ്യത്തെയും ഉല്‍പാദിപ്പിച്ചുപോരുന്നുവെന്നും, കലാചരിത്രത്തിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു സുബ്രഹ്ണ്യന്‍ വിശദീകരിക്കുന്നു. ഇങ്ങിനെ ഇന്ത്യന്‍ കലാചരിത്രത്തെ ഗ്രന്ഥകാരന്‍ അവലോകനം ചെയ്യുന്നത്, കേവല ചരിത്രാഖ്യാനത്തിന്റേയോ മറ്റോ ആവശ്യം നിറവേറ്റുന്നതിനല്ല, മറിച്ച് താന്‍ ഉള്‍പ്പെടുന്ന ആധുനിക ഇന്ത്യന്‍ ചിത്ര-ശില്‍പ കലയുടെ വര്‍ത്തമാനത്തിന് ഒരു ഭാഷ കണ്ടെത്താനും, അപ്രകാരം രൂപപ്പെട്ട ഭാഷയെ സ്വന്തം മണ്ണിനോടും പാരമ്പര്യത്തോടും  ചേര്‍ത്ത് നിര്‍ത്താനും, വൈവിധ്യമാര്‍ന്ന ഈ പാരമ്പര്യത്തിലൂടെ അതിനെ സമ്പന്നമാക്കാനുമുള്ള സുബ്രഹ്ണ്യന്റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. നാടോടി-കൈവേലാ പാരമ്പര്യത്തിലാണ് ഇന്ത്യന്‍ കലയുടെ ഭാഷയും ഭാവിയും കുടികൊള്ളുന്നത് എന്ന് സുബ്രഹ്മണ്യന്‍ പ്രഖ്യാപനം ചെയ്യുന്നു. ആഗോളമായിത്തീര്‍ന്നു കഴിഞ്ഞ കലയുടെ ലോകം, പാശ്ചാത്യമായ പ്രവണതകളെയും വിട്ടുകളഞ്ഞുകൂടെന്ന് സുബ്രഹ്ണ്യന്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനു നിദര്‍ശനമെന്നോണം പാശ്ചാത്യ കലാപ്രസ്ഥാനങ്ങളിലൂടെ ഒരു പ്രദക്ഷിണം  നടത്തുകയും ചെയ്യുന്നു.
പാശ്ചാത്യ കലാലോകം ആധുനിക കാലത്ത് എങ്ങിനെ പൌരസ്ത്യമായ കലാപാരമ്പര്യത്തില്‍ നിന്ന് ഉര്‍ജ്ജം വലിച്ചെടുത്തു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പിക്കാസോ ആഫ്രിക്കന്‍ ശില്‍പകലയില്‍ നിന്നും, മത്തിസെ പേര്‍ഷ്യന്‍ ചിത്രകലയില്‍ നിന്നും, പോള്‍ ക്ളീ മൂറിഷ് കാലിഗ്രഫിയില്‍ നിന്നും, കാന്‍ഡിന്‍സ്കിയും മലേവിച്ചും പൌരസ്ത്യ തത്വചിന്താ പരികല്‍പനകളില്‍ നിന്നും, വിസ്ലെറും മാനെറ്റും ഡേഗാസും ലാട്രെകും വ്യുല്ലാര്‍ഡും ജാപ്പനീസ് വുഡ്-ബ്ളോക്ക് പ്രിന്റുകളില്‍ നിന്നും, എങ്ങിനെ തങ്ങളുടെ കലയുടെ ജീവനും വര്‍ത്തമാനവും കണ്ടെത്തി എന്ന് സുബ്രഹ്ണ്യന്‍ സൂചിപ്പിക്കുന്നു. പിക്കാസോയുടെയും മത്തീസിന്റെയും ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും ചെയ്യുന്നു.
സ്വന്തം സംസ്കാരത്തെ പുറമെ നിന്നല്ലാതെ വീക്ഷിക്കുന്ന ഒരു കലാകാഴ്ച, തീര്‍ച്ചയായും, പാരമ്പര്യത്തിന്റെ മൂഢമായ സങ്കീര്‍ത്തനത്തിലൂടെയല്ല, ജീവിക്കുന്ന ഒരു പാരമ്പര്യമായി ചേര്‍ന്ന് നില്‍ക്കുന്നതിലൂടെയാണ്,  സമ്പന്നമായ ഭാഷ കണ്ടെത്തുന്നത് എന്ന് സുബ്രഹ്ണ്യന്‍ ഉപസംഹരിക്കുന്നു. ചിന്തയുടെ കോണുകളെ മാറ്റി പ്രതിഷ്ഠിക്കുന്ന സുബ്രഹ്ണ്യന്റെ ഈ ഗ്രന്ഥം, നിഗൂഢതകള്‍ ഏതുമില്ലാതെ, ലളിതവും സുഭഗവുമായ ശൈലിയില്‍, ചരിത്രവും തത്വചിന്തയും സൌന്ദര്യശാസ്ത്രവും പങ്കുവെയ്ക്കുന്നു.  കലയെയും ജീവിതത്തെയും സ്നേഹിക്കുന്ന ഏവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം.





അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇന്ത്യ


ആര്‍ നന്ദകുമാറിന്റെ ഡോക്യുപരമ്പരയെക്കുറിച്ച്

പി പി ഷാനവാസ്

ആര്‍ നന്ദകുമാര്‍ ദൂരദര്‍ശനുവേണ്ടി നിര്‍മ്മിച്ച  ഡോക്യുപരമ്പരയില്‍ (കാമഴശിഴ കിറശമ) ഇന്ത്യന്‍ ചിത്ര-ശില്‍പ കലയുടെ സമകാലീന ചിത്രം ദര്‍ശിക്കാം. കെ ജി സുബ്രഹ്മണ്യന്‍, ഗുലാം മുഹമ്മദ് ഷെയ്ഖ്, വിവാന്‍ സുന്ദരം, ലക്ഷ്മ ഗൌഢ, ഷീല ഗൌഢ എന്നീ കലാകാരന്മാരുടെ കലയുടേയും ദര്‍ശനത്തിന്റേയും  പോട്രേറ്റുകള്‍. ഇതില്‍ സുബ്രഹ്ണ്യനെയും ഷെയ്ഖിനെയും കുറിച്ചുള്ള ചിത്രണം തന്റെ ഗുരുനാഥന്മാര്‍ക്കുള്ള ശ്രദ്ധാജ്ഞലി കൂടിയാണ്. സമകാലീന ഇന്ത്യന്‍ കലാരംഗത്ത് അത്യപൂര്‍വമായ നിഷ്കര്‍ഷതയോടെ ഇടപെടുന്ന ഏതാനും കലാചരിത്രകാരന്മാരേ നമുക്കുള്ളൂ. അതില്‍ ഗീതാകപൂറിനു സമകാലീനമായ ഇന്ത്യന്‍നാമം നന്ദകുമാറിന്റേതാണ്. മെട്രോപൊളിറ്റന്‍ ജീവിതത്തിന്റെ സാന്നിധ്യമില്ലാതെത്തന്നെ, സ്വന്തം തട്ടകത്തില്‍ നിലയുറപ്പിച്ചുകൊണ്ട്, നന്ദകുമാര്‍ നടത്തുന്ന കലാപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടാനിരിക്കുന്നേയുള്ളൂ. എഴുപതുകള്‍ക്കാദ്യം നിള പബ്ളിഷേഴ്സിനു വേണ്ടി അദ്ദേഹം എഴുതിയ രണ്ടു നീണ്ടപ്രബന്ധങ്ങള്‍, ഇന്ത്യന്‍ ചിത്ര-ശില്‍പ മേഖല തേടുന്ന സൌന്ദര്യമൂല്യങ്ങളും, നേരിടുന്ന പ്രതിസന്ധിയും സസൂക്ഷ്മം വിലയിരുത്തുന്നതാണ്. എഴുപതുകള്‍ വരെയുള്ള ഇന്ത്യന്‍ ചിത്രകലയുടെ ചരിത്രവും സംഘര്‍ഷവും ആ പ്രബന്ധങ്ങളില്‍ സ്പന്ദിക്കുന്നു. മാത്രമല്ല, ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രഭവംകൊണ്ട ഇന്ത്യന്‍ താന്ത്രികതയുടെ കലാവിഷ്കാരം തേടിയുള്ള ഈസ്തെറ്റിക് പ്രൊജക്ടിന്റെ ജീര്‍ണ്ണമായ പ്രത്യയശാസ്ത്രത്തെ വലിച്ചുകീറുന്നതില്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം, കലാചരിത്രത്തെ വര്‍ത്തമാനത്തോടൊപ്പം തുടിക്കുന്ന രാഷ്ട്രീയ വിമര്‍ശമാക്കിത്തീര്‍ക്കുന്നതിന്റെ ഉത്തമോദാഹരണമാണ്. ഇന്ത്യന്‍ കലാകാരന്‍ നേരിട്ട അഭിജ്ഞാനതാ പ്രതിസന്ധിയെക്കുറിച്ചുള്ള നിളാപ്രബന്ധത്തിന്റെ ആദ്യഭാഗം, ഇന്ത്യന്‍ എന്ന സംജ്ഞയില്‍ അറിയപ്പെടുന്ന കലാകാരന്‍, തന്റെ പാരമ്പര്യത്തെ നിര്‍വചിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ, കൌതുകകരവും സംഘര്‍ഷഭരിതവുമായ സന്ദര്‍ഭങ്ങളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലാണ്.
 ഏതു വ്യവഹാരത്തിനകത്തുവെച്ചു പരിശോധിച്ചാലും, ഇന്ത്യ, ഒരു കൊളോണിയല്‍-അനന്തര ആധുനികവല്‍ക്കരണപദ്ധതിയുടെ സംജ്ഞയും പദ്ധതിയുമാണ്. ഇന്ത്യന്‍ ആധുനികത, ഇന്ത്യന്‍ എന്ന പേരിന്റെ തലവര പോലെ, ദേശീയപ്രസ്ഥാനവും കൊളോണിയല്‍ വാഴ്ചയും തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും കൊള്ളക്കൊടുക്കലിലൂടെയും നിര്‍മ്മിക്കപ്പെട്ട ഒന്നാണ്. ഈ ആധുനികതാപദ്ധതിയോട് സാര്‍ത്ഥകമായ പ്രതികരിച്ച കല, ചിത്ര-ശില്‍പ നിര്‍മ്മാണ മേഖലയാണെന്നത് ശ്രദ്ധേയമാണ്. അതിനുള്ള കാരണങ്ങളിലൊന്ന്,കൈത്തൊഴില്‍ ഗില്‍ഡുകളുമായി ബന്ധപ്പെട്ടുള്ള ഈ മേഖലയുടെ പൂര്‍വചരിത്രമാണെന്നു വരാം. ഫ്യൂഡല്‍ വാഴ്ചയുടെ രക്ഷാകര്‍തൃത്വത്തില്‍, ഊരും പേരും ആവശ്യമില്ലാത്ത ഗില്‍ഡുകളുടെയും പണിശാലകളുടെയും, ജാതീശ്രേണീ വ്യവസ്ഥയുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്നതാണ് ഇന്ത്യന്‍ കല. ദൈനംദിന ജീവിതത്തിന്റെ വിശ്വാസപരവും ആചാരപരവുമായ ആവശ്യങ്ങളോടൊത്താണ് അവ കലാപരമായി സാധൂകരണം കണ്ടെത്തിയിരുന്നത്. കൊളോണിയല്‍ ഭരണം ഈ വ്യവസ്ഥക്കുമേല്‍ ആഘാതമായി.  ഈ ആഘാതം ഗില്‍ഡുവ്യവസ്ഥയെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഛിന്നഭിന്നമാക്കിയില്ലെങ്കില്‍ പോലും, ആ വ്യവസ്ഥക്കകത്തു വ്യവഹരിച്ച കലയുടെ പ്രത്യയശാസ്ത്രപരമായ സാധുതയെ ഒരു പരിധിവരെ  അപ്രസക്തമാക്കി.  വിശുദ്ധിയും സൌന്ദര്യവും ഇണചേര്‍ന്നു നിന്ന കലയുടെ നിലനില്‍പിന്റെ പ്രസക്തിയെ നശിപ്പിച്ചെങ്കിലും, കലാസൃഷ്ടികള്‍ എന്ന പദവി നല്‍കി അവയെ മാറ്റിപ്പാര്‍ക്കാനുള്ള ശ്രമവും അതോടൊപ്പം നടന്നു. അതിന്റെ ഭാഗമായിരുന്നു ബ്രിട്ടീഷ് മുന്‍കയ്യില്‍ സ്ഥാപിച്ച ആര്‍ട് സ്കൂളുകളും അവിടെ നിന്ന് പുറത്തുവന്ന കമ്പനി പെയിന്‍ിങുകളും. അതോടൊപ്പം കൊളോണിയല്‍ ആധുനികവല്‍ക്കരണ പദ്ധതിയില്‍ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ഖനനവും പര്യവേക്ഷണവും നടക്കുകയുണ്ടായി. അധിനിവേശിത രാജ്യത്തെ വിഭവമാണ് കൊളോണിയല്‍ രാജ്യങ്ങളുടെ കണ്‍കേന്ദ്രം എന്നിരിക്കെ, ഇന്ത്യന്‍ കലാപരിസരത്തേക്ക് അവരയച്ച കണ്ണും  സാംസ്കാരിക മൂലധം തേടിയുള്ള അന്വേഷണമായിരുന്നു. അതിനാല്‍ ഓറിയന്റലിസ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള പൌരസ്ത്യ കലയുടെ അഭിജ്ഞാനത തന്നെയാണ്, ആദ്യകാലത്ത് ആധുനിക ഇന്ത്യന്‍ ചിത്രകാരനും പങ്കുവെച്ചത്. വൈദേശികമായ ഒരു കാഴ്ചപ്പാടില്‍ നിന്നുള്ള കലാപ്രവര്‍ത്തനം സാര്‍ത്ഥകമായ കലാസന്ദര്‍ഭങ്ങളൊന്നും ഉല്‍പാദിപ്പിക്കാനാവാതെ, വേരറ്റ മോട്ടീഫുകളുടെയും ശൈലീകൃത ജാഢ്യങ്ങളുടെയും അവിയല്‍ രൂപങ്ങളായി നിലകൊണ്ടു എന്ന് നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

  ഈ സംഘര്‍ഷങ്ങള്‍ക്കിടയിലും നന്ദലാല്‍ ബോസിനെയും ബിനോദ് ബിഹാരി മുഖര്‍ജിയെയും രാം കിങ്കര്‍ ബെയ്ജിനെയും പോലുള്ള കലാകാരന്മാര്‍ ഇന്ത്യന്‍ അഭിജ്ഞാനതയിലൂന്നി നിന്ന് സാര്‍ത്ഥകമായ കലാമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കൊളോണിയലിസം ഛിന്നഭിന്നമാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ നാടോടി-കൈവേലാ പാരമ്പര്യത്തില്‍ നിന്നാണ് അവരെല്ലാം ഭാഷയും കണ്‍വെട്ടവും കണ്ടെത്തിയത്. കൊളോണിയല്‍ പദ്ധതിയോട് വിമര്‍ശനാത്മകമായി പ്രതികരിച്ചുകൊണ്ട്, എന്നാല്‍ പാരമ്പര്യ സങ്കീര്‍ത്തനത്തിന്റെ മുഢസ്വര്‍ഗത്തില്‍ മയങ്ങാതെ,  ഇന്ത്യന്‍കല, ഇവരുടെ കയ്യൊതുക്കത്തില്‍ സ്വത്വനിര്‍വചനത്തിലേക്കുണര്‍ന്നു. ഈ പാരമ്പര്യത്തിലാണ് കെ ജി സുബ്രഹ്ണ്യന്‍ എന്ന, ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യന്‍ കലാരംഗം സംഭാവന ചെയ്ത, പിതൃതുല്യനായ കലാകാരന്റെ നില്‍പ്. കമ്പനി പെയിന്റിങ്ങുകളുടെ കൊളോണിയല്‍ കാഴ്ചയില്‍ നിന്ന് മുക്തമാകാനുള്ള ബംഗാളി കലാകാരന്മാരുടെ വ്യഗ്രത അവരെ പാരമ്പര്യത്തിന്റെ മുന്‍സൂചിപ്പിച്ച ശൈലീകൃത ജാഢ്യങ്ങളില്‍ കുടുക്കിയപ്പോള്‍, അതിനോട് പ്രതികരിച്ചുകൊണ്ട് അന്തരാഷ്ട്രീയമായ ഒരു ലോകകല തേടിപ്പോയ കല്‍ക്കത്ത-ബോംബെ ഗ്രൂപ്പുകളുടെ എക്സ്പ്രഷണിലിസ്റ്റ് അതിഭാവുകതയില്‍ മുങ്ങിമരിക്കാതെ, ഇന്ത്യന്‍ കലയെ അതിന്റെ ചരിത്ര സന്ദര്‍ഭത്തില്‍ കണ്ടെത്തിയതിന്റെ അവകാശി എന്ന നിലയില്‍, സുബ്രഹ്ണ്യന്‍ യുവകലാകാരന്മാരുടെയും ഭാവിയിലെ ഇന്ത്യന്‍ കലയുടെയും ഹെലിപാഡ് ആയി മാറുന്നു.
  കെ ജി സുബ്രഹ്മണ്യന്റെ ചിത്രങ്ങളില്‍ ഗ്രാമീണമായ ഇന്ത്യയുടെ ഈ ലാളിത്യവും സ്നേഹസ്പര്‍ശവും തൊട്ടറിയാം. വാതില്‍പ്പുറത്ത് മിന്നിമറിയുന്ന പോലെ ഇന്ത്യന്‍ ഗ്രാമീണ ജീവിതസങ്കടങ്ങള്‍ അതിന്റെ പ്രമേയമായിത്തീരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇന്ത്യന്‍ കലാകാരനും വിദേശീ ആസ്വാദകനും ഒരുപോലെ പങ്കുവെച്ച ഓറിയന്റല്‍ കാഴ്ചവട്ടത്തില്‍ നിന്ന് തന്റെ കാഴ്ചയെ മോചിപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനാവുന്നു. അങ്ങിനെ ജീവിക്കുന്ന നിമിഷത്തിലെ യാഥാര്‍ത്ഥ്യവുമായും ഭൂതകാലത്തിന്റെ അതിന്റെ വേരുകളുമായും ജൈവബന്ധമുള്ള ഒരു ഇമേജറി അദ്ദേഹം കണ്ടെടുക്കുന്നു. ചിത്രകാരന്‍, കലാചരിത്രകാരന്‍, കലാധ്യാപകന്‍ എന്നീ നിലകളിലെല്ലാം തന്റെ സവിശേഷസ്ഥാനം അടയാളപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സുബ്രഹ്മണ്യന്‍ തന്റെ കലയുടെ പാരമ്പര്യം കണ്ടെത്തിയത്, ഇന്ത്യന്‍ ഗില്‍ഡുകളുടെ ചിട്ടവട്ടത്തില്‍ വളര്‍ന്ന കൈത്തൊഴില്‍ കലാകാരന്മാരില്‍ നിന്നാണ് എന്നതുതന്നെ, ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ തൊട്ടറിയാനുള്ള അദ്ദേഹത്തിന്റെ കരവിരുതിന്റെയും ജീവിതവീക്ഷണത്തിന്റേയും ലക്ഷണമായിരുന്നു. ആധുനിക  ഇന്ത്യ രൂപപ്പെട്ടത,് ഗില്‍ഡുവ്യവസ്ഥയെയും കുടുംബകൈത്തൊഴില്‍ മേഖലയെയും ഛിന്നഭിന്നമാക്കിയ കൊളോണിയല്‍ വ്യവസായവല്‍ക്കരണ-ആധുനികവല്‍ക്കരണ പദ്ധതിയോട് പ്രതികരിച്ചുകൊണ്ടാണ് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്ന കലാകാരന്‍, സ്വന്തം പാരമ്പര്യത്തെ ആ കലാപാരമ്പര്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തു എന്ന കാര്യം തന്നെ ശ്രദ്ധേയമാണ്. കൊളോണിയല്‍ അനുകരണ ആധുനികവല്‍ക്കരണ പദ്ധതിയില്‍നിന്ന് ഒഴിഞ്ഞുനിന്ന്, ഇന്നും ഇന്ത്യ, ജീവിക്കുന്ന ഒരു നാടോടികലയെ (ഹശ്ശിഴ ളീഹസഹീൃല) പോറ്റിവളര്‍ത്തുന്നുണ്ട് എന്ന അദ്ദേഹത്തിന്റെ കലാപരമായ കണ്ടെത്തല്‍, ചിത്ര-ശില്‍പ മേഖലയില്‍ ഇന്ത്യന്‍ അഭിജ്ഞാനതയെ സംബന്ധിച്ച  യാഥാര്‍ത്ഥ്യദര്‍ശനമായിരുന്നു. നഗരമധ്യവര്‍ഗത്തിന്റെയും മെട്രോപൊളിറ്റന്‍ ജീവിതത്തിന്റെയും ചാരത്തു വളര്‍ന്നുവന്ന ആധുനിക ഇന്ത്യന്‍ കല, ഒരു ഭാഗത്ത് പാശ്ചാത്യശൈലീഭേദങ്ങളുടെ പരീക്ഷണങ്ങളുമായി ഒത്തുപോകാന്‍ വ്യഗ്രപ്പെട്ടപ്പോള്‍, അതില്‍ നിന്നു മാറിനിന്ന്, ആ ശൈലീ അനുകരണ പ്രവണതയെത്തന്നെ തന്റെ കലയില്‍ ഒരു ഉപഹാസത്തിലൂടെ ചിത്രീകരിക്കുന്നു സുബ്രഹ്മണ്യന്‍. അതേസമയം ഇന്ത്യന്‍ ടെറാകോട്ട പാരമ്പര്യത്തില്‍ നിന്നുകൊണ്ട് ആധുനിക ഇന്ത്യയെ പ്രമേയവല്‍ക്കരിക്കുകയും ചെയ്തു.  ഒരേസമയം കൈത്തൊഴില്‍ കലാകാരന്മാര്‍ സൃഷ്ടിച്ച പാരമ്പര്യത്തെയും മറുഭാഗത്ത് പാശ്ചാത്യ പ്രസ്ഥാനങ്ങള്‍ പ്രതിനീധീകരിച്ച കലാപ്രവണതകളെയും പ്രശ്നവല്‍ക്കരിച്ചുകൊണ്ട് സ്വകീയമായ ഒരു കലയും ശൈലിയും കണ്ടെത്താന്‍ സുബ്രഹ്മണ്യനായി എന്ന് ഡോക്യുമെന്ററിയില്‍ ഗീതാകപൂര്‍ വിലയിരുത്തുന്നു.





 ഈ ഇന്ത്യന്‍ അഭിജ്ഞാനതയുടെ മറ്റൊരു കലാപരമായ സന്ദര്‍ഭത്തെയാണ് ഗുലാം മുഹമ്മദ് ഷെയ്ഖ് തന്റെ കലയുടെ ജൈവഭാഷയായി കണ്ടെടുക്കുന്നത്. സംസ്കാരങ്ങളുടെയും നാഗരികതയുടെയും കാലവൈചിത്യ്രത്തില്‍ തന്റെ കലയുടെ ഭാഷ കണ്ടെത്താനുള്ള സംരഭമാണ് ഗുലാംഷെയ്ഖിനെ ഇന്ത്യന്‍ കലയുടെ സമകാലീന പ്രതിനിധിയാക്കുന്നത് എന്ന് ഗീതാകപൂര്‍ പറയുന്നു. മുഗള്‍-പേര്‍ഷ്യന്‍ മിനിയേച്ചര്‍ പെയിന്റിങ്ങിന്റെയും അവയില്‍ നിന്ന് കണ്ടെടുത്ത മോട്ടീഫിന്റെയൂം സന്നിവേശത്തിലൂടെ ഷെയ്ഖ് സൃഷ്ടിച്ച കാന്‍വാസുകള്‍ ചരിത്രത്തിന്റെ ഈ നിമിഷത്തോട് സാര്‍ത്ഥകമായി പ്രതികരിച്ചുകൊണ്ട് തികച്ചും വൈയക്തികമായ ഒരു കലയുടെ കോസ്മോസ് സൃഷ്ടിക്കുന്നു.  കാന്‍വാസില്‍ തെളിയുന്ന ഈ കോസ്മോസില്‍ ചരിത്രത്തിന്റെ എതാണ്ടെല്ലാ നാഗരിക കലാശേഷിപ്പുകളും ഒരു ജൈവതാളത്തില്‍ ഭാഷാപരമായ നില്‍പ്പ് കണ്ടെത്തുന്നു. ഷെയ്ഖിന്റെ കാന്‍വാസുകളുടെ കവിതയും ജീവനും ഈ വൈയക്തികതയുടെ സമകാലീനതയില്‍ നിന്ന് രൂപംകൊള്ളുന്നതാണ്. കെ ജി സുബ്രഹ്മണ്യന്‍ ഇന്ത്യന്‍ കൈത്തൊഴില്‍കലയുടെ  നഷ്ടാവശിഷ്ടങ്ങളില്‍ നിന്ന് തന്റെ കലയുടെ ഭാഷ കണ്ടെത്തിയപ്പോള്‍, ഇന്ത്യന്‍  മിനിയേച്ചര്‍ പെയിന്റിങ്ങുകളുടെ പാരമ്പര്യത്തെ, തന്റെ കലയുടെ ഭാഷാവൈവിധ്യത്തെ അടയാളപ്പെടുത്താന്‍ ഷെയ്ഖ് ഉപയോഗിക്കുന്നു. അങ്ങിനെ സമകാലീന ഇന്ത്യന്‍ ചിത്രകല അതിന്റെ വേദനാജനകമായ പാരമ്പര്യാന്വേഷണ യാത്രയിലെ മൂല്യവത്തായ മുഹൂര്‍ത്തങ്ങളിലൊന്നായി ഷേഖിന്റെ കല മാറുന്നു.


 ഇപ്രകാരം സ്വന്തം ആധുനികതയും ഭാഷയും തനിമയും കണ്ടെത്താനുള്ള കലാന്വേഷണങ്ങള്‍ നിലനില്‍ക്കെത്തന്നെ, ഇന്ത്യന്‍ കലാരംഗം മുലധനത്തിന്റെയും ഗ്യാലറിസ്പേസിന്റെയും മൂല്യനിര്‍ണ്ണയത്തിനുള്ളില്‍, വിധ്വംസകമായ ഒരു ഭാഗധേയത്തിലൂടെ കടന്നുപോകുന്നതിനോടു പ്രതികരിച്ചുകൊണ്ടാണ് വിവാന്‍ സുന്ദരം തന്റെ കലയെ അടയാളപ്പെടുത്തുന്നത്. ഇന്ത്യന്‍ കല കാലികവും രാഷ്ട്രീയോന്മുഖവുമായ ഒരു വാഗ്വോദത്തിലേക്കു പ്രവേശിക്കുന്നത്, ഒരുപക്ഷേ വിവാന്റെ ഇടപെടലിലൂടെയാണ്. അദ്ദേഹത്തിന്റെ അടിയന്തരാവസ്ഥാ ഡ്രോയിങ്ങുകളും പോപ്പ് ആര്‍ടിന്റെ സ്വാധീനത്തിലുള്ള കലാപരമായ ഇടപെടലും ശ്രദ്ധേയമാണ്. അറുപതുകളില്‍ ബറോഡാ കലാലയം കേന്ദ്രീകരിച്ചുണ്ടായ കലാപ്രസ്ഥാനം ഒരര്‍ത്ഥത്തില്‍ അക്കാലത്തെ ബ്രിട്ടീഷ് പോപ് ആര്‍ട് കലയുടെ അനുരണനമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയോന്മുഖത്വവും, വര്‍ത്തമാന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഭാഷയും പ്രമേയവും കണ്ടെടുക്കാനുള്ള ശ്രമവും പല നിലയില്‍ വിവാന്‍ പങ്കുവെയ്ക്കുന്നതു കാണാം. ഇന്ത്യന്‍ കലയുടെ ഈ ആക്ടിവിസ്റ്റ് മുഖത്തെ നന്ദകുമാര്‍ തന്റെ ഭൂപന്‍ ഖക്കാറിന്റെ കലയെ മുന്‍നിര്‍ത്തിയുള്ള നിരൂപണത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കലാകാരനും ഗാലറിവ്യവസ്ഥയും സമൂഹവും തമ്മില്‍ തമ്മിലുള്ള പാരസ്പര്യമാണ്  തന്റെ സൃഷ്ടികളില്‍ പൊതുവായി താന്‍ പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് വിവാന്‍ പറയുന്നു. സ്വാതന്ത്യ്രാനന്തരമുള്ള ഇന്ത്യന്‍ വര്‍ത്തമാനത്തിന്റെ ഗതിവിഗതികള്‍ ആണ് തന്റെ കലക്ക് പൊതുവെ വിവാന്‍ വിഷയമാക്കുന്നത്. വര്‍ത്തമാനത്തിന്റെ ഒരു പുരാവസ്തുവിജ്ഞാനീയത്തിലൂടെ ബൃഹദ്ചരിത്രത്തിന്റെ പ്രമേയകല്‍പനകളാണ് വിവാന്റെ സൃഷ്ടികള്‍ എന്നും ഡോക്യുമെന്ററി വിലയിരുത്തുന്നു.


 സുബ്രഹ്മണ്യന്റെ കലാസംബന്ധിയായ റെട്ടറിക്കിന്റെ ഉല്‍പന്നമെന്നുവേണമെങ്കില്‍ ലക്ഷ്മ ഗൌഢയുടെ കലാപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കാം. അതേസമയം, ലക്ഷ്മയുടെ സ്വകീയത സ്വന്തം ഗ്രാമത്തിന്റെയും സമുദായ ജീവിതത്തിന്റെയും നിശാജീവിതത്തില്‍ നിന്നു കണ്ടെടുത്തതാണ്. രത്യുന്മുഖത ഒരു ലിബിഡിനല്‍ ഊര്‍ജ്ജമായി ലക്ഷ്മയുടെ കലാശരീരത്തില്‍ ജീവനം തേടുന്നു. നാടോടി ശൈലീജാഢ്യങ്ങളില്‍ കുടുങ്ങാതെ, നാടോടി നാടകശാലയില്‍ (ളീഹസ വേലമൃല) നിന്നും, ഗ്രാമീണ അലങ്കാര ചിത്രശൈലിയില്‍ നിന്നും, വാസ്തുശില്‍പ പാരമ്പര്യത്തില്‍ നിന്നും ലക്ഷ്മ തന്റെ മോട്ടീഫുകള്‍ കണ്ടെത്തുന്നു. ശരീരം, ഞാന്‍ എന്ന സ്വത്വബോധത്തെയും സ്വാഭിമാനത്തെയും പാര്‍പ്പിക്കുന്ന ഒരിടമാണെന്ന ആധുനിക യുക്തിയുടെ കാഴ്ചപ്പാടിനെ തന്റെ ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ രത്യന്മുഖതയോട് ചേര്‍ത്തുനിര്‍ത്തി അട്ടിമറിക്കുന്ന ഇമേജറിയാണ് ലക്ഷ്മയുടേത്. ഈ കാടത്തവും കരുത്തും ചിത്രീകരിക്കാനാവുന്ന എച്ചിങ്ങിന്റെ മാധ്യമം തെരഞ്ഞെടുത്തതും അര്‍ത്ഥവത്താണ്. ലക്ഷ്മയുടെ സ്റ്റുഡിയോയിലെ നിര്‍മ്മാണനിമിഷങ്ങള്‍ ഡോക്യുമെന്റി പകര്‍ത്തുന്നുണ്ട്. കൊളോണിയല്‍ അപകര്‍ഷതയില്‍ നിന്നു മുക്തമായ ഒരിന്ത്യന്‍ അഭിജ്ഞാനത ലക്ഷ്മയുടെ കലാസൃഷ്ടികളില്‍ ധീരതയും ഉള്ളുറപ്പും നിറഞ്ഞ വരകളും കടുംവര്‍ണ്ണങ്ങളുടെ മിതമായ ഉപയോഗവും അടയാളപ്പെടുത്തുന്നുണ്ട്.
  ഇന്ത്യന്‍ കല, ഷീല ഗൌഢയിലെത്തുമ്പോള്‍ കൂടുതല്‍ സമകാലീനമാകുന്നു. ചിത്രകാരി എന്ന നിലയില്‍ അവര്‍ തൊണ്ണൂര്‍കള്‍ക്കാദ്യം നേരിട്ട മാധ്യമപരവും വൈയക്തികവുമായ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളാണ് കാന്‍വാസിനപ്പുറത്തേക്ക്  കലാപ്രവര്‍ത്തനത്തിന്റെ ഇടം കണ്ടെത്താന്‍ അവരെ പ്രേരിപ്പിച്ചത്. അങ്ങിനെയാണ് ചാണകം  കലാമാധ്യമമായി അവള്‍ തെരഞ്ഞെടുക്കുന്നത്. അമ്പതുകളില്‍ ബംഗാള്‍ കലാപത്തിന്റെ നാളുകളില്‍ കളിമണ്ണ് കയ്യിലെടുത്ത് തന്റെ വ്യഖ്യാതമായ ടെറാകോട്ടാ റിലീഫുകള്‍ നിര്‍മ്മിച്ച സുബ്രഹ്മണ്യന്റെ കലാപ്രവര്‍ത്തനത്തെ ഓര്‍മിപ്പിക്കുന്നതാണ് ഷീലയുടെ ഈ വഴിമാറി നടത്തം. ഒരു മെറ്റീരിയല്‍ കലാവസ്തുവാകുമ്പോള്‍ അതിലൂടെ ഭാഷയും വികാരവും സ്പന്ദനം ചെയ്യുന്നു എന്ന കലായാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തെയാണ് ഷീല ഉപയോഗപ്പെടുത്തുന്നത്. ബാബ്രി മസ്ജിദിന്റെ തകര്‍ച്ച മുതല്‍ ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ ഊടും പാവും തകരാന്‍ തുടങ്ങിയ പശ്ചാത്തലമാണ് ചാണകത്തെ തന്റെ മാധ്യമമാക്കിയതെന്ന് ഷീല അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യന്‍ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ചാണകം  വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും അടയാളമായിരിക്കുമ്പോള്‍ തന്നെ അത് അവിശുദ്ധമായ വിസര്‍ജ്യവസ്തുവുമാണ്്. ഇന്ത്യന്‍ സാമൂഹികതയുടെ ഈ വിരുദ്ധോക്തിക്കിടയിലൂടെയാണ് തന്റെ കലാപ്രവര്‍ത്തനത്തിന്റെ സഞ്ചാരം എന്ന് ഷീല പറയുന്നു. ടെല്‍ ഹിം ഓഫ് മൈ പെയിന്‍  എന്ന ഇസ്റ്റലഷേനില്‍, രക്തവര്‍ണ്ണം തേച്ച നൂലിഴ, അനന്തമായ ഒരു അബ്സട്രാക്ട് വരയായി, ഗാലറി സ്പേസ് ആകെ നീണ്ടു കിടക്കുന്നു. സ്ത്രീയെ രക്തവര്‍ണ്ണം കൊണ്ട് അടയാളപ്പെടുത്തുന്ന ഈ കലാസൃഷ്ടി സ്ത്രീസ്വത്വത്തെ ഒരു രാഷ്ട്രീയസ്ഥലിയായി പരിണഗണിച്ചുകൊണ്ടുള്ള ആഖ്യാനമാണ്. ടാര്‍ കാനുകളുടെ തകരം പൊളിച്ച് നിര്‍മ്മിച്ച  ഇസ്റ്റലേഷന്‍ ഒരു നഗര പ്രതിഭാസത്തെ മുന്‍നിര്‍ത്തിയാണ്. നിരത്തു തൊഴിലാളികള്‍ ജോലി കഴിഞ്ഞ് പണി സ്ഥലത്തിനു സമീപം  വിശ്രമിക്കുന്ന തകരക്കൂടാരങ്ങളും, അവര്‍ക്കു മുകളില്‍ നക്ഷത്രഖചിതമായ രാത്രിയാകാശത്തിന്റെ സ്വപ്നസ്പേസും വിതാനങ്ങള്‍ നിര്‍മ്മിക്കുന്നതാണ് ഈ സൃഷ്ടി. ഷീലയുടെ എര്‍ത് വര്‍കുകളും നന്ദകുമാര്‍ സൂചിപ്പിക്കും പോലെ സ്ത്രീത്വം ഒരു രാഷ്ട്രീയ ഇടമായി മാറുന്ന കൊളോണിയല്‍ അനന്തര ആഗോളവല്‍ക്കരണ കാലത്തിന്റെ കലാപ്രതികരണമാണ്. ഇന്ത്യന്‍ അഭിജ്ഞാനതയെക്കുറിച്ച് ഈ കലാകാരിക്ക് സംശയലേശമില്ലാത്ത ഉള്ളുറപ്പുണ്ട്. ഇന്ത്യന്‍ അഭിജ്ഞാനതയും ഇന്ത്യന്‍ ആധുനികവല്‍ക്കരണ പദ്ധതിയും ഇന്നെത്തി നില്‍ക്കുന്ന പ്രതിസന്ധിമുനമ്പ് ഇവിടെ ചര്‍ച്ച ചെയ്യുന്ന എല്ലാ കലാകാരന്മാരും തങ്ങളുടെ സൃഷ്ടികളില്‍ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്.
ഇന്ത്യയുടെ സുവര്‍ണ്ണകാലം ഗുപ്തകാലഘട്ടമാണെന്ന സംഘപരിവാര ബുദ്ധിജീവികളുടെ ചരിത്രവായനയുടെ സങ്കുചിത്വത്തെയും വെട്ടിച്ചുരുക്കലിനെയും ഡോക്യുമെന്റി അഭിമുഖത്തില്‍ സുബ്രഹ്ണ്യന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് വിദേശികളുടെ ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടിന്റെ പങ്കുപറ്റലാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഗുപ്ത കാലഘട്ടത്തിനു ശേഷം മണ്ണുമായി ബന്ധമുള്ള കലയുടെ സമ്പന്നമായ സന്ദര്‍ഭമുണ്ടെന്നും ഗുപ്തകാലഘട്ടത്തിനു മുമ്പും മനുഷ്യനെ പരിഗണിക്കുന്ന കലയുടെ മുഹൂര്‍ത്തങ്ങളാല്‍ സജീവമാണെന്നും അദ്ദേഹം പറയുന്നു. തന്റെ ചിത്രങ്ങളില്‍ സമകാലീന ഇന്ത്യന്‍ സാമൂഹ്യ ജീവിതം സാധാരണക്കാരനായ മനുഷ്യര്‍ക്കു നല്‍കുന്ന കണ്ണീരിന്റെ വര്‍ത്തമാനങ്ങള്‍ സുബ്രഹ്ണ്യന്‍ ആവര്‍ത്തിച്ച് ആവിഷ്കരിക്കുന്നതു കാണാം. ഒരു കണ്ണീര്‍തുള്ളി കൊണ്ട് ഇന്ത്യന്‍ ജീവിതത്തെ അടയാളപ്പെടുത്താനാവുംവിധം ലളിതസുഭഗവും അലങ്കാരലേശവുമില്ലാത്ത സുബ്രഹ്മണ്യന്‍ ശൈലി, ഇന്ത്യയെ സംബന്ധിച്ച എല്ലാ നിഗൂഢവല്‍ക്കരണങ്ങളെയും പൊളിച്ചെഴുതുന്നു. സ്വകീയമായൊരു അനാര്‍ഭാടതയായി ഈ ഇമേജറി കണ്ണില്‍ ഉടക്കുന്നു. വാതില്‍പ്പുറങ്ങളില്‍ മിന്നിമറയുന്ന ദൃശ്യങ്ങള്‍ ക്ഷണികമെന്നു പ്രതീതി ജനിപ്പിക്കുന്ന ഇമേജുകളുടെ ഒരു പോളിമോര്‍ഫി തീര്‍ക്കുന്നു.
 താന്‍ ജീവിക്കുന്ന പട്ടണത്തിന്റെ സമകാലീനതയെ പിടിച്ചെടുത്തുകൊണ്ട് ഗുലാം ഷെയ്ഖ് നിര്‍മ്മിച്ച ഏതാനും കാന്‍വാസുകളും ഇതേ ഇന്ത്യന്‍ സമകാലീനതയെ സംബോധന ചെയ്യുന്നു. സിറ്റി ഫോര്‍ സെയില്‍ ഇപ്രകാരം ബറോഡയില്‍ വര്‍ഗീയശക്തികള്‍ തിമിര്‍ത്താടിയപ്പോഴുള്ള ഷെയ്ഖിന്റെ പ്രതികരണമാണ്. ബാബ്രി മസ്ജിദ് തകര്‍പ്പെട്ട സാഹചര്യത്തില്‍ ഷെയ്ഖ് പ്രവാചകന്റെ ആകാശയാത്രയെ സംബന്ധിച്ച മിത്തും, ഉമ്മയുടെ താന്‍ സ്വയമെടുത്ത ചിത്രവും ചേര്‍ത്ത് നിര്‍മ്മിച്ച ഒരു കാന്‍വാസുണ്ട്. പേര്‍ഷ്യന്‍ മിനിയേച്ചര്‍ മോട്ടീഫുകളില്‍ നിന്നാണ് പ്രവാചകന്റെ മിഹ്റാജിനെ സംബന്ധിച്ച മോട്ടീഫ്  ഉപയോഗിച്ചത് എന്ന് ഷെയ്ഖ് പറയുന്നു. ബുറാഖ് എന്നു പേരായ കുതിരയ്ക്കു സമാനമായ ആകാശവാഹനവും മാലഖമാരും പേര്‍ഷ്യന്‍ മിനിയേച്ചറില്‍ നിന്നുള്ള മോട്ടീഫുകളാണ്. യാത്രകളുടെയും പലയാനങ്ങളുടെയും കഥ പറയുന്ന കാന്‍വാസുകള്‍ ഷെയ്ഖ് നിര്‍മ്മിച്ചിട്ടുണ്ട്. രാമായണ മാരീച സംഭവവും, യേശുവിന്റെ കാലടിപ്പാടുകള്‍ പിന്തുടരുന്ന മഗ്ദലന മറിയവും  ഷെയ്ഖിന്റെ കാന്‍വാസുകളില്‍ തന്റെ സ്വകീയമായ കാവ്യമനസിന്റെ അനുരണനമായി കടന്നെത്തുന്നു. ഇറ്റാലിയന്‍ നവോത്ഥാനപുര്‍വ ചിത്രങ്ങളുടെ മോട്ടീഫുകളും ഇവിടെ ഇമേജറിയാുെരുക്കുന്നു. കവിത തുളുമ്പുന്ന ഷെയ്ഖിന്റെ കാന്‍വാസുകള്‍ ചരിത്രത്തിലൂടെയും നാഗരികതകളിലൂടെയും സഞ്ചാരം നടത്തുന്നു. എന്നാല്‍ അവയെല്ലാം തെന്നിനീങ്ങുന്നത് താന്‍ ജീവിക്കുന്ന നിമിഷത്തിന്റെ കോസ്മോസിലാണെന്ന് ഗീതാകപൂര്‍ ഷെയ്ഖിന്റെ രചനാജീവിതത്തെക്കുറിച്ച് വാചാലമാകുമ്പോള്‍ പറയുന്നു.   ഭക്തി പ്രസ്ഥാനകാലത്തെ ജീവിതദര്‍ശനത്തില്‍ നിന്നാണ് ഷെയ്ഖ് തന്റെ ഇന്ത്യയെ കണ്ടെടുക്കുന്നത്. ഭോപ്പാല്‍ ..........ചെയ്ത ഭക്ത കവികളുടെ സഞ്ചാരപഥങ്ങള്‍ ചിത്രീകരിക്കുന്ന കാന്‍വാസ് ഷെയ്ഖിന്റെ ജീവിത ദര്‍ശനത്തിന്റെ കൂടി നിദര്‍ശനമാണ്.
  ഇന്ത്യന്‍ കലാചരിത്രത്തിലെ സ്വകീയമായ ധാരയെ പ്രതിനിധീകരിക്കുന്ന  ഈ കലാകാരന്മാരുടെ കലയെയും ദര്‍ശനത്തെയും സ്പര്‍ശിച്ചറിയാന്‍ സഹായിക്കുന്നു ഈ ഡോക്യുമെന്റികള്‍. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇന്ത്യന്‍ ബുദ്ധിജീവികള്‍ സ്വന്തം പാരമ്പര്യത്തെ കണ്ടെത്താന്‍ നടത്തിയ വേദനാജനകമായ ശ്രമങ്ങള്‍ ഇവിടെ കലാപരമായ അര്‍ത്ഥം കണ്ടെത്തുന്നു. ചിത്ര-ശില്‍പ കലയുടെ ഇന്ത്യന്‍ ഭാഷ കണ്ടെത്തുന്നതില്‍ ഈ കലാകാരന്മാര്‍ വഹിച്ച പങ്ക് വിലയിരുത്തുമ്പോള്‍ തന്നെ, അവരുടെ കലയുടെ സൌന്ദര്യമൂല്യത്തെ തൊട്ടറിയാനും ഈ പോട്രേറ്റുകള്‍ സഹായിക്കുന്നു. കലാകാരന്മാരുടെ സൃഷ്ടികളെ മുന്‍നിര്‍ത്തി മുന്നേറുന്ന ആഖ്യാനം, അവരുടെ കലയുടെ സൌന്ദര്യമാനങ്ങളും ചരിത്രപരതയും  ഇന്ത്യയിലെ മുന്‍നിര കലാനിരൂപകരാലും കലാചരിത്രകാരന്മാരാലും വിലയിരുത്തപ്പെടുന്നു. ഹാന്‍ വര്‍ഗീസ് മാത്യൂ, .......................................................................അതുവഴി ഇന്ത്യന്‍ കലാചരിത്രത്തിന്റെ ഒരു പോട്രേറ്റ് ആയി  പരമ്പര മാറുന്നു. നന്ദകുമാറിന്റെ കലാപരമായ ചിന്തകളുടെയും സമീപനങ്ങളുടെയും അനാര്‍ഭാടവും വളച്ചുകെട്ടില്ലാത്തതുമായ അവതരണം ഈ ഡോക്യുമെന്റികളെ സാങ്കേതികതയുടെയും ഫോര്‍മലിസിസത്തിന്റെയും കെണിയില്‍ കുടുങ്ങാതെ കാത്തുസൂക്ഷിക്കുന്നു. കലയുടെ സത്യവും സൌന്ദര്യവും നിഗൂഢവൈചിത്യ്രങ്ങളേതുമില്ലാതെ ആവിഷ്കരിക്കപ്പെടുന്നു. നന്ദകുമാറിന്റെ കലാചരിത്ര-വിമശന സംരഭങ്ങളുടെ ഏറ്റവും പുതിയ രേഖയാണ് ഈ പരമ്പര.

Published in Deshabhimani.....the article deals with the works of four prominent artist in India....




Saturday, August 6, 2011


കലാനിര്‍മ്മാണവും കലാചരിത്രവും

ആര്‍ ശിവകുമാര്‍ /പി പി ഷാനവാസ്

കനക്കുന്നിലെ മരത്തണലിലൊന്നില്‍ ആര്‍ ശിവകുമാറുമായി സംസാരിക്കുമ്പോള്‍ സന്ധ്യ. ശാന്തിനികേതനത്തിലെ ജീവിതത്തെയും തന്റെ ഗുരുനാഥന്മാരെയും താന്‍ സൃഷ്ടിച്ച കലയെയും കുറിച്ച് കെ എസ് രാധാകൃഷ്ണനുമായി അഭിമുഖമവസാനിച്ചായിരുന്നു ശിവകുമാറുമായി സംഭാഷണം. മലയാളിയായ ശിവകുമാര്‍ ഇന്ത്യയിലെ പ്രമുഖനായ കലാചരിത്രകാരനാണ്. ബംഗാളില്‍ ശാന്തിനികേതന്‍ കലാഭവനിലെ കലാചരിത്രവിഭാഗം അധ്യാപകന്‍.  പതിനെട്ടാം വയസ്സില്‍ കലാപഠനത്തിനായി കെ എസ് രാധാകൃഷ്ണന്‍ ശാന്തിനികേതനത്തിലേക്കു കയറിയ അതേ തീവണ്ടിയില്‍, സമപ്രായക്കാരനായി, കലാപഠനം ലക്ഷ്യമിട്ട് ശിവകുമാറും ഉണ്ടായിരുന്നു. മലയാളികളാണെങ്കിലും ഇരുവരും ബംഗാളില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടി. ആ ബന്ധത്തിന്റെ ഇടമുറിയാത്ത തുലാവര്‍ഷപ്പകര്‍ച്ച ഇന്നും മാഞ്ഞുപോയിട്ടില്ല.  രാധാകൃഷ്ണന്റെ കലയെക്കുറിച്ചുള്ള ശിവകുമാറിന്റെ അപൂര്‍വ്വ സുന്ദരമായ ഭാഷ്യങ്ങള്‍ അതിന്റെ ഫലമാണ്.
 ശാന്തിനികേതന്‍ കലയെയും കലാകാരന്മാരെയും ശിവകുമാര്‍ ആഴത്തില്‍ പഠിച്ചു. കെ ജി സുബ്രഹ്മണ്യന്റെ  കലാനിര്‍മ്മാണ സപര്യയെ അടുത്തന്വേഷിച്ചു. കെജിഎസിന്റെ  അഞ്ചു പതിറ്റാണ്ടത്തെ കലാപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യാന്‍, ദില്ലി നാഷണല്‍ ആര്‍ട് ഗാലറി ശിവകുമാറിനെയായിരുന്നു ക്ഷണിച്ചത്. അത് പുതിയ തലമുറയ്ക്ക് കെജിഎസിന്റെ ബൃഹത്തായ കലയെ കണ്‍തുറന്ന് കാണാനുള്ള അപൂര്‍വ്വാവസരമായി. തുടര്‍ന്ന് സുബ്രഹ്മണ്യനെക്കുറിച്ച് ശിവകുമാറിന്റെ സമഗ്ര പഠനവും ഇറങ്ങി. എ രാമചന്ദ്രന്റെ രചനകളെക്കുറിച്ച് ശിവകുമാര്‍ രചിച്ച റെട്രോസ്പെക്ടീവും പുറത്തിറങ്ങി.
കലാസൃഷ്ടികളെ സസൂക്ഷ്മം അനുധാവനം ചെയ്ത്, അവയുടെ സൌന്ദര്യമൂല്യ മാനദണ്ഡങ്ങളില്‍ നിലയുറപ്പിച്ച്, ശിവകുമാര്‍ നടത്തുന്ന സഞ്ചാരങ്ങള്‍, അപൂര്‍വ്വചാരുതയാര്‍ന്ന ഒരാമ്പല്‍പൂവിന്റെ സാരള്യം അനുഭവിപ്പിക്കുന്നു. അത് സൌന്ദര്യാസ്വാദനത്തിന്റെ ഉദാത്തമായ നിമിഷങ്ങളെ, ചരിത്രത്തിന്റെയും ദര്‍ശനത്തിന്റെയും വെയില്‍പ്പച്ചയിലേക്ക് വ്യാവര്‍ത്തനം ചെയ്യിക്കുന്നു. ഇങ്ങനെ കലാസൃഷ്ടിയുടെ ശേഷജീവിതം സാധ്യമാവുന്നു. അതു സ്വയം ഒരു കലാസൃഷ്ടിയായിത്തീരുന്നു. രാധാകൃഷ്ണന്റെ ശില്‍പങ്ങളെക്കുറിച്ചും കെ ജി സുബ്രഹ്മണ്യന്റെ കലയെക്കുറിച്ചും ശിവകുമാറിന്റെ ആഖ്യാനങ്ങള്‍ ഇതിനു നിദര്‍ശനമാണ്. ഇന്ത്യന്‍ കലയ്ക്ക് ശാന്തിനികേതന്‍ സമ്മാനിച്ച ഈ ധിഷണാശാലി കേരളത്തില്‍ എത്തിയപ്പോള്‍ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖം....

കലാനിര്‍മ്മാണവും അതിനെക്കുറിച്ചുള്ള എഴുത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു തുടങ്ങാം. ദൃശ്യവും വാക്കും തമ്മിലുള്ള ബന്ധങ്ങള്‍...

കലയും കലയെക്കുറിച്ചു നടത്തുന്ന എഴുത്തും അടുത്ത ബന്ധം പുലര്‍ത്തുന്നു. എന്നാല്‍, മിക്ക എഴുത്തും കലാനിര്‍മ്മാണത്തിനു ശേഷം നടക്കുന്നതാണ്. ചില സൌന്ദര്യാത്മക അഭ്യൂഹങ്ങളും പ്രത്യയശാസ്ത്ര വിവരണങ്ങളും മാത്രമാണ് കലാപ്രവര്‍ത്തനത്തിനു മുമ്പ് നടക്കുന്നത്. ചിത്രകാരന്റെ സൃഷ്ടികള്‍ ബന്ധിപ്പിക്കാനും സംവേദനം സാധ്യമാക്കാനും മൂല്യങ്ങള്‍ നിര്‍മ്മിക്കാനും ആണ് ആര്‍ട് റൈറ്റിങ്ങ് ഉണ്ടാകുന്നത്. ഒരു മൂല്യപ്രവാഹം എന്നു വിളിക്കാം. കലാസൃഷ്ടിക്ക് അത്തരമൊരു മൂല്യപ്രവാഹം ഉണ്ടാകണമെങ്കില്‍ എഴുത്ത്  പ്രധാനമാണ്. ഒരു ശില്‍പത്തെ മുന്‍നിര്‍ത്തി ഒരു സാംസ്കാരിക പരിസരം രൂപപ്പെടുത്താന്‍ എഴുത്ത് ആവശ്യമാണ്. അത് കലാസൃഷ്ടിയുടെ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നു. പല തലമുറയിലൂടെ, പല സമൂഹങ്ങളിലൂടെ കലാസൃഷ്ടി ഒരു സാംസ്കാരികലോകത്തിന്റെ ഭാഗമായിത്തീരുന്നത് ഇത്തരം എഴുത്തിലൂടെയാണ്. ഈ നൈരന്തര്യം സൃഷ്ടിക്കുവാന്‍ ആര്‍ട് റൈറ്റിങ്ങ് അതിന്റെ പങ്കു വഹിക്കുന്നു.

വാക്കും ദൃശ്യവും തമ്മില്‍ ഏതാണു മുന്‍പെ വരുന്നത് എന്നത് എല്ലായ്പ്പോഴും ഒരു തത്വചിന്താ പ്രശ്നമാണല്ലോ....

വാക്കും ഇമേജും, ഭാഷാപരവും ആനുഭവികവുമായി വ്യതിരിക്തമായ മണ്ഡലത്തില്‍ പെടുന്നതാണ്. കലാസൃഷ്ടി ദൃശ്യപരമായി മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണ് അതിനെപ്പറ്റിയുള്ള എഴുത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഒരു മാധ്യമം നല്‍കുന്ന അനുഭവത്തെ മറ്റൊരു മാധ്യമത്തിലൂടെ ഉണര്‍ത്തുക വഴി, മറ്റുള്ളവരുമായി ആ ദൃശ്യാനുഭവം പങ്കുവെയ്ക്കാനുള്ള ശ്രമമാണ് ആര്‍ട് റൈറ്റിങ്. സംഗീതം പോലെ ചിത്രകലയ്ക്കും അതിന്റെ സ്വന്തം ഭാഷയുണ്ട്. വാക്കും ഇമേജും രണ്ട് ഭാഷാനുഭവങ്ങളാണ്. അവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ആര്‍ട്റൈറ്റിങ് നടത്തുന്നത്.
കേരളത്തിന്‍െ ചിത്രകലാസ്വാദനത്തിന്റെയും ദൃശ്യാനുഭവത്തിന്റെയും കാര്യങ്ങള്‍ പലപ്പോഴും അത്ര ആശാവഹമല്ല എന്നു പറയാറുണ്ട്. പലപ്പോഴും വാഗ്രൂരൂപങ്ങളാണ് ദൃശ്യത്തേക്കാള്‍ മലയാളിക്ക് ആഭിമുഖ്യം എന്ന് കേരളത്തിലുണ്ടാകുന്ന സമയത്ത് ആര്‍ നന്ദകുമാറും മറ്റും പലപ്പോഴും വിമര്‍ശനാത്മകമായി വിലയിരുത്താറുണ്ട്...
കേരളത്തിന് ശക്തമായ ഒരു സാഹിത്യ പശ്ചാത്തലമുണ്ട്. അതുകൊണ്ടാവണം സാഹിത്യാനുഭവം നമ്മുടെ സാംസ്കാരിക മണ്ഡലത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നത്. ഭൂമിശാസ്ത്രപരമായി കേരളം സമ്പന്നമായ ദൃശ്യാനുഭവമാണ്. എന്നാല്‍ കേരളീയരുടെ നിത്യജീവിതത്തിലും അവര്‍ നിര്‍മ്മിക്കുന പരിസ്ഥിതിയിലും ദൃശ്യാനുഭവം വലിയ ഒരളവുവരെ ദരിദ്രമാണ്. നമുക്ക് നിശ്ചിതമായ ഒരു ദൃശ്യസംസ്കാരമുണ്ടായിരുന്നു. അതിപ്പോള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. സങ്കീര്‍ണ്ണതയിലും ആവിഷ്കരണത്തിലും പാടവത്തിലും, അതിന് പകരം വെയ്ക്കപ്പെടുന്നതൊന്നും തൃപ്തികരമല്ല. നേരത്തെ നിലനിന്ന ദൃശ്യപാരമ്പര്യത്തിനു ഇന്നു പകരം വെയ്ക്കുന്നതൊന്നും, നമ്മുടെ ജീവിതത്തിന്റെ സമഗ്രതയെ ആവിഷ്കരിക്കുന്നില്ല. ഒരുപക്ഷേ സാഹിത്യം ഇക്കാര്യങ്ങള്‍ വിജയകരമായി നിര്‍വ്വഹിക്കുന്നതിനാലാകണം സാഹിത്യത്തിന് കേരളത്തില്‍ ലഭിക്കുന്ന ഈ പ്രാധാന്യം.
സിനിമക്ക് കേരളത്തില്‍ വലിയ പ്രാധാന്യം കിട്ടുന്നുവല്ലോ. സിനിമ ഒരു വിഷ്വല്‍ ആര്‍ട് എന്ന നിലയില്‍ സ്വീകരിക്കുംപോലെ, ചിത്രകലാസ്വാദനത്തിന്റെ ഒരു തലം എന്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്നില്ല...
ചിത്രകലാസ്വാദനത്തെ നാം സിനിമയുമായി താരതമ്യം ചെയ്യരുത്. സിനിമ സ്വീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അത് അര്‍ഹിക്കുന്നതാണ്. സ്വാഗതം ചെയ്യപ്പെടേണ്ടതാണ്്. ഇവിടുത്തെ കാര്യങ്ങളെപ്പറ്റി പൂര്‍ണ്ണ ബോധ്യമുള്ള ഒരു അഭിപ്രായം പറയാന്‍ ഞാന്‍ പ്രാപ്തനല്ല. ഇവിടുത്തെ സാംസ്കാരിക രംഗവുമായി കൂടുതല്‍ പരിചയം അതിനാവശ്യമാണ്. കലാസ്വാദനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഇവിടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍  ഉണ്ടാകുന്നില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തിരുവനന്തപുരം കനക്കുന്ന് കൊട്ടാരത്തില്‍, കെ എസ് രാധാകൃഷ്ണന്റെ ശില്‍പങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോഴുള്ള അനുഭവം എടുക്കുക. ജീവിതത്തിന്റെ വിവിധ തുറകളിലുമുള്ള ആളുകള്‍ ശില്‍പങ്ങള്‍ കാണാനെത്തിയത് ഞാന്‍ ശ്രദ്ധിച്ചു. രാധാകൃഷ്ന്റെ സൃഷ്ടികളോട് വളരെ ഉത്സാഹത്തോടെയുളള അവരുടെ പ്രതികരണവും എനിക്ക് കാണാനായി, പ്രത്യേകിച്ചും കൊച്ചു കുട്ടികളുടെ. ഇതു കാണിക്കുന്നത് ആകര്‍ഷകമായി അവതരിപ്പിച്ചാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നാണ്. അതിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്്. കാര്യക്ഷമമായ ഒരു പ്രേക്ഷകവൃന്ദത്തെ ചലിപ്പിക്കാന്‍ കഴിഞ്ഞാല്‍, സജീവമായ ഒരു പ്രേക്ഷകസമൂഹം ഉണ്ടായാല്‍, ജീവസുറ്റ കലാരംഗം ഉണ്ടായിവരും.
എന്നാല്‍ കലാരംഗത്തെ കലാകമ്പോളവുമായി ചേര്‍ത്ത് വായിക്കരുത്. കലാകമ്പോളത്തിന്റെ സാന്നിധ്യം, കലാസ്വാദകര്‍ ഉള്‍കൊള്ളുന്ന വിപുലമായ ഒരു പ്രേക്ഷകസമൂഹം ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല. അത് കലയെ ഒരു നിക്ഷേപം എന്ന നിലയില്‍ തിരിച്ചറിയപ്പെടുന്നതിന് സഹായിച്ചേക്കും. കലയ്ക്ക് ഒരു കമ്പോളമുണ്ടായാല്‍, കല ഒരു ജീവിതമാര്‍ഗ്ഗമായി സ്വീകരിക്കാനുള്ള വഴിയായി പലരും തെരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനമായേക്കാം. അത്രത്തോളം മാത്രമേ കമ്പോളം കലയുടെ വളര്‍ച്ചക്കു സഹായിക്കൂ. കലാകമ്പോളം ഉണ്ടാകുന്നത് കൂടുതല്‍ വിപുലമായ കലാസ്വാദനത്തിന് പ്രചോദനമായിക്കൊള്ളണമെന്നില്ല എന്നര്‍ത്ഥം. ഈ രംഗത്ത് അറിവും ചരിത്രബോധവും ഗവേഷണബുദ്ധിയും പാണ്ഡിത്യവുമുള്ള ഒരു സംസ്കാരം വികസിപ്പിച്ചെടുക്കാന്‍ കഴിയണം. ഏറ്റവും കുറച്ച്, ഏതാനും ആളുകള്‍ അതിനായി രംഗത്ത് വന്ന് അത്തരമൊരു അന്തരീക്ഷത്തിനായി തറയൊരുക്കണം. ചലച്ചിത്രോത്സവങ്ങളെപ്പോലെ, ചിത്ര-ശില്‍പ കലയ്ക്കും അത്തരം വേദികള്‍ ഒരുക്കുന്നത് നന്നായിരിക്കും. സിനിമകള്‍ കാണാന്‍ നാം പശ്ചാത്തല സൌകര്യം ഒരുക്കിയിരിക്കുന്നതു പോലെ, കലാപ്രദര്‍ശനത്തിനും ആവശ്യമായ സൌകര്യങ്ങള്‍ ഉണ്ടാകണം. നമുക്ക് അത്തരം സൌകര്യങ്ങള്‍ ഉണ്ടോ? അതിനായുള്ള ആസൂത്രണങ്ങള്‍ ഏതെങ്കിലും ഭാഗത്ത് നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
തിരുവനന്തപുരത്തെ അഖിലേന്ത്യാ പ്രശസ്തമായ ശ്രീചിത്രാ ആര്‍ട് ഗാലറിയുടെ സ്ഥിതിയെടുക്കുക.

രവിവര്‍മ്മയുടെ സ്വന്തം നാട്ടില്‍, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ഈ ശേഖരം വളരെ മോശമായ നിലയിലാണ് പരിരക്ഷിക്കപ്പെടുന്നത്. ഒരു കേരളീയന്‍ എന്ന നിലയിലും പതിനെട്ടു വയസ്സു മുതല്‍ ശാന്തിനികേതനിലൂടെ വളര്‍ന്നു വന്ന, ഇന്ത്യയിലെ എണ്ണപ്പെട്ട കലാചരിത്രകാരന്‍ എന്ന നിലയിലും ഈ ദുരവസ്ഥയെപ്പറ്റി അങ്ങയുടെ പ്രതികരണമെന്താണ്? ആര്‍ നന്ദകുമാര്‍ ഈ വിഷയത്തില്‍ ദേശാഭിമാനി പത്രത്തില്‍ നേതൃത്വം നല്‍കിയ ചര്‍ച്ച ഭരണതലത്തില്‍ നിന്ന് ചില്ലറ ശ്രദ്ധ ഈ പ്രശ്നത്തിലേക്കു തിരിച്ചിരുന്നു..

മുപ്പതുകളുടെ മധ്യത്തിലാണ് തിരുവനന്തപുരത്ത് ശ്രീചിത്രാ ആര്‍ട് ഗാലറി സ്ഥാപിക്കുന്നത്. അവിടെ പ്രധാനപ്പെട്ട ഒരു കലാശേഖരം നിലവിലുണ്ട്. ഈ ശേഖരം ചൂണ്ടുന്നത് ഒരു കാലത്ത് നാം ചിത്ര-ശില്‍പ കലയ്ക്ക് നല്‍കിയ പ്രാധാന്യത്തിലേക്കാണ്. എന്നാല്‍ ഈ അമ്യൂല്യ ശേഖരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അപലനീയമാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ ഗാലറി സന്ദര്‍ശിച്ചപ്പോള്‍,  അതിനു മുമ്പത്തെ തവണ കണ്ടതിനെ അപേക്ഷിച്ച്, ചിത്രങ്ങളെല്ലാം നശിച്ചിരിക്കുന്നതായാണു കണ്ടത്. അവ സൂക്ഷിച്ചിരിക്കുന്ന കെട്ടിടം തന്നെ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. കെട്ടിടം സംരക്ഷിച്ചെങ്കിലേ കെട്ടിടത്തിനുള്ളില്‍  സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ സംരക്ഷിക്കപ്പെടൂ. കെട്ടിടം നന്നാക്കിയെടുക്കുന്നതോടൊപ്പം, താമസം കൂടാതെ, അവിടുത്തെ കലാസൃഷ്ടികളും വിപുലമായ രീതിയില്‍ പ്രിസര്‍വേഷന് വിധേയമാക്കേണ്ടതാണ്. ഇപ്പോള്‍ പറ്റിയ കേടുപാടുകള്‍ മാറ്റാന്‍ കഴിയില്ലെങ്കിലും, കൂടുതല്‍ നാശത്തില്‍ നിന്ന് നമുക്കവയെ രക്ഷിക്കാന്‍ കഴിയും. ഈ ശേഖരം നാം ഭാവിതലമുറയ്ക്കായി നീക്കിവെയ്ക്കുന്ന അമൂല്യമായ പൈതൃകമാണ്. ആ നിലയില്‍ അതിനെ പരിഗണിക്കാനാവണം. രവിവര്‍മ്മ, നിക്കോളാസ്-സ്വെടോസ്ളാവ് റോറിച്ച്, കെ സി എസ് പണിക്കര്‍ എന്നിവരുടെ പ്രധാനപ്പെട്ട കളക്ഷന്‍. ബംഗാള്‍ സ്കൂളിന്റെ പ്രാതിനിധ്യം വഹിക്കുന്ന ഒരു നല്ല പരിഛേദവും ഇവിടെയുണ്ട്. വലിയ സമര്‍പ്പണബുദ്ധിയോടെ, ഈ സൃഷ്ടികളെല്ലാം പരിരക്ഷിക്കപ്പെടേണ്ടതാണ്.

കെജി സുബ്രഹ്മണ്യനെ വളരെ പിന്തുടര്‍ന്ന കലാചരിത്രകാരനാണല്ലോ അങ്ങ്. ഒരു റെട്രോസ്പെക്ടീവ് പുറത്തിറക്കുകയുമുണ്ടായി. ഞങ്ങള്‍ക്ക് എല്ലാം  കെജിഎസിനെ അടുത്തറിയാന്‍ അതിടയാക്കി. എന്താണ് കെ ജി സുബ്രഹ്മണ്യന് ഇന്ത്യന്‍ ചിത്രകലയില്‍ ഉള്ള പ്രാധാന്യം..

നിങ്ങള്‍ക്കെല്ലാം കെ ജി സുബ്രഹ്മണ്യനെ പരിചയപ്പെടുത്തിയത് ഞാനാണ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയായിരിക്കും. എന്നിരുന്നാലും, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട് കെജിഎസിന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടു നടത്തിയ പ്രദര്‍ശനം ക്യൂറേറ്റു ചെയ്യാനും അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് പുസ്തകമെഴുതാനും എന്നെ ക്ഷണിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഒരു പക്ഷേ, ഇതായിരിക്കും, പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക,് അഞ്ച് പതിറ്റാണ്ടുകളില്‍ വിവിധ മാധ്യമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കെ ജി സുബ്രഹ്മണ്യന്റെ  സൃഷ്ടികള്‍ സമഗ്രമായി കാണാന്‍ അവസരമൊരുക്കിയത്. ഇന്ത്യന്‍ കലയ്ക്ക് തന്റെ കലാസൃഷ്ടിയിലൂടെയും എഴുത്തിലൂടെയും കെ ജി സുബ്രഹ്മണ്യന്‍ വളരെ വിലപ്പെട്ട സംഭാവനയാണ് നല്‍കിയത്. ഇത് വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തതാണ്. കലാചരിത്രത്തില്‍ സൂക്ഷ്മമായ അവഗാഹവുമുള്ള അദ്ദേഹം നമ്മുടെ കാലത്തെ ചിന്തിക്കുന്ന കലാകാരന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വളരെ സ്വാധീനം ചെലുത്തിയ കലാവിദ്യാഭ്യാസ വിചിക്ഷണന്‍ കൂടിയാണ് അദ്ദേഹം. ആ നിലയില്‍ തന്നെ,  മൂന്നു തലമുറയിലെ കലാകാരന്മാരെയും നിരവധി കലാചരിത്രകാരന്മാരെയും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്.
ആധുനിക ഇന്ത്യയുടെ കലയ്ക്ക് ദിശാബോധം നല്‍കിയ ഏതാനും പേരില്‍ ഒരാളാണ് കെ ജി സുബ്രഹ്മണ്യന്‍. ഇക്കൂട്ടത്തില്‍ ആദ്യത്തെയാള്‍ അബനീന്ദ്രനാഥ ടാഗോറായിരുന്നു.  കലാവിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളും, വ്യക്തിപരമായ സര്‍ഗ്ഗാത്മകതയുടെ സ്വഭാവവും, അബനീന്ദ്രനാഥ് സംബോധന ചെയ്തു. കലാവിദ്യാഭ്യാസത്തില്‍,  കലാവൈദഗ്ധ്യത്തേക്കാള്‍,  അദ്ദേഹം ക്രിയാത്മകതയ്ക്ക് ഊന്നല്‍ നല്‍കി. സര്‍ഗ്ഗാത്കതയുടെ സ്വഭാവമെന്ത് തുടങ്ങിയ പ്രശ്നങ്ങള്‍  അന്വേഷിച്ചു. എന്താണ് വൈയക്തികാവിഷ്കാരത്തിന്റെ മൂല്യങ്ങള്‍? ആധുനികതയുടെ സൌന്ദര്യശാസ്ത്രം എന്താണ് രൂപപ്പെടുത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളെയും അദ്ദേഹം നേരിട്ടു. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. നന്ദലാല്‍ ബോസ് അദ്ദേഹത്തെ തുടര്‍ന്നു വന്നു. 1920നും 1940കള്‍ക്കും മധ്യേ, ശാന്തിനികേതനില്‍ നന്ദലാല്‍ ബോസ് വികസിപ്പിച്ചെടുത്ത കലാവിദ്യാഭ്യാസ പദ്ധതിയിലൂടെ ഒരു പുതിയ ദൃശ്യസംസ്കാരത്തിന് അടിത്തറയായി. അദ്ദേഹം  ചിത്ര-ശില്‍പ കലയുടെ ഭാഷ എന്ന പ്രശ്നത്തിലേക്ക് കലാചര്‍ച്ചയുടെ ഊന്നല്‍ മാറ്റി. ദൃശ്യസംവേദനത്തിന്റെ വിവിധ ഭാഷാപാരമ്പര്യങ്ങള്‍ തമ്മിലുള്ള പാരസ്പര്യങ്ങളിലേക്ക്, നന്ദലാല്‍ കലാകാരന്മാരുടെ ശ്രദ്ധ തിരിച്ചു. അലങ്കാരപ്പണിയും കലയും തമ്മിലുള്ള ആശയവിനിമയം അത്തരത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നായിരുന്നു. വൈയക്തികമായ ക്രിയാത്മകത എന്ന വിഷയത്തേക്കാള്‍, മൊത്തം കലാരംഗമായിരുന്നു അദ്ദേഹം കൂടുതലായും പരിഗണിച്ചത്. അതല്ലെങ്കില്‍, വൈയക്തികമായ ക്രിയാത്മകത എന്ന പ്രശ്നത്തെ, കലാപരിശീലനത്തിന്റെ വിപുലമായ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു എന്നു പറയാം.
ഒരു കലാധ്യാപകന്‍ എന്ന നിലയില്‍, കെ ജി സുബ്രഹ്മണ്യന്‍, അബനീന്ദ്രനാഥിന്റെയും നന്ദലാലിന്റെയും ഈ രണ്ട് സമീപനങ്ങളെയും ഒരുമിച്ചുകൊണ്ടു വരാന്‍ ശ്രമിച്ചു. വൈയക്തികമായ ക്രിയാത്മകതയെയും ആവിഷ്കരണത്തെയും, കലയുടെ ഭാഷധാരകളുമായും ദൃശ്യവിനിമയവുമായും ബന്ധിപ്പിക്കാനുള്ള ശ്രമം. അതിലൂടെ കലയെ ഭൌതികവും സാംസ്കാരികവുമായ ചുറ്റുപാടുകളുമായി പ്രതികരണബദ്ധമാക്കാന്‍ ശ്രമിച്ചു. ഒരു അധ്യാപകന്‍ എന്ന നിലയിലും, ചിന്തകന്‍ എന്ന നിലയിലും നമ്മുടെ കലാരംഗത്തെ പ്രമുഖരായ ഒരു കൂട്ടം കലാകാരന്മാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വാതന്ത്യ്രത്തിനു മുമ്പ് നന്ദലാല്‍ എന്തായിരുന്നുവോ, സ്വാതന്ത്യ്രത്തിനു ശേഷം അതാണ് കെ ജി സുബ്രഹ്മണ്യന്‍. ശാന്തിനികേതനത്തിന്റെ പാരമ്പര്യത്തിനകത്ത്, ഒരു കലാകാരന്‍, അധ്യാപകന്‍, ചിന്തകന്‍ എന്നീ നിലകളില്‍ കെ ജി സുബ്രഹ്മണ്യന്‍, നന്ദലാലിന്റെയും ബിനോദ് ബിഹാരി മുഖര്‍ജിയുടെയും സ്വാഭാവികമായ പിന്തുടര്‍ച്ചയാണ്.

കെജിഎസിന്റെ കലയെക്കുറിച്ച് എന്താണ് അങ്ങേയ്ക്കു പറയാനുള്ളത്? നാടോടി പാരമ്പര്യവും ഇന്ത്യന്‍ കരകൌശല പാരമ്പര്യവുമാണ് അദ്ദേഹത്തിന്റെ വിഭവങ്ങള്‍ എന്നു കേട്ടിട്ടുണ്ട്...

അദ്ദേഹത്തിന്റെ കലയുടെ മുഖ്യ ഉറവിടം നാടോടി കലയാണ് എന്നു പറയുന്നത് ശരിയായിരിക്കില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം പല പാരമ്പര്യങ്ങളുടെ ഭാഷാപരവും ആവിഷ്കരണപരവുമായ വിഭവങ്ങളെ സ്വാംശീകരിക്കുന്നുണ്ട്. മറ്റു പല കലാകാരന്മാരെയും പോലെ, അദ്ദേഹം നമ്മുടെ കലാപാരമ്പര്യത്തിന്റെ ഏതെങ്കിലും ഒരു പ്രകടീഭാവത്തെ ഇന്ത്യന്‍ കലയായി എണ്ണുന്നില്ല. ചിലര്‍ക്ക് തദ്ദേശീയകല, അജന്ത ചിത്രങ്ങളോ കേരള ചുമര്‍ചിത്രങ്ങളോ ആണ്. മറ്റു ചിലര്‍ക്ക് അത് മുഗള്‍ മിനിയേച്ചറുകളോ രജപുത് മിനിയേച്ചറുകളോ ആണ്. ചിലര്‍ക്ക്  നാടോടി കലാപാരമ്പര്യമാണ്. സുബ്രഹ്മണ്യന്‍ തദ്ദേശീയ കലാപാരമ്പര്യത്തെ ഏതെങ്കിലും ഒരു ധാരയിലേക്കു വെട്ടിച്ചുരുക്കുന്നില്ല. ഇന്ത്യന്‍ പാരമ്പര്യത്തിലേക്കു മാത്രമായി തന്റെ കലയെ അദ്ദേഹം പരിമിതപ്പെടുത്തുന്നുമില്ല. പ്രൊഫഷണല്‍ കലയും നോണ്‍ പ്രൊഫഷണല്‍ കലയും, ഉന്നത കലയും ജനകീയ കലയും, ക്ളാസിക്കും നാടോടി കലയും, ഇന്ത്യയുടെ എന്ന പോലെത്തന്നെ ലോകത്തിന്റെയാകെ പാരമ്പര്യകലയും, ആധുനിക കലയും സുബ്രഹ്മണ്യന് തന്റെ ഭാഷയുടെ ഉറവിടങ്ങള്‍ തന്നെയാണ്.
ഇത്തരത്തില്‍ വിപുലവും വൈവിധ്യപൂര്‍ണ്ണവുമായ പാരമ്പര്യങ്ങളില്‍ നിന്ന് ഭാഷ സ്വീകരിക്കുന്ന കലാകാരന്മാര്‍ നമുക്ക് അധികമില്ല. എന്നാല്‍ ഈ പാരമ്പര്യങ്ങളിലേതെങ്കിലുമൊന്ന് ഒരു തലച്ചുമടായോ, തന്റെ വൈയക്തികാവിഷ്കാരത്തെ നിര്‍ണ്ണയിക്കുന്ന ഒരു ഭാരമായോ, മാറാന്‍ കെജിഎസ് ഒരിക്കലും അനുവദിക്കുന്നില്ല. അവയെല്ലാം അദ്ദേഹത്തിനു ലഭ്യമായ ഭാഷാപരമായ വിഭവങ്ങള്‍ മാത്രമാണ്. ഈ ദിശയിലുള്ള വിപുലമായ ജ്ഞാനം യാന്ത്രികമായി തന്റെ കലയില്‍ പ്രയോഗിക്കാന്‍  ശ്രമിക്കുന്നില്ല. എന്താണോ താന്‍ ആന്തരവല്‍ക്കരിച്ചത്, എന്താണോ തന്റെ ചിന്തയുടെ ഭാഗമായി സ്വാഭാവികമായി മാറിയത്, അതു മാത്രമേ സുബ്രൃഹ്മണ്യന്റെ കലാപ്രവര്‍ത്തനത്തില്‍ കടന്നുചെല്ലാറുള്ളൂ. ഒരൊറ്റ ചിത്രത്തില്‍ തന്നെ നിരവധി പാരമ്പര്യങ്ങളുടെ സൂചനകള്‍ കണ്ടെത്താന്‍ കഴിയും. ഉദാഹരണമായി, പോപ്പുലര്‍ ഗ്ളാസ് പെയിന്റിങും കാളിഘട് പടുകളും, മത്തീസും പോപ് ആര്‍ടും, ഒരു സൃഷ്ടിയില്‍ ഒന്നിച്ചു വന്നെന്നിരിക്കാം. എന്നാല്‍ ഇത് ഒരു കണ്ടംവെച്ച കോട്ടിലെ വസ്തുവകകള്‍ പോലെയല്ല വരുന്നത്. ശൈലികളുടെ ഒരു സമന്വയമോ കൊളാഷോ അല്ല സുബ്രഹ്മണ്യന്റെ കലാസൃഷ്ടികള്‍. അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നാം കാണുന്ന ഭൂതകാലത്തിന്റെ മിടിപ്പുകള്‍, ആ കലാവ്യക്തിത്വത്തിന്റെ ഭാഗമായി മാറിയിട്ടുള്ളവയാണ്. ഒരു ആധുനിക കലാകാരന്‍ തന്റെ ചുറ്റുപാടുകളുമായി പ്രതികരിക്കാന്‍ കഴിവുള്ളയാളായിരിക്കുമ്പോള്‍ തന്നെ, തനിക്കു ലഭ്യമായ ലോകകലയുടെ വിഭവങ്ങളാകെ തന്റേതാക്കി മാറ്റാനും ഉപയോഗിക്കാനും പാടവുള്ളയാളായിരിക്കണമെന്ന് സുബ്രഹ്മണ്യന്‍ വിശ്വസിക്കുന്നു. സുബ്രഹ്മണ്യന്‍ തന്റെ ഭൌതികവും സാംസ്കാരികവുമായ ചുറ്റുപാടുകളോട് പ്രതികരിക്കുമ്പോള്‍ തന്നെ, തന്റെ ഭാവുകത്വത്തിന്റെ മാനദണ്ഡത്തിനുള്ളില്‍ വെച്ച് ലോകകലയെ തന്റെ സൃഷ്ടികളില്‍സ്വാംശീകരിക്കുകയും ചെയ്യുന്നു. കൃത്രിമമായ സമന്വയങ്ങളില്‍ നിന്നും, ബോധനപരമായ വിശദാംശങ്ങളുടെ വ്യഗ്രതയില്‍ നിന്നും, ഇത് അദ്ദേഹത്തിന്റെ കലാപ്രര്‍ത്തനത്തെ രക്ഷിച്ചു നിര്‍ത്തുന്നു.

എക്ലക്റ്റിസത്തെക്കുറിച്ചു പറഞ്ഞല്ലോ. വളരെ സങ്കീര്‍ണ്ണമായി തോന്നുന്ന സുബ്രഹ്മണ്യന്റെ ഇമേജറിയെ വിശദീകരിക്കാന്‍ ഈ സങ്കല്‍പനം എത്രത്തോളം സഹായകമാകും?

എക്ലെക്റ്റിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഞാന്‍ വ്യക്തമാക്കാം. പോയകാലത്തെ കല, ജീവിതം പോലെത്തന്നെ വളരെ പതുക്കെയാണ് മാറ്റത്തിനു വിധേയമായത്. ഇതുവഴി ഭാഷയിലും ഇമേജറിയിലും നീണ്ട കാലഘട്ടങ്ങളിലൂടെ ഒരു നൈരന്തര്യം സൃഷ്ടിക്കപ്പെട്ടു. പുരാതന ഈജിപ്ഷ്യന്‍ കല ഏകദേശം 2500 വര്‍ഷങ്ങള്‍ നിലനിന്നു. ഗ്രീക്കോ-റോമന്‍ ശൈലികള്‍ ആയിരം വര്‍ഷത്തോളം സ്വാധീനം നിലനിര്‍ത്തി. അതുപോലെത്തന്നെ, മധ്യകാലത്തെയും നവോത്ഥാന കാലത്തെയും നവോത്ഥാനാനന്തര കാലത്തെയും കല, ഏകദേശം അഞ്ഞൂറു വര്‍ഷത്തോളം നിലനിന്നതായി കാണാം. ഇന്ത്യന്‍-ചൈനീസ് കലയിലും ഈ നൈരന്തര്യം കാണാം. ഇത്തരം നൈരന്തര്യങ്ങള്‍ പാരമ്പര്യ കലാകാരന്മാരെ, ഒരു ശൈലിയുടെയോ, ഒരു ചെറിയ കൂട്ടം ശൈലികളുടേയോ, സാധ്യതകളുടെയോ, ഒരൊറ്റ ഭാഷാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇടയാക്കി. അതില്‍ നിന്നുകൊണ്ടു മാത്രം നവീകരണങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതമായി.
ആധുനിക കാലത്ത് ഈ സ്ഥിതിക്ക് നാടകീയമാംവിധം മാറ്റം വന്നു. രണ്ട് വ്യത്യസ്ത സംഭവവികാസമാണ് ഇതിലേക്കു നയിച്ചത്. സമൂഹം കൂടുതല്‍ തുറന്നിടപ്പെട്ട ഒന്നായതോടെ വ്യക്തിവാദം വേരുപിടിച്ചു. മറുഭാഗത്ത്, കൊളോണിയല്‍ അധിനിവേശങ്ങള്‍, സംസ്കാരങ്ങള്‍ തമ്മില്‍ തമ്മില്‍, അഭിമുഖീകരണങ്ങളിലേക്കു നയിച്ചു. ഇതിനു മുമ്പ് കാണാത്തവിധം,  കലാരംഗത്തും ഈ കൂട്ടുചേരലും കുഴമറിച്ചിലും നടന്നു. ഇത് വ്യക്തിയായ കലാകാരന്, ആവിഷ്കാരത്തിന് പുതിയ വഴികള്‍ തുറന്നു. തദ്ദേശീയ സംസ്കാരത്തിന് അപ്പുറം നോക്കാനുള്ള അവസരമൊരുക്കി. അന്യമായ ദൃശ്യഇഡിയത്തില്‍ നിന്ന് സ്വാംശീകരണം നടത്താനായി. ഇംഗ്ളീഷ്, മലയാളം തുടങ്ങിയ ഭാഷകളെപ്പോലെത്തന്നെ, ഓരോ ദൃശ്യഇഡിയത്തിനും സ്വന്തമായ ഭാഷായുക്തിയും ആവിഷ്കാരക്ഷമതയുമുണ്ടെന്ന് കലാകാരന്മാര്‍ കണ്ടു. പരസ്പരമുള്ള കണ്ണിചേര്‍ക്കലുകള്‍ പുതിയ ആവിഷ്കാര സാധ്യതകള്‍ നേടാനുതകുമെന്ന് പല കലാകാരന്മാരും മനസ്സിലാക്കി. ദൃശ്യഇഡിയത്തിന്റെ ഇത്തരം കണ്ണിചേര്‍ക്കലിലൂടെ, എങ്ങിനെ ഒരു കലാകാരന് നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നതിന്റെ നല്ല ഉദാഹരണമാണ് പിക്കാസോ. തീര്‍ച്ചയായും ഇത് വളരെ മോശമായ വിധത്തിലും സംഭവിച്ചു എന്നു വരാം. പക്ഷേ എക്ലക്ടിസം കൊണ്ട് നാം അര്‍ത്ഥമാക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഏച്ചുകെട്ടല്ല. ആവിഷ്കാരം ആവശ്യപ്പെടുന്നതനുസരിച്ച് ഊടും പാവും ചേര്‍ക്കുന്ന സ്വംശീകരണമാണ്.
ഒരു പൊതു വിഭവം എന്ന നിലയില്‍, ലോകകലയുടെ പാരമ്പര്യമാകെ ഇന്ന് കലാകാരന്റെ മുമ്പിലുണ്ട്.  ഇവയില്‍ ചിലതിനെ തന്റെ വൈയക്തികമായ കാഴ്ചപ്പാടിന്റെ ഭാഗമാക്കി മാറ്റുന്നു എന്ന നിലയിലാണ് സുബ്രഹ്മണ്യന്‍ എക്ലെക്റ്റിക് ആകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, പോയ നിരവധി കലാപാരമ്പര്യങ്ങളും ഭാഷകളും സ്പന്ദിക്കുന്ന ഒരു വൈയക്തിക ഭാഷ അദ്ദേഹത്തിനു രൂപപ്പെടുത്താനായി. അക്കാദമികമായ രീതിയിലല്ല ഇത് ചെയ്യുന്നത്.  തന്റെ ചുറ്റുപാടുകളിലെ  ദൃശ്യാനുഭവങ്ങളില്‍ നിന്നും, അവയോട്തന്റെ വൈയക്തികമായ പ്രതികരണത്തില്‍ നിന്നുമാണ് അദ്ദേഹം ആരംഭിക്കുന്നത്. തന്റെ ചുറ്റുപാടിലെ ലോകത്തിന്റെ ഭൌതികമായ വശങ്ങളാണ്, ഒരു കലാകാരന്റെ ഉടനടിയുള്ള ദൃശ്യാനുഭവത്തെ നിശ്ചയിക്കുന്നത്.
ജന്തു-സസ്യ പ്രകൃതി, അവയുടെ ആകൃതിയും നിറവും, അവയെ ദീപ്തമാക്കുന്ന വെളിച്ചത്തിന്റെ ഗുണം, ജനങ്ങളുടെ ആംഗ്യങ്ങളും അവരുടെ നില്‍പുകളും, സാഹചര്യവും സംസ്കാരവും അവരുടെ ശരീരഭാഷയെ നിര്‍ണ്ണയിക്കുന്നത്, ഇതെല്ലാം ഓരോ പ്രദേശമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് കേരളത്തിലെ ഒരു കലാകാരന്റെ ദൃശ്യാനുഭവം ബാംഗാളില്‍ താമസിക്കുന്ന ഒരു കലാകാരന്റെ ദൃശ്യാനുഭവത്തില്‍ നിന്ന് തുലോം വ്യത്യസ്തമായിരിക്കാം. ദൃശ്യാനുഭവങ്ങള്‍ ഒരോ പ്രദേശത്തിനും സവിശേഷമായിരിക്കുംപോലെ, ഒരു കലാകാരന്റെ അതിനോടുള്ള പ്രതികരണവും മറ്റു നിരവധി ഘടകങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടതാണ്. അയാളുടെ ടെമ്പറമെന്റ്, ധൈഷണികവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാട്, വൈദഗ്ധ്യം, ലോകകലയുടെ പാരമ്പര്യങ്ങളെക്കുറിച്ചും സമകാലീന പ്രശ്നങ്ങളെക്കുറിച്ചുമുള്ള അറിവ് എന്നിവയെ ആശ്രയിച്ചാണ് ഓരോ കലാകാരന്റെയും ദൃശ്യാനുഭവങ്ങളുടെ പ്രതികരണത്തിന്റെ സ്വഭാവം നിലകൊള്ളുന്നത്. നിലനില്‍ക്കുന്ന മിത്തുകളും കഥകളും രൂപകങ്ങളും  അയാളുടെ ദൃശ്യാനുഭവത്തെ സ്വാധീനിച്ചു എന്നു വരാം. ഇവയെല്ലാം ഒരോരുത്തരിലെയും വൈകാരിക വ്യതിയാനങ്ങള്‍ വ്യത്യസ്തമാക്കുന്നു. രുപകാക്തമകമോ ഭാഷാപരമോ ആയ പ്രതികരണങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നു. ഈ തലങ്ങളിലെല്ലാം ഒരു ചിത്രം പ്രവര്‍ത്തിക്കുന്നു. അത് സ്വയം തന്നെ ഒരു ദൃശ്യവസ്തുവാണ്. അതേസമയം തന്നെ സമ്പുഷ്ടമാക്കപ്പെട്ട ഒരു സാംസ്കാരികാവിഷ്കാരമാണ്. സുബ്രഹ്മണ്യന്റെ ചിത്രങ്ങള്‍ ഈ അര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണം കൂടിയാണ്.


ഇന്ത്യന്‍ കലാരംഗത്ത് വിവിധ ഖരാനകള്‍ ഉണ്ടല്ലോ. ബംഗാള്‍ സ്കൂള്‍, അതിനുശേഷം കല്‍ക്കത്തയിലും ബോംബെയിലും നിലവില്‍ വന്ന പ്രോഗസ്സീവ് ആര്‍ട് ഗ്രൂപ്പുകള്‍, പിന്നെ ചോളമണ്ഡലം കലാകാരന്മാര്‍, ആ സ്വാധീനത്തില്‍ നിന്ന് മുക്തമാകാന്‍ ശ്രമിക്കുന്ന തിരുവനന്തപുരത്തെയും കേരളത്തിലെയും കലാകാരന്മാര്‍. ശ്രദ്ധേയമായിത്തീര്‍ന്ന ബറോഡാ സ്കൂള്‍. ഇവയുടെ ചരിത്രപരതയെ ഹൃസ്വമായെങ്കിലും വിശദമാക്കാമോ?

നിങ്ങളുടെ ചോദ്യം വിപുലമായ ഒന്നാണ്. ഒരു വലിയ ഉപന്യാസത്തിലേ അതിന് ശരിയായ നിലയില്‍ ഉത്തരം നല്‍കാന്‍ പറ്റൂ. എന്നിരുന്നാലൂം ഒരു ചെറിയ അവലോകനം നടത്താന്‍ ശ്രമിക്കാം. പാരമ്പര്യ ഇന്ത്യ കല പല കാലഘട്ടങ്ങളിലൂടെ വികസിച്ചു വന്നതാണ്. എന്നാല്‍ അത് എല്ലാത്തിനെയും അതിശയിപ്പിക്കുന്ന ഒരു നൈരന്തര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ വരവേടെയാണ് നമ്മുടെ പരമ്പരാഗത കലാപരിശീലനം ഒരു വെല്ലുവിളിയെ നേരിട്ടത്. കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തിലുള്ള യൂറോപ്യന്‍ റിയലിസ്റ്റിക് കലയുമായി അതിന് അഭിമുഖങ്ങള്‍ വേണ്ടി വന്നു. ഇത് പാരമ്പര്യ ഇന്ത്യന്‍ കലയുടെ അപചയത്തിന് ഇടയാക്കി. അതോടൊപ്പം ഒരു പുതിയ ഭാവുകത്വം ഉയര്‍ന്നു വരികയും ചെയ്തു. ഈ അഭിമുഖീകരണത്തിന്റെ ആദ്യഫലം കമ്പനി ചിത്രങ്ങള്‍ പ്രതിനിധീകരിച്ച പോലെ ഒരു തരത്തിലുള്ള കൂട്ടിക്കുഴക്കലായിരുന്നു. റിയലിസ്റ്റിക് അല്ലാത്ത പാരമ്പര്യത്തില്‍ പരിശീലനം നേടിയ പാരമ്പര്യ ഇന്ത്യന്‍ കലാകാരന്മാര്‍, പടിഞ്ഞാറന്‍ കലയുടെ ചില സ്വഭാവങ്ങള്‍ സ്വീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു, കമ്പനി ചിത്രങ്ങള്‍. ഈ ശൈലി അക്കാലത്ത് പ്രചാരത്തിലാവുകയും ചെയ്തു. അത് അനിവാര്യമായും ഒരു വെച്ചുകെട്ടല്‍ തന്നെയായിരുന്നു. പരമ്പരാഗത കലയിലുള്ള ആത്മവിശ്വാസത്തിന്റെ  ചോര്‍ച്ചയും അത് സൂചിപ്പിച്ചു. എന്നാല്‍ ഈ ശ്രമത്തിന്റെ ഫലം, അത് അങ്ങിനെ ഉദ്ദേശിച്ചുണ്ടായിരുന്നില്ലെങ്കിലും, വളരെ രസകരമായിരുന്നു. കമ്പനിചിത്രകാരന്മാരുടെ സമകാലീകര്‍ അവയെ ബാലിശം എന്നു പറഞ്ഞു തള്ളിക്കളഞ്ഞു. എന്നാല്‍ പ്രാദേശിക ഭാവുകത്വത്തില്‍ വന്ന മാറ്റം രവിവര്‍മ്മയെപ്പോലുള്ള കലാകാരന്മാരുടെ ഉദയത്തിലേക്കു നയിച്ചു. ഇന്ത്യന്‍ മിത്തുകളില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉപജീവിച്ച വിഷയങ്ങള്‍ ചിത്രീകരിക്കാന്‍ പടിഞ്ഞാന്‍ സങ്കേതങ്ങള്‍ രവിവര്‍മ്മ ഉപയോഗിച്ചു. അതിലൂടെ ഒരു ഇന്ത്യന്‍ യഥാതഥ കലയ്ക്ക് രൂപം കൊടുത്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ സ്ഥാപിച്ച കലാസ്കൂളുകള്‍, രവിവര്‍മ്മ നടത്തിയതു പോലുള്ള  കലാപ്രവര്‍ത്തനം ഇന്ത്യയിലാകെ വ്യാപിപ്പിക്കാന്‍ ഇടയാക്കി.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, കൊളോണിയലിസത്തിനെതിരെ  ദേശീയ പ്രക്ഷോഭം ഉയര്‍ന്നു വന്നു. തദ്ദേശീയമായ ഒരു സാംസ്കാരിക സ്വത്വം അത് അവകാശപ്പെട്ടു. പടിഞ്ഞാറന്‍ കലയും രവിവര്‍മ്മയെപ്പോലുള്ള കലാകാരന്മാരും വിമര്‍ശനത്തിനു വിധേയമായി. അബനീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ കൂട്ടം കലാകാരന്മാര്‍, വിവിധ പൌരസ്ത്യ ഘടകങ്ങളും മുഗള്‍ ശൈലിയും കലര്‍ത്തി ഇന്ത്യന്‍ വിഷയീവസ്തുവിനെ വരയ്ക്കാന്‍ ശ്രമം നടത്തി. രവിവര്‍മ്മയെപ്പോലെത്തന്നെ ഈ കലാകാരന്മാര്‍ക്കും ഇന്ത്യന്‍ ചരിത്രത്തിലും മിത്തിലും ഊന്നിയ ഒരു സമീപനം ഉണ്ടായിരുന്നു. സൌന്ദര്യശാസ്ത്രത്തില്‍ കണിശമായും ദേശീയവാദികള്‍ ആണ് തങ്ങള്‍ എന്നവര്‍ സ്വയം വിശ്വസിച്ചു. ബംഗാള്‍ സ്കൂളില്‍ നിന്നുള്ള ഒരു വ്യതിചലനം സാധ്യമാക്കാന്‍ രബീന്ദ്രനാഥ ടാഗോറിന്റെ പ്രചോദനത്തില്‍, നന്ദലാല്‍ ബോസും അദ്ദേഹത്തിന്റെ കൂട്ടാളികളായ ബിനോദ് ബിഹാരി മുഖര്‍ജി, രാംകിങ്കര്‍ ബെയ്ജ് എന്നിവര്‍ക്കും കഴിഞ്ഞു. രവിവര്‍മ്മയുടെയും ബംഗാള്‍ സ്കൂളിന്റെയും, ചരിത്രസംബന്ധിയായി അവര്‍ കരുതിയ സമീപനത്തില്‍ നിന്ന്, ഇവര്‍ മാറി നിന്നു. തൊട്ടടുത്ത ചുറ്റുപാടിനോടുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു കല വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചു. ശാന്തിനികേതനത്തിന്റെ ഗ്രാമീണ ചുറ്റുപാടുകളില്‍ നിന്നാണ് വിശേഷിച്ചും ഈ പ്രതികരണങ്ങള്‍ അവര്‍ സമാഹരിച്ചത്. ആനുഭവിക യഥാതഥത്വമായിരുന്നു, ചരിത്രവും മിത്തും പുരാണങ്ങള്‍ക്കും അപ്പുറത്ത് അവരുടെ പ്രധാന പരിഗണന. സാര്‍വ്വലൌകിക മനുഷ്യന്‍ എന്ന രബീന്ദ്രനാഥ ടാഗോറിന്റെ ആശയത്തെ പിന്തുടര്‍ന്ന്, പടിഞ്ഞാറന്‍ കല അടക്കം ഏതു പ്രദേശത്തെ കലയില്‍ നിന്നും കടംകൊള്ളാനും അവര്‍ മടികാണിച്ചില്ല.
ശാന്തിനികേതന്‍ 1920കള്‍ മുതല്‍ 1940കള്‍ വരെയായിരുന്നു സജീവവും നവീനവുമായി നിലകൊണ്ടത്. അതേസമയം കല്‍ക്കത്തയിലും മദ്രാസിലും ബോംബെയിലും പുതിയ സംഭവികാസങ്ങള്‍ ഉയര്‍ന്നു വന്നു. ക്ഷാമവും രണ്ടാം ലോക മഹായുദ്ധവും ഈ സംഭവഗതികളുടെ പശ്ചാത്തലമായി. ശാന്തിനികേതന കലാകാരന്മാരുടെ പ്രവര്‍ത്തനം പോലെത്തന്നെ, നിത്യജീവിത യാഥാര്‍ത്ഥ്യമാണ് സംസ്കാരിക സ്വത്വത്തേക്കാള്‍ ഈ വിഭാഗം കലാകാരന്മാരുടെ സൃഷ്ടികളില്‍ പ്രധാനമായും വിഷയീഭവിച്ചത്. പുരോഗമന പ്രസ്ഥാനത്തിന്റെ ഉദയവും, പടിഞ്ഞാറന്‍ ആധുനികതയുമായുള്ള കൂടുതല്‍ സമ്പര്‍ക്കം, ഈ സംഭവഗതികളുമായി കൂടിക്കലരുന്നുണ്ടെന്ന കാര്യവും ഓര്‍ക്കണം. സ്വാതന്ത്യ്രത്തിനു ശേഷം ദേശീയതയില്‍ നിന്ന്  വ്യക്തിപരതയിലേക്കും ആധുനികാവിഷ്കാരത്തിലേക്കും ഊന്നല്‍ മാറി. ഈ സംഭവവികാസത്തിന്റെ പതാകവാഹകരായത് മുഖ്യമായും ബോംബെയിലെ പ്രോഗസ്സീവ് ആര്‍ടിസ്റ്റ് ഗ്രൂപ്പും അവരുടെ കൂട്ടാളികളുമായിരുന്നു. വര്‍ത്തമാന യാഥാര്‍ത്ഥ്യത്തോട് തുടക്കത്തില്‍ അവരില്‍ ചിലര്‍ പ്രതികരിച്ചെങ്കിലും, പതുക്കെ  ഏറെപ്പേരും ആധുനികതാ-അന്താരാഷ്ട്രാ വാദത്തിലേക്ക് നീങ്ങി. അങ്ങിനെ അവരുടെ പുരോഗമനപരത സാമൂഹ്യം എന്നതിലുപരി രൂപപരമായിത്തീര്‍ന്നു.
നാല്‍പതുകള്‍ക്കൊടുവിലെയും അമ്പതുകള്‍ക്കാദ്യത്തെയും പുതുതായി രൂപം കൊണ്ട ഒരു സ്വതന്ത്രരാജ്യത്തെ കലാപ്രവര്‍ത്തനം എന്ന നിലയില്‍, ഇന്ത്യന്‍ കല ആധുനിക ലോകത്തിന്റെ ഭാഗമായിത്തീരാനുള്ള എളിയതും ആത്മാര്‍ത്ഥവുമായ പരിശ്രമത്തെ പ്രതിഫലിപ്പിച്ചു. നെഹ്റുവിയനായ ചില സമീപനങ്ങള്‍ ഇക്കാര്യത്തില്‍ നിഴലിച്ചിരുന്നു. എന്നാല്‍ അഭിലഷിച്ച സ്വീകരണം അതിനു ലഭിച്ചില്ല. പടിഞ്ഞാറന്‍ കല അക്കാലത്ത് ഇതര നാടുകളിലെ കലാപരിശീലനത്തെ സ്വീകരിക്കാന്‍ സന്നദ്ധമായിരുന്നില്ല. ഒരു അന്തര്‍ദേശീയ കലയുടെ പങ്കാളികള്‍ എന്ന നിലയിലല്ല, പടിഞ്ഞാറന്‍ കലയുടെ അനുകര്‍ത്താക്കള്‍ എന്ന വിധമാണ് നമ്മുടെ കലാകാരന്മാര്‍ വീക്ഷിക്കപ്പെട്ടത്. ഇത് അമ്പതുകള്‍ക്കൊടുവിലും അറുപതുകള്‍ക്കാദ്യവും സാംസ്കാരിക സ്വത്വത്തെ പുനര്‍നിര്‍ണ്ണയിക്കാനും, പുനരാലോചനക്കു വിധേയമാക്കാനുമുള്ള പരിശ്രമത്തിനു വഴിവെച്ചു. ഈ പ്രവണത വിവിധ രൂപങ്ങള്‍ കൈകൊണ്ടു. പാരമ്പര്യ ദൃശ്യ പൈതൃകത്തെ ഉണര്‍ത്തിക്കൊണ്ടുള്ള ശൈലികള്‍ വികസിച്ചു വന്നു. മറുവശത്ത് വരേണ്യമായ മതസമ്പ്രദായങ്ങളുമായി അവയെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. വിവിധ തരത്തിലുള്ള നാടോടി കലാരൂപങ്ങളുമായി തങ്ങളുടെ കലാപ്രവര്‍ത്തനത്തെ കണ്ണിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. അതോടൊപ്പം സമകാലീന സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള പ്രസ്താവങ്ങളും അവര്‍ നടത്താന്‍ മുതിര്‍ന്നു. ഈ ദിശയില്‍ രൂപപ്പെട്ട ശൈലികള്‍ വൈവിധ്യമാര്‍ന്നതായിരുന്നു. ഇന്ത്യന്‍ ബാന്ധവത്തോടൊപ്പം തന്നെ, വിവിധ തരത്തിലുള്ള സമകാലീന പടിഞ്ഞാറന്‍ കലാപ്രസ്ഥാനങ്ങളുമായി അവരില്‍ മിക്കവരും ശൈലീപരമായ അടുപ്പം കാണിക്കുകയും ചെയ്തു. അബ്സ്ട്രാക്ട് എക്സ്പ്രഷണലിസം, പോപ് ആര്‍ട്, പോസ്റ്റ് വാര്‍ എക്സ്പ്രഷണലിസം, പില്‍ക്കാല സര്‍റിയലിസം, മെക്സിക്കന്‍ മ്യൂറല്‍ പാരമ്പര്യം, ആര്‍ട് ബ്രൂട്, നിയോ പ്രിമിറ്റിവിസം തുടങ്ങിയ ശൈലീഭേദങ്ങളെല്ലാം ഇക്കാലത്ത് ഇന്ത്യന്‍ ചിത്രകാരന്മാര്‍ തങ്ങളുടെ കലാപ്രവര്‍ത്തനത്തില്‍ കൊണ്ടുവന്നു.
അറുപതുകള്‍ക്കവസാനവും എഴുപതുകള്‍ക്കാദ്യവും, ഇന്ത്യന്‍ കലാകാരന്മാര്‍ പടിഞ്ഞാറന്‍ ആധുനികതയുമായി തങ്ങളുടെ കലയെ തട്ടിച്ചുനോക്കുന്ന, മന:ശാസ്ത്രപരമായ ആവശ്യത്തില്‍ നിന്ന് സ്വയം വിമോചിതരാകാന്‍ തുടങ്ങി. ആത്മവിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട്  സ്വന്തം മാനദണ്ഡങ്ങള്‍ വെച്ച് തങ്ങളുടെ കലയെ ലോകകലയുമായി ബന്ധിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ഒരിക്കല്‍ കൂടി പ്രമേയപരമായ പരിഗണനകള്‍ കലയില്‍ കൂടുതല്‍ പ്രാമുഖ്യത്തോടെ കടന്നു വന്നു. എണ്‍പതുകളോടെ ആധുനികപൂര്‍വ്വ പാരമ്പര്യങ്ങളില്‍ അവര്‍ കൂടുതല്‍ വിശാലമായ താല്‍പര്യം എടുക്കാന്‍ തുടങ്ങി. ആധുനികതയ്ക്ക് അന്യമായി കരുതുന്ന ദൃശ്യാഖ്യാനത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രയോഗിച്ചു. ബറോഡ കലാകാരന്മാരും ബറോഡ ആര്‍ട്കോളേജും ഈ മാറ്റം വരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും അതിന് ഒരു സൈദ്ധാന്തിക ചട്ടക്കൂട് നല്‍കുകയും ചെയ്തു. ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന കലാകാരന്മാര്‍ അറിയാതെത്തന്നെ, അറുപതുകളിലെ ഈ മാറ്റം നടന്നപ്പോള്‍, പടിഞ്ഞാറ് ആധുനികതാവാദത്തിന്റെ പരിമിതികളില്‍ നിന്ന് പതുക്കെ മോചിതമാവാനും തുടങ്ങി. പടിഞ്ഞാറന്‍ കല കൂടുതല്‍ തുറന്ന ഒരു പരിപ്രേക്ഷ്യത്തിലേക്കു സഞ്ചരിച്ചു. ഇപ്പോള്‍ നാം അതിനെ ഉത്തരാധുനികത എന്നു വിളിക്കുന്നു. തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ഈ പരിപ്രേക്ഷ്യമാറ്റത്തെത്തുടര്‍ന്ന്, ആഗോളവല്‍ക്കരണത്തിന്റെ ആഭിമുഖ്യത്തിലുള്ള ഒരു പുതിയ അന്തര്‍ദേശീയത സജീവമാകാന്‍ തുടങ്ങി. പടിഞ്ഞാറന്‍ ആധുനികതയില്‍ നിന്ന് വിത്യസ്തമായി അത് ഇതര നാടുകളിലെ സമകാലീന കലയയെ സ്വാംശീകരിക്കാന്‍ വ്യഗ്രത കാണിച്ചു. പോയ പതിറ്റാണ്ടുകളില്‍ ഇന്ത്യന്‍ കലാകാരന്മാര്‍ കൈകൊണ്ട സ്വതന്ത്രപദവി ഈ സ്വംശീകരണം ഒരു പരിധിവരെ ഇല്ലാതാക്കി.
രവിവര്‍മ്മ, കെ സി എസ് പണിക്കര്‍, കെ ജി സുബ്രഹ്മണ്യന്‍, എ രാമചന്ദ്രന്‍ എന്നിവരെല്ലാം നാം ചര്‍ച്ച ചെയ്ത വികാസപരിണാമങ്ങളില്‍ ശ്രദ്ധേയമാംവിധം സംഭാവന അര്‍പ്പിച്ചുവെങ്കിലും, തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളായ കലാകാരന്മാര്‍ ദേശീയരംഗത്ത് കൂടുതല്‍ വ്യക്തമായ സാന്നിധ്യമായിത്തീരുന്നതു കാണാം.

ബറോഡ സ്കൂള്‍ വിമര്‍ശനാത്മകമായ ഒരു കലാപാരമ്പര്യം ഉണ്ടാക്കി എന്നു പറയുന്നുവല്ലോ....

ആധുനിക ഇന്ത്യന്‍ കലയിലെ ഗതിപരിണാമങ്ങളില്‍, ഞാന്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നതു പോലെ, എല്ലാ പുതിയ മാറ്റവും നിലവിലുള്ള കലാപരിശീലനത്തിനോടുള്ള  വിമര്‍ശനാത്മക പ്രതികരണങ്ങളില്‍ നിന്ന് ഉണ്ടായതാണ്. ഇതാകട്ടെ വ്യക്തിയുടേയോ സംഘത്തിന്റേയോ, സമകാലീന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണു സംഭവിക്കുന്നത്. കല അതിന്റെ സ്വന്തം ഭാഷയുള്ള ഒരു സ്വതന്ത്ര മണ്ഡലമായും, അതിന്റേതായ കീഴ്വഴക്കങ്ങളും വിലക്കുകളും നിലനില്‍ക്കുന്ന മേഖലയായും കാണുന്ന, പോയ  തലമുറയുടെ ആധുനികതാപ്രവണതയോട്, എണ്‍പതുകളില്‍ ബറോഡ കലാകാരന്മാര്‍ വിമര്‍ശനാത്മകമായി പ്രതികരിക്കുകയുണ്ടായി. ഈ ദിശയില്‍, മറ്റു സാംസ്കാരിക ആവിഷ്കാരത്തോടും പ്രതികരിക്കുന്ന ഒരു കലയെ അവര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ഇമേജില്‍ നിന്ന് നരേഷനിലേക്കു നീങ്ങാനും, വ്യക്തിപരവും സാമൂഹികവുമായ ആഖ്യാനങ്ങള്‍ കലയില്‍ കൊണ്ടുവരാനും ഉള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.
പോയ കാലത്ത് ഇത്തരം വിമര്‍ശനാത്കമ പരിശീലനങ്ങള്‍ ഉണ്ടായിട്ടില്ല എന്നു പറയുന്നത് പക്ഷേ ശരിയായിരിക്കില്ല. ഇന്ത്യന്‍ കലാ പാരമ്പര്യത്തോടും അതിന്റെ ദൃശ്യഭാഷയോടും രവിവര്‍മ്മക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല എന്ന്, ബംഗാള്‍ സ്കൂള്‍ കലാകാരന്മാര്‍ വിമര്‍ശനമുന്നയിച്ചു. ദേശീയതയാല്‍ പ്രചോദിതരായി നടത്തിയ ഒരു ഭാഷാപ്രക്ഷോഭമായിരുന്നു അവരുടേത്. രവിവര്‍മ്മയുടെയും ബംഗാള്‍ സ്കൂളിന്റെയും വളരെ പ്രകടനാത്മകമായ ചരിത്രപരതയെയും,  പരമ്പരാഗത കലയെ മനസ്സിലാക്കുന്നതില്‍ ബംഗാള്‍ സ്കൂള്‍ കലാകാരന്മാര്‍ക്കു സംഭവിച്ച നിശ്ചിത പരിമിതികളെയും, ശാന്തിനികേതന്‍ കലാകാരന്മാര്‍ വിമര്‍ശനവിധേയമാക്കി. അവര്‍ ചുറ്റുവട്ടത്തെ യാഥാര്‍ത്ഥ്യവുമായി കലയെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. അതോടൊപ്പം ഏഷ്യനും യൂറോപ്യനുമായ വൈവിധ്യമാര്‍ന്ന ദൃശ്യഇഡിയങ്ങളോട് തുറന്ന സമീപനം പുലര്‍ത്തുകയും ചെയ്തു. യുദ്ധത്തിന്റെ നിഷ്ഠുര പരിതസ്ഥിതിയോടും നിത്യജീവിതത്തോടും പ്രതികരിച്ചുകൊണ്ട,് നാല്‍പതുകളിലെ പ്രോഗസീവ് ആര്‍ടിസ്റ്റ് ഗ്രൂപ്പ്, ബംഗാള്‍ കലാകാരന്മാരുടെ പ്രവര്‍ത്തനം നിരാശജനകമാംവിധം കാല്‍പനികവും വൈയക്തികവും ദുര്‍ബലവുമാണെന്നു കണ്ടെത്തി. പോയ തലമുറയിലെ കലാകാരന്മാരുടെ ദേശീയ പ്രതിബദ്ധത എന്നത്, സ്വതന്ത്രാവിഷ്കാരത്തിനു തടസ്സമായി മാറുകയാണെന്ന് സ്വതന്ത്യ്രത്തിനു ശേഷമുള്ള കലാകാരന്മാര്‍ കരുതി. പൊതുവായ ലക്ഷ്യമോ, കൂട്ടമായ യത്നമോ ഇല്ലാതെ, ആത്മാവിഷ്കാരത്തിന് മുമ്പില്ലാത്ത വിധം പ്രാമുഖ്യം വന്നു ചേര്‍ന്നു. ഇന്ത്യന്‍ ആധുനിക കലാകാരന്മാര്‍ക്ക് പടിഞ്ഞാറ് ലഭിച്ച തണുത്ത സ്വീകരണം അറുപതുകളില്‍ സാംസ്കാരിക സ്വത്വവാദങ്ങളുടെ പുനര്‍നിര്‍വചനത്തിലേക്കു നയിച്ചു. എന്നാല്‍ സ്വാതന്ത്യ്രത്തിനു മുമ്പുള്ള കാലത്തുപോലെ, ഇത് ദേശീയതയുടെ പുനര്‍നിര്‍വചനത്തിലേക്കല്ല, മറിച്ച് ഉപദേശീയ വാദത്തിലേക്കും പ്രാദേശിക സ്വത്വത്തിലേക്കുമാണ് നീങ്ങിയത്. ഈ കലാകാരന്മാരില്‍ ചിലര്‍ ഇത് തങ്ങളുടെ ഇമേജിന് ആനുഭവികമായ ആധികാരികത നല്‍കുമെന്ന് കരുതിയപ്പോള്‍, മറ്റു ചിലര്‍ ഈ പ്രവണത തദ്ദേശീയ മതത്തില്‍ നിന്നും തത്വചിന്തയില്‍ നിന്നും തങ്ങളുടെ ഇമേജിന് താത്വിക വിശദീകരണം കണ്ടെത്താന്‍ കഴിയുമെന്നു കരുതി.
എല്ലാ തരം കലാപരിശീലനത്തിനും നിശ്ചിത സാധ്യതകള്‍ ഉണ്ടെന്നിരിക്കെ, ചില ആന്ധ്യമേഖലകളും ഉണ്ട്. തുടര്‍ന്നു വരുന്ന തലമുറ ഈ പരിമിതികളെ പെറുക്കിക്കൂട്ടി നിശ്ചിത മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നു. അത്തരം മാറ്റങ്ങള്‍ക്കുള്ള പ്രചോദനങ്ങള്‍ വരുന്നത് ചിലപ്പോള്‍ കലാപരിപ്രേക്ഷ്യത്തില്‍ വരുന്ന മാറ്റത്തിന്റെ ഫലമാണെങ്കില്‍, മറ്റു ചിലപ്പോള്‍ സാമൂഹ്യ പരിതസ്ഥിതിയിലെ പരിവര്‍ത്തനങ്ങള്‍ മൂലമോ, വേറെ ചിലപ്പോള്‍ രണ്ടും കൂടി കൂടിച്ചേര്‍ന്നിട്ടോ ആകാം. മാറ്റത്തിനായി ആഹ്വാനം ചെയ്യുന്നവര്‍, തങ്ങള്‍ ഉച്ചാടനം ചെയ്യാന്‍ ശ്രമിക്കുന്ന കലാപരിശീലനത്തിന്റെ പരിമിതികളെ ഉയര്‍ത്തിക്കാട്ടുകയും, അവരുടെ വാദഗതിക്ക് ഒരു വാദപ്രതിവാദത്തിന്റെ കാര്‍ക്കശ്യം നല്‍കുകയും ചെയ്യുന്നു. ഈ മാറ്റങ്ങളെ ഒരു ചരിത്രപരമായ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുകയാണെങ്കില്‍, നമുക്കീ പ്രക്രിയയില്‍ മാറ്റവും നൈരന്തര്യവും ഒരുപോലെ കാണാം. ഉദാഹരണമായി, ബംഗാള്‍ സ്കൂള്‍ രവിവര്‍മ്മയോട് എല്ലാവിധ അകല്‍ച്ചയും പ്രകടിപ്പിച്ചപ്പോഴും,  രവിവര്‍മ്മ പിന്തുടര്‍ന്ന ചരിത്രപരതയുടേതായ സമീപനത്തെ അവരും പങ്കുവെച്ചതായി കാണാം. തുടര്‍ന്നു വന്ന തലമുറകളാല്‍ അബനീന്ദ്രനാഥ ടാഗൂറിനെതിരെ പുനരുത്ഥാനവാദം എന്ന ആരോപണം ഉന്നയിക്കപ്പെട്ടെങ്കിലും, 1930കളിലെ അറേബ്യന്‍ നൈറ്റ് പരമ്പരയില്‍, എണ്‍പതുകളിലെ നരേറ്റീവ് ആര്‍ട് കലാകാരന്മാരെ അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. അബനീന്ദ്രനാഥ ടാഗോറിന്റെ ശൈലിയും വ്യാപ്തിയും മാധ്യമവും എണ്‍പതുകളിലെ കലാകാരന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നെങ്കിലും, ഒരു ചിത്രം ഒരു പാഠമാണെന്നും, അത് ഒരു സാംസ്കാരിക വ്യവഹാരത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഒരു പാഠമാണെന്നും, അത് ദൃശ്യവും അല്ലാത്തതുമായ മറ്റു പാഠങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, അമ്പതുകൊല്ലം മുമ്പുതന്നെ അബനീന്ദ്രനാഥ ടാഗോര്‍ വളരെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നാം പിന്നോട്ടു നോക്കുമ്പോള്‍, കലാകാരന്മാര്‍ എന്തു പറഞ്ഞു, എന്തു ചെയ്തു എന്നു വെറുതെ നോക്കുകയോ ശ്രദ്ധിക്കുകയോ അല്ല, മറിച്ച് അവര്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവും ഒരു വ്യവഹാരത്തെ രൂപപ്പെടുത്തുന്നതില്‍ എന്തു സംഭാവനയാണ് നല്‍കിയത് എന്നു പരിശോധിക്കുകയാണു ചെയ്യുന്നത്. കലയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഭാഗധേയം എന്നത് പൊതുവെ വിഹരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സങ്കീര്‍ണ്ണമാണ്.
ചില കലാസൃഷ്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതുമ്പോള്‍, ചിലത് കുടുതല്‍ സമര്‍ത്ഥവും സൂക്ഷ്മവുമായാണ് പ്രവര്‍ത്തിക്കുന്നത് എന്നു കാണാം. കൂടുതല്‍ വ്യക്തമാംവിധം രാഷ്ട്രീയമാവുന്ന കല കൂടുതല്‍ ഫലപ്രദമാണ് എന്നു പറയാനാവില്ല. പലപ്പോഴും പ്രത്യയശാസ്ത്ര നിബദ്ധമായ കല ലളിതവല്‍ക്കരണവും വാചോടാപവും ആയി മാറുന്നു. ഇത് പലപ്പോഴും സോഷ്യലിസ്റ്റ് റിയലിസത്തിനെതിരെ ഉന്നയിക്കാറുള്ള വിമര്‍ശനമാണ്്.  ഒരു കലാകാരന്റെ പ്രാഥമിക പരിഗണന പ്രമേയപരമാണ് എന്നു വരികില്‍ പോലും, അയാള്‍ക്ക് രൂപത്തെ അവഗണിക്കുവാന്‍ കഴിയില്ല. രൂപപരമായ മാറ്റങ്ങള്‍ രാഷ്ട്രീയമാണെന്നും വരാം. ഇന്ത്യയില്‍, സോമനാഥ് ഹോറിനെപ്പോലുള്ള ഒരു കലാകാരന്റെ പ്രവര്‍ത്തനത്തെ പരിശോധിച്ചാല്‍  ഇതു വ്യക്തമാവും. അദ്ദേഹം തന്റെ രാഷ്ട്രീയ പ്രതിബദ്ധതയെ ജീവസുറ്റതാക്കി നിലനിര്‍ത്താനും, തന്റെ ആവിഷ്കാരം കൂടുതല്‍ ശക്തിമത്താക്കാനും, രൂപപരമായി എല്ലായ്പ്പോഴും നവീകരണത്തിനു മുതിര്‍ന്നു. നിശ്ചിത കലാസൃഷ്ടിയുടെ രാഷ്ട്രീയജീവന്‍ അതിന്റെ പ്രമേയത്തിലോ ശൈലിയിലോ ആകാം. മറ്റു ചിലതിന് പ്രവര്‍ത്തിക്കുന്ന മണ്ഡലത്തിന്റെയോ അത് നിലനില്‍ക്കുന്ന സാമൂഹ്യ ഇടത്തിലോ ആണ് രാഷ്ട്രീയ സ്വഭാവം കൈവരുന്നത്.

കലാകാരന്മാര്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ നിന്ന് വളരെ ഉയര്‍ന്ന് വലിയ സാമ്പത്തിക വലയത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥിതിയിലേക്ക് വരുന്നതോടെ അവര്‍ സാധാരണ മനുഷ്യനില്‍ നിന്ന് അപ്രാപ്യമായ പരിവേഷികളായി തീരാറുണ്ട്. ഇതിനെ എങ്ങിനെ കാണുന്നു...

അത്തരം വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആദി-പണപൂര്‍വ്വ സമൂഹങ്ങളില്‍ ഒഴിച്ച,് അംബീഷ്യസ് ആയ കലാ പ്രൊജക്ടുകള്‍, മതപരമോ രാഷ്ട്രീയപരമോ വ്യാപാരപരമോ ആയ രക്ഷാകര്‍തൃത്വം വഴിയാണ് സാധ്യമായിട്ടുള്ളത് എന്നു കാണാം. വിപ്ളാവാത്മക കല പോലും രാഷ്ട്രത്തിന്റെയോ രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തിന്റേയോ അസാന്നിധ്യത്തില്‍ അസാധ്യമാണ്. ഇത് ഭാഗികമായി കലയുടെ പ്രകൃതവുമായി ബന്ധപ്പെട്ടതാണ്. വലിയ അളവിലുള്ള കലാവിഷ്കാരങ്ങള്‍ക്ക് വളരെയധികം വിഭവശേഷി ആവശ്യമുണ്ട്. സാഹിത്യം എഴുതുന്നതിനേക്കാള്‍ സിനിമ പിടിക്കുന്നതിനോടാണ് ഇതിനു സാമ്യം. ഒരു പുസ്തകം ഒരാള്‍ക്ക് എഴുതുകയും വ്യക്തിപരമായി വായനക്കാര്‍ക്ക് അതിനെ പിന്തുണയ്ക്കുകയും ചെയ്യാം. ചിത്രകലയില്‍ വലിയ വ്യാപ്തിയില്‍ കലാനിര്‍മ്മാണം നടത്തുമ്പോള്‍ പ്രത്യേകിച്ചും ഇത് സാധ്യമല്ല. നമ്മുടെ സര്‍ക്കാരുകള്‍ സംസ്കാരത്തെ പിന്തുണയ്ക്കുന്നു എന്നു പറയുമ്പോഴും, നമ്മുടെ മുതലാളിമാര്‍ കലയിലെ ഫിലാന്ത്രോഫിയെക്കുറിച്ചു പറയുമ്പോഴും, പബ്ളിക് ആര്‍ടിനുവേണ്ടി ഫണ്ട് കണ്ടെത്താനുള്ള എന്റെ എളിയ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാനായത്, കലയില്‍ താത്പര്യങ്ങളൊന്നുമില്ലാത്ത ഫണ്ട് ഇല്ല എന്നുള്ളതാണ്. ഗൌരവമായ കലയ്ക്ക് ജനങ്ങളുടെ നൈസര്‍ഗ്ഗികമായ ഫണ്ട് എന്ന ആശയം ഈ വീക്ഷണത്തില്‍ നോക്കുമ്പോള്‍ കൂടുതല്‍ ഉടോപ്യനാണെന്നാണു തോന്നുന്നത്.

എങ്കിലും, കല സാധാരണക്കാരനില്‍ നിന്ന് അകന്നു പോകുന്ന സ്ഥിതിയുണ്ടല്ലോ. ഉദാഹരണമായി എക്സ്പ്രഷണലിസ്റ്റ്, സര്‍റിയലിസ്റ്റ് കലാകാരന്മാരില്‍ പലരും സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ച് ജനങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരായപ്പോള്‍ തന്നെ, അടുത്ത ഘട്ടത്തില്‍ ഇത്തരം ജനചലനം സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടവും പ്രശസ്തിയും പണവും അവരെ ദന്തഗോപുര സ്വഭാവികളുമാക്കിയിട്ടുണ്ട്്. അതോടെ അവര്‍ ജനങ്ങളില്‍ നിന്ന് മാറിപ്പോകുന്നു.  സാധാരണക്കാരന് അപ്രാപ്യമാകുന്നു...


അങ്ങിനെ പറയാനാകുമോ? എക്സ്പ്രഷണലിസ്റ്റ്, സര്‍റിയലിസ്റ്റ് കലാകാരന്മാരുടെ സൃഷ്ടികള്‍, അതിനെപ്പറ്റി അറിയുന്നവരുടെ ഇടയില്‍ ഇന്ന് ജനപ്രിയമാണെന്നു വരാം. എന്നാല്‍ ആ കലാകാരന്മാര്‍ ജീവിച്ച കാലത്ത് അങ്ങിനെയായിരുന്നോ? ഇതില്‍ രണ്ടു വശങ്ങളുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളോട് കലാകാരനുള്ള ആഭിമുഖ്യവും പൊതുജനങ്ങള്‍ കലയോട് പ്രതികരിക്കുന്ന രീതിയും. ആദ്യത്തേത് നിലനിന്നാലും, അതിനെത്തുടര്‍ന്ന് രണ്ടാമത്തേത് വന്നുചേര്‍ന്നു എന്നു വരില്ല. കലാകാരന്റേതിനു തുല്യമായ ഭാവുകത്വമോ, അല്ലെങ്കില്‍ കലാവ്യവഹാരത്തെക്കുറിച്ചുള്ള അറിവോ കൊണ്ടുമാത്രമേ താങ്കള്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രതികരണം നടക്കുകയുള്ളൂ.
ഇനി രണ്ടാമത്തെ ചോദ്യമെടുക്കാം. കലാകാരന്മാര്‍ തങ്ങളുടെ തൊഴിലില്‍ വിജയം വരിക്കുമ്പോള്‍, അവരുടെ പ്രതിബന്ധത നഷ്ടമാകുകയും താങ്കള്‍ വിശേഷിപ്പിച്ചതു പോലെ ദന്തഗോപുര വാസിയായിത്തീരുകയും ചെയ്യുന്ന പ്രശ്നം. ഇത് വ്യക്തികള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും. ഇതിന് ഒരു ക്രമം ഉണ്ടെന്നു പറയാനാവില്ല. ഒന്നാമതായി, അടുത്ത കാലം വരെ ഒരു കലാകാരന്‍ വിജയം കൈവരിക്കുന്നത് വളരെ കാലത്തെ പ്രയത്നത്തിനു ശേഷമായിരുന്നു. അങ്ങിനെവരുമ്പോള്‍ അവരുടെ സമീപനത്തില്‍ വലിയ മാറ്റം വരുന്നില്ല. തയ്യിബ് മേത്ത അത്തരം ഒരു കലാകാരനായിരുന്നു. ഒന്നോ രണ്ടോ ലേലത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ നന്നായി പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ലഭിച്ച താരപരിവേഷം, എന്നാല്‍, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും സമീപനത്തിലും ഒരു മാറ്റവും വരുത്തിയില്ല. അദ്ദേഹം മുന്‍പത്തെപോലെത്തന്നെ പ്രതിജ്ഞാബദ്ധത പുലര്‍ത്തി. മിതഭാഷിയായും വിനയാന്വിതനായും ആഴത്തില്‍ പ്രതികരണശേഷി സൂക്ഷിച്ചു. എല്ലായ്പ്പോഴുമെന്ന പോലെ തന്റെ സാമൂഹ്യപരിഗണനകള്‍ നിലനിര്‍ത്തി. നന്ദലാലിന്റെയും രാംകിങ്കറിന്റെയും കാര്യത്തില്‍ പണം വന്നുചേര്‍ന്നില്ലെങ്കിലും അവര്‍ പ്രശസ്തരായി. എന്നാല്‍ ഇത് അവരെയും ഒട്ടും മാറ്റിത്തീര്‍ത്തില്ല. സാമ്പത്തികമായി ഒരു കലാകാരന്‍ മെച്ചപ്പെടുന്നു എന്നു കരുതി കലാകാരന്‍ എന്ന നിലയില്‍ അവരുടെ പ്രതിജ്ഞാബദ്ധത ഇല്ലാതാകുമോ? വാന്‍ഗോഗിനേക്കാളും ഗോഗിനേക്കാളും പ്രതിജ്ഞാബദ്ധത കുറഞ്ഞവരായിരുന്നോ പിക്കാസോയും മത്തീസും?
സമ്പന്നന് മാനുഷികത നിലനിര്‍ത്താന്‍ പ്രയാസമാണ് എന്ന് ചിന്തിക്കാന്‍ കാരണങ്ങളുണ്ട് എന്നത് വാസ്തവം തന്നെ. ക്രിസ്തു പറഞ്ഞതുപോലെ ഒട്ടകത്തിനു സൂചിക്കുഴലിലൂടെ കടക്കുന്നതുപോലെ പ്രയാസകരമായിരിക്കും, പണക്കാരന് ദൈവത്തിന്റെ സാമ്രാജ്യത്തില്‍ കടക്കുക. പാവങ്ങള്‍ക്ക് ദൈവസന്നിധിയിലേക്ക് വിശാലവഴിയുണ്ട് എന്നാണോ ഇതിനര്‍ത്ഥം? പൊതുതത്വങ്ങള്‍ ഉണ്ടാകുക നാം ഇഷ്ടപ്പെടുന്ന കാര്യമാണെങ്കിലും, ഇക്കാര്യത്തില്‍ അത്തരം സാമാന്യവല്‍ക്കരണങ്ങള്‍ പ്രയാസകരമാണ്്. മറിയത്തെയും മേരിയെയും ആസ്പദമാക്കി  ജിയോട്ടോ ഹൃദയാവര്‍ജ്ജകമായ മ്യൂറലുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ മാനുഷികതയുടെ വളരെ വലിയ ഒരു സ്പര്‍ശം അനുഭവിക്കാനാകും. അതുനോക്കുമ്പോള്‍ നമുക്കു തോന്നും ഈ കലാകാരന്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ അനുയായിയാണെന്ന്. എന്നാല്‍ ചരിത്രകാരന്മാര്‍ പറയുന്നത് അദ്ദേഹം പണം പലിശയ്ക്കു കൊടുത്തിരുന്ന ആളായിരുന്നു എന്നാണ്.


ചില ശൈലികള്‍ കൊണ്ട് ചില എക്സ്പ്രഷനുകള്‍ കൂടുതല്‍ ശക്തമായി സൃഷ്ടിക്കാനാകുമെന്ന് കരുതാനാകുമോ? എക്സ്പ്രഷണലിസ്റ്റ്, സര്‍റിയലിസ്റ്റ് ശൈലികള്‍ കൂടുതല്‍ വേഗത്തില്‍ ആകര്‍ഷിക്കപ്പെടുകയും മൂവ് ചെയ്യിക്കുകയും ചെയ്യുന്നു എന്ന് തോന്നുന്നത് ശരിയാണോ?


തീര്‍ച്ചയായും. ശൈലി ആത്യന്തികമായി, ദൃശ്യത്തിലായാലും വാക്കിലായാലും, ഭാഷയുടെ ഒരു ഇന്‍ഫ്ളെക്ഷന്‍ ആണ്. ചിത്രകലയില്‍, ഈ ഇന്‍ഫ്ളെക്ഷന്‍ രൂപപ്പെടുത്തുന്നത് ചിലപ്പോള്‍,  പോയിന്റിലിസത്തിലോ വാഷ് പെയിന്റിങ്ങിലോ പോലെ സാങ്കേതിക വിദ്യകൊണ്ടാകാം. ചിലപ്പോള്‍, എക്സ്പ്രഷനലിസത്തിലോ സര്‍റിയലിസത്തിലോ പോലെ, അടിയില്‍ നിലകൊള്ളുന്ന ഒരു സമീപനത്തിന്റേയോ ആശയത്തിന്റെയോ ഫലമാണെന്നു വരാം. ദൃശ്യാവിഷ്കാരത്തെ നിയന്ത്രിക്കുന്ന ഭാഷാക്രമീകരണത്തിന്റെ ഘടനയെ, എല്ലാ ഇന്‍ഫളക്ഷനും സവിശേഷവല്‍ക്കരിക്കുകയോ, വൈയക്തികവല്‍ക്കരിക്കുകയോ ചെയ്യുന്നു. അല്ലെങ്കില്‍ അതിന് ഒരു ആവിഷ്കാരകേന്ദ്രം നല്‍കുന്നു. എക്സ്പ്രഷണലിസം വൈകാരികതയെയോ വൈകാരിക പ്രതികരണത്തെയോ സവിശേഷവല്‍ക്കരിക്കാനോ, കൂടുതല്‍ തീവ്രതരമാക്കാനോ ആണ് ശ്രദ്ധിക്കുന്നത്. സര്‍റിയലിസമാകട്ടെ, അടിച്ചമര്‍ത്തപ്പെട്ട ഒന്നിനെ ആവിഷ്കരിക്കുന്നു. അതിനാല്‍ തന്നെ അവയെ അഭിമുഖീകരിക്കുമ്പോള്‍ അപരിചിത്വവും വൈചിത്യ്രവും അനുഭവപ്പെടുന്നു. എന്നാല്‍ ഈ ശൈലികള്‍ നമ്മുടെ സാമാന്യ വീക്ഷണകോടിയില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് ഒരു തരത്തില്‍ പര്‍വ്വതീകരിക്കപ്പെട്ടതാണ്. അതിനാല്‍ തന്നെ ഉടനടി ഒരു പ്രത്യാഘാതം അവ ഉണ്ടാക്കുന്നു.
നൈസര്‍ഗ്ഗികമായ സംവേദനത്തിനു വഴങ്ങാത്ത ശൈലികളുമുണ്ട്. മത്തീസെ ഉദാഹരണം. ദൃശ്യപരവും രൂപപരവുമായ അംശങ്ങളുടെ ഘടനാപരമായ സമ്മേളനം എന്ന നിലയില്‍ ആവിഷ്കരിക്കപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ആഹ്ളാദത്തിന്റെ ഉന്നതമായ ഒരു അനുഭവത്തില്‍ എത്തിച്ചേരാണ് അദ്ദേഹത്തിന്റെ ശൈലി വ്യഗ്രപ്പെടുന്നത്. അത് അദ്ദേഹം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ശൈലികള്‍ക്ക് വ്യത്യസ്തങ്ങളായ ആവിഷ്കാര മണ്ഡലമുണ്ട്. അവ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ രീതികളിലാണ്്.
അതേസമയം, ഏതു ശൈലിയെയും അക്കാദമികവല്‍ക്കരിക്കാനും രൂപപരമായ പാണ്ഡിത്യപ്രകടനമാക്കി മാറ്റിത്തീര്‍ക്കാനും കഴിയും. അതിനാല്‍ തന്നെ അക്കാദമിക എക്സ്പ്രഷണലിസവും അക്കാദമിക സര്‍റിയലിസവും ഉണ്ട്. അതുപോലെ അക്കാദമിക റിയലിസവും അക്കാദമിക ക്യൂബിസവും ഉണ്ട്.

എംഎഫ് ഹുസൈന്റെ നാടുവിടലിനെ എങ്ങിനെയാണ് കാണുന്നത്?

അതു വളരെ സങ്കീര്‍ണ്ണമായ പ്രശ്നമാണ്. ഒറ്റ വാക്കില്‍ ഒരു ഉത്തരം നല്‍കാന്‍ കഴിയില്ല. നമുക്ക് വളരെ അടുത്തു നില്‍ക്കുന്ന ഒരു പ്രശ്നം എന്ന നിലയില്‍ ഒരു പോളിമിക്കല്‍ കാഴ്ചപ്പാടിലല്ലാതെ നോക്കിക്കാണാന്‍ പ്രയാസമാണ്. അതില്‍കൂടുതലായി, ഞാന്‍ വിചാരിച്ചിരിക്കുന്നത് ഈ സംഭവം ഒരു കലാപരമായ പ്രശ്നം എന്ന നിലയേക്കാള്‍, സാമൂഹ്യ രാഷ്ട്രീയ വിഷയമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ്. കലാപരമായ ഒരു വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍, ഹുസൈന്റെ മനുഷ്യാകാരങ്ങളുടെ പ്രതിനിധാനങ്ങള്‍ സെന്‍ഷ്വസസ് ആണെന്നു പറയാനാവില്ല. ഹിന്ദു ദേവി-ദേവന്മാരെ ചിത്രീകരിക്കുന്നതടക്കമുള്ള  നമ്മുടെ പരമ്പരാഗത കലകളില്‍, മനുഷ്യാകാരത്തെ ചിത്രീകരിച്ചിരിക്കുന്നതുമായി അവയെ താരതമ്യം ചെയ്യുമ്പോള്‍, ഇതാണെനിക്കു തോന്നുന്നത്. അവ മാംസപ്രോക്തമല്ലെന്നു മാത്രമല്ല, പലപ്പോഴും വളരെ നിയന്ത്രിതവുമാണ്. ആക്രമം അഴിച്ചുവിടുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇത് നന്നായി അറിയാവുന്നതുമാണെന്ന് എനിക്കുറപ്പാണ്. അതിനാല്‍ പ്രശ്നം മറ്റു ചിലയിടത്താണ് കിടക്കുന്നത്.
ഇത് കാണിക്കുന്നത് നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചിരിക്കുന്ന അസഹിഷ്ണുതയെയാണ്. ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതിനെയാണ്്. ഈ മനോനില എളുപ്പം ആക്രമണത്തിലേക്കു നയിക്കുന്നു. നമ്മുടെ ജനപ്രിയ കലാരൂപങ്ങള്‍ നോക്കിയാല്‍ കാണാനാവുന്നത്, നാട്ടിലെ രാഷ്ട്രീയ-മത നേതാക്കള്‍ കരുതുന്നതു പോലെ, ജനങ്ങള്‍ അത്രത്തോളം ശുദ്ധീവാദം വെച്ചുപുലര്‍ത്തുന്നവരല്ല എന്നാണ്. അതിനാല്‍ ഇതിലെല്ലാം ഒരു വ്യാജമായ ശുദ്ധീവാദം ഉണ്ടെന്നു കാണാം. ഇത് ഒരു രാജ്യത്തെയോ ഒരു മതത്തിന്റെയോ പ്രശ്നമല്ല. ഇത്തരം ഉദാഹരണങ്ങള്‍ ഇന്ന് ലോകത്ത് എല്ലായിടത്തും കാണുന്നു. ആദ്യത്തെ തവണയുമല്ല ഇതു സംഭവിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നിരോധിക്കുന്നത് ഒബ്രിമേനോന്റെ രാമായണമാണ്. അത് അമ്പതുകളുടെ മധ്യത്തിലാണ്്. എന്നാല്‍ ഒരു ഐറണി എന്നോണം, അദ്ദേഹത്തെപ്പറ്റി നടത്തപ്പെട്ട ശുദ്ധീവാദികളുടെ എല്ലാ ആരോപണങ്ങള്‍ക്കുമപ്പുറത്ത്, തന്റെ അവസാന നാളുകള്‍ കേരളത്തില്‍ സമാധാനപൂര്‍വ്വം താരതമ്യേനെ അജ്ഞാതനായി ജീവിക്കുകയാണു ഒബ്രിമേനോന്‍ ചെയ്തത്. ഇപ്പോള്‍ നമ്മില്‍ ചിലര്‍ ഉണര്‍ന്നെണീറ്റ് ഹുസൈന്‍ മുപ്പതു വര്‍ഷം മുമ്പ് ചെയ്ത ഡ്രോയിങ്ങുകളുടെ പേരില്‍ പ്രകോപിതരാകുകയാണ്്.
കലയില്‍ സെക്കുലര്‍ ജീവിതത്തില്‍ നിന്ന് മതപരമായ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ രൂപകങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. തിരിച്ചും അങ്ങിനെത്തന്നെ. അങ്ങിനെ ആട്ടിടയന്‍ ക്രിസ്തുവിന്റെയും ആട്ടിന്‍കുട്ടി ജനതയുടെയും രൂപകമായിത്തീരുന്നു. മനുഷ്യന്റെ ഉന്മാദവും കൂടിച്ചേരലും ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാമിക മിസ്റ്റിക് കവിതകളില്‍ ദൈവവുമായി ഒന്നു ചേരുന്നതിന്റെ രൂപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്്. ബംഗാളില്‍ ദുര്‍ഗപൂജയ്ക്കു ഉപയോഗിക്കുന്ന ദേവിയുടെ ഇമേജ് ഇന്നത്തെ സ്ത്രീ സൌന്ദര്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് മോഡലായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നിത്യഭാഷണത്തിലും ഇത്തരം രൂപകങ്ങള്‍ സര്‍വ്വസാധാരണമാണ്. നമ്മോട് അങ്ങേയറ്റം കാരുണ്യം കാണിക്കുന്നവരെ നാം ദൈവത്തിനു സമാനമാണ് എന്നു പറയാറുണ്ടല്ലോ. അതുപോലെ കൃഷ്ണന്റെ കുസൃതിയുമായും, വീട്ടില്‍ ഭാഗ്യം കൊണ്ടുവരുന്ന ലക്ഷ്മിയായും നാം ആളുകളെ താരതമ്യം ചെയ്യാറുണ്ട്. സെക്കുലറും മതപരവും ആത്മീയവുമായ മേഖലകളില്‍ നിന്ന് പരസ്പരം രൂപകങ്ങള്‍ കടംകൊള്ളുന്നതും ഉപയോഗിക്കുന്നതും നമ്മുടെ ആശയവിനിമയത്തിന് ഉന്മേഷവും ഉത്സാഹവും നല്‍കുന്നു. അതിനുമേല്‍ കത്തി വെയ്ക്കുകയോ സെന്‍സറിങ്ങ് നടത്തുകയോ ചെയ്യുന്നത് നമ്മുടെ ഭാഷയെയും ഭാവനയെയും ദരിദ്രമാക്കും. ശുദ്ധീവാദം പോയകാലത്ത് ഉദിച്ചസ്തമിച്ച പോലെ ഈ പരിതസ്ഥിതിയും കടന്നുപോകും എന്നു നമുക്ക് പ്രത്യാശിക്കാം.

ശില്‍പകലയില്‍ മനുഷ്യന്‍

കെ എസ് രാധാകൃഷ്ണന്‍ / പി പി ഷാനവാസ്

പതിനെട്ടാം വയസ്സില്‍ ശാന്തിനികേതനിലേക്കു കലാപഠനത്തിനു പോയ താങ്കള്‍ നീണ്ട മുപ്പത്തെട്ടു വര്‍ഷത്തിനു ശേഷം ശില്‍പപ്രദര്‍ശനത്തിനോടൊപ്പം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആധുനിക ഇന്ത്യന്‍ ശില്‍പകലയുടെ പിതാവ് എന്ന് അറിയപ്പെടുന്ന രാംകിങ്കര്‍ ബെയ്ജാണ് അങ്ങയുടെ ഗുരുപരമ്പയിലെ പ്രധാനി എന്നും അറിയുന്നു. എന്തായിരുന്നു ശാന്തിനികേതനിലേക്കു പോകാന്‍ കൌമാരകാലത്ത് ആകര്‍ഷിച്ചുണ്ടാകുക?

കോട്ടയം കാഞ്ഞിരപ്പള്ളി കുഴിമറ്റം എന്ന സ്ഥലത്തായിരുന്നു എന്റെ ഗ്രാമം. ഗ്രാമത്തില്‍ വളര്‍ന്ന കുട്ടിക്കാലം. അതിനാല്‍ തന്നെ ശാന്തിനികേതനം മുന്നോട്ടുവെച്ചിരുന്ന ഗ്രാമസങ്കല്‍പം എന്നിലുണ്ടായിരുന്നു. ഗ്രാമത്തില്‍ നിന്ന് ഗ്രാമത്തിലേക്കു തന്നെ പഠനത്തിനായി തെരഞ്ഞെടുക്കുക എന്ന മട്ടില്‍. മരത്തിന്റെ കീഴെയാണ് അവിടുത്തെ പഠനം, പ്രകൃതിയുമായി സഹവസിച്ചും സല്ലപിച്ചും വിദ്യാഭ്യാസ ജീവിതം എന്നെല്ലാം അന്ന് ശാന്തിനികേതനത്തെക്കുറിച്ച് കേട്ടിരുന്നു. സ്വാഭാവികമായും അത്തരമൊരു കാല്‍പനികത ആകര്‍ഷിച്ചിരിക്കണം. ശാന്തിനികേതനത്തില്‍ പഠിക്കുക എന്നത് അക്കാലത്തെ ഞങ്ങളുടെ തലമുറയില്‍പെട്ടവരുടെ  സ്വപ്നമായിരുന്നു. എഴുപതുകളില്‍ കലാപഠനത്തിനുള്ള മറ്റു മേഖലകള്‍ മദ്രാസ് ആര്‍ട്സ് കോളേജും തിരുവനന്തപുരം ഫൈന്‍ആര്‍ട്സും മാവേലിക്കര ആര്‍ട്സ് കോളേജും മറ്റുമായിരുന്നു.  ചങ്ങനാശേരി എസ്ബി കോളേജിലായിരുന്നു ഞാന്‍ അന്ന് പഠിച്ചിരുന്നത്. അവിടെ മറ്റെവിടെയും അന്നില്ലാത്തവിധം മെച്ചപ്പെട്ട ഒരു ലൈബ്രറി ഉണ്ടായിരുന്നു. യൂറോപ്യന്‍ കലയെക്കുറിച്ചെല്ലാം അവിടുത്തെ പുസ്തകങ്ങളില്‍ നിന്ന് പരിചയപ്പെടാന്‍ കഴിഞ്ഞു. 
ഒരു ജനുവരി മാസത്തിലാണെന്നു തോന്നുന്നു ഞാന്‍ ശാന്തിനികേതനത്തില്‍ ചേരാന്‍ അപേക്ഷ നല്‍കുന്നത്. ആറു മാസം കഴിഞ്ഞ് ജൂണില്‍ അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അറിയിപ്പു വന്നു. അതിശയിച്ചു പോയി. ബംഗാളില്‍ പോകാനുള്ള മാനസികമായ തയ്യാറെടുപ്പ് നടത്തണം. അച്ഛനോടു ചോദിച്ചു. അദ്ദേഹം എല്ലാ പിന്തുണയും തന്നു. പല കലാകാരന്മാരുടെയും ജീവിതത്തെക്കുറിച്ച് അന്നു ഞാനറിഞ്ഞ സംഗതികള്‍ വെച്ച് അവരുടെ ലിസ്റ്റില്‍ ഒരാളാകണമോ എന്ന ചിന്തയും എന്നില്‍ ഉണ്ടായിരുന്നു. പതിനെട്ടു വയസ്സാണ് പ്രായം. ഒറ്റക്കാണു യാത്ര. ഭാഷയും അറിഞ്ഞുകൂട. പലതും നാം തീരുമാനിച്ചുറച്ച കാര്യങ്ങളല്ലല്ലോ ജീവിതത്തില്‍ നടക്കുക. എങ്കിലും മനസ്സില്‍ ചില തീര്‍പ്പുകള്‍ ഉണ്ടായിരുന്നു. ആ ധൈര്യം വെച്ചാണ് യാത്ര തിരിച്ചത്. ശാന്തിനികേതനത്തില്‍ പഠിക്കാന്‍ പോന്ന യോഗ്യതയും സ്കില്ലും എനിക്കുണ്ടായിരുന്നുവോ? ഉണ്ട് എന്നു തന്നെയാണ് എനിക്കന്ന് തോന്നിയത്്. പ്രവേശനം കിട്ടും എന്നു തന്നെ എന്റെ മനസ്സു പറഞ്ഞു.
എട്ടാം വയസ്സു മുതല്‍ ഞാന്‍  ചിത്രമെഴുത്ത് പരിശീലിച്ചിരുന്നു. അച്ഛന്റെ അനിയന്‍ പി എന്‍ നാരായണന്‍ കുട്ടി ഡ്രായിങ് മാഷായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ വര പരിശീലിച്ചു. ന്യൂസ് പേപ്പറില്‍ കരിയിട്ട് ചില വര്‍ക്കുകള്‍. ഒരു റിക്ഷക്കാരനെ മോഡല്‍ ആക്കി  ചില രചനകള്‍. കലയെ മനുഷ്യനുമായി ബന്ധപ്പെടുത്താനുള്ള ശ്രമത്തില്‍ ആ വര്‍ക്കുകള്‍ വളരെയധികം എന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.
ഞാന്‍ യാത്ര ചെയ്ത ട്രയിനില്‍ തന്നെ ഇന്നത്തെ പ്രമുഖനായ കലാചരിത്രകാരന്‍ ആര്‍ ശിവകുമാറും ഉണ്ടായിരുന്നു. ട്രയിനില്‍ വച്ച് അദ്ദേഹത്തെ കണ്ടില്ല. സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അടുത്ത് വന്ന് ചോദിച്ചു, കലാഭവനിലേക്കുള്ള വഴിയേതാണ്? ഞാനും അവിടേക്കു തന്നെയാണ് എന്നു പറഞ്ഞു. അന്ന് തുടങ്ങിയ ശിവകുമാറുമായുള്ള ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു. എന്റെ വര്‍ക്കുകളെക്കുറിച്ചെല്ലാം അദ്ദേഹമാണ് കൂടുതലും എഴുതിയത്.

എങ്ങിനെയായിരുന്നു ശാന്തിനികേതനിലെ പഠനകാലം?

ശാന്തിനികേതനത്തിലേത് ഒരു ഇന്റഗ്രേറ്റഡ് കോഴ്സ് ആണ്. അവിടെ പ്രിന്റ് മെയ്ക്കിങും ക്രാഫ്റ്റും ശില്‍പവും പെയിന്റിങ്ങുമെല്ലാം പഠിക്കേണ്ടതുണ്ട്. ഒരു മാസം ഒന്നില്‍ പരിശീലനം. അതു കഴിഞ്ഞുള്ള മാസം മറ്റു വിഭാഗത്തിലേക്കു മാറുന്നു. സോമനാഥ് ഹോറും, ഷര്‍ബിദാസ് ചൌധരിയും, രാംകിങ്കര്‍ ബെയ്ജും ആണ് അന്ന് അവിടെ എനിക്ക് അടുത്തിടപഴകാന്‍ അവസരം ലഭിച്ച മഹാന്മാരായ അധ്യാപകരും കലാകാരന്മാരും. പെയിന്റിങ് വിഭാഗത്തില്‍ പ്രഗത്ഭര്‍ കുറവായിരുന്നു. സോമനാഥ് ഹോറിന്റെ കൂടെ പ്രിന്റ് മെയ്ക്കിങില്‍ പരിശീലനം നേടി. അന്ന് വുഡ് കട്ടിങില്‍ ചില വര്‍ക്കുകള്‍ ചെയ്തു. പിന്നെയാണ് ശില്‍പത്തിലേക്കു നീങ്ങുന്നത്. ശില്‍പകലയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വളരെ നിഷ്കളങ്കമായാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആദ്യം ചെയ്തത് ചില ജ്യാമിതീയ രൂപങ്ങളായിരുന്നു. സ്ഫിയര്‍, ഡിസെക്ഷന്‍, കോണിക്കല്‍ ഷെയ്പ്പുകള്‍ എന്നിങ്ങനെ. കുറേ സിമ്മട്രിക്കല്‍ ഫിഗറുകള്‍ എന്ന നിലയില്‍ മാത്രമായിരുന്നു അവയുടെ പ്രാധാന്യം. മണ്ണ് കയ്യിലെടുത്ത് ആദ്യമായി ചെയ്തത് ഒരു ഫീമെയില്‍ ടോര്‍സോ ആയിരുന്നു. അത് അധ്യാപകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. സാഹചര്യം കിട്ടിയാല്‍ വലുതാക്കി ചെയ്യണം എന്നു പറഞ്ഞു. അവസരം കിട്ടിയപ്പോള്‍ അതു ഞാന്‍ സിമന്റില്‍ വാര്‍ത്തു. രാജസ്ഥാന്‍ സര്‍ക്കാറില്‍ നിന്ന് ഒരു ഓഫര്‍ കിട്ടിയപ്പോള്‍ അത് പത്ത് അടിയില്‍ കോണ്‍ക്രീറ്റില്‍ വലുതാക്കി ചെയ്തു. മദര്‍ ടോര്‍സോ എന്നു പേരിട്ടു.

ശാന്തിനികേതനത്തിലെ താങ്കളുടെ ഗുരുനാഥന്മാരെപ്പറ്റി പറഞ്ഞല്ലോ...

        ശര്‍ബരി ചൌധരിയുടെ ക്ളാസുകള്‍ വളരെ സമ്പന്നമായിരുന്നു. അദ്ദേഹം പല യൂറോപ്യന്‍ കലാകാരന്മാരുമായും അടുത്തിടപഴകിയിട്ടുണ്ട്. അവരെക്കുറിച്ചെല്ലാം അദ്ദേഹം ക്ളാസില്‍ വിശദീകരിക്കും. ഹെന്റി മൂര്‍, ജിയാക്കോ മിത്തി, ബ്രാങ്കൂസി തുടങ്ങിയ വലിയ കലാകാരന്മാരെ അദ്ദേഹത്തിന്റെ ക്ളാസുകള്‍ പരിചയപ്പെടുത്തി തന്നു. അവരെയൊക്കെ നേരില്‍ കാണുന്നതു പോലെയായിരുന്നു അവതരണം. അതെല്ലാം എന്റെ മനസ്സില്‍ ശില്‍പകലയെക്കുറിച്ച് ഒരു ധാരണ രൂപപ്പെടുത്തി. ആ ക്ളാസുകളെല്ലാം ഇന്നും എന്റെ മനസ്സിലുണ്ട്. രണ്ടുകൊല്ലം പ്രിന്റിലും ഗ്രാഫിക്കിലും എല്ലാം മാറി മാറി പരിശീലനം നടത്തി.
രാംകിങ്കറുമൊത്തുള്ള പഠനവും പ്രവര്‍ത്തനവുമാണ്് എന്നെ വളരെയേറെ സ്വാധീനിച്ചുണ്ടാകുക. ചൌധരിയോടൊത്ത് രാംകിങ്കറിന്റെ വീട്ടില്‍ പോയി അവരുടെ സംഭാഷണത്തിനെല്ലാം സാക്ഷിയാകാന്‍ കഴിഞ്ഞു. അന്ന് രാംകിങ്കര്‍ അവിടുത്തെ കാളി അമ്പലത്തിലെ ഒരു കങ്കാളിത്തള്ളയുടെ ശില്‍പം ചെയ്തിരുന്നു. മൂന്നാള്‍ ഒരു ആടിനെ വലിച്ചുകൊണ്ടുപോകുന്ന ശില്‍പം. ആടിന് അദ്ദേഹം കൊടുത്തത് മനുഷ്യന്റെ തലയാണ്്. സന്താള്‍ കുടുംബം എന്ന രാംകിങ്കറിന്റെ പ്രസിദ്ധമായിത്തീര്‍ന്ന ശില്‍പത്തെപ്പോലെത്തന്നെ ഇതിനും ഒരു മോണുമെന്റല്‍ ക്വാളിറ്റി ഉണ്ടായിരുന്നു. അത് ചെയ്യുമ്പോള്‍  മോള്‍ഡ് എടുക്കാനും മറ്റുമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാനും പങ്കാളിയായി. വളരെ ആത്മവിശ്വാസം നല്‍കിയ ഒരു പ്രവര്‍ത്തനമായിരുന്നു അത്. രാംകിങ്കറെപ്പോലുള്ള ഒരു വലിയ കലാകാരന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി തോന്നി. ശില്‍പത്തില്‍ തന്നെ നിലനില്‍ക്കാന്‍ അതെനിക്കു ധൈര്യം തന്നു. 
ചിത്രപ്രതലത്തിനോട് എനിക്ക് വലിയ തോതില്‍ റിയാക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ദ്വിമാന സ്പേസിനേക്കാള്‍, ശരീരമാകെ പങ്കെടുക്കുന്ന പ്രവൃത്തി എന്ന നിലയില്‍ ശില്‍പനിര്‍മ്മാണത്തോട്് കൂടുതല്‍ പ്രതിപത്തിയും തോന്നി. ഈ മേഖലയില്‍ എനിക്ക് ശോഭിക്കാനാകുമെന്ന് ചൌധരി പറഞ്ഞത് എനിക്ക് കരുത്തുപകര്‍ന്നു.
പഠനത്തിന്റെ ബാക്കിയുള്ള മൂന്നു വര്‍ഷങ്ങള്‍ ശില്‍പത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുറച്ചു. ഈ മൂന്നുവര്‍ഷം പ്രോട്രേയിറ്റിലും ശില്‍പത്തിലും ഉള്ള പരിശീലനത്തില്‍ ഞാന്‍ ഇരട്ടി അധ്വാനിച്ചു. ഒത്തിരി പോട്രേയിറ്റുകളും അക്കാലത്തു ചെയ്തു. പോട്രേയ്റ്റ് നിര്‍മ്മാണം രാംകിങ്കര്‍ സ്കൂളിന്റെ ഒരു പാരമ്പര്യമായിരുന്നു. അദ്ദേഹത്തിന്റെ പോര്‍ട്രേയിറ്റുകളെല്ലാം പ്രസിദ്ധമാണ്. ശാന്തിനികേതനത്തില്‍ വെച്ച് സിമന്റിലും പ്ളാസ്റ്റര്‍ ഓഫ് പാരീസിലുമാണ് വര്‍ക്ക് ചെയ്തത്. മെറ്റീരിയലിന്റെ കാര്യത്തില്‍ മറ്റ് ആര്‍ടര്‍നേറ്റീവ്  ഒന്നും പ്രായോഗികമായിരുന്നില്ല. ബ്രോണ്‍സ് ഉപയോഗിക്കാന്‍ വളരെ സാമ്പത്തിക ചെലവും വരും. അക്കാലത്ത് അതിനു സാധ്യമല്ലായിരുന്നു. ഫൈബര്‍ ഗ്ളാസ് ഒന്നും ആകര്‍ഷിക്കുകയുമുണ്ടായില്ല. ബറോഡയില്‍ എന്റെ സമകാലീനരായി പഠിച്ചവരില്‍ ചിലര്‍ ഫൈബര്‍ ഗ്ളാസില്‍ വര്‍ക് ചെയ്തിരുന്നു. അതിനിടയില്‍ ബെയ്ജിന്റെ, ടാഗോറിന്റെ ശില്‍പം കാസ്റ്റ് ചെയ്യുന്നതില്‍ പങ്കാളിയാകാനും എനിക്കു കഴിഞ്ഞു.
  രാംകിങ്കറുമായുള്ള അസോസിയേഷനും അദ്ദേഹവുമൊത്തുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും എന്നെ  മാറ്റിത്തീര്‍ത്തു. 1978ല്‍ പോട്രേറ്റ് ചെയ്യാന്‍ രാംകിങ്കര്‍ എനിക്കു മുന്നില്‍ ഇരുന്നു തന്നു. വളരെ ക്രിയേറ്റീവ് ആയ അന്തരീക്ഷമായിരുന്നു ശാന്തിനികേതനില്‍. പരീക്ഷണാത്മകമായി പലതും ചെയ്യാനുള്ള അവസരം. രാംകിങ്കറിന് തിയേറ്ററിനോടുള്ള താല്‍പര്യം പ്രസിദ്ധമാണല്ലോ. അതും അദ്ദേഹത്തിന്റെ ശില്‍പപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെ സ്വാധീനിച്ചിരുന്നു. സ്വാഭാവികമായും തിയേട്രക്കില്‍ കോംപോസിഷന്റെ സവിശേഷതയില്‍ എനിക്കും താല്‍പര്യം തോന്നി. സ്റ്റേജില്‍ രൂപങ്ങള്‍ എല്ലാം ജെക്സ്റ്റാപോസ് ചെയ്ത് നിര്‍മ്മിക്കുന്ന കോംപോസിഷനുകള്‍ ഞാന്‍ ചെയ്തു.
രാംകിങ്കര്‍ ഹ്യൂമന്‍ സ്പേസില്‍ ആണു വര്‍ക്കു ചെയ്തിരുന്നത്.  വ്യത്യസ്തമായ ഒരു ഡൈനാമിക്സ് ആയിരുന്നു അദ്ദേഹത്തിന്റേത്. അതെന്നെ വളരെ പ്രചോദിപ്പിച്ചിട്ടുണ്ട്.  അക്കാലത്ത് സോമനാഥ് ഹോര്‍ ബംഗാള്‍ ക്ഷാമത്തെ മുന്‍നിര്‍ത്തിയുള്ള വര്‍ക്കുകള്‍ ചെയ്തു. വലിയ വലിപ്പത്തിലുള്ള ഹ്യൂമന്‍ സ്പിയറില്‍. വാക്സ് ഷീറ്റില്‍ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കി അതുകൂട്ടിയോജിപ്പിച്ചായിരുന്ന ശില്‍പനിര്‍മ്മാണം. ഗ്രാഫിക് ആര്‍ടിന്റെ ഒരു രീതിയായിരുന്നു അത്.  വ്യത്യസ്തമായ ഒരു ടെക്നിക്. വുണ്ട്സ് എന്ന പരമ്പരയില്‍ പെട്ട ശില്‍പങ്ങളും അദ്ദേഹം ഇക്കാലത്തു ചെയ്തു. മനുഷ്യന്റെ സാന്നിധ്യമായിരുന്നു അതിലെല്ലാം ഉണ്ടായിരുന്നത്്. ചൌധരിയുടെ പോട്രെയിറ്റുകളും മനുഷ്യനെയാണ് ആവിഷ്കരിച്ചത്. ചൌധരി ശില്‍പത്തില്‍ മണ്ണ് ചേര്‍ക്കുമ്പോള്‍ അത് മനുഷ്യമാംസം പകരുന്നതുപോലെയായിരുന്നു തോന്നിയത്.  ഈ മൂന്നു വലിയ കലാകാരന്മാരുടെ ആശയങ്ങളും സങ്കല്‍പങ്ങളും എന്റെ പ്രവര്‍ത്തനത്തിന്റെ ഊര്‍ജമായിത്തീര്‍ന്നു. ഇവര്‍ മൂന്നുപേരും എന്റെ പിന്നില്‍ ഒരു വലിയ ഡ്രൈവിങ് ഫോഴ്സ് ആയി. ആ മനുഷ്യരുടെ ഗുണങ്ങള്‍ ഞാന്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചു.
ബിഎഫ്എ കഴിഞ്ഞു. ശാന്തിനികേതനത്തില്‍ ആ വര്‍ഷമാണ് എംഎഫ്എ തുടങ്ങുന്നത്. എംഎഫ്എയ്ക്ക് ചേരുന്നുവോ എന്ന് അധ്യാപകര്‍ എന്നോടു ചോദിച്ചു. ഞാന്‍ സമ്മതിച്ചു. ഒരു വിദ്യാര്‍ഥിയെവെച്ചുകൊണ്ടാണ് ശാന്തിനികേതനത്തില്‍ എംഎഫ്എ തുടങ്ങുന്നത്. പിന്നീക് ജപ്പാനില്‍ നിന്ന് ഒരു പെണ്‍കുട്ടി വന്നു. കിയോമി കൊയാമ. അവള്‍ കല്ലില്‍ കൊത്തുപണികള്‍ നടത്തിയിരുന്നു. അലൂമിനിയത്തില്‍ ശില്‍പങ്ങളും ചെയ്തു. സാങ്കേതികമായ കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ ശര്‍ബരീ ചൌധരി വളരെയേറെ സഹായിച്ചു. കല്‍ക്കത്തയിലും മറ്റും ശില്‍പം ഇസ്റ്റാള്‍ ചെയ്യാന്‍ പോകുമ്പോള്‍ രാംകിങ്കര്‍ എന്നെയും കൂടെകൂട്ടി. ഇതെല്ലാം എനിക്ക് വലിയ പഠനാനുഭവങ്ങളായി.
  എട്ടുവര്‍ഷത്തിനു ശേഷം 81ല്‍ എംഎഫ്എ പാസ്സായി ഞാന്‍ ശാന്തിനികേതനത്തില്‍ നിന്ന് പുറത്തിറങ്ങി. അന്ന് ഇരുപത്താറു വയസ്സു പ്രായം.  മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് സാമ്പത്തികമായി എന്തെങ്കിലും സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന്  കല്‍ക്കത്തയില്‍ നാലഞ്ചു മാസം അന്വേഷിച്ചു. അതിനിടക്ക് കേരളത്തില്‍ നിന്ന് ഒരു ഓഫര്‍ വന്നു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിപ്പിക്കാനായി. എന്റെ പല അധ്യാപകരും വെല്‍വിഷേഴ്സും, കേരളത്തില്‍ പോകാതിരിക്കുന്നതാണ് നല്ലത്, അങ്ങിനെ ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും, എന്നു പറഞ്ഞു. കല്‍കത്തയില്‍ തന്നെ വര്‍ക്ക് ചെയ്യാം എന്ന് ആലോചിച്ചു. അക്കാലത്ത് കേന്ദ്ര ലളിതകലാ അക്കാദമിയില്‍ നിന്ന് ഒരു ഗ്രാന്റ് കിട്ടി. പിന്നീട് ആ വര്‍ഷം ന്യൂദല്‍ഹിയിലേക്കു പോയി.


ശാന്തിനികേതനത്തിലെ ടാഗോറിനെക്കുറിച്ചു ഓര്‍മ്മ എങ്ങിനെയായിരുന്നു?

ടാഗോറിന്റെ ഒരു അദൃശ്യസാന്നിധ്യം ശാന്തിനികേതനത്തില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. അവിടുത്തെ ഏതു തന്മാത്രയിലും ടാഗോറിന്റെ ആശയങ്ങളും സങ്കല്‍പങ്ങളും പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും എല്ലായ്പ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കും പോലെ.
പ്രകൃതിയോട് ഒത്തുചേര്‍ന്നുള്ള ഒരു വിദ്യാഭ്യാസം എന്ന സങ്കല്‍പം ഒരര്‍ത്ഥത്തില്‍ ശാന്തിനികേതനത്തില്‍  യാഥാര്‍ത്ഥ്യമായിയിരുന്നു. അനൌപചാരികമായ ഒരു സമൂഹമായിരുന്നു അവിടുത്തേത്. അധ്യാപകന്‍-വിദ്യാര്‍ഥി എന്ന വിത്യാസങ്ങളില്ലാത്തവിധമുള്ള പ്രവര്‍ത്തനമായിരുന്നു. അതേസമയം അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് എല്ലാ ബഹുമാനവും ലഭിച്ചിരുന്നു. അധ്യാപകരുടെ കൂടെയിരുന്ന് വിദ്യാര്‍ഥികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ശില്‍പങ്ങള്‍ ചെയ്യുകയും ചെയ്തുപോന്നു. ഇവയൊന്നു രഹസ്യമായ ഒരു സംഗതിയായിരുന്നില്ല. ഒരു കളക്ടീവ് സ്പേസ്. അതുപോലെ അധ്യാപനരീതിയിലും വളരെ ഗുണകരമായ ഫലമാണ് സൃഷ്ടിച്ചത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യമായ പരിഗണന നല്‍കിപ്പോന്നു. പത്ത് പെണ്‍കുട്ടികള്‍ക്ക് പത്ത് ആണ്‍കുട്ടികള്‍ എന്ന മട്ടിലായിരുന്നു പ്രവേശനം തന്നെ. വിദ്യാര്‍ഥികള്‍ തമ്മിലുള്ള ബന്ധങ്ങളും ഊഷ്മളമായിരുന്നു. പലരും കാമ്പസില്‍ നിന്ന് തങ്ങളുടെ ഇണയെ കണ്ടെത്തി. ടാഗോര്‍ തന്നെ പല വിവാഹങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ അനുമതിയും അനുഗ്രഹവും ഉണ്ടെങ്കില്‍ മറ്റു തടസ്സങ്ങള്‍ എല്ലാം നീങ്ങിപ്പോകുന്ന സ്ഥിതിയായിരുന്നു. ജാതിയും മതവും ദേശവും ഒന്നും പ്രശ്നമല്ലാത്ത ഇത്തരം ബന്ധങ്ങള്‍ ശാന്തിനികേതനത്തില്‍ ഉണ്ടായി. ദേശീയോദ്ഗ്രഥനം എന്ന കാഴ്ചപ്പാട് അവിടുത്തെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ശാന്തിനികേതനത്തിലെ ഈ അന്തരീക്ഷം എനിക്കും ഒരു കൂട്ടുകാരിയെ സമ്മാനിച്ചു. മിമി. അവള്‍ ഇന്ന് എന്റെ ജീവിത സഖിയാണ്. കലാപഠനത്തിന്റെയും കലാപരിശീലനത്തിന്റെയും കാര്യത്തില്‍ സാര്‍വ്വലൌകികതയുടേതായ ഒരു മൂല്യം കൊണ്ടുവരാന്‍ ശാന്തിനികേതനത്തിനു കഴിഞ്ഞിരുന്നു. ആ മൂല്യം എല്ലായ്പ്പോഴും ഞാന്‍ എന്റെ കലയില്‍ പിന്തുടരാന്‍ ശ്രമിച്ചു.

മുസൂയി എന്ന സന്താള്‍ യുവാവിനെയും അവന്റെ നായികയായി മയ്യ എന്ന ഭാവനാകഥാപാത്രത്തെയും സൃഷ്ടിച്ച് താങ്കള്‍ തൊണ്ണൂറുകള്‍ക്കു ശേഷം ഏറെ ശില്‍പാഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായല്ലോ? എന്തായിരുന്നു അതിന്റെ പശ്ചാത്തലം?

ശാന്തിനികേതനത്തില്‍ വെച്ച് ലൈഫ് സ്റ്റഡി ചെയ്യാന്‍ മോഡലായി വന്ന പത്തൊമ്പതുകാരനായ ഒരു സന്താള്‍ യുവാവിന്റെ ഫിഗര്‍ ആണ് എന്റെ തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ശില്‍പ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ റഫറന്‍സ് ആയിത്തീര്‍ന്നത്. യഥാര്‍ത്ഥത്തില്‍ യാദൃശ്ചികതയുടെയും, നാം ഓര്‍ക്കാതെ നമ്മെ പിന്തുടരുന്ന ചില ഓര്‍മ്മകളുടെയും പശ്ചാത്തലം അതിനുണ്ട്. മോഡലായി നിന്നതിന് അവന് ഞാന്‍ രണ്ടോ മൂന്നോ രൂപ നല്‍കി. അത് കൊണ്ടുപോയി അവന്‍ തല മൊട്ടയടിക്കുകയാണു ചെയ്തത്. പിന്നീട് മുസൂയി മുന്നില്‍ വന്നപ്പോള്‍ അവന്റെ രൂപം വല്ലാത്ത നിലയില്‍ എന്നെ ആകര്‍ഷിച്ചു. അവന്റെ നേരിയ കോങ്കണ്ണ്, നിഷ്കളങ്കത, അത്ര തടിച്ചതോ അത്ര മെലിഞ്ഞതോ അല്ലാത്ത ശരീരഘടന. ആദര്‍ശാത്മകമായ ഒരു മനുഷ്യശരീരം അവനില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. അത് നാം അനുകരിച്ചു ശീലിച്ച പടിഞ്ഞാറന്‍ ശരീര മോഡലായിരുന്നില്ല. പറയപ്പെടുന്ന ഒരു അനാടമിക്കല്‍ ബോഡിയല്ല. അവനിലൂടെ ഒരു ശില്‍പഭാഷ രൂപപ്പെടുത്താനാവുമെന്ന് എനിക്കു തോന്നി. മുസൂയി എന്റെ മോഡലായി. എണ്‍പത്തൊന്നില്‍ ഞാന്‍ ദില്ലിയിലേക്ക് പോരുമ്പോള്‍ അപ്പോള്‍ എന്റെ മുറിയിലുണ്ടായിരുന്ന മുസൂയിയുടെ പൂര്‍ണ്ണകായരൂപത്തിന്റെ തല ഞാന്‍ ഛേദിച്ചെടുത്തു. കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ബാഗില്‍ വെച്ചു. എട്ടു പത്തു വര്‍ഷം അത് എന്റെ മുറിയിലും സ്റ്റുഡിയോയിലുമായി ഒരു സാന്നിധ്യമായിരുന്നു. എന്നാല്‍ അക്കാലത്തെ ശില്‍പങ്ങള്‍ക്കൊന്നും ഞാന്‍ വ്യക്തിപരമായ ഫിഗറുകളെ  ആശ്രയിച്ചിരുന്നില്ല.
എണ്‍പത്താറില്‍ കോണ്‍ക്രീറ്റില്‍ ചില പബ്ളിക് സ്കള്‍പ്ചറുകള്‍ ചെയ്തു. രാംകിങ്കറിന്റെ സമീപനം തന്നെയായിരുന്നു അപ്പോള്‍ ഞാന്‍ പിന്തുടര്‍ന്നിരുന്നത്. 1990 മുതല്‍ വലിയ ശില്‍പങ്ങള്‍ ചെയ്യാന്‍ തുടങ്ങി. 1993ല്‍ പാരീസില്‍ ഒരു വണ്‍ മാന്‍ ഷോ നടത്തി.
93ല്‍ എന്റെ സ്റ്റുഡിയോ മറ്റൊരിടത്തേക്ക് ഷിഫ്റ്റു ചെയ്തു. അത് ഒരു അനധികൃത കോളനിയായിരുന്നു. എങ്കിലും പഞ്ചായത്ത് ആളുകള്‍ക്ക് സ്ഥലം മുറിച്ചുകൊടുത്തു. അങ്ങിന്റെ കണ്ണിന്റെ മുന്നില്‍ ഒരു കോളനി പൊന്തിവരുന്നതു കാണാന്‍ കഴിഞ്ഞു. ആളുകള്‍ പെട്ടികള്‍ പോലുള്ള വീടുകള്‍ ഉണ്ടാക്കിയിട്ട് അതിലേക്കു താമസം മാറിവരുന്നു. ആദ്യം വന്നവര്‍ തങ്ങളുടെ ബന്ധുക്കളെയും പരിചയക്കാരെയും അങ്ങോട്ടേക്ക് കൂട്ടികൊണ്ടുവന്നു. അങ്ങനെ മൈഗ്രേഷന്‍ എന്ന പ്രതിഭാസം എനിക്കു കണ്‍മുമ്പില്‍ കാണാന്‍ കഴിഞ്ഞു. അതാണ് ഹ്യൂമന്‍ ബോക്സ് പരമ്പര ചെയ്യാനുള്ള എന്റെ പ്രേരണയായിത്തീര്‍ന്നത്. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രയാണം നടത്തുന്ന മനുഷ്യരുടെ ചലനത്തിന്റെ മോട്ടീഫില്‍ നിന്നാണ് ആ വര്‍ക്കുകള്‍ ഞാന്‍ ചെയ്തത്. അനോനിമസ് ആയ ഫിഗറുകളില്‍ കാസ്റ്റു ചെയ്ത് ഇങ്ങിനെ വളരെയധികം ശില്‍പങ്ങള്‍ ചെയ്യുകയുണ്ടായി. യാത്രയുടെയും കൂടുമാറ്റത്തിന്റെയും, അവാസവ്യവസ്ഥകളില്‍ നിന്നുള്ള ഒഴിഞ്ഞുപോക്കിനേയും പറ്റിയുള്ള കല്‍പനകളാണ് ഞാന്‍ അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.
കല്‍ക്കത്തയിലെ റിക്ഷ വലിക്കുന്നവരെ മുന്‍നിര്‍ത്തി  ഒരു ശില്‍പം ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്‍ വലിച്ചു കൊണ്ടുപോകുന്ന കല്‍ക്കത്ത തെരുവുകളിലെ സര്‍വ്വസാധാരണമായ കാഴ്ചയില്‍ നിന്നാണ് ഞാന്‍ ആ വര്‍ക്കു ചെയ്തത്. മുസൂയിയെയാണ് റിക്ഷക്കാരനായി അവതരിപ്പിച്ചത്. റിക്ഷയിലെ യാത്രക്കാരനായി ഒരു കാക്കയും. മനുഷ്യന്‍ തന്റെ പ്രയാസങ്ങള്‍ക്കിടയിലും ജീവിതം ആഘോഷിക്കുന്ന ഒരു കല്‍പനയാണ് അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. അതിലെ മുസൂയി, ജീവിതത്തെ വളരെ സെലിബ്രേറ്റ് ചെയ്തുകൊണ്ടാണ് റിക്ഷ വലിക്കുന്നത്. ജീവിത സമരത്തിനിടയിലും അതിനെ ഒരു ആഘോഷമാക്കിത്തീര്‍ക്കാം എന്നുള്ള കാഴ്ചപ്പാടാണ് കൊണ്ടുവന്നത്. ഇങ്ങനെ മുസൂയിയെ പല വിധത്തിലും ആവിഷ്കരിച്ചു. ഓര്‍മ്മകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു വഹിച്ചുകൊണ്ടുപോകുന്ന മനുഷ്യനായും, പല നിലയില്‍ ഇലോങ്ങേറ്റ് ചെയ്തും, എക്സ്ട്രീമിലി ഫളക്സിബിള്‍ ആയും, കാലുകളുടെയും വിരലുകളുടെയും എല്ലാം വിശദാംശങ്ങളോടെയും മുസൂയിയെ അവതരിപ്പിച്ചു. എന്റെ മനസ്സിന്റെ ഒരു ഫ്ളക്സിബിലിറ്റിയെയാണ് ഞാന്‍ അവയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ശാന്തിനികേതനത്തില്‍ കണ്ട മുസൂയിയല്ല, അതിനു ശേഷം എന്റെ മനസ്സില്‍ വന്ന മാറ്റങ്ങളുടെയും ചംക്രമണങ്ങളുടെയും പ്രാതിനിധ്യങ്ങള്‍ മുസൂയിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.
മുസൂയിക്ക് എന്തും ആകാം. എലിയെപിടിക്കുന്ന മുസൂയിയെ ഞാന്‍ റാറ്റ് കാച്ചറില്‍ ചെയ്തു. ജീസസായും ബുദ്ധനായും മുല്ലാ നസറുദ്ദീനായും  മുസൂയിയെ ആവിഷ്കരിച്ചു. ഒരു വിന്‍ഡ്മില്‍ ആയും അവനെ അവതരിപ്പിച്ചു. അങ്ങിനെ അവന് ഒരു വസ്തുവാകാനും കഴിഞ്ഞു. ഒരു കള്ളച്ചിരിയുമായി ഇലകളിലും മരങ്ങളിലും ചെടികളിലും മേല്‍ക്കൂരക്കു മുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിച്ചാത്തന്മായി ഞാന്‍ മുസൂയിമാരെ അവതരിപ്പിച്ചു. 
മുസൂയിക്ക് കുറച്ച് മുടികൂടി ചേര്‍ത്ത് മയ്യയെ സൃഷ്ടിച്ചു. മുസൂയിയുടെ സ്ത്രീപാതി എന്ന നിലയില്‍. മയ്യയെയും ഞാന്‍ പല രൂപത്തില്‍, പല ഭാവത്തില്‍ അവതിരിപ്പിച്ചിട്ടുണ്ട്. മാലാഖയായും ദുര്‍ഗയായും ഒരു വെറും ജീവിയായും എഴുത്തുകാരിയായും ശാന്തിനികേതനത്തില്‍ നിന്നുള്ള ബിരുദദാരിണിയായും മോണാലിസയായിപ്പോലും  അവളെ അവതരിപ്പിച്ചു. മോഹന്‍ജദാരോവിലെ ഒരു നൃത്തരൂപമായും  മയ്യയെ അവതരിപ്പിച്ചു. 2004ല്‍  മുസൂയിയെയും മയ്യയെയും ഞാന്‍ രാമകൃഷ്ണപരമ ഹംസരായും ശാരദാദേവിയായും ആവിഷ്കരിച്ചു. എന്റെ ഭാര്യയില്‍ നിന്നാണ് രാമകൃഷ്ണ കഥാമൃതം കേള്‍ക്കുന്നത്. അതുവഴി ബംഗാളിലെ രാമകൃഷ്ണന്റെയും ശാരദാദേവിയുടെയും തത്വചിന്തയെ അറിയാന്‍ ശ്രമിക്കുകയും അദ്ദേഹം സ്ഥാപിച്ച മഠത്തില്‍ പോകുകയും ചെയ്തു. അതിനെത്തുടര്‍ന്നാണ് ആ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ ഒടുവില്‍ ചെയ്ത ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്ന ശില്‍പം വലിയ വലിപ്പത്തില്‍ ഉള്ളതാണ്. നാല് അടി വീതിയില്‍ ഒരു ചെരിഞ്ഞ പ്രതലത്തിലൂടെ ആളുകള്‍- അത് മൂസുയിയും മയ്യയും ആകാം-നടന്നു കയറിപ്പോകുന്ന ശില്‍പം. അവര്‍ ഒരു സ്പേസില്‍ നിന്ന് വേറൊരു സ്പേസിലേക്ക് നടക്കുന്നതാണ് ഞാന്‍ വിഭാവന ചെയ്തത്. മുസൂയികളും മയ്യകളും. ഒരു വെര്‍ടികുലര്‍ സ്പേസില്‍  കയറിപ്പോകുന്ന ദൃശ്യം. സാധാരണ മുഖം നഷ്ടപ്പെട്ട ജനത്തില്‍ നിന്ന് വ്യത്യസ്തമായാണ് ഞാന്‍ മൂസൂയിയും മയ്യയും നിറയുന്ന ആ ജനാവലിയെ സൃഷ്ടിച്ചത്. ഒരു എലിവേറ്റഡ് ആയ പരിവേഷത്തില്‍. സാധാരണ മനുഷ്യരില്‍ നിന്നുതന്നെ സമ്പൂര്‍ണ്ണനായ ഒരു മനുഷ്യനെ സൃഷ്ടിക്കാനാകും, എന്ന ചിന്തയില്‍ നിന്നാണ് മുസൂയിയും മയ്യയും എന്റെ ഭാവനയെ കയ്യടക്കിയത്. ആള്‍കൂട്ടത്തിലുള്ള മനുഷ്യനില്‍ നിന്നുതന്നെയാണ് പരിപൂര്‍ണ്ണതയിലുള്ള മനുഷ്യന്‍ ഉണ്ടാകുന്നത്. അങ്ങിനെയായണ് രാമകൃഷ്ണനും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ശാരദാദേവിയും എന്റെ ആലോചനയിലേക്കു കയറിവന്നത്.

ലിമിനല്‍ ഫിഗേര്‍സ്് ലിമിനല്‍ സ്പേസ് എന്ന താങ്കളുടെ ശില്‍പത്തില്‍, ചെരിഞ്ഞ പ്രതലമായ റാമ്പിലൂടെ കയറിപ്പോകുന്ന മനുഷ്യപ്രവാഹത്തെ കണ്ടാല്‍ അത് അധ്യാത്മികവിസ്മൃതിയില്‍ നിലകൊള്ളുന്ന മനുഷ്യരുടെ യാത്രയായി തോന്നും. മറ്റൊരു വീക്ഷണത്തില്‍ അതിനെ ഒരു അഭയാര്‍ത്ഥി പ്രവാഹമായും കാണാം. അങ്ങിനെ ആ ശില്‍പാഖ്യാനം സമകാലീനവുമാകുന്നു...


അത്തരം ഒരു ഹോണ്ടിങ് ഇമേജ് അല്ല ഞാന്‍ ചെയ്തത്. മനുഷ്യരുടെ പ്രവാഹം കാണുമ്പോള്‍ ഉണ്ടാകുന്ന തോന്നലായിരിക്കാം അത്. മനുഷ്യരുടെ ഈ പ്രവാഹത്തിനു മുകളിലായി തീര്‍ത്ത മയ്യയുടെയും മുസൂയിയുടെയും വലിയ രൂപങ്ങളെ താങ്കള്‍ ശ്രദ്ധിച്ചുകാണുമല്ലോ. അത് മുസൂയിയുടെ ഒരു ഹൊറിസോന്റല്‍ ടേക് ഓഫില്‍ നിന്നാണ് തുടങ്ങുന്നത്. അത് ഒരു സ്വീക്വന്‍ഷ്യല്‍ മ്യൂവ്മെന്റിലൂടെ കടന്നുപോകുന്നു. ഒരു സിമെട്രിക്കല്‍ ലാന്റിങില്‍ എത്തിച്ചേരുന്നു. നിങ്ങള്‍ ഒരു ഉമ്മറപ്പടിയിലൂടെ കടന്നുപോകുന്ന ഒരു നിമിഷത്തിന്റെ ആവിഷ്കാരം പോലെയാണ് റാമ്പിലൂടെ കടന്നു പോകുന്ന ജനപ്രവാഹത്തെ ഞാന്‍ കണ്ടത്. മുകളിലെ രൂപങ്ങള്‍ ആകട്ടെ, ഉയരത്തില്‍ നിന്നു തുടങ്ങി താഴെ ഒരു ഐ ലെവലില്‍ ആണ് അവസാനിക്കുന്നത്. അങ്ങിനെ ഏഴു രൂപങ്ങള്‍. മൂസൂയിയും മയ്യയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു സ്വീക്വന്‍സ് മുകളിലും, താഴെ ഒരു വെര്‍ടിക്കല്‍ ലൈനില്‍ മുസൂയി-മയ്യകള്‍ കഥാപാത്രങ്ങളാകുന്ന ജനപ്രവാഹവും. മുസൂയിയുടെയും മയ്യയുടെയും കൊച്ചുരൂപങ്ങളുടെ ഒരു മള്‍ടിപ്ളിക്കേഷന്‍. ഭിത്തിയും വാതിലുകളും കുറേ ഓര്‍മ്മകളും. അതുമായി പ്രവഹിക്കുന്ന മനുഷ്യരും....


വീടും ഓടിട്ട മേല്‍പ്പുരയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിച്ചാത്തന്മാരും.. കേരളീയമെന്നു പറയാവുന്ന ചില ഇമേജുകള്‍. ഇതൊരു തിരിച്ചു വരവാണോ? ഓര്‍മ്മയിലൂടെയും കലയിലൂടെയും ജന്മദേശത്തേക്ക്...

നമുക്ക് നമ്മുടെ ഓര്‍മ്മകളെ റിവ്യൂ ചെയ്യാം. അതിനെ നവീകരിച്ച് മറ്റൊന്നാക്കി അവതരിപ്പിക്കാം. ഓടിട്ട വീടും നാം കുട്ടിക്കാലത്തു കേട്ട കഥകളും ഒക്കെ അങ്ങിനെ തിരിച്ചു വന്നെന്നിരിക്കും. അതെല്ലാം നമ്മുടെ കലയില്‍ റിഫളക്സ് ചെയ്തെന്നിരിക്കും. മുപ്പത്താറു വര്‍ഷം പുറത്താണ് വര്‍ക് ചെയ്തത് എങ്കിലും അടിസ്ഥാനപരമായി ഞാന്‍ ചിന്തിച്ചത് ഒരു മലയാളിയുടെ ഭാഷയില്‍ തന്നെയായിരിക്കാം. നമ്മുടെ ഓര്‍മ്മകള്‍ അതുകൊണ്ടുതന്നെ മലയാളവുമായി ബന്ധപ്പെടുന്നത് സ്വാഭാവികമാണ്.
ഒരുപക്ഷേ ആദ്യമായാണ് കേരളത്തില്‍ താങ്കളുടെ ശില്‍പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്ര വലിയ വര്‍ക്കുകള്‍ കാണിക്കാന്‍ ഒരു ഗാലറി സ്പേസ് കേരളത്തില്‍ ഇല്ലാത്തതിനാലാണല്ലോ കനക്കുന്ന് കൊട്ടാരം പ്രദര്‍ശനത്തിനു തെരഞ്ഞെടുത്തത്. കേരളത്തില്‍ പ്രദര്‍ശനം സാധ്യമായതെങ്ങിനെ?
ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ എന്റെ വര്‍ക് കാണിക്കണം, എന്റെ സ്വന്തക്കാരെ വര്‍ക്കുകള്‍ കാണിക്കണം, അവരെ എന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ കഴിയണം എന്ന ചിന്ത എന്നില്‍ സ്വാഭാവികമായും ഉണ്ടായിരുന്നു. അതിന്റെ ഫലമാവണം കനക്കുന്നില്‍ നടന്ന ഈ പ്രദര്‍ശനം. അതിനു നിമിത്തമായത്് പാര്‍ടിയാണ്. എന്നു വെച്ചാല്‍ എന്റെ സുഹൃത്ത് മന്ത്രി എംഎ ബേബി. ബേബിയുമായുള്ള എന്റെ സൌഹൃദം പഴക്കമുള്ളതാണ്. അടുത്തിടെ ഒരിക്കല്‍ കണ്ടുമുട്ടിയപ്പോഴാണ്്  ശില്‍പങ്ങള്‍ നാട്ടില്‍ കാണിച്ചുകൂടേ എന്ന് അദ്ദേഹം ചോദിച്ചത്. അതിന്റെ ഫലമായാണ് ഈ സമയത്ത് ഇങ്ങനെ ഒരു പ്രദര്‍ശനം നടക്കാനിടയായത്. അദ്ദേഹത്തിന് കലയിലും സംഗീതത്തിലുമെല്ലാമുള്ള താല്‍പര്യം അറിയാമല്ലോ. ബേബിയുടെ മുന്‍കയ്യിലാണ് ഞാന്‍ നേരിട്ടെത്തി പ്രദര്‍ശനത്തിന്റെ സ്ഥലമെല്ലാം തെരഞ്ഞെടുത്തത്.
ശില്‍പങ്ങള്‍ കാണാനുള്ള അഭിരുചി, പ്രദര്‍ശിപ്പിക്കാനുള്ള സൌകര്യവും ഇവിടെ നിലവിലുണ്ടോ എന്നല്ല, അതിനുള്ള സാഹചര്യങ്ങള്‍ നാം ഉണ്ടാക്കിക്കൊടുക്കയാണു വേണ്ടത്. പ്രദര്‍ശനം നടക്കുമ്പോള്‍ രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു, കാണാന്‍ വന്നവരുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കാന്‍. അവരില്‍ പലരുമായും ഇടപെടാനും കഴിഞ്ഞു. അതിലൂടെ അവരില്‍ അല്‍പമെങ്കിലും ശില്‍പം കാണുന്ന രീതിയും സ്വഭാവവും കള്‍ടിവേറ്റ് ചെയ്യാന്‍ സാധിച്ചു. കുട്ടികളെല്ലാം ശില്‍പങ്ങളോട് പ്രതികരിക്കുന്നതു കണ്ട് വളരെ സന്തോഷം തോന്നി. ചെറുപ്പത്തില്‍ ഞാന്‍ ചാക്യാര്‍കൂത്ത് കാണാനും ഗാനമേള കാണാനും ഒക്കെ പോയിട്ടുണ്ട്. കുട്ടിക്കാലത്തെ ഇത്തരം കലാസ്വാദനാനുഭവങ്ങള്‍ക്ക് അപ്പോള്‍ വലിയ പ്രാധാന്യം തോന്നുകയില്ലെങ്കിലും, അവ മനസ്സില്‍ അതിന്റേതായ അനുരണനവും അഭിരുചിയും സൃഷ്ടിക്കും. അവയെല്ലാം പല നിലയില്‍ പില്‍ക്കാലത്ത് തിരിച്ചു വരും. എന്റെ ശില്‍പങ്ങള്‍ ആയതു കൊണ്ട് പറയുകയല്ല, ശില്‍പങ്ങള്‍ കാണാനും അത് വേറൊരു രീതിയില്‍ വ്യാഖ്യാനിക്കാനും അവസരമുണ്ടാക്കിയാല്‍ അത് പല നിലയിലും നമ്മുടെ സാംസ്കാരിക ജീവിതം സമ്പന്നമാക്കിത്തീര്‍ക്കും, നമ്മെ നല്ല മനുഷ്യരാക്കിത്തീര്‍ക്കും.

താങ്കളുടെ ഗുരുനാഥന്‍ രാംകിങ്കര്‍ ബെയ്ജ് ശാന്തിനികേതന്‍ കാമ്പസില്‍ ചെയ്ത മൂന്നു ശില്‍പങ്ങള്‍ ഏറെ പ്രസിദ്ധമാണല്ലോ? സന്താള്‍ കുടുംബവും മില്‍കാളും കൊയ്ത്തുകാരിയും. ബെയ്ജ് ഇന്ത്യന്‍ ആധുനികതയെ ഇങ്ങിനെ അടയാളപ്പെടുത്തുമ്പോള്‍, സോമനാഥ് ഹോര്‍ ബംഗാള്‍ ക്ഷാമത്തെ മുന്‍നിര്‍ത്തി ചെയ്ത വര്‍ക്കുകള്‍ ഇന്ത്യന്‍ തൊഴിലാളി-കര്‍ഷജീവിതത്തിന്റെ ശില്‍പാവിഷ്കാരമായി മാറി. ബെയ്ജിന്റെയും സേമാനാഥ് ഹോറിന്റെയും ശില്‍പങ്ങളുടെ ഈ സാമൂഹ്യപരതയെക്കുറിച്ച് എന്തു പറയുന്നു? ഇരുവരും അന്നത്തെ പുരോഗമന കലാപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു എന്നുകേട്ടിട്ടുണ്ട്...


ബെയ്ജിന്റെ മോണ്യുമെന്റല്‍ ക്വാളിറ്റിയുള്ള സന്താള്‍ കുടുംബം എന്ന ശില്‍പത്തെ അങ്ങിനെത്തന്നെ കാണണമെന്നില്ല. അതൊരു ഹോംകമിങ് ആണ് എന്നും വരാം. രാംകിങ്കറിന്റെ വര്‍ക്കുകള്‍ വളരെയധികം ഉണ്ട്. അത് ഒറ്റ നിലയില്‍ ഉള്ളതല്ല. അദ്ദേഹം വിളകൊയ്യുന്ന സ്ത്രീയെ കണ്ടിട്ട്, അത് പല നിലയില്‍ തന്റെ കലയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നേരിട്ടുള്ള വര. അത് ശില്‍പത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതിനെല്ലാം സാമൂഹ്യ പശ്ചാത്തലം ഉണ്ടായിരുന്നു. എനിക്ക് അത്തരമൊരു കോണ്‍ടക്സ്റ്റില്‍ കാണാന്‍ പറ്റിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍, എന്റേത് മറ്റൊരു കോണ്‍ടക്സ്റ്റ് ആണെന്നേ പറയാനൊക്കൂ.
മുസൂയിയുടെ തെരഞ്ഞെടുപ്പ് എങ്ങിനെയായിരുന്നു? മുസൂയി ഒരു പ്രതി നായകനാണോ? അവന്റെ സന്താള്‍ സ്വതത്തോടാണോ താങ്കള്‍ പ്രതികരിച്ചത്?
മുസൂയിയും മയ്യയും കൌണ്ടറിങ് സ്റ്റേറ്റ്മെന്റ് അല്ല. മുസൂയി ഒരു ഗോത്രബാലന്‍ എന്ന പ്രാധാന്യം കണ്ടുമല്ല സൃഷ്ടിച്ചത്. എന്റെ കലയെ ഫോക്ലോറില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഗോത്രജനതയുടെ അവശതയോ പരാധീനതയോ അല്ല ഞാന്‍ കലയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. സാധാരണമായ മനുഷ്യാനുഭവം എന്ന നിലയിലാണ് ഞാന്‍ മുസൂയിയെയും മയ്യയെയും സൃഷ്ടിച്ചത്. രാംകിങ്കര്‍ ഒരു സന്താള്‍ ആയതുകൊണ്ടല്ല സന്താള്‍ കുടുംബം എന്ന ശില്‍പം ചെയ്തത്. വാസ്തവത്തില്‍ അദ്ദേഹം ക്ഷുരകസമുദായത്തില്‍ പെട്ടയാളായിരുന്നു.
മനഷ്യനെയാണ് ഞാന്‍ മുന്നോട്ടുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്. ആധുനികതയാണ് എന്റെ ശില്‍പത്തിന്റെ കോണ്‍ടക്സ്റ്റ് എന്നു പറയാമെങ്കിലും, അത് പൊതുവെ പറയുന്ന അര്‍ത്ഥത്തിലുള്ള ഒരു പടിഞ്ഞാറന്‍ ആധുനികതയല്ല. ആധുനികത ഒരു പടിഞ്ഞാറന്‍ ആശയമാണെന്നു ഞാന്‍ കരുതുന്നില്ല. ആധുനികത കിഴക്കനുമാണ്. അതേസമയം പടിഞ്ഞാറ് രൂപപ്പെട്ട സങ്കല്‍പനങ്ങളും ആശയങ്ങളുമെല്ലാം മോശമാണ് എന്ന അര്‍ത്ഥമില്ല. അതിനെയെല്ലാം ബഹുമാനിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഇന്ത്യന്‍ ആധുനിതയാണ് ഞാന്‍ എന്റെ കലയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മുസൂയിയെ ഒരു ഇന്ത്യന്‍ ശരീരമായാണ് വിഭാവന ചെയ്യുന്നത്. പടിഞ്ഞാറന്‍ അനാട്ടമിയുമായി ഒത്തുപോകുന്ന ഒന്നല്ല മുസൂയിയുടെ ശരീരഘടന. നേരത്തെ പറഞ്ഞല്ലോ, ഒരിന്ത്യന്‍ ബുദ്ധനെയാണ് ഞാനവനില്‍ കാണുന്നത്.
താങ്കളിലെ കലാകാരന്റെ കേരളീയതയെക്കുറിച്ചു പറയാമോ?
കേരളീയതയ്ക്കു പിന്നാലെ അധികം പോകേണ്ട എന്നാണു തോന്നിയിട്ടുള്ളത്. നാം ഇന്ത്യനാണ്, ലോകത്തെ ഒരു മനുഷ്യനാണ്, അതു പോലെ കേരളീയനുമാണ്, അത്രയേ ഞാന്‍ കാണുന്നുള്ളൂ. എന്നു പറയുമ്പോള്‍ നാം ചിന്തിക്കുന്ന ഭാഷയും, നാം കുട്ടിക്കാലം പിന്നിട്ട സാംസ്കാരിക പശ്ചാത്തലവും പ്രസക്തമല്ല എന്നല്ല. നമ്മുടെ ശക്തമായ ഓര്‍മ്മകള്‍ എല്ലാം അതായിരിക്കാം. അതിനു പിന്നാലെ പോയി, കൃത്രിമമായ ഒരു കേരളീയഗൃഹാതുരത സൃഷ്ടിക്കേണ്ട ആവശ്യമുണ്ട് എന്നു തോന്നുന്നില്ല. കേരളത്തില്‍ ജീവിക്കുമ്പോള്‍ അതിന്റെ അംശങ്ങള്‍ സ്വാഭാവികമായും നമ്മിലുണ്ടാകും. എന്നാല്‍ അതു മാത്രമാണോ നാം?