Friday, August 5, 2011



മതരാഷ്ട്രവാദവും മൌദൂദിയും
ഹമീദ് ചേന്ദമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയ'ത്തെപ്പറ്റി

പി പി ഷാനവാസ്
ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവവും രാഷ്ട്രീയമുക്തമല്ല. "നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്സിസ്റ്റല്ല'' എന്ന് മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങിനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദു:ഖങ്ങള്‍ മറയ്ക്കാനും മാനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിനിന്റെ വിശകലനത്തില്‍ മാര്‍ക്സിസം, ജര്‍മ്മതത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീംമാസയുടേയും ഇംഗ്ളീഷ് ധനതത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം. മറുഭാഗത്ത് മാര്‍ക്സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും ദേശീയനിര്‍മ്മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്സിസം സമീപിച്ചതെങ്കിലും, അവ പങ്കിട്ട പൈതൃകം മാര്‍ക്സിസസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്കരണ സംരഭങ്ങളുടെയും സാമൂഹ്യ നിര്‍മ്മാണ പ്രക്രിയയുടെയും കലാനിര്‍മ്മാണ സംരഭങ്ങങ്ങളുടെയും ആകത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.
മതം എന്ന സ്വകാര്യസ്ഥലി


പിന്നെയും എന്തിനാണ് മനുഷ്യന് ഒരു സ്വകാര്യസ്ഥലി? എന്താണ് ആ സ്വകാര്യ ഇടത്തില്‍ സംഭവിക്കുന്നത്? സമൂഹത്തിലെ സര്‍വ്വതല സ്പര്‍ശിയായ മാറ്റം സ്വകാര്യതയുടെ ധര്‍മ്മസ്ഥലങ്ങളെയും സ്വാധീനിക്കുകയില്ലേ? ധര്‍മ്മചിന്തയുടെയും മൂല്യവ്യവസ്ഥിതിയുടെയും സദാചാരസംഹിതയുടെയും ഈ മേഖലയെ മുതലാളിത്തം തുറന്ന മത്സരത്തിനും ന്യൂറോസിസിനും തുറന്നിട്ടു. മാര്‍ക്സിസം അതിനെ സംബോധന ചെയ്തുമില്ല. ആ സ്ഥലത്ത് ഇന്നും വിശ്വാസത്തിന്റേയും ആചാരത്തിന്റേയും മതസംഹിതയുടെയും 'മധ്യയുഗം' തന്നെ ഒളിച്ചുകളിക്കുന്നു.
എന്നാല്‍, യൂറോപ്പിലും തുടര്‍ന്ന് കോളനിയാനന്തര ദേശ-രാഷ്ട്രങ്ങളിലും നിലവില്‍ വന്ന, ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ പ്രജകളെ കൈകാര്യം ചെയ്യാന്‍ പ്രത്യേക മൂല്യസങ്കല്‍പനങ്ങള്‍ വേണ്ടി വന്നു. മതസമൂഹങ്ങളോട് മതനിരപേക്ഷമായും, ജനസമൂഹങ്ങളോട് ജനാധിപത്യത്തിന്റെ പേരിലും, സാമ്പത്തികഘടയെ ദേശീയമായും അത് അഭിസംബോധന ചെയ്തു. അങ്ങിനെ സമൂഹനിര്‍മ്മാണത്തിന് ഒരു സാര്‍വ്വലൌകിക മാനദണ്ഡം  നിലവില്‍ വന്നു. ഭരണവര്‍ഗങ്ങളെ കാഴ്ചപ്പാടില്‍ ഈ വര്‍ഗീകരണം ഒരു പരിധി വരെ ശാസ്ത്രീയവും യുക്തിപരവുമായിരുന്നു. ദേശീയ സമ്പദ്ഘടനയില്‍ കീഴാളമായ ഭാഗധേയം നിര്‍വ്വഹിച്ചിരുന്ന ജനങ്ങളാകട്ടെ, മതനിരപേക്ഷതയുടെ പേരില്‍ വരേണ്യവര്‍ഗ മതപ്രതിനിധാനങ്ങളെ സ്വായത്തമാക്കിയ ഭരണകൂടശക്തികളോടു പ്രതികരിക്കാന്‍ തുടങ്ങി . അങ്ങിനെ ദേശീയതയ്ക്കുള്ളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. ബ്രിട്ടനില്‍ ഐറിഷ്-വെല്‍സ് ദേശീയതയുടെ പ്രശ്നമായും, ഇന്ത്യയില്‍ ഭാഷാദേശീയതയായും, അറബ് ലോകത്ത് മതദേശീയതയായും, കമ്മ്യൂണിസ്റ്റുകാരുടെ കാര്യത്തില്‍ 'ദേശീയതയുടെ സ്വയം നിര്‍ണ്ണായവകാശ പ്രശ്നമായും' ഇത് ആവിഷ്കാരം കൊണ്ടു. മുതലാളിത്തനിര്‍മ്മാണ ചരിത്രത്തില്‍ മതദേശീയതാവാദങ്ങളുടെ ഉദയത്തിനും  ഈ പശ്ചാത്തലമാണുള്ളത്. മുതലാളിത്തത്തോട് വിമര്‍ശനാത്മകമായി പ്രതികരിച്ച് ബദല്‍ രൂപീകരിച്ച സോഷ്യലിസ്റ്റ് പ്രക്രിയയെ, പില്‍ക്കാലത്ത് മുതലാളിത്തയന്ത്രം സ്വാംശീകരിച്ചപ്പോഴാണ്, മതദേശീയതകള്‍ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ വാഗ്ദാനം നല്‍കി രംഗത്തു വന്നത്. തൊണ്ണൂറുകളില്‍ രൂപപ്പെട്ട ദേശീയതയ്ക്കുള്ളിലെ സംഘര്‍ഷങ്ങളുടെ ഒരു പ്രധാന സന്ധി ഇതായിരുന്നു.
പാശ്ചാത്യ മൂല്യങ്ങളുടെ വേദപ്രോക്തത
1920കളായിരുന്ന ഈ പ്രക്രിയ ഇന്ത്യയില്‍ ഏറ്റവും സജീവമായി നിലവില്‍ വന്നത്. പുതുതായി രൂപംകൊണ്ട സ്വത്തുടമാ-ഭരണവര്‍ഗത്തിന് ഇന്ത്യന്‍ ദേശീയതയെ നിര്‍വ്വചിക്കാന്‍, സ്വന്തം പാരമ്പര്യത്തിലെ പാഠങ്ങളെയും സൂക്തങ്ങളെയും  തത്വചിന്തയെയും തേടിപ്പോകേണ്ടി വന്നു. പാശ്ചാത്യ മൂല്യസങ്കല്‍പങ്ങള്‍ക്കുള്ളില്‍ ദേശ-രാഷ്ട്ര ഭരണകൂടം നിലവില്‍ വന്നപ്പോള്‍, അതിനെ സ്വന്തം മണ്ണില്‍ സാധൂകരിക്കാന്‍ അവര്‍ക്ക് തങ്ങളുടെ പാരമ്പര്യങ്ങളെ ഉണര്‍ത്തുകയും കണ്ടെടുക്കേണ്ടിയും വന്നു. ഉപനിഷത്തുകള്‍, പുരാണങ്ങള്‍, വേദങ്ങള്‍, ഭഗവദ്ഗീത തുടങ്ങിയവയാണ് ഇപ്രകാരം ഉണര്‍ത്തപ്പെട്ടത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 'സതി നിരോധനം' അംഗീകരിക്കാന്‍ പോലും ഇപ്രകാരം വേദങ്ങളില്‍ നിന്ന് സാധൂകരണം തേടിയിരുന്നു. ഗാന്ധിജിയുടെ ഒരര്‍ത്ഥത്തിലുള്ള ക്രൈസ്തവമൂല്യ സമുഛയത്തിന് ഭഗവദ്ഗീത ആധികാരികത നല്‍കി. ദേശ-രാഷ്ട്രം എന്ന സങ്കല്‍പത്തെ 'രാമരാജ്യം' എന്നദ്ദേഹം വിവര്‍ത്തനം ചെയ്തു.
എന്നാല്‍ മേല്‍ക്കോയ്മാ വര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ ഇന്ത്യ തന്നെയാണോ ഇന്ത്യ? ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും പ്രമേയങ്ങളും വേദോപനിഷത്തുകളും പുരാണങ്ങളും ഉപനിഷത് തത്വചിന്തയും മാത്രമാണോ? ഈ സംശയം ഇതര ജനവിഭാഗങ്ങളിലെ, കീഴാള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികളില്‍ മുളപൊട്ടി. അധികാരത്തിന്റെ പ്രശ്നങ്ങള്‍ കൂടി ഉയര്‍ന്നു വന്നതോടെ, വിവിധ ശ്രേണിയിലും തട്ടിലും പെട്ട വിഭാഗങ്ങള്‍ ഭരണകൂടാധികാരത്തില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാനായി മത്സരിച്ചു.
ഇതിന്റെ ഫലമെന്നോണം, അംബേദ്കറുടെയും  മറ്റും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഹിന്ദു-ഇതര ദേശീയതയെ സംബന്ധിച്ച ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കപ്പെട്ടു. ബുദ്ധചിന്തയെ ഉണര്‍ത്തി. കമ്യുണിസ്റ്റുകാര്‍ അക്കാലത്ത് സോവിയറ്റ് റഷ്യയുടെ ഭരണഘടനയില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച്, 'ദേശീയതയുടെ സ്വയം നിര്‍ണ്ണയാവകാശം' എന്ന വാദമുന്നയിച്ചു. പാരമ്പര്യ വരേണ്യ സമൂഹങ്ങളിലെയും പൌരോഹിത്യ വര്‍ഗങ്ങളിലെയും 'പരമ്പരാഗത ബുദ്ധിജീവികള്‍' കുറേക്കൂടി റാഡിക്കല്‍ എന്നു തോന്നുന്ന മതദേശീയതാവാദത്തിന് ജന്മം നല്‍കി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുപുനരുത്ഥാന വാദികളും ഖിലാഫത്ത് പ്രസ്ഥാനവും എല്ലാചേര്‍ന്ന് വിവിധ ദേശീയതാ വാദങ്ങളുടെ വിളഭൂമിയായി മാറി, തൊള്ളളായിരത്തി ഇരുപതുകള്‍. ഇതിന്റെയെല്ലാം പ്രത്യക്ഷ ഫലമായി ഉയര്‍ന്നുവന്നത് ഇന്ത്യ, പാക്കിസ്ഥാന്‍ എന്ന രാഷ്ട്രീയാതിര്‍ത്തിയുടെ രൂപീകരണവും, അതിലൂടെ രണ്ട് വ്യത്യസ്ത ദേശീയതകളുടെ നിര്‍മ്മാണവുമായിരുന്നു.
 ഈ രണ്ടു ദേശീയതകളുടെ പരീക്ഷണശാലയ്ക്കകത്തും,  ദേശീയതയിലെ വിവിധവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടു നിലനിന്നു. ദളിത്-കീഴാള ദേശീയവാദവും, 'ജനകീയ ദേശീയത' എന്ന് ഗ്രാംഷിയന്‍ അര്‍ത്ഥത്തില്‍ വിളിക്കാവുന്ന ഗാന്ധിയന്‍ ദേശീയവാദവും, സോവിയറ്റ് ഭരണഘടനയുടെ അടിത്തറയിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വാദഗതിയും, അതിന്റെ മാവോയിസ്റ്റ് അനുബന്ധവും എല്ലാം ഇതില്‍ പെടുന്നു. അതില്‍ പ്രധാനമായിരുന്നു മതദേശീയ വാദങ്ങള്‍. പാക്കിസ്ഥാന്‍ ദേശീയതയുടെ വിജയം ഇതില്‍ ഈ വിഭാഗത്തിന് പ്രതിക്ഷയേകി. 'പാക്കിസ്ഥാന്‍ മോഡല്‍ ഇന്ത്യ', ഹിന്ദുത്വവാദികള്‍ക്ക് സ്വപ്നം കാണാമെന്നായി.
മൌദൂദിയും ഖുതുബും മറ്റും
ഈ സങ്കീര്‍ണ്ണപ്രക്രിയയിലെ, മതരാഷ്ട്രവാദ പക്ഷത്തിന്റെ തണലിലാണ്, അബ്ദുല്‍ അഅ്ലാ മൌദൂദിയെപ്പോലുള്ള ഇന്ത്യന്‍ 'പരമ്പരാഗത ബുദ്ധിജീവികള്‍' ഉദയം ചെയ്തത്. മൌദൂദിയുടേയും അദ്ദേഹത്തിനു സമകാലീനമായി അക്കാലത്ത് തന്നെ ഏഷ്യന്‍ ദേശ-രാഷ്ട്രങ്ങളില്‍ ഉയര്‍ന്നു വന്ന ബുദ്ധിജീവികളുടെയും, അവര്‍ പൊതുവായി പങ്കിട്ട ആശയപ്പൊരുത്തങ്ങളെയും, അത് സൃഷ്ടിച്ച ജമാഅത്തെ ഇസ്ലാമിപോലുള്ള പാന്‍- ഇസ്ലാമിക പ്രസ്ഥാനത്തെയും, വിശകലനം ചെയ്യുന്ന ഉജ്വല കൃതിയാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന 'മാതൃഭൂമി' പുസ്തകം.
മതമൌലികവാദത്തെ സമഗ്രമായി വിലയിരുത്താന്‍ പുസ്തകം ശ്രമിക്കുന്നില്ല എന്നതു വാസ്തവം തന്നെ. പുസ്തകമെഴുത്തിന്റെ അടിയന്തര പ്രേരണ ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന വിവാദങ്ങളാണ്. മതമൌലികവാദത്തിന്റെ 'സമ്പുഷ്ട യുറേനിയം' ജമാഅത്ത് ആണെന്നും, മുസ്ലിംങ്ങള്‍ക്കിടയിലെ വിവിധതരം മതമൌലിക സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി തണലേകുന്നത് ജമാഅത്ത് ബൌദ്ധിക കേന്ദ്രമാണെന്നും ഉള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ സൂചിപ്പിച്ച തരത്തില്‍, തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ മൂന്നു പതിറ്റാണ്ടു നിലനിന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങളെ പുസ്തകം കണക്കിലെടുക്കുന്നില്ല. എന്നിരുന്നാലും, സ്വന്തം സമുദായത്തിനകത്ത് തീവ്രവാദപ്രവണതകള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉത്കണ്ഠയാണ് അദ്ദേഹം വ്യക്തവും ലളിതവുമായ ഭാഷയിലൂടെ ഈ വിശകലനം നടത്തിയിരിക്കുന്നത്. അത്തരം ഒരു വിമര്‍ശനം സമകാലീന മലയാളത്തിന് അനിവാര്യമാണു താനും. 
മതമൌലികവാദത്തെ ഒരു സമീപകാല പ്രതിഭാസം എന്ന നിലയിലാണ് ഹമീദ് ചേന്ദമംഗലൂര്‍ വിലയിരുത്തുന്നത്. പാക്കിസ്ഥാന്‍ വിഭജന വാദത്തിന്റെ പശ്ചാത്തലത്തിലാണ് മൌദൂദിയെപ്പോലുള്ള ബുദ്ധിജീവികള്‍ ഉദയം ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ലോകത്തില്‍ ക്രൈസ്തവ മതമൌലികവാദം അടക്കം എല്ലാ ഇത്തരം പ്രവണതകളും രൂപപ്പെട്ടത്, ജ്ഞാനോദയ ആശയങ്ങളെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിന്റെ ഭാഗമെന്നോണമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. മതത്തിന്റെ ശുദ്ധീവാദത്തിലൂടെയാണ് മൌലികവാദം പുലരുന്നത്. ഇപ്രകാരം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഈജിപ്തിലും ദേശ-രാഷ്ട്ര രൂപീകരണത്തിന്റെ ആധുനിക കാലത്താണ് മൌദൂദിയെയും ഖുതുബിനെയും പോലുള്ള മതമൌലിക വാദികള്‍ എന്നറിയപ്പെടുന്ന ബുദ്ധിജീവികളുടെ ഉദയം. ഖുതുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ എങ്ങിനെ ജനങ്ങളെ, തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായി വിഭജിച്ചുകൊണ്ട്, ശത്രുപാളയങ്ങള്‍ സൃഷ്ടിക്കുന്നു എന്നു ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മാര്‍ക്സിസത്തിന്റെ ആശയങ്ങളെ അട്ടിമറിക്കുന്നതിലൂടെയാണ് മൌദൂദി തന്റെ ആശയങ്ങള്‍ വികസിപ്പിച്ചത് എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നത് എത്രയും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ശൈലിയെയും ആശയത്തെയും വക്രീകരിച്ചുകൊണ്ടും സ്വാംശീകരിച്ചുകൊണ്ടും മൌദൂദി പ്രചരിപ്പിച്ച ആശയപ്രപഞ്ചത്തെ ഹമീദ്മാഷ്് അവതരിപ്പിക്കുന്നു.
ഇസ്ലാമിന്റെ പേരില്‍ ഒരു തരം ഫ്യൂഡല്‍ ഏകാധിപത്യമാണ് മൌദൂദിയുടെ മനസ്സിലുണ്ടായിരുന്നത് എന്നും, ദൈവികമായ ഭരണത്തിന്റെ പേരില്‍ ഒരു ഏകാധിപതിയുടെ, ഇസ്ലാമിന്റെ പേരിലുള്ള ഭരണമാണ് ഇതിലൂടെ വിഭാവനം ചെയ്യപ്പെട്ടത് എന്നും, ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ഇങ്ങിനെ ദൈവീകമായ ഭരണത്തിന്റെ പേരില്‍,  ഇസ്ലാം മൌലികമായും എതിര്‍ത്തുപോരുന്ന പൌരോഹിത്യത്തെയാണ് മൌദൂദി പകരം വയ്ക്കുന്നത്. ഇറാന്‍ വിപ്ളവത്തെത്തുടര്‍ന്ന് എഴുപതുകളില്‍ ആയത്തുള്ള ഖൊമേനിയുടെ ഭരണം ജമാഅത്തുകാര്‍ക്ക് പ്രിയപ്പെട്ടതാകുന്നതും അങ്ങിനെയാണെന്ന് ഹമീദ് ചൂണ്ടിക്കാണിക്കുന്നു. മൌദൂദിയുടെ ആശയങ്ങള്‍ക്കു നേരെ ഇസ്ലാമിലെയും മതനിരപേക്ഷ ക്യാമ്പിലെയും പണ്ഡിതരുടെയും ബുദ്ധിജീവികളുടെയും ഭാഗത്തു നിന്നുണ്ടായ നിശിതവിമര്‍ശനത്തെ നേരിടാന്‍ സമകാലീന ജമാഅത്ത് നേതാക്കള്‍ നടത്തുന്ന മലക്കം മറിച്ചിലുകളെയും ഒരു അധ്യായത്തില്‍ ഹമീദ് വിശകലനം ചെയ്യുന്നു. പാക്കിസ്ഥാന്‍ രൂപീകരണത്തിനു ശേഷം അവിടെ മതമൌലികവാദം ശക്തിപ്പെടുത്തുന്നതിലും ആ രാഷ്ട്രത്തെത്തന്നെ അരാജകാവസ്ഥയില്‍ തള്ളിവിട്ടതിലും, പാക്കിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമിയും അതിനു നേതൃത്വം കൊടുത്ത മൌദൂദി ഉള്‍പ്പെടുന്ന നേതാക്കളും  വഹിച്ച പങ്ക്, ശ്രദ്ധേയമായ ഒരു അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ഒരു ജനതയെ എങ്ങിനെ നിരാലംബരും നിരാശരും ആക്കുമെന്നും, ഒരു രാഷ്ട്രത്തെ എങ്ങിനെ സാമ്രാജ്യത്വത്തിന്റെ പടനിലമാക്കുമെന്നും, അതെങ്ങിനെ മതത്തിനും അതിന്റെ മൂല്യങ്ങള്‍ക്കും തന്നെ കൊടിയ ക്ഷയം വരുത്തുമെന്നും, പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലൂടെ ഹമീദ് മാഷ് ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം രാഷ്ട്രീയപാര്‍ടിയും യുവജനസംഘടനകളും ഉണ്ടാക്കി കേരളത്തിലെ മുസ്ലിം ഭൂരിപക്ഷത്തില്‍ കണ്ണുവെച്ച് ആരംഭിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വലയില്‍ വീണുപോകാതെ, സ്വന്തം പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ഓരോ മുസ്ലിമിനെയും മതേതര ജനാധിപത്യ വാദിയെയും ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു.  ഹമീദ് മാഷുടെ ലളിതമായ ശൈലി പുസ്തകത്തെ വളരെ എളുപ്പം വായിച്ചുപോകാന്‍ സഹായിക്കുന്നു. കൊച്ചു കൊച്ചു അധ്യായങ്ങളിലായി മുന്നേറുന്ന വിശകലനം പഴുതില്ലാത്തവിധം ഇസ്ലാമിക മതമൌലികതയുടെ ഖുര്‍ആന്‍ വിരുദ്ധതയെ തുറന്നുകാണിക്കുന്നതാണ്.


   
ദൈവത്തിന്റെ രാഷ്ട്രീയം
പഠനം
ഹമീദ് ചേന്നമംഗലൂര്‍
മാതൃഭൂമി ബുക്സ്, 2011
പേജ്: 202, വില: 120.00 രൂപ

No comments:

Post a Comment