Friday, September 30, 2011



പി പി ഷാനവാസ്

സ്വര്‍ഗ്ഗത്തിനു തീ, നരകത്തിനു തീര്‍ത്ഥജലം

വീടിനകത്തു കളഞ്ഞുപോയ സൂചി മുറ്റത്തു തിരയുന്ന ബസ്റയിലെ സൂഫി പുണ്യാള റബ്ബിയ ബസ്രിക്കു (717- 801) ജനങ്ങള്‍ കിറുക്കാണെന്നു പറഞ്ഞു. അപ്പോള്‍ ആ വിശുദ്ധ വനിത പ്രതികരിച്ചത് ഇങ്ങിനെ: "ഇതു പോലെയാണ് നിങ്ങളുടെ കാര്യവും. അകത്തു തിരയേണ്ടതിനെ നിങ്ങള്‍ പുറത്തെവിടെയോ ആണ് തിരയുന്നത്.'' ഇന്നു കേരളത്തിലെങ്കിലും ഇപ്രകാരം മുസ്ലിം സമൂഹം തങ്ങള്‍ക്കു നഷ്ടപ്പെട്ടതിനെ പുറത്തു തിരയുന്ന ധര്‍മ്മ സങ്കടത്തിലാണോ? ഈ ചോദ്യം പ്രസക്തമാക്കുന്നതാണ് മലബാര്‍ കലാപത്തെക്കുറിച്ചും അതില്‍ ഉള്‍ച്ചേര്‍ന്ന ഇസ്ലാമിക വിശ്വാസത്തിന്റെ പ്രശ്നത്തെക്കുറിച്ചും ചരിത്രകാരന്‍ എം ഗംഗാധരന്‍ തുടങ്ങി വെച്ച ചര്‍ച്ച. 
ഗംഗാധരന്‍ മാഷ് എന്നും സ്വന്തം പ്രദേശത്തെ ജനങ്ങളോടൊപ്പം നിലകൊണ്ട  ചരിത്രകാരനാണ്. കീഴാള ജനതയോട് അദ്ദേഹം പുലര്‍ത്തിയ കൂറ് ഒരു കാലത്തും, ഏതെങ്കിലും അക്കാദമിക ദന്തഗോപുരവാസിയുടേതിനു സമാനമായിരുന്നില്ല. മാപ്പിള പഠനങ്ങളായാലും, നമ്മുടെ ചരിത്രവായനയുടെ വരേണ്യതയ്ക്കും ഫ്യൂഡല്‍ പ്രേമത്തിനും അടിസ്ഥാനമായ കേരള ചരിത്രകാരന്മാരുടെ പഠനത്തിന് പി കെ ബാലകൃഷ്ണന്‍ എഴുതിയ 'തിരുത്തി'നുള്ള അവതാരികയായാലും, കീഴാള ചരിത്രാഖ്യാനങ്ങളോട് ഗംഗാധരന്‍ മാഷ് തന്റെ ഐക്യം പ്രഖ്യാപിച്ചുപോന്നിട്ടുണ്ട്. മലപ്പുറത്തെ പ്രാദേശിക ചരിത്രപഠന ചര്‍ച്ചകളില്‍ തന്റെ ജനതയ്ക്ക് ദിശാസൂചിക നല്‍കിയും, ഇടയ്ക്ക് അവരെ പരിഹസിച്ചും, മറ്റു ചിലപ്പോള്‍ പ്രകോപിപ്പിച്ചും, അവരുടെ ഭാവിയുടെ വഴി തെളിയിക്കാന്‍ ഗംഗാധരന്‍ മാഷ് എന്നും ഇവിടുത്തെ പൊതുമണ്ഡലത്തിലെ സാന്നിധ്യമായിരുന്നു. അതുകൊണ്ടു തന്നെ മറ്റേത് അക്കാദമീഷ്യനേക്കാളും ബുദ്ധിജീവിയേക്കാളും പരപ്പനങ്ങാടിക്കാരനായ ഗംഗാധരന്‍ മാഷുടെ അഭിപ്രായങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും, ചിലപ്പോള്‍ ഹാസ്യം കലര്‍ന്ന അദ്ദേഹത്തിന്റെ വിടുവായത്തത്തിനു പോലും, ഞങ്ങള്‍ സൂക്ഷ്മമായ കണ്ണും കാതും കൊടുത്തുപോരുന്നു.
മലബാര്‍ കലാപത്തെക്കുറിച്ചുള്ള ഉപരിപ്ളവമായ ചര്‍ച്ചകളെക്കുറിച്ച് ഇതാദ്യമായല്ല ഗംഗാധരന്‍ ഇപ്രകാരം നിരീക്ഷണങ്ങള്‍ നടത്തുന്നത്. വളരെ വര്‍ഷം മുമ്പ് കൊണ്ടോട്ടിയില്‍ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ, വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മലബാര്‍ സമരസെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടും അദ്ദേഹം ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു സമുദായങ്ങള്‍ക്ക് ബോധമുണരും മുമ്പ് മാപ്പിളമാര്‍ രാഷ്ട്രീയമായി ഉണര്‍ന്നിട്ടുണ്ടെന്നും, അതുകൊണ്ട് എപ്പോഴും മാപ്പിളമാര്‍ക്ക് രാഷ്ട്രീയം ഇത്തിരി കൂടുതലാണെന്നും, സമുദായവികാരം കേരളത്തിലെ ഇതര സമുദായ രസതന്ത്രത്തേക്കാള്‍ അവരില്‍ കൂടുതല്‍ പ്രത്യക്ഷമാണെന്നും, ഉള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അന്നു ചര്‍ച്ചയ്ക്കു വഴിമരുന്നിട്ടു. ഇപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയത് സമാനമായ ഈ വൈകാരിതയുടെ പ്രശ്നം തന്നെയാണ്. പോയകാല ചരിത്രത്തിന്റെ പേരില്‍ ഊറ്റംകൊണ്ട്, മതവിശ്വാസപരമായ ഊര്‍ജ്ജം സമാഹരിക്കുന്നത്, വര്‍ത്തമാന കാലത്ത് ഗുണകരമായിരിക്കില്ല എന്നതാണ് അദ്ദേഹം എഴുതിയ ലേഖനത്തിന്റെ കാതല്‍. സമകാലീന മുസ്ലിംങ്ങളുടെ വൈകാരികതയുടെ നിലവാരം വെച്ചു നോക്കുമ്പോള്‍ അത് ശരിയല്ലേ എന്നു തോന്നാം.

ഗാന്ധിജിയും കമ്മ്യൂണിസ്റ്റുകാരും

എന്നാല്‍ മലബാര്‍ കലാപത്തെക്കുറിച്ചു പറയുമ്പോള്‍, എന്തുകൊണ്ടാണ് അതിലെ മുസ്ലിംസവിശ്വാസത്തിന്റെ പ്രശ്നം മാത്രം പൊങ്ങി വരുന്നത് എന്നാലോചിക്കുന്നത് രസാവഹമായിരിക്കും. കാരണം 1921ലെ മലബാര്‍ കലാപം അടിസ്ഥാനപരമായും ഒരു ഗാന്ധിയന്‍ പാളിച്ചയായിരുന്നു. ഗാന്ധിജിയാണ് തുര്‍ക്കി ഖലീഫയെ ബ്രിട്ടീഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കിയ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരികയും, അത് ദേശീയ പ്രസ്ഥാനത്തില്‍ ഉള്‍ചേര്‍ക്കുകയും, അതിനെ മലബാറിലെ ഖിലാഫത്തു പോരാട്ടവുമായി കണ്ണിച്ചേര്‍ക്കുകയും ചെയ്തതിന്റെ ആശയപരമായ അടിസ്ഥാനങ്ങള്‍ പ്രദാനം ചെയ്തത്. ഗാന്ധിജിയുടെ ഈ മതപരമായ സമരവീക്ഷണം എത്രമാത്രം തെറ്റായിരുന്നുവെന്ന് പില്‍ക്കാല സംഭവവികാസങ്ങള്‍ തെളിയിച്ചു. ഹിന്ദു സമൂഹങ്ങളുടെ നവോത്ഥാന പ്രശ്നങ്ങളെ ശരിയായി കൈകാര്യം ചെയ്യുന്നതില്‍ പോലും പരാജയപ്പെട്ട നമ്മുടെ ദേശീയനേതാക്കള്‍, മുസ്ലിം സമൂഹത്തിനെ ദേശീയ പ്രസ്ഥാനവുമായി കണ്ണി ചേര്‍ക്കുന്ന കാര്യത്തില്‍ കൊടിയ തെറ്റുകള്‍ വരുത്തുകയും ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മാപ്പിള കര്‍ഷകക്കുടിയാന്മാര്‍ തെക്കേ മലബാറില്‍ നടത്തിയ സമരങ്ങള്‍ ഒന്നും വര്‍ഗീയതയായി പരിണമിക്കാത്തപ്പോള്‍, 1921ല്‍, തുര്‍ക്കി സുല്‍ത്താന്റെ പേരില്‍ നാട്ടിന്‍ പുറത്ത് കലാപത്തിന് ഇറക്കി വിട്ട ജനത, അവര്‍ക്ക് താങ്ങാനാവാത്ത സമരമാര്‍ഗ്ഗങ്ങളില്‍ ചെന്നുപെട്ട്, തങ്ങളുടെ നാടിനും സമൂഹത്തിനും തന്നെ വലിയ പോറലും അഭിമാനക്ഷതവും ഏല്‍പിച്ച ഒരു സംഭവത്തിലേക്കു വലിച്ചിഴക്കപ്പെട്ടു. മാപ്പിളമാരുടെ വിശ്വാസം അവര്‍ക്ക് സമരത്തിനിറങ്ങാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്തു എന്നതു ശരി തന്നെ. എന്നാല്‍, അലി സഹോദരന്മാരും ഗാന്ധിജിയും അടങ്ങുന്ന  ദേശീയ പ്രസ്ഥാനത്തിന്റെ ഉത്തരേന്ത്യന്‍ നേതാക്കളുടെ രാഷ്ട്രീയയുക്തിയുടെ അവസരവാദവും അജ്ഞതയുമാണ്, മുസ്ലിംങ്ങള്‍ക്ക് ഇപ്പോഴും മാനക്കേടുണ്ടാക്കിപ്പോരുന്ന വിധം വ്യാഖ്യാനസാധ്യതയുള്ള സംഭവഗതികളിലേക്ക് നയിച്ചത് എന്നു കാണാം. "മലബാറിലുണ്ടായ സംഗതികളില്‍ ഇന്ത്യയിലെ മുസല്‍മാന്മാരാകെ ലജജിക്കണം'' എന്നു ഗാന്ധിജി പിന്നീട് ഇക്കാര്യങ്ങളില്‍ പ്രതികരിക്കുകയും ചെയ്തു.
ഗാന്ധിജിയുടെ ഈ ബൂര്‍ഷ്വാ രാഷ്ട്രീയ യുക്തി പിന്തുടര്‍ന്ന പില്‍ക്കാല രാഷ്ട്രീയ നേതാക്കളും, തരാതരം തള്ളിപ്പറഞ്ഞും തങ്ങളുടേതാക്കിയും, ഈ സമരത്തെ വ്യാഖ്യാനിക്കാനും ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ട്. കെഇഎന്‍ ഗവേഷണസമുചിതമായ തന്റെ പ്രതികരണലേഖനത്തില്‍ ഉദ്ധരിക്കുന്ന പലതും, ഇപ്രകാരം അതാതതുകാലത്തെ രാഷ്ട്രീയ യുക്തിയുടെമേല്‍ നിര്‍മ്മിക്കപ്പെട്ടവയാണ് എന്നു കാണാം. ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വികാരത്തിന് ഖിലാഫത്ത് പ്രസ്ഥാനത്തെ എങ്ങിനെ ഉപയോഗിച്ചോ, അതിന്റെ പരിഷ്കരിച്ച രൂപം എന്ന നിലയിലാണ് ഇഎംഎസിന്റെയും എകെജിയുടെയും ഇതു സംബന്ധിച്ച ആഖ്യാനങ്ങള്‍ നോക്കിക്കാണേണ്ടത് എന്നു തോന്നുന്നു. അതിലെല്ലാം സമരത്തിന്റെ ഗുണഫലം പൊതുസമൂഹത്തിലേക്ക് എഴുതിവാങ്ങാനും, ദോഷങ്ങള്‍ പാവപ്പെട്ട തെക്കേ മലബാറുകാരുടെ തലയില്‍ കെട്ടിവെയ്ക്കാനുമുള്ള നിഷ്കളങ്കമെങ്കിലും ചരിത്രനിരപേക്ഷമായ ശ്രമങ്ങള്‍ കാണാം.
യഥാര്‍ത്ഥത്തില്‍ തെക്കേ മലബാറുകാര്‍ക്ക്, ഈ മലബാര്‍ കലാപത്തിലപ്പുറമുള്ള പാരമ്പര്യങ്ങള്‍ ഒന്നുമില്ലേ? ജിഹാദും രാഷ്ട്രീയ സമരവുമല്ലാതെ, കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിംങ്ങള്‍ ഇവിടുത്തെ പൊതു സമൂഹത്തിന് മറ്റൊരു സംഭാവനയും നല്‍കിയിട്ടില്ലേ? അവര്‍ കേരളത്തില്‍ ഒരു ഭൂരിപക്ഷ ജനതയായിട്ടും, കീഴാള മനോഭാവത്തില്‍ കഴിയേണ്ടി വരികയും, അപകര്‍ഷതയുടെയും ആത്മവിശ്വാസക്കുറവിന്റെയും നിഴലില്‍ നിലനില്‍ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ബ്രാഹ്ണ ചിന്തയിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും, ഇതര ജാതികളോട് മല്‍സരിച്ചും, കീഴാള പദവി സ്വയംസ്വീകരിച്ചും കഴിയേണ്ടുന്ന സ്ഥിതി എങ്ങിനെയാണ് അവര്‍ക്കു വന്നു ചേര്‍ന്നത്?  മലബാര്‍ കലാപം വരെയുള്ള അവരുടെ രാഷ്ട്രീയമായ പങ്കാളിത്തങ്ങള്‍ ആയിരിക്കുമോ അവരുടെ നൂറ്റാണ്ടു നീണ്ട പിന്നോക്ക മനോനിലയുടെ കാരണങ്ങള്‍? അങ്ങിനെ നോക്കുമ്പോള്‍, തെക്കേ മലബാറുകാരനായ ഗംഗാധരന്‍ മാഷ് പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി ആലോചനയ്ക്കു വിധേയമാക്കുകയല്ലേ മുസ്ലിംങ്ങള്‍ക്ക് അഭികാമ്യം? രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ സമകാലീനമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഈ സമരങ്ങളെയും അതിന്റെ സങ്കീര്‍ണ്ണ സമസ്യകളെയും തരാതരം ഉപയോഗിക്കുമ്പോള്‍, അതില്‍ വികാരാവേശം കൊള്ളാതെ മാറി നിന്ന്, തങ്ങളുടെ യഥാര്‍ത്ഥ പാരമ്പര്യങ്ങളെ അറിയുകയും അതുവഴി തങ്ങളുടെ തന്റേടം വീണ്ടെടുത്ത് ഭാവിയിലേക്ക് നീങ്ങുകയുമല്ലേ മാപ്പിളമാര്‍ക്ക് പൊതുവെയും മുസ്ലിംങ്ങള്‍ക്ക് വിശേഷിച്ചും നല്ലത്? ഗാന്ധിജി മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ വരെ മലബാര്‍ കലാപത്തെക്കുറിച്ചും മുസ്ലിംങ്ങളെക്കുറിച്ചും വെച്ചു പുലര്‍ത്തിയ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും, ആ സമൂഹത്തെ കുറിച്ചും അവരുടെ നീണ്ട ചരിത്രത്തെയും വിശ്വാസസംഹിതയെയും കുറിച്ചും, തികഞ്ഞ അജ്ഞതയില്‍ നിന്ന് ഉണ്ടാകുന്നതാണ് എന്നു കണ്ട് ഒഴിവാക്കുന്നതല്ലേ ഉചിതം? വിശ്വാസത്തെയും തത്വചിന്താപരമായ സമസ്യകളെയും ബൂര്‍ഷ്വാ രാഷ്ട്രീയ യുക്തിവാദം കൊണ്ട് മാനിപ്പുലേറ്റ് ചെയ്യപ്പെടുമ്പോള്‍, അതിനനുസരിച്ച് തുള്ളുകയാണോ മുസ്ലിം വൈകാരികതയ്ക്ക് ചേര്‍ന്നത്?


രാഷ്ട്രീയജിഹാദും മഖ്ദൂമുമാരും

പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ കേരളത്തിലെ മുസ്ലിംങ്ങളുടെ തലയില്‍ വന്നുപെട്ട ഒരു വിപര്യയമാണ് രാഷ്ട്രീയ ജിഹാദിന്റെ പേരിലുള്ള ഈ ആത്മശൈഥില്യം. സാമൂതിരിയുടെ ഭരണത്തില്‍ പങ്കാളിത്തവും, കടലോര കച്ചവടത്തില്‍ പ്രാമുഖ്യവും ഉണ്ടായിരുന്ന കാലം ഉറപ്പിച്ചുനിര്‍ത്താനും, അത് പോര്‍ച്ചുഗീസുകാര്‍ മുതല്‍പേര്‍ തട്ടിക്കൊണ്ടുപോകാതിരിക്കാനും, പൊന്നാനിയിലെ മഖ്ദൂമുമാരുടെ ആത്മീയവും ഭൌതികവുമായ നേതൃത്വത്തില്‍, മുസ്ലിംങ്ങള്‍ അധിനിവേശവിരുദ്ധത എന്നു വിളിക്കപ്പെട്ട ഒരു സമസ്യക്ക് വിധേയമായിട്ടുണ്ട്. തത്വചിന്തയും നവോത്ഥാന ചിന്തയും കൈവിട്ട്, രാഷ്ട്രീയത്തിലേക്കും ജിഹാദിന്റെ രാഷ്ട്രീയ വ്യാഖ്യാനത്തിലേക്കും അവര്‍ പോയതിന് പ്രസിദ്ധരായ മഖ്ദൂമുമാര്‍ക്കും പങ്കാളിത്തമുണ്ട് എന്നും ചരിത്രം പരതിയാല്‍ കാണാം.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ, സാമൂതിരിയുടെ നായര്‍ പടയാളികളുടെ ദൌര്‍ബല്യം നികത്താന്‍,മുസ്ലിംങ്ങളെ യുദ്ധമുഖത്തേക്ക് ഇറക്കി വിടാന്‍, തങ്ങളുടെ വിശ്വാസവും തത്വചിന്തയും കര്‍മ്മശാസ്ത്രവും  ഉപയോഗിക്കുന്നതിലേക്ക് മഖ്ദൂമുമാര്‍ നേതൃത്വം നല്‍കിയ കേരളത്തിലെ പില്‍ക്കാല ഇസ്ലാം നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ട്. അവരുടെ കാലത്തെ രാഷ്ട്രീയ പരിതസ്ഥിതികള്‍ അതിന് അവരെ നിര്‍ബന്ധിക്കുകയായിരുന്നു എന്നു സമാധാനിക്കാം. എന്നാല്‍ അതുവഴി സംഭവിച്ചത് എന്താണ്?  മാലിക് ഇബ്നു ദിനാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അടിത്തറ പാകിയ സൂഫി ഇസ്ലാമിന്റെ കേരളീയ പാരമ്പര്യം മുസ്ലിംങ്ങള്‍ക്കു നഷ്ടമായി. ഇതവരുടെ അടിസ്ഥാന വേദപുസ്തകത്തെയും നബിജീവിതം രേഖപ്പെടുത്തപ്പെട്ട ഹാദിസ് ഗ്രന്ഥങ്ങളെയും തികച്ചും അനുചിതമായി വ്യാഖ്യാനിക്കുന്നതിലേക്കു പണ്ഡിതന്മാരെ നയിച്ചു. കേരളത്തിലെ മുസ്ലിം പരിഷ്കരണ പ്രസ്ഥാനത്തിന്റെ മൊത്തം ചരിത്രം പരിശോധിച്ചാലും, ഇപ്രകാരം ദിശാബോധവും അടിസ്ഥാനങ്ങളും നഷ്ടപ്പെട്ട, തത്വചിന്ത കൈമോശം വന്ന ഒരു സംരഭമാണ് അത് എന്നു കാണാം. ഉദാഹരണമായി കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ പ്രഥമ മാനിഫെസ്റ്റോ എന്ന് പണ്ഡിതന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി തന്റെ 'പൊന്നാനിയും മഖ്ദൂമുമാരും' എന്ന ഗ്രന്ഥത്തില്‍ വിശേഷിപ്പിക്കുന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പ്രസിദ്ധമായ ഒരു കാവ്യത്തെക്കുറിച്ച് പ്രൊഫ. രണ്ടത്താണി പറയുന്നതു നോക്കൂ:
"ഐബീരിയന്‍ ഉപദ്വീപില്‍ നിന്ന് മുസ്ലിംകളെ ഉന്മൂലനം ചെയ്ത യൂറോപ്യന്‍ പടയോട്ടത്തിന്റെ അനന്തര ഭാഗം കൂടിയാണ് പറങ്കികളുടെ വരവ്. അറേബ്യയിലെ യമനില്‍ നിന്ന് വന്ന് ദക്ഷിണേന്ത്യയുടെ കിഴക്ക് തീരത്ത് താമസമാക്കിയ മഖ്ദൂം വംശജരാണ് ശൈഖ് സൈനുദ്ദീന്റെ (1467-1521) പൂര്‍വ്വീകര്‍. ശൈഖ് അലിയുടെ പുത്രനായ സൈനുദ്ദീന്‍ കൊച്ചിയിലാണ് പിറന്നത്. അവിടെ നിന്നും പിതൃവ്യനായ ഇബ്രാഹിമിന്റെ കീഴിലാണ് ശൈഖ് സൈനുദ്ധീന്‍ മതപഠനം അഭ്യസിച്ചത്. കോഴിക്കോടും ചാലിയത്തും പഠിച്ച് ഉപരിപഠനത്തിന് ഈജിപ്തിലേക്കു പോയി. തിരിച്ചുവന്ന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പള്ളി നിര്‍മ്മിക്കുകയും അതൊരു ഉന്നത പഠനകേന്ദ്രമാക്കി വികസിപ്പിക്കുകയും ചെയ്തു. കേരളത്തിലെ മുസ്ലിംങ്ങളുടെ മുഴുവന്‍ നേതൃത്വവും താമസിയാതെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമില്‍ വന്നുചേര്‍ന്നു. ഭരണാധികാരിയായി സാമൂതിരി അദ്ദേഹത്തെ തന്റെ സഹായിയും കേരള മുസ്ലിംങ്ങളുടെ പ്രതിനിധിയുമാക്കി. പൊന്നാനിയില്‍ സൈനുദ്ദീന്‍ മഖ്ദൂം മുസ്ലിംകള്‍ക്ക് ആത്മീയവും ഭൌതികവുമായ നേതൃത്വം നല്‍കിയിരിക്കുമ്പോഴാണ് പറങ്കികള്‍ വരുന്നത്. പറങ്കികള്‍ക്കെതിരെ ഒരു സമരനിര കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട മഖ്ദൂം നവോത്ഥാന പ്രക്രിയകള്‍ക്കൊപ്പം തന്നെ ഒരു സായുധ സമരത്തിന് കൂടി മുസ്ലിംകളെ സജ്ജരാക്കി. യുദ്ധത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനും സമരസജ്ജരാക്കാനും അദ്ദേഹം രചിച്ച കാവ്യമാണ് തഹ്രീള് അലാ അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍ അല്‍ മര്‍ഗബതുഫില്‍ ജിനാന്‍ അല്‍മുല്‍ഖിദതു മിനന്നീറാന്‍ (നരകത്തില്‍ നിന്ന് മുക്തി നേടാനും സ്വര്‍ഗ്ഗം ആശിക്കാനും വേണ്ടി കുരിശിന്റെ  അടിമകള്‍ക്കെതിരെ വിശുദ്ധ യുദ്ധം നടത്താന്‍ വിശ്വാസികളെ പ്രേരിപ്പിക്കല്‍.)
പോര്‍ച്ചുഗീസ് ക്രൂരതകളെക്കുറിച്ച് പറയുന്ന ഈ പുസ്തകത്തില്‍ യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിക്കാനുള്ള ആഹ്വാനം ഉടനീളം കാണാം. "യുദ്ധവേളകളില്‍ മരിച്ചവരെ സാധാരണ മരിച്ചവരെപ്പോലെ കരുതരുത്. അവര്‍ സൃഷ്ടാവിന്റെ അതിഥികളാണ്. അതുകൊണ്ട് ആത്മത്യാഗത്തിന് തയ്യാറാവുക. യുദ്ധത്തില്‍ രക്തസാക്ഷിയായ മനുഷ്യന്‍ നിരന്തരമായി പുനര്‍ജനിക്കാനും വീണ്ടും രക്തസാക്ഷിയാകാനും ആഗ്രഹിക്കും. കാരണം അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം അത്രക്കും അളവറ്റതാണ്. രക്തസാക്ഷികളുടെ ആത്മാവുകളെ അല്ലാഹു പച്ച നിറത്തിലുള്ള പക്ഷികളാക്കും. അവ സ്വര്‍ഗത്തില്‍ പാറിക്കളിക്കും. സ്വര്‍ഗത്തിലെ മധുരപ്പഴങ്ങള്‍ ഭുജിക്കും. സ്വര്‍ഗീയരുവികളില്‍ നിന്ന് വെള്ളം കുടിക്കും. രക്തസാക്ഷിയെ അല്ലാഹു പാപമുക്തനാക്കും. ഖബറിടത്തിലെ വിഷമങ്ങള്‍ ഇല്ലാതാക്കും. അന്ത്യനാളിലെ വിഷമങ്ങള്‍ ഇല്ലാതാക്കും. അന്ത്യനാളിലെ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തും. സ്വര്‍ഗീയ സ്ത്രീകളെ നല്‍കും. തന്റെ എഴുപത് കുടുംബങ്ങളെ പാപമുക്തമാക്കും.
"യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ അല്ലാഹുവിന്റെ മുമ്പില്‍ നിന്ദ്യരാണ്. അവര്‍ ഭൌതിക പാരത്രിക നഷ്ടങ്ങള്‍ക്കിരയാവും. യുദ്ധം ശക്തിയാവുമ്പോള്‍ അതില്‍ നിന്ന് പിന്തിരിഞ്ഞോടുന്നവന്‍ നിസ്സാരനും നിന്ദ്യനുമാണ്. അവന്‍ നരകത്തില്‍ വെന്ത് കരിയും. മൂര്‍ദ്ധാവ് ചുണ്ടുകളില്‍ വന്ന് മുട്ടും. നരകത്തീയുടെ ചൂട് ഭൂമിയിലെ ചൂടിനേക്കാള്‍ അറുപത്തൊമ്പത് മടങ്ങ് കൂടുതലാണ്. വായിലൂടെ ഹമീം എന്ന ചുടുവെള്ളം ഒഴിക്കും. ഉള്ളിലുള്ള സര്‍വ്വസ്വവും കത്തിക്കരിഞ്ഞ് മലദ്വാരത്തിലൂടെ പുറത്തുവരും. വീണ്ടും അവരെ പുനര്‍ജീവിപ്പിക്കും. ശിക്ഷകള്‍ ആവര്‍ത്തിക്കും. 'സ്വദീദ്' എന്ന ദുര്‍ഗന്ധം വമിക്കുന്ന ജലവും അവനെ കുടിപ്പിക്കും. അതിന്റെ ദുര്‍ഗന്ധം മൂലം അത് ചുണ്ടോടടുപ്പിക്കുമ്പോള്‍ തന്നെ മുഖം കരിഞ്ഞുപോകും. തീകൊണ്ടുള്ള ചെരിപ്പ് അവന്‍ അണിയേണ്ടി വരും. യുദ്ധത്തിനുവേണ്ടി സ്വത്തും പണവും ചെലവഴിക്കാത്തവന്റെ ഗതിയും ഇതു തന്നെയാണ്.''
കവിതയിലുടനീളം സ്വര്‍ഗ്ഗത്തെക്കുറിച്ച് വര്‍ണനകളുണ്ട്. "സ്വര്‍ണം കൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്‍ കൊണ്ടുമാണ് സ്വര്‍ഗം പണിതിരിക്കുന്നത്. അതിലെ കളിമണ്ണ് കസ്തൂരിയും മണ്ണ് കുങ്കുമവും ചരലുകള്‍ മുത്തുകളുമാണ്. അവിടെ എല്ലാവര്‍ക്കും യുവത്വമായിരിക്കും. പാത്രങ്ങള്‍ സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേതുമായിരിക്കും. ഓരോ വിശ്വാസിക്കും മുത്തുകൊണ്ടു നിര്‍മ്മിച്ച വീടുകളുണ്ടായിരിക്കും. സ്വര്‍ഗീയസ്ത്രീകള്‍ (ഹൂറികള്‍) ഭൂമിയില്‍ വന്നാല്‍ അവരുടെ സൌന്ദര്യം ധ്രുവങ്ങളെ പ്രകാശിപ്പിക്കും. ഹൂറികള്‍ നിത്യശുദ്ധിയുള്ളവരാണ്. വിസര്‍ജ്യങ്ങളുണ്ടാകില്ല. എഴുപത്തിരണ്ട് ഭാര്യമാരും എണ്ണായിരം ഭൃത്യന്മാരും ഓരോ രക്തസാക്ഷിക്കും ഉണ്ടാകും. ''
ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ (1531-1619) തന്റെ വിഖ്യാതമായ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥം  രചിക്കുന്നതിനു ഏകദേശം എഴുപതു വര്‍ഷം മുമ്പാണ്  അദ്ദേഹത്തിന്റെ പിതാമഹനായ സൈനുദ്ദീന്‍ ഒന്നാമന്‍ 'തഹ്രീള്' രചിച്ചത്.
തഹ്രീളിന്റെ കൈയെഴുത്തു പ്രതികള്‍ കേരളത്തിലെ പ്രധാന രാജാക്കന്മാര്‍ക്കും മുസ്ലിം പള്ളികള്‍ക്കും ഈജിപ്ത്, തുര്‍ക്കി, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും കൊടുത്തയച്ചിരുന്നു. മാപ്പിള സമൂഹത്തേയും മുസ്ലിം ഭരണാധികാരികളെയും കൊളോണിയല്‍ വിരുദ്ധ സമരമുഖത്തെത്തിച്ചത്് ഈ കാവ്യമാകണം. അതിനാല്‍ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ പ്രഥമ മാനിഫെസ്റ്റോ ആയി തഹ്രീള് ഗണിക്കപ്പെടേണ്ടതാണ്.   (ഡോ. ഹുസൈന്‍ രണ്ടത്താണി, തഹ്രീള് ഒരു പഠനം,  പൊന്നാനിയും മഖ്ദൂമുമാരും, പേജ് 216-220).

റബ്ബിയയുടെ ഹൃദയത്തിലെ പ്രകാശം

ഖുര്‍ആന്റെ ജിഹാദ് എന്ന ആശയത്തെയും സ്വര്‍ഗ്ഗം, നരകം എന്ന ആശയങ്ങളെയും എത്രമാത്രം അന്ത:സാരശൂന്യമായാണ് ഇവിടെ ചിത്രീകരിച്ചത് എന്നു നോക്കണം. കേരളത്തിലും ഇന്ത്യയിലും ദേശീയ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ കാലത്തും അതിനുശേഷവും എല്ലാം രൂപപ്പെട്ട ഇസ്ലാമിക സാഹിത്യം യഥാര്‍ത്ഥത്തില്‍ ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ പിറവിയെടുത്തതാണെന്ന് ഓര്‍ക്കണം. എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ മുസ്ലിം പാരമ്പര്യം ഇതാണോ? മാലിക് ഇബ്നു ദിനാര്‍ നേതൃത്വം നല്‍കിയ കേരളത്തിലെ ഇസ്ലാമിന്റെ തത്വചിന്തയും രാഷ്ട്രീയവും ഇതായിരുന്നോ? പ്രവാചകനു ശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞ് ഇറാഖിലും ഇറാനിലും ഈജിപ്തിലും എല്ലാം ശക്തിപ്പെട്ട സൂഫി ഇസ്ലാമിലൂടെയാണ് കേരളത്തില്‍ ഇസ്ലാം പ്രവര്‍ത്തനക്ഷമമായത് എന്ന് പൊന്നാനി വലിയ ജുമാഅത്ത് പള്ളി പുറത്തിറക്കിയ ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ മുകളില്‍ പാമര്‍ശിച്ച ഗ്രന്ഥത്തില്‍ നിന്നു തന്നെ നമുക്ക് ധാരാളം സൂചനകള്‍ ലഭിക്കും.
മാലിക് ഇബ്നു ദീനാറിന്റെ ജീവചരിത്രത്തെക്കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളും നിലവില്‍ ഉണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ലഭ്യമായ വിവരങ്ങള്‍ അദ്ദേഹം ബസറയിലെ ഒരു സൂഫി വര്യനായിരുന്നു എന്നാണ്. പ്രവാചകദൌത്യത്തിനു ശേഷം ഇസ്ലാം അതിന്റെ അടിസ്ഥാന മ്യൂല്യത്തില്‍ നിന്നും ആദര്‍ശലക്ഷ്യത്തില്‍ നിന്നും അകന്നുപോയി, പാദുഷമാരുടെയും സുല്‍ത്താന്‍മാരുടെയും ഖലീഫമാരുടെയും രാഷ്ട്രീയാധികാരത്തിന്റെ ചിട്ടവട്ടങ്ങളിലേക്ക് പിന്‍വാങ്ങാന്‍ തുടങ്ങിയപ്പോഴാണ്, ഇസ്ലാം ആവിര്‍ഭവിച്ച് ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷം, ബസറയിലും മറ്റും കേന്ദ്രമായി സൂഫിപ്രസ്ഥാനം ശക്തിപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്തു തന്നെ സൌദി അറേബ്യയില്‍ അധികാരത്തിനോടും സമ്പത്തിന്റെ കേന്ദ്രീകരണത്തോടും പ്രതികരിച്ചു കൊണ്ട് ഇസ്ലാമിലെ തത്വചിന്താവിപ്ളവമായ സൂഫിസം ശക്തിപ്പെടുകയുണ്ടായി. ഇസ്ലാമിന്റെ കീഴാള നവോത്ഥാനത്തിന്റെ ആശയങ്ങളും, ദൈവസങ്കല്‍പത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളും ഇത്തരം സൂഫികളും അവരുടെ ശിശ്യപരമ്പരയുമാണ് മുന്നോട്ടുകൊണ്ടു പോയത്.
ഓഷോ കോഹിനൂര്‍ രത്നമെന്നും, പാശ്ചാത്യര്‍ രണ്ടാം മറിയ എന്നും ഒക്കെ വിശേഷിപ്പിക്കുന്ന റബ്ബിയ ബസ്രി (717-801) ഇപ്രകാരം ബസറയിലെ പ്രസിദ്ധയായ സൂഫി വര്യയായിരുന്നു. സ്വര്‍ഗ്ഗത്തെ കത്തിക്കാന്‍ ഒരു കയ്യില്‍ തീയും നരകത്തെ കെടുത്താന്‍ മറുകയ്യില്‍ ജലവും ആയി നടന്ന ആ യോഗിനിയുടെ പ്രസിദ്ധമായ പ്രാര്‍ത്ഥന ഏറെ ച്രചാരത്തിലുളളതാണ്.  "ദൈവമേ നിന്നോട് പ്രാര്‍ത്ഥിക്കുന്നവര്‍ അഗ്നിയെ ഭയക്കുന്നവരാണ്. അതുകൊണ്ട് അഗ്നിയിലെറിയപ്പെടുന്ന ഭയമാണ് അവരെ പ്രാര്‍ത്ഥനയ്ക്ക് പ്രേരിപ്പിക്കുന്നത്. മറ്റു ചിലര്‍ പ്രാര്‍ത്ഥിക്കുന്നത് സ്വര്‍ഗത്തോടുള്ള അഭിനിവേശത്തിലാണ്്. അവര്‍ക്ക് സ്വര്‍ഗത്തിലെ ഉദ്യാനവും, അപ്സരസ്സുകളും മദ്യവുമാണ് വേണ്ടത്. എന്നാല്‍ എനിക്ക് അഗ്നിയെ ഭയമില്ല. സ്വര്‍ഗീയ സുഖങ്ങളും എനിക്കു വേണ്ട. എന്നാല്‍ തീര്‍ച്ചയായും എനിക്ക് നിന്റെ പ്രണയത്തിന്റെ സത്ത വേണം. നിന്നില്‍ എനിക്കില്ലാതാവണം.''
റബ്ബിയയുടെ ഹൃദയത്തില്‍ നിന്നുള്ള പ്രകാശമാണ് തന്റെ ദിവ്യജ്ഞാനത്തിന്റെ രഹസ്യമെന്ന് സമകാലീനനായ മറ്റൊരു സൂഫിവര്യന്‍ ഹസന്‍ ബസ്രി പറഞ്ഞിട്ടുണ്ട്. ഈ ഹസന്‍ ബസ്രിയുടെ ശിഷ്യനായാണ് സൂഫിഗ്രന്ഥങ്ങളില്‍ മാലിക് ഇബ്നു ദീനാര്‍ അറിയപ്പെടുന്നത്. ഇദ്ദേഹമാണ് കേരളത്തില്‍ ഇസ്ലാമിന്റെ അവധൂതസ്ഥാനം വഹിച്ചത് എന്നത് ചരിത്രവസ്തുതയാണെങ്കില്‍, ഇബ്റാഹിം അദ്ഹമിന്റെയും റബ്ബിയ ബസ്രിയുടെയും ഹസന്‍ ബസ്രിയുടെയും ഫുളൈല്‍ ഇബ്നു ഇയാളിന്റെയും അവരുടെ സമകാലീനനും അവരുടെ ശിഷ്യ പരമ്പരയിലും പെട്ട മാലിക് ഇബ്നു ദിനാറിന്റെ ഇസ്ലാമാണ് മഖ്ദൂമുമാര്‍ക്ക് മുമ്പ് കേരളത്തിന്റെ ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് എങ്കില്‍, സമകാലീന മലയാളി മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അതെത്രോളം അഭിമാനകരവും ആവേശകരവുമാണ്. കേരളത്തിലെ ഇസ്ലാമിനെ മഖ്ദൂമുമാരുടെ പോര്‍ച്ചുഗീസ് അധിനിവേശ പശ്ചാത്തലത്തിലുള്ള ഒരു സംരഭമായി ചുരുക്കുമ്പോഴാകട്ടെ, വഹാബിസത്തിന്റെ വരണ്ട രാഷ്ട്രീയമുഖമായിരിക്കും പിന്നെ ബാക്കിയാകുക. പ്രവാചകന്റെ ആദ്യകാല ഇസ്ലാം മുന്നോട്ടുവെച്ച നീതിയുടെ രാഷ്ട്രീയവും യുക്തിചിന്തയുടെ വെളിച്ചവും ദൈവസ്മരണയും ഏകത്വഭാവവും ഒരിക്കലും ആസ്വദിക്കാനും അനുഭവിക്കാനും കഴിയാതെപോകുകയും ചെയ്യും.

വഹാബിസവും സൂഫിസവും

തങ്ങളുടെ 1500ലേറെ വര്‍ഷത്തെ ചരിത്രത്തില്‍, പ്രവാചകന്റെ പ്രസ്ഥാനം രണ്ടു നിലയില്‍ പ്രതിസന്ധിയില്‍  അകപ്പെട്ടപ്പോള്‍ ഉയര്‍ന്നു വന്ന പ്രസ്ഥാനങ്ങളാണ് സൂഫിസവും വഹാബിസവും. ഇന്ത്യയില്‍ ഭക്തി പ്രസ്ഥാന കാലത്ത് സൂഫി ചിന്തകളുമായി ഹൈന്ദവ-ബൌദ്ധ ചിന്തകള്‍ കൂടിക്കലര്‍ന്ന്, കബീറിനെയും തുളസീദാസിനെയും മീരയെയും അക്കമഹാദേവിയെയും ലല്ലേശ്വരിയെയും സൃഷ്ടിച്ചുവെങ്കിലും,; പേര്‍ഷ്യയില്‍ നിന്ന് സമാരംഭിച്ച സൂഫിസത്തിന്റെ  സ്വാധീനം പതിനെട്ടാം നൂറ്റാണ്ടിലെ വഹാബി പ്രസ്ഥാനത്തോടെ കെട്ടുപോകുകയാണുണ്ടായത്. വഹാബി പ്രസ്ഥാനത്തില്‍ അന്തര്‍ലീനമായ പാശ്ചാത്യ യുക്തിയും, പോസിറ്റിവിസ്റ്റ് ശാസ്ത്രബോധവും, ഫലത്തില്‍ അറബി-പേര്‍ഷ്യന്‍ സാഹിതീയ പാരമ്പര്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തരം വന്ധ്യതയാണു സൃഷ്ടിച്ചത്. ആയിരത്തൊന്നു രാവുകളെയും ആകാശയാത്രകളെയും ജിന്നുകളുടെ വാസസ്ഥലത്തെയും ഖുര്‍ആനെയും മനസ്സിലാക്കാനുള്ള മൂല്യസംവിധാനമോ ഭാവനയോ അല്ല, ജ്ഞാനോദയത്തിനു ശേഷം രൂപപ്പെട്ട പാശ്ചാത്യ യുക്തിഘടനയ്ക്കുള്ളത്്.
വഹാബി പ്രസ്ഥാനം ഒരു പരിഷ്കരണ പ്രസ്ഥാനം എന്ന നിലയില്‍ പാശ്ചാത്യ ജനാധിപത്യ സങ്കല്‍പത്തോടും അതിന്റെ കൊളോണിയല്‍ രാഷ്ട്രീയ രൂപത്തോടും പ്രതികരിച്ചും ഏറ്റുമുട്ടിയും രൂപപ്പെട്ട ഇസ്ലാമിന്റെ പാഠമാണ്. (അതിന്റെ തുടക്കം പൊന്നാനിയിലെ മഖ്ദൂമുമാരില്‍ തന്നെ വ്യക്തമാണ്.) സൂഫിസമാകട്ടെ, ഇസ്ലാം അതിന്റെ ആദ്യകാലം പിന്നിട്ട,് പാദുഷാവല്‍ക്കരണത്തിനു വിധേയമാകുന്നതോടെ സംഭവിച്ച മിക്കവാറും പേര്‍ഷ്യയില്‍ ആരംഭിച്ച ഒരു 'കലാപ'മാണ്. തത്വചിന്ത കൊണ്ട്, ഇസ്ലാമിന്റെ പേരിലുള്ള ജീര്‍ണ്ണമായ അധികാരവ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടാണ് സൂഫിസം നിലവില്‍ വന്നത്്. ബസ്റയിലെ റബ്ബിയയും, ഇബ്രാഹിം അദ്ഹമും, നിഷാപൂരിലെ ഫരീദുദ്ദീന്‍ അത്തറുമെല്ലാം ഇസ്ലാമിന്റെ തത്വചിന്തയിലൂന്നി, അതിന്റെ പേരില്‍ രൂപംകൊണ്ട ഭരണരാഷ്ട്രീയ വ്യവസ്ഥയോടും സാമ്പത്തികാധികാരത്തോടും അതിന്റെ ജീര്‍ണ്ണതകളോടും വെല്ലുവിളിച്ചാണു രംഗത്തുവന്നത്.
പതിനെട്ടാം നൂറ്റാണ്ടിലെ സൌദി അറേബ്യയിലെ വഹാബി പ്രസ്ഥാനം, പാശ്ചാത്യ യുക്തിയിലധിഷ്ഠിതമായ  ഖുര്‍ആന്റെ ഭാഷ്യം ചമച്ചപ്പോള്‍ സംഭവിച്ചതോ, പാശ്ചാത്യ ഭാഷാഘടനയോട് പല നിലയില്‍ വേറിട്ടു നില്‍ക്കുന്ന അറേബ്യന്‍-പേര്‍ഷ്യന്‍ പാരമ്പര്യത്തിന്റെ സമ്പന്നമായ മനുഷ്യാനുഭവങ്ങള്‍ അവര്‍ക്ക് കൈമോശം വന്നു.. വരണ്ട വ്യാഖ്യാനങ്ങള്‍ നല്‍കി അങ്ങിനെ ഇസ്ലാമിക സാഹിത്യത്തെ യുക്തിയുടെ മൂശയില്‍ വെച്ച് വന്ധ്യമാക്കി. അറബി ഭാഷയുടെയും ചരിത്രത്തിന്റെയും, സവിശേഷമായ അറബൈറ്റ് വിനിമയ രീതികളുടെയും, കാവ്യപാരമ്പര്യത്തിന്റേയും പശ്ചാത്തലത്തില്‍ ഖുര്‍ആനെ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് എത്രയോ വിദൂരമായിരുന്നു വഹാബി പാരമ്പര്യത്തിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍. മൌലാനാ ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മുതല്‍, മൌദൂദിയുടെയും സിഎന്‍ അഹമ്മദ് മൌലവിയുടെയും ഭാഷ്യങ്ങളില്‍ വരെ ഈ വന്ധ്യതയെ നാം നേരിടേണ്ടി വരുന്നു. ഇവയെല്ലാം ആധുനിക ദേശ -രാഷ്ട്ര രൂപീകരണത്തിന്റെ കൊളോണിയല്‍ അനന്തര സാഹചര്യത്തില്‍ ആണ് നിര്‍മ്മിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. അതിനാല്‍ ഇക്കാലത്തിനുശേഷമുള്ള ഖുര്‍ആന്‍ ഭാഷ്യങ്ങളുടെയും മറ്റും പൊതുസ്വഭാവം നിര്‍ണ്ണയിച്ചത് പൊന്നാനിയിലെ മഖ്ദൂമുമാരുടെ ആശയലോകത്തു നിന്നുതുടങ്ങി, പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യയില്‍ പ്രചാരത്തില്‍ വന്ന വഹാബി പ്രസ്ഥാനവും, തുടര്‍ന്ന് ബ്രിട്ടീഷ് വിരുദ്ധമായി കോളനി രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന മുജാഹിദ്-വഹാബി-ഖിലാഫത്ത് കുടക്കീഴില്‍ വരുന്ന പ്രതികരണ-പരിഷ്കരണ പ്രസ്ഥാനങ്ങളുമാണ്.
ഇങ്ങിനെ ജീവശാസ്ത്രത്തിലും ബീജഗണിതത്തിലും രസതന്ത്രത്തിലും വൈദ്യത്തിലും ഭാഷയിലും വ്യാപാരത്തിലും കപ്പല്‍ യാത്രയിലും ആശയവിനിമയത്തിലും, സുമേറിയന്‍-മൊസപൊട്ടാമിയന്‍ പാരമ്പര്യങ്ങളുള്ള അറേബ്യന്‍ പാരമ്പര്യത്തിലെ ഖുര്‍ആനെ മനസ്സിലാക്കുന്നതില്‍ വഹാബി പ്രസ്ഥാനം ഒരതിര്‍ത്തിവരെ പരാജയപ്പെട്ടു. നിഗൂഢാര്‍ത്ഥങ്ങള്‍ തേടിയ 'പില്‍ക്കാല സൂഫിസ'മാകട്ടെ, ഭാഷാശാസ്ത്രത്തിന്റെ നിയമങ്ങള്‍ക്കുള്ളില്‍ അര്‍ത്ഥങ്ങളും കല്‍പിതാര്‍ത്ഥങ്ങളും അനുബന്ധാര്‍ത്ഥങ്ങളും രചിച്ചു. അറേബ്യന്‍ കാവ്യപാരമ്പര്യത്തിലും സാഹിത്യ ചരിത്രത്തിലും ഖുര്‍ആന്‍ വരുത്തിയ വിഛേദനവും സ്വാധീനവുമെന്താണ്? എന്തായിരുന്നു ആ സ്വാധീനത്തിന്റെ സാഹിതീയമായ അര്‍ത്ഥം? എന്തായിരുന്നു അതു മുന്നോട്ടു വെച്ചിരുന്ന തത്വചിന്ത എന്ന മൌലികമായ 'സ്വത്വാ'ന്വേഷണം ആധുനിക മുസ്ലിമിനു നഷ്ടമായി. എണ്ണയാട്ടു കുറ്റിയില്‍ കെട്ടിയിടപ്പെട്ട കാളയെപ്പോലെ അയാള്‍ ഒരു വൃത്തത്തില്‍ കിടന്ന് കറങ്ങി. ഭൂതവും ഭാവിയും നഷ്ടപ്പെട്ട ഒരു മിഥ്യാടനക്കാരനായി. ചിലപ്പോള്‍ ഫോസിലായി. ഭൂതകാലം വൈകാരികമായ ഒരു 'ഇന്റന്‍സിറ്റി' മാത്രമായി അവശേഷിച്ചു. നമ്മുടെ പ്രഖ്യാതനായ മാപ്പിള, ദെല്യൂസിയന്‍ അര്‍ത്ഥത്തിലുള്ള ഈ 'ഇന്റന്‍സിറ്റിക്ക്' ഉടമയാണ്. എന്നാല്‍ ആ തീക്ഷ്ണത സൃഷ്ടിച്ച ഇന്നലെകളുടെ അടരുകളെപ്പറ്റി അവന്‍ അന്ധനും ബധിരനുമാണ്. ഈ അന്ധതയും ബാധിര്യവും മുസ്ലിംങ്ങളില്‍ സാധാരണക്കാര്‍, അവരില്‍ നിന്നുയര്‍ന്നു വന്ന നേതാക്കള്‍, പണ്ഡിതര്‍, അവരില്‍ പെട്ട സെക്കുലര്‍ എന്ന് അവകാശപ്പെടുന്ന ബുദ്ധിജീവികള്‍ എന്നിവരെല്ലാം പൊതുവായി പങ്കുവെയ്ക്കുന്നതാണ്. സ്വന്തം പാരമ്പര്യത്തിലെ തത്വചിന്തയുടെ ദാരിദ്യ്രമാണ്, അവര്‍ക്ക് പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ സംഭവിച്ച, ബ്രിട്ടീഷ് അധിനിവേശ കാലത്ത് വഹാബി പ്രസ്ഥാനത്തോടെ പൂര്‍ണമായ, രൂപഭാവവേഷാദികളില്‍ പോലുമുള്ള ഫോസില്‍വല്‍ക്കരണത്തിന്റെ അടിസ്ഥാനം. 'സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിട്ട യുദ്ധോന്മുഖമായ ഒരു പുരുഷന്റെ' ഇമേജറി ഇങ്ങിനെയാണ് ഇസ്ലാമിന്റെ തലയില്‍ വന്നു വീണത്.
മഖ്ദൂമിസവും വഹാബിസവും വര്‍ത്തമാനകാലത്ത് ഇസ്ലാമിസസവും, ഇസ്ലാമിനെ കൊണ്ടെത്തിച്ചത് ഇങ്ങിനെ രാഷ്ട്രീയത്തിലുള്ള ഊന്നലിലും തത്വചിന്തയിലെ ദാരിദ്യ്രവല്‍ക്കരണത്തിലും ഫോസില്‍വല്‍ക്കരണത്തിലുമാണെന്നു ചുരുക്കം. വഹാബി രാഷ്ട്രീയത്തെയും ഖിലാഫത്ത് പോരാട്ടങ്ങളെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അടിച്ചമര്‍ത്താന്‍ സാധിച്ചതിലൂടെ, ഇസ്ലാമിന്റെ രാഷ്ട്രീയജാഗരണവും സാമ്പത്തിക കേന്ദ്രീകരണവും തച്ചുടക്കാന്‍ കഴിഞ്ഞു. അങ്ങിനെ വഹാബി പ്രതികരണ പ്രസ്ഥാനത്തിലൂടെ തത്വചിന്ത കൈമോശം വന്ന ഇസ്ലാമിക സമൂഹം, സാമ്രാജ്യത്വ അതിക്രമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും, ഇപ്പോള്‍ രാഷ്ട്രീയമായും സാമ്പത്തികമായും, സര്‍വ്വോപരി ചിന്താപരമായും പാപ്പരായ ഒരു സമൂഹമായിത്തീര്‍ന്നു. പാശ്ചാത്യ ഭൌതിക ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും നവോത്ഥാനത്തെ സംബന്ധിച്ച ആശയത്തിനുമിടയില്‍, ഖുര്‍ആന്‍ സാഹിത്യവും അതിന്റെ ശൈലിയും തത്വവും കുപ്പയില്‍ തള്ളപ്പെട്ടു. അല്ലെങ്കില്‍ അത് ഒരു പിന്നോക്ക വസ്തുവോ, അസംബന്ധമോ, ചരിത്രത്തിന്റെ അക്ഷരത്തെറ്റോ ആയി മനസ്സിലാക്കപ്പെട്ടു.
പൌരസ്ത്യ ചിത്രകലയും പാശ്ചാത്യചിത്രകലയും തമ്മിലുള്ള വൈജാത്യത്തെപ്പറ്റി പറയുംപോലെ, കാന്റിയന്‍ യുക്തി ചിന്തയ്ക്കും ഹെഗലിയന്‍ വൈരുദ്ധ്യത്മക ചിന്തയ്ക്കും  അറേബ്യന്‍-പേര്‍ഷ്യന്‍-ഇന്ത്യന്‍ ഭൌമഖണ്ഡത്തിലെ സവിശേഷതകളെ സാന്ദ്രീകരിക്കുന്ന ഖുര്‍ആനെയും മറ്റ് സാഹിത്യരൂപങ്ങളെയും മനസ്സിലാക്കാന്‍ കഴിയാതെ പോയി. ഖുര്‍ആന്റെ നോണ്‍-നരേറ്റീവ് പാരമ്പര്യത്തെ പൌരസ്ത്യചിന്തയ്ക്കും മനസ്സിലാകാതെ വന്നു. സൂഫി വിശ്വാസങ്ങളില്‍ കുടിയിരുത്തപ്പെട്ട ഖുര്‍ആന്റെ തത്വചിന്ത, ഖബര്‍ പൂജയിലും ഷേക്ക് ആരാധനയിലും, ഭക്തി-പ്രേമ പാരവശ്യങ്ങളും, സാഹിത്യാസ്വാദനത്തിലും, ചന്ദനത്തിരി സ്വര്‍ഗ്ഗങ്ങളുടെയും ന്യൂറോസിസ് മാറ്റുന്ന ദര്‍ഖകളുടെയും ഒക്കെ വ്യവഹാരത്തില്‍ മയങ്ങുകയും ചെയ്തു. ഭാഷാ ശാസ്ത്രമോ, ചിഹ്നശാസ്ത്രമോ, ലെവിസ്ട്രോസിയന്‍ ചിന്തകളോ എന്തിന് മാര്‍ക്സിസത്തിന്റെ പ്രാഥമിക ഉപലബ്ധികള്‍ പോലുമോ ഉപയോഗിച്ചു കൊണ്ടുള്ള അന്വേഷണ ശ്രമങ്ങള്‍ നടന്നില്ല. ബൈബിളിനെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചുമെല്ലാം ഇത്തരം പഠനങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട് എന്നോര്‍ക്കണം.

നാരായണഗുരുവിന്റെ ഇസ്ലാം

ഇന്ന് സ്വന്തം ദൈവത്തിന്റെയും അതിന്റെ സ്രോതസ്സുകളുടെയും അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ക്കുപോലും അശക്തമായ ഒരു ജനതയായി കേരളത്തിലെ മുസ്ലിംങ്ങള്‍ മാറി.  മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ പാശ്ചാത്യാധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സൈനികോന്മുഖ ഇസ്ലാമിന്റെ അനന്തരഫലമാണിതെന്നു കാണാം.  തൊള്ളായിരത്തില്‍ ഇരുപത്തി ഒന്നിലെ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനകാലത്ത്, തെക്കേ മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം വരെ നീണ്ട ഈ രാഷ്ട്രീയവല്‍ക്കരണം കേരളത്തിലെ മുസ്ലിംങ്ങളുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് കുറച്ചൊന്നുമല്ല കാരണമായത്. അധിനിവേശ വിരുദ്ധമായ ഇസ്ലാമിനെ കൊണ്ടാടുന്നത്, ഒരു ജനതയുടെ ശരിയായ തത്വചിന്താപാരമ്പര്യത്തെ കൈവിടുകയും അവരെ ആശയപരമായി പാപ്പരാക്കുകയും, ഭൌതികമായി ഫോസില്‍വല്‍ക്കരണത്തിന് വിധേയമാക്കുകയും ചെയ്യുന്ന ഒരു സ്ഥിതിയിലേക്കാണ് നയിക്കുകയാണെങ്കില്‍, തൊള്ളായിരത്തി ഇരുപത്തൊന്ന് ഇനിയും ആഘോഷിക്കാതിരിക്കുന്നതല്ലേ നല്ലത്?
ഇക്കാര്യത്തില്‍ ഗാന്ധിയന്മാരുടെയും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെയും ഗവേഷണകുതുകികളുടെയും നിലപാടിനേക്കാള്‍ പരപ്പരനങ്ങാടിക്കാരനായ ചരിത്രകാരന്‍ ഗംഗാധരന്‍ മാഷോടു ചേര്‍ന്നു നില്‍ക്കാനാണ് എനിക്കിഷ്ടം. മാത്രമല്ല, ഇസ്ലാമിനെക്കുറിച്ചു പഠിക്കാന്‍ നമുക്കിന്ന് ജമാഅത്തെ ഇസ്ലാമിയുടെ ജിഹാദി സാഹിത്യത്തേക്കാള്‍ ഉത്തമം ശ്രീനാരായണഗുരു മുതല്‍പേരുടെ അരുളുകളാണ്. ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ ധര്‍മ്മതീര്‍ത്ഥര്‍ അള്ളാഹുവിനെ ഗുരു പരിചയപ്പെടുത്തിയ ഒരു രംഗം വിവരിക്കുന്നത് നോക്കൂ:
ശ്രീനാരായണ ഗുരു വര്‍ക്കലയില്‍ വിശ്രമിക്കുകയാണ്. സമയം സന്ധ്യയായി. സ്ഥലത്തുള്ള ഉദ്യോഗസ്ഥരും പ്രമാണിമാരും സന്ദര്‍ശനാര്‍ത്ഥം വന്നിരിക്കുന്നു. ഗുരുവിന് നല്ല സുഖമില്ല. ഒരു കട്ടിലില്‍ ഇരിക്കുകയാണ്. മുറിയില്‍ മൂന്നുവശത്തും സന്ദര്‍ശകര്‍ ഇരിക്കുന്നുണ്ട്. ഗുരു മൃദുസ്വരത്തില്‍ ഇവരോട് സംഭാഷണം തുടര്‍ന്നു കൊണ്ടിരുന്നു. ഭക്തനായ ഒരു മുസല്‍മാന്‍ ഉദ്യോഗസ്ഥന്‍ ഗുരുവുമായി ഒറ്റക്കു സംസാരിക്കാന്‍ കാത്തിരിക്കുകയാണ്. രാത്രി ഏകദേശം പത്തു മണിയായപ്പോള്‍ ജനങ്ങള്‍ എല്ലാം പോയതിനുശേഷം മുഹമ്മദു മതത്തെപ്പറ്റി ഗുരു പലതും അയാളോടു പറയുന്നു.
ഗുരുദേവന്‍: അള്ളാഹു എന്നാല്‍ എന്താണെന്ന് അറിയാമോ?
മുസല്‍മാന്‍: അത് നമ്മുടെ സൃഷ്ടാവിന്റെ പേരാണ്.
ഗുരുദേവന്‍: ഇല്ല എന്ന അര്‍ത്ഥമാണ് അതില്‍ അടങ്ങിയിരിക്കുന്നത്. ഇല്ലാത്തവനാണ് അവന്‍ എന്നു വെച്ചാല്‍, ഈ ബാഹ്യപ്രപഞ്ചത്തില്‍ നിന്നും അന്യമായ, ഒരു വസ്തു പ്രാപഞ്ചിക അളവുകളും വര്‍ണ്ണനകളും വച്ചുനോക്കിയാല്‍ ഇല്ലാത്തവനും എന്നുള്ള അര്‍ത്ഥമാണ് ഈ ദൈവശബ്ദത്തിനുള്ളത്. ഇങ്ങനെ തന്നെയാണോ ആ വാക്കിന്റെ അര്‍ത്ഥം?
മുസല്‍മാന്‍: അറബി ഭാഷ വ്യാകരണപ്രകാരം അങ്ങിനെ ഒരര്‍ത്ഥമില്ലെന്നു പറയുവാന്‍ തരമില്ല. അള്ളാഹു എന്നത് മൂന്നു ധാതുക്കള്‍ ഉള്ള ഒരു വാക്കാണ്. അല്‍-എന്നാല്‍ തല്‍ അല്ലെങ്കില്‍ ആ എന്ന ശബ്ദത്തെ കുറിക്കുന്നു. ല്ല-ഇല്ല എന്നുള്ളതിനെ കാണിക്കുന്നു. ഹൂ-അവന്‍ എന്നതിനെ കാണിക്കുന്നു. ഇപ്രകാരം അല്ലാഹു എന്നാല്‍ എതില്ലാത്തതോ അത് അവന്‍ തന്നെ എന്നാണര്‍ത്ഥം.
ഈ സംഭാഷണത്തിനു ശേഷം ആ മുസല്‍മാന്‍ ഗുരുദേവനെ ജീവിച്ചിരിക്കുന്ന മുഹമ്മദീയരില്‍ വച്ച് അഗ്രഗണ്യനായി അദ്ദേഹത്തെ ഭക്തിയോടെ കരുതുന്നുണ്ട്. ഈ സംഭവം നടന്ന ശേഷം ലണ്ടനില്‍ നിന്നു പ്രസിദ്ധപ്പെടുത്തുന്ന ഇസ്ളാമിക് റിവ്യൂ എന്ന പത്രത്തില്‍, അല്ലാഹു എന്ന പദത്തിന് ഗുരുദേവന്‍ പറഞ്ഞ വ്യാഖ്യാനം വായിച്ചിട്ടുണ്ടെന്നും അറബിഭാഷ അറിയാത്ത ഗുരുദേവന്റെ വ്യാഖ്യാനത്തെപ്പറ്റി അതിശയിക്കുന്നു എന്നും ഹിന്ദുക്കള്‍ എല്ലാം വെടിഞ്ഞാലും മുഹമ്മദീയര്‍ ഗുരുദേവനെ ഉപേക്ഷിക്കുന്നതല്ലെന്നും ആ മുസല്‍മാന്‍ സഹോദരന്‍ പറയുകയുണ്ടായി. (സ്വാമി ധര്‍മ്മതീര്‍ത്ഥന്‍, ശ്രീനാരായണ ഗുരുദേവന്‍, ജീവിത ചരിത്രവും തത്ത്വദര്‍ശനവും, പേജ് 204, 205)
ജ്ഞാനത്താല്‍ കരുത്താര്‍ജ്ജിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്ലാമിന്റെ ആശയങ്ങള്‍ മഖ്ദൂമുമാരുടെ ഫത്വകളില്‍ നിന്നും, വഹാബിസത്തിന്റെ വിലക്കുകളില്‍ നിന്നും, ഖിലാഫത്ത് അക്കാദമീഷ്യരുടെ ഗ്രന്ഥങ്ങളില്‍ നിന്നും, ചരിത്രപണ്ഡിതന്മാരുടെ തീസിസുകളില്‍ നിന്നും, മതപണ്ഡിതന്മാരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും, ജമാഅത്തെ ഇസ്ലാമി സാഹിത്യത്തില്‍ നിന്നും, ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയനേതാക്കളുടെ ആഹ്വാനങ്ങളില്‍ നിന്നുമല്ല, അവര്‍ ഉന്നയിച്ച താക്കീതില്‍ നിന്നുമല്ല നമുക്ക് കിട്ടുക. കൊട്ടാരം വിട്ടിറങ്ങിയ സൂഫിജ്ഞാനി ഇബ്റാഹിം അദ്ഹമിന്റെയും, റബ്ബിയ ബസ്രിയുടെയും, ഫരീദുദ്ദീന്‍ അത്തറിന്റെയും കഥളും കവിതയും ജീവിതവുമാണ് അവ നമുക്ക് പറഞ്ഞു തരിക.  അതാകട്ടെ ഖിലാഫത്തിനിറങ്ങിയ പുരുഷ ഇസ്ലാമുകളില്‍ നിന്നല്ല, വീട്ടിലെ ജ്ഞാനികളായ ഉമ്മമാരുടെയും സ്ത്രീകളുടെയും അറിവിന്റെ നിലവറകളിലാണുള്ളത്. ഇത്രകാലം ഇസ്ലാമിക സാഹിത്യത്തില്‍ മുങ്ങിത്തപ്പിയിട്ടും റബ്ബിയ ബസ്രിയുടെയും ഇബ്റാഹിം അദ്ഹമിന്റെയും കഥകള്‍ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് എന്റെ ഉമ്മയുടെ പണ്ഡിതനിരപേക്ഷമായ അറിവിന്റെ ഖനിയില്‍ നിന്നാണ്. അള്ളാഹുവിനെപ്പറിയുള്ള ശരിയായ ഒരു ആഖ്യാനം കേള്‍ക്കാനിട വന്നത്, ഇസ്ലാമിക പണ്ഡിതരില്‍ നിന്നല്ല, ശ്രീനാരായണഗുരുവില്‍ നിന്നാണ്.

Published in Mathrubhu, as the response to the discussion initiated by M Gangadharan, historian, on Malabar struggles...KEN and others participated in.


Thursday, September 8, 2011



ഭയം വാഴും കാലം


പി പി ഷാനാവസ്

പൂര്‍വ്വ പ്രവാചകന്മാരില്‍ ഒരാളെ ഒരു ഉറുമ്പ് കടിച്ചു. ഉടനെ ആ ഉറുമ്പിന്റെ കേന്ദ്രം മുഴുവന്‍ ചുട്ടെരിക്കാന്‍ അദ്ദേഹം കല്‍പിച്ചു. അപ്പോള്‍ അള്ളാഹു അദ്ദേഹത്തിന് ഇങ്ങനെ സന്ദേശം നല്‍കി. ഒരൊറ്റ ഉറുമ്പ് നിന്നെ കടിച്ചു കളഞ്ഞെങ്കില്‍ അള്ളാഹുവിന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന സമുദായങ്ങളില്‍ പെട്ട ഒരു സമുദായത്തെ നീ എരിച്ചുകൊന്നു കളയുകയോ!,,

(സഹീഹുല്‍ ബുഖാരി. നബിവചനങ്ങള്‍ ക്രോഡീകരിച്ചത്്, തര്‍ജ്ജുമ: സി എന്‍ അഹമ്മദ് മൌലവി)


നമ്മുടേത് ഭയം വാഴുന്ന കാലമാണ്. വിവേകവും യുക്തിയും ഉറക്കത്തിലാഴുമ്പോള്‍ പിശാചുക്കള്‍ നിറഞ്ഞ പേടിസ്വപ്നം കൊണ്ട് കലാകാരന്റെ ഭാവനപോലും ഭ്രമാത്മകമായിത്തീരുന്നു. സ്പാനിഷ് ചിത്രകാരനായിരുന്ന ഫ്രാന്‍സിസ് ഡി ഗോയ (1746-1828) പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രചിച്ച വിഖ്യാതമായ എച്ചിങ്ങിന്റെ പ്രമേയമിതായിരുന്നു. ഫ്രഞ്ച് ജ്ഞാനോദയത്തെ മുന്‍നിര്‍ത്തിയുള്ള  ഈ എച്ചിങ്ങിന്റെ സവിശേഷമായ സങ്കേതം പോലും ഗോയ സ്വീകരിച്ചത് ഫ്രാന്‍സില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ശൈലിയില്‍ നിന്നായിരുന്നു എന്നത,് കലാചരിത്രത്തില്‍ ആ രചനയെ സവിശേഷ അര്‍ത്ഥതലങ്ങളിലേക്കു നയിക്കുന്നു. ഈ രചന ഉള്‍പ്പെട്ട കാപ്രിക്കോസ് എന്ന പരമ്പര ഏറെ വിലിയിരുത്തലുകള്‍ക്കും വിശകലനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വിധേയമായി. ഫ്രഞ്ച് വിപ്ളവത്തിന്റെ ജ്ഞാനോദയ ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കാന്‍ സ്പെയിനില്‍ പള്ളിമേധാവികള്‍ കൈകൊണ്ട മര്‍ദ്ദന നടപടികളായിരുന്നു അവയുടെ പശ്ചാത്തലം.

   തന്റെ മേശക്കുമേല്‍ കൈകളില്‍ മുഖം കമിഴ്ത്തി വീണുറങ്ങുന്ന ചിത്രകാരന്‍. ഡ്രോയിങ് സ്റ്റിക്കുകളും വരച്ചു പൂര്‍ത്തിയാകാത്ത ഡ്രോയിങ്ങുകളും മേശമേല്‍ ചിതറിക്കിടക്കുന്നു. ചിത്രകാരനുമേല്‍ പശ്ചാത് വിതാനത്തില്‍ ഇരുണ്ട പ്രതലത്തില്‍ രാത്രിഞ്ചരന്മാരായ പക്ഷിമൃഗാദികള്‍ പാഞ്ഞടുക്കുന്നു.  പൂച്ച, മൂങ്ങ, വവ്വാല്‍. കണ്ണുകള്‍ തുറന്നു പിടിച്ച മട്ടാണവയ്ക്ക്. അതിലൊരു മൂങ്ങ അയാളുകള്‍ രചനകള്‍ കൈക്കലാക്കിയിരിക്കുന്നു.  മേശയുടെ ഒരു വശത്ത് ഇങ്ങനെ എഴുതിയിട്ടുണ്ട്: യുക്തി ഉറങ്ങിപ്പോകുമ്പോള്‍ പിശാചുക്കളും ഭൂതങ്ങളും പുനര്‍ജനിക്കുന്നു.  ഉറങ്ങുന്ന കലാകാരനും അയാള്‍ കാണുന്ന പേടിസ്വപ്നവും ഏറെ ചിന്തനീയമായി ചിത്രത്തില്‍ ഒരു മന:ശാസ്ത്ര ഇമേജായി കടന്നു വരുന്നു. നാം ആഗ്രഹിച്ചിട്ടും നിദ്രയില്‍ ഒഴിഞ്ഞുപോവാതെ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന പേടിസ്വപ്നം പോലെ നമ്മെ അനുദിനം ചൂഴുന്ന ഭയത്തിന്റെയും ഭീകരതയുടെയും മുഹൂര്‍ത്തങ്ങളെ നാം ഏതു വിധിന്യായം കൊണ്ടാണ് നേരിടുക? ഭീകരതയെപ്പറ്റി ചരിത്രപരമായ ഒരാഖ്യാനം എങ്ങിനെയാണു സാധ്യമാകുക? ഭീകരത എന്ന പദത്തിന് ഇന്നു കാണുന്ന അര്‍ത്ഥവും രൂപവുമായിരുന്നോ എല്ലാകാലത്തും?

ഭീകരത കലയിലും തത്വചിന്തയിലും

   നമ്മെ പിടിച്ചുലക്കുന്ന അറിവിന്റെ ആദ്യസ്ഫുലിംഗമായി ഭയാനുഭവം കലയിലെന്ന പോലെ തത്വചിന്തയിലുമുണ്ടായിരുന്നു. അറിവിലേക്കുള്ള ചിന്തയുടെ ഈ ആദ്യപടവിനെ ഹെഗല്‍ ഫിനേമിനോളജി ഓഫ് മൈന്റ് എന്ന തന്റെ മാസ്റ്റര്‍ പീസില്‍ വിവരിക്കുന്നുണ്ട്. എവിടെപ്പോയ് എന്റെ കിനാക്കള്‍ വിതച്ചൊരു ഇടിമിന്നല്‍ പൂക്കും വാനം എന്ന് അത്തരം ഒരു മലയാളീ സൌന്ദര്യാനുഭവത്തെ കടമ്മനിട്ട ആവിഷ്കരിക്കുന്നുണ്ട്. വിസി ബാലകൃഷ്ണപ്പണിക്കരുടെ രാത്രിവര്‍ണ്ണന ആദ്യമായി മലയാളത്തില്‍ റൊമാന്റിസത്തിന്റെ ഒരു കോളിറ്ഡിജിയന്‍ ശാഖക്കു തുടക്കമിട്ടു. ജി ശങ്കരക്കുറുപ്പും മലയാളിയുടെ മിസ്റ്റിക് അനുഭവങ്ങളെ ആവിഷ്കരിച്ചു.  സൌന്ദര്യത്തിന്റെ ഏറ്റവും സബ്ളൈം ആയ അനുഭവമായി ടെറര്‍,എഡ്മെണ്ട് ബര്‍ക്കിളിയുടെ തത്വചിന്തയിലും എസ് ടി കോളിറ്്ഡ്ജിന്റെ കവിതകളിലും കണ്ടുമുട്ടുന്നുവെന്ന് ഐജാസ് അഹമ്മദ് എഴുതുന്നു. ജര്‍മ്മന്‍ എസ്പ്രഷണലിസത്തെ സംബന്ധിച്ചിടത്തോളം, ടെറര്‍ കാന്‍വാസില്‍ പിടിച്ചെടുക്കേണ്ട മനുഷ്യന്റെ ഉന്നതഭാവത്തിലുള്ള സൌന്ദര്യാനുഭവമായിരുന്നു. വടക്കന്‍ കേരളത്തിലെ തെയ്യങ്ങളുടെ സങ്കല്‍പങ്ങളിലും നമ്മുടെ കാളീ രൂപങ്ങളിലും ഭീകരത ഒരു മനുഷ്യാനുഭവവും പിന്നെ ഒരു സൌന്ദര്യാനുഭവവും ആയിത്തീരുന്നുണ്ട്. ശിവന്റെ ചുടല താണ്ഡവവും ഭീകരത സൌന്ദര്യമായി മാറുന്ന അപൂര്‍വ്വാനുഭമാണ്. നൃത്തത്തിലും സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും സിനിമയിലും എല്ലാം ടെറര്‍ എന്നത് സൌന്ദര്യാനുഭവമായി പലവട്ടം പല നിലയില്‍ ആവിഷ്കരിച്ചുപോന്നിട്ടുണ്ട്. ആധുനികത, ഭീകരതയെ അതിന്റെ നെഗറ്റീവ് അര്‍ത്ഥത്തിലാണ് മനസ്സിലാക്കിയതെന്ന് ഐജാസ് തുടരുന്നു. അര്‍ത്ഥങ്ങളും പരസ്പര ബന്ധവും നഷ്ടപ്പെട്ട മനുഷ്യാവസ്ഥയായി നീഷേയിലും ഗീര്‍ക്കഗാറിലും ദോവ്സ്തോസ്കിയിലും അതു കടന്നു വന്നു. ആഴമാര്‍ന്ന അനുഭവത്തെ വിശേഷിപ്പിക്കാന്‍ ഭീകരം എന്ന പ്രയോഗം കലയിലും ജീവിതത്തിലും ഉണ്ടായിരുന്നു എന്നര്‍ത്ഥം.

ഗറില്ല യുദ്ധം, വിമോചന പോരാട്ടം, ഭീകരത

 രാഷ്ട്രീയ സൈനിക മണ്ഡലത്തിലാകട്ടെ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ടെറര്‍ എന്ന ആശയം വന്നുചേരുന്നത്. അക്കാലത്ത് ഗറില്ല യുദ്ധം, വാര്‍ ഓഫ് നാഷണല്‍ ലിബറേഷന്‍, ഭീകരത എന്നീ മൂന്നു പ്രയോഗങ്ങള്‍ രംഗത്തു വന്നതായി ഐജാസ് പറയുന്നു. നെപ്പോളിയന്‍ അധിനിവേശത്തിനെതിരെ സ്പാനിഷ് പ്രതിരോധമാണ് ഗറില്ല യുദ്ധം എന്ന പ്രയോഗത്തെ പ്രചാരത്തില്‍ വരുത്തിയത്.  ജര്‍മ്മനിയുടെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ വാര്‍ ഓഫ് നാഷണല്‍ ലിബറേഷന്‍ എന്ന പദം കൊണ്ടുവന്നത് ജര്‍മ്മന്‍ തത്വചിന്തകന്‍ ജെ ജി ഫിഷെ ആണ.് ആധുനികാര്‍ത്ഥത്തിലുള്ള ഭീകരത എന്ന പ്രയോഗം റഷ്യയിലെ സാറിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നാണ് പ്രധാനമായും പ്രചരിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യയിലും പല നിലയില്‍ ഭീകരപ്രവര്‍ത്തനം അരങ്ങേറിയിട്ടുണ്ട്.    ഇത്തരം വിപ്ളവഗ്രൂപ്പുകള്‍ പലതും മതമൌലികതയില്‍ പ്രത്യയശാസ്ത്ര ഊര്‍ജ്ജം കണ്ടെത്തുന്നവയാണ്. ഒരു ഭൌതിക പ്രതിഭാസത്തിന,് തികച്ചും അലൌകികവും മെറ്റാഫിസിക്കലും വിശ്വസത്തിലധിഷ്ഠവുമായ പ്രത്യയശാസ്ത്രാടിത്തറ ലഭിക്കുമ്പോള്‍ അത് സര്‍വ്വാധിപത്യത്തിന്റെ സ്വഭാവവും ഫാസിസത്തിന്റെ സമ്പ്രദായങ്ങളും സ്വീകരിക്കുക സ്വാഭാവികമാണ്.  മതത്തിന്റെ മൌലികവാദപരമായ ഊന്നലിലൂടെ സംഘാംഗങ്ങള്‍ തമ്മില്‍ സൈനികോന്മുഖമായ സോളഡാരിറ്റിയും ഇതുണ്ടാക്കുന്നു. എല്ലാ മതമൌലിക വാദ സംഘടനക്കും സ്വാഭാവികമായി കൈമുതലാകുന്ന സവിശേഷതയാണിത്.
  കൊളോണിയല്‍ അധിനിവേശവും ദേശരാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട് ജ്ഞാനോദയം കുടത്തിലടച്ചു കളഞ്ഞു എന്നു വിശേഷിപ്പിക്കപ്പെട്ട പല ആശയങ്ങളും പ്രവണതകളും സംഘടാരൂപങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും ഇങ്ങനെ ശക്തിയാര്‍ജ്ജിച്ച് തിരിച്ചു വന്നിട്ടുണ്ട്. ഫ്രഞ്ച്-അമേരിക്കന്‍ വിപ്ളവങ്ങളിലൂടെ ശാസ്ത്രചിന്തയും യുക്തിചിന്തയും മതാത്മകതയെ ഏറെക്കുറെ പൂര്‍ണ്ണമായും പിന്നിലാക്കി മുന്നേറിയിരുന്നു. എറിക് ഹോബ്സ്ബോം പരിഗണക്കെടുക്കുന്ന 1789-1848 വരെയുള്ള വിപ്ളവത്തിന്റെ കാലഘട്ടത്തില്‍ യുക്തിയും മതനിരപേക്ഷ ചിന്തയും ശാസ്ത്രീയതയും ഭരണകൂടങ്ങളെയും സിവില്‍ സമൂഹങ്ങളെയും ഒന്നാകെ സ്വാധീനിച്ചു. മതം ഒരു മധ്യകാല പ്രതിഭാസമായി അവഗണിക്കപ്പെട്ടു. മതസ്വാധീനം ഒരു പിന്നോക്കനിലയായി എണ്ണാന്‍ തുടങ്ങി. എന്നാല്‍ യുക്തി വാണ ഈ യുഗം തന്നെ മത നവീകരണ-പുനരുത്ഥാരണ പ്രവണതകളെയും ഗര്‍ഭം ധരിച്ചിരുന്നുവെന്ന് ഹോംബ്ബോം ചൂണ്ടിക്കാണിക്കുന്നു.

ശുദ്ധ ഇസ്ലാം

   കാത്തലിക്-പ്രൊട്ടസ്റ്റ് വിഭാഗങ്ങളുടെ പിടി വിശ്വാസികളില്‍ പൂര്‍ണ്ണമായതോതില്‍ തന്നെ നഷ്ടപ്പെട്ടിരുന്ന കാലത്തുതന്നെയാണ്, വികസിത രാജ്യങ്ങളിലെ കഠിനജീവിത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖനിത്തൊഴിലാളികള്‍ക്കും മുന്നണിപട്ടാളക്കാര്‍ക്കിടയിലും മറ്റും സെക്ടേറിയന്‍ പ്രൊട്ടസ്റ്റനിസം സ്വാധീനമുറപ്പിക്കാന്‍ തുടങ്ങിയത്. 1792 മുതല്‍ 1835 വരെയുള്ള കാലഘട്ടത്തില്‍ നിരവധി പുതിയ മിഷണറി സൊസൈറ്റികള്‍ ഈ സെക്ടിന്റെ സ്വാധീനത്തില്‍  സ്ഥാപിക്കപ്പെട്ടു.   ഇതേകാലത്ത് തന്നെയാണ്, സംഘടിതമായ  മിഷണറി പ്രവര്‍ത്തനത്തിന്റെ അഭാവത്തില്‍ തന്നെ, ഇസ്ലാം ഇന്തോനേഷ്യയിലേക്കും വടക്കു പടിഞ്ഞാറന്‍ ചൈനയിലേക്കും ആഫ്രിക്കയിലേക്കും പുതിയ പാതകള്‍ കണ്ടെത്തിയത്. ആഫ്രിക്കയുടെ അന്തര്‍ഭാഗങ്ങളില്‍ കച്ചവടവുമായി ചെന്ന മുസ്ലിം വ്യാപാരികളാണ് അജ്ഞാതമായികിടന്ന ആ ഭൂവിഭാഗങ്ങളിലെ ജനങ്ങളെ ഇസ്ലാമിനു പരിചയപ്പെടുത്തിയത്. സുഡാനിലെയും സെനഗളിലെയും അര്‍ദ്ധ ഫ്യൂഡല്‍ സൈനിക സമൂഹങ്ങളിലെ ദരിദ്രര്‍ക്ക് ഇസ്ലാം ആകര്‍ഷകമായിത്തോന്നി. പല ഗോത്രവര്‍ഗ്ഗങ്ങളും ഇസ്ലാം ആശ്ളേഷിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ ഇസ്ലാമിക സമൂഹത്തിനകത്തും അതിന്റെ ചിന്താസമുച്ചയത്തിലും പല നിലയിലുള്ള പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും നടന്നു. യൂറോപ്യന്‍ സാമ്രാജ്യത്തിന്റെ വ്യാപനം, തുര്‍ക്കി, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ അപചയം, ചൈനീസ് സാമ്രാജ്യത്തിലെ പ്രതിസന്ധി എന്നിവയാണ് ഇത്തരമൊരു പ്രവണതയ്ക്ക് തുടക്കമിട്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശുദ്ധ ഇസ്ലാം എന്ന ആശയവുമായി വഹാബി പ്രസ്ഥാനം ഉദയം ചെയ്തു. 1814 ഓടെ സൌദി അറേബ്യ വഹാബികളുടെ സ്വാധീനവലയത്തിലായി. ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്കും അതു വ്യാപിച്ചു. വഹാബി ആശയത്തിന്റെ സ്വാധീനത്തിലാണ് അള്‍ജീരിയയില്‍ സിദി മുഹമ്മദ് ബിന്‍ അലി എല്‍ സെനൂസ്സി തന്റെ പ്രസ്ഥാനമാരംഭിച്ചത്. അള്‍ജീരിയയില്‍ അബ്ദുള്‍ ഖാദര്‍ ഫ്രഞ്ച്-റഷ്യന്‍ അധിനിവേശത്തിനെതിരെ ആരംഭിച്ച മത-രാഷ്ട്രീയ പ്രസ്ഥാനമാണ് പില്‍ക്കാലത്ത് മറ്റു സാഹചര്യങ്ങളില്‍ രൂപം കൊണ്ട പാന്‍ ഇസ്ലാമിസത്തിനും റാഡിക്കല്‍ ഇസ്ലാമിനും മുന്‍ഗാമി. പ്രവാചകചര്യയിലേക്ക് മടങ്ങുക മാത്രമല്ല, പാശ്ചാത്യ സങ്കല്‍പനങ്ങളും മൂല്യങ്ങളും സ്വംശീകരിക്കുക എന്നതും ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമായ കാര്യമാണ്. ഇതോടൊപ്പം പല പരിഷ്കരണ-നവീകരണ പ്രസ്ഥാനങ്ങളും നിലവില്‍ വന്നു. 1840കളില്‍ അലി മുഹമ്മദിന്റെ ബാബ് പ്രസ്ഥാനം സ്ത്രീകളെ മൂടിപ്പുതപ്പിക്കുന്നതിനെതിരായ നിലപാട് കൈകൊണ്ടു.

മുസ്ലിംങ്ങളും കമ്മ്യൂണിസവും

  1789 മുതല്‍ 1848 വരെ, വിപ്ളവത്തിന്റെ കാലഘട്ടമായി വിശേഷിപ്പിക്കുമ്പോള്‍ തന്നെ ഇസ്ലാമിക പുനരുത്ഥാന പ്രസ്ഥാനങ്ങളുടെയും കാലഘട്ടമായാണ് ഹോബ്സ്ബോം വിലയിരുത്തുന്നത്. ഇന്ത്യയില്‍ വഹാബി പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ യുപിയിലും പഞ്ചാബ് പ്രവിശ്യയിലും ബ്രിട്ടുഷുകാര്‍ക്കെതിരെ ഖിലാഫത്ത് കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ചില പ്രവ്യശ്യാ ഭാഗങ്ങള്‍ പിടിച്ചെടുത്ത് ഭരണം നടത്തുവാനും ഖിലാഫത്ത് പ്രസ്ഥാനക്കാര്‍ തയ്യാറായി. എന്നാല്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ വഹാബികള്‍ പിടികൂടപ്പെട്ടു. ഗൂഢാലോചകേസുകളില്‍ പലരെയും ശിക്ഷിക്കുകയും  നേതാക്കളില്‍ പ്രധാനികളെ വധിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് പലായനം ചെയ്തവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍ വഴി ആയിടെ ഉദയം ചെയ്ത സോവിയറ്റ് യൂണിയനിലേക്കു യാത്ര തിരിച്ചു. അവര്‍ മുഹാജിറുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവരില്‍ 200 പേര്‍ കാബൂളില്‍ എത്തിച്ചേര്‍ന്നു. അവരില്‍ 30പേര്‍ താഷ്കന്റിലെ കമ്മ്യൂണിസ്റ്റുകളുമായി ബന്ധപ്പെട്ടു. അവരില്‍ 21പേര്‍ കിഴക്കന്‍ മോസ്കേയിലെ യൂണിവേഴ്സിറ്റി ഓഫ് ടോയിലേഴ്സില്‍ മാര്‍ക്സിസം പഠിക്കാന്‍ പോയി. ഇവരാണ് അക്കാലത്ത് മെക്സിക്കന്‍ കമ്മ്യൂണിസ്റ്റുകളെ പ്രതിധീകരിച്ച് റഷ്യയിലെത്തിയിരുന്ന ഇന്ത്യക്കാരനായ വിപ്ളവകാരി എം എന്‍ റോയിയുടെ നേതൃത്വത്തില്‍, കമ്മ്യുണിസ്റ്റ് ഇന്റര്‍നാഷണലിന്റെ പ്രേരണയില്‍, 1920ല്‍ താഷ്കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്.  വിദേശ മണ്ണില്‍ രൂപീകരിച്ച ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെക്രട്ടറി മുഹമ്മദ് ഷഫീഖ്. മോസ്കോവിലും താഷ്കന്റിലും പഠനം നടത്തിയശേഷം മുഹാജിറുകള്‍ കമ്മ്യുണിസ്റ്റ് വിപ്ളവകാരികളായി ഇന്ത്യയിലേക്കു തിരിച്ചു. ഇന്ത്യന്‍ മണ്ണില്‍ കമ്മ്യൂണിസം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ അവരില്‍ പലരും വഴിമധ്യേ അറസ്റ്റു ചെയ്യപ്പെട്ടു. 1922-24ലെ പെഷവാര്‍ ഗൂഢാലോചന കേസില്‍ കുടുക്കി പലരും ജയിലിലായി. മുഹമ്മദ് ഷഫീഖിനെ കൂടാതെ ഫിറോസുദ്ദീന്‍ മന്‍സൂര്‍, അബ്ദുല്‍ മജീദ്, റഫീഖ് അഹമ്മദ്, ഷൌക്കത്ത് ഉസ്മാനി, ഫസല്‍ ഇലാഹി ഖുര്‍ബാന്‍, അബ്ദുല്‍ വാരിസ്, അക്ബര്‍ ഷാ എന്നിവരും ഇപ്രകാരം ജയിലിലടക്കപ്പെട്ട ഇന്ത്യയിലെ ആദ്യകാല കമ്മ്യുണിസ്റ്റുകാരില്‍ പെടുന്നു.
   മുസ്ലിംങ്ങള്‍ ഭൂരിപക്ഷമുള്ള പല നാടുകളിലും കമ്മ്യൂണിസ്റ്റ് ഇന്റനാഷണലിന്റെ മാര്‍ഗ്ഗനിര്‍േദ്ദശത്തില്‍ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ കമ്മ്യൂണിസ്സ് പാര്‍ടികള്‍ക്കു രൂപം നല്‍കി. റഷ്യന്‍ വിപ്ളവത്തെ തുടര്‍ന്ന് കൊളോണിയല്‍ വിരുദ്ധ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ എങ്ങും ശക്തിപ്പെട്ടു. പല വിമോചിത ദേശ-രാഷ്ട്രങ്ങളും രൂപീകരിക്കപ്പെട്ടു. ഇങ്ങനെ രൂപപ്പെട്ട മുസ്ലിം രാഷ്ട്രങ്ങളിലൊക്കെ ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ സെക്കുലര്‍വല്‍ക്കരണം നടന്നു. തുര്‍ക്കിയും ഈജ്പ്തും ഇറാഖുമെല്ലാം സെക്കുലര്‍വല്‍ക്കരണം ഭരണകൂടത്തിലും സിവില്‍ സമൂഹത്തിലും നിര്‍ബന്ധിച്ചു പോലും നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ മല്‍സരിച്ചു. ഈ രാജ്യങ്ങളിലെല്ലാം സുശക്തമായ കമ്മ്യുണിസ്റ്റ് പാര്‍ടിയും നിലവില്‍ വന്നു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇന്തോനേഷ്യയിലായിരുന്നു ഏഷ്യയിലെ ഏറ്റവും സുശക്തമായ കമ്മ്യുണിസ്റ്റ് പാര്‍ടി. തുര്‍ക്കിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി ബുദ്ധിജീവികള്‍ക്കും കലാകാരന്മാര്‍ക്കും ജന്മം നല്‍കി. അല്‍മാസ് ഗുനേയുടെ ചലച്ചിത്രങ്ങള്‍, തുര്‍ക്കിയുടെ മുതലാളിത്തവല്‍ക്കരണ പ്രക്രിയ മാര്‍ക്സ് മൂലധനത്തില്‍ വരച്ചുകാട്ടുന്ന മിഴിവോടെയും വികാരോജ്ജ്ലമായും ചിത്രീകരിച്ചു. ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഗുനേയുടെ ചലച്ചിത്രങ്ങള്‍ക്കായി ആസ്വാദകര്‍ കാത്തിരുന്നു. കല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ ചലച്ചിത്രോത്സവത്തില്‍ ഗുനേയുടെ ചിത്രം പ്രദര്‍ശിപ്പിച്ച അനുഭവം മലയാളത്തിലേക്ക് ആദ്യമായി ചലച്ചിത്രോസ്വം റിപ്പോര്‍ട്ട് ചെയ്ത നോലിസ്റ്റ് സിവി ബാലകൃഷ്ണന്‍ ഒരിക്കല്‍ ഈ ലേഖകനോടു പറയുകയുണ്ടായി. ഇറാനിലും കമ്മ്യൂണിസ്റ്റ് പാര്‍ടി ശക്മായ സാന്നിധ്യമായി. അമേരിക്കന്‍ പാവ ഭരണകൂടമായിരുന്ന ഷാ ഭരണകൂടത്തിനെതിരെ ഇസ്ലാമിക വിപ്ളവകാരികളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടിയും രംഗത്തിറങ്ങി. ഇറാന്‍ ജയിലുകളില്‍ അക്കലാത്ത് വിപ്ളവപ്രവര്‍ത്തന കുറ്റം ചാര്‍ത്തി അടയ്ക്കപ്പെട്ട് വധശിക്ഷയില്‍ നിന്ന് തലനാരിഴക്ക് റക്ഷപ്പെട്ട വിഖ്യത ചലച്ചത്രകാരന്‍ മക്ബല്‍ ബഫ് ഇക്കാര്യം ഒരിക്കല്‍ തിരുവനന്തപുരത്തെ ഒരു കൂടിക്കാഴ്ചയില്‍ ഞങ്ങളോടു പങ്കുവെയ്ക്കുകയുണ്ടായി. ജയിലിലെ രാഷ്ട്രീയ തടവുകാരില്‍ അമ്പതു ശതമാനവും കമ്യൂണിസ്റ്റുകാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രശസ്തമായ പല ചിത്രങ്ങളും ഇറാന്‍ വിപ്ളവത്തിന്റെ ഈ ചരിത്രം ആവിഷ്കരിക്കുന്നതാണ്. എന്നാല്‍ ഇറാനില്‍ ഷാവിരുദ്ധ വിപ്ളവം വിജയിച്ചതോടെ പാശ്ചാത്യവിരുദ്ധതയുടെ പേരില്‍ മതമൌലിക വാദമാണ് നടമാടിയത്.  ഇസ്ലാമിക പൌരോഹിത്യം ഖൊമേനിയുടെ പുതിയ തരത്തിലുള്ള ഭാഷ സംസാരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ടിയെ ഇറാനില്‍ അടിച്ചമര്‍ത്തി. മുന്‍സൂചിചിപ്പിച്ച വഹാബി പ്രസ്ഥാനത്തില്‍ തുലോം വ്യത്യസ്തവും തികച്ചും ആധുനികവുമായ  ഇസ്ലാമിസത്തിന്റെ ആശയങ്ങള്‍ക്ക് വിപ്ളവവിജയത്തോടെ സാധൂകരണവും പ്രചാരവും സിദ്ധിച്ചു. പ്രവാചകനേക്കാളും അള്ളാഹുവിനേക്കാളും ഖൊമേനിയില്‍ ആവേശമുള്‍ക്കൊണ്ടവരായിരുന്നു നമ്മുടെ പുകള്‍പ്പെറ്റ സിമിയും ഉപഭൂഖണ്ഡത്തിലെ മറ്റ് ഇസ്ലാമിക മതമൌലിക വാദ പ്രസ്ഥാനങ്ങളും. അഫ്ഗാനിസ്ഥാനിലെ കമ്മ്യുണിസ്റ്റ് സ്വാധീനത്തെ തകര്‍ക്കാന്‍ അമേരിക്ക ഇസ്ലാമിന്റെ ഈ ആധുനിക ഫണ്ടമെന്റലിസ്റ്റ് രൂപത്തെയാണ് ഉപയോഗിച്ചത്.

ഖുത്തുബും മൌദൂദിയും ലാദനും

     ഈജിപ്ഷ്യന്‍ ചിന്തകനായ സെയ്യിദ് ഖുത്തുബും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്‍പറ്റിയ പാക്കിസ്ഥാന്‍കാരന്‍ സയ്യിദ് മൌലാനാ മൌദൂദിയുമാണ് ആഗോളവല്‍ക്കരണ കാലത്തെ ഇസ്ലാമിക ഫണ്ടമെന്റലിസത്തിന് താത്വികമായ പിന്തുണയും വ്യഖ്യാനവും നല്‍കിയതില്‍ പ്രമുഖര്‍. യഥാര്‍ത്ഥത്തില്‍ ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ മധ്യകാലത്തെ മതവിശ്വാസത്തിലെ മിസ്റ്റിക് അുനഭവത്തിന്റെ ഊര്‍ജ്ജത്തില്‍ നിന്നല്ല പിറവികൊണ്ടത്. ഖുത്തുബിന്റെ പല ആശയങ്ങളും യൂറോപ്പിലെ അരാജകവാദത്തിന്റെയും വരേണ്യരുടെ ഇടയില്‍ പ്രചാരം നേടിയ കാല്‍പനികതയിലും  വേരുകളുള്ളതായിരുന്നു. വളരെ ആധുനികവും പാശ്ചാത്യവുമായ ജീവിതപരിചയത്തില്‍ നിന്നു തന്നെയാണ് ഈ സ്വാംശീകരണം നടന്നത്.  ഭരണാധികാരികളില്ലാത്ത ഒരു ലോകത്തിനായുള്ള വിപ്ളവ മുന്നണിപ്പോരാളി എന്ന ആശയം ഇസ്ലാമില്‍ നിന്നല്ല, യൂറോപ്യന്‍ റാഡിക്കല്‍ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് സയ്യിദ് ഖുത്തുബ് സ്വീകരിച്ചത്. ഇസ്ലാമിക ഭരണത്തെപ്പറ്റിയുള്ള ക്ളാസിക്കല്‍-പരമ്പരാഗത ആശയത്തേക്കാള്‍ ഒരു കൂട്ടര്‍ക്ക് മറ്റൊരു കൂട്ടരുടെ മേല്‍ ആധിപത്യം നല്‍കുന്ന എല്ലാ വ്യവസ്ഥകളും നിര്‍മ്മാജ്ജനം ചെയ്യണം എന്ന ഖുത്തുബിന്റെ ആശയം ഫ്രാന്‍സിലെ ജാക്കബിനിസത്തില്‍ നിന്ന് കടം കൊണ്ടതാണെന്ന് മാലിസ് റൂത്ത്വെന്‍ ചൂണ്ടിക്കാണിക്കുന്നത് ജോണ്‍ ഗ്രെ അല്‍ക്വയ്ദയെക്കുറിച്ച് എഴുതിയ സവിശേഷമായ പുസ്തകത്തില്‍ ഉദ്ധരിക്കുന്നു. വിപ്ളവ മുന്നണിപ്പോരാളി എന്ന ആശയവും ഖുത്തുബിനു ലഭിച്ചത് ഇസ്ലാമില്‍ നിന്നല്ല, അത് യൂറോപ്പില്‍ നിന്നുള്ള ഇറക്കുമതിയാണ്. ഖുര്‍ആനോടുള്ള ഖുത്തുബിന്റെ സമീപനവും, അത് സത്യവചനങ്ങളുടെ പരിശുദ്ധ ഗ്രന്ഥമായല്ല, ഒരു കലാസൃഷ്ടി എന്ന നിലയിലാണ്. ഖുത്തുബിനെസംബന്ധിച്ചിടത്തോളം വിശ്വാസം വ്യക്തിസത്തയുടെ പ്രകാശനം മാത്രമാണ്. തികച്ചും യുകതിവാദത്തിലും പോസിറ്റിവിസ്റ്റ് ചിന്തയിലും അധിഷ്ഠിതമായ ഒന്ന്. ആത്യന്തികമായി അതു മുതലാളിത്ത യുക്തിചിന്ത തന്നെയാണെന്നു കാണാം. പോസ്റ്റ് കാന്റിയന്‍ ലിബറല്‍ വ്യക്തിവാദമാണ് ഖുത്തുബ് സ്വീകരിച്ചത് എന്ന് ബിന്ദര്‍ അതിനെക്കുറിച്ച് പറയുന്നുവെന്ന് ജോണ്‍ ഗ്രെ തുടരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ റൊമാന്റിസസത്തിന്റെ പൈതൃകമാണ്. കൊളോണിയല്‍ നാടുകളിലെ വരേണ്യവൃന്ദം സ്വംശീകരിച്ച ആശയമായിരുന്നു അത്.

സാമ്രാജ്യത്വത്തിന്റെ ഏജന്റ് ക്ളാസ്

   റാഡിക്കല്‍ ഇസ്ലാമിന്റെ ബൌദ്ധിക വേരുകള്‍ യൂറോപ്യന്‍ ജ്ഞാനോദയത്തിനെതിരെ ഉയര്‍ന്ന പ്രവണതകളിലാണ കുടികൊള്ളുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ജ്ഞാനോദയത്തിനെതിരെ ഒരു സംശയഗ്രസ്ഥ ചിന്ത ഉദയം ചെയ്തിരുന്നു. യുക്തിയെ പൂര്‍ണ്ണമായി നിരസിച്ച ഡേവിഡ് ഹ്യൂം, യുക്തിപൂര്‍വ്വമായ അന്വേഷണത്തെ തിരസ്കരിച്ച ജെ ജി ഹാമ്മന്‍,  കര്‍തൃത്വത്തിന്റെ പ്രകാശനമായി മതവിശ്വാസത്തെ ന്യായീകരിച്ച കീര്‍ക്കഗാറിന്റെ പില്‍ക്കാല ചിന്ത, സാര്‍വ്വലൌകിക നാഗരികത എന്ന ആശയത്തെ തിരസ്കരിച്ച ജെ ജി ഹെര്‍ഡര്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫിഷെയും നീത്ചെയും എല്ലാം അരാജകവാദ ചിന്തയുടെ പ്രചാരകരായിരുന്നു. യുക്തിക്കുമേല്‍ നീത്ഷേ ഇഛ്ഛയെ പകരം വെച്ചു. സയ്യിദ് ഖുത്തുബിന്റെ ജയിലില്‍ നിന്നുള്ള ഖുര്‍ആനിക സാഹിത്യവും മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനവും എല്ലാം ഇസ്ലാമിക സ്രോതസ്സുകളേക്കാള്‍ യൂറോപ്യന്‍ അനാര്‍ക്കിസത്തിന്റെയും ജര്‍മ്മന്‍ റൊമാന്റിസത്തിന്റെയും സ്വാധീനമുള്ള ആധുനിക ദേശ-രാഷട്ര സങ്കല്‍പങ്ങളുടെ പശ്ചാത്തലമുള്ള മുതലാളിത്ത സമ്പ്രദായത്തിലുള്ള ഖുര്‍ആന്‍ വായനയായിരുന്നു ആ വ്യാഖ്യാനങ്ങളിലെ ദൈവസങ്കല്‍പത്തിലെ പരിമിതിയെ തിരിച്ചറിയുന്ന ആര്‍ക്കും ഇതു മനസ്സിലാകും. എന്തിനെതിരായാണോ അത് നിലകൊണ്ടത് അതിന്റെ തന്നെ സ്രോതസ്സുകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് അതിന്റെതന്നെ നിലനില്‍പിനെ ശക്തിപ്പെടുത്തുന്ന പ്രസ്ഥാനമായി റാഡിക്കല്‍ ഇസ്ലാമും അതിന്‍െ തണലിലുള്ള മതഭീകര പ്രസ്ഥാനവും വര്‍ത്തിക്കുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആത്യന്തിക ഫലം സാമ്രാജ്യത്വത്തിനെതിരെയുള്ള യഥാര്‍ത്ഥ സമരങ്ങളുടെ ധാര്‍മ്മികതയെ അതു നശിപ്പിക്കുന്നു എന്നതാണ്. സാമ്രാജ്യത്വത്തെ അരക്കിട്ടുറപ്പിക്കുന്ന, സാമ്രാജ്യത്വ ശക്തികളുടെ ജനാധിപത്യപരമായ വാചകമടിയെപ്പോലും മാറ്റിവെപ്പിക്കാന്‍ സന്നദ്ധത നല്‍കുന്ന ഒരു  ഏജന്റ് ക്ളാസ് ആയി ഇസ്ലാമിക മതമൌലികവാദം മാറുകയും ചെയ്യുന്നു. ബ്രാഹ്മാണാധിപത്യത്തിന്റെ ഏജന്റ് ക്ളാസ് ആയി റോബര്‍ട് ജെഫ്രി വിശേഷിപ്പിക്കുന്ന തിരുവിതാംകൂറിലെ വരേണ്യ നായര്‍വൃന്ദം, അവിടെ ചാതുര്‍വര്‍ണ്യം നിലനിര്‍ത്തിപ്പോരുന്നതില്‍ വഹിച്ച പങ്കിനു സമാനമാണ്, ഇന്ന് സാമ്രാജ്യത്വത്തിന്റെ കാര്യത്തില്‍ റാഡിക്കല്‍ ഇസ്ലാം നിര്‍വ്വഹിക്കുന്നത് എന്നര്‍ത്ഥം. കാരണം മുതലാളിത്ത യുക്തി എക്കാലത്തും പ്രവര്‍ത്തിക്കുന്ന വിപരീത ദ്വന്ദങ്ങളെ സാധ്യമാക്കിക്കൊണ്ടാണ.് അങ്ങിനെ ഇസ്ലാമിക മതമൌലികവാദം സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പിനും സാമ്രാജ്യത്വം ഇസ്ലാമിക മതമൌലികവാദത്തിനും സാധൂകരണമായിത്തീരുന്നു.  സാമ്രാജ്യത്വവുമായി അവസരവാദപരമായ കൂട്ടുകെട്ടിന് റാഡിക്കല്‍ ഇസ്ലാം ഒരു കാലത്തും മടിച്ചിട്ടില്ല. തങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുമ്പോഴാട്ടെ അവര്‍ വീറുറ്റ സാമ്രാജ്യത്വവിരോധികളായിത്തീരുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളുടെയും ബുദ്ധിജീവികളുടെയും  പൊതുവെ ഇടതുപക്ഷത്തിന്റെയും സാമ്രാജ്യത്വ വിരോധത്തില്‍ നിന്ന് ഇസ്ലാമിക റാഡിക്കലുകളുടെ സാമ്രാജ്യത്വ വിരുദ്ധത വ്യത്യസ്തമാകുന്നതും ഈ അവസരവാദ സമീപനം കൊണ്ടുതന്നെ.
  അല്‍ഖ്വയ്ദയുടെ നേതാവായ ബിന്‍ ലാദനും ഖുത്തുബിനെപ്പോലെ പടിഞ്ഞാറന്‍ ആനന്ദവാദത്തിന്റെ ഉള്ളുപൊള്ളയായ നിലനില്‍പ്പിനോട് പ്രതികരിച്ചുകൊണ്ടാണ് രംഗത്തുവന്നത്. എല്ലാ മതമൌലിക വാദത്തിനും ആധുനികതയുടെയും പാശ്ചാത്യ ഭ്രമത്തിന്റെയും ഒരു മുന്‍ജന്മമുണ്ട്. ലെബണിലെ തന്റെ ആധുനികവും സെക്കുലറുമായ ജീവിതം പിന്നിട്ട് അറേബ്യയില്‍ തിരിച്ചെത്തിയ ലാദന്‍ അവിടെ ഇസ്ലാമിന്റെ ഒരു പ്രത്യേക ഇനത്തെ ആശ്ളേഷിക്കുന്നതാണു നാം കാണുന്നത്. അദ്ദേഹം, റാഡിക്കല്‍ ഇസ്ലാമിന്റെ ബുദ്ധിജീവിയായല്ല, സംഘാടകന്‍, തന്ത്രജ്ഞന്‍ എന്ന നിലയിലാണ് അയാള്‍ പ്രവര്‍ത്തിച്ചത്. ഗുണരത്ന ചൂണ്ടിക്കാണിക്കും പോലെ, ബിന്‍ ലാദന്‍ ഒരു മൌലിക ചിന്തകനായിരുന്നില്ല. മറിച്ച് ഒരു അവസരവാദിയായിരുന്നു. ഹദയം കൊണ്ട് ഒരു ബിസിനസ്സുകാരന്‍. ലാദന്റെ ആശയങ്ങളെ കാര്യമായി സ്വാധീനിച്ചത് 1987-8ല്‍  ജോര്‍ദ്ദാനിയനായ പലസ്തീനിയന്‍ ഡോക്ടര്‍ അബ്ദുള്ള അസ്സം ആയിരുന്നു. ആധുനികാര്‍ത്ഥത്തിലുള്ള ഇസ്ലാമിക ജിഹാദിന്റെ വക്താവായിരുന്നു അദ്ദേഹം. പലസ്തീന്‍ പ്രസ്ഥാനത്തിന്റെ സെക്കുലര്‍ പ്രതിഛായയയെ ഏറെ അപകടപ്പെടുത്തിയ ഹമാസിന്റെ സ്ഥാപകനായിരുന്നു അസ്സം. അഫ്ഗാനില്‍ മുജാഹിദീനുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ ചോറ്റുപട്ടാളത്തെ സഹായിക്കാന്‍ അസ്സം, ബിന്‍ ലാദനോടൊത്ത്  അഫ്ഗാന്‍ സര്‍വ്വീസ് ബ്യൂറോ തുടങ്ങി. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സാന്നിധ്യത്തിനെതിരെ അമേരിക്കയെ സഹായിച്ച രണ്ടു മുഖ്യ വ്യക്തികള്‍ ഇവര്‍ രണ്ടുപേരുമായിരുന്നു. 1979ല്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചതോടെ ലാദന്‍ സൌദി അറേബ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കു പോയി അവിടെ പ്രവര്‍ത്തനനിരതരായിരുന്ന സോവിയറ്റ് വിരുദ്ധ കമാന്റോകളുടെ കൂടെ ചേര്‍ന്നു. വിവിധ രാഷ്ട്രങ്ങള്‍ സോവിയറ്റ് ആധിപത്യത്തിനെതിരെ, സിഐഎക്കു കീഴില്‍ സംഘടിച്ച ഒരു ബഹുരാഷ്ട്ര സംഘടനയായിരുന്നു മുജാഹിദീന്‍. അസ്സമിന്റെ താത്വികാചാര്യനും ഖുത്തുബ് തന്നെയായിരുന്നു. വിപ്ളവ മുന്നണിപ്പോരാളി എന്ന് ഖുത്തുബും അസ്സമും ബിന്‍ലാദനും പ്രയോഗിക്കുന്ന സംജ്ഞ യഥാര്‍ത്ഥത്തില്‍ ഇസ്ലാമികം എന്നതിനേക്കാള്‍ ബോള്‍ഷെവിക് ആശയമായിരുന്നു. ബോള്‍ഷവിസത്തിനെതിരെ ബോള്‍ഷെവിസത്തിന്റെ തന്നെ ആശയങ്ങള്‍ മതാപസ്മാരത്തിന്റെ പ്രത്യയശാസ്ത്രം കലര്‍ത്തി ഉപയോഗിക്കാന്‍ അമേരിക്കയും സിഐഎയും പ്രയോഗിച്ച തന്ത്രങ്ങളുടെ വാഹകരും പ്രചാരകരും ചോറ്റുപട്ടാളവുമായി മാറുകയായിരുന്നു ഇസ്ലാമിക റാഡിക്കലിസം എന്നര്‍ത്ഥം.
  അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ലാദന്റെ അടുത്ത സുഹൃത്തായിരുന്ന മുല്ല ഉമറിലൂടെ വ്യാപരിക്കപ്പെട്ടു. 2000 മാര്‍ച്ചില്‍ ചരിത്രപ്രസിദ്ധമായ ബാമിയാന്‍ ബുദ്ധ പ്രതിമകളെ ലാദന്റെ നിര്‍ദ്ദേശത്തില്‍ താലിബാന്‍ ഭരണകൂടം തച്ചുതകര്‍ത്തു. ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു തുല്യമായിരുന്നു ഈ സംഭവം. വിഗ്രഹപൂജയെ എതിര്‍ക്കുന്നതിന്റെ പേരില്‍ കഅബാ ദേവാലയത്തെയും ലാദനും സംഘവും തകര്‍ക്കാന്‍ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല. നമ്മുടെ എന്‍ഡിഎഫ് കുഞ്ഞാടുകള്‍ ലാദനയുെം താലിബാനെയും അനുകരിച്ച് നേര്‍ച്ചകളെ നിരോധിക്കാനും തങ്ങളുപ്പൂപ്പമാരെ കൊല്ലാനും പെണ്ണുങ്ങളെ മൊട്ടയടിക്കാനുമൊക്കെ തുടങ്ങിയതും ഇതിന്റെയെല്ലാം പ്രചാരണത്തിലടിമപ്പെട്ടാവണം. ഇസ്ലാമിലെ ശിയാ-സുന്നി പാരമ്പര്യങ്ങളെ അതിന്റെ വൈരുദ്ധ്യാത്മകയില്‍ മനസ്സിലാക്കുമ്പോഴേ  ഇസ്ലാമിക ദര്‍ശനത്തിന്റെ മഹത്വവും സൌന്ദര്യവും തിരിച്ചറിയപ്പെടുകയുള്ളൂ എന്ന പാഠം ഇന്നത്തെ ഇസ്ലാമിന് അന്യമായ ഒന്നാണ്. മതസംരക്ഷണത്തിന്റെ പേരില്‍ സ്വന്തം മതത്തിനെതിരെത്തന്നെ വാളെടുക്കുകയാണ്  മതമൌലിക വാദികള്‍ ചെയ്യുന്നത്.

സാമ്രാജ്യത്വത്തിന്റെ തൊണ്ണൂറുകളുടെ യുദ്ധമുഖം

  അല്‍ഖ്വയ്ദ സമ്പദ്ഘടന കൂട്ടകുടുംബം മോഡലിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഹവാല എന്ന അനൌപചാരിക ബാങ്കിങ്ക് സമ്പ്രദായം വഴിയാണ് അതു പ്രവര്‍ത്തിക്കുന്നത്. അതിന് ആഗോളമായി സാന്നിധ്യമുണ്ട്. സ്കോട്ടിഷ് കാപ്പിറ്റലിസത്തിന്റെ മാതൃകയിലുള്ള കുടുംബ സ്വഭാവത്തിലുള്ള നെറ്റ്വര്‍ക്ക് അതിന് മധ്യകാല മൂല്യ പ്രതീതി നല്‍കുന്നു.  യുദ്ധ സമ്പ്രദായത്തിന്റെ തൊണ്ണൂറുകളിലെ മാറിയ മുഖത്തെയും അല്‍ഖ്വയ്ദ പ്രതിനിധീകരിക്കുന്നത്. നെപ്പോളിയാനിക് യുദ്ധങ്ങള്‍ അവസാനിച്ചതോടെ ഇനിമേല്‍ രാഷ്ട്രങ്ങള്‍ തമ്മിലാണ് യുദ്ധങ്ങള്‍ ഉണ്ടാകുക എന്ന സിദ്ധാന്തം പലരും മുന്നോട്ടു വെയ്ക്കപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വരെ യുദ്ധസമ്പ്രദായം ഈ വിധത്തിലായിരുന്നുതാനും. എന്നാല്‍ തൊണ്ണൂറുകളില്‍ പുതിയ ഒരു യുദ്ധരീതി നിലവില്‍ വന്നു. സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ പ്രതേക യുദ്ധ മേഖലകള്‍ സൃഷ്ടിക്കയും നിലനിര്‍ത്തുകയും ചെയ്യുവാനുള്ള ആസൂത്രണങ്ങള്‍ നടന്നു. തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം അമേരിക്കക്ക് പെട്ടൊന്ന് ഇടപെടാന്‍ കഴിയും വിധം ഇത്തരം യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും മേഖലകളെ ഒരുക്കി നിര്‍ത്തി. മധ്യേഷ്യയും ബാല്‍ക്കന്‍ പ്രദേശവും കാശ്മീരും അഫ്ഗാനിസ്ഥാനും ഇത്തരം സംഘര്‍സ്ഥലികളായി നിലനിര്‍ത്തപ്പെടുന്നു. ഇവിടെ ഭരണകൂടങ്ങള്‍ നേരിട്ടല്ല, രാഷ്ട്രീയ പാര്‍ടികളും അവ്യവസ്ഥ സ്വഭാവുമുള്ള മില്യഷ്യയും നുഴഞ്ഞുകയറ്റക്കാരായ കൂലിപ്പട്ടാളവും ഗറില്ലകളും ഫണ്ടമെന്റലിസ്റ്റ് നെറ്റ്വര്‍ക്കുകളുമാണ് യുദ്ധഭൂമിയെ അതായി നിലനിര്‍ത്തുന്നത്. ഗള്‍ഫ്, അഫ്ഗാന്‍ യുദ്ധങ്ങളെപ്പോലുള്ള ഭരണകൂടം നേരിട്ട്  നേതൃത്വം നല്‍കുന്ന യുദ്ധങ്ങള്‍ ഇല്ല എന്നല്ല. അതും ഒരു ഭാഗത്തുണ്ട്. ഗവര്‍മെണ്ട് ഉദ്യേഗസ്ഥരെയും സിവിലിയന്‍ ജനതയെയും ആക്രമിക്കുന്ന സാമ്പ്രദായികേതര യുദ്ധരീതികള്‍ വിയറ്റ്നാമിലും അംഗോളയിലും മലയിയിലും വടക്കന്‍ ഐര്‍ലന്റിലും ബാസ്ക് രാജ്യത്തും ശ്രീലങ്കയിലും ഇസ്രായേലിലും അള്‍ജീരിയയിലും മറ്റിടങ്ങളിലും പ്രയോഗിച്ചു പോന്നിട്ടുണ്ട്.
    എന്നാല്‍ തൊണ്ണൂറുകളില്‍ യുദ്ധങ്ങള്‍ക്ക് സംഭവിച്ച സവിശേഷത അവ നടക്കുന്നത് ശിഥീലകണം സംഭവിക്കുകയും പരാജയപ്പെടുകയും ചെയ്ത  ദേശ-രാഷ്ട്രങ്ങളിലാണ് എന്നതാണ്. ആഫ്രിക്ക, കമ്മ്യൂണിസ്റ്റ് അനന്തര റഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, കൊളംബിയ, ഹെയ്ത്തി, ബോസ്നിയ, കൊസാവോ, ചെച്നിയ, അല്‍ബേനിയ എന്നിവടങ്ങളിലൊന്നും ഇന്ന് ആധുനിക രാഷ്ട്രത്തിന്റെ ഘടന ഇല്ല. ഇവിടെ സിവില്‍ യുദ്ധങ്ങള്‍ ഭരണകൂടങ്ങളുടെ ശക്തി ചോര്‍ത്തി കളഞ്ഞിരിക്കുന്നു. ഇത്തരം അര്‍ദ്ധ അരാജകാവസ്ഥയില്‍ ആയുധമേന്തിയ സംഘങ്ങള്‍ വിഹരിക്കുന്നു. ഇത്തരം സ്ഥലങ്ങളിലാണ് അല്‍ ഖ്വയ്ദ പോലുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ മണ്ണു കണ്ടെത്തുന്നത്. പരാജയപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ദുര്‍ബലമായ ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലേക്ക് അത് പ്രവേശിക്കുന്നു. മൂലധനം ആഗോളമായതുപോലെ കുറ്റകൃത്യവും ആഗോളമായിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ   നൈസിക-വ്യവസായിക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ക്ക് തൊഴിലില്ലാതായത് ഈ ക്രിമിനല്‍ സമ്പദ്ഘടനക്ക് വലിയ നിലയില്‍ സാങ്കേതിക സഹായകമായി വര്‍ത്തിക്കുന്നു.     കാള്‍ ക്രൌസ് മന:ശാസ്ത്ര വിശകലനത്തെക്കുറിച്ച് പറയുമ്പോലെ, റാഡിക്കല്‍ ഇസ്ലാം,  അത് പരിഹരിക്കാന്‍ ശ്രമിക്കുന്നു  എന്നു നടിക്കുന്ന രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണെന്ന്  ജോണ്‍ ഗ്രെ പറയുന്നു. ഈ രോഗലക്ഷണത്തെ ചികിത്സിക്കുന്നതിലൂടെ മാത്രമേ ഇസ്ലാമിക ദര്‍ശനത്തിനും ഇസ്ലാമിക വിശ്വാസികള്‍ക്കും ലോകത്തിനു മുമ്പില്‍ ഇനിമേല്‍ തലയുയര്‍ത്തി നില്‍ക്കാനാവൂ എന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാണ് നമ്മുടെ കാലത്തെ ദുരന്തങ്ങളിലൊന്ന്. ഇത്തരം പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന മുസ്ലിം കര്‍തൃത്വങ്ങളെയും അവരുടെ ചെയ്തികളെയും അതിനുപിന്നിലെ  പ്രചോദനങ്ങളെയും ചിന്താസരണിയെയും മന:ശാസ്ത്രവിശകലനത്തിന്റെ രീതികള്‍ ഉപയോഗിച്ച് മാത്രമേ വിലയിരുത്താനാവൂ. മതമൌലിക വാദിയുടെ ഈ മനോഘടനയെ ചെക്കോസ്ളാവാക്യന്‍ ചിന്തനും മന:ശാസ്ത്ര വിശാരദനുമായ സ്ളാവോജ് ഷിഷെക്  ലകാന്റെ ആശയങ്ങള്‍  പരിചയപ്പെടുത്തുന്ന തന്റെ ഗ്രന്ഥത്തിലെ അവസാന അധ്യായത്തില്‍ വിശകലനം ചെയ്യുന്നത് ഏറെ ശ്രദ്ധാര്‍ഹമാണ്. 2004 നവംബര്‍ 2ന് ഡച്ച് ഡോക്യുമെന്റി സംവിധാകന്‍ തിയോ വാന്‍ഗോഗിന്റെ വധിച്ച ഇസ്ലാമിക തീവ്രവാദി മുഹമ്മദ് ബൊയേരി തിയോയുടെ വയറില്‍ കത്തികയറ്റിയ ദ്വാരത്തില്‍ തിരുകിവെച്ച, തിയോയുടെ സുഹൃത്തും ഫെമിനിസ്റ്റുമായ ഹിര്‍ ഷി അലിയെ സംബോധന ചെയ്ത് എഴുതിവെച്ച കത്തിനെയാണ് ഷിഷെക് വിശകലനം ചെയ്യുന്നത്.   


അവലംബം

സഹീഹുല്‍ ബുഖാരി, ഹദീസ് ഗ്രന്ഥം, തര്‍ജുമ്മ: സി എന്‍ അഹമ്മദ് മൌലവി, നാഷണല്‍ ബുക്ട്രസ്റ്റ്

ഫ്രാന്‍സിസ് ഡി ഗോയ, ലൈഫ് ആന്റ് വര്‍ക്, എല്‍കെ ലിന്‍ഡ ബുച്ചോല്‍സ്, കോണ്‍മാന്‍

ഡോ. ടി കെ രാമചന്ദ്രന്‍, സാംസ്കാരിക വിമര്‍ശനം തത്വചിന്താപരമായ ഒരു ആമുഖ സംരഭം, എഡി. രവീന്ദ്രന്‍, നിള പബ്ളിഷേഴ്സ്.

ഐജാസ് അഹമ്മദ്, ടെറര്‍, വാര്‍, കള്‍ച്ചര്‍, ദക്ഷിണ കൊറിയയില്‍െ യുവ കലാകാരന്മാരുടെ ജേര്‍ണലിനു വേണ്ടി എഴുതിയത്.

എറിക് ഹോബ്സ്ബോം, ഏജ് ഓഫ് റിവല്യൂഷന്‍, 1789-1848,  വിന്റേജ് ബുക്സ്, ന്യൂയോര്‍ക്ക്.

കെ ദാമോദരന്‍, ഭാരതീയ ചിന്ത, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ആമുഖം, ഡോക്യൂമെന്റ് ഓഫ് ദ കമ്മ്യുണിസ്റ്റ് മൂവ്മെന്റ് ഇന്‍ ഇന്ത്യ, വാല്യം ഒന്ന്, 1917-1928. നാഷണല്‍ ബുക് ഏജന്‍സി, കല്‍ക്കത്ത.

ജോണ്‍ ഗ്രെ, അല്‍ ഖ്വയ്ദ ആന്റ് വാട്ട് ഇറ്റ് മെന്റ് റ്റു ബി മോഡേണ്‍, ഫേബര്‍ ആന്റ് ഫേബര്‍..

സ്ളാവോജ് ഷിഷെക്ക്, ഹൌ റ്റു റീഡ് ലകാന്‍. ദ പെര്‍വേഴ്സ് സബ്ജെക്ട് ഓഫ് പൊളിറ്റിക്സ്: ലകാന്‍ ആസ് എ റീഡര്‍ ഓഫ് മുഹമ്മദ് ബൊയേരി.
ഗുരുവായൂരപ്പന്‍ മാഗസിന്‍ എഡിറ്റര്‍ക്ക് ഒരു കത്ത്.....


കളങ്കം പുരളാത്ത ഒരു വാക്ക്, ഒരു നോട്ടം

പി പി ഷാനവാസ്

താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കുന്നതിനുമുമ്പ്, അതിനുള്ള എന്റെ ആധികാരികതയെക്കുറിച്ച് അല്‍പം സ്വകാര്യം പറയാം.

സ്റ്റുഡന്റിന്റെ സുവര്‍ണ്ണകാലം

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ആരംഭിച്ചത്, ബിരുദപഠന കാലത്ത,് എസ്എഫ്ഐയുടെ മുഖമാസികയായ 'സ്റ്റുഡന്റി'ന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. പി കൃഷ്ണപ്രസാദിന്റെ ചുമതലയിലായിരുന്നു അന്ന് സ്റ്റുഡന്റ്. കോഴിക്കോട് വൈഎംസിഎ റോഡില്‍, ഞങ്ങള്‍ മീശ ഷാജി എന്നു വിളിക്കാറുള്ള ഷാജിയുടെ നേതൃത്വത്തിലായിരുന്നു, മാസിക പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് 'സ്റ്റുഡന്റ'് ഉള്ളടക്കത്തിലും രൂപത്തിലും പുതിയ ചില ചുവടുവെയ്പുകള്‍ നടത്തുകയായിരുന്നു. കൃഷ്ണപ്രസാദിന്റെയും ഷാജിയുടെയും നേതൃത്വത്തില്‍, വിദ്യാര്‍ഥിജീവിതത്തിന്റെ ധൈഷണിക ഉള്ളടക്കം മെച്ചപ്പെടത്തണമെന്ന ഗൌരവമായ ആലോചനകള്‍ അതിന്റെ പിന്നിലുണ്ടായിരുന്നു. ബംഗ്ളാദേശ് കോളനിയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അലക്സാണ്ടര്‍ പോപ്പിന്റെ 'രാത്രിയില്‍ ഉണര്‍ന്നിരിക്കുക' എന്ന കവിത ആ താളുകളില്‍ വന്നത് ഇന്നും ഓര്‍മ്മയിലുണ്ട്.  ബി രാജീവന്റെ 'ഇഎംഎസിന്റെ സാഹിതീയ സംഭാവനകളെ'ക്കുറിച്ചുള്ള ലേഖന പരമ്പരയും, ഭാസുരേന്ദ്ര ബാബുവിന്റെ 'ഇടതുപക്ഷയുവജന സംഘടനകള്‍ക്ക് ഒരു മുന്നറിയിപ്പ്' തുടങ്ങിയ കുറിപ്പുകളും പ്രസിദ്ധീകരിച്ച സ്റ്റുഡന്റിന്റെ ലക്കങ്ങള്‍, അങ്ങിനെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗൌരവമായ ആലോചനകള്‍ ലക്ഷ്യം വെയ്ക്കുന്നതായിരുന്നു. സുനില്‍ അശോകപുരവും മറ്റും അന്ന് സ്റ്റുഡന്റിന്റെ ചിത്രീകരണം നടത്തിപ്പോന്നു എന്നാണ് ഓര്‍മ്മ. ഒറ്റ നോട്ടത്തില്‍ അത്ര മോഹനമല്ലെങ്കിലും, അക്ഷരമെഴുത്തിന്റെ കാലിഗ്രഫിക് കരുത്ത് വിളംബരം ചെയ്യുന്ന ലേഖന തലക്കെട്ടുകളായിരുന്നു ഓരോ ലേഖനത്തിനും നല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു തൊഴിലാളിവര്‍ഗ സൌന്ദര്യാവബോധം വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ്യം അത്തരത്തില്‍ വരയുടെ കാര്യത്തില്‍ പോലും വെച്ചു പുലര്‍ത്താന്‍ ഷാജി ശ്രമിച്ചിരുന്നു.  അല്ലറ ചില്ലറ പ്രൂഫ് നോട്ടവും, കൃഷ്ണപ്രസാദിന്റെ കൂടെ പട്ടിണിയില്‍ പുലര്‍ന്ന ഉച്ചകളും, ഷാജിയുടെ ഊക്കന്‍ ബഡായികളും എല്ലാം ചേര്‍ന്ന് വൈഎംസിഎ റോഡില്‍ അന്നുണ്ടായ വിജനതയെ ഞാന്‍ ഒരതിര്‍ത്തിയോളം ആസ്വദിച്ചു.

മാര്‍ക്സിസം, മലയാളം, ആത്മഹത്യ

മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ, പൂവാട്ടുപറമ്പിലെ ശശിയുടെ പത്രാധിപത്യത്തിലുള്ള മാഗസിനിലെ പ്രവര്‍ത്തനമായിരുന്നു രണ്ടാം രംഗം. ആ മാഗസിന്‍ ശരിക്കും ഒരു വിജയമായിരുന്നു. റഊഫ് ഫാറൂഖ് കോളേജ് മാഗസിന്‍ എഡിറ്ററായിരിക്കെ പുറത്തിറക്കിയ മാഗസിന്റെ മുനിഞ്ഞു കത്തുന്ന മൊസൊപൊട്ടാമിയന്‍ ദീപ്തി, ഞങ്ങളെയെല്ലാം വളരെ സ്വാധീനിച്ചിരുന്നു. അതൊരു മാതൃകയായി മനസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നു ശശി, മാഗസിനിലെ വിഷയങ്ങള്‍ മിക്കവാറും തെരഞ്ഞെടുത്തത്.  മാഗസിന്റെ കവര്‍ മെഡിക്കല്‍ കോളേജിലെ ആര്‍ടിസ്റ്റ് മോഹനന്‍ വരച്ച ഒരു ഡ്രോയിങ് ആയിരുന്നു. സോവിയറ്റ് യൂണിയന്‍ തകരുന്നതിനു തൊട്ടു മുമ്പെ ഇറങ്ങിയ ആ മാഗസിനില്‍, മാര്‍ക്സിസത്തെക്കുറിച്ച് സാമാന്യം ഗഹനമായ ഒരു ചര്‍ച്ച സംഘടിപ്പിച്ചു. അത്തരമൊരു സംവാദം ഒരുക്കിയതില്‍ ഞങ്ങള്‍ പുലര്‍ത്തിയ അബോധമായ ദീര്‍ഘദര്‍ശിത്വം ഒരു വിസ്മയമായി മനസ്സില്‍ അവശേഷിക്കുന്നു. അന്തരിച്ച ഞങ്ങളുടെ അധ്യാപകനും വഴികാട്ടിയുമായിരുന്ന എ സോമന്‍, സച്ചിദാനന്ദന്‍, എംഎന്‍ വിജയന്‍, ബി രാജീവന്‍, യു കലാനാഥന്‍, എന്‍ പ്രഭാകരന്‍ തുടങ്ങിയ പ്രമുഖരെല്ലാം ആ ചര്‍ച്ചയില്‍ പങ്കാളിയായി. ഈ ആവശ്യത്തിന് ഞങ്ങള്‍ വിജയന്‍മാഷെ കാണാന്‍ ധര്‍മ്മടത്തെ അദ്ദേഹത്തിന്റെ വാടകവീട്ടില്‍ പോയിരുന്നു. അന്ന് അര്‍ശസ് ബാധിച്ച് വിശ്രമിക്കുകയായിരുന്ന അദ്ദേഹം നിന്നുകൊണ്ടാണ് ഞങ്ങളോടു സംസാരിച്ചത്. പ്രസ്സ് കടലുണ്ടിയിലെ കുരിശുമലയിലായിരുന്നു. സച്ചിദാനന്ദന്റെ ശിഷ്യനായിരുന്ന ഇരിങ്ങാലക്കുടക്കാരനായ ഒരു ധിഷണാശാലിയായിരുന്നു അതിന്റെ ഉടമ. അദ്ദേഹത്തിന്റെ കലാപരവും ബുദ്ധിപരവുമായ സഹായം മാഗസിനില്‍ ഏറെയായിരുന്നു. 
'ആരോഗ്യവും സംസ്കാരവും' എന്ന വിഷയത്തെക്കുറിച്ച് പി എന്‍ ദാസുമായി സംസാരിക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹം യൌവനകാലത്ത് പുറത്തിറക്കിയ പ്രസിദ്ധമായ ലിറ്റില്‍ മാഗസിനായ 'പ്രസക്തി'യുടെ രണ്ടു ലക്കങ്ങള്‍ ഞങ്ങള്‍ക്കു സമ്മാനിച്ചു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ പുറത്തിറക്കിയ ആ ലക്കങ്ങളില്‍ സച്ചിദാനന്ദനും ബി രാജീവനും കെജി ശങ്കരപിള്ളയും ഒക്കെ എഴുതിയിരുന്നു. സച്ചിദാനന്ദന്റെ ഡ്രോയിങുകളായിരുന്നു ആ ലക്കങ്ങളെ അലങ്കരിച്ചിരുന്നത്. കെജിഎസിന്റെ ബംഗാളില്‍ നിന്നു വാര്‍ത്തകളില്ല, എന്നു തുടങ്ങുന്ന പ്രസിദ്ധമായ കവിത അതിലാണു പ്രസിദ്ധീകരിച്ചത്.  ഡോ. ബി ഇക്ബാലുമായി സംസാരിച്ച് 'ആരോഗ്യത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ ആരോഗ്യവും' എന്ന തലക്കെട്ടില്‍ വന്ന ഇന്റര്‍വ്യൂവിന് വര സമ്മാനിച്ചത് മോഹനനായിരുന്നു. പി എന്‍ ദാസിന്റെ ആരോഗ്യശസ്ത്രം മാസികയുടെ ലക്കങ്ങളായിരുന്നു അത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചതിനു പ്രേരണ. കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് വ്യാജനാമത്തിലും വാന്‍ഗോഗിനെക്കുറിച്ച് വിജയന്‍മാഷുടെ ഭാഷാസ്വാധീനത്തില്‍ സ്വന്തം പേരിലും ഞാന്‍ മാഗസിനില്‍ എഴുതി. ആത്മഹത്യയെക്കുറിച്ച് കോളേജിലെ വിദ്യാര്‍ഥികളുമായി സംസാരിച്ച് ഒരു ഫീച്ചറും തയ്യാറാക്കി. രേഷ്മ ഭരദ്വാജ്, ക്ഷേമ കെ തോമസ്, എ ശാന്തന്‍, അബ്ദുല്‍ കരീം, മുരളി, ഷീജ, അജയ്ഘോഷ് തുടങ്ങിയവരെല്ലാം ആ ചര്‍ച്ചയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. രേഷ്മയുടെ ഇംഗ്ളീഷിലുള്ള ഒരു ലേഖനം ഏറെ ഓജസുറ്റതായിരുന്നു.

അരാജകത്വത്തിന്റെ ദിനങ്ങള്‍

പിന്നീട് കൊച്ചിയിലെ പ്രസ്സ് അക്കാദമിയിലെ പഠനകാലത്ത് കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇന്നത്തെ പ്രമുഖരായ പത്രപ്രവര്‍ത്തകരെ സതീര്‍ത്ഥ്യരായി കിട്ടി. ആന്റണിജോണും (മലയാളമനോരമ), ജി സന്തോഷും (ദ ഹിന്ദുവിലെ ഫോട്ടോഗ്രഫര്‍ ആയിരുന്നു), വിനീത ഗോപിയും (മലയാള മനോരമ), ശ്രീവല്‍സനും (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, ദില്ലി), രാജേഷ് അബ്രഹാമും (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, മുംബൈ) എല്ലാം സൌഹാര്‍ദ്ദത്തിന്റെ പൂക്കാലം നിര്‍മ്മിച്ചു. എന്നാല്‍ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തിന്റെ വരണ്ട ക്ളാസ്മുറികള്‍ എന്നെ ഒട്ടും ആകര്‍ഷിച്ചിരുന്നില്ല, അവിടുത്തെ പ്രമുഖരായ ഗുരുനാഥന്മാരെല്ലാം വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നു നല്‍കിയെങ്കിലും. തത്വചിന്തയിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും ഉള്ള എന്റെ താല്‍പര്യങ്ങള്‍ക്ക്, അവിടെ പ്രസ്സ് അക്കാദമിക്ക് അകത്ത് എന്നതിനേക്കാള്‍ പുറത്തായിരുന്നു ക്ളാസ് ഒരുങ്ങിയത്. അവിടുത്തെ കോളനിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കഞ്ചാവ് പുകയ്ക്കലും, സന്തോഷിന്റെ നേതൃത്വത്തിലുള്ള അര്‍ധരാത്രിയില്‍ പോലുമുള്ള ചാരായ വേട്ടയും, ശ്രീവല്‍സന്റെ കൂടെ തീയാട്ടും കഥകളിയും കാണാനുള്ള അമ്പലപ്പരിസരങ്ങളിലെ ഉറക്കമൊഴിപ്പും, കളമശ്ശേരിയിലെ അയ്യപ്പക്ഷേത്രത്തിലെ അന്തിയുറക്കവും, രാജേഷ് എബ്രഹാമിന്റെ വീട്ടിലെ സാമ്പത്തിക ശാസ്ത്ര പഠനവും, മട്ടാഞ്ചേരിയിലെ പൌരാണിക ജീവിതരേഖകളുടെ സന്ദര്‍ശനവും, തൃശൂര്‍ പൂരവും, തിരുവോണ നാളിലെ തൃക്കാക്കര ക്ഷേത്ര സന്ദര്‍ശനവും ഒക്കെ ആയിരുന്നു അക്കൂട്ടത്തില്‍ വലിയ പാഠങ്ങള്‍. അടുത്തിടെ മരണപ്പെട്ട ഉണ്ണിയേട്ടന്‍ സെലക്ട് ചെയ്തുവെച്ചിരുന്ന ലൈബ്രററിയിലെ ചില പുസ്തകങ്ങളും തപ്പിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. റായ്മെണ്ട് വില്ല്യംസിന്റെ ഒരു സമാഹാരം ഊഴമെടുത്തു വായിച്ചു. പാശ്ചാത്യ മാര്‍ക്സിസത്തിന്റെ പ്രമുഖ വക്താക്കളായ അഡോണയും ഹോക്കിമറും ചേര്‍ന്നെഴുതിയ 'ഡയലക്ടിക്സ് ഓഫ് എന്‍ലൈറ്റന്‍മെന്റ്' എന്ന പ്രസിദ്ധമായ പുസ്തകം പിന്നീട് വായിച്ചറിയാം എന്ന മോഹത്തില്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു വെച്ചു. അന്ന് ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച പ്രമോദ് രാമനുമായി (മലയാള മനോരമ ചാനല്‍) ഇടയ്ക്കിടെ കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. അവന്‍ വശം എഴുതിക്കൊടുത്ത നവസിനിമയെക്കുറിച്ചുള്ള ലേഖനം അന്ന് ദേശാഭിമാനി വാരാന്തം എഡിറ്ററായിരുന്ന രവിവര്‍മ്മ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതിനെക്കുറിച്ച് പ്രമോദ് നല്ല അഭിപ്രായം പറഞ്ഞു. ചന്ദ്രികയിലുണ്ടായിരുന്ന, ഇന്ന് ഗള്‍ഫ് ന്യൂസിന്റെ എഡിറ്ററായ ഹസ്സന്‍ കോയക്കയെയും ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമിയിലായിരുന്നു ഇന്റേണ്‍ഷിപ്പ്. ഡസ്കിലും ബ്യൂറോയിലും സ്നേഹനിധികളായ പത്രപ്രവര്‍ത്തകര്‍ എനിക്ക് നല്ല പരിശീലനം നല്‍കി. കൃഷ്ണമേനോന്റെ മ്യൂസിയം സന്ദര്‍ശിച്ച് ഞാന്‍ എഴുതിയ റിപ്പോര്‍ട്ട് ചീഫിന് വളരെ ഇഷ്ടപ്പെട്ടു. എന്റെ കഴിവിന് കിട്ടിയ ആദ്യ അംഗീകാരം പോലെ ഇന്നും ഞാനത് മനസ്സില്‍ സൂക്ഷിക്കുന്നു.

മുംബൈക്കാലം, ദില്ലിവാഴ്ച

പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എംസിജെ പഠനകാലം.  പത്രപ്രവര്‍ത്തനത്തിന്റെ വരേണ്യവൃന്ദത്തില്‍, സംവരണ സീറ്റിലാണെങ്കിലും, പ്രവേശനം ലഭിച്ചത് ഒരു ഭാഗ്യമായി കരുതിയിരുന്നു. മുംബൈയില്‍ ഇന്‍േണ്‍ഷിപ്പ് ചെയ്യണമെന്ന വ്യാമോഹത്തിന് വകുപ്പ് തലവന്‍ അംജദ് സര്‍ എതിരായിരുന്നു. എന്നാല്‍ ആ അവസരം ഞാന്‍ നിര്‍ബന്ധിച്ചു വാങ്ങി. മാതൃഭൂമി പോലെത്തന്നെ, സ്വാതന്ത്യ്ര സമരകാലത്ത് ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന 'ഫ്രീ പ്രസ് ജേണര്‍ലില്‍' ആയിരുന്നു ഇന്റേണ്‍ഷിപ്പ്. ക്ഷമാശീലവും നിശ്ചയദാര്‍ഢ്യവും കഠിനവും സൂക്ഷ്മവുമായ ജോലിസന്നദ്ധതയും കൊണ്ട് ഞാന്‍, കര്‍ണ്ണാടക ബ്രാഹ്മണനായിരുന്ന എഡിറ്റര്‍ ശ്രീനിവാസ് ഹെബ്ബാറിന്റെ ഇഷ്ടക്കാരനായി. ഹെബ്ബാര്‍ എനിക്ക്  അവിടെ ജോലി തന്നു. എന്റെ അന്നത്തെ തുച്ഛമായ ഇംഗ്ളീഷ് പരിജ്ഞാനം അദ്ദേഹത്തിനു ബോധ്യമായിരുന്നെങ്കിലും, ധാരാളം പള്‍പ് ഇംഗ്ളീഷ് നോവലുകള്‍ വായിക്കണമെന്നും, ഈ അവസരം ഉപയോഗിക്കണമെന്നും അദ്ദേഹം ഉപദേശിക്കുമായിരുന്നു. സ്കിസോഫ്രീനിയ മൂര്‍ഛിച്ച് പത്രം വിട്ടുപോയ തിരുവനന്തപുരത്തുകാരനായിരുന്ന കുമാറും സഹായങ്ങള്‍ നല്‍കി. റിപ്പോര്‍ടിങ്ങിലെ ചീഫ് ആയിരുന്ന മണി ഡിമെല്ലെയുടെ സ്നേഹവാല്‍സല്യങ്ങള്‍മറക്കാവതല്ല. ന്യൂസ് എഡിറ്ററായിരുന്ന ആംഗ്ളോ ഇന്ത്യന്‍ വംശജന്‍ പ്ളാസിഡിന്റെ കൂടെയുള്ള പ്രസ് ക്ളബ്ബ് സന്ദര്‍ശനവും, പിന്നീട് ചീഫ് റിപ്പോര്‍ടറായി വന്ന  മിലിന്ദിനൊപ്പമുള്ള മുംബൈ വീഥികളിലൂടെയുള്ള രാത്രിയിലെ ബൈക്ക് യാത്രയും, ബ്രാഹ്മണ സമുദായത്തില്‍ പെട്ട മാമ്പഴ മുലകളുള്ള മഞ്ജുവുമൊത്തുള്ള നഗരക്കാഴ്ചകളും, ബംഗാളികളായ സുനന്ദയും ബോസുമായുള്ള സൌഹാര്‍ദ്ദങ്ങളും എല്ലാം പത്രപ്രവര്‍ത്തനാനുഭവത്തിന്റെ പല ഏടുകള്‍ ആയി മനസ്സില്‍ അവശേഷിക്കുന്നു.
ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍, ഞാന്‍ ആദ്യം താമസിച്ചിരുന്ന ഡോഗ്രിയില്‍,  ഒരു ട്രാവല്‍ ഏജന്‍സി നടത്തിയ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. വളരെ ദിവസങ്ങള്‍ കഴിഞ്ഞാണ് ആ റിപ്പോര്‍ട് മുംബൈയില്‍ പ്രസിദ്ധമായ 'ടൈംസ് ഓഫ് ഇന്ത്യ'ക്കു പോലും കിട്ടിയത്. അതിന് കുറച്ച് ഫോളോ അപ്പുകള്‍ ചെയ്തു. ഒരു ഗാലറി സന്ദര്‍ശിച്ച് ചിത്രങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട് എഴുതിയത് പ്ളാസിഡ് മനോഹരമായി എഡിറ്റ് ചെയ്തു തന്നു. അന്ന് ശിവസേനയായിരുന്നു മഹാരാഷ്ട്രയില്‍ ഭരണം. താക്കറെയുടെ ഇഷ്ടക്കാരനായിരുന്ന ഒരു പത്രപവര്‍ത്തകന്‍ റിപ്പോര്‍ടിങ്ങില്‍ പ്രധാനി ആയി ചുമതലയെടുത്തു. അദ്ദേഹം ശുദ്ധഗതിക്കാരനായ ഒരു മറാഠിയായിരുന്നു. എന്നോട് വളരെ അടുപ്പം പുലര്‍ത്തിയ അദ്ദേഹത്തോടു പറഞ്ഞാണ്, അക്കാലത്ത് മുംബൈയില്‍ എത്തിയ, ഇപ്പോള്‍ കൈരളി കോഴിക്കോട് ബ്യൂറോ ചീഫ് ആയ ഇ രാജേഷിന് 'ടുഡെ' എന്ന പത്രത്തില്‍ സ്പോര്‍ട്സ് സെക്ഷനില്‍ ജോലി ലഭിച്ചത്. പത്രപ്രവര്‍ത്തനത്തിന്റെയും ജീവിതവ്യവഹാരത്തിന്റെയും നേരനുഭവങ്ങള്‍ സമ്മാനിച്ച മുംബൈയെക്കുറിച്ച് നിരവധി പറയാനുണ്ട്.
സുഹൃത്തുക്കളുടെ അസമയത്തുള്ള ഇടപെടലും, മറ്റു നിസ്സാര കാര്യങ്ങളും കൊണ്ട് മുംബൈ ജീവിതം ഉപേക്ഷിക്കേണ്ടി വന്നു. പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്ടില്‍ ചില സമരപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ജീവിതവുമായി കഴിയുന്ന കാലത്താണ് അന്ന്  പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച സായാഹ്ന പത്രമായ 'വള്ളുവനാട് ടൈംസി'ല്‍ അല്‍പകാലം പ്രവര്‍ത്തിക്കാന്‍ ഇട വന്നത്. ഇസ്ലാമില്‍ ആകൃഷ്ടനായി മതം മാറിയ ഒരു വായനക്കാരന്‍ തുടങ്ങി വെച്ച പ്രവാചകനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, അക്കാലത്ത് ആ വിഷയത്തില്‍ എനിക്കുണ്ടായിരുന്ന പരിമിതമായ അറിവുവെച്ച്, ഒരു സംവാദം നടത്തിയത് ഏറെ വായനക്കാരെ ആകര്‍ഷിച്ചു. പെരിന്തല്‍മണ്ണ ധാരാളം ജമാഅത്ത് ഇസ്ലാമിക്കാര്‍ ഉള്ള സ്ഥലമായതുകൊണ്ടാകണം, ആ ചര്‍ച്ച ശ്രദ്ധിക്കപ്പെട്ടത്. അറേബ്യയില്‍ നടന്ന ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലയിലാണ് ഞാനന്ന് ഇസ്ലാമിനെ സമീപിച്ചിരുന്നത്. ഹൈക്കലിന്റെ 'മുഹമ്മദ്' എന്ന പ്രവാചകന്റെ പ്രസിദ്ധമായ ജീവചരിത്രം വായിച്ച ആവേശത്തില്‍ ആയിരുന്നു ചര്‍ച്ചകള്‍. പില്‍ക്കാലത്ത് ദില്ലിയില്‍ അല്‍പകാലം. നെഹ്റു പ്ളേസില്‍ പ്രവര്‍ത്തിച്ചിരുന്ന, 'ഡിസികോം' എന്ന കമ്പ്യൂട്ടര്‍-ടെലികോം മാഗസിനില്‍ ബംഗാളികളോടൊത്ത്. ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബിസിനസ് കമ്യൂണിറ്റിയെ അല്‍പമെല്ലാം അടുത്തറിയാന്‍ ആ കാലം സഹായിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ചൂടു മൂത്തപ്പോള്‍ ജോലി ഉപേക്ഷിച്ച് ഒരു ഹിമാലയന്‍ യാത്ര. അതു കഴിഞ്ഞ് വീണ്ടും നാട്ടില്‍ തിരിച്ചെത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െയും സമരപ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ച. അതുകഴിഞ്ഞ് 'മലപ്പുറം വിശേഷം'എന്ന ദൈവാരികയില്‍ കൊണ്ടോട്ടിയില്‍ അല്‍പകാലം. ആ പ്രസിദ്ധീകരണവും സാമ്പത്തിക പരാധീനതകളാല്‍ പൂട്ടിപ്പോയി. ഇതെല്ലാം കഴിഞ്ഞാണ് ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തക ജീവിതം ആരംഭിക്കുന്നത്. പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുബന്ധമായി കാണുന്ന ദേശാഭിമാനിയില്‍, അനുഭവിക്കുന്ന സ്വാതന്ത്യ്രം ഒരര്‍ത്ഥത്തില്‍ അളവറ്റതാണ്. മറ്റേതൊരു സ്ഥാപനത്തിലും ഇല്ലാത്തവിധമുള്ള ഈ സ്വാതന്ത്യ്രം, ധാരാളം വായനയ്ക്കും സ്വതന്ത്ര ചിന്തക്കും എഴുത്തിനും അവസരം തന്നു എന്നു പറയുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നാം. ദേശാഭിമാനി എന്നെ ഞാനാക്കി എടുത്തു. ഇവിടെ വന്നതിനു ശേഷം ഏറെ തലമുറകള്‍ പത്രപ്രവര്‍ത്തകരായി ഈ സ്ഥാപനത്തില്‍ എത്തി. സ്ഥാപനവും ഏറെ മാറി. ഞങ്ങളുടെ തലമുറയും ഇപ്പോള്‍ എത്തുന്ന തലമുറകളും ഈ മേഖലയെപ്പറ്റി വെച്ചു പുലര്‍ത്തുന്ന അഭിപ്രായങ്ങളും സമീപനങ്ങളും വളരെ വ്യത്യസ്തമാണെന്നാണ് തോന്നുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ മൊത്തത്തില്‍ പുലര്‍ത്തുന്ന സമീപനങ്ങള്‍ അല്ല എന്റേത് എന്നും വരാം. അതിനാല്‍ തന്നെ സാമാന്യം ഒരു ഒറ്റയാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ ചില്ലറ അംഗീകാരങ്ങള്‍ നല്‍കുന്നുവെങ്കിലും, സ്വന്തം സ്ഥാപനം അതിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിചാരിക്കുന്നത്.

മാധ്യമവും മാധ്യമികതയും 

താങ്കളുടെ ചോദ്യത്തില്‍ സൂചിപ്പിക്കുന്നതു പോലെ, പലപ്പോഴും വളരെ ഉപരിപ്ളവമായി മാത്രം സാമൂഹ്യ പ്രശ്നങ്ങളെ കാണുന്ന മാധ്യമപ്രവര്‍ത്തന ലോകത്തോട്, ഇപ്പോള്‍ വാസ്തവത്തില്‍ ഒരു മടുപ്പാണ് തോന്നുന്നത്. അതിനു മറുമരുന്നായി കലാനിരൂപണങ്ങളുടെയും വായനയുടെയും എഴുത്തിന്റെയും ലോകത്തെ ഞാന്‍ തെരഞ്ഞെടുത്തു. മാധ്യമങ്ങള്‍, താങ്കളുടെ ആദ്യ ചോദ്യത്തിലുള്ളതു പോലെ, പുതിയ തലമുറയിലെ ഇടപെടലുകളെയും സാമൂഹിക ബോധത്തെയും നിര്‍ണ്ണയിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അതെല്ലാം വളരെ നെഗറ്റീവ് ആയ സ്വാധീനമാണ് എന്നാണ് കരുതുന്നത്. വിജ്ഞാനത്തിന്റെയും അറിവിന്റെയും അവബോധത്തിന്റെയും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഈ മേഖലകളെ മുരടിപ്പിക്കുന്ന  പ്രതിലോമകരമായ പങ്കാണ് നിര്‍വ്വഹിക്കുന്നത്. വളരെ സങ്കീര്‍ണ്ണമാണ് ഈ സ്വാധീനം. പ്രത്യയശാസ്ത്രപരമായ ഒരു ദൌത്യമാണ് മാധ്യമങ്ങള്‍ ഇന്ന് വിശേഷിച്ചും സമൂഹത്തില്‍ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ജനാധിപത്യത്തിന്റെ ആദ്യകാലത്ത് എന്ന പോലെ ഇന്നതിന് വിപ്ളവകരമായ സാമൂഹ്യധര്‍മ്മം ഒന്നും നിര്‍വ്വഹിക്കാനില്ല. കേസരി ബാലകൃഷ്ണപിള്ളയും വക്കം മൌലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഇഎംഎസും പി ഗോവിന്ദപിള്ളയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കേശവ മേനോനും എം ടി വാസുദേവന്‍ നായരും എല്ലാ തീര്‍ത്ത മലയാളത്തിന്റെ മാധ്യമപ്രവര്‍ത്തകലോകം ഇന്ന് കടലെടെത്തു കഴിഞ്ഞു.
നമ്മില്‍ ചെറുപ്പക്കാര്‍ ഏറെയും ഇന്നു വിശ്വസിക്കും പോലെ, മാധ്യമപ്രവര്‍ത്തനം വിപ്ളവപ്രവര്‍ത്തനത്തിനു പകരം വെയ്ക്കാവുന്ന ഒന്നായി  കരുതുന്നില്ല. അങ്ങിനെ വിശ്വസിക്കുക വഴി അവര്‍ ഭരണകൂട സ്വാംശീകരണ തന്ത്രങ്ങളില്‍ വീണു പോയിരിക്കുന്നു എന്നേ അര്‍ത്ഥമുള്ളൂ. കാരണം മാധ്യമങ്ങള്‍ അടിസ്ഥാനപരമായും സേവിച്ചുപോരുന്നത് ഭരണകൂടത്തെയാണ്. 'ഫോര്‍ത്ത് എസ്റ്റേറ്റ്' എന്ന നിലയില്‍ അതിന്റെ നിലനില്‍പു തന്നെ അതാണ് സൂചിപ്പിക്കുന്നത്. ജനായത്തം അടിസ്ഥാനപരമായി മുതലാളിത്ത നിര്‍മ്മിതിയാണ്. മറ്റ് സാമൂഹ്യവ്യവസ്ഥകളെ അപേക്ഷിച്ച് അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്ന് വരികിലും, അത് ആകത്തുകയില്‍ ചൂഷണാധിഷ്ഠിതവും മനുഷ്യത്വരഹിതവുമായ സാമൂഹ്യവ്യവസ്ഥയാണ്. മറ്റേത് തലത്തില്‍ സ്വാതന്ത്യ്രം അനുവദിച്ചാലും, മൂലധന വിമര്‍ശനം അത് വെച്ചുപൊറുപ്പിക്കില്ല. അതിനാല്‍ ജുഡീഷ്യറിയും പാര്‍ലമെന്റും എക്സിക്യൂട്ടീവും എത്രത്തോളം ബൂര്‍ഷ്വാ ആണോ അത്രത്തോളം മാധ്യമങ്ങളും ബൂര്‍ഷ്വാ പ്രിമൈസില്‍ നിലകൊള്ളുന്നതാണ്. അതിനാല്‍ നസ്രേത്തില്‍ നിന്ന് നന്മകള്‍ പ്രതീക്ഷിക്കേണ്ട എന്നു പറഞ്ഞപോലെ, മാധ്യമപ്രവര്‍ത്തനം സാമൂഹ്യതിന്മകളെ നേരിടാനുള്ള ഒരു പ്രവര്‍ത്തനമായി ചെറുപ്പക്കാര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍, അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് എന്നേ കരുതേണ്ടതുള്ളൂ.
നമ്മുടെ ജേണര്‍ണലിസം ക്ളാസുകളില്‍ പഠിക്കുന്ന ന്യൂസ് എലിമെന്റിനേയും, ന്യൂസ് വാല്യൂസിനേയും വിശകലന വിധേയമാക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. വാര്‍ത്തകള്‍ എന്ത്, അതിന്റെ മാനദണ്ഡം എന്ത് എന്ന ചോദ്യത്തിനുത്തരം നല്‍കുന്ന ന്യൂസ് വാല്യൂസും ന്യൂസ് എലിമെന്റ്സും എല്ലാം, അധികാരവും ഭരണകൂടവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിര്‍വ്വചിക്കുന്നത്. ജനങ്ങളുടെ കാര്യങ്ങള്‍ ഈ മൂല്യങ്ങളില്‍ ഒന്നുകില്‍ റൂറല്‍ റിപ്പോര്‍ടിങ്ങോ, ഡവലപ്മെന്റ് റിപ്പോര്‍ടോ ഒക്കെയായി രണ്ടാം തരമാണ്്. അതിന് പിന്നില്‍ ഒരു സായിനാഥോ മറ്റോ ഉണ്ടെങ്കില്‍ ആയി. എന്തുകൊണ്ടാണ് നമ്മുടെ പത്രപ്രവര്‍ത്തകര്‍ പൊലീസിന്റെ പകര്‍പ്പെഴുത്തുകാരും, പണം പറ്റി വാര്‍ത്തകള്‍ മുക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നവരും, ഭരണകൂട സ്ഥാപനങ്ങളുടെ അകത്തളങ്ങളില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന 'ശൂദ്ര'ഗണങ്ങളും ആയി മാറിയത് എന്ന്, മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളും മാധ്യമസ്ഥാപനങ്ങളുടെ ഘടനയും പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. മാധ്യമ സ്ഥാപനങ്ങള്‍ തന്നെ വലിയ കോര്‍പറേറ്റ് വ്യവയസായമായി മാറിയതിനെക്കുറിച്ച് അടുത്തിടെ സായിനാഥ് എഴുതുകയുണ്ടായി. കോര്‍പറേറ്റ് സേവയല്ല, കോര്‍പറേറ്റ് വ്യവസായം തന്നെയായി മാധ്യമസ്ഥാപനങ്ങള്‍ മാറിയതാണ് ആഗോളവല്‍ക്കരണ കാലത്ത് സംഭവിച്ചിരിക്കുന്ന മാറ്റം. ഇടതുപക്ഷ സ്വഭാവമുള്ള മാധ്യമങ്ങളും ഈ പ്രവണതകള്‍ക്ക് അപവാദമല്ല.
എഴുത്തും സര്‍ഗ്ഗാത്മകപ്രവര്‍ത്തനവും കലാജീവിതവും  മാധ്യമപ്രവര്‍ത്തനവുമായി ബന്ധമുള്ളതാണെന്നു ഞാന്‍ കരുതുന്നില്ല. മറിച്ച് എഴുത്തുകാരും കലാകാരനും ഇന്ന് മാധ്യമപ്രവര്‍ത്തകന്റെ കാരുണ്യത്തിനായി കാത്തുകെട്ടിക്കഴിയുന്ന സ്ഥിതിവിശേഷമാണുള്ളത്. എഴുത്തിന്റെയും വായനയുടെയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന്റെയും ഗഹനതകളെയാകെ, മാധ്യമപ്രവര്‍ത്തനത്തിന്റെ ഉപരിപ്ളവവും കാപട്യം നിറഞ്ഞതുമായ വ്യാജവിപ്ളവം കയ്യാളിയിരിക്കുന്ന സങ്കടമാണ്, ഇന്ന് മലയാളം വിശേഷിച്ചും, ലോകം പൊതുവെയും പങ്കുവെയ്ക്കുന്നത്. എല്ലാം തൊലിപ്പുറത്തുള്ള സത്യങ്ങളായി തീര്‍ന്നിരിക്കുന്ന നമ്മുടെ കാലത്ത്, മാധ്യമപ്രവര്‍ത്തനമാണ് ചെറുപ്പക്കാരുടെ വിപ്ളവചോദനയുടെ അവസാനത്തെ അത്താണി എന്നു വരുന്നതില്‍ അത്ഭുതമില്ല. ഇടനിലക്കാര്‍ എന്നും അര്‍ത്ഥമുള്ള മാധ്യമികതയെ, മാധ്യമപ്രവര്‍ത്തനത്തെ, മൂലധധന ശക്തികള്‍ മുച്ചൂടും കയ്യാളി തങ്ങളുടെ കണ്‍സള്‍ട്ടന്‍സികളാക്കി മാറ്റിയിരിക്കുന്നു. വിപ്ളവപാര്‍ടികളെയും ബുദ്ധിജീവികളെയും മൂലധനം വിഴുങ്ങിയ നമ്മുടെ കാലത്ത്, ബൂര്‍ഷ്വാ മൂല്യങ്ങളില്‍ വിഹരിക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനവും അങ്ങിനെയായിരിക്കുന്നതില്‍ അമ്പരക്കേണ്ടതില്ല. കള്‍സള്‍ട്ടന്‍സി എന്നത് ആഗോളവല്‍കൃത മൂലധനത്തിന്റെ പ്രധാനപ്പെട്ട ഉപകരണമായി മാറിയിരിക്കുന്നു. ആഗോള കരാറുകളും പദ്ധതികളും ഉറപ്പിക്കുന്നതിനും നടപ്പാക്കുന്നതിലും കള്‍സള്‍ട്ടന്‍സികള്‍ വഹിക്കുന്ന പങ്ക് ഏറെയാണ്. കണ്‍സള്‍ട്ടന്‍സികളും അവരുടെ പിആര്‍ഒകളും ഒരുക്കുന്ന ചതിക്കുഴികളില്‍ രാഷ്ട്രീയനേതാക്കളും മുന്നണിപ്പോരാളികളും വരെ വീണുപോകുന്നു. ഇപ്രകാരം ആഗോള മൂലധനത്തിന്റെ പദ്ധതികളിലും പ്രയോഗങ്ങളിലുംകണ്‍സള്‍ട്ടന്‍സികള്‍ എന്ന പോലെ മാധ്യമങ്ങളും വലിയ ഒരു ഇടനില 'പിമ്പിങ്' ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. 'മാധ്യമികത' എന്നത് അത്തരമൊരു കര്‍മ്മമാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളായ അപൂര്‍വ്വം ധിഷണാശാലികളായ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളാലാവും വിധം ഇതിനെ ചെറുത്ത് രക്തസാക്ഷിത്വം വരിക്കുന്നുണ്ടാകാം. അതിനാല്‍ തന്നെ മാധ്യമങ്ങളെ മുന്‍നിര്‍ത്തി ഒരു പോരാട്ടം എന്ന് താങ്കളുടെ ചോദ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഒരു വ്യാമോഹമാണെന്ന് എനിക്കു തോന്നുന്നു. മാധ്യമങ്ങള്‍ മാധ്യമികതയുടേതായ ഒരു പുകപടലമാണ് ഉയര്‍ത്തുന്നത്, അതാണ് അതിന്റെ അടിസ്ഥാനപരമായ ധര്‍മ്മവും.

ആത്മരതിയില്‍

മാധ്യമരംഗം ഇപ്രകാരം ചെറുപ്പക്കാരുടെ വിപ്ളവപ്രചോദിതമായ യൌവ്വനത്തിനെ സ്വാംശീകരിച്ചു നശിപ്പിക്കുന്ന ഒന്നായാണ് തോന്നിയിട്ടുള്ളത്. സാമൂഹ്യ അനീതികള്‍ക്കെതിരെ ചെറുപ്പക്കാരുടെ മനസ്സില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന മാനുഷിക പ്രതികരണവും വിപ്ളവാവേശവും, മാധ്യമങ്ങള്‍ നല്‍കുന്ന വ്യാജവിപ്ളവ വായാടിത്തത്തിന്റെ സ്പേസില്‍ ആവിയായിപ്പോകുന്നു. വിപ്ളവാവേശം തുടിക്കുന്ന ചെറുപ്പക്കാരുടെ മനസ്സിനെ ഇത് ഒരുതരത്തിലുള്ള ആത്മരതിയില്‍ കൊണ്ടുതള്ളുന്നു. മിടുക്കരായ നമ്മുടെ മാധ്യമപ്രവര്‍ത്തകരെല്ലാം ഇത്തരത്തില്‍ ആത്മരതിയില്‍ മുങ്ങിപ്പോയിരിക്കുന്നു. ഭരണകൂട ശ്രീകോവിലുകളില്‍ ചെന്ന് ചോദ്യങ്ങളുടെയും ശകാരങ്ങളുടെയും വ്യാജശരങ്ങള്‍ എയ്ത് അവിടെ ഒരു അര്‍ജ്ജുനവേഷം കെട്ടി ആത്മരതിയില്‍ വീണു മയങ്ങുകയാണ് അവര്‍. ഇത്തരം വ്യാജവിപ്ളവകാരികളെക്കൊണ്ട് മാധ്യമരംഗം നിറഞ്ഞുകവിഞ്ഞിരിക്കുന്നു. 
മാധ്യമങ്ങള്‍ എഴുത്തിനെയും ദൃശ്യലോകത്തെയും അടിസ്ഥാനപരമായിത്തന്നെ ജനകീയമായല്ല, ജനപ്രിയമായാണ് സമീപിക്കുന്നത്. എഴുത്തും സര്‍ഗ്ഗാത്മകപ്രവര്‍ത്തനവും മറ്റ് കലാപ്രവര്‍ത്തനവും ജനകീയവും ഗൌരവുമായ ഒരു മാനുഷികപ്രവര്‍ത്തനം എന്ന നിലയില്‍ നിലനിന്നിരുന്നിരുന്നു. അവയെപ്പോലും ഭരണകൂടസേവകരാക്കി മാറ്റും വിധം, ജനപ്രിയതയുടെ ചെളിക്കുണ്ടില്‍ മുങ്ങിമരിക്കാന്‍ വിട്ടുകൊടുത്തതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.
മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന വ്യാജലോകത്താണ് ഇന്ന് ഇടതുപക്ഷ രാഷ്ട്രീയനേതൃത്വം പോലും തങ്ങളുടെ കാരിയര്‍ സുരക്ഷിതമാക്കുന്നത്. സാമൂഹ്യജീവിതത്തില്‍ അവരുടെ പ്രവര്‍ത്തനവും പ്രതികരണങ്ങളും സൃഷ്ടിക്കേണ്ട ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്വാധീനമല്ല അവരാരും ഇന്നു ലക്ഷ്യം വെയ്ക്കുന്നത്. മറിച്ച്, ഒരൊറ്റ ദിവസത്തെ മാധ്യമചര്‍ച്ചകളിലെ ഫോക്കസ് പോയിന്റ് ആകാനാണ് ശ്രമിക്കുന്നത്. ജനങ്ങളിലേക്ക് കണ്ണയക്കാനല്ല, മാധ്യമങ്ങള്‍ വിളമ്പുന്ന സദ്യയിലെ ഒരു കറിക്കൂട്ടായി സാമൂഹ്യജീവിതം തൃപ്തമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അങ്ങിനെ മാധ്യമങ്ങളെ തങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ഒരുപാധിയായി കാണുന്നു. തങ്ങളുടെ കാലിന്നടിയില്‍ നിന്ന് ഒലിച്ചുപോകുന്ന മണ്ണിനെപ്പറ്റിപ്പോലും അവര്‍ അന്ധരായിത്തീരുന്നു. മൂലധനത്തിന്റെ ചതിക്കുണ്ടുകള്‍ അറിയാതെ, മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാമുദായികതയുടെ  പ്രാതിനിധ്യലോകത്ത് അവര്‍ വീണു മരിക്കുന്നു. സ്വത്വവാദങ്ങളെ സൈദ്ധാന്തികമായി എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴും, തങ്ങളുടെ കാല്‍വെയ്പുകളും വീക്ഷണകോടികളും സ്വത്വനിര്‍വ്വചനങ്ങളുടെയും വംശീയകാഴ്ചയുടെയും മണ്ണില്‍ നിന്നുതന്നെ രൂപീകരിക്കേണ്ട ദുരവസ്ഥകളില്‍ എത്തിച്ചേരുന്നു.

ദൃശ്യലോകത്തിന്റെ മന:ശാസ്ത്രം

സമൂഹത്തിലെ വരേണ്യ മൂല്യങ്ങളെയും, സൌന്ദര്യബോധത്തെയും മാത്രം അവതരിപ്പിക്കുന്ന മാധ്യമലോകം ഒരു റെപ്രസെന്റേഷന്റെ ലോകമല്ലാതെ മറ്റെന്താണ്? ഒരു ദളിത് സൌന്ദര്യത്തെ നമ്മുടെ ദൃശ്യലോകം എത്രത്തോളം വെച്ചുപൊറുപ്പിക്കും? നമ്മുടെ ആദ്യകാല മലയാള വാണിജ്യസിനിമകള്‍ പോലും കീഴാളജീവിതത്തില്‍ നിന്ന് ബിംബങ്ങളും പ്രമേയങ്ങളും സൌന്ദര്യബോധവും കണ്ടെത്തിയിരുന്നെങ്കില്‍, ഇന്ന് നാം കാണുന്ന  ഇമേജുകളുടെ ലോകമെന്താണ്? ആരോ നമ്മില്‍ കെട്ടിയേല്‍പ്പിച്ച ചില വരേണ്യതകളുടെ പങ്കുപറ്റുകാരായി നമ്മുടെ ദൃശ്യരംഗം മാറിപ്പോയിരിക്കുന്നു. ഒരിക്കലും മലയാളത്തില്‍ ഇല്ലാതിരുന്ന ഒരു ഫ്യൂഡല്‍ സുവര്‍ണ്ണകാലത്തെക്കുറിച്ചുള്ള ഭാവനാലോകത്തു നിന്നാണ് ഇന്നത്തെ ദൃശ്യലോകമാകെ പ്രവര്‍ത്തിക്കുന്നത്. ഈ ദൃശ്യലോകം സൃഷ്ടിച്ചിരിക്കുന്ന വ്യക്തികര്‍തൃത്വങ്ങളെ സാമൂഹ്യ-മന:ശാസ്ത്ര വിശകലനത്തിനു വിധേയമാക്കേണ്ടതാണ്. മൈക്രോ ഫാസിസത്തിന്റെ, വില്യം റീഗ് വിശേഷിപ്പിക്കും പോലെ, കുറിയ മനസ്സുള്ള അമാനുഷരായി ഇവര്‍ മാറിപ്പോയിരിക്കുന്നു.
ഒരു നിരൂപകന്‍ ചൂണ്ടിക്കാണിച്ചതുപോലെ കളങ്കം പുരളാത്ത ഒരു ഇമേജിനു വേണ്ടിയുള്ള അന്വേഷണം ഇന്ന് അസാധ്യമായിരിക്കുന്നു. കളങ്കം പുരളാത്ത ഒരു വാക്കിനും നോട്ടത്തിനും കാഴ്ചക്കും വേണ്ടിയുള്ള പോരാട്ടമാണ് ഇന്നത്തെ മാധ്യമലോകവും ദൃശ്യലോകവും ആവശ്യപ്പെടുന്നത്. നമ്മുടെ ലിറ്റില്‍ മാഗസിനുകളുടെ സംസ്കാരം ഒരുകാലത്ത് നിര്‍വ്വഹിച്ച ധര്‍മ്മം അതായിരുന്നു. ആ സംസ്കാരം അന്യമായിത്തീര്‍ന്ന മലയാളം മാധ്യമങ്ങളിലൂടെ വ്യാമോഹിക്കുന്നത് വ്യാജവും അയഥാര്‍ത്ഥവുമായ ചില കാര്യങ്ങളാണ്. അയഥാര്‍ത്ഥതയുടെ ഒരു ലോകത്ത് കുരുടന്‍ ആനയെക്കണ്ടയെപ്പോലെ ചരിക്കുന്നു നാം. അതുകൊണ്ടാണ് വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ കാണാന്‍ ഉത്തരേന്ത്യയില്‍ കോര്‍പ്പറേറ്റ് മാധ്യമപ്രവര്‍ത്തനത്തോട് ഏറ്റുമുട്ടി ജീവിക്കുന്ന സായിനാഥ് വന്നുചേരേണ്ടി വന്നത്. അവിടുത്തെ ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍, ഇടതുപക്ഷത്തിന് ഇത്ര വേരോട്ടമുള്ള ഒരു സ്ഥലമായിട്ടുപോലും സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണ്ടിവന്നു. സായിനാഥ് പറഞ്ഞപോലെ, കണ്ണു കൊണ്ടല്ല, മനസ്സുകൊണ്ടാണ് നാം കാര്യങ്ങളെ അറിയുന്നത്. അതറിയാന്‍ വൈകിയതാണ് ആദിവാസികള്‍ക്കിടയില്‍ പട്ടിണി മരണങ്ങളും പിന്നീട് കര്‍ഷക ആത്മഹത്യകളുമായി വയനാട് ചോദ്യചിഹ്നമായത്. വികസന ഭ്രാന്തും അതിനെതിരെ കലാപക്കൊടികളും ഉയരുമ്പോഴും, പ്രഭാത് പട്നായിക് എന്ന ഒറീസക്കാരനായ സാമ്പത്തിക ശാസ്ത്രജ്ഞനേ പാലക്കാടും വയനാടും ഉള്ള 'സബ്ടെറേനിയന്‍ ദാരിദ്യ്ര'ത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. ആഗോളവല്‍ക്കരണത്തിനെതിരായി സംസാരിക്കാന്‍ 'പീപ്പിള്‍ എഗയ്ന്‍സ്റ്റ് ഗ്ളോബലൈസേഷന്‍' എന്ന ഒരു ചെറിയ ഗ്രൂപ്പ് പുറത്തിറക്കുന്ന കടക്കെണിയില്‍ കുടുങ്ങിയ പ്രസിദ്ധീകരണത്തിനു മാത്രമേ കഴിയുന്നുള്ളൂ. ആത്മീയതയതയെപ്പറ്റി എന്തെങ്കിലും സാര്‍ത്ഥകമായി പറയാന്‍ പി എന്‍ ദാസ് പ്രയാസപ്പെട്ട് പുറത്തിറക്കുന്ന ആരോഗ്യശസ്ത്രത്തിനു മാത്രമേ കെല്‍പുള്ളൂ. സര്‍ഗ്ഗാത്മകതയാകട്ടെ, കലാകാരന്മാര്‍ സ്വയം നിര്‍മ്മിക്കുന്ന ബ്ളോഗുകളില്‍ നിന്ന് തെരഞ്ഞുപിടിക്കേണ്ട അപൂര്‍വ്വ വസ്തുവായി മാറിയിരിക്കുന്നു.


Published in Magazine Guruvayoorappan College...as response to the questionnaire they sent to answer to..
പുസ്തകാഭിപ്രായം

എഡിബിയും പശ്ചാത്തല സൌകര്യ വികസനവും

പി പി ഷാനവാസ്


എഡിബി എന്തു ചെയ്യുന്നു?(പഠനം)
എസ് മുഹമദ് ഇര്‍ഷാദ്
ആര്‍ സുനില്‍
ബാനര്‍ ബുക്സ്,  കൊല്ലം,
പേജ് 195, വില: 75 രൂപ


"പണം ലോകത്തേക്കു വന്നത് ജന്മനാ തന്നെ കവിളത്തൊരു ചോരപ്പാടോടു കൂടിയാണെങ്കില്‍, മൂലധനം വരുന്നത് ആപാദചൂഡം ഓരോ രോമകൂപത്തില്‍ നിന്നും ചെളിയും ചോരയും ഒലിപ്പിച്ചുകൊണ്ടാണ്'' എന്ന മാര്‍കിസിന്റെ മൂലധനത്തിന്റെ പ്രസ്താവത്തിന് ഒരു അടിക്കുറിപ്പായിത്തീരുകയാണ് ഈ പുസ്തകം.


  മാര്‍ക്സ് തുടരുന്നു: "അമേരിക്കയില്‍ സ്വര്‍ണ്ണവും വെള്ളിയും കണ്ടെത്തിയത്, അവിടുത്തെ ആദിവാസികളെ കടപുഴക്കി, അടിമപ്പെടുത്തി, ഖനികളിലിട്ടു കുഴിച്ചു മൂടിയത്, ഈസ്റ്റിന്റീസിനെ കടന്നാക്രമിച്ചു കൊള്ളയടിക്കാന്‍ തുടങ്ങിയത്, വാണിജ്യവാശ്യത്തിന് കറുത്ത തൊലിക്കാരരെ വേട്ടയാടിപ്പടിക്കാനുള്ള നായാട്ടു ഭൂമിയായി ആഫ്രിക്കയെ മാറ്റിയത്, ഇതെല്ലാമാണ് മുതലാളിത്ത യുഗത്തിന്റെ ശോഭനമായ അരുണോദയം കുറിച്ചത്. ഭാവനാസുന്ദരമായ ഈ നടപടികളാണ് ആദിമസഞ്ചയത്തിനു വേഗത കൂട്ടിയ മുഖ്യ ഘടകങ്ങള്‍. ഭൂഗോളം മുഴുവന്‍ രംഗമാക്കിക്കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന വാണിജ്യ യുദ്ധങ്ങള്‍ അതിനു പിറകെ വരികയായി. അതു സ്പെയിനിനെതിരെ നെതര്‍ലാന്റിന്റെ കലാപത്തോടെ ആരംഭിച്ചു. ഇംഗ്ളണ്ടിന്റെ യാക്കോബിന്‍ വിരുദ്ധ യുദ്ധത്തോടെ ഭീമാകാരം പൂണ്ടു. ചൈനക്കെതിരായ കറുപ്പുയുദ്ധങ്ങളിലൂടെയും മറ്റും ഇപ്പോഴും തുടരുന്നു.'' മാര്‍ക്സ് മുതലാളിത്തത്തിന്റെ പ്രാകൃത ധനസഞ്ചയത്തിനെയാണ് വരച്ചു കാട്ടിയതെങ്കില്‍, സമകാലീന ഫൈനാസ് മൂലധനശക്തികള്‍ എങ്ങിനെയാണ് മൂന്നാംലോകജനതയുടെ ജീവിതവും സ്വത്തും അപഹരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട്, സമ്പദ്ശാസ്ത്ര ഗവേഷകരായ മുഹമ്മദ് ഇര്‍ഷാദും ആര്‍ സുനിലും മുതലാളിത്ത ധനസമാഹരണത്തിന്റെ ആധുനിക മുഖം ഇവിടെ അനാവൃതമാക്കുന്നു.
 

പശ്ചാത്തലവികസനത്തിന്റെ രാഷ്ട്രീയം
 ആഗോള ഫൈനാന്‍സ് മൂലധനം ദേശ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയിലേക്ക് ഒഴുകിയെത്തുന്നതാണ് ആഗോളവല്‍ക്കരണകാലത്തെ മുഖ്യ സവിശേഷതയെങ്കില്‍, ധനകാര്യ സ്ഥാപനങ്ങള്‍ മൂന്നാംലോക രാഷ്ട്രങ്ങള്‍ക്ക് വികസന ഫണ്ട് അനുവദിക്കുന്നത് ഇതിന് അനുബന്ധമായ പ്രക്രിയയാണ്.  പ്രധാനമായും ഈ  ഫണ്ടുകള്‍ പശ്ചാത്തല സൌകര്യവികസനത്തിനു വേണ്ടിയാണ്  അനുവദിക്കുന്നത്. പശ്ചാത്തല വികസനം ഇന്ന് ആഗോളവിപണിവ്യാപനത്തിന്റെ മുന്നുപാദിയായാണ് ഫൈനാന്‍സ് മൂലധനം കാണുന്നത്. ലോകബാങ്കിനു പുറമെ ഏഷ്യയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത് ഏഷ്യന്‍ വികസന ബാങ്ക് എന്നറിയപ്പെടുന്ന എഡിബിയാണ്. പശ്ചാത്തല വികസന മേഖലയില്‍ ഇന്ത്യ നിലവില്‍ നിക്ഷേപത്തിന്റെ 8 ശതമാനം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായം കൊണ്ടാണ് നിറവേറ്റുന്നത്. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 5 ബില്ല്യണ്‍ ഡോളര്‍ വായ്പ വാങ്ങി. എഡിബിയില്‍ നിന്നും മറ്റ് അന്തരാഷ്ട്രാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അടിസ്ഥാന സൌകര്യവികസനത്തിനായി വര്‍ഷത്തില്‍ ഈ കടമെടുപ്പ് 8 ബില്ല്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ജൂണില്‍ പുറത്തിറക്കിയ പതിനൊന്നാം പഞ്ചവല്‍സരപദ്ധതിയുടെ സമീപന രേഖ  ലക്ഷ്യമിടുന്നത്. (ഇക്കണോമിക് ടൈംസ്, ഡിസംബര്‍ ഒന്ന്, 2006.)
 റെയില്‍, വൈദ്യുതി, റോഡ് വികസനത്തിലൂടെയും ഹാര്‍ബര്‍ നിര്‍മ്മാണത്തിലൂടെയും മറ്റുമായി ഏഷ്യയെയാകെ ബന്ധിപ്പിക്കുന്ന 'വികസന ഇടനാഴികള്‍' സൃഷ്ടിക്കുക എന്നതാണ് എഡിബിയുടെ പ്രഖ്യാപിത നയം. ഇതുവഴി ഒരു ആഗോള ഏഷ്യന്‍ വിപണി സാധ്യമാക്കികൊണ്ട് ഈ രാഷ്ട്രങ്ങളെ ആഗോളവല്‍കൃത ഫൈനാന്‍സ് മൂലധന ശക്തികളുടെ പ്രവര്‍ത്തനങ്ങളുമായി ഉത്ഗ്രഥിക്കുകയുമാണ് ലക്ഷ്യം. വിപണി വികസനത്തിലൂടെ ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികളും അധികാരങ്ങളും ഭേദിച്ചുകൊണ്ട്്, നവകൊളോണിയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ വികസനം ത്വരിതപ്പെടുത്തുക,അതിനായി നിലനില്‍ക്കുന്ന എല്ലാ ആവാസ വ്യവസ്ഥയെയും അതില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക ബന്ധങ്ങളെയും പൊളിച്ചെഴുതുകയോ പറിച്ചെറിയുകയോ ചെയ്യുക, അതുവഴി ആഗോളവല്‍കൃതമായ ഒരു മൂലധനത്തിന്റെ മേല്‍ക്കോയ്മ രൂപപ്പെടുത്തുക. ഇതിനായി പൊതുമേഖലാ-സ്വകാര്യ മേഖലാ പങ്കാളത്തത്തിത്തിലൂടെ സ്വകാര്യമൂലധനത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രം ഉറപ്പു വരുത്തുകയാണ് എഡിബി ചെയ്യുന്നത്. ഇപ്രകാരം ഇന്ത്യനോഷ്യ, ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ എഡിബി ഫലപ്രദമായി പ്രവര്‍ത്തിച്ചു. 


മെക്കോങ്ങ് പാഠങ്ങള്‍ 
 മെക്കോങ് രാജ്യങ്ങളില്‍ എഡിബി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബാങ്കിന്റെ ഇടപെടലിന്റെ പ്രത്യാഘാതം മനസ്സിലാക്കാന്‍ ഏറെ സഹായകമാണ്. ലോകത്തിലെ പന്ത്രണ്ടാമത്തെ നദിയും ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ അപൂര്‍വ്വ സസ്യ-മത്സ്യ ആവാസ കേന്ദ്രവുമാണ് മെക്കോങ് നദി. പ്രകൃതി ജന്യമായ മനോഹാരിതയുള്ള പ്രദേശങ്ങള്‍, ടിബറ്റിലെ ഉയര്‍ന്ന പീഡഭൂമികള്‍, കംബോഡിയയിലെ ജലനിബിഡ പ്രദേശങ്ങള്‍, വിയറ്റ്നാമിലെ പീഠഭൂമികള്‍ എന്നിവ കടന്ന് മെക്കോങ് തെക്കന്‍ ചൈനയിലെ കടലില്‍ പതിക്കുന്നു. നദി ഒഴുകിപ്പരക്കുന്ന പ്രദേശങ്ങളാണ് മെക്കോങ് രാജ്യങ്ങള്‍. മെക്കോങ് ഒഴുകിപ്പരക്കുന്ന ആറ് രാജ്യങ്ങളുടെയും തീരപ്രദേശങ്ങള്‍ ചേര്‍ത്ത് എഡിബി ഒരു സാമ്പത്തിക കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നത് 1992ലാണ്. ഇവിടുത്തെ പ്രാദേശിക സര്‍ക്കാരുകളുമായുള്ള കൂടിയാലോചനകള്‍, മുതല്‍മുടക്കുകാരെ ആനയിക്കല്‍, പുതിയ അന്തരീക്ഷത്തിനായി പ്രാദേശിക ദേശീയ തല സ്ഥാപനങ്ങളെ പരുവപ്പെടുത്തല്‍ എന്നിവയിലൂടെയാണ് എഡിബി മെക്കോങില്‍ തങ്ങളുടെ വികസന നയം കൊണ്ടുവന്നത്. രാജ്യത്തെ വൈദ്യുതി, ജല മേഖലകളുടെ പരിഷ്കരണമാണ് എഡിബി ആദ്യം മുന്നോട്ടു വെച്ചത്. തുടര്‍ന്ന് വിമാനത്താവളം, പാലങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വെ എന്നീ മേഖലകളിലും വന്‍ മുതല്‍ മുടക്ക് നടന്നു. അടിസ്ഥാന സൌകര്യവികസനത്തിലൂടെ എഡിബിയുടെ അടിസ്ഥാന സ്വപ്നമായ 'സാമ്പത്തിക ഇടനാഴികള്‍' രൂപപ്പെട്ടു. ഇതോടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കൂലി നിലവാരം ഉയരുമെന്നും ദാരിദ്യ്രം ഇല്ലാതാവുമെന്നുമാണ് എഡിബി പറഞ്ഞത്. ഇതിന്റെ ഭാഗമായി കിഴക്ക് ബര്‍മയില്‍ നിന്നും പടിഞ്ഞാറ് വിയറ്റ്നാം വരെ 1500 കിമീ പാത തെക്കന്‍ ലാവോസിലൂടെ, തായ്ലന്റിലൂടെ കടന്നു പോയി. വനങ്ങളും തരിശുഭൂമിയും അസംസ്കൃത വസ്തുക്കള്‍ക്കു വേണ്ടിയും ടൂറിസത്തിനു വേണ്ടിയും ഉപയോഗിച്ചു. ഇവിടെ സ്ഥാപിതമായി കമ്പനികള്‍ തായ്ലന്റിലെയും കംബോഡിയയിലെയും ലാവോസിലെയും താഴ്ന്ന കൂലി നിലവാരം ഉപയോഗിച്ചു. വടക്ക്-തെക്ക്, കിഴക്കു-പടിഞ്ഞാറ്, തെക്കന്‍ സാമ്പത്തിക ഇടനാഴികളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ ഈ പ്രദേശത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തെ വികസനത്തിന് 31 ബില്ല്യണ്‍ ഡോളര്‍ അനുവദിച്ചതില്‍, 25 ശതമാനം  റോഡിനും 20 ശതമാനം ഊര്‍ജത്തിനും 40 ശതമാനം റെയില്‍വേക്കും 8 ശതമാനം തുറമുഖവികസനത്തിനുമാണ്.
  എഡിബിയുടെ ഈ വികസന പാത മെക്കോങ്ങിന്റെ ആവാസ വ്യവസ്ഥയെയും തദ്ദേശീയ ജീവിതത്തെയും പൂര്‍ണ്ണമായി തകര്‍ത്തത് എങ്ങിനെയെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. എഡിബി സങ്കല്‍പത്തിന്റെ ദുരന്തഭൂമിയായി ഇന്ന് മെക്കോങ് അറിയപ്പെടുന്നു. മെക്കോങ് നദീതീരത്തായിരുന്നു ഈ രാജ്യങ്ങളിലെ 250 മില്ല്യണ്‍ ജനങ്ങളില്‍ 50 മില്ല്യണും ജീവിച്ചിരുന്നത്. ഇവിടെ എഴുപതിലധികം ഭാഷാസമൂഹങ്ങള്‍ ഉണ്ടായിരുന്നു. എണ്‍പതു ശതമാനം ജനങ്ങളും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് ജീവിച്ചിരുന്നത്. ഇവിടുത്തെ ആദിവാസി വിഭാഗങ്ങളും ഗോത്രവര്‍ഗ്ഗങ്ങളുമാകെ ഉള്‍പ്പെടുന്ന കര്‍ഷക ജനത തങ്ങളുടെ ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. പലായനം മാത്രമാണ് ഈ ജനതക്കു മുന്നിലുള്ള ഏക അതിജീവന മാര്‍ഗ്ഗം.
  തെക്കു പടിഞ്ഞാറന്‍ ഏഷ്യയുടെ ഹൃദയം എന്നറിയപ്പെടുന്ന, കംബോഡിയയിലെ ടോണ്‍സിലാപ് എന്ന തടാകത്തില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ എഡിബി നടത്തിയ പ്രവര്‍ത്തനങ്ങളും കുപ്രസിദ്ധമാണ്. തടാകത്തിന്റെ കൃഷിസ്ഥലമായ ചതുപ്പു പ്രദേശത്ത് ഏകദേശം 1.2 മില്ല്യണ്‍ ജനങ്ങള്‍ താമസിച്ചിരുന്നു. 1997ല്‍ ഇവിടം ബയോസ്പിയര്‍ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. അന്താരാഷ്ട്രാ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന പ്രദേശമായി അതോടെ ഈ പ്രദേശം ജനങ്ങള്‍ക്ക് അന്യമായി. ഇവിടുത്തെ മല്‍സ്യമേഖലയില്‍ 2001ല്‍ നടപ്പിലാക്കിയ പരിഷ്കരണത്തിലൂടെ അന്താരാഷ്ട്ര ലോബികള്‍ മതസ്യസമ്പത്തിനേയും വനസമ്പത്തിനേയും കൊള്ളയടിച്ചു. പ്രാദേശിക ജനങ്ങളുടെ ജീവിതോപാദികള്‍ മൂലധനത്തിന്റെ അസംസ്കൃത വസ്തുവും കയറ്റുമതിച്ചരക്കുമായി മാറി. വിഭവങ്ങളുടെ കുത്തകകള്‍ക്കായുള്ള സംഘര്‍ഷങ്ങളും, ദല്ലാളുകളുടെ ഏറ്റുമുട്ടലും, അഴിമതിയും ആണ് ഇവിടെ പുത്തന്‍ മുതലാളിമാരും കയററുമതി ഏജന്‍സികളും കൊണ്ടുവന്നത്.
  പാക്കിസ്ഥാനില്‍ ചാഷ്മയില്‍ നടപ്പിലാക്കിയ ജലപദ്ധതിയാണ് എഡിബിയുടെ മൂലധനവികസനത്തിന്റെ മറ്റൊരു കെടുതി പ്രദേശം. 1978ല്‍ ആരംഭിച്ച പദ്ധതിയില്‍, സിന്ധു നദിയുടെ തീരത്ത് 274 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതില്‍ 72 ജലവിതരണ കനാലുകളും 68 ചാലുകളും 91 പാലങ്ങളും ഉള്‍പ്പെടുന്നു. അടിസ്ഥാന സൌകര്യവികസനം തന്നെ. ഇതിനായി ഈ പ്രദേശത്തു നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ ഇതിനകം കുടിയിറക്കി. പതിനായിരങ്ങള്‍ ഇനിയും കുടിയൊക്കല്‍ കാത്തുകഴിയുന്നു.
പസഫിക്, ഇന്തോനേഷ്യ, ചൈന, മനില   
   ആസ്ട്രേലിയയും ന്യൂസ്ലാന്റും ഉള്‍പ്പെടുന്ന 14 പസഫിക് ദ്വീപ സമൂഹങ്ങളില്‍ എഡിബി നടപ്പാക്കിയ വായപാപദ്ധതിയും ഇതിനകം വിവാദമായി. ഇവിടേക്ക് നൂറിനും ഇരുനൂറിനും ഇടയില്‍ മില്യണ്‍ വായ്പയാണ് വര്‍ഷം തോറും നല്‍കിയത്. 15 മില്ല്യന്‍ ഗ്രാന്റായും. 1999ല്‍ എഡിബി സഹായത്തോടെ പസഫിക്കില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ വഴി ഇവിടുത്തെ പൊതുമേഖല തകര്‍ന്നടിഞ്ഞു.സാമൂഹ്യ സേവന മേഖലയില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ നിര്‍ത്തലാക്കി. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു.
   ഇന്തോനേഷ്യയില്‍ നിന്ന് സ്വാതന്ത്യ്രം നേടിയ ഉടനെ ഈസ്റ്റ് തിമൂറില്‍ എഡിബി നടപ്പിലാക്കിയ അടിസ്ഥാന സൌകര്യ പുരധിവാസ പദ്ധതിയില്‍ അഞ്ചു പദ്ധതികള്‍ നടപ്പിലാക്കി. വൈദ്യുതി-ജലവിതര മേഖലയിലും ശുചീകരണ, ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലും തുറമുഖ രംഗത്തും എഡിബി മൂലധനമിറക്കി. ഇവിടെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാനും എഡിബി വായ്പ നല്‍കി. പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധി, ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മ, പട്ടിണി മരണങ്ങള്‍, തൊഴിലില്ലായ്മ ഇതെല്ലാം എഡിബിയുടെ തിമൂറിലെ ഭരണ നേട്ടങ്ങളാണ്.
  എഡിബിയുടെ ആസ്ഥാനം ഫിലിപ്പൈന്‍സിലെ മനിലയാണ്. എഡിബിയുടെ 32 കടക്കാരില്‍ അഞ്ചാം സ്ഥാനവും മനിലക്കാണ്. പകുതിയിലധികം പ്രദേശങ്ങള്‍ ഇവിടെ എഡിബിയുടെ ആക്രമണങ്ങള്‍ക്കു വിധേയമാണ്. അടിസ്ഥാന സൌകര്യ വിസനമേഖലയില്‍ വിശേഷിച്ച് വൈദ്യുതി മേഖലയിലാണ് കടന്നാക്രമണങ്ങള്‍ നടന്നത്. ഏഷ്യയിലെ വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിന്റെ ദുരന്ത ഭൂമിയാണ് ഫിലിപ്പെന്‍സ്. അതുപോലെ ചൈനയില്‍ ജലമേഖലയില്‍ നടത്തിയ ഇടപെടല്‍. തായ്ലണ്ടിലെ സമുദ്പ്രകാന്‍ മലിന ജല ശുദ്ധീകരണ പ്ളാന്റ്, ലങ്കയിലെ എക്സ്പ്രസ്സ് ഹൈവേകള്‍, ഇന്തോനേഷ്യയിലെ വൈദ്യുതി രംഗം എല്ലാം എഡിബി സൃഷ്ടിച്ച ദുരന്ത ഭൂമികളാണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. എഡിബി ഇടപെടലിന്റെ അനന്തര ഫലമായി ഫിലിപ്പൈന്‍സ് എങ്ങിനെ കൊലയാളിസംഘങ്ങളുടെയും മാഫിയകളുടേയും വിളയാട്ടു പ്രദേശമായി എന്ന് പുസ്തകത്തിലെ അധ്യായങ്ങളിലൊന്ന് വിവരിക്കുന്നു. 'എന്താണ് എഡിബി' എന്ന അവസാന അധ്യായത്തിലൂടെ എഡിബിയുടെ വികസന നയങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്ന ഇടടെപലിന്റെ പ്രത്യാഘാതവും തുറന്നു കാണിക്കുന്നു.
 
ഡിബിയുടെ നടപ്പിലാക്കിയ പദ്ധതികള്‍ക്കും നയപരിഷ്കരണങ്ങള്‍ക്കുമെതിരെ അതാതു രാജ്യത്തെ ജനങ്ങള്‍ ശക്തമായി സമര രംഗത്താണ്. എഡിബിയുടെ വാര്‍ഷിക സമ്മേളനം നടന്ന വേദിക്കു മുമ്പില്‍ ആയിരക്കണക്കിനു മനുഷ്യരാണ് ഉപരോധം തീര്‍ത്തത്. എന്നാല്‍ 'എഡിബി തന്നെ സമരത്തിനും നേതൃത്വം നല്‍കുന്നു' എന്നത് പുതിയകാലത്തിന്റെ രാഷ്ട്രീയ തന്ത്രമാണ്. എഡിബിയുടെ ജനാധിപത്യവിരുദ്ധവും സാമ്രാജ്യത്വവികസമാതൃകയില്‍ അധിഷ്ഠിതവുമായ മുഖങ്ങള്‍ തുറന്നു കാണിക്കുന്ന നിരധി പഠനങ്ങള്‍ സംഗ്രഹിച്ചെടുത്ത ഈ പുസ്തകം, ഇനിയും വിപണിവല്‍ക്കരിച്ചിട്ടില്ലാത്ത ലോകത്തെ ജൈവ വൈവിധ്യത്തിന്റെയും മനുഷ്യാവാസ വ്യവസ്ഥയുടെയും പ്രദേശങ്ങള്‍ ഒരു പുത്തന്‍ പ്രാകൃതധനസഞ്ചയത്തിന് വിധേയമാക്കുന്നത് എങ്ങിനെയാണെന്ന് ഇതു വരച്ചുകാട്ടുന്നു. എഡിബിയെ സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും പശ്ചാത്തലമാകാന്‍ പോന്നതാണ് വളരെ ധൃതിപിടിച്ചു തയ്യാറാക്കിയ ഈ ഗ്രന്ഥം.

Published edited version in Samakaleena Malayalam Varika, as a book review...the book postulates and forsee the present crisis of Left as part of the trap set by neo liberal forces...as ADP loan..etc...

 ദൃശ്യം പെരുമഴ പെയ്യുമ്പോള്‍

പി പി ഷാനവാസ്

പുസ്താഭിപ്രായം
ചരിത്രത്തിന്റെ മുദ്രണങ്ങള്‍

മലയാള പത്രപ്രവര്‍ത്തനത്തിന്റെ വികാസവും ചരിത്രവും
ഷിബു മുഹമ്മദ്
പേജ്: 170
വില: 55 രൂപ
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം



വാക്കുകളുടെ ഘര്‍ഷണ വികര്‍ഷങ്ങള്‍ സൃഷ്ടിച്ച  അര്‍ത്ഥങ്ങളും പ്രസ്ഥാനങ്ങളും ആപേക്ഷികതയുടെ അവ്യവസ്ഥിതമായ ഗ്യാലക്സിയില്‍ നഷ്ടപ്രായമാകുന്നുവോ എന്ന തോന്നല്‍ എങ്ങുമുണ്ട്. വാക്കിനുമേല്‍ കാഴ്ചക്ക് കോയ്മ ലഭിച്ച കാലം എന്ന് പലരും ഇതിനെ വിശേഷിപ്പിക്കുന്നു. ദൃശ്യലോകത്തിന്റെ പ്രാന്തങ്ങളിലെവിടെയെങ്കിലും  ഉപാംഗമായി അതിജീവിക്കാനാകുമോ എന്നാണ് വാക്കുകളുടെ സംശ്ളേഷകര്‍ ഇന്നു അന്വേഷിക്കുന്നത്. അല്‍പം അതിശയോക്തികരമെന്നു തോന്നാമെങ്കിലും  ദൃശ്യം പകരുന്ന സന്ദേശത്തിന്റെ അടിക്കുറിപ്പായി മാറുന്ന ഒരു സംക്രമണ കാലത്തിന്റെ വെല്ലുവിളിയില്‍ പിടയുകയാണ് വരമൊഴി. തത്വചിന്തകന്‍ ദൃശ്യത്തിന്റെ പെരുമഴക്കാലം (The age of spectres) എന്ന് ഈ സ്ഥിതിയെ വിശേഷിപ്പിക്കുന്നു. ഈ വ്യാകുലതകള്‍ ആമുഖമായി നിലനില്‍ക്കെയൊണ് ഷിബുമുഹമ്മദ് \'ചരിത്രത്തിന്റെ മുദ്രണങ്ങള്‍\' എന്ന ഉപമാപ്രയോഗത്തിലൂടെ വാര്‍ത്താപത്രങ്ങളെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നതും അതിന്റെ ചരിത്രവും വികാസവും തേടുന്നതും. 
 കാന്റിന്റെ യുക്തിചിന്ത, കോംതെയുടെ പോസിറ്റിവിസം, ജെയിംസ് വാട്ടിന്റെ ആവിയന്ത്രം, ഗ്രഹാം ബെല്ലിന്റെ ടെലഫോണ്‍ തുടങ്ങി വ്യവസായ വിപ്ളവത്തിന് അടിത്തറയിട്ട വികാസ പരമ്പരകളില്‍ ഒന്നായിരുന്നു ഗുട്ടന്‍ ബര്‍ഗിന്റെ അച്ചടിവിദ്യയും. ന്യൂട്ടോണിയന്‍ ഫിസിക്സ് സാധ്യമാക്കിയ ശുദ്ധ യുക്തിയും ശാസ്ത്രവാദവും, നേര്‍രേഖാ സങ്കല്‍പത്തിലധിഷ്ഠിതമായ പുരോഗതിയെ സംബന്ധിച്ച ആശയവും എല്ലാം ചേര്‍ന്ന് കെട്ടഴിച്ചു വിട്ട ഉല്‍പാദനശക്തികളാണ് പത്രവ്യവസായത്തെയും സാധ്യമാക്കിയത്.
 വ്യവസായ വിപ്ളവത്തെ തുടര്‍ന്ന് നിലവില്‍ വന്ന ബൂര്‍ഷ്വാ അര്‍ത്ഥവ്യവസ്ഥയുടെ ആശയവും പ്രത്യയശാസ്ത്രവുമായി വര്‍ത്തിച്ചത് ജ്ഞാനോദയ സങ്കല്‍പങ്ങളായിരുന്നു. ജ്ഞാനോദയം മുന്നോട്ടു വെച്ച  ആശയങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും പ്രചാരകന്‍ എന്ന നിലയിലും അതുയര്‍ത്തിയ ജനാധിപത്യത്തിന്റെ വ്യവഹാരകന്‍ എന്ന നിലയിലും പത്രങ്ങള്‍ \'ആധുനിക വിനിമയ വ്യവസ്ഥയിലെ ഏറ്റവും പ്രാഥമികമായ മാധ്യമരൂപമായിത്തീര്‍ന്നു\' എന്നു ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നു.
 \'പുത്തന്‍ അധിനിവേശങ്ങളും അട്ടിമറികളും സാംസ്കാരികമായ കൈമാറ്റങ്ങളും സൃഷ്ടിച്ച ആധുനിക ജീവിതത്തിന്റെ സ്ഥലകാലബോധത്തെ വിനിമയത്തിന്റെ തലത്തില്‍ പുന:സൃഷ്ടിക്കാന്‍ ഒരു പരിധി വരെ അച്ചടിക്കു സാധിച്ചു\' എന്നും ഗ്രന്ഥകാരന്‍ ഈ ചരിത്രസന്ധിയെക്കുറിച്ച് പറയുന്നു. ബൂര്‍ഷ്വാ സമ്പദ്ഘടനക്ക് ആശയങ്ങളുടെ വ്യാപനവും വ്യാപാരവും സാധ്യമാക്കിക്കൊണ്ട് പത്രങ്ങള്‍ പ്രത്യയശാസ്ത്രപരമായ ധര്‍മ്മം നിറവേറ്റിയെന്നു സാരം. സിവില്‍ സമൂഹത്തിനും അതിലെ ഏകകമായ പൌരനും ആവശ്യമായ സാംസ്കാരികമായ നിലനില്‍പും സാധൂകരണവും നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്ര ഉപകരണമായി പത്രങ്ങള്‍ വര്‍ത്തിച്ചു.
 കാര്യങ്ങളെ വെട്ടിച്ചുരുക്കിയാല്‍, ന്യൂട്ടോണിയന്‍ ഫിസിക്സ് സാധ്യമാക്കിയ ബൂര്‍ഷ്വാ ആധുനികതയുടെ ഉല്‍പന്നമായിരുന്നു പത്രങ്ങള്‍ എന്നു കാണാം. യൂറോപ്പില്‍ പത്രങ്ങള്‍ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര സാധൂകരണോപാധിയായിരുന്നെങ്കില്‍, മൂന്നാംലോക രാജ്യങ്ങളില്‍ അവ ഒരു കൊളോണിയല്‍ ക്രമത്തിന്റെ ഉപകരണമായിരുന്നു. ആധുനികതയുടെ ഗുണാത്മകത എന്നു വിശേഷിപ്പിക്കപ്പെട്ട ഫലങ്ങള്‍ തന്നെ മൂന്നാംലോകത്തിന് ഒരു കൊളോണിയല്‍ യാഥാര്‍ത്ഥ്യം മാത്രമായിരുന്നു. സ്വാഭാവികമായും കേരളത്തിലും  കൊളോണിയല്‍ ഭരണാധികാര വ്യാപനത്തിന്റെ ഭാഗമായാണ് അച്ചടിവിദ്യയും പ്രസിദ്ധീകരണ സംസ്കാരവും പത്രപ്രവര്‍ത്തനവും നിലവില്‍ വന്നത്. പുസ്തകത്തിലെ ആദ്യത്തെ ദീര്‍ഘ പ്രബന്ധത്തിന്റെ ആദ്യഭാഗം ഈ വസ്തുതകളിലേക്കു വെളിച്ചം വീശുന്നു.
  കൊളോണിയല്‍ പ്രസിദ്ധീകരണവിദ്യയും സംസ്കാരവും ക്രമേണ നാടന്‍ മുതലാളിത്തതിന്റെ കയ്യില്‍ എങ്ങനെ  കൊളോണിയല്‍ വിരുദ്ധ മുന്നേറ്റത്തിന്റെത്തന്നെ ഉപാധിയായിത്തീര്‍ന്നു എന്ന പരിശോധനയാണ് തുടര്‍ന്ന് പ്രബന്ധം നടത്തുന്നത്. \'നവോത്ഥാനകാല പത്രപ്രവര്‍ത്തനം\' നിലവില്‍ വന്ന കഥ. ജാതി ഉന്നമനത്തിന്റെയും സാമുദായികാവബോധത്തിന്റെയും അതിരുകളില്‍ ഒതുങ്ങിയ കേരളത്തിന്റെ നവോത്ഥാന സംരഭങ്ങളുടെ സങ്കുചിതത്വം, സ്വന്തം സമുദായബോധം മാനദണ്ഡമാക്കിയ ഒരു ബുദ്ധിജീവി വൃന്ദത്തെയും,അവര്‍ക്ക് ആശയാഭിലാഷവും അന്നവും നല്‍കിയ അച്ചടിവ്യവസായവും നിലവില്‍ വരുത്തിയതിലേക്ക് ലേഖനം വെളിച്ചം വീശുന്നു. ക്രൃസ്ത്യന്‍, നായര്‍, നമ്പൂതിരി, ഈഴവ, പുലയ, മുസ്ളിം സാമുദായികാവബോധത്തിന്റെ നാലതിരില്‍ പള്ളിയും പള്ളിക്കൂടവും അച്ചുകൂടവും വളര്‍ന്നുവികസിച്ച് ഇന്നത്തെ നിലയില്‍ \'വികലാംഗിയായ\' മലയാളി ആധുനികത സൃഷ്ടിക്കപ്പെട്ടതെങ്ങിനെയെന്ന് പുസ്തകം വിവരിക്കുന്നു.
  സ്വാതന്ത്യ്രാനന്തരം കൊളോണിയല്‍ സാംസ്കാരികാഭിരുചിയിന്മേല്‍ പുതിയ സാമുദായികാവബോധം ആര്‍ജ്ജിച്ച നാടന്‍മുതലാളിത്തം കുത്തകവല്‍ക്കരണത്തിലേക്ക് ചുവടുവെച്ചപ്പോള്‍ അവരുടെ പത്രങ്ങളും എങ്ങിനെ സാമ്പത്തിക-സാംസ്കാരിക കുത്തക ഭീമമാന്മാരായിത്തീര്‍ന്നു എന്ന കഥയാണ് ഒടുവില്‍ വിവരിക്കുന്നത്. മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ കൊളോണിയല്‍ സംസ്കാരം സ്വായത്തമാക്കിയ ഒരു നാടന്‍ വരേണ്യതയെ സൃഷ്ടിക്കുന്നതിന്റെ സമകാല ചരിത്രത്തിന്റെ വിശലകനമാണ് പുസ്തകം തുടര്‍ന്നുള്ള ലേഖനങ്ങളില്‍ പറയുന്നത്.
  കേരളത്തിലെ കമ്മ്യൂണിസ്റ്റ് ജനാധിപത്യ ഗവര്‍മെണ്ടിന്റെ രൂപീകരണവും അതിനെ അട്ടിമറിക്കാന്‍ കൊളോണിയല്‍ ശക്തികളും ഇന്ത്യന്‍ ബൂര്‍ഷ്വാ വര്‍ഗവും നാടന്‍ മുതലാളിത്തവും ചേര്‍ന്നൊരുക്കിയ കെണിയും അതില്‍ നാടന്‍ പത്രങ്ങള്‍ വഹിച്ച പങ്കും പുസ്തകം വിലയിരുത്തുന്നുണ്ട്. \'വിമോചന സമരം\' എന്ന കുപ്രസിദ്ധിയാര്‍ജിച്ച ഈ പ്രസ്ഥാനം നാടന്‍ മുതലാളിത്തവും അവയെ പ്രതിനിധീകരിച്ച പത്രങ്ങളും പുലര്‍ത്തിപ്പോന്ന സാമുദായികാവബോധത്തെ എങ്ങിനെ വര്‍ഗീയാവബോധമായി പരിവര്‍ത്തിപ്പിച്ചു എന്ന സൂചനയും പുസ്തകം നല്‍കുന്നു. ഈ വര്‍ഗീയാവബോധം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഫാസിസ്റ്റ് സ്വഭാവമാര്‍ജിക്കാന്‍ തുടങ്ങിയ ചരിത്രവും ഷിബു വ്യക്തമാക്കാന്‍ ശ്രമിക്കുന്നു.
 അടിത്തറ-ഉപരിഘടന എന്ന ക്ളാസിക്കല്‍ മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിന്റെ വെളിച്ചത്തില്‍, സിവില്‍ സമൂഹത്തിന്റെ ഭരണകൂടവുമായുള്ള ബന്ധത്തിന്റെ പ്രകാശമാപിനികളും ചാലകശക്തികളുമായി പത്രങ്ങള്‍ എങ്ങിനെ വര്‍ത്തിക്കുന്നു എന്നതാണ് ഈ കൃതിയുടെ പരിപ്രേക്ഷ്യം. റിഡക്ഷനിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഏതാനും നിരീക്ഷണങ്ങളോട്് വിയോജിക്കുമ്പോഴും, നമ്മുടെ  പത്രപ്രവര്‍ത്തനത്തിന്റെ അക്കാദമിക ചരിത്രമെഴുത്തിന്റെ നാട്യങ്ങളെ ഷിബു തന്റെ രചനയില്‍ മുറിച്ചു കടക്കുന്നുണ്ട്; അക്കാദമികമായ ചിട്ടയും എംപിരിക്കല്‍ ജാഗ്രതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ.



Published in Chinda weekly as a book review....the article deals with the relationship between word and visual as a political and philosophical issue....etc