Thursday, September 8, 2011

എന്റെ പനനീര്‍തോട്ടത്തില്‍ പന്നി
 അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച്-2



  പി പി ഷാനവാസ്

ഭന്ദ്രകാളിയാണു ദേവത. കര്‍ണ്ണകിയുടെ കഥ ആധാരമായുള്ള സങ്കല്‍പം. അമ്മദൈവാരാധനക്കും ഉര്‍വ്വതാനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യമുള്ള കേരളത്തില്‍ കൊടുങ്ങല്ലൂരമ്മ കേളികേട്ട ദേവതയാണ്. ആത്മപീഡയോളം എത്തുന്ന അനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മീനഭരണി ഉത്സവവും അതിലെ സ്ത്രീപ്രാധാന്യവും ഇവിടം കണ്‍കേന്ദ്രമാക്കുന്നു. ഉല്‍സവകാലത്തെ ഇവിടുത്തെ തെറിപ്പാട്ടുകള്‍ നമ്മുടെ ശ്ളീലാശ്ളീല സങ്കല്‍പങ്ങളെ ആകെ പരിഹസിക്കുന്നതാണ്. ജൈനരും ബൌദ്ധരും ശൈവസന്യാസിമാരും ശങ്കരാചാര്യരും വരെ പെരുമാറിയിട്ടും പരിഷ്കരിച്ചിട്ടും പേരുമാറ്റിയിട്ടും സങ്കീര്‍ണ്ണ പ്രകൃതിയായിത്തന്നെ നിലകൊള്ളുന്നു കൊടുങ്ങല്ലൂര്‍. അവിടുത്തെ ഗര്‍ഭഗൃഹത്തെക്കുറിച്ച് ചില നിഗൂഢതകള്‍ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. അമ്പലപ്പറമ്പില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രതിഷ്ഠ വസൂരിമാലയുടേതാണ്. മഞ്ഞള്‍പ്പൊടിയും കുരുമുളകുമാണ് നിവേദ്യം. അത് വിതരണം ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്കാണ്. മഞ്ഞള്‍പ്പൊടി വാങ്ങി വിഗ്രഹത്തില്‍ എറിയുമ്പോള്‍ വിഗ്രഹമുഖവും ബാഹുക്കളും കവിഞ്ഞ് വായുവില്‍ മഞ്ഞ പടരുന്ന കാഴ്ച. വാക്സിനേഷന്‍ നിലവില്‍ വരും മുമ്പ്, വസൂരി പടരുന്ന കാലത്ത് ജനങ്ങള്‍ക്ക് അവലംബമായിരുന്നു ദേവി. പ്രാദേശികമായ ഈ ദേവതാസങ്കല്‍പവും, അവിടുത്തെ അസംബന്ധമെന്നു തോന്നുന്ന അനുഷ്ഠാനങ്ങളും അബുള്‍ കലാം ആസാദ് തന്റെ ഫോട്ടോഗ്രഫിയില്‍ പകര്‍ത്തിയിട്ടുണ്ട്. അനലോഗ് സാങ്കേതിക വിദ്യയില്‍ ബ്ളാക്ക് ആന്റ് വൈറ്റില്‍ വികസിപ്പിച്ച മൂന്ന് അടിയോളം വീതിയിലും നീളത്തിലുമുള്ള കാന്‍വാസുകള്‍. ബ്ളാക്ക് മദര്‍ എന്നാണ് ഈ ഫോട്ടോ കാന്‍വാസ് പരമ്പരയ്ക്ക് പേരിട്ടിരിക്കുന്നത്.
ആനന്ദ വിസ്മൃതിയുടേയോ അപസ്മാര സ്മൃതിനാശത്തിന്റേയോ വിദ്യുത് ദ്യുതിയില്‍ ചവിട്ടി നില്‍ക്കുന്ന സ്ത്രീകോമരങ്ങള്‍, കോമരത്തണ്ട, ചുറ്റുടുക്കുന്ന മുണ്ട്, ഭക്തര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞുനിറഞ്ഞ നിലം, അഭിഷേകനിറവിലെ വിഗ്രഹ പ്രതിഷ്ഠ എന്നിവയെല്ലാം വളരെ വൈബ്രന്റ് ആയി, സ്വാഭാവിക വെളിച്ചത്തില്‍ പകര്‍ത്തിയിരിക്കുന്നു. അബുളിന്റെ ഫോട്ടാ കാന്‍വാസുകള്‍ താഴെ നിന്നോ മുകളില്‍ നിന്നോ ഉള്ള ക്യാമറയുടെ നോട്ടത്തെ ദൃശ്യവല്‍ക്കരിക്കുന്നതല്ല. പകര്‍ത്തുന്ന ദൃശ്യത്തിന്റേയോ സൃഷ്ടിക്കുന്ന ഇമേജിന്റെയോ വലിപ്പച്ചെറുപ്പങ്ങളെ കാണിക്കുന്ന ഫോക്കസും പരിപ്രേക്ഷ്യവുമല്ല. ഇമേജ് നമ്മെ നേരിട്ടഭിമുഖീകരിക്കുന്നു. മനുഷ്യരും വസ്തുക്കളും മറ്റൊന്നിന്റെ അനുബന്ധമായല്ല, കാന്‍വാസ് സ്പേസിലെ നിറസാന്നിധ്യമാണ്. കൊളോണിയല്‍ ഫോട്ടോഗ്രഫിയുടെയും അതിന്റെ തദ്ദേശീയ അനുശീലനങ്ങളുടെയും, മനുഷ്യരൂപങ്ങളെ അപ്രസക്തമാക്കുന്ന സമീപനങ്ങളെ അബുള്‍ നിരാകരിക്കുന്നു. ഇവിടെ ഫോട്ടോഗ്രഫി മനുഷ്യനെ അന്വേഷിക്കുന്നു. കാമറയുടെ നേര്‍ക്കാഴ്ചകള്‍, വോയറിസ്റ്റ് ആയ നോട്ടങ്ങളില്‍നിന്ന്  കാണിയെ രക്ഷിക്കുന്നു. നാഗരികതയുടെ അനിവാര്യമായ ഉള്ളടക്കമായ പെര്‍വേര്‍ഷന്റെയും ന്യൂറോസിസിന്റെയും നോട്ടവും തൃഷ്ണാശീലങ്ങളും കാന്‍വാസുകള്‍ സുഖപ്പെടുത്തുന്നു. മഞ്ഞള്‍പ്പൊടിയും കുരുമുളകുമണികളും പ്രസാദമായി ആധുനികതയ്ക്ക് രോഗശമനം നടത്തുന്നു. യാഥാര്‍ത്ഥ്യത്തിന്റെ നഗ്നമായ അഭിമുഖീകരണങ്ങളിലേക്ക് ഈ കാന്‍വാസുകള്‍, അതിന്റെ കലാപരമായ സൌന്ദര്യമൂല്യങ്ങളിലൂടെ നമ്മെ നയിക്കുന്നു. ഒളിച്ചുവെയ്ക്കാതെ, ഋജുത്വത്തെ ആഘോഷിക്കുന്ന സമീപനം അബുളിന്റെ ഫോട്ടോഗ്രഫിയെ സവിശേഷമാക്കുന്നു. മുഖാമുഖമുള്ള ക്യാമറയുടെ ഈ നോട്ടങ്ങള്‍,  ഭക്തന്റെ കാഴ്ചയുടെയും പങ്കാളിത്തത്തിന്റെയും താദാദ്മ്യത്തിന്റെയും നേരിട്ടുള്ള അനുഭവമായി ബ്ളാക്ക്മദര്‍ പരമ്പരയെ മാറ്റുന്നു.
 കൊടുങ്ങല്ലൂരിന്റെ പ്രാചീനതയിലേക്കുള്ള ഈ നോട്ടം പലതുകൊണ്ടും പ്രസക്തമായിരുന്നു. ഇത്തരം ഒരു മിത്തിനെ  ക്യാമറയില്‍ പിടിച്ചെടുക്കുക വഴി പ്രാദേശിക ജീവിതത്തിന്റെ ഒരു ഇഡിയം ഉണ്ടാക്കാനാണ് താന്‍ ശ്രമിച്ചത് എന്ന് അബുള്‍ പറയുന്നു. എല്ലാം അന്താരാഷ്ട്രവല്‍ക്കരിക്കുകയും എല്ലാത്തിനെയും ലോകനിലവാരത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന നമ്മുടെ പൊള്ളയായ പരിപ്രേക്ഷ്യങ്ങളുടെ പൊങ്ങച്ചത്തെ ഇതിലൂടെ പ്രശ്നവല്‍ക്കരിക്കുന്നു. പ്രാദേശികമായ വെയിലിനെയും നിഴലിനെയും പിടിച്ചെടുക്കുന്നു. അധിനിവേശങ്ങള്‍ക്കു മുമ്പുള്ള ഒരു പ്രാദേശിക വിശ്വാസത്തിന്റെയും മിത്തിന്റെയും നൈസര്‍ഗ്ഗികതയും മന:ശാസ്ത്രപരമായ ഉള്ളടക്കവും ചര്‍ച്ചചെയ്യുന്നു. നമ്മുടെ വോയറിസ്റ്റ് ആയ നോട്ടങ്ങളെയും, താദാത്മ്യപ്പെടലിന്റെ സങ്കേതത്തിലൂടെ വിമര്‍ശനപരമായ അകലം കൈമോശം വരുത്തുന്ന കലയെയും, ആസാദിന്റെ സമീപനം മാറ്റിപ്പണിയുന്നു.
ലണ്ടനിലെ ഫോണ്‍ബൂത്തുകളിലെ കാള്‍ഗേളുകളുടെ പരസ്യങ്ങളിലെ അശ്ളീലത്തെ അലങ്കാരങ്ങള്‍  കൊണ്ട് വസ്തുവല്‍ക്കരിച്ച്, അതിലെ മാംസവും തൃഷ്ണയും മായ്ച്ചുകളയുന്ന വിധം ശ്രദ്ധേയമായ ഒരു കാന്‍വാസ് പരമ്പര അബുള്‍ ചെയ്തിട്ടുണ്ട്. ലൈംഗികോര്‍ജ്ജത്തിന്റെ വള്‍ഗര്‍ മാനിഫെസ്റ്റേഷനെ സുഖപ്പെടുത്തുകയാണ് ഇവിടെ.  മദര്‍ ഗോഡസസ് എന്നു പേരിട്ട പരമ്പര, അതിന്റെ മന:ശാസ്ത്രപരമായ പാഠങ്ങളില്‍, ബ്ളാക്ക് മദര്‍ പരമ്പരയുമായി  പാരസ്പര്യങ്ങള്‍ പങ്കുവെയ്ക്കുന്നതാണ്. ആത്മപീഡയും പരപീഡയുംതമ്മിലുള്ള പാരസ്പര്യങ്ങള്‍. പ്രാദേശിക ജീവിതത്തെയും മിത്തുകളെയും വ്യക്തി ചരിത്രത്തെയും തേടിയുള്ള അബുളിന്റെ ക്യമറയുടെ അന്വേഷണം അണ്‍ടച്ചബിള്‍ എന്ന പരമ്പരയ്ക്കും, പട്ടണം വീട് എന്ന പരമ്പരയ്ക്കും അടിസ്ഥാനമായി. പ്രാദേശിക സ്വത്വത്തിനും സാര്‍വ്വദേശീയമായ മനുഷ്യാസ്തിത്വത്തിനും ഇടയില്‍ സഞ്ചാരം നടത്തുന്ന ഇമേജുകളാണ് അബുളിന്റെ 2000 വരെയുള്ള ഫോട്ടോഗ്രഫിയുടെ പൊതുഭാവം.
ആനിമല്‍ എന്നു പേരിട്ട അബുളിന്റെ ഡിജിറ്റല്‍ ഫോട്ടോ പരമ്പര  മനുഷ്യന്റെ മനസ്സിന്റെ ടോടമിക് അവക്ഷിപ്തങ്ങളെയും, ടാബൂ നിറഞ്ഞ  ജീവിതക്രമങ്ങളുടെയും നിയാകമകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ആംഗലേയ കവി ആല്‍ഫ്രെഡ് ടെന്നിസന്റെ നിലാവെവെളിച്ചത്തില്‍ ഓരിയിടുന്ന തെരുവു നായയുടെ  സര്‍റിയല്‍ ഇമേജിനെ ഓര്‍മ്മിപ്പിക്കുന്ന നായ, അബോധത്തിന്റെ നിലാവില്‍ മേയുന്ന പന്നി, വെയില്‍ത്തണലിലെ നന്ദിനി, സിദ്ധാത്ഥനെ ഗര്‍ഭം ധരിച്ച മായയുടെ സ്വപ്നത്തിലെ ആന, പൌരാണികമായ ഒരു കോട്ടയുടെ പശ്ചാത്തലത്തില്‍ അയവെട്ടിക്കിടക്കുന്ന പോത്ത്, ഹൈവേ മധ്യേ ഇടഞ്ഞു നില്‍ക്കുന്ന കാളയുടെ രക്താഭ ചിന്തിയ കാന്‍വാസ്, മനുഷ്യന്റെ നിസ്സാഹായമായ കണ്ണുകളെ സ്ഫുരിപ്പിക്കുന്ന സിംഹപ്രതിമ എല്ലാം മനസ്സിലെ അബോധ കാമനയുടെയും ജന്തുപ്രകൃതിയുടെയും ഐക്കണുകള്‍ നിര്‍മ്മിക്കുന്നു. വിലക്കുകളുടെയും കുലചിഹ്നങ്ങളുടെയും ഇമേജറി തീര്‍ക്കുന്നു. ഡിജിറ്റല്‍ മീഡിയത്തിലൂടെ പരിചരണം നല്‍കിയ ഈ ഇമേജുകള്‍, വെര്‍ച്വല്‍ റിയാലിറ്റിയുടെ കാലത്തും മനുഷ്യനെ നയിക്കുന്ന പ്രാചീനമായ അബോധത്തിന്റെ ബലതന്ത്രത്തെ ആവിഷ്കരിക്കുന്നതാണ്.
മനസ്സിലെ മൃഗങ്ങളുടെ ഈ ഐകോണിക് ഇമേജറിയെ, ഇക്കൂട്ടത്തിലെത്തന്നെ മറ്റൊരു കാന്‍വാസ് കൊണ്ട് വളരെ സജീവമായ ഒരു സംവാദസ്ഥലിയാക്കി അബുള്‍ വികസിപ്പിച്ചിട്ടുണ്ട്.  പിഗ് ഇന്‍ മൈ റോസ് ഗാര്‍ഡന്‍ (എന്റെ പനനീര്‍തോട്ടത്തില്‍ പന്നി)
എന്ന് പ്രവാചകന്റേതായി പറയപ്പെടുന്ന ഒരു പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണത്രെ അബുള്‍ ഈ കാന്‍വാസ് ചെയ്തത്. സില്‍ക്കില്‍  റോസാപ്പൂവുകളുടെ അവ്യക്തമായ ഇമേജറിയും, ചിന്തിപ്പടര്‍ന്ന ചുവപ്പിന്റെ ശീലും കൊണ്ട് മനോഹരവും അമൂല്യവുമായ ഒരു നെയ്ത്തുഖണ്ഡമാണ് ഈ കാന്‍വാസ്. പന്നി കയറിയ പനനീര്‍പൂന്തോട്ടം. ഇമേജിനെയും ഐക്കണുകളെയും പരമാവധി തന്റെ വ്യവഹാരത്തില്‍ നിന്ന് ഒഴിവാക്കിയ പ്രവാചകന്റെ തത്വചിന്ത, യഥാര്‍ത്ഥത്തില്‍ ആദ്യകാല ബുദ്ധിസത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ബുദ്ധന്റെ ഇമേജ് ചിത്രീകരിക്കുന്നത് ആദ്യകാല ബുദ്ധിസത്തില്‍ നിരോധിക്കപ്പെട്ട ഒന്നാണ്. വളരെ നീണ്ട നൂറ്റാണ്ടുകളുടെ പരിവര്‍ത്തനങ്ങളിലൂടെയാണ് ബുദ്ധന്റെ ശില്‍പങ്ങളും വിഗ്രഹങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ ബനിയന്‍ ബുദ്ധ വിഗ്രഹങ്ങള്‍ ഈ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ബുദ്ധാകാരങ്ങളായിരുന്നു.
പക്ഷിമൃഗാദികള്‍ കുലചിഹ്നങ്ങളായി വരുന്ന മനുഷ്യന്റെ നരവംശശാസ്ത്രപരവും ഗോത്രപരവുമായ പരിണാമചരിത്രത്തെപ്പറ്റിയാണ് ആനിമല്‍ പരമ്പര പറയുന്നത്. അവ മതങ്ങളുടെ ചരിത്രത്തിലേക്കും, മതജീവിതം തീര്‍ക്കുന്ന സാംസ്കാരിക ജീവിതത്തിന്റെ എതിര്‍നിര്‍ത്തലുകളുടെ ബലതന്ത്രത്തിലേക്കും സഞ്ചരിക്കുന്നു. ബുദ്ധന്റെ മാതാവിന്റെ സ്വപ്നവും, ബുദ്ധ ഇമേജറിയില്‍ പ്രാധാന്യം കൈവരിക്കുന്ന മനുഷ്യന്റെ കണ്ണുകളില്‍ മാത്രം കണ്ടുപോരുന്ന ദൈന്യത സൂക്ഷിക്കുന്ന സിംഹവും, നന്ദിനിയുടെ ഇമേജും, നമ്മുടെ ഉള്ളിലെത്തന്നെ ഹൈവേ വിഹ്വലതയില്‍ ഇടഞ്ഞു നില്‍ക്കുന്ന കാളയും എല്ലാം നിറയുന്ന ഈ കാന്‍വാസുകള്‍; പ്രവാചകന്റെ സ്വപ്നത്തിലെ പനനീര്‍പൂന്താട്ടവുമായി ചേര്‍ത്തുവെയ്ക്കുക വഴി, മതചരിത്രങ്ങളുടെ പരിണാമവും സംഘര്‍ഷസ്ഥലികളും നരേറ്റു ചെയ്യുന്നു. കുരിശുയുദ്ധത്തെപ്പറ്റിയുള്ള പ്രവാചകന്റെ ഒരു ദു:സ്വപ്നമായിരിക്കാം ഈ കാന്‍വാസ്. ആധുനികതയിലേക്കും പരിഷ്കരണത്തിലേക്കും നവോത്ഥാനസംരഭങ്ങളിലേക്കും പടികയറിയ മനുഷ്യചരിത്രം അബോധത്തിലും ശുദ്ധീസങ്കല്‍പങ്ങളിലും ഭക്ഷണക്രമങ്ങളിലുമെല്ലാം ഈ ടോടമിക് കാലം ഇന്നും  പിന്തുടരുന്നതിനെപ്പറ്റിയുമുള്ള  നരേഷനാണ് ആനിമല്‍ പരമ്പര. പന്നിയും പശുവും നിരോധിത ഭക്ഷ്യവസ്തുവും വിശുദ്ധമൃഗവും, മതസമൂഹങ്ങള്‍ തമ്മിലുള്ള വ്യതിരിക്തതയുടെ കൊടിയടയാളമായിത്തീരുന്നതിന്റെ ഭാഷ്യങ്ങള്‍. നമ്മുടെ ഗോത്രജീവിതത്തിന്റെ ഭൂതകാലത്തേക്കും അത് അബോധത്തില്‍ ഇന്നും അവക്ഷിപ്തപ്പെടുത്തുന്ന ശുദ്ധാശുദ്ധ സങ്കല്‍പങ്ങളിലേക്കും ഇവിടെ ചിന്തകള്‍ സഞ്ചരിക്കുന്നു. അനലോഗ് ഇഷ്ടമാധ്യമമായ അബുള്‍ കലാം ആസാദ് ഈ പരമ്പരയെ ആവിഷ്കരിക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചത് സവിശേഷമായ അര്‍ത്ഥതലങ്ങളിലേക്കു നയിക്കുന്നു. ആധുനിക ജീവിതം രൂപപ്പെടുത്തുന്ന സാങ്കേതിവിദ്യ കൊണ്ട് മനസ്സിന്റെ അബോധങ്ങളിലേക്കു നടത്തുന്ന ഈ സഞ്ചാരം അബുള്‍ കലാം ആസാദിനെ ഇന്ത്യന്‍ ഫോട്ടോഗ്രഫിയുടെ സമകാലീന ചരിത്രത്തിന്റെ കണ്‍വെട്ടത്ത് പ്രതിഷ്ഠിക്കുന്നു. നമ്മുടെ കാലത്തെ വംശീയ സംഘര്‍ഷങ്ങളെയും സ്വത്വാസ്തിത്വ പ്രതിസന്ധിയുടെയും സങ്കീര്‍ണ്ണതകളിലേക്ക് അബുള്‍ കൂട്ടിക്കൊണ്ടുപോകുന്നു.


Published along with an interview with Abul Kalam Azad, in Student monthly.....see other articles and interview of and on Abul and his works in this blog....

No comments:

Post a Comment