Thursday, September 8, 2011

അബോധത്തിലെ ജന്തുലോകം

അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച്

പി പി ഷാനവാസ്



അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രഫി കലയുടെയും സൌന്ദര്യശാസ്ത്രത്തിന്റെയും സൈദ്ധാന്തികവും തത്വചിന്താപരവുമായ ഉള്‍ക്കാഴ്ചകളിലേക്ക് നമ്മെ ഉണര്‍ത്തുന്നു. സൌന്ദര്യാത്മക മൂല്യനിര്‍ണ്ണയത്തിന്റെ  നിഷ്കളങ്കത അസാധ്യമാക്കുംവിധം പല തലത്തിലുള്ള ശക്തികള്‍ കലാരംഗത്ത് ഇന്ന് മേല്‍ക്കോയ്മ നാട്ടിയിട്ടുണ്ട്. കലാകാരന്‍ പരിവേഷനഷ്ടം സംഭവിച്ച പ്രാന്തീയനോ, സംസ്കാര വ്യവസായത്തിലെ കൂലിവേലക്കാരനോ ആയി മാറി. ആത്മാവില്‍ ആത്മഹത്യ ചെയ്ത കലയുടെ വര്‍ത്തമാനം.  ഈ സാഹചര്യത്തില്‍, തന്റെ സൌന്ദര്യപരമായ മാനദണ്ഡങ്ങളും, താന്‍ ആന്തരവല്‍ക്കരിച്ച സാമൂഹികമായ ഉല്‍കണ്ഠകളും കൊണ്ട് കലാലോകത്ത് അതിജീവിക്കാനാവുക എന്നത് സാഹസികമെന്നു കരുതേണ്ട ഗറില്ലാപ്രവര്‍ത്തനമാണ്. അങ്ങനെ, കലയെ ഒരു സംസ്കാര മൂലധനം എന്ന നിലയില്‍ കാണാതെ, മാനുഷിക മൂല്യങ്ങളുടെയും സാമൂഹിക ഉല്‍കണഠകളുടെയും പക്ഷത്ത് നിന്ന് നോക്കിക്കാണുന്ന കലാകാരന്‍, തന്റെ മാധ്യമത്തിന്റെ നിലനില്‍പിനെയും ഉപയോഗത്തെയും തന്നെ പ്രശ്നവല്‍ക്കരിക്കാന്‍ നിര്‍ബന്ധിതമായിത്തീരുന്നു. ഇത്തരമൊരു ആത്മാപഗ്രഥനത്തിലൂടെ മാത്രമേ കലയുടെ ബാക്കിനില്‍ക്കുന്ന നന്മകളെ കണ്ടെടുക്കാനാവൂ എന്ന് വരുന്നു. അബുള്‍ കലാം ആസാദ് തന്റെ മാധ്യമത്തിന്റെ സാധ്യതകളെ ഈ നിലയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍,  പ്രതിഛായാനിര്‍മ്മിതിയുടെയും അതിന്റെ ഉപയോഗങ്ങളുടെയും സൈദ്ധാന്തികവും രാഷ്ട്രീയവുമായ വശങ്ങള്‍ സ്വാഭാവികമായും ചര്‍ച്ചക്കു വരുന്നു.
 ഫോട്ടോഗ്രഫി  മേഖല തുടര്‍ന്നു പോരുന്ന പലതിനെയും  ശൈശവസഹജമായ ഒരു മനോഭാവത്തോടെ ആസാദ് അട്ടിമറിക്കുന്നുണ്ട്. പ്രത്യേകിച്ചും ആധുനിക വിവരവിനിമയ വിദ്യാവികാസം സൃഷ്ടിച്ച സാധ്യതകളുടെ മലവെള്ളപ്പാച്ചിലുകള്‍ ഉണ്ടാക്കുന്ന അനായാസതയും പൊങ്ങച്ചവും പളപളപ്പും വെല്ലുവിളിച്ചുകൊണ്ടുള്ള നിര്‍മ്മാണകൌശലമാണ് ആസാദിന്റേത്.  ഫോട്ടോഗ്രഫിയില്‍ നാം കണ്ടു ശീലിച്ച തെളിച്ചത്തെയും വെളിച്ചത്തെയും ക്രിസ്റ്റല്‍ ക്ളാരിറ്റിയെയും  ആസാദിന്റെ സൃഷ്ടികള്‍ മൂലക്കിരുത്തുന്നു. തീരെ വെളിച്ചം കുറഞ്ഞതും മങ്ങിമുഷിഞ്ഞുപോയതും അവ്യക്തമായി  നിഴലിച്ചുനില്‍ക്കുന്നതുമായ ഇമേജുകളുടെ ഈ ലോകം നമ്മുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും മാറ്റിത്തീര്‍ക്കുന്ന ചില ഉണ്മകളും ഉല്‍കണ്ഠകളും പങ്കുവെയ്ക്കുന്നു. ഡിവൈന്‍ ഫാക്കേഡ്, അമ്മദൈവങ്ങള്‍,  മാന്‍ വിത്ത് ടൂള്‍സ്, ആനിമല്‍ തുടങ്ങിയ ആസാദിന്റെ ഛായാപട പരമ്പരയിലെല്ലാം  വിവിധ പ്രമേയങ്ങള്‍ വിഷയമാക്കുമ്പോഴും, ഈ ഭാവം തന്നെയാണ് മുഴങ്ങി നില്‍ക്കുന്നത്. കോര്‍പറേറ്റ് ഫോട്ടോഗ്രഫിയുടെ മേല്‍ക്കോയ്മ നിലനില്‍ക്കുന്ന പരസ്യപ്പലകകളുടെയും പത്രഛായാപടങ്ങളുടെയും, മാനുഷിക മൂല്യങ്ങളെ മുക്കിക്കൊല്ലുന്ന തെളിച്ചത്തെയും വെളിച്ചത്തെയുമാണ് ആസാദ് തന്റെ ഫോട്ടോപ്രിന്റുകളില്‍ അപകടപ്പെടുത്തുന്നത്. തീരെ വെളിച്ചം കുറഞ്ഞ, വരകളും വര്‍ണ്ണങ്ങളും ചിത്രപ്പണികളും ഷെയ്ഡുകളും മായ്ക്കലുകളും കോറലുകളും തുന്നിച്ചേര്‍ക്കലുകളും നിറഞ്ഞ ഒരു നെയ്ത്തു ഖണ്ഡമായി ആസാദിന്റെ കാന്‍വാസ് പ്രിന്റുകള്‍ മാറിത്തീരുന്നത് ദീര്‍ഘിച്ച  നിര്‍മ്മാണ പരിചരണത്തിലൂടെയാണ്. ആസാദിന്റെ ഈ സമ്പ്രദായങ്ങളെ കുറിച്ചുള്ള സാമാന്യമായ ധാരണകള്‍ അദ്ദേഹത്തിന്റെ കലാപരവും രാഷ്ട്രീയവുമായ ഉദ്ദേശ്യങ്ങളെയും സമ്പ്രദായങ്ങളെയും, പട്ടണം കുടുംബത്തില്‍പെട്ട അയാളുടെ പാരമ്പര്യത്തിലെ കലാനിപുണതയെയും തിരിച്ചറിയുന്നതിനു സഹായിക്കും. അതിലൂടെ ആസാദ് അറിഞ്ഞോ അറിയാതെ ഉയര്‍ത്തുന്ന യാഥാര്‍ത്ഥ്യത്തെയും അതിന്റെ നിര്‍മ്മാണത്തെയും കുറിച്ചുള്ള സൈദ്ധാന്തികമായ പ്രശ്നങ്ങളും വെളിപ്പെടുന്നു. 
 നെഗറ്റീവില്‍ തന്നെ കോറലുകള്‍ ഇടുക, താന്‍ പകര്‍ത്തിയ ഇമേജിനെ വിവിധ മാനിപ്പുലേഷനിലൂടെ മാറ്റിത്തീര്‍ക്കുക, അതില്‍ മായ്ക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും പോറലുകളും നടത്തുക; ഇതെല്ലാം ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ വളരെ വിചിത്രമായ ഒരു ശൈലിയിലാണ് ആസാദ് തന്റെ, ഫോട്ടോപ്രിന്റുകള്‍ തീര്‍ക്കുന്നത്. വിവിധ ഇമേജുകള്‍ ജക്സ്റ്റാപോസ് ചെയ്ത്, പകര്‍ത്തിയ പടത്തിന്റെ കേവലതയെയും പരാമൃഷ്ടതയെയും ഭേദിച്ച്, താന്‍ അന്വേഷിക്കുന്ന അര്‍ത്ഥത്തിലേക്കുള്ള പ്രയാണം. ഈ രീതി പല ചോദ്യങ്ങളും ഉന്നയിക്കുന്നു. ക്യാമറയുടെ, യാഥാര്‍ത്ഥ്യം പകര്‍ത്തുന്നതിലെ സ്വാഭാവികതയും നൈസര്‍ഗികതയും, അതിന്റെ നിഷ്കളങ്കമായ പകര്‍പ്പെടുപ്പും പരാമൃഷ്ടതയും, യഥാതഥ ചിത്രീകരണവും ഈ ശൈലിചോര്‍ത്തിക്കളയുന്നില്ലേ? ഫോട്ടോ പകര്‍ക്കലിന്റെ ഘട്ടം മുതല്‍ നെഗറ്റീവ് സൃഷ്ടി, അതിലെ കൈക്രിയകള്‍,  രാസപ്രക്രിയകള്‍, ഡിജിറ്റല്‍ മാനിപ്പുലേഷന്‍ എന്നിങ്ങനെ, ദീര്‍ഘവും പ്രയാസകരവുമായ ഘട്ടങ്ങളിലൂടെയാണ് താന്‍ ഉദ്ദേശിക്കുന്ന ഭാവനിര്‍മ്മാണത്തിലേക്ക് ആസാദ് പ്രവേശിക്കുന്നത്.   ഫോട്ടോഗ്രാഫുകള്‍ പോലെ യാഥാര്‍ത്ഥ്യത്തിന്റെ യഥാതഥമായ പ്രതിനിധാനത്തെ പരാമര്‍ശവിധേയമാക്കുന്ന ഒരു മാധ്യമത്തെ ഇത്തരം പ്രക്രിയകളിലൂടെ വലിച്ചിഴക്കുക വഴി പ്രതിഛായയുടെ ഏതു പകര്‍പ്പാണ്  യാഥാര്‍ത്ഥ്യത്തെ പരാമര്‍ശിക്കുന്നത് എന്ന ചോദ്യം വരുന്നു. അതായത് ക്യാമറ പകര്‍ത്തിയ ഛായയുടെ പകര്‍പ്പിന്റെ ഏതുഘട്ടത്തിലെ ഉല്‍പന്നമാണ് യഥാര്‍ത്ഥത്തില്‍ പരാമൃഷ്ട  യാഥാര്‍ത്ഥ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം. ക്യാമറയില്‍ പകര്‍ത്തപ്പെടുമ്പോള്‍, നെഗറ്റീവ് ആക്കി മാറ്റുമ്പോള്‍, അതിനെ പോസിറ്റീവ് ആക്കുമ്പോള്‍, സവിശേഷമായ രാസപ്രക്രിയക്ക് വിധേയമാക്കപ്പെടുമ്പോള്‍, അതില്‍ മറ്റ് മോട്ടീഫുകളുടെ തുന്നിച്ചേര്‍ക്കല്‍ നടക്കുമ്പോള്‍, പിന്നെ ഡിജിറ്റല്‍ മാനിപ്പുലേഷന്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ഇമേജ് പരാവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍  ഫോട്ടോഗ്രാഫിയുടെ നാം പരിചയിച്ചു ശീലിച്ച ഉപയോഗവും ആസ്വാദനവും തന്നെ ഇതാണോ എന്ന സംശയം ഉണ്ടാകുന്നു.
 ഈ ചോദ്യങ്ങള്‍ക്ക് ആസാദിന്റെ കാന്‍വാസുകള്‍ പ്രക്ഷേപിക്കുന്ന സൌന്ദര്യാത്മക മൂല്യങ്ങളും ഭാവസമ്പത്തും പ്രമേയകല്‍പനയും സര്‍വ്വോപരി രാഷ്ട്രീയ നിലപാടുകളും മറുപടി നല്‍കുന്നുണ്ട്. തന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് ആസാദ്  അന്വേഷിച്ചു ചെല്ലുകയാണ്്.  കാന്‍വാസ് പ്രിന്റില്‍ രൂപപ്പെടുന്ന ആസാദിന്റെ നിര്‍മ്മിതികള്‍  പലപ്പോഴും പെയിന്റിങ്ങുകള്‍ക്കു സമാനമാണ്. ഒരേവര്‍ണ്ണത്തിന്റെ ടോണില്‍ മുഷിഞ്ഞ വെളിച്ചത്തുണ്ടില്‍ പ്രകാശിക്കാന്‍ മടിച്ചുനില്‍ക്കുന്ന ദീപ്തി. നിലാവിന്റെയോ പോക്കുവെയിലിന്റെയോ മുഖദാവില്‍ നിലകൊള്ളുന്ന നിശ്ചലതകള്‍. യഥാതഥ്യവാദത്തിന്റെ പളപളച്ച സത്യം വിളമ്പുന്ന നുണകളെയാണ്, പ്രത്യയശാസ്ത്രത്തെയാണ് ആസാദ് ഇവിടെ പ്രശ്നവിധേയമാക്കുന്നത്. അങ്ങനെ യാഥാര്‍ത്ഥ്യത്തെയും യഥാതഥവാദത്തെയും സംബന്ധിച്ച സൌന്ദര്യശാസ്ത്രപരവും സൈദ്ധാന്തികവുമായ പ്രശ്നങ്ങളിലേക്ക് ഈ ചര്‍ച്ച  നീണ്ടു പോകുന്നു.

രണ്ട്

 ആസാദിന്റെ ഏറ്റവും പുതിയ കാന്‍വാസ് പ്രിന്റുകളുടെ ഒരു പരമ്പര കൊച്ചി ഇഷ്ക ഗാലറിയുടെ ഉദ്ഘാടന പ്രദര്‍ശമായി ഉണ്ടായിരുന്നു. ആനിമല്‍ എന്നാണ് പരമ്പരക്കു പേരിട്ടത്. യാഥാര്‍ത്ഥത്തിന്റെ സത്യം, പ്രതിഛായയുടെ യാഥാര്‍ത്ഥ്യം എന്ന അര്‍ത്ഥവത്തായ തലവാചകമാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്ത പ്രൊഫ. ആര്‍ നന്ദകുമാര്‍ നല്‍കിയ സ്ളോഗന്‍. സാമാന്യലോകത്ത് കണ്ടു പരിചയമുള്ള മൃഗങ്ങളാണ് പ്രധാന മോട്ടീഫായി കാന്‍വാസുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹൈവേയുടെ വിഹ്വലപ്പരപ്പില്‍ കൊമ്പുകള്‍ മുന്നോട്ടാഞ്ഞ് ദ്രഷ്ടാവിന്റെ നില്‍പ്പിനോട് ഇടഞ്ഞ് നില്‍ക്കുന്ന കാള, നിലാവിന്റെ പ്രേതാകാശത്തേക്ക് വായ്പ്പൊളിച്ച് നില്‍ക്കുന്ന നായ, സ്വപ്നതുല്യമായ കോള്‍നിലത്ത് മേയുന്ന പന്നി, ഒരാനയുടെ മുതുകിന്റെ തികച്ചും അവ്യക്തമാക്കിയ മേട്ടീഫിനെ സ്വപ്നാഭമാക്കുന്ന കാന്‍വാസ്, പൌരാണിക കോട്ടയുടെ വിദൂരമായ പശ്ചാത്തലത്തില്‍ പുല്‍മേടില്‍ അയവെട്ടി കിടക്കുന്ന പശു, ഇടഞ്ഞു നില്‍ക്കുന്ന എരുമ, സൌമ്യത മാത്രം പ്രക്ഷേപിക്കുന്ന കണ്ണുകള്‍ കൊണ്ട് നമ്മെ നിസ്സാഹമായെന്നവണ്ണം നോക്കുന്ന പച്ചനിറത്തിന്റെ ഏകതാനതയില്‍ കിടക്കുന്ന സിംഹം, ഒരു ചാന്ദ്രഗ്രഹണത്തിന്റെ അവ്യക്തതയും ദുരൂഹതയും പ്രക്ഷേപിക്കുന്ന കാന്‍വാസ്, വെയിലിന്റെ തണല്‍പാടുകളില്‍ മേയുന്ന നന്ദിനി, എണ്ണമറ്റ റോസാപുഷ്പങ്ങള്‍ വീണുകിടക്കുന്ന കാന്‍വാസിന്റെ ഖണ്ഡം. വലിപ്പത്തില്‍ തീര്‍ത്ത കാന്‍വാസുകള്‍ അബോധത്തിന്റെ നിലാപരപ്പുകള്‍ പ്രസരണം ചെയ്യുന്നു. സമൂഹത്തിന്റെ പ്രാഗ്ചരിത്രത്തിലെ ഗോത്രചിഹ്നത്തിന്റെ സൂചനകള്‍ എന്നവണ്ണം മന:ശാസ്ത്രാപഗ്രഥനത്തില്‍ പ്രാമുഖ്യം കൈവരിക്കുന്ന ഈ ടോടമിക് മൃഗങ്ങളുടെ മോട്ടീഫുകളുടെ ഭൂമിക മനസ്സിന്റെ അബോധത്തോട് സംവദിക്കുന്നു. സാര്‍വ്വലൌകികമായ മാനുഷ്യാസ്തിത്വം എന്ന നില്‍പ്പിനോട് പ്രതികരിച്ചുകൊണ്ട്, അതിന്റെ ഭുതായനങ്ങളെ പരാമൃഷ്ടമാക്കുന്നു. പരിഷ്കൃതമനുഷ്യന്റെ ഭാവങ്ങള്‍ക്കും പെരുമാറ്റരീതികള്‍ക്കും സാംസ്കാരിക നില്‍പ്പിനും അടിസ്ഥാനമായ അബോധത്തിലെ ടോടമിക് ശേഷിപ്പുകള്‍. പരിഷ്കൃത മനുഷ്യനെ പിന്നെയും പിന്നെയും പ്രാകൃതമെന്നു കരുതുന്ന ശത്രുതയിലേക്കും സ്പര്‍ധയിലേക്കും നയിക്കാന്‍ ഇടവരുത്തുന്ന സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍. ലോകമാകെ പടരുന്ന വംശീയവാദത്തിന്റെയും വംശീയകൂട്ടക്കൊലയുടെയും ഒക്കെ പശ്ചാത്തലത്തില്‍ ആണ് ഈ കാന്‍വാസ് പ്രിന്റുകള്‍ നമ്മോട് സംസാരിക്കുന്നത്. അതിലെ മൃഗങ്ങളുടെ മോട്ടീഫുകള്‍ നമ്മോട് ഇടഞ്ഞും സ്നേഹഭാഷണം ചെയ്തും വെറുപ്പിന്റെയും സ്നേഹത്തിന്റെയും അംഗലാവണ്യം പെയ്യിച്ചും നിലകൊള്ളുന്നു. മനുഷ്യമനസ്സിന്റെ വയലന്‍സിനെയും സ്നേഹാഭിമുഖ്യങ്ങളുടെയും അപരിഹാര്യമെന്നു തോന്നുന്ന വൈരുധ്യങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഭക്ഷ്യവസ്തു, കുലചിഹ്നം, വളര്‍ത്തുമൃഗങ്ങള്‍ എന്ന നിലയിലുള്ള സാമീപ്യം, വിശ്വാസത്തിന്റേയും വിലക്കുകളുടേയും സംസ്കാര നിര്‍ണ്ണയത്വം എന്നിങ്ങനെ, ഈ മോട്ടീഫുകള്‍ അത് ആവിഷ്കരിച്ച നിലാവിന്റേയോ പോക്കുവെയിലിന്റെയോ തണല്‍പരപ്പിന്റെയോ വിതാനത്തിന്റെ പാരസ്പര്യത്തിലൂടെ സംവദിക്കുന്നു. കാന്‍വാസുകള്‍ മിക്കവാറും ഒരൊറ്റ വര്‍ണ്ണത്തിന്റെ ചാരുതയിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഏകതാനമായ വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ച് അബോധത്തിന്റെ അവ്യക്തതയില്‍ നിന്ന് എഴുന്നുനില്‍ക്കുന്ന  നിലാഭൂമികയില്‍ മേയുകയും വിശ്രമിക്കുകയും ചെയ്യുന്ന മനുഷ്യന്റെ അബോധത്തിലെ ജന്തുലോകം. നിലാവിനെ അടയാളപ്പെടുത്തുന്ന ടോണും അതിന്റെ മോട്ടീഫ് എന്നവണ്ണം ഓരോ കാന്‍വാസിനെയും തുളച്ചു നില്‍ക്കുന്ന അമ്പിളിക്കലയും ചന്ദ്രബിംബവും. ഈ പശ്ചാത്തലത്തില്‍ നിറയുന്ന ജന്തുലോകം ആസാദിന്റെ ഫോട്ടോഗ്രഫിയുടെ തെരഞ്ഞെടുപ്പുകളെയും നിശ്ചയങ്ങളെയും നിര്‍ണ്ണയിച്ചതിന്റെ വ്യക്തിപരമായ തീര്‍പ്പുകള്‍ സംബന്ധിച്ചുള്ള അന്വേഷണം രസാവഹമായിരിക്കും.

മൂന്ന്

 ആസാദിന്റെ ലോകം തന്റെ പാരമ്പര്യത്തിന്റെയും, താന്‍ ജീവിക്കുന്ന പരിതസ്ഥിതി മുന്നോട്ടുവെയ്ക്കുന്ന ആധുനികതയുടെ സമകാലീനമായ ഉള്‍പ്പിരിവുകളും നിറഞ്ഞ ഒന്നാണ്. ദക്ഷിണേന്ത്യയുടെ സാംസ്കാരിക ഭൂമികയുടെ പാരമ്പര്യം ആസാദിന്റെ മോട്ടീഫുകളെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. മഹിഷാസുര മര്‍ദിനി, നന്ദിനി ശില്‍പങ്ങളുടെയും ബൌദ്ധ ശില്‍പ പാരമ്പര്യത്തിന്റേയും ഉറവകളും, തന്റെ കുടുംബത്തൊഴിലായ അലങ്കാര വസ്ത്രനെയ്ത്തിന്റെ  പാരമ്പര്യവുമെല്ലാം ആസാദിന്റെ കാന്‍വാസുകളിലെ പ്രമേയവും മോട്ടീഫും ബിംബനിര്‍മ്മിതികളും നിര്‍ണ്ണയിക്കുന്നതു കാണാം. കേരളത്തില്‍ മട്ടാഞ്ചേരിയില്‍ പ്രസിദ്ധമായ പ്രസിദ്ധമായ പട്ടണം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആസാദിന്റെ പ്രമേയ-ബിംബ കല്‍പനകള്‍ വൈയക്തികതയുടെ ഓര്‍മ്മച്ചെപ്പില്‍ നിന്ന് കടഞ്ഞെടുത്തതാണെങ്കിലും,ആ ഓര്‍മ്മകളുടെ ആര്‍ക്കൈവിനെ തീര്‍ക്കുന്ന സാമൂഹിക പരിസരത്തെപ്പറ്റി, കലാകാരന്‍ എന്ന നിലയിലുപരി ഒരു സാമൂഹ്യജീവി എന്ന നിലയില്‍, ആസാദ് തികഞ്ഞ ബോധ്യം പുലര്‍ത്തുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള ഈ പാരസ്പര്യം അവ്യക്തതയും സംശയാസ്പദിത്വവും കലര്‍ന്ന ഭാവത്തെ പ്രിന്റുകളില്‍ പകര്‍ത്തുന്നു. ഓര്‍മ്മയിലും അബോധത്തിലും അഭിരമിക്കാനുള്ള വ്യഗ്രത കൊണ്ട് വിഷാദമുഖിയായിത്തീര്‍ന്നിരിക്കുന്നു ആസാദിന്റെ ഫോട്ടോഗ്രഫുകള്‍. ഒരൊറ്റ വര്‍ണ്ണത്തിന്റെ മുഷിഞ്ഞ ബോധ്യങ്ങള്‍ പകരുന്ന കാന്‍വാസുകള്‍ മെലങ്കളിയുടെ ഭാവഗീതിക ചമയ്ക്കുന്നു. ഈ വിഷാദോന്മുഖത്വം  ആര്‍ നന്ദകുമാര്‍ ചൂണ്ടിക്കാണിക്കും പോലെ, സാമൂഹിക പ്രശ്നങ്ങളോടുള്ളള സംശയം കലര്‍ന്ന പാരസ്പര്യത്തിന്റെ ഉല്‍പന്നമാണെന്നു വരാം.
 മട്ടാഞ്ചേരിയുടെ കൊളോണിയല്‍ പൈതൃകത്തിന്റെ ശേഷിപ്പുകളോട് പല നിലയില്‍ പ്രതികരിച്ചുകൊണ്ടാണ് ആസാദിന്റെ പ്രമേയങ്ങള്‍ രൂപപ്പെടുന്നത്. സാര്‍വ്വദേശീയതയോടും സാര്‍വ്വലൌകിക മാനുഷികത എന്ന പരികല്‍പയോട് ഏറ്റുമുട്ടിക്കൊണ്ട് ആസാദിന്റെ ഫോട്ടോഗ്രഫി പ്രതിരോധസ്വഭാവമാര്‍ജ്ജിക്കുന്നത് പ്രാദേശികതയുടെ ഒരു പുരാവസ്തുവിജ്ഞാനീയത്തിലൂടെയാണ്. അങ്ങിനെ നമ്മുടെ കൊളോണിയല്‍ ആധുനികതയുടെ പൈതൃകത്തിന്റെ സങ്കീര്‍ണ്ണമായ കര്‍തൃനിര്‍മ്മിതിയോട് ആസാദ് പ്രതികരിക്കുന്നു. അധിനിവേശ ചരിത്രത്തിലൂടെ നമുക്ക് പകര്‍ന്നുകിട്ടിയ അനുകരണ ആധുനികതയെ പ്രശ്നവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആണ് ആസാദിന്റെ ഫോട്ടോഗ്രഫിയുടെ പൊതുസ്ഥലി. കേരളീയ ആധുനികതയുടെ പദ്ധതിയോട് പ്രതികരിച്ചുകൊണ്ട് പാരമ്പര്യ ഊര്‍ജജസ്രോതസ്സുകളില്‍ നിന്ന് ഉറവപൊട്ടിയ പരിഷ്കരണ വാദത്തിന്റെയും ബദല്‍ ആധുനികതയുടേയും വശങ്ങള്‍ ഛായാപടനിര്‍മ്മാണത്തിന്റെ പ്രമേയകല്‍പനകളായി  കടന്നു വരുന്നു.
 കേരളീയ നവോത്ഥാനത്തിന്റെ മുഖ്യധാരാചരിത്രം പ്രാന്തവല്‍ക്കരിച്ച പ്രാത:സ്മരണീയനായ സനാവുള്ള മക്തി തങ്ങളുടെ മട്ടാഞ്ചേരിയിലെ കബറിടം ആസാദ് പകര്‍ത്തിയിട്ടുണ്ട്. മഹാനായ ശ്രീനാരായണ ഗുരുവും നടരാജഗുരുവും കുമാരനാശാനും രാജനും സ്വന്തം കുടുംബവും സ്വകാര്യനിമിഷങ്ങളും പ്രാദേശിക ജനനായകരും കലാകാരന്മാരും എല്ലാം നിറഞ്ഞു കവിയുന്ന പ്രിന്റുകള്‍. ഗാന്ധിസത്തെക്കുറിച്ചും ഇന്ദിരാഗാന്ധിയെക്കുറിച്ചുമൊക്കെയുള്ള തന്റെ വായനകള്‍. പട്ടണം വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍. കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും അതുവഴി കേരളത്തിന്റെയും പ്രാദേശിക ചരിത്രത്തിലൂടെയുള്ള മിന്നലാട്ടങ്ങള്‍. നാരായണഗുരുവിന്റെയും ഗാന്ധിയുടേയും സ്റ്റാലിന്റേയും ചുമര്‍ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടാഞ്ഞു നില്‍ക്കുന്ന കേരളീയ ഇതിഹാസ നായകന്റെ ചിത്രം ആസാദിന്റെ ശേഖരത്തിലുണ്ട്. കേരളത്തിന്റെ ആദ്യകമ്മ്യൂണിസ്റ്റ് എന്നു വിശേഷണമുള്ള പി കൃഷ്ണപിള്ളയുടെ ജീവനുള്ള ഒരു ഛായാപടം തെളിഞ്ഞ് മുന്നില്‍ വന്നു നില്‍ക്കുന്ന കാന്‍വാസ്.
 നമ്മുടെ ശ്രീനാരായണീയ പാരമ്പര്യത്തിലെ നവോത്ഥാനത്തിന്റെ ഉപലബ്ധികളെ വിമര്‍ശനാത്മകമായി അന്വേഷിക്കുന്ന ഒരു പരമ്പരയാണ് മാന്‍ വിത്ത് ടൂള്‍സ്. കേരളത്തിന്റെ ജാതിസമൂഹങ്ങളുടെ തൊഴില്‍പരമായ അടിസ്ഥാനങ്ങളിലേക്ക് മിഴിതുറന്നുവെയ്ക്കുന്ന പരമ്പരയിലെ കാന്‍വാസ് പ്രിന്റുകള്‍ ശക്തിമത്തായ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ചരിത്രവല്‍ക്കരണമാണ്. തന്റെ പണിയായുധങ്ങളുമായി പോസ് ചെയ്ത നിലയില്‍ ക്യാമറക്കണ്ണിലേക്ക് തുറിച്ചുനോക്കി നില്‍ക്കുന്ന പുലയന്റെയും ഈഴവന്റെയും പ്രതിനിധാനങ്ങളുടെ കാന്‍വാസുകള്‍. ജാതിസമ്പ്രദായത്തിന്റെ ശ്രേണീവ്യവസ്ഥയില്‍ ഈ മനുഷ്യരുടെ നിലനില്‍പ്പിന്റെ പ്രത്യയശാസ്ത്രബദ്ധമായ അസ്തിത്വത്തെ പരാമര്‍ശിക്കുമ്പോഴും, അത്തരമൊരു പ്രത്യയശാസ്ത്രവല്‍ക്കരണത്തിലേക്കു നയിച്ച സാമൂഹിക വര്‍ഗീകരണത്തിലേക്കാണ്, തൊഴില്‍പരമായ സാമൂഹികതയിലേക്കാണ് ആസാദിന്റെ ഈ പരമ്പരയിലെ ഛായാപടങ്ങള്‍ വെളിച്ചം വീശുന്നത്. 
 ജാതിയോടുള്ള നമ്മുടെ നവോത്ഥാനത്തിന്റെ സംസ്കൃതവല്‍ക്കരണത്തിനും ആംഗലേയവല്‍ക്കരണത്തിനും വിധേയമാക്കപ്പെട്ട സമീപനങ്ങള്‍ ആണ് ഇവിടെ പ്രശ്നവല്‍ക്കരിക്കുന്നത്. ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ ശ്രേണീവല്‍ക്കരണം സൃഷ്ടിച്ച പീഡിതാവസ്ഥകളോട് പ്രതികരിച്ചുകൊണ്ടാണല്ലോ അയ്യങ്കാളിയുടേയും ശ്രീനാരായണന്റെയും പ്രസ്ഥാനങ്ങള്‍ നമ്മുടെ നവോത്ഥാന പൈതൃകത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. അത് ജാതിവിരുദ്ധമായപ്പോള്‍ തന്നെ അപകര്‍ഷത ഉള്ളില്‍ അടിച്ചമര്‍ത്തിയ ഒരു നവോത്ഥാന കര്‍തൃത്വത്തെ നിര്‍മ്മിക്കുകയുണ്ടായി. ജാതിയുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ തന്നെ തങ്ങളുടെ സാംസ്കാരിക ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും, അതേസമയം,  ആ ശ്രേണീവ്യവസ്ഥയിലൂടെ വിഹരിക്കുന്ന അധികാര പ്രയോഗത്തോട് വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്യുന്ന  സമുദായികാവബോധത്തിലാണ് ഈ പുതിയ കര്‍തൃത്വം അഭയം കണ്ടെത്തിയത്. ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട ജാതീയാസ്തിത്വം പല സങ്കീര്‍ണ്ണതകളെയും പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് ഇന്നും കര്‍തൃകേന്ദ്രത്തില്‍ നിലകൊളളുന്നു. തൊഴില്‍പരമായ അസ്തിത്വമാണ് ജാതിയുടെ ഉറവിടമായി ഗണിക്കപ്പെടുന്നതെങ്കിലും, ആധുനികവല്‍ക്കരണത്തിലൂടെ ജാതിസ്വത്വത്തിന് ഒരു പരിധിവരെ തൊഴില്‍പരമായ ഈ അടിത്തറ നഷ്ടപ്പെടുന്നു. എന്നാല്‍, ഉപരിഘടനയില്‍ കര്‍തൃസങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചുകൊണ്ട് ജാതിപരമായ സ്വത്വരൂപങ്ങള്‍ നൈരന്തര്യം പുലര്‍ത്തുകയും ചെയ്യുന്നു. അങ്ങിനെ, കൊളോണിയല്‍ ആധുനികതയില്‍ നിന്ന് സങ്കല്‍പനങ്ങള്‍ പിന്‍പറ്റിക്കൊണ്ട് വളര്‍ന്ന നമ്മുടെ സംസ്കൃതവല്‍കൃത നവോത്ഥാന പൈതൃകത്തിന്റെ മരണമുനമ്പാണ് മാന്‍ വിത്ത് ടൂള്‍സ് എന്ന പരമ്പരയില്‍ അവതരിപ്പിക്കുന്ന ചേകവന്റെ ഛായാപടം. ഗോള്‍വാള്‍ക്കറുടെയും മറ്റ് ഹിന്ദുത്വവക്താക്കളുടെയും ഛായാപടങ്ങളുടെ താഴെ കായബലത്താലും നിര്‍വ്വികാരമായ പേശീബലമുഖപ്പോടെയും കൂസലന്യേ ഇരിക്കുന്ന ഈ പുതിയ 'പുരുഷന്‍' തന്റെ ആയുധമായി കണ്ടെത്തുന്നത് ഈ ചുമര്‍ചിത്രത്തില്‍ മാലയിട്ട് അലങ്കരിച്ചു വെച്ചിരിക്കുന്ന ഗുരുക്കന്മാര്‍ പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ്. നമ്മുടെ കൊളോണിയല്‍ ആധുനിതയുടെ ഈ മരണമുനമ്പിനെയും അതിലേക്ക് നയിച്ച സാമൂഹിക വിന്യാസക്രമങ്ങളെയും ആസാദ് തന്റെ പരമ്പരയില്‍ പ്രശ്നവല്‍ക്കരിക്കുന്നു.


No comments:

Post a Comment