Thursday, September 8, 2011

പണവും പൊന്നുതമ്പുരാനും

കെ ആര്‍ അജയന്റെ കഥകളുടെ പ്രമേയപരിസരം


പി പി ഷാനവാസ് 


പത്രോസ് രക്ഷതു, കഥകള്‍
കെ ആര്‍ അജയന്‍
ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം
വില: 30 രൂപ


താന്‍ ജീവിക്കുന്ന നിമിഷത്തില്‍ അടര്‍ന്നുവീഴുന്ന ഒരു മഴത്തുള്ളിയോ, കണ്ണില്‍പെടുന്ന ഒരു പ്രതിബിംബമോ, മനസ്സില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മകളുടെ ജീവപടമാണ് കെ ആര്‍ അജയന്റെ കഥകള്‍. തിരുവിതാംകൂറിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഭാവപ്പകര്‍ച്ചകളിലൂടെ സഞ്ചരിക്കുന്ന കഥാകൃത്ത്, തന്നെ ആഖ്യാനത്തിലേക്കു നയിച്ച വര്‍ത്തമാനത്തിന്റെ നിമിഷത്തിലേക്കു തന്നെ എല്ലായ്പ്പോഴും തിരിച്ചെത്തുന്നതും കാണാം. ഭൂത-വര്‍ത്തമാനങ്ങള്‍ക്കിടയിലൂടെ ഈ ദീര്‍ഘ വൃത്തം നിര്‍മ്മിക്കുന്ന അജയന്റെ കഥാശില്‍പം, അങ്ങിനെ തിരുവിതാംകൂറിന്റെ ഗ്രാമ്യതയുടെ ഒരു ചരിത്രം നിര്‍മ്മിക്കുന്നു.
   തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം ഈ ഗ്രാമ്യതയുടെ ആഖ്യാനം അതിന്റെ സാഹിത്യസൌകുമാര്യം കൊണ്ടു മാത്രമല്ല പ്രസക്തമാകുന്നത്. പലപ്പോഴും ഗ്രാമ്യമായ സാംസ്കാരിക ജീവിതം നയിക്കുകയും, അധികാരബന്ധങ്ങളുടെ സമസ്യകളില്‍ നിത്യജീവിതം ഉഴറുകയും ചെയ്യുന്ന പ്രാദേശികത ഒരു പക്ഷേ കേരളത്തിന്റെ അപൂര്‍വ്വമായ ജീവിതചിത്രമാണ്. രാജഭരണത്തിന്റെ ഭൂതകാലത്തും, കൊളോണിയല്‍ സാമന്താധികാര ചരിത്രത്തിലും, വര്‍ത്തമാനകാല ജനാധിപത്യത്തിന്റെ ദുഷിപ്പുകള്‍ക്കിടയിലും ഈ ഗ്രാമ്യത കൊണ്ടാണ് തിരുവിതാംകൂറിലെ ജനജീവിതം പച്ചപ്പും തണലും വിരിക്കുന്നത്. അധികാര മാത്സര്യങ്ങള്‍ അന്യവല്‍ക്കരിക്കുന്ന നിത്യജീവിതത്തിന്റെ സങ്കുചിത വര്‍ത്തമാനങ്ങളില്‍ നിന്ന് തിരുവിതാംകൂറിന്റെ ജനജീവിതത്തെ രക്ഷിച്ചു നിര്‍ത്തുന്നത് ഈ ഗ്രാമ്യതയാണ്. അജയന്റെ വ്യക്തി ജീവിത നൈര്‍മ്മല്യവും അയാളുടെ കഥയുടെ ലോകവും ഈ ജീവിത പരിസരത്തിന്റെ പ്രതിഫലനവും പകര്‍പ്പുമാണ്.
   മണ്ണും പെണ്ണും എന്ന സംഘര്‍ഷ ബിന്ദു ഈ കഥകളില്‍ ആവര്‍ത്തിക്കുന്ന ദ്വന്ദമാണ്. കൊളോണിയല്‍ സാമന്ത നാടുവാഴി കാലത്തെ ഭൂബന്ധങ്ങളില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളുടെ സന്ദര്‍ഭമാണ് അജയന്റെ കഥകളുടെ പൊതുകാലം. അവിടെ, ജീവിതപ്രാന്തത്തില്‍ നിന്ന് നാടന്‍ വാസ്തുശില്‍പ വൈദഗ്ധ്യം കൊണ്ട് ചരിത്രം രചിച്ച പത്രോസ് പുലയനും,  റജിസ്ട്രാപ്പീസില്‍ സാക്ഷിയൊപ്പുകാരനായി ജീവിത ചക്രം തിരിക്കുന്ന കൃഷ്ണപിള്ളയും എരുത്തിലെ ജീവിത രസനാടകവും എല്ലാം വന്നു നിറയുന്നു.
   പണത്തിനും പൊന്നുതമ്പുരാനും വിധേയപ്പെടുത്തിയ ജനാവബോധത്തിന്റെ ഉള്ളടക്കത്തോട്, ഒരു മിശ്രിത മുതലാളിത്ത സംസ്കൃതിയോട്, അജയന്റെ കഥകള്‍ കാരുണ്യപൂര്‍വ്വം കലഹിക്കുന്നുണ്ട്. അതുകൊണ്ടാണ് പത്രോസ് രക്ഷതു എന്ന കഥയില്‍ പത്രോസ് എന്ന പുലയന്റെ ചിത്രം കൊത്തിയ നാണയത്തിന്റെ മിഥ്യാഭ്രമത്തിലൂടെ അജയന്‍ തന്റെ ജനതയുടെ വിശ്വാസ വിധേയത്തെ തലതിരിച്ചിടുന്നു. പത്രോസ് രക്ഷതു എന്ന  കഥ സവിശേഷമായ ഒരു ബോധധാരാ രീതിയാണ് പിന്തുടരുന്നത്. പഴയ വീടിന്റെ ഓട്ടുമേല്‍ക്കൂരയില്‍ നിന്ന് തന്റെ മേല്‍ പതിച്ച ഒരു മഴത്തുള്ളി അയാളെ ഗ്രാമജീവിതത്തിന്റെ ഓര്‍മ്മകളിലേക്കും ചരിത്രത്തിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു. ചുമര്‍ പണിയുടെ അക്കാലത്തെ എഞ്ചിനീയര്‍ ആയിരുന്നു. പത്രോസ് പുലയന്‍, മണ്‍ചുമരിന്റെ രക്ഷക്കായി കുഴിച്ചിട്ട, പൊന്നു തമ്പുരാന്റെ ചിത്രം കൊത്തിയ നാണയം അടര്‍ന്നു കയ്യില്‍ വീഴുമ്പോള്‍,അതില്‍ പത്രോസിന്റെ ചിത്രം കൊത്തിവെച്ച പോലെ അയാള്‍ക്കു മിഥ്യാഭ്രമം ഉണ്ടാകുന്നു. അങ്ങനെ രാജാവല്ല, പത്രോസാണ് ഇനി രക്ഷകന്‍ എന്ന പ്രഖ്യാപനത്തോടെ കഥ അവസാനിക്കുന്നു. തമ്പുരാനു പകരം പത്രോസ് പുലയനെ പ്രതിഷ്ഠിക്കാനുള്ള ഈ കുസൃതി തന്റെ ജനതയുടെ ജീവിതാവബോധത്തില്‍ കഥാകാരന്‍ നടത്താന്‍ കൊതിക്കുന്ന ഒരു അട്ടിമറിയാണ്. ഈ മിഥ്യാഭ്രമത്തില്‍ ഭൂവുടമാ വ്യവസ്ഥയിലെ ജാത്യാധികാര ശ്രേണീവ്യവസ്ഥയില്‍ നിന്ന് മോചനം നേടി, പണവ്യവസ്ഥയില്‍ അഭയം കണ്ടെത്താനുള്ള  ഒരു ജനതയുടെ മോഹത്തിന്റെയും മോഹഭംഗത്തിന്റെയും അടിയൊഴുക്കുണ്ട്.
 സാക്ഷിപ്പടി എന്ന കഥയിലും കൊളോണിയല്‍ സാമന്തഭരണം സങ്കീര്‍ണ്ണമാക്കിയ ഭൂബന്ധങ്ങളുടെ പശ്ചാത്തലം കടന്നു വരുന്നു. രജിസ്ട്രാപ്പീസില്‍ സാക്ഷി ഒപ്പിടുന്ന ജോലി നോക്കുന്ന കൃഷ്ണപിള്ളയുടെ ചരിത്രം പറയുന്നു ഈ കഥ. പൊന്നു തമ്പുരാന്റെ ചക്രത്തിനോടും പെണ്ണിനോടും മണ്ണിനോടും വാറ്റുചാരായത്തിനോടുമുള്ള ആസക്തികള്‍, മാറി വരുന്ന കാലത്തെ ദുരന്തങ്ങള്‍ ആയി മാറുന്നതും നാം  അറിയുന്നു. പണ്ടാരം വക ഭൂമി സ്വകാര്യസ്വത്തായി മാറുന്നതിന് പിള്ള സാക്ഷിയും സാമന്തക്കാരനുമാകുന്നു. മാറി വരുന്ന കാലത്തിന്റെ സാക്ഷിയും ചരിത്രകാരനും. ഒടുവില്‍, സ്വന്തം മകളെ തട്ടിക്കൊണ്ടുപോയവന് കല്ല്യാണത്തിന് കള്ളനോട്ടീസ് ഉണ്ടാക്കാനും, അറിയാതെ, അയാള്‍ പുതിയ കറന്‍സിക്ക് വശംവദനാകുന്നു. വിധേയപ്പെടലിന്റെ ഈ രസതന്ത്രം അജയന്റെ കഥകളുടെ ഭാവരസമാണ്.
   എപ്പോഴും അധികാരവുമായുള്ള ബന്ധത്തില്‍ ഒരുതരത്തിലുള്ള അധമബോധത്തിനോ അപകര്‍ഷതക്കോ അടിമപ്പെട്ടു ജീവിക്കുന്ന മനുഷ്യരാണ് ഈ കഥകളുടെ പ്രോട്ടഗോണിസ്റ്റുകള്‍. കൊളോണിയല്‍ സാമന്ത ഭരണവും ജാതിവ്യവസ്ഥയും ചേര്‍ന്ന് സൃഷ്ടിച്ച സവിശേഷമായ ഈ വിധേയവിനയത്വം കഥകളുടെ പൊതുവായ സാംസ്കാരിക ഭൂമിശാസ്ത്രമാണ്. തന്റെ ഇംഗ്ളീഷ് ഭാഷാ പഠന ഭൂതകാലം സ്വപ്നത്തിലും മതിഭ്രമത്തിലും തന്നെ വേട്ടയാടുന്ന പശ്ചാത്തലത്തിലെ രണ്ടു കഥകളില്‍ ഈ കൊളോണിയല്‍ അപകര്‍ഷതയെ അജയന്‍ ഹാസ്യരസത്തോടെ ആവിഷ്കരിക്കുന്നുണ്ട് (ഷേക്സിപയറും വനിതാ കമ്മീഷനും, ലീക്കോക്ക്). തട്ടിക്കൂട്ടിയ ഇംഗ്ളീഷും തിരുവോന്തരം മലയാളവും മനസ്സിലാകാതെ ഷേക്സിപയര്‍....എന്ന് ആഖ്യാനം ചെയ്യുമ്പോള്‍,എവിടെയോ അധമത്വം അനുഭവിക്കുന്ന ഒരു കൊളോണിയല്‍ പ്രജയുടെ സങ്കടങ്ങളും സ്വത്വനഷ്ടവും അപകര്‍ഷതയും ഭാഷാനഷ്ടവും ആവിഷ്കരിക്കപ്പെടുന്നു. അങ്ങനെ അജയന്റെ കഥ നമ്മുടെ കാലത്തെ സങ്കീര്‍ണ്ണമായ സാമൂഹ്യ ബന്ധങ്ങളില്‍ അന്തര്‍ഭവിച്ച അപകര്‍ഷതയില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു വൈദ്യപരീക്ഷണമായിത്തീരുന്നു. എങ്ങും സാറന്മാരും അധികാരികളും  കാമലോഭമോഹങ്ങളും മാത്രം കാണുന്ന കഥാകാരന്‍ വര്‍ത്തമാനത്തില്‍ നിന്ന് പലയാനം ചെയ്യുന്നു. കുടജാദ്രി യാത്രയായും അച്ഛന്റെ സ്പര്‍ശത്തില്‍ അമ്മയുടെ തണുപ്പറിയുന്ന ആത്മീയാനുഭവമായും കുറിഞ്ഞിപ്പൂക്കള്‍ വിരിഞ്ഞ കുന്നു തേടിയുള്ള സഞ്ചാരമായും യോഗാശ്രമത്തിലെ യുവസന്യാസിനി പകര്‍ന്ന അറിവായും ഓര്‍മകളിലേക്കുന്ന ഊളിയിടലായും പലായനത്തിന്റെ കഥകള്‍ പറയുന്നു. എന്നാല്‍ പലായനങ്ങള്‍ അയാളെ എവിടെയുമെത്തിക്കുന്നില്ല. പലായനം ചെയ്ത ഇടങ്ങളിലെ ജീവിത യാഥാര്‍ഥ്യം കഥാകാരനെ വീണ്ടും വര്‍ത്തമാനത്തിലേക്കു തന്നെ വലിച്ചെറിയുന്നു. കുറിഞ്ഞിപ്പൂക്കള്‍ വിരിഞ്ഞ കുന്നു കാണാന്‍ വഴികാട്ടിയായി വന്ന ബാലന്റെ ദുരിതത്തോടുള്ള താദാത്മ്യപ്പെടലായി വീണ്ടും സങ്കടത്തിന്റെ ഭൂമിശാസ്ത്രം തീര്‍ക്കുന്നു. വര്‍ത്തമാനത്തിന്റെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭൂതത്തിലേക്കു പലയാനം ചെയ്യുന്ന ഈ ആത്മാനുഭവം ഈ മലയിറക്കം കൊണ്ടാണ് ആഖ്യാന ശില്‍പമായി കരുത്താര്‍ജിക്കുന്നത്.  ഇതാണ് ഗൃഹാതുരാ നിര്‍മ്മിതിയില്‍ പിഴയ്ക്കുന്ന കലാ-സാഹിത്യ വ്യവഹാരത്തില്‍ നിന്ന് അജയന്റെ കഥകളെ വേറിട്ടു നിര്‍ത്തുന്നതും.

This review appeared in Chinda weekly, the article deal with the complex history of Travancore and its reflection in K R Ajayan's stories...



No comments:

Post a Comment