Thursday, September 8, 2011

ഗുരുവായൂരപ്പന്‍ മാഗസിന്‍ എഡിറ്റര്‍ക്ക് ഒരു കത്ത്.....


കളങ്കം പുരളാത്ത ഒരു വാക്ക്, ഒരു നോട്ടം

പി പി ഷാനവാസ്

താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കുന്നതിനുമുമ്പ്, അതിനുള്ള എന്റെ ആധികാരികതയെക്കുറിച്ച് അല്‍പം സ്വകാര്യം പറയാം.

സ്റ്റുഡന്റിന്റെ സുവര്‍ണ്ണകാലം

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ആരംഭിച്ചത്, ബിരുദപഠന കാലത്ത,് എസ്എഫ്ഐയുടെ മുഖമാസികയായ 'സ്റ്റുഡന്റി'ന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. പി കൃഷ്ണപ്രസാദിന്റെ ചുമതലയിലായിരുന്നു അന്ന് സ്റ്റുഡന്റ്. കോഴിക്കോട് വൈഎംസിഎ റോഡില്‍, ഞങ്ങള്‍ മീശ ഷാജി എന്നു വിളിക്കാറുള്ള ഷാജിയുടെ നേതൃത്വത്തിലായിരുന്നു, മാസിക പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് 'സ്റ്റുഡന്റ'് ഉള്ളടക്കത്തിലും രൂപത്തിലും പുതിയ ചില ചുവടുവെയ്പുകള്‍ നടത്തുകയായിരുന്നു. കൃഷ്ണപ്രസാദിന്റെയും ഷാജിയുടെയും നേതൃത്വത്തില്‍, വിദ്യാര്‍ഥിജീവിതത്തിന്റെ ധൈഷണിക ഉള്ളടക്കം മെച്ചപ്പെടത്തണമെന്ന ഗൌരവമായ ആലോചനകള്‍ അതിന്റെ പിന്നിലുണ്ടായിരുന്നു. ബംഗ്ളാദേശ് കോളനിയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അലക്സാണ്ടര്‍ പോപ്പിന്റെ 'രാത്രിയില്‍ ഉണര്‍ന്നിരിക്കുക' എന്ന കവിത ആ താളുകളില്‍ വന്നത് ഇന്നും ഓര്‍മ്മയിലുണ്ട്.  ബി രാജീവന്റെ 'ഇഎംഎസിന്റെ സാഹിതീയ സംഭാവനകളെ'ക്കുറിച്ചുള്ള ലേഖന പരമ്പരയും, ഭാസുരേന്ദ്ര ബാബുവിന്റെ 'ഇടതുപക്ഷയുവജന സംഘടനകള്‍ക്ക് ഒരു മുന്നറിയിപ്പ്' തുടങ്ങിയ കുറിപ്പുകളും പ്രസിദ്ധീകരിച്ച സ്റ്റുഡന്റിന്റെ ലക്കങ്ങള്‍, അങ്ങിനെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗൌരവമായ ആലോചനകള്‍ ലക്ഷ്യം വെയ്ക്കുന്നതായിരുന്നു. സുനില്‍ അശോകപുരവും മറ്റും അന്ന് സ്റ്റുഡന്റിന്റെ ചിത്രീകരണം നടത്തിപ്പോന്നു എന്നാണ് ഓര്‍മ്മ. ഒറ്റ നോട്ടത്തില്‍ അത്ര മോഹനമല്ലെങ്കിലും, അക്ഷരമെഴുത്തിന്റെ കാലിഗ്രഫിക് കരുത്ത് വിളംബരം ചെയ്യുന്ന ലേഖന തലക്കെട്ടുകളായിരുന്നു ഓരോ ലേഖനത്തിനും നല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു തൊഴിലാളിവര്‍ഗ സൌന്ദര്യാവബോധം വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ്യം അത്തരത്തില്‍ വരയുടെ കാര്യത്തില്‍ പോലും വെച്ചു പുലര്‍ത്താന്‍ ഷാജി ശ്രമിച്ചിരുന്നു.  അല്ലറ ചില്ലറ പ്രൂഫ് നോട്ടവും, കൃഷ്ണപ്രസാദിന്റെ കൂടെ പട്ടിണിയില്‍ പുലര്‍ന്ന ഉച്ചകളും, ഷാജിയുടെ ഊക്കന്‍ ബഡായികളും എല്ലാം ചേര്‍ന്ന് വൈഎംസിഎ റോഡില്‍ അന്നുണ്ടായ വിജനതയെ ഞാന്‍ ഒരതിര്‍ത്തിയോളം ആസ്വദിച്ചു.

മാര്‍ക്സിസം, മലയാളം, ആത്മഹത്യ

മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ, പൂവാട്ടുപറമ്പിലെ ശശിയുടെ പത്രാധിപത്യത്തിലുള്ള മാഗസിനിലെ പ്രവര്‍ത്തനമായിരുന്നു രണ്ടാം രംഗം. ആ മാഗസിന്‍ ശരിക്കും ഒരു വിജയമായിരുന്നു. റഊഫ് ഫാറൂഖ് കോളേജ് മാഗസിന്‍ എഡിറ്ററായിരിക്കെ പുറത്തിറക്കിയ മാഗസിന്റെ മുനിഞ്ഞു കത്തുന്ന മൊസൊപൊട്ടാമിയന്‍ ദീപ്തി, ഞങ്ങളെയെല്ലാം വളരെ സ്വാധീനിച്ചിരുന്നു. അതൊരു മാതൃകയായി മനസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ നിര്‍ദേശിച്ച പ്രകാരമായിരുന്നു ശശി, മാഗസിനിലെ വിഷയങ്ങള്‍ മിക്കവാറും തെരഞ്ഞെടുത്തത്.  മാഗസിന്റെ കവര്‍ മെഡിക്കല്‍ കോളേജിലെ ആര്‍ടിസ്റ്റ് മോഹനന്‍ വരച്ച ഒരു ഡ്രോയിങ് ആയിരുന്നു. സോവിയറ്റ് യൂണിയന്‍ തകരുന്നതിനു തൊട്ടു മുമ്പെ ഇറങ്ങിയ ആ മാഗസിനില്‍, മാര്‍ക്സിസത്തെക്കുറിച്ച് സാമാന്യം ഗഹനമായ ഒരു ചര്‍ച്ച സംഘടിപ്പിച്ചു. അത്തരമൊരു സംവാദം ഒരുക്കിയതില്‍ ഞങ്ങള്‍ പുലര്‍ത്തിയ അബോധമായ ദീര്‍ഘദര്‍ശിത്വം ഒരു വിസ്മയമായി മനസ്സില്‍ അവശേഷിക്കുന്നു. അന്തരിച്ച ഞങ്ങളുടെ അധ്യാപകനും വഴികാട്ടിയുമായിരുന്ന എ സോമന്‍, സച്ചിദാനന്ദന്‍, എംഎന്‍ വിജയന്‍, ബി രാജീവന്‍, യു കലാനാഥന്‍, എന്‍ പ്രഭാകരന്‍ തുടങ്ങിയ പ്രമുഖരെല്ലാം ആ ചര്‍ച്ചയില്‍ പങ്കാളിയായി. ഈ ആവശ്യത്തിന് ഞങ്ങള്‍ വിജയന്‍മാഷെ കാണാന്‍ ധര്‍മ്മടത്തെ അദ്ദേഹത്തിന്റെ വാടകവീട്ടില്‍ പോയിരുന്നു. അന്ന് അര്‍ശസ് ബാധിച്ച് വിശ്രമിക്കുകയായിരുന്ന അദ്ദേഹം നിന്നുകൊണ്ടാണ് ഞങ്ങളോടു സംസാരിച്ചത്. പ്രസ്സ് കടലുണ്ടിയിലെ കുരിശുമലയിലായിരുന്നു. സച്ചിദാനന്ദന്റെ ശിഷ്യനായിരുന്ന ഇരിങ്ങാലക്കുടക്കാരനായ ഒരു ധിഷണാശാലിയായിരുന്നു അതിന്റെ ഉടമ. അദ്ദേഹത്തിന്റെ കലാപരവും ബുദ്ധിപരവുമായ സഹായം മാഗസിനില്‍ ഏറെയായിരുന്നു. 
'ആരോഗ്യവും സംസ്കാരവും' എന്ന വിഷയത്തെക്കുറിച്ച് പി എന്‍ ദാസുമായി സംസാരിക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹം യൌവനകാലത്ത് പുറത്തിറക്കിയ പ്രസിദ്ധമായ ലിറ്റില്‍ മാഗസിനായ 'പ്രസക്തി'യുടെ രണ്ടു ലക്കങ്ങള്‍ ഞങ്ങള്‍ക്കു സമ്മാനിച്ചു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ പുറത്തിറക്കിയ ആ ലക്കങ്ങളില്‍ സച്ചിദാനന്ദനും ബി രാജീവനും കെജി ശങ്കരപിള്ളയും ഒക്കെ എഴുതിയിരുന്നു. സച്ചിദാനന്ദന്റെ ഡ്രോയിങുകളായിരുന്നു ആ ലക്കങ്ങളെ അലങ്കരിച്ചിരുന്നത്. കെജിഎസിന്റെ ബംഗാളില്‍ നിന്നു വാര്‍ത്തകളില്ല, എന്നു തുടങ്ങുന്ന പ്രസിദ്ധമായ കവിത അതിലാണു പ്രസിദ്ധീകരിച്ചത്.  ഡോ. ബി ഇക്ബാലുമായി സംസാരിച്ച് 'ആരോഗ്യത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ ആരോഗ്യവും' എന്ന തലക്കെട്ടില്‍ വന്ന ഇന്റര്‍വ്യൂവിന് വര സമ്മാനിച്ചത് മോഹനനായിരുന്നു. പി എന്‍ ദാസിന്റെ ആരോഗ്യശസ്ത്രം മാസികയുടെ ലക്കങ്ങളായിരുന്നു അത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചതിനു പ്രേരണ. കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് വ്യാജനാമത്തിലും വാന്‍ഗോഗിനെക്കുറിച്ച് വിജയന്‍മാഷുടെ ഭാഷാസ്വാധീനത്തില്‍ സ്വന്തം പേരിലും ഞാന്‍ മാഗസിനില്‍ എഴുതി. ആത്മഹത്യയെക്കുറിച്ച് കോളേജിലെ വിദ്യാര്‍ഥികളുമായി സംസാരിച്ച് ഒരു ഫീച്ചറും തയ്യാറാക്കി. രേഷ്മ ഭരദ്വാജ്, ക്ഷേമ കെ തോമസ്, എ ശാന്തന്‍, അബ്ദുല്‍ കരീം, മുരളി, ഷീജ, അജയ്ഘോഷ് തുടങ്ങിയവരെല്ലാം ആ ചര്‍ച്ചയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. രേഷ്മയുടെ ഇംഗ്ളീഷിലുള്ള ഒരു ലേഖനം ഏറെ ഓജസുറ്റതായിരുന്നു.

അരാജകത്വത്തിന്റെ ദിനങ്ങള്‍

പിന്നീട് കൊച്ചിയിലെ പ്രസ്സ് അക്കാദമിയിലെ പഠനകാലത്ത് കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇന്നത്തെ പ്രമുഖരായ പത്രപ്രവര്‍ത്തകരെ സതീര്‍ത്ഥ്യരായി കിട്ടി. ആന്റണിജോണും (മലയാളമനോരമ), ജി സന്തോഷും (ദ ഹിന്ദുവിലെ ഫോട്ടോഗ്രഫര്‍ ആയിരുന്നു), വിനീത ഗോപിയും (മലയാള മനോരമ), ശ്രീവല്‍സനും (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, ദില്ലി), രാജേഷ് അബ്രഹാമും (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, മുംബൈ) എല്ലാം സൌഹാര്‍ദ്ദത്തിന്റെ പൂക്കാലം നിര്‍മ്മിച്ചു. എന്നാല്‍ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തിന്റെ വരണ്ട ക്ളാസ്മുറികള്‍ എന്നെ ഒട്ടും ആകര്‍ഷിച്ചിരുന്നില്ല, അവിടുത്തെ പ്രമുഖരായ ഗുരുനാഥന്മാരെല്ലാം വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നു നല്‍കിയെങ്കിലും. തത്വചിന്തയിലും രാഷ്ട്രീയത്തിലും ചരിത്രത്തിലും ഉള്ള എന്റെ താല്‍പര്യങ്ങള്‍ക്ക്, അവിടെ പ്രസ്സ് അക്കാദമിക്ക് അകത്ത് എന്നതിനേക്കാള്‍ പുറത്തായിരുന്നു ക്ളാസ് ഒരുങ്ങിയത്. അവിടുത്തെ കോളനിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കഞ്ചാവ് പുകയ്ക്കലും, സന്തോഷിന്റെ നേതൃത്വത്തിലുള്ള അര്‍ധരാത്രിയില്‍ പോലുമുള്ള ചാരായ വേട്ടയും, ശ്രീവല്‍സന്റെ കൂടെ തീയാട്ടും കഥകളിയും കാണാനുള്ള അമ്പലപ്പരിസരങ്ങളിലെ ഉറക്കമൊഴിപ്പും, കളമശ്ശേരിയിലെ അയ്യപ്പക്ഷേത്രത്തിലെ അന്തിയുറക്കവും, രാജേഷ് എബ്രഹാമിന്റെ വീട്ടിലെ സാമ്പത്തിക ശാസ്ത്ര പഠനവും, മട്ടാഞ്ചേരിയിലെ പൌരാണിക ജീവിതരേഖകളുടെ സന്ദര്‍ശനവും, തൃശൂര്‍ പൂരവും, തിരുവോണ നാളിലെ തൃക്കാക്കര ക്ഷേത്ര സന്ദര്‍ശനവും ഒക്കെ ആയിരുന്നു അക്കൂട്ടത്തില്‍ വലിയ പാഠങ്ങള്‍. അടുത്തിടെ മരണപ്പെട്ട ഉണ്ണിയേട്ടന്‍ സെലക്ട് ചെയ്തുവെച്ചിരുന്ന ലൈബ്രററിയിലെ ചില പുസ്തകങ്ങളും തപ്പിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. റായ്മെണ്ട് വില്ല്യംസിന്റെ ഒരു സമാഹാരം ഊഴമെടുത്തു വായിച്ചു. പാശ്ചാത്യ മാര്‍ക്സിസത്തിന്റെ പ്രമുഖ വക്താക്കളായ അഡോണയും ഹോക്കിമറും ചേര്‍ന്നെഴുതിയ 'ഡയലക്ടിക്സ് ഓഫ് എന്‍ലൈറ്റന്‍മെന്റ്' എന്ന പ്രസിദ്ധമായ പുസ്തകം പിന്നീട് വായിച്ചറിയാം എന്ന മോഹത്തില്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു വെച്ചു. അന്ന് ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച പ്രമോദ് രാമനുമായി (മലയാള മനോരമ ചാനല്‍) ഇടയ്ക്കിടെ കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. അവന്‍ വശം എഴുതിക്കൊടുത്ത നവസിനിമയെക്കുറിച്ചുള്ള ലേഖനം അന്ന് ദേശാഭിമാനി വാരാന്തം എഡിറ്ററായിരുന്ന രവിവര്‍മ്മ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതിനെക്കുറിച്ച് പ്രമോദ് നല്ല അഭിപ്രായം പറഞ്ഞു. ചന്ദ്രികയിലുണ്ടായിരുന്ന, ഇന്ന് ഗള്‍ഫ് ന്യൂസിന്റെ എഡിറ്ററായ ഹസ്സന്‍ കോയക്കയെയും ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമിയിലായിരുന്നു ഇന്റേണ്‍ഷിപ്പ്. ഡസ്കിലും ബ്യൂറോയിലും സ്നേഹനിധികളായ പത്രപ്രവര്‍ത്തകര്‍ എനിക്ക് നല്ല പരിശീലനം നല്‍കി. കൃഷ്ണമേനോന്റെ മ്യൂസിയം സന്ദര്‍ശിച്ച് ഞാന്‍ എഴുതിയ റിപ്പോര്‍ട്ട് ചീഫിന് വളരെ ഇഷ്ടപ്പെട്ടു. എന്റെ കഴിവിന് കിട്ടിയ ആദ്യ അംഗീകാരം പോലെ ഇന്നും ഞാനത് മനസ്സില്‍ സൂക്ഷിക്കുന്നു.

മുംബൈക്കാലം, ദില്ലിവാഴ്ച

പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എംസിജെ പഠനകാലം.  പത്രപ്രവര്‍ത്തനത്തിന്റെ വരേണ്യവൃന്ദത്തില്‍, സംവരണ സീറ്റിലാണെങ്കിലും, പ്രവേശനം ലഭിച്ചത് ഒരു ഭാഗ്യമായി കരുതിയിരുന്നു. മുംബൈയില്‍ ഇന്‍േണ്‍ഷിപ്പ് ചെയ്യണമെന്ന വ്യാമോഹത്തിന് വകുപ്പ് തലവന്‍ അംജദ് സര്‍ എതിരായിരുന്നു. എന്നാല്‍ ആ അവസരം ഞാന്‍ നിര്‍ബന്ധിച്ചു വാങ്ങി. മാതൃഭൂമി പോലെത്തന്നെ, സ്വാതന്ത്യ്ര സമരകാലത്ത് ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന 'ഫ്രീ പ്രസ് ജേണര്‍ലില്‍' ആയിരുന്നു ഇന്റേണ്‍ഷിപ്പ്. ക്ഷമാശീലവും നിശ്ചയദാര്‍ഢ്യവും കഠിനവും സൂക്ഷ്മവുമായ ജോലിസന്നദ്ധതയും കൊണ്ട് ഞാന്‍, കര്‍ണ്ണാടക ബ്രാഹ്മണനായിരുന്ന എഡിറ്റര്‍ ശ്രീനിവാസ് ഹെബ്ബാറിന്റെ ഇഷ്ടക്കാരനായി. ഹെബ്ബാര്‍ എനിക്ക്  അവിടെ ജോലി തന്നു. എന്റെ അന്നത്തെ തുച്ഛമായ ഇംഗ്ളീഷ് പരിജ്ഞാനം അദ്ദേഹത്തിനു ബോധ്യമായിരുന്നെങ്കിലും, ധാരാളം പള്‍പ് ഇംഗ്ളീഷ് നോവലുകള്‍ വായിക്കണമെന്നും, ഈ അവസരം ഉപയോഗിക്കണമെന്നും അദ്ദേഹം ഉപദേശിക്കുമായിരുന്നു. സ്കിസോഫ്രീനിയ മൂര്‍ഛിച്ച് പത്രം വിട്ടുപോയ തിരുവനന്തപുരത്തുകാരനായിരുന്ന കുമാറും സഹായങ്ങള്‍ നല്‍കി. റിപ്പോര്‍ടിങ്ങിലെ ചീഫ് ആയിരുന്ന മണി ഡിമെല്ലെയുടെ സ്നേഹവാല്‍സല്യങ്ങള്‍മറക്കാവതല്ല. ന്യൂസ് എഡിറ്ററായിരുന്ന ആംഗ്ളോ ഇന്ത്യന്‍ വംശജന്‍ പ്ളാസിഡിന്റെ കൂടെയുള്ള പ്രസ് ക്ളബ്ബ് സന്ദര്‍ശനവും, പിന്നീട് ചീഫ് റിപ്പോര്‍ടറായി വന്ന  മിലിന്ദിനൊപ്പമുള്ള മുംബൈ വീഥികളിലൂടെയുള്ള രാത്രിയിലെ ബൈക്ക് യാത്രയും, ബ്രാഹ്മണ സമുദായത്തില്‍ പെട്ട മാമ്പഴ മുലകളുള്ള മഞ്ജുവുമൊത്തുള്ള നഗരക്കാഴ്ചകളും, ബംഗാളികളായ സുനന്ദയും ബോസുമായുള്ള സൌഹാര്‍ദ്ദങ്ങളും എല്ലാം പത്രപ്രവര്‍ത്തനാനുഭവത്തിന്റെ പല ഏടുകള്‍ ആയി മനസ്സില്‍ അവശേഷിക്കുന്നു.
ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍, ഞാന്‍ ആദ്യം താമസിച്ചിരുന്ന ഡോഗ്രിയില്‍,  ഒരു ട്രാവല്‍ ഏജന്‍സി നടത്തിയ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. വളരെ ദിവസങ്ങള്‍ കഴിഞ്ഞാണ് ആ റിപ്പോര്‍ട് മുംബൈയില്‍ പ്രസിദ്ധമായ 'ടൈംസ് ഓഫ് ഇന്ത്യ'ക്കു പോലും കിട്ടിയത്. അതിന് കുറച്ച് ഫോളോ അപ്പുകള്‍ ചെയ്തു. ഒരു ഗാലറി സന്ദര്‍ശിച്ച് ചിത്രങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട് എഴുതിയത് പ്ളാസിഡ് മനോഹരമായി എഡിറ്റ് ചെയ്തു തന്നു. അന്ന് ശിവസേനയായിരുന്നു മഹാരാഷ്ട്രയില്‍ ഭരണം. താക്കറെയുടെ ഇഷ്ടക്കാരനായിരുന്ന ഒരു പത്രപവര്‍ത്തകന്‍ റിപ്പോര്‍ടിങ്ങില്‍ പ്രധാനി ആയി ചുമതലയെടുത്തു. അദ്ദേഹം ശുദ്ധഗതിക്കാരനായ ഒരു മറാഠിയായിരുന്നു. എന്നോട് വളരെ അടുപ്പം പുലര്‍ത്തിയ അദ്ദേഹത്തോടു പറഞ്ഞാണ്, അക്കാലത്ത് മുംബൈയില്‍ എത്തിയ, ഇപ്പോള്‍ കൈരളി കോഴിക്കോട് ബ്യൂറോ ചീഫ് ആയ ഇ രാജേഷിന് 'ടുഡെ' എന്ന പത്രത്തില്‍ സ്പോര്‍ട്സ് സെക്ഷനില്‍ ജോലി ലഭിച്ചത്. പത്രപ്രവര്‍ത്തനത്തിന്റെയും ജീവിതവ്യവഹാരത്തിന്റെയും നേരനുഭവങ്ങള്‍ സമ്മാനിച്ച മുംബൈയെക്കുറിച്ച് നിരവധി പറയാനുണ്ട്.
സുഹൃത്തുക്കളുടെ അസമയത്തുള്ള ഇടപെടലും, മറ്റു നിസ്സാര കാര്യങ്ങളും കൊണ്ട് മുംബൈ ജീവിതം ഉപേക്ഷിക്കേണ്ടി വന്നു. പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്ടില്‍ ചില സമരപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ജീവിതവുമായി കഴിയുന്ന കാലത്താണ് അന്ന്  പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച സായാഹ്ന പത്രമായ 'വള്ളുവനാട് ടൈംസി'ല്‍ അല്‍പകാലം പ്രവര്‍ത്തിക്കാന്‍ ഇട വന്നത്. ഇസ്ലാമില്‍ ആകൃഷ്ടനായി മതം മാറിയ ഒരു വായനക്കാരന്‍ തുടങ്ങി വെച്ച പ്രവാചകനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, അക്കാലത്ത് ആ വിഷയത്തില്‍ എനിക്കുണ്ടായിരുന്ന പരിമിതമായ അറിവുവെച്ച്, ഒരു സംവാദം നടത്തിയത് ഏറെ വായനക്കാരെ ആകര്‍ഷിച്ചു. പെരിന്തല്‍മണ്ണ ധാരാളം ജമാഅത്ത് ഇസ്ലാമിക്കാര്‍ ഉള്ള സ്ഥലമായതുകൊണ്ടാകണം, ആ ചര്‍ച്ച ശ്രദ്ധിക്കപ്പെട്ടത്. അറേബ്യയില്‍ നടന്ന ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലയിലാണ് ഞാനന്ന് ഇസ്ലാമിനെ സമീപിച്ചിരുന്നത്. ഹൈക്കലിന്റെ 'മുഹമ്മദ്' എന്ന പ്രവാചകന്റെ പ്രസിദ്ധമായ ജീവചരിത്രം വായിച്ച ആവേശത്തില്‍ ആയിരുന്നു ചര്‍ച്ചകള്‍. പില്‍ക്കാലത്ത് ദില്ലിയില്‍ അല്‍പകാലം. നെഹ്റു പ്ളേസില്‍ പ്രവര്‍ത്തിച്ചിരുന്ന, 'ഡിസികോം' എന്ന കമ്പ്യൂട്ടര്‍-ടെലികോം മാഗസിനില്‍ ബംഗാളികളോടൊത്ത്. ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബിസിനസ് കമ്യൂണിറ്റിയെ അല്‍പമെല്ലാം അടുത്തറിയാന്‍ ആ കാലം സഹായിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ചൂടു മൂത്തപ്പോള്‍ ജോലി ഉപേക്ഷിച്ച് ഒരു ഹിമാലയന്‍ യാത്ര. അതു കഴിഞ്ഞ് വീണ്ടും നാട്ടില്‍ തിരിച്ചെത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െയും സമരപ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ച. അതുകഴിഞ്ഞ് 'മലപ്പുറം വിശേഷം'എന്ന ദൈവാരികയില്‍ കൊണ്ടോട്ടിയില്‍ അല്‍പകാലം. ആ പ്രസിദ്ധീകരണവും സാമ്പത്തിക പരാധീനതകളാല്‍ പൂട്ടിപ്പോയി. ഇതെല്ലാം കഴിഞ്ഞാണ് ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തക ജീവിതം ആരംഭിക്കുന്നത്. പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുബന്ധമായി കാണുന്ന ദേശാഭിമാനിയില്‍, അനുഭവിക്കുന്ന സ്വാതന്ത്യ്രം ഒരര്‍ത്ഥത്തില്‍ അളവറ്റതാണ്. മറ്റേതൊരു സ്ഥാപനത്തിലും ഇല്ലാത്തവിധമുള്ള ഈ സ്വാതന്ത്യ്രം, ധാരാളം വായനയ്ക്കും സ്വതന്ത്ര ചിന്തക്കും എഴുത്തിനും അവസരം തന്നു എന്നു പറയുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നാം. ദേശാഭിമാനി എന്നെ ഞാനാക്കി എടുത്തു. ഇവിടെ വന്നതിനു ശേഷം ഏറെ തലമുറകള്‍ പത്രപ്രവര്‍ത്തകരായി ഈ സ്ഥാപനത്തില്‍ എത്തി. സ്ഥാപനവും ഏറെ മാറി. ഞങ്ങളുടെ തലമുറയും ഇപ്പോള്‍ എത്തുന്ന തലമുറകളും ഈ മേഖലയെപ്പറ്റി വെച്ചു പുലര്‍ത്തുന്ന അഭിപ്രായങ്ങളും സമീപനങ്ങളും വളരെ വ്യത്യസ്തമാണെന്നാണ് തോന്നുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ മൊത്തത്തില്‍ പുലര്‍ത്തുന്ന സമീപനങ്ങള്‍ അല്ല എന്റേത് എന്നും വരാം. അതിനാല്‍ തന്നെ സാമാന്യം ഒരു ഒറ്റയാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ ചില്ലറ അംഗീകാരങ്ങള്‍ നല്‍കുന്നുവെങ്കിലും, സ്വന്തം സ്ഥാപനം അതിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിചാരിക്കുന്നത്.

മാധ്യമവും മാധ്യമികതയും 

താങ്കളുടെ ചോദ്യത്തില്‍ സൂചിപ്പിക്കുന്നതു പോലെ, പലപ്പോഴും വളരെ ഉപരിപ്ളവമായി മാത്രം സാമൂഹ്യ പ്രശ്നങ്ങളെ കാണുന്ന മാധ്യമപ്രവര്‍ത്തന ലോകത്തോട്, ഇപ്പോള്‍ വാസ്തവത്തില്‍ ഒരു മടുപ്പാണ് തോന്നുന്നത്. അതിനു മറുമരുന്നായി കലാനിരൂപണങ്ങളുടെയും വായനയുടെയും എഴുത്തിന്റെയും ലോകത്തെ ഞാന്‍ തെരഞ്ഞെടുത്തു. മാധ്യമങ്ങള്‍, താങ്കളുടെ ആദ്യ ചോദ്യത്തിലുള്ളതു പോലെ, പുതിയ തലമുറയിലെ ഇടപെടലുകളെയും സാമൂഹിക ബോധത്തെയും നിര്‍ണ്ണയിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അതെല്ലാം വളരെ നെഗറ്റീവ് ആയ സ്വാധീനമാണ് എന്നാണ് കരുതുന്നത്. വിജ്ഞാനത്തിന്റെയും അറിവിന്റെയും അവബോധത്തിന്റെയും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഈ മേഖലകളെ മുരടിപ്പിക്കുന്ന  പ്രതിലോമകരമായ പങ്കാണ് നിര്‍വ്വഹിക്കുന്നത്. വളരെ സങ്കീര്‍ണ്ണമാണ് ഈ സ്വാധീനം. പ്രത്യയശാസ്ത്രപരമായ ഒരു ദൌത്യമാണ് മാധ്യമങ്ങള്‍ ഇന്ന് വിശേഷിച്ചും സമൂഹത്തില്‍ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ജനാധിപത്യത്തിന്റെ ആദ്യകാലത്ത് എന്ന പോലെ ഇന്നതിന് വിപ്ളവകരമായ സാമൂഹ്യധര്‍മ്മം ഒന്നും നിര്‍വ്വഹിക്കാനില്ല. കേസരി ബാലകൃഷ്ണപിള്ളയും വക്കം മൌലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഇഎംഎസും പി ഗോവിന്ദപിള്ളയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കേശവ മേനോനും എം ടി വാസുദേവന്‍ നായരും എല്ലാ തീര്‍ത്ത മലയാളത്തിന്റെ മാധ്യമപ്രവര്‍ത്തകലോകം ഇന്ന് കടലെടെത്തു കഴിഞ്ഞു.
നമ്മില്‍ ചെറുപ്പക്കാര്‍ ഏറെയും ഇന്നു വിശ്വസിക്കും പോലെ, മാധ്യമപ്രവര്‍ത്തനം വിപ്ളവപ്രവര്‍ത്തനത്തിനു പകരം വെയ്ക്കാവുന്ന ഒന്നായി  കരുതുന്നില്ല. അങ്ങിനെ വിശ്വസിക്കുക വഴി അവര്‍ ഭരണകൂട സ്വാംശീകരണ തന്ത്രങ്ങളില്‍ വീണു പോയിരിക്കുന്നു എന്നേ അര്‍ത്ഥമുള്ളൂ. കാരണം മാധ്യമങ്ങള്‍ അടിസ്ഥാനപരമായും സേവിച്ചുപോരുന്നത് ഭരണകൂടത്തെയാണ്. 'ഫോര്‍ത്ത് എസ്റ്റേറ്റ്' എന്ന നിലയില്‍ അതിന്റെ നിലനില്‍പു തന്നെ അതാണ് സൂചിപ്പിക്കുന്നത്. ജനായത്തം അടിസ്ഥാനപരമായി മുതലാളിത്ത നിര്‍മ്മിതിയാണ്. മറ്റ് സാമൂഹ്യവ്യവസ്ഥകളെ അപേക്ഷിച്ച് അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്ന് വരികിലും, അത് ആകത്തുകയില്‍ ചൂഷണാധിഷ്ഠിതവും മനുഷ്യത്വരഹിതവുമായ സാമൂഹ്യവ്യവസ്ഥയാണ്. മറ്റേത് തലത്തില്‍ സ്വാതന്ത്യ്രം അനുവദിച്ചാലും, മൂലധന വിമര്‍ശനം അത് വെച്ചുപൊറുപ്പിക്കില്ല. അതിനാല്‍ ജുഡീഷ്യറിയും പാര്‍ലമെന്റും എക്സിക്യൂട്ടീവും എത്രത്തോളം ബൂര്‍ഷ്വാ ആണോ അത്രത്തോളം മാധ്യമങ്ങളും ബൂര്‍ഷ്വാ പ്രിമൈസില്‍ നിലകൊള്ളുന്നതാണ്. അതിനാല്‍ നസ്രേത്തില്‍ നിന്ന് നന്മകള്‍ പ്രതീക്ഷിക്കേണ്ട എന്നു പറഞ്ഞപോലെ, മാധ്യമപ്രവര്‍ത്തനം സാമൂഹ്യതിന്മകളെ നേരിടാനുള്ള ഒരു പ്രവര്‍ത്തനമായി ചെറുപ്പക്കാര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍, അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് എന്നേ കരുതേണ്ടതുള്ളൂ.
നമ്മുടെ ജേണര്‍ണലിസം ക്ളാസുകളില്‍ പഠിക്കുന്ന ന്യൂസ് എലിമെന്റിനേയും, ന്യൂസ് വാല്യൂസിനേയും വിശകലന വിധേയമാക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. വാര്‍ത്തകള്‍ എന്ത്, അതിന്റെ മാനദണ്ഡം എന്ത് എന്ന ചോദ്യത്തിനുത്തരം നല്‍കുന്ന ന്യൂസ് വാല്യൂസും ന്യൂസ് എലിമെന്റ്സും എല്ലാം, അധികാരവും ഭരണകൂടവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിര്‍വ്വചിക്കുന്നത്. ജനങ്ങളുടെ കാര്യങ്ങള്‍ ഈ മൂല്യങ്ങളില്‍ ഒന്നുകില്‍ റൂറല്‍ റിപ്പോര്‍ടിങ്ങോ, ഡവലപ്മെന്റ് റിപ്പോര്‍ടോ ഒക്കെയായി രണ്ടാം തരമാണ്്. അതിന് പിന്നില്‍ ഒരു സായിനാഥോ മറ്റോ ഉണ്ടെങ്കില്‍ ആയി. എന്തുകൊണ്ടാണ് നമ്മുടെ പത്രപ്രവര്‍ത്തകര്‍ പൊലീസിന്റെ പകര്‍പ്പെഴുത്തുകാരും, പണം പറ്റി വാര്‍ത്തകള്‍ മുക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നവരും, ഭരണകൂട സ്ഥാപനങ്ങളുടെ അകത്തളങ്ങളില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന 'ശൂദ്ര'ഗണങ്ങളും ആയി മാറിയത് എന്ന്, മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളും മാധ്യമസ്ഥാപനങ്ങളുടെ ഘടനയും പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. മാധ്യമ സ്ഥാപനങ്ങള്‍ തന്നെ വലിയ കോര്‍പറേറ്റ് വ്യവയസായമായി മാറിയതിനെക്കുറിച്ച് അടുത്തിടെ സായിനാഥ് എഴുതുകയുണ്ടായി. കോര്‍പറേറ്റ് സേവയല്ല, കോര്‍പറേറ്റ് വ്യവസായം തന്നെയായി മാധ്യമസ്ഥാപനങ്ങള്‍ മാറിയതാണ് ആഗോളവല്‍ക്കരണ കാലത്ത് സംഭവിച്ചിരിക്കുന്ന മാറ്റം. ഇടതുപക്ഷ സ്വഭാവമുള്ള മാധ്യമങ്ങളും ഈ പ്രവണതകള്‍ക്ക് അപവാദമല്ല.
എഴുത്തും സര്‍ഗ്ഗാത്മകപ്രവര്‍ത്തനവും കലാജീവിതവും  മാധ്യമപ്രവര്‍ത്തനവുമായി ബന്ധമുള്ളതാണെന്നു ഞാന്‍ കരുതുന്നില്ല. മറിച്ച് എഴുത്തുകാരും കലാകാരനും ഇന്ന് മാധ്യമപ്രവര്‍ത്തകന്റെ കാരുണ്യത്തിനായി കാത്തുകെട്ടിക്കഴിയുന്ന സ്ഥിതിവിശേഷമാണുള്ളത്. എഴുത്തിന്റെയും വായനയുടെയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന്റെയും ഗഹനതകളെയാകെ, മാധ്യമപ്രവര്‍ത്തനത്തിന്റെ ഉപരിപ്ളവവും കാപട്യം നിറഞ്ഞതുമായ വ്യാജവിപ്ളവം കയ്യാളിയിരിക്കുന്ന സങ്കടമാണ്, ഇന്ന് മലയാളം വിശേഷിച്ചും, ലോകം പൊതുവെയും പങ്കുവെയ്ക്കുന്നത്. എല്ലാം തൊലിപ്പുറത്തുള്ള സത്യങ്ങളായി തീര്‍ന്നിരിക്കുന്ന നമ്മുടെ കാലത്ത്, മാധ്യമപ്രവര്‍ത്തനമാണ് ചെറുപ്പക്കാരുടെ വിപ്ളവചോദനയുടെ അവസാനത്തെ അത്താണി എന്നു വരുന്നതില്‍ അത്ഭുതമില്ല. ഇടനിലക്കാര്‍ എന്നും അര്‍ത്ഥമുള്ള മാധ്യമികതയെ, മാധ്യമപ്രവര്‍ത്തനത്തെ, മൂലധധന ശക്തികള്‍ മുച്ചൂടും കയ്യാളി തങ്ങളുടെ കണ്‍സള്‍ട്ടന്‍സികളാക്കി മാറ്റിയിരിക്കുന്നു. വിപ്ളവപാര്‍ടികളെയും ബുദ്ധിജീവികളെയും മൂലധനം വിഴുങ്ങിയ നമ്മുടെ കാലത്ത്, ബൂര്‍ഷ്വാ മൂല്യങ്ങളില്‍ വിഹരിക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനവും അങ്ങിനെയായിരിക്കുന്നതില്‍ അമ്പരക്കേണ്ടതില്ല. കള്‍സള്‍ട്ടന്‍സി എന്നത് ആഗോളവല്‍കൃത മൂലധനത്തിന്റെ പ്രധാനപ്പെട്ട ഉപകരണമായി മാറിയിരിക്കുന്നു. ആഗോള കരാറുകളും പദ്ധതികളും ഉറപ്പിക്കുന്നതിനും നടപ്പാക്കുന്നതിലും കള്‍സള്‍ട്ടന്‍സികള്‍ വഹിക്കുന്ന പങ്ക് ഏറെയാണ്. കണ്‍സള്‍ട്ടന്‍സികളും അവരുടെ പിആര്‍ഒകളും ഒരുക്കുന്ന ചതിക്കുഴികളില്‍ രാഷ്ട്രീയനേതാക്കളും മുന്നണിപ്പോരാളികളും വരെ വീണുപോകുന്നു. ഇപ്രകാരം ആഗോള മൂലധനത്തിന്റെ പദ്ധതികളിലും പ്രയോഗങ്ങളിലുംകണ്‍സള്‍ട്ടന്‍സികള്‍ എന്ന പോലെ മാധ്യമങ്ങളും വലിയ ഒരു ഇടനില 'പിമ്പിങ്' ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. 'മാധ്യമികത' എന്നത് അത്തരമൊരു കര്‍മ്മമാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തികളായ അപൂര്‍വ്വം ധിഷണാശാലികളായ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളാലാവും വിധം ഇതിനെ ചെറുത്ത് രക്തസാക്ഷിത്വം വരിക്കുന്നുണ്ടാകാം. അതിനാല്‍ തന്നെ മാധ്യമങ്ങളെ മുന്‍നിര്‍ത്തി ഒരു പോരാട്ടം എന്ന് താങ്കളുടെ ചോദ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഒരു വ്യാമോഹമാണെന്ന് എനിക്കു തോന്നുന്നു. മാധ്യമങ്ങള്‍ മാധ്യമികതയുടേതായ ഒരു പുകപടലമാണ് ഉയര്‍ത്തുന്നത്, അതാണ് അതിന്റെ അടിസ്ഥാനപരമായ ധര്‍മ്മവും.

ആത്മരതിയില്‍

മാധ്യമരംഗം ഇപ്രകാരം ചെറുപ്പക്കാരുടെ വിപ്ളവപ്രചോദിതമായ യൌവ്വനത്തിനെ സ്വാംശീകരിച്ചു നശിപ്പിക്കുന്ന ഒന്നായാണ് തോന്നിയിട്ടുള്ളത്. സാമൂഹ്യ അനീതികള്‍ക്കെതിരെ ചെറുപ്പക്കാരുടെ മനസ്സില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന മാനുഷിക പ്രതികരണവും വിപ്ളവാവേശവും, മാധ്യമങ്ങള്‍ നല്‍കുന്ന വ്യാജവിപ്ളവ വായാടിത്തത്തിന്റെ സ്പേസില്‍ ആവിയായിപ്പോകുന്നു. വിപ്ളവാവേശം തുടിക്കുന്ന ചെറുപ്പക്കാരുടെ മനസ്സിനെ ഇത് ഒരുതരത്തിലുള്ള ആത്മരതിയില്‍ കൊണ്ടുതള്ളുന്നു. മിടുക്കരായ നമ്മുടെ മാധ്യമപ്രവര്‍ത്തകരെല്ലാം ഇത്തരത്തില്‍ ആത്മരതിയില്‍ മുങ്ങിപ്പോയിരിക്കുന്നു. ഭരണകൂട ശ്രീകോവിലുകളില്‍ ചെന്ന് ചോദ്യങ്ങളുടെയും ശകാരങ്ങളുടെയും വ്യാജശരങ്ങള്‍ എയ്ത് അവിടെ ഒരു അര്‍ജ്ജുനവേഷം കെട്ടി ആത്മരതിയില്‍ വീണു മയങ്ങുകയാണ് അവര്‍. ഇത്തരം വ്യാജവിപ്ളവകാരികളെക്കൊണ്ട് മാധ്യമരംഗം നിറഞ്ഞുകവിഞ്ഞിരിക്കുന്നു. 
മാധ്യമങ്ങള്‍ എഴുത്തിനെയും ദൃശ്യലോകത്തെയും അടിസ്ഥാനപരമായിത്തന്നെ ജനകീയമായല്ല, ജനപ്രിയമായാണ് സമീപിക്കുന്നത്. എഴുത്തും സര്‍ഗ്ഗാത്മകപ്രവര്‍ത്തനവും മറ്റ് കലാപ്രവര്‍ത്തനവും ജനകീയവും ഗൌരവുമായ ഒരു മാനുഷികപ്രവര്‍ത്തനം എന്ന നിലയില്‍ നിലനിന്നിരുന്നിരുന്നു. അവയെപ്പോലും ഭരണകൂടസേവകരാക്കി മാറ്റും വിധം, ജനപ്രിയതയുടെ ചെളിക്കുണ്ടില്‍ മുങ്ങിമരിക്കാന്‍ വിട്ടുകൊടുത്തതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.
മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന വ്യാജലോകത്താണ് ഇന്ന് ഇടതുപക്ഷ രാഷ്ട്രീയനേതൃത്വം പോലും തങ്ങളുടെ കാരിയര്‍ സുരക്ഷിതമാക്കുന്നത്. സാമൂഹ്യജീവിതത്തില്‍ അവരുടെ പ്രവര്‍ത്തനവും പ്രതികരണങ്ങളും സൃഷ്ടിക്കേണ്ട ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്വാധീനമല്ല അവരാരും ഇന്നു ലക്ഷ്യം വെയ്ക്കുന്നത്. മറിച്ച്, ഒരൊറ്റ ദിവസത്തെ മാധ്യമചര്‍ച്ചകളിലെ ഫോക്കസ് പോയിന്റ് ആകാനാണ് ശ്രമിക്കുന്നത്. ജനങ്ങളിലേക്ക് കണ്ണയക്കാനല്ല, മാധ്യമങ്ങള്‍ വിളമ്പുന്ന സദ്യയിലെ ഒരു കറിക്കൂട്ടായി സാമൂഹ്യജീവിതം തൃപ്തമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അങ്ങിനെ മാധ്യമങ്ങളെ തങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ഒരുപാധിയായി കാണുന്നു. തങ്ങളുടെ കാലിന്നടിയില്‍ നിന്ന് ഒലിച്ചുപോകുന്ന മണ്ണിനെപ്പറ്റിപ്പോലും അവര്‍ അന്ധരായിത്തീരുന്നു. മൂലധനത്തിന്റെ ചതിക്കുണ്ടുകള്‍ അറിയാതെ, മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാമുദായികതയുടെ  പ്രാതിനിധ്യലോകത്ത് അവര്‍ വീണു മരിക്കുന്നു. സ്വത്വവാദങ്ങളെ സൈദ്ധാന്തികമായി എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴും, തങ്ങളുടെ കാല്‍വെയ്പുകളും വീക്ഷണകോടികളും സ്വത്വനിര്‍വ്വചനങ്ങളുടെയും വംശീയകാഴ്ചയുടെയും മണ്ണില്‍ നിന്നുതന്നെ രൂപീകരിക്കേണ്ട ദുരവസ്ഥകളില്‍ എത്തിച്ചേരുന്നു.

ദൃശ്യലോകത്തിന്റെ മന:ശാസ്ത്രം

സമൂഹത്തിലെ വരേണ്യ മൂല്യങ്ങളെയും, സൌന്ദര്യബോധത്തെയും മാത്രം അവതരിപ്പിക്കുന്ന മാധ്യമലോകം ഒരു റെപ്രസെന്റേഷന്റെ ലോകമല്ലാതെ മറ്റെന്താണ്? ഒരു ദളിത് സൌന്ദര്യത്തെ നമ്മുടെ ദൃശ്യലോകം എത്രത്തോളം വെച്ചുപൊറുപ്പിക്കും? നമ്മുടെ ആദ്യകാല മലയാള വാണിജ്യസിനിമകള്‍ പോലും കീഴാളജീവിതത്തില്‍ നിന്ന് ബിംബങ്ങളും പ്രമേയങ്ങളും സൌന്ദര്യബോധവും കണ്ടെത്തിയിരുന്നെങ്കില്‍, ഇന്ന് നാം കാണുന്ന  ഇമേജുകളുടെ ലോകമെന്താണ്? ആരോ നമ്മില്‍ കെട്ടിയേല്‍പ്പിച്ച ചില വരേണ്യതകളുടെ പങ്കുപറ്റുകാരായി നമ്മുടെ ദൃശ്യരംഗം മാറിപ്പോയിരിക്കുന്നു. ഒരിക്കലും മലയാളത്തില്‍ ഇല്ലാതിരുന്ന ഒരു ഫ്യൂഡല്‍ സുവര്‍ണ്ണകാലത്തെക്കുറിച്ചുള്ള ഭാവനാലോകത്തു നിന്നാണ് ഇന്നത്തെ ദൃശ്യലോകമാകെ പ്രവര്‍ത്തിക്കുന്നത്. ഈ ദൃശ്യലോകം സൃഷ്ടിച്ചിരിക്കുന്ന വ്യക്തികര്‍തൃത്വങ്ങളെ സാമൂഹ്യ-മന:ശാസ്ത്ര വിശകലനത്തിനു വിധേയമാക്കേണ്ടതാണ്. മൈക്രോ ഫാസിസത്തിന്റെ, വില്യം റീഗ് വിശേഷിപ്പിക്കും പോലെ, കുറിയ മനസ്സുള്ള അമാനുഷരായി ഇവര്‍ മാറിപ്പോയിരിക്കുന്നു.
ഒരു നിരൂപകന്‍ ചൂണ്ടിക്കാണിച്ചതുപോലെ കളങ്കം പുരളാത്ത ഒരു ഇമേജിനു വേണ്ടിയുള്ള അന്വേഷണം ഇന്ന് അസാധ്യമായിരിക്കുന്നു. കളങ്കം പുരളാത്ത ഒരു വാക്കിനും നോട്ടത്തിനും കാഴ്ചക്കും വേണ്ടിയുള്ള പോരാട്ടമാണ് ഇന്നത്തെ മാധ്യമലോകവും ദൃശ്യലോകവും ആവശ്യപ്പെടുന്നത്. നമ്മുടെ ലിറ്റില്‍ മാഗസിനുകളുടെ സംസ്കാരം ഒരുകാലത്ത് നിര്‍വ്വഹിച്ച ധര്‍മ്മം അതായിരുന്നു. ആ സംസ്കാരം അന്യമായിത്തീര്‍ന്ന മലയാളം മാധ്യമങ്ങളിലൂടെ വ്യാമോഹിക്കുന്നത് വ്യാജവും അയഥാര്‍ത്ഥവുമായ ചില കാര്യങ്ങളാണ്. അയഥാര്‍ത്ഥതയുടെ ഒരു ലോകത്ത് കുരുടന്‍ ആനയെക്കണ്ടയെപ്പോലെ ചരിക്കുന്നു നാം. അതുകൊണ്ടാണ് വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ കാണാന്‍ ഉത്തരേന്ത്യയില്‍ കോര്‍പ്പറേറ്റ് മാധ്യമപ്രവര്‍ത്തനത്തോട് ഏറ്റുമുട്ടി ജീവിക്കുന്ന സായിനാഥ് വന്നുചേരേണ്ടി വന്നത്. അവിടുത്തെ ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍, ഇടതുപക്ഷത്തിന് ഇത്ര വേരോട്ടമുള്ള ഒരു സ്ഥലമായിട്ടുപോലും സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണ്ടിവന്നു. സായിനാഥ് പറഞ്ഞപോലെ, കണ്ണു കൊണ്ടല്ല, മനസ്സുകൊണ്ടാണ് നാം കാര്യങ്ങളെ അറിയുന്നത്. അതറിയാന്‍ വൈകിയതാണ് ആദിവാസികള്‍ക്കിടയില്‍ പട്ടിണി മരണങ്ങളും പിന്നീട് കര്‍ഷക ആത്മഹത്യകളുമായി വയനാട് ചോദ്യചിഹ്നമായത്. വികസന ഭ്രാന്തും അതിനെതിരെ കലാപക്കൊടികളും ഉയരുമ്പോഴും, പ്രഭാത് പട്നായിക് എന്ന ഒറീസക്കാരനായ സാമ്പത്തിക ശാസ്ത്രജ്ഞനേ പാലക്കാടും വയനാടും ഉള്ള 'സബ്ടെറേനിയന്‍ ദാരിദ്യ്ര'ത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. ആഗോളവല്‍ക്കരണത്തിനെതിരായി സംസാരിക്കാന്‍ 'പീപ്പിള്‍ എഗയ്ന്‍സ്റ്റ് ഗ്ളോബലൈസേഷന്‍' എന്ന ഒരു ചെറിയ ഗ്രൂപ്പ് പുറത്തിറക്കുന്ന കടക്കെണിയില്‍ കുടുങ്ങിയ പ്രസിദ്ധീകരണത്തിനു മാത്രമേ കഴിയുന്നുള്ളൂ. ആത്മീയതയതയെപ്പറ്റി എന്തെങ്കിലും സാര്‍ത്ഥകമായി പറയാന്‍ പി എന്‍ ദാസ് പ്രയാസപ്പെട്ട് പുറത്തിറക്കുന്ന ആരോഗ്യശസ്ത്രത്തിനു മാത്രമേ കെല്‍പുള്ളൂ. സര്‍ഗ്ഗാത്മകതയാകട്ടെ, കലാകാരന്മാര്‍ സ്വയം നിര്‍മ്മിക്കുന്ന ബ്ളോഗുകളില്‍ നിന്ന് തെരഞ്ഞുപിടിക്കേണ്ട അപൂര്‍വ്വ വസ്തുവായി മാറിയിരിക്കുന്നു.


Published in Magazine Guruvayoorappan College...as response to the questionnaire they sent to answer to..

No comments:

Post a Comment