Thursday, September 8, 2011


നവോത്ഥാനത്തിന്റെ അന്തരാളങ്ങള്‍
പി പി ഷാനവാസ്

'ഭീകരതയുടെ രക്തവര്‍ണ്ണങ്ങള്‍' എന്ന തലവാചകത്തില്‍ കേരളത്തിലെ മുസ്ളിംങ്ങള്‍ക്കിടയിലെ വര്‍ഗീയ പ്രവണതയെക്കുറിച്ച് എഴുതിയ ലേഖനത്തോട് (ദേശാഭിമാനി വാരി ലക്കം- ) പ്രതികരിച്ചുകൊണ്ട് ബഹുമാന്യനായ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ കുറിപ്പ് വാരിക പ്രസിദ്ധീകരിച്ചിരുന്നു (ലക്കം ). അതില്‍ അദ്ദേഹം ഉന്നയിക്കുന്ന ചില കാര്യങ്ങളോട് പ്രതികരിക്കാന്‍ ആവശ്യമുയര്‍ന്നെങ്കിലും "ഒന്നിനെക്കുറിച്ചും പറയേണ്ട, നാളെ പറയാം''1 എന്ന മട്ടില്‍ മറുപടി നീട്ടി വെച്ചു. ഇതിനിടെ അറേബ്യന്‍ ചരിത്രത്തിലൂടെയും പ്രവാചകന്‍ മുഹമ്മദിന്റെ ജീവചരിത്രത്തിലൂടെയും ഖുര്‍ആനിന്റെ ഭിന്ന വ്യഖ്യാന ശ്രമങ്ങളിലൂടെയും വീണ്ടും ഒന്നു പ്രദക്ഷിണം നടത്താനും കഴിഞ്ഞു. യുക്തിവാദിയുടെ 'കേവല മതവിമര്‍ശം' എന്ന നിലപാടില്‍ നിന്നല്ല, സമകാലീന സാഹചര്യങ്ങളില്‍ നിന്നു കൊണ്ട്, മറ്റു മതങ്ങളുടെ കാര്യത്തിലെന്ന പോലെ, ഇസ്ളാമിലെയും 'വിമോചക ദൈവശാസ്ത്ര' ധാരകള്‍ കണ്ടെടുക്കാനുള്ള ഉല്‍കണ്ഠയും അഭിലാഷവുമാണ് ഈ വായനയില്‍ എന്നെ നയിച്ചത്. അതേസമയം ശൈഖ് മുഹമ്മദ് സാഹിബ് വിയോജിച്ച ചില വസ്തുതകളോടും അദ്ദേഹം വെച്ചു പുലര്‍ത്തുന്ന ചില നിലപാടുകളോടും പ്രതികരിക്കേണ്ട ബാധ്യതയും ഉണ്ടായിരുന്നു. കാരക്കുന്നിന്റെ ലേഖനത്തിലെ യോജിപ്പുകളെയാണ് ഇവിടെ പരിശോധിക്കുന്നത്. രണ്ട് കാര്യത്തില്‍ അദ്ദേഹം ഉന്നയിച്ച വിമര്‍ശനത്തോട് വഴിയേ വിശദീകരണവും ഉണ്ട്.


ഒന്ന്

 'യുക്തി അതിന്റെ യുക്തിസഹമായ രൂപത്തിലല്ലെങ്കിലും എല്ലാ സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു' എന്ന മാര്‍ക്സിന്റെ പ്രസ്താവം ശ്രദ്ധേയമാണ്. ചരിത്രത്തിന്റെ നിശ്ചിത ഘട്ടങ്ങളില്‍ യുക്തിയും മനുഷ്യേച്ഛയും ഗുണപരമായ മറ്റൊരു തലം കൈകൊള്ളുന്നു. ഒരാശയം ഉള്ളില്‍ പ്രവേശിച്ചാല്‍ അതൊരു ഭൌതിക ശക്തിയായി പ്രവര്‍ത്തിക്കുന്നു എന്നും മാര്‍ക്സ് പറയുന്നു. ഗോത്രങ്ങളുടെ ദൈവ സങ്കല്‍പങ്ങളോട് വിട പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന 'തൌഹീദ്' എന്ന ആശയം അത്തരത്തിലൊന്നായിരുന്നു. ~ജ്ഞാനത്തിന്റെ പൊന്‍തൂവലുമായി വന്ന മാലാഖ ഒരു മിന്നല്‍പ്പിണര്‍ കൊണ്ട് അറേബ്യന്‍ ഉപഭൂഖണ്ഡത്തിനാകെ ഏകീകരണത്തിന്റെയും ഏകദൈവവിശ്വാസത്തിന്റെയും ഇടിമുഴക്കം നല്‍കി ഉണര്‍ത്തി. ചിന്തയുടെ കേന്ദ്രത്തില്‍ ഏകനായ ഇലാഹ്. അവനാണ് എല്ലാത്തിന്റെയും പരമാധികാരി. അവനില്‍ പങ്കുകാരില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തില്‍ ഇടനിലക്കാരുമില്ല. മനുഷ്യന്റെ ജ്ഞാനത്തിനും കഴിവിനും പരിമിതികള്‍ ഉണ്ട്. എന്നാല്‍ മനുഷ്യന് സൃഷ്ടികളുടെ കൂട്ടത്തില്‍ ഏറ്റവും ഉല്‍കൃഷ്ട സ്ഥാനമുണ്ട്.
  സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള, ദൈവവവും മനുഷ്യനും തമ്മിലുള്ള ഈ വ്യവഛേദിച്ചറിയല്‍ ആണ് അറേബ്യന്‍ ഗോത്രജനത്തിന് ചിന്തയില്‍ പുതിയൊരു യുക്തി സമ്മാനിച്ചത്. ഏകീകരണം എന്ന കാഴ്ചപ്പാട്. വിട്ടുവീഴ്ചയില്ലാത്തവിധം  ഏകദൈവം എന്ന ആശയം. യുക്തിമാനും തന്ത്രജ്ഞാനിയുമായ ദൈവം. ഇക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു. സൃഷ്ടി/സ്രഷ്ടാവ്, പുരുഷന്‍/സ്ത്രീ, ഇഹലോകം/പരലോകം, അള്ളാഹു/പ്രവാചകന്‍, ശത്രു/മിത്രം, ഹലാല്‍/ഹറാം എന്നിങ്ങനെ ചിന്തയില്‍ ദ്വന്ദങ്ങളെ സൃഷ്ടിച്ചുകൊണ്ടുള്ള വര്‍ഗീകരണം. എല്ലാത്തിനെയും കറുപ്പിലും വെളുപ്പിലും നിര്‍ത്തി അതിര്‍വരമ്പുകള്‍ നിശ്ചയിച്ചു. ഇതിലൂടെ  ഇസ്ളാം അറബികളുടെ ചിന്തയില്‍ യുക്തിയുടെ ഒരു പുതുയുഗം സൃഷ്ടിച്ചു.  മാത്രമല്ല, മനുഷ്യനെ ഏകാന്തനായ ഒരു വ്യക്തിയായായാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. മനഷ്യന്റെ ഏകാന്തമായ നില്‍പിനോടും അനാഥത്തോടും വിഹ്വലതകളോടും ഉള്ള സംബോധന. ഗോത്രത്തിന്റെയും രക്തബന്ധത്തിന്റെയും ബാധ്യതകളെ അത് അറുത്തിടാന്‍ ശ്രമിച്ചു. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവന്‍/അവള്‍ ദൈവത്തിനു മുമ്പില്‍ ഒറ്റക്ക് ഉത്തരം പറയണം എന്ന പരലോക സിദ്ധാന്തവും ആവിഷ്കരിച്ചു. ദൈവം/മനുഷ്യന്‍ എന്ന ദ്വന്ദം. 'പ്രകൃതിയുടെ രഹസ്യലക്ഷ്യവും' അതില്‍ ജീവിക്കുന്ന 'മനുഷ്യന്റെ പ്രവൃത്യുന്മുഖതയുടെ ബലതന്ത്രവും' വിശദീകരിക്കാന്‍ ശ്രമിച്ച, യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ 'പ്രവാചകന്‍'  ഇമ്മാനുവല്‍ കാന്റ് പരിചയപ്പെടുത്തുന്നതും ഇത്തരമൊരു യുക്തിയുടെ പില്‍ക്കാല മാതൃകയാണ്.2
  ഇസ്ളാമിന്റെ വരവിനു മുമ്പുള്ള കാലത്തെ അഞ്ജതയുടെ കാലം (ജാഹിലിയ കാലം) എന്നു വിളിച്ചതിലൂടെ ജ്ഞാനത്തിന്റേയും യുക്തിയുടേയും ഒരു പുതിയ യുഗത്തെ മുഹമ്മദ് നബി വിളംബംരം ചെയ്യുകയായിരുന്നു. യൂറോപ്പില്‍ ജഞ്നോദയം പിന്നീട് ആടിയ നാടകങ്ങളുടെ ആദിമാതൃക അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അരങ്ങേറി. അറബ് ദേശീയതയെ സംബന്ധിച്ച കാഴ്ചപ്പാടും മുഹമ്മദ് നബിക്കുണ്ടായിരുന്നു. തദ്ദേശീനായ, അറബിയായ പ്രവാചകന്‍, എന്ന് ഖുര്‍ആന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. അങ്ങിനെ ദേശീയതയെ സംബന്ധിച്ച ഒരു സങ്കല്‍പനവും  മുന്നോട്ടുവെച്ചു. ഇസ്ളാം സാധ്യമാക്കിയ നവോത്ഥാനത്തിന്റെയും ഏകതാവാദത്തിന്റെയും ദേശീയതാ ബോധത്തിന്റെയും താങ്ങില്‍ സ്വന്തം സ്വതം കണ്ടെത്തിയ ആ പടയാളി-കച്ചവട (വാരിയര്‍ ട്രേഡേഴ്സ്) സമൂഹം; പരസ്പരമുള്ള കുടിപ്പകയിലൂടെയും കൊടിയ അധികാരത്തര്‍ക്കങ്ങളിലൂടെയുമെങ്കിലും, പരിവര്‍ത്തനങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. 
     ബാഗ്ദാദില്‍ അബ്ബാസിയ കാലം ശാസ്ത്രവളര്‍ച്ചയുടെയും യുക്തി ചിന്തയുടെയും പില്‍ക്കാല മാതൃകകള്‍ക്കെല്ലാം കളിത്തൊട്ടിലായി. ഈ വസ്തുത ഇസ്ളാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്കെല്ലാം തങ്ങളുടെ മതത്തിന്റെ ഉത്കൃഷ്ടത ഘോഷിക്കാന്‍ ഇഷ്ട വിഷയമാണ്. അതെന്തായാലും ജ്ഞാനോദയ ചിന്തയുടെ ഒരു പ്രാഗ്മാതൃക ആധുനിക കാലത്ത് ഇസ്ളാമിന്റെ കാലം സൃഷ്ടിച്ചു. യൂറോപ്പിന്റെ ഈ ഇസ്ളാം ബാന്ധവത്തിന്റെ പില്‍ക്കാല രേഖയെന്നോണംപി ബി ഷെല്ലി തന്റെ പ്രസിദ്ധമായ 'റിവോള്‍ട്ട് ഓഫ് ഇസ്ളാം'എന്ന കാവ്യം രചിച്ചു. ഇസ്ളാം സ്പെയിനില്‍ സൃഷ്ടിച്ച വിജ്ഞാനത്തിന്റെ കലാശാലയില്‍ നിന്നാണ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ വിത്തുകള്‍ മുളയെടുക്കുന്നത് എന്ന് എച്ച് ജി വെല്‍സും പറഞ്ഞു.  "ഇക്കാലത്താണ് (അബ്ബാസിയ), ഈജിപ്ത് കീഴടങ്ങിയതോടെ, കോപ്റ്റിക് മൊണാസ്റ്ററി വഴി, നിയോ പ്ളാറ്റോണിസം, ഇസ്ളാമിക ചിന്തയില്‍ പ്രവേശിച്ചത്. ഇത് മൌത്തസില (ാമൌമ്വേശഹമ) പോലെയുള്ള ദൈവശാസ്ത്ര ചിന്താധാരകളായി വികസിച്ചു.  ഈജ്പത്യന്‍ ഗ്രീക്ക് ചിന്താധാരകള്‍ ഇസ്ളാമുമായി ചേര്‍ന്ന ഈ നവോത്ഥാനമുന്നേറ്റത്തെ പാശ്ചാത്യര്‍ കയ്യാളി എന്നത് ഫണ്ടമെന്റലിസ്റ്റുകളുടെ ഇഷ്ട പ്രമേയമാണ്.''3

രണ്ട്

  ഇത്രയൊക്കെയാണെങ്കിലും ഭരണകൂടത്തെ സംബന്ധിച്ച വളരെ അവ്യക്ത ധാരണകളേ അക്കാലത്ത് അറേബ്യയില്‍ രൂപപ്പെട്ടിരുന്നുള്ളൂ. ഇന്നത്തെ നിലയില്‍ ദേശ-രാഷ്ട്രം നിലവില്‍ വന്നിട്ടില്ല. മിക്കവാറും എല്ലായിടത്തും ഗോത്രസമൂഹ സമുഛയങ്ങളായിരുന്നു. എങ്കിലും മദീനയിലെത്തിയ മുഹമ്മദ് നബി അവിടെ ഒരു മധ്യസ്ഥനായും പിന്നെ ഭരണാധികാരിയായും മുഹാജിറുകളുടെയും അന്‍സാറുകളുടെയുമിടയില്‍4 പ്രവാചകനായും അറിയപ്പെട്ടു. മുഹമ്മദ് നബി മദീനയില്‍ ഉണ്ടാക്കിയ ഭരണകരാര്‍ ജൂതന്മാരോടും ക്രൃസ്ത്യാനികളോടും മറ്റു ഗോത്രങ്ങളോടും സന്ധി ചെയ്തുകൊണ്ടുള്ളതായിരുന്നു. ഒരു 'മതനിരപേക്ഷ' ഭരണസംവിധാനം. എന്നാല്‍ ഭരണകൂടത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച് ധാരണ അവ്യക്തമായി മാത്രമേ അന്ന് വളര്‍ന്നു വന്നിട്ടുണ്ടായിരുന്നുള്ളൂ. ഖര്‍ആന്റെ തന്നെ മൂന്നില്‍ രണ്ടു ഭാഗം മദീനയില്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനു മുമ്പ് അവതരിക്കപ്പെട്ടതാണ്. "തിരുമേനിക്ക് പ്രവാചകത്വം ലഭിച്ചതുമുതല്‍ കുബായി വരെയുള്ള കാലം മുഴുവന്‍ അവിടുത്തെ മക്കാ ജീവിതമായി ഗണിക്കപ്പെടുന്നു. അത് പന്ത്രണ്ടുകൊല്ലവും അഞ്ച് മാസവും 21 ദിവസവുമാണ്. ഏതാണ്ട് ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും വരുന്ന 93 അധ്യായങ്ങള്‍ ഈ ഘട്ടത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. അവയില്‍ മുഖ്യമായും പ്രതിപാദിക്കുന്നത് മൌലിക സിദ്ധാന്തങ്ങളാണ്. അനുഷ്ഠാന മുറകളും ആചാരങ്ങളുമല്ല. മദീനയില്‍ വന്ന ശേഷമാണ് അനുഷ്ഠാന മുറകളും ആചാരസമ്പ്രദായങ്ങളും ഭരണസമ്പ്രദായങ്ങളുമെല്ലാം ഉള്‍കൊളളുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചത്.'5
 'ജിഹാദ്' എന്ന വിശുദ്ധയുദ്ധ/ധര്‍മ്മയുദ്ധ സങ്കല്‍പം എല്ലാ വിശ്വാസത്തിലുമുണ്ട്. അതിനെക്കുറിച്ച് വളരെ കുറച്ച് പരാമര്‍ശങ്ങളേ ഖുര്‍ആനിലുള്ളൂ. ഖുര്‍ആനിക സാഹിത്യത്തിന്റെ സത്തയും സൌന്ദര്യവും അതിന്റെ നീതിശാസ്ത്രത്തിലും തത്വസംഹിതയിലും കാരുണ്യബോധത്തിലുമാണ് കുടികൊള്ളുന്നത്.  സിഎന്‍ അഹമ്മദ് മൌലവിയെപ്പോലുള്ള പണ്ഡിതര്‍ ഇക്കാര്യം ഊന്നിപ്പറയുന്നു. സ്വാതന്ത്യ്ര സമര നായകന്‍ അബ്ദുല്‍ കലാം ആസാദിന്റെ ഖുര്‍ആന്‍ ഭാഷ്യവും ദൈവസങ്കല്‍പത്തെക്കുറിച്ചും തൌഹീദിനെക്കുറിച്ചുമാണ് വാചാലമാകുന്നത്. പ്രബഞ്ചവും മനുഷ്യനും തമ്മിലുള്ള മുഖാമുഖം.
  മനുഷ്യന്‍ ചെന്നുപെടുന്ന ഭീതിജനകമായ ചരിത്രസന്ധിയുടെ വിഹ്വലതയില്‍ നിന്ന് ഭാവി പ്രവചിക്കപ്പെടുന്ന സര്‍റിയലിസ്റ്റ് അനുഭവങ്ങള്‍.  മൂസയും മുഹമ്മദും ചരിത്രത്തിന്റെ ഇത്തരം വിഹ്വല സന്ധികളിലാണ് പ്രബഞ്ചനാഥനുമായി സംവദിച്ചത്. ഒരിടിനാദവുമായി ജ്ഞാനം മിന്നല്‍പ്പിണര്‍ സൃഷ്ടിച്ചു. ഖുര്‍ആന്‍ തന്റെ മനുഷ്യാനുഭവത്തിന്റെയും അറിവിന്റെയും എല്ലാ സീമകളും ലംഘിച്ചതായി പ്രവാചകന്‍ അറിഞ്ഞു. അതു പല നിലയിലും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.    ഭരണകൂടം എത്തരത്തിലാകണമെന്ന കണിശമായ നിര്‍ദ്ദേശമൊന്നും ഖുര്‍ആന്‍ പറയുന്നില്ല. പരാമധികാരം അള്ളാഹുവിനാണെന്നാണ് മാത്രം.  നബിയുടെ നിര്യാണത്തിനു തൊട്ടു പിന്നാലെ കഠോരമായ അധികാരതര്‍ക്കങ്ങള്‍ നിലവില്‍ വന്നു. അധികാരത്തിനുവേണ്ടിയുള്ള വ്യക്തിതര്‍ക്കങ്ങള്‍ ആണ് ഇവയെന്ന് പ്രത്യക്ഷത്തില്‍ തോന്നും. എന്നാല്‍ അമീറിനെ എങ്ങനെ തെരഞ്ഞെടുക്കണം എന്നുള്ള കാര്യത്തിലുള്ള വ്യത്യസ്ത വീക്ഷണങ്ങളായിരുന്നു ഈ തര്‍ക്കങ്ങളുടെ അടിസ്ഥാനം. 'പൊതുകാര്യങ്ങള്‍ കൂടിയാലോചനയിലൂടെ മുന്നോട്ടു കൊണ്ടുപോകക' എന്ന് ജനായത്ത ഭരണത്തെസംബന്ധിച്ച ഒരു വാക്യമേ വ്യക്തമായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുള്ളൂ.   തനിക്കുശേഷം ഭരണകൂടരൂപീകരണവുമായി വന്നു ചേരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മുഹമ്മദ് നബി ബോധവാനായിരുന്നു. അദ്ദേഹത്തിന്റെ കാലത്തുതന്നെ പല വിഭാഗീയ പ്രവണതകളും തലപൊക്കിയിരുന്നു.
  രോഗ പീഡയാല്‍ അന്ത്യ നിമിഷങ്ങളെ കാതോര്‍ത്ത് ശയ്യാലവംബിയായ നബി. ഒരു രാത്രി മദീനക്കു സമീപത്തെ ഒരു ശ്മശാനം അദ്ദേഹം സന്ദര്‍ശിച്ചു. കൂടെ ഭൃത്യന്‍ അബൂ മുവൈഹിബയും. ശവകുടീരങ്ങള്‍ക്കു മധ്യേ നിന്നു കൊണ്ട് അദ്ദേഹം പറഞ്ഞു: 'ശവകുടീരങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നവരെ, നിങ്ങള്‍ക്ക് ദൈവത്തിന്റെ തുണയുണ്ടാകട്ടെ. നിങ്ങളുടെ ഇന്നത്തെ അവസ്ഥ മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ അനുഗൃഹീതം. തമോമയമായ നിശാഖഡ്ഡങ്ങള്‍ പോലെ കുഴപ്പങ്ങള്‍ ഒന്നിനുപിന്നാലെ വരാന്‍ പോകുന്നു. അവയില്‍ പിമ്പിനാലെ വരുന്നത് മുമ്പിനാലത്തതിനേക്കാള്‍ മാരകമായിരിക്കും.'' ഈ ഹദീസ7 ശരിയാണെങ്കില്‍, തന്റെ അസ്തിത്വത്തെക്കുറിച്ചും ഭാഗധേയത്തത്തെക്കുറിച്ചും ഉള്ള ബോധ്യവും നിസ്സാഹായത ഓര്‍ത്തുള്ളള പ്രാര്‍ത്ഥനയുമാണ് ഈ വാക്കുകള്‍. പൂരിപ്പിക്കേണ്ട ഒരു ഭരണകൂട സങ്കല്‍പത്തെക്കുറിച്ച് ഉത്കണ്ഠകള്‍ ബാക്കി വെച്ചാണ് ഖിന്നനായി അദ്ദേഹവും ദൈവസന്നിധിയിലേക്കു മടങ്ങിയത്. ഇസ്ളാമിന്റെ രാഷ്ട്രീയ വിമോചന ശാസ്ത്രം ഈ ഖിന്നതയില്‍ നിന്നാണ് കണ്ടെടുക്കേണ്ടത്. ഒരു ജനായത്ത ഭരണക്രമത്തെക്കുറിച്ചുള്ള വാഞ്ചയാണ് ഒരു വിശ്വാസിയുടെ ജിഹാദ് ആയിത്തീരേണ്ടത്. മതാധ്യക്ഷന്റെ തിട്ടുരങ്ങള്‍ക്കല്ല. ഖുര്‍ആന്റെ ദൈവസങ്കല്‍പം വിപുലമാര്‍ന്ന ഒന്നാണ്. അതില്‍ ദൈവം ഏകാധിപതിയായ ന്യയാധിപന്റെ രൂപത്തിലല്ല അവതരിപ്പിക്കപ്പെടുന്നത്. ദൈവത്തെക്കുറിച്ചുള്ള ഖുര്‍ആനിലെ വിശേഷണങ്ങള്‍, വിശദീകരണങ്ങള്‍, അവയുടെ ആവര്‍ത്തനങ്ങള്‍, കേവലം ഉപമകളല്ല.മുഹമ്മദ് നബി പരിചയപ്പെടുത്തിയ തൌഹീദ് എന്ന ആശയത്തെ ഭാഷാപരമായി വിശദീകരിക്കാനുള്ള ശ്രമങ്ങളാണ്. ഖുര്‍ആന്റെ ദാര്‍ശനികപ്രഭാവത്തെ, നവോത്ഥാനപരമായ ആശയങ്ങളെ, അവഗണിക്കുന്ന ഏതൊരു വ്യഖ്യാനശ്രമവും അതിനെ ചുരുക്കിക്കാണലാണ്. ഖുര്‍ആന്‍ ഒരു സംഘടനയുടെ മാനിഫെസ്റ്റോ അല്ല.
   പ്രവാചകനു ശേഷം അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഈ സന്ധികളില്‍ ഉലഞ്ഞ ഇസ്ളാമിക സമൂഹത്തിന് പുനര്‍ജീവന്‍ സിദ്ധിക്കുന്നത് ഖുര്‍ആനിന്റെ ഈ ദാര്‍ശനിക വശത്തെ വിപുലീകരിച്ചുകൊണ്ടാണ്. സൂഫിപാരമ്പര്യം. അബ്ബാസി കാലഘട്ടത്തില്‍ ഒടുവില്‍ അലിപക്ഷക്കാര്‍ക്ക് സര്‍വ്വവിധ സാഹോദര്യവും നല്‍കിയ ഖലീഫ മൈമൂന്‍ ഇവിടെ സ്മരിക്കപ്പെടേണ്ട ഒരാളത്രെ. ഇസ്ളാമിലെ സ്പര്‍ധയുടെ ഒരു ഘട്ടത്തിന് അന്ത്യമിട്ട്, സാഹോദര്യത്തിന്റെ പുതിയ ഒരു പന്ഥാവ് തുറന്ന മൈമൂന്‍ ആണ,് ഗ്രീക്ക് ക്ളാസിക്കുളും മറ്റും പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യുന്ന വലിയൊരു സംരഭത്തിനു തുടക്കമിട്ടത്. പില്‍ക്കാലത്ത് ഖുര്‍ആനിനെയും ഇസ്ളാമിനെയും കൂടുതല്‍ സ്വീകാര്യമാക്കാനും സമ്പുഷ്ടമായ ഒരു വ്യാഖ്യാനശാസ്ത്രം വികസിപ്പിക്കാനും  ഈ താരതമ്യപഠന സാഹചര്യം വഴിയൊരുക്കി. ഖുര്‍ആന്‍ അസംഖ്യം നിലകളില്‍ വായിക്കപ്പെട്ടു. സൂഫിപാരമ്പര്യത്തില്‍ വ്യതിയാനങ്ങളും യുക്തിരാഹിത്യവും ചൂണ്ടിക്കാണിക്കാനാവുമെങ്കിലും സാധാരക്കാരിലേക്ക് ഇസ്ളാമിന്റെ വ്യാപനം സൂഫി ആദര്‍ശത്തിലൂടെയാണു നടന്നത്. കേരളവും കാശ്മീരും തന്നെ ഉദാഹരണം. പല ജനകീയ പോരാട്ടങ്ങള്‍ക്കും സൂഫി ആശയങ്ങള്‍ വഴിയൊരുക്കി. അറേബ്യയില്‍ തന്നെ ഇത്തരം സൂഫി ആദര്‍ശങ്ങള്‍ ഉടലെടുത്തിരുന്നു. ഇന്ത്യയില്‍ സൂഫിസം വലിയ സ്വാധീനം ചെലുത്തി. സാഹോദര്യത്തിന്റെയും ഏകദൈവവിശ്വസത്തിന്റെയും ഒരു ഭാരതീയരൂപം ഉണ്ടായിത്തീര്‍ന്നതിനു പിന്നില്‍ സൂഫിസ്വാധീനമുണ്ട്. ഇന്ത്യയുടെ കലയെയും സാഹിത്യത്തെയും അതു സ്വാധീനിച്ചു. സംഗീതത്തെയും നൃത്തത്തെയും പോലും. ബഹുദൈവാരാധനയിലേക്കു വഴിതെറ്റുന്നു എന്ന പ്രശ്നത്തോട് പ്രതികരിച്ചുകൊണ്ട് സൂഫിധാരയില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. അപ്പോഴേക്കും ഭരണകൂട ദുര്‍ഗ്ഗങ്ങളില്‍ സൂഫിസവും ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. എങ്കിലും ഇസ്ളാമികസൂഫി പ്രസ്ഥാനത്തില്‍ സ്വാധീനമുള്ള  ഭക്തിപ്രസ്ഥാന പാരമ്പര്യത്തില്‍ നിന്നും ആവേശം കൊണ്ട് പല 'കള്‍ട്ടു'കളും കാര്‍ഷിക സമൂഹങ്ങളും മുഗള്‍ഭരണത്തിനെതിരായി പോലും കലാപങ്ങള്‍ നടത്തിയിട്ടുണ്ട്.
  മുഗള്‍ ഭരണത്തിന്റെ നാശത്തോടൊപ്പമാണ് ഇന്ത്യയില്‍ ഇസ്ളാമിക പുനരുത്ഥാനം എന്ന ആശയം കടന്നു വരുന്നത്. സൂഫി മതം എന്ന നിലയില്‍ അക്ബറിന്റെ 'ദീന്‍ഇലാഹി' രൂപം കൊണ്ടതാണ് ഇതിന് ഒരു മുഖ്യപ്രേരണയായത്. ഒരര്‍ത്ഥത്തില്‍ സൂഫിസത്തിന്റെയും ഭക്തിപ്രസ്ഥാനത്തിന്റെയും ജനകീയ പാരമ്പര്യം മുഗള്‍ ഭരണം സ്വാംശീകരിക്കുകയായിരുന്നു. ബാഗ്ദാദില്‍ സൂഫിസം കൊട്ടാരത്തില്‍ നിന്ന് കുമാരന്മാരെ ഇറക്കിവിട്ടപ്പോള്‍, ഇന്ത്യയില്‍ അത് രാജാക്കന്മാരോടൊപ്പം കൊട്ടാരത്തില്‍ വസിച്ചു. ഇതിനോടുള്ള പ്രതികരണം കൂടിയായിരിക്കണം നഖഷ്ബന്ദി വിഭാഗത്തില്‍ പെട്ട മൌലാനാ ശെയ്ഖ് അഹമ്മദ് സര്‍ഹിന്ദി (1564-1624) അക്ബറെ എതിര്‍ത്ത് രംഗത്തു വന്നു. ഇദ്ദേഹത്തിന്റെ പില്‍ക്കാലത്തെ അനുയായികള്‍ അക്കാലത്തു ജീവിച്ച ഇസ്ളാമിക ശുദ്ധീവാദത്തിന്റെ വലിയ വക്താവ് സയ്യദ് അഹമ്മദ് അബ്ദുല്‍ വഹാബിന്റെ നയങ്ങള്‍ പിന്‍ പറ്റിയിരുന്നു. വഹാബിന്റെ മതപരിഷ്കരണാശയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് 'ഇസ്ളാമിക ഗവര്‍മെണ്ട്' എന്ന ഒരാശയം മൌലാനാ സയ്യിദ് അഹമ്മദും മൌലവി മുഹമ്മദ് ഇസ്മയിലും മുന്നോട്ടു വെച്ചു. ഇവരുടെ ആശയത്തില്‍ പ്രചോദിതരായി ഇന്ത്യയിലെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള സിഖ് ഭരണത്തിനെതിരെ കലാപം നടന്നു. അവിടെ 'ഇസ്ളാമിക ഗവര്‍മെണ്ട്' സ്ഥാപിച്ചു. പിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ ഒരു ജിഹാദ് നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മൌലാനാ അഹമ്മദും മൌലാനാ ഇസ്മായീലും കൊല്ലപ്പെട്ടു. അതോടെ ഇസ്ളാമിക രാഷ്ട്രം എന്ന പദ്ധതി തകര്‍ന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പട്ടാളക്കാര്‍ 1853ല്‍ വഹാബി കലാപകാരികളുമായി കത്തിടപാട് നടത്തി എന്ന പേരില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പല കാര്‍ഷിക ചെറുത്തുനില്‍പുകള്‍ക്കും വഹാബി കലാപകാരികള്‍ പ്രേരണയായി. കല്‍ക്കത്തയില്‍ 1831ലുണ്ടായ കാര്‍ഷികലഹള ഒരു ഉദാഹരണം. 1853ല്‍ അംബാലയിലും 1871ല്‍ പാറ്റ്നയിലും നടന്ന വിചാരണകളെത്തുടര്‍ന്ന് വഹാബി കലാപകാരികള്‍ ജീവപര്യന്തത്തിനോ നാടുകടത്തലിനോ ശിക്ഷിക്കപ്പെട്ടു.7

മൂന്ന്

  മൌദൂദിയും ഖുത്ബും ഹസനുല്‍ ബന്നയും മറ്റും പ്രതിനിധീകരിക്കുന്ന 'രാഷ്ട്രീയ ഇസ്ളാം' എന്ന മുദ്രാവാക്യം ഏതു സാഹചര്യത്തിലാണ്് പിറവിയെടുക്കുന്നത്? ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ തൊട്ടു മുമ്പിലെ വര്‍ഷത്തിലാണ് ജമാഅത്തെ ഇസ്ളാമി രൂപം കൊള്ളുന്നത്. എന്നാല്‍ അതിന്റെ സ്ഥാപകനായി അറിയപ്പെടുന്ന മൌദൂദി രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത് 1920കളിലാണ്. ഇന്ത്യാ ചരിത്രത്തില്‍ പല നിലയിലും പ്രത്യാഘാതം സൃഷ്ടിച്ച കാലയളവാണിത്. ഗാന്ധിജിയുടെ രംഗപ്രവേശനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണം, തുര്‍ക്കി സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കിയതിന്റെ പേരില്‍ രുപപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ ഖിലാഫത്ത് പ്രസ്ഥാനം, അതിനെത്തുടര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനം. ഖിലാഫത്തിനേയും നിസ്സഹകരണ പ്രസ്ഥാനത്തെയും സമന്വയിപ്പിച്ചുകൊണ്ട് മലബാറില്‍ ഗാന്ധി നടത്തിയ പരീക്ഷണം, മലബാറിലെ 1921 സംഭവം, ആര്‍എസ്എസ് എന്ന അര്‍ദ്ധ സൈനിക സംഘടനയുടെ രൂപീകരണം. എന്നിങ്ങനെ ഇന്ത്യാചരിത്രത്തില്‍ പ്രധാനപ്പെട്ട മൂന്നു ധാരകളുടെ ഉദയം ഈ കാലഘട്ടം അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മൂന്ന് ഉള്‍പ്പിരിവുകളായ ഗാന്ധിസം, കമ്മ്യൂണിസം, മതപുനരുത്ഥാന പ്രസ്ഥാനം എന്നിവയാണവ. 'രാഷ്ട്രീയ ഇസ്ളാം' എന്ന പേരില്‍ പില്‍ക്കാലത്ത് ആശയരൂപീകരണം നടന്ന ഇസ്ളാമിക പുനരുത്ഥാന ആശയവും ഇന്ത്യയില്‍ ഇക്കാലത്തു നാമ്പിട്ടു. ഇതിന് അന്തരാഷ്ട്രാ തലത്തില്‍ ചില മാനങ്ങളും കൈവന്നിട്ടുണ്ട്.
  പാക്കിസ്ഥാന്‍ രൂപീകരണം. ഇറാനിലെ ഷാ വിരുദ്ധ കലാപത്തില്‍ ഖൊമൈനിയുടെ ഇസ്ളാമിസ്റ്റ് പ്രസ്ഥാനം. കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലൂടെ അറബ് രാഷ്ട്രങ്ങളില്‍ പലയിടത്തും രൂപപ്പെട്ട ദേശരാഷ്ട്രങ്ങള്‍. ഈജിപ്ത്, ഇറാഖ്, ലിബിയ തുടങ്ങിയവ. ഇവിടങ്ങളില്‍ പില്‍ക്കാലത്തു നിലവില്‍ വന്ന അമേരിക്കന്‍ സ്വാധീനത്തിലുള്ള സര്‍ക്കാരുകള്‍ക്കെതിരെ വന്ന പ്രക്ഷോഭങ്ങള്‍. ഇവയില്‍ എല്ലാം ഇസ്ളാമിസ്റ്റുകള്‍ അവരുടെ പങ്ക് വഹിച്ചു. ജയിലിലടക്കപ്പെട്ടു. വേട്ടയാടപ്പെട്ടു. കൂടെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും. പാശ്ചാത്യ പിന്തുണയുള്ള ഷാ സര്‍ക്കാരിനെതിരെ നടന്ന ഇറാന്‍ വിപ്ളവത്തില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ട തടവുകാരില്‍ അമ്പതുശതമാനവും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അക്കാലത്ത് വിപ്ളവ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലടച്ച് പിന്നീട് മോചിതനാക്കപ്പെട്ട വിഖ്യാത ചലച്ചിത്രകാരന്‍ മക്മല്‍ ബഫ് തന്റെ ഇറാന്‍ അനുഭവങ്ങള്‍ തിരുവനന്തപുരത്ത് വെച്ച് ഞങ്ങളോട് പങ്കു വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സിനിമകളില്‍ ചിലത് ഇറാന്‍ വിപ്ളവത്തിന്റെ ചില മുഹൂര്‍ത്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അക്കാലത്ത് ഇറാനിലും ഇറാഖിലുമെല്ലാം ശക്തമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിന്നെന്തു സംഭവിച്ചു? ഏകാധിപത്യ മതമൌലിക ഭരണകൂടങ്ങള്‍ സ്ഥാപിതമായതോടെ കമ്മ്യൂണിസ്റ്റുകര്‍ നിഷ്കാസിതരായി. നിശ്ശബ്ദരാക്കപ്പെട്ടു. ഈ നിലപാട് മാറ്റം, ചാഞ്ചാട്ടം, അവസരവാദം തന്നെയാണ് ശൈഖ് മുഹമ്മദ് സാഹിബും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഇപ്പോള്‍ ഇടതുപക്ഷത്തോട് എടുക്കുന്നത്. 'പാലം കടക്കുവോളം നാരായണ' എന്ന സമീപനം.  മദീനയില്‍ 'മതനിരപേക്ഷ ഭരണകൂടം' സ്ഥാപിച്ച ഇസ്ളാമിക പാരമ്പര്യമാണോ ഇത്? അതോ ദൈവത്തിന്റെ പരാമാധികാരവും വൈപുല്യവും സംബന്ധിച്ച ഖുര്‍ആന്റെ പരാമര്‍ശങ്ങളെ ഭരണകൂടവും മനുഷ്യനുവുമായുള്ള ബന്ധമായി ചിത്രീകരിച്ച്, ഏതാനും ഖുര്‍ആന്‍ സൂക്തങ്ങളെദുര്‍വ്യാഖ്യാനം ചെയ്ത്, അതിനാവശ്യമായ ഹദീസുകള്‍ ഉദ്ധരിച്ച്, മൌദൂദിസ്റ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഇസ്ളാമിക ഭരകൂടത്തിന്റെ വഴിയിലെ ബലിയാണോ കമ്മ്യൂണിസ്റ്റുകാര്‍?
  ഇന്ന് വര്‍ഗീയ ഫാസിസത്തിനും പാശ്ചാത്യ കടന്നാക്രമണത്തിനും എതിരെ ഇടതുപക്ഷത്തോട് കൈകോര്‍ക്കുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ശൈഖ് സാഹിബും അനുയായികളും സ്വന്തം തത്വസംഹിതകളുടെ പുനരെഴുത്തും നടത്തേണ്ടതായുണ്ട്. മൌദൂദി സാഹിത്യം അത്രയേറെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചതാണു കാരണം.  ഇത്തരമൊരു പുനരെഴുത്താണോ ഇപ്പോഴത്തെ ഈ യാഥാര്‍ത്ഥ്യബോധം? അങ്ങനെയെങ്കില്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജമാഅത്തെ ഇസ്ളാമി ഉള്‍പ്പെടെയുള്ള ഇസ്ളാമിക കൂട്ടായ്മകളെയാകെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇസ്ളാമിന്റെ നീതിബോധവും തത്വചിന്തയും കൊണ്ട് മാര്‍ക്സിസത്തെയും, മാര്‍ക്സിസത്തിന്റെ വിമോചക പാരമ്പര്യം കൊണ്ട് വിശ്വാസത്തെയും സമ്പുഷ്ടമാക്കുന്ന ഒരു പ്രക്രിയ.

നാല്

 രാഷ്ട്രീയ ഇസ്ളാം എന്ന സംജ്ഞക്ക് അന്തരാഷ്ട്രാ തലത്തിലുള്ള ഒരു അക്കാദമിക സാഹചര്യവും വഴിയൊരുക്കിയിട്ടുണ്ട്.   ഓറിയന്റലിസ്റ്റ് പദ്ധതികളെക്കുറിച്ച് അക്കാദമികസമൂഹത്തില്‍ നടന്ന ചില പഠനങ്ങളും നിലപാടുകളുമാണ് പാശ്ചാത്യവിരുദ്ധതയുടെ തൂവല്‍ കുത്തിയ ഈ പുതിയ ഇസ്ളാമിന് ആശയപരമായി അടിത്തറ നല്‍കുന്നത്.  ഇന്ത്യയില്‍ ആനന്ദകുമാര സ്വാമി പാശ്ചാത്യര്‍ കിഴക്കിനെ കാണുന്ന വിധത്തെയും സമീപിക്കുന്ന രീതിയെയും സംബന്ധിച്ച ഓറിയന്റലിസ്റ്റ് വാദങ്ങളെ, ഹിന്ദുമിഥോളജിയുടെ തലത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാശ്ചാത്യര്‍ പടച്ചുവിട്ട ഓറിയന്റല്‍ സാഹിത്യത്തിന്റെ നിരൂപണവും വിമര്‍ശവുമാണ് എഡ്വേര്‍ഡ് സെയ്ദിന്റെ 'ഓറിയന്റലിസം' എന്ന ഗ്രന്ഥം. ജപ്പാനില്‍ നിന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. കലാചരിത്ര രംഗത്ത് ഈ പ്രവണതകള്‍ ഏറെ മുമ്പേ നാമ്പിട്ടിരുന്നു. ഇവരുടെയെല്ലാം മൌലികമായ വിയോജിപ്പ്, അധിനിവേശത്തിന്റെ പൈതൃകം പറ്റുന്ന ഒരു പാശ്ചാത്യന്‍ കിഴക്കിനെ കാണുന്ന വിധമാണ്. ഈ കൊളോണിയല്‍ കണ്ണിന്റെ കഴുകന്‍ സ്വഭാവത്തെയും  എക്സോട്ടിക് സമീപനത്തെയുമാണ് ഓറിയന്റല്‍ കാഴ്ച എന്നു പൊതുവെ വിളിക്കുന്നത്.
  കിഴക്കിനെ അഭൌമതയുടെ നിറം പുരണ്ട  സൌന്ദര്യാത്മക അനുഭവമായി അടയാളപ്പെടുത്തുക. അതേസമയം വിഭവ ചൂഷണത്തിന്റെ ഒരു മേഖലയായും കാണുക. ഈ ചൂഷണത്തിന് ഉതകുന്ന ഒരു വ്യവഹാരം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. അത് ബൌദ്ധികവും സാമ്പത്തികവും സാംസ്കാരികവുമായ മേഖലകളെ സ്വാധീനിച്ചു. ഓറിയന്റല്‍ പാഠങ്ങള്‍ എല്ലാ മേഖലയിലും നിര്‍മ്മിക്കപ്പെട്ടു.  'പൌരസ്ത്യതയും അവിടുത്തെ ഏകാധിപത്യ സമൂഹങ്ങളും' എന്ന പദാവലി ഒരു കൊളോണിയല്‍ പദ്ധതിയുടെ ഭാഗമായി ഉല്‍പാദിപ്പിക്കപ്പെട്ടതായിരുന്നു. ഏഷ്യാറ്റിക് ഉല്‍പാദന വ്യവസ്ഥയെക്കുറിച്ച് യൂറോപ്യന്‍ സര്‍ക്കാര്‍ രേഖകള്‍ ആശ്രയിച്ച മാര്‍ക്സിനു പോലും ഒരു ഘട്ടത്തില്‍ ഈ കാഴ്ചയോടെ ഇന്ത്യയെ മനസ്സിലാക്കേണ്ടിവന്നു. പൌരസ്ത്യതയെ ഒരു പിന്നോക്ക നിലമായാണ് പാശ്ചാത്യവികസന മാതൃകകള്‍ പരിഗണിച്ചത്. അതിനാല്‍ പൌരസ്ത്യം എന്നു വിളിക്കുന്ന, അല്ലെങ്കില്‍ ഓറിയന്റലിസം എന്നു വിളിക്കുന്ന ഒരു പദ്ധതി കൊളോണിയല്‍ അധിനിവേശത്തിന്റെ ഭാഗമായി നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതിനു ദൂരവ്യാപക പ്രത്യാഘാതമുണ്ടായി. അധിനിവേശത്തിന് ഒരു പ്രത്യയശാസ്ത്രം ഈ കാഴ്ചപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. കിഴക്കിനെ പൈശാചികവല്‍ക്കരിക്കുന്ന ഒരു കാഴ്ചപ്പാടും അതിന് വിപുലമായ വ്യവഹാരവും കൊളോണിയലിസം സൃഷ്ടിച്ചു.  സാഹിത്യത്തിലും തത്വചിന്തയിലും കലയിലും ഭാഷയിലും വാര്‍ത്തഎഴുത്തിലും എല്ലാം ഉണ്ടാക്കിയെടുത്ത ഈ വ്യവഹാരത്തിന്റെ അപഗ്രഥനമാണ് സെയ്ദിന്റെ സംഭാവനകളുടെ മുഖ്യപങ്ക്.
  ഇസ്ളാമിനെയും മുഹമ്മദ് നബിയെയും കുറിച്ച് ഓറിയന്‍ലിസ്റ്റ് കാഴ്ചപ്പാടില്‍ സ്തുതിഗീതം നിര്‍മ്മിക്കാനും ഇടിച്ചുകാണിക്കാനും ഒക്കെയുള്ള ശ്രമങ്ങള്‍ വളരെ വ്യാപകമായി നടന്നിട്ടുണ്ട്. ഇസ്ളാമിന്റെ ഈ പൈശാചികവല്‍ക്കരണത്തിനും അതിനെക്കുറിച്ച് ലിബറലുകളുടെ മനസ്സില്‍ പോലും ഉണ്ടാക്കിത്തീര്‍ത്ത അകാരണമായ ഭീതിക്കും ഇടയാക്കിയത് കുരിശുയുദ്ധം മുതല്‍ ആരംഭിച്ച ഈ ഓറിയന്റലിസ്റ്റ് പാഠനിര്‍മ്മാണമാണ്. ഇസ്ളാമിനെക്കുറിച്ച് വളരെ വിപുലമായ ഒരു സാഹിത്യംതന്നെ പാശ്ചാത്യ ഗ്രന്ഥകാരന്മാര്‍ രചിച്ചിട്ടുണ്ട്. ഇന്ന് ലോക പുസ്തക വിപണിയില്‍ ഇസ്ളാമിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ഒരു കുത്തൊഴുക്കാണ്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഈജിപ്ഷ്യന്‍ യൂണിവേഴ്സിറ്റികളിലും മറ്റും പല അക്കാദമിക സംരഭങ്ങളും നടന്നു. ഫ്രാന്‍സിലും ഇത്തരം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടന്നു.
  ഓറിയന്റലിസത്തിന്റെ ഇസ്ളാമിക വായനയെ പ്രതിരോധിച്ചുകൊണ്ട് രചിക്കപ്പെട്ട പല ഗ്രന്ഥങ്ങളും ഇസ്ലാമിസ്റ്റുകളുടെ ആശയരൂപീകരണത്തിനു സഹായിച്ചു. ഇതില്‍ അവര്‍ക്ക് വലിയ ഒരബന്ധം സംഭവിച്ചു. പാശ്ചാത്യതയെ പൌരസ്ത്യതക്ക് എതിര്‍ നിര്‍ത്തുന്ന ഒരു നിലപാട് ഇസ്ളാമിസ്റ്റുകളും കൈകൊണ്ടു. പാശ്ചാത്യ ദ്വന്ദാത്മക യുക്തിചിന്തയുടെ കാഴ്ചപ്പാടില്‍ സ്വന്തം മതത്തെയും ദേശത്തെയും മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചു.  പാശ്ചാത്യതക്ക് എതിരായി പൌരസ്ത്യത എന്ന ഗണം. പൌരസ്ത്യത/പാശ്ചാത്യത എന്ന ഈ ദ്വന്ദം ആശയരൂപീകരണത്തെ നിര്‍ണ്ണയിച്ചു. ഈ ദ്വന്ദം ചൂഷണത്തിന്റെ ഒരു കൊളോണിയല്‍ വര്‍ഗീകരണമായിരുന്നു എന്നു മനസ്സിലാക്കിയില്ല. ഓറിയന്റലിസിസ്റ്റ് പദ്ധതിക്കും കാഴ്ചപ്പാടിനും ഓറിയന്റലിസ്റ്റ് വിരുദ്ധ സാഹിത്യം ദാര്‍ശനിക ന്യായീകരണം നല്‍കി. ഇസ്ളാമിസ്റ്റുകളുടെ ഇസ്ളാം വീക്ഷണത്തെ അങ്ങനെ ഓറിയന്റല്‍ പാഠങ്ങള്‍ സ്വാധീനിച്ചു. എഡ്വേര്‍ഡ് സെയ്ദിന്റെ രീതിശാസ്ത്രത്തിലെ ഈ അപാകതയെക്കുറിച്ചും മറ്റും ഐജാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.  ഈ പാശ്ചാത്യത/പൌരസ്ത്യത ദ്വന്ദത്തെ ഹണ്ടിങ്ടണ്‍ സിദ്ധാന്തത്തിലെ പാശാചാത്യത/ഇസ്ളാം ദ്വന്ദവുമായി വേണമെങ്കില്‍ വെച്ചു മാറാവുന്നതാണ്. ഈ ദ്വന്ദചിന്തയുടെ യുക്തിയാണ് പാശ്ചാത്യവിരുദ്ധതയുടെ അടിസ്ഥാനാശയമായി മൌദൂദിസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ദൌര്‍ഭാഗ്യകരമാണ്.
  
അഞ്ച്

  ഈ കാഴ്ചപ്പാടില്‍ നിന്നുള്ള നിരവധി ദുര്‍വ്യാഖ്യാനങ്ങള്‍ ഇസ്ളാമിസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. 'ക്രിസ്തീയ പാശ്ചാത്യത'യെ എതിര്‍ക്കുന്നതിന്റെ പേരില്‍ പാശ്ചാത്യമെന്ന് പൊതുവെ കരുതുന്ന, മതനിരപേക്ഷത, ജനാധിപത്യം, ദേശീയതാസങ്കല്‍പം എന്നിവയെയെല്ലാം മൌദൂദി എതിര്‍ക്കുന്നത് ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന് പകരമായി ഇസ്ളാമിക ഖിലാഫത്ത് എന്ന ആശയവും മുന്നോട്ടുവെച്ചു.  മതനിരപേക്ഷ, ജനാധിപത്യ, ദേശീയതാ സങ്കല്‍പങ്ങളിലെ ബൂര്‍ഷ്വാ വാചോടാപത്തെയും വൈരുദ്ധ്യങ്ങളെയും മാര്‍ക്സിസം തുറന്നു കാണിക്കാറുണ്ട്. ഇന്ന് മാര്‍ക്സിസം വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യം എങ്ങനെ തൊളിലാളിവര്‍ഗസങ്കല്‍പങ്ങളില്‍ സാക്ഷാത്കരിക്കാം എന്നതാണ്. 'ഭരണകൂടത്തെ' വര്‍ഗസമൂഹത്തിലെ വൈരുദ്ധ്യങ്ങളെ പരിഹരിക്കാനും ഒരു പ്രത്യേക വര്‍ഗത്തിനു വേണ്ടി ഭരണം നടത്താനും ഉപയോഗിക്കുന്ന  ഒരു യന്ത്രമായാണ് മാര്‍ക്സിസം കാണുന്നത്. സമൂഹത്തിന്റെ ഒരാവശ്യമെന്ന നിലയില്‍ ഭരണകൂടം നിലനില്‍ക്കുന്നിടത്തോളം അതിന്റെ 'ജനകീയഉള്ളടക്കമായി' ജനാധിപത്യവും മതനിരപേക്ഷതയും ദേശീയതാബോധവും നിലനില്‍ക്കുക തന്നെ ചെയ്യും.
  അതിനു പകരം ഖിലാഫത്തിനെക്കുറിച്ചുള്ള അവ്യക്തമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് മൌദൂദിസ്റ്റുകളുടെ ദൈവസങ്കല്‍പത്തിലെ ഒരു സങ്കുചിതത്വം വെളിപ്പെടുത്തുന്നതാണ്. ദൈവം പ്രതാപിയായ ഒരു ഏകാധിപതിയാണെന്നാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. 'പിന്നീട് നാം മലക്കുകളോട് ആദമിനെ നമിക്കുവാനാജ്ഞാപിച്ചു. അവരെല്ലാം നമിച്ചു. പക്ഷേ ഇബ്ലീസ് വിസമ്മതിച്ചു. അവന്‍ സ്വന്തം മഹിമയില്‍ ഗര്‍വിഷ്ഠനായി. അവന്‍ ധിക്കാരികളില്‍ പെട്ടു പോയി'  എന്ന ഖുര്‍ആന്‍ വചനത്തെ മൌദൂദി വ്യാഖ്യാനം ചെയ്യുന്നതു നോക്കുക:
  "ഒരു രാഷ്ട്രത്തിന്റെ അധിപന്‍ അധികാരത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വ്യക്തിയെ ഭരണകര്‍ത്താവായി നിയോഗിക്കുന്ന പക്ഷം, അയാളെ അനുസരിക്കാന്‍ ആ പ്രദേശത്തെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ നിര്‍ബന്ധിതമായിത്തീരുന്നു. ആ ഭരണകര്‍ത്താവിന് തന്റെ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് രാഷ്ട്രത്തിന്റെ തലവന്‍ ഉദ്ദേശിക്കുന്ന കാലത്തോളം അവനുമായി അവന്‍ പൂര്‍ണ്ണമായി സഹകരിക്കേണ്ടതുണ്ട്. ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച്,  അത് പ്രവര്‍ത്തിക്കാന്‍ അവനെ അനുവദിക്കരുതെന്ന് രാഷ്ട്രപതിയില്‍ നിന്ന് ഉത്തരം ലഭിക്കുന്നതോടെ ആ ഭരണകര്‍ത്താവിന്റെ അധികാരം അവസാനിച്ചു പോകുന്നു. അതോടെ ആ പ്രദേശത്തെ മുഴുവന്‍ ഗവണ്‍മെന്റുദ്യോഗസ്ഥരും ഹര്‍ത്താലാചരിച്ചതുപോലുള്ള ഒരു പ്രതീതിയാണനുഭവപ്പെടുക. അത്രയുമല്ല, പ്രസ്തുത ഭരണകര്‍ത്താവിനെ സ്ഥാനഭ്രഷ്ടനാക്കുവാനും അറസ്റ്റ് ചെയ്യുവാനും രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിക്കുന്ന പക്ഷം, അതേവരെ അവന്റെ ആജ്ഞാനുവര്‍ത്തികളായിരുന്ന സേവകരും കീഴുദ്യോഗസ്ഥരും തന്നെ അവന്റെ കൈക്ക് വിലങ്ങു വെച്ച് കാരഗ്രഹത്തിലേക്ക് കൊണ്ടുപോകേണ്ടതാണ്. ആദമിന്റെ മുന്നില്‍ കുനിയാന്‍ മലക്കുകള്‍ ആജ്ഞാപിച്ചതിന്റെ സ്വഭാവവും ഇതാണ്.''8
  നേരിട്ടുള്ള പശ്ചാത്തല വിവരണത്തിനും വ്യാഖ്യാനത്തിനും പുറമെയുള്ള കൂട്ടിച്ചേര്‍ക്കലാണിത്. ആധുനിക രാഷ്ട്രവ്യവഹാരത്തിലെ പദവും പ്രയോഗവും ഉപയോഗിച്ച് രാഷ്ട്രപതി എന്ന ഒരു ഏകാധിപതിയുടെ ചിത്രം വരയ്ക്കുന്നതിലൂടെ രാഷ്ട്രീയമായ ഒരു കുത്തിനിറക്കല്‍ മാത്രമല്ല, ഖുര്‍ആനിന്റെ ദൈവസങ്കല്‍പത്തിന്റെ വിശാലതയെയും ഓജസ്സിനെയും ചോര്‍ത്തിക്കളയുകയുമാണ് ചെയ്യുന്നത്. സിഎന്‍ അഹമ്മദ് മൌലവിയുടെ വ്യാഖ്യാനത്തിലാകട്ടെ 'ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ മഹനീയ സ്ഥാനം' എന്ന ആശയത്തില്‍ നിന്നുകൊണ്ടാണ്  വിവരണം പുരോഗമിക്കുന്നത്. നൈസര്‍ഗ്ഗികവും ഓജസ്സാര്‍ന്നതുമായ ലളിത മലയാളത്തില്‍. സിഎന്നിന്റെ ആ വ്യാഖ്യാനം മലയാളത്തിന്റെ സത്യസന്ധമായ ഖുര്‍ആന്‍ പാരായണ പ്രക്രിയക്ക് ഒരു മുതല്‍കൂട്ടാണ്. ഇസ്ളാമിനെ ഇടതുപക്ഷ സ്വരത്തിലുള്ള ഒരു പാര്‍ടിയായി അണിനിരത്താനുള്ള പദവലികള്‍ക്കൊപ്പം ഒരു ഏകാധിപത്യ മതഭരണകൂടത്തിനുള്ള കോപ്പുകളും മൌദൂദിയുടെ ഖുര്‍ആന്‍ വ്യഖ്യാനത്തിലും മറ്റുരചനകളിലും സുലഭമാണ്.

ആറ്  

ക്രിസ്തീയം എന്നാരോപിച്ച,് ജൂതായിസം എന്നാരോപിച്ച് എല്ലാ മാനുഷിക വ്യവഹാരത്തെയും വര്‍ഗീകരിക്കാനും തിരസ്കരിക്കാനുമുള്ള നീത്ചേ വംശീയതയാണ്10 ഇസ്ളാമിക മതമൌലിക പ്രസ്ഥാനങ്ങളെ പൊതുവെ നയിക്കുന്നത്. ഈ വെറുപ്പ് തൂവുമ്പോള്‍, ജൂത-ക്രിസ്തീയ പാരമ്പര്യത്തിലാണ് തന്റെ തൌഹീദ് നിലകൊള്ളുന്നതെന്ന് ഖുര്‍ആനും നബിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് എന്ന കാര്യം കൂടി ഓര്‍ക്കണം.  മദീനക്കു മുമ്പ് അബ്സീനിയയിലേക്ക് മുസ്ളിംങ്ങള്‍ നടത്തിയ പാലായനം ഒരു ക്രിസ്ത്യന്‍ രാജാവിന്റെ അഭയം തേടിയായിരുന്നു. അവിടെവെച്ചാണ് തങ്ങള്‍ ക്രിസ്തീയ ഏകദൈവത്തിന്റെ പിന്മുറക്കാര്‍ തന്നെയാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് ഇസ്ളാം സാമ്രാജ്യത്വങ്ങളുടെയും സൂല്‍ത്താന്മാരുടെയും മതമായി മാറി. നാടുവാഴിത്തത്തോട് സന്ധി ചെയ്ത ഇസ്ളാമിക ഭരണകൂടങ്ങള്‍ കുരിശുയുദ്ധത്തില്‍ കൃസ്തീയ യൂറോപ്പുമായി ഏറ്റുമുട്ടി.  ഈ ഏറ്റുമുട്ടലിലൂടെയാണ് ക്രിസ്തീയത യൂറോപ്പില്‍ പുനര്‍ജനിച്ചത്. ക്രിസ്തുമതത്തിന്റെ പുനരുജ്ജീവനം. അതിന്റെ അടിത്തറയില്‍ പണിത മുതലാളിത്ത സമൂഹം. അവര്‍ സൃഷ്ടിച്ച ഭരണകൂടങ്ങള്‍. തീര്‍ത്ത തടങ്കല്‍ പാളയങ്ങള്‍. വലിയ ജനാധിപത്യ പരീക്ഷണങ്ങള്‍ക്കു ശേഷവും സൃഷ്ടിച്ച ഓഷ്വിറ്റ് ക്യാമ്പുള്‍. വംശീയ ശുദ്ധീകരണം. ഗ്യാസ് ചേംബറുകളും യുദ്ധങ്ങളും. മൂലധന പടയോട്ടങ്ങള്‍. 'ഓരോ രോമകൂപങ്ങളില്‍ ചെളിയും ചോരയുമൊലിപ്പിച്ച്' മൂലധനം 'മദിരോത്സവം കൊണ്ടാടി' എന്നു മാര്‍ക്സ്. ഈ ദുരന്ത ഭൂമികളില്‍ നിന്നാണ് ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയും ദേശീയതാബോധവുമെല്ലാം അതിജീവിച്ചത്. മാര്‍ക്സിസം അതിന്റെ ശിഷ്ടജന്മങ്ങളിലൂടെ ജീവിക്കുന്നത്.
   ഖുര്‍ആന്‍ സമാഹരിച്ച രൂപത്തില്‍, രണ്ടാം അധ്യായത്തിലെ 'അല്‍ ബഖറ' എന്ന അധ്യായത്തില്‍, വിവിധ മതസ്ഥരെയും വിശ്വാസികളെയും കപടമവിശ്വാസികളെയും സംബോധന ചെയ്തും താക്കീതു ചെയ്തും ഓര്‍മ്മപ്പെടുത്തിയും സ്നേഹിച്ചും ഖുര്‍ആന്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ ചരിത്രനിരപേക്ഷമായി കണ്ട് സ്വാംശീകരിച്ചതു വഴിയാണ് ഈ വംശവാദത്തിന് അവര്‍ അടിമപ്പെട്ടത്. ഈ ഖുര്‍ആന്‍ വാക്യങ്ങളെ അവര്‍ സന്ദര്‍ഭത്തില്‍ നിന്നകറ്റുന്നു. യുദ്ധോന്മുഖമായ സന്ധികളില്‍ അവതരിപ്പിക്കപ്പെട്ട ആ വാക്യങ്ങള്‍ക്ക് സമകാലീന വാഖ്യാനങ്ങള്‍ നല്‍കുന്നു. ഇതിലൂടെ ഒരു വംശീയ വാദത്തിന്റെ കണ്ണില്‍ ചരിത്രപ്രഭാസങ്ങളെയും പ്രസ്ഥാനങ്ങളെയുമെല്ലാം വിലയിരുത്തുന്നു. മൌദൂദിസ്റ്റുകളുടെ 'നീത്ചേ വംശീയ വാദം' പാശ്ചാത്യതയെ തെറ്റായ രീതിശാസ്ത്രത്തിലൂടെയാണ് മനസ്സിലാക്കുന്നത്. ബോസ്നിയന്‍ പ്രസിണ്ടായിരുന്ന ഇസ്ളാമിസ്റ്റുകളുടെ നേതാവായിരുന്നു അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ മാര്‍ക്സിസത്തെ വിലയിരുത്തുന്ന കാഴ്ചപ്പാടില്‍ ഈ വംശാവലി വാദം കാണാം. മര്‍ദ്ദിതരോടും ചൂഷിതരോടുമുള്ള മാര്‍ക്സിസത്തിന്റെ അഭിനിവേശം അതിന്റെ ജൂതപ്രഭവം കൊണ്ടാണെന്ന് ബെഗോവിച്ച് വിശ്വസിക്കുന്നു. 'തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ പറയുമ്പോള്‍ ഒരു ജൂതപ്രവാചകനെപ്പോലെ മാര്‍ക്സ് തുറന്ന ആരോപണങ്ങള്‍ നടത്തുന്നു.''ഭൂമിയിലെ സ്വര്‍ഗം എന്ന ആശയം തീര്‍ത്തും ഉല്പത്തിയിലും സ്വഭാവത്തിലും ജൂതധാരണയാണ്.' 'സമസ്ത വിപ്ളവങ്ങളും യൂട്ടോപ്യയകളും സോഷ്യലിസ്റ്റാശയങ്ങളും ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാന്‍ കാംക്ഷിക്കുന്ന മറ്റുള്ള ആശയങ്ങളും സാരംശത്തില്‍ ജൂതരില്‍ നിന്നുണ്ടായതാണ്. അതാകട്ടെ വന്നത് പഴയ നിയമത്തില്‍ നിന്നും.''11
  ഇങ്ങനെ പ്രസ്ഥാനങ്ങളുടെയും മഹാപുരുഷന്മാരുടെയും ബുദ്ധിജീവികളുടെയും സംഭാവനകളെ വംശീയതയുടെ കണ്ണില്‍ കൂടി നോക്കിക്കാണുന്ന പരിമിതി. ഇത് ഭൂമിയിലെ മറ്റ് പാരമ്പര്യങ്ങളെയും വ്യവഹാരങ്ങളെയും സ്വാധീനശക്തികളെയും, ചുരുക്കത്തില്‍ ദൈവത്തിന്റെ അനാദിയെയും ആഴത്തെയും തന്നെ തള്ളിപ്പറയുന്നതിനു തുല്യമാകും. ഈ വംശാവലി രീതിശാസ്ത്രം പാശ്ചാത്യതയുടെ കാര്യത്തില്‍ ആണെങ്കില്‍ പോലും ഖുര്‍ആന്റെ അന്തസത്തക്കു നിരക്കുന്നതല്ല. മാര്‍ക്സിസ്റ്റ് രീതിശാസ്ത്രവും മറ്റൊരു നിലയിലാണ് പാശ്ചാത്യ അധിനിവേശത്തെ നോക്കിക്കാണുന്നത്. സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും മതവിശ്വാസപരവുമായ ഘടകങ്ങളുടെ ആകത്തുകയായാണ് ഇന്നത്തെ യുദ്ധങ്ങളെയും അധിനിവേശപ്രക്രിയയെയും അതിന്റെ പ്രത്യാഘാതങ്ങളെയും മാര്‍ക്സിസം നോക്കിക്കാണുന്നത്. ഒരു സ്വാധീനത്തെയും മാര്‍ക്സിസം ഒഴിച്ചു നിര്‍ത്തുന്നില്ല. മുഖ്യമായതിനെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു. സാമ്പത്തിക കാരണങ്ങളിലേക്കു പോകാതെ വര്‍ഗസമരങ്ങള്‍ക്ക് വംശാവലിയുടെ മാത്രം ചരിത്രം തേടിപ്പോകുന്നത് മൌഢ്യമായിരിക്കും. അതിനാലാണ് പാശ്ചാത്യ വിരുദ്ധത ഇത്രമാത്രം പ്രകടിപ്പിച്ചിട്ടും, ശക്തമായ ഒരു യുദ്ധ വിരുദ്ധ പ്രസ്ഥാനത്തിന്റെ പതാകവാഹകരാന്‍ 'ഇസ്ളാമിക രാഷ്ട്രീയ'ത്തിനു കഴിയാതെ പോയത്. അവരുടെ പ്രതികരണം ചില വേറിട്ട കാഴ്ചകളായി നില്‍ക്കുന്നു. എന്നാല്‍ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ, ഇടറാത്ത ചുവടുകളോടെ, സ്വരശുദ്ധിയോടെ, സാമ്രാജ്യത്വത്തിനെതിരെയുള്ള മുന്നണിയുടെ മുന്‍പന്തിയില്‍ നില്‍ക്കാനും, പലസ്തീനികളുടെ ദേശീയപ്രക്ഷോഭത്തെ അകമഴിഞ്ഞ് പിന്തുണക്കാനും, കമ്മ്യൂണിസ്റ്റുകാര്‍ക്ക് തങ്ങളുടെ സിദ്ധാന്തത്തിന്റെയും പ്രായോഗികാനുഭവങ്ങളുടെയും മൂര്‍ഛയുണ്ട് എന്നത് ഇസ്ളാമിക രാഷ്ട്രീയത്തിന് എന്നും ഒരു വിസ്മയമായി അവശേഷിക്കും. "കാരണം അവരുടെ മനസ്സുകളും കാതുകളും അടച്ചുപൂട്ടി മുദ്ര വെച്ചിരിക്കുന്നു.അവരുടെ ദൃഷ്ടികള്‍ക്ക് ഒരു മൂടി വീണിരിക്കുന്നു''12
വാല്‍ക്കഷ്ണം:
 മൌദൂദിയുടെ സ്വാധീനത്തില്‍ തന്നെയാണ് സിമി രൂപം കൊള്ളുന്നത്. അന്നത് പരോക്ഷമായ നിലയില്‍ ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്നു. അവര്‍ പിന്നീട് നയവ്യത്യാസത്താല്‍ വേര്‍പ്പെട്ടു. പകരം സ്ഥാനം എസ്ഐഒ ഏറ്റെടുത്തു. ഇസ്ളാമിക ജിഹാദ് എന്ന ആശയത്തെ ഒരു ചുമരെഴുത്താക്കിയതിലൂടെ, സംഘ്പരിവാറിന് ഇന്തയില്‍ പ്രതികരണശേഷി നല്‍കിയ സിമിയുടെ പങ്കും, അവരുടെ മൌദൂദി ചാര്‍ച്ചയും, ശൈഖ് മുഹമ്മദ് സാഹിബ് ഉന്നയിക്കും പോലെ ചരിത്രത്തിന്റെ ക്രോണോളജിയുടെ പ്രശ്നമല്ല. അതൊരു വസ്തുതയാണ്. ഒരു പ്രവണത രൂപപ്പെടുന്നതിന്റെ പ്രത്യയശാസ്ത്രപരമായ പാഠങ്ങള്‍ എന്ന നിലയിലാണ് ഇവിടെ മൌദൂദിയുടെ സ്വാധീനത്തെ വിലയിരുത്തിയത്. ഏതു സംഘം അത് ആദ്യം ഏറ്റുപിടിച്ചു എന്നല്ല.  ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രവാദത്തെ മാത്രമല്ല, സിമിയുടെ രാഷ്ട്രവാദത്തിന്റെ വായാടിത്തത്തെയും മൌദൂദി പ്രതിനിധാനം ചെയ്യുണ്ട്. നമ്മുടെ എന്‍ഡിഎഫ് കുഞ്ഞാടുകളും തങ്ങളുടെ ദൈനംദിന ചര്യക്ക് കൈപുസ്തകമായി ഉപയോഗിക്കുന്നത് മൌദുദിയുടെ 'ഖുതുബാത'് എന്ന ഖുതുബാ പ്രസംഗങ്ങളാണ്. മൌദൂദിയുടെ ഇത്തരം ഉപയോഗങ്ങള്‍ നക്സലൈറ്റ്പരമാണോ? എങ്കില്‍ എന്തുകൊണ്ട് ശക്തമായി അപലപിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നു?അതല്ല അങ്ങനെയും ചിലര്‍ സമുദായത്തിന്റെ രക്ഷക്കായി ഇരുന്നോട്ടേ എന്നു കരുതിയിട്ടാണോ?

1. മദീനയിലെ ചില പുരോഹിതന്മാരുടെ ചോദ്യങ്ങള്‍ക്ക്് മറുപടി പിന്നെ പറയാം എന്നു പറഞ്ഞു മടങ്ങിയ നബിക്ക് ദീര്‍ഘനാള്‍ ഖുര്‍ആന്‍ അവതരണമൊന്നുമുണ്ടായില്ല. പിന്നെ മറുപടിയായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ ആരംഭിക്കുന്നത് ഈ കാലതാമസത്തെ രേഖപ്പെടുത്തുമാറ് "ഒന്നിനെക്കുറിച്ചും പറയേണ്ട, നാളെ പറയാം'' എന്ന് ഉണര്‍ത്തിക്കൊണ്ടാണ്.

2. സിവിലൈസേഷന്‍ ആന്റ് എന്‍ലൈറ്റെന്‍മെന്റ് (1784), ഇമ്മാനുവല്‍ കാന്റ് കാണുക. മനുഷ്യ വംശത്തെയും സമൂഹത്തിന്റെ പുരോഗതിയെയും സംബന്ധിച്ച് പ്രകൃതിക്ക് ചില പദ്ധതികളും ഉദ്ദേശ്യങ്ങളുമുണ്ടെന്ന് കാന്റ് കരുതുന്നു. പ്രകൃതിയുടെ ഈ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി  യാണ് മനുഷ്യന്റെ യുക്തിചിന്ത പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ അനിവാര്യമായ പുരോഗതി വ്യക്തിയിലൂടെയല്ല, സമൂഹത്തിലൂടെയാണ് നടക്കുന്നത്. സമൂഹത്തിന്റെ വളര്‍ച്ച  അന്തര്‍ദേശീമായ ഒരു ഭരണസംവിധാനത്തിലേക്ക് നയിക്കും.  പ്രകൃതിയും മനഷ്യനും തമ്മിലുള്ള ദ്വന്ദത്തിലൂന്നി, ചരിത്രം മുന്നോട്ടു പോകുന്നതിന്റെയും അന്യുസ്യൂത പുരോഗതിയുടേയും, ബലതന്ത്രം വിശദീകരിക്കുകയാണ് കാന്റ് തന്റെ പ്രസിദ്ധമായ ഈ ലേഖനത്തില്‍. യൂറോപ്യന്‍ ജ്ഞാനോദയ യുക്തിക്കും പോസിറ്റിവിറ്റ് ചിന്തക്കും എല്ലാം അടിസ്ഥാനമിട്ട കാന്റിന്റെ ചിന്തകള്‍. (ക്ളാസിക്കല്‍ റീഡിങ് ഇന്‍ കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്‍, പേജ:് 39-47, റൂട്ട്ലെഡ്ജ്, ലണ്ടന്‍ ആന്റ് ന്യൂയോര്‍ക്ക്, 1998, )

3. ഐജാസ് അഹമ്മദ്, ആസാദ്സ് കരിയേര്‍സ്: റോഡ് ടെയ്കന്‍ നോട് ടെയ്കന്‍, ലീനിയേജസ് ഓഫ് ദ പ്രസന്റ്, പേജ് 147, തൂലിക, ന്യൂദില്ലി,  1996.

4. മക്കയില്‍ നിന്ന് മദീനയിലേക്കക് മുഹമ്മദ് നബിയോടൊപ്പം പലായനം നടത്തിയവര്‍ മുഹാജിറുകള്‍. മദീനയില്‍ നബിയെ സ്വീകരിച്ച് ആതിഥ്യമരുളിയവര്‍ അന്‍സാറുകള്‍.
5. സിഎന്‍ അഹമ്മദ് മൌലവി,   സഹീഹുല്‍ ബുഖാരി (ഹദീസ് സമാഹാരം) മുഖവര , പേജ്: 41
6. മുഹമ്മദ് (ജീവചരിത്രം), മുഹമ്മദ് ഹുസ്സൈന്‍ ഹൈക്കല്‍,  പേജ്: 559, മനാസ് ഫൌണ്ടേഷന്‍, 2000.
7. ഭാരതീയ ചിന്ത, കെ ദാമോദരന്‍, പേജ്: 517-520, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1998. 
8. തഹ്ലീമുല്‍ ഖുര്‍ആന്‍, സയ്യിദ് അബ്ദുല്‍ അഅ്ല മൌദൂദി, പേജ്: 58, 59. ഇസ്ളാമിക് പബ്ളിഷിംങ് ഹൌസ്, കോഴിക്കോട്, 2004.
9. ആന്റി ക്രൈസ്റ്റ്, നീത്ചേ കാണുക. നീത്ചേയുടെ ചിന്തകള്‍ ഫാഷിസത്തിന്റെയും ചാര്‍ച്ചകള്‍ പുലര്‍ത്തിയിരുന്നു.
10. ഇസ്ലാം രാജമാര്‍ഗ്ഗം, അലിജ ഇസ്സത്ത് ബെഗോവിച്ച്, പേജ്: 311, 312, ഇസ്ളാമിക് പബ്ളിഷിങ് ഹൌസ്, കോഴിക്കോട്, 1994.
11. അല്‍ ബഖറ, 6-7, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം ഒന്ന്, സയ്യിദ് അബ്ദുല്‍ അഅ്ല മൌദൂദി, പേജ്: 48


Essay as part of the discussion appeared in Deshabhimani weekly, in response to the emerging scenario of Muslim Politics in Kearal and its controversial relationship with left politics..the essay is a response to Shaikh Muhammed Karakkunnu.....As the response to this essay, in the answer to a question of read of Prabhodhanam monthly, the mouthpiece of Jamaat E Islami Hind, in Keralam, the editorial board assured the reader Jamaat didnot subscribe all the approaches put forward by Maudoodi and his literature, thought he is the founder of their organisation....









No comments:

Post a Comment