Monday, August 8, 2011








കൈവേലയുടെ തത്വചിന്ത


കെ ജി സുബ്രഹ്ണ്യന്റെ 'ദ ലിവിങ് ട്രഡീഷ'നെക്കുറിച്ച്
പി പി ഷാനവാസ്




The Living Tradition
Perspectives on Modern Indian Art
K G Subramanyan
Seagull books
Calcutta 1987
Price:Rs.150.00


രാഷ്ട്രീയക്കാരും തത്വചിന്തകരുമല്ല, കൈവേലക്കാരും കരകൌശലവിദഗ്ധരുമാണ് രാഷ്ട്രത്തെയും സംസ്കാരത്തെയും സൃഷ്ടിച്ചത്, എന്ന ആനന്ദകൂമര സ്വാമിയുടെ  നിഗമനത്തെ, ഇരുപതാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യന്‍ കലാലോകത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കണ്ടെടുക്കുകയാണ്, കെ ജി സുബ്രഹ്മണ്യന്‍ തന്റെ പ്രസിദ്ധമായ ഈ പുസ്തകത്തിലൂടെ. ആധുനിക ഇന്ത്യന്‍ കലാചരിത്രത്തിലെ ക്ളാസിക് എന്ന് ഈ കൊച്ചുകൃതിയെ വിശേഷിപ്പിക്കാം. വാക്കിലും ഭാഷണത്തിലും അധിഷ്ഠിതമായ നമ്മുടെ ചിന്തയുടെ ലോകത്തെ, ഈ പുസ്തകം കൈവേലയുടെ തത്വചിന്ത കൊണ്ട് മാറ്റിയെഴുതുന്നു. 1985 വരെയുള്ള ഏഴു വര്‍ഷത്തിനിടയില്‍ സുബ്രഹ്ണ്യന്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ എഴുത്തുരൂപമാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പരമ്പരാഗത ഗില്‍ഡുകളില്‍ അനുശീലനം ചെയ്തുപോന്ന  കൈത്തൊഴില്‍ പാരമ്പര്യം, എങ്ങിനെയാണ് ഒരു സംസ്കാരത്തിന്റെ സ്വരൂപങ്ങളെ നിര്‍ണ്ണയിച്ചത് എന്ന ചരിത്രത്തിലേക്കും തത്വചിന്തയിലേക്കും സുബ്രഹ്മണ്യന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇന്ത്യന്‍ കലാലോകത്ത് തൊണ്ണൂറുകള്‍ക്കാദ്യം ഏറെ സ്വാധീനമായിത്തീര്‍ന്ന ഈ  കണ്ടെത്തലിലൂടെ, 'വായി'നും വാക്കിനുമപ്പുറം, കൈകള്‍ക്ക്, മനുഷ്യന്റെ ചിന്തയെ രൂപപ്പെടുത്തുന്നതില്‍ ഉള്ള പങ്കിന്റെ അടിസ്ഥാനമെന്തെന്ന് ഭംഗ്യന്തരേണ അന്വേഷിക്കുന്നുണ്ട് ഈ പുസ്തകം. അതുകൊണ്ടായിരിക്കണം, ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ഇന്ത്യയിലെ ഏറ്റവും പ്രധാന കലാകാരന്‍ എന്ന് ഹാന്‍ വര്‍ഗീസ് മാത്യു വിശേഷിപ്പിക്കുന്ന കെ ജി സുബ്രഹ്മണ്യന്‍, ഗണനീയമായ ഒരു തത്വചിന്തകന്‍ കൂടിയാണെന്ന് ആര്‍ ശിവകുമാര്‍ വിശേഷിപ്പിക്കുന്നത്. വളരെ സൂക്ഷ്മമായ ചിന്താധാരയുടെ അടിസ്ഥാനങ്ങള്‍ സുബ്രഹ്മണ്യന്റെ എഴുത്തിന്റെ അന്തര്‍ധാരയായി കാണാം. അദ്ദേഹത്തിന്റെ എഴുത്തും കലാപ്രവര്‍ത്തനവും പൌരസ്ത്യമായ സവിശേഷതകളുള്ള ചിന്തയുടെ രൂപകങ്ങളെയും പരികല്‍പനകളെയും കൊത്തിയെടുക്കുന്നു. ഏതൊരു കലാവിദ്യാര്‍ഥിയുടെയും തത്വചിന്താ തല്‍പരയുടെയും, ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ദിശയെ മാറ്റിത്തീര്‍ക്കാന്‍, സീഗള്‍ പുറത്തിറക്കിയ ഈ പുസ്തകം സഹായകരമാകും എന്നത് അതിശയോക്തിയാവില്ല. ചിത്രകല ഉള്‍പ്പെടുന്ന അതിവരേണ്യമായിത്തീര്‍ന്ന കലാപ്രവര്‍ത്തനത്തിന്റെ ലോകത്തെ, സ്വന്തം മണ്ണിലേക്കും സംസ്കാരത്തിലേക്കും ഇറക്കിക്കൊണ്ടുവന്ന്, അതിനെ ലളിതവും മാനുഷികവുമായ ഒരു സംവേദനസംസ്കാരമായി വികസിപ്പിക്കുന്നതിലേക്ക്, സുബ്രഹ്മണ്യന്‍  വഹിച്ച പങ്കിലേക്ക് പുസ്തകം വെളിച്ചം വീശുന്നു.
ദൃശ്യവസ്തുക്കള്‍, കാഴ്ചയുടെ രൂപങ്ങളെയും സ്വഭാവത്തെയും നിര്‍ണ്ണയിക്കുന്നതിന്റെ അടിസ്ഥാനങ്ങള്‍ അന്വേഷിച്ച് ആരംഭിക്കുന്ന ഗ്രന്ഥം, ഇന്ത്യന്‍ കല, അതിന്റെ ആധുനികത തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഇന്ത്യന്‍ കലയുടെ ആധുനികതയ്ക്ക് കൊളോണിയല്‍ വാഴ്ച സമ്മാനിച്ച രൂപവൈചിത്യ്രങ്ങളെ വിശകലനം ചെയ്യുന്നു. തന്റെ മുമ്പേ കടന്നുപോയ കലാനിരൂപകരുടെ സംഭാവനകളെ നിരൂപണം ചെയ്യുന്നു. ജപ്പാനീസ് കലാനിരൂപകനായിരുന്ന ഒകാകുറാ കാകുസോ, ബ്രിട്ടീഷ് കലാകാരനും പണ്ഡിതനുമായ  ഇ ബി ഹാവേല്‍, ഇന്ത്യന്‍ കലാചരിത്രത്തിന്റെ പിതാവായി അറിയപ്പെടുന ആനന്ദ കൂമരസ്വാമി തുടങ്ങിയവരുടെ ചിന്തകളുടെയും സമീപനത്തിലെയും,പ്രാത:സ്മരണീയമായ ചുവടുവെയ്പുകളിലെയും, സമാനതയും സവിശേഷതയും,  തന്റെ സംക്ഷിപ്ത ഭാഷയില്‍ ചര്‍ച്ച ചെയ്യുന്നു. പാശ്ചാത്യ ആധുനികതയ്ക്കും കാഴ്ചയുടെ ശീലങ്ങള്‍ക്കും സൌന്ദര്യശാസ്ത്രാവബോധത്തിനും പിടിതരാതെ, സ്വന്തം സവിശേഷതകളില്‍ നിലയുറപ്പിക്കുന്ന, ഏഷ്യന്‍ കലയുടെ ചരിത്രവും പ്രാധാന്യവും എന്താണെന്നുള്ള അവരുടെ കണ്ടെത്തലുകള്‍ അദ്ദേഹം  സമാഹരിക്കുന്നു.
സൈദ്ധവ നദീതട സംസ്കാരം മുതലുള്ള ഇന്ത്യന്‍ കലയുടെ സ്വഭാവരൂപീകരണങ്ങള്‍ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഇത് അദ്ദേഹം നാലായി തിരിക്കുന്നു. ഒന്ന്, പ്രൊഫഷണലുകളും അല്ലാത്തവരുമായ താണ വൈദഗ്ധ്യം അവകാശപ്പെടാവുന്ന വിഭാഗം കൈവേലക്കാരുടെ ലളിതമായ കളിമണ്‍- ടെറാകോട്ട കളിപ്പാവകള്‍. രണ്ട്: പ്രശസ്തമായ സീലുകളും കല്ലില്‍ കൊത്തിയ ടോര്‍സോകളും വെങ്കലത്തിലെ നര്‍ത്തകരും അടങ്ങുന്ന വളരെ വികസിച്ച പ്രൊഫഷണല്‍ കലാകാരന്മാരുടെ അതിവിദഗ്ധമായ സൃഷ്ടികള്‍. മൂന്ന്, ഇവ രണ്ടിനുമിടയ്ക്ക് കടന്നു വരുന്ന വിദഗ്ധതൊഴിലാളികളുടെ കളിമണ്‍ പാത്രങ്ങളും ടെറാകോട്ട ഫിഗറിനുകളും. അവസാനമായി, രണ്ടും മൂന്നും വിഭാഗത്തിന് ഇടയ്ക്കു വരുന്ന പ്രൊഫഷണല്‍ സൃഷ്ടികള്‍. രണ്ടാം തരം ക്വാളിറ്റിയുള്ള ഇവ ജനകീയ വൈദഗ്ധ്യത്തിന്റെയും പരികല്‍പനകളുടെയും സ്വാധീനം പ്രകടിപ്പിക്കുന്നതാണ്. ലീനിയര്‍ സീലുകള്‍, പുരാണ വിഷയങ്ങളുടെ ചിത്രീകരണം, പുരോഹിതന്മാരുടെ തലകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. ഇന്ത്യന്‍ കലയുടെ അതിസൂക്ഷ്മമായ ഈ വര്‍ഗീകരണം വഴി, സൈദ്ധവ സംസ്കൃതി മുതല്‍, ഇടമുറിയാതെത്തന്നെ കൈമാറിപ്പോന്ന, കലാവൈദഗ്ധ്യത്തിന്റേയും കരകൌശല പാരമ്പര്യത്തിന്റേയും ഇന്ത്യയെ, സുബ്രഹ്ണ്യന്‍ ദൃശ്യവല്‍ക്കരിക്കുന്നു. മാറിമാറി വന്ന അധിനിവേശങ്ങളും വാഴ്ചകളും കുടിയേറ്റങ്ങളും ഇവയില്‍ സ്വാധീനം ചെലുത്തിയെങ്കിലും, അടിസ്ഥാനപരമായ പ്രിമൈസുകള്‍ അപ്പോഴും ഇടമുറിയാതെത്തന്നെ നിലനിന്നത്, ഒരു സംസ്കാരത്തിന്റെ സഞ്ചിതമായ ഭൂതകാലം കൈമോശം വരാതെ സ്വംശീകരിക്കാന്‍ കഴിയുന്നതിന് ഇടയാക്കി എന്ന്  ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യോന്മുഖനായ നമ്മുടെ ആധുനിക കലാകാരനോട്, ഇന്ത്യന്‍ ഗില്‍ഡുകളില്‍ വളര്‍ന്നു വികസിച്ച, അതിവിശിഷ്ടമായ ഈ പാരമ്പര്യത്തോട് കണ്ണിച്ചേരാന്‍ സുബ്രഹ്ണ്യന്‍ ആഹ്വാനം ചെയ്യുന്നു. അങ്ങിനെ, കേവലം കലാവിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും പുരാവസ്തുഗവേഷകര്‍ക്കും തത്വചിന്തകര്‍ക്കും ഒരുപോലെ  ഈ പുസ്തകം വഴിക്കാട്ടിയാണ്. ഭാഷണത്തിലധിഷ്ഠിതമായ നമ്മുടെ ചിന്തയെ, എഴുത്തിന്റെയും ചിത്രമെഴുത്തിന്റെയും ശില്‍പനിര്‍മ്മാണത്തിന്റെയും കൈവേലാ പാരമ്പര്യത്തിലൂടെ, പുന:സംഘടിപ്പിക്കുകയും ദിശാമാറ്റത്തിന് വിധേയമാക്കുകയും ചെയ്യുന്ന സുബ്രഹ്ണ്യന്റെ ഇടപെടല്‍, ഫ്രഞ്ച് തത്വചിന്തകരായ മിഷേല്‍ ഫൂക്കോവിന്റെയും ദറിദയുടെയും മറ്റും ചിന്താപദ്ധതികളെ ഓര്‍മ്മിക്കുന്നതാണ്.
കൊളോണിയല്‍ വാഴ്ച ഗില്‍ഡുകളുടെ ഈ പാരമ്പര്യത്തിന് ആഘാതങ്ങള്‍ ഏല്‍പിച്ചുവെങ്കിലും, പാശ്ചാത്യ ലോകത്ത് സംഭവിച്ച അളവില്‍, ഇന്ത്യന്‍ കൈവേലാപാരമ്പര്യത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സുബ്രഹ്മണ്യന്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ ആധുനികതയുടെ കൊളോണിയല്‍ ഭാഷ്യത്തിലൂടെ നാം കടന്നുപോയെങ്കിലും, കൊളോണിയലിസത്തിന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയാത്ത ഇന്ത്യന്‍ കൈത്തൊഴില്‍ പാരമ്പര്യം, ഇന്നും 'ജീവിക്കുന്ന ഫോക്ലോര്‍' ആയി നിലനില്‍ക്കുന്നുവെന്ന് സുബ്രഹ്മണ്യന്‍ കണ്ടെത്തുന്നു. 'ജീവിക്കുന്ന പാരമ്പര്യം' (ഘശ്ശിഴ ഠൃമറശശീിേ) എന്ന സുബ്രഹ്ണ്യന്റെ പരികല്‍പന, ഇരുപതാംനൂറ്റാണ്ടിലെ ഇന്ത്യന്‍ കലാരംഗത്തിനു ലഭിച്ച വലിയ സംഭാവനയാണെന്ന് ഗീതാകപൂര്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങിനെ കൊളോണിയല്‍ നഷ്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്, ആധുനിക ഇന്ത്യന്‍ കലയുടെ രൂപഭാവങ്ങള്‍ നിശ്ചയിക്കാന്‍ നടത്തിയ ഇന്ത്യന്‍ കലാകാരന്മാരുടെ പ്രയത്നങ്ങളെ, പിന്നീട് വരുന്ന അധ്യായങ്ങളില്‍ സുബ്രഹ്മണ്യന്‍ വിലയിരുത്തുന്നു.
ബംഗാളില്‍ നിന്ന് ആരംഭിച്ച ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെച്ചത് അബനീന്ദ്ര നാഥ ടാഗോര്‍, ഗംഗേന്ദ്ര നാഥ ടാഗോര്‍, രബീന്ദ്ര നാഥ ടാഗോര്‍ തുടങ്ങിയവരായിരുന്നു. നേരത്തെ സൂചിപ്പിച്ച  കലാചരിത്രകാരന്മാരുടെ വളരെ ക്ളേശകരമായ പ്രവര്‍ത്തനങ്ങള്‍ ഇതിന് അടിത്തറയൊരുക്കി. പിന്നീട് നന്ദലാല്‍ ബോസിന്റെയും രാംകിങ്കര്‍ ബെയ്ജിന്റെയും  ബിനോദ് ബിഹാരി മുഖര്‍ജിയുടെയും ശാന്തിനികേതന്‍ കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍. അമൃത ഷെര്‍ഗില്‍, കല്‍കത്ത-ബോംബെ പ്രോഗസീവ് ഗ്രൂപ്പുകള്‍, ജാമിനിറോയ് തുടങ്ങിയവര്‍ മുന്നോട്ടുവെച്ച ഇഡിയങ്ങള്‍, കെ സി എസ് പണിക്കരുടെ കാഴ്ചപ്പാടുകള്‍, സോമനാഥ് ഹോറിന്റെ സംഭാവനകള്‍, സര്‍വ്വോപരി രവിവര്‍മ്മ പ്രതിനിധീകരിച്ച ആശയങ്ങള്‍ എല്ലാം സുബ്രഹ്ണ്യന്‍ തന്റെ വിഗഹവീക്ഷണത്തിനു വിധേയമാക്കുന്നു.
റിയലിസത്തെസംബന്ധിച്ചുള്ള പാശ്ചാത്യ കാഴ്ചയും പൌരസ്ത്യവകഭേദവും വിശദമാക്കുന്ന ഭാഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കൊളോണിയല്‍ ചരിത്രം നിലവില്‍വരുത്തിയ പാശ്ചാത്യോന്മുഖ കാഴ്ച, എങ്ങിനെ കിഴക്കിന്റെ കാഴ്ചപ്പാടുകളെ അന്ധമാക്കിയെന്നും, കിഴക്ക് എങ്ങിനെ സവിശേഷമായ കാഴ്ചയെയും യഥാര്‍ത്ഥ്യത്തെയും ഉല്‍പാദിപ്പിച്ചുപോരുന്നുവെന്നും, കലാചരിത്രത്തിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു സുബ്രഹ്ണ്യന്‍ വിശദീകരിക്കുന്നു. ഇങ്ങിനെ ഇന്ത്യന്‍ കലാചരിത്രത്തെ ഗ്രന്ഥകാരന്‍ അവലോകനം ചെയ്യുന്നത്, കേവല ചരിത്രാഖ്യാനത്തിന്റേയോ മറ്റോ ആവശ്യം നിറവേറ്റുന്നതിനല്ല, മറിച്ച് താന്‍ ഉള്‍പ്പെടുന്ന ആധുനിക ഇന്ത്യന്‍ ചിത്ര-ശില്‍പ കലയുടെ വര്‍ത്തമാനത്തിന് ഒരു ഭാഷ കണ്ടെത്താനും, അപ്രകാരം രൂപപ്പെട്ട ഭാഷയെ സ്വന്തം മണ്ണിനോടും പാരമ്പര്യത്തോടും  ചേര്‍ത്ത് നിര്‍ത്താനും, വൈവിധ്യമാര്‍ന്ന ഈ പാരമ്പര്യത്തിലൂടെ അതിനെ സമ്പന്നമാക്കാനുമുള്ള സുബ്രഹ്ണ്യന്റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. നാടോടി-കൈവേലാ പാരമ്പര്യത്തിലാണ് ഇന്ത്യന്‍ കലയുടെ ഭാഷയും ഭാവിയും കുടികൊള്ളുന്നത് എന്ന് സുബ്രഹ്മണ്യന്‍ പ്രഖ്യാപനം ചെയ്യുന്നു. ആഗോളമായിത്തീര്‍ന്നു കഴിഞ്ഞ കലയുടെ ലോകം, പാശ്ചാത്യമായ പ്രവണതകളെയും വിട്ടുകളഞ്ഞുകൂടെന്ന് സുബ്രഹ്ണ്യന്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനു നിദര്‍ശനമെന്നോണം പാശ്ചാത്യ കലാപ്രസ്ഥാനങ്ങളിലൂടെ ഒരു പ്രദക്ഷിണം  നടത്തുകയും ചെയ്യുന്നു.
പാശ്ചാത്യ കലാലോകം ആധുനിക കാലത്ത് എങ്ങിനെ പൌരസ്ത്യമായ കലാപാരമ്പര്യത്തില്‍ നിന്ന് ഉര്‍ജ്ജം വലിച്ചെടുത്തു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പിക്കാസോ ആഫ്രിക്കന്‍ ശില്‍പകലയില്‍ നിന്നും, മത്തിസെ പേര്‍ഷ്യന്‍ ചിത്രകലയില്‍ നിന്നും, പോള്‍ ക്ളീ മൂറിഷ് കാലിഗ്രഫിയില്‍ നിന്നും, കാന്‍ഡിന്‍സ്കിയും മലേവിച്ചും പൌരസ്ത്യ തത്വചിന്താ പരികല്‍പനകളില്‍ നിന്നും, വിസ്ലെറും മാനെറ്റും ഡേഗാസും ലാട്രെകും വ്യുല്ലാര്‍ഡും ജാപ്പനീസ് വുഡ്-ബ്ളോക്ക് പ്രിന്റുകളില്‍ നിന്നും, എങ്ങിനെ തങ്ങളുടെ കലയുടെ ജീവനും വര്‍ത്തമാനവും കണ്ടെത്തി എന്ന് സുബ്രഹ്ണ്യന്‍ സൂചിപ്പിക്കുന്നു. പിക്കാസോയുടെയും മത്തീസിന്റെയും ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും ചെയ്യുന്നു.
സ്വന്തം സംസ്കാരത്തെ പുറമെ നിന്നല്ലാതെ വീക്ഷിക്കുന്ന ഒരു കലാകാഴ്ച, തീര്‍ച്ചയായും, പാരമ്പര്യത്തിന്റെ മൂഢമായ സങ്കീര്‍ത്തനത്തിലൂടെയല്ല, ജീവിക്കുന്ന ഒരു പാരമ്പര്യമായി ചേര്‍ന്ന് നില്‍ക്കുന്നതിലൂടെയാണ്,  സമ്പന്നമായ ഭാഷ കണ്ടെത്തുന്നത് എന്ന് സുബ്രഹ്ണ്യന്‍ ഉപസംഹരിക്കുന്നു. ചിന്തയുടെ കോണുകളെ മാറ്റി പ്രതിഷ്ഠിക്കുന്ന സുബ്രഹ്ണ്യന്റെ ഈ ഗ്രന്ഥം, നിഗൂഢതകള്‍ ഏതുമില്ലാതെ, ലളിതവും സുഭഗവുമായ ശൈലിയില്‍, ചരിത്രവും തത്വചിന്തയും സൌന്ദര്യശാസ്ത്രവും പങ്കുവെയ്ക്കുന്നു.  കലയെയും ജീവിതത്തെയും സ്നേഹിക്കുന്ന ഏവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം.





No comments:

Post a Comment