Saturday, August 6, 2011


ശില്‍പകലയില്‍ മനുഷ്യന്‍

കെ എസ് രാധാകൃഷ്ണന്‍ / പി പി ഷാനവാസ്

പതിനെട്ടാം വയസ്സില്‍ ശാന്തിനികേതനിലേക്കു കലാപഠനത്തിനു പോയ താങ്കള്‍ നീണ്ട മുപ്പത്തെട്ടു വര്‍ഷത്തിനു ശേഷം ശില്‍പപ്രദര്‍ശനത്തിനോടൊപ്പം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആധുനിക ഇന്ത്യന്‍ ശില്‍പകലയുടെ പിതാവ് എന്ന് അറിയപ്പെടുന്ന രാംകിങ്കര്‍ ബെയ്ജാണ് അങ്ങയുടെ ഗുരുപരമ്പയിലെ പ്രധാനി എന്നും അറിയുന്നു. എന്തായിരുന്നു ശാന്തിനികേതനിലേക്കു പോകാന്‍ കൌമാരകാലത്ത് ആകര്‍ഷിച്ചുണ്ടാകുക?

കോട്ടയം കാഞ്ഞിരപ്പള്ളി കുഴിമറ്റം എന്ന സ്ഥലത്തായിരുന്നു എന്റെ ഗ്രാമം. ഗ്രാമത്തില്‍ വളര്‍ന്ന കുട്ടിക്കാലം. അതിനാല്‍ തന്നെ ശാന്തിനികേതനം മുന്നോട്ടുവെച്ചിരുന്ന ഗ്രാമസങ്കല്‍പം എന്നിലുണ്ടായിരുന്നു. ഗ്രാമത്തില്‍ നിന്ന് ഗ്രാമത്തിലേക്കു തന്നെ പഠനത്തിനായി തെരഞ്ഞെടുക്കുക എന്ന മട്ടില്‍. മരത്തിന്റെ കീഴെയാണ് അവിടുത്തെ പഠനം, പ്രകൃതിയുമായി സഹവസിച്ചും സല്ലപിച്ചും വിദ്യാഭ്യാസ ജീവിതം എന്നെല്ലാം അന്ന് ശാന്തിനികേതനത്തെക്കുറിച്ച് കേട്ടിരുന്നു. സ്വാഭാവികമായും അത്തരമൊരു കാല്‍പനികത ആകര്‍ഷിച്ചിരിക്കണം. ശാന്തിനികേതനത്തില്‍ പഠിക്കുക എന്നത് അക്കാലത്തെ ഞങ്ങളുടെ തലമുറയില്‍പെട്ടവരുടെ  സ്വപ്നമായിരുന്നു. എഴുപതുകളില്‍ കലാപഠനത്തിനുള്ള മറ്റു മേഖലകള്‍ മദ്രാസ് ആര്‍ട്സ് കോളേജും തിരുവനന്തപുരം ഫൈന്‍ആര്‍ട്സും മാവേലിക്കര ആര്‍ട്സ് കോളേജും മറ്റുമായിരുന്നു.  ചങ്ങനാശേരി എസ്ബി കോളേജിലായിരുന്നു ഞാന്‍ അന്ന് പഠിച്ചിരുന്നത്. അവിടെ മറ്റെവിടെയും അന്നില്ലാത്തവിധം മെച്ചപ്പെട്ട ഒരു ലൈബ്രറി ഉണ്ടായിരുന്നു. യൂറോപ്യന്‍ കലയെക്കുറിച്ചെല്ലാം അവിടുത്തെ പുസ്തകങ്ങളില്‍ നിന്ന് പരിചയപ്പെടാന്‍ കഴിഞ്ഞു. 
ഒരു ജനുവരി മാസത്തിലാണെന്നു തോന്നുന്നു ഞാന്‍ ശാന്തിനികേതനത്തില്‍ ചേരാന്‍ അപേക്ഷ നല്‍കുന്നത്. ആറു മാസം കഴിഞ്ഞ് ജൂണില്‍ അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അറിയിപ്പു വന്നു. അതിശയിച്ചു പോയി. ബംഗാളില്‍ പോകാനുള്ള മാനസികമായ തയ്യാറെടുപ്പ് നടത്തണം. അച്ഛനോടു ചോദിച്ചു. അദ്ദേഹം എല്ലാ പിന്തുണയും തന്നു. പല കലാകാരന്മാരുടെയും ജീവിതത്തെക്കുറിച്ച് അന്നു ഞാനറിഞ്ഞ സംഗതികള്‍ വെച്ച് അവരുടെ ലിസ്റ്റില്‍ ഒരാളാകണമോ എന്ന ചിന്തയും എന്നില്‍ ഉണ്ടായിരുന്നു. പതിനെട്ടു വയസ്സാണ് പ്രായം. ഒറ്റക്കാണു യാത്ര. ഭാഷയും അറിഞ്ഞുകൂട. പലതും നാം തീരുമാനിച്ചുറച്ച കാര്യങ്ങളല്ലല്ലോ ജീവിതത്തില്‍ നടക്കുക. എങ്കിലും മനസ്സില്‍ ചില തീര്‍പ്പുകള്‍ ഉണ്ടായിരുന്നു. ആ ധൈര്യം വെച്ചാണ് യാത്ര തിരിച്ചത്. ശാന്തിനികേതനത്തില്‍ പഠിക്കാന്‍ പോന്ന യോഗ്യതയും സ്കില്ലും എനിക്കുണ്ടായിരുന്നുവോ? ഉണ്ട് എന്നു തന്നെയാണ് എനിക്കന്ന് തോന്നിയത്്. പ്രവേശനം കിട്ടും എന്നു തന്നെ എന്റെ മനസ്സു പറഞ്ഞു.
എട്ടാം വയസ്സു മുതല്‍ ഞാന്‍  ചിത്രമെഴുത്ത് പരിശീലിച്ചിരുന്നു. അച്ഛന്റെ അനിയന്‍ പി എന്‍ നാരായണന്‍ കുട്ടി ഡ്രായിങ് മാഷായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ വര പരിശീലിച്ചു. ന്യൂസ് പേപ്പറില്‍ കരിയിട്ട് ചില വര്‍ക്കുകള്‍. ഒരു റിക്ഷക്കാരനെ മോഡല്‍ ആക്കി  ചില രചനകള്‍. കലയെ മനുഷ്യനുമായി ബന്ധപ്പെടുത്താനുള്ള ശ്രമത്തില്‍ ആ വര്‍ക്കുകള്‍ വളരെയധികം എന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.
ഞാന്‍ യാത്ര ചെയ്ത ട്രയിനില്‍ തന്നെ ഇന്നത്തെ പ്രമുഖനായ കലാചരിത്രകാരന്‍ ആര്‍ ശിവകുമാറും ഉണ്ടായിരുന്നു. ട്രയിനില്‍ വച്ച് അദ്ദേഹത്തെ കണ്ടില്ല. സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അടുത്ത് വന്ന് ചോദിച്ചു, കലാഭവനിലേക്കുള്ള വഴിയേതാണ്? ഞാനും അവിടേക്കു തന്നെയാണ് എന്നു പറഞ്ഞു. അന്ന് തുടങ്ങിയ ശിവകുമാറുമായുള്ള ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു. എന്റെ വര്‍ക്കുകളെക്കുറിച്ചെല്ലാം അദ്ദേഹമാണ് കൂടുതലും എഴുതിയത്.

എങ്ങിനെയായിരുന്നു ശാന്തിനികേതനിലെ പഠനകാലം?

ശാന്തിനികേതനത്തിലേത് ഒരു ഇന്റഗ്രേറ്റഡ് കോഴ്സ് ആണ്. അവിടെ പ്രിന്റ് മെയ്ക്കിങും ക്രാഫ്റ്റും ശില്‍പവും പെയിന്റിങ്ങുമെല്ലാം പഠിക്കേണ്ടതുണ്ട്. ഒരു മാസം ഒന്നില്‍ പരിശീലനം. അതു കഴിഞ്ഞുള്ള മാസം മറ്റു വിഭാഗത്തിലേക്കു മാറുന്നു. സോമനാഥ് ഹോറും, ഷര്‍ബിദാസ് ചൌധരിയും, രാംകിങ്കര്‍ ബെയ്ജും ആണ് അന്ന് അവിടെ എനിക്ക് അടുത്തിടപഴകാന്‍ അവസരം ലഭിച്ച മഹാന്മാരായ അധ്യാപകരും കലാകാരന്മാരും. പെയിന്റിങ് വിഭാഗത്തില്‍ പ്രഗത്ഭര്‍ കുറവായിരുന്നു. സോമനാഥ് ഹോറിന്റെ കൂടെ പ്രിന്റ് മെയ്ക്കിങില്‍ പരിശീലനം നേടി. അന്ന് വുഡ് കട്ടിങില്‍ ചില വര്‍ക്കുകള്‍ ചെയ്തു. പിന്നെയാണ് ശില്‍പത്തിലേക്കു നീങ്ങുന്നത്. ശില്‍പകലയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വളരെ നിഷ്കളങ്കമായാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആദ്യം ചെയ്തത് ചില ജ്യാമിതീയ രൂപങ്ങളായിരുന്നു. സ്ഫിയര്‍, ഡിസെക്ഷന്‍, കോണിക്കല്‍ ഷെയ്പ്പുകള്‍ എന്നിങ്ങനെ. കുറേ സിമ്മട്രിക്കല്‍ ഫിഗറുകള്‍ എന്ന നിലയില്‍ മാത്രമായിരുന്നു അവയുടെ പ്രാധാന്യം. മണ്ണ് കയ്യിലെടുത്ത് ആദ്യമായി ചെയ്തത് ഒരു ഫീമെയില്‍ ടോര്‍സോ ആയിരുന്നു. അത് അധ്യാപകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. സാഹചര്യം കിട്ടിയാല്‍ വലുതാക്കി ചെയ്യണം എന്നു പറഞ്ഞു. അവസരം കിട്ടിയപ്പോള്‍ അതു ഞാന്‍ സിമന്റില്‍ വാര്‍ത്തു. രാജസ്ഥാന്‍ സര്‍ക്കാറില്‍ നിന്ന് ഒരു ഓഫര്‍ കിട്ടിയപ്പോള്‍ അത് പത്ത് അടിയില്‍ കോണ്‍ക്രീറ്റില്‍ വലുതാക്കി ചെയ്തു. മദര്‍ ടോര്‍സോ എന്നു പേരിട്ടു.

ശാന്തിനികേതനത്തിലെ താങ്കളുടെ ഗുരുനാഥന്മാരെപ്പറ്റി പറഞ്ഞല്ലോ...

        ശര്‍ബരി ചൌധരിയുടെ ക്ളാസുകള്‍ വളരെ സമ്പന്നമായിരുന്നു. അദ്ദേഹം പല യൂറോപ്യന്‍ കലാകാരന്മാരുമായും അടുത്തിടപഴകിയിട്ടുണ്ട്. അവരെക്കുറിച്ചെല്ലാം അദ്ദേഹം ക്ളാസില്‍ വിശദീകരിക്കും. ഹെന്റി മൂര്‍, ജിയാക്കോ മിത്തി, ബ്രാങ്കൂസി തുടങ്ങിയ വലിയ കലാകാരന്മാരെ അദ്ദേഹത്തിന്റെ ക്ളാസുകള്‍ പരിചയപ്പെടുത്തി തന്നു. അവരെയൊക്കെ നേരില്‍ കാണുന്നതു പോലെയായിരുന്നു അവതരണം. അതെല്ലാം എന്റെ മനസ്സില്‍ ശില്‍പകലയെക്കുറിച്ച് ഒരു ധാരണ രൂപപ്പെടുത്തി. ആ ക്ളാസുകളെല്ലാം ഇന്നും എന്റെ മനസ്സിലുണ്ട്. രണ്ടുകൊല്ലം പ്രിന്റിലും ഗ്രാഫിക്കിലും എല്ലാം മാറി മാറി പരിശീലനം നടത്തി.
രാംകിങ്കറുമൊത്തുള്ള പഠനവും പ്രവര്‍ത്തനവുമാണ്് എന്നെ വളരെയേറെ സ്വാധീനിച്ചുണ്ടാകുക. ചൌധരിയോടൊത്ത് രാംകിങ്കറിന്റെ വീട്ടില്‍ പോയി അവരുടെ സംഭാഷണത്തിനെല്ലാം സാക്ഷിയാകാന്‍ കഴിഞ്ഞു. അന്ന് രാംകിങ്കര്‍ അവിടുത്തെ കാളി അമ്പലത്തിലെ ഒരു കങ്കാളിത്തള്ളയുടെ ശില്‍പം ചെയ്തിരുന്നു. മൂന്നാള്‍ ഒരു ആടിനെ വലിച്ചുകൊണ്ടുപോകുന്ന ശില്‍പം. ആടിന് അദ്ദേഹം കൊടുത്തത് മനുഷ്യന്റെ തലയാണ്്. സന്താള്‍ കുടുംബം എന്ന രാംകിങ്കറിന്റെ പ്രസിദ്ധമായിത്തീര്‍ന്ന ശില്‍പത്തെപ്പോലെത്തന്നെ ഇതിനും ഒരു മോണുമെന്റല്‍ ക്വാളിറ്റി ഉണ്ടായിരുന്നു. അത് ചെയ്യുമ്പോള്‍  മോള്‍ഡ് എടുക്കാനും മറ്റുമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാനും പങ്കാളിയായി. വളരെ ആത്മവിശ്വാസം നല്‍കിയ ഒരു പ്രവര്‍ത്തനമായിരുന്നു അത്. രാംകിങ്കറെപ്പോലുള്ള ഒരു വലിയ കലാകാരന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി തോന്നി. ശില്‍പത്തില്‍ തന്നെ നിലനില്‍ക്കാന്‍ അതെനിക്കു ധൈര്യം തന്നു. 
ചിത്രപ്രതലത്തിനോട് എനിക്ക് വലിയ തോതില്‍ റിയാക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ദ്വിമാന സ്പേസിനേക്കാള്‍, ശരീരമാകെ പങ്കെടുക്കുന്ന പ്രവൃത്തി എന്ന നിലയില്‍ ശില്‍പനിര്‍മ്മാണത്തോട്് കൂടുതല്‍ പ്രതിപത്തിയും തോന്നി. ഈ മേഖലയില്‍ എനിക്ക് ശോഭിക്കാനാകുമെന്ന് ചൌധരി പറഞ്ഞത് എനിക്ക് കരുത്തുപകര്‍ന്നു.
പഠനത്തിന്റെ ബാക്കിയുള്ള മൂന്നു വര്‍ഷങ്ങള്‍ ശില്‍പത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുറച്ചു. ഈ മൂന്നുവര്‍ഷം പ്രോട്രേയിറ്റിലും ശില്‍പത്തിലും ഉള്ള പരിശീലനത്തില്‍ ഞാന്‍ ഇരട്ടി അധ്വാനിച്ചു. ഒത്തിരി പോട്രേയിറ്റുകളും അക്കാലത്തു ചെയ്തു. പോട്രേയ്റ്റ് നിര്‍മ്മാണം രാംകിങ്കര്‍ സ്കൂളിന്റെ ഒരു പാരമ്പര്യമായിരുന്നു. അദ്ദേഹത്തിന്റെ പോര്‍ട്രേയിറ്റുകളെല്ലാം പ്രസിദ്ധമാണ്. ശാന്തിനികേതനത്തില്‍ വെച്ച് സിമന്റിലും പ്ളാസ്റ്റര്‍ ഓഫ് പാരീസിലുമാണ് വര്‍ക്ക് ചെയ്തത്. മെറ്റീരിയലിന്റെ കാര്യത്തില്‍ മറ്റ് ആര്‍ടര്‍നേറ്റീവ്  ഒന്നും പ്രായോഗികമായിരുന്നില്ല. ബ്രോണ്‍സ് ഉപയോഗിക്കാന്‍ വളരെ സാമ്പത്തിക ചെലവും വരും. അക്കാലത്ത് അതിനു സാധ്യമല്ലായിരുന്നു. ഫൈബര്‍ ഗ്ളാസ് ഒന്നും ആകര്‍ഷിക്കുകയുമുണ്ടായില്ല. ബറോഡയില്‍ എന്റെ സമകാലീനരായി പഠിച്ചവരില്‍ ചിലര്‍ ഫൈബര്‍ ഗ്ളാസില്‍ വര്‍ക് ചെയ്തിരുന്നു. അതിനിടയില്‍ ബെയ്ജിന്റെ, ടാഗോറിന്റെ ശില്‍പം കാസ്റ്റ് ചെയ്യുന്നതില്‍ പങ്കാളിയാകാനും എനിക്കു കഴിഞ്ഞു.
  രാംകിങ്കറുമായുള്ള അസോസിയേഷനും അദ്ദേഹവുമൊത്തുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും എന്നെ  മാറ്റിത്തീര്‍ത്തു. 1978ല്‍ പോട്രേറ്റ് ചെയ്യാന്‍ രാംകിങ്കര്‍ എനിക്കു മുന്നില്‍ ഇരുന്നു തന്നു. വളരെ ക്രിയേറ്റീവ് ആയ അന്തരീക്ഷമായിരുന്നു ശാന്തിനികേതനില്‍. പരീക്ഷണാത്മകമായി പലതും ചെയ്യാനുള്ള അവസരം. രാംകിങ്കറിന് തിയേറ്ററിനോടുള്ള താല്‍പര്യം പ്രസിദ്ധമാണല്ലോ. അതും അദ്ദേഹത്തിന്റെ ശില്‍പപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെ സ്വാധീനിച്ചിരുന്നു. സ്വാഭാവികമായും തിയേട്രക്കില്‍ കോംപോസിഷന്റെ സവിശേഷതയില്‍ എനിക്കും താല്‍പര്യം തോന്നി. സ്റ്റേജില്‍ രൂപങ്ങള്‍ എല്ലാം ജെക്സ്റ്റാപോസ് ചെയ്ത് നിര്‍മ്മിക്കുന്ന കോംപോസിഷനുകള്‍ ഞാന്‍ ചെയ്തു.
രാംകിങ്കര്‍ ഹ്യൂമന്‍ സ്പേസില്‍ ആണു വര്‍ക്കു ചെയ്തിരുന്നത്.  വ്യത്യസ്തമായ ഒരു ഡൈനാമിക്സ് ആയിരുന്നു അദ്ദേഹത്തിന്റേത്. അതെന്നെ വളരെ പ്രചോദിപ്പിച്ചിട്ടുണ്ട്.  അക്കാലത്ത് സോമനാഥ് ഹോര്‍ ബംഗാള്‍ ക്ഷാമത്തെ മുന്‍നിര്‍ത്തിയുള്ള വര്‍ക്കുകള്‍ ചെയ്തു. വലിയ വലിപ്പത്തിലുള്ള ഹ്യൂമന്‍ സ്പിയറില്‍. വാക്സ് ഷീറ്റില്‍ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കി അതുകൂട്ടിയോജിപ്പിച്ചായിരുന്ന ശില്‍പനിര്‍മ്മാണം. ഗ്രാഫിക് ആര്‍ടിന്റെ ഒരു രീതിയായിരുന്നു അത്.  വ്യത്യസ്തമായ ഒരു ടെക്നിക്. വുണ്ട്സ് എന്ന പരമ്പരയില്‍ പെട്ട ശില്‍പങ്ങളും അദ്ദേഹം ഇക്കാലത്തു ചെയ്തു. മനുഷ്യന്റെ സാന്നിധ്യമായിരുന്നു അതിലെല്ലാം ഉണ്ടായിരുന്നത്്. ചൌധരിയുടെ പോട്രെയിറ്റുകളും മനുഷ്യനെയാണ് ആവിഷ്കരിച്ചത്. ചൌധരി ശില്‍പത്തില്‍ മണ്ണ് ചേര്‍ക്കുമ്പോള്‍ അത് മനുഷ്യമാംസം പകരുന്നതുപോലെയായിരുന്നു തോന്നിയത്.  ഈ മൂന്നു വലിയ കലാകാരന്മാരുടെ ആശയങ്ങളും സങ്കല്‍പങ്ങളും എന്റെ പ്രവര്‍ത്തനത്തിന്റെ ഊര്‍ജമായിത്തീര്‍ന്നു. ഇവര്‍ മൂന്നുപേരും എന്റെ പിന്നില്‍ ഒരു വലിയ ഡ്രൈവിങ് ഫോഴ്സ് ആയി. ആ മനുഷ്യരുടെ ഗുണങ്ങള്‍ ഞാന്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചു.
ബിഎഫ്എ കഴിഞ്ഞു. ശാന്തിനികേതനത്തില്‍ ആ വര്‍ഷമാണ് എംഎഫ്എ തുടങ്ങുന്നത്. എംഎഫ്എയ്ക്ക് ചേരുന്നുവോ എന്ന് അധ്യാപകര്‍ എന്നോടു ചോദിച്ചു. ഞാന്‍ സമ്മതിച്ചു. ഒരു വിദ്യാര്‍ഥിയെവെച്ചുകൊണ്ടാണ് ശാന്തിനികേതനത്തില്‍ എംഎഫ്എ തുടങ്ങുന്നത്. പിന്നീക് ജപ്പാനില്‍ നിന്ന് ഒരു പെണ്‍കുട്ടി വന്നു. കിയോമി കൊയാമ. അവള്‍ കല്ലില്‍ കൊത്തുപണികള്‍ നടത്തിയിരുന്നു. അലൂമിനിയത്തില്‍ ശില്‍പങ്ങളും ചെയ്തു. സാങ്കേതികമായ കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ ശര്‍ബരീ ചൌധരി വളരെയേറെ സഹായിച്ചു. കല്‍ക്കത്തയിലും മറ്റും ശില്‍പം ഇസ്റ്റാള്‍ ചെയ്യാന്‍ പോകുമ്പോള്‍ രാംകിങ്കര്‍ എന്നെയും കൂടെകൂട്ടി. ഇതെല്ലാം എനിക്ക് വലിയ പഠനാനുഭവങ്ങളായി.
  എട്ടുവര്‍ഷത്തിനു ശേഷം 81ല്‍ എംഎഫ്എ പാസ്സായി ഞാന്‍ ശാന്തിനികേതനത്തില്‍ നിന്ന് പുറത്തിറങ്ങി. അന്ന് ഇരുപത്താറു വയസ്സു പ്രായം.  മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് സാമ്പത്തികമായി എന്തെങ്കിലും സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന്  കല്‍ക്കത്തയില്‍ നാലഞ്ചു മാസം അന്വേഷിച്ചു. അതിനിടക്ക് കേരളത്തില്‍ നിന്ന് ഒരു ഓഫര്‍ വന്നു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിപ്പിക്കാനായി. എന്റെ പല അധ്യാപകരും വെല്‍വിഷേഴ്സും, കേരളത്തില്‍ പോകാതിരിക്കുന്നതാണ് നല്ലത്, അങ്ങിനെ ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും, എന്നു പറഞ്ഞു. കല്‍കത്തയില്‍ തന്നെ വര്‍ക്ക് ചെയ്യാം എന്ന് ആലോചിച്ചു. അക്കാലത്ത് കേന്ദ്ര ലളിതകലാ അക്കാദമിയില്‍ നിന്ന് ഒരു ഗ്രാന്റ് കിട്ടി. പിന്നീട് ആ വര്‍ഷം ന്യൂദല്‍ഹിയിലേക്കു പോയി.


ശാന്തിനികേതനത്തിലെ ടാഗോറിനെക്കുറിച്ചു ഓര്‍മ്മ എങ്ങിനെയായിരുന്നു?

ടാഗോറിന്റെ ഒരു അദൃശ്യസാന്നിധ്യം ശാന്തിനികേതനത്തില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. അവിടുത്തെ ഏതു തന്മാത്രയിലും ടാഗോറിന്റെ ആശയങ്ങളും സങ്കല്‍പങ്ങളും പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും എല്ലായ്പ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കും പോലെ.
പ്രകൃതിയോട് ഒത്തുചേര്‍ന്നുള്ള ഒരു വിദ്യാഭ്യാസം എന്ന സങ്കല്‍പം ഒരര്‍ത്ഥത്തില്‍ ശാന്തിനികേതനത്തില്‍  യാഥാര്‍ത്ഥ്യമായിയിരുന്നു. അനൌപചാരികമായ ഒരു സമൂഹമായിരുന്നു അവിടുത്തേത്. അധ്യാപകന്‍-വിദ്യാര്‍ഥി എന്ന വിത്യാസങ്ങളില്ലാത്തവിധമുള്ള പ്രവര്‍ത്തനമായിരുന്നു. അതേസമയം അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് എല്ലാ ബഹുമാനവും ലഭിച്ചിരുന്നു. അധ്യാപകരുടെ കൂടെയിരുന്ന് വിദ്യാര്‍ഥികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ശില്‍പങ്ങള്‍ ചെയ്യുകയും ചെയ്തുപോന്നു. ഇവയൊന്നു രഹസ്യമായ ഒരു സംഗതിയായിരുന്നില്ല. ഒരു കളക്ടീവ് സ്പേസ്. അതുപോലെ അധ്യാപനരീതിയിലും വളരെ ഗുണകരമായ ഫലമാണ് സൃഷ്ടിച്ചത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യമായ പരിഗണന നല്‍കിപ്പോന്നു. പത്ത് പെണ്‍കുട്ടികള്‍ക്ക് പത്ത് ആണ്‍കുട്ടികള്‍ എന്ന മട്ടിലായിരുന്നു പ്രവേശനം തന്നെ. വിദ്യാര്‍ഥികള്‍ തമ്മിലുള്ള ബന്ധങ്ങളും ഊഷ്മളമായിരുന്നു. പലരും കാമ്പസില്‍ നിന്ന് തങ്ങളുടെ ഇണയെ കണ്ടെത്തി. ടാഗോര്‍ തന്നെ പല വിവാഹങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ അനുമതിയും അനുഗ്രഹവും ഉണ്ടെങ്കില്‍ മറ്റു തടസ്സങ്ങള്‍ എല്ലാം നീങ്ങിപ്പോകുന്ന സ്ഥിതിയായിരുന്നു. ജാതിയും മതവും ദേശവും ഒന്നും പ്രശ്നമല്ലാത്ത ഇത്തരം ബന്ധങ്ങള്‍ ശാന്തിനികേതനത്തില്‍ ഉണ്ടായി. ദേശീയോദ്ഗ്രഥനം എന്ന കാഴ്ചപ്പാട് അവിടുത്തെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ശാന്തിനികേതനത്തിലെ ഈ അന്തരീക്ഷം എനിക്കും ഒരു കൂട്ടുകാരിയെ സമ്മാനിച്ചു. മിമി. അവള്‍ ഇന്ന് എന്റെ ജീവിത സഖിയാണ്. കലാപഠനത്തിന്റെയും കലാപരിശീലനത്തിന്റെയും കാര്യത്തില്‍ സാര്‍വ്വലൌകികതയുടേതായ ഒരു മൂല്യം കൊണ്ടുവരാന്‍ ശാന്തിനികേതനത്തിനു കഴിഞ്ഞിരുന്നു. ആ മൂല്യം എല്ലായ്പ്പോഴും ഞാന്‍ എന്റെ കലയില്‍ പിന്തുടരാന്‍ ശ്രമിച്ചു.

മുസൂയി എന്ന സന്താള്‍ യുവാവിനെയും അവന്റെ നായികയായി മയ്യ എന്ന ഭാവനാകഥാപാത്രത്തെയും സൃഷ്ടിച്ച് താങ്കള്‍ തൊണ്ണൂറുകള്‍ക്കു ശേഷം ഏറെ ശില്‍പാഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായല്ലോ? എന്തായിരുന്നു അതിന്റെ പശ്ചാത്തലം?

ശാന്തിനികേതനത്തില്‍ വെച്ച് ലൈഫ് സ്റ്റഡി ചെയ്യാന്‍ മോഡലായി വന്ന പത്തൊമ്പതുകാരനായ ഒരു സന്താള്‍ യുവാവിന്റെ ഫിഗര്‍ ആണ് എന്റെ തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ശില്‍പ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ റഫറന്‍സ് ആയിത്തീര്‍ന്നത്. യഥാര്‍ത്ഥത്തില്‍ യാദൃശ്ചികതയുടെയും, നാം ഓര്‍ക്കാതെ നമ്മെ പിന്തുടരുന്ന ചില ഓര്‍മ്മകളുടെയും പശ്ചാത്തലം അതിനുണ്ട്. മോഡലായി നിന്നതിന് അവന് ഞാന്‍ രണ്ടോ മൂന്നോ രൂപ നല്‍കി. അത് കൊണ്ടുപോയി അവന്‍ തല മൊട്ടയടിക്കുകയാണു ചെയ്തത്. പിന്നീട് മുസൂയി മുന്നില്‍ വന്നപ്പോള്‍ അവന്റെ രൂപം വല്ലാത്ത നിലയില്‍ എന്നെ ആകര്‍ഷിച്ചു. അവന്റെ നേരിയ കോങ്കണ്ണ്, നിഷ്കളങ്കത, അത്ര തടിച്ചതോ അത്ര മെലിഞ്ഞതോ അല്ലാത്ത ശരീരഘടന. ആദര്‍ശാത്മകമായ ഒരു മനുഷ്യശരീരം അവനില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. അത് നാം അനുകരിച്ചു ശീലിച്ച പടിഞ്ഞാറന്‍ ശരീര മോഡലായിരുന്നില്ല. പറയപ്പെടുന്ന ഒരു അനാടമിക്കല്‍ ബോഡിയല്ല. അവനിലൂടെ ഒരു ശില്‍പഭാഷ രൂപപ്പെടുത്താനാവുമെന്ന് എനിക്കു തോന്നി. മുസൂയി എന്റെ മോഡലായി. എണ്‍പത്തൊന്നില്‍ ഞാന്‍ ദില്ലിയിലേക്ക് പോരുമ്പോള്‍ അപ്പോള്‍ എന്റെ മുറിയിലുണ്ടായിരുന്ന മുസൂയിയുടെ പൂര്‍ണ്ണകായരൂപത്തിന്റെ തല ഞാന്‍ ഛേദിച്ചെടുത്തു. കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ബാഗില്‍ വെച്ചു. എട്ടു പത്തു വര്‍ഷം അത് എന്റെ മുറിയിലും സ്റ്റുഡിയോയിലുമായി ഒരു സാന്നിധ്യമായിരുന്നു. എന്നാല്‍ അക്കാലത്തെ ശില്‍പങ്ങള്‍ക്കൊന്നും ഞാന്‍ വ്യക്തിപരമായ ഫിഗറുകളെ  ആശ്രയിച്ചിരുന്നില്ല.
എണ്‍പത്താറില്‍ കോണ്‍ക്രീറ്റില്‍ ചില പബ്ളിക് സ്കള്‍പ്ചറുകള്‍ ചെയ്തു. രാംകിങ്കറിന്റെ സമീപനം തന്നെയായിരുന്നു അപ്പോള്‍ ഞാന്‍ പിന്തുടര്‍ന്നിരുന്നത്. 1990 മുതല്‍ വലിയ ശില്‍പങ്ങള്‍ ചെയ്യാന്‍ തുടങ്ങി. 1993ല്‍ പാരീസില്‍ ഒരു വണ്‍ മാന്‍ ഷോ നടത്തി.
93ല്‍ എന്റെ സ്റ്റുഡിയോ മറ്റൊരിടത്തേക്ക് ഷിഫ്റ്റു ചെയ്തു. അത് ഒരു അനധികൃത കോളനിയായിരുന്നു. എങ്കിലും പഞ്ചായത്ത് ആളുകള്‍ക്ക് സ്ഥലം മുറിച്ചുകൊടുത്തു. അങ്ങിന്റെ കണ്ണിന്റെ മുന്നില്‍ ഒരു കോളനി പൊന്തിവരുന്നതു കാണാന്‍ കഴിഞ്ഞു. ആളുകള്‍ പെട്ടികള്‍ പോലുള്ള വീടുകള്‍ ഉണ്ടാക്കിയിട്ട് അതിലേക്കു താമസം മാറിവരുന്നു. ആദ്യം വന്നവര്‍ തങ്ങളുടെ ബന്ധുക്കളെയും പരിചയക്കാരെയും അങ്ങോട്ടേക്ക് കൂട്ടികൊണ്ടുവന്നു. അങ്ങനെ മൈഗ്രേഷന്‍ എന്ന പ്രതിഭാസം എനിക്കു കണ്‍മുമ്പില്‍ കാണാന്‍ കഴിഞ്ഞു. അതാണ് ഹ്യൂമന്‍ ബോക്സ് പരമ്പര ചെയ്യാനുള്ള എന്റെ പ്രേരണയായിത്തീര്‍ന്നത്. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രയാണം നടത്തുന്ന മനുഷ്യരുടെ ചലനത്തിന്റെ മോട്ടീഫില്‍ നിന്നാണ് ആ വര്‍ക്കുകള്‍ ഞാന്‍ ചെയ്തത്. അനോനിമസ് ആയ ഫിഗറുകളില്‍ കാസ്റ്റു ചെയ്ത് ഇങ്ങിനെ വളരെയധികം ശില്‍പങ്ങള്‍ ചെയ്യുകയുണ്ടായി. യാത്രയുടെയും കൂടുമാറ്റത്തിന്റെയും, അവാസവ്യവസ്ഥകളില്‍ നിന്നുള്ള ഒഴിഞ്ഞുപോക്കിനേയും പറ്റിയുള്ള കല്‍പനകളാണ് ഞാന്‍ അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.
കല്‍ക്കത്തയിലെ റിക്ഷ വലിക്കുന്നവരെ മുന്‍നിര്‍ത്തി  ഒരു ശില്‍പം ചെയ്തിട്ടുണ്ട്. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്‍ വലിച്ചു കൊണ്ടുപോകുന്ന കല്‍ക്കത്ത തെരുവുകളിലെ സര്‍വ്വസാധാരണമായ കാഴ്ചയില്‍ നിന്നാണ് ഞാന്‍ ആ വര്‍ക്കു ചെയ്തത്. മുസൂയിയെയാണ് റിക്ഷക്കാരനായി അവതരിപ്പിച്ചത്. റിക്ഷയിലെ യാത്രക്കാരനായി ഒരു കാക്കയും. മനുഷ്യന്‍ തന്റെ പ്രയാസങ്ങള്‍ക്കിടയിലും ജീവിതം ആഘോഷിക്കുന്ന ഒരു കല്‍പനയാണ് അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. അതിലെ മുസൂയി, ജീവിതത്തെ വളരെ സെലിബ്രേറ്റ് ചെയ്തുകൊണ്ടാണ് റിക്ഷ വലിക്കുന്നത്. ജീവിത സമരത്തിനിടയിലും അതിനെ ഒരു ആഘോഷമാക്കിത്തീര്‍ക്കാം എന്നുള്ള കാഴ്ചപ്പാടാണ് കൊണ്ടുവന്നത്. ഇങ്ങനെ മുസൂയിയെ പല വിധത്തിലും ആവിഷ്കരിച്ചു. ഓര്‍മ്മകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു വഹിച്ചുകൊണ്ടുപോകുന്ന മനുഷ്യനായും, പല നിലയില്‍ ഇലോങ്ങേറ്റ് ചെയ്തും, എക്സ്ട്രീമിലി ഫളക്സിബിള്‍ ആയും, കാലുകളുടെയും വിരലുകളുടെയും എല്ലാം വിശദാംശങ്ങളോടെയും മുസൂയിയെ അവതരിപ്പിച്ചു. എന്റെ മനസ്സിന്റെ ഒരു ഫ്ളക്സിബിലിറ്റിയെയാണ് ഞാന്‍ അവയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ശാന്തിനികേതനത്തില്‍ കണ്ട മുസൂയിയല്ല, അതിനു ശേഷം എന്റെ മനസ്സില്‍ വന്ന മാറ്റങ്ങളുടെയും ചംക്രമണങ്ങളുടെയും പ്രാതിനിധ്യങ്ങള്‍ മുസൂയിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.
മുസൂയിക്ക് എന്തും ആകാം. എലിയെപിടിക്കുന്ന മുസൂയിയെ ഞാന്‍ റാറ്റ് കാച്ചറില്‍ ചെയ്തു. ജീസസായും ബുദ്ധനായും മുല്ലാ നസറുദ്ദീനായും  മുസൂയിയെ ആവിഷ്കരിച്ചു. ഒരു വിന്‍ഡ്മില്‍ ആയും അവനെ അവതരിപ്പിച്ചു. അങ്ങിനെ അവന് ഒരു വസ്തുവാകാനും കഴിഞ്ഞു. ഒരു കള്ളച്ചിരിയുമായി ഇലകളിലും മരങ്ങളിലും ചെടികളിലും മേല്‍ക്കൂരക്കു മുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിച്ചാത്തന്മായി ഞാന്‍ മുസൂയിമാരെ അവതരിപ്പിച്ചു. 
മുസൂയിക്ക് കുറച്ച് മുടികൂടി ചേര്‍ത്ത് മയ്യയെ സൃഷ്ടിച്ചു. മുസൂയിയുടെ സ്ത്രീപാതി എന്ന നിലയില്‍. മയ്യയെയും ഞാന്‍ പല രൂപത്തില്‍, പല ഭാവത്തില്‍ അവതിരിപ്പിച്ചിട്ടുണ്ട്. മാലാഖയായും ദുര്‍ഗയായും ഒരു വെറും ജീവിയായും എഴുത്തുകാരിയായും ശാന്തിനികേതനത്തില്‍ നിന്നുള്ള ബിരുദദാരിണിയായും മോണാലിസയായിപ്പോലും  അവളെ അവതരിപ്പിച്ചു. മോഹന്‍ജദാരോവിലെ ഒരു നൃത്തരൂപമായും  മയ്യയെ അവതരിപ്പിച്ചു. 2004ല്‍  മുസൂയിയെയും മയ്യയെയും ഞാന്‍ രാമകൃഷ്ണപരമ ഹംസരായും ശാരദാദേവിയായും ആവിഷ്കരിച്ചു. എന്റെ ഭാര്യയില്‍ നിന്നാണ് രാമകൃഷ്ണ കഥാമൃതം കേള്‍ക്കുന്നത്. അതുവഴി ബംഗാളിലെ രാമകൃഷ്ണന്റെയും ശാരദാദേവിയുടെയും തത്വചിന്തയെ അറിയാന്‍ ശ്രമിക്കുകയും അദ്ദേഹം സ്ഥാപിച്ച മഠത്തില്‍ പോകുകയും ചെയ്തു. അതിനെത്തുടര്‍ന്നാണ് ആ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ ഒടുവില്‍ ചെയ്ത ലിമിനല്‍ ഫിഗേര്‍സ് ലിമിനല്‍ സ്പേസ് എന്ന ശില്‍പം വലിയ വലിപ്പത്തില്‍ ഉള്ളതാണ്. നാല് അടി വീതിയില്‍ ഒരു ചെരിഞ്ഞ പ്രതലത്തിലൂടെ ആളുകള്‍- അത് മൂസുയിയും മയ്യയും ആകാം-നടന്നു കയറിപ്പോകുന്ന ശില്‍പം. അവര്‍ ഒരു സ്പേസില്‍ നിന്ന് വേറൊരു സ്പേസിലേക്ക് നടക്കുന്നതാണ് ഞാന്‍ വിഭാവന ചെയ്തത്. മുസൂയികളും മയ്യകളും. ഒരു വെര്‍ടികുലര്‍ സ്പേസില്‍  കയറിപ്പോകുന്ന ദൃശ്യം. സാധാരണ മുഖം നഷ്ടപ്പെട്ട ജനത്തില്‍ നിന്ന് വ്യത്യസ്തമായാണ് ഞാന്‍ മൂസൂയിയും മയ്യയും നിറയുന്ന ആ ജനാവലിയെ സൃഷ്ടിച്ചത്. ഒരു എലിവേറ്റഡ് ആയ പരിവേഷത്തില്‍. സാധാരണ മനുഷ്യരില്‍ നിന്നുതന്നെ സമ്പൂര്‍ണ്ണനായ ഒരു മനുഷ്യനെ സൃഷ്ടിക്കാനാകും, എന്ന ചിന്തയില്‍ നിന്നാണ് മുസൂയിയും മയ്യയും എന്റെ ഭാവനയെ കയ്യടക്കിയത്. ആള്‍കൂട്ടത്തിലുള്ള മനുഷ്യനില്‍ നിന്നുതന്നെയാണ് പരിപൂര്‍ണ്ണതയിലുള്ള മനുഷ്യന്‍ ഉണ്ടാകുന്നത്. അങ്ങിനെയായണ് രാമകൃഷ്ണനും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ശാരദാദേവിയും എന്റെ ആലോചനയിലേക്കു കയറിവന്നത്.

ലിമിനല്‍ ഫിഗേര്‍സ്് ലിമിനല്‍ സ്പേസ് എന്ന താങ്കളുടെ ശില്‍പത്തില്‍, ചെരിഞ്ഞ പ്രതലമായ റാമ്പിലൂടെ കയറിപ്പോകുന്ന മനുഷ്യപ്രവാഹത്തെ കണ്ടാല്‍ അത് അധ്യാത്മികവിസ്മൃതിയില്‍ നിലകൊള്ളുന്ന മനുഷ്യരുടെ യാത്രയായി തോന്നും. മറ്റൊരു വീക്ഷണത്തില്‍ അതിനെ ഒരു അഭയാര്‍ത്ഥി പ്രവാഹമായും കാണാം. അങ്ങിനെ ആ ശില്‍പാഖ്യാനം സമകാലീനവുമാകുന്നു...


അത്തരം ഒരു ഹോണ്ടിങ് ഇമേജ് അല്ല ഞാന്‍ ചെയ്തത്. മനുഷ്യരുടെ പ്രവാഹം കാണുമ്പോള്‍ ഉണ്ടാകുന്ന തോന്നലായിരിക്കാം അത്. മനുഷ്യരുടെ ഈ പ്രവാഹത്തിനു മുകളിലായി തീര്‍ത്ത മയ്യയുടെയും മുസൂയിയുടെയും വലിയ രൂപങ്ങളെ താങ്കള്‍ ശ്രദ്ധിച്ചുകാണുമല്ലോ. അത് മുസൂയിയുടെ ഒരു ഹൊറിസോന്റല്‍ ടേക് ഓഫില്‍ നിന്നാണ് തുടങ്ങുന്നത്. അത് ഒരു സ്വീക്വന്‍ഷ്യല്‍ മ്യൂവ്മെന്റിലൂടെ കടന്നുപോകുന്നു. ഒരു സിമെട്രിക്കല്‍ ലാന്റിങില്‍ എത്തിച്ചേരുന്നു. നിങ്ങള്‍ ഒരു ഉമ്മറപ്പടിയിലൂടെ കടന്നുപോകുന്ന ഒരു നിമിഷത്തിന്റെ ആവിഷ്കാരം പോലെയാണ് റാമ്പിലൂടെ കടന്നു പോകുന്ന ജനപ്രവാഹത്തെ ഞാന്‍ കണ്ടത്. മുകളിലെ രൂപങ്ങള്‍ ആകട്ടെ, ഉയരത്തില്‍ നിന്നു തുടങ്ങി താഴെ ഒരു ഐ ലെവലില്‍ ആണ് അവസാനിക്കുന്നത്. അങ്ങിനെ ഏഴു രൂപങ്ങള്‍. മൂസൂയിയും മയ്യയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു സ്വീക്വന്‍സ് മുകളിലും, താഴെ ഒരു വെര്‍ടിക്കല്‍ ലൈനില്‍ മുസൂയി-മയ്യകള്‍ കഥാപാത്രങ്ങളാകുന്ന ജനപ്രവാഹവും. മുസൂയിയുടെയും മയ്യയുടെയും കൊച്ചുരൂപങ്ങളുടെ ഒരു മള്‍ടിപ്ളിക്കേഷന്‍. ഭിത്തിയും വാതിലുകളും കുറേ ഓര്‍മ്മകളും. അതുമായി പ്രവഹിക്കുന്ന മനുഷ്യരും....


വീടും ഓടിട്ട മേല്‍പ്പുരയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടിച്ചാത്തന്മാരും.. കേരളീയമെന്നു പറയാവുന്ന ചില ഇമേജുകള്‍. ഇതൊരു തിരിച്ചു വരവാണോ? ഓര്‍മ്മയിലൂടെയും കലയിലൂടെയും ജന്മദേശത്തേക്ക്...

നമുക്ക് നമ്മുടെ ഓര്‍മ്മകളെ റിവ്യൂ ചെയ്യാം. അതിനെ നവീകരിച്ച് മറ്റൊന്നാക്കി അവതരിപ്പിക്കാം. ഓടിട്ട വീടും നാം കുട്ടിക്കാലത്തു കേട്ട കഥകളും ഒക്കെ അങ്ങിനെ തിരിച്ചു വന്നെന്നിരിക്കും. അതെല്ലാം നമ്മുടെ കലയില്‍ റിഫളക്സ് ചെയ്തെന്നിരിക്കും. മുപ്പത്താറു വര്‍ഷം പുറത്താണ് വര്‍ക് ചെയ്തത് എങ്കിലും അടിസ്ഥാനപരമായി ഞാന്‍ ചിന്തിച്ചത് ഒരു മലയാളിയുടെ ഭാഷയില്‍ തന്നെയായിരിക്കാം. നമ്മുടെ ഓര്‍മ്മകള്‍ അതുകൊണ്ടുതന്നെ മലയാളവുമായി ബന്ധപ്പെടുന്നത് സ്വാഭാവികമാണ്.
ഒരുപക്ഷേ ആദ്യമായാണ് കേരളത്തില്‍ താങ്കളുടെ ശില്‍പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്ര വലിയ വര്‍ക്കുകള്‍ കാണിക്കാന്‍ ഒരു ഗാലറി സ്പേസ് കേരളത്തില്‍ ഇല്ലാത്തതിനാലാണല്ലോ കനക്കുന്ന് കൊട്ടാരം പ്രദര്‍ശനത്തിനു തെരഞ്ഞെടുത്തത്. കേരളത്തില്‍ പ്രദര്‍ശനം സാധ്യമായതെങ്ങിനെ?
ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ എന്റെ വര്‍ക് കാണിക്കണം, എന്റെ സ്വന്തക്കാരെ വര്‍ക്കുകള്‍ കാണിക്കണം, അവരെ എന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ കഴിയണം എന്ന ചിന്ത എന്നില്‍ സ്വാഭാവികമായും ഉണ്ടായിരുന്നു. അതിന്റെ ഫലമാവണം കനക്കുന്നില്‍ നടന്ന ഈ പ്രദര്‍ശനം. അതിനു നിമിത്തമായത്് പാര്‍ടിയാണ്. എന്നു വെച്ചാല്‍ എന്റെ സുഹൃത്ത് മന്ത്രി എംഎ ബേബി. ബേബിയുമായുള്ള എന്റെ സൌഹൃദം പഴക്കമുള്ളതാണ്. അടുത്തിടെ ഒരിക്കല്‍ കണ്ടുമുട്ടിയപ്പോഴാണ്്  ശില്‍പങ്ങള്‍ നാട്ടില്‍ കാണിച്ചുകൂടേ എന്ന് അദ്ദേഹം ചോദിച്ചത്. അതിന്റെ ഫലമായാണ് ഈ സമയത്ത് ഇങ്ങനെ ഒരു പ്രദര്‍ശനം നടക്കാനിടയായത്. അദ്ദേഹത്തിന് കലയിലും സംഗീതത്തിലുമെല്ലാമുള്ള താല്‍പര്യം അറിയാമല്ലോ. ബേബിയുടെ മുന്‍കയ്യിലാണ് ഞാന്‍ നേരിട്ടെത്തി പ്രദര്‍ശനത്തിന്റെ സ്ഥലമെല്ലാം തെരഞ്ഞെടുത്തത്.
ശില്‍പങ്ങള്‍ കാണാനുള്ള അഭിരുചി, പ്രദര്‍ശിപ്പിക്കാനുള്ള സൌകര്യവും ഇവിടെ നിലവിലുണ്ടോ എന്നല്ല, അതിനുള്ള സാഹചര്യങ്ങള്‍ നാം ഉണ്ടാക്കിക്കൊടുക്കയാണു വേണ്ടത്. പ്രദര്‍ശനം നടക്കുമ്പോള്‍ രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു, കാണാന്‍ വന്നവരുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കാന്‍. അവരില്‍ പലരുമായും ഇടപെടാനും കഴിഞ്ഞു. അതിലൂടെ അവരില്‍ അല്‍പമെങ്കിലും ശില്‍പം കാണുന്ന രീതിയും സ്വഭാവവും കള്‍ടിവേറ്റ് ചെയ്യാന്‍ സാധിച്ചു. കുട്ടികളെല്ലാം ശില്‍പങ്ങളോട് പ്രതികരിക്കുന്നതു കണ്ട് വളരെ സന്തോഷം തോന്നി. ചെറുപ്പത്തില്‍ ഞാന്‍ ചാക്യാര്‍കൂത്ത് കാണാനും ഗാനമേള കാണാനും ഒക്കെ പോയിട്ടുണ്ട്. കുട്ടിക്കാലത്തെ ഇത്തരം കലാസ്വാദനാനുഭവങ്ങള്‍ക്ക് അപ്പോള്‍ വലിയ പ്രാധാന്യം തോന്നുകയില്ലെങ്കിലും, അവ മനസ്സില്‍ അതിന്റേതായ അനുരണനവും അഭിരുചിയും സൃഷ്ടിക്കും. അവയെല്ലാം പല നിലയില്‍ പില്‍ക്കാലത്ത് തിരിച്ചു വരും. എന്റെ ശില്‍പങ്ങള്‍ ആയതു കൊണ്ട് പറയുകയല്ല, ശില്‍പങ്ങള്‍ കാണാനും അത് വേറൊരു രീതിയില്‍ വ്യാഖ്യാനിക്കാനും അവസരമുണ്ടാക്കിയാല്‍ അത് പല നിലയിലും നമ്മുടെ സാംസ്കാരിക ജീവിതം സമ്പന്നമാക്കിത്തീര്‍ക്കും, നമ്മെ നല്ല മനുഷ്യരാക്കിത്തീര്‍ക്കും.

താങ്കളുടെ ഗുരുനാഥന്‍ രാംകിങ്കര്‍ ബെയ്ജ് ശാന്തിനികേതന്‍ കാമ്പസില്‍ ചെയ്ത മൂന്നു ശില്‍പങ്ങള്‍ ഏറെ പ്രസിദ്ധമാണല്ലോ? സന്താള്‍ കുടുംബവും മില്‍കാളും കൊയ്ത്തുകാരിയും. ബെയ്ജ് ഇന്ത്യന്‍ ആധുനികതയെ ഇങ്ങിനെ അടയാളപ്പെടുത്തുമ്പോള്‍, സോമനാഥ് ഹോര്‍ ബംഗാള്‍ ക്ഷാമത്തെ മുന്‍നിര്‍ത്തി ചെയ്ത വര്‍ക്കുകള്‍ ഇന്ത്യന്‍ തൊഴിലാളി-കര്‍ഷജീവിതത്തിന്റെ ശില്‍പാവിഷ്കാരമായി മാറി. ബെയ്ജിന്റെയും സേമാനാഥ് ഹോറിന്റെയും ശില്‍പങ്ങളുടെ ഈ സാമൂഹ്യപരതയെക്കുറിച്ച് എന്തു പറയുന്നു? ഇരുവരും അന്നത്തെ പുരോഗമന കലാപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു എന്നുകേട്ടിട്ടുണ്ട്...


ബെയ്ജിന്റെ മോണ്യുമെന്റല്‍ ക്വാളിറ്റിയുള്ള സന്താള്‍ കുടുംബം എന്ന ശില്‍പത്തെ അങ്ങിനെത്തന്നെ കാണണമെന്നില്ല. അതൊരു ഹോംകമിങ് ആണ് എന്നും വരാം. രാംകിങ്കറിന്റെ വര്‍ക്കുകള്‍ വളരെയധികം ഉണ്ട്. അത് ഒറ്റ നിലയില്‍ ഉള്ളതല്ല. അദ്ദേഹം വിളകൊയ്യുന്ന സ്ത്രീയെ കണ്ടിട്ട്, അത് പല നിലയില്‍ തന്റെ കലയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നേരിട്ടുള്ള വര. അത് ശില്‍പത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതിനെല്ലാം സാമൂഹ്യ പശ്ചാത്തലം ഉണ്ടായിരുന്നു. എനിക്ക് അത്തരമൊരു കോണ്‍ടക്സ്റ്റില്‍ കാണാന്‍ പറ്റിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍, എന്റേത് മറ്റൊരു കോണ്‍ടക്സ്റ്റ് ആണെന്നേ പറയാനൊക്കൂ.
മുസൂയിയുടെ തെരഞ്ഞെടുപ്പ് എങ്ങിനെയായിരുന്നു? മുസൂയി ഒരു പ്രതി നായകനാണോ? അവന്റെ സന്താള്‍ സ്വതത്തോടാണോ താങ്കള്‍ പ്രതികരിച്ചത്?
മുസൂയിയും മയ്യയും കൌണ്ടറിങ് സ്റ്റേറ്റ്മെന്റ് അല്ല. മുസൂയി ഒരു ഗോത്രബാലന്‍ എന്ന പ്രാധാന്യം കണ്ടുമല്ല സൃഷ്ടിച്ചത്. എന്റെ കലയെ ഫോക്ലോറില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഗോത്രജനതയുടെ അവശതയോ പരാധീനതയോ അല്ല ഞാന്‍ കലയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. സാധാരണമായ മനുഷ്യാനുഭവം എന്ന നിലയിലാണ് ഞാന്‍ മുസൂയിയെയും മയ്യയെയും സൃഷ്ടിച്ചത്. രാംകിങ്കര്‍ ഒരു സന്താള്‍ ആയതുകൊണ്ടല്ല സന്താള്‍ കുടുംബം എന്ന ശില്‍പം ചെയ്തത്. വാസ്തവത്തില്‍ അദ്ദേഹം ക്ഷുരകസമുദായത്തില്‍ പെട്ടയാളായിരുന്നു.
മനഷ്യനെയാണ് ഞാന്‍ മുന്നോട്ടുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്. ആധുനികതയാണ് എന്റെ ശില്‍പത്തിന്റെ കോണ്‍ടക്സ്റ്റ് എന്നു പറയാമെങ്കിലും, അത് പൊതുവെ പറയുന്ന അര്‍ത്ഥത്തിലുള്ള ഒരു പടിഞ്ഞാറന്‍ ആധുനികതയല്ല. ആധുനികത ഒരു പടിഞ്ഞാറന്‍ ആശയമാണെന്നു ഞാന്‍ കരുതുന്നില്ല. ആധുനികത കിഴക്കനുമാണ്. അതേസമയം പടിഞ്ഞാറ് രൂപപ്പെട്ട സങ്കല്‍പനങ്ങളും ആശയങ്ങളുമെല്ലാം മോശമാണ് എന്ന അര്‍ത്ഥമില്ല. അതിനെയെല്ലാം ബഹുമാനിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഇന്ത്യന്‍ ആധുനിതയാണ് ഞാന്‍ എന്റെ കലയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മുസൂയിയെ ഒരു ഇന്ത്യന്‍ ശരീരമായാണ് വിഭാവന ചെയ്യുന്നത്. പടിഞ്ഞാറന്‍ അനാട്ടമിയുമായി ഒത്തുപോകുന്ന ഒന്നല്ല മുസൂയിയുടെ ശരീരഘടന. നേരത്തെ പറഞ്ഞല്ലോ, ഒരിന്ത്യന്‍ ബുദ്ധനെയാണ് ഞാനവനില്‍ കാണുന്നത്.
താങ്കളിലെ കലാകാരന്റെ കേരളീയതയെക്കുറിച്ചു പറയാമോ?
കേരളീയതയ്ക്കു പിന്നാലെ അധികം പോകേണ്ട എന്നാണു തോന്നിയിട്ടുള്ളത്. നാം ഇന്ത്യനാണ്, ലോകത്തെ ഒരു മനുഷ്യനാണ്, അതു പോലെ കേരളീയനുമാണ്, അത്രയേ ഞാന്‍ കാണുന്നുള്ളൂ. എന്നു പറയുമ്പോള്‍ നാം ചിന്തിക്കുന്ന ഭാഷയും, നാം കുട്ടിക്കാലം പിന്നിട്ട സാംസ്കാരിക പശ്ചാത്തലവും പ്രസക്തമല്ല എന്നല്ല. നമ്മുടെ ശക്തമായ ഓര്‍മ്മകള്‍ എല്ലാം അതായിരിക്കാം. അതിനു പിന്നാലെ പോയി, കൃത്രിമമായ ഒരു കേരളീയഗൃഹാതുരത സൃഷ്ടിക്കേണ്ട ആവശ്യമുണ്ട് എന്നു തോന്നുന്നില്ല. കേരളത്തില്‍ ജീവിക്കുമ്പോള്‍ അതിന്റെ അംശങ്ങള്‍ സ്വാഭാവികമായും നമ്മിലുണ്ടാകും. എന്നാല്‍ അതു മാത്രമാണോ നാം?


No comments:

Post a Comment