Saturday, October 20, 2012

പി പി ഷാനവാസ്


മാര്‍ക്സിസം പിന്‍പറ്റിപ്പോന്നിട്ടുള്ള ഫ്രഞ്ച് വിപ്ളവപൈതൃകത്തിലുള്ള മതനിരപേക്ഷതയുടെയും ആധുനികതയുടെയും പരിപ്രേക്ഷ്യങ്ങള്‍ പൊളിച്ചെഴുതേണ്ടത്, ഇന്ന് നമ്മുടെ ജനകീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഉപകരണയുക്തിയുടേതായ പല പ്രതിസന്ധികളെയും അതിജീവിക്കാന്‍ പര്യാപ്തമായിരിക്കും. അത് മാര്‍ക്സ് ഒടുവില്‍ തിരിച്ചറിഞ്ഞ തന്റെ ദാര്‍ശനികതയുടെ ശരിയായ ജീവനെ കണ്ടെത്തുന്നതിലേക്കു നയിക്കും.

മതനിരപേക്ഷതയുടെ മാലാഖ


സ്ത്രീകളും മതനിരപേക്ഷാവബോധവും എന്ന വിഷയം അധികമാരും ചര്‍ച്ചക്കെയ്ടുത്തിട്ടുണ്ട് എന്നു തോന്നുന്നില്ല. കാരണം മതനിരപേക്ഷതയെ സംബന്ധിച്ച നമ്മുടെ ചര്‍ച്ചയിലെ ഏകപുരുഷസര്‍വ്വനാമം മിക്കവാറും പുലിംഗമാണ്. നമ്മുടെ ജ്ഞാനോദയ സംരഭങ്ങളിലെല്ലാം അവബോധത്തിന്റെയും ജ്ഞാനോദയത്തിന്റെയും കേന്ദ്രബിന്ദു മിക്കവാറും പുരുഷനാണ്. പുരുഷന്റെ ജ്ഞാനോദയം സൃഷ്ടിക്കുന്ന അവബോധത്തിന്റെയും ബോധോദയത്തിന്റെയും അനന്തരഫലമെന്നോണമാണ് സ്ത്രീ പ്രത്യക്ഷപ്പെടുന്നത്. ശാക്തിക മതത്തിലും സമയമതത്തിലും പോലും ദേവീആരാധനയ്ക്കാണു പ്രാമുഖ്യമെങ്കിലും, ദേവീസ്വരൂപം പുരുഷപ്രജ്ഞയ്ക്ക് ആരാധനാഭാവത്തോടെ കാണാനുള്ള ഒന്നായാണ് പലപ്പോഴും വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണല്ലോ, നമ്മുടെ ശാക്തിക പാരമ്പര്യത്തിന്റെ ആധുനികാര്‍ത്ഥത്തിലുള്ള ഏറ്റവും ഊര്‍ജ്ജസ്വലവും കാവ്യസാന്ദ്രസംപ്രീതവുമായ കൃതിയായ സൌന്ദര്യലഹരി, ബ്രഹ്മചര്യം കാത്തുസൂക്ഷിച്ച ശങ്കരാചാര്യര്‍ ഭഗവദ്പാദര്‍ തന്നെ എഴുതിയത്. നമ്മുടെ ബ്രാഹ്ണ താന്ത്രിക പാരമ്പര്യം മിക്കവാറും ശങ്കാരാചാര്യവിധികളെയാണ്് ശാക്തിക പൂജയ്ക്കുപോലും ആധാരമായെടുക്കുന്നത്. മൂകാംബികയെ കുടിവെച്ച കുടജാദ്രിയില്‍ ശാക്തികവും ബ്രാഹ്മണവുമായ രണ്ട് സമ്പ്രദായത്തിലുള്ള താന്ത്രികവിധികളില്‍ ദേവിയെ ഉപാസിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. അങ്ങിനെ എല്ലാ പുരുഷ കേന്ദ്രീകൃത നവോത്ഥാനത്തിന്റെയും അടിയിലെ വൈരുദ്ധ്യമായി ഈ സ്ത്രീപ്രശ്നം നിലകൊള്ളുന്നുണ്ട് എന്നു കാണാം.
വിപ്ളവങ്ങളുടെ മാതാവ്
നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന അര്‍ത്ഥത്തിലുള്ള സെക്കുലറിസം, മിക്കവാറും ഫ്രഞ്ച് ബൂര്‍ഷ്വാവിപ്ളവവുമായി ബന്ധപ്പെട്ടതാണല്ലോ. മതത്തെയും വിശ്വാസത്തെയും ഭരണകൂടപ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന മുദ്രാവാക്യം സ്വാഭാവികമായും വിപ്ളവങ്ങളുടെ മാതാവ് എന്നു വിളിക്കുന്ന ഫ്രഞ്ച്വിപ്ളവത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. അതവിടെ ആദര്‍ശാത്മകമായ തലത്തില്‍ തന്നെ ഒരു പരിധിയോളം സാധ്യമാകുകയും ചെയ്തു. ഫ്രഞ്ച് ആധുനികതയുടെ സംഭാവനയെന്ന് പൊതുവെ വിശേഷിപ്പിക്കാവുന്ന ആധുനികാര്‍ത്ഥത്തിലുള്ള മതനിരപേക്ഷതയുടെ പരാവര്‍ത്തനങ്ങളും വിവര്‍ത്തനങ്ങളുമാണ്, പില്‍ക്കാലത്ത് യൂറോപ്യന്‍ ദേശ-രാഷ്ട്ര നിര്‍മ്മിതിയോടനുബന്ധിച്ച് നടന്നത്. യൂറോപ്യന്‍ കോളനികളായിരുന്ന മൂന്നാംലോക രാജ്യങ്ങളിലാകട്ടെ, കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ട യൂറോപ്യന്‍ മാതൃകയിലുള്ള ദേശ-രാഷ്ട്രങ്ങളിലും ഇതിന്റെ ഒരര്‍ത്ഥത്തിലുള്ള ആവര്‍ത്തനങ്ങള്‍ നടന്നു. നാം ജീവിക്കുന്ന മൂന്നാം ലോകത്ത്, ആധുനികത ഒരു അനുകരണ ആധുനികതയാണ് എന്ന് പറയാറുണ്ടല്ലോ. അതുപോലെ, നമ്മുടെ മതനിരപേക്ഷതയും ഒരു അനുകരണ മതനിരപേക്ഷാവബോധമാണ് എന്നു കാണാം. അതിനാല്‍ തന്നെ യൂറോപ്യന്‍ സെക്കുലറിസത്തില്‍ നിന്നും വ്യത്യസ്തമായി, നമ്മുടെ നാടുകളില്‍ രൂപംകൊണ്ട മതനിരപേക്ഷാവബോധം സങ്കീര്‍ണ്ണമായ നിലയില്‍ അടരുകളുള്ളതാണ്. കോട്ടകളും ചുറ്റുമതിലും വാരിക്കുഴികളും കിടങ്ങുകളും ചുറ്റുഗോവണിയുമുള്ള സങ്കീര്‍ണ്ണവും പ്രതിലോമകരവുമായ ഒരു സെക്കുലര്‍ അവബോധമാണ് കിഴക്കില്‍ പ്രയോഗത്തില്‍ വന്നത്. ഒരേ സമയം യൂറോപ്യനായും അതേ സമയം ബ്രാഹ്മണനായും ജീവിച്ച, എന്നാല്‍ ഉറുദുവില്‍ പണ്ഡിതനുമായിരുന്ന റാംമോഹന്‍ റോയ് ആണ് നമ്മുടെ ആധുനിക നവോത്ഥാനത്തിന്റെയും മതനിരപേക്ഷാവബോധത്തിന്റെയും പിതാവ് എന്നുള്ളതുതന്നെ ഈ സങ്കീര്‍ണ്ണതയെ സൂചിപ്പിക്കുന്നുണ്ട്. മതനിരപേക്ഷതയെപ്പറ്റി ആഴത്തില്‍ ആലോചിച്ച ടാഗോറിന്റെ ധിഷണയിലും ഈ സംഘര്‍ഷങ്ങള്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഭഗവദ്ഗീതയിലും വൈഷ്ണവ സ്വത്വത്തിലും ക്രൈസ്തവ മൂല്യങ്ങളിലും ഊന്നിയ ഗാന്ധിജിയുടെ ധിഷണയും ഇതില്‍നിന്ന് അത്രയൊന്നും വ്യത്യസ്തമായിരുന്നില്ല. നെഹ്റുവാകട്ടെ തന്റെ ബ്രാഹ്മണ സ്വത്വത്തിന് തനി യൂറോപ്യന്‍ അര്‍ത്ഥം കണ്ടെത്തുന്നതില്‍ വിജയിച്ചിരുന്നെങ്കിലും,  ബൂര്‍ഷ്വായുക്തി ചിന്തയുടെ വ്യകാരണപ്പിഴവില്‍ നിന്ന് അദ്ദേഹം മുക്തനായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇന്ത്യ എങ്ങോട്ട് എന്ന കൃതിയിലൂടെ ദേശീയപ്രസ്ഥാനത്തില്‍ ഇടതുപക്ഷ ചിന്തക്ക് വെടിമരുന്ന് പാകിയ നെഹ്റു തന്നെ, കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിലൂടെ, ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ വേരെറുക്കാനുള്ള ജന്മദൌത്യത്തിലും ചെന്നുപെട്ടു. അക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വരുത്തിയ തെറ്റുകള്‍ കെ ദാമോദരന്‍ ചര്‍ച്ചക്കെടുത്തിട്ടുണ്ട് എന്നതു വാസ്തവം തന്നെ.
കീഴാള മതനിരപേക്ഷത
ഇന്ത്യന്‍ നവോത്ഥാനത്തെപ്പറ്റിയും മതനിരപേക്ഷതയെപ്പറ്റിയും കീഴാളമായ നിലപാടില്‍ നിന്ന് ചിന്തിച്ച ശ്രീനാരായണഗുരുവിനെപ്പോലുള്ളവര്‍ തങ്ങളുടെ ആത്മീയാന്വേഷണത്തിന്റെ അഭേദ്യഭാഗം എന്ന നിലയിലാണ് മനുഷ്യന്റെ അവബോധപരിണാമത്തെയും വിമോചനത്തെയും നോക്കിക്കണ്ടത്. അതിനാല്‍ തന്നെ ശ്രീനാരായണഗുരുവിന്റെ ആത്മീയ-ഭൌതിക പരിപ്രേക്ഷ്യങ്ങള്‍ മണ്ണുമായി കൂടുതല്‍ ബന്ധപ്പെട്ട നക്ഷത്രകോടികളെ സമ്മാനിച്ചിട്ടുണ്ട് എന്നത് അതിശയോക്തികരമായ  പ്രസ്താവനയായിരിക്കില്ല, മറിച്ച് കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ട വസ്തുതയാണ്. നമ്മുടെ നവോത്ഥാന നായകരുടെ പാരമ്പര്യത്തില്‍, പാശ്ചാത്യരോടൊപ്പം പങ്കുവെച്ചുപോരുന്ന മുസ്ലിംഅപരന്‍ എന്ന ശത്രുചിന്ത ശ്രീനാരായണഗുരുവില്‍ ഇല്ലാതെപോയതും ഈ അര്‍ത്ഥത്തിലാണ്. ചിന്നസ്വാമി എന്നറിയപ്പെട്ട കുമാരനാശാനിലാകട്ടെ ക്രൂരമുഹമ്മദീയന്‍ എന്ന അപരചിന്ത ഉറങ്ങിക്കിടന്നിരുന്നു. ഇന്നത്തെ ഈഴവ സാമുദായിക പ്രസ്ഥാനത്തിന് അടിത്തറയാകുന്നതും ആശാന്‍ മുതല്‍പേര്‍ സംഭാവന ചെയ്ത ഈ അപരചിന്തയാണെന്നു കാണാം. ഇതില്‍ നിന്നു തികച്ചും വ്യതസ്തനായിരുന്നു ഗുരു. ഇസ്ലാം ലോകത്തിനു സംഭാവന ചെയ്ത ഏകാത്മക ചിന്തയുടെ ആശയം, ശരിയായ അര്‍ത്ഥത്തില്‍ സ്വാംശീകരിക്കാന്‍ കഴിഞ്ഞ ഒരു മനീഷിയായി ശ്രീനാരായണ ഗുരുവിനെ  കണ്ടെടുക്കുന്നതില്‍ തെറ്റുണ്ടാകില്ല. അത് ഗുരുവിന്റെ ജീവചരിത്രങ്ങളിലൂടെ എന്നപോലെ, അദ്ദേഹത്തിന്റെ ദാര്‍ശനിക കൃതികളിലും സ്തോത്രകാവ്യങ്ങളിലും മുങ്ങിത്തപ്പിയാല്‍ മാത്രമേ ലഭിക്കു എന്നത് മറ്റൊരു കാര്യം. വര്‍ക്കലയിലെ സന്യാസിസമൂഹത്തിലെ തര്‍ക്ക വിതര്‍ക്കത്തിലും, അരുവിപ്പുറത്ത് അസ്തമിച്ച യുക്തിയുടെ പാറക്കൂട്ടത്തിലും അത് അന്വേഷിച്ചാല്‍ കണ്ടെത്തി എന്നു വരില്ല. ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്ന അംബേദ്കറിന്റെ ചിന്താസരണിയിലും യൂറോപ്യന്‍ ഇതരമായ മതനിരപേക്ഷതയുടെ ശുദ്ധിയും സൌന്ദര്യവും  കണ്ടെടുക്കാനാവും. അംബേദ്കര്‍ ഹിന്ദുവിസത്തെക്കുറിച്ചും ബുദ്ധിസത്തെക്കുറിച്ചും ഗാന്ധിസത്തെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും നടത്തിയ ഉജ്ജ്വല പഠനങ്ങളിലേക്ക് നമ്മുടെ ഗവേഷണസൂചികള്‍ തിരിച്ചു വെയ്ക്കേണ്ടതുണ്ട്. അതേസമയം, അംബേദ്കര്‍ ചിന്തയുടെ മൌലികമായ പരിസരം ഇന്ത്യന്‍ ദേശീയതയുടെ നാലതിരുകള്‍ക്കുള്ളിലായിരുന്നു. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബ്രാഹ്മണ്യം സംഭാവനചെയ്ത യൂറോപ്യന്‍ മതനിരപേക്ഷതയിലെ അനുകരണ ആധുനികതയുടെ വക്താവ് തന്നെയായിരുന്നു അംബേദ്കര്‍ എന്നു കാണാനാവും. നമ്മുടെ സമകാലീന ദളിത് ചിന്തയുടെ പരിമിതികളാകെ ഇതില്‍ വായിച്ചെടുക്കാം. ഏതായാലും വളരെ സൂക്ഷ്മമായ പഠനങ്ങള്‍കെണ്ടേ ഈ വഴിക്ക് ശരിയായ നിഗമനത്തില്‍  എത്തിച്ചേരാനാകൂ. എന്നാല്‍ ശ്രീനാരായണഗുരു അടയ്ക്കമുള്ള മുന്‍ചൊന്ന എല്ലാ മതനിരപേക്ഷ-ആധുനികതാ വാദികളിലും, സ്ത്രീയുടെ മതവും ആത്മീയതയും അവബോധവും സംബന്ധിച്ച് മൌനങ്ങളും വിടവുകളുമാണുള്ളത്. അറിവിന്റെ ആധാരശിലയായി സങ്കല്‍പിച്ച് വര്‍ക്കലയില്‍ ഗുരു ശാരദാപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. അതിനു മുന്നോടിയായ രചിച്ച, അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ ആഴം സാന്ദ്രീകരിച്ച ജനനീ നവരത്ന മജ്ഞരി എന്ന കാവ്യവും നമ്മുടെ മുമ്പിലുണ്ട്. എന്നിരുന്നാലും, സ്ത്രീയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയുള്ള  ആലോചനയും, അവളുടെ വികാര-വിചാരാദികളെ ഉള്‍ക്കൊണ്ടുള്ള സത്യാന്വേഷണവും ഗുരുവില്‍ പൂര്‍ത്തിയായിട്ടുണ്ട് എന്ന കാര്യം സംശയാസ്പദമാണ്.
റൂത്ത് എന്ന പ്രവാചിക
സ്ത്രീകള്‍ സ്വന്തം അനുഭവാഖ്യാനങ്ങളിലൂടെ മാത്രം കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യേണ്ടുന്ന, തങ്ങളുടെ ആത്മീയതയെയും അവബോധത്തിന്റെയും വശങ്ങള്‍ മനസ്സിലാക്കാന്‍ ലോക ചരിത്രത്തില്‍ തന്നെ കുറഞ്ഞ അവസരമേ നമുക്കുള്ളൂ. ബൈബിളിലെ റൂത്ത് എന്ന പ്രവാചിക, യേശുവിന്റെ മാതാവ് മറിയത്തിന്റെ അനുഭവങ്ങള്‍, പ്രവാചകന്റെ പത്നിമാരായ കദീജാബീവിയുടെയും ആയിഷാബീവിയുടെയും ചരിത്രങ്ങളും ആഖ്യാനങ്ങളും, എട്ടാം നൂറ്റാണ്ടില്‍ ബസ്റയിലെ സൂഫിവര്യയായിരുന്ന റാബിയ അദവിയ്യയുടെ ജീവിതവും കവിതയും മൊഴിമുത്തുകളും എന്നിവയെല്ലാമാണ്, ലോകത്തിന്റെ നെറുകയില്‍ സ്ത്രൈണ ആത്മീയതയുടെയും അവബോധത്തിന്റെയും രത്നഖനികളായി നമുക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളത്. ഇക്കൂട്ടത്തില്‍ റാബിയ അദവ്വിയ എന്നറിയപ്പെടുന്ന സൂഫിവനിതയുടെ ശിഷ്യനായിരുന്ന ഹസന്‍ ബസ്രിയുടെ ശിഷ്യനായിരുന്നു മാലിക് ഇബ്നു ദീനാര്‍.  അദ്ദേഹവും സംഘവുമാണ്കേരളത്തിലെ ഇസ്ലാമിക ജീവിതത്തിന് അടിത്തറയിട്ട ആദ്യ മിഷണറിമാര്‍ എന്ന ചരിത്രം ശരിയാണെങ്കില്‍,  അതില്‍ കേരളീയ മുസ്ലിംങ്ങളുടെ മതനിരപേക്ഷാവബോധത്തിന് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്.  റാബിയയുടെ ഹൃദയത്തില്‍ നിന്നുള്ള വെളിച്ചമാണ് തന്റെ ദിവ്യജ്ഞാനത്തിന്റെ രഹസ്യമെന്നാണ് ഹസന്‍ ബസ്രി പറഞ്ഞിട്ടുള്ളത്. ആ വെളിച്ചത്തിന്റെ ഒരംശമാണ് മാലിക് ഇബ്നു ദീനാറിലൂടെ കേരളത്തിലെ മുസ്ലിംങ്ങള്‍ക്കു പകര്‍ന്നു കിട്ടിയത് എന്നു വരികില്‍ അതേറെ ആശ്വാസകരമായ അറിവായിരിക്കുമെന്നതില്‍ സംശയമില്ല. കദീജയുടെയും ആയിഷയുടെ മതമാണ് ഇസ്ലാം, അത് റാബിയയുടെ ജ്ഞാനാമൃതിലൂടെയാണ് കേരളീയര്‍ക്ക് ലഭിച്ചുള്ളതെങ്കില്‍, പോര്‍ച്ചുഗീസ് അധിനിവേശം കാലം മുതല്‍ മാറ്റിമറിക്കപ്പെട്ട കേരളീയ ഇസ്ലാമിക ജീവിതത്തിന്റെ പുരുഷ കേന്ദ്രീകൃതവും സൈനികവല്‍ക്കരിക്കപ്പെട്ടതുമായ കര്‍മ്മവ്യാധികള്‍ക്ക് അതു മറുമരുന്നാകും. മാര്‍ക്സ് പറഞ്ഞതുപോലെ പരാജയപ്പെട്ടാല്‍ ആദ്യം തൊട്ടുതുടങ്ങുക മാത്രമേ ആശ്രയമുള്ളൂ. പ്രതിസന്ധികളില്‍ ഇപ്രകാരം പ്രവാഹത്തിന്റെ ഉറവിടം തേടിപ്പോകുന്ന തീര്‍ത്ഥയാത്രകള്‍ അഭികാമ്യമാണ്.
ഏഴും എട്ടും നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയിലും മറ്റും ശക്തിപ്രാപിച്ച സൂഫിപ്രസ്ഥാനം ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളുമായി കൂടിക്കലര്‍ന്നുണ്ടായ ഭക്തിപ്രസ്ഥാനത്തെക്കുറിച്ച് ആലോചിക്കുന്നതും ഇവിടെ പ്രസക്തമായിരിക്കും. ആധുനിക നവോത്ഥാനത്തിനും എത്രയോ മുമ്പ് ഇന്ത്യന്‍ മണ്ണില്‍ ശരിയായ മതനിരപേക്ഷാവബോധത്തിന് വിത്തുകളിട്ട പ്രസ്ഥാനം അതായിരുന്നു എന്നറിയുന്നത,് ബ്രിട്ടീഷുകാര്‍ നല്‍കിയ സന്യാസത്തേക്കാര്‍ എത്രയോ ആശ്വാസപ്രദമായിരിക്കും. മാത്രമല്ല, കബീറിനും തുളസീദാസിനും എഴുത്തച്ഛനനും ഒപ്പം അവരില്‍ നിന്ന് ഒട്ടും പ്രാധാന്യമോ പ്രാമുഖ്യമോ ചോരാത്ത അക്കമഹാദേവിയെയും ലല്ലേശ്വരിയെയും മീരയെയും ഭക്തിപ്രസ്ഥാനം സൃഷ്ടിച്ചു. ബ്രിട്ടീഷ് കാലത്തെ ഇന്ത്യന്‍ നവോത്ഥാന സംരഭങ്ങളാകട്ടെ അത്തരത്തില്‍ ശ്രദ്ധേയമായ ഒരു സ്ത്രീനായികയെയും രംഗത്തെത്തിച്ചിട്ടില്ല. കാശ്മീരി ശൈവ ഭക്തിപ്രസ്ഥാനത്തിന്റെ തലതൊട്ടമ്മയും, കാശ്മീരി ഭാഷയുടെ മാതാവുമായി അറിയപ്പെടുന്ന ലല്ലേശ്വരിയും, തെക്കേ ഇന്ത്യയിലെ അക്കമഹാദേവിയും സംഭാവന ചെയ്ത മനസ്സും ആത്മീയതയുമാണ് ഇന്നും നമ്മുടെ ഭാഷയുടെയും ചിന്തയുടെയും ജീവിതത്തിന്റെയും അടിത്തറയായി നിലകൊള്ളുന്നത്. കബീറിനെ എന്ന പോല, ലല്ലേശ്വരിയെയും ഹിന്ദുക്കളും മുസ്ലിംങ്ങളും ഒരുപോലെ പുണ്യാത്മക്കളായി കണ്ട് ആദരിച്ചിരുന്നു. ഹിന്ദുവാണോ മുസ്ലിമാണോ എന്നു മനസ്സിലാക്കാനാവാത്ത വിധം അവരുടെ സ്വത്വം ജനങ്ങളുടെ ഭാഷയുടെയും അവബോധത്തിന്റെയും ജീവവായുവായി നിലകൊള്ളുന്നു. കബീര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം തങ്ങളുടേതാണെന്ന് ഇരുവിഭാഗങ്ങള്‍ വാദിച്ചപ്പോള്‍, എല്ലാവര്‍ക്കും പ്രാപ്യമായ വിധം ആ മൃതദേഹം പുഷ്പങ്ങളായി പരിണമിച്ച്, മതനിരപേക്ഷതയുടെ ഹൃദയഹാരമായി തീര്‍ന്ന കഥ നമ്മുടെ ഇടയിലുണ്ട്. കൃഷ്ണോപാസാനയില്‍ നിന്ന് അള്ളാഹുവിന്റെ സ്മരണയിലൂടെ തന്റെ ദൈവദര്‍ശനത്തിന്റെ ആഴം തേടിപ്പോയ മാധവിക്കുട്ടി എന്ന കമലാദാസും ഈ പാരമ്പര്യത്തിലെ നമുക്കിടയില്‍ ജീവിച്ച വിശുദ്ധവനിത തന്നെ.
സംസ്കാരത്തില്‍ ഇടപെടരുതേ...
പുരുഷകേന്ദ്രീകൃതവും ആര്യാഭിമാനാധിഷ്ഠിതവും ആയ ആധുനികനവോത്ഥാനത്തിന്റെ പാരമ്പര്യത്തിലെ കൊളോണിയല്‍ ചാര്‍ച്ചയില്‍ നിന്ന് പിറകോട്ടുപോയി, നമ്മുടെ മതനിരപേക്ഷാവബോധത്തിന്റെയും ഏകാത്മകചിന്തയുടെയും യഥാര്‍ത്ഥ അടിസ്ഥാനങ്ങള്‍ ഭക്തി പ്രസ്ഥാനത്തിന്റെയും സൂഫി ചിന്തയുടെയും ദാര്‍ശനികതയിലാണ് കുടികൊള്ളുന്നത് എന്നു മനസ്സിലാക്കുന്നത്, ആധുനിക ധിഷണ ഇന്ന് നേരിടുന്ന പല കൊടിയദുരന്തങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും സിദ്ധൌഷധമായിത്തീരും. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച മതനിരപേക്ഷത, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും ജന്മഹേതുവാണ് എന്ന അറിവ്, കബീറിനെയും ലല്ലേശ്വരിയെയും പറ്റി വീണ്ടും വീണ്ടും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ നിര്‍ബന്ധിപ്പിക്കുന്നു. മതനിരപേക്ഷതയുടെ പേരില്‍ രൂപം കൊള്ളുന്ന അവബോധങ്ങള്‍, ഉപകരണയുക്തിയില്‍ അധിഷ്ഠിതമായ ഫാസിസ്റ്റ് ചിന്തയുടെ തന്നെ മറുപുറമാണ് എന്ന പഠനങ്ങള്‍, അഡോര്‍ണോയും ഹോക്കിമറും അടങ്ങുന്ന യൂറോപ്യന്‍ മാര്‍ക്സിസ്റ്റ് ചിന്തകര്‍ തന്നെ തുടങ്ങിവെച്ചത് ഇവിടെ സ്മരണീയമാണ്. അതിനാല്‍ മാര്‍ക്സിസം പിന്‍പറ്റിപ്പോന്നിട്ടുള്ള ഫ്രഞ്ച് വിപ്ളവപൈതൃകത്തിലുള്ള മതനിരപേക്ഷതയുടെയും ആധുനികതയുടെയും പരിപ്രേക്ഷ്യങ്ങള്‍ പൊളിച്ചെഴുതേണ്ടത്, ഇന്ന് നമ്മുടെ ജനകീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഉപകരണയുക്തിയുടേതായ പല പ്രതിസന്ധികളെയും അതിജീവിക്കാന്‍ പര്യാപ്തമായിരിക്കും. അത് മാര്‍ക്സ് ഒടുവില്‍ തിരിച്ചറിഞ്ഞ തന്റെ ദാര്‍ശനികതയുടെ ശരിയായ ജീവനെ കണ്ടെത്തുന്നതിലേക്കു നയിക്കും.
മലയാളത്തില്‍ ഇന്നു പ്രചരിപ്പിക്കപ്പെടുന്ന മതനിരപേക്ഷാവബോധവും ഉപകരണയുക്തിയുടെ ഈ ബുര്‍ഷ്വാപാരമ്പര്യത്തില്‍ നിന്ന് മുക്തമല്ല എന്നുകാണാം. ഭക്തിപ്രസ്ഥാനത്തെയും സൂഫിപ്രസ്ഥാനത്തെയും ഭൂതകാലത്തെ ഏതോ പഴഞ്ചന്‍ പ്രസ്ഥാനമായി എണ്ണുന്ന നമ്മുടെ മതനിരപേക്ഷ ചിന്തകര്‍ കുടുങ്ങിപ്പോയ പല കെണികളും ഈ പരിസരത്താണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മൂലധനവും പണവും തങ്ങളെ  വിമോചിപ്പിച്ചുകൊള്ളും എന്ന ദളിത്ചിന്ത നേരിടുന്ന പ്രതിസന്ധിയും ഇത്തരുണത്തിലുള്ളതാണ്. മതനിരപേക്ഷത നമ്മുടെ ജീവിതപരിസത്തിലെ ജൈവികോര്‍ജ്ജത്തെ മായ്ച്ചുകളയുന്ന ഒരു കൊളോണിയല്‍ ഇടപെടലായി, ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ തെറ്റായി പരികല്‍പന നടത്തുംപോലെ, സംസ്കാരത്തിലുള്ള ഒരു ഇടപെടലായി മാറിത്തീരുന്നതും ഇവിടെ വെച്ചാണ്. ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ ഇടപെടാന്‍ നമുക്കു എന്ത് ആധികാരികതയാണ് ഉള്ളത് എന്ന ചോദ്യം ഇവിടെ ഉയര്‍ത്തേണ്ടതുണ്ട്. യൂറോപ്യന്‍ മതനിരപേക്ഷതയുടെ ബ്രാഹ്മണ മൂല്യപരാവര്‍ത്തനം സ്വാംശീകരിച്ചതുകൊണ്ട് ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ ഇടപെടാനും അതിനെ മാറ്റിത്തീര്‍ക്കാനുമുള്ള ആധികാരികത നമ്മുടെ ധൈഷണികര്‍ക്ക് സിദ്ധിക്കുമോ? ഗുജറാത്ത് സംഭവഗതികളുടെ കാലത്ത് കേരളത്തില്‍ രൂപംകൊണ്ട ഫാസിസ്റ്റു വിരുദ്ധ പാഠശാലകളില്‍ ഉരുത്തിരിഞ്ഞ ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ ഐക്യവും കെട്ടുറപ്പും നശിപ്പിക്കുന്ന സ്വത്വവാദ ചര്‍ച്ചകളുടെ ആചാര്യകേസരിമാര്‍ ഇക്കാര്യങ്ങള്‍ ആഴത്തില്‍ പഠനവിധേയമാക്കട്ടെ. കാരണം ഷേക്പിയര്‍ ഹാംലറ്റില്‍ സൂചിപ്പിക്കുംപോലെ, ഭൂമിയിലും സ്വര്‍ഗ്ഗത്തിലും നിങ്ങള്‍ക്കറിയാത്ത ഒത്തിരിക്കാര്യങ്ങളുണ്ട്. നിത്യജീവിതത്തിന്റെ തത്വചിന്ത മറന്ന്, ഡ്രോയിങ് റൂമുകളില്‍ ഇരുന്ന് ചരിത്രവും രാഷ്ട്രീയവും നിര്‍മ്മിക്കുന്ന ചിന്തക്ക്, സിവില്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടം ലഭിച്ചിട്ടുള്ള ഫാസിസ്റ്റ് കൂട്ടായ്മകളുടെ ഭീഷണിയെ മുന്‍കാണാനാവില്ല. ഹിന്ദുത്വം, തീവ്രവാദം എന്ന ദ്വന്ദത്തിന്റെ ചുറ്റുവട്ടത്ത് ചരിത്രവും രാഷ്ട്രീയവും ഉരുട്ടിവിഴുങ്ങുന്ന രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് ഫാസിസ്റ്റ് ഭീഷണിയുടെ സമകാലീന മുഖത്തെ വിശകലനം ചെയ്യാനുമാവില്ല. മാധ്യമങ്ങളുടെ വിരുന്നിന് നളപാചകം നടത്തുന്ന നമ്മുടെ ബുദ്ധിജീവികള്‍ കൂടുതല്‍ ആഴത്തില്‍ സന്യാസം വരിക്കുകയേ അതിന് മാര്‍ഗ്ഗമുള്ളൂ. ശുഭം.

(എം എന്‍ കാരശ്ശേശരിയുടെ അധ്യാപക വൃത്തി അവസാനിപ്പിച്ചതിനോടനുബന്ധിച്ച് കാലിക്കററ് സര്‍വ്വകലാശാല അധ്യാപരുടെ ഉപഹാരമായി സമര്‍പ്പിച്ച മതേതരം എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു.)

 

No comments:

Post a Comment