Friday, September 7, 2012



ഒരു ഉത്തരാധുനിക കലാകാരന്റെ ചിത്രശാല
 പി പി ഷാനവാസ്

കോഴിക്കുഞ്ഞുങ്ങള്‍, തൂവലുകള്‍, ചൂല്, തൊഴുത്ത്
ചിരവ, കിണര്‍, അരക്കല്ല്, മുറം, മുളങ്കുഴല്‍
അതിലൂടെ നഷ്ടപ്പെട്ടൊരു കാലത്തിലേക്ക് 
നാം തിരിഞ്ഞു നോക്കുന്നു

പുഷ്കിന്‍
അദൃശ്യദിനങ്ങളുടെ ഇടം, 1997


പുഷ്കിന്റെ ശ്രദ്ധേയമായ ഒരു കളക്ഷന്‍ സൌദി അറേബ്യയില്‍ ജോലിനോക്കിയ ഇടവേളയില്‍ ചെയ്ത ചിത്രങ്ങളാണ്. കാഴ്ചയുടെ സബ്ളൈം ആയ നിമിഷത്തിന്റെ ആവിഷ്കാരം പോലെ കണ്ണുകളുടെ കാന്‍വാസ് ഇക്കൂട്ടത്തില്‍ സ്മരണീയമാണ്. അടുക്കളയിലെയും ചുറ്റുവട്ടത്തെയും പരമ്പരാഗത ജീവിതത്തിന്റെ പ്രതിനിധാനമായി എണ്ണുന്ന ചില മോട്ടീഫുകള്‍ കൊണ്ട് കൈവിട്ടുപോയ ഒരു കാലത്തെ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നവ. ഉരലിലും ഉപയോഗിച്ചു തേഞ്ഞ അമ്മിയിലും വീട്ടുകിണറിലെ ബക്കറ്റിലും കൈവെള്ളയുടെ പാടുകളുള്ള കയറിലും പ്രവാസകാലത്തെ കനത്തുകെട്ടിയ ഗൃഹാതുരതയെ അയാള്‍ ആവിഷ്കരിക്കുന്നു. 
നമ്മുടെ കാലത്തിന്റെ പരിവര്‍ത്തനങ്ങളെ സൂക്ഷ്മമായി പിന്തുടരുന്ന കണ്‍വെട്ടം പുഷ്കിന്റെ ചിത്രങ്ങളെ സമകാലീനമായ അര്‍ത്ഥോല്‍പാദനത്തിലേക്കു തുറന്നു വെയ്ക്കുന്നു. ജീവിതം കൊള്ളയടിക്കപ്പെടുന്നു എന്നും, ഒരു മഞ്ഞ യുദ്ധക്കപ്പല്‍ നീങ്ങിവരുന്നുണ്ടെന്നും,  കലാകാരന്‍ അദൃശ്യ ദിനങ്ങളിലാണ് തന്റെ ഇടം കണ്ടെത്തുന്നത് എന്നും പുഷ്കിന്റെ കല  കാലത്തിന്റെ ഇരുട്ടിനെ കാന്‍വാസില്‍ പിടിച്ചെടുക്കുന്നു. കൊച്ചി കാഷി ആര്‍ട് ഗാലറിയില്‍ 2007ല്‍ നടത്തിയ പുഷ്കിന്റെ ചിത്രപ്രദര്‍ശനം യുദ്ധോന്മുഖതയുടെ വിഹ്വലമായ ഒരു  സന്ധിയില്‍ പണി തീര്‍ത്തവയായിരുന്നു. പുഷ്കിന്റെ കാന്‍വാസുകളില്‍ ആവര്‍ത്തിക്കുന്ന ആകാശത്തിന്റെ ഇമേജ് ചരിത്ര സന്ധിയുടെ കോറിലേറ്റീവ് എന്നോണം ഈ ചിത്രങ്ങളില്‍ ഭാവനിര്‍മ്മാണം നടത്തുന്നു. വിക്ഷുബ്ധമായ സമുദ്രങ്ങളും ഹിംസ പതിയിരിക്കുന്ന സ്വീകരണ മുറികളും  ഈ കാന്‍വാസുകളില്‍ കാലത്തിന്റെ രാഷ്ട്രീയ വിവക്ഷകളായി വികസിക്കുന്നു. തന്റെ കാന്‍വാസുകളില്‍ പുഷ്കിന്‍ ഇടവിട്ടു തീര്‍ക്കുന്ന വര്‍ണ്ണഗ്രിഡുകള്‍ വിഘടിച്ചുപോകുന്ന മനസ്സിന്റെ വിഹ്വലതയെ പ്രതിരോധത്തില്‍ നിര്‍ത്തുന്ന ചിത്രവൈദ്യമാണ്. ബ്രഷ്തേപ്പുകളില്‍ വികാരവിക്ഷോഭങ്ങളെ പുഷ്കിന്‍ ചിറകെട്ടി നിര്‍ത്തിയിരിക്കുന്നു.  
 ഇരുണ്ട പ്രകൃതിയില്‍ ചാരമേഘങ്ങള്‍ മൂടിയ ആകാശത്തിന്റെ വിതാനത്തില്‍, ശരീരത്തെ നാടകീയമായി വളച്ചുവെച്ച് തിരശീല വീശുന്ന മനുഷ്യനെയും (.............; വിമൂകമായ ആകാശത്തിനു ചുവട്ടില്‍ സമുദ്രനീലിമയിലേക്ക് കടന്നെത്തുന്ന ഒരു മിനിമല്‍ ശൈലിയിലുള്ള മഞ്ഞക്കപ്പലിന്റെ രൂപത്തെ അഭിമുഖീകരിച്ച്,  പ്രക്ഷുബന്ധമായ കാലത്തിലേക്ക് തള്ളി നില്‍ക്കുന്ന കടല്‍പ്പാലത്തില്‍ ഇരുന്ന്, കര്‍മ്മോന്മുഖതയില്‍ ജീവിതത്തെ കോര്‍ത്ത്, ശ്രദ്ധയെ ധൈഷണികതയായി വളര്‍ത്തി, മീന്‍ ചൂണ്ടയെറിഞ്ഞ്, കാത്തിരിക്കുന്ന മനുഷ്യന്റെ കൊച്ചുരൂപവും (ദ യെല്ലോ വാര്‍ഷിപ്പ് സെയിലിംങ് ; ദുരന്തം പ്രവചിക്കുന്ന  ആകാശപ്പരപ്പിനു താഴെ മരുപ്പരപ്പില്‍ നീക്കിവെച്ച കമ്പ്യൂട്ടര്‍ ഗഡ്ജറ്റിന്റേയും പിഴുതെറിഞ്ഞ പച്ചപ്പിന്റെയും  രൂപങ്ങളോടൊപ്പം, ഓടിക്കിതച്ചെത്തി വീഴാനൊരുങ്ങുന്ന മനുഷ്യനും (ഫ്രീഡം ഫോര്‍ നത്തിംഗ്; സ്വീകരണമുറിയിലെ തണുപ്പിലും പ്രശാന്തതയിലും മേയുന്ന ഹിംസയുടെ രൂപങ്ങളും, ജാലകത്തിരശീല നീക്കിയെത്തുന്ന യുദ്ധവാഹിനികളും എല്ലാം സംഘര്‍ഷകാലത്തിന്റെ സര്‍റിയല്‍ നാടകശാല തീര്‍ക്കുന്നു.
ഈ പ്രദര്‍ശനത്തിനു ശേഷം പുഷ്കിന്‍ പച്ചയുടെ ലിറിക്കല്‍ സൌന്ദര്യത്തെ ആവിഷ്കരിക്കുന്ന, വേര്‍ഡ്സ്വര്‍ത്തിന്റെ കാവ്യലോകത്തെ ഓര്‍മ്മിപ്പിക്കുന്ന, വീട്ടുമുറ്റത്തെ മത്തനും പപ്പായയും ചിത്രവിഷയമാക്കിയിരുന്നു. ഭൂതകാലത്തിലെ ഭൂമിശാസ്ത്രത്തില്‍ നിന്ന് വര്‍ത്തമാനത്തെ കോണ്‍ക്രീറ്റ് പരപ്പിലേക്ക് ഒരു നൂലിഴ കൊണ്ട് കെട്ടിയ നിര്‍ത്തിയ പപ്പായമരത്തിന്റെ പച്ച ടോണല്‍ ലിറിസസം വിഭിന്നമായ കാലത്തിന്റെ സ്പേസുകള്‍ തമ്മിലുള്ള പാര്സപര്യത്തിലൂടെ സംവദിക്കുന്നു.  
ദില്ലിയില്‍ അടുത്തിടെ നടന്ന പ്രദര്‍ശനത്തിലെ കാന്‍വാസുകള്‍ കൂടുതലായും വൈയക്തികതയോട് ചേര്‍ന്നു നില്‍ക്കുന്ന ലിറിക്കല്‍ ആയ അനുഭവങ്ങളെ ആവിഷ്കരിക്കുന്നു. തന്റെ കലാനിലപാടിന്റെ പ്രഖ്യാപനമെന്നോണമുള്ള ഒരു കാന്‍വാസാണ് ഇളംപച്ച കാന്‍വാസ് മുക്കാലും മൂടുന്ന ഒരു ഉത്തരാധുനിക കലാകാരന്റെ സ്റ്റുഡിയോ എന്ന ചിത്രം. കാന്‍വാസിന്റെ മധ്യത്തില്‍ നിന്ന് മുകളിലേക്കു മാറി പറക്കാന്‍ വെമ്പുന്ന പക്ഷിയും, താഴെ അതിന്റെ മുട്ടയും വലത്തേ മൂലയിലെ മേശപ്പരപ്പില്‍ നിന്ന് ചിന്തുന്ന ചായവും മുകള്‍പ്പരപ്പില്‍ വയലറ്റിന്റെ കട്ടിയുള്ള സ്ട്ര്രോക്കുകളില്‍ തീര്‍ത്ത ആകാശവും എല്ലാം തന്റെ കലാപരമായ നിലപാടിന്റെ ഒരു പ്രഖ്യാപനമാകുമ്പോള്‍ തന്നെ, സ്പെയിസിന്റെയും വര്‍ണത്തിന്റെയും വികസ്വരമായ സൌന്ദര്യാനുഭവം  പ്രക്ഷേപണം ചെയ്യുന്നു. ചരിത്രത്തിന്റെ വര്‍ണം എന്നു പേരിട്ട കാന്‍വാസില്‍, ഒരു ചരിത്രാവശിഷ്ടങ്ങളെ ഓര്‍മ്മിക്കുന്ന ഒരു ഫലകത്തിന്റെ ചിതറിക്കിടക്കുന്ന ശകലങ്ങളെ ബന്ധിച്ച് ശയിക്കുന്ന കറുത്ത വേഴാമ്പല്‍. കാഴ്ചയെപ്പറ്റിയുള്ള ഒരു പ്രസ്താവമായി നിലകൊള്ളുന്ന, നിങ്ങളുടെ കണ്ണുകള്‍ ഇങ്ങിശനയായിരിക്കണം എന്ന ചിത്രംത്തില്‍,  ഒരു ഗാലറി സ്പേസിലെ,  വയലറ്റ് ബോര്‍ഡറിനുള്ളില്‍ ചുറ്റും മുള്ളുകളുള്ള ഒരു കണ്ണ് നിങ്ങളെ തുറിച്ചുനോക്കുന്നു. അതിന്റെ  കൃഷ്ണമണികള്‍ ഒരു റെക്കോര്‍ഡിങ് ഫലകത്തിന്റേതുപോലെ കാന്തികവലയം തീര്‍ക്കുന്നു. മറ്റാരോ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന എന്ന പേരിട്ട ചിത്രം, ഒരു മൊബൈല്‍ ഫോണിന്റെ രൂപത്തെ കാന്‍വാസിന്റെ നേര്‍ത്ത പച്ചയുടെ വിതാനത്തില്‍ ഇടതുഭാഗത്ത് നിറഞ്ഞും, അതില്‍ നിന്ന് പുറപ്പെടുന്ന ഇയര്‍ ഫോണ്‍ വലത്ത് മുകളിലെ മൂലയിലെ ആസ്വാസ്ഥ്യത്തിന്റെ കാഴ്ചയായ മഞ്ഞയുടെ പാരബോളില്‍ ചെന്നുതൊടുകയും ചെയ്യുന്നു. ഒരു സര്‍റിയലിസ്റ്റ് അനുഭവമായി, തുറന്ന സ്പേസില്‍ മേശമേല്‍ കുത്തിനിര്‍ത്തിയ  കണ്ടാമൃഗത്തെ ഷൂട്ട് ചെയ്യുന്ന ക്യാമറയുടെ ദൃശ്യം വംശനാശത്തെക്കുറിച്ചുള്ള നരേറ്റീവ് ആണ്. ചരിത്രാനുഭവത്തെയും വംശനാശത്തെയും കുറിച്ചുള്ള ഭീതി ഈ ചിത്രപരമ്പര പൊതുവായി പങ്കിടുന്ന അനുഭമാണ്. ഉത്തരാധുനികതയുടെ ലോകത്തെ ഇതുവരെ സംശയത്തോടെ സമീപിച്ചിരുന്ന പുഷ്കിന്‍ ഈ പരമ്പരയില്‍ കൂടുതല്‍ വ്യക്തയോടെ തന്റെ കാലത്തെ പേര്‍ ചൊല്ലി വിളിക്കുന്നു. അവിടെ ചരിത്രം വംശനാശം സംഭവിക്കുന്ന വേഴാമ്പലായി ചുറ്റുവട്ടത്ത് മരണത്തിന്റെ നിറം പുരണ്ട് വിശ്രമിക്കുന്നു. കറുപ്പ്, മഞ്ഞ, വയലറ്റ്, ബ്രൌണ്‍ തുടങ്ങിയ വര്‍ണ്ണങ്ങളുടെ ഷെയ്ഡുകള്‍ ഇവിടെ ഭയത്തിന്റെയും വേര്‍പാടിന്റെയും വംശനാശത്തിന്റെയും മതിഭ്രമത്തിന്റെയും സംക്രമണ ഋതുക്കള്‍ തീര്‍ക്കുന്നു. പലപ്പോഴും പച്ചയുടെ ആവര്‍ത്തിക്കുന്ന പശ്ചാദ്വിതാനങ്ങള്‍ അതിജീവിനത്തിന്റേയൂം പ്രത്യാശയുടെയും സ്പേസുകള്‍ തീര്‍ക്കുന്നു. ഭൌതിക വസ്തുക്കള്‍ എങ്കിലും നമ്മുടെ ജീവിതപരിസരത്തു നിന്ന അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വസ്തുക്കളും ഇവിടെ മോട്ടീഫുകളായി വരുന്നു. മുത്തചഛന്റെ കുട, ഉപയോഗം അവസാനിച്ച് കാസറ്റ്, ഉപയോഗിച്ചുപേക്ഷിച്ച ഷൂ, വംശമറ്റു പോകുന്ന ജന്തുജാലം, ഉപേക്ഷിക്കപ്പെടുന്ന ചരിത്രം എന്നിവയാല്‍ നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നു ഈ ചിത്രകാരന്‍. 
ചരിത്രത്തിന്റെ  പുതിയ നിറം കണ്ടെത്താനുള്ള വിദൂരമായ വ്യഗ്രത ഈ പരമ്പരയിലുണ്ട്. വ്യവഹാരാത്മകമായി വേര്‍പ്പെടുന്ന ചരിത്രത്തിന്റെ നഷ്ടാവിശിഷ്ടം കോര്‍ത്തുവെയ്ക്കുന്ന വേഴാമ്പലിനെ ചിത്രീകരിക്കുന്ന ചിത്രം, ഒരു ധൈഷണിക യാഥാര്‍ത്ഥ്യത്തെ പുഷ്കിന്റെ ഭാവന എപ്രകാരം സൌന്ദര്യത്തിന്റെ ചിത്രഭാഷയില്‍ നിന്നുകൊണ്ട് പ്രശ്നവല്‍ക്കരിക്കാന്‍ മുതിരുന്നു എന്നു കാണിക്കുന്നു. കറുത്ത ചരിത്രത്തെക്കുറിച്ചുള്ള ഈ വിവക്ഷകള്‍ക്ക് ഉത്തരാധുനിക കാലത്തെ ധൈഷണികാന്വേഷണങ്ങളുടെ പൊതുപശ്ചാത്തലമുണ്ട്. ഗഹനതയെ, ലാളിത്യത്തിന്റെ സൌന്ദര്യമാനമാക്കി മാറ്റുന്നു ഈ ചിത്രം. ചരിത്രത്തിന്റെ  ദശാസന്ധികളെ പിടിച്ചെടുക്കുന്ന ഈ സൂക്ഷ്ദൃഷ്ടിയാണ് പുഷ്കിന്റെ കലയെ സവിശേഷമാക്കുന്നത്. മൂന്നാലോക കലയുടെ ചലച്ചിത്രകാരന്‍ ഗ്ളോബര്‍ റോഷെ കടന്നു വരുന്ന ഗൊദാര്‍ദിന്റെ ഒരു ചലച്ചിത്രത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച കാന്‍വാസ് കലയുടെ സൌന്ദര്യത്തെയും രാഷ്ട്രീയത്തെയും എന്ന പോലെ ചരിത്രത്തിന്റെ നിറത്തെയും വീണ്ടും അന്വേഷിക്കുന്ന ചിത്രമാണ്. ഒരു ഗര്‍ഭിണിയായ ഒരുപെണ്ണ് ക്യാമറയും തോളിലേന്തി ഒരു വഴിയില്‍ നടന്നു നീങ്ങുന്ന ചിത്രം, കല, രാഷ്ട്രീയം, ചരിത്രം എന്നിവയെ പുഷ്കിന്‍ ഭാവന ചെയ്യുന്നത് എങ്ങിനെയെന്നതു സംബന്ധിച്ച് ഒരു പ്രസ്താവം നടത്തുന്നു. 
സര്‍റിയലിസ്റ്റ്- എക്സ്പ്രഷണലിസ്റ്റ് സങ്കേതങ്ങളുടെ കയ്യൊതുക്കത്തില്‍, തന്റെ ചുറ്റുവട്ടത്തു നിന്ന്  പെറുക്കിയെടുക്കുന്ന മോട്ടീഫുകള്‍ കൊണ്ട്, പുഷ്കിന്‍ നിര്‍മ്മിക്കുന്ന കാന്‍വാസുകള്‍, ആകത്തുകയില്‍ അതിന്റെ സങ്കേതസവിശേഷതയെയും പ്രമേയകാലികതയെയും അതിജീവിച്ച്, ചിത്രതലത്തിലെ സവിശേഷമായ സൌന്ദര്യാനുഭവം തീര്‍ക്കുന്നു. ചിത്രകലയുടെ അര്‍ത്ഥമൂല്യ മണ്ഡലങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട്, പുഷ്കിന്റെ കാന്‍വാസുകള്‍,  ഉന്മേഷദായകമായ പ്രഭാതങ്ങളെയും,  വിഹ്വലമായ പാതിരകളെയും,വിറങ്ങലിച്ചു നില്‍ക്കുന്ന മനുഷ്യാസ്തിത്വത്തെയും, രക്തഛവി പുരണ്ട അസ്തമയങ്ങളെയും നിര്‍മ്മിക്കുന്നു. ഇവ മറ്റൊരു അര്‍ത്ഥവ്യാഖ്യാനവും ആവശ്യമില്ലാത്തവിധം മനുഷ്യാനുഭവങ്ങളോട് സംവദിക്കുന്നു. 
  പുഷ്കിന്റെ എക്സ്പ്രഷണലിസ്റ്റ് സ്ട്രോക്കുകള്‍ ഹൃദയാവേഗങ്ങള്‍ക്ക് ഭയസംക്രാന്തികള്‍ പകരുന്നു. അവ ചിലപ്പോള്‍ അല്‍പം പിന്നോട്ടാഞ്ഞ് നോക്കാന്‍ പ്രേരിപ്പിക്കുന്നു. ഇമ തെറ്റിക്കും വിധം ഫോക്കസുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചലനാത്മകമാകുന്നു. സര്‍റിയലിസവും ഇവിടെ സാങ്കേതികമായ അര്‍ത്ഥത്തേക്കാള്‍ പെയിന്റിങ്ങിന്റെ ഭാവങ്ങത്തെയാകെ ദ്യോതിപ്പിക്കുന്ന ഘടകമാണ്. സങ്കേതം, നിയതാര്‍ത്ഥത്തിലുള്ള വ്യാകരണ-ശൈലികള്‍ എന്നതിനപ്പുറം, ഇവിടെ ജീവിതമുഹൂര്‍ത്തത്തിന്റെ ആനുബന്ധികമായ നിലകൊണ്ട് ചിത്രത്തെ പൂരിപ്പിക്കുന്നു. നിത്യജീവിതത്തില്‍ നാം കണ്ടു മായുന്ന വസ്തുക്കള്‍, നമുക്ക് കൈവിട്ടുപോയ നിമിഷങ്ങള്‍, കാഴ്ചയില്‍ നിന്ന്  ദേശാടനം ചെയ്യുന്ന പക്ഷികള്‍, ജന്തുജാലം, സസ്യപ്രകൃതി, മനുഷ്യജീവിതം....

വെയില്‍ മറയ്ക്കുന്നതിനുള്ള കുട, 
തണുപ്പിനു വേണ്ടിവരുന്ന പുതപ്പ്,
വാതില്‍ വലിച്ചടക്കുന്ന ശബ്ദം, 
രാത്രിയേറെയായിട്ടും ഉണര്‍ന്നിരിക്കുന്ന കാക്കള്‍, 
ദിവസങ്ങളായി പെയ്യുന്ന മഴ,
ചുമരുകളിലും അലങ്കാര വസ്തുക്കളിലും 
എപ്പോഴും തങ്ങിനില്‍ക്കുന്ന തണുപ്പ്,
മഴത്തുള്ളികളെ അതിന്റെ ക്രമീകരണങ്ങളില്‍ നിന്നും 
തെറ്റിച്ചുപോകുന്ന കാറ്റ്, 
ലോഹചക്രങ്ങളില്‍ തിരിഞ്ഞ്
കാലത്തിന്റെ അതിര്‍ത്തികള്‍ താണ്ടുന്ന 
ഒരു ഘടികാരത്തിന്റെ നിമിഷങ്ങളുടെ ഭാരം, 
നനഞ്ഞ ഭക്ഷണപ്പൊതിയുമായി
വാതിലില്‍ മുട്ടുന്ന അച്ഛന്‍
..................................
മതിലില്‍ ഉണങ്ങിക്കിടക്കുന്ന കൂറ്റന്‍ പുതപ്പ്, 
മൈതാനത്തതിനപ്പുറമുള്ള മാവുകള്‍ പൂക്കുന്നത്
നോക്കിനില്‍ക്കുമ്പോള്‍ മഴയുടെ വരവ്, 
കാറ്റില്‍ പറന്നുപോകുന്ന പുതപ്പിന്റെ 
ഭാരവും, നിറവും, മണവും
...................................
കൂട്ടിലടക്കപ്പെട്ട സര്‍പ്പങ്ങള്‍, മത്സ്യങ്ങള്‍, പറവകള്‍, 
വേഴാമ്പലുകള്‍, കോഴികള്‍, കണ്ടാമൃഗങ്ങള്‍, യുവതികള്‍,
തുമ്പികള്‍, തടവുകാര്‍, ആടുകള്‍, തത്തകള്‍, കുട്ടികള്‍,
പ്രാവുകള്‍, വൃദ്ധന്മാര്‍, സിംഹങ്ങള്‍, മനോരോഗികള്‍
ഒട്ടകപക്ഷികള്‍, യുവാക്കള്‍, മയിലുകള്‍
അമ്മമാര്‍, അടര്‍ത്താനാവാത്ത പദങ്ങളെ 
കൂട്ടിച്ചേര്‍ത്ത കവിതള്‍ കൊണ്ടുതീര്‍ത്ത 
പരിഭവിക്കാത്ത സ്നേഹത്തിന്റെ മനസ്സുകള്‍
.........................
നോക്കെത്താ ദൂരത്തില്‍ യാത്രകള്‍ അവസാനിക്കുന്ന
വഴിയെ മൂടുന്ന കോലങ്ങളും, 
തെളിഞ്ഞ വിളിക്കിന്റെ സമൃദ്ധിയില്‍ 
ഒരാള്‍ ഇരിപ്പിടത്തോടൊപ്പം മറിഞ്ഞു വീണ് കിടക്കുന്നതും, 
മേശക്കു മധ്യത്തില്‍ വെച്ച ഒരു ചെടിയിലേക്ക്
വെളിച്ചം എത്തുന്ന വഴികളും....

എന്നിങ്ങനെ വേദനയോടെയുള്ള തന്റെ കാഴ്ചകള്‍ എന്ന് തന്റെ പരിപ്രേക്ഷ്യത്തെ കവിതയിലൊരിടത്ത് പുഷ്കിന്‍ വിളിക്കുന്നു. കാഴ്ചകള്‍  ഇവിടെ കേവലമായ ഒരു ഭൌതിക സത്യമല്ല. പരിപ്രേക്ഷ്യം തന്നെ വികാരത്തിന്റെ വര്‍ണ്ണം പുരണ്ട നിശ്ചിത സംഘാതമാണ്. വസ്തുവിനെക്കുറിച്ച് താന്‍ കണ്ട വികാരസ്പര്‍ശമുള്ള സത്യം കാന്‍വാസില്‍ പകരുമ്പോള്‍ അത് ജൈവിക പ്രതികരണമുള്ള കാലവസ്തുവായിത്തീരുന്നു. നിത്യസാധാരണമായ  കാഴ്ചകളും പുഷ്കിന്റെ കാന്‍വാസില്‍ അപരിചിതവും വിദൂരസ്ഥവുമായ സര്‍റിയല്‍ ഇമേജറിയായി മാറുന്നു. സങ്കേതവും പ്രമേയവും എന്ന പോലെ, വിഷയവും വിഷയിയും ഇവിടെ പരസ്പരം മുറിച്ചുമാറ്റപ്പെട്ട അസ്തിത്വമല്ല പങ്കുവെയ്ക്കുന്നത്. വസ്തുവും വികാരവും തമ്മിലുള്ള ഈ അഭേദ്യം ഒരു പടികൂടി കടന്ന്, ബോധരൂപീകരണ പ്രക്രിയയിലെ ഒരിടനിലയായി അടയാളപ്പെടുന്നുണ്ടെന്ന് പുഷ്കിന്റെ  ദില്ലിയിലെ ഗാലറി എസ്പാസിലെ പ്രദര്‍നത്തെ ക്യൂറേറ്റ് ചെയ്തുകൊണ്ട് ആര്‍ നന്ദകുമാര്‍ പറയുന്നു. 
ബോധരൂപീകരണത്തിന്റെ ഒരതിരിലാണ് പുഷ്കിന്റെ ചിത്രങ്ങള്‍. മിന്നിമായുന്ന വികാരവായ്പും, അവയുടെ മാറിമറിഞ്ഞുപോകുന്ന ഷെയ്ഡുകളും കൊണ്ട് ഈ സര്‍റിയല്‍ ഇമേജറി ദീപ്തമാണ്. ചിന്തയെന്നു വിളിക്കുന്ന, മനസ്സിന്റെ ഉള്ളടക്കവുമായുള്ള പാരസ്പര്യമുള്ള വികാരങ്ങള്‍ രൂപം കൊള്ളുന്നതിനു മുമ്പുള്ള, ബോധാതിരില്‍ വെച്ചാണ് ഈ ഇമേജറി സംഭവിക്കുന്നത്. വികാരങ്ങള്‍ ചിന്തയായി സംക്രമിക്കും മുമ്പുള്ള സംക്രമണദശയെയാണ് ഇവിടെ ഇമേജുകള്‍ സൂചിപ്പിക്കുന്നത്. ആനുഭവിക ലോകത്തിന്റെ ഭൌതിക പൂരകം എന്ന നിലയിലാണ് പുഷ്കിന്റെ പെയിന്റേര്‍ലി പോയറ്റിക്സില്‍ ഇമേജറിക്കുള്ള സ്ഥാനം........  
.......പുഷ്കിന്റെ വിദ്യാര്‍ഥി ജീവിതത്തിനിടയിലെ ആദ്യകാല സൃഷ്ടികളില്‍ മുറുക്കിക്കെട്ടിയ വൈകാരികതയുടെ ആവര്‍ത്തിച്ചുള്ള തിരതള്ളലുണ്ടായിരുന്നു.ഈ അതിവൈകാരികത, വര്‍ഷങ്ങളിലൂടെ, ചിത്രങ്ങളില്‍ നിന്ന് ചിത്രങ്ങളിലേക്ക് വളരുന്നതിനനുസരിച്ച് ഇത് സ്വയം ദൂരം പാലിക്കുന്ന ഒരു ധൈഷണിതയിലേക്ക് ഉരുകി ഒഴിയുന്നതു കാണാം എന്നും നന്ദകുമാര്‍ 2007ലെ കൊച്ചി ആര്‍ട് ഗാലറിയിലെ പുഷ്കിന്റെ പ്രദര്‍ശനത്തെക്കുറിച്ചുള്ള ഉപന്യാസത്തില്‍ എഴുതുന്നു.   
 ഉണര്‍ച്ചക്കു മുമ്പുള്ള  പാതിരാക്കിനാവു പോലെയാണ് പുഷ്കിന്റെ പല ചിത്രങ്ങളും, എന്നാല്‍, പരികല്‍പനാനിഷ്ഠമായ കലക്കും സര്‍റിയല്‍ ഇമേജറിക്കും ഇടയിലെവിടെയോ ആണ് അവ യഥാര്‍ത്ഥ്യത്തില്‍ വെളിപ്പെടുന്നത് എന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു. 
വസ്തുക്കള്‍ പുഷ്കിന്റെ ചിത്രത്തില്‍ വികാരങ്ങളും വേദനകളും നിരാശകളും പ്രത്യാശകളുമുള്ള ഒരു ജൈവ സാന്നിധ്യമാണ്. ഭൌമരാഷ്ട്രീയത്തിന്റെ ഒരു മുദ്രാവാക്യം ഇതിലൂടെ വെളിപ്പെടുന്നുണ്ട്. പുഷ്കിന്റെ ആദ്യകാല ചിത്രങ്ങള്‍ ന്യൂസ്പേപ്പര്‍ ഫോട്ടോഗ്രഫിയോട് പ്രതികരിക്കുന്ന മിനിമല്‍ പെയിന്റിങ്ങുകളുടെ കാന്‍വാസുകളാണ്. ഭൂഖണ്ഡാന്തരമായി സംഭവിക്കുന്ന വംശഹത്യകളും  പട്ടാളബാരക്കുകളുടെ ജനവേട്ടയും പട്ടിണിയും  ഹിംസയും നിഷ്ഠുരമായ കുരുതികളും ചോരയും കണ്ണീരും നിറഞ്ഞ ന്യൂസ് പേപ്പര്‍ ഫോട്ടോഗ്രഫിയുടെ പ്രതിനിധാനത്തോട്് നിറങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന കാന്‍വാസുകള്‍. ഇവിടെ സൌന്ദര്യാനുഭവത്തെയും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെയും മുഖാമുഖം നിര്‍ത്തുന്നു. തന്റെ കലയുടെ കോടക്സ്റ്റ് ഇതാണെന്ന് പുഷ്കിന്‍ അടയാളപ്പെടുത്തുന്നു. രാഷ്ട്രീയത്തെയും സൌന്ദര്യനിര്‍മ്മാണത്തെയും സംബന്ധിച്ച പുഷ്കിന്റെ ഈ കാഴ്ചപ്പാട് ഏറെ ചിത്രങ്ങള്‍ പണിതീര്‍ത്തിട്ടും  ഇന്നും തുടരുന്നതാണ്. 

No comments:

Post a Comment