Sunday, September 2, 2012



അഭിമുഖം


അബുള്‍ കലാം ആസാദ്-പി പി ഷാനവാസ്


ഫോട്ടോഗ്രഫിയുടെ ഇന്ത്യന്‍ ബാല്യം



? ആര്‍ട്ട് ഫോട്ടോഗ്രാഫിയുടെ രംഗത്ത് അബുള്‍ പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തരത്തിലുള്ള പ്രതീക്ഷകളാണുണ്ടായിരുന്നത്. 2011ലെ കലാരംഗം അതില്‍ ഏതെല്ലാം വശങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ട്.

= എല്ലാം തളരുകയാണ് ചെയ്യുന്നത്. നിരാശപ്പെടുത്താതെ ഒന്നും കടന്നുപോകുന്നില്ല. തെക്കേ ഇന്ത്യയില്‍ കലാരംഗത്ത് അടുത്തിടെ ഉണ്ടായ ഉണര്‍വിന്റെ ഫലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുന്ന തരത്തില്‍പോലും, പല നീക്കങ്ങളും അടുത്തിടെ നടന്നിരുന്നു. എന്നാല്‍, ഈ രംഗത്ത് ഉണ്ടായിവരുന്ന കോക്കസുകള്‍ ഇതിനെ വെറുമൊരു സാമ്പത്തിക കാര്യമായി ചുരുക്കി കാണുകയാണ്. ഗ്രൂപ്പുകളായി കോക്കസ് ഉണ്ടാക്കി എല്ലാം വീതിച്ചെടുക്കുക എന്ന പ്രവണതയാണ് അടുത്തകാലത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നത്. കലാകാരന്മാര്‍ തമ്മില്‍ തമ്മില്‍ എന്തോ മിസ്സിങ്ങ് നിലനില്‍ക്കുന്നുണ്ട്. ഒരുപക്ഷേ, മാര്‍ക്കറ്റ് എല്ലാത്തിനെയും ശിഥിലമാക്കുന്നതാവാം. 

ഫോട്ടോഗ്രാഫിയെ  സാമൂഹ്യമാറ്റത്തിനുള്ള മാധ്യമം എന്ന നിലയ്ക്കാണ് ഞാന്‍ തുടക്കംമുതലേ കണ്ടിട്ടുള്ളത്. സാമൂഹിക ഡോക്യുമെന്റേഷന്റെ ധാരണകള്‍, എനിക്ക് ഈ മീഡിയം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. സത്യത്തെ എങ്ങനെ കണ്ടെത്താനാകും എന്ന അന്വേഷണം. കേവലമായ സത്യമില്ല എന്നത് വേറെക്കാര്യം. കലയും സംസ്കാരവും എല്ലാം ഒന്നിച്ചു നില്‍ക്കുകയും, കലാകാരന്മാര്‍ തമ്മില്‍ ഒരര്‍ത്ഥത്തിലുള്ള ഐക്യം സാധ്യമാവുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തെയാണ് ഞാന്‍ ഈ രംഗത്ത് പ്രവേശിക്കുമ്പോള്‍ പ്രതീക്ഷിച്ചുപോന്നിരുന്നത്. 

? അബുള്‍ കഴിഞ്ഞ 25 വര്‍ഷംകൊണ്ട് ഇമേജുകളുടെ ഒരു കൊച്ചുലോകം സൃഷ്ടിച്ചിട്ടുണ്ട്. എന്തെല്ലാം പ്രേരണകളാണ് അത്തരമൊരു ലോകത്തെ സൃഷ്ടിക്കുന്നതിലേക്കു 
നയിച്ചത്. 

= ഞാന്‍ ജീവിച്ച പരിസരംതന്നെ. കേരളത്തെ സംബന്ധിച്ച് ചെറുപ്പംതൊട്ടേ വായിക്കുകയും, സിനിമ കാണുകയും, വ്യക്തികളുമായുള്ള അപൂര്‍വമായ ബന്ധങ്ങളും, വഴി ഉണ്ടാക്കിയെടുത്ത ചില ധാരണകള്‍ എന്നും മനസ്സിലുണ്ടായിരുന്നു. ഈ ആളുകളുമായുള്ള സംഭാഷണങ്ങളും, അവരുടെ ആശയങ്ങളും, പല വ്യത്യസ്ത തരത്തിലും സ്വഭാവത്തിലുമുള്ള ആളുള്‍ തമ്മിലുള്ള ബന്ധങ്ങളുമെല്ലാം, ഒരു നവലോകത്തെ സംബന്ധിച്ച എന്റെ ധാരണകളെ രൂപീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും എഴുപതുകളിലെ യുവത്വത്തിന്റെ സവിശേഷമായ ധിഷണയും വൈകാരികതയും. പിന്നീട് ഡല്‍ഹിയിലെയും ഇന്ത്യയിലെയും ലോകത്തിലെയും വന്‍ നഗരങ്ങളില്‍ പാര്‍ക്കാന്‍ ലഭിച്ച അവസരങ്ങള്‍. ഇതെല്ലാം നിരവധി വിവരങ്ങളും ധാരണകളും എന്നില്‍ രൂഢമൂലമാക്കി. വായനയും വിനോദങ്ങളും. ഇതെല്ലാം സാമൂഹ്യബന്ധങ്ങളില്‍ നിന്നാണ് ഞാന്‍ വികസിപ്പിച്ചെടുത്തത്. 

? ദിനേശ് ബീഡിയുടെ ലേബല്‍ ഇമേജാക്കി താങ്കള്‍ ഒരു ക്യാന്‍വാസ് ചെയ്തിട്ടുണ്ടല്ലോ. എന്തായിരുന്നു അതിലേക്ക് നയിച്ചത്.

= അതിന് ഞാന്‍, പ്രോട്രേറ്റ് ഓഫ് എ കെ ജി എന്നാണ് പേരിട്ടത്. ദിനേശ് ബീഡിയുടെ ഒരു ഇമേജ്. അത് നിരവധി ചരിത്രങ്ങളെ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ ചരിത്രങ്ങള്‍, സമരചരിത്രങ്ങള്‍, തൊഴിലാളികളുടെ അധ്വാനത്തെക്കുറിച്ചുള്ള ഓര്‍മകള്‍. ഇതെല്ലാം നാം വായിച്ചും അറിഞ്ഞും അനുഭവിച്ചും പോന്ന കാര്യങ്ങള്‍ തന്നെ. സ്വാഭാവികമായും ഇടതുപക്ഷ രാഷ്ട്രീയത്തിലുള്ള കേരളീയരുടെ ഇന്‍വോള്‍വ്മെന്റ്, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ സമൂഹവുമായി നാം രൂപപ്പെടുത്തുന്ന ബന്ധങ്ങള്‍ ഇതിലൂടെയെല്ലാം തിരിച്ചറിയുന്ന കാര്യങ്ങളാണ് ഇത്തരം ഇമേജുകളില്‍ കടന്നുവരുന്നത്. 

? കൃഷ്ണപിള്ളയെ പുരോവിതാനത്തില്‍ നിര്‍ത്തി നാരായണഗുരുവിനെ ഫോക്കല്‍ 
പോയിന്റില്‍ പ്രതിഷ്ഠിക്കുന്ന ഒരു ക്യാന്‍വാസ് താങ്കളുടേതായുണ്ടല്ലോ. 

= കൃഷ്ണപിള്ളയോടൊപ്പം ഗാന്ധിജിയും സ്റാലിനും നാരായണഗുരുവും എല്ലാം സന്ധിക്കുന്ന ചിത്രമാണത്. എന്റെ വീട്ടിലെ ഫോട്ടോ ആല്‍ബത്തില്‍ ഇവരെല്ലാം ഉണ്ടായിരുന്നു. ഉപ്പയ്ക്ക് ഇഷ്ടപ്പെട്ട നേതാക്കളാണ് അവരെല്ലാം. അതുകൊണ്ട് അവരുടെ പടങ്ങളെല്ലാം വീട്ടിലെ ഫോട്ടോ ആല്‍ബത്തില്‍ ഉണ്ടായിരുന്നു. കൃഷ്ണപിള്ള, ഗാന്ധിജി, നെഹ്റു, രാജഗോപാലാചാരി ഇതെല്ലാം ഫാമിലി ആല്‍ബത്തില്‍തന്നെ ഉള്ള ഇമേജുകളാണ്. അവരൊക്കെ സ്വന്തം കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ ചെറുപ്പംമുതലേ പരിചയിച്ചുവരുന്ന ആളുകളാണ്. വീട്ടിലെ കലയും രാഷ്ട്രീയവും സാഹിത്യവുമൊക്കെയുള്ള ഈ പശ്ചാത്തലമാണ് ഇത്തരം ഇമേജുകളുടെ നിര്‍മാണത്തിലേക്ക് നയിച്ചത്. 

? ലണ്ടനിലെ പഠനകാലം കഴിഞ്ഞ് തിരിച്ചുവന്ന അബുള്‍, കൊടുങ്ങല്ലൂരിലെ ഭരണി ഉത്സവത്തിലെ ഇമേജുകള്‍ പുനഃസൃഷ്ടിക്കുന്ന ഏറെ ശ്രദ്ധേയമായ ക്യാന്‍വാസുകള്‍ നിര്‍മിക്കുകയുണ്ടായി. എന്തുകൊണ്ടാണ് കേരളത്തില്‍ തിരിച്ചെത്തി അടിയന്തരമായി അത്തരമൊരു പ്രമേയം ഫോട്ടോഗ്രഫിക്കായി തെരഞ്ഞെടുത്തത്. 

= അതുവരെ വളരെ പാശ്ചാത്യമായ പരിപ്രേക്ഷ്യത്തിലുള്ള ഇമേജറികളുടെ ലോകത്തിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വന്തം വേരുകളിലേക്ക് എങ്ങനെ മടങ്ങാം എന്ന ആലോചന എന്നിലുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് കൊടുങ്ങല്ലൂര്‍ പ്രമേയമാകുന്നത്. സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് നമുക്ക് എങ്ങനെ തിരിച്ചുചെല്ലാം എന്ന അന്വേഷണം. നമുക്കുമേല്‍ കെട്ടിവച്ച പല അടരുകള്‍ക്കും അപ്പുറത്തെ യാഥാര്‍ഥ്യങ്ങളിലേക്ക് എങ്ങനെ പ്രവേശിക്കാം എന്ന ആലോചന. ഒരു പ്രീ ഹിന്ദു, നോണ്‍ ബ്രാഹ്മണിക് ആയ, വളരെ പ്രാദേശികമായ ആശയങ്ങള്‍ എവിടെയാണ് എന്നുള്ള എന്റെ അന്വേഷണം. അതിന്റെ ഭാഗമായാണ് ബ്ളാക്ക് മദറിലേക്ക് ഞാന്‍ എത്തുന്നത്. അതൊരു തിരിച്ചുവരവാണ്. ഇരുപതോളം കൊല്ലങ്ങള്‍ പല സ്ഥലങ്ങളിലും ജീവിച്ച് കൊച്ചിയില്‍ തിരിച്ചെത്തുമ്പോഴാണ് ഈ വര്‍ക്കിലേക്ക് ഞാന്‍ കടക്കുന്നത്. സ്വന്തം വേരുകളിലേക്ക് തിരിച്ചുവരാനുള്ള ഒരു ആശയം മാത്രമായിരുന്നു അത്. ഡല്‍ഹിപോലുള്ള വളരെ ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകളും അസംബന്ധങ്ങളും നിറഞ്ഞ ഒരു ലോകത്തുനിനുള്ള വിട്ടുപോരല്‍. തിരിച്ചുവന്ന് എവിടേക്കും പോകാന്‍ കഴിയാത്ത സ്ഥിതി. ഒരര്‍ത്ഥത്തിലുള്ള അജ്ഞാതവാസം. അതുവരെയുള്ള സുഹൃത്തുക്കള്‍ക്കുപോലും എന്റെ മേല്‍വിലാസമറിയാത്ത കുറെ വര്‍ഷങ്ങള്‍. മട്ടാഞ്ചേരിയില്‍ പത്ത് വര്‍ഷത്തെ ഒറ്റക്കാലിലുള്ള തപസ്സ,് ഒരു മാസ്സീവ് ബോഡി ഓഫ് വര്‍ക്ക് സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുകയായിരുന്നു. ഇത് വല്ലാത്ത നിലയിലുള്ള വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഡല്‍ഹിപോലുള്ള, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള പ്രദേശങ്ങളില്‍ മാറിനിന്ന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് വ്യത്യസ്തമായ ഒന്നാണ്. തീര്‍ച്ചയായും പുറത്തുള്ള ജീവിതം സ്വന്തം പ്രാദേശികതയെ കൂടുതല്‍ അറിയാന്‍ സഹായിച്ചിട്ടുണ്ട്. പ്രബുദ്ധ ദാസിന്റെയും പ്രബിറായിയുടെയും ഫോട്ടോ ഇമേജുകളുടെ ലോകം, റാം റഹ്മാന്റെ കൂടെയുള്ള ഇടപെടലുകള്‍, എല്ലാം ഇന്ത്യന്‍ ഫോട്ടോഗ്രഫിയെ അടുത്തറിയാനും, അതിന്റെ ഭാവിയെ മനസ്സിലാക്കാനും സഹായിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫി ഒരു കലയാണോ എന്ന ചോദ്യമുണ്ട്. പെയിന്റിങ്ങിനെ പോലെയും ശില്‍പകലയെ പോലെയും അത് ആര്‍ട്ടാണോ എന്ന് ചോദിക്കുന്ന പലരുമുണ്ട്. കേരളത്തില്‍ തിരിച്ചെത്തി വളരെ പരിമിതമായ സാഹചര്യങ്ങളില്‍നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍, ഡല്‍ഹി പോലെയോ ലണ്ടന്‍പോലെയോ ഉള്ള ഒരു സ്ഥലത്ത് നടത്തുന്ന ഇടപാടുകളെപ്പോലെയല്ല. മിനിമം സൌകര്യങ്ങളില്‍ പണിയെടുത്തു തുടങ്ങിയാല്‍ പിന്നെ അതിലും താഴേക്ക് പോകേണ്ടതില്ലല്ലോ എന്ന ഒരു സ്ഥിതി നമുക്ക് ഇങ്ങനെ വന്നുചേരും. 

? യൂറോപ്പിലെ പഠനാനുഭവങ്ങള്‍ താങ്കളുടെ ഫോട്ടോഗ്രഫിയെ ഏതെല്ലാം നിലയില്‍ മാറ്റിത്തീര്‍ത്തു. 

= ഫ്രാന്‍സിലാണ് ഞാന്‍ ആദ്യമായി പഠനത്തിനായി പോകുന്നത്. ലണ്ടനിലും ന്യൂയോര്‍ക്കിലും എല്ലാം ഈ മീഡിയത്തെ എങ്ങനെയാണ് ജനങ്ങള്‍ കാണുന്നത് എന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു. ഫോട്ടോ ഇമേജിനെ എങ്ങനെ നോക്കിക്കാണാം എന്നത് അവിടുന്ന് ലഭിച്ച വലിയ ഒരു ഉള്‍ക്കാഴ്ചയായിരുന്നു. അവിടെ പോകുമ്പോള്‍ ഞാന്‍ പിടിഎയിലെ ഒരു ഫുള്‍ ഗ്രോണ്‍ ഫോട്ടോഗ്രാഫര്‍ ആണെന്നോര്‍ക്കണം. ഇന്ത്യയിലെ പല ദേശീയ പത്രങ്ങളിലും ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് യൂറോപ്പില്‍ എത്തുന്നത്. ജേര്‍ണലിസത്തിന്റെ കാലത്ത് ഫോട്ടോഗ്രാഫിനെ ഒരു ഡോക്യുമെന്റ് എന്ന നിലയിലാണ് കണ്ടിരുന്നത്. ചരിത്രരേഖ എന്ന നിലയില്‍. എന്നാല്‍, ലണ്ടനില്‍ എത്തുമ്പോള്‍ ആ കാഴ്ച തീര്‍ത്തും മാറിത്തീരുന്നു. പിന്നെ അവിടന്ന് പഠിച്ച പ്രിന്റിങ് ടെക്നോളജിയെ കുറിച്ചുള്ള സാങ്കേതികമായ അറിവുകള്‍. കോമ്പോസിഷന്റെ രീതികളും സമ്പ്രദായങ്ങളും. 
നാട്ടില്‍നിന്ന് ഞാന്‍ പഠിച്ച പാഠങ്ങളൊന്നും ഉത്തരേന്ത്യയിലോ യൂറോപ്പിലോ പ്രയോഗിക്കാന്‍ പറ്റുന്നതായിരുന്നില്ല. യഥാര്‍ഥത്തില്‍ എന്റെ വര്‍ക്കിന്റെ ക്വാളിറ്റി കൊണ്ടും ശക്തികൊണ്ടുമാണ് ഞാന്‍ അവിടെയെല്ലാം പിടിച്ചുനിന്നത്. അറബി മീഡിയത്തില്‍ പഠിച്ച എന്റെ പ്രാഥമിക വിദ്യാഭ്യാസകാലം, ഇംഗ്ളീഷിനെക്കുറിച്ച് ഒന്നും അറിയാത്തതായിരുന്നു. അതുകൊണ്ടുതന്നെ വാക്കുകള്‍ കൊണ്ടുള്ള ആശയവിനിമയം ഒരര്‍ഥത്തില്‍ പൂര്‍ണമായും ആദ്യകാലത്ത് അവിടെയൊന്നും സാധ്യമായിരുന്നില്ല. അതിനാല്‍ ഒന്നും മിണ്ടാതിരിക്കാം. ഫോട്ടോ എടുത്താല്‍ മാത്രം മതി. ഡൂം സ്കൂളില്‍ പഠിച്ച പാബ്ളോയും മറ്റുമെല്ലാം അവിടെയുണ്ടായിരുന്നു. എന്നാല്‍, സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് ഒന്നും പഠിക്കാത്തവന്റെ ഗുണം എനിക്കുണ്ട്. വാക്കുകളുടെ സ്പെല്ലിങ് പോലും അറിയാതെ ദൃശ്യങ്ങളുടെ ലോകത്തെമാത്രം ആശ്രയിച്ച കാലമായിരുന്നു അത്. 

? കലയും മൂലധനവും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെക്കുറിച്ച് എന്തു പറയുന്നു.

= കലാപ്രവര്‍ത്തനത്തിന് എന്നും സാമ്പത്തികശക്തികളുമായി പാരസ്പര്യം പുലര്‍ത്തേണ്ടതായി വന്നിട്ടുണ്ട്. മൂലധനവുമായി ഏറ്റുമുട്ടിക്കൊണ്ടേ എല്ലാക്കാലത്തും കലാപ്രവര്‍ത്തനം നടന്നിട്ടുള്ളൂ. കലയ്ക്ക്  ഫാസിസ്റുകളുടെയും രക്ഷാകര്‍തൃത്വം ലഭിച്ചിട്ടുണ്ട്. പണമുള്ളതുകൊണ്ടാണ് കലാസൃഷ്ടികള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്നതുതന്നെ. രാജാക്കന്മാരുടെ കാലത്തായാലും ഇതുതന്നെ സ്ഥിതി. മഹാബലിപുരം പോലെയുള്ള ഒരിടം രാജാവ് നേരിട്ട് മുന്‍കൈ എടുത്ത് സൃഷ്ടിച്ച ഒന്നാണ്. നമ്മുടെ ചോള വെങ്കല ശില്‍പങ്ങള്‍ക്കും പല്ലവ ശില്‍പങ്ങള്‍ക്കുമൊക്കെ, പിക്കാസോയേക്കാള്‍ കൂടുതല്‍ വില കിട്ടും. ബാഗ്ദാദ് മ്യൂസിയം അധിനിവേശ പട്ടാളം അടിച്ചുപൊളിച്ച് അവിടെയുള്ള അത്യപൂര്‍വമായ  കലാസൃഷ്ടികളും ചരിത്രവസ്തുക്കളും കടത്തിക്കൊണ്ടുപോയി. യുദ്ധസമയത്ത് ഇപ്രകാരം ന്യൂയോര്‍ക്കിലും ലണ്ടനിലുമെല്ലാം ഇത്തരം കലാസൃഷ്ടികളുടെ ലേലങ്ങള്‍ പെരുകിയത് ശ്രദ്ധേയമായ സംഗതിയാണ്. ഇന്ന് ന്യൂയോര്‍ക്കിലും ലണ്ടനിലുമെല്ലാമുള്ള മ്യൂസിയങ്ങളിലെ കലാസൃഷ്ടികളെല്ലാം മോഷ്ടിച്ച മുതലുകളാണ് എന്ന കാര്യം മറക്കരുത്. അതെല്ലാം ആരുടേതാണെന്ന് ആ ജനത തിരിച്ചറിയുമ്പോള്‍, അതെല്ലാം അവര്‍ക്ക് തിരിച്ചുകൊടുക്കേണ്ടിവരും. ഇപ്രകാരം മ്യൂസിയങ്ങള്‍ സൃഷ്ടിച്ച് അന്യനാടുകളിലെപ്പോലും അത്യപൂര്‍വമായ കലാസൃഷ്ടികള്‍ കള്ളമുതലാണെങ്കിലും, അവ സ്വന്തമാക്കി വയ്ക്കാന്‍ മൂലധനത്തിന്റെ ശക്തിയാണ് അവര്‍ക്ക് കരുത്തേകുന്നത് എന്നത് ഒരു വാസ്തവം മാത്രമാണ്. 
എന്നെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള സംരക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അത്തരം രക്ഷാകര്‍തൃത്വങ്ങള്‍ വച്ചുനീട്ടുന്ന സൌജന്യങ്ങളോട് ഞാന്‍ ഒരു തരത്തിലുള്ള പ്രതിരോധം വളര്‍ത്തിയെടുത്തിട്ടുണ്ട്. അതൊന്നും അറിയാഞ്ഞിട്ടല്ല. അക്കാദമികളുണ്ട്, ഗവണ്‍മെന്റ് സ്ഥാപനങ്ങളുണ്ട്. അതിലൊന്നും എന്തുകൊണ്ടോ പോയി ചാടാന്‍ കഴിഞ്ഞിട്ടില്ല. അതിലെല്ലാം ആര്‍ക്കുവേണമെങ്കിലും ചെന്നുകയറാം. 

നിങ്ങളുടെ ഫോട്ടോ ഇമേജുകളുടെയും കാന്‍വാസ് പ്രിന്റുകളുടെയും പൊതുസ്വഭാവം വിശദമാക്കാമോ?

എന്റെ സൃഷ്ടികളുടെ ഭൂരിഭാഗവും ബ്ളാക്ക് & വൈറ്റില്‍ ഉള്ളതാണ്. കളറിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ സ്വാഭാവികമായും അവയുടെ ഭാഗമാണ്. വിരുദ്ധമെന്ന് തോന്നുന്ന ഇമേജുകളെ ജെക്സ്റാപോസ് ചെയ്ത്, കേന്ദ്രങ്ങളെ വികേന്ദ്രീകരിച്ചുള്ള ഒരു ശൈലിയാണ് ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്. എന്നാല്‍, വര്‍ണ്ണത്തിന് അതിന്റേതായ ഭാഷയുണ്ട്. അതിന്റേതായ സാധ്യതകളുണ്ട്. അതിനാല്‍ തന്നെ ഞാന്‍ ഇപ്പോള്‍ വര്‍ണ്ണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു. അത് ഒരര്‍ഥത്തിലുള്ള ഷിഫ്റ്റാണ്. കാരണം നിറങ്ങള്‍ക്ക് എപ്പോഴും ഇല്യൂസ്വീവ് ആയ ഒരു സ്വഭാവമുണ്ട്. മായികത അതില്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ്. നിറം ഒരു യാഥാര്‍ഥ്യത്തില്‍നിന്ന് അകലെയാണ്. മോണോക്രേമാറ്റിക്കായി വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള വര്‍ക്കുകളില്‍ ഇത്തരത്തിലുള്ള മായികത കുറവാണ്. അത് ഇല്ല എന്നുതന്നെ പറയാം. അത് കറുപ്പും വെളുപ്പുമാണ്. യഥാര്‍ത്ഥത്തില്‍ കറുപ്പ് എന്നതുതന്നെ വെളിച്ചത്തിന്റെ ഒരു ഡാര്‍ക്കര്‍ പോര്‍ഷന്‍ മാത്രമാണ്. അങ്ങനെവരുമ്പോള്‍ അതില്‍ വെളിച്ചം മാത്രമേ വരുന്നുള്ളൂ. അതിന്റെ ഏറ്റക്കുറച്ചിലുകള്‍. വേറെ നിറങ്ങളൊന്നും അതില്‍ ഉള്‍പ്പെടുന്നില്ല. വെളിച്ചവും ഇരുട്ടും മാത്രം. 
തീര്‍ച്ചയായും ഫോട്ടോഗ്രഫി ഒരു സാങ്കേതിക കലയാണ്. ആയിരം കൊല്ലത്തെ മനുഷ്യന്റെ സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ചരിത്രം അതിനുപിന്നിലുണ്ട്. അതൊരു ജനാധിപത്യ സ്വഭാവമുള്ള മാധ്യമം ആണ്. ഇന്ന് കളിപ്പാട്ടമാണ് ഒരു ക്യാമറ. അത് ഇന്ന് എല്ലാവരുടെ കൈയിലുമുണ്ട്. കോടാനുകോടി ഇമേജുകളാണ് ഓരോ ദിവസവും ലോകത്ത് കുമിഞ്ഞുകൂടുന്നത്. എന്തിനാണ് ഇത്രയധികം ഇമേജുകള്‍? കഴിഞ്ഞ 25 കൊല്ലമായി ഈ മേഖലയില്‍ വളരെ വ്യത്യസ്തമായ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം, പുതിയ ഒരു ദൃശ്യം പകര്‍ത്തണമോ എന്ന ആശങ്കയിലാണ് ഞാന്‍. ഞാന്‍ എടുത്ത ഇമേജുകളെ തന്നെ താലോലിച്ചുകൊണ്ട് കാലം കഴിക്കാനാണ് എനിക്കിപ്പോള്‍ താല്‍പര്യം. അവയെ സൃഷ്ടിച്ചും പുനഃസൃഷ്ടിച്ചും പുനരുപയോഗിച്ചും പുതിയ ഇമേജുകള്‍ സൃഷ്ടിക്കുക. ഇന്ന് ഫോട്ടോഗ്രഫി ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന വിഷയമാണ്. അത് എങ്ങനെയും ഉപയോഗിക്കാം. അതില്‍ എന്തും സൃഷ്ടിക്കാം. ഫോട്ടോഷോപ്പില്‍ ഇന്ന് ഇമേജുകളെ ഏതു രൂപത്തിലും മാനിപുലേറ്റ് ചെയ്യാം. എന്തുചെയ്താലും ഇന്ന് ആളുകള്‍ കരുതുക അത് ഫോട്ടോഷോപ്പില്‍ മാനിപുലേറ്റ് ചെയ്യപ്പെട്ടതാണെന്നാണ്. പഴയപോലെ ഒരു ഫോട്ടോ എടുത്ത് അതിന്റെ നെഗറ്റീവ് ഉണ്ടാക്കി അത് പ്രിന്റ് ചെയ്ത് ഫോട്ടോ ഇമേജുകളാക്കി മാറ്റുന്ന കാലമല്ല ഇന്ന്. അക്കാലത്ത് അത് കാശുചെലവുള്ള പണിയായിരുന്നു. അതിന് ശാസ്ത്രബോധവും സാങ്കേതികവിദ്യയിലെ അറിവും എല്ലാം വേണം. അതിനാല്‍തന്നെ അത് പണക്കാരുടെ മാത്രം ഒരു വിനോദോപാധി ആയിരുന്നു. ഇന്ന് വളരെ മനോഹരമായ ഇമേജുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാം. ശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെ ഈ മീഡിയം ഏറെ വളര്‍ന്നു. 
“കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തെപ്പറ്റി “ബ്ളാക്ക് മദര്‍ കാന്‍വാസുകള്‍ പ്രിന്റുകള്‍ ഞാന്‍ ചെയ്യുമ്പോഴെല്ലാം വളരെ പ്രയാസപ്പെട്ടാണ് ആ ഇമേജുകളിലേക്ക് എത്തിയത്. കളറിനെ കണ്‍ട്രോള്‍ ചെയ്യാനും, മോണോക്രാമാറ്റിക്ക് ആയ വര്‍ണ്ണാനുഭവത്തിലേക്ക് എത്തിച്ചേരാനും ഏറെ പ്രയാസപ്പെടേണ്ടിവന്നു. പഴയ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ അത് എവിടെയും തട്ടാനും മുട്ടാനും ഒന്നും പാടില്ല. അത് അതിന്റെ ലോജിസ്റിക് ആയിട്ടുള്ള പ്രശ്നമായിരുന്നു. ഞാന്‍ ഷൂട്ട് ചെയ്യുന്നത് ഒരേ നിലയില്‍ നിന്നാണ്. മുകളില്‍നിന്ന് താഴേക്കോ താഴെ നിന്ന് മുകളിലേക്കോ അല്ല എന്റെ ആങ്കിളുകള്‍. നേരിട്ടാണ്. ഷൂട്ട് ചെയ്യുന്ന സംഭവത്തില്‍ ഞാന്‍ നേരിട്ട് പങ്കാളിയാവുകയാണ്. കൊടുങ്ങല്ലൂരിലെ ഭരണി ഞാന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ചൂഴ്ന്നുനിന്ന ഭക്തിയുടെ അന്തരീക്ഷത്തോട് ഞാന്‍ സ്വയം താദാത്മ്യപ്പെടുകയായിരുന്നു. അവര്‍ അനുഭവിക്കുന്ന മാനസികനിലയുടെ അതേ അനുഭവത്തില്‍നിന്നാണ് ഞാന്‍ ഷൂട്ട് നടത്തിയത്. 
മനുഷ്യനെ ഉപേക്ഷിച്ചുകൊണ്ടല്ല ഞാന്‍ എന്റെ ഫോട്ടോഗ്രാഫിന്റെ സ്പേസും പ്ളേസ്മെന്റും കോമ്പോസിഷനും നിര്‍മിക്കുന്നത്. സാധാരണ ഫോട്ടോഗ്രാഫുകളില്‍ മനുഷ്യന്‍ ചുറ്റുവട്ടത്തിന്റെ ആഴവും വലിപ്പവും കാണിക്കാനുള്ള വെറുമൊരു ഉപകരണമായാണ് പ്രത്യക്ഷപ്പെടാറ്. 1996ല്‍, ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട് ആറു വര്‍ഷത്തിനുശേഷം ഞാന്‍ ചെയ്ത ഡിവൈന്‍ ഫാക്കേഡ് അല്ലെങ്കില്‍ വിശുദ്ധ പൂമുഖങ്ങള്‍ എന്ന എന്റെ കാന്‍വാസ് പ്രിന്റുകള്‍, ഇത്തരത്തില്‍ ചരിത്രസ്മാരകങ്ങള്‍ക്ക് മുന്നില്‍ മനുഷ്യനെ പ്രതിഷ്ഠിച്ച് നിര്‍മിച്ച ക്യാന്‍വാസുകളാണ്്. മനുഷ്യനെ ഉപേക്ഷിച്ച് നമുക്ക് നില്‍ക്കാന്‍ പറ്റില്ല. ആ ക്യാന്‍വാസുകളില്‍ നമ്മുടെ ചുറ്റുപാടുകളില്‍ നഷ്ടമാകുന്ന ശാന്തിയെ പുനഃസൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഹിംസയെ എങ്ങനെ ഇല്ലായ്മചെയ്ത് ശാന്തിയുടെ സ്പേസുകള്‍ നിര്‍മിക്കാം എന്നാണ് ഞാന്‍ അതില്‍ ശ്രമിച്ചിട്ടുണ്ടായിരുന്നത്. 
നാം ജനങ്ങള്‍ക്ക്~ഒന്നും പറഞ്ഞുകൊടുക്കേണ്ടതായില്ല. കാഴ്ചയിലൂടെ എല്ലാം മനസ്സിലായിക്കൊള്ളും. ഒന്നും ഊന്നുകയോ പെരുപ്പിച്ചു കാണിക്കുകയോ ചെയ്യേണ്ടതില്ല. നാം പറയുന്ന കാര്യങ്ങള്‍ നേരിട്ട് അനുഭവവേദ്യമാകുന്ന രൂപത്തില്‍ മുന്നില്‍കൊണ്ട് നിര്‍ത്തിയാല്‍ മതി. ചോദ്യം, ഉത്തരം എന്ന രൂപങ്ങള്‍ ആവശ്യമില്ല. ചോദ്യത്തില്‍തന്നെ ഉത്തരങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. 
സഹ്മത്തിന്റെ പ്രവര്‍ത്തനങ്ങളുമായുള്ള അടുപ്പം ഡല്‍ഹിയിലെ ഇടതുപക്ഷ ബുദ്ധിജീവികളുമായുള്ള സാമീപ്യങ്ങള്‍, കെ എന്‍ പണിക്കരെപ്പോലെയും ഇര്‍ഫാന്‍ ഹബീബിനെപ്പോലെയും പ്രഭാത് പട്നായിക്കിനെപ്പോലെയും ഒക്കെയുള്ള ആളുകളുമായി സ്വതന്ത്രമായി ഇടപഴകാനുമൊക്കെ ലഭിച്ച അവസരങ്ങള്‍ എല്ലാം, എന്റെ വര്‍ക്കുകളുടെ ശക്തിയായി തീര്‍ന്നിട്ടുണ്ട്. എന്റെ ഏറ്റവും പുതിയ ക്യാന്‍വാസുകള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ്. മദ്രാസില്‍ പോയപ്പോള്‍ കണ്ട ഒരു കൂട്ടുകാരന്റെ ജീവിതം.
 എല്ലായിടത്തും ഇന്ന് വയലന്‍സ് നിറഞ്ഞാടുകയാണ്. അമ്മയെ തലയറുത്ത് കൊല്ലുക, അച്ഛന്‍ മകളെ ബലാത്സംഗം ചെയ്യുക, ഇങ്ങനെ ടെറര്‍ എല്ലായിടത്തും ഒരു വെല്ലുവിളിയായി ജീവിതത്തെ തുറിച്ചുനോക്കുകയാണ്. മതസംഘടനകള്‍ അന്യോന്യം കൊലവിളി നടത്തുന്നു. ഇത്തരം ഒരു സാമൂഹികാന്തരീക്ഷത്തില്‍ വ്യക്തിജീവിതം നയിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. എല്ലാത്തിനെയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ജാതിവല്‍ക്കരിക്കപ്പെടുകയും മതവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സന്തോഷം എന്നത് അകലെ എവിടെയോ ഉള്ള കാര്യമാണ്. എല്ലായിടത്തും ചോദ്യം ചെയ്യലുകള്‍ മാത്രം. ഉത്തരം പറഞ്ഞ് നാം മടുത്തുപോകും. 

താങ്കള്‍ ചാവു കടലില്‍ നിന്നുള്ള ഒരു കല്ല് ഇമേജാക്കി ഒരു വര്‍ക്ക് ചെയ്തിട്ടുണ്ടോ? എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്?

ഒരു കല്ലിന് പല കഥയും പറയാനുണ്ടാവും. അത് ഒരു റഫറന്‍സ് ആണ്. അത് ചില മനസ്സുകളാകാം. അത് നാരായണഗുരു പ്രതിഷ്ഠിച്ച കല്ലാകാം. പലസ്തീന്‍ പോരാളികള്‍ക്കൊപ്പം എഡ്വേര്‍ഡ് സെയ്ദ് എറിഞ്ഞ കല്ലാകാം. കല്ലിന്റെ ഒരു കാഴ്ച ഇത്തരം പല ഓര്‍മ്മകളും ഉണര്‍ത്തിയേക്കാം. പല വികാരങ്ങള്‍ ജെനറേറ്റ് ചെയ്യിച്ചേക്കാം. ചാവുകടലില്‍ നിന്നും ഗംഗയില്‍ നിന്നും ഒക്കെയുള്ള കല്ലുകള്‍ കൊണ്ടും നമുക്ക് കലാപ്രവര്‍ത്തനം നടത്താം. 

കലക്ക് മന്ത്രമാരണത്തിന്റെ ചില സ്വഭാവമുണ്ടെന്ന് ചിത്രകലയെക്കുറിച്ച് പറഞ്ഞപ്പോള്‍ വാള്‍ട്ടര്‍ ബഞ്ചമിന്‍ സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ പ്രാദേശിക ജീവിതത്തിലുള്ള ചില വിശ്വാസങ്ങളോടനുബന്ധിച്ച് ചില കാര്യങ്ങള്‍ താങ്കള്‍ സ്വന്തം വര്‍ക്കില്‍ പരീക്ഷിച്ചിട്ടുണ്ട് എന്നു പറയുകയുണ്ടായി. രോഗ ചികിത്സക്ക് മന്ത്രലിപികള്‍ എഴുതിക്കൊടുക്കുന്ന പഴയ ചികിത്സാരികളുടെ രീതികള്‍. ഇത്തരം ഇസ്മിന്റെ പണിയാണോ കലാപ്രവര്‍ത്തനം? സാമൂഹിക ചികിത്സയുടെയും സ്വയം ചികിത്സയുടേയും ഭാഗമായാണോ താങ്കള്‍ ഇത് ചെയ്യുന്നത്?

തീര്‍ച്ചയായും. അത്തരം ഒരു ഷോ ചെയ്യണമെന്നുണ്ട്. വസിയെഴുത്ത്. കൊച്ചിയിലെല്ലാം അങ്ങിനെയൊരു പ്രാക്ടീസ് നിലവിലുണ്ടായിരുന്നു. വസിയെഴുതുന്ന സമ്പ്രദായം. ഇത്തരം കാര്യങ്ങള്‍ കലയില്‍ കൊണ്ടുവരുമ്പോള്‍ അത് സ്വയം ചികിത്സയും സമൂഹ ചികിത്സയുമാണ്. ഇത്തരം കാര്യങ്ങള്‍ കലയില്‍ കൊണ്ടു വരുമ്പോള്‍ അത് വിശ്വാസികള്‍ക്ക് എന്തെങ്കിലും പ്രശ്നമാകും എന്നു വിചാരിച്ചാണ് അതു ചെയ്യാന്‍ മടിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം പല കാര്യങ്ങളും പല സെന്‍സേഷനുകളും ഉണ്ടാക്കിയിട്ടുണ്ട്. അങ്ങിനെ ചെയ്യുമ്പോള്‍ അതില്‍ ഒരു അഞ്ഞൂറു പേര്‍ ചാവുക. ഫോട്ടോ നശിപ്പിക്കുക. പെയിന്‍ിങ് കത്തിക്കുക. അതിനൊന്നും എന്റെ കല ഇടയാകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. സമയമാകുമ്പോള്‍ അത്തരം വര്‍ക്കുകള്‍ ചെയ്യാം എന്നു കരുതുകയേ ഇന്ന് നിവൃത്തിയുള്ളൂ. കുട്ടിക്കാലം തൊട്ട് നാം കണ്ടു പരിചയിച്ച ഇത്തരം പ്രാക്ടീസുകളില്‍ നിന്ന് ഒരു പാട് വിഷ്വല്‍സ് ഉണ്ടാക്കാന്‍ പറ്റും.

യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കാന്‍ ഡോക്യുമെന്റ് ചെയ്യാനും ഫോട്ടോഗ്രഫി കൂടുതല്‍ ശക്തിയുള്ള ഒരു മാധ്യമമായി മനസ്സിലാക്കപ്പെട്ടിട്ടുണ്ടല്ലോ....

യാഥാര്‍ത്ഥ്യം എന്നത് പലപ്പോഴും കബളിക്കപ്പെടുന്ന ഒന്നാണ്. ഒരടിക്കുറിപ്പുകൊണ്ട് പലപ്പോഴും അര്‍ത്ഥങ്ങള്‍ തന്നെ മാറാം. ബംഗാള്‍ ക്ഷാമകാലത്ത് എടുത്ത പടങ്ങള്‍ക്കു തലവാചകമായി വൃദ്ധര്‍ എന്നെഴുതിയപ്പോള്‍ ആ ഫോട്ടോഗ്രാഫുകളുടെ അര്‍ത്ഥം തന്നെ മാറി. നാം എല്ലാം കണ്ടു പരിചയിച്ച വിയത്നാം യുദ്ധത്തിന്റെ മനുഷ്യവിഹീനത ചിത്രീകരിക്കപ്പെട്ട നഗ്നയായി ഓടുന്ന പെണ്‍കുട്ടിയുടെ പ്രസിദ്ധമായ ചിത്രം പ്ളാന്‍ ചെയ്ത് എടുത്തതായിരുന്നു. വിയറ്റ്നാം യുദ്ധത്തിനെതിരായി വലിയ വികാരങ്ങള്‍ അഴിച്ചുവിട്ട ഒരു ഫോട്ടോഗ്രാഫ് ആയിരുന്നു അത്.  

















താങ്കളുടെ ഏതാനും കാന്‍വാസുകള്‍ ലണ്ടനില്‍ അടുത്തിടെ നടന്ന ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. താങ്കളെ ആ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍ എന്നു വിളിക്കുന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

ഞാന്‍ പറഞ്ഞിട്ടല്ല അത്തരം ഒരു പ്രതിനിധാനം ഉണ്ടാകുന്നത്. ഇന്ത്യന്‍ ഫോട്ടോഗ്രഫിക്ക് അതു കണ്ടുപിടിച്ച കാലം മുതല്‍ തന്നെയുള്ള ചരിത്രമുണ്ട്. പല ആദ്യകാല വിദേശ ഫോട്ടോഗ്രാഫര്‍മാരും ഇന്ത്യയില്‍ കറങ്ങിക്കൊണ്ടിരുന്നു. യൂറോപ്പില്‍ ഫോട്ടോഗ്രഫി വികസിച്ചു വന്നതോടൊപ്പം തന്നെ യൂറോപ്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ത്യയില്‍ വന്ന് പടങ്ങള്‍ പിടിച്ചു പോന്നിരുന്നു. ഫോട്ടോ സ്റ്റുഡിയോകള്‍ ഒരു പക്ഷേ ഇന്ത്യയിലായിരിക്കും ഏറ്റവുമധികം ഉള്ളത്. ഗള്‍ഫ് ബൂം വന്നതോടെ ഇന്ത്യയില്‍  ഗ്രാമങ്ങള്‍ തോറും സ്റ്റുഡിയോ എന്ന നില വന്നു. സ്ട്രീറ്റ് ഫോട്ടോഗ്രഫി, ട്രാവലിങ് ഫോട്ടോഗ്രഫി  തുടങ്ങിയവയെല്ലാം വികസിച്ചു വന്നു. ഫോട്ടോഗ്രഫി സമകാലീന സാമൂഹ്യശാസ്ത്രത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മീഡിയയുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഗ്രഫിയുടെ ചരിത്രമാണ് മറ്റൊന്ന്. സ്വതന്ത്രമായ ഒരു ശാഖ എന്ന നിലയിലല്ല പലപ്പോഴും ഫോട്ടോഗ്രഫി നിലവില്‍ വരികയും വികസിക്കുകയും ചെയ്തിട്ടുള്ളത്. വ്യവസായത്തിന്റെ ആവശ്യങ്ങളുടെ ഭാഗമായിരുന്നു അതിന്റെ വളര്‍ച്ച. 

ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ളാദേശും രാഷ്ട്രീയാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കപെട്ടതാണെങ്കിലും, യഥാര്‍ത്ഥത്തില്‍ ഈ രാജ്യങ്ങള്‍ ഒരു കോണ്ടിനെന്റിന്റെ ഭാഗങ്ങള്‍ മാത്രമാണ്. വലിയൊരു ഏരിയയാണത്. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ജീവിതങ്ങളും അടങ്ങിയ വിപുലമായ പ്രദേശം. അത്തരം സ്ഥലത്തു നിന്നുള്ള ഫോട്ടോഗ്രഫിയെ യൂറോപ്പിന് പെട്ടൊന്ന് തിരിച്ചറിയാനാകും. വലിയൊരു സാമൂഹ്യശാസ്ത്രത്തെയും ചരിത്രത്തെയുമാണ് അതിലൂടെ തൊട്ടറിയപ്പെടുന്നു. യൂറോപ്യന്‍മാര്‍ക്ക് അതിനാല്‍ തന്നെ ഫോട്ടോഗ്രഫിയുടെ പ്രാധാന്യം പെട്ടൊന്നു തിരിച്ചറിയാനാകും. 

ഒരു കാലത്ത് ഫോട്ടോഗ്രഫിയെ വളരെ വരേണ്യമായ ആളുകള്‍ക്കു മാത്രമേ സമീപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. സൈനിക ഓഫീസര്‍മാര്‍ക്കും രാജാക്കന്മാര്‍ക്കും ഒക്കെയേ അതിന്റെ ചെലവ് താങ്ങാന്‍ പറ്റുമായിരുന്നുള്ളൂ. ലെവി അടച്ചെങ്കിലേ ഫോട്ടോഗ്രഫി കൈകാര്യം ചെയ്യാന്‍ പറ്റൂ. കാശ് കൊടുത്താല്‍ തന്നെ കിട്ടില്ല എന്ന സ്ഥിതിയായിരുന്നു. റാണി അസൈന്‍ ചെയ്തിട്ടാണ് ഫോട്ടോ എടുക്കാന്‍ വരുന്നത്. സ്വന്തം സ്വത്ത് ഫോട്ടോ എടുത്ത് ആഭിജാത്യം കാണിക്കുക എന്നതായിരുന്നു ഇതിനു പിന്നിലുള്ള ഉദ്ദേശ്യം. ഇരുപത്തഞ്ച് അടി പൊക്കമുള്ള കുത്തബ് മിനാര്‍ പകര്‍ത്തുക... അനങ്ങാതെ കസേരയില്‍ ഇരുന്നാണ് ഫോട്ടോ എടുക്കുക. കറുത്ത മനുഷ്യരെപ്പോലും പൌഡറിട്ട് വെളുപ്പിക്കും.. പണക്കാരെപ്പോലെയാണ് പാവം മനുഷ്യരെയും ഫോട്ടോ എടുക്കുക.. ടൈയും കോട്ടും ഒക്കെ ഇടുവിച്ച്. 


No comments:

Post a Comment