Friday, September 7, 2012




ചിത്രകാരന്‍ സി എന്‍ കരുണാകരനുമായി  അഭിമുഖം
ആസക്തിയുടെ കൂടൊഴിയുമ്പോള്‍
പി പി ഷാനവാസ്


ബയോഡാറ്റ: ആയിരത്തിത്തൊള്ളായിരത്തി നാല്‍പതില്‍ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്തു ജനിച്ചു. രോഗാവസ്ഥകള്‍ മൂലം സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്ക് നിര്‍ത്തി. 1952ല്‍ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റില്‍ നിന്ന് ഡിസൈനിങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടി. പിന്നെ മദ്രാസ് ഫൈന്‍ ആര്‍ടിസില്‍ നിന്ന് പെയിന്റിങില്‍ അഡ്വാന്‍സ് ഡിപ്ളോമ എടുത്തു. കരകൌശല വസ്തുക്കളുടെ ഗവേഷണത്തിനും വികസനത്തിനുമായുള്ള മദ്രാസ് സര്‍ക്കാരിന്റെ യൂണിറ്റായ മദ്രാസ് ഡിസൈന്‍ ഡെമോണ്‍സ്ട്രേഷന്‍ സെന്ററില്‍ കുറേ കാലം ഡിസൈനറായി ജോലി ചെയ്തു. 70-73ല്‍ കൊച്ചി കലാപീഠത്തിന്റെ പ്രവര്‍ത്തനങ്ങളില്‍. അവിടെ ആര്‍ട് ഇന്‍സ്ട്രക്ടര്‍ ആയിരുന്നു. 1973-73ല്‍ കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട് ഗാലറിയായ  ചിത്രകൂടം സ്ഥാപിച്ചു. എഴുപതുകള്‍ മുതല്‍ വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. കൊച്ചി, കോഴിക്കോട്, മുംബൈ ജഹാംഗീര്‍ ഗാലറി, താജ്, ലീല, ഗോവ, വരാണസി, ദില്ലി, തിരുവനന്തപുരം, ഗോവ, കോട്ടയം, തൃശൂര്‍,  എന്നിവിടങ്ങളിലെല്ലാം നിരവധി പ്രദര്‍ശനങ്ങള്‍. ബ്രസീലില്‍ ഡിയോ ഡി ജനിറോ, പറാത്തി, സവോ പോളോ, ബ്രസീലിയ എന്നിവിടങ്ങളില്‍ 2002ല്‍  പ്രദര്‍ശനം നടത്തി. 1992ലെ തിരുവനന്തപുരത്തെ പ്രദര്‍ശനം സഖാവ് ഇഎംഎസ് ഉദ്ഘാടനം ചെയ്തു. 1963 മുതല്‍ ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലും ഗ്രൂപ്പ് ഷോയില്‍ പങ്കെടുത്തു വരുന്നു.  എ ഫ്ളോറല്‍ ഷിഫ്റ്റ്, എ സെന്‍സ്വസ് ഗിഫ്റ്റ്, സ്റ്റാറി നൈറ്റ്, ഡ്രീം ആന്റ് റിയാലിറ്റി, എമര്‍ജിന്‍ജ് കോണ്‍ട്രാസ്റ്റ്, കബനിയിലേക്ക് വീണ്ടും എന്ന ഇടശ്ശേരിയുടെ കവിതകളുടെ ചിത്രാവിഷ്കാരം നടത്തി. പത്മിനിയുടെയും ശ്രീനിവാസലുവിന്റെയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോശ്രീ പാലത്തിന്റെ തൂണുകളില്‍ മുപ്പതോളം മോട്ടീഫുകള്‍ ഉപയോഗിച്ച് പെയിന്‍് ചെയ്തു. ദേശാഭിമാനി, ചിന്ത, മലയാള മനോരമ ആഴ്ചപ്പതിപ്പ്, കലാകൌമുദി വാരിക, കുങ്കുമം, മാതൃഭൂമി, ഭാഷാപോഷിണി, ഇന്ത്യ ടുഡേ എന്നിവയ്ക്കു വേണ്ടി രേഖാചിത്രങ്ങള്‍ വരച്ചു. 


സി എന്‍ കരുണാകരന്‍. മലയാളിയുടെ പരിമിതമായ ചിത്രകലാസ്വാദനാവബോധത്തില്‍ പതിഞ്ഞ മുദ്ര. അദ്ദേഹത്തിന്റെ ഗോപികാ ചിത്രങ്ങളും അവയുടെ ആലങ്കാരിക ശൈലിയും മലയാളത്തിന് ഏറെ പരിചിതമാണ്. ഒരൊറ്റ ശൈലിയുടെ ആവര്‍ത്തനം കൊണ്ടാണ് ഒരുപക്ഷേ സിഎന്‍ ഖണ്ഡനവും മണ്ഡനവും ഏല്‍ക്കുന്നത്. 'ഒന്നിനെ തന്നെ ആവിഷ്കരിച്ചു മതിയാകുന്നില്ലെന്നു' സിഎന്‍. ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ ഏതു ശൈലീഭേദത്തെയാണ് അദ്ദേഹം പിന്തുടരുന്നത്? 
കൊളോണിയല്‍ അനുഭവത്തോട് സമരം ചെയ്തും സമരസപ്പെട്ടുമാണ് ഇന്ത്യയുടെ ബൌദ്ധികജീവിതം അതിന്റെ പാരമ്പര്യത്തെയും ആധുനികതയെയും നിര്‍വ്വചിക്കാന്‍ മുതിര്‍ന്നത്.  ആധുനിക ഇന്ത്യന്‍ ചിത്രകലയും സ്വന്തം പാരമ്പര്യസ്രോതസ്സുകളെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടാണ് ലോകകലയില്‍ ഇടം നേടിയത്. ഇതിന്റെ പ്രാത:സ്മരണീയനായ വക്താവായിരുന്നു ആനന്ദകുമാരസ്വാമി. വിദേശിയായിരുന്നെങ്കിലും ഇന്ത്യന്‍ ചിത്രകലയുടെ സ്വത്വത്തെ കണ്ടെത്തി പ്രചരിപ്പിക്കുന്നതില്‍ ചരിതപ്രരമായ പങ്കുവഹിച്ച ഇ ബി ഹാവേലായിരുന്നു മറ്റൊരാള്‍. ഇവര്‍ തുടങ്ങി വെച്ച ശക്തമായ ഇന്ത്യന്‍ പക്ഷപാതിത്വത്തെ, ഒരു പാന്‍ ഏഷ്യന്‍ കലാപാരമ്പര്യത്തോട് കണ്ണിച്ചേര്‍ക്കാനുള്ള ശ്രമവും നടന്നു. ജപ്പാനീസ് കലാചരിത്രകാരനായ ഒകാകുറോ കാകുസോ ഏഷ്യന്‍ കലയുടെ സ്വത്വത്തെക്കുറിച്ചും അതിന്റെ പുനര്‍നിര്‍മ്മിതിയെക്കുറിച്ചും വാചാലനായി രംഗത്തെത്തുകയുണ്ടായി. (ഗഏ ടൌയൃമവാമിശമി, ജലൃുലരശ്േല ഛി കിറശമി അൃ). ഇന്ത്യന്‍ കലാചരിത്രം ഏറെ ചര്‍ച്ച ചെയ്ത ഈ ആശയങ്ങളെല്ലാം തന്റേതായ ശൈലീഭേദത്തോടെ സിഎന്നും വാചാ പിന്തുടരുന്നു. ഇന്ത്യന്‍ കലയുടെ പാരമ്പര്യത്തെയും അതിന്റെ ഏഷ്യന്‍ അയനത്തെയും പിന്‍പറ്റുക, അവയുടെ കിഴക്കന്‍ ചക്രവാളത്തിലെ നക്ഷത്രമായിത്തീരുക എന്നതാണ് സിഎന്നിന്റെയും സ്വപ്നം. ഇന്ത്യന്‍ എന്നുള്ള വിശേഷണം ബ്രാഹ്മണിക്കലോ, അതിന്റെ ആധുനിക വകഭേദമായ ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെയോ കാഴ്ചപ്പാട് പിന്തുടരുന്നതല്ല, എന്ന് സിഎന്‍ തറപ്പിച്ചു പറയുന്നുണ്ട്. തമിഴ്നാട് എന്ന തന്റെ തായ്നാടിനെക്കുറിച്ച് വികാരങ്ങള്‍ സൂക്ഷിക്കുമ്പോഴും, താന്‍ മലയാളത്തില്‍ ആണ് ചിത്രമെഴുതുന്നതെന്ന് സിഎന്‍ പറയുന്നു. 
അതേസമയം, അദ്ദേഹത്തിന്റെ കല, തന്റെ തന്നെ വാചികമായ  ഊന്നലുകളെ പലപ്പോഴും തിരസ്കരിക്കുകയും പിന്നിലാക്കുകയും ചെയ്തുകൊണ്ട്  സ്വന്തം വഴി വെട്ടിത്തെളിക്കുന്നു. ഇന്ത്യന്‍ എന്നു പറയുമ്പോഴും അതിന്റെ ദക്ഷിണേന്ത്യന്‍ ദ്രാവിഢത്വത്തെയാണ് സിഎന്‍ ചിത്രങ്ങള്‍ സ്വാംശീകരിച്ചിരിക്കുന്നത്. തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക ഭാഗം ഉള്‍കൊള്ളുന്ന ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ സ്ത്രീരൂപങ്ങള്‍ എന്ന് ഒറ്റനോട്ടത്തില്‍ കാണാം. 
ആസക്തിയുടെ സ്ത്രീരൂപങ്ങളാണ് മോഡലുകള്‍ എങ്കിലും, ചിത്രപ്രതലത്തില്‍ ആവിഷ്കരിക്കപ്പെടുന്നത് അവയുടെ  രൂപവടിവുകളുടെ, കേവലം ജ്യോമട്രിക്കല്‍ ആയ സൌന്ദര്യത്തെയാണ്. സ്ത്രീയുടെ വശ്യതയാണ് വിഷയീഭവിക്കുന്നതെങ്കിലും, അവളെ ചൂഴ്ന്നു നില്‍ക്കുന്ന ഹിംസയും മൃത്യുവും കാന്‍വാസില്‍ നിറയുന്നു. ആസക്തിയെ സന്യാസരൂപങ്ങളാക്കിയും, വികാരപരവശതയെ ആലങ്കാരികതകൊണ്ടു നിയന്ത്രിച്ചും, രൂപങ്ങളുടെ ത്രിമാനാസക്തിയെ ദ്വിമാനതയുടെ വസ്ത്രമുടുപ്പിച്ചും, അദ്ദേഹം തന്റെ നരേറ്റീവ് നിര്‍മിക്കുന്നു. സിഎന്നിന്റെ കലയില്‍ പ്രേക്ഷകനെ തറപ്പിച്ചു നിര്‍ത്തുന്ന ശക്തിയും, മുഖം തിരിപ്പിക്കുന്ന ദൌര്‍ബല്യവും ഒരൊറ്റ നരേറ്റീവില്‍ തറച്ചു നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യമാണ്. പുരുഷന്റെ ആസക്തിയെക്കുറിച്ചുള്ള ഒരു ഇന്ത്യന്‍ നരേറ്റീവ് നിര്‍മ്മിക്കാനുള്ള ശ്രമമാണ് അതെന്നു വരുമോ? സ്ത്രീരൂപത്തെയാണ്് സിഎന്‍ ആവര്‍ത്തിച്ചാവിഷ്കരിക്കുന്നതെങ്കിലും, പലപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പകരുന്നത് നിരാസക്തമാക്കുന്ന ഒരു സംന്യാസിപരതയാണ്. ഇന്ത്യന്‍ സംന്യാസീപാരമ്പര്യത്തെക്കുറിച്ചുള്ള ആഖ്യാനമാണ് ആണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടു മുമ്പ് സിഎന്‍ കരുണാകരന്‍ മലപ്പുറത്ത്വെച്ചു നല്‍കിയ ഒരഭിമുഖത്തില്‍ നിന്ന്...

മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ടിസിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ?

ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിരണ്ടില്‍ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേരുമ്പോള്‍ അന്നത്തെ അവിടുത്തെ പ്രിന്‍സിപ്പാള്‍ ഡി പി റോയ് ചൌധരിയായിരുന്നു... എഴുപതുകളിലെ മലയാളം എം ഗോവിന്ദന്റെയും സി എന്‍ ശ്രീകണ്ഠന്‍ നായരുടെയും ഒക്കെ പ്രവര്‍ത്തനങ്ങളുടെ ഭൂമികയായിരുന്നു....മാതൃഭൂമിയില്‍ ദേവന്‍. 56ല്‍ ആണ് ഫൈന്‍ ആര്‍ട്സ് കോളേജിന്റെ ടെസ്റ്റ് എഴുതുന്നത്. അന്നവിടെ പത്ത് ശതമാനം സീറ്റ് പുറത്തുള്ളവര്‍ക്കാണ് നീക്കി വെച്ചിരുന്നത്്. നമ്മുടെ കലാ വിഭ്യാഭ്യാസത്തിന്റെ അന്നത്തെയും ഇന്നത്തെയും വലിയ പരാധീനത അവ യൂറോപ്യന്‍ സിലബസ് ആണ് പിന്തുടരുന്നത് എന്നതാണ്. മദ്രാസിലും ബറോഡയിലും ശാന്തിനികേതനിലുമൊക്കെ ഇതാണ് അന്നും ഇന്നും സ്ഥിതി. ഒമ്പതുകൊല്ലമാണ് ഞാന്‍ അവിടെ ചെലവഴിച്ചത്. അവിടുന്ന് സ്വാഭാവികമായും ലഭിച്ചത് യൂറോപ്യന്‍ ചിത്രകലയുടെ സ്വാധീനമാണ്. വാന്‍ഗോഗ്, സെസാന്‍ എന്നിങ്ങനെ. ഈ സ്വാധീനത്തില്‍ നിന്ന് ഒരു വിടുതല്‍ സാധ്യമാകുന്നത് അറുപതില്‍ നടത്തിയ ഒരു അഖിലേന്ത്യാ ടൂറോടു കൂടിയാണ്. വടക്കന്‍ കര്‍ണ്ണാടക, മൈസൂര്‍, ഹൈദ്രബാദ്, ദില്ലി, കൊണാര്‍ക്ക്, ചെങ്കോട്ട, താജ് മഹല്‍, ഫത്തേപൂര്‍ സിക്രി തുടങ്ങിയ ഇന്ത്യയുടെ കലയുടെയും വാസ്തുശില്‍പത്തിന്റേയും കേദാരങ്ങളിലൂടെയുള്ള യാത്ര എന്റെ കാഴ്ചപ്പാടുകളെ സാരമായി ബാധിച്ചു. അക്കാദമികമായ പല മുന്‍വിധികളെയും അതു മാറ്റിമറിച്ചു. 
ഉദാഹരണമായി ക്യൂബിസ്റ്റ് പ്രസ്ഥാനത്തിന്റെ കാര്യമെടുക്കാം. കാഴ്ചയുടെ ത്രിമാന സ്വഭാവത്തെയാണ് ക്യൂബിസം ഒരര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നത്. അതായത്, കാഴ്ചയുടെ വിവിധ മാനങ്ങള്‍, പരിപ്രേക്ഷ്യങ്ങള്‍ എന്ന യാഥാര്‍ത്ഥ്യത്തെയാണ് ക്യൂബിസം പ്രതിനിധീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അറിവിന്റെയും തിരിച്ചറിവിന്റെയും ആഴവും പരപ്പും ആണ് ക്യൂബിസം ഉള്‍കൊളളുന്നത്. അതുപോലെ ചിത്രകാരന്റെ നൈസര്‍ഗ്ഗിതക്ക് ഈ കലാശൈലി ധാരാളമായി ഇടം നല്‍കുന്നു. യൂറോപ്പില്‍ പിക്കാസോ ആണ് ഇതിന്റെ വക്താവായി അറിയപ്പെടുന്നത് എങ്കിലും ബ്രാക്ക് എന്ന ചിത്രകാരനായിരുന്നു ഇതിനു തുടക്കമിട്ടത്. അദ്ദേഹം പിക്കാസോയെപ്പോലെ രചനയിലെ ധാരാളിത്തം കൊണ്ടല്ല ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ രചനകള്‍ തമ്മില്‍ ധാരാളമായ ഇടവേളകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ചിത്രകലാ പാരമ്പര്യത്തില്‍ ക്യൂബിസ്റ്റ് ശൈലിക്ക് വേരുകള്‍ കണ്ടെത്താന്‍ കഴിയും. ജൈന മിനിയേച്ചറുകളിലും കര്‍ത്താട മിനിയേച്ചറുകളിലും മറ്റു പ്രാദേശിക ചിത്രകലാ ശൈലികളിലും ക്യുബിസം നമുക്ക് കണ്ടെത്താനാവും. 

താങ്കളുടെ ശൈലിയില്‍ ക്യൂബിസത്തിന്റെ ഈ ഇന്ത്യന്‍ പാരമ്പര്യം സ്വാധീനം ചെലുത്തിയിട്ടുണ്ടോ? ഉദാഹരണമായി, പലപ്പോഴും പ്രതലങ്ങളെ വിഭജിച്ചുപയോഗിക്കുക അങ്ങയുടെ ശൈലിയാണല്ലോ...

അമേരിക്കയിലെ ബ്ളാക്ക് ചിത്രകാരന്‍ ജാക്സന്‍ പൊള്ളോക്കിനെപ്പോലുള്ളവരും എന്റെ സ്വാധീനമായിത്തീര്‍ന്നിട്ടുണ്ട്. 

യൂറോപ്യന്മാരാണ് നമ്മുടെ ചിത്രകലാ പാരമ്പര്യത്തെത്തന്നെ കണ്ടെത്തിയത് എന്നു വരുന്നുണ്ടല്ലോ. ഉദാഹരണമായി, അജന്തയുടെയും എല്ലോറയുടെയും കണ്ടെത്തല്‍. 

ശരിയായിരിക്കാം. പക്ഷേ അവയുടെ മഹത്വത്തെക്കുറിച്ച് നാം ആലോചിച്ചു നോക്കണം. അജന്തയെപ്പോലുള്ള മനോഹരമായ പെയിന്റിംഗുകള്‍ ഉണ്ടായ കാലഘട്ടത്തിലെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? എണ്ണ പോലും ഇല്ലാത്ത ഒരു കാലഘട്ടം. എങ്ങനെയാണ് ഇത്ര മോഹനമായ വര്‍ണ്ണങ്ങള്‍ക്ക് അവര്‍ ചേരുവ കണ്ടെത്തിയത്. ഗജുരാഹോ, കൊണാര്‍ക്ക്, എല്ലോറ എല്ലാം ഉണ്ടായ കാലഘട്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ നമുക്ക് വിസ്മയിക്കാനേ നിര്‍വ്വാഹമുള്ളൂ. 
വര എന്നത് ചരിത്രമാണ്. വരച്ചാല്‍ അത് തെളിവാണ്. ചിത്രത്തില്‍ കാലഘട്ടത്തിന്റെ സ്പന്ദനം തുടിക്കുന്നു. 

അവയെല്ലാം ചിത്രകല എന്നതില്‍ ഉപരി മതാനുഷ്ഠാനത്തിന്റെയും മറ്റും ഭാഗമായി നിലവില്‍ വന്നതല്ലേ? 

ആയിരിക്കാം. എന്നാല്‍ അവയെല്ലാം ഉദ്ഘോഷിക്കുന്നത് മനുഷ്യന്‍ എന്ന മതത്തെയാണ്. ഇന്ത്യ എന്നും കാത്തുസൂക്ഷിച്ചത് മാനുഷികത എന്ന ഭാവത്തെയാണ്്. അക്ബറിന്റെ ഇന്ത്യയായാലും ത്സാന്‍സിയുടെ ഇന്ത്യയായാലും, സ്വന്തം തുടയില്‍ നിന്ന് ഇറച്ചി മുറിച്ചു കൊടുത്ത ശിബി ചക്രവര്‍ത്തിയുടെ പാരമ്പര്യമാണ് നമ്മുടെ യഥാര്‍ത്ഥ പാരമ്പര്യം. അതാണ് ഇന്ത്യയുടെ പാരമ്പര്യത്തിന്റെ സജീവത. ഇന്ന് മതസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും ഇത്തരത്തില്‍ മാനവികമായ ഒരു മതബോധത്തിന്റെ പ്രസക്തി ഏറുകയാണ്. 
എന്റെ മതമെന്താണ്? ജാതിയെന്താണ്? എനിക്കറിയല്ല. എന്റെ മതം മൂത്താല്‍ ഞാന്‍ സന്യാസിയാകും. ജീവിതത്തിലെ നന്മയാണ് നാം മതമായി സ്വീകരിക്കേണ്ടത്. നമ്മുടെ സ്വാഭാവികമായ ജീവിതത്തില്‍ ജനിച്ചു ജീവിച്ചു മരിക്കുക. അതാണ് ഞാന്‍ കൊതിക്കുന്നത്. അത് വലിയ കാശ് മുടക്കുള്ള കാര്യമല്ല. 

അകാലത്തില്‍ മരിച്ച പത്മിനി സഹപാഠിയായിരുന്നല്ലോ. പത്മിനിയുമായുള്ള ചങ്ങാത്തം എങ്ങനെയായിരുന്നു?

ഞങ്ങള്‍ മദ്രാസില്‍ ഒരുമിച്ചുണ്ടായിരുന്നു. ആറുവര്‍ഷം. പത്മിനിയുമൊത്ത് കുറേ വര്‍ക്കു ചെയ്തിട്ടുണ്ട്. നഗ്ന സ്ത്രീയെ മോഡല്‍ ആക്കി ഞങ്ങള്‍ ചിത്രം വരച്ചിട്ടുണ്ട്. സ്ത്രീയുടെ നഗ്നത എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതിയുടെ നഗ്നതയും നൈസര്‍ഗ്ഗിതയും പോലെയാണ്. പത്മിനി വളരെ കഴിവുള്ളയാളായിരുന്നു. അമൃത ഷെര്‍ഗിലിനു ശേഷം ഇന്ത്യന്‍ ചിത്രകലയില്‍ ഒരു സ്ത്രീ ഇത്ര വൈബ്രന്റ് ആയി ഉണ്ടായിട്ടില്ല എന്നു ഞാന്‍ പറയും. ഒരു വള്ളുവനാടന്‍ നാടന്‍ പെണ്‍കുട്ടിക്ക് എങ്ങനെ ഇങ്ങനെ ചിന്തിക്കാനായി എന്നത് അത്ഭുതമാണ്. നമ്പൂതിരിയുടെ ശിഷ്യ ആയിരുന്നെങ്കിലും നമ്പൂതിരി പത്മിനിയുടെ മുമ്പില്‍ തോല്‍ക്കും. പത്മിനിയുടെ വരയുടെ നൈസര്‍ഗ്ഗിതയും ജീവനും വേഗതയും എല്ലാം ഏറെ ശ്രദ്ധേയമാണ്. പെണ്‍കുട്ടി എന്ന നിലയില്‍ അവരെ ഉയര്‍ത്തിക്കാണിക്കുകയല്ല. അത്തരം ജെന്‍ഡര്‍ പരിഗണനകള്‍ക്കപ്പുറത്താണ് പത്മിനിയുടെ സ്ഥാനം. 

സ്ത്രീകളെ മോഡല്‍ ആക്കി വരയ്ക്കുന്ന കാര്യം പറയുകയാണെങ്കില്‍, രാജാരവിവര്‍മ്മയുടെ സ്ത്രീ ചിത്രണത്തെക്കുറിച്ച് പറയാമോ? അദ്ദേഹത്തിന്റെ ശകുന്തളയും മറ്റുമെല്ലാം ഒരു പാന്‍ ഇന്ത്യന്‍ ഇമേജിനെ കണ്ടെടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് വിമര്‍ശനമുണ്ടല്ലോ....

രാജാരവിമര്‍മ്മ നമുക്ക് എന്താണു നല്‍കിയത്? അതിനു മുമ്പും നമുക്ക് ഒരു ചിത്രകലാ സംസ്കാരമുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. അതായത് രവിവര്‍മ്മക്കു മുമ്പും ഇന്ത്യന്‍ ചിത്രകലയ്ക്ക് വലിയ സൃഷ്ടികളുടെ പാരമ്പര്യവും സാന്നിധ്യമുണ്ടായിരുന്നു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് സായിപ്പിന്റെ കലയോടായിരുന്നു അടുപ്പം. ഒരു പക്ഷേ അദ്ദേഹത്തിനേക്കാള്‍ നന്നായി അദ്ദേഹത്തിന്റെ ശൈലി നമുക്ക് യൂറോപ്യന്‍ മാസ്റ്റേഴ്സില്‍ കാണാം. എ രാമചന്ദ്രനെപ്പോലുള്ളവര്‍ രവിവര്‍മ്മയെ വളരെ നന്നായി സ്റ്റഡി ചെയ്തിട്ടുണ്ട്. അദ്ദേഹം രവിവര്‍മ്മയുടെ പാരമ്പര്യത്തെ തിരസ്കരിച്ച് മുന്നോട്ടു പോകുകയാണുണ്ടായത്. 
അതേസമയം, ഗുണ്ടര്‍ട് സായിപ്പ് നമുക്ക് നിഖണ്ഡു സമ്മാനിച്ചതു പോലെ, രവിവര്‍മ്മ നമ്മെ ചിത്രകല അഭ്യസിപ്പിക്കാന്‍ പ്രേരിപ്പിച്ചു എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ലക്ഷ്മിയെയും സരസ്വതിയെയും രവിവര്‍മ്മ കാണും പോലെയല്ല ഞാന്‍ കാണുന്നത്. ഒരുപക്ഷേ, യൂറോപ്യന്‍ മീഡിയത്തില്‍ ലക്ഷ്മി, സരസ്വതി രൂപങ്ങളെയൊന്നും വരക്കാന്‍ തന്നെ പറ്റില്ല. അവ പ്രദാനം ചെയ്യുന്ന തത്വചിന്ത തന്നെ യൂറോപ്യന്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മനസ്സിലാക്കാന്‍ പറ്റില്ല. 
ഞാന്‍ പലപ്പോഴും പറയാറുള്ളതു പോലെ, മലയാളത്തിലാണ് ഞാന്‍ ചിത്രം വരയ്ക്കുന്നത്. 
താങ്കളുടെ ശബ്ദം പോലും യൂറോപ്യന്‍ അല്ല. യൂറോപ്പില്‍ ഇത് ആവറേജ് സ്ത്രീകളുടെ ശബ്ദമാണ്. അങ്ങിനെ ഒരു പാട് കാര്യങ്ങള്‍ ഇതില്‍ വരുന്നുണ്ട്. മംഗോളിയ, ജപ്പാന്‍, ചൈന എന്നിവ ഉള്‍കൊള്ളുന്ന തെക്കന്‍ ഏഷ്യയുടെ സംസ്കാരിക വിനിമയങ്ങളാകെത്തന്നെ യൂറോപ്യന്‍ മാനദണ്ഡങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. നമ്മുടെ വിന്യാസങ്ങളും ചാരുതകളും വളവുകളും തിരിവുകളുമെല്ലാം മറ്റൊരു വിതാനത്തിലുള്ളതാണ്. 

സാര്‍വ്വദേശീയ കലയെക്കുറിച്ച് ധാരാളം പറഞ്ഞു കേള്‍ക്കാറുണ്ടല്ലോ...

നമ്മള്‍ ബ്രഹ്മാണ്ഡത്തിലാണ്. അന്തര്‍ദേശീയം മതിയാകില്ല. യഥാര്‍ത്ഥത്തില്‍ എന്റെ ഏറ്റവും വലിയ മോഹം എന്റെ നാട്ടുകാരനാകുക എന്നതാണ്. 

നാം ഇന്ത്യക്കാരാണ് എന്നു പറയുന്നത് തന്നെ യൂറോപ്യന്‍ സ്വാധീനത്തില്‍ നിന്ന് മുക്തിക്കുള്ള വാഞ്ചയെയല്ലേ കുറിക്കുന്നത്.. ഈ ഇന്ത്യ എന്നു പറയുന്നത് തന്നെ അടുത്തകാലത്തുണ്ടായ ഒരു നിര്‍മ്മിതിയല്ലേ...ഒരു ബ്രാഹ്മണിക്കല്‍ ആയ സങ്കല്‍പം...

നമുക്ക് സ്ത്രീയെ ബഹുമാനിക്കുന്ന ഒരു സംസ്കാരമുണ്ട്. ആ ഇന്ത്യ തീര്‍ച്ചയായും ബ്രാഹ്മണിക്കല്‍ അല്ല, ഹിന്ദു ഇന്ത്യയുമല്ല. ബ്രാഹ്മണിസവും ഹിന്ദുത്വവും പറയുന്ന ഇന്ത്യയുടെ അടിസ്ഥാനങ്ങളെപ്പറ്റിയല്ല ഞാന്‍ സൂചിപ്പിക്കുന്നത്. കര്‍ഷകന്റ ഇന്ത്യ. ജാതി വ്യവസ്ഥ എന്ന കരാള യന്ത്രത്തിന്മേല്‍ ഉണ്ടാക്കിയ ഇന്ത്യയുമല്ല. നമ്മുടെ സ്വയം ബോധത്തില്‍ നിന്ന്, തട്ടാനും ആശാരിയും ബ്രാഹ്ണനും നായരും മുസ്ളിമും എല്ലാം മനുഷ്യരാണ് എന്ന അവബോധത്തില്‍ നിന്ന് രൂപപ്പെട്ട ഒന്ന്. 
ഞാനൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്. ഞാന്‍ ശൂദ്രനാണ്.......ആ വേവലാതിയാണ് എന്റെയും എന്റെ കലയുടെയും അടിസ്ഥാനം. 
എന്താണ് സംസ്കാരം എന്നത്? പൂമ്പാറ്റക്ക് ഉടുപ്പിടിക്കുക, മേഘത്തിന് ഉടുപ്പണിയിക്കുക, പൂക്കളെ അലങ്കരിക്കുക...സത്യത്തില്‍ ഫാഷന്‍ ഡിസൈനിങില്‍ പോലും കലയും സംസ്കാരവുമുണ്ട്. നഗ്നത മോശമായ ഒന്നല്ല. 

നഗ്നതയില്‍ അഭിരമിക്കുമ്പോള്‍ അതുണ്ടാക്കുന്ന രതിബോധവും ആസ്കതിയും ഒക്കെ നമ്മെ സ്വാധീനിക്കുന്നുണ്ടല്ലോ...അതോ ആ ആസക്തികള്‍ തന്നെയാണോ സൌന്ദര്യമാനത്തേക്കാള്‍ നമ്മുടെ പ്രേരണകള്‍....

പത്മിനിയോടൊത്ത് ഞാന്‍ ആറുകൊല്ലം നഗ്നരൂപങ്ങളെ വരച്ചിട്ടുണ്ട്. ഞങ്ങള്‍ നഗ്നമോഡലിനെ വരയ്ക്കുമ്പോള്‍ ആരും ക്ളാസില്‍ ഉണ്ടാകില്ല. ഞങ്ങള്‍ മൂന്നു പേര്‍ മാത്രം. ഫുള്‍ ഫിഗര്‍ ആണു ചെയ്യുന്നത്. അതാരംഭിച്ചാല്‍ അരമണിക്കൂറിലധികം പിന്നെ ആരും ക്ളാസില്‍ നില്‍ക്കാറില്ല. ആസക്തിയല്ല, രൂപം തന്നെയാണ്, നഗ്നതയുടെ നൈസര്‍ഗ്ഗിത തന്നെയായിരുന്നു ഞങ്ങള്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. 

എന്താണ് അങ്ങയുടെ ശൈലിയുടെ പ്രേരണകള്‍...

കാന്‍വാസ് മാത്രമാണ് ഒരു ചിത്രകാരന്റെ വെല്ലുവിളി. അതിലെ സ്ഥലവും രൂപവും. അതിനെ എങ്ങനെ ബാലന്‍സ് ചെയ്യണം എന്ന പ്രശ്നം. യാഥാര്‍ത്ഥ്യത്തെ പകര്‍ത്തുകയല്ല, അതിനെ സൌന്ദര്യശാസ്ത്രപരമായി കൈകാര്യം ചെയ്യുക എന്നതാണ് കലാകാരന്റെ പ്രവര്‍ത്തനം. സഥലത്തിന്റെയും രൂപത്തിന്റെയും ഹാര്‍മണി സൃഷ്ടിക്കുക. അമൂര്‍ത്തമാണോ മൂര്‍ത്തമാണോ എന്നൊന്നും ചിത്രകാരന്റെ വേവലാതിയല്ല. ചിത്രകലയുടെ ഭാഷ എന്നത് സ്ഥലത്തിന്റെയും നിറത്തിന്റേയും രൂപങ്ങളുടെയും  കാന്‍വാസിലെ ഹാര്‍മണിയാണ്. ഈ ഹാര്‍മണിയാണ് ഒരു ചിത്രത്തില്‍ നാം തേടുന്നത്, ചിത്രകാരനും ആസ്വാദകനും. 

ഒരു സംഗീതകാരന്‍ ആറുമാസം തുടര്‍ച്ചയായി ഒരേ രാഗം പാടികൊടുത്തു എന്നു കേട്ടിട്ടുണ്ട്. ചിത്രകാരന്‍ ഇങ്ങിനെ ഒന്നിനെ തന്നെ ആവര്‍ത്തിക്കുന്നത് ഇതേ പോലെയുള്ള അനുഭവമാണോ? ഉദാഹരണമായി അങ്ങയുടെ കാര്യത്തില്‍ തന്നെ, ആവര്‍ത്തിച്ചുള്ള ബിംബനിര്‍മ്മാണം...ഒരേ ശൈലി എന്നു തോന്നിക്കുന്നതിന്റെ ആവര്‍ത്തനം...

മോളി ഗിലിയാനി എന്ന പാരീസിലെ ചിത്രകാരന്‍ ജീവിതം മുഴുവന്‍ ഒരേ രീതിയില്‍ വരച്ചയാളാണ്. അദ്ദേഹത്തിന്റെ ഈജിപ്ഷ്യന്‍ സ്വാധീനം അദ്ദേഹം ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നു. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല എന്ന മട്ടിലുള്ള തുടര്‍ച്ച. നാം  ഒന്നില്‍ നിന്ന് മാറുമ്പോള്‍ ആ മാറ്റം എത്രമാത്രം ജീവസുറ്റതും സെന്‍സിറ്റീവുമാണ് എന്നും ബോധ്യമുണ്ടായിരിക്കണം. 

എക്പ്രഷണലിസ്റ്റ് ചിത്രകാരന്മാരെല്ലാം സമകാലീനമായ പ്രശ്നങ്ങളോട് പ്രതികരിച്ചവരാണല്ലോ...എം എഫ് ഹുസൈനെപ്പറ്റി എന്താണഭിപ്രായം?

അദ്ദേഹത്തിന്റെ നൈസര്‍ഗ്ഗിതയും വൈറ്റാലിറ്റിയും ബ്രില്ല്യന്‍സും ഒക്കെ വിലമതിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ സ്ട്രോക്കുകള്‍ വളരെ സ്ഫുടമാണ്. ബ്രഷ് മൂവ്മെന്റ്, അതിന്റെ വേഗത എല്ലാം അതിശയിപ്പിക്കുന്നതാണ്. 
പിക്കാസോയേക്കാള്‍ മുമ്പ് ക്യൂബിസത്തില്‍ വര്‍ക്ക് ചെയ്ത ബ്രാക്കിനെപ്പറ്റി പറഞ്ഞല്ലോ.. അദ്ദേഹത്തില്‍ കൊല്ലത്തില്‍ ഒന്നോ രണ്ടോ വര്‍ക്കേ ചെയ്യാറുള്ളൂ. 

ക്യൂബിസത്തെക്കുറിച്ച് കുറേകൂടി വിശദമാക്കാമോ?

ഇന്ത്യയില്‍ ജൈന മിനിയേച്ചറില്‍ ക്യൂബിസ്റ്റ് എന്നു പറയാവുന്ന സമീപനം ഉണ്ട്. ഇതില്‍ താമര പ്രധാനപ്പെട്ട ഒരു സിംബലായിരുന്നു. ഒരു പൂര്‍ണ്ണ ദര്‍ശനത്തെ സംബന്ധിച്ച വ്യഗ്രതയായിരുന്നു അതില്‍ നിഴലിച്ചിരുന്നത്. താമരയുടെ ദളങ്ങളുടെ മള്‍ടിപ്പില്‍ ആയ അവസ്ഥ. ഒരു വസ്തുവിന്റെ ഉത്കൃഷ്ടതയും ഉദാത്തതയും മനസ്സിലാക്കാന്‍ അതിനെ ഏകമാനതലത്തിലോ ദ്വിമാനതലത്തിലോ മനസ്സിലാക്കിയാല്‍ മതിയാവില്ല എന്ന ആശയമാണ് ഇതില്‍ വരുന്നത്. ബുദ്ധിസത്തിന്റെ കാലഘട്ടത്തിലും ഇത്തരം ആശയം ഉണ്ടായിരുന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചെയ്ത പിക്കാസോയുടെ ഗോര്‍ണിക്ക ക്യൂബിസ്റ്റ് ശൈലിയിലുള്ള വളരെ സമര്‍ത്ഥമായ ആവിഷ്കാരമാണ്. 
യഥാര്‍ത്ഥത്തില്‍ കിഴക്കില്‍ നിന്നാണ് പടിഞ്ഞാറ് അതിന്റെ ഉത്കൃഷ്ടമായ എല്ലാ ആവിഷ്കാരങ്ങള്‍ക്കും ഊര്‍ജം സംഭരിച്ചത് എന്നു കാണാം. വാന്‍ഗോഗ് മംഗോളിയന്‍ തത്വചിന്തയില്‍ ആകൃഷ്ടനാകുകയാണുണ്ടായത്. ഇന്ത്യന്‍, ജപ്പാന്‍ ശൈലികളില്‍ നിന്നാണ് വാന്‍ഗോഗ് പോലും രൂപപ്പെട്ടത്. മൈക്കാഞ്ചലോ, റാഫേല്‍, ഡാവിഞ്ചി തുടങ്ങിയ നവോത്ഥാന പൂര്‍വ്വ കലാകാരന്മാര്‍ക്ക് ശേഷം വന്ന കലാകാരന്മാരില്‍, യൂറോപ്പില്‍, സെസാനും വാന്‍ഗോഗും പിക്കാസോയുമെല്ലാം ഇപ്രകാരം കിഴക്കിന്റെ തത്വചിന്തയാല്‍ സ്വാധീനിക്കപ്പെട്ടവരാണ്. 
എന്നെ സംബന്ധിച്ചിടത്തോളം സര്‍റിയലിസവും എക്പ്രഷണലിസവും എല്ലാം അതിഭാവുകതയെയാണ് പ്രതിനിധീകരിക്കുന്നത്. 
ചിത്രകാരന്മാരുടെ സൃഷ്ടികളെ പലപ്പോഴും സമകാലീനതയുടെ മാനദണ്ഡങ്ങള്‍ വെച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ചരിത്രസന്ധികള്‍ അവരുടെ കലാജീവിതത്തില്‍ നേരിട്ട് ആവിഷ്കരിക്കപ്പെട്ടു എന്നു വരില്ല. ചിത്രകലയെ അങ്ങനെ മനസ്സിലാക്കാന്‍ കഴിയില്ല. ഒരു ചിത്രകാരന്‍ അയാളുടെ ഉപബോധവുമായാണ് സംഭാഷണം നടത്തുന്നത്. സമകാലീനമായ സംഭവങ്ങളോട് അയാള്‍ നേരിട്ട് പ്രതികരിച്ചുകൊള്ളണമെന്നില്ല. ചരിത്രസന്ധികള്‍ കാന്‍വാസില്‍ നിന്ന് നേരിട്ട് കണ്ടെടുക്കുക എന്ന രീതി ചിത്രകാരനെസംബന്ധിച്ചിടത്തോളം സാധ്യമായി എന്നു വരില്ല. പലപ്പോഴും ചിത്രകാരനെ മനസ്സിലാക്കാന്‍ മന:ശാസ്ത്രത്തിന്റെയും മാനസികാപഗ്രഥനത്തിന്റെയും രീതിശാസ്ത്രങ്ങളാകും പ്രയോജനപ്പെടുക. അയാളുടെ കലയിലേക്ക് പ്രവേശിക്കാന്‍ ഒരു പക്ഷേ അങ്ങനെ മാത്രമേ കഴിയൂ. വാന്‍ഗോഗിന്റെ മഞ്ഞയോടുള്ള ഭ്രമത്തിന്റെ അര്‍ത്ഥമെന്തായിരുന്നു? പിക്കാസോയുടെ കലയെ ബ്ളൂ പീരിഡ്, റോസ് പീരിയഡ് എന്നിങ്ങനെ വേര്‍തിരിക്കാറുണ്ട്. എന്താണ് പ്രത്യേക നിറങ്ങളോട് പ്രത്യേക കാലത്ത് ആഭിമുഖ്യം വരുന്നത്? ഒരു ചിത്രകാരനും ഏതെങ്കിലും നിറത്തിനോട് പ്രത്യേകിച്ച് ഇഷ്ടങ്ങളില്ല. കറുപ്പിനും വെളുപ്പിനും ഇടയിലുള്ള റേഞ്ച് ആണു നിറങ്ങള്‍. അതയാള്‍ക്കറിയാം. പിന്നെ എന്തുകൊണ്ട് ചില നിറങ്ങള്‍  ചില നിമിഷങ്ങളില്‍ പ്രാധാന്യം നേടുന്നു. എന്തുകൊണ്ട് ചില പ്രത്യേക നിറങ്ങളില്‍ താളവും റിഥവും കണ്ടെത്താന്‍ അയാള്‍ ശ്രമിക്കുന്നു. ഇതിനെ മനസ്സിലാക്കാന്‍ നാം ഏതു മാനദണ്ഡങ്ങളാണ് ഉപയോഗിക്കേണ്ടത്....

തമിഴ്നാട്ടില്‍ ജീവിതത്തിന്റെ നല്ലൊരു കാലം ഉണ്ടായിരുന്നിട്ടുണ്ടല്ലോ....എന്തായിരുന്നു അവിടുത്തെ അനുഭവങ്ങള്‍. മലയാളിയേക്കാള്‍ കൂടുതല്‍ ചിത്ര-ശില്‍പ കലകളോട് പ്രതികരിക്കാന്‍ തമിഴ്നാടിന്റെ സംസ്കാരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നു പറയുന്നത് ശരിയായിരിക്കുമോ?

തമിഴ്നാട്ടിലെ ജനങ്ങള്‍ ഇന്നും പഴയതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ അഭിരമിക്കുന്നവരാണ്. മലയാളിക്കാണെങ്കില്‍ തന്റെ അചാരാനുഷ്ഠാനങ്ങളോട് വളരെ പാസ്സീവ് ആയ സമീപനമാണുള്ളത്. അതൊരു പക്ഷേ അവന്റെ ഇന്റലിജന്‍സിന്റെ ഭാഗം കൂടിയാണ്. മലയാളിയുടെ ഈ ഇന്റലിജന്‍സിനു പിന്നിലെന്താണ്? ഒരു സ്ട്രിപ്പിലാണ് കേരളം. തീരദേശം. ഇവിടുത്തെ ഭക്ഷണരീതിയുടെ സവിശേഷത. ഉപ്പ് വളരെയേറെ ഉപയോഗിക്കുന്നവരുടെ നാടാണ് നമ്മുടേത്. 

സമകാലീന പ്രശ്നങ്ങളോട് ഒരു ചിത്രകാരന്‍ എന്ന നിലയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

എന്നെ സംബന്ധിച്ചിടത്തോളം കാലികമാകാന്‍ കഴിഞ്ഞിട്ടില്ല. ഓര്‍മ്മകളിലൂടെ മാത്രമാണ് ഞാന്‍ സഞ്ചരിക്കുന്നത്. ഓര്‍മ്മകളുടെ നാടശാലയില്‍ നിന്നാണ് ഞാന്‍ ഇമേജുകള്‍ കണ്ടെടുക്കുന്നത്. കാലിഗ്രഫിയില്‍ ആണ് ഞാന്‍ കണ്ടമ്പററി ആകാന്‍ ശ്രമിച്ചിട്ടുള്ളത്. ദേശാഭിമാനിയില്‍ വരച്ചത്, പിന്നെ ബുക്ക് കവറുകള്‍. എന്തുകൊണ്ട് എനിക്ക് കണ്ടമ്പററി ആകാന്‍ കഴിയുന്നില്ല? വളരെ ദു:ഖകരമായ വര്‍ത്തമാനത്തില്‍ നിന്ന് മുക്തിയും മോചനവും ആഗ്രഹിക്കുന്ന ആളെന്ന നിലയില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടിയാണ് ഞാന്‍ കലയിലൂടെ സഞ്ചരിക്കുന്നത്. അവിടെ എനിക്ക് ഓര്‍മ്മകളാണ് കലവറ. വര്‍ത്തമാനത്തോടുള്ള എന്റെ പ്രതികരണം ഒരു പക്ഷേ അങ്ങനെയായിരിക്കാം. 

താങ്കളുടെ യാത്രാനുഭവങ്ങളെക്കുറിച്ച്്....

എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ് കൂനൂര്‍. വളരെ മനോഹരമായ ഭൂപ്രദേശം. ഊട്ടിയില്‍ നിന്ന് അല്‍പം മാറിയുള്ള സ്ഥലമാണ്. ഇന്നൊരു പക്ഷേ അവിടെ പോകുമ്പോള്‍ എല്ലാം മാറിയിരിക്കും. നാല്‍പതുകൊല്ലം മുമ്പത്തെ മേഘമല്ല ഇന്നത്തേത് എന്നു വരുന്നു. മനുഷ്യര്‍ വരുത്തിയ മാറ്റമല്ല. പ്രകൃതി തന്നെ സ്വന്തമായ ചില മാറ്റങ്ങള്‍ വരുത്തുണ്ട്. എക്കാലത്തും ഇങ്ങനെ ഒഴുകിക്കോളാം എന്ന് ഒരു നദിയും നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ല. മനുഷ്യന്‍ പ്രകൃതിയെ ആശ്രയിക്കുമ്പോഴാണ് ഈ പരിസ്ഥിതിമാറ്റത്തിന് മറ്റൊരു കാഴ്ചപ്പാട് വരുന്നത്. മനുഷ്യരുടെ ആവശ്യം എന്ന നിലയിലാണ് പാരിസ്ഥിതിക പ്രശ്നംകൂടി കടന്നുവരുന്നത്. പരിസ്ഥിതിപ്രശ്നം പ്രകൃതിയുടെ ഒരു പ്രശ്നമല്ല.
ഞാന്‍ ബ്രസീലില്‍ പോയിട്ടുണ്ട്. പ്യുര്‍ റെഡ് ഇന്ത്യക്കാരുടെ നാടാണ് ബ്രസീല്‍. സംസ്കാരമുള്ള സ്ഥലം. നമ്മുടെ തിറയും തെയ്യവും പോലെ അവിടെ സാംബാ നൃത്തമുണ്ട്. എല്ലാവരുടെ കയ്യിലും ഒരു ഫുട്ബോള്‍ എന്ന മട്ടാണ്. ഒരു പെണ്‍കുട്ടി നടത്തിയ കലാപ്രകടനത്തില്‍ ഒരു മണിക്കൂര്‍ ഫുട്ബോള്‍ ഉപയോഗിച്ചുകൊണ്ട് നടത്തിയ നൃത്തമായിരുന്നു. അമ്പരിപ്പിക്കുന്ന പ്രകടനം. സായിപ്പിന്റെ നാട്ടില്‍ ചെന്നാല്‍ നാം ഇന്ത്യക്കാരനാണെന്നു പറഞ്ഞാല്‍ പറയുക 'ഓ യു ആര്‍ ഫ്രം പുവര്‍ ഇന്ത്യ' എന്നാണ്. ബ്രസീലില്‍ ഒരാളുടെ വരുമാനത്തിന്റെ മൂന്നു ശതമാനം സാംസ്കാരികമായി വിനിയോഗിക്കണം എന്ന് സര്‍ക്കാര്‍ നിബന്ധനയാണ്. നമുക്ക് ഒരു അര ശതമാനം എങ്കിലും സാംസ്കാരിക ആവശ്യത്തിന് വിനിയോഗിക്കാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. 

പുതിയ പ്രവര്‍ത്തനങ്ങള്‍?

കണ്ണകിയെക്കുറിച്ച് ഒരു പരമ്പര    ആലോചനയിലുണ്ട്. പക്ഷേ അതിന്റെ ആസൂത്രങ്ങളൊന്നും നടന്നിട്ടില്ല. അതിനായി ആദ്യം എപ്പിസോഡിക്കല്‍ ആയ ഒരു നരേഷന്‍ ഉണ്ടാക്കേണ്ടതുണ്ട്. ഒരു തിരക്കഥ പോലെ. താങ്കള്‍ക്ക് സഹായിക്കാനാകുമോ?


(യുവധാര മാസിക)


No comments:

Post a Comment