Friday, September 7, 2012


ഫോട്ടോഗ്രഫി ഒരു കൊളോണിയല്‍ ഭീതി
ഷാനവാസ്

അബുള്‍ കലാം ആസാദ് ഇന്ത്യയുടെ ആര്‍ട് ഫോട്ടോഗ്രഫിയുടെ പ്രമുഖവക്താവാണ്. അടിസ്ഥാന വിദ്യാഭ്യാസം കഷ്ടിയാണെന്നും  അറബിയിലായിരുന്നു പിതാവ് തന്നെ പ്രാവീണ്യനാക്കിയതെന്നും ആസാദ് പറയുന്നു. തമിഴ്നാട്ടിലെ വസ്ത്രനെയ്ത്ത് പാരമ്പര്യമുള്ള ആസാദിന്റെ പിതാവും മുത്തച്ഛനും കൊച്ചിയിലേക്ക് കുടിയേറിയവരാണ്. പിതാവ് കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയായിരുന്നു. വീട്ടില്‍ സംസാര ഭാഷ ഇപ്പോഴും തമിഴ് തന്നെ. ലണ്ടനില്‍ ഫോട്ടോഗ്രഫി അഭ്യസിച്ചു. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. പന്ത്രണ്ടുവര്‍ഷം പിടിഐയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖരായ കലാകാരന്മാരും ബുദ്ധിജീവികളുമായി അബുളിന് ആത്മബന്ധമുണ്ട്. ഒ വി വിജയന്‍, വിവാന്‍ സുന്ദരം, ഗീതാകപൂര്‍, സുനിത് ചോപ്ര, എം കെ റെയ്നെ, എം എ ബേബി, ആര്‍ നന്ദകുമാര്‍ ഒക്കെ അക്കൂട്ടത്തില്‍ പെടുന്നു. ഇപ്പോള്‍ മട്ടാഞ്ചേരിയില്‍ താമസം. കൊച്ചിയില്‍ ജോസഫ് ചക്കോള ആരംഭിച്ച ഇഷ്ക ഗാലറിയുടെ ഉദ്ഘാടന പ്രദര്‍ശനം അബുളിന്റെ ആനിമല്‍ എന്ന പരമ്പരയായിരുന്നു. ലണ്ടന്‍, ജര്‍മ്മനി തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ എല്ലാ മെട്രോപൊളിറ്റന്‍ ഗാലറികളിലും കേരളത്തിലും അബുളിന്റെ പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. അദ്ദേഹം ദേശാഭിമാനിക്കനുവദിച്ച അഭിമുഖത്തില്‍ നിന്ന്...


അബുള്‍ കലാം ആസാദ് എന്ന പേര് വന്നത് എങ്ങിനെയാണ്. 

മൌലാനാ അബുള്‍ കലാം ആസാദിന്റെ പേര് എനിക്ക് ഉപ്പയാണു നല്‍കിയത്. ഉപ്പ സ്വാതന്ത്യ്രസമരത്തെ പിന്തുണക്കുകയും കേരളത്തിലെ ഇസ്ളാമിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി അടുത്ത സൌഹദം സൂക്ഷിക്കുകയും ചെയ്ത ആളായിരുന്നു. ആ കാലത്തെ ഓര്‍മ്മകളില്‍നിന്നാണ് ആസാദ് എന്ന പേരിടുന്നത്. തമിഴ്നാട്ടിലെ വസ്ത്രനെയ്ത്തു പാരമ്പര്യത്തില്‍ നിന്നാണ് കുടുംബം കൊച്ചിയിലേക്കു കുടിയേറിയത്. വീട്ടില്‍ തമിഴാണ് സംസാരിക്കുക. അതുകൊണ്ട് ഒരു ദക്ഷിണേന്ത്യന്‍ ദ്രാവിഡന്‍ എന്ന നിലയിലാണ് എന്റെ പാരമ്പര്യത്തെ ഞാന്‍ കണ്ടെടുക്കുന്നത്. വസ്ത്രവ്യാപാരികളും നെയ്ത്തുകാരുമെന്ന നിലക്ക് സില്‍ക്കിന്റെ ടെക്സചറും ക്വാളിറ്റിയുമെല്ലാം അറിയാനുള്ള വൈദഗ്ധ്യം ആര്‍ജിച്ചവരായിരുന്നു അവരെല്ലാം.  

താങ്കളുടെ പശ്ചാത്തലത്തിലെ ഇസ്ളാമിക പാരമ്പര്യത്തെക്കുറിച്ച് പറയാമോ?

 തമിഴ് ഇസ്ളാമിക സ്വത്വത്തില്‍ നിന്നാണ് എന്റെ കുടുംബമെല്ലാം കടന്നു വരുന്നതെങ്കിലും, എന്റെ ഉപ്പയുടെ സഹോദരിമാര്‍ ഒന്നും പര്‍ദ്ദയിടാറില്ല. ഇന്ന് മുസ്ളിം സ്ത്രീകളെല്ലാം പര്‍ദ്ദയിലേക്ക് വഴിമാറിയിരിക്കുന്നത് രസാവഹമായ കാര്യമാണ്. മതത്തിന്റെ പ്രതിഛായയില്‍ ഒരു വസ്ത്രം തെരഞ്ഞെടുക്കുക എന്നത് എത്രമാത്രം ശരിയായിരിക്കും? മലബാറില്‍ വെള്ളക്കാച്ചിയും ജംബറുമായിരുന്നു മുസ്ളിംസ്ത്രീകള്‍ ധരിച്ചിരുന്നത്. ഉപ്പയുടെ പെങ്ങന്മാര്‍ ഒക്കെ ഒന്നാന്തരം പട്ടുസാരിയുമൊക്കെ ചുറ്റിയാണ് നടക്കാറ്. അവരൊന്നും അഴിഞ്ഞാട്ടക്കാരികള്‍ ആയിട്ടല്ലല്ലോ ഇതൊന്നും. സാംസ്കാരിക ജീവിതത്തിന് വന്നിട്ടുള്ള ഈ മാറ്റം വലിയ ഉല്‍കണ്ഠയോടെ നോക്കിക്കാണേണ്ടതാണ്. നാം പല സാംസ്കാരിക രീതികളെയും സ്വീകരിച്ചവരാണ് എന്നതു വാസ്തവം. രവിവര്‍മ്മ സാരി ധരിച്ച ഒരു പെണ്ണിനെ മോഡലായി കിട്ടാന്‍ ഗുജറാത്തില്‍ പോവുകയായിരുന്നു.  സാരിയും സാല്‍വാറും എല്ലാം ഇപ്രകാരം പുറമേനിന്നുള്ള സംസ്കാരങ്ങളില്‍നിന്ന് വന്നത് നാം സ്വീകരിച്ചതാണ്. മലയാളികളുടെ ശരീരഘടനക്ക് ഒട്ടും യോജിക്കാത്ത ചുരിദാര്‍ ഇന്ന് പല നിലയില്‍ സര്‍വസാധാരണമായിരിക്കുന്നു. 

താങ്കള്‍ ഇന്ത്യന്‍ ഫോട്ടോ കോണ്‍സെപ്ച്വലിസ്റ്റുകളുടെ ഇടയില്‍ ശ്രദ്ധേയമായ നാമമാണ്. ദേശീയവും സാര്‍വദേശീയവുമായ മെട്രോപൊളിറ്റന്‍ ജീവിതത്തെ അടുത്തറിഞ്ഞിട്ടുമുണ്ട്. ലണ്ടനിലെയും ദില്ലിയിലെയും മറ്റും ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ഇടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജീവിതം കൊണ്ട് മതപരമായ എന്തെങ്കിലും സ്വത്വം മുറുകെപ്പിടിക്കാന്‍ കൂട്ടാക്കുന്നുമില്ല. എന്നിട്ടും താങ്കളുടെ മുസ്ളിം സ്വത്വത്തിനു നേരെത്തന്നെ എന്റെ ചോദ്യങ്ങള്‍ വരുന്നു. ഇതെങ്ങനെ കാണുന്നു?

 കേരളത്തില്‍ നിന്നും നാടുവിടുമ്പോള്‍ അത്തരം ഒരു ഐഡന്റിറ്റിയെക്കുറിച്ച് ആരും ചോദിക്കുകയോ, അതിനെപ്പറ്റി സ്വയം ബോധവാനോ ആയിരുന്നില്ല. ദില്ലി, പഞ്ചാബ്, യുപി തുടങ്ങി ഇന്ത്യയുടെ ഭാഗങ്ങളിലെല്ലാം പണിയെടുത്തു. അക്കാലത്ത് ഒരിക്കലാണ് ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ബിജെപി അധികാരത്തില്‍ വരുന്നു. അപ്പോള്‍ പിന്നെ ഇത്തരം സ്വത്വബോധം ഇല്ലാത്തവന്റെ തലയിലൂടെ അത് ഉണ്ടാക്കുന്നു. ഹിന്ദു-മുസ്ലിം എന്ന ദ്വന്ദം വരുന്നു. രണ്ട് മഹാഭൂതങ്ങള്‍ക്കിടയില്‍ പെടുന്നവന്റെ ഭയപ്പാട്. സ്വഭാവികമായും ഇവിടെ സ്വത്വം ഒരു പ്രശ്നമായിത്തീരുന്നു. ചില പേരുകള്‍ കൊണ്ട് അറിയപ്പെടുക. എം എഫ് ഹുസൈന്‍ എന്ന പേര് പ്രശ്നമായിത്തീരുക. സംസ്കാരവും കാഴ്ചയും മതപരമായ ഒരു വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുക. രണ്ട് മതമൌലിക വാദത്തിന്റെ കാര്യവുമാണ് ഞാന്‍ പറയുന്നത്. ഖുര്‍ആനെക്കുറിച്ച് കലാകാരന്, അല്ലെങ്കില്‍ ദേശീയതയെക്കുറിച്ച്, സരസ്വതിയെക്കുറിച്ച്, പാര്‍വതിയെക്കുറിച്ച്, ശിവനെക്കുറിച്ച് ഒന്നും പറയാന്‍ വയ്യ എന്ന അവസ്ഥ. കേരളത്തിലെ മുസ്ലിമിന് ഗണപതി എന്താണെന്നറിയാം. നടരാജഗുരുവിനെ അറിയാം. ക്രിസ്തുവിനെയും ബുദ്ധനെയും മാര്‍ക്സിനെയും ഒക്കെ അടുത്തറിയാം. ബുദ്ധപൂര്‍ണിമ നമുക്കറിയാം. എല്ലാ മതപരമായ ആഘോഷങ്ങളും നാം ആഘോഷത്തോടെ ജാതിഭേദമന്യേ കൊണ്ടാടുന്നു. . എന്നിട്ടും നാം മതസ്പര്‍ധയില്‍ അധിഷ്ഠിതമായ ഒരു സാംസ്കാരിക ജീവിതം ആഘോഷിക്കുന്നു. ലോകത്താകെ വംശീയതയുടേയും ദേശീയതയുടെയും പേരില്‍ മനുഷ്യരെ കൊന്നൊടുക്കപ്പെടുന്നു. ചരിത്രത്തിലുടനീളം ഈ സംഭവഗതികള്‍ ആവര്‍ത്തിക്കുന്നു. കര്‍ബല, ജോര്‍ദാന്‍, സിറിയ, പലസ്തീന്‍, കോംഗോ. ഇസ്രായേല്‍ അതിര്‍ത്തിയില്‍ പല പ്രദേശങ്ങളും ലാന്‍ഡ് മൈന്‍ ആണ്. അവിടെയാകെ ശത്രുവിനെതിരായി മൈന്‍ വിതറിയിട്ടിരിക്കയാണ്. ഗോലന്‍ കുന്നുകള്‍ എന്താണ്? അത് യുദ്ധം ചെയ്യാനുള്ള ഒരു കാരണമാക്കി നിലനിര്‍ത്തിയിരിക്കയാണ്. ബൈത്തുല്‍ മുഖദ്ദിസ് ജൂതന്റെയും ക്രിസ്ത്യാനിയുടെയും മുസ്ളിംമിന്റെയും ഒക്കെ പുണ്യദേവാലയമാണ്. അവിടെ എല്ലാവര്‍ക്കും പോകാം. മതമൊന്നും ചോദിക്കില്ല. എന്നാല്‍ അവിടുത്തെ ജീവിതം ഈ നിലയില്‍ യുദ്ധഭൂമിയാക്കിയിരിക്കയാണ്. ഒരു ഭാഗത്ത് യുദ്ധം നടക്കുന്നു. മറുഭാഗത്ത് മനുഷ്യര്‍ സാധാരണ ജീവിതവും ജീവിക്കുന്നു; നിരന്തരമായ യുദ്ധഭീതിയുടെ നിഴലില്‍, ഒരു പക്ഷേ ആ യാഥാര്‍ഥ്യത്തെ ഒരു സ്വാഭാവികതയായി വിസ്മരിച്ചുകൊണ്ട്. 

 സെക്കുലറിസത്തെ പ്രതിരോധിക്കുക എന്ന തലക്കെട്ടില്‍ ദില്ലിയിലെ സഹ്മത് കാമ്പയിനു വേണ്ടി താങ്കള്‍ ചെയ്ത ഫോട്ടോഗ്രാഫ് കണ്ടു. തലഭാഗം മുറിച്ചുകളഞ്ഞ ഷര്‍ട്ടിടാത്ത ഒരു മനുഷ്യന്റെ ഉരസ്സ്. മുന്‍ഭാഗത്തേക്ക് മനോഹരമായ ഒരു താമരപ്പൂവും പിന്‍ഭാഗത്ത് മറച്ചുവെച്ച കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന ഗുണ്ടാരൂപം. യഥാര്‍ഥത്തില്‍ ആ ഫോട്ടോഗ്രഫില്‍ നിങ്ങള്‍ ഈ  മനുഷ്യബിംബത്തെ പരിഹസിക്കും പോലെയാണ് പോസ് ചെയ്തിരിക്കുന്നത്. താങ്കള്‍ പറഞ്ഞ വംശഹത്യകളും ഹിംസകളും സാമൂഹികമായി വ്യാപിപ്പിക്കുന്ന ഭയപ്പാടിനെ ഇവിടെ വല്ലാത്ത നിലയില്‍ നേരിട്ട് പരിഹസിക്കുകയും അത് സൃഷ്ടിക്കുന്ന ഭയവിഹ്വലതകളെ ശമിപ്പിക്കുന്ന ഭാവം പ്രസരിപ്പിക്കുകയും ചെയ്യുന്നു, കലയുടെ ഒരു സവിശേഷ ഫങ്ഷനാണിത്. യാഥാര്‍ഥ്യത്തെ ആവിഷ്കരിക്കുമ്പോള്‍ അതിന്റെ ക്രൌര്യങ്ങളെ ശമിപ്പിക്കുന്ന ഒരു വൈദ്യവൃത്തി...

 ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യമായ ഭീതി. ഗുജറാത്ത് സംഭവം നോക്കുക. ഇതെല്ലാം വളരെ ഗൂഢാലോചനയിലൂടെ ഉണ്ടാകുന്ന സംഭവമാണ്. ഹിന്ദു ഫാസിസമായാലും ഇസ്ളാമിക ഫാസിസമായാലും ഒരു തരത്തിലും ന്യായീകരണമില്ല. ഫാസിസത്തിന്റെ അംശങ്ങള്‍ എല്ലാ പ്രത്യയശാസ്ത്രത്തിലുമുണ്ട്. നാമെല്ലാം അന്താരാഷ്ട്രീയമാകാനാണ് ശ്രമിക്കുന്നത്. ഇസ്ളാമിനെ അന്തരാഷ്ട്രീയ മതമാക്കാനാണ് ശ്രമം. ഒരേ വസ്ത്രം, ഒരേ ഭക്ഷണം, ഒരേ യൂണിഫോം, ഒരേ പഠനം, ഒരേ നടത്തം എന്നിങ്ങനെ. ഖുര്‍ആനില്‍ എല്ലാം പറഞ്ഞിട്ടുണ്ട്. മാര്‍ക്സിസത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട് എന്ന ടോട്ടാലിറ്റി, ടോട്ടലിറ്റേറിയന്‍ കാഴ്ചപ്പാടാണ് നമുക്ക്. ഇത് നമ്മുടെ ആധുനികതയുടെ വലിയ ഒരു പോരായ്മയാണ്. 
 സെക്കുലറിസത്തെക്കുറിച്ചുള്ള കാഴ്ചകള്‍ക്കും ഈ സമഗ്രാധിപത്യ സമീപനമുണ്ട്. വ്യത്യസ്തവും ആശയപ്പൊരുത്തമില്ലാത്തതും സാംസ്കാരികമായി വൈവിധ്യം പുലര്‍ത്തുന്നതുമായ ജീവിതത്തെയുംജനതയെയും എങ്ങനെ ഒരു ആകത്തുകയില്‍ നിര്‍ബന്ധിച്ച് ഒന്നാക്കാന്‍ പറ്റും. നെഹ്റുവിന്റെ വരേണ്യമായ ഭരണകൂട സെക്കുലറിസത്തേക്കാള്‍ ഗാന്ധിയുടെ ജനങ്ങള്‍ക്കൊപ്പം വസിക്കുന്ന സഹജീവിത്വം എന്ന കാഴ്പ്പാടാണ് ഞാന്‍ പങ്കിടുന്നത്. എന്നാല്‍ സെക്കുലര്‍ എന്ന കാഴ്ചപ്പാടിനെ, വോട്ട് ചെയ്യുന്നത് എത്രമാത്രം അനിവാര്യമായി തോന്നുന്നുവോ അത്രത്തോളം ഞാനും നിരാകരിക്കുന്നില്ല. അതേസമയം, സെക്കുലര്‍സംസ്കാരം പ്രശ്നം പരിഹരിച്ചുകൊള്ളും എന്ന ധാരണയുമില്ല. 

മാര്‍ക്സിസത്തിന് പല വായനകള്‍ സാധ്യമാണ്. മാര്‍ക്സിന്റെ മൂലധനം പക്ഷേ കര്‍ഷകരെയും ആദിവാസിജനസമൂഹങ്ങളെയുംകുടിയൊഴിപ്പിക്കുകയും പറിച്ചെറിയുകയും ചെയ്തുകൊണ്ട് മുതലാളിത്തം സംസ്ഥാപിതമാകുന്നതിന്റെയും കൂടി വിവരണമാണ്. 

 മുഹമ്മദും മാര്‍ക്സും ഒക്കെ തമ്മില്‍ സാമ്യമുണ്ട്. പ്രവാചകത്വം എന്ന ആശയം. പ്രവചന സ്വഭാവം. സംഘബോധത്തെക്കുറിച്ചുള്ള ആദ്യത്തെ ആശയം ബുദ്ധന്റേതാണെന്നു വരാം. മോഡേണിറ്റി എന്ന ആശയം. എല്ലാത്തിനെയും ഒന്നായിക്കാണുന്ന ഒരു സമഗ്രതയെയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍. തൌഹീദ് എന്ന മുഹമ്മദ് നബിയുടെ ആശയം ഇതാണ്. മിഹ്റാജ്, ധ്യാനം, ജ്ഞാനോദയം, ജാഹിലീയ ഘട്ടം തുടങ്ങിയ ആശയങ്ങള്‍. ബുറാഖ്, കാമധേനു, പറക്കല്‍, എലിവേറ്റ് ചെയ്യപ്പെടുക. ഒരു കലക്ടീവ് കോണ്‍ഷ്യസിനസിനെക്കുറിച്ചുള്ള സങ്കല്‍പനം. ഏകദൈവ വിശ്വാസത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍. ഇതെല്ലാം മനുഷ്യന്റെ ജ്ഞാനസമാഹരണത്തിന്റെ സന്ദര്‍ഭങ്ങള്‍ തന്നെ. എന്നാല്‍, ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഇതെല്ലാം നമ്മെ എവിടെക്കൊണ്ടെത്തിച്ചു എന്നും പരിശോധിക്കപ്പെടണം. ചെയര്‍മാന്‍ മാവോയുടെ തോക്കു പിടിച്ച ഒരു ഇമേജ് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ മാവോയിസ്ററുകള്‍ എല്ലാം തോക്കേന്തിയാണ് നില്‍ക്കുന്നത്. ഇന്നിപ്പോള്‍ എല്ലാത്തിലും ഒരു വിശ്വാസരാഹിത്യം പിടിപെട്ടിരിക്കുന്നു. ഒന്നിലും ഒരു പ്രതീക്ഷയില്ലായ്മ. സത്യം എന്താണ് എന്നറിയാത്ത സ്ഥിതി. ഒരു കെണിയില്‍ അകപ്പെട്ടപ്പോലെ. എന്റെ ഒരു പരമ്പരയില്‍ കാശ്മീരില്‍ നിന്ന് ശേഖരിച്ച ബുള്ളറ്റും എലിപ്പെട്ടിയും കത്തിതറച്ച മുയലും എല്ലാം ഉപയോഗിച്ച് ഞാന്‍ ഈ സ്ഥിതിവിശേഷത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ചു. വയലന്‍സിന്റെ ആബ്സന്‍സിനെയാണ് ഞാന്‍ അന്വേഷിക്കുന്നത്. അതുകൊണ്ട് ഞാന്‍ നാരായണഗുരുവിന്റെയും നടരാജ ഗുരുവിന്റെയും ഒക്കെ ഇമേജുകള്‍ തേടിപ്പോകുന്നു. രാജന്റെ ഒരു ചിത്രം ഞാന്‍ ചെയ്തിട്ടുണ്ട്. അത് നക്സലൈറ്റുകളോടുള്ള ആഭിമുഖ്യം കൊണ്ടല്ല. ആ മുഖം എന്നെ വല്ലാതെ വേട്ടയാടിയതുകൊണ്ടാണ്. വീരനായകത്വം എന്ന നിലയിലല്ല. നിന്റെ ഗതിയും ഇതായിരിക്കും എന്ന നിലയില്‍ അത് നമ്മെ ഹോണ്ട് ചെയ്യുന്നു.  കോടതിക്കുമുമ്പില്‍ തൊഴിലാളികള്‍ രാഷ്ട്രീയപകയുടെ പേരില്‍ പരസ്പരം കുത്തിക്കൊന്ന മട്ടാഞ്ചേരിയിലെ സംഭവത്തെ ഞാന്‍ ചിത്രീകരിച്ചിട്ടുണ്ട്. വേഷ്ടിയില്‍ ചോര പുരണ്ടു കിടക്കുന്ന നിശ്ചല ദൃശ്യം. മലയാളിയുടെ ടെംമ്പറില്‍ ഇപ്രകാരം ഈ വയലന്‍സിന്റെ അംശം ആവര്‍ത്തിക്കപ്പെടുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളെക്കുറിച്ചും ഗോത്രപരമായ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്ന ചില മോട്ടീവുകള്‍ ഉണ്ടെന്നു വരാം. 
 പരിഷ്കൃത സമൂഹമെന്നു പറയുന്ന പടിഞ്ഞാറന്‍ ലോകത്താണ് വംശീയത ഏറ്റവും കൂടുതല്‍. ഒരു മുസ്ളിംനാമധാരിക്ക് ഇന്ന് ബ്രിട്ടനിലും ഫ്രാന്‍സിലും ഒക്കെ നേരിടേണ്ടി വരുന്നത് ഈ സംശയത്തെയാണ്്. അങ്ങനെയൊരു സ്വത്വത്തെക്കുറിച്ച് ബോധമില്ലാതെ നാം വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പേരുകൊണ്ട് പ്രത്യേക പരിശോധന നേരിടേണ്ടി വരുന്നു. ഒരു കൂട്ടം മുസ്ളിം നാമധാരികളുടെ ഇടയിലേക്ക് ഞാനും മാറ്റിനിര്‍ത്തപ്പെടുന്നു. ഒരു പക്ഷേ ഇന്ത്യയിലും ഇസ്രായേലിലുമൊന്നും ഇത്തരം അനുഭവങ്ങളുണ്ടാകില്ല. ഇതാണ് നമ്മുടെ മോഡേണിറ്റിയുടെയും സെക്കുലറിസത്തിന്റെയും വര്‍ത്തമാനം. മാര്‍ക്സിന്റെ ശവകുടീരമൊക്കെയുള്ള ലണ്ടന്‍ തന്നെയാണിതെന്ന് ഓര്‍ക്കണം. എംഎഫ് ഹുസൈന്റെ ഏതോ ഒരു  സ്കെച്ചിന്റെ പേരില്‍ എണ്‍പത്താറാം വയസില്‍ അയാള്‍ക്ക് പ്രവാസജീവിതം നയിക്കേണ്ടി വരിക. അദ്ദേഹം ഇന്ത്യക്കു നല്‍കിയ സംഭാവനകളൊന്നും ഒട്ടും ചര്‍ച്ചക്കു വരുന്നില്ല. 

സ്വത്വപരവും വംശീയവുമായ ഈ പ്രശ്നങ്ങളും ഊന്നലുകളും എല്ലാംയഥാര്‍ഥത്തില്‍ സര്‍വാശ്ളേഷിയായ ഒരു പുതിയ സാമ്പത്തികക്രമം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങളല്ലേ? 

 ആണ്. ആവാം. എന്നാല്‍ പച്ചവെള്ളത്തിന് യൂറോപ്പില്‍ ചിലയിടത്ത് കൊക്ക കോളയേക്കാള്‍ വിലയുണ്ട് എന്ന വാസ്തവം ഉണ്ട്. അപ്പോള്‍ പിന്നെ കൊക്കകോളയാണ് ആളുകള്‍ വാങ്ങിക്കുടിക്കുന്നത്. എന്നാല്‍ വംശീയതയും ജാതിയതയും ഒക്കെ കുറേക്കൂടി ആഴത്തിലുള്ള ചില യാഥാര്‍ഥ്യങ്ങളാണ്. തമിഴ്നാട്ടില്‍ ദളിതരെ വേര്‍തിരിച്ചുനിര്‍ത്താന്‍ ഒരു വലിയ മതില്‍ ഉണ്ടെന്ന് അറിയുന്നത് എത്ര നാണക്കേടാണ്. ആരും അറിയാതെ പതുക്കെ മതില്‍ പൊളിച്ചുമാറ്റി സംഗതി ഒതുക്കിത്തീര്‍ക്കുന്നതിനു പകരം അത് മാധ്യമാഘോഷത്തിനു വിട്ടുകൊടുത്തിരിക്കുകയാണ് സര്‍ക്കാറും പാര്‍ടികളും. ഞാന്‍ ഖുര്‍ആനെയെല്ലാം പരിഹാസത്തോടെ കണ്ട കാലമുണ്ടായിരുന്നു. യാഥാസ്ഥിതികത്വത്തെ എതിര്‍ക്കാനുള്ള വാസന കൊണ്ട് അങ്ങിനെ ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷേ അങ്ങിനെ ചെയ്യാനാവില്ല.  ഖുര്‍ആനും ബൈബിളും വേദങ്ങളുമെല്ലാംവളരെ പണിപ്പെട്ട് സൃഷ്ടിച്ച ജ്ഞാനമാണ് എന്നര്‍ത്ഥത്തിലാണ് ഞാനവയെ ഇന്ന് കാണുന്നത്. 
 ഞാന്‍ വളരെ പ്രാദേശികമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്. അതിലൂടെ എന്റെ സാര്‍വദേശീയതയെ കണ്ടെത്തുന്നു. ഈ പ്രാദേശിക ജീവിതത്തില്‍ നിന്ന് കണ്ടെടുക്കുന്ന ഇമേജുകളെ സ്വയം വിഹരിക്കാനാവും വിധം വിന്യസിക്കുകയാണ് ചെയ്യുന്നത്.  അന്വശരതയല്ല സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഡേവിഡിനെ ചെയ്ത് അന്വശരനാവാനല്ല. പത്തിരപത്തഞ്ചുകൊല്ലം കഴിഞ്ഞാല്‍ നശിച്ചുപോകുന്ന സൃഷ്ടികള്‍. ഒരു മാര്‍ബിള്‍ രൂപം കാലാകാലത്തേക്കായി പണിതുവെക്കുകയല്ല ലക്ഷ്യം. കല വളരെ ലാഘവമാര്‍ന്നതായിരിക്കണം. സുതാര്യമായിരിക്കണം. എന്നാല്‍ ഷാബി ആയിട്ടല്ല, അവ്യക്തമായിട്ടല്ല, കൃത്യതയും ഇഴയടുപ്പവും ഉള്ള ഒരു ടെക്സചര്‍. ഒരു പന്നി, അല്ലെങ്കില്‍ ഒരു പോത്ത്. വലിയ കാന്‍വാസില്‍. കാണുന്നവരുമായ അവ സ്വയം ഏറ്റുമുട്ടിക്കോളും. നാം ഒന്നും പറയാതെ സൃഷ്ടികള്‍ സ്വയം സംസാരിച്ചുകൊള്ളും. ഇന്ത്യയിലെ പൌരാണിക കലാകാരന്‍മാര്‍ അവരുടെ പേരിന്റെ അടയാളവും ഒപ്പും ചാര്‍ത്താനല്ല ചിത്രങ്ങള്‍ എഴുതിയതും ശില്‍പങ്ങള്‍ ചെയ്തതും. അജന്ത, എല്ലോറ ഗുഹകളിലെ ബൌദ്ധപാരമ്പര്യത്തിലെ ശില്‍പങ്ങള്‍ക്കു ചുവട്ടിലൊന്നും അവ നിര്‍മിച്ച കലാകാരന്‍െ പേരില്ല. പല്ലവ-ചോള കാലത്തെ ഗംഭീരങ്ങളായ ശില്‍പ നിര്‍മ്മിതികള്‍ നിര്‍മിച്ച കലാകാരന്മാരോ കൈവേലക്കാരോ ഒന്നും തങ്ങളുടെ ഒപ്പു ചാര്‍ത്തിയവരല്ല. അന്വശരന്മാര്‍ ആകാന്‍ വേണ്ടിയല്ല അവര്‍ കലാപ്രവര്‍ത്തനം നടത്തിയത്. കൈയുടെ ഉപയോഗം. കൈ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ്  മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് എന്നു പറഞ്ഞത് മാര്‍ക്സാണ്. കാറോടിക്കാനും വെടിവെയ്ക്കാനും ചിത്രമെഴുതാനും ശില്‍പം ചെയ്യാനും മുദ്രവാക്യം വിളിക്കാനും ശൌച്യം ചെയ്യാനും എല്ലാം ആരംഭിച്ചത് നിവര്‍ന്നു നിന്ന് കൈകള്‍ സ്വതന്ത്രമായപ്പോഴാണ്. അതുകൊണ്ട് തന്റെ കൈ എങ്ങനെ ഉപയോഗിക്കാനാവും എന്തിന് ഉപയോഗിക്കാം എന്നതാണ് കലാപ്രവര്‍ത്തനത്തിന്റെ അര്‍ഥം. 

 പുലയനെയും പറയനെയും നവഹൈന്ദവനെയും ചിത്രീകരിച്ച മാന്‍ വിത്ത് ടൂള്‍സ് എന്ന താങ്കളുടെ പരമ്പരയില്‍ എന്ന പോലെ താങ്കള്‍ കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തെ ശ്രീനാരയണീയ പാരമ്പര്യത്തില്‍ നിന്നാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ട് നമ്മുടെ മാനവിക പ്രസ്ഥാനത്തെ ഭക്തിപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ നിന്നുതുടങ്ങി വീക്ഷിക്കുന്നില്ല? തമിഴ് ഭക്തിപ്രസ്ഥാന പാരമ്പര്യം താങ്കളുടെ ഇമേജുകളില്‍ സമ്പന്നമാംവിധം കടന്നു വരുന്നുണ്ട് എന്നതു വാസ്തവം തന്നെ....

 എന്റെ അണ്‍ടെച്ചബിള്‍ എന്ന പരമ്പര ഇതിനുള്ള ഉത്തരമാണ്. (അതിന്റെ കാറ്റലോഗ് ആസാദ് എടുത്തുതന്നു. തന്റെ പ്രാദേശിക ചരിത്രത്തെ ദ്രാവിഡ സംസ്കാരത്തിന്റെയും ഇമേജറിയുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആസാദിന്റെ ഈ പരമ്പരയെപ്പറ്റി ദീര്‍ഘമായ പരാമര്‍ശങ്ങള്‍ ആവശ്യമാണ്.)

താങ്കളുടെ പടങ്ങളുടെയും പരമ്പരയുടെയും പ്രമേയകല്‍പനയില്‍ എന്തെല്ലാം വ്യക്തിപരമായ നിദാനങ്ങളാണുള്ളത്. ഉദാഹരണത്തിന് മൃഗങ്ങളുടെ മോട്ടീഫ് ഉപയോഗിച്ചുകൊണ്ട് തീര്‍ത്ത ആനിമല്‍ എന്ന പരമ്പരയിലേക്കു നയിച്ച തീര്‍പ്പുകര്‍ എന്തായിരുന്നു. 

 ഇത്തരം എല്ലാ നിര്‍മാണത്തിനും വ്യക്തിപരമായ തെരഞ്ഞെടുപ്പുകളുടെ പ്രോട്ടോടൈപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. അങ്ങനെ ഒരു അസത്യം ഉണ്ടാകുമ്പോഴല്ലേ ഒരു സത്യവും ആഖ്യാനവും സാധ്യമാകുക. അത്തരം സ്വന്തമായ ചുവകളും താത്പര്യവും സ്വാതന്ത്യ്രവും അനിവാര്യമാണ്. എന്നാല്‍ അവയുടെ ആകത്തുക ഈ വ്യക്തിപരമായ തീര്‍പ്പുകള്‍ ആയിക്കൊളളണമെന്നില്ല. ഇമേജുകളെ ഒരു സങ്കലിത സ്വഭാവത്തോടെ അവതരിപ്പിക്കുകയാണ് ഞാന്‍ ഇതുവരെ സ്വീകരിച്ച ശൈലി. വിരുദ്ധ ദ്രുവങ്ങളിലും വൈജാത്യമേഖലകളിലും കിടക്കുന്നു എന്നു തോന്നുന്ന ഇമേജുകളെയും പ്രമേയങ്ങളെയും കൂട്ടിക്കലര്‍ത്തുക. ഒരേ പ്രതലത്തില്‍ കൊണ്ടുവരിക. അതിലൊന്നും ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രമോ ആശയമോ തിയോളജിയോ ഞാന്‍ ഊന്നുന്നില്ല. ഒരു പ്രത്യയശാസ്ത്രത്തെയും പിന്തുടരുന്നില്ല. കാരണം നമുക്ക് ഒന്നിലും പൂര്‍ണമായി വിശ്വാസം അര്‍പ്പിക്കാന്‍ പറ്റാത്ത കാലമാണിത്. എല്ലാം നമ്മള്‍ പരീക്ഷിച്ചു. എല്ലാം മലയാളിക്കറിയാം. വണ്ടി ടെര്‍മിനലില്‍ എത്തി. ഇനി മതിലുപൊളിച്ചേ മുന്നോട്ടുപോകാനാകൂ. ഉപയോഗിക്കുന്ന മാധ്യമമെന്ത്? അതെങ്ങനെ നിര്‍മിക്കുന്നു? രണ്ടര ലക്ഷം മുടക്കി സില്‍വര്‍ ബ്രോമെയ്ഡിലാണോ പ്രിന്റ് എടുക്കുന്നത്? ഇതൊന്നും കലാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ മുഖ്യമായി വരുന്ന സംഗതികളല്ല. അതിന്റെ പുറകിലുള്ള ശുദ്ധതയെയാണ്, നന്മയെയാണ് ഞാന്‍ തേടുന്നത്. അതാണ് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. താന്‍ ആവിഷ്കരിക്കുന്നത് പ്ളാറ്റിനം ബ്രോമെയ്ഡിലാണോ എന്നതല്ല കാര്യം. ഏതൊരു ഫ്ളക്സ് അടിക്കുന്ന ആള്‍ക്കും സൃഷ്ടിക്കാന്‍ പറ്റുന്ന തരത്തില്‍ കലയുടെ ജനാധിപത്യപരമായ സ്ഥലിയാണ് അന്വേഷിക്കുന്നത്. 
 ജനങ്ങള്‍ ആധുനികതയുടേയും പരിഷ്കൃതത്വത്തിന്റേയും ഭാവത്തില്‍ പുലരുമ്പോഴും അവരുടെ അന്തരംഗത്തില്‍ പ്രവര്‍ത്തിക്കുന്ന ചില അണ്ടര്‍കോട്സ് ഉണ്ട്. മതവാദത്തില്‍ നിലകൊള്ളുമ്പോഴും സൂഫിപാരമ്പര്യം ജനജീവിതത്തില്‍ നിലനില്‍ക്കുന്നതുപോലെ. ഈ അണ്ടര്‍കോട്ട് ആണ് എന്റെ കലയുടെ ഇമേജുകള്‍ നിര്‍ണയിക്കുന്നത്. അതാണ് റഫറല്‍ പോയിന്റ്. എന്റെ വെളിച്ചത്തിന്റെ ഉപയോഗവും ഈ പ്രാദേശിക ജീവിതത്തില്‍ നിന്ന് കണ്ടെടുക്കുന്നതാണ്. പാലക്കാടന്‍ പോക്കുവെയിലിന്റെ വെളിച്ചം പാലക്കാട്ടു മാത്രമുള്ളതാണ് എന്ന അറിവ്. കലയില്‍ കടന്നു വരുന്ന ഫാഷനൊന്നും അതിന്റെ അടിസ്ഥാനങ്ങളെ മാറ്റിതീര്‍ക്കുന്നില്ല. 
 മുപ്പതിലൊന്ന് സെക്കണ്ടില്‍ നിലകൊള്ളുന്ന നിശ്ചലതയാണ് ഫോട്ടോഗ്രഫി. മരിച്ച കാലത്തെ പകര്‍ത്തുക. നഷ്ടമാകുന്ന നമ്മുടെ നിമിഷങ്ങള്‍. മരിച്ച കാലത്തെ രേഖപ്പെടുത്തുക. ഫോട്ടോഗ്രഫി എന്ന് പറയുമ്പോള്‍തന്നെ ഒരു കൊളോണിയല്‍ ഭയപ്പാട് നമ്മെ പിടികൂടുന്നുണ്ട്. ഷൂട്ട് ചെയ്യുക. തട്ടിക്കളയുക. നിര്‍ത്തി വെടിവെച്ചു കൊല്ലുക എന്ന കൊളോണിയലിസം പഠിപ്പിച്ച നരമേധത്തിന്റെ സമ്പ്രദായമാണ് ഫോട്ടോഗ്രഫിയും പങ്കുവെയ്ക്കുന്നത്. അതുകൊണ്ടാണ് ക്യാമറക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നാം ഒരു ഭീതിക്കടിമപ്പെട്ട് ശരീരമെല്ലാം വിറങ്ങലിപ്പിച്ചുനിര്‍ത്തുന്നത്. ഈ ടെററിനെയാണ് ഞാന്‍ മാധ്യമമാക്കുന്നത്. അതിനാല്‍ മാധ്യമത്തില്‍തന്നെ അന്തര്‍ലീനമായ ചില സത്യങ്ങളുണ്ട്. ആ സത്യത്തെ നാം അന്വേഷിക്കുകയാണ്. 


No comments:

Post a Comment