Friday, September 7, 2012



കെ ടി തീര്‍ത്ത ഇടം


കെടിയുടെ നാടകങ്ങള്‍, രണ്ടു ഭാഗങ്ങള്‍
കെ ടി മുഹമ്മദ്
ജനറല്‍ എഡിറ്റര്‍: പുരുഷന്‍ കടലുണ്ടി
കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 
വില: 1000.00 രൂപ


എഴുപതുകളുടെ അവസാനം. എട്ടു വയസ്സു പ്രായം. ഉയര്‍ത്തിക്കെട്ടിയ വീട്ടുമുറ്റത്തിന്റെ മൂല വേദിയാക്കി അന്നൊരു നാടകം അരങ്ങേറുകയാണ്.  അക്ബര്‍ ചക്രവര്‍ത്തിയുടെ മകന്‍ സലീം രാജകുമാരനും അനാര്‍ക്കലിയും തമ്മിലുള്ള പ്രണയം പ്രമേയമാക്കിയ നാടകം.  യാഥാര്‍ത്ഥത്തില്‍, നാടകത്തിനുള്ളിലെ നാടകാവതരണമായാണ് പ്രണയം കടന്നുവരുന്നത്.  

യാഥാസ്ഥിതികരായ ഹാജിയാരുടെയും ഭാര്യയുടേയും കണ്ണു വെട്ടിച്ച്  തങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്ന അനാര്‍ക്കലി എന്ന നാടകത്തിന്റെ സംഭാഷണങ്ങള്‍ മകന്‍ സ്വന്തം മുറി അടച്ചിട്ട് വായിച്ചു പഠിക്കുന്നതാണ് ഒന്നാമങ്കം. അത് ഒളിഞ്ഞ് കേട്ട് അസ്വസ്ഥഭരിതനായി ഭാര്യയോട് തട്ടിക്കയറുന്ന ഹാസ്യകഥാപാത്രമായ ഹാജിയാരാണ് രംഗത്ത്. രണ്ടാം രംഗത്ത് റിഹേഴ്സല്‍ കഴിഞ്ഞ് അനാര്‍ക്കലി  അരങ്ങേറുകയാണ്. സലീം രാജകുമാരനും അനാര്‍ക്കലിയും തമ്മില്‍ യമുനാതീരത്ത് സംഗമിച്ച് പ്രണയം പങ്കുവെയ്ക്കുന്ന രംഗത്തിന്റെ ക്ളൈമാക്സ്. അപ്പോഴാണ് മകന്റെ ഹറാമിയത്ത് അറിഞ്ഞ് കോപാകുലനായി ഹാജിയാര്‍ സ്റ്റേജിലേക്ക് കയറി വരുന്നത്. പിന്നാലെ “നിങ്ങള് അടങ്ങീന്ന് ആശ്വസിപ്പിച്ച് കെട്ടിയോളും. നാടകം അലങ്കോലമാകാന്‍ പോകയാണ്. കാണികളും അമ്പരന്നു. ശരിക്കും എന്താണ് സംഭവിക്കുന്നത്? അനാര്‍ക്കലിയും സലീമും വിഷമസ്ഥിതിയിലായി. എന്തുചെയ്യും? മട്ടുമാറ്റിചവിട്ടാനുള്ള മനോധര്‍മ്മം തന്നെ പോംവഴി. ബാപ്പായെ സലീമിന്റെ പിതാവ്  അക്ബര്‍ ചക്രവര്‍ത്തിയാക്കി നാടത്തിലെ പാത്രമാക്കി മാറ്റാം.  അലങ്കോലപ്പെടാന്‍ പോകുന്ന നാടകത്തെ രക്ഷിക്കാന്‍  അവസാനത്തെ അടവെന്ന മട്ടില്‍ സലീം:

“”-അല്ലയോ, അക്ബര്‍ ചക്രവര്‍ത്തീ...

 സ്വന്തം മകന്റെ ഈ സംബോധന കേട്ട് ഹാജിയാര്‍ ഞെട്ടി. മുണ്ട് പിന്നില്‍ കുത്തിപ്പിടിച്ച് വേദിയില്‍ വിറളിയെടുത്ത് വെരുകിനെപ്പോലെ ഉലാത്തി. എന്തു പറയണമെന്നറിയാതെ കുഴങ്ങി.

അനാര്‍ക്കലിയാണ് ഇപ്പോള്‍ സംഭാഷണം...
-ഈ യമുനാ നദിയുടെ തീരത്ത്...

സലിം രാജകുമാരന്‍: -സ്വര്‍ണ്ണത്തലപ്പാവിനു പകരം വെള്ളമുണ്ടും തലയില്‍ ചുറ്റി...

അനാര്‍ക്കലി: -സ്വര്‍ണ്ണപാദുകള്‍ക്കു പകരം നഗ്നപാദനായി...

സലിം: മഹാരാജാവേ....അങ്ങേങ്ങെന്തു പറ്റി...അങ്ങയുടെ പുത്രന്‍ എന്തിനാണീ സാക്ഷിയാവുന്നത്?

അന്തം വിട്ട ഹാജിയാര്‍ അലറുകയാണ്. സമാധാനിപ്പിക്കാന്‍ കെട്ടിയോള്‍ പിന്നാലെയും....

വീട്ടുമുറ്റത്ത് അരങ്ങേറിയ ആ കുടുംബ നാടകത്തില്‍ അനാര്‍ക്കലിയായി വേഷമിട്ടത് അന്നു പതിനഞ്ചുകാരിയായിരുന്ന പെങ്ങള്‍ സക്കീനത്ത്. സലീം രാജകുമാരനായി ഇളയമ്മയുടെ മകന്‍ അബ്ദുസ്സലാം. ഹാജിയാരായി അമ്മാവന്റെ മകന്‍ ഷഹീദ് ഹംസക്കോയ. ഭാര്യയായി അവന്റെ നേര്‍പെങ്ങള്‍ ഷഹീദ. 

നാട്ടില്‍ പിപി എന്നറിയപ്പെടുന്ന അമ്പത്താറു കവിഞ്ഞ ഉപ്പയുടെ കാവലിലാണ് നാടകം അരങ്ങേറിയത്. നാട്ടുകാര്‍ക്കിടയില്‍ വലിയ ആസ്വാസ്ഥ്യം. ”പി പി മക്കളെക്കൊണ്ട് നാടകം കളിപ്പിക്കുകയാണ്, അതും വീട്ടുമുറ്റത്ത്... മാത്രമല്ല, റിഹേഴ്സല്‍ സമയത്ത് ആര്‍ക്കോ വീണു കിട്ടിയ നാടകത്തിന്റെ കയ്യെഴുത്തുപ്രതിയിലെ ഡയലോഗുകള്‍ പറഞ്ഞ് ഉപ്പയെ അങ്ങാടിയിലെ കുസൃതികള്‍ കുത്തിനോവിക്കാനും തുടങ്ങി. ഈ സംഭവഗതികളോട് ഉപ്പ പ്രതികരിച്ചത് ഇങ്ങനെ: -വയസ്സുകാലം. എനിക്ക് നാടകം കാണാന്‍ പൂതി. അതിനാല്‍ മക്കളെക്കൊണ്ട് ഞാന്‍ കളിപ്പിച്ചതാണ്. അതിന് നിങ്ങള്‍ക്കെന്തു ചേതം..?’’വയോവൃദ്ധനായ ഉപ്പ തന്റെ വാക്കിങ് സ്റ്റിക്കും പിടിച്ച് പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍, സ്റ്റേജിനു മുമ്പിലായി കസേരയിട്ടു നാടകത്തിനു കാവല്‍ നില്‍ക്കുകയും, കണ്ടു രസിക്കുകയും, സ്വതസിദ്ധമായ ഒരു കള്ളച്ചിരിയോടെ നാട്ടുകാരെ ഒന്നടങ്കം വെല്ലുവിളിക്കുകയും ചെയ്ത ചിത്രം അന്നു ബാലനായിരുന്ന എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. 

രണ്ടു വാള്യങ്ങളിലായി കേരള സാഹിത്യ അക്കാദമി, അതിന്റെ സെക്രട്ടറി പുരുഷന്‍ കടലുണ്ടിയുടെ പത്രാധിപത്യത്തില്‍ പുറത്തിറക്കിയ, കെടി മുഹമ്മദിന്റെ നാടകരചനകളുടെ സമാഹാരത്തിലൂടെ കണ്ണോടിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നത്  ഈ ബാല്യകാലാനുഭവമാണ്്. ഇതു ഭൂമിയാണ്, കാഫര്‍ തുടങ്ങിയ നാടകത്തില്‍ കെടി എഴുതിയതെല്ലാം, എഴുപതുകള്‍ക്കവസാനം കൊണ്ടോട്ടി തുറക്കലിലെ ആ വീട്ടുമുറ്റത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു എന്ന് ഇന്നു ഞാനറിയുന്നു. കെടിയെപ്പോലുള്ള പ്രതിഭകളും, വീട്ടുമുറ്റത്തെ ഇത്തരം വിസ്മയങ്ങളും, മലബാറിന്റെ സാമൂഹ്യ ജീവിതത്തില്‍ അത്ര അസാധാരണമായിരുന്നില്ല എന്ന് ഓര്‍ക്കുമ്പോള്‍, എണ്‍പതുകള്‍ക്കു ശേഷം നമ്മുടെ സാമൂഹ്യ ജീവിതത്തിനു സംഭവിച്ച വേഷപ്പകര്‍ച്ചകള്‍ ഒട്ട് ആശങ്കയോടെ മാത്രമേ  വിലയിരുത്താനാവൂ. മതങ്ങളുടെ അതിര്‍ത്തികളും പാരസ്പര്യങ്ങളും അന്വേഷിച്ച് ആഘോഷിച്ച ജീവിതങ്ങള്‍ മണ്ണടിയുകയും; മതം, ജാതി, സമുദായം തുടങ്ങിയ ഗണങ്ങള്‍ അവസാനത്തെ അഭയമായി നെഞ്ചൂക്കു കാണിച്ച് രംഗത്തെത്തുകയും ചെയ്ത എണ്‍പതുകളും തൊണ്ണൂറുകളും പിന്നിടുന്ന നമ്മുടെ വര്‍ത്തമാനം എത്ര നിന്ദ്യമായ ചിത്രമാണ് പങ്കുവെയ്ക്കുന്നത്?  ഇതു മുന്‍കൂട്ടിയറിഞ്ഞതുകൊണ്ടാവാം തന്റെ അവസാന നാളുകളില്‍, കെടി കണ്ണീരുകൊണ്ട് പലപ്പോഴും തന്റെ കാലത്തെ അടയാളപ്പെടുത്തി പ്രസംഗവേദികളെ മറ്റൊരു നാടകശാലയാക്കി മാറ്റിയിരുന്നത്. പ്രസംഗത്തിലും വൈയക്തിക ഇടപെടലുകളിലും കെടി പുലര്‍ത്തിയ ഈ വൈകാരികത പുകള്‍പെറ്റതാണ്.  ഒരു പ്രളയജലം പോലെ കുത്തിയൊലിച്ചെത്തുന്ന ഈ വൈകാരികത അദ്ദേഹത്തിന്റെ നാടകങ്ങളെയും സവിശേഷമായ സൌന്ദര്യാനുഭമാക്കി മാറ്റിയിട്ടുണ്ട്. തന്റെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും ഭ്രാന്തിനുള്ള ചികിത്സയായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങള്‍. ഇതു ഭൂമിയാണ്, കാഫര്‍, സംഗമം, വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം രംഗവേദികളെന്ന പോലെ കാണികളെയും, അതിന്റെ അനുരണനങ്ങള്‍ സമൂഹത്തെയും കിടിലം കൊള്ളിച്ചു.  സ്ത്രീയുടെ വൈകാരിക ഭാവത്തിന്റെ സത്യാത്മകതയും, ഭ്രാന്തിന്റെ നേരുകളും, പ്രളയജലത്തിന്റെ ഏകീകരണ ഭാവവും കൊണ്ട്,  അജ്ഞതക്കും മതസങ്കുചിതത്വത്തിനും ഉള്ള, മന:ശാസ്ത്ര ചികിത്സയായിത്തീര്‍ന്നു കെടിയുടെ രചനകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ബുദ്ധിപരതയും നര്‍മ്മശീലവുമല്ല, കൊടിയ സങ്കടങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും തീര്‍ത്ഥജല പ്രവാഹമൊരുക്കിയ ഒന്നായിരുന്നു കെടിയുടെ രചനകള്‍.
 തന്റെ സമുദായത്തിന്റെ ഗോത്രപരമായ പിടിവാശികളെയും സങ്കുചിതത്വങ്ങളെയും ഫ്രോയിഡിയന്‍ അര്‍ത്ഥത്തിലുള്ള തൊടല്‍ ഭീതിയെയും, ഇതര സമുദായ ജീവിതവുമായി എതിര്‍ നിര്‍ത്തിക്കൊണ്ടുള്ള വാഗ്വാദഭൂമിക സൃഷ്ടിച്ചു കൊണ്ട,് സംഘര്‍ഷങ്ങളെ നാടകത്തിന്റെ ആന്തരിക ഘടനയില്‍ നിര്‍ത്തുന്ന  സങ്കേതമാണ് കെടി അറിഞ്ഞോ അറിയാതെയോ സ്വായത്തമാക്കിയിരുന്നത്. നാടകാന്തം കവിത്വം എന്ന സംസ്കൃത നാടകത്തിന്റെ ലാവണ്യനിയമങ്ങളെ അട്ടിമറിക്കുന്ന ജനകീയതയാണ് കെടിയുടെ നാടകങ്ങളില്‍ നാം കണ്ടുമുട്ടുക. സങ്കേതത്തിനകത്തെ നാടകീയമുഹൂര്‍ത്തങ്ങളെയല്ല, നാടകീയമായ ജീവിതമൂഹൂര്‍ത്തങ്ങള്‍  സങ്കേതം ചമയ്ക്കുന്ന നൈസര്‍ഗ്ഗികതയുടെ സൌന്ദര്യശാസ്ത്രമാണ് കെടി തന്റെ രചനകളില്‍ സാക്ഷാത്കരിച്ചത്. തന്റെ നാടകത്തിന്റെ സ്ഥലത്തെയും കാലത്തെയും കുറിച്ച് ബോധവാനായി, സങ്കേതങ്ങളുടെ സമസ്യകളില്‍നിന്നാരംഭിച്ച കെടിയുടെ നാടകങ്ങളാകട്ടെ-ചുവന്ന ഘടികാരം, സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയവ-ആ അര്‍ത്ഥത്തില്‍ അത്ര പ്രശസ്തമല്ലാതായിത്തീര്‍ന്നതും മറ്റൊന്നുകൊണ്ടുമല്ല. സങ്കേതസമസ്യകളില്‍ പിടിവാശി പൂണ്ട,  പുനരുത്ഥാനവാദത്തിലൂന്നിയ, പില്‍ക്കാല തനത് നാടകവേദിയുടെ കെട്ടുകാഴ്ചകള്‍ക്ക് കെടി അന്യനായിത്തീരുന്നതും അതുകൊണ്ടുതന്നെ. കെടിയുടെ തലമുറയ്ക്കു ശേഷം മലയാള നാടകവേദി ജനകീയാഭിലാഷങ്ങളില്‍ നിന്നകന്ന്,  വരേണ്യാഭിരുചിയെ ആശ്ളേഷിക്കാനുള്ള വ്യഗ്രതയായി ജീര്‍ണ്ണിച്ചത് സംസ്കൃതാഭിമുഖ്യം നിറഞ്ഞ ഈ ആധുനികതയില്‍ വട്ടം ചുറ്റിയതുകൊണ്ടാണ്. അക്കാദമിക നാടകരംഗത്തിനും ഒരര്‍ത്ഥത്തില്‍ ജീവന്‍ നഷ്ടമായത്, ജീവിതത്തോടുള്ള ഈ പുറം തിരിഞ്ഞു നില്‍പ്പാണ്. എഴുപതുകള്‍ തൊട്ട് മലയാള നാടകവേദിയെ കൊലക്കു കൊടുക്കുകയും നാടകജീവിതത്തില്‍ സിനിമ കുടിയേറ്റം നടത്തുകയും ചെയ്യുന്ന മുഹൂര്‍ത്തങ്ങള്‍ കെടിയുടെത്തന്നെ നാടകജീവിതത്തില്‍ നമുക്കു കണ്ടുകിട്ടും. കെടി മുതല്‍പേര്‍ തുടക്കം കുറിച്ച ആധുനിക കാലത്തെ മുസ്ലിം നവോത്ഥാനത്തിന്റെ ഉള്ളടക്കവും ഘടനയും അപചയം നേരിടുന്നതും ഇവിടെ വെച്ചാണെന്നു കാണാം. 
   കെടിയുടെ ഓജസുറ്റ രചനകളെല്ലാം സാമുദായിക പരിഷ്കരണം എന്ന പേരില്‍ അറിയപ്പെടുന്ന നവോത്ഥാന സംബന്ധിയായ രചനകളാണ്. മലബാറിലെ മുസ്ലിം സമുദായത്തിന്റെ ഗോത്രപരതയോട് ഏറ്റുമുട്ടിക്കൊണ്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പരിഷ്കരണം വേണമെന്ന ആഹ്വാനമാണ് ഈ നാടകങ്ങളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ കെടി സ്വന്തം മതത്തെയും വിശ്വാസത്തെയും സംബന്ധിച്ച സത്തയെ തന്റെ രചനകളില്‍ തേടി. എന്നാല്‍, യുക്തിവാദത്തിന്റെ ഉപരിപ്ളവസ്വഭാവമാര്‍ന്ന മതനിരാസം ഒരു രചനയുടെപ്പോലും നിറം കെടുത്തുന്നില്ല എന്നതാണു ശ്രദ്ധേയമായ വസ്തുത. അതേസമയം, മതങ്ങള്‍ക്കും, മനുഷ്യര്‍ക്കുംമേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട ഗോത്രപരമായ സങ്കുചിതത്വങ്ങള്‍ക്കും അപ്പുറത്തെ മതാതീതമായ ആത്മീയത കെടി അന്വേഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. അവസാന നാടകങ്ങളിലൊന്നായ വെള്ളപ്പൊക്കത്തിലെ പ്രളയജലം, പ്രകൃതി മനുഷ്യനെയും അവന്റെ അഹങ്കാരനിര്‍മ്മിതികളെയും നിസ്സാരമാക്കാന്‍ പോന്ന ശക്തിയായി ആവിഷ്കരിക്കപ്പെടുന്നത്  ഇതിനു നിദര്‍ശനമാണ്.  ഇത് കെടിയുടെ തിരിച്ചറിവിന്റെ ക്ളൈമാക്സ് കൂടിയാണ്. കെടിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഒന്നൊഴിയാതെ സൂക്ഷിച്ച വൈകാരികതയുടെ സത്യവും സൌന്ദര്യവും ഇവിടെ വന്യമായ യാഥാര്‍ത്ഥ്യമായിത്തീരുന്നു. കെടിയുടെ പ്രധാനപ്പെട്ട നാടങ്ങളിലെല്ലാം, ഭൂമിയിലേക്കു വഴുതിവീണ പെണ്ണായും, മന്ദബുദ്ധിയായ മകന്റെ സത്യവചനങ്ങളായും,  ഭ്രാന്തന്റെ മതാതീതമായ അസ്തിത്വമായും,  ഇപ്രകാരം മനുഷ്യനു നഷ്ടമാകുന്ന മനുഷ്യത്വത്തിന്റെ ഏകസത്തയുടെ സ്പന്ദനങ്ങളെ പിടിച്ചെടുക്കുന്നു. നവോത്ഥാന പരിപ്രേക്ഷ്യങ്ങളായ യുക്തിചിന്ത, സ്ത്രീ-പുരുഷ സമത്വം, മതനിരപേക്ഷ ജീവിതം എന്നിവയെല്ലാം അതിന്റെ ജനകീയമായ അര്‍ത്ഥത്തിലാണ് കെടിയുടെ രചനയില്‍ നിറയുന്നത്. 

വിടി ഭട്ടതിരിപ്പാടിന്റെയും പ്രേംജിയുടെയും എംആര്‍ബിയുടെയും ഒടുവില്‍ അന്തര്‍ജനസമാജത്തിന്റെയും നവോത്ഥാന നാടക സംരഭങ്ങളുടെ ഒരു സമാന്തരഭാവം, ഇ കെ അയമുവിന്റെയും നിലമ്പൂര്‍ ആയിഷയുടെയും ഡോ. ഉസ്മാന്റെയും നാടക സംരഭങ്ങളിലുണ്ട്. അത് ഉള്ളടക്കത്തിലും ഘടനയിലും പക്വതയാര്‍ജിക്കുന്നത് കെടിയിലാണ്. നമ്പൂതിരിസമുദായങ്ങളിലെ സ്ത്രീവിമോചനത്തിന്റെ പ്രശ്നം അധികാരവും ഭൂവുടമസ്ഥതയും  കയ്യാളിയ ഒരു വര്‍ഗ്ഗത്തിന്റെ ജീര്‍ണ്ണതയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. കേരളീയ സമൂഹത്തില്‍ കാര്യമായ അധികാര പങ്കാളിത്തമോ സ്വത്തുടമസ്ഥതയോഇല്ലാതിരുന്ന ഒരു കീഴാള-മധ്യവര്‍ത്തി സമൂഹത്തിനിടയില്‍ സമാനമായ നിലയില്‍ സ്ത്രീപ്രശ്നം എങ്ങിനെയാണ് കടന്നു വന്നത് എന്ന് ആലോചിക്കുന്നത് ഇവിടെ പ്രസക്തമാണ്. കാരണം കെടിയുടെ നാടകങ്ങള്‍ ഉന്നയിക്കുന്ന മുഖ്യ പ്രശ്നങ്ങളില്‍ ഒന്ന് സ്ത്രീസ്വാതന്ത്യ്രത്തെ സംബന്ധിച്ച ചോദ്യമാണ്.  ഇവിടെ അത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉള്ളടങ്ങിയ ഒരു പ്രശ്നമാണോ? അതോ മദീന മുതല്‍ തുര്‍ക്കി വരെ നൂറ്റാണ്ടുകളിലൂടെ പടര്‍ന്ന അറബി-തുര്‍ക്കി സാമ്രാജ്യങ്ങളുടെ അധികാര ഭൂതകാലത്തിന്റെ അവശേഷിപ്പുകളില്‍ നിന്ന് പങ്കുകിട്ടിയാതാണോ ഈ സ്ത്രീവിരുദ്ധത? 

അത്തരം സമഗ്രമായ ഒരു ചരിത്ര വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീപ്രശ്നത്തെ കെടിയുടെ രചനകള്‍ ഏറ്റെടുക്കുന്നുണ്ട് എന്നു കരുതുന്നതു ശരിയായിരിക്കില്ല. മറിച്ച്, നാല്‍പതുകളില്‍ കേരളത്തിലെ നവോത്ഥാന-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, കേരളത്തില്‍ ഇതര സമുദായങ്ങള്‍ക്കിടയില്‍ കൊണ്ടു വന്ന പരിവര്‍ത്തനങ്ങളുടെ കാറ്റും കോളും ഏറ്റെടുക്കാന്‍ കൊതിച്ച ഒരു തലമുറയെയാണോ കെടി പ്രതിനിധീകരിക്കുന്നത്? പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിനുള്ളില്‍ നിന്നുണ്ടായ നവോത്ഥാന ആശയങ്ങളുടെ ഇങ്ങേതലയ്ക്കലെ പങ്കുപറ്റുകാരാകാന്‍ കെടിയ്ക്കും വൈക്കം മുഹമ്മദ് ബഷീറിനും കഴിഞ്ഞിട്ടുണ്ടോ? ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും ഉമര്‍ ഖാസിയും മക്തിത്തങ്ങളും ഫസല്‍ പൂക്കോയ തങ്ങളും ആലിമുസ്ലിയാരും സി എന്‍ അഹമ്മദ് മൌലവിയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും മായന്‍ മൌലവിയും അടങ്ങിയ നവോത്ഥാന സംരഭങ്ങളുടെ നൂറ്റാണ്ടുകള്‍ക്കിപ്പുറത്തെ നേരവകാശികളാകാന്‍ ബഷീറിനും കെടിക്കും കഴിഞ്ഞിട്ടുണ്ടോ?  പട്ടാളപ്പള്ളിയില്‍ ഖുര്‍ആന്‍ വായിച്ചിരുന്ന കെടിയെ തൊട്ടുണര്‍ത്തിയത് അബ്ദുറഹിമാന്‍ സാഹിബായിരുന്നുവത്രെ. തന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചത് ഖുര്‍ആന്റെ ആദ്യ മലയാള പരിഭാഷ തയ്യാറാക്കിയ അഹമ്മദ് മൌലവിയുടെ നവജീവനില്‍ ആയിരുന്നുവത്രെ. അങ്ങിനെയെല്ലാം ആ പൈതൃകത്തിന് കെടി അവകാശിയാകുന്നു, തന്റെ നാടകപ്രവര്‍ത്തനത്തിലൂടെ പിന്തുടര്‍ച്ചയും കാത്തുപോരുന്നു. മലബാറിലെ സവിശേഷമായ മുസ്ലിം ജീവിതം ബഷീറിനേക്കാള്‍ ഓജസ്സാര്‍ന്ന റിയലിസത്തോടെ കെടിയുടെ രചനയില്‍ മുഴങ്ങുകയും ചെയ്യുന്നു.

 തീര്‍ച്ചയായും കെടിയിലെ കലാകാരനെ ഒരു മതപരിഷ്കരണ വാദിയായി ചുരുക്കിക്കാണേണ്ടതില്ല. കെടിയുടെ 28 നാടകങ്ങള്‍ സമാഹരിച്ച ഈ രണ്ട് വാള്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ബോധ്യമാകുന്നത്, അദ്ദേഹം സ്വയം പ്രതിനിധീകരിച്ച കാലത്തെയും സ്വന്തം ലക്ഷ്യങ്ങളെയും അതിജീവിക്കുന്ന, സര്‍ഗ്ഗാത്മക സൃഷ്ടികളാണ് അവ എന്നതു തന്നെയാണ്. കാലത്തെ വെല്ലുന്ന അനുരണനങ്ങളും പ്രത്യാഘാതങ്ങളും പ്രതികരണങ്ങളും അതു സൃഷ്ടിച്ചിരിക്കുന്നു. ആദ്യവാള്യത്തില്‍ ചേര്‍ത്തിരിക്കുന്ന ഏരുമേലി പരമേശ്വരന്‍ പിള്ളയുടെ കെടിയുമായുള്ള അഭിമുഖം നാടകകാരന്റെ ആത്മചരിത്രത്തിലേക്കുള്ള കിളിവാതിലാണ്. എംടിയുടെ കുറിപ്പ് അതിപ്രശസ്തിയിലും അതിന് പുല്ലു വില കല്‍പ്പിച്ച കെടിയെ നമുക്കു കാണിച്ചു തരുന്നു.  കെഇഎന്റെ പഠനം  ഒരു നവോത്ഥാനനായകന്റെ ചിത്രം നമ്മുടെ മുന്നില്‍ വരച്ചിടുന്നു.   ഇപി രാജഗോപാലിന്റെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പഠനം ജലം എങ്ങിനെ കെടിയുടെ നാടകരൂപകമായിത്തീരുന്നു എന്നു പരിശോധിക്കുന്നു. 

കെടി നമ്മോട് വിട പറഞ്ഞിട്ട് അധികകാലമായില്ല. മറവിയുടെ വെള്ളപ്പൊക്കത്തില്‍ എല്ലാ നന്മകളും മാഞ്ഞുപോകുന്ന നമ്മുടെ കാലത്ത് വളരെ വേഗം കെടി രചനകളുടെ സമ്പൂര്‍ണ്ണ സമാഹാരമിറക്കിയതിന് കേരള സാഹിത്യ അക്കാദമിയെയും ജനറല്‍ എഡിറ്റര്‍ പുരുഷന്‍ കടലുണ്ടിയെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അക്കാദമി പ്രസിദ്ധീകരണ വിഭാഗത്തിലെ  ജീവനക്കാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 



No comments:

Post a Comment