Wednesday, September 5, 2012

sabarmathi






സബര്‍മതി ദൂരെയാണ്...
ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യനെത്തേടി ഒരു യാത്ര
പി പി ഷാനവാസ്


സബര്‍മതി ദൂരെയാണ്...
നവഖാലി......, അടുത്താണു പോലും
ഒരു തോക്ക്....ഒരു തോക്കെന്റെ കയ്യിലുണ്ടായിരുന്നെങ്കില്‍..


ഒരു ഭ്രാന്തന്റെ  ജല്‍പനമാണ്. വര്‍ഗീയ കലാപത്തീയില്‍ മനോനില തെറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അയാള്‍ തന്റെ വിഭ്രാന്തിയുടെ ഒരു നിമിഷം ഗാന്ധിജിയെ ഓര്‍ത്തതാവണം. ഗുജറാത്തിലെ സബര്‍മതി തീരത്തെ ഗാന്ധിയുടെ ആശ്രമം. വിഭജനവും സ്വാതന്ത്യ്രവും, വിഭിന്ന മതക്കാരുടെ ചോര ബലി ചോദിച്ചപ്പോള്‍, ഗാന്ധിജി പാഞ്ഞെത്തിയ ബംഗാളിലെ നവഖാലി. സബര്‍മതിയുടെ പ്രശാന്തി അകലെയും നവഖാലിയിലെ ചോരക്കറ അരികെയും എന്ന മട്ടില്‍ തന്റെ അശാന്തിയെ ആ ഭ്രാന്തന്‍ സാമൂഹ്യവല്‍ക്കരിക്കുകയായിരുന്നോ ആ നാടകത്തില്‍? ഇന്ന് സബര്‍മതി ശാന്തമാണോ? നവഖാലിയില്‍ സമാധാനം പുന:സ്ഥാപിക്കപ്പെട്ടിരുന്നോ?
ആ സ്കൂള്‍ നാടക വേദിയിലെ ഭ്രാന്തന്റെ വേഷം ചെയ്തത് അമ്മാവന്റെ മകനായ കോയമോനായിരുന്നു. ഇന്നവന്‍ ഖത്തറിലെ പ്രവാസ ജീവി. ജിദ്ദയിലും റിയാദിലും അറേബ്യയിലെ ലേബര്‍ ക്യാമ്പുകളിലും മാറി മാറി  കഴിഞ്ഞ് ഇന്നും അവന്‍ പ്രവാസത്തിന്റെ ഏകാന്തതയിലും വിരഹത്തിലുമാണ്. 'ഘര്‍ഷോമി'ലെ അവസാന സ്വീക്വന്‍സില്‍ കണ്ണീരണിഞ്ഞ് കൈകള്‍ ഉയര്‍ത്തി, 'റബ്ബുല്‍ ആലമീനായ തമ്പുരാനെ, പ്രവാസികളായിത്തീരുന്ന എന്റെ മക്കള്‍ക്ക് നീ തുണയാകണമേ' എന്ന് നാസറുദ്ദീനെ ഉമ്മയെപ്പോലെ പ്രാര്‍ത്ഥിക്കുവാന്‍ അവന്റെ ഉമ്മ ജീവിച്ചിരിപ്പില്ല.
ഗുജറാത്തില്‍ പോകാനുള്ള എന്റെ ഒരുക്കത്തിനിടയില്‍ അപ്രതീക്ഷിതമായി അവന്റെ ഫോണ്‍വിളികള്‍. ഇടവിട്ടു പിടികൂടുന്ന വിഷാദരോഗത്തെക്കുറിച്ചും വ്യര്‍ത്ഥമായിപ്പോവുന്ന ജീവിതത്തെക്കുറിച്ചും അവന്‍ ദീര്‍ഘദീര്‍ഘം സംസാരിക്കാന്‍ തുടങ്ങി.
വിശ്വാസിയായ അവനോട് ഞാന്‍ പറഞ്ഞു: "നിന്റെ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുക. അള്ളാഹുവിനെയും പ്രവാചകനെയും മുറുകെ പിടിക്കുക. ഖുര്‍ആനെ ആഴത്തില്‍ അറിയുക. പ്രഭാത നമസ്കാരത്തോടൊപ്പം അല്‍പം യോഗ ശീലിക്കുക. ഇസ്ലാമിന്റെ വിവിധ ധാരകളെയും പാരമ്പര്യങ്ങളെയും ചരിത്രത്തെയും കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ച് നിന്റെ ജ്ഞാനം സമ്പൂര്‍ണ്ണമാക്കുക. ഭൌതികവാദം നമ്മില്‍ നിന്ന് പറിച്ചെറിഞ്ഞ ജീവിതചര്യയുടെ ചിട്ടയും സൌന്ദര്യവും തിരിച്ചു പിടിക്കുക. സുന്നീ ധാരയിലെ നീ, പ്രവാചകന്റെ എന്ന പോലെ, അലീവിഭാഗത്തിന്റെ വിമര്‍ശങ്ങളെയും മനസ്സിലാക്കുക. ഷിയയും സുന്നിയും ചേര്‍ന്ന പാരമ്പര്യമാണ് നിന്റെ ഇസ്ലാം. വഹാബിസം ഇസ്ലാമിലെ രാഷ്ട്രീയമാണ്. ഷിയാധാര അതിന്റെ തത്വചിന്തയും. ഇവ തമ്മിലുള്ള ശത്രുതയാണ് നമ്മുടെ ഇന്നത്തെ ജീര്‍ണത...കേള്‍ക്കുന്നുണ്ടല്ലോ....പിന്നെ നിന്നെപ്പോലെത്തന്നെ പ്രവാസിയായി ചിത്രകാരന്‍ എംഎഫ് ഹുസൈനുമുണ്ടല്ലോ ഖത്തറില്‍...''
"നിന്റെ വാക്കുകള്‍ എനിക്ക് എന്നും ആശ്വാസമാണ്. എവിടെയോ നാം എന്തെല്ലാമോ പങ്കുവെയ്ക്കുന്ന പോലെ. ഇവിടെ നിന്ന് ഏതു സമയവും ഞാന്‍ തിരിച്ചെത്തും. സഹിക്കാന്‍ പറ്റുന്നില്ല. പണമുണ്ടാക്കാനായി ഇവിടെ ജീവിതം തുലയ്ക്കാന്‍ വയ്യ. എന്റെ നാട്ടിന്‍പുറത്തെ പച്ചപ്പും ഇടവഴിയിലെ തണലും കുളക്കരയും നിലാവും മഴയും എനിക്ക് നഷ്ടമാവുന്നു. വിഷാദം ആവര്‍ത്തിച്ചു വരുന്നു. ആരോടെങ്കിലും കയര്‍ത്ത് ബഹളം വെയ്ക്കുമോ എന്നാണ് പേടി.''
"വിഷാദരോഗം. നമ്മളെല്ലാം പങ്കുവെയ്ക്കുന്ന മനോനിലയാണ്. എന്റെ കാര്യത്തിലും വല്ല്യ വ്യത്യാസമില്ല. വിഷാദരോഗാവസ്ഥ ആവര്‍ത്തിച്ചു പിടികൂടുന്ന മനോനിലയാണത്രെ. അത് ചിലപ്പോള്‍ നേരിയ ഉന്മാദമായി പരിണമിക്കും. ഈ സന്ദര്‍ഭത്തിലെ ഉന്മേഷം പൊടുന്നനെ വീണ്ടും വിഷാദമാകും. വ്യര്‍ത്ഥതയും മരണവാഞ്ചയും പിടികൂടും. മരണത്തോടുള്ള ഭയം. പിന്നെ മരണത്തോട് പ്രണയം. മേഘങ്ങള്‍ അലയുന്ന ആകാശം പേലെയാണ് ആ മനസ്സ്. അതെനിക്കു നന്നായറിയാം. ഇന്റേണല്‍ അഗ്രഷനും അതിന്റെ ഭാഗം തന്നെ. എല്ലായ്പ്പോഴും അതിന്റെ തിരിച്ചുവരവ്, റിലാപ്സ് പ്രതീക്ഷിക്കാം. ഞാനതിനെ സര്‍ഗ്ഗാത്മകമാക്കാന്‍ ശ്രമിക്കുന്നു. വെറ്റില മുറുക്കിയും ബീഡി പുകച്ചും ലഹരി മോന്തിയും ഞങ്ങള്‍ കേരളീയര്‍ വിഷാദരോഗത്തെ നേരിടുന്നു.''
"സാബുത്താത്ത മദീനയില്‍ വന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ കണ്ടിരുന്നു. നിന്നെക്കുറിച്ച് അന്വേഷിച്ചു. അവന്റെ മനസ്സ് എല്ലായ്പ്പോഴും പൊറുതികേടാണ്. അസ്വസ്ഥത വിട്ടുമാറില്ല, അതവന്റെ സ്വഭാവമാണ്, അവര്‍ പറഞ്ഞു. അവര്‍ മനസ്സിലാകാത്ത അര്‍ത്ഥങ്ങളില്‍ ഞാനത് വായിച്ചു. എന്നെത്തന്നെ ഞാനറിഞ്ഞു. എന്തുകൊണ്ടാണിത്? നമ്മുടെ കുടുംബത്തിന്റെ ജനിതക പ്രശ്നമായിരിക്കുമോ?''
"അങ്ങിനെ വരാം. അതിലേറെ ജീവിത സാഹചര്യങ്ങളാകാം. ബഷീറിനു ഭ്രാന്തു വന്നത് മദ്യപാനത്തിന്റെ ഭൂതകാലം കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ നാട്ടിന്‍പുറത്ത് കള്ളും കഞ്ചാവും സുലഭമായിരുന്നുവല്ലോ. കുടുംബത്തില്‍ തന്നെ. നമ്മുടെ ഉമ്മമാര്‍ തന്നെ നല്ല പുകവലിക്കാരായിരുന്നു. സഹോദരങ്ങളുടെയും മുന്‍തലമുറയുടെയും പാരമ്പര്യങ്ങള്‍ ജീവിതശൈലി കൊണ്ടും പകര്‍ന്നു കിട്ടാം.''
"ശരിയായിരിക്കാം. മരിജുവാന എന്റെ ഇഷ്ട ലഹരിയായിരുന്നു. അതിന്റെ മയക്കവും ദാര്‍ശനികതയും ഞാന്‍ ആവോളം നുണഞ്ഞിട്ടുണ്ട്.''
"മാത്രമല്ല, നിന്റെ വായന. വിജയന്‍ ലഹരി. പുനത്തില്‍ പ്രേമം. നമ്മുടെ മൂത്തവരുടെ മുകുന്ദന്‍ കാലം. ആധുനികതയും ഭൌതികവാദവുമാണ് നമ്മെ വഴി തെറ്റിച്ചത്. നമ്മുടെ സാംസ്കാരിക ജീവിതവും ജീവിതചര്യയും അതു നഷ്ടപ്പെടുത്തി. പുരോഗമനത്തിന്റെ പേരില്‍ അരാജകത്വവും പാഗന്‍പ്രേമവും മരണവാഞ്ചയും ശക്തിപ്പെട്ടു. മാര്‍ക്സിസം എത്രത്തോളം നമ്മുടേതായിരുന്നു? സ്വന്തം വിശ്വാസങ്ങളെ ധിക്കരിക്കാനും സ്വന്തം സംസ്കാരത്തെപ്പറ്റി അപകര്‍ഷത ഉണ്ടാക്കാനും അല്ലാതെ ഇവയൊക്കെ പ്രയോജനപ്പെട്ടോ? അറബി പഠനവും ഖുര്‍ആനും പ്രവാചകനും എല്ലാം ഒരു വലിയ നഷ്ടമായി ഞാനറിയുന്നു.''



പട്ടണത്തിന്റെ വിളി


രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആ ദിവസങ്ങളില്‍ അവന്‍ വിളിച്ചു. അതിനിടയില്‍ പട്ടണത്തെ പുരാവസ്തു ഉല്‍ഖനനപ്രദേശം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് കേരള ഹിസ്റ്റോറിക്കല്‍ കൌണ്‍സിലിലെ ഡോ.പി ജെ ചെറിയാന്‍. ഗുജറാത്തിലേക്കു പോകുന്നു എന്നു പറഞ്ഞപ്പോള്‍ കഴിയുമെങ്കില്‍ ധോളാവീര്‍ സന്ദര്‍ശിക്കണമെന്നു പറഞ്ഞു. സൈന്ധവ സംസ്കൃതി അവശേഷിപ്പിച്ച വലിയ ഒരു തുറമുഖം അവിടെ ഉദ്ഖനനം ചെയതെടുത്തിട്ടുണ്ട്. ഗുജറാത്തിലെ പ്രസിദ്ധമായ കച്ച് മേഖലയില്‍ ആണത്. മുകളില്‍ കയറി നോക്കിയാല്‍ പാക്കിസ്ഥാന്‍ വരെ കാണാം.''
"കഴിയുമോ എന്നറിയില്ല. ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യനാണ് പ്രധാന ലക്ഷ്യം. അഹമ്മദാബാദില്‍ പോയേക്കും. ഗാന്ധിജിയുടെ സബര്‍മതിയും കാണണമെന്നുണ്ട്.''
സുബ്രഹ്മണ്യന്റെ ഒരു പ്രധാന ശിഷ്യനും ഇന്ത്യന്‍ ചിത്രകലയിലെ സമാരാധ്യ വ്യക്തിയുമായ ഗുലാം മുഹമ്മദ് ഷെയ്ഖുമായി മട്ടാഞ്ചേരിയില്‍ വെച്ചുണ്ടായ കൂടിക്കാഴ്ച ഒരു സ്വപ്നത്തിന്റെ നിറം പകര്‍ന്ന് മനസ്സില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. സുബ്രഹ്മണ്യനെ കാണാന്‍ അന്നേ മനസ്സില്‍ കുറിച്ചതാണ്. ശാന്തിനികേതനില്‍  സുബ്രഹ്ണ്യന്‍ ചെയ്ത മ്യൂറലുകള്‍ നാഷണല്‍ ആര്‍കൈവിനു വേണ്ടി ആര്‍ നന്ദകുമാര്‍ ഷൂട്ട് ചെയ്തിരുന്നു. എണ്‍പത്താറു കഴിഞ്ഞ ആ വലിയ മനുഷ്യന്റെ അധ്വാനത്തോടുള്ള പ്രേമവും കലയോടുള്ള സമീപനവും വിസ്മയിപ്പിക്കുന്നതാണെന്ന് നന്ദകുമാര്‍ പറഞ്ഞിരുന്നു. ഗോവണിപ്പടിയിലിരുന്ന് ശാന്തിനികേതനത്തിലെ വിദ്യാര്‍ഥികളോടൊപ്പം അദ്ദേഹം മ്യൂറല്‍ ചെയ്യുന്നതുപകര്‍ത്തി. ശേഷം അഭിമുഖഭാഗങ്ങള്‍ ബറോഡയില്‍ (വഡോദര) അദ്ദേഹത്തിന്റെ താമസസ്ഥലത്ത് വെച്ച് ഷൂട്ട് ചെയ്യാനായിരുന്നു പ്ളാന്‍. അതിനായാണ് നന്ദകുമാര്‍ ബറോഡയിലെത്തുന്നത്. "കഠിനമായ ചൂടാണ്. റോഡുകള്‍ മുട്ട പൊരിച്ചെടുക്കാന്‍ പറ്റുംവിധമായിട്ടുണ്ടെന്ന് ഗുലാം ഷെയ്ഖ് പറഞ്ഞു. ഞാന്‍ ഫത്തേഗഞ്ചിലെ ജിഞ്ചര്‍ ഹോട്ടലിലായിരിക്കും. നീ അവിടെയെത്തുക..''
എമര്‍ജന്‍സി കോട്ടയില്‍ വഡോദരയിലേക്ക് ടിക്കറ്റ്. മരുസാഗര്‍ എക്സ്പ്രസ്സ്. അജ്മീറിലേക്ക് എറണാംകുളത്തു നിന്നുള്ള വണ്ടിയാണ്. അജ്മീറില്‍ ഖ്വാജാ മൊയ്നുദ്ദീന്‍ ഷെയ്ഖിന്റെ പ്രപുരാതനമായ ദര്‍ഗ സന്ദര്‍ശിക്കാന്‍ മഞ്ചേരിയില്‍ നിന്നുള്ള ഒരു മാപ്പിളക്കുടുംബത്തോടൊപ്പം യാത്ര. ഫോര്‍ട്കൊച്ചിയിലെ ലേക് റെസ്റ്റോറന്റില്‍ നിന്ന് ആദി സെല്‍നിക് നല്‍കിയ വിഭവസമൃദ്ധമായ വിരുന്നു കഴിഞ്ഞ്, എന്റെ പഴംതുറാബ് ബാഗുകള്‍ക്കു പകരം, ആ ജൂതപെണ്‍കുട്ടി നല്‍കിയ ഫോറസ്റ്റ്ഗ്രീന്‍ ബാഗില്‍ സാമാനങ്ങള്‍ നിറച്ച്, സീറ്റൊഴിവില്ലാതെ, ടിടിഇ യുടെ കാരുണ്യത്തില്‍  ഗുജറാത്തിലേക്ക്.  വണ്ടി മഹാരാഷ്ട്ര അതിര്‍ത്തി കടന്നപ്പോള്‍ നന്ദകുമാറിന്റെ സന്ദേശം. ട്രിപ്പ് ക്യാന്‍സല്‍ ചെയ്തു. ദില്ലിയില്‍ ആപ്പീസില്‍ എന്തെല്ലാമോ കുഴപ്പങ്ങള്‍, വരാന്‍ പറ്റില്ല. അഹമ്മദാബാദില്‍ കനോറി സ്റ്റുഡിയോയില്‍ ആര്‍ടിസ്റ്റായ നഖ്വാഷിനെ വിളിച്ചു, അവന്‍ എല്ലാം ഏര്‍പ്പാടാക്കാം എന്ന ആശ്വാസത്തില്‍ തുടര്‍യാത്ര. പ്ളേഗ് പോലുള്ള ഒരു മാരക പകര്‍ച്ച വ്യാധി പടര്‍ന്ന് അഖിലേന്ത്യാ ശ്രദ്ധയാര്‍ര്‍ജ്ജിച്ച സൂറത്തു കഴിഞ്ഞാല്‍ പിന്നെ ബറോഡയാണ്. ബറോഡയില്‍ അഭിരാം കാത്തിരിപ്പുണ്ടാകും, സ്വീകരിക്കാന്‍.



കൊന്നപ്പൂക്കളുടെ നഗരം

ബറോഡ കൊന്നപ്പൂക്കളുടെ നഗരമാണ്. നിരത്തിനുരുവശവും മഞ്ഞ കൊന്നപ്പൂക്കുലകള്‍. മയിലിണകള്‍ മേയുന്ന  പുല്‍മേടുകള്‍. കടുത്ത ചൂട് മുഖസൌന്ദര്യത്തെ കെടുത്തുകളയാതിരിക്കാന്‍, ഇരുചക്രവാഹനങ്ങളില്‍ നീങ്ങുന്ന ഗുജറാത്തി പെണ്‍കുട്ടികള്‍ മുഖാവരണമായി രാജസ്ഥാനി വര്‍ണ്ണപ്പകിട്ടുകളുള്ള ഷാല്‍ ചുറ്റികെട്ടിയാണ് പോകുന്നത്. അതുകണ്ടപ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീ ഇമേജുകളുടെ സമാനതയാണ് മനസ്സില്‍ വിരുന്നെത്തിയത്. വെട്ടിയൊതുക്കിയ അരക്കെട്ടും കനത്ത കണങ്കാലുകളും ഗുജറാത്തി പെണ്‍കുട്ടികളുടെ പ്രത്യേകതയാണ്. അത് ഒരു അമേരിക്കന്‍ പ്രകൃതത്തെ അനുകരിക്കുന്നതാണെന്ന് നഖ്വാഷ് പറഞ്ഞു. ഇവിടുത്തെ സമ്പന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്കെല്ലാം അമേരിക്കന്‍ ബന്ധങ്ങള്‍ ഉണ്ട്. അമേരിക്കന്‍ പെണ്‍കുട്ടികളുടെ ശരീരസൌന്ദര്യസങ്കേതങ്ങള്‍ അനുകരിച്ചാണത്രെ, സ്വതവേ തടിച്ച പ്രകൃതമുള്ള ഗുജറാത്തി പെണ്‍കുട്ടികള്‍ വെട്ടിയൊതുക്കിയ അരക്കെട്ടും മസ്കുലാര്‍ ആയ കണങ്കാലും സൂക്ഷിക്കുന്നത്. കൊന്നപ്പൂക്കള്‍ നാട്ടിലെ വിഷുക്കാലത്തെ മനസ്സില്‍ കൊണ്ടുവരുന്നെന്ന് എട്ടു വര്‍ഷത്തോളമായി ബറോഡയില്‍ കഴിയുന്ന പയ്യന്നൂര്‍ക്കാരനായ അഭിരാം പറഞ്ഞു.
പ്രഭാതത്തില്‍ ഉണര്‍ന്ന് പത്രം വാങ്ങാനായി പുറത്തെത്തുമ്പോള്‍ അറിഞ്ഞു, അന്ന് ഭഗത്സിങ് രക്തസാക്ഷി ദിനമാണ്്. ഫത്തേഖഞ്ച് ജങ്ഷനില്‍ ഭഗത്സിങിനെ കൊണ്ടാടുന്നത് ബിജെപിക്കാരാണ്. കേരളത്തില്‍ ഭഗത്സിങ് ഡിഫിയുടേതാണെങ്കില്‍ ഇവിടെ അത് സംഘപരിവാറിന്റേതാണ്. ചരിത്രപുരുഷന്മാര്‍ എല്ലാം അവരുടെ ചരിത്രപരത നഷ്ടപ്പെട്ട് ഐക്കണുകളായി തീരുന്നത് ഒരു വിചിത്ര സത്യമാണ്. പ്രവാചകനെയും നാരായണഗുരുവിനെയുമെല്ലാം മതരാഷ്ട്രീയവും സമുദായരാഷ്ട്രീയവും വര്‍ഗീയരാഷ്ട്രീവും തങ്ങളുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കപ്പെടുത്തുന്നത് ഇത്തരം വിഗ്രഹവല്‍ക്കരണം വഴിയാണ്. പുഷ്പപൂജക്കായി മാത്രമെന്നോണം സ്മരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് വീരപുരുഷന്മാരുടെയും ഗതി ഇതുതന്നെ.
അഭിരാമിന്റെ ബൈക്കില്‍ ബറോഡ ഫൈന്‍ ആര്‍ട്സ് കേളേജ് കാണാന്‍ പുറപ്പെട്ടു. നഗരവീഥികള്‍ കിടിലം കൊള്ളിച്ച് പായുന്ന ബൈക്കുകള്‍. അതിലൊരു പിന്‍സീറ്റുകാരനായി ഞാനും.
സുബ്രഹ്ണ്യനും ഗുലാം ഷെയ്ഖും നന്ദകുമാറും പ്രഭാകരനും പുഷ്കിനും അങ്ങിനെ എണ്ണമറ്റ കലാകാരന്മാരുടെ അധ്യാപനവും വിദ്യാര്‍ഥി ജീവിതവും ധന്യമാക്കിയ കാമ്പസ്. കാമ്പസ് അനുഭവങ്ങളുടെ ദീര്‍ഘിച്ച വിവരങ്ങള്‍ നന്ദകുമാറുമായുള്ള സഹവാസങ്ങളില്‍ നിന്ന് കേട്ടറിഞ്ഞതാണ്. സുബ്രഹ്മണ്യന്റെ മ്യൂറലുകള്‍ കാമ്പസില്‍ സ്വാഗതകമാനങ്ങള്‍ തീര്‍ത്തു. ഈജിപ്ഷ്യന്‍ പുരാണാവശിഷ്ടങ്ങളെയും പള്ളിമിനാരങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന സിമന്റ് ചാലിച്ച ടെറാകോട്ടാ മ്യൂറലുകള്‍. ലൈബ്രറിയുടെ മുന്നില്‍ കാമ്പസിന്റെ ഇക്കോളജിയെ ആവിഷ്കരിച്ച, മരവും പക്ഷിജാലവും കുരങ്ങന്മാരുമുള്ള, മോഹനമായ സുബ്രഹ്മണ്യന്റെ മ്യൂറല്‍ ഏറെ ആകര്‍ഷിച്ചു. പുതിയ കെട്ടിടവരാന്തയ്ക്ക് അഭിമുഖമായി മുഗള്‍ മിനിയേച്ചറുകളുടെ കാവ്യഭാഷകൊണ്ടു തീര്‍ത്ത ഗുലാംഷ്െഖിന്റേതെന്നു കരുതുന്ന ചുമര്‍ചിത്രം അവിടവിടെ ദ്രവിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ ക്ളാസിക്കല്‍ ക്വാളിറ്റി ഓരോ അംശത്തിലും തുടിച്ചു നില്‍ക്കുന്നു. വരാന്തകളിലും ഗോവണിച്ചുമരുകളിലുമെല്ലാം പേരറിയാത്ത ചിത്രകാരന്മാരുടെ രചനകള്‍. സ്കള്‍പ്ചര്‍ വര്‍ക്ഷോപ്പില്‍ ഗാന്ധിയുടെ  ചിത്രത്തിന്റെ മോട്ടീഫുകൊണ്ടു തീര്‍ത്ത ചിത്രം. ബൈശാഖി എന്ന വിദ്യാര്‍ഥിനി കളിമണ്ണില്‍ തന്റെ സമ്പന്നമായ വീട്ടിലെ വസ്തുവകകള്‍ എല്ലാം പുനാരാവിഷ്കരിച്ചിരിക്കുന്നത് ക്രാഫ്റ്റ്മാന്‍ഷിപ്പ് തുളുമ്പുന്നതായിരുന്നു. വിഎച്ച്പിക്കാര്‍ കാമ്പസില്‍ അഴിച്ചുവിട്ട അക്രമണത്തെതുടര്‍ന്ന് നടന്ന സമരത്തിന്റെ മുദ്രാവാക്യങ്ങളുടെ അവശിഷ്ടങ്ങള്‍ ചുമരിലുള്ളത് അഭിരാമും ജിട്ടോയും കാണിച്ചു തന്നു.
ഗുജറാത്ത് മലയാളിയുടെ മനസ്സില്‍ ഇന്ന് ഭയത്തിന്റെയും വിമ്മിട്ടത്തിന്റെയും, സാര്‍ത്രിയന്‍ അര്‍ത്ഥത്തിലുള്ള മനംപിരട്ടലിന്റെയും നാടാണ്. മുമ്പൊരിക്കല്‍, രാജി, ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ പോകുമ്പോള്‍ പാനോസ് എന്ന ഒരു ജര്‍മ്മന്‍ ഭിഷഗ്വരനെ തീവണ്ടിയില്‍ പരിചയപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവിയായ അയാള്‍ ഇന്ത്യ കാണാന്‍ ഇറങ്ങിയതാണ്്. യൂറോപ്യന്‍ നാസിസത്തിന്റെയും ഫാസിസ്റ്റ് യുദ്ധങ്ങളുടെയും ജൂതവേട്ടയുടെയും പശ്ചാത്തലത്തില്‍ സാര്‍ത്രെ എഴുതിയ ട്രയോളജിയിലെ, റിപ്രീവ് എന്ന പുസ്തകം രാജിയുടെ കയ്യിലുണ്ടായിരുന്നത് ശ്രദ്ധയില്‍ പെട്ടാണ് പാനോസ് അവളുമായി പരിചയത്തിനു മുതിര്‍ന്നത്. യാത്രക്കിടയില്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും സുലഭമായുള്ള ശുഭ് ലാഭ് സ്വസ്തിക് ചിഹ്നങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത മന:പ്രയാസം അനുഭവിക്കുന്നുവെന്ന് അയാള്‍ പറഞ്ഞുവത്രെ. ഇന്ന് ഇന്ത്യന്‍ മുസല്‍മാന്റെയും ഫാസിസത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഗുജറാത്ത് എന്ന പേരുപോലും അത്തരം വിമ്മിട്ടങ്ങളാണ് ഉണ്ടാക്കുന്നത്.  നമ്മുടെ സൈദ്ധാന്തികര്‍ എന്തുതന്നെ പറഞ്ഞാലും ഇന്ത്യല്‍ മുസല്‍മാനും ദളിതനുമെല്ലാം സ്വത്വത്തിന്റെ ഭിന്നമായ സംഘര്‍ഷങ്ങളുടെ ഭൂമിയില്‍ തന്നെയെന്ന്  യഥാര്‍ത്ഥ്യബോധമുള്ള ആര്‍ക്കുമറിയാം. പാനോസ് എന്ന കമ്മ്യൂണിസ്റ്റായ ആ ജര്‍മ്മന്‍  ഭിഷഗ്വരന് സ്വസ്തിക് ചിഹ്നം കാണുമ്പോള്‍ ഉണ്ടായ വിമ്മിട്ടവും മനംപുരട്ടലും സ്വത്വഭീതിയും പോലെ, ഗുജറാത്തിനെപ്പറ്റിയുള്ള ചിന്തകള്‍ തീവണ്ടിയാത്രയില്‍ തെക്കേ മലബാറിലെ ഒരുമാപ്പിള മുസല്‍മാനായ എന്നിലെ കമ്മ്യൂണിസ്റ്റിനെയും പിന്തുടര്‍ന്നിരുന്നു.

കുങ്കുമകൂര്‍ത്തയില്‍ സുബ്രഹ്മണ്യന്‍

ഉച്ചയോടെ നന്ദകുമാര്‍ ദില്ലിയില്‍ നിന്നു വിളിച്ചു. സുബ്രഹ്മണ്യനെ കാണാനുള്ള അപ്പോയ്മെന്റ് ഉണ്ട് എന്നറിയിച്ചു. വൈകീട്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. പേരും നാളുമെല്ലാം ചോദിച്ചിട്ടുണ്ട്.
യാത്രയ്ക്കുമുമ്പ് സുബ്രഹ്മണ്യന്റെ പുസ്തകങ്ങളെല്ലാം ഞാന്‍ ഓവര്‍ടൈമെടുത്ത് പാരായണം ചെയ്തിരുന്നു. കലയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒട്ടും നിഗൂഢത കലരാത്തതാണ്. നന്ദലാല്‍ സ്വാതന്ത്യ്രത്തിനു മുമ്പ് എന്തായിരുന്നുവോ, സ്വാതന്ത്യ്രാനാന്തര ഇന്ത്യയില്‍ അതിനു തുല്യനാണ് സുബ്രഹ്മണ്യന്‍ എന്ന്, സുബ്രഹ്മണ്യനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഏറെ പിന്തുടര്‍ന്ന കലാചരിത്രകാരന്‍ ആര്‍ ശിവകുമാര്‍ എന്നോട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. നന്ദകുമാര്‍ ദൂരദര്‍ശനുവേണ്ടി ചെയ്ത ഡോക്യുമെന്ററിയാണ് സുബ്രഹ്മണ്യനെ മനസ്സിലാക്കാന്‍ സഹായിച്ചത്. യൂറോപ്യന്‍ ചിത്രകലയുടെ തലതൊട്ടപ്പന്മാരായ പിക്കാസോയുടെയും മത്തീസിന്റെയും കലയുടെ, അനന്തര ഇന്ത്യന്‍ ജന്മം, എന്നു വേണമെങ്കില്‍ സുബ്രഹ്മണ്യനെ പരിചയപ്പെടുത്താം. പോസ്റ്റ് ക്യൂബിസ്റ്റ് ആയ സമീപനങ്ങള്‍ എന്നു വിശേഷിപ്പിക്കാം. എന്നാല്‍ യൂറോപ്യന്‍ നവോത്ഥാന കലയ്ക്കോ, അതിന്റെ വിമര്‍ശനാത്മക തുടര്‍ച്ചകള്‍ക്കോ മനസ്സിലാക്കാന്‍ കഴിയാത്ത വിധം, കിഴക്കിന്റെ സവിശേഷമായ കാഴ്ചകളില്‍ നിന്നു മാത്രമേ സുബ്രഹ്മണ്യനെ തിരിച്ചറിയാനാവൂ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ശിവകുമാറിന്റെയും ഹാന്‍സ് വര്‍ഗീസ് മാത്യുവിന്റെയും ഗീതാകപൂറിന്റെയും നന്ദകുമാറിന്റെയും ഒക്കെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകളില്‍ നിന്ന് മനസ്സിലാക്കാനായത്.
എഴുപതുകള്‍ക്കവസാനം പുറത്തിറങ്ങിയ ഗുലാംഷെയ്ഖ് സമാഹരിച്ച മൂവിങ് ഫോക്കസ് എന്ന സുബ്രഹ്മണ്യന്റെ ലേഖന സമാഹാരം ഇന്ത്യന്‍ കലാരംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായി. കലാപ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കി. ആഗോളവല്‍ക്കരണത്തിന്റേതായ നമ്മുടെ കാലത്ത് കലയെ എങ്ങിനെ സമീപിക്കാമെന്നുള്ള സൈദ്ധാന്തിക ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ദ ക്രിയേറ്റീവ് സര്‍ക്യൂട് എന്ന കൃതി വളരെ ശ്രദ്ധാര്‍ഹമായിത്തീര്‍ന്നു. ഇന്ത്യന്‍ കലയെ അതിന്റെ നാടോടി-കരകൌശല പാരമ്പര്യത്തില്‍ നിന്നാണ് കണ്ടെടുക്കേണ്ടത് എന്ന സുബ്രഹ്മണ്യന്റെ കണ്ടെത്തലുകള്‍ ലിവിങ് ട്രഡീഷന്‍ എന്ന കൃതിയില്‍ വിശദമാക്കുന്നു.
കലയെപ്പറ്റി നിലനില്‍ക്കുന്ന എല്ലാ വരേണ്യതാ സങ്കല്‍പങ്ങളെയും അട്ടിമറിച്ചുകൊണ്ട്, ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിലെ ഗില്‍ഡുകളിലെ കരകൌശല വിദഗ്ദന്മാരായ സാധാരണ മനുഷ്യര്‍ അനുശീലനം ചെയ്ത കലയില്‍ നിന്ന്, ആധുനിക കലാകാരന് ഏറെ പഠിക്കാനുണ്ടെന്ന സുബ്രഹ്ണ്യന്റെ അധ്യാപനങ്ങള്‍, ഇന്ത്യന്‍ കലാരംഗത്തു തന്നെ വലിയ പരിവര്‍ത്തനത്തിനുതുടക്കമിട്ടു. കലയുടെ ഈ ജനകീയ ഉള്ളടക്കത്തിന്റെ സൈദ്ധാന്തികന്‍ എന്ന നിലയിലാണ് എനിക്ക് സുബ്രഹ്മണ്യനോടുള്ള സ്നേഹം.


വൈകുന്നേരത്തെ കൂടിക്കാഴ്ചക്കുള്ള മുന്നൊരുക്കങ്ങള്‍  നടത്തി. ബറോഡ ഫൈന്‍ ആര്‍ട്സ് കോളേജിന്റെ മുകള്‍ നിലയിലെ സെമിനാര്‍ ഹാളിലിരുന്ന് ചോദ്യാവലി എഴുതിയുണ്ടാക്കി. കലയേക്കാള്‍ ഉപരി രാഷ്ട്രീയമായിരുന്നു എന്റെ ചോദ്യങ്ങളിലെ ധ്വനി. കയ്യെഴുത്ത് ഡിടിപിയിലാക്കാന്‍ ഞങ്ങള്‍ ബറോഡയിലെ സാഫ്രോണ്‍ കോംപ്ളക്സിലെ ഒരു ഡിടിപി സെന്ററില്‍ കയറി. അതുകഴിഞ്ഞിറങ്ങി ഒരു കട്ടിങ് ചായ കുടിക്കുമ്പോള്‍ കറുത്തു നീണ്ടു സുമുഖനായ കര്‍ദംഭായിയെ പരിചയപ്പെട്ടു. ബറോഡയിലെ ദളിത് ആക്ടിവിസ്റ്റ് ആണ്  എന്ന് അഭിരാം അദ്ദേഹത്തെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കൂടെ സാഫ്രോണ്‍ കോംപ്ളക്സിന്റെ മുന്‍വശം ഞങ്ങള്‍ നഖ്വാഷിനു ഫോട്ടോക്കു പോസ് ചെയ്തു. അദ്ദേഹത്തിന്റെ കാരുണ്യവും ഹൃദയവിശാലതയും ഏറ്റുവാങ്ങി യാത്രയായി. ന്യൂസാമയില്‍ ചാണക്യപുരി സര്‍കിളില്‍ ധനുശ്രീ അപാര്‍ട്മെന്റ്സിലെ സുബ്രഹ്ണ്യന്റെ വീട് ഞങ്ങളെ സ്വാഗതം ചെയ്തു. ആരാണോ, എന്താണോ എന്നൊന്നും ആരായാതെ സേവകന്‍ കയറിയിരിക്കാന്‍ പറഞ്ഞു.
മരങ്ങളും പക്ഷിജാലവും കൊണ്ട് നഗരമധ്യത്തിലെ ഒരു കൊച്ചു ശാന്തിനികേതന്‍ ആണ് അവിടം. വീട്ടുജോലിക്കാരി ഞങ്ങള്‍ക്ക് മധുരം കൊണ്ടു തന്നു. അത് പാതിനുണയുമ്പോഴേക്കും കുങ്കുമവര്‍ണ്ണത്തിലുള്ള ജൂബയണിഞ്ഞ് തോളില്‍ മെറൂണ്‍ നിറത്തിലുള്ള തുണിസഞ്ചി തൂക്കി സുബ്രഹ്മണ്യന്‍ പൂമുഖത്തേക്ക് ഗോവണിപ്പടി ഇറങ്ങി വന്നു.  ജാഢ്യങ്ങളോ ജ്ഞാനത്തിന്റെ തലയെടുപ്പോ ഒന്നുമില്ലാത്ത ഒരു വെറും സാധാരണ മനുഷ്യന്‍. ബംഗാളിലെ ഗുരുവന്ദനത്തെ ഓര്‍ത്ത് ഞാന്‍ കാല്‍തൊട്ടു വന്ദിച്ചു. മുഖവരയൊന്നുമില്ലാതെ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങി.  നന്ദകുമാറിന്റെ സംഘത്തിലുള്ള ഷാനവാസാണ് എന്ന് അഭിരാം അവന്റെ സ്ഫുടം ചെയ്ത ശബ്ദത്തില്‍ എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ അദ്ദേഹത്തിന്റെ അടുപ്പവും സൌഹൃദവും കൂടുതല്‍ ദീപ്തമാകുന്നതറിഞ്ഞു. വെള്ളക്കടലാസില്‍ ഭംഗിയായ ടൈപ് ചെയ്ത ചോദ്യാവലി അദ്ദേഹത്തിനു നല്‍കി. സ്വതസിദ്ധമായ നര്‍മ്മത്തില്‍ ഇതിനെല്ലാം താന്‍ ഉത്തരം പറയണമോ എന്നു  കളിയാക്കി. വേണം എന്നു ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.

സ്വാതന്ത്യ്രസമരസേനാനി എന്ന നിലയിലുള്ള ഭൂതകാലത്തില്‍ നിന്നായിരുന്നു ചോദ്യം. ജയിലനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി. സാമ്യൂഹ്യ നന്മക്ക് എന്ന പേരിലാണെങ്കില്‍ പോലും, രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ കൂടെ നിര്‍ത്താന്‍ പല തന്ത്രങ്ങളും വേണ്ടിവരുമെന്നും, അത്തരം മാനിപുലേഷനോട് വിമുഖമായതിനാലാണ് കലാരംഗവും ശാന്തിനികേതനും തെരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു തുടങ്ങി. താനൊരു യാത്രികനാണെന്നും എവിടെയെങ്കിലും താമസിക്കുന്നത് കൊണ്ട് അവിടുത്തുകാരനാണ് എന്നു കരുതേണ്ടതില്ലെന്നും, കലാകാരന്‍ എന്ന നിലയില്‍ താന്‍ ചുറ്റുപാടുകളില്‍ നിന്ന് മാറിനിന്നാണ് കാര്യങ്ങളെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിതിഗതികള്‍ വളരെ വിമര്‍ശനാത്മകമായാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇത്രകാലമായിട്ടും എന്തേ ആദിവാസി പ്രശ്നം അവര്‍ക്ക് പരിഹരിക്കാനാവാഞ്ഞത് എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശൈഥില്യം നേരിടുകയാണ് എന്ന് അദ്ദേഹത്തിന്റെ ചിന്തകള്‍ ആശങ്കപ്പെട്ടു. ഗാന്ധിക്ക് കലയെയോ നന്ദലാലിനെയോ ശരിക്കും റിഞ്ഞുകൂടായിരുന്നുവെങ്കിലും, നന്ദലാലിന്റെ കഴിവിനെയും അദ്ദേഹം സൃഷ്ടിക്കാന്‍ ഇടയുള്ള സ്വാധീനത്തെയും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഹരിപുര കോണ്‍ഗ്രസില്‍ പോസ്റ്റര്‍ രചനകള്‍ നടത്താന്‍ ആചാര്യയെ ഗാന്ധി ക്ഷണിച്ചത്. കലയെയും രാഷ്ട്രീയത്തെയും  കലാവിദ്യാഭ്യാസത്തിന്റെ സമകാലീനാവസ്ഥയെയും കുറിച്ച് അദ്ദേഹം വളരെ തുറന്ന് ഞങ്ങളോടു സംസാരിച്ചു. ദളിത് കലാസമീപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, എന്നാല്‍കീഴാളതയുടെ പേരില്‍ കടന്നുവരുന്ന മൂലധന താല്‍പര്യങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ശാന്തിനികേതനില്‍ പുതുതായി ചെയ്ത മ്യൂറലിനെക്കുറിച്ച് പറയാമോ എന്നു ചോദിച്ചപ്പോള്‍, അതു പറയാനുള്ളതല്ല, കാണാനുള്ളതാണ് എന്നായിരുന്നു ഉത്തരം.
അതിനിടക്കു ചായ വന്നു. ഇടയ്ക്ക് മറ്റൊരു കൂര്‍ത്തക്കാരന്‍ വയോവൃദ്ധന്‍ വന്ന് അദ്ദേഹത്തെ നമസ്കരിച്ചു. കാല്‍തൊട്ടുവന്ദനം ബംഗാളികളുടെ ടിപ്പിക്കല്‍ പരിപാടിയാണെന്നു പറഞ്ഞു സുബ്രഹ്മണ്യന്‍ ചിരിച്ചു. അവര്‍ സ്വന്തം പ്രായത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. പ്രായമോ, ജീവിത സായാഹ്നത്തിലാണെന്ന ബോധമോ സുബ്രഹ്മണ്യനെ ഒട്ടും ഉല്‍കണ്ഠപ്പെടുത്തുന്നില്ലല്ലോ എന്നു തോന്നി. ശാന്തിനികേതനില്‍ ചെയ്ത മ്യൂറലുകളുടെ ഫോട്ടോഗ്രാഫുകള്‍ കാണാനായി ആല്‍ബം ചൂണ്ടിക്കാണിച്ചു തന്നു. നഖ്വാഷ് അതിലെ ഓരോ ഇമേജും ക്യാമറയില്‍ പകര്‍ത്തി. തന്റെ കല, എന്നിലുണ്ടാക്കുന്ന പ്രതികരണം കാണാനെന്നവണ്ണം, സുബ്രഹ്മണ്യന്‍ എന്നെ സാകൂതം നോക്കി നിന്നു. ഒരു മണിക്കൂര്‍ നീണ്ട ഞങ്ങളുടെ സമാംഗമം അദ്ദേഹത്തിനു വലിയ ആവേശമായെന്നു തോന്നി. നന്ദകുമാര്‍ എത്താതിനെക്കുറിച്ച് ഇത്തിരി പരിഭവം പറഞ്ഞു. കാര്യങ്ങളോട് വളരെകൂടുതല്‍ അളവില്‍ സെന്‍സിറ്റീവ് ആണ് തന്റെ ശിഷ്യന്‍ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ അതായിത്തന്നെ മനസ്സിലാക്കി ക്ഷമിക്കാന്‍ കഴിയണം എന്ന മട്ടില്‍ ഉപദേശിച്ചു. മറ്റെവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണെന്നും അല്ലെങ്കില്‍ കുറേക്കൂടി സംസാരിക്കാമായിരുന്നു എന്നും പറഞ്ഞു. മടങ്ങുമ്പോള്‍ ഞാന്‍ വീണ്ടും കാല്‍തൊട്ടുവന്ദിക്കാനൊരുങ്ങി. അങ്ങിനെ ചെയ്യരുത് എന്ന് ഉപദേശിച്ചു. അത് കൂട്ടാക്കാതെ, ടാഗോറിന്റെയും നന്ദലാലിന്റെയും രംകിങ്കര്‍ ബെയ്ജിന്റെയും ബിനോദ് ബിഹാരി മുഖര്‍ജിയുടെയും പാരമ്പര്യങ്ങള്‍ സംഗമിക്കുന്ന, ഇന്ത്യന്‍ കലയുടെയും തത്വചിന്തയുടെയും ഉന്നതശീര്‍ഷനായ ആ കലാകാരന്റെ തൃപ്പാദങ്ങള്‍ തൊട്ടു തലയില്‍ വെച്ചു. വിസ്മയത്തോടെ അദ്ദേഹം എന്നെ നോക്കി.



ഒരു ഹനുമാന്‍ സ്തുതി

അഭിരാം ഏറെ സന്തോഷവാനായിരുന്നു. രാത്രിയില്‍ ഇന്റര്‍വ്യൂ എല്ലാം നമുക്ക് ട്രാന്‍സ്ക്രൈബ് ചെയ്യാം എന്നവന്‍ പറഞ്ഞു. കലാവിദ്യാര്‍ഥികള്‍ സായാഹ്നത്തില്‍ ഒത്തുകൂടാറുള്ള മസിയുടെ (ഗുജറാത്തിയില്‍ മസി എന്നാല്‍ അമ്മായി എന്നാണര്‍ത്ഥം) ചായക്കടയില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു. മലയാളികളായ ഒത്തിരി കലകാരന്മാരെ അവിടെ കണ്ടുമുട്ടി. അവരില്‍ പലരും ഗുലാംഷെയ്ഖിന്റെ കൊച്ചി സന്ദര്‍ശനത്തെക്കുറിച്ച് മാതൃഭൂമി വാരികയില്‍  പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ വായിച്ചിരുന്നു. രാത്രി ഭക്ഷണമൊരുക്കാന്‍ പച്ചക്കറിയും, ബ്ളാക്കില്‍ ഒരു മുഴുകുപ്പി ഗ്രീന്‍ലേബല്‍ വിസ്കിയും വാങ്ങി സന്ധ്യയോടെ ഞങ്ങള്‍ അഭിരാമിന്റെ മുറിയിലേക്കു മടങ്ങി. മദ്യം ഗാന്ധിയുടെ ഗുജറാത്തില്‍ നിരോധിച്ചതാണ്. നൈറ്റ് ലൈഫ് ഗുജറാത്തികളുടെ സംസ്കാരമാണ്. കോഴിക്കേട്ടെ ഗുജറാത്തി സ്ട്രീറ്റിലെ യുവാക്കളും യുവതികളും രാത്രിയില്‍ കൂസലന്യേ പുറത്തിറങ്ങി ജീവിതമാഘോഷിക്കുന്നവരാണ്. മുംബൈവാസക്കാലത്ത് ഗുജറാത്തികളുടെ ഗലിയായ ബോറിവ്ലിയിലായിരുന്നു താമസം. അതിനാല്‍ ഗുജറാത്തി ജീവിതത്തെ പല നിലയിലും അടുത്തറിയാം.
മദ്യനിരോധനമുണ്ടെങ്കിലും മദ്യം വീട്ടില്‍ കൊണ്ടുവന്നു തരുന്ന സംഘങ്ങളുണ്ട് ഇവിടെ. മദ്യനിരോധനം പിന്‍വലിക്കാന്‍ പൊലീസുകാരാണ് വിലങ്ങുതടി എന്ന് പലരും പറഞ്ഞറിഞ്ഞു. അവര്‍ക്ക് കൈക്കൂലിക്കുള്ള വലിയ സോഴ്സ് ആണത്. ഗുജറാത്തി പൊലീസ് അങ്ങേയറ്റം അഴിമതിക്കാരാണെന്ന് അഭിരാം പറഞ്ഞു. അന്നു രാത്രി അഭിരാമിനും പഞ്ചാബിയായ അവന്റെ സ്നേഹിതനുമൊപ്പം കുടിച്ചു ലെക്കുകെട്ടു. എനിക്ക് ഏതെങ്കിലും അമ്പലവും ദര്‍ഗയുമൊക്കെ സന്ദര്‍ശിച്ചാല്‍ കൊള്ളാമെന്ന് ഞാന്‍ രാത്രി വൈകി അഭിരാമിനോടു പറഞ്ഞു. ഇവിടെ അമ്പലങ്ങളല്ല, ഷ്രൈനുകള്‍ ആണെന്ന് അഭിരാം പറഞ്ഞു. ഹനുമാന്‍ പ്രതിഷ്ഠയുള്ള നഗരാതിര്‍ത്തിയിലെ ഏതോ ഷ്രൈനിലേക്ക് ബൈക്കില്‍ ഞങ്ങള്‍ ചീറിപ്പാഞ്ഞു. ഹനുമാന്‍ ക്ഷേത്രങ്ങളില്‍ മാത്രം പ്രത്യേകതയായ കുഴമ്പുരൂപത്തിലുള്ള കുങ്കുമമണിഞ്ഞ് ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയുള്ള അറയിലിറങ്ങി ഞാന്‍ തൊഴുതു. ഹൃദയത്തില്‍ ഒരു കനം വന്നു നിറഞ്ഞു. എന്തിനും ഏതിനുമുള്ള ധീരത. ആരെയും നേരിടാനുള്ള ധൈര്യം. ബൈക്കില്‍ തിരിച്ച് താമസസ്ഥലത്തേക്കു വരുമ്പോള്‍ വഴിയിരികില്‍ കണ്ട ദര്‍ഗയിലും  കയറണം എന്ന് ഞാന്‍ അഭിരാമിനോടു പറഞ്ഞു. ഞാന്‍ ദര്‍ഗയില്‍ പോയി അവിടുത്തെ ചാരവും നെറ്റിയില്‍ പൂശി ഇറങ്ങി. ശരിക്കും താന്‍ വിറച്ചുപോയെന്ന് അഭിരാം പിന്നെ എന്നോടു പറഞ്ഞു.

പിറ്റേന്ന് ബറോഡ കൊട്ടാര മ്യൂസിയത്തില്‍, രവിവര്‍മ്മയുടെ പ്രശസ്തമായ രചനകളുടെ കളക്ഷന്‍ ഉള്ള ഗാലറി കാണാന്‍ പോയി. ബറോഡാ രാജാവിനു വേണ്ടിയാണ് രവിവര്‍മ്മ തന്റെ പല പ്രധാന രചനകളും നിര്‍വ്വഹിച്ചിട്ടുള്ളത്. ബറോഡയില്‍ ഭൂപരിഷ്കരണത്തിനും സാമൂഹ്യനവോത്ഥാന സംരഭത്തിനും നേതൃത്വം നല്‍കിയ സായാജിറാവു ഗെയ്ക്ക്വാര്‍ഡ് മൂന്നാമന്‍, അംഗവസ്ത്രത്തില്‍ നില്‍ക്കുന്ന ഓയില്‍ കാന്‍വാസും അവിടെയുണ്ട്. സ്കൂളിലെ ഉപപാഠപുസ്തകമായി ഞങ്ങള്‍ക്കു പഠിക്കാനുണ്ടായിരുന്നത്് അംബേദ്കറിന്റെ സംക്ഷിപ്ത ജീവചരിത്രമായിരുന്നു. അംബേദ്കറിന്റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയ ബറോഡ രാജാവിനെപ്പറ്റി അതിലുണ്ടായിരുന്നു. രവിവര്‍മ്മ ചിത്രത്തിലുള്ള ഗെയ്ക്വാര്‍ഡ് മൂന്നാമനായിരുന്നു ആ രാജാവ് എന്നറിഞ്ഞു. ഇംപ്രഷിസ്റ്റ് കാലത്തെയും മറ്റും പല ഒറിജിനല്‍ യൂറോപ്യന്‍ ചിത്രങ്ങളും,  വ്യാഖ്യാതരായ പല പാശ്ചാത്യ ചിത്രകാരന്മാരുടെയും രചനകള്‍ കോപ്പി ചെയ്തതും, എല്ലാം കൊട്ടാരം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവയില്‍ വസന്തകാലത്തെ ആവിഷ്കരിച്ച ഒരു പോസ്റ്റ് ഇംപ്രഷണിസ്റ്റ് രചന മനസ്സില്‍ വസന്തം തീര്‍ത്തു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മലയാളി പരിചയപ്പെട്ടത് ഹിന്ദുദൈവങ്ങളുടെ ഹോളോഗ്രാഫ് പ്രിന്റുകളിലൂടെയായിരുന്നുവെന്ന് നന്ദകുമാര്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അതിന്റെയെല്ലാം ആദ്യപ്രിന്റുകള്‍ മ്യൂസിയത്തിന്റെ ഗോവണിച്ചുമരുകളില്‍ തൂക്കിയത് നഖ്വാഷും ഞാനും വിശദമായി നടന്നു കണ്ടു. മ്യൂസിയത്തിന്റെ മുറ്റത്ത് അഭിരാം ഞങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. ഭീമന്‍ മയിലിണകള്‍ മ്യൂസിയം കെട്ടിടത്തിന്റെ പുല്‍മേടുകളില്‍ അലയുന്നതു കണ്ടു.



ഓള്‍ഡ് സിറ്റി കാണണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അഭിരാമിന് അത് അല്‍പം വിമ്മിട്ടമായി. ബൈക്കുണ്ടായിരുന്നെങ്കില്‍ എല്ലായിടത്തും സഞ്ചരിക്കാമായിരുന്നു എന്നു പറഞ്ഞു. ഓട്ടോയില്‍ പോകാം എന്നു  നിര്‍ബന്ധിച്ചു. ഒരു കുളത്തിനു മധ്യത്തില്‍ ശിവന്റെ വലിയ ആകാരത്തിലുള്ള പ്രതിമയുള്ള, സെഷന്‍സ് കോടതിയുടെ പരിസരത്തേക്ക് ഞങ്ങളെ അവന്‍ നയിച്ചു. ശിവരൂപം കണ്ട് ഭയമാകുന്നു എന്ന് നഖ്വാഷ് പറഞ്ഞു. കോടതി പരിസരത്തെ ചായക്കടയില്‍ നിന്ന് കട്ടിങ് കഴിച്ചുകൊണ്ട് ഞങ്ങള്‍ ഗുജറാത്തിന്റെ വര്‍ഗീയ പരിതസ്ഥിതികളെക്കുറിച്ച് അഭിരാമിനോട് ആരാഞ്ഞു. അടുത്തിടെ പൊലീസും മുസ്ലിംങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായ ഒരു പ്രദേശത്തെക്കുറിച്ച് അവന്‍ ഞങ്ങളോടു പറഞ്ഞു. റോഡു വികസനത്തിനു വേണ്ടി ഒരു ദര്‍ഗ പൊളിച്ചുമാറ്റുന്നതിനെച്ചൊല്ലിയായിരുന്നുവത്രെ പ്രശ്നം. മൂന്നു മാസം മുമ്പാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. 2002ലെ ഗുജറാത്ത് സംഭവികാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വികസനത്തിന്റെ പേരിലാണ് ഗുജറാത്തില്‍ മുസ്ലിംങ്ങളെ മോഡി സര്‍ക്കാര്‍ ഉപദ്രവിക്കുന്നത് എന്ന് അടുത്തിടെ കേരളം സന്ദര്‍ശിച്ച റ്റീസ്റ്റ സെത്തില്‍വാഡ് പ്രസംഗിച്ചിരുന്നു.
യാകൂബ്പുര എന്നറിയപ്പെടുന്ന ആ പ്രദേശത്തേക്ക് ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു. റോഡിലെ കമാനത്തിനരികില്‍ ഒരു പൊലീസ് ജീപ്പ് ട്രാഫിക് ജാം സൃഷ്ടിച്ചുകൊണ്ട് കത്തിക്കരിഞ്ഞ നിലയില്‍ കിടപ്പുണ്ടായിരുന്നു. കലാപത്തില്‍ ജനം തീയിട്ടതാണത്രെ അത്. ദര്‍ഗ പൊളിക്കാന്‍ രംഗത്തിറങ്ങിയ പൊലീസിനെ ജനം നേരിടുകയായിരുന്നുവത്രെ. അന്ന് അവര്‍ കത്തിച്ച ജീപ്പ് പൊലീസ് ഡിപ്പാര്‍ട്മെന്റിന് വാശികയറി ഇപ്പോഴും മാറ്റാതെ അവിടെ കിടക്കുകയാണ്. ഭരണകൂടവും മുസ്ലിംങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഇന്‍സ്റ്റലഷേനായി അതവിടെ നിലകൊണ്ടു. മുസ്ലിംങ്ങളും അല്ലാത്തവരും എല്ലാം തിങ്ങിപ്പാര്‍ക്കുന്ന ദരിദ്രമായ തെരുവിലൂടെ അടുത്തുള്ള ഒരു കുളക്കരയിലെ ദര്‍ഗയിലേക്ക് അഭിരാം ഞങ്ങളെ നയിച്ചു. സ്കൂട്ടറില്‍ എത്തിയ സാല്‍വാറും കമ്മീസുമണിഞ്ഞ ഒരു പെണ്‍കുട്ടി ദര്‍ഗയിലെ കുളത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുവാനെത്തി. അത് ഫോട്ടോയില്‍ പകര്‍ത്താന്‍ തുടങ്ങുമ്പോള്‍ അവിടേക്ക് കൌമാരപ്രായക്കാരായ ഏതാനും ആണ്‍കുട്ടികള്‍ വന്നു. അവരെ ഞങ്ങള്‍ പരിചയപ്പെട്ടു. സ്ഥിതിഗതികള്‍ ആരാഞ്ഞു. ആര്‍ക്കാണ് ഇവിടെ നിങ്ങളെല്ലാം വോട്ടു ചെയ്യുന്നത് എന്നു ചോദിച്ചു. കോണ്‍ഗ്രസിനാണെന്നും അടുത്ത തവണ ആര്‍ക്കും ചെയ്യില്ലെന്നും പറഞ്ഞു. ഞങ്ങള്‍ പേരുകളെല്ലാം പറഞ്ഞ് അവരെ പരിചയപ്പെട്ടു. എന്താണ് നിങ്ങളുടെ സ്ഥിതിഗതികള്‍ എന്ന് ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്ക്, തൊഴിലില്ല എന്നും ദാരിദ്യ്രമാണ് എന്നും എല്ലാവരും തങ്ങളെ ഉപദ്രവിക്കുകയാണ് എന്നും, അവര്‍ ഞങ്ങളോട് ദൈന്യതകള്‍ പങ്കുവെച്ചു. ഞാന്‍ അവരെ  ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
സന്ധ്യയായി. ബെസ്റ്റ് ബേക്കറി സന്ദര്‍ശിക്കാനുള്ള ആഗ്രഹം അഭിരാമിനോടു പറഞ്ഞു. അവന്‍ വിമുഖനായി. ഒടുവില്‍ ഒരു ഓട്ടോയില്‍ കയറി. മധ്യവയസസ്സു കഴിഞ്ഞ  ഇസ്മായില്‍ ഫക്കീര്‍ ഷെയ്ഖ് ഭായ് ആണു ഡ്രൈവര്‍. അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ പോകാം എന്നു പറഞ്ഞു. ഇസ്മായില്‍ ഭായ് ഞങ്ങള്‍ താമസിക്കുന്ന ഫത്തേഗഞ്ച് നിവാസിയാണ്. രണ്ടായിരത്തി രണ്ടിലെ കലാപത്തില്‍ കര്‍ഫ്യൂ സമയത്ത് അമ്മായിക്ക് ആഹാരം കൊണ്ടുകൊടുക്കാന്‍ ഇറങ്ങിയ, ഉസ്മാന്‍ ഭായിയുടെ പതിനെട്ടു വയസ്സുള്ള ഏകമകനെ, പോയിന്റ് ബ്ളാങ്കില്‍ പൊലീസ് വെടിവെച്ചുകൊന്നത്രെ. ഗുജറാത്തിലെ സ്ഥിതിഗതികള്‍ അഭിരാം, ബെസ്റ്റ് ബേക്കറി കാണാനുള്ള ഓട്ടോയാത്രക്കിടയില്‍, ഇസ്മായില്‍ ഭായിയോടു ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. സഹൃദയനായ ആ മനുഷ്യന്‍ തന്റെ സ്വന്തം കഥകളിലൂടെ ഗുജറാത്തിന്റെ ചിത്രങ്ങള്‍ അഭിരാമുമായി പങ്കുവെച്ചു.
ഇസ്മായില്‍ ഭായിയുടെ കുടുംബം മുസ്ലിം ഷെയ്ഖ് വിഭാഗത്തില്‍ പെട്ടതാണ്. സെയ്യിദ് വിഭാഗം കഴിഞ്ഞാല്‍ ഗുജറാത്തി മുസ്ലിങ്ങള്‍ക്കിടയില്‍ മതകര്‍മ്മം കൊണ്ട് രണ്ടാം സ്ഥാനക്കാരാണത്രെ ഷെയ്ഖുകള്‍. സെയ്യിദുമാര്‍ പുരോഹിതര്‍ ആണെങ്കില്‍ മതാധ്യാപനത്തിനുള്ള പരമ്പരാഗത അവകാശം ഷെയ്ഖുമാര്‍ക്കുണ്ടത്രെ. ഇസ്മായില്‍ ഭായിയുടെ പിതാവ് അലക്കുജോലിയായിരുന്നു ചെയ്തുപോന്നിരുന്നത്. ഫൈന്‍ആര്‍ട്സ് വാഷിങ് എന്ന പേരില്‍ ഒരു കമ്പനി നടത്തിയിരുന്നു. ഫൈന്‍ ആര്‍ട്സ് കോളേജുമായും കലാകാരന്മാരുമായും ഉള്ള ബന്ധത്തില്‍ നിന്നാണ് അങ്ങിനെയൊരു പേര് കമ്പനിക്കിട്ടത്. ബറോഡയില്‍ എത്തുന്ന പല വിദേശ കലാകാരന്മാരുടെയും വസ്ത്രങ്ങളുടെ അലക്ക് അവരുടെ കമ്പനിയായിരുന്നു ഏറ്റെടുത്തിരുന്നത്. അങ്ങിനെയാണ് കമ്പനിക്ക് ആ പേരിട്ടത്. കമ്പനി ഇപ്പോഴില്ല. ഇസ്മായില്‍ ഭായ് ഇറാഖിലും മറ്റും ജോലി അനേഷിച്ചു പോയെങ്കിലും, വലിയ മെച്ചം കിട്ടാതെ തിരിച്ചെത്തി ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ്. ബെസ്റ്റ് ബേക്കറിയില്‍ പല തവണ അദ്ദേഹത്തിനു പോകേണ്ടി വന്നിട്ടുണ്ട്. സംഭവം നടന്ന് മാധ്യമങ്ങളാകെ പ്രദേശത്തേക്ക് ഒഴുകിയെത്തുമ്പോള്‍, ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെയും ഫ്രഞ്ച് പത്രപ്രവര്‍ത്തകനെയും താനാണ് അവിടെ എത്തിച്ചത് എന്ന് ഇസ്മായില്‍ ഭായ് ഓര്‍മ്മിച്ചു.
കലാപം യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മില്‍ നടന്ന ഒന്നല്ലെന്ന് ഉസ്മാന്‍ ഭായ് പറഞ്ഞു. മോഡിയും പ്രദേശത്തെ എംഎല്‍എയുമാണ് അതിനു പിന്നില്‍. തോക്കുമായി നടക്കുന്ന എംഎല്‍എ നേരത്തെ ഒരു വെറും ഗുണ്ടയായിരുന്നു. ഓള്‍ഡ് സിറ്റിയില്‍ പലപ്പോഴായും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തങ്ങളെല്ലാം താമസിക്കുന്ന ഫത്തേഗഞ്ചിനെപ്പോലുള്ള സ്ഥലങ്ങളില്‍ ഒരു കാലത്തും വര്‍ഗീയ ആസ്വാസ്ഥ്യം ഉണ്ടായിട്ടില്ലെന്ന് ഇസ്മായില്‍ ഭായ് പറഞ്ഞു. എന്നാല്‍ രണ്ടായിരത്തിരണ്ടിലെ വംശഹത്യയുടെ രഥങ്ങള്‍ അവിടെയും ഉരുണ്ടെത്തി. അങ്ങിനെയാണ് തന്റെ ഏകമകനെ ഓടിച്ചുകളയാമായിരുന്നിട്ടും, പോയിന്റ് ബ്ളാങ്കില്‍ പൊലീസ് വെടിവെച്ചു കൊന്നത്. അവന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്റെ വീട്ടില്‍ കര്‍ഫ്യൂ പ്രമാണിച്ച് അയല്‍വീട്ടുകാരായ ഹിന്ദുക്കളും ഉണ്ടായിരുന്നുവെന്ന് ഇസ്മായില്‍ ഭായ് പറഞ്ഞു.
പൊലീസും മോഡിയുടെ ഗുണ്ടകളും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വംശഹത്യയെക്കുറിച്ച് ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കുപോലും മനസ്സിലായി വരുന്നുണ്ട്. കൊലക്കും കൊള്ളക്കും നേതാക്കളുടെ വാക്കുകേട്ട് കച്ചകെട്ടിയിറങ്ങിയ പലരും കേസിലും മറ്റ് പ്രശ്നങ്ങളിലും പെട്ട് വലയുമ്പോള്‍ രക്ഷിക്കാന്‍ ബിജെപിയോ ആര്‍എസ്എസോ വിഎച്ച്പിയോ ഒന്നും ഇല്ലാത്തത് അവരുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. ഫത്തേഗഞ്ച് എന്നും മതസൌഹാര്‍ദ്ദത്തിന്റെ സ്ഥലമായിരുന്നു. ഹിന്ദുക്കളായ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി പല അടിപിടിക്കും താന്‍ പോയിട്ടുണ്ട്. രണ്ടായിരത്തി രണ്ടിലെ കലാപം അന്വേഷിക്കാനെത്തിയ കമ്മീഷനുമുമ്പില്‍ ഹാജരായ പ്രദേശത്തെ പ്രമുഖനായ മുസ്ലിം നേതാവ,് 'പൊലീസ് കമ്മീഷര്‍ക്ക് അറിയാവുന്നതുപോലെ കലാപത്തിന്റെ കാരണത്തെക്കുറിച്ച് മറ്റാര്‍ക്കും നന്നായി പറയാന്‍ കഴിയില്ല' എന്നു മൊഴികൊടുക്കുകയുണ്ടായി. ഇയാള്‍ പിന്നീട് ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയവെ, ആശുപത്രി അധികൃതരെ സ്വാധീനിച്ച് അദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നുവത്രെ. പ്രദേശത്തെ മുസ്ലിംങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അത്യാവശ്യം സമ്പന്നനായ ഇയാളുടെ അധീനതയിലുള്ള കുതിരപ്പന്തി നഖ്വാഷ് നേരത്തെ ക്യാമറയില്‍ പിടിച്ചിരുന്നു. അല്‍പം ചികിത്സയും മറ്റും കൈവശമുണ്ടായിരുന്ന ഇയാളുടെ കബറിടത്തില്‍ അയാളുടെ ആരാധകാരായ ബംഗാളികളും മറ്റും ഇപ്പോഴും സന്ദര്‍ശനത്തിന് എത്താറുണ്ടെന്ന് ഇസ്മായില്‍ ഭായ് പറഞ്ഞു. ഇത്രനേരത്തെ സംസാരത്തിനിടയില്‍ ഒരേയൊരു മകന്‍ കൊല്ലപ്പെട്ട ഈ മനുഷ്യന്റെ സംസാരത്തില്‍ പ്രതികാരത്തിന്റെയോ വിദ്വേഷത്തിന്റെയോ ഒരു തരിപോലും കണ്ടെടുക്കാനായില്ല എന്ന് ഞങ്ങളെ ഏറെ വിസ്മയിപ്പിച്ചു. മാത്രമല്ല, ചെറുപ്പക്കാര്‍ കലാപത്തിലെ നിഷ്ഠുരമായ സംഭവങ്ങളുടെ സിഡിയും മറ്റും കണ്ട് പ്രതികാരദാഹമുള്ള മനസ്സിന് അടിമപ്പെടുന്നുണ്ടെന്നും അതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



തീ പാളിയ ചിത്രങ്ങള്‍

ഹനുമാന്‍ ടേകരിയില്‍ (ഹനുമാന്‍ കുന്ന്), പണ്ട് ഒരു കോട്ടണ്‍ മില്‍ നില നിന്ന സഥലത്തിനു സമീപത്താണ് ബെസ്റ്റ് ബേക്കറി. ഇരുഭാഗത്തും റോഡ് വീതികൂട്ടാനെന്നവണ്ണം കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും പൊടിയും നിറഞ്ഞ് ഞങ്ങളുടെ മനസ്സിന്റെ വിഷമങ്ങളും വിഹ്വലതകളുമാകെ പ്രതിഫലിപ്പിക്കും വിധം, പ്രേതബാധയേറ്റ ഭൂമിയെപ്പോലെ, ഉപേക്ഷിക്കപ്പെട്ട ഇടം പോലെ തോന്നിച്ചു, അവിടം. ഒരു കാലത്ത് ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ ഊട്ടിവളര്‍ത്തിയ കോട്ടണ്‍ മില്ലുകളുടെ കേദാരമായിരുന്ന വ്യവസായ പ്രദേശങ്ങളിലൊന്നായിരുന്ന ഹുനമാന്‍ ടേകരി. കോട്ടണ്‍ മില്ലുകള്‍ തകരുകയും മുതലാളിത്തം ആഗോളവല്‍ക്കരണമായി വികസിക്കുകയും ചെയ്യുന്നതിന്റെ പരിവര്‍ത്തന ദശയില്‍,പുതിയ മൂലധന സഞ്ചയത്തിന്റെ ദ്രംഷ്ട്രകള്‍ ആണ്, ബെസ്റ്റ് ബേക്കറി ഉദാഹരിക്കുന്നത് എന്ന്, മാര്‍ക്സും മൂലധനവും എന്നെ ഓര്‍മ്മിപ്പിച്ചു.
ഷോപ്പിങ് മാളുകളായി വികസിക്കുന്ന പുത്തന്‍ മുതലാളിത്ത കമ്പോളത്തിന് സ്ഥലമൊരുക്കാനുള്ള ആഗോളവല്‍ക്കരണത്തിന്റെ അബോധമായിരുന്നുവോ ഗുജറാത്തില്‍ പ്രവര്‍ത്തിച്ചത്? കുടിയൊഴിപ്പിച്ചും ആട്ടിയോടിച്ചും കൊന്നൊടുക്കിയും, സ്വന്തം ഭൂമിയില്‍ നിന്ന് ആദിവാസികളെയും കര്‍ഷകരെയും പറിച്ചെറിഞ്ഞും, ക്ളാസിക്കല്‍ മുതലാളിത്തം നിലവില്‍ വന്ന കഥയുടെ വിവരണമാണ്, ആദിമ മൂലധന സഞ്ചയത്തിന്റെ ഉല്‍പത്തി എന്ന മൂലധനത്തിലെ പ്രസിദ്ധമായ അധ്യായം. ഓരോ രോമകൂപങ്ങളില്‍ നിന്നും ചെളിയും ചോരയും ഒലിപ്പിച്ചുകൊണ്ടാണ് മൂലധനം നിലവില്‍ വന്നത് എന്ന മാര്‍ക്സിന്റെ ഏറെ പ്രസിദ്ധമായ പ്രസ്താവം. നവലിബറല്‍ മൂലധന സഞ്ചയത്തിന് മണ്ണൊരുക്കുന്ന മുതലാളിത്തത്തിന്റെ അപസ്മാരം തുള്ളിയ അബോധമല്ലേ ഗുജറാത്തിലും ഒരുപക്ഷേ നന്ദിഗ്രാമിലും എല്ലാം സംഭവിച്ചത്? കാലാവസ്ഥയുടെയും ചരിത്രത്തിന്റെയും ജീവിതസാഹചര്യത്തിന്റെയും രൂപഭേദങ്ങളിലൂടെ, ഏറ്റകുറച്ചിലുകളോടെ, മറ്റു പലയിടത്തും നടമാടിക്കൊണ്ടിരിക്കുന്നത്? ആസൂത്രിതമായ നടക്കുന്ന അതിക്രമണങ്ങളും കൊലയും കൊള്ളയും വരെ നവലിബറലിസത്തിന്റെ അബോധം പ്രവര്‍ത്തിക്കുന്ന രീതിയാണെന്നു വന്നു കൂടെ?


ഇസ്മായില്‍ ഭായ് പറഞ്ഞു തന്ന വിവരണങ്ങളും വികസനത്തിന്റെ പേരില്‍ നമ്മുടെ നാട്ടിലും നടക്കുന്ന പാവപ്പെട്ടവരുടെ ജീവിതത്തിന്മേലുള്ള കുതിരകയറ്റങ്ങളും കണ്ടറിയുമ്പോള്‍, വര്‍ഗീയത മുതലാളിത്ത സംസ്ഥാപനത്തിന്റെയും പുനസ്ഥാപനത്തിന്റെയും ഉപരിഘടനയാണ് എന്ന് തിരിച്ചറിയാനാകും. ഗുജറാത്തിനെ ആ വിധം മനസ്സിലാക്കാനാണ് എന്റെ മനസ്സ് ആവശ്യപ്പെടുന്നത്. ഹനുമാന്‍ ടേകരി നാളെ ഒരു വലിയ ഷോപ്പിങ് മാള്‍ ആയി മാറുന്ന ചിത്രം വിദൂരമല്ല എന്ന് അവിടെ പൊളിച്ചുകഴിഞ്ഞ കെട്ടിടങ്ങളും, കൊന്നും ഭീതിപ്പെടുത്തിയും കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കപ്പെട്ട മനുഷ്യരും, ഉയരാന്‍ വെമ്പുന്ന കെട്ടിടങ്ങളും, വീതി കൈകൊള്ളുന്ന രാജപാതകളും നമ്മോടു പറയുന്നു.  ഗുജറാത്തിനെ ഒരു വര്‍ഗീയ പ്രശ്നമായി ചുരുക്കിക്കാണുന്ന നമ്മുടെ ബുദ്ധിജീവികളുടെ വൈജ്ഞാനിക പാപ്പരത്തം,ഗുജറാത്ത് സംഭവവികാസങ്ങളെക്കുറിച്ചുള്ള സൂക്ഷ്മവിശകലനങ്ങളും മാര്‍ക്സിന്റെ മൂലധനവും നിയോലിബറലിസത്തിന്റെ സമകാലീന മുഖവും നമ്മെ വെളിപ്പെടുത്തും.



എങ്കിലും കലാകാരന്റെ മനസ്സിലെ വിഹ്വലതകളെ ആവിഷ്കരിക്കാന്‍ എങ്ങിനെ കഴിയും? പ്രേതബാധയേറ്റ ബെസ്റ്റ് ബേക്കറി പ്രദേശങ്ങള്‍ നഖ്വാഷ്, ഇസ്മായില്‍ ഭായിയുടെ  ഓട്ടോയുടെ ചലനസ്പേസില്‍ നിന്ന് പകര്‍ത്തിയവ  തീപാളുന്ന അബ്സ്ട്രാക്ടുകള്‍ തീര്‍ത്തു. വിഹ്വലമായ ആ യാത്രയില്‍ അവന്‍ അവന്റെ ഗുരുനാഥന്‍ ശില്‍പി റിംസനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇറ്റലിയില്‍ യാത്ര ചെയ്ത് റിംസണ്‍ വരച്ച അതിശ്രദ്ധേയമായ ഡ്രോയിങ്ങുകള്‍ മട്ടാഞ്ചേരി കാഷി ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കാര്യം അവനോട് ഞാന്‍ പറഞ്ഞു. ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ചുള്ള ശക്തമായ നരേറ്റീവുകള്‍ ആയിരുന്നു അവ. ബുദ്ധിസത്തെ ഇന്‍വോക് ചെയ്തുകൊണ്ട് ഫാസിസത്തെ പ്രതിരോധിക്കുന്ന ആ ഡ്രോയിങ്ങുകള്‍ അടുത്ത കാലത്തും റിംസണ്‍ പല നിലയില്‍ ആവര്‍ത്തിക്കുന്നുണ്ട്. അക്കൂട്ടത്തിലൊരു ഡ്രോയിങ്ങിന്റെ ഒരു മാസ്റ്റര്‍ വര്‍ക്ക് കോവളത്ത് സുനില്‍ ഗംഗാധരന്‍ പുതുതായി ആരംഭിച്ച ഗാലറിയുടെ ആദ്യ പ്രദര്‍ശനത്തിലും ഉണ്ടായിരുന്നു.
ഇടയ്ക്ക് ഓട്ടോ നിര്‍ത്തി ഇസ്മായില്‍ ഭായ് താന്‍ മറന്നുപോയ ബെസ്റ്റ് ബേക്കറിയിലേക്കുള്ള വഴി ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ചതുപ്പ് നിലത്തിന്റെ ഓരത്ത് നിഷ്ചേഷ്ടമെന്നോണം തോന്നിയ മനുഷ്യര്‍ പാര്‍ക്കുന്ന ഒരു ഗലിയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. മുസ്ലിമായ ബേക്കറി ഉടമയില്‍പെട്ട ഒരാളും രണ്ട് ഹിന്ദു തൊഴിലാളികളും അടക്കം പതിനാലുപേരെ ചുട്ടെരിച്ചുകൊന്ന ബെസ്റ്റ് ബേക്കറിക്കു മുമ്പില്‍ ഓട്ടോ നിശ്ചലമായി. സന്ധ്യകഴിഞ്ഞ ഇരുട്ട് എങ്ങും പരന്നു. ക്യാമറയുടെ ഫ്ളാഷ് മാത്രം പ്രകാശത്തിന്റെ  ഇടിമിന്നലുകള്‍ തീര്‍ത്തു. ഹോളോബ്രിക്സ് കൊണ്ട് പുതുക്കിപ്പണിത ഇരുനില ബെസ്റ്റ് ബേക്കറി കെട്ടിടത്തിനു മുമ്പില്‍ നിര്‍ത്തിയിട്ട ഐസ്ക്രീം റിക്ഷകള്‍ക്ക് അരികെയുള്ള ഉന്തുവണ്ടിക്കു ചുറ്റും, ഓമനത്തം തുളുമ്പുന്ന മുഖമുള്ള ഏതാനും കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നു. താഴത്തെ ബഹളം കണ്ട് പണി തീരാത്ത വീടിന്റെ മുകളിലെ ജനവാതിലിലൂടെ ഒരു സ്ത്രീ തലയിട്ടു നോക്കി. ഏതോ മുഗള്‍ മിനിയേച്ചറിന്റെ സ്പേസ്, സൌന്ദര്യമോ അലങ്കാരപ്പണിയോ ഒട്ടുമില്ലാതെ എന്റെ മനസ്സില്‍ മിന്നിമാഞ്ഞു.
ഹീന നബീബുള്ള ഷെയ്ഖ് തട്ടം തലയിലിട്ട് ഇറങ്ങി വന്നു. ഹംകോ കോയി തക്ലീഫ് നഹീ ഹെ, ഹം ശാന്തി ചാഹിയേ, എന്നു മാത്രം ഞാന്‍ കേട്ടു. ഞങ്ങളുടെ വിറക്കുന്ന ഹൃദയങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ അവരുടെ ശരീരം കിടുങ്ങുന്നതു കണ്ടു. ഇസ്മായില്‍ ഭായിയുടെ സംഭാഷണത്തിലൂടെ അവര്‍ ഞങ്ങളുടെ ഉദ്ദേശ്യങ്ങള്‍ അറിഞ്ഞു. ബെസ്റ്റ് ബേക്കറി കേസിലെ പ്രസിദ്ധയായ സഹീറ ഷെയ്ഖിന്‍െ കുടുംബക്കാരിയാണ് ഹീന. റ്റീസ്റ്റ സെത്തില്‍വാഡിന്റെ ഇടപെടലില്‍ സഹീറയോടൊത്ത് അവളും അല്‍പകാലം മുംബൈയില്‍ താമസിച്ചിരുന്നു. പിന്നീട് തിരിച്ചെത്തി ബെസ്റ്റ് ബേക്കറി പ്രവര്‍ത്തിച്ച കെട്ടിടം പുതുക്കിപ്പണിതതാണ്്. ആടുകളെ വളര്‍ത്തിയാണ് അവള്‍ കുടുംബം പോറ്റുന്നത്. സൌന്ദര്യത്തിന്റേതായ ഒന്നും പകര്‍ത്താനില്ലാതെ വിരണ്ട നഖ്വാഷിന്റെ ക്യാമറ കുട്ടികളുടെ മുഖഛായകളിലേക്ക് തിരിയുന്നതും, പകര്‍ത്തിയ ഇമേജുകള്‍ അവരെ കാണിച്ച് സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കൊല നടന്ന ഇടം ഞങ്ങളുടെ ഹൃദയത്തില്‍ വിമ്മിട്ടവും അസ്വസ്ഥതയും മനംപുരട്ടലും ഉണ്ടാക്കി. ചോരപുരണ്ട സ്പേസ് ഞങ്ങളോട് ദുരൂഹമായതെന്തോ പറഞ്ഞു. ബറോഡയില്‍ ചിത്രകാരന്‍ വാസുദേവ് ഇരിക്കുന്ന ഫാക്കല്‍റ്റിയില്‍ തൂക്കിയ,  ചെമ്പുവര്‍ണ്ണം പശ്ചാത്തലമൊരുക്കുന്ന, മിത്തിക്കല്‍ മൃഗവും പെണ്‍കുട്ടിയും മുന്നിലേക്കാഞ്ഞു നില്‍ക്കുന്ന,  പച്ചയുടെയും ചുവപ്പിന്റെയും കടുത്ത വര്‍ണ്ണങ്ങളിലുള്ള, ഹൃദയമിടിപ്പുകള്‍ കൂട്ടുന്ന, സുബ്രഹ്മണ്യന്റെ ഗ്ളാസ്പെയിന്റിങ്ങിനെ ഞാനോര്‍ത്തു. ആടുകളും ഹീന നബീബുള്ള ഷെയ്ഖും ഒരു ഇമേജറിയായി ആ ഗ്ളാസ് പെയ്ന്റിങ്ങിനെ ഞാന്‍ പുനരാഖ്യാനം ചെയ്തു. ചോരയും രതിയും മിത്തും ചരിത്രവും ഇടകലര്‍ന്ന ഇന്ത്യന്‍ വര്‍ത്തമാനത്തെക്കുറിച്ചുള്ള ഒരു പുനരാഖ്യാനം.




സംഗീതത്തിന്റെ സൂര്യസാന്നിധ്യം

ഇരുണ്ട ഭൂപടങ്ങളില്‍ നിന്ന് എങ്ങിനെ പ്രകാശത്തിന്റെ ചേരുവകള്‍ ചാലിച്ചെടുക്കാം?
പിറ്റേന്ന് ബറോഡ കൊട്ടാരത്തിലെ അവശേഷിക്കുന്ന രവിവര്‍മ്മ ചിത്രങ്ങള്‍ കാണാനും കൊട്ടാര വാസ്തുശില്‍പം പകര്‍ത്താനും ഞങ്ങള്‍ പുറപ്പെട്ടു. ജീര്‍ണ്ണിച്ച കൊട്ടാരക്കെട്ടുകള്‍ ബറോഡാ രാജാവ് പണിതീര്‍ത്തത് ഇപ്രകാരമാണ്; ജനങ്ങള്‍ ഇടപെടുന്ന സ്ഥലം മുസ്ലിം വാസ്തുവിദ്യയില്‍, രാജാവിന് പെരുമാറാനുള്ള സ്ഥലം ഹിന്ദു ക്ഷേത്ര വാസ്തുശില്‍പത്തില്‍, പിന്നില്‍ അന്തപുരം സിഖ് ഗുരുദ്വാരാ മാതൃകയില്‍.   മുറ്റത്തെ സ്പേസും കൊട്ടാരം പണിത വര്‍ഷം രേഖപ്പെടുത്തിയ ഫലകവും കൊത്തുപ്പണികളും എല്ലാം നഖ്വാഷ് പകര്‍ത്തി. തലേന്നത്തെ സഞ്ചാരങ്ങള്‍ അവന്റെ മനസ്സില്‍ വല്ലാത്ത വിമ്മിട്ടമുണ്ടാക്കിയിരുന്നു. കൊട്ടാരത്തിന്റെ നീല ജലാശയത്തില്‍ കാവല്‍ക്കാരന്‍ ഫൌണ്ടന്‍ പ്രവര്‍ത്തിപ്പിച്ചു. നാന്മുഖനായ സംഗീതകാരന്‍ എന്നും, സംഗീതത്തിന്റെ സൂര്യന്‍ എന്നും, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മഹാഗായകന്‍ എന്നും ഉസ്താദോം കെ ഉസ്താദ് എന്നും വിശേഷണമുള്ള ഉസ്താദ് ഫയാസ്ഖാന്‍ പാടിവിറപ്പിച്ച ദര്‍ബാര്‍ ഹാളില്‍ ഞങ്ങള്‍ കടന്നു. അവിടുത്തെ ശരറാന്തലുകള്‍. ചുമരിലെ ജാപ്പനീസ് മാതൃകയിലുള്ള വര്‍ണ്ണചിത്രങ്ങള്‍. ക്യാമറ കണ്‍ചിമ്മുന്നതു കണ്ട് കാവല്‍ക്കാരന്‍ ഞങ്ങളെ പിടികൂടി. ക്യാമറ വാങ്ങി വെച്ചു. നഖ്വാഷിന് ആകെ പരിഭ്രമമായി.  പത്രപ്രവര്‍ത്തകന്‍ എന്ന തുരുപ്പുചീട്ട് കാണിച്ച് അതു തിരികെ വാങ്ങി. വാശി കയറി നഖ്വാഷ് ബറോഡാ രാജാവിനെ ബഹിഷ്കരിക്കാം എന്നു കരുതി. കുപിതനായ കാവല്‍ക്കാരന്‍ പിന്നെ സൌമ്യനാകുന്നതു കണ്ടു. വളരെ സ്നേഹത്തോടെ ക്യാമറയുടെ ഉപയോഗം എന്തുകൊണ്ടാണ് നിരോധിച്ചത് എന്നു പറഞ്ഞു തന്നു. കൊട്ടാരത്തിന്റെ അവശേഷിക്കുന്ന സൂക്ഷിപ്പു മുറികളിലേക്ക് ഞങ്ങളെ ക്ഷണിച്ചു. നഖ്വാഷ് പിടഞ്ഞു മാറി. ലങ്ക ചുട്ടെരിക്കാന്‍ മുതിര്‍ന്ന ഹനുമാനെപ്പോലെ അവന്‍. അതറിഞ്ഞ് ഗൈഡ് അവനെ ആര്‍മറി റൂം കാണാന്‍ ക്ഷണിച്ചു. ശില്‍പിയായ അവന്‍ അതില്‍ വീണു. ആര്‍മറി മുറിയിലെ ലോഹഖനങ്ങളില്‍ അവന്‍ പഠനം തുടങ്ങി. ഞാന്‍ രാജാവിനെ അരിയിട്ടുവാഴിക്കുന്ന ചടങ്ങ് നടത്തിയിരുന്ന മുറിയില്‍ പ്രദര്‍ശിപ്പിച്ച രവിവര്‍മ്മയുടെ, ലക്ഷ്മിയുടെയും സരസ്വതിയുടെയും, സീതയുടെ ഭൂതര്‍പ്പണത്തിന്റെയും വലിയ ക്യാന്‍വാസിനു മുമ്പില്‍ കൈകൂപ്പി നിന്നു.
കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളിനു മുമ്പിലെ വരാന്തയിലെ ഫായസ്ഖാന്റെ ടോര്‍സോ ഞാന്‍ നഖ്വാഷിനു കാണിച്ചു കൊടുത്തു. ആഗ്രയില്‍ നിന്ന് വന്ന് ബറോഡ കൊട്ടാരത്തിന്റെ ആസ്ഥാന ഗായകനായിത്തീര്‍ന്ന, ഖരാനകള്‍ക്കപ്പുറത്ത് ഇന്ത്യന്‍ സംഗീതത്തിന്റെ ശക്തിതേജസ്സുകളെ പകര്‍ന്നു നല്‍കിയ മഹാനായ ആ ഗായകന്റെ ടോര്‍സോക്കു സമീപം നിന്ന് ഞാന്‍ പടമെടുത്തു. കൊട്ടാരത്തിന്റെ പോര്‍ടിക്കോവില്‍ രണ്ടു പ്രതിമകള്‍. സാരംഗി വായിക്കുന്ന ഒരു സംഗീതകാരനെ വിനയാന്വിതരൂപത്തിനുമുമ്പിലും, നാരായണ ഗുരുവിനെ ഓര്‍മ്മിക്കുന്ന പ്രതിമയുടെ സമീപത്തും  അല്‍പനേരം നിശ്ചേഷ്ടനായി. കൊട്ടാരത്തിന്റെ പോര്‍ടികോവിലെ വലിയ കല്‍ത്തൂണുകള്‍ക്കിടയിലൂടെ, ദൂരെ പുല്‍മൈതാനത്ത് നഖ്വാഷ് തന്റെ ക്യാമറയും തൂക്കി നടക്കുന്ന ദൃശ്യം.
എവിടെയാണ് ഉസ്താദ് ഫയാസ്ഖാന്റെ ഖബറിടം? കലാപത്തില്‍ മോഡിയുടെ സൈന്യം അഹമ്മദാബാദിന്റെ എഴുത്തച്ഛനായ വാലി ഗുജറാത്തിയുടെ ദര്‍ഗ തകര്‍ത്തതിനെക്കുറിച്ച് കെഇഎന്‍ പ്രംസംഗിച്ചു നടന്നിരുന്നു. ഫയാസ് ഖാന്റെ ഖബറിടം തകര്‍ത്തുവെന്ന് രാമചന്ദ്ര ഗുഹ ദ ഹിന്ദുവില്‍ എഴുതിയിരുന്നു. തുടര്‍ന്നാണ് ആര്‍ നന്ദകുമാര്‍ ഖാന്‍ സാഹിബിന്റെ സംഗീതത്തെക്കുറിച്ചുള്ള തന്റെ നീണ്ട പ്രബന്ധം എഴുതി മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
ഗുജറാത്ത് സംഭവങ്ങള്‍ക്കു ശേഷം ഒരിക്കല്‍ നന്ദകുമാറിന്റെ വീട്ടില്‍ എത്തിയ  എന്നെ കണ്ട് അദ്ദേഹം അസ്വസ്ഥനായി. ഗുജറാത്തിനെക്കുറിച്ച് പറഞ്ഞ് താനും ഒരു കമ്മ്യൂണിസ്റ്റാണ് എന്നു സൂചിപ്പിച്ചു. ഫയാസ്ഖാന്റെ ഖബറിടം വര്‍ഗീയവാദികള്‍ തകര്‍ത്തത് ദ ഹിന്ദുവില്‍ വായിച്ച കാര്യം പറഞ്ഞു. എനിക്ക് ഫയാസ് ഖാന്‍ പാടിയ സൂര്‍ മല്‍ഹാര്‍ രാഗം അദ്ദേഹം കേള്‍പ്പിച്ചു തന്നു. ആ ശാരീരം കേട്ട് സ്തബ്ധനായി. മരുഭൂമിയിലൂടെയും ഹിമാലയഗര്‍ത്തങ്ങളിലൂടെയും എന്റെ മനസ്സ് അലഞ്ഞു തിരിഞ്ഞു.  ശൈവ-വൈഷ്ണ-ഇസ്ലാമിക ധാരകളിലെല്ലാം നിര്‍ഭയം, നിര്‍ദ്ദാക്ഷിണ്യം, അനായാസം സഞ്ചരിച്ച ആ മഹാനുഭാവന്റെ സംഗീതത്തെക്കുറിച്ച് നന്ദകുമാര്‍ എന്നോടു സംസാരിച്ചു. അതെല്ലാം എന്റെ പത്രപ്രവര്‍ത്തകന്റെ പേനത്തമ്പ് പകര്‍ത്തി. ഞാന്‍ ഡിടിപി ചെയ്തെടുത്ത ആ കുറിപ്പുകളെത്തുടര്‍ന്നാണ് നന്ദകുമാര്‍, ഇരുള്‍ വീഴും കാലവും സംഗീതത്തിന്റെ സൂര്യനും എന്ന ഉപന്യാസം എഴുതുന്നത്. താന്‍ അനുഭവിച്ചതും അറിഞ്ഞതുമായ ഫയാസ്ഖാനെ നന്ദകുമാര്‍ അതില്‍ അവതരിപ്പിച്ചു. ഫയാസ് ഖാന്റെ ഖബറിടം നിന്ന സ്ഥലമെവിടെ? ഞങ്ങള്‍ ആഹാരം കഴിച്ചിറങ്ങിയ ആ തമിഴന്‍ ഹോട്ടലുടയോട് ഞാന്‍ ചോദിച്ചു. ഏറെ ആദരവോടെയാണ് ആ ചോദ്യത്തെ അയാള്‍ സ്വീകരിച്ചത്. ഗുജറാത്തിഭാഷയില്‍ കടലാസില്‍ വഴിയും സ്ഥലവുമെഴുതിത്തന്ന്, പുറത്തിറങ്ങി ഓട്ടോ പിടിച്ച്്  യാത്രയാക്കും വരെ അദ്ദേഹം ഞങ്ങളെ അനുഗമിക്കുന്നതു കണ്ട് ശരിക്കും അമ്പരന്നു. ഫയാസ്ഖാന് ഇത്രയും സമ്മതിയോ?
ഞങ്ങള്‍ കയറിയ ഓട്ടോ പ്രാദേശിക ജനങ്ങള്‍ അഭയം തേടിയെത്തുന്ന ഒരു ബാബയുടെ സന്നിധിയിലാണ് എത്തിയത്. ഹിന്ദുക്കളും മുസ്ലിംങ്ങളുമായി ഏതാനും സ്ത്രീകള്‍ അവിടെ, ആ മുസ്ലിം ബാബയുടെ അനുഗ്രഹം തേടിയെത്തിയിട്ടുണ്ടായിരുന്നു. ഏതോ ദര്‍ഖയുടെ സാന്നിധ്യത്തിലാണ് ബാബയുടെ ദര്‍ശനഗൃഹം ഒരുക്കിയിരിക്കുന്നത്. അവിടെ ചുമരില്‍ മനുഷ്യരോട് ഇണങ്ങി ഒരു പിടമയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒട്ടും പരിഭ്രമമില്ലാതെ ഞങ്ങളുടെ ക്യാമറക്ക് അവള്‍ പോസ് ചെയ്തു. ഫയാസ്ഖാന്റെ ദര്‍ഗ അന്വേഷിച്ചപ്പോള്‍ മറ്റൊരു ദിശയിലേക്കു ചൂണ്ടിക്കൊണ്ട് അവിടുത്തെ വയോവൃദ്ധന്‍ ഞങ്ങള്‍ക്കു വഴി പറഞ്ഞു തന്നു.

കടുത്ത സൂര്യതാപത്തെ വകവെയ്ക്കാതെ പരിക്ഷീണരായെങ്കിലും, സംഗീതത്തിന്റെ ആ സൂര്യസാന്നിധ്യം തേടി ഞങ്ങള്‍ വീണ്ടും പുറപ്പെട്ടു. ഒടുവില്‍ കരേളിബാഗിലെ  ഖസ്വാഡി റോഡില്‍ മോട്ടോര്‍ വര്‍ക്ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനു പിന്നിലെ ഖബര്‍സ്ഥാനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഖബറിടം വര്‍ക്ഷോപ്പ് തൊഴിലാളികളായ രാജുഭായിയും പ്രദീപ്ഭായിയും കാണിച്ചു തന്നു. പച്ചയും വെള്ളയും കുമ്മായം തേച്ച് സിമന്റില്‍ ഉയര്‍ത്തിക്കെട്ടിയ ഒരു കുടുസു ഖബര്‍ ആണ് അവര്‍ ചൂണ്ടിക്കാണിച്ചു തന്നത്. ഞങ്ങള്‍ക്കു വിശ്വാസമായില്ല. മോഡിയുടെ ഗുണ്ടകള്‍ പൊളിച്ചുകളഞ്ഞു എന്ന് കേട്ടതിനാല്‍, ഇതു ഫയാസ്ഖാന്റെ അന്ത്യവിശ്രമസ്ഥലം തന്നെയോ എന്ന് ഞങ്ങള്‍ സംശയിച്ചു. എന്നാല്‍ നവ്ഗുജറാത്ത് എന്നു പേരുള്ള ആ വര്‍ക്ഷോപ്പിലെ തൊഴിലാളികള്‍ ഖബറിടം ഫയാസ്ഖാന്റേതു തന്നെയെന്നും അദ്ദേഹം മഹാനായ ഒരു സംഗീതകാരനാണെന്നും ബംഗാളില്‍ നിന്നും മറ്റും ആരാധകര്‍ അവിടം സന്ദര്‍ശിക്കാന്‍ എത്താറുണ്ടെന്നും പറഞ്ഞു. മതിലുകെട്ടി സംരക്ഷിച്ചത് പ്രൊഫ.ബോജാനി എന്നൊരാളാണെന്നും മൂന്നു മാസം മുമ്പ് വരെ മതില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. ഖബര്‍സ്ഥാന്‍മതിലകം താഴിട്ടു പൂട്ടിയതിനാല്‍ ഞങ്ങള്‍ക്ക് ഉള്ളില്‍ കടക്കാനായില്ല.

പ്രവാചകനും അലിയും കാലിഗ്രഫിയില്‍


റോക്ക് ആരാധകനായ നഖ്വാഷിന്റെ സംഗീതരക്തം, ഫയാസ്ഖാനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ആ സാന്നിധ്യത്തിന്റെ ഊര്‍ജ്ജം പെട്ടൊന്നു പിടിച്ചെടുത്തു. ഓള്‍ഡ് സിറ്റിയിലും ബെസ്റ്റ് ബേക്കറി നിലനിന്ന സ്ഥലത്തും പോയി മുറിപ്പെട്ട അവന്റെ മനസ്സ്, ബറോഡാകൊട്ടാരക്കെട്ടിനകത്ത് കൂടുതല്‍ അശാന്തമാകുകയായിരുന്നു. ഫയാസ്ഖാന്റെ സാന്നിധ്യം അവന്റെ ഹൃദയമിടിപ്പിനെ സൌമ്യമാക്കിത്തീര്‍ക്കുന്നത് ഞാനറിഞ്ഞു. ശാന്തിയുടെ സാന്നിധ്യം ഞങ്ങളറിഞ്ഞു. മടങ്ങാം എന്നു ഞാന്‍ കരുതി. സ്ഥലനാമം കുറിച്ചിട്ട ഒരു ഓട്ടോപാര്‍ട്സ് കടയുടെ ബോര്‍ഡ് ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ അവിടുത്തെ താടിക്കാരന്‍ ഞങ്ങളെ ക്രൂദ്ധനായി നോക്കി. മാടി വിളിച്ചു. എന്താണ് ഉദ്ദേശ്യം എന്നു ചോദിച്ചു. ഫയാസ്ഖാന്റെ ഖബറിടം തേടി വന്നതാണെന്നും ഞങ്ങള്‍ മുസ്ലിംങ്ങളാണെന്നും അതിലുപരി സംഗീതപ്രേമികള്‍ ആണെന്നും ഒക്കെ അവരെ പറഞ്ഞ് അനുനയിപ്പിച്ചു. ഫയാസ്ഖാന്റെ കബറിടം കലാപസമയത്ത് പൊളിച്ചുകളഞ്ഞതായി കേട്ടിട്ടുണ്ടെന്നും അതു ശരിയാണോ എന്നും അന്വേഷിച്ചപ്പോള്‍ അവര്‍ നെറ്റി ചുളിച്ചു. നിത്യജീവിതത്തിന്റെ തിരക്കുകള്‍ക്കും ദൈന്യതകള്‍ക്കുമിടയില്‍, കലാപത്തിന്റെയും ഹിംസയുടെയും ഓര്‍മ്മകള്‍ അവര്‍ മറന്നു പോയതുപോലെ. ഫയാസ് ഖാനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ അതിന്റെ സൂക്ഷിപ്പുകാരനെ കാണാന്‍ അവര്‍ നിര്‍ദേശിച്ചു. അവിടുത്തെ പ്രായം ചെന്ന മനുഷ്യന്‍ ഒരു ഓട്ടോ വിളിച്ച് ഞങ്ങളെ അടുത്തുള്ള ഇമാം വാഡ എന്ന് അവര്‍ വിശേഷിപ്പിച്ച ഒരു ഷിയാ ആരാധനാ സ്ഥലത്തേക്കു കൊണ്ടുപോയി.
ഗേറ്റില്‍ ഒരു പാളിയില്‍ മുഹമ്മദ് എന്നും മറ്റേ പാളിയില്‍ അലി എന്നും ഇരുമ്പില്‍ പണിതീര്‍ത്ത കാലിഗ്രഫിക് സൌന്ദര്യം. ഉള്ളില്‍ ഞങ്ങള്‍ക്ക് അവര്‍ ഹൃദ്യമായി സ്വീകരണം നല്‍കി. ഷിയാ മുസ്ലിംങ്ങളുടെ, സത്രം പോലുള്ള ആ ആരാധനാഹാളില്‍ നിന്ന് കുഞ്ഞുങ്ങള്‍ തലനീട്ടി ഞങ്ങളെ നോക്കി. ഇരുണ്ടുകനത്ത നീലച്ചായം പൂശിയ ഗ്ളാസ്പാനലുകള്‍.  ഇവിടുത്തെ ഇമാം, ബറോഡ രാജാവിന്റെ വൈദ്യന്മാരില്‍പെട്ടയാളായിരുന്നുവെന്ന് ആതിഥേയരില്‍ ഒരാള്‍ പറഞ്ഞു. താങ്കളെ മുമ്പ് കണ്ടിട്ടുള്ളതുപോലെ തോന്നുന്നു എന്ന് അദ്ദേഹം എന്നോട് തറപ്പിച്ചു പറഞ്ഞു. തങ്ങള്‍ ഷിയാ മുസ്ലിംങ്ങള്‍ ആണെന്നും ഗുജറാത്തിലെ മുസ്ലിംങ്ങളില്‍ പത്തിലൊന്നു മാത്രമേ ഷിയാക്കള്‍ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജീന്‍സും ഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്‍ സെല്‍ഫോണില്‍ വിളിച്ച് പ്രൊഫ. ബോജാനിയുമായി ബന്ധപ്പെട്ടു. അവന്‍ ഞങ്ങളെ അവിടേക്കു നയിച്ചു. ഇമാം വാഡയുടെ ആ ഷിയാസത്രത്തില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി. മുഹമ്മദ് എന്നും അലി എന്നും ഇരുമ്പില്‍ കാലിഗ്രഫി തീര്‍ത്ത ഗേറ്റിന്റെ പശ്ചാത്തലത്തില്‍, എന്നെ മുമ്പെപ്പോഴോ കണ്ടിട്ടുണ്ട് എന്നു പറഞ്ഞ ആ ഷിയാ സഹോദരനു ഹസ്തദാനം ചെയ്യുന്നത്,നഖ്വാഷ് പകര്‍ത്തിയത് ഏറെ മനോഹരമായ ഒരു ഫോട്ടോഗ്രാഫ് ആയിത്തീര്‍ന്നു.


പ്രെഫ. ബോജാനി ഫിസിക്സ് പ്രൊഫസറായി വിരമിച്ചതാണ്. ഇപ്പോള്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്നു. അവിടെ ഞങ്ങളെ അദ്ദേഹം സ്വീകരിച്ചു. ദീപാലി നാഗ് എഴുതിയ ഉസ്താദ് ഫയാസ്ഖാന്റെ ജീവചരിത്രം എന്റെ കയ്യിലുണ്ടായിരുന്നത് ഞാനദ്ദേഹത്തെ കാണിച്ചു. അദ്ദേഹം ശരിക്കും വിസ്മയിച്ചു. നിങ്ങള്‍ക്ക് ഫയാസ്ഖാനെ എങ്ങിനെ അറിയാം എന്നു ചോദിച്ചു. അദ്ദേഹത്തിന്റെ ഏതാനും റെക്കാര്‍ഡിങ്ങുകള്‍ കേട്ടിട്ടുണ്ട് എന്നു മറുപടി പറഞ്ഞു. എന്താണ് വരവിന്റെ ഉദ്ദേശ്യം? ഫയാസ് ഖാന്റെ കബറിടം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കുക, അല്‍പം ഫോട്ടോഗ്രാഫുകള്‍ എടുക്കുക, അത്ര മാത്രം. കബറിടം കലാപസമയത്ത് തകര്‍ക്കപ്പെട്ടു എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഇല്ല. അതിനു ശ്രമമുണ്ടായി. പക്ഷേ നടന്നില്ല. അങ്ങിനെ ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്രകാരന്‍ ദ ഹിന്ദുവില്‍ എഴുതിയത് തെറ്റായിരുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞു.
കാറില്‍ പ്രൊഫസറും മകനും, ഇമാംവാഡയില്‍ നിന്ന് കൂടെ വന്ന ചെറുപ്പക്കാരനും ഞങ്ങളെ വീണ്ടും ഫയാസ്ഖാന്റെ സാന്നിധ്യത്തിലേക്കു നയിച്ചു. അപ്പോഴേക്കും ഇരുട്ടു വീണിരുന്നു. ഖബര്‍സ്ഥാന്‍ തുറന്ന് ഞങ്ങള്‍ പ്രവേശിച്ചു. പൂട്ടു തുറന്ന് ദര്‍ഗയുടെ കവാടം തുറന്നു. മാര്‍ബിള്‍ പ്ളേറ്റില്‍ ഫയാസ്ഖാന്റെ പേരും ജനന-മരണ തീയതികളും മറ്റും ഉറുദുവില്‍ രേഖപ്പെടുത്തിയിരുന്നു. ഖബറിനു മുകളില്‍ വിരിച്ചിട്ട മനോഹരമായ പട്ടുഷാള്‍. മുകളില്‍ ആരോ പ്രണാമമര്‍പ്പിച്ചതിന്റെ അടയാളമെന്നോണം വാടിയ മുല്ലപ്പൂക്കള്‍. ഖുര്‍ആനിലെ ആദ്യ അധ്യായമായ ഫാത്തിഹ പ്രാര്‍ത്ഥനയായി ചൊല്ലി ഞാന്‍ ആ മഹാഗായകന്റെ ഖബറിനു ചുറ്റും നടന്നു. ഗുജറാത്തിന്റെ രോഗങ്ങള്‍ നീ മാറ്റിക്കൊടുക്കേണമേ എന്ന് സര്‍വ്വശക്തനോടു പ്രാര്‍ത്ഥിച്ചു. ക്യാമറാഫ്ളാഷിന്റെ മിന്നലുകള്‍ മാത്രം ആ ഇരുട്ടില്‍ ഞങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തി. പുറത്തിറങ്ങുമ്പോള്‍ കാറില്‍ മറ്റൊരു സംഘം അവിടെയെത്തി. ഫയാസ്ഖാന്റെ ദര്‍ഗയിലേക്കുള്ള വഴിസ്ഥലംകൊടുക്കാന്‍ സന്നദ്ധനായി എത്തിയ തൊട്ടടുത്ത പ്രദേശത്തെ ഭൂമിയുടെ ഉടമയെ, പ്രൊഫസറുടെ വക്കീല്‍ കൊണ്ടുവന്നതായിരുന്നു അത്. ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ അനുഗ്രഹമാണെന്ന് പ്രൊഫസര്‍ ആത്മഗതം പറഞ്ഞ് അള്ളാഹുവിനെ സ്തുതിക്കുന്നതുകേട്ടു. എന്റെ സൂഫി വിശ്വാസത്തിന് കൂടുതല്‍ ആത്മബലമേകി ആ പ്രാര്‍ത്ഥന. കാറില്‍ ഞങ്ങളെ ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ സന്ധിക്കാറുള്ള മസിയുടെ ചായക്കടക്കുമുമ്പില്‍ വിട്ട് അവര്‍ യാത്രയായി. കാറില്‍ നിന്നിറങ്ങുമ്പോള്‍ പണിക്കര്‍ മാഷിന്റെ ഫോണ്‍ കാള്‍. അതുകഴിഞ്ഞ് മകളുടെ പ്രസവവിവരമറിയിച്ച് പെങ്ങളുടെ ഫോണ്‍. അഭിരാം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവനോടൊത്ത്, ശാന്തിനികേതനില്‍ പഠിച്ച ബറോഡയില്‍ താമസിക്കുന്ന പാലക്കാട്ടുകാരനായ ചിത്രകാരന്‍ മുഹമ്മദിന്റെ വീട്ടില്‍ ഞങ്ങള്‍ വിരുന്നിനു പോയി. വോഡ്കയില്‍ അലിഞ്ഞ ആ രാത്രിയുടെ വിഷയം നാരായണഗുരുവായിരുന്നു.



കികിയാരിയോ

"സംഘനൃത്തത്തിന്റെ സമയത്ത് ഇന്ത്യയിലെ ആദിവാസികള്‍ ഉണ്ടാക്കുന്ന ഒരു ശബ്ദത്തിന്റെ പേരാണ് കികിയാരിയോ.  അങ്ങേയറ്റം മൂര്‍ച്ചയുള്ള ഒരു ആശ്ചര്യശബ്ദം, നൃത്തത്തിനിടയില്‍ തീര്‍ത്തും അപ്രതീക്ഷമായ ഒരു സമയത്ത് പുറപ്പെടുവിക്കുന്നത്. നീണ്ടതും പ്രതിഷേധം കലര്‍ന്നതും ആഹ്ളാദം പ്രകാശിപ്പിക്കുന്നതും അതേസമയം വിഷാദഛായ നിഴലിക്കുന്നതും. പാതി മൃഗത്തിന്റേതെന്നും പാതി മനുഷ്യന്റേതെന്നും തോന്നുന്ന ശബ്ദം. ഉഛസ്ഥായിയില്‍ അഭൌമമായ ഒന്ന്. ആദിവാസികള്‍ക്കു മാത്രം പുറപ്പെടുവിക്കാന്‍ കഴിയുന്ന ശബ്ദം. ഗുജറാത്തിയില്‍ അതിനെ കികിയാരിയോ എന്നാണു പറയുന്നത്. ലോകത്തെ ആദിവാസികള്‍ മുഴുവന്‍ പല നിലയില്‍ വിഭജിക്കപ്പെട്ടതാണെങ്കിലും ഈ ശബ്ദത്തില്‍ അവര്‍ ഒന്നാണ്. അത് അവരുടെ അസ്തിത്വത്തിന്റെ ഏറ്റവും പൊതുവായ പ്രകാശസൂചികയത്രെ.......,'' ആദിവാസി ആക്ടിവിസ്റ്റും എഴുത്തുകാരിയും ധൈഷണികയുമായ ജി എന്‍ ദേവി എഴുതുന്നു, "ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞാനീ ശബ്ദം കേട്ടിട്ടുണ്ട്, അപ്പോഴെല്ലാം എനിക്ക് ഓര്‍മ്മ വരുന്നത് വില്ല്യം ബ്ളേക്കിന്റെ ഒരു കവിതാശകലമാണ്, 'വിറകൊള്ളുന്ന ആ രോദനം ഒരു ഗാനമാണോ? അതോ സന്തോഷത്തിന്റെ പാട്ടോ?,'' അവര്‍ തുടരുന്നു.
ജി എന്‍ ദേവി നേതൃത്വം നല്‍കുന്ന ഭാഷ എന്ന സംഘടനയുടെ, അകോട എന്ന സ്ഥലത്തെ ഗുജറാത്തില്‍ തന്നെ പ്രസിദ്ധമായ  ദിനേശ് മില്ലിന് ഏറെക്കുറെ സമീപമുള്ള, വിദൂരസ്ഥമായ ഓഫീസില്‍ ഞാനും ജിട്ടോയും കയറിച്ചെന്നു. അവന്‍ റിസര്‍ച്ച് ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് ദേവിയെ കാണാം എന്നു കരുതി ഞങ്ങള്‍ പുറപ്പെട്ടത്. ഏറെ ദൂരം വെയിലില്‍ നടന്നു തളര്‍ന്നു. അതിനിടെ വീണ്ടും ഖത്തറില്‍ നിന്ന് കോയമോന്റെ വിളി. മരുഭൂമിവിലെ ചുടുവെയിലില്‍ നിന്ന് ഗുജറാത്തിന്റെ മരുമ്പ്രദേശത്തേക്ക്. നാടുവിട്ടുപോയ എംഎഫ് ഹുസൈന്റെ ഖത്തറില്‍ നിന്ന് കെ ജി സുബ്രഹ്മണ്യനെ കാണാന്‍ ഗുജറാത്തിലെത്തിയ ഞാന്‍ അവനോട് എന്തു പറയേണ്ടൂ എന്നറിയാതെ വശം കെട്ടു. അള്ളാഹുവിനെയും റസൂലിനെയും പറ്റി ഞാനവനോട് ആവര്‍ത്തിച്ചു. അവിടെ തുടരാനായില്ലെങ്കില്‍ വിട്ടെറിഞ്ഞ് മടങ്ങിപ്പോന്നോളൂ എന്ന് ആഹ്വാനം ചെയ്തു. കുടുംബബാധ്യതകളുടെ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് അവന്‍ പറഞ്ഞപ്പോള്‍ കുടുംബത്തെയെല്ലാം മനസ്സില്‍ ഒരകലത്തില്‍ പ്രതിഷ്ഠിക്കുന്നതാണ് നല്ലത് എന്ന് ഉപദേശിച്ചു. നമ്മുടെ പാപത്തിന്റെ ശമ്പളം അവര്‍ അനുഭവിക്കില്ല എന്ന് വാല്‍മീകിയെയും ബൈബിളിനെയും ഓര്‍ത്ത് ഞാന്‍ പറഞ്ഞു. നടന്നു ക്ഷീണിച്ചു. വഴിയരികില്‍ കണ്ട ഒരു കോവിലിന്റെ ചാരെ സൂക്ഷിച്ച കുടിവെള്ളം എടുത്തുകുടിച്ചു. ഒടുവില്‍ വിദൂരസ്ഥമായ ആ ഫ്ളാറ്റ് സമുഛയത്തിലൊന്നില്‍ പ്രവര്‍ത്തിക്കുന്ന ഭാഷയില്‍ ഞങ്ങളെത്തി.
ആനന്ദ് വിഭജനങ്ങള്‍ എഴുതാനായി ഗുജറാത്തിനെയും ആദിവാസികളെയും കുറിച്ച് പഠിക്കാന്‍ ജി എന്‍ ദേവിയുടെ കൂടെ ഗുജറാത്തില്‍ കുറേ നാള്‍ ചെലവഴിച്ച കാര്യം ജിടോ പറഞ്ഞു. ആ കൊച്ചു സ്ഥാപനത്തില്‍ അവര്‍ പ്രസിദ്ധീകരിച്ച ഏതാനും പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദിവാസി സാഹിത്യം ശേഖരിച്ചു ചേര്‍ത്ത പുസ്തകങ്ങളിലൊന്ന് വാങ്ങി. ദേവി സ്ഥലത്തില്ല എന്നും പുസ്തകത്തില്‍ വിലാസം രേഖപ്പെടുത്തിയാല്‍ ബന്ധപ്പെടും എന്നും അവിടുത്തെ പ്രവര്‍ത്തകന്‍ പറഞ്ഞു. ഹൃദ്യമായ സ്വീകരണം. ചായ. ഏറെ നേരം അവിടെ ചെലവഴിച്ച് പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു. ദേവി എഴുതിയ പുസ്തകങ്ങളിലൊന്നിന്റെ പേര് കള്ളന്‍ എന്നു വിളിക്കുന്ന ഒരു നാടോടി-ആദിവാസി നിശബ്ദതയെക്കുറിച്ച്..എന്നായിരുന്നു. കറുത്ത ഒരു വിസിറ്റിങ് കാര്‍ഡ് അവിടെയുണ്ട്. അതില്‍ ഒരു ഭാഗത്ത് ഇങ്ങിനെ എഴുതിയിരിക്കുന്നു, ഇന്ത്യന്‍ സമൂഹം അവരെ ജന്മംകെണ്ടേ ക്രിമിനലുകള്‍ എന്നു വിളിച്ചു. അവര്‍ സ്വയം വിളിക്കുന്നത് അവര്‍ ജന്മംകെണ്ടേ നടന്മാരാണെന്നാണ്. അവര്‍ തിരിച്ചടിക്കുകയാണ്, പൊതുസമൂഹത്തിന്റെ ക്രൂരതക്കെതിരെ, വിവേചനത്തിനെതിരെ, ചരിത്രത്തിനെതിരെ. കാര്‍ഡിന്റെ മറുഭാഗത്ത് വലിയ അക്ഷരത്തില്‍ ഇങ്ങിനെ അപേക്ഷ, സര്‍, ദയവുചെയ്ത് എന്നെ തല്ലരുത്.
ആദിവാസികളോടും ദളിതുകളോടും മുസ്ലിംങ്ങളോടുമൊക്കെ നമ്മുടെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പൊലീസിന്റെയും സമീപനങ്ങള്‍ ഇന്ന് കൂടുതല്‍ കൂടുതല്‍ ഇതല്ലേ? കേരളത്തില്‍ മുത്തങ്ങയിലും കിള്ളിയിലും ബീമാപള്ളിയിലും പൊലീസ് കാണിച്ച അനീതികളും കൊള്ളരുതായ്മകളും മറ്റെന്താണ് കാണിക്കുന്നത്? ക്രിമിനലുകള്‍ എന്നും കള്ളന്മാര്‍ എന്നും ആദിവാസികളെയും മുസ്ലിംങ്ങളെയും ദളിതുകളെയും മുദ്രകുത്താന്‍ പ്രഖ്യാതരായ കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കള്‍ പോലും മടികാണിക്കാത്ത കാലം. അവരുടെ പേരില്‍ ആണയിടുന്ന രാഷ്ട്രീയം. പ്രഖ്യാതനായ കാഞ്ച ഇളയ്യക്കുപോലും മതേതര ജനാധിപത്യ ഇന്ത്യയില്‍ പീഡനത്തിനിരയാകേണ്ടി വന്നു.  ക്രിമിനലുകളും കള്ളന്മാരും തീവ്രവാദികളുമാക്കി അവര്‍ക്കെതിരെ നിയമം കൊണ്ടുവന്ന യൂറോപ്യന്‍ നിയമരൂപീകരണ ചരിത്രമാണല്ലോ  മാര്‍ക്സ് മൂലധനത്തിലെ  അധ്യായങ്ങളിലൊന്നില്‍ പറയുന്നത്.  നമ്മുടെ മാര്‍ക്സിസ്റ്റുകള്‍ എന്നാണ് മാര്‍ക്സിനെ വായിക്കുക? അതോ മാര്‍ക്സ് ഒരു തീവ്രവാദിയാണെന്നു വരുമോ?

സുരേന്ദ്രനഗറിലെ സുഹൃത്ത്

വൈകീട്ട് കാമ്പസില്‍ എത്തിയപ്പോള്‍ അഭിരാം അവിടെയുണ്ടായിരുന്നു. കാന്റീനില്‍ വെച്ച് ഞാനവനോടു ചോദിച്ചു, ഇവിടെ നല്ല ചരസ് കിട്ടുന്നതെവിടെയാണ്? അവന്‍ പറഞ്ഞു, ഞാനൊരാളെ പരിചയപ്പെടുത്താം, ചിത്രകാരനായ എന്റെ സുഹൃത്താണ്. ചരസ് ഇവിടെ മായം ചേര്‍ന്നതാണ്, ഖഞ്ചാവാണ് നല്ലത്. ഞാനും ഗുലാംഷേഖിന്റെ നാടായ സുരേന്ദ്രനഗറില്‍ നിന്നുള്ള സഞ്ജയ് പ്രജാപതിയും അവന്റെ പൊട്ടിത്തകര്‍ന്ന സ്കൂട്ടറില്‍,  ഓള്‍ഡ് സിറ്റിയിലെ വളരെ അപകടകരം എന്നു അവന്‍ വിശേഷിപ്പിച്ച ഒരു ചേരിപ്രദേശത്തേക്കു പോയി. മുസ്ലിംങ്ങള്‍ പാര്‍ക്കുന്ന സ്ഥലമാണത്. അവിടെ ഒരിടത്ത് എന്നെയാക്കി അവന്‍ മറ്റൊരു ഗലിയിലേക്കു മരിജുവാനക്കായി പോയി. ഞാന്‍ ചുറ്റുമുള്ള മാലിന്യക്കൂമ്പാരത്തിലേക്കും ജനങ്ങളുടെ വാസകേന്ദ്രത്തിലേക്കും വിളറിയ ചന്ദ്രന്‍ നില്‍ക്കുന്ന വൈകുന്നേരത്തെ ആകാശത്തേക്കും മിഴി പായിച്ച് നിന്നു. തിരിച്ച് കാമ്പസില്‍ വന്ന്, സുബ്രഹ്ണ്യന്റെ ഈജിപ്ഷ്യന്‍ നഷ്ടാവശിഷ്ടങ്ങളെ ഓര്‍മ്മിക്കുന്ന മ്യൂറലിന്റെ പിന്നില്‍ അവന്‍ ഒളിപ്പിച്ചു വെച്ച മണ്‍ചിലം എടുത്ത് കാമ്പസിന്റെ ഒരു വശത്ത് പോയി, അവന്‍ മരിജുവാന മേക്കിങ്ങ് ആരംഭിച്ചു. നല്ലയളവില്‍ സാധനം കയ്യില്‍ എടുത്ത് തിരുമ്മി നനച്ച് പുകയില ചേര്‍ത്ത് ചിലത്തിന്റെ വായിലിട്ട് കത്തിച്ചു. ദീര്‍ഘമായി പുകയെടുത്തു. പണ്ട് ഹിമാലയ സഞ്ചാരത്തിലാണ് ചിലത്തില്‍ സന്യാസിമാര്‍ ചരസ് പുകയ്ക്കുന്നതു കണ്ടത്. ചിലത്തിന്റെ ആകൃതി അത്രത്തോളം മനോഹരമല്ലെങ്കിലും ആ നീണ്ട മണ്‍ചിലം വായില്‍ ചേര്‍ത്ത് ഭൂമിയേയും ആകാശത്തേയും നമിച്ച് ഞാനും ഒരു നീണ്ട പുകയെടുത്തു. ശുഭം....







No comments:

Post a Comment