Friday, September 7, 2012



അധിനിവേശം, കലാപം, വൈദ്യം

-മോയിന്‍ കുട്ടി വൈദ്യര്‍ അനുസ്മരണ പ്രഭാഷണത്തിന് കൊണ്ടോട്ടിയില്‍ എത്തുന്നതിനു മുന്നോടിയായി പണിക്കര്‍ അനുവദിച്ച അഭിമുഖം-ഷാനവാസ്

മലബാര്‍ കലാപത്തിന്റെ ചരിത്രകാരന്‍ ആണല്ലോ താങ്കള്‍. മോയിന്‍കുട്ടി വൈദ്യരുടെ കൃതികളില്‍ ആ ചരിത്രം എങ്ങിനെയാണ് പ്രതിഫലിക്കുന്നത്?

ബ്രിട്ടീഷ് ‘ഭരണത്തിനെതിരെയും അന്നത്തെ ജന്മിവാഴ്ചക്കെതിരെയും ജനങ്ങളുടെ അവബോധം രൂപീകരിക്കുന്നതില്‍ അക്കാലത്തെ മതനേതാക്കള്‍ എന്ന പോലെ സര്‍ഗാത്മക മേഖലയില്‍ പ്രവര്‍ത്തിച്ചവരും വലിയ പങ്കു വഹിച്ചു. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു മോയിന്‍കുട്ടി വൈദ്യര്‍. അദ്ദേഹത്തിന്റെ “മലപ്പുറം പടപ്പാട്ട്’ ഇതിന് ഉത്തമോദാഹരണമാണ്. കലാപങ്ങളിലൊന്നില്‍ കൊല്ലപ്പെട്ട കലാപാരികളുടെ മടിക്കുത്തില്‍ മലപ്പറും പടപ്പാട്ടിന്റെ കോപ്പികള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകള്‍ പറയുന്നു. കലാപകാരികള്‍ തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന മുദ്രാവാക്യങ്ങള്‍ എന്നവണ്ണം ഈ കവിതകള്‍ ഉപയോഗിച്ചു എന്നതിന്റെ സൂചനയാണിത്. ഇത്തരം കവിതകളിലൂടെയും പാട്ടുകളിലൂടെയുമായിരുന്നു തെക്കേ മലബാറില്‍ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ അനീതിക്കെതിരെ പോരാടാനുള്ള ജനങ്ങളുടെ കഴിവ് വികസിച്ചുവന്നതിന്റെ ഒരു വശം. 

വൈദ്യരുടെ കവിതയുടെ ‘ഭാഷ അറബി, പേര്‍ഷ്യന്‍, തമിഴ്, നാടന്‍ മലയാളം എന്നിവയുടെയെല്ലാം സങ്കരമായിരുന്നു. ഈ സവിശേഷ ‘ഭാഷാ ശൈലി എന്താണു സൂചിപ്പിക്കുന്നത്?

വ്യത്യസ്തമായ പല സംസ്കാരങ്ങളുടെ സംഗമമാണ് മാപ്പിളമാരുടെ ജീവിതം. പല ആശയവിനിമയ മേഖലകളും അക്കാലത്തെ മാപ്പിളമാരുടെ അവബോധരൂപീകരണത്തിനു സഹായിച്ചിട്ടുണ്ട്. വൈദ്യരുടെ ‘ഭാഷ നല്‍കുന്ന ഒരു സൂചന അതാണ്. മുഖ്യധാരാ സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പല സവിശേഷതകളും വൈദ്യരുടെയും മറ്റും കൃതികളില്‍ കാണാം. എന്നാല്‍ വൈദ്യര്‍ പ്രതിനിധാനം ചെയ്ത സങ്കര സംസ്കാരത്തിന്റേതായ പലതും പില്‍ക്കാലത്ത് മാപ്പിള സമൂഹത്തിന് നഷ്ടമായിട്ടുണ്ട് എന്നു വേണം കരുതാന്‍. 

ഇന്നത്തെ മുസ്ലിം ജനവിഭാഗങ്ങളുടെ സ്വത്വം മാപ്പിള പാരമ്പര്യത്തില്‍ ഊന്നി നില്‍ക്കുമ്പോള്‍ തന്നെ, ഒരു പാന്‍ ഇസ്ളാമിക സംസ്കാരം സ്വാംശീകരിക്കാനുള്ള പ്രവണത  മധ്യവര്‍ഗത്തിനിടയില്‍ ശക്തമാണ്. ഇതിനെ എങ്ങിനെ കാണുന്നു?

തൊള്ളായിരത്തി ഇരുപത്തിഒന്നിനു ശേഷം ക്രമേണ സംഭവിച്ച ഒരു പരിണാമമാണിത്. അതിനു മുമ്പുള്ള മാപ്പിളമാരുടെ നേതൃത്വം മതപുരോഹിതന്മാര്‍ ഏറ്റെടുത്തിരുന്നു എങ്കില്‍കൂടി, ആ നേതാക്കളുടെ ജനകീയമായ ബന്ധം നേരത്തെപ്പറഞ്ഞതു പോലെ ശക്തമായിരുന്നു, ശ്രദ്ധേയമായിരുന്നു. സങ്കരമായ ഒരു സംസ്കാരമായിരുന്നു അവര്‍ ഉള്‍ക്കൊണ്ടിരുന്നത്. അതു പിന്നീട് നഷ്ടമായി. മലബാര്‍ കലാപത്തിലെ നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പുതിയ തലമുറയിലെ നേതാക്കള്‍ തയ്യാറാകണം. പാരമ്പര്യത്തില്‍  ഉറച്ചുപോകാതെ മാപ്പിളമാരെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം. അതോടൊപ്പം വളര്‍ന്നു വരുന്ന മതമൌലികവാദ രാഷ്ട്രീയത്തില്‍ നിന്ന് സമൂഹത്തെ രക്ഷിച്ചു നിര്‍ത്തുകയും വേണം. 
മലബാര്‍ കലാപങ്ങളുടെ നേതൃത്വം മതപരമായിരുന്നു. എന്നാല്‍അവര്‍ക്ക് അക്കാലത്തെ സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും അവരുടെ നേതൃത്വമായി ഉയരാനും കഴിഞ്ഞു. ഇപ്രകാരമുള്ള ഒരു പരിതസ്ഥിതി നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണ് സര്‍ഗ്ഗാത്മക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍. മാപ്പിള ലഹളകളുടെ പ്രധാനപ്പെട്ട ഒരു വശമായിരുന്നു ഇത്. അക്കാലത്തെ മാപ്പിള കവികള്‍ രചിച്ച പാട്ടുകള്‍ അങ്ങനെ സൌന്ദര്യാസ്വാദനത്തോടൊപ്പം പോരാടാനുള്ള പ്രചോദനത്തിന്റെ പ്രധാനപ്പെട്ട സ്രോതസ്സായിത്തീര്‍ന്നു. അങ്ങിനെ വളരെ പരുക്കനായ നിലയിലെങ്കിലും അധിനിവേശത്തിനെതിരായ അവബോധത്തിന്റെ തലങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സര്‍ഗ്ഗാത്മക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍  വലിയ പങ്കു വഹിച്ചു. അക്കാലത്തെ മതനേതാക്കള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുമായും ആശയവിനിമയം സാധ്യമായിരുന്നു. മമ്പുറം തങ്ങള്‍ തന്നെ വലിയ ഉദാഹരണം.    
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തി ഒന്നിനു ശേഷം സംഭവിച്ച വിപര്യയം ഇത്തരമൊരു ആശയവിനിമയത്തിനും, ബഹുമുഖമായ നേതൃത്വത്തിനും പുതിയ സമുദായ നേതാക്കള്‍ക്ക് കഴിയാതെ പോകുന്നു എന്നതാണ്. ഈ ഭാഗധേയം അവര്‍ക്ക് പില്‍ക്കാലത്ത് നഷ്ടപ്പെട്ടത് എങ്ങിനെ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മാപ്പിള എന്നറിയപ്പെട്ട ഒരു പ്രാദേശിക സംസ്കൃതി പിന്നീട് മതസ്വത്വബോധത്തിലേക്ക് വഴിമാറുന്നത് കാണാം. മാപ്പിള എന്നതിനു പകരം മുസ്ലിം എന്ന് ഉപയോഗിക്കാന്‍ തുടങ്ങുന്ന ഒരു മാറ്റം. പില്‍ക്കാലത്ത് ഇത് മത ഫണ്ടമെന്റലിസത്തിലേക്കും വഴിമാറുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ ആധുനിക കാലത്തെ മുസ്ലിം സമൂഹത്തിന്റെ ഭാവിയെ താങ്കളിലെ ചരിത്രകാരന്‍ എങ്ങനെ വിഭാവനം ചെയ്യുന്നു—?

ജനകീയ സമരങ്ങളിലൂടെ നീതിക്കുവേണ്ടി പോരാടുന്ന ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരികയാണു വേണ്ടത്. അതിനായി മറ്റു ജനസമൂഹങ്ങളുമായി സംവാദവും സഹകരണവും ഐക്യവും വളര്‍ത്തിക്കൊണ്ടുവരണം. മാപ്പിളമാരുടെ ‘ഭാവി മതേതരത്വ രാഷ്ട്രീയവുമായി അവരുടെ ബന്ധത്തെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. സമൂഹത്തിന്റെ ഉല്‍പാദനശേഷി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ പിന്നോക്കസ്ഥിതി പരിഹരിക്കണം. തൊഴില്‍ മേഖലയില്‍ നാലു ശതമാനം പ്രാതിനിധ്യമേ അവര്‍ക്കുള്ളൂ. പുരുഷ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും അവര്‍ വലിയ തോതില്‍ പുറത്തു കടക്കേണ്ടതുണ്ട്. പൊതുമണ്ഡലത്തിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവ് ഉറപ്പുവരുത്തണം. ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ്— മുസ്ലിംങ്ങള്‍ ഒരു ആധുനിക സമൂഹമായി പരിവര്‍ത്തിക്കപ്പെടുക.

മലബാര്‍ കലാപത്തെ, പ്രത്യേകിച്ചും തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ കലാപം അടിച്ചമര്‍ത്തപ്പെടുകയും  ശരിയായ നേതൃത്വത്തിന്റെ അഭാവത്തില്‍ അത് വര്‍ഗീയ കലാപത്തിലേക്കും നീങ്ങാന്‍ ഇടയായപ്പോള്‍, കലാപത്തിന്റെ മുറിവുകള്‍ ഉണക്കുവാനും, ഒരു ഷോക്ക് അബ്സോര്‍ബര്‍ എന്നവണ്ണം പ്രവര്‍ത്തിക്കാനും കഴിഞ്ഞ രണ്ടു പ്രദേശങ്ങള്‍ ആണ് കൊണ്ടോട്ടിയും കോട്ടക്കലും. കൊണ്ടോട്ടിയിലെ നാടുവാഴി ആയിരുന്ന തങ്ങള്‍ കുടുംബം ബ്രിട്ടീഷുകാരെ അനുകൂലിച്ചിരുന്നു എന്നതിനാല്‍, അവിടെ കലാപം അടിച്ചമര്‍ത്തിയപ്പോള്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ക്ക് കൊണ്ടോട്ടി തങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല നടത്തിയിരുന്ന പി എസ് വാര്യരും അഭയം നല്‍കുകയുണ്ടായി....

കൊണ്ടോട്ടിയുടെ കാര്യം ഞാന്‍ വേണ്ടത്ര പഠിച്ചിട്ടില്ല. കോട്ടക്കല്‍ അത്തരമൊരു കേന്ദ്രമായി വര്‍ത്തിച്ചിരുന്നു. അന്നത്തെ സാമൂഹ്യ ബന്ധങ്ങള്‍ എത്രമാത്രം ശക്തമായിരുന്നു എന്നു കാണിക്കുന്നതാണ് കോട്ടക്കലില്‍ പി എസ് വാര്യര്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുകയും കലാപകാരികളോട് സൌഹാര്‍ദ്ദപൂര്‍വ്വം സമീപിക്കുകയും ചെയ്ത സംഭവങ്ങള്‍. 

ഒരു പക്ഷേ, മലബാര്‍ കലാപം കത്തിനിന്ന കാലഘട്ടത്തില്‍ തന്നെയാണ് കോട്ടക്കലില്‍ പി എസ് വാര്യരുടെ വൈദ്യപ്രസ്ഥാനം ആരംഭിക്കുന്നത്. മാപ്പിള കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കാര്‍ഷിക പോരാട്ടം നടത്തിയ പോലെ വാര്യര്‍ ഇംഗ്ളീഷ് വൈദ്യത്തോട് പോരാടിക്കൊണ്ട്, ഒരു സ്വദേശി വൈദ്യപ്രസ്ഥാനം ആരംഭിക്കുകയായിരുന്നു. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ രണ്ടു മുഖങ്ങള്‍, പരസ്പരം ബന്ധപ്പെട്ട രണ്ടു മുഖങ്ങള്‍ എന്ന നിലയില്‍ ഇതിനെ ബന്ധിപ്പിച്ചു മനസ്സിലാക്കേണ്ടതാണ് എന്നു തോന്നുന്നു. 

കൊളോണിയല്‍ സമ്പ്രദായത്തിനോടുള്ള ഒരു ബദല്‍ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇവ രണ്ടും. ഒരു ബദല്‍ ആധുനികതക്കു വേണ്ടിയുള്ള അന്വേഷണം. അല്ലെങ്കില്‍ അധിനിവേശ ആധുനികതക്കു ബദല്‍ തേടാനുള്ള ശ്രമങ്ങള്‍. പി എസ് വാര്യരുടെ അന്വേഷണം ആ നിലയ്ക്ക് വലിയൊരു ശ്രമമായിരുന്നു. പാശ്ചാത്യാധിനിവേശത്തെ തിരസ്കരിച്ചുകൊണ്ട് സ്വന്തം പാരമ്പര്യത്തില്‍ നിന്ന് ഒരു ബദല്‍ തേടാനുള്ള ശ്രമം. അങ്ങനെ കോട്ടക്കലിനു പല വിധത്തിലുള്ള പ്രാധാന്യമുണ്ടെന്നു കാണാം. വാര്യരുടെ ഇടപെടല്‍ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയമായ പ്രതികരണം കൂടിയായിരുന്നു. ഷൊര്‍ണൂര്‍ നാരായണന്‍ നായര്‍ ആയുര്‍വേദത്തിന്റെ ശക്തിയെ മുന്‍നിര്‍ത്തി കൊളോണിയല്‍ ഭരണകര്‍ത്താക്കളുമായി ഏറ്റുമുട്ടല്‍ നടത്തിയയാളാണ്. തദ്ദേശീയ വൈദ്യരംഗത്തോടുള്ള കൊളോണിയല്‍ ഭരണകൂടത്തിന്റെ അവഗണനയോടുള്ള പ്രതികരണങ്ങളും ഇക്കാലത്തു കാണാം. അഖിലേന്ത്യാ തലത്തില്‍ ഇതിനെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബോംബെ പ്രസിഡന്‍സിയില്‍ ഇത്തരം സംരഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാര്യര്‍ പാശ്ചാത്യ സമ്പ്രദായത്തോടും ഇംഗ്ളീഷ് വൈദ്യത്തോടും ഏറ്റുമുട്ടിയത് പാശ്ചാത്യ സമ്പ്രദായത്തിലെ തന്നെ പലതും സ്വംശീകരിച്ചുകൊണ്ടാണ്. ആയുര്‍വേദ രംഗത്ത് സ്ഥാപനവല്‍ക്കരണം സാധ്യമാക്കി അദ്ദേഹം. പാഠശാല സ്ഥാപിച്ചു. വൈദ്യ പഠനത്തിന് കരിക്കുലവും സിലബസും കൊണ്ടുവന്നു. അക്കാലത്ത് ഈ രംഗത്തെക്കുറിച്ചെല്ലാം വലിയ ചര്‍ച്ച നടക്കുന്നതായി കാണാം. ആധുനികതയെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട ചര്‍ച്ചകളായിയിരുന്നു ഇതെല്ലാം എന്നാണു ഞാന്‍ കരുതുന്നത്.  പ്രാദേശികമായ വിജ്ഞാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അങ്ങനെ ഒരു ഡൊമെസ്റ്റിക് മെഡിസില്‍ രൂപപ്പെട്ടു. സാധാരണക്കാര്‍ക്കു പോലും വൈദ്യത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുന്ന സംരംഭങ്ങള്‍ നടന്നു. അങ്ങിനെ ഔഷധത്തെക്കുറിച്ച് അറിവ് ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു. സാധാരണക്കാര്‍ക്കു പോലും ചികിത്സ ഏറ്റെടുക്കാനായി എന്നത് ചെറിയ കാര്യമല്ല. അതിലൂടെ തദ്ദേശീയമായ വൈദ്യപാരമ്പര്യം നഷ്ടപ്പെടാതെ നിലനിര്‍ത്താനായി എന്ന പ്രാധാന്യവുമുണ്ട്. വൈദ്യന്മാര്‍ ഇല്ലാതെത്തന്നെ വൈദ്യപാരമ്പര്യം നിലനില്‍ക്കുന്ന സ്ഥിതിവിശേഷം ഇതു സ്യഷ്ടിച്ചു. ഇതു ചെറിയ കാര്യമല്ല. മ്യതപ്രായമാകാന്‍ ഇടമുള്ള വിജ്ഞാനത്തെ ജനാധിപത്യവല്‍ക്കരണത്തിലൂടെ സംരക്ഷിക്കപ്പെടുന്ന ഒരു സമ്പ്രദായം. ഇതിനുവേണ്ടി വാര്യരും മറ്റുള്ളവരും നടത്തിയ പ്രവര്‍ത്തനം കേരളത്തിലെ വളരെ വിലമതിക്കേണ്ട ഒരു ബൌദ്ധിക പ്രവര്‍ത്തനമാണ്. അങ്ങനെ കോട്ടക്കല്‍ പ്രസ്ഥാനം വൈദ്യമേഖലയില്‍ മാത്രമല്ല, രാഷ്ട്രീയ സാംസ്കാരി മേഖലയിലാകെ അധിനിവേശ വിരുദ്ധമായ ചെറുത്തു നില്‍പ്പിന്റെ ബഹുമുഖമായ തലങ്ങളാണു സ്യഷ്ടിച്ചത്. 
മാപ്പിളമാര്‍ തങ്ങളുടെ നിത്യജീവിതം കൊണ്ടും അവരുടെ വിശ്വാസതലങ്ങളെ പ്രത്യയശാസ്ത്രമാക്കി ഉപയോഗിച്ചും ബ്രിട്ടീഷ് കൊളോണിയലിസത്തെ നേരിട്ട് സ്വന്തം പാരമ്പര്യം സ്യഷ്ടിച്ചുവെങ്കില്‍, വൈദ്യരംഗത്ത് സമാനമായ പ്രവര്‍ത്തനം തന്നെയാണ് വാര്യരും മറ്റും ചെയ്തത്് എന്നു കാണാം. അതുകൊണ്ടു തന്നെയാവണം ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടം നടത്തിയ മാപ്പിളമാര്‍ക്ക് തുണയും തണലുമാകുംവിധം വിധം വാര്യര്‍ക്ക് ചില ഘട്ടത്തില്‍ ഇടപെടാന്‍ കഴിഞ്ഞത്. മതനിരപേക്ഷതയുടെ വലിയ പാരമ്പര്യമാണ് ഇതിലൂടെ സ്യഷ്ടിക്കപ്പെട്ടത്. അങ്ങനെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ രണ്ടു മുഖങ്ങള്‍ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. 

No comments:

Post a Comment