Friday, September 7, 2012



പെരുവള്ളൂരിന്റെ ഇന്നലെകള്‍

എഴുപതുകളുടെ അവസാനം. നാലാമന്റെ സഹായികളായി  ഇസ്ളാമിക മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടോട്ടിയില്‍ കുടിയേറിയവരാണ് ഞങ്ങളുടെ കുടുംബം.  പള്ളിയുടെ കാര്യങ്ങള്‍ നോക്കി പള്ളിപ്പറമ്പിന്റെ ചാരത്തു തന്നെ വസിച്ചതിനാല്‍ പള്ളിപ്പറമ്പന്‍ എന്ന മേല്‍വിലാസവും ലഭിച്ചു. ഉപ്പയുടെ തറവവാടു വീട് അദ്ദേഹത്തിന്റെ പെങ്ങള്‍ക്കാണ് ലഭിച്ചത്. ഏകദേശം 500 വര്‍ഷത്തോളം പഴക്കമുള്ള കൊണ്ടോട്ടി പഴയങ്ങാടി തെരുവിലെ തോടിന്‍ കരയിലെ ആ വീട്ടില്‍ പള്ളിപ്പറമ്പന്‍ ആയിഷയുടെ മകനായാണ് നമ്മുടെ കഥാനായകന്റെ ജനനം. ഞങ്ങള്‍ സൈനുദ്ദീന്‍ കുഞ്ഞാക്ക എന്നു വിളിക്കാറുള്ള സാക്ഷാല്‍ സൈനുദ്ദീന്‍. ലക്ഷ്വറി തൊയ്യിബ്ബയുടെ  കമ്മാന്‍ഡര്‍ എന്ന പേരില്‍ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്ന സൈനുദ്ദീന്‍ ഇന്ന് അറിയപ്പെടുന്നത് സത്താര്‍ ഭായ് എന്ന പേരിലാണ്. അതിസവിശേഷമായ ബുദ്ധിശക്തിയും സൂക്ഷ്മമായ വിശകലന പാടവവും കൊണ്ട് കുടുംബത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു സൈനുദ്ദീന്‍.  60-70കളിലെ ആധുനികതയുടെ വസന്തകാലത്താണ് സൈനുദ്ദീന്റെ തലമുറ താരുണ്യവും യൌവ്വനവും കഴിച്ചു കൂട്ടിയത് . ആ തലമുറയിലെ എല്ലാതരം വിക്ഷുബ്ധതകളും ആവാഹിച്ച ആളായിരുന്നു അദ്ദേഹം.  അടിസ്ഥാന വിദ്യാഭ്യാസം കാര്യമായില്ലെങ്കിലും സ്വന്തം കര്‍മ്മ കുശലത കൊണ്ട് എല്ലാം അറിയുവാനും പഠിക്കാനുമുള്ള സൂക്ഷ്മത അദ്ദേഹത്തിനുണ്ടായിരുന്നു. സൈനുദ്ദീന്റെ ഉമ്മ ആയിഷ അമ്മായി  ചിരവമുട്ടി എന്നു വിശേഷിപ്പിക്കാറുള്ള ഗിറ്റാറിന്റെ കാമുകനായി    സൈനുദ്ദീന്‍ മാറിയത് എങ്ങിനെ എന്നറിയില്ല. 60കളിലെയും 70കളിലെയും പാശ്ചാത്യ റോക്ക് ്ആന്റ് റോള്‍ സംഗീതത്തിന്റെയും ഹിപ്പി പാരമ്പര്യത്തിന്റെയും എല്ലാ അംശങ്ങളും സൈനുദ്ദീനില്‍ സമ്മേളിച്ചിരുന്നു.  സൈനുദ്ദീനെ അന്വേഷിച്ചാല്‍ ആ കാലത്ത് ആയിഷ അമ്മായി പറയുക  ഓന്‍, ഓന്റെ ചിരമുട്ടീം എടുത്ത് ഇവിടുന്ന് പോയതാ എന്നാണ്.  സൈനുദ്ദീന്‍ അക്കാലത്തെ ഓര്‍ക്കസ്ട്രകളിലെ ലീഡിങ്ങ് ഗിറ്റാറിസ്റായിരുന്നു.  കോഴിക്കോട്ടെ  കാബറെ നൃത്തരാവുകള്‍ക്ക് ഗിറ്റാര്‍ മീട്ടാന്‍ സൈനുദ്ദീന് ജോലി തരപ്പെടുകയും ചെയ്ത്താണത്രെ. കാലിക്കറ്റ് ടവറിന്റെ അന്നത്തെ  യൌവ്വനത്തിന്റെ കൂടിക്കാഴ്ചകള്‍ക്ക് തന്ത്രികള്‍ മീട്ടിയത് സൈനുദ്ദീന്റെ ഗിറ്റാറായിരുന്നു എന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. യേശുദാസിന്റെ ഓര്‍ക്കസ്ട്രകളില്‍ ഗിറ്റാര്‍ വായിച്ച് അനുഭവമുള്ള ജോയിക്കും മറ്റും സൈനുദ്ദീന്റെ ആ കാലത്തെകുറിച്ച് ഇന്ന് ഓര്‍ത്തെടുക്കാനാകും. അമേരിക്കന്‍ ഹിപ്പി ഗായകന്‍ ജിം മോറിസന്റെയും ബ്രിട്ടീഷ് സൈക്കഡലി സംഗീത ബാന്റായ പിങ്ക് ഫ്ളോയിഡിന്റെയും റോക്ക് ആന്റ് റോള്‍ ഗിറ്റാര്‍ സൈനുദ്ദീന്റെ വിരലുകള്‍ക്ക് മന:പാഠമായിരുന്നിരിക്കണം. സ്വന്തം ജീവിതത്തെ പരീക്ഷണോന്മുഖമാക്കാന്‍ എന്നും  അതിസാഹസികത കാണിച്ചിരുന്നു അയാള്‍. ഗിറ്റാറിനോടൊപ്പം റേഡിയോ മെക്കാനിസവും സൈനുദ്ദീന്റെ ദൌര്‍ബല്യമായിരുന്നു.  നൂതനമായ സാങ്കേതിക വിദ്യകള്‍ സ്വയം പഠിച്ചെടുക്കുവാന്‍ രാത്രി നീളെ ഉറക്കമൊഴിച്ചു പ്രവൃത്തിക്കുവാന്‍ ഊണോ വിശ്രമമോ സൈനുദ്ദീന് ആവശ്യമില്ലായിരുന്നു. താന്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. റേഡിയോ മെക്കാനിസം കുടുംബാംഗങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുവാന്‍ എപ്പോഴും ശ്രമിച്ചു. പ്രത്യേകിച്ചും  കുടുംബത്തില്‍ ദരിദ്രരായവര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടും വിധവയായും വീട്ടില്‍ തനിച്ചാവുന്ന സഹോദരി ബന്ധങ്ങള്‍ എന്നിവര്‍ക്ക് സൈനുദ്ദീന്‍  എന്നും തുണയായിരുന്നു. പരിത്യക്തയായ കുടുംബത്തിലെ സ്ത്രീകള്‍ അഭയവും  അന്നത്തിനുള്ള വഴിയും അന്വേഷിച്ചെത്തിയിരുന്നത് സൈനുദ്ദീന്റെ അരികിലായിരുന്നു. കടുത്ത ആസ്തമാ രോഗിയായിരുന്ന സൈനുദ്ദീന്‍ ചികിത്സയിലും ജീവിതത്തിലും താന്‍ പരീക്ഷിക്കുന്നതൊക്കെ മറ്റുള്ളവര്‍ക്കും നല്‍കിപ്പോന്നു. ആസ്തമാ രോഗത്തിന്റെ ചികിത്സക്ക് പലതും പരീക്ഷിച്ച സൈനുദ്ദീന്‍ ഒടുവില്‍ വെജിറ്റേറിയനിസത്തിന്റെയും പ്രകൃതി ചികിത്സയുടെയും വക്താവായി. എന്നും രോഗാതുരത വേട്ടയാടിയ അദ്ദേഹം  ആയിടക്കാണ്  സൂഫി തത്വചിന്തയില്‍ ആകൃഷ്ടനായത്. പ്രദേശത്തെ സൂഫി  ധാരകളുമായുള്ള ബന്ധത്തിലൂടെ ഇസ്ളാമിക ചിന്തയിലെ അദ്വൈതമെന്നും ശങ്കരാചാര്യ ദര്‍ശനമെന്നും വിശേഷണമുള്ള സൂഫിസം സൈനുദ്ദീന്റെ തലക്കു പിടിച്ചതോടെ കുടുംബത്തിലുള്ളവരുമായി സദാ സൂഫി ചിന്തയും  ഇസ്ളാമിക ദര്‍ശനവും പ്രചരിപ്പിക്കല്‍ തന്റെ ദൌത്യമായി സൈനുദ്ദീന്‍ കണ്ടു. ഞാനും നീയും എന്ന ദ്വന്ത ചിന്തയില്‍ നിന്ന് അഭേദമായി ദൈവത്തിന്റെ അസ്തിത്വത്തെ സ്ഥാപിച്ചെടുക്കാനുള്ള നിരവധി വാഗ്വാദങ്ങള്‍ സ്വന്തം വീട്ടില്‍ വെച്ചും മറ്റിടത്തും ഈ ലേഖകന് സാക്ഷിയാകേണ്ടി വന്നു . അതിലൊന്ന് അന്ന് പ്രദേശത്തെ പ്രധാന യുക്തിവാദിയും നാടക കലാകാരനുമായിരുന്ന ഇന്നത്തെ തിരക്കഥാകൃത്ത്  ടി.എ. റസാക്കുമായുണ്ടായ ചര്‍ച്ചകളാണ്. തന്റെ ദര്‍ശനത്തിന്റെ പല രഹസ്യ കലവറകളേയും ഉരുക്കഴിക്കുന്ന സൈനുദ്ദീന്റെ ഭാഷണനിര്‍ജ്ജരിക്കു മുന്നില്‍ റസാക്ക് ധാരാളം വെള്ളം കുടിക്കുമായിരുന്നു. സൈനുദ്ദീനാകട്ടെ പച്ചവെള്ളം പോലും കഴിക്കാതെ മണിക്കൂറുകള്‍ തന്റെ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കും. ആ വാക് തര്‍ക്കങ്ങള്‍  വീടുകൂടിച്ചേരലിലെ  ഒരു പതിവായിരുന്നു. 
കുട്ടിക്കാലം  തൊട്ടേ സൈനുദ്ദീന്‍ ഈ ലേഖകന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധാലുവായിരുന്നു.  റേഡിയോ ഡയാഗ്രങ്ങള്‍  വരച്ചു പഠിപ്പിക്കാനും ശാസ്ത്രത്തിലുള്ള എന്റെ ബാല കൌതുകങ്ങളെ ഉണര്‍ത്താനും അതിനു വേണ്ട വിവരങ്ങള്‍ നല്‍കുവാനും കുട്ടിയാണെന്നു പരിഗണിക്കാതെ തത്വചിന്ത ചര്‍ച്ച ചെയ്യാനും സൈനുദ്ദീന്‍ സമയം കണ്ടെത്തിയിരുന്നു. അക്കാലത്ത് ഗള്‍ഫില്‍ ഓട്ടോ മെക്കാനിക്കായി പോയ സൈനുദ്ദീന് പലപ്പോഴും വലിയ ജോലി സാധ്യതകള്‍ മുന്നില്‍ വന്നു വീണിട്ടും തന്റെ കഠിനമായ ആസ്തമ കൊണ്ട്  അവിടെ തുടരുവാനാവാതെ തിരികെ പോരേണ്ടി വന്നു.  വിമാനത്തിന്റെ  കോക്ക്പിറ്റിനടുത്ത് ഇരുന്നപ്പോള്‍  എന്നെ ഓര്‍ത്തു എന്നു പറഞ്ഞ് എന്നിലെ ശാസ്ത്ര കൌതുകങ്ങളെ തട്ടിയുണര്‍ത്തിയായിരുന്നു സൈനുദ്ദീന്റെ അന്നത്തെ ചര്‍ച്ച. നാട്ടില്‍ റേഡിയോ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന കാലത്തൊക്കെ എനിക്ക് ശാസ്ത്ര മേളയില്‍  അവതരിപ്പിക്കുവാന്‍  ആശയവും പ്രോജക്ടും നല്‍കുക കുഞ്ഞാക്കയായിരുന്നു. കള്ളന്മാരെ പിടിക്കാനുള്ള ലേസര്‍ രശ്മികളെ കൊണ്ടുള്ള യന്ത്രം, സ്വകാര്യ റേഡിയോ പ്രക്ഷേപണ നിലയം തുടങ്ങിയവയെല്ലാം അങ്ങനെ സൈനുദ്ദീന്‍ കുഞ്ഞാക്കയുടെ തലച്ചോറിലെ സാങ്കേതിക വിദ്യയില്‍ വിരിഞ്ഞിട്ടുണ്ട്.  അവസാനമായി ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത് വീട്ടിലെ ഒരു സംഭാഷണത്തിലാണ്. ചര്‍ച്ചക്ക് നടുവില്‍ എന്നോടു ചോദിച്ചു  നമ്മുടെ  ചലനങ്ങള്‍ എന്തുകൊണ്ടാണ്? എന്താണ് നമ്മള്‍ കൈകാലുകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ചലിപ്പിക്കുന്നതിന്റെ പ്രേരണ? എനിക്കുത്തരമുണ്ടായില്ല. അദ്ദേഹം പറഞ്ഞു, അശാന്തിയാണ് ആ പ്രേരണ, അസ്വാസ്ഥ്യവും അശാന്തിയും ഉണ്ടാകുമ്പോഴാണ് ചലനങ്ങള്‍ . ശരിയല്ലേ? ഏറെ മുന്‍വിധികളോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകയും പ്രവര്‍ത്തനങ്ങളും ശ്രദ്ധിച്ചു പോന്നത് . ഉപ്പയുടെ കമ്മ്യൂണിസ്റ് പാരമ്പര്യവും അക്കാലത്ത് എന്റെ ജ്യേഷ്ട സഹോദരങ്ങള്‍ക്കിടയില്‍ പടര്‍ന്നിരുന്ന ഹിപ്പി മനോഭാവവും  അരാജകവാദവും യുക്തിവാദവും എന്നെയും സ്വാധീനിച്ചു കഴിഞ്ഞിരുന്നതിനാല്‍ സൈനുദ്ദീന്‍ കുഞ്ഞാക്കയുടെ വാക്കുകള്‍ അരിപ്പകൊണ്ട് അളന്നു മാത്രമെ സ്വീകരിച്ചിരുന്നുള്ളു. എന്നാല്‍ അരാജകത്വത്തിന്റെയും യുക്തിവാദത്തിന്റെയും പാശ്ചാത്യഭ്രമത്തിന്റെയും എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ജന്മാന്തരത്തിലായിരുന്നു സൈനുദ്ദീന്‍ എന്ന കാര്യം എനിക്കറിയില്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ചോദ്യത്തിന്ന്, ശാന്തിയുടെയും അശാന്തിയുടെയും തത്വചിന്തയെ കുറിച്ച് എനിക്ക് ആലോചിച്ചേ പറയാനാവൂ എന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. എങ്കില്‍ ചര്‍ച്ച നമുക്ക് നിര്‍ത്താം  എന്നു പറഞ്ഞു പിരിഞ്ഞു. വിവാഹിതനായിരുന്ന സൈനുദ്ദീന്റെ പെണ്ണു കാണലിന്  ഉമ്മയോടും സൈനുദ്ദീന്റെ  സഹോദരിമാരോടുമൊത്ത് തിരൂരില്‍ പോയതും ഓര്‍മ്മയുണ്ട്. സുന്ദരിയും സുശീലയുമായ ഇത്താത്ത  വീടിന്റെ സാമാന്യം വലിയ കുളിപ്പുരയില്‍ മുഖം മറച്ച് ഒളിച്ചിരുന്നിടത്തേക്ക് സ്ത്രീകള്‍ ചെന്നു കണ്ടു.  പെണ്ണുകാഴ്ച കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് തിരിക്കുമ്പോള്‍ ഉമ്മയുടെ ഒക്കത്തിരുന്ന് ഞാന്‍ എന്തിനോ വാശി പിടിച്ചു കരഞ്ഞപ്പോള്‍, നീ കരയണ്ട വീട്ടിലെത്തിയാല്‍ സൈനുദ്ദീന്റെ പീടികയില്‍ നിന്ന് റേഡിയോ വാങ്ങിത്തരാം എന്നു പറഞ്ഞ അമ്മായിയുടെ മകള്‍ എന്റെ കരച്ചിലടക്കി. വീട്ടിലെത്തി അത് പച്ച നുണയായിരുന്നു എന്നറിഞ്ഞ് ഉമ്മയോട് കയര്‍ത്തും കരഞ്ഞും കഴിഞ്ഞ സായാഹ്നം.  
നിസ്കാരത്തിന്റെയും നോയമ്പിന്റെയും കര്‍മ്മചര്യയുടെയും മൌലൃെേശ്യ യിലൂടെ സൈനുദ്ദീന്‍ കടന്നു പോയി. സൈനുദ്ദീന്റെ ഇസ്ളാം ആയിരുന്നില്ല സൈനുദ്ദീന്റെ അമ്മാവനായ എന്റെ പിതാവിന്റെ ഇസ്ളാം. അത് കമ്മ്യൂണിസവുമായി രക്തബന്ധമുള്ള ഒന്നായിരുന്നു. ഉപ്പയുടെയും സൈനുദ്ദീന്റെ ഉമ്മയുടെയും  അമ്മാവന്മാരാകട്ടെ ഖിലാഫത്ത് കാലത്തെ ഗാന്ധിയന്മാരും സ്വാതന്ത്ര സമര പോരാളികളുമായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹേബിന്റെ ശിഷ്യന്മാര്‍. മൊയ്തു മൌലവിയുടെ സഹപാഠികളായി  വാഴക്കാട് ദാറുല്‍ ഹുദയില്‍  മതപഠനം നടത്തിയ ഒന്നാം തരം മൌലവിമാര്‍. അതില്‍ മായന്‍ മൌലവി അക്കാലത്തെ റാഡിക്കലുകളുടെ ഇടയില്‍ സാമാന്യം പ്രശസ്തനുമായിരുന്നു. മുസ്ളീം സമുദായ പരിഷ്ക്കരണ ലക്ഷ്യം വെച്ച്  കൊടുങ്ങല്ലൂരില്‍ ചേര്‍ന്ന പണ്ഡിത സമ്മേളനത്തില്‍ മൌലവിയും പങ്കെടുത്തിരുന്നു. ഖിലാഫത്ത് സമര കാലത്ത് വാളന്റിയര്‍ ക്യാപ്റ്റനായി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ പങ്കാളിയായി. ബ്രിട്ടീഷ് കലക്ടറുടെ കൊലക്കുറ്റം ആരോപിച്ച്  ലവക്കുട്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസില്‍ മായന്‍ മൌലവിയെയും പ്രതി ചേര്‍ത്തിരുന്നു. മദ്രാസ് കോടതിയില്‍ നടന്ന കേസില്‍ മൌലവിയുടെ സുഹൃത്തായ അഭിഭാഷകന്റെ മിടുക്കു കൊണ്ടാണ് രക്ഷപ്പെട്ടത്. ഖിലാഫത്ത് സ്വാതന്ത്യ്ര സമരം, മുസ്ളീം പരിഷ്കരണ പ്രസ്ഥാനം എന്നിവയില്‍ പങ്കാളിയായ മൌലവി പില്‍ക്കാലത്ത് കമ്മ്യൂണിസ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. അക്കാലത്ത് കമ്മ്യൂണിസ്റ് ഗ്രൂപ്പുകള്‍ പലയിടത്തും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. കെ. ദാമോദരന്റെ നേതൃത്വത്തില്‍ പൊന്നാനിയിലെ ബീഡി തൊഴിലാളികള്‍ നടത്തിയ സമരത്തില്‍  മൌലവിക്കും പങ്കാളിത്തമുണ്ടായിരുന്നു. ദാമോദരന്റെ തെരഞ്ഞെടുപ്പു യോഗങ്ങളിലെ മുസ്ളീം പ്രമാണിമാരുടെ സ്ഥാനാര്‍ത്ഥിക്കെതിരെ മൌലവി പൊതുയോഗങ്ങളില്‍ പ്രസംഗിക്കുമായിരുന്നു. പ്രമാണിമാരും ചൂഷകരുമായ മുസ്ളീം നാമധാരികളായ എതിരാളികളേക്കാള്‍ എന്തുകൊണ്ടും നല്ല മുസ്ളീമാണ് ദാമോദോരന്‍ എന്ന്  മൌലവി പ്രസംഗിച്ചത് വിവാദമായി. സദസ്സില്‍ നിന്ന് മൌലവിയോട് ചോദിച്ചു ഖുര്‍ആനെ മുന്‍നിര്‍ത്തി  അപ്പറഞ്ഞത് തെളിയിക്കാമോ എന്ന്. ഖുര്‍ആന്‍ മാത്രമല്ല  നബിചര്യയെ ആകെ മുന്‍നിര്‍ത്തി അക്കാര്യം തെളിയിക്കാമെന്ന് മായന്‍ മൌലവി തിരിച്ചടിച്ചു.  മായന്‍ മൌലവിയുടെ അന്ത്യകാലം  ഉമ്മയുടെയും ഉപ്പയുടെയും സാന്നിധ്യത്തില്‍ മിക്കവാറും എന്റെ തറവാട്ടു വീട്ടിലായിരുന്നു. എം. റഷീദിന്റെ ദാമോദരന്റെ ജീവചരിത്രം, മാപ്പിള കലാപത്തെ അധികരിച്ച്  മലപ്പുറത്തെ പി.ടി.ഐ. ലേഖകന്‍ എ കെ കോടൂര്‍ എഴുതിയ ഗ്രന്ഥം, കേരളത്തിലെ മൌലവിമാരെ കുറിച്ചു കോയക്കുട്ടി മൌലവി എഴുതി തിരൂരങ്ങാടിയില്‍ നിന്നു പ്രസിദ്ധീകരിച്ച പുസ്തകം എന്നിവയിലെല്ലാം മായന്‍ മൌലവിയെയും സഹോദരന്‍  ഉണ്ണീന്‍ മൌലവിയെയും കുറിച്ചുള്ള വിവരണം ഉണ്ട്. ഉണ്ണീന്‍ മൌലവി അക്കാലത്ത് ഏറനാടിന്റെ തലസ്ഥാന കേന്ദ്രമായിരുന്ന കൊണ്ടോട്ടിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാകണം എന്റെ പിതാവിനെ ഒരു ട്രേഡ് യൂണിയന്‍ - കമ്മ്യൂണിസ്റ് കേഡര്‍ ആക്കിയത്. മായന്‍ മൌലവിയുടെയും ഉണ്ണീന്‍ മൌലവിയുടെയും കമ്മ്യൂണിസ്റ് ട്രേഡ് യൂണിയന്‍  പ്രവര്‍ത്തനങ്ങള്‍ സഖാവ് കുഞ്ഞാലി മുതല്‍ കെ. സെയ്താലിക്കുട്ടി വരെയുള്ള കമ്മ്യൂണിസ്റ് നേതാക്കളെ സൃഷ്ടിക്കുന്നതില്‍ പങ്കു വഹിച്ചു എന്നത് കൊണ്ടോട്ടിയിലെ ആദ്യകാല കമ്മ്യൂണിസ്റ് പ്രവര്‍ത്തകര്‍ ഓര്‍ക്കുന്ന ഒന്നാണ്. 
കേരളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥമെന്ന വിശേഷണമുള്ള  തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍  എഴുതിയ ഷെയ്ക്ക് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ രണ്ടാം തലമുറയിലെ മഖ്ദൂം നാലാമനൊപ്പം പൊന്നാനിയില്‍ നിന്ന് ഇസ്ളാമിക നവോത്ഥാനത്തിന്റെ വക്താക്കളായി കൊണ്ടോട്ടിയിലെത്തിയ സൈനുദ്ദീന്റെ കുടുംബം...... ഉമ്മയുടെ താവഴി നിറയെ  കമ്മ്യൂണിസ്റ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍. അമ്മാവന്‍ കൊണ്ടോട്ടിയിലെ എണ്ണപ്പെട്ട കമ്മ്യൂണിസ്റ്. ആധുനികതയടെയും കലാപാരമ്പര്യത്തിന്റെയും കേരളത്തിലെ ആദ്യകാല വക്താവ്. അദ്വൈത ദര്‍ശനത്തിന്റെ ഇസ്ളാമിക ധാരയായ സൂഫിസത്തില്‍ വിരിഞ്ഞ ധിഷണ. ഇത്തരം ഒരാള്‍ എങ്ങിനെ കൊടും ഭീകരനായി അറിയപ്പെടുന്ന സൈനുദ്ദീനായി മാറി? നീണ്ട ഒളിവു ജീവിതവും ഇപ്പോഴത്തെ ജയില്‍ ജീവിതവും കൊണ്ട്  പരിത്യക്തനായി എങ്ങനെ മാറി? എന്തായിരുന്നു സൈനുദ്ദീനു മേല്‍ അരോപിക്കപ്പെടുന്ന ഭീകര ചാര്‍ച്ചകളില്‍ അദ്ദേഹത്തെ എത്തിച്ചത്? കലാകാരനും ഗിറ്റാറിസ്റുമായിരുന്ന സൈനുദ്ദീന്‍ പൊതുസമൂഹത്തിനു ഭയപ്പാടു നല്‍കുന്ന ഭീകരതയുടെ വക്താവായി എങ്ങിനെ മാറി? കേരളീയ സമൂഹം കടന്നു പോകുന്ന അഭിശപ്തമായ  ഈ മുഹൂര്‍ത്തങ്ങളില്‍ ചിന്തിക്കേണ്ട പലതും സൈനുദ്ദീന്റെ ജീവിതം  ബാക്കി വെക്കുന്നു.  സൂഫിയ മഅ്ദനിയെ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റു ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നമ്മുടെ മാധ്യമങ്ങളില്‍ ഉയരുന്ന  ഭീകരതാ ചര്‍ച്ചകളില്‍ ആശങ്കയുടെയും  ഭയപ്പാടിന്റെയും പശ്ചാത്തലത്തിലാണ് ഒരു കേരളീയ മുസല്‍മാന്റെ ആത്മകഥാഖ്യാനമായി ഇത്രയും പറഞ്ഞു വെച്ചത്. ഇസ്ളാമിക ഭീകരവാദതത്തെയും മതമൌലികവാദത്തെയും കുറിച്ചുള്ള ചരിത്രപരമായ വിലയിരുത്തലിനും വിശകലനത്തിനും മുമ്പെ പ്രാദേശിക ചരിത്രത്തിലേക്ക്  ഈ അത്മാന്വേഷണപരമായ ആമുഖം വെളിച്ചം വീശും,

No comments:

Post a Comment