Friday, September 7, 2012


പ്രാദേശിക ചരിത്രം, മലബാര്‍ കലാപം, കരീം മാസ്റര്‍
കെ.എന്‍ പണിക്കര്‍-പി.പി. ഷാനവാസ്

ചരിത്രകാരന്‍ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മാസ്ററുടെ മക്കള്‍ പ്രൊഫ. കെ.കെ. അബ്ദുല്‍ സത്താറിന്റെയും, കെ.കെ.അബ്ദുല്‍ ജബ്ബാറിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കരീംമാസ്റര്‍ ഫൌണ്ടേഷന്‍ പുറത്തിറക്കുന്ന ചരിത്ര പഠന സമാഹാരത്തിനായി പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ.എന്‍ പണിക്കര്‍ അനുവദിച്ച അഭിമുഖം. \'പ്രഭുത്വത്തിനും ഭരണകൂടത്തിനുമെതിരെ\' എന്ന പേരില്‍ തെക്കന്‍ മലബാറിലെ കാര്‍ഷിക കുടിയാന്‍മാര്‍ ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരെ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ച് തന്റെ അന്താരാഷ്ട്ര പ്രശസ്തമായ ഗ്രന്ഥത്തിനായുള്ള ഗവേഷണകാലത്താണ്  പണിക്കര്‍ കരീംമാസ്ററുമായി പരിചയപ്പെടുന്നത്. മാസ്ററുടെ പാണ്ഡിത്യത്തെയും പ്രാദേശിക ചരിത്ര പഠനത്തിന്റെ പ്രസക്തിയെയും കുറിച്ച് കെ.എന്‍ പണിക്കര്‍...

 അബ്ദുല്‍ കരീം മാസ്ററുമായി താങ്കളുടെ ബന്ധത്തെക്കുറിച്ച് പറയാമോ? \"പ്രഭുത്വത്തിനും ഭരണകൂടത്തിനും എതിരെ\'\' എന്ന പേരില്‍ താങ്കള്‍ എഴുതിയ മലബാര്‍ കലാപത്തെക്കുറിച്ചുള്ള പ്രശസ്തമായ കൃതിയില്‍ കരീം മാസ്ററുടെ പുസ്തകങ്ങള്‍ പലതവണ ഉദ്ധരിച്ചിട്ടുണ്ടല്ലോ......
പണിക്കര്‍: അറുപതുകള്‍ക്കവസാനം ആരംഭിച്ച മലബാര്‍ കാര്‍ഷിക കലാപത്തെകുറിച്ചുള്ള എന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് കരീംമാസ്ററുമായി ഇടപഴകാന്‍ അവസരം ലഭിച്ചത്. ഗവേഷണം സംബന്ധിച്ച് പത്രത്തില്‍ ഞാന്‍ നല്‍കിയ ഒരു പരസ്യത്തിനോട് പ്രതികരിച്ചു കൊണ്ട് മാസ്റര്‍ എനിക്കെഴുതി എന്നാണ് ഓര്‍മ്മ.  ഗവേഷണത്തിന്റെ ആവശ്യാര്‍ത്ഥം പലതവണ ഞാന്‍ മലബാറില്‍ വന്നപ്പോള്‍ ആ ബന്ധം തുടര്‍ന്നു. അക്കാലത്ത് ഞാന്‍ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ മാസ്ററെ കാണും. ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം വളരെ ആഴത്തിലുള്ളതായിരുന്നു. അതെന്നെ വളരെ ആകര്‍ഷിച്ചു. മലബാര്‍ കലാപത്തെ കുറിച്ചുള്ള പല രേഖകളെക്കുറിച്ചും അദ്ദേഹം എന്നോടു സംസാരിച്ചു. അവസാന കാലത്ത് ഒരു രേഖ പകര്‍ത്തി അയച്ചുതരികയുണ്ടായി. അന്തമാനില്‍ നിന്ന് അക്കാലത്ത് എഴുതിയ ഒരുകത്തിന്റെ കോപ്പിയായിരുന്നു അത്. 
 ഒരു പ്രാദേശിക ചരിത്രകാരന്‍ എന്ന നിലയില്‍ കരീം മാസ്ററുടെ പ്രാധാന്യത്തെ എങ്ങിനെയാണ് വിലയിരുത്തുന്നത്? താങ്കള്‍ ബോംബെയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ വര്‍ഗ്ഗീയതയെ ചെറുക്കാന്‍ പ്രാദേശിക ചരിത്രരചനയെ ഫലപ്രദമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രതിപാദിക്കുക ഉണ്ടായല്ലോ. ആ നിലയില്‍ മാസ്ററുടെ പ്രാദേശിക ചരിത്ര വിജ്ഞാനം നമ്മുടെ കാലത്ത് കൂടുതല്‍ ശ്രദ്ധേയമായി തീരുകയല്ലേ? 
പണിക്കര്‍: പ്രാദേശിക ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു വശം ഒരു ദേശത്തിന്റെ സൂക്ഷ്മ വിശദാംശങ്ങളിലേക്ക് പോകാനുള്ള സാധ്യത മുന്നോട്ടു വെക്കുന്നു എന്നുള്ളതാണ്. ഈ സാധ്യതയാണ് കരീംമാസ്ററുടെ പ്രധാന സംഭാവന. ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്രയിക്കാന്‍ ഒരു പ്രധാന സ്രോതസ്സായി കരീം മാസ്ററുടെ വിജ്ഞാനവും ചരിത്ര ശേഖരവും മാറി. ഞാന്‍ ഗവേഷണം തുടങ്ങുമ്പോള്‍ കേരളത്തിലെ ഒരു പ്രദേശമായ മലബാറിന്റെ പ്രാദേശിക ചരിത്രം എന്ന നിലക്കല്ല വിഷയം പരിഗണിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഉയര്‍ന്നുവന്ന ആദ്യകാല ചെറുത്തുനില്‍പ്പുകളായിരുന്നു എന്റെ പരിഗണന മേഖല. അന്ന് ഇന്നു മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യത്തെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബൃഹദ് ചരിതത്തിനു സാധ്യമല്ലാത്ത പലതും പ്രാദേശിക ചരിത്രത്തിനു നിര്‍വ്വഹിക്കാനാവും എന്ന കാര്യം ഇന്ന് നമുക്ക് ബോധ്യമുണ്ട്. വലിയ മേഖല പരിഗണിക്കുന്ന ചരിത്രകാരന് സാധിക്കാത്ത പലതും ചരിത്ര രചനയില്‍ കൊണ്ടുവരാന്‍ ഒരു പ്രദേശത്ത് ജീവിച്ച് അവിടെ നിരന്തരമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക്  കഴിയും. അത്തരത്തിലുള്ള സംഭാവനയാണ് കരീം മാസ്ററുടെത്. 
ഉദാഹരണമായി കലാപത്തിലെ ഒരു പ്രധാന നേതൃത്വമായിരുന്ന ആലിമുസ്ലിയാരുടെ ബന്ധുക്കള്‍ ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം അറിയാനും അവരുമായി ബന്ധപ്പെടാനും എനിക്ക് ഗവേഷണകാലത്ത് താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ല. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അടുത്ത കാലത്ത് ഷാനവാസ് പറഞ്ഞാണ് മഞ്ചേരിയില്‍ അവരുടെ പൌത്രനെയും ആലിമുസ്ലിയാരുടെ പുസ്തക ശേഖരത്തെയും കുറിച്ചുള്ള വിവരം അറിഞ്ഞതല്ലോ. ഇതാണ് പ്രധാനപ്പെട്ട കാര്യം. പത്തോ പതിനഞ്ചോ ദിവസത്തേക്ക് ഒരു പ്രദേശത്തെത്തി ഗവേഷണം ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കിലും പല പരിമിതികളാലും കഴിഞ്ഞെന്ന് വരില്ല. അത് മനസ്സിലാക്കാനും അടുത്തറിയാനും പ്രാദേശിക ചരിത്രകാരന് കഴിയും എന്നത് വലിയ ഒരു സാധ്യതയാണ്. അങ്ങനെ പ്രാദേശിക ചരിത്രത്തിന്റെ ഇന്ന് നാം തിരിച്ചറിയുന്ന ഗവേഷണപരവും രാഷ്ട്രീയവുമായ പ്രാധാന്യത്തെ തിരിച്ചറിഞ്ഞ ആളായിരുന്നു അബ്ദുല്‍ കരീം മാസ്റര്‍. 
ചരിത്രത്തെ കുറിച്ചുള്ള ഒട്ടനവധി കാര്യങ്ങള്‍ ശേഖരിക്കുകയും അവയെ ആശ്രയിച്ച് അത്ര പ്രസിദ്ധരല്ലാത്ത പ്രസാധകരാല്‍ നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറക്കുകയും ചെയ്ത കരീം മാസ്റ്റര്‍ വേണ്ടത്ര ശ്രദ്ധേയനായിട്ടില്ല. പലപ്പോഴും സ്വന്തം നാട്ടില്‍ തന്നെ അവഗണനയായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. ഇത് എന്തുകൊണ്ടാണ്? പില്‍ക്കാല ചരിത്രത്താല്‍ പ്രാന്തവല്‍കരിക്കപ്പെട്ട ഒരു പ്രദേശത്തിന്റെ ചരിത്രകാരന്‍ എന്നതുകൊണ്ടായിരിക്കുമോ അങ്ങിനെ സംഭവിച്ചത്?
പണിക്കര്‍: അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ? 
കരീം മാസ്ററെ ഞങ്ങള്‍ അദ്ദേഹത്തിന്റെ മരണ ശേഷം അടുത്ത കാലത്താണ് അടുത്തറിയുന്നത്. ഇപ്പോഴാണ് അദ്ദേഹത്തിന്റെ ചരിത്ര ശേഖരത്തെയും അതിന്റെ പ്രാധാന്യത്തെയും സ്വന്തം നാട്ടുകാരില്‍ ചിലരെങ്കിലും മനസ്സിലാക്കുന്നത്.
പണിക്കര്‍: ഞാന്‍ അദ്ദേഹത്തെ നോക്കിക്കാണുന്നത് അദ്ദേഹത്തിന് ലഭിച്ച മാധ്യമശ്രദ്ധയെ മുന്‍നിര്‍ത്തിയല്ല.  കരീം മാസ്ററുടെ താങ്കള്‍ സൂചിപ്പിച്ച ഗ്രന്ഥങ്ങള്‍ അധികം വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അദ്ദേഹം എന്റെ ഗവേഷണ പ്രവര്‍ത്തനത്തിനായി അയച്ചുതന്ന ഏതാനും ലേഖനങ്ങളാണ് വായിക്കാനിടയായത്. ഞാന്‍ അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നത് ചരിത്രത്തിന്റെ ഒരു സ്രോതസ്സ്, ജീവിച്ചിരുന്ന ഒരു സോഴ്സ് എന്ന നിലക്കാണ്. തന്റെ പ്രദേശത്തെ ചരിത്രത്തിന്റെ എല്ലാ വശങ്ങളും തേടിപ്പിടിച്ച ഒരാള്‍. അതില്‍ ഒരു പാട് കാര്യങ്ങളുണ്ടായിരുന്നു. അതില്‍ പലതും ഐതിഹ്യസമാനമായ വസ്തുതകളായിരുന്നു. എന്നാല്‍ അതെല്ലാം അതിന്റെ പ്രാധാന്യത്തോടെ മനസ്സിലാക്കാനും ശേഖരിക്കാനും ആഖ്യാനം ചെയ്യാനും ഉള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കേവല ചരിത്രകാരന്‍ എന്നതിനെക്കാള്‍, ഒരു പോപ്പുലര്‍ ഹിസ്റോറിയന്‍ എന്ന പദവിയെക്കാള്‍ ഞാന്‍ അദ്ദേഹത്തെ തരിച്ചറിയുന്നത് ചരിത്ര വസ്തുതകളുടെ വിപുലമായ ശേഖരണം നടത്തിയയാള്‍, അ ഇീഹഹലരീൃ ീള ഒശീൃശരമഹ ങമലൃേശമഹ എന്ന നിലക്കാണ്. സ്വന്തമായി വിപുലമായ ഒരു ലൈബ്രറി. പുസ്തകങ്ങള്‍ മാത്രമല്ല രേഖകളുടെയും ശേഖരം. ഒടുവില്‍ ആലുവയില്‍ വെച്ച് കണ്ടപ്പോഴും ഒരു റിപ്പോര്‍ട്ടിന്റെ കോപ്പിയെ കുറിച്ചായിരുന്നു മാസ്റര്‍ പറഞ്ഞത്. ഒരു ചരിത്രകാരനായി അറിയപ്പെടുക എന്നതിനെക്കാള്‍ ചരിത്രം അറിയാനുള്ള അദമ്യമായ അഭിലാഷമായിരുന്നു മാസ്ററുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത് എന്നു തോന്നുന്നു. ഇത്തരം പല സ്രോതസ്സുകളിലൂടെയാണ് ചരിത്രത്തെ അദ്ദേഹം അറിഞ്ഞതും കണ്ടെത്തിയതും. ഇങ്ങനെ കണ്ടെത്തിയ കാര്യങ്ങളും ശേഖരിച്ച രേഖകളും സൂക്ഷിച്ചുവെക്കാനുള്ള, ുൃലല്ൃെല  ചെയ്യാനുള്ള,  പരിശ്രമം പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതാണ്. 
താന്‍ ഉള്‍പ്പെട്ട സമുദായത്തെ കുറിച്ചുള്ള ആലോചനകളില്‍നിന്നാണ് പലപ്പോഴും കരീംമാസ്റ്ററുടെ ചരിത്രാന്വേഷണങ്ങള്‍ ആരംഭിച്ചത് എന്നു തോന്നുന്നു. ഇങ്ങനെ സാമുദായികാവബോധത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്ന് ചരിത്ര ഗവേഷണം നടത്തുന്നതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
പണിക്കര്‍: പലപ്പോഴും ഇത്തരത്തില്‍ വ്യക്തിപരമായ പരിഗണനകളും ഉത്കണ്ഠകളുമാണ് ഒരു ഗവേഷകന്റെ പ്രചോദന കേന്ദ്രം എന്നു വരാം. അല്ലങ്കില്‍ അതാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ച് മുന്നോട്ട് നയിക്കുന്നത് എന്നു വരാം. കുടുംബം, തന്റെ പ്രദേശം, വിശ്വാസം ഇവയെല്ലാം ആരംഭബിന്ദു ആവാം. മാപ്പിളമാരുടെ ജീവിതം സംബന്ധിച്ച്, മലബാറിന്റെ ചരിത്രത്തെക്കുറിച്ച്, കര്‍ഷകരുടെ-ദളിതരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഒക്കെയുള്ള വൈകാരികമായ സമീപനമാവാം ഗവേഷണത്തിന് വ്യക്തിപരമായി പ്രചോദനം നല്‍കുന്നത്. എന്നാല്‍ ഈ പ്രചോദന കേന്ദ്രം ഗവേഷണത്തിന്റെ അന്ത്യമല്ല, ഒരു പക്ഷെ പ്രാരംഭമാണ്. ഇത്തരം വ്യക്തിപരമായ വൈകാരിക പ്രചോദന കേന്ദ്രങ്ങളെ മറികടന്ന് മുന്നോട്ട് പോയി സത്യത്തിനോട് കൂടുതല്‍ അടുക്കാനും അതിന്റെ നാനാവശങ്ങളും മനസ്സിലാക്കാനും കഴിയുമ്പോഴാണ് ഗവേഷണം ശാസ്ത്രീയമായി തീരുന്നത്. ഇത് പലപ്പോഴും ചരിത്ര ഗവേഷകന് ലഭ്യമാവേണ്ട പരിശീലനവുമായി ബന്ധപ്പെട്ടകാര്യമാണ്. ഗവേഷണത്തിലെ സാങ്കേതികമായ അറിവ് പരിശീലനം വഴിയാണ് സാധ്യമാകുന്നത്. ഇത്തരം പരിശീലനം ഇല്ലാത്തവരും ചരിത്രമെഴുതാറുണ്ട്. ആ ചരിത്രത്തില്‍ അപാകതകള്‍ കാണാം. അപൂര്‍ണ്ണമാകാം. എന്നാല്‍ വികാരപരമായ പ്രചോദനവും ധൈഷണികമായ വിശകലന ശേഷിയും ഗവേഷണത്തിന്റെ രണ്ടുവശമാണ്. ഇവ രണ്ടും ബന്ധിപ്പിക്കുവാന്‍ കഴിയുമ്പോഴാണ് ചരിത്ര ഗവേഷണം സമ്പന്നവും സമ്പൂര്‍ണ്ണവുമാവുന്നത്. മാസ്റര്‍ക്ക് ഇത്തരത്തില്‍ ഒരു പരിശീലനം ഉണ്ടായിരുന്നോ എന്നറിയില്ല. എന്നാല്‍ വൈകാരിക ഇന്‍വോള്‍വ്മെന്റ് വളരെ ഉണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ഫോഴ്സ്. അദ്ദേഹം വലിയ സാമ്പത്തിക കഴിവ് ഉണ്ടായിരുന്ന ആളായിരുന്നു എന്നു കരുതുന്നില്ല. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ പരിഗണിക്കാതെ വളരെ വിഷമിച്ച് പണിയെടുക്കാനുള്ള ആവേശം അദ്ദേഹത്തിനുണ്ടായത് മുകളില്‍ പറഞ്ഞ വൈകാരികമായ ഇന്‍വോള്‍വ്മെന്റ് മൂലമായിരുന്നു. അതില്ലായിരുന്നുവെങ്കില്‍ ഇത്രയധികം ഗ്രന്ഥങ്ങളും രേഖകളും ശേഖരിക്കാന്‍ ആവുമായിരുന്നില്ല. ഗവേഷണത്തിലെ വൈകാരികതയുടെയും ധൈഷണികതയുടെയും സമന്വയത്തിന്റെ പ്രാധാന്യത്തെയാണ് ഈ ചര്‍ച്ച നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
കരീംമാസ്ററുടെ പ്രവര്‍ത്തനം തന്റെ സമുദായത്തിന്റെ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നാണ് കരുതുന്നത്. ഇസ്ലാമിക നവോത്ഥാന നായകരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യാഥാസ്ഥികരുടെ എതിര്‍പ്പിനെ നേരിട്ട് വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സി.എന്‍. അഹമ്മദ് മൌലവിയുമായി ചേര്‍ന്ന് കരീംമാസ്റര്‍ \"മഹത്തായ മാപ്പിള സാഹിത്യചരിത്രം\'\' എന്ന ഒരു വലിയ കൃതി എഴുതിയിട്ടുണ്ട്. സ്വന്തം സമുദായത്തിലെ അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിര്‍ത്ത പ്രസ്ഥാനത്തിനോടൊപ്പമായിരുന്നു കരീംമാസ്റ്റര്‍ പ്രവര്‍ത്തിച്ച് പോരുന്നത്. കരീംമാസ്ററുടെ ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്താണു പറയാനുള്ളത്?
പണിക്കര്‍: ഒരു ജനതയുടെ ജീവിതത്തെ കുറിച്ചുള്ള, അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള, അറിവ് വീണ്ടെടുക്കുക എന്നത് നവോത്ഥാനത്തിന്റെ ഒരു ഭാഗമാണ്. ഇത്തരം വീണ്ടെടുക്കലിലൂടെയാണ് ഒരു ജനതയുടെ ആത്മവിശ്വാസവും ആത്മബോധവും  വളര്‍ന്നുവരുന്നത്. തന്റെ പൂര്‍വ്വികര്‍ നടത്തിയ സമരവും അവരുടെ കലാസാഹിത്യ പാരമ്പര്യവും എന്തുകൊണ്ട് കരീംമാസ്ററുടെ ആലോചനാവിഷയമായി?  ഒരു സമുദായം തന്റേടം വീണ്ടെടുക്കുന്നത് ഇത്തരം കണ്ടെടുക്കലിലൂടെയാണ്. വാസ്തവത്തില്‍ നമ്മുടെ സമൂഹം, വിവിധ സമുദായങ്ങള്‍ അടങ്ങിയ സമൂഹത്തിന്റെ തന്റേടം, ഒരതിര്‍ത്തിവരെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. നാടുവാഴിത്ത ബന്ധങ്ങളുടെയും കൊളോണിയല്‍ അധിനിവേശത്തിന്റെയും ഭാഗമായി നഷ്ടമായിത്തീര്‍ന്ന ഈ ആത്മവിശ്വാസം വീണ്ടെടുക്കുക നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ആദ്യപടിയാണ്. പലപ്പോഴും ഈ പ്രവര്‍ത്തനം ബോധപൂര്‍വ്വമായിരിക്കണമെന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയിലാകെ ഇത്തരത്തില്‍ നഷ്ടപ്പെട്ടുപോയ തന്റേടം വീണ്ടെടുക്കാനുള്ള അബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. 
ചരിത്രത്തിന്റെ ഉത്തരാധുനികമായ വ്യാഖ്യാനങ്ങളില്‍ \'സാമുദായികത\' എന്ന ഗണത്തിന് ഇന്ന് അമിത പ്രാധാന്യം ലഭിച്ചിട്ടുണ്ടല്ലോ. ഇതില്‍ അപകടങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമുദായികത വര്‍ഗ്ഗീയതയിലേക്ക് നീങ്ങാനുള്ള സാധ്യതയും ഇല്ലേ?
പണിക്കര്‍: സാമുദായികത പലപ്പോഴും വര്‍ഗ്ഗീയതയുടെ ആദ്യപടിയായിത്തീരാം. എന്നാല്‍ സമുദായത്തിന്റെ ഉന്നമനം എന്ന ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീയതയായി കാണരുത്. നവോത്ഥാനത്തിന്റെ ഭാഗമായി എല്ലാ സമുദായങ്ങളിലും, മതജാതി സമുദായങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമുദായ പരിഷ്കരണവും സാമുദായികതയും ഒന്നല്ല എന്നര്‍ത്ഥം. ഉത്തരാധുനികരുടെ കാഴ്ച്ചപ്പാടില്‍ നിന്ന് എന്റെ സമീപനം വ്യത്യാസപ്പെടുന്നത് ഇത്തരത്തിലാണ്. സാമുദായികത, സമുദായ പരിഷ്കരണം ആകണമെന്നില്ല. സാമുദായിക അവബോധത്തെ കണ്‍സോളിഡേറ്റ് ചെയ്ത്, ക്രോഡീകരിച്ച് അതിനെ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയും. ഇത് സാമുദായിക പരിഷ്കരണമല്ല, മറിച്ച് സമുദായത്തിന്റെ പേരില്‍ ഒരു ന്യൂനപക്ഷം നടത്തുന്ന മുതലെടുപ്പാണ്. ഈ വ്യത്യാസത്തെ മനസ്സിലാക്കണം. സാമുദായിക പരിഷ്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു സാമുദായികത വളര്‍ന്നുവരാം. ഇതിനെ സമുദായത്തില്‍ തന്നെ മേലേക്കിടയിലുള്ള ഒരു കൂട്ടര്‍ ഉപയോഗിക്കാം. ഇപ്രകാരമുള്ള സാമുദായികത ശക്തിപ്രാപിക്കുമ്പോള്‍ അത് ചില പ്രത്യേക ഘട്ടങ്ങളില്‍ വര്‍ഗീയതയായി മാറുന്നു. സാമുദായികതയെ കാല്‍പനികമായി ആദര്‍ശവല്‍ക്കരിക്കുന്ന ഉത്തരാധുനിക ചരിത്രകാരന്‍മാരുടെ സമീപനത്തില്‍ ഈ അപകടമുണ്ട്. സമുദായത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വതന്ത്യ്രം, നിയമസഭയിലുള്ള സ്വാതന്ത്യ്രം ഉള്‍പ്പെടെ വേണം എന്നു വാദിക്കുമ്പോള്‍ അതുവാസ്തവത്തില്‍ വിഘടനവാദമായി തീരുന്നു. ഇപ്രകാരം സാമുദായിക പരിഷ്കരണം വര്‍ഗ്ഗീയതയുമായി ഓവര്‍ലാപ്പ് ചെയ്യുന്ന ഒരു കാഴ്ചപ്പാട് പല ഉത്തരാധുനികരുടെയും സമീപനത്തില്‍ അടങ്ങിയിട്ടുണ്ട്. 
മലബാര്‍ കലാപത്തെകുറിച്ച് താങ്കളുടെ അന്വേഷണത്തില്‍ പാരമ്പര്യ ബുദ്ധിജീവികളെ ക്കുറിച്ച് പറയുന്നുണ്ടല്ലോ. അന്നത്തെ കര്‍ഷകരുടെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് സമുദായത്തിനുള്ളില്‍ തന്നെയുള്ള ബുദ്ധിജീവികളാണ്  എന്ന് താങ്കളുടെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ബുദ്ധിജീവികള്‍ മതപുരോഹിതരില്‍ നിന്ന് എങ്ങിനെയാണ് വേറിട്ട് നില്‍ക്കുന്നത്? പുരോഹിത വിഭാഗം പലപ്പോഴും യാഥാസ്ഥിതികതക്ക് ചൂട്ടുപിടിക്കുന്നവര്‍ അല്ലേ? 
പണിക്കര്‍: സമുദായവുമായി ബന്ധപ്പെട്ട് മതപ്രവര്‍ത്തനം നടത്തിയവര്‍ തന്നെയാണ് കലാപത്തിന്റെ പതാക വാഹകര്‍ ആയിത്തീര്‍ന്നത്. അവര്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള മാപ്പിള കുടിയാന്‍മാരുടെ ചെറുത്തുനില്‍പ്പിന് ആവശ്യമായ ആശയപശ്ചാത്തലം നല്‍കുകയായിരുന്നു. അപ്രകാരം അവര്‍ സമൂഹത്തിലെ ബുദ്ധിജീവികളുടെ ധര്‍മ്മം നിറവേറ്റി. ഇവരില്‍ പലരും പുരോഹിതവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ തന്നെയായിരുന്നു. സമുദായത്തിലെ ജനങ്ങളുമായി ഇവര്‍ക്ക് ഒരു സിംബയോട്ടിക്ക് ബന്ധമാണ് ഉണ്ടായിരുന്നത്. തങ്ങള്‍ക്ക് ജീവിക്കാനുള്ള ഉപാധി സമുദായത്തിന്റെ മതപരമായ ജീവിതത്തില്‍ നിന്നാണ് ഇവര്‍ കണ്ടെത്തിയത്. മതസേവനമായിരുന്നു അവരുടെ ജോലി. അതോടൊപ്പം അന്നത്തെ സമൂഹത്തിലെ വൈദ്യസബന്ധമായ ആവശ്യങ്ങളും അവര്‍ നിറവേറ്റിയിരുന്നു. അത്തരമൊരു പാരസ്പര്യമാണ് ഈ പാരമ്പര്യ ബുദ്ധിജീവികളും സമുദായവും തമ്മിലുണ്ടായിരുന്നത്. 
മതാവബോധം മുറ്റിനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സ്വാഭാവികമായും മതസേവനം നടത്തുന്ന പുരോഹിതര്‍ക്ക്  സ്വാധീനം ഉണ്ടാവും. ഒരു സമൂഹം ആക്രമിക്കപ്പെടുമ്പോള്‍, ആ സമൂഹത്തിന്റെ ജീവിത പരിതസ്ഥിതികളില്‍ എന്തെങ്കിലും തരത്തിലുള്ള പരാധീനതകള്‍ നേരിടുമ്പോള്‍, അവരുടെ മതപരമായ ജീവിതത്തിന് നേതൃത്വം നല്‍കിയിരുന്ന പരമ്പരാഗത ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പുരോഹിത വിഭാഗത്തിന്റെ ജീവിത സാഹചര്യവും താറുമാറാവുന്നു. അവരുടെ സാമ്പത്തിക താല്‍പര്യവും അപകടപ്പെടുന്നു. അപ്പോള്‍ ഒരു വൈകാരിക പ്രശ്നം ഉടലെടുക്കുന്നു. പരിതസ്ഥിതികളില്‍ ഇത്തരം പ്രയാസങ്ങള്‍ വന്ന് പെടുമ്പോള്‍ അതുമായി താദാത്മ്യപ്പെട്ടു ജീവിക്കുന്ന പുരോഹിത-ബുദ്ധിജീവി വിഭാഗങ്ങള്‍ക്കും ചെറുത്തുനില്‍പ്പിന്റെ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിലെ പല പരമ്പരാഗത ബുദ്ധിജീവികളും ഇത്തരത്തില്‍ മാപ്പിളമാരുടെ ജീവിതത്തില്‍ സംഭവിച്ച പ്രയാസകരമായ പരിതസ്ഥിതയോട് പ്രതികരിച്ച്  പ്രവര്‍ത്തിക്കാനും അവരുടെ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കാനും തയ്യാറായി. പോലീസിനെതിരായുള്ള ആക്രമണത്തില്‍ പോലും അവര്‍ പങ്കാളികളായി. 
ഏത് സമൂഹത്തിലെയും പുരോഹിത വിഭാഗം ആ സമുദായത്തിന്റെ യാഥാസ്ഥിതികതയ്ക്ക് കൂട്ടുനില്‍ക്കുന്നവരാണ് എന്നുപറയാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിലെ താങ്കള്‍ വിശേഷിപ്പിക്കുന്ന പരമ്പരാഗത ബുദ്ധിജീവികളുടെ കാര്യത്തിലും ഇതു ശരിയല്ലേ? 
പണിക്കര്‍: പുരോഹിതരായവരെ ഒരൊറ്റഗണമായി നോക്കിക്കാണാനാവില്ല. അവരില്‍ പുരോഗമനകരമായ കടമ നിറവേറ്റിയവരും അല്ലാത്തവരുമുണ്ട്. ചൂഷണത്തിന് അരു നിന്നവരും അതിനെ എതിര്‍ത്തവരുമുണ്ട്. ഇപ്രകാരമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയത് ഭൌതികവും പ്രത്യയശാസ്ത്രപരവുമായ സാഹചര്യങ്ങള്‍ ആണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിന്റെ കാര്യത്തില്‍ പുരോഹിതരില്‍ കൊളോണിയല്‍ ഭരണത്തിന് അരുനിന്നവരും എതിര്‍പ്പ് പ്രകടിപ്പിച്ചവരുമുണ്ട്. ഇവരില്‍ കൊളോണിയലിസത്തിനെ എതിര്‍ക്കാന്‍ നേതൃത്വം നല്‍കിയ കൂട്ടരെയാണ് പുരോഗമനകാരികളായ പാരമ്പര്യബുദ്ധിജീവികള്‍ എന്ന് ഞാന്‍ എന്റെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. 
 മറ്റു സമുദായങ്ങളുടെ കാര്യത്തില്‍ ഇല്ലാത്ത തരത്തില്‍ മാപ്പിളമാരുടെ കാര്യത്തില്‍ അവരുടെ ജാതിപരമായ സ്വത്വത്തെക്കാള്‍ മതപരമായ സ്വത്വത്തിന് പ്രാധാന്യമുണ്ടല്ലോ. മാപ്പിളമാര്‍ ആകുമ്പോള്‍ തന്നെ  അവര്‍ ഇസ്ലാമിക വിശ്വാസികളുമാണ്. അതായത് സാമുദായികതക്ക് ഒപ്പംതന്നെ മതപ്രത്യയ ശാസ്ത്രവും അവര്‍ക്ക് കൈമുതലായുണ്ട്. ഇത് ഇതര സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നില്ലേ?
പണിക്കര്‍: ശരിയാണ്, മാപ്പിളമാരെ സംബന്ധിച്ചിടത്തോളം സാമുദായിക സ്വത്വം മതപരമായ സ്വത്വത്തില്‍ നിന്ന് വ്യത്യസ്തമല്ല. മറ്റു സമുദായങ്ങളെ സംബന്ധിച്ച് അങ്ങനെയല്ല. ഹിന്ദുക്കളില്‍ പൊതുവെ ജാതിസ്വത്വമാണ് ഉള്ളത്. മതപരമായ അവബോധത്തെക്കാള്‍ ജാതി അവബോധമാണ് അവരില്‍ കൂടുതല്‍. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സമുദായ സ്വത്വം മതവുമായി വളരെ ബന്ധപ്പെട്ടതാണ്. ഇത് രണ്ടുതരത്തിലാണ് പ്രവര്‍ത്തിച്ചത്. സമുദായത്തിന്റെ കാര്യത്തില്‍ ഇത് ദ്വന്ദധര്‍മ്മം നിറവേറ്റി. മറ്റു സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ക്കുണ്ടായിരുന്ന മതവിശ്വാസം അനീതിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഒരു പ്രചോദനമായി.
 ഇന്നത്തെ പുസ്തക വിപണിയില്‍ നല്ലൊരു പങ്കും ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കാണുവാന്‍ ഇടയാകുന്നു എന്ന് അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ച സ്കൂള്‍ ഓഫ് ലറ്റേഴ്സിലെ വി.സി. ഹാരിസ് മാഷ് ഒരിക്കല്‍ എഴുതുകയുണ്ടായി. ലോകമെങ്ങും ഇസ്ലാമിനെക്കുറിച്ചുള്ള പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍ നിന്നും അല്ലാതെയുമുള്ള പഠനങ്ങളുടെ കുത്തൊഴുക്കാണ്. എല്ലായിടത്തും സ്വന്തം സ്വത്വത്തെ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ മുസ്ലിം ജനവിഭാഗങ്ങള്‍ നടത്തിപ്പോരുന്നു. കരീം മാസ്ററുടെ പേരില്‍ അദ്ദേഹത്തിന്റെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരത്തില്‍ ഒരു സ്വത്വാന്വേഷണത്തിന്റെ സ്വഭാവമുണ്ട്. ഈ കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?
പണിക്കര്‍: ലോകത്തെ ഇസ്ലാമിക സമൂഹത്തില്‍ ഇന്ന് പൊതുവെ സാമ്രാജ്യത്വത്തെ എതിര്‍ത്ത് പോരുന്ന പ്രവണതയുണ്ട്. ഇതിന് വ്യക്തമായ സാമ്പത്തിക കാരണങ്ങള്‍ ഉണ്ട്. അമേരിക്കയുടെ സമ്പന്നമായ ജീവിതത്തിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ ഒന്നായ പ്രെട്രോളിന്റെ ഒരു പ്രധാന പ്രഭവകേന്ദ്രം അറബിനാടുകളാണ്.  അതിനാല്‍ തന്നെ സാമ്പത്തികമായി അവരെ കീഴടക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്. ഈ രാജ്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ അല്ലായെങ്കില്‍ സാമ്രാജ്യത്വത്തിന് അതിജീവിക്കാന്‍ കഴിയില്ല എന്നുവരാം. കഴിഞ്ഞ നൂറുകൊല്ലത്തെ ചരിത്രം അന്താരാഷ്ട്ര തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അറബ് രാജ്യങ്ങളില്‍ നടത്തിയ ഇടപടലുകളാണ്. മധ്യേഷ്യയില്‍ ഏത് വിധേയനേയും സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍. അതുകൊണ്ട് ഈ രാജ്യങ്ങളെയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും കുറിച്ചും അറിയുക എന്നത് പാശ്ചാത്യരാജ്യങ്ങളുടെ ആവശ്യമാണ്. ഒരു കാലത്ത് ജപ്പാനെക്കുറിച്ച് വിദേശസര്‍വ്വകലാശാലകളില്‍ പ്രത്യേക വിഭാഗങ്ങള്‍ തന്നെ ആരംഭിക്കുകയുണ്ടായി. നിരവധി പ്രസിദ്ധീകരണങ്ങള്‍ ജപ്പാനെക്കുറിച്ച് പുറത്തിറങ്ങി. ജപ്പാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഒരു ഭീഷണിയായ കാലഘട്ടത്തിലായിരുന്നു ഇത്. ചൈനയെക്കുറിച്ചും ഇത്തരത്തില്‍ ഒരുപാട് പഠനങ്ങള്‍ നടക്കുന്നു. അതുപോലെ അറബ്-മുസ്ലിം രാജ്യങ്ങളെക്കുറിച്ച് പഠനങ്ങളും വ്യാപകമായിരിക്കുന്നു. ഹണ്ടിംഗ്ടണിന്റെ പ്രസിദ്ധമായ പുസ്തകം തന്നെ നാളെ എന്താണ് സംഭവിക്കുക എന്ന ആശങ്കയില്‍ നിന്നാണ് രൂപംകൊള്ളുന്നത്.
ഇതിന്റെ മറ്റൊരു വശം ഇപ്രകാരം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന രാജ്യങ്ങളും സമൂഹങ്ങളും അവരെക്കുറിച്ച് തന്നെ പഠനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ്. സ്വന്തം ശക്തിയെ തിരിച്ചെറിയാന്‍ തങ്ങളുടെ ഭൂതക്കാലത്തെക്കുറിച്ച് അറിയണമെന്നു വരുന്നു. അറബിപണ്ഡിതന്‍മാര്‍ ഇപ്രകാരം ഒരുപാട് പഠനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്രാദേശികതലങ്ങളില്‍ ഉണ്ടാകുന്ന പഠനപ്രവര്‍ത്തനങ്ങളും ഇത്തരം ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്നു വരാം.
 ലോകചരിത്രം ഒരു വൃത്തം പൂര്‍ത്തിയാക്കി എന്ന മട്ടിലാണ് ഇപ്പോള്‍ നിലക്കൊള്ളുന്നത് എന്നുതോന്നുന്നു. ബൈസാന്റിയന്‍-പേര്‍ഷ്യന്‍ സംഘര്‍ഷങ്ങളുടെ ചരിത്ര സന്ധിയിലാണല്ലോ മുഹമ്മദ് നബിയുടെ ജനനം. തുടര്‍ന്ന് പേര്‍ഷ്യ കേന്ദ്രീകരിച്ച് അറബി ഭാഷയുടെയും സംസ്കാരത്തിന്റെയും സമ്പന്നമായ ഒരു സംസ്കാരത്തിന്റെ സൃഷ്ടിക്ക് വഴിയൊരുങ്ങി. ഈജിപ്തിലും സ്പെയിനിലും ഇറ്റലിയിലും തുര്‍ക്കിയിലും ഫ്രാന്‍സിലും വരെ അറബി ഇസ്ലാമിക സാമ്രാജ്യത്തിന്റെ അതിരുകള്‍ വിപുലമായി. തുടര്‍ന്ന് ഒട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കുവാനുള്ള കുരിശ് യുദ്ധത്തിന്റെ ചരിത്രം വേഗമാര്‍ജ്ജിച്ചു. അതിന്റെ അന്ത്യഘട്ടമെന്നോളം ഇപ്പോള്‍ പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന ബാഗ്ദാദിനെ സാമ്രാജ്യത്വം ആക്രമിച്ചു കീഴ്പ്പെടുത്തി. ഇപ്പോള്‍ ഇറാനുനേരെയുള്ള പടയൊരുക്കങ്ങള്‍..., ബുഷിന്റെ പാര്‍ടിക്കേറ്റ തിരിച്ചടിയും ഒബാമയുടെ അധികാരാരോഹണവും ആഗോള സാമ്പത്തിക മാന്ദ്യവും കാര്യങ്ങള്‍ക്ക് ഒരു ദിശാമാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും...
പണിക്കര്‍: ചരിത്രം അനിസ്യുതമായ ഒരു തുടര്‍ച്ചയാണ് എന്നു കരുതുന്നത് പൂര്‍ണ്ണമായി ശരിയല്ല. പ്രാചീനകാലത്തെ ചരിത്രത്തിന്റെ ഒരറ്റമാണ് നമ്മുടെ കാലഘട്ടത്തെ ചരിത്രം എന്നുപറയുന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയായിരിക്കില്ല. പത്തൊമ്പപതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും സ്രാമ്യാജ്യത്വങ്ങള്‍ ഒരേ രൂപത്തിലും ഭാവത്തിലുമല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അവയെ കേവലമായ താരതമ്യത്തിന് വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ല. സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ എല്ലാകാലത്തും ഒരു പോലെയല്ല. സാമ്യ്രാജ്യത്വ താല്‍പര്യങ്ങളും മതപരമായ താല്‍പര്യങ്ങളും  ഓരോ ചരിത്രകാലഘട്ടത്തിലും വ്യത്യസ്തമായ നില കൈക്കൊള്ളുന്നു. ഇന്നത്തേത് മുമ്പൊന്നുമില്ലാത്തവിധമുള്ള സാമ്രാജ്യത്വത്തിന്റെ ഘട്ടമാണ്. പോയകാലത്തെ അധിനിവേശങ്ങളുടെ തുടര്‍ച്ചയായി ഇന്നത്തെ അധിനിവേശങ്ങളെ മനസ്സിലാക്കുന്നത് പുതിയ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ രീതികളും തന്ത്രങ്ങളും തിരിച്ചറിയുന്നതിന് തടസ്സമായിത്തീരും. ആഗോള അധിനിവേശ ശക്തികള്‍ പുതിയ സാധ്യതകള്‍ ആരായുകയാണ്. ഇറാഖിന്റെ കാര്യത്തില്‍ ഉള്ള സമീപനമല്ല സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ കാര്യത്തിലുള്ളത്. പലതരത്തിലുള്ള പ്രവര്‍ത്തന രീതികളും താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും ആണ് പ്രവര്‍ത്തിക്കുന്നത്. ഇവ വേര്‍തിരിച്ച് മനസ്സിലാക്കികൊണ്ടേ പുതിയ കാലത്തെ അധിനിവേശ പ്രവര്‍ത്തനങ്ങളെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയൂ.
 ദേശീയ ചരിത്രത്തില്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്ന ഫാസിസ്റു ശക്തികള്‍ ഗുജാറത്തിന് ശേഷം പിന്നെ ഒറീസ്സയും സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്രഭരണകൂടം അമേരിക്കയുമായി ആണവകരാരില്‍ ഒപ്പിട്ടുകൊണ്ട് തങ്ങളുടെ ദാസ്യം രേഖപ്പെടുത്തി. ഇന്ന് അമേരിക്കന്‍ സെനറ്റില്‍ ആണവകരാരിന് അംഗീകാരം നല്‍കിയ ദിവസത്തിലാണ് താങ്കളുമായി ഈ അഭിമുഖം. ഒരു ചരിത്രകാരന്‍ ഭാവിയെ പ്രവചിക്കാന്‍ കെല്‍പ്പുള്ള ആളാണെന്നിരിക്കെ നമ്മുടെ ഭാവി ഏതുവിധമായിരിക്കും മുന്നോട്ടുപോകുക എന്നാണ് താങ്കള്‍ കരുതുന്നത്?
പണിക്കര്‍: ഇന്ത്യയുടെ കാര്യത്തില്‍ സംഘപരിവാര ശക്തികള്‍ ഏതെങ്കിലും തരത്തില്‍ ദേശീയ അധികാരം കൈപറ്റണം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുകയാണ്. 1992 കാലഘട്ടം മുതല്‍ 2002 ഗുജറാത്ത് സംഭവഗതികള്‍വരെ പരിശോധിച്ചാല്‍, ഇതുവരെ അവര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലൂടെ ഇന്ത്യയിലെ ഹിന്ദുജനവിഭാഗങ്ങളെ ഒരുമിപ്പിച്ച് തങ്ങളുടെ വോട്ട് ബാങ്കാക്കി മാറ്റാനാണ് ശ്രമിച്ചത്. അഖിലേന്ത്യാ തലത്തില്‍ ഹിന്ദു കണ്‍സോളിഡേഷന്‍ എന്നതാണ് അവരുടെ ലക്ഷ്യം. ഉത്തരേന്ത്യയില്‍ ഒരു പരിധിവരെ അവര്‍ക്കു മുന്നോട്ട് പോവാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ തെക്കെ ഇന്ത്യയിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തെക്കെ ഇന്ത്യയിലേക്ക് സ്വാധീനം വ്യാപിപ്പിച്ചാല്‍ മാത്രമേ അധികാരത്തിലേക്കുള്ള പ്രയാണം പൂര്‍ണ്ണ വിജയം കൈവരിക്കൂ എന്ന് അവര്‍ക്കു ബോധ്യമുണ്ട്. അതിനാലാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍. ബാബരി മസ്ജിദ്-ഗുജറാത്ത് കാലഘട്ടം പോലെ മുസ്ലിംകളെ ആക്രമിക്കുക ഇന്ന് അസാധ്യമാണ്. അതിന് തിരിച്ചടിയുണ്ടാവും എന്ന് അവര്‍ക്കറിയാം. അതിനാലാണ് രാഷ്ട്രീയമായി അത്ര സംഘടിതരല്ലാത്ത ക്രിസ്ത്യാനികള്‍ക്കെതിരെ ഒറീസയിലും മറ്റും ആക്രമണം നടന്നത്. 
കേരളത്തിലും ഇതു സംഭവിക്കാം. കേരളത്തില്‍ സമ്പന്നരായ ഒരു ക്രിസ്ത്യന്‍ മധ്യവര്‍ഗം ഉണ്ട്. ഇവരുമായി ഇതേ സാമ്പത്തികാവസ്ഥയില്‍ നിലകൊള്ളുന്ന ഹിന്ദു മധ്യവര്‍ഗത്തിന് വൈരുദ്ധ്യമുണ്ട്. ഇതുപയോഗിക്കാനുള്ള ശ്രമമാണ് സംഘപരിവാര ശക്തികള്‍ നടത്തുന്നത്്. ഇവര്‍ തമ്മിലുള്ള സാമ്പത്തിക വൈരത്തെ മൂര്‍ച്ചിപ്പിച്ച് വര്‍ഗ്ഗീയമായ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 
ആഗോളമായി ഉയര്‍ന്നുവരുന്ന സമ്പന്നമായൊരു മധ്യവര്‍ഗത്തിന്റെ ജീവിത നിലവാരത്തില്‍ എത്തിപ്പെടാന്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധ്യമല്ല. അതേസമയം, അമേരിക്ക ഉള്‍ക്കൊള്ളുന്ന സാമ്രാജ്യത്വ ശക്തികള്‍ മുന്നോട്ട് വെക്കുന്ന ആധുനിക വത്കരണത്തിന്റെ പങ്കുപറ്റാന്‍ കൊതി പൂണ്ടു നടക്കുന്ന ഈ മധ്യവര്‍ഗ്ഗം സാമ്രാജ്യത്വത്തിന് പിന്തുണ നല്‍കും. ഇന്ത്യയെ സാമ്രാജ്യത്വത്തിന്റെ ഒരു കോളനിയാക്കിമാറ്റാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഈ മധ്യവര്‍ഗ്ഗം കൂട്ടു നില്‍ക്കും. 
ഇന്ത്യയിലെ ഭരണ വര്‍ഗ്ഗമാകട്ടെ സാമ്രാജ്യത്വത്തിന്റെ പങ്കാളിയാവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ദ്രുതഗതിയിലുള്ള ആധുനികവത്കരണത്തിന് ഭരണകൂടം ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇതില്‍ പങ്കാളിയാവാന്‍ ഇന്ത്യയിലെ മധ്യവര്‍ഗ്ഗവും ശ്രമിക്കുന്നു. ഈ പറഞ്ഞ മൂന്നിന്റെയും ഒരു സമന്വയമാണ് വരും നാളുകളില്‍ നാം അഭിമുഖീകരിക്കുവാന്‍ പോകുന്നത്. സാമ്രാജ്യത്വവുമായും അതില്‍ പങ്കാളികളാവാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഭരണ വര്‍ഗ്ഗവുമായും സന്ധിചെയ്യാന്‍ വര്‍ഗ്ഗീയതയ്ക്ക് കഴിയും. അവര്‍ സാമ്രാജ്യത്വത്തെ തുണയ്ക്കും. സ്വാഭാവികമായും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലൂടെ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവിലൂടെ ഐക്യം ശക്തിപ്പെടുത്താനും അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തും. മറുവശത്ത് ഇതിനോടു പ്രതികരിച്ച് ന്യൂനപക്ഷ വര്‍ഗ്ഗീയതയും തീവ്രവാദ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടും. ഈ സാഹചര്യം തിരിച്ച് വീണ്ടും സാമ്രാജ്യത്വ ഇടപെടലിന് ശക്തിപകരും. ഇതെല്ലാം ചേര്‍ന്ന് ഇന്ത്യ ഒരു കോളനി രാജ്യമായി ശിഥിലമാകാനുള്ള സാധ്യതയാണ് നമ്മെ തുറിച്ച് നോക്കുന്നത്. 

No comments:

Post a Comment