Friday, September 7, 2012



സെക്കുലറിസം
പാഠങ്ങള്‍, പാഠഭേദങ്ങള്‍

ഡോക്ടറേറ്റിനായുള്ള  പ്രബന്ധത്തില്‍ തന്നെ മാര്‍ക്സ് മതത്തെക്കുറിച്ച് തന്റെ നിലപാട് അവതരിപ്പിക്കുന്നുണ്ട്. തലതിരിഞ്ഞ ഒരു ലോകാവബോധത്തിന്റെ എന്‍സൈക്ളോപീഡിക് കോംപണ്ടിയം എന്നാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അത് യുക്തിയുടെ ജനപ്രിയമായ രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തത്വചിന്താപരവും രാഷ്ട്രീയവുമായ മതത്തിന്റെ പങ്ക് അദ്ദേഹത്തിന്റെ ജൂതപ്രശ്നത്തെക്കുറിച്ച് എന്ന കൃതിയിലും കാണാം. ഒരു മതാധിപത്യ ഭരണകൂടം യഥാര്‍ത്ഥത്തില്‍ മതത്തിന്റെ തന്നെ തത്വചിന്താപരമായ വളര്‍ച്ചക്കു വിഘാതമാണെന്നു മാര്‍ക്സ് കരുതി. മതം അതിന്റെ തത്വചിന്താപരമായ ധര്‍മ്മം നിറവേറ്റപ്പെടുന്നത് ഒരു സെക്കുലര്‍ ഭരണകൂടത്തിനു കീഴിലായിരിക്കുമെന്നും മാര്‍ക്സ് ചൂണ്ടിക്കാണിച്ചു. മതാവബോധത്തില്‍ നിന്നും അതു സമ്മാനിക്കുന്ന ശൈശവസഹജമായ യുക്തിയില്‍ നിന്നും മനുഷ്യന്‍ വിമോചിക്കപ്പെടുന്നതിന് രാഷ്ട്രീയ വിമോചനമാണ് മുന്നുപാദിയെന്നും മാര്‍ക്സ് ഉപദര്‍ശിച്ചു. മാര്‍ക്സിസ്റ്റുകള്‍ പലരും മാര്‍ക്സിന്റെ പ്രസിദ്ധമായ പ്രസ്താവമായ \'മതം സമൂഹത്തിനെ മയക്കുന്ന കറുപ്പാണ്\' എന്ന പ്രസ്താവത്തെ അതിന്റെ തത്വചിന്താപരമായ അര്‍ത്ഥത്തിലല്ല, മറിച്ച് നെഗറ്റീവ് ആയ മാനത്തിലാണ് ഉള്‍ക്കൊണ്ടത്. ഇത് പലപ്പോഴും മതം സമൂഹത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് യാന്ത്രികമായ വ്യാഖ്യാനത്തിനും പ്രയോഗത്തിനുമാണ് ഇടയാക്കിയത്. യഥാര്‍ത്ഥത്തില്‍ മതത്തിന്റെ വിമര്‍ശം മാര്‍ക്സിന്റെ പദ്ധതിയില്‍ വലിയ സ്ഥാനം ലഭിച്ച ഒന്നല്ല. മറിച്ച് മതത്തെക്കുറിച്ചുള്ള നല്ല വിമര്‍ശം ബൂര്‍ഷ്വാസി തന്നെ ഫലപ്രദമായി നിറവേറ്റിയിട്ടുണ്ടെന്ന് അദ്ദേഹം കരുതി. എന്നാല്‍ ഇത് യൂറോപ്യന്‍ ബൂര്‍ഷ്വാ സാഹചര്യത്തില്‍ നിന്നുള്ള സമീപനമായിരുന്നു. കൊളോണിയല്‍യുക്തി മൂന്നാംലോക സമൂഹങ്ങളില്‍ നടത്തിയ തീര്‍ത്തും വ്യത്യസ്തമായ പ്രയോഗങ്ങളെ സ്വാഭാവികമായും ഈ സമീപനം കണക്കിലെടുക്കുന്നില്ല. ഇന്ത്യയെയും മറ്റ് മൂന്നാലോക സാഹചര്യങ്ങളെയും സംബന്ധിച്ചിടത്തോളം ഈ ദൌത്യം പൂര്‍ത്തിയാക്കുന്നതില്‍ കൊളോണിയല്‍ ബൂര്‍ഷ്വാസി വിമുഖതയാണു കാണിച്ചത് എന്നു മാത്രമല്ല, മത സമൂഹങ്ങളെ കൊളോണിയല്‍ യുക്തി സവിശേഷമായ നിലയിലാണു കൈകാര്യം ചെയ്തത് എന്നു കാണാം. പലപ്പോഴും ആധുനികമായ അര്‍ത്ഥത്തിലുള്ള വര്‍ഗീയതക്കും പുനരുത്ഥാനവാദത്തിനും പ്രേരണയും പ്രചോദനവുമായാണ് കൊളോണിയലിസം പ്രവര്‍ത്തിച്ചത്. സങ്കീര്‍ണ്ണമായ ഈ പരിതസ്ഥിതിയെ നേരിട്ടുകൊണ്ടേ സെക്കുലറിസത്തെക്കുറിച്ചുള്ള ഒരു കിഴക്കന്‍ പരിപ്രേക്ഷ്യം സാധ്യമാകൂ. എന്നാല്‍ മതത്തെ ബൂര്‍ഷ്വാ യുക്തിവാദത്തിന്റെ തലത്തില്‍ നിന്ന് നോക്കികാണുക വഴി യൂറോപ്പിന്റെ മാതൃകകളെ അപ്പടി പിന്‍പറ്റുന്ന നിലയിലേക്ക് മൂന്നാംലോക മാര്‍കസ്സിസ്റ്റുകള്‍ വഴിമാറി.  അതുവഴി മാര്‍ക്സ് മുന്നോട്ടു വെച്ച മതത്തിന്റെ തത്വചിന്താപരവും രാഷ്ട്രീയവുമായ  ജൈവവിമര്‍ശം സാധ്യമാക്കാനും അവര്‍ക്കു കഴിയാതെ പോയി. മതത്തെയും ജാതിയെയും സംബന്ധിച്ച ഉപരിഘടനാസംബന്ധിയായ അന്വേഷണങ്ങള്‍ ഇത് വളരെ ഉപരിപ്ളവമാക്കിത്തീര്‍ത്തു. കൊളോണിയല്‍ പരിതസ്ഥിയോട് ഏറ്റുമുട്ടിക്കൊണ്ട് തങ്ങളുടെ ബൌദ്ധികത വികസിപ്പിച്ചെടുത്ത ബുദ്ധിജീവികളാണ് സെക്കുലറിസത്തെ ഇപ്രകാരം ഒരു കൊളോണിയല്‍ അനന്തര സംസ്കൃതിയുടെ സങ്കീര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. കെ എന്‍ പണിക്കരുടെ ഈ തലത്തിലുള്ള പരിശ്രമങ്ങള്‍ ഒരു മൂന്നാംലോക ധൈഷണിക വ്യക്തിത്വത്തിന്റെ ഈ തലത്തിലുള്ള ഇടപെടലായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഈ വഴിയില്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങളുടെ പരിഛേദമാണ് ഇവിടെ സമാഹരിച്ച ഈ ഗ്രന്ഥം. 


രണ്ട്

ബൂര്‍ഷ്വാസി ഉദ്ഘാടനം ചെയ്ത മറ്റെല്ലാ ആധുനിക പരിപ്രേക്ഷ്യങ്ങളെപ്പോലെ സെക്കുലറിസവും അതിന്റെ രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാംലോകത്തെ സംബന്ധിച്ചിടത്തോളം ഒരു കൊളോണിയല്‍ ആധുനികതയുടെ ഭാഗമായിരുന്നു. ആധുനികതയുടെയും ജ്ഞാനോദയത്തിന്റെയും സെക്കുലറിസത്തിന്റെയു ചിന്തകളും, അവ സാധമാക്കിയ ഹ്യൂം, കാന്റ്, ഹെഗല്‍, ബെന്താം, മില്‍ എന്നിവരുടെ വിപുലീകരണങ്ങളും എല്ലാം, ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടൊപ്പം ഇന്ത്യയില്‍ വ്യാപരിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പടിഞ്ഞാറിനെ അഭിമുഖീകരിക്കാതെ ഒരാധുനികതയെക്കുറിച്ചോ, ഒരു സെക്കുലര്‍ പരിപ്രേക്ഷ്യത്തെക്കുറിച്ചോ നമുക്കു ചിന്തിക്കാനാവില്ല. ആധുനിതയുടെ കൊളോണിയല്‍ ചാര്‍ച്ചകളോട് കണക്കു തീര്‍ത്തുകൊണ്ടേ സെക്കുലറിസത്തെക്കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകള്‍ തന്നെ ആരംഭിക്കാനാവൂ. പടിഞ്ഞാറും കിഴക്കും തമ്മിലുള്ള ഈ കൊള്ള കൊടുക്കലിലൂടെ സെക്കുലറിസം അനിവാര്യമാകുന്ന സന്ദര്‍ഭത്തെക്കുറിച്ചും അത് ഒരു സങ്കല്‍പനമായ വികസിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഉള്ള  ചിന്തകള്‍ക്ക് പ്രസക്തി കൈവരുന്നു. പലപ്പോഴും ഭരണകൂടവുമായി ബന്ധപ്പെട്ടാണ് സെക്കുലറിസം എന്ന സങ്കല്‍പനം കടന്നു വരുന്നത്. കാരണം ബൂര്‍ഷ്വാ സാമ്പത്തിക ഘടനയുടെ ദേശ ഭരണകൂട നിര്‍മ്മിതിയുമായി ബന്ധപ്പെട്ടാണ് സെക്കുലറിസം ഒരു പ്രത്യയശാസ്ത്രമായി കടന്നു വരുന്നത്. അതിനാല്‍ തന്നെ മുതലാളിത്തം കൊളോണിയല്‍ ആയി പരിവര്‍ത്തിക്കപ്പെട്ട സാഹചര്യത്തില്‍ ബൂര്‍ഷ്വാ മുന്നോട്ടു വെക്കുന്ന എല്ലാ ആധുനികവല്‍ക്കരണ പദ്ധതിയെയും വിമര്‍ശനാത്മകമായി മാത്രമേ നമുക്ക് സമീപിക്കാനാവൂ എന്നു വരുന്നു. ഭരണകൂടങ്ങളാല്‍ വ്യാപരിക്കപ്പെടുന്ന ഒരു പ്രത്യയശാസ്ത്രം എന്നതില്‍ കവിഞ്ഞ്, കിഴക്കിന്റെ കാഴ്ചകളില്‍ സെക്കുലറിസം ഒരു പുത്തന്‍  പ്രമേയവല്‍ക്കരണത്തിനും സങ്കല്‍പ രൂപീകരണത്തിനുമുള്ള സാധ്യത്  മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഒരു മൂന്നാം ലോക പരിപ്രേക്ഷ്യത്തില്‍ നിന്നുള്ള സമീപംന സെക്കുലറിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അര്‍ത്ഥങ്ങളേക്കാള്‍ അതിന്റെ സങ്കല്‍പനപരമായ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

മൂന്ന്

ഇത്തരമൊരു സങ്കല്‍പനത്തിന്റെ രൂപീകരണ സാഹചര്യം എന്തുകൊണ്ടാണ് ഇന്നും പ്രസക്താമകുന്നത്.  ഇന്നു നാം സെക്കുലറിസത്തെക്കുറിച്ച് ചിന്തിക്കുന്നത്, വര്‍ഗീയത എന്ന പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ്. തീര്‍ച്ചയായും അതു പഴയ അര്‍ത്ഥത്തിലുള്ള വര്‍ഗീയതയല്ല. കൊളോണിയലിസത്തിന്റെ ഇരട്ടപെറ്റ സന്തതിയായ പുനരുത്ഥാനവാദവുമായ ബന്ധപ്പെട്ടാണ് സെക്കുലറിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നത്. സെക്കുലര്‍-കമ്മ്യൂണല്‍  എന്ന ദ്വന്ദാത്മകതയെക്കുറിച്ച് സംസാരിച്ചുകൊണ്ടേ, സെക്കുലറൈസേഷന്‍ പ്രക്രിയയുടെ  ഒരു ചരിത്രവും  സങ്കല്‍പവും  പ്രയോഗ പന്ഥാവും നമുക്ക് രൂപപ്പെടുത്താനാവൂ. സെക്കുലറിസം പരാജയപ്പെട്ട പുറമ്പോക്കുകളില്‍ നിന്നാണ് അതിന്റെ പ്രസക്തിയെക്കുറിച്ചു തന്നെയുള്ള ചര്‍ച്ച ഇന്നു സാധ്യമാകുന്നത്. കൊളോണിയല്‍ ആധുനികതാ പദ്ധതി എന്ന വിമര്‍ശത്തില്‍ നിന്ന് സെക്കുലര്‍ സങ്കല്‍പത്തെ രക്ഷിച്ചെടുത്തുകൊണ്ടാവണം സെക്കുലറിസത്തെക്കുറിച്ച് ഒരു സങ്കല്‍പനം രൂപികരിക്കപ്പെടേണ്ടത്. മതത്തെക്കുറിച്ചും ഭരണകൂടവുമായി അതിന്റെ ബന്ധത്തെസംബന്ധിച്ചും ഉള്ള ചര്‍ച്ചകളേക്കാളേറെ സാമൂഹ്യജീവിതത്തില്‍ സെക്കുലറിസം ഒരു സാംസ്കാരിക നിര്‍മ്മിതിയായി മാറുന്നതു സംബന്ധിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യേണ്ടത്. അതുകൊണ്ടാണ് കിഴക്കിന്റെ സവിശേഷ സാഹചര്യത്തില്‍ നിന്നുള്ള ഒരു സെക്കുലര്‍ സങ്കല്‍പനത്തിനായി നാം പരിശ്രമിക്കണം എന്ന വാദഗതി മുന്നോട്ടുവെയ്ക്കേണ്ടി വരുന്നത്. സെക്കുലറിസത്തെ സംബന്ധിച്ച് മന:ശാസ്ത്രപരവും  സാമൂഹ്യശാസ്ത്രപരവുമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മുന്നോട്ടു വെക്കപ്പെട്ട വിമര്‍ശങ്ങളെ പരിഗണിച്ചുകൊണ്ടേ ഈ ചര്‍ച്ചകള്‍ ഇന്ന് സാധ്യമാകൂ. സെക്കുലര്‍ പരാജയങ്ങളില്‍ നിന്നു വേണം നമുക്ക് ആരംഭിക്കാന്‍ എന്നര്‍ത്ഥം. അതു ഒരു ഒരു ആശയം എന്ന നിലയിലും ഒരു സങ്കല്‍പം എന്ന നിലയിലും സെക്കുലറിസത്തെ നോക്കിക്കാണാന്‍ നമുക്ക് അവസരം തരുന്നു. പടിഞ്ഞാറ് മുന്നോട്ട് വെച്ച സെക്കുലര്‍ ആധുനികവല്‍ക്കരണത്തിന്റെ പരാജയങ്ങളില്‍ നിന്നും വര്‍ഗീയതയെയും പുനരുത്ഥാനവാദത്തെയും ഫാഷിസ്റ്റ് തരംഗങ്ങളെയും നേരിടുന്നതില്‍ സെക്കുലര്‍ പദ്ധതി നേരിട്ട പതനത്തില്‍ നിന്നും വേണം നമ്മുടെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍. അതൊരു പക്ഷേ പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ പരാജയം എന്നു നാം സമ്മതിക്കുകയാണെങ്കില്‍ ഒരു മൂന്നാം ലോക സെക്കുലര്‍ സാഹചര്യത്തെയും സങ്കല്‍പത്തെയും സംബന്ധിച്ച്  ആശയ സമാഹരണം നമുക്ക് സാധ്യമാകും. സെക്കുലറിസം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അത് പുതുജീവന്‍ നല്‍കും.  ഒരു ആശയം, ഒരു ആദര്‍ശം, ഒരു മോഡാലിറ്റി, ഒരു സാംസ്കാരിക നിര്‍മ്മിതി എന്ന നിലയില്‍ സെക്കുലറിസം കിഴക്കിന്റെ കാഴ്ചപ്പാടില്‍ നിന്ന് രൂപപ്പെട്ടു വരേണ്ടുന്ന ഒന്നാണെന്നര്‍ത്ഥം.  പ്രഖ്യാപിത സെക്കുലറിസ്റ്റുകളുടെ കാഴ്ചകളുടെപ്പോലും വര്‍ഗീയയുക്തിയുടെ തിമിരം ഗ്രസിക്കുന്ന വര്‍ത്തമാനത്തില്‍  ഇത്തരമൊരു സംവാദസാധ്യതയാണ് നാം തുറന്നിടേണ്ടത്. 

No comments:

Post a Comment