Friday, September 7, 2012


വിഴിഞ്ഞം രേഖകള്‍
പി പി ഷാനവാസ്

ഒരിക്കല്‍ വേണാടിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. എഡി എട്ടാം നൂറ്റാണ്ടു മുതല്‍ വ്യക്തമായ ചരിത്രമുള്ള വിഴിഞ്ഞം, ചരിത്രാതീത കാലം മുതല്‍തന്നെ വൈദേശിക ബന്ധങ്ങളുടെയും ആഭ്യന്തര പടയോട്ടങ്ങളുടെയും ജീവിതസ്മൃതികള്‍ പേറുന്നതാണ്. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഈ കടലോരപ്രദേശത്ത്, അടുത്തിടെ കേരള സര്‍വ്വകലാശാലയുടെ പുരാവസ്തുവകുപ്പ് സംഘം നടത്തിയ ഉദ്ഖനനത്തില്‍, എട്ടാം നൂറ്റാണ്ടില്‍ അവിടെ നില നിന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി, വിഴിഞ്ഞത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന ഉത്ഖനനങ്ങളിലൂടെ പൌരാണിക റോമന്‍ സാമ്രാജ്യവുമായും പശ്ചിമേഷ്യയുമായും വിഴിഞ്ഞത്തിനുണ്ടായിരുന്ന സമ്പര്‍ക്കങ്ങളുടെ പുരാവസ്തു തെളിവുകള്‍ കണ്ടുകിട്ടി. വിഴിഞ്ഞം ഉദ്ഖനനത്തില്‍ നിന്നു കിട്ടിയ ഇരുമ്പച്ചുകളുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഇരുമ്പുരുക്കു വ്യവസായത്തിന്റെ കേന്ദ്രമായിരുന്നു എന്ന വസ്തുതയിലേക്കും വിരല്‍ ചൂണ്ടുന്നു. റോമിലേക്ക് പടക്കോപ്പുകള്‍ ഇവിടെ നിന്ന് കയറ്റുമതി ചെയ്തതിനുള്ള സൂചനകള്‍ പോലുമാകാം ഇതെന്ന് കേരള സര്‍വ്വകലാശാല പുരാവസ്തുവിഭാഗത്തിലെ ഡോ. ടി അജിത് കുമാര്‍ പറയുന്നു. ഗ്രീക്ക്-റോമന്‍ രേഖകളില്‍ പരാമര്‍ശിക്കുന്ന, ബലിത്ത അല്ലെങ്കില്‍ ബ്ളിന്‍ക എന്ന തുറമുഖം വിഴിഞ്ഞമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മുത്തും പവിഴവും ലഭിച്ചിരുന്ന ഇവിടുത്തെ കടല്‍, പൌരാണിക കാലം മുതല്‍, ഇവയുടെയും, മറ്റു കടല്‍ ഉല്‍പന്നങ്ങളുടെയും കേരളീയ കാര്‍ഷികോല്‍പന്നങ്ങളുടെയും കയറ്റുമതി കേന്ദ്രമായിരുന്നു. 
ആധുനിക കാലത്ത്, പോര്‍ച്ചുഗീസ് അധിനിവേശം കേരളത്തില്‍ എല്ലായിടത്തുമെന്ന പോലെ, ഇവിടെയും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പണ്ട് ജൈന-ശൈവ-വൈഷ്ണവ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് വിഴിഞ്ഞം വേദിയായെങ്കില്‍, ഇന്ന് കൃസ്ത്യന്‍-മുസ്ലിം മീന്‍പിടിത്ത സമൂഹങ്ങള്‍ തമ്മിലുള്ള ഒരു സംഘര്‍ഷസ്ഥലിയായി വിഴിഞ്ഞം പരിണമിച്ചിരിക്കുന്നു. അതേസമയം, ഈഴവര്‍, സ്വര്‍ണ്ണപണിക്കാര്‍, നാടാര്‍ കര്‍ഷകര്‍ എന്നിവരെല്ലാം വിഴിഞ്ഞത്തിന്റെ ചുറ്റുവട്ടത്ത് അധിവസിക്കുന്നു. ഇവരെല്ലാം പൌരാണികകാലത്ത് തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരികയും കുടിയേറുകയും ചെയ്ത കൈത്തൊഴില്‍കാരുടെയും കര്‍ഷകരുടെയും പിന്മുറക്കാരാണ് എന്നാണ് അനുമാനിക്കപ്പെടുന്നത്. വിഴിഞ്ഞം ഇന്ന് ഒരു വലിയ തുറമുഖ പദ്ധതിക്കായി നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുകയാണ്. വരും വര്‍ഷങ്ങളില്‍ വിഴിഞ്ഞത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയായിരിക്കും ഇത്. വിഴിഞ്ഞത്തെ കടലിന് വലിയ പ്രത്യേകതകളുണ്ട്. നീണ്ടകര മുതല്‍ വിഴിഞ്ഞം വരെയുള്ള കടല്‍ പ്രക്ഷ്ബ്ധമാകുന്ന സമയത്തു പോലും, വിഴിഞ്ഞത്തെ കായല്‍ ജലം പോലെ ഉള്ളിലേക്കു തള്ളിനില്‍ക്കുന്ന അര്‍ധ ചന്ദ്രാകാര സമുദ്രപ്പരപ്പ് ശാന്തമായിരിക്കും. അതുകൊണ്ട് വര്‍ഷം മുഴുവന്‍ മീന്‍പിടിത്തത്തിന്റെ കേന്ദ്രമായി വിഴിഞ്ഞം നിലകൊള്ളുന്നു. 

സുനില്‍ ഗംഗാധരന്റെ വിഴിഞ്ഞം

വിഴിഞ്ഞത്ത് ഉറങ്ങുന്ന ഈ ചരിത്രവും, അവിടെ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സജീവമായ മാനുഷിക പ്രവര്‍ത്തനവും, അതിലുപരി കടലോരത്തെ സംഘര്‍ഷസ്ഥലി എന്ന കുപ്രസിദ്ധിയും ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു. സര്‍വ്വോപരി നൌകകളും വള്ളങ്ങളും ബോട്ടുകളും യാനങ്ങളും നിറഞ്ഞ് സദാ നിറം മാറുന്ന കടലിന്റെ ഭാവവും ചേര്‍ന്ന് പ്രകൃതിയുടെ ലീലാവിലാസത്തിനും സൌകുമാര്യത്തിനും വേദിയാണ് വിഴിഞ്ഞം. അതിനാല്‍ തന്നെ സുനില്‍കുമാര്‍ ഗംഗാധരനെ സംബന്ധിച്ചിടത്തോളം, തന്റെ പതിറ്റാണ്ടുകള്‍ നീണ്ട കലാപ്രവര്‍ത്തനത്തിനിടയില്‍, വിഴിഞ്ഞം സ്വയം വരയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒരു ഭൂഭാഗം ആയിത്തീരുകയായിരുന്നു. വിഴിഞ്ഞത്തെ കടലും കടലോരവും, നൌകകളും വഞ്ചികളും മീന്‍പിടിത്ത പേടകങ്ങളും  പരന്നു കിടിക്കുന്ന ദൃശ്യസമ്പന്നതയും, അവിടുത്തെ മാനുഷിക പ്രവൃത്തനത്തിന്റെ നിലക്കാത്ത ഊര്‍ജ്ജവും, ഏതു സംഘര്‍ഷത്തിനിടയിലും വിജിഗീഷുവായ ജീവിതത്തിന്റെ ആഘോഷവും, ഹിംസാത്കമതയുമെല്ലാം പ്രമേയമാക്കിയ ഏതാനും ഡ്രോയിങുകളും ജലഛായാചിത്രങ്ങളും സുനില്‍ പണിതീര്‍ത്തിട്ടുണ്ട്. കോവളം ജങ്ഷനില്‍ തന്റെ വീടിനോടു ചേര്‍ന്ന് ആരംഭിച്ച ഗാലറി-സ്റ്റുഡിയോ-കഫേയില്‍ (ജംങ്ഷന്‍ ആര്‍ട് ഗാലറി) ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അടിസ്ഥാനപരമായി ശില്‍പിയായ സുനില്‍ ഗംഗാധരന്റെ ഈസോഗ്രാഫ് പേന (സിവില്‍ ഡ്രാഫ്റ്റ്മാന്‍മാര്‍ മാപ്പിങ്ങിന് ഉപയോഗിക്കുന്ന പേന) കൊണ്ടുള്ള ഈ ഡ്രോയിങുകള്‍ വിഴിഞ്ഞത്തിന്റെ സമകാലീനമായ ഒരു 'ഭാവനാരേഖ' എന്ന നിലയില്‍ കേരളത്തിന്റെ കലാചരിത്രത്തിന് സവിശേഷമായ ഒരു സംഭാവനയാണ്. 
പലപ്പോഴും ചിത്രകാരന്റെ പെന്‍സില്‍ തുമ്പും ബ്രഷ് സ്ട്രോക്കുകളും വര്‍ത്തമാനത്തില്‍ നിന്നാണ് ചിത്രീകരണത്തിനുള്ള ദൃശ്യവസ്തുക്കള്‍ കണ്ടെത്തുന്നതെങ്കിലും, അതിന് മനുഷ്യമനസ്സിന്റെ പ്രകൃതിയെയും അബോധത്തെയും ആര്‍ക്കിയോളജിക്കല്‍ ഭൂതത്തേയും ആവിഷ്കരിക്കാനാകും. അടുത്ത കാലത്ത് എന്‍ എന്‍ റിംസന്റെ കേരളീയ ഭൂതഭൂപ്രദേശങ്ങള്‍ ആവിഷ്കരിച്ച ഡ്രോയിങുകള്‍ ഇപ്രകാരം ആര്‍ക്കിയോളജിക്കലായ മൂല്യമുള്ളതായിരുന്നു. വിഴിഞ്ഞത്തിന്റെ സമുദ്രപ്പരപ്പിന്റെ സുനില്‍ ഗംഗാധരന്റെ ഡ്രോയിങുകള്‍, കടലും അതിന്റെ സവിശേഷ പ്രകൃതിയുമാണ്, പ്രത്യക്ഷത്തില്‍ അദ്ദേഹത്തെ വരയ്ക്കാന്‍ പ്രേരിപ്പിച്ചതെങ്കിലും, വിഴിഞ്ഞത്ത് തുടിക്കുകയും വലിഞ്ഞുമുറുകി നിലകൊള്ളുകയും ചെയ്യുന്ന ജീവിതം മാത്രമല്ല, ആ പ്രദേശത്തിന്റെ ഉള്ളടരുകളില്‍ ഉറങ്ങിക്കിടക്കുന്ന ചരിത്രഭൂതത്തിന്റെ അബോധവും, സുനിലിനെ തന്റെ ഭാഗധേയത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ടാകാം. അങ്ങിനെ വിഴിഞ്ഞത്തെ വര്‍ത്തമാനത്തിനുമേല്‍ ഭാവനയിലൂടെ സുനില്‍ ഗംഗാധരന്‍ നടത്തിയ ആവിഷ്കാരങ്ങള്‍, ഭൂതാബോധത്തിന്റെ സജീവതയും സാന്ദ്രതയും ഏറ്റുവാങ്ങുന്നു. എന്നാല്‍, ഈ ഡ്രോയിങുകള്‍ വിഴിഞ്ഞത്തിന്റെ മറഞ്ഞുകിടക്കുന്ന ചരിത്രത്തേക്കാള്‍ വര്‍ത്തമാനത്തില്‍ നിന്നാണ്് മോട്ടീഫുകള്‍ കണ്ടെത്തിയിരിക്കുന്നത്. രേഖീയമായ ഉള്ളടക്കം കൊണ്ട് പലപ്പോഴും വിഴിഞ്ഞത്തിന്റെ ഒരു ഉപരിതലകാഴ്ചയുടെ വിഗഹവീക്ഷണവും വിശാലതയും സമ്പന്നതയുമാണ് ഇവ നല്‍കുന്നത്. 
വിഴിഞ്ഞത്തെ പല കോണുകളില്‍ നിന്ന് നോക്കിക്കാണുന്ന ഈ ഡ്രോയിങുകള്‍, രാത്രിയും പകലും, പ്രഭാതത്തിലും പ്രദോഷത്തിലും എല്ലാം, വെളിച്ചത്തിന്റെ വിവിധ വേഴ്ചകളില്‍ വിഴിഞ്ഞത്തെ പകര്‍ത്തിയതാണ്.  തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിന്റെ പുഷ്കല കാലത്താണ് അവിടെ സുനില്‍ ചിത്ര-ശില്‍പ കലയില്‍ ബിരുദ പഠനം നടത്തിയത്. കാനായി കുഞ്ഞിരാമനും റിംസനും ആര്‍ നന്ദകുമാറും രാജയും അധ്യാപകരും വിദ്യാര്‍ഥികളുമായി  സജീവമായിരുന്ന എഴുപതുകളും എണ്‍പതുകളും. ശില്‍പത്തിലാണ് സുനില്‍ അക്കാദമിക പഠനം നടത്തിയതെങ്കിലും, ഡ്രോയിങ് സുനിലിന്റെ ഇഷ്ടപ്പെട്ട മാധ്യമായിരുന്നുവെന്ന് വിഴിഞ്ഞം ഡ്രോയിങുകളെക്കുറിച്ച് എഴുതിയ കലാനിരൂപകന്‍ ആര്‍ നന്ദകുമാര്‍ ഓര്‍ക്കുന്നു. വിഴിഞ്ഞത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കൊണ്ടു പോകുന്ന വലിയ ലോറികളിലെ മുട്ടന്‍കല്ലുകളുടെ ഓര്‍മ്മ, സുനിലിന്റെ കുട്ടിക്കാലത്തിന്റേതാണ്. വൃത്തഹീനമായ കടല്‍ത്തീരം കണ്ടുണരുന്ന ഇവിടുത്തെ മനുഷ്യരില്‍ വയലന്‍സ് കുടിവെയ്ക്കുന്നത് സ്വാഭാവികമാണെന്ന് സുനില്‍ പറയുന്നു. എന്നാല്‍ അധ്വാനത്തോടുള്ള ഇവിടുത്തെ മനുഷ്യരുടെ അഭിനിവേശം അമ്പരപ്പിക്കുന്നതാണെന്ന് സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഡ്രോയിങുകള്‍, വളരെ സ്വകാര്യവും വ്യക്തിപരവുമായ വികാരഭാവങ്ങളെയും ചിന്തകളെയും ആവിഷ്കരിക്കാനുതകുന്ന മാധ്യമമാണ്. അതിനാല്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുകയും നിരന്തരം അലട്ടുകയും ചെയ്യുന്ന ദൃശ്യവസ്തുതകള്‍ ഇപ്രകാരം ഡ്രോയിങുകളില്‍ ആവിഷ്കരിക്കുന്നത,് അങ്ങിനെ ഒരു വ്യക്തിചരിത്രം എന്നപോലെ, പ്രദേശത്തിന്റെയും കാലത്തിന്റെയും രേഖയും തീര്‍ക്കുന്നു.
വാന്‍ഗോഗിനും മറ്റുമൊപ്പം, പാരീസില്‍ ചിത്രകലയുടെ പോസ്റ്റ് ഇപ്രംഷണലിസ്റ്റ് യുഗം രചിച്ച പോള്‍ ഗോഗിന്‍, വിഴിഞ്ഞം സന്ദര്‍ശിച്ചിട്ടുണ്ട് എന്നൊരു നിഗമനം നിലനില്‍ക്കുന്നുണ്ട്. വിഴിഞ്ഞത്തെ സായാഹ്നങ്ങളില്‍ ജോലികഴിഞ്ഞെത്തുന്ന പെണ്ണുങ്ങള്‍ വെടിപറഞ്ഞും ഗോസിപ്പുകള്‍ കൈമാറിയും പൊതുവിവരങ്ങളും സ്വകാര്യതയും പങ്കുവെച്ചും, നടത്തുന്ന ജലക്രീഡ സുനില്‍ വരയ്ച്ചിട്ടുണ്ട്. പോള്‍ ഗോഗിന്റെ പ്രസിദ്ധമായ ജലക്രീഡയെ പിന്തുടരുന്ന ഈ ഡ്രോയിങ്, അതേസമയം ഒട്ടും ഈറോടിസം ഇല്ലാതെ, വിഴിഞ്ഞത്തെ മനുഷ്യരുടെ ജീവിതവൃത്തിയെ ആഖ്യാനം ചെയ്യുന്നതാണ്. തന്റെ അമ്മയുടെയും ഭാര്യയുടേയും കവി അയ്യപ്പന്റെയും മറ്റു സുഹൃത്തുകളുടെയും  ഡ്രോയിങുകളും വാട്ടര്‍കളറുും സുനില്‍ രചിച്ചിട്ടുണ്ട്. ഇതില്‍ അമ്മയുടെയും അയ്യപ്പന്റെയും ഡ്രോയിങുകളുടെ സവിശേഷതകളെ നന്ദകുമാര്‍ വിശകലനം ചെയ്യുന്നുണ്ട്. അയ്യപ്പന്‍ പ്രതിനിധീകരിച്ച കാലത്തെ അസ്തിത്വപ്രശ്നവും ശൂന്യതയും കവിയുടെ ഒരു ഇരിപ്പിന്റെ ഡ്രോയിങില്‍ സുനില്‍ ആവിഷ്കരിക്കുന്നു. സെറ്റയ്ന്റ് ഗ്ളാസ് പെയിന്റുങ്ങളായിരുന്നു സുനിലിന്റെ ഒരു കാലത്തെ പ്രവര്‍ത്തന രംഗം. പട്ടം പാലസ്, കോവളത്തെ ഹോട്ടല്‍ സിന്ദൂര്‍, കോവളത്തെ രാജാ ഹോട്ടല്‍, നിരവധി വീടുകള്‍ എന്നിവിടങ്ങളിലെല്ലാം,  സൂര്യന്റെ വെളിച്ചമേറ്റ് വിശുദ്ധിയുടെ സൌന്ദര്യാനുഭവങ്ങള്‍ തീര്‍ക്കുന്ന സ്റ്റെയിന്‍ ഗ്ളാസ് സൃഷ്ടികള്‍ സുനില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കോവളത്തെയും  വര്‍ക്കലയിലെയും ഹോട്ടലുകളില്‍ സുനിലിന്റെ വിഴിഞ്ഞം ഡ്രോയിങുകളില്‍ ഏതാനും ചിലവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 
വിഴിഞ്ഞത്തെ സാമാന്യം സമ്പന്നമായിരുന്ന ഒരു തറവാട്ടിലെ അംഗമാണ് സുനില്‍. തന്റെ കുടുംബത്തിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ സുനില്‍ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. കോവളത്തെ തദ്ദേശീയ പ്രമാണിമാരുടെ വേശ്യാലയ നടത്തിപ്പ് അടക്കമുള്ള സാമുഹ്യ വിപത്തുകളെ എതിര്‍ത്തു തോല്‍പിക്കാന്‍, സുനിലിന്റെ കുടുംബത്തിലെ പുരോഗമനേഛുകള്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്്. അറുപതുകളില്‍ ഹിപ്പികള്‍ കണ്ടെത്തിയ കോവളം സുനിലിന്റെ കുട്ടിക്കാലത്തെ വിസ്മയമായിരുന്നു. നേരത്തെ 'കോണ്‍ട്രാ ഇമേജ്' എന്ന ഗാലറി നടത്തിയിരുന്നു. എം വി ദേവന്‍ ഡിസൈന്‍ ചെയ്ത ആ ഗാലറി ഒരുകാലത്ത് തിരുവനന്തപുരത്തെ കലാപ്രവര്‍ത്തകരുടെ നിരവധി കൂട്ടായ്മകള്‍ക്ക് വേദിയായി. ആ ഗാലറിയുടെ പ്രവര്‍ത്തനം നിലച്ചതോടെ, സുനില്‍ സ്വയം ഡിസൈന്‍ ചെയ്ത മനോഹമായ ഒരു ഗാലറി ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങി. 'ജങ്ഷന്‍ ആര്‍ട് ഗാലറി'യില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് സംഭാവന ചെയ്ത കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനങ്ങള്‍ നടന്നു വരുന്നു. ചോളമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായ ഒരു പാരമ്പര്യം സൃഷ്ടിക്കുന്നതില്‍ ഈ കലാകാരന്മാരുടെ സംഭാവനയെ അടയാളപ്പെടുത്തുകയാണ് ഇതിലൂടെയെന്ന് സുനില്‍ പറയുന്നു. കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്ത ഗാലറി ഇതിനികം സജീവമായ ചുവടുവെയ്പുകള്‍ നടത്തി. രാജ്യാന്തര പ്രശസ്തരും അന്താരാഷ്ട്രാ ശ്രദ്ധേയരുമായ ഒട്ടനവധി കലാകാരന്മാരുടെ സൃഷ്ടികള്‍ ഇതിനകം ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചു. സുനലിന്റെ വിലാസം: ഴമഹഹല്യൃബൌിശഹഴ@്യമവീീ.രീ.ശി 

No comments:

Post a Comment