Friday, September 7, 2012


1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ പൈതൃകം തേടി
ഒരു ചുവന്ന സൂര്യന്റെ ഓര്‍മ
ചരിത്രകാരന്‍ കെ എന്‍ പണിക്കരുമായി അഭിമുഖം

ചോദ്യം: 1957ല്‍ കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിലേക്ക് നയിച്ച ചരിത്രപരമായ സാഹചര്യങ്ങള്‍ എന്തായിരുന്നു?

പണിക്കര്‍: 1957ലെ മന്ത്രിസഭ‘ ആകസ്മികമായി നിലവില്‍ വന്ന ഒന്നല്ല. കേരള സമൂഹത്തില്‍ കുറേക്കാലമായി  എല്ലാ മേഖലകളിലുമുണ്ടായ അവബോധരൂപീകരണത്തിന്റെ പരിണത ഫലമായിരുന്നു അത്. 57നു മുമ്പ് കേരളത്തില്‍ ഒരു മാറ്റം സംഭവിക്കാന്‍ പോകുന്നു എന്ന് ആരും ചിന്തിച്ചിരുന്നില്ല എങ്കിലും, ഒരു മാറ്റത്തിന്റെ സാധ്യത കേരളസമൂഹത്തില്‍ തുറന്നുകഴിഞ്ഞിരുന്നു. അത്തരമൊരു ഇടതുപക്ഷ അവബോധ രൂപീകരണത്തില്‍ പല ഘടകങ്ങളും വര്‍ത്തിച്ചിട്ടുണ്ട്. അതിലൊന്ന് ഇടതുപക്ഷ ആശയം, അല്ലെങ്കില്‍ കമ്യൂണിസ്റ്റ് ആശയത്തിന്റെ വ്യാപനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, കേരളത്തിലെ അഭ്യസ്തവിദ്യരായ ആളുകളും ബുദ്ധിജീവികളും മാര്‍ക്സിസം ഉള്‍ക്കൊള്ളാന്‍ സന്നദ്ധമായി എന്നത് പ്രധാനപ്പെട്ട കാര്യമാണ്.  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ മാര്‍ക്സിന്റെ ജീവചരിത്രം ഇതിന്റെ ഒരു സൂചികയായിരുന്നു. എന്തായാലും മാര്‍ക്സിസം എന്ന ആശയം പല സ്രോതസ്സുകളില്‍ നിന്നും കേരളത്തിനു ലഭ്യമായി. ഇത് എങ്ങനെയാണ് വ്യാപരിച്ചത്, എങ്ങനെയാണ് ജനങ്ങളുടെ മനസ്സിലേക്ക് ഇടതുപക്ഷ ആശയങ്ങള്‍ കടന്നു വന്നത് എന്നത് സംബന്ധിച്ച് വളരെയൊന്നും അന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ല. ഈ ആശയത്തിന്റെ വളര്‍ച്ച എങ്ങനെയാണ് കേരള സമൂഹത്തില്‍ സംഭവിച്ചത് എന്നത് സംബന്ധിച്ച അന്വേഷണം ആവശ്യമാണ്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജനങ്ങള്‍ക്ക് ഈ ആശയം കിട്ടാന്‍ സാധ്യതയുള്ള ഒരു പാട് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാഹിത്യത്തിന്റെ മേഖലയിലായാലും മറ്റേത് ‘ബൌദ്ധിക മേഖലയിലായാലും ശരി ഇത്തരമൊരു സ്വാധീനം ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്.  ജനങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും മാര്‍ക്സിസം ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്നു മാത്രമല്ല അതിന്റെ ഭാഗം. അതിലൂടെ ഏതു വിധത്തിലുള്ള ചൂഷണവ്യവസ്ഥയിലാണ് തങ്ങള്‍ ജീവിക്കുന്നത് എന്ന ആശയം മുന്നോട്ട് വന്നു. ആദ്യകാല സാഹിത്യം തന്നെ എടുക്കുകയാണെങ്കില്‍, തകഴിയുടെയോ കേശവദേവിന്റെയോ ഒക്കെ കൃതികളും അക്കാലത്തെ ഒട്ടനവധി സാഹിത്യപ്രവര്‍ത്തനങ്ങളും എടുക്കുകയാണെങ്കില്‍ ഇതു കാണാം.  സമൂഹത്തില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടു കിടക്കുന്നവരുടെ പ്രശ്നം അവ കൈകാര്യം ചെയ്തു. സാധാരണ ജനങ്ങള്‍ എന്തു തരത്തിലുള്ള വിഷമങ്ങളാണ് നേരിടുന്നത് എന്നത് സമൂഹത്തിന്റെ മുമ്പില്‍ അവതരിച്ചിക്കപ്പെടാനുള്ള ബൌദ്ധിക ശ്രമങ്ങള്‍ ഉണ്ടായി. ഇത് ഒരു പൊതുവായ അവബോധ രൂപീകരണത്തെ സഹായിക്കുകയാണുണ്ടായത്. 
 സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ പ്രക്ഷോഭങ്ങള്‍— രൂപപ്പെട്ടു എന്നതാണ് ഇതിന്റെ മറുവശം. ഇരുപതാം നൂറ്റാണ്ടില്‍ കേരളം രൂപീകരിക്കുന്നതിനു മുമ്പുള്ള അമ്പത് വര്‍ഷങ്ങളില്‍ വര്‍ഗാധിഷ്ഠിത സമരങ്ങളുടെ ഒരു നൈരന്തര്യം കാണാം. കര്‍ഷരുടെയും തൊഴിലാളികളുടെയും സമരങ്ങള്‍. ഇത്തരത്തില്‍ ചെറുതും വലുതുമായ ഓരോ സമരവും വാസ്തവത്തില്‍ ഓരോ കണ്ണിയാണ്. സാമൂഹ്യാവബോധ രൂപീകരണത്തിന്റെ കണ്ണികള്‍. മുമ്പുണ്ടായ ഒരു സമരത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട പുതിയ സമരങ്ങള്‍. ഇങ്ങനെയുള്ള ആവേശമുള്‍ക്കൊള്ളല്‍ സാമൂഹ്യാവബോധരൂപീകരണത്തിന്റെ ഒരു ‘ഭാഗമാണ്. അവബോധരൂപീകരണത്തിന്റെ ഒരു പുരോഗതിയാണ്. സമൂഹത്തില്‍ റാഡിക്കെലൈസേഷന്‍ സംഭവിക്കുന്ന പ്രക്രിയയുടെ ‘ഭാഗമാണ്. കാര്‍ഷിക പ്രക്ഷോഭങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളുടെയും ‘ഭാഗമായി അത്തരമൊന്ന് കേരളസമൂഹത്തില്‍ സംഭവിച്ചിട്ടുണ്ട്.
 ഇതിനു രണ്ടു തലങ്ങളുണ്ട്. ഒന്ന്  നാം പ്രാധാന്യത്തോടെ തിരിച്ചറിയുന്ന ഇടതുപക്ഷ സ്വഭാവമുള്ള സമരങ്ങളാണ്. ഇടതുപക്ഷ സ്വഭാവമില്ലാത്ത കാര്‍ഷിക ചെറുത്തുനില്‍പുകള്‍ പത്തൊതാം നൂറ്റാണ്ടില്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ സ്വഭാവമുള്ള കയ്യൂരിനെപ്പോലെയും കരിവെള്ളൂര്‍, മൊറാഴ, ഒഞ്ചിയം, പുന്നപ്ര-വയലാര്‍ തുടങ്ങിയ സമരങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇപ്രകാരം പ്രാധാന്യം ലഭിച്ച സംഭവങ്ങള്‍ അല്ലാതെ, ഒരു പാട് പ്രതിരോധ നീക്കങ്ങളും സമൂഹത്തില്‍  ഉണ്ടായിട്ടുണ്ട്. അവ പലപ്പോഴും നിശ്ശബ്ദമായിരിക്കാം. ചെറിയ ചെറിയ പ്രതിഷേധമായിരിക്കാം. ഒരു ജന്മിയോടുള്ള പ്രതിഷേധത്തിന്റെ രൂപത്തിലായിരിക്കാം. അന്ധമായ സാമ്പത്തിക ചൂഷണത്തോടുള്ള പ്രതികരണം എന്ന നിലയിലായിരിക്കാം. എന്നാല്‍ അവ സാമൂഹ്യാവബോധ രൂപീകരണത്തില്‍ പ്രധാനപ്പെട്ടതാണ്. ഇതിന്റെയെല്ലാം ആകത്തുകയാണ് വാസ്തവത്തില്‍ സാമൂഹ്യവബോധം എന്നു പറയുന്നത്. ഈ അവബോധത്തില്‍ നിന്ന് ഉടലെടുത്ത സാമൂഹ്യ രാഷ്ട്രീയ സന്ദര്‍ഭങ്ങളാണ് ഇഎംഎസ് സര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇപ്രകാരം രൂപപ്പെട്ട ഒരു ഇടതുപക്ഷ സാമൂഹ്യാവബോധത്തിന്റെ സന്തതിയായിട്ടു വേണം കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനനത്തെ കാണേണ്ടത്. 

ചോദ്യം: നവോത്ഥാന പ്രസ്ഥാനങ്ങള്‍ എങ്ങിനെയാണ് ഈ പ്രക്രിയയില്‍ കണ്ണിചേരുന്നത്? കയ്യൂരും പുന്നപ്ര-വയലാറും പ്രതിനിധീകരിക്കുന്ന കാര്‍ഷിക പ്രക്ഷോഭങ്ങളുടെ മാത്രം ഫലമായി രൂപപ്പെട്ട ഒരവബോധ രൂപീകരണമാണോ ഇത്?

പണിക്കര്‍: ഇതിനെ സമീപിക്കേണ്ടത് അല്പം വ്യത്യസ്തമായാണ്. എന്തുകൊണ്ട് ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞു? നിലനില്‍ക്കുന്ന വ്യവസ്ഥക്കെതിരായി എങ്ങനെ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞു? നിലനില്‍ക്കുന്ന വ്യവസ്ഥ എപ്പോഴും ജനങ്ങളുടെ മനസ്സില്‍ പ്രത്യയശാസ്ത്രപരമായ മേല്‍ക്കോയ്മ സാധിച്ചെടുക്കുന്നു. വിധിവാദപരമായ വിശ്വാസത്തില്‍ തളച്ചിടുന്നു. ഈ മേല്‍ക്കോയ്മ സാധിച്ചെടുക്കുന്നതിലൂടെയാണ് വര്‍ഗാധീശത്വം നിലനില്‍ക്കുന്നത്. അതിന് അടിമപ്പെട്ടുകൊണ്ടാണ് ജനങ്ങള്‍ ജീവിക്കുന്നത്. ഈ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യാനുള്ള കഴിവ് എങ്ങനെയാണ് രൂപപ്പെടുത്തുക? അത് സാധ്യമാകുക സാമൂഹികവും ബൌദ്ധികവുമായ ഒരു വിഛേദനത്തിലൂടെ യാണ്. ഇതു രണ്ടും സാധ്യമാക്കി എന്നതാണ് നവോത്ഥാന പ്രസ്ഥാനം ചെയ്തത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാനസികമായ ഉഴുതുമറിക്കല്‍, സാമൂഹികമായ തലമറിച്ചിടല്‍. അത് സാധ്യമാക്കുകയാണ് നവോത്ഥാനം ചെയ്തത്. അങ്ങനെ ചൂഷണവ്യവസ്ഥക്കെതിരെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമുള്ള തന്റേടം പ്രധാനം ചെയ്ത്, നവോത്ഥാന പ്രസ്ഥാനം ജനങ്ങളുടെയും ബുദ്ധിജീവികളുടെയും മനസ്സില്‍ സാധ്യമാക്കിയ ബൌദ്ധികമായ വിഛേദനത്തിലൂടെയാണ്.  

ചോദ്യം: കുറേക്കൂടി പിന്നോട്ടു പോയിക്കഴിഞ്ഞാല്‍, കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ ആദ്യകാലങ്ങള്‍ ഈ അവബോധ രൂപീകരണത്തില്‍ എന്തു സ്വാധീനമാണ് ചെലുത്തിയിട്ടുണ്ടാകുക? ഉദാഹരമായി അന്നത്തെ ‘ഭരണവര്‍ഗത്തിന്റെ ഇടയില്‍ നിന്ന് തന്നെ രൂപപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍ല്പ്. ഉദാഹരണമായി വേലുത്തമ്പിയുടെ പ്രതികരണങ്ങള്‍. അല്ലെങ്കില്‍ തെക്കേ മലബാറിലെ കര്‍ഷകകുടിയാന്മാര്‍ നടത്തിയ ഐതിഹാസികമായ കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭം. ഇവയെല്ലാം ഇടതുപക്ഷാവബോധ രൂപീകരണ പ്രക്രിയയില്‍ എന്ത് സ്വാധീനമാണ് ചെലുത്തിയിട്ടുണ്ടാകുക? 

പണിക്കര്‍: നേരിട്ട് സ്വാധീനം ചെലുത്തി എന്നു പറയാനാവില്ല. പ്രത്യക്ഷമായ സ്വാധീനത്തെക്കുറിച്ചാണ് നാം മുന്നേ പറഞ്ഞത്. എന്നാല്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ സമൂഹത്തിലെ മാറ്റത്തിന്റെ ദിശാസൂചിയായിരുന്നു. പ്രതിരോധിക്കുക എന്ന ആശയം, സമരം ചെയ്ത് ചൂഷണവ്യവസ്ഥയെ മാറ്റിത്തീര്‍ക്കുക എന്ന ആശയത്തിന്റെ വിത്തുകള്‍, സാമൂഹ്യവബോധത്തില്‍ പാകാന്‍ ഈ ആദ്യകാല ചെറുത്തു നില്‍പുകള്‍ ഇടയാക്കിയിട്ടുണ്ട്. അനുസരണത്തില്‍ നിന്ന്,  പ്രതിരോധം എന്നതിലേക്ക് മനുഷ്യ മനസ്സ് വഴിമാറുന്ന ഒരു പ്രക്രിയ സാധ്യമാക്കാന്‍ ഇവ സഹായിച്ചു. അത് ഓരോ കാലഘട്ടത്തിലുമുള്ള പ്രത്യയശാസ്ത്രത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള കഴിവിന്റെ കൂടി ‘ഭാഗമാണ്. അതുകൊണ്ട് കൊളോണിയല്‍വിരുദ്ധ സമരങ്ങള്‍ക്ക്, കൊളോണിയല്‍ ചൂഷണത്തിനെതിരായി, കൊളോണിയല്‍ അടിച്ചമര്‍ത്തലിനെതിരായി ശബ്ദമുയര്‍ത്താനുള്ള കഴിവ് സൃഷ്ടിക്കാന്‍ കഴിഞ്ഞു. അതു സമൂഹത്തിന്റെ അവബോധത്തിന്റെ ഭാഗമായി മാറി. മലബാറിലെല്ലാം ഉണ്ടായതു പോലെ. പില്‍ക്കാലത്തെ ഇടതുപക്ഷാവബോധ രൂപീകരണത്തില്‍ അതിന് നേരിട്ട് ബന്ധമില്ല എങ്കില്‍ കൂടി, അത്തരമൊരു അവബോധം സൃഷ്ടിക്കുന്ന പ്രക്രിയയില്‍ പൊട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു പാട് സാധ്യതകള്‍ അവ സൃഷ്ടിച്ചു. 

ചോദ്യം: എന്നാല്‍ ഇത്തരമൊരു ചരിത്രാവബോധം രൂപീകരിക്കുന്നതില്‍ നാം എത്രത്തോളം വിജയിച്ചിട്ടുണ്ട്? ഇടതുപക്ഷ രാഷ്ട്രീയവുമായ നേരിട്ടു ബന്ധമില്ലാത്ത ജനങ്ങളുടെ ചെറുത്തുനില്‍പ്പുകളുടെ ചരിത്രത്തെ, ഇടതുപക്ഷാവബോധ രൂപീകരണവുമായി കണ്ണിച്ചേര്‍ക്കുന്നതില്‍ നിലവിലുള്ള മാര്‍ക്സിസ്റ്റ് ചരിത്രരചന എത്രത്തോളം വിജയിച്ചിട്ടുണ്ട്? നമ്മുടെ മുദ്രാവാക്യങ്ങള്‍ കയ്യൂരിലും കരിവള്ളൂരിലും വയലാറിലും നിശ്ചലമാകുന്ന ഒരു ചരിത്രമായിത്തീരുന്നുണ്ട്. അതിനും മുമ്പുള്ള പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും സ്വാംശീകരിക്കുന്നതില്‍ വരുന്ന പോരായ്മ നമ്മുടെ ചരിത്രരചനയുടേതാണോ? 

പണിക്കര്‍: വാസ്തവത്തില്‍ മാര്‍കിസ്സ്റ്റ് ചരിത്ര രചനയില്‍ കാര്‍ഷിക ചരിത്രത്തിന്  വളരെയധികം പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ആദ്യകാല മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ഇത്തരം കാര്‍ഷിക ചെറുത്തുനില്‍പുകളെ രണ്ട് വിധത്തില്‍  കണ്ടിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എറിക് ഹോബ്സന്റെ ആഖ്യാനം. അദ്ദേഹം എഴുതിയ പ്രിമിറ്റീവ് റെബല്‍സ് എന്ന ഗ്രന്ഥത്തില്‍ ഈ ചെറുത്തുനില്‍പുകളെ വിളിക്കുന്നത് രാഷ്ട്രീയ പൂര്‍വ കലാപശ്രമങ്ങള്‍ എന്നാണ്. അക്കാലത്തെ പ്രക്ഷോഭകാരികള്‍ക്ക്— രാഷ്ട്രീയമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. സമൂഹത്തിലെ അനീതികള്‍ക്കെതിരെ കാര്‍ഷിക സമരങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, പല തരത്തില്‍ ശബ്ദമുയര്‍ത്താം.  അതൊക്കെ പ്രതിഷേധത്തിന്റെ സ്വരങ്ങളാണ്. അവയ്ക്കൊന്നും രാഷ്ട്രീയ സ്വഭാവമോ സംഘടനാരൂപമോ ഒന്നും ഉണ്ടായികൊള്ളണമെന്നില്ല. കയ്യൂരും വയലാറും പ്രതിനിധീകരിക്കുന്ന കാര്‍ഷിക പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് അവയ്ക്ക് പ്രാധാന്യം കൈവരുന്നത്. ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കി പഠിച്ചിട്ടുള്ളത് കാര്‍ഷിക സമരങ്ങളാണ്. കൊളോണിയല്‍ കാലഘട്ടത്തിലുളളതും കൊളോണിയല്‍ കാലത്തിനു മുമ്പുള്ളതുമായ കാര്‍ഷിക പ്രക്ഷോഭങ്ങള്‍. കൊളോണിയല്‍ കാലത്തിലേതാകുമ്പോള്‍, കൊളോണിയല്‍ അധികാരവുമാവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍. ദേശീയ സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഇതിന്റെ വേറെ വശം. ഇവയെല്ലാം മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതെല്ലാം വാസ്തവത്തില്‍ ഒരുപാട് ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണ്. 

ചോദ്യം: മലബാറിലെ കാര്‍ഷിക പ്രക്ഷോഭങ്ങളെ ആഴത്തില്‍ പഠനവിധേയമാക്കിയിട്ടുള്ള ചരിത്രകാരന്‍ എന്ന നിലയില്‍, സ്വയം നോക്കിക്കാണുമ്പോള്‍, ഈ ചരിത്രത്തിന് ഇഎംഎസ് സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കു നയിച്ച ചരിത്രപ്രക്രിയയിലും അവബോധരൂപീകരണത്തിലും എന്തു പങ്കാണ് നിര്‍വ്വഹിക്കാന്‍കഴിഞ്ഞിട്ടുള്ളത് എന്നാണു കരുതുന്നത്? 

പണിക്കര്‍: ഞാന്‍ വാസ്തവത്തില്‍ മലബാര്‍ കലാപത്തിന്റെ ചരിത്രം പരിശോധിക്കുന്നത്, മലബാര്‍ കലാപത്തെക്കുറിച്ച് മാത്രമായി മനസ്സിലാക്കാനായിരുന്നില്ല. അതു കൂടുതല്‍ വിപുലമായ ഒരു ചരിത്രപ്രക്രിയയെ പഠനവിധേയമാക്കാനുള്ള ശ്രമത്തിന്റെ ‘ഭാഗം മാത്രമായിരുന്നു. ഞാന്‍ പഠിക്കാന്‍ ആഗ്രഹിച്ചത്, ഇരുപതാം നൂറ്റാണ്ടില്‍ മലബാറില്‍ ഉണ്ടായ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ എന്താണ് എന്നതായിരുന്നു. ആ പഠനം ആരംഭിച്ചപ്പോള്‍, ഗവേഷണം മുന്നോട്ടു പോയപ്പോള്‍, അതിന്റെ പ്രധാനപ്പെട്ട ഘടകം മലബാര്‍ കലാപങ്ങളാണ് എന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടാണ് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉദാഹരണമായി മലബാറില്‍ 1889ല്‍ കൊണ്ടുവന്ന നഷ്ടപരിഹാര നിയമം ഉണ്ടാകുന്നത് എങ്ങിനെയെന്നു നോക്കുക. അതു സംഭവിക്കുന്നത്, ഈ കലാപങ്ങളുടെ പരിണത ഫലമായാണ്. കലാപങ്ങളെ എങ്ങിനെയാണ് നേരിടുക എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥ ചിന്തയില്‍ നിന്നാണ് ഈ നിയമം ഉടലെടുക്കുന്നത്. അതുകൊണ്ട് കലാപങ്ങള്‍, അല്ലെങ്കില്‍ സാധാരണക്കാരായ കൃഷിക്കാരുടെ ചെറുത്തുനില്‍പുകള്‍, ഭരണകൂടത്തിന്റെ ചെറുത്തു നില്‍പുകളെ എങ്ങിനെയാണ് സ്വാധീനിച്ചത് എന്നു വളരെ വ്യക്തമായി കാണാന്‍ കഴിയും. ഭരണകൂടം ചില നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അതുകൊണ്ട് ഈ സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയില്‍ ഈ കലാപങ്ങള്‍ക്ക്, ഇത്തരം പ്രതിഷേധങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അങ്ങിനെയാണ് ഞാന്‍ അവയെ നോക്കിക്കാണുന്നത്. 

ചോദ്യം: ഇത് സാറിന്റെ വ്യക്തിപരമായ ഗവേഷണത്തിന്റെയും അന്വേഷണത്തിന്റേയും ആഖ്യാനമാണ്. കയ്യൂരിനെയും വയലാറിനെയും പോലുള്ള സമരങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ടിയിലേക്കും ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കും വന്ന ജനവിഭാഗങ്ങള്‍; ഈ ജനകീയാടിത്തറ കുറേ കൂടി വിപുലീകരിക്കേണ്ടതുണ്ട് എന്ന അടിയന്തര സാഹചര്യം വന്നുചേരുമ്പോള്‍, കുറേ കൂടി പഴയ ചരിത്രത്തിലേക്ക് മിഴി തുറക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ ഇവിടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നത്്. ഉദാഹരണമായി മലബാര്‍ കലാപത്തെകുറിച്ച് ഇഎംഎസ് എഴുതിയ “\\\'ആഹ്വാനവും താക്കീതും\\\'’ എന്ന ലേഖനം. അങ്ങിനെ മലബാര്‍ കലാപത്തില്‍ ഉള്‍ച്ചേര്‍ന്ന ജനവിഭാഗങ്ങളെക്കൂടി പ്രസ്ഥാനത്തിലേക്ക് ആനയിക്കേണ്ട ഒരു സ്ഥിതി വിശേഷം വരുമ്പോള്‍, ആ ജനവിഭാഗം ഉള്‍പ്പെട്ട ചരിത്രത്തെയും ഇടതുപക്ഷ ചരിത്രവുമായി കണ്ണിചേര്‍ക്കണ്ട അനവാര്യത. അപ്പോള്‍ മലബാറിന്റെ ചരിത്രത്തെക്കുറിച്ചുള്ള താങ്കളുടെ ആഖ്യാനം മറ്റൊരു മാനത്തിലേക്ക് ഉയരുന്നില്ലേ, വ്യക്തിപരമായ ഉദ്ദേശ്യങ്ങളെ അതിജീവിച്ചുകൊണ്ട്? 

പണിക്കര്‍: അത് എങ്ങിനെയാണ് അതിനെ വായിച്ചെടുക്കുന്നത് എന്നതുമായി ബന്ധപ്പെട്ട കാര്യമാണ്. പല തരത്തില്‍ നമുക്ക് വായന നടത്താം. ഞാന്‍ പഠനമേറ്റെടുത്തതിനു പിന്നില്‍ ചില ഉദ്ദേശ്യങ്ങളുണ്ട്. അത് ആ സമൂഹത്തിന്റെ റാഡിക്കല്‍ ആയിട്ടുള്ള അവബോധരൂപീകരത്തിലേക്കുള്ള നയിച്ച രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്. ആ നിലക്ക് എന്റെ പുസ്തകത്തെ അക്കാദമിക് ആയി മാത്രം മനസ്സിലാക്കിയാല്‍ മതിയാകില്ല. രാഷ്ട്രീയമായ ഒരു കാഴ്ചപ്പാട് തീര്‍ച്ചയായും ആ പുസ്തകം പങ്കു വെയ്ക്കുന്നുണ്ട്. ചരിത്രത്തില്‍ ഒറ്റപ്പെട്ട് ഒന്നും തന്നെ സംഭവിക്കുന്നില്ല. ഒറ്റപ്പെട്ട നിലയില്‍ ആണ് സംഭവിക്കുന്നത് എന്ന് തോന്നുമെങ്കിലും അതിലേക്ക് നയിക്കുന്ന പല വിധ ഘടകങ്ങളും ഉണ്ടാകും. നാം തിരിച്ചറിയാത്ത പല സ്വാധീനങ്ങളും. ഇത്തരം കലാപങ്ങളും ചരിത്ര പ്രക്രിയകളും മൊത്തമായ സ്വാധീനമായിത്തീരുന്നുണ്ട്. മലബാറിലെ ഒരു മാപ്പിളക്ക് മലബാര്‍ കലാപത്തെക്കുറിച്ച് ചിന്തിക്കാതെ അവരുടെ ജീവിത രൂപീകരണം സാധിക്കില്ല എന്നു വരാം. പല വിധത്തില്‍ സമകാലീന ജീവിതത്തിലേക്ക് ഈ ചരിത്രം, പോയകാല അനുഭവങ്ങള്‍ കടന്നു വരുന്നുണ്ട്. പക്ഷേ ഇന്ന് അതിനെ നോക്കിക്കാണുന്നത് ആയിരത്തിത്തൊളളായിരത്തി ഇരുപതുകളിലോ മുപ്പതുകളിലോ നോക്കിക്കണ്ട രീതിയില്‍ ആയിരിക്കില്ല. കൂടുതല്‍ സ്വതന്ത്രമായ നിലയില്‍ ഇന്ന് കാഴ്ചപ്പാട് സ്വരൂപിക്കാന്‍ കഴിയും.  കൊളോണിയല്‍ ചൂഷണത്തിനെക്കുറിച്ച്, അതിന്റെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തെക്കുറിച്ച്, മാപ്പിളമാരുടെ മനസ്സില്‍ പ്രധാന്യത്തോടെ നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ കണ്ണിലൂടെയായിരിക്കാം അന്ന് ആ ചരിത്രങ്ങളെ അവര്‍ നോക്കിക്കണ്ടത്. അതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ഇന്ന് ആ ചരിത്രത്തെ നമുക്ക് സ്വാംശീകരിക്കാന്‍ കഴിയും. ഇന്ന് അതിന്റെ സ്വാംശീകരണം കൂടുതല്‍ മിഴിവോടെയും ശക്തിയോടെയും സാധിച്ചു എന്നു വരാം. 

ചോദ്യം: തെറ്റായ സ്വാംശീകരണവും സാധ്യമല്ലേ?

പണിക്കര്‍: തീര്‍ച്ചയായും. ആ നിലക്കും ഞാന്‍ എന്റെ ഗ്രന്ഥത്തിനെ നോക്കിക്കാണുന്നുണ്ട്. വര്‍ഗീയ കലാപമായി കാണാതെ, മറ്റൊരു വിധത്തില്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള വായന സാധ്യമാണ്. അങ്ങനെ തെറ്റായ സ്വാംശീകരണത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു വായന സാധ്യമാണ് എന്നാണ് ഞാന്‍ ആ പുസ്തകത്തിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അത് ശരിതെറ്റുകളുടെ മാത്രം പ്രശ്നമല്ല. ഒരു ചരിത്രത്തെ ഉപയോഗിക്കുന്നതിന്റെ ശരിതെറ്റുകളാണ്.

ചോദ്യം: മലബാറില്‍ ഇപ്പോള്‍ വിചാരിക്കാത്ത നിലയില്‍ ശക്തിപ്രാപിച്ചിട്ടുള്ള എന്‍ഡിഎഫിനെപ്പോലുള്ള, ജമാഅത്തെ ഇസ്ളാമിയെപ്പോലുള്ള മതഫണ്ടമെന്റലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഇതേ ചരിത്രത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു എന്ന വൈപരീത്യമില്ലേ?

പണിക്കര്‍: തീര്‍ച്ചയായും ഉണ്ട്. പലവിധത്തില്‍ ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് ഏതു ചരിത്രത്തിനും സംഭവിക്കാം. ഉദാഹരണമായി 1857ലെ ചരിത്രത്തെ ഇന്ന് ചില കേന്ദ്രങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ജിഹാദ് ആയിട്ടാണ്. ഇന്ന് ആഗോളമായി നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പ്രതികരണങ്ങളെയും അങ്ങനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരുണ്ട്.    ഓരോ പ്രസ്ഥാനത്തിന്റെയും ആവശ്യവുമായി ബന്ധപ്പെട്ടാണ് ചരിത്രത്തെ ഉപയോഗിക്കുന്നത്. എത്രയോ കാലമായി സംഭവിക്കുന്നതാണിത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലുണ്ടായ ചരിത്രത്തിനും ഇതു സംഭവിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ളവത്തെ നെപ്പോളിയന്‍ എങ്ങനെയാണ് ഉപയോഗിച്ചത് എന്നു പരിശോധിച്ചാല്‍ ഇതു കാണാം. അതുകൊണ്ടാണ് ചരിത്രത്തെ ഒരു പൊതു ചര്‍ച്ചക്ക് വിധേയമാക്കണം എന്നു പറയുന്നത്. ജനകീയ ചരിത്ര രചനയുടെയും സംവാദത്തിന്റേയും ആവശ്യത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിക്കാറുള്ളത്് ഈ വെല്ലുവിളിയെ മറികടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. മതതീവ്രവാദികള്‍ മലബാര്‍ കലാപത്തെ ഉപയോഗിക്കുമ്പോള്‍, അതിന് ഒരു മറുവശം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയുമെങ്കില്‍ ആ അപകടങ്ങളെ നമുക്ക് ഒഴിവാക്കാനായി എന്നു വരും. അവരുടെ തന്നെ പ്രദേശത്തിന്റെ ചരിത്രമായി അവയെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നു വരും. പക്ഷേ അതു സാധിച്ചു എന്നും വരില്ല. 

ചോദ്യം: കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തെ കുറച്ചു കൂടി പിന്നിലേക്കു നയിക്കുകയാണെങ്കില്‍, മലബാറിന്റെ ചരിത്രത്തില്‍ തന്നെ, പോര്‍ച്ചുഗീസുകാര്‍ക്കെതിരായി കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍, അവിടുത്തെ മുസ്ളിം വ്യാപാരികളും നായര്‍ പടയാളികളും ചേര്‍ന്ന് നടത്തിയിട്ടുള്ള പ്രതിരോധത്തിന്റെ ചരിത്രമുണ്ടല്ലോ? ഒരു പക്ഷേ മലബാര്‍ കലാപത്തിന്റെ ചരിത്രത്തെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന് ഈ ചരിത്രത്തെക്കുറിച്ചുള്ള അറിവ് ഒരു മറുമറുന്നായി തീരുന്നുണ്ടല്ലോ. ചരിത്രത്തെ ഒരു പ്രത്യേക ഘട്ടത്തില്‍ നിശ്ചലമാക്കി മനസ്സിലാക്കുന്നതിനു പകരം, പിന്നെയും പിന്നെയും പിന്നിലോട്ടു ചികയുമ്പോള്‍ ഐക്യത്തിന്റെ വിസ്മയകരമായ പല പാരമ്പര്യങ്ങളും നമുക്ക് കണ്ടെടുക്കാന്‍ കഴിയില്ലേ? 

പണിക്കര്‍: അങ്ങനെ സംഭവിക്കേണ്ടത്. കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ വലിയ പാരമ്പര്യം പോയകാല ചരിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരായി സമരത്തിന് ആഹ്വാനം ചെയ്യുന്ന, \\\'തുഹ്ഫത്തുല്‍ മുജാഹിദീന്‍\\\'എന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഗ്രന്ഥം നാം പരിശോധിച്ചു നോക്കുക. അദ്ദേഹം ഉപയോഗിക്കുന്ന തന്റെ ഗ്രന്ഥത്തില്‍ ഉപയോഗിക്കുന്ന പല വാക്കുകളും വിശേഷണ പദങ്ങളും വളരെ ശ്രദ്ധേയമായി പഠനവിധേയമാക്കേണ്ടതാണ്. വാസ്തവത്തില്‍ ആരും അത്ര സൂക്ഷ്മമായി അതിനെ മനസ്സിലാക്കിയിട്ടില്ല എന്നു വേണം കരുതാന്‍. പോര്‍ച്ചുഗീസുകാരെ ശൈഖ് സൈനുദ്ദീന്‍ വിശേഷിപ്പിക്കുന്നത് \\\'ചെകുത്താന്‍\\\' എന്നാണ്. തീര്‍ച്ചയായും മതപരമായ ഒരു കാഴ്ചപ്പാട് ആ വാക്കിലുള്‍ച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അതുമാത്രമല്ല. കൊളോണിയലിസത്തിന്റെ വരവിനെ വിശേഷിപ്പിക്കുന്ന അര്‍ത്ഥസാന്ദ്രമായ ഒരു വിശേഷണം എന്ന നിലയില്‍ അതിന് വളരെ പ്രാധാന്യമുണ്ട്. ‘ഭാവിയെ പ്രവചിക്കുന്ന ഒരു ചരിത്രകാരന്റെ ദീര്‍ഘദര്‍ശിത്വം ആ വാക്കില്‍ കാണാം. അങ്ങനെയുള്ള പാരമ്പര്യങ്ങള്‍, സംഭവങ്ങളില്‍ നിന്നു മാത്രമല്ല, പല പാഠങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. പക്ഷേ,  അത്ര പിന്നോക്കം പോയില്ല എങ്കില്‍ കൂടി, ഉദാഹരണമായി, മലബാര്‍ കലാപങ്ങളുടെ ചരിത്രം തന്നെ പരിശോധിക്കുമ്പോള്‍, അതിന്റെ വിശകലനത്തിലൂടെ തന്നെ,  വിഭാഗീയമായ കാഴ്ചപ്പാടിനെ തിരുത്താന്‍ സാധിക്കും. അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. വളരെ പഴക്കമുള്ള കാര്യങ്ങള്‍ ജനങ്ങളുടെ ഓര്‍മയില്‍ കൊണ്ടുവരാന്‍ എളുപ്പത്തില്‍ സാധിച്ചു എന്നു വരില്ല. 

ചോദ്യം: പോപ്പുലര്‍ മാര്‍ക്സിസ്റ്റ് ചരിത്രം, ഇപ്രകാരം, കൂറേക്കൂടി പിന്നോട്ടു പോയി, പോരാട്ടത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ സ്വംശീകരിച്ചു കൊണ്ട്, ചരിത്രത്തെ സമഗ്രവല്‍ക്കരിക്കേണ്ടതല്ലേ? നമ്മുടെ മുദ്രാവാക്യങ്ങളെ കയ്യൂരിന്റെയും വയലാറിന്റെ ചരിത്രത്തില്‍ മാത്രം തറച്ചു നിര്‍ത്താതെ മുന്നോട്ട് കൊണ്ടുപോകേണ്ടതല്ലേ?  ഇപ്പോള്‍ നാം നേരിടുന്ന പരിമിതികളെയും വിഭാഗീയമായ ഉയിര്‍പ്പുകളുടെ വെല്ലുവിളികളെയും മറികടക്കാനുള്ള ശ്രമം എന്ന നിലയില്‍കൂടി, ചരിത്രത്തിന്റെ ഈ സമഗ്രവല്‍ക്കരണത്തെ കാണേണ്ടതല്ലേ? 

പണിക്കര്‍: തീര്‍ച്ചയായും. ചരിത്ര പാരമ്പര്യത്തെ, ചെറുത്തു നില്‍പ്പിന്റെ പാരമ്പര്യത്തെ എത്ര വിപുലമായി രീതിയില്‍ കാണാന്‍ കഴിയുമോ അത്രയും വിപുലമായി ഉള്‍കൊള്ളണം. അങ്ങനെ കാണാതെ വരുന്നതില്‍ അപകടമുണ്ട്. വേലുത്തമ്പി ദളവയുടേയും പഴശ്ശിരാജയുടെയും പ്രതിരോധ ചരിത്രത്തെ ഹിന്ദു വര്‍ഗീയവാദികള്‍ കാണുന്നത് അതിനെ മാത്രം മഹത്വവല്‍ക്കരിച്ചുകൊണ്ടാണ്. അതേസമയത്തു തന്നെ മലബാര്‍ കലാപത്തിന്റെ കൊളോണിയല്‍ വിരുദ്ധ പാരമ്പര്യത്തിന് പ്രാധാന്യം കൊടുക്കാതിരിക്കുമ്പോള്‍ ചരിത്രത്തെ സമഗ്രമായി മനസ്സിലാക്കാന്‍ കഴിയാതെ വരും. ഓരോ ചെറുത്തുനില്‍പ്പുകള്‍ക്കും വ്യത്യസ്തമായ സ്വഭാവമുണ്ട്. അതിനു പിന്നില്‍ വര്‍ത്തിച്ച ആശയങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും വ്യത്യസ്തമായ അടരുകളുണ്ട്. കയ്യൂര്‍ സമരത്തിന്റെ സ്വഭാവം വേലുത്തമ്പിയുടെ സമരത്തിന്റെ സ്വഭാവമല്ല, മലബാര്‍ കലാപത്തിന്റെ സ്വഭാവം മറ്റൊന്നാണ്. അവയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറകളും വിഭിന്നങ്ങളാണ്. അതുകൊണ്ട് ഈ വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ഒരേ രീതിയില്‍ നോക്കിക്കാണുകയാണെങ്കില്‍ അവയുടെ സവിശേഷതയെ മനസ്സിലാക്കാന്‍ കഴിയാതെയും പോകും. അതുകൊണ്ട്, കയ്യൂരിന്റെയും പുന്നപ്രയുടേയും കരിവെള്ളുരിന്റെയും ചരിത്രത്തോട് മറ്റുള്ള കാര്‍ഷിക ചെറുത്തുനില്‍പ്പുകളെ കണ്ണിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അവ ഓരോന്നിന്റെയും വ്യത്യസ്തമായ സാമൂഹ്യ-ചരിത്ര സാഹചര്യങ്ങളുടെ സവിശേഷതയെ അങ്ങനെത്തന്നെ മനസ്സിലാക്കാന്‍ കഴിയണം. 

ചോദ്യം: ഇഎംഎസ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പൈതൃകത്തെക്കുറിച്ച് പറയുമ്പോള്‍, നാം സൂചിപ്പിച്ച പ്രക്ഷോഭങ്ങളിലൂടെ കടന്നു വന്ന ജനവിഭാഗങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ തങ്ങളുടെ ഓര്‍മകളെ തളച്ചിടുന്ന സ്ഥിതി വന്നു ചേരുന്നുണ്ടല്ലോ. ഇടതുപക്ഷ പാരമ്പര്യത്തിന്റെ തന്നെ ഒരു തളംകെട്ടല്‍. ഇടതുപക്ഷ പ്രസ്ഥാനം നേരിടുന്ന വിഭാഗീയതയുടെയും ശിഥിലീകരണത്തിന്റെയും വെല്ലുവിളികള്‍, ഒരു പക്ഷേ ചരിത്രത്തെ മുന്നോട്ടും പിന്നോട്ടും ആനയിച്ചുകൊണ്ട് വിപുലീകരണം തേടുന്നതില്‍ സംവിക്കുന്ന പരിമിതിയെ സൂചിപ്പിക്കുന്നുണ്ടോ? ചരിത്രത്തിന്റെ വൈവിധ്യത്തെയും അവയുടെ പാരസ്പര്യത്തെയും കുറിച്ചുള്ള സമഗ്രമായ ജ്ഞാനത്തിന്റെ പരിമിതികള്‍?

പണിക്കര്‍: ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇതിനുമുമ്പുള്ള എല്ലാ ചരിത്ര പ്രക്രിയകളെയും കണക്കിലെടുക്കുകയും, അതില്‍ നിന്നുള്ള പ്രസക്തമായ ആശയങ്ങളും ആവേശങ്ങളും ഉള്‍കൊള്ളുകയും അവ തങ്ങളുടെ സാമൂഹ്യാവബോധത്തിന്റെ ഭാഗമാക്കി മാറ്റുകയും വേണം. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ ഓരോ കാലഘട്ടത്തെയും അതിന്റേതായ സാഹചര്യങ്ങളില്‍ ചരിത്രവല്‍ക്കരിക്കേണ്ടതുമുണ്ട്. ഓരോ ചരിത്രകാലഘട്ടത്തിന്റെയും അതു സൃഷ്ടിച്ച പ്രതിരോധ പ്രസ്ഥാനത്തിന്റെയും ശക്തിയും ദൌര്‍ബല്യവും തിരിച്ചറിയണം. ഇഎംഎസ് അത്തരമൊരു അവബോധം സ്വാംശീകരിച്ച ധിഷണയായിരുന്നു. ഇഎംഎസിന്റെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള \\\'ആഹ്വാനവും താക്കീതും\\\' എന്ന ലേഖനംമാര്‍ക്സിസ്റ്റ് ചരിത്രരചനയുടെ നല്ലൊരു മാതൃകയാണ്. അങ്ങനെ  ചരിത്രത്തിന്റെ വിപുലമായ ഏടുകളെ ഇടതുപക്ഷ പാരമ്പര്യത്തിന്റെ ‘ഭാഗമായി സ്വാംശീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും  അതിനു കഴിയാറില്ല. സമഗ്രമായ ഒരു ചരിത്ര വിജ്ഞാനീയം വളര്‍ത്തികൊണ്ടുവന്ന്്, ആവശ്യമായത് ഉള്‍ക്കൊള്ളുക, അല്ലാത്തത് തള്ളിക്കളയുക എന്ന നിലയില്‍ ഒരു സമീപനം സ്വീകരിക്കാന്‍ പലപ്പോഴും കഴിയാറില്ല. പല മേഖലകളിലും ഇതു സംഭവിക്കുന്നുണ്ട്. ചരിത്രത്തിന്റെ കാര്യത്തിലായാലും, കലാസാംസ്കാരിക പ്രവര്‍ത്തനത്തിന്റെ കാര്യമായാലും ഇത് വാസ്തവമാണ്. 

ചോദ്യം: ഇഎംഎസ് സര്‍ക്കാരിന്റെ ‘ഭൂപരിഷ്കരണം ഒരു സാമൂഹ്യവിപ്ളവം തന്നെ സൃഷ്ടിച്ചു എന്ന താങ്കള്‍ പറയാറുണ്ടല്ലോ.എന്തായിരുന്നു ഈ വിപ്ളവത്തിന്റെ സ്വഭാവം?

പണിക്കര്‍: കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ ചാലകശക്തിയാണ് ‘ഭൂപരിഷ്കരണം. കേരള സമൂഹത്തില്‍ നിലനിന്നിരുന്ന അധികാരബന്ധങ്ങളില്‍ അടിസ്ഥാനപരമായ മാറ്റത്തിന് അതു വഴിതെളിച്ചു. ജന്മിത്വ സമ്പ്രദായത്തിന് ഏറ്റ ഏറ്റവും വലിയ പ്രഹരം. അത് 57ല്‍ സംഭവിച്ചു എന്നല്ല അര്‍ത്ഥമാക്കുന്നത്. ജപ്പാനില്‍ ഫ്യൂഡലിസം നിയമപരമായ ഇല്ലായ്മ ചെയ്തതിനു ശേഷവും അത് പലനിലയിലും നിലനിന്നു. നിയമം കൊണ്ട് ഫ്യൂഡലിസത്തിന് അന്ത്യം കുറിച്ചു എങ്കിലും അതിന്റെ എല്ലാ രൂപങ്ങളും ജപ്പാനില്‍ നിലനിന്നു.അതുപോലെ കേരളത്തിലും ഫ്യൂഡലിസം അവസാനിപ്പിച്ചു എങ്കിലും അതിന്റെ സ്വാധീനം വീണ്ടും നിലനിന്നു എന്നതില്‍ സംശയമില്ല. പക്ഷേ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഇടപെടല്‍ സാമൂഹ്യമായ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഈ മാറ്റത്തിനു ശേഷം എല്ലാവര്‍ക്കും കൃഷിഭൂമി കിട്ടി എന്നല്ല. ‘ഭൂപരിഷ്കരണം വഴി ഭൂമിയുടെ തുണ്ടുവല്‍ക്കരണം സംഭവിച്ചു എന്ന വിമര്‍ശനവുമുണ്ട്. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ വേണ്ടത്ര ഉണ്ടായില്ല.അങ്ങനെ പല കാര്യങ്ങള്‍. അതിലൊക്കെ ഉപരിയായി, മാനസികമായ ഒരു പരിവര്‍ത്തനം, അവബോധതലത്തില്‍ ഒരു കുതിച്ചുചാട്ടം സംഭവിപ്പിക്കാന്‍ ഭൂപരിഷ്കരണം കൊണ്ട് കഴിഞ്ഞു എന്നതാണ് പ്രധാനം. അടിമത്തത്തില്‍ ജീവിച്ചിരുന്ന വിപുലമായ ഒരു ജനവിഭാഗത്തിന് ഭൂപരിഷ്കരണം വലിയൊരു വെളിച്ചം സമ്മാനിച്ചു. അവര്‍ക്ക് അതുവരെയില്ലാത്ത ആത്മവിശ്വാസം നല്‍കി എന്നതാണ് അതില്‍ പ്രധാനപ്പെട്ട സംഗതി. 

ചോദ്യം: അത് അവബോധത്തിന്റെ തലത്തില്‍ വരുത്തിയ മാറ്റമാണല്ലോ? സാമ്പത്തികമായ കാര്യങ്ങള്‍ കൂടി പ്രധാനപ്പെട്ടതല്ലേ? 

പണിക്കര്‍: തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. ഒരു സാമ്പത്തിക വ്യവസ്ഥയുടെ അന്ത്യം കുറിച്ചു എന്നതു തന്നെയാണ് പ്രധാനം. കൃഷിഭൂമി ഇല്ലാത്തവര്‍ക്ക് ‘ഭൂമി ലഭിക്കാന്‍ സാഹചര്യമൊരുക്കുകയും കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടം ഉറപ്പുവരുത്തുകയും ചെയ്ത ഒരു വ്യവസ്ഥക്ക് അതു തുടക്കം കുറിച്ചു. അതിന് സാധ്യതയില്ലാതിരുന്ന ഒരു വ്യവസ്ഥ അവസാനിച്ചു എന്നത് പ്രധാനപ്പെട്ടതാണ്. പറമ്പില്‍ നിന്ന് ഒരു നാളികേരം എടുക്കാന്‍ പോലും അവകാശമില്ലാത്ത ജനവിഭാഗത്തിന്, ഒരു തേങ്ങക്ക് പകരം നൂറു തേങ്ങ സ്വന്തം കിടപ്പാടത്തില്‍ നിന്ന് ലഭിക്കാന്‍ ഭൂപരിഷ്കരണം അവസരമൊരുക്കി. നാട്ടിന്‍പുറത്തെ കാര്‍ഷിക ബന്ധങ്ങളില്‍ വന്ന മാറ്റങ്ങള്‍ അതിന്റെ തുടര്‍ച്ചയായിരുന്നു. 

ചോദ്യം: ഈ മാറ്റം സ്വാധീനിച്ച ജനവിഭാഗങ്ങള്‍. പല പ്രമാണി കുടുംബങ്ങളും ഈ മാറ്റങ്ങളാല്‍ തകര്‍ക്കപ്പെട്ടു. കേരളത്തിലെ നമ്പൂതിരിമാരുടെ സ്ഥിതി എടുത്തു പരിശോധിച്ചാല്‍ അവരില്‍ പലരുടെയും ദരിദ്രാവസ്ഥക്കു പോലും ഈ മാറ്റം ഇടയാക്കി. പ്രമാണികുടുംബങ്ങള്‍ അന്നു വരെ അനുഭവിച്ച സാമൂഹ്യപദവിനഷ്ടമായി. ഇക്കൂട്ടര്‍ നഷ്ടബോധവും ഗൃഹാതുരതയും പേറുന്ന ഒരു സവിശേഷ മനോനിലയില്‍ എത്തിച്ചേരുന്നതും കാണാം. അതിന്റെ പ്രത്യാഘാതം എന്താണ്?

പണിക്കര്‍: കാലാകാലങ്ങളിലായി സ്വത്ത് കൈവശം വെച്ച ജനവിഭാഗങ്ങള്‍, മറ്റുള്ളവരുടെ അധ്വാനത്തെ ഉപയോഗിച്ച ജനവിഭാഗങ്ങള്‍, അവരിലാണ് ഈ മാറ്റം വരുന്നത്. അവരുടെ സമ്പത്തിന്റെ ഒരു ‘ഭാഗം പൂര്‍ണമായിത്തന്നെ നഷ്ടപ്പെടുന്നു. ആ നഷ്ടം ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമായും അവരുടെ ജീവിതരീതിയിലും വരുമാനത്തിലും എല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവരെ ജീവിതത്തിന്റെ സാധാരണതയിലേക്ക് ഇറങ്ങിവരാന്‍ കരുത്തരാക്കുക എന്നതാണ് അതിന്റെ ഒരു പ്രായോഗിക വശം. എന്നാല്‍ സ്വാഭാവികമായും അത്തരമൊരു മാറ്റം അവരുടെ മനസ്സില്‍ ഉണ്ടാക്കുക എളുപ്പമല്ല. ചരിത്രത്തിന്റെ വളരെ വലിയ ‘ഒരു ഭാരം അവരുടെ മനസ്സിലുണ്ടാകാം. അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത ശൂന്യതകള്‍ അവരുടെ മനസ്സില്‍ ഉണ്ടായിട്ടുണ്ടാകാം. അത് സ്വാഭാവികമാണ്. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തില്‍ ഇത് ഒരതിര്‍ത്തിവരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

ചോദ്യം: പുനരുത്ഥാന രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്രപരമായ ഊര്‍ജം നേടാന്‍ വരേണ്യതയില്‍ നിന്ന് പുറന്തള്ളപ്പെട്ട ഈ ജനവിഭാഗത്തിന്റെ മനോഭാവം വഴിതെളിയിച്ചിട്ടില്ലേ? അവരുടെ ഗൃഹാതുരത. ദു:ഖം. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള മനസ്സിന്റെ പ്രതികാര വാഞ്ചകള്‍. അത് സൃഷ്ടിക്കുന്ന മിലിട്ടന്റ് ആയ രാഷ്ട്രീയാവബോധം. ഗുപ്തസാമ്രാജ്യത്വത്തെക്കുറിച്ചുള്ള ഗൃഹാതുരത ഉയര്‍ത്തിക്കൊണ്ടുവരുന്നതു പോലെ ഒന്ന്. ഈ പ്രക്രിയയിലൂടെ സമകാലീന ഹൈന്ദവല്‍ക്കരണത്തിന്റേതായ പ്രത്യയശാസ്ത്ര രൂപീകരണം നടന്നിട്ടുണ്ടോ?

പണിക്കര്‍: കേരളത്തില്‍ നടന്നിട്ടുള്ള വലതുപക്ഷവല്‍ക്കരണത്തിന്റെ തുടക്കം വിമോചന സമരത്തിലാണ്. അതില്‍ പങ്കുകൊണ്ടത് ഈ ജനവിഭാഗങ്ങളാണ്. തങ്ങള്‍ക്ക് അന്നുവരെ ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍, അവര്‍ തങ്ങളുടെ അവകാശങ്ങള്‍ എന്ന വിശേഷിപ്പിച്ചിരുന്നവ, നഷ്ടപ്പെടുമോ എന്ന ‘ഭീതിയില്‍ നിന്നാണ് അവര്‍ വിമോചന സമരത്തില്‍ പങ്കുകൊണ്ടത്. ഇത്തരത്തിലുള്ള വിഭാഗങ്ങള്‍ പില്‍ക്കാലത്തു ശക്തിപ്രാപിച്ച വലതുപക്ഷവല്‍ക്കരണത്തിന്റെ ‘അടിത്തറയായി മാറിയിട്ടുണ്ട് എന്നത് നാം വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാനപ്പെട്ട ‘ഭാഗമാണ് ഫണ്ടമെന്റലിസത്തിന്റെ കടന്നുവരവ്. അത്തരം സാധ്യതകള്‍ ഈ ജനവിഭാഗത്തില്‍ സ്വാഭാവികമായും ഉണ്ടായിട്ടുണ്ട്. അതില്‍ പുതുമയൊന്നുമില്ല. ആധുനികത വരുന്ന സമയത്ത് ഇങ്ങനെ സംഭവിക്കുന്നു. ഇന്ത്യയിലെ പല ജനവിഭാഗങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. കൊളോണിയല്‍ ആധുനികത വരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചു. കേരളത്തില്‍ ആ പ്രക്രിയ നടന്നത് ഇടതുപക്ഷ ആധുനികതയോട് പ്രതികരിച്ചുകൊണ്ടാണെന്നു മാത്രം. അത് സംഭവിച്ചത് വിമോചന സമരത്തിലൂടെയാണ്. വിമോചന സമരം ഇഎംഎസ് സര്‍ക്കാര്‍ ‘ഭരണതലത്തില്‍ എടുത്ത ചില തീരുമാനങ്ങളുടെ പ്രതികരണം എന്ന നിലക്ക് മാത്രമല്ല സംഭവിച്ചത്,  കേരള സമൂഹമാകെ മാറാന്‍ പോകുകയാണ്, അത് തങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കും എന്ന സവര്‍ണ വിഭാഗത്തിന്റെ ‘ഭീതിയാണ് വിമോചന സമരത്തിലേക്ക് അവരെ നയിച്ചത്. 

ചോദ്യം: ക്രൃസ്ത്യന്‍ ജനവിഭാഗത്തിലെ ഭൂപരിക്ഷവും അധ്വാനത്തിലൂടെയും കൃഷിപ്പണിയിലൂടെയും ഉപജീവനം കണ്ടെത്തിയ സാധാരണക്കാരായിരുന്നല്ലോ. എന്നിട്ടും അവരെ വിമോചന സമരത്തില്‍ വലിയ തോതില്‍ പങ്കാളികളാക്കാന്‍ കഴിഞ്ഞു. ഇത് എങ്ങനെ സംഭവിച്ചു? ഇടതുപക്ഷ ആശയങ്ങള്‍ക്ക്  ആ ജനവിഭാഗങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാതെ പോയതുകൊണ്ടാണോ?



പണിക്കര്‍: ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം വിപുലമായ നിലയില്‍ എല്ലാ ജനവിഭാഗത്തിന്റേയും ഇടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയും വിധം ശക്തിയാര്‍ജിച്ചു കഴിഞ്ഞ ഒന്നായിരുന്നില്ല. വ്യക്തമായ നിലയില്‍ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍കൊള്ളിക്കുന്ന ഒരു മേല്‍ക്കോയ്മയും ഇടതുപക്ഷ ആശയങ്ങള്‍ക്കോ പ്രസ്ഥാനത്തിനോ ഉണ്ടായിരുന്നില്ല. കര്‍ഷര്‍-അധ്യാപകര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമേ ഇടതുപക്ഷ സ്വാധീനം ഒരു പരിധി വരെ നിലനിന്നിരുന്നുള്ളൂ. പ്രത്യേകിച്ച് മത-ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് വലുതായൊന്നും കടന്നു വരാന്‍ കഴിഞ്ഞിരുന്നില്ല. ക്രിസ്ത്യാനികളുടെ ഇടയിലും മലബാറിലെ മുസല്‍മാന്മാരുടെ ഇടയിലും ഒരതിര്‍ത്തിവരെ തിരുവിതാംകൂറിലെ നായന്മാരുടെ ഇടയിലും പരിമിതമായ സ്വധീനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവര്‍ക്കിടയിലെ പ്രമാണിമാരുടെ അധികാരാവകാശങ്ങളെ സര്‍ക്കാരിന്റെ നടപടികള്‍ സ്വാധീനിക്കാന്‍ പോകുന്നു എന്ന ആശങ്ക അവരുടെ സ്വാധീനത്തിന് കീഴ്പെട്ടു നിന്ന ജനവിഭാഗങ്ങളില്‍ ഒരു ഭാഗത്തെ വിമോചന സമരത്തില്‍ അണിനിരത്തി. 

ചോദ്യം: സഭകളുടെയും ജാതി സംഘങ്ങളുടെയും സംഘടിത സ്വഭാവം കൊണ്ടായിരുന്നോ, അതോ ജനവിഭാഗങ്ങള്‍ തന്നെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എതിരായിരുന്നോ? 

പണിക്കര്‍: പ്രധാനമായും ജാതി-മത സംഘടനകളുടെ സ്വാധീനം തന്നെ. ഈ ജനവിഭാഗങ്ങള്‍ ഈ സംഘടനകളുടെ സ്വാധീനത്തിലായിരുന്നു. അതില്‍ നിന്ന് പുറത്തു കടന്നു ചിന്തിക്കാന്‍ കഴിയാത്ത ഒരു സ്വാധീനം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരാണ് വിമോചന സമരത്തിലേക്കും പിന്നീട് വലതുപക്ഷവല്‍ക്കരണത്തിലേക്കും ആനയിക്കപ്പെട്ടത്. 

ചോദ്യം: കേരളത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിലും ഹൈന്ദവല്‍ക്കരണത്തിലും, ‘ഭൂമിയും സാമൂഹ്യ മേല്‍ക്കോയ്മയും നഷ്ടപ്പെട്ട ജനവിഭാഗത്തിന്റെ പങ്കിനെക്കുറിച്ച് പറഞ്ഞല്ലോ. അതിലുപരി പുതിയ മാറ്റത്തിന്റെ ഫലമായി ഉയര്‍ന്നു വന്ന മധ്യവര്‍ഗ്ഗം ഈ വലതുപക്ഷവല്‍ക്കരണ പ്രക്രിയയില്‍ വഹിച്ച പങ്ക് എന്താണ്? അവര്‍ക്ക് പില്‍ക്കാലത്ത് വന്ന മാറ്റങ്ങള്‍ പുരത്ഥാന രാഷ്ട്രീയത്തെ പ്രബലപ്പെടുത്തിയിട്ടില്ലേ? 

പണിക്കര്‍: വാസ്തവത്തില്‍ മധ്യവര്‍ഗത്തിനിടയില്‍ നിന്നാണ് ഇത്തരം പ്രവണതകള്‍ക്ക് വളരെ വലിയൊരു പിന്തുണ ഉണ്ടാകുന്നത്. അവര്‍ ആശയപരമായി വ്യത്യസ്തമായ ഒരു പന്ഥാവിലൂടെയാണ് പോകുന്നത്. ആ പന്ഥാവ് ഇടതുപക്ഷ റാഡിക്കലൈസേഷനെ തീരെ സ്വീകരിക്കാതിരിക്കുന്ന ഒന്നാണ്. ഇടതുപക്ഷ ആശയങ്ങള്‍ അവരുടെ ജീവിതവുമായി, അവര്‍ ആവശ്യപ്പെടുന്ന ജീവിതവുമായി ബന്ധപ്പെടാത്ത ഒന്നാണ്, ഒരു പക്ഷേ ആ ജീവിതവുമായി എതിരായ ഒന്നാണ് എന്നാണ് അവര്‍ കരുതുന്നത്. സമത്വമെന്ന ആശയത്തിന്റെ കാര്യം വരുമ്പോള്‍ അത് അവരുടെ സമത്വം മാത്രമാണ്. അവരുടെ സാമൂഹ്യ സാമ്പത്തിക ജീവിതത്തിന്റെ ആവശ്യങ്ങള്‍ മാത്രമാണ് അവരുടെ ഉല്‍കണ്ഠ. അതുകൊണ്ട് അവര്‍ ഇടതുപക്ഷവല്‍ക്കരണത്തില്‍ നിന്ന് മാറിനില്‍ക്കുന്നു. അതിന് എതിരായിത്തീരുകയും ചെയ്യുന്നു. 

ചോദ്യം: അതുപക്ഷേ ‘ഭൂമിയുടെ തുണ്ടുവല്‍ക്കരണത്തിന്റെ ഫലമായി രൂപപ്പെട്ട ഒരവബോധം കൂടിയല്ലേ? ബംഗാളില്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമായ നിലയിലുള്ള ഒരു ‘ഭൂപരിഷ്കരണമാണല്ലോ നടപ്പിലായത്. വിപുലമായ കൃഷിഭൂമി കൃഷിയാവശ്യത്തിനു തന്നെ നിലനിര്‍ത്തിക്കൊണ്ട്, ജമീന്താരി സമ്പ്രദായത്തിന്റെ ചില നല്ല വശങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ട്. അത് അവിടുത്തെ കാര്‍ഷിക വളര്‍ച്ചക്കും ഇടയാക്കി. രണ്ടും തമ്മില്‍ താരതമ്യപ്പെടുത്താമോ? 

പണിക്കര്‍: തുണ്ടുവല്‍ക്കരണം ആണോ മധ്യവര്‍ഗവല്‍ക്കരണത്തിന് ഇടയാക്കിയത് എന്ന് ചിന്തിക്കേണ്ട കാര്യമാണ്. അതുപോലെ കേരളത്തിലെ നാണ്യവിളകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നവും നാം ചര്‍ച്ചക്കെടുക്കേണ്ടതാണ്. കേരളത്തില്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്, കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നടന്ന അവസാനത്തെ കാല്‍വെയ്പല്ല, അതിന്റെ തുടക്കം മാത്രമായിരുന്നു എന്നു നാം മനസ്സിലാക്കണം. അതില്‍ നിന്ന് മുന്നോട്ട് പോകേണ്ടതാണ്. മറ്റു പല രാജ്യങ്ങളിലും ഉണ്ടായത് പോലെ ആദ്യം ഭൂമി ഭാഗിച്ചുകൊടുക്കുക എന്നതാണ്. അതിനു ശേഷമാണ് അവയെ സ്വരൂപിച്ചും ഏകീകരിച്ചും മറ്റു പദ്ധതികള്‍ ഉണ്ടാകുന്നത്. കേരളത്തിന് അതിനു സമയമുണ്ടായില്ല. മന്ത്രിസഭ‘ പിരിച്ചു വിടപ്പെട്ടു. പിന്നീടുള്ള ‘ഭരണത്തിന്റെ രീതികള്‍ മാറിവന്നു. അടുത്ത ഒരു ഘട്ടത്തിലേക്കു പോകാനുള്ള സാധ്യത തന്നെ കേരളത്തില്‍ ഉണ്ടായില്ല. അതുകൊണ്ടാണ് കാര്‍ഷക പരിഷ്കരണത്തിന് പരിമിതികള്‍ വന്നു ചേര്‍ന്നത്. കര്‍ഷികത്തൊഴിലാളികളുടെ പ്രശ്നം അതിന് അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല. അതുപോലെ തോട്ടം മേഖലയെ  സ്പര്‍ശിക്കാനായില്ല. കാരണം കേരളം ഇന്ത്യയുടെ ‘ഭാഗമാണ്. ഇന്ത്യയില്‍ നില നിന്ന വ്യവസ്ഥ വളരെ വ്യത്യസ്തമാണ് എന്ന പരിമിതിക്കകത്താണ് കേരളത്തില്‍ ഈ മാറ്റങ്ങള്‍ക്കായി പരിശ്രമിച്ചത്. തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കണം എന്ന് ഇടതുപക്ഷത്തിന് ആശയമുണ്ടായിരുന്നു. അതിന് എതിര്‍ത്തത് കേന്ദ്രമാണ്. നെഹ്റുവിന്റെ തന്റെ പ്രസിദ്ധമായ പ്രസ്താവമുണ്ട്. കുറച്ചു കോടി രൂപക്കു വേണ്ടി നാം നമ്മുടെ ആവശ്യങ്ങളെ പരിഹരിക്കാന്‍ കഴിയില്ല എന്ന തരത്തില്‍ നെഹ്റു പറയുകയുണ്ടായി. തോട്ടങ്ങളുടെ ദേശസാല്‍ക്കരണം എന്നു പറയുന്നത്, രാഷ്ട്രത്തിന്റെ പൊതുവായ നയമല്ല എന്നു പറയുന്നുണ്ട്. അതിനുകേരളത്തിലെ മന്ത്രിസഭക്കും അനുസരിക്കേണ്ട സ്ഥിതി വന്നു. അങ്ങനെയുള്ള ഒരു പരിതസ്ഥിതിയിലാണ് ഈ മാറ്റങ്ങള്‍ എല്ലാം നടന്നത്. അത് ഒരു തുടക്കം മാത്രമായിരുന്നു എന്നു നാം മനസ്സിലാക്കണം. 

ചോദ്യം: ജനകീയാസൂത്രണം ഈ പ്രക്രിയയുടെ തുടര്‍ച്ചയായാണല്ലോ വിഭാവനം ചെയ്യപ്പെട്ടത്. അത് ഇന്നെന്തുകൊണ്ടാണ് സതംഭിച്ചു നില്‍ക്കുന്നത്? 

പണിക്കര്‍: ജനകീയാസൂത്രണം, വികേന്ദ്രീകരണം എന്നീ ആശയങ്ങള്‍ ഇഎംഎസ് മന്ത്രിസഭക്കു തന്നെ ഉണ്ടായിരുന്നു. വികസനത്തെ കുറിച്ച് അത്തരമൊരു പരിപ്രേക്ഷ്യം അക്കാലത്തു തന്നെ രൂപം കൊണ്ടിരുന്നു എന്നാണ് എന്റെ നിരീക്ഷണം. അതിനകത്ത് വിടവുകള്‍ ഒരുപാടുണ്ട് എങ്കില്‍കൂടി.  ജനകീയാസൂത്രണം മുന്നോട്ടു പോയില്ല എന്നത് മാറിവന്ന രാഷ്ട്രീയ കാലാവസ്ഥയുടെ ഫലമാണ്. 

ചോദ്യം: ആഗോളവല്‍ക്കരണ ശക്തികളുടെ ഇടപെടലും ഈ സ്തംഭനാവസ്ഥ സൃഷ്ടിച്ചതില്‍ ഒരു ഘടകമല്ലേ? പല ഇടതുപക്ഷ ആശയങ്ങളും മുതലാളിത്ത ശക്തികള്‍ തങ്ങളുടേതാക്കി മാറ്റി തിരിച്ച് ജനവിരുദ്ധമാക്കി തീര്‍ക്കുന്ന ഒരു പ്രക്രിയ...

പണിക്കര്‍: വേണ്ടത്ര പഠിച്ചിട്ടില്ല, ആ വിഷയം. ഇടതുപക്ഷത്തിന്റെ, അല്ലെങ്കില്‍ റാഡിക്കല്‍ ആയിട്ടുള്ള ആശയങ്ങള്‍ സമൂഹത്തില്‍ വ്യാപരിക്കുമ്പോള്‍, അധികാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്  എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. ‘ഭക്തി പ്രസ്ഥാനത്തിന്റെ കാലത്ത് ജാതിക്കെതിരായ വളരെ വലിയ ആശയം വ്യാപരിക്കപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് അവ മേല്‍വര്‍ഗം സ്വംശീകരിച്ചതായി കാണാം. ഇതു മനുഷ്യ ചരിത്രത്തില്‍ എല്ലായ്പ്പോഴും സംഭവിച്ചിട്ടുണ്ട്. അധികാര സംരക്ഷണവുമായി ബന്ധപ്പെട്ട്...

ചോദ്യം: ദളിത് വിഭാഗങ്ങളുടെ ജീവിതത്തിനു സംഭവിച്ച വൈപരീത്യത്തെക്കുറിച്ച്. ജന്മിചൂഷണത്തിന്റെ കാലത്ത് അയാളും കുടുംബവും കൃഷിയിടത്തില്‍ പ്രകൃതിയുടെ ഭാഗമായാണ് ജീവിച്ചിരുന്നത്. അവിടെ നിരന്തരമായ അധ്വാനം നടത്തേണ്ടി വന്നുവെങ്കിലും ചൂഷണവിധേയമാണെങ്കിലും പ്രകൃതിയുമായി അടുത്ത ഒരാവാസ വ്യവസ്ഥയില്‍ ആരോഗ്യത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ കഴിഞ്ഞിരുന്നു. പുതിയ വ്യവസ്ഥയിലേക്കുള്ള മാറ്റം ദളിത് ജീവിതത്തെ കോളനിയുടെ അനാരോഗ്യകരമായ പരിതസ്ഥിതിയിലേക്ക് പറിച്ചുനടുകയാണുണ്ടായത്. ഇന്നിപ്പോള്‍ കര്‍ഷകത്തൊഴിലാളി എന്ന നിലയിലുള്ള തൊഴില്‍ സാഹചര്യം പോലും അയാള്‍ക്കില്ല. ഈ സ്ഥിതിയെക്കുറിച്ച് എന്തു പറയുന്നു? 

പണിക്കര്‍:  ആദിവാസികള്‍, ദളിതര്‍ എന്നിവരുടെ ജീവിതരീതിയും അവരുടെ ആവാസ്സ്ഥലവും പരിവര്‍ത്തിക്കപ്പെട്ടു, അവര്‍ക്ക് പലതും നഷ്ടപ്പെട്ടു. ഇത് വാസ്തവമാണ്. ഇതെല്ലാം ചരിത്രപ്രക്രിയയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്നൊക്കെ പറയുന്ന ആളുകളുണ്ട്. മുതലാളിത്തവല്‍ക്കരണവും വ്യവസായവല്‍ക്കരണവും എല്ലാം സംഭവിക്കുമ്പോള്‍, മറ്റ് പല മേഖലയിലും പല നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്നത് സ്വാഭാവികമാണ് എന്നൊക്കെയുള്ള പല അഭിപ്രായങ്ങളും നിലവിലുണ്ട്. ഇവിടെ ദളിത് വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതരീതിയുടെയും സാംസ്കാരിക നില്‍പിന്റെയും സ്വഭാവം തന്നെ മാറി. ഒരുപക്ഷേ ദളിത് വിഭാഗത്തിന് ഗുണപരമായ കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലേ, അവര്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളുവോ എന്നും ആലോചിക്കേണ്ടതുണ്ട്. പക്ഷേ ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ അടിസ്ഥാനപരമായി സ്പര്‍ശിക്കേണ്ടതാണ്. അവരുടെ സവിശേഷതയും സാംസ്കാരിക ജീവിതവും കണക്കിലെടുത്തുകൊണ്ടുള്ള മാറ്റങ്ങള്‍ ആയിത്തരേണ്ടതാണ്. ഉദാഹരണത്തിന് ആദിവാസികളെ അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പുരധിവസിപ്പിക്കാനുള്ള ശ്രമം. അത്തരം ഒരു പറിച്ചുനടല്‍ നടത്തുമ്പോള്‍ അതിലുള്ള പ്രശ്നങ്ങള്‍, അപാകതകള്‍ എന്താണ് എന്നു പരിശോധിക്കപ്പെടണം. ഓരോ നടപടിയെടുക്കുമ്പോഴും, ഓരോ പദ്ധതി രൂപീകരിക്കുമ്പോഴും അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോഭാവവും കാഴ്ചപ്പാടും താല്‍പര്യവും അതിനെ വികലമാക്കാന്‍ ഇടയുണ്ട്. ഇത് സംഭവിക്കാതിരിക്കാന്‍ രാഷ്ട്രീയമായ, സാമൂഹികമായ ഇടപെടല്‍ ആവശ്യമാണ്. ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെയുണ്ടായിട്ടുള്ളത് ഇത്തരം കാര്യങ്ങളില്‍ ഈ ജനവിഭാഗത്തില്‍ പെട്ടവര്‍ സ്വയം ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു എന്നതാണ്. രണ്ടാമതായി ഒരുപാട് സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് ഈ പ്രശ്നങ്ങള്‍ തീരും എന്നും കരുതാനാവില്ല. സവര്‍ണ്ണ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രശ്നങ്ങള്‍ ഇതിലുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. 

ചോദ്യം: കേരളത്തില്‍ അടുത്ത കാലത്തു നടന്ന രണ്ടു പ്രധാന സംഭവങ്ങളായിരുന്നു ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ സമരവും മാറാട് കലാപവും. ആദ്യത്തേത് ഗോത്രപരമായ ചില പ്രത്യയശാസ്ത്ര നിര്‍മ്മിതിയിന്മേലാണെങ്കിലും, ആദിവാസി ഭൂപ്രശ്നം കേരളത്തിന്റെ മുഖ്യധാരാ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു. രണ്ടാമത്തേതില്‍ തീരദേശ മേഖലയില്‍ നേരത്തെത്തന്നെ നിലനിന്ന അവികസിതാവസ്ഥയും പിന്നോക്കാവസ്ഥയും, ആഗോള വല്‍ക്കരണ ശക്തികളുടെ ഇടപെടലുമായി കൂടിച്ചേര്‍ന്ന് സൃഷ്ടിക്കപ്പെ അരാജക പരിതസ്ഥിതിയെ വര്‍ഗീയ ശക്തികള്‍ മുതലെടുക്കുകയായിരുന്നു. പലപ്പോഴും തോന്നിയിട്ടുള്ളത് മുത്തങ്ങ സമരം കേരളത്തിലെ വര്‍ഗസമരത്തിന്റെ അത്രയൊന്നും വികലമാകാത്ത ഒരു മുഖമാണെങ്കില്‍, മാറാട് കലാപം വികൃതമാക്കപ്പെട്ടതെങ്കിലും വര്‍ഗസമരത്തിന്റെ മറ്റൊരു മുഖത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ്. വര്‍ഗീയ കലാപം പോലും വര്‍ഗസമരത്തിന്റെ ഒരു മുഖത്തെത്തന്നെയാണ് പ്രകാശിപ്പിക്കുന്നത് എന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നു? 

പണിക്കര്‍: അത് അങ്ങനെയാണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പലപ്പോഴും ഞാനിത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളുടെ, വംശീയ പ്രശ്നങ്ങളുടെ അടിയില്‍ വര്‍ഗസമരത്തിന്റെ അടിയൊഴുക്കാണുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് തിരിച്ചറിയാത്തതുകൊണ്ടാണ് പലപ്പോഴും പ്രശ്നപരിഹാരം അസാധ്യമായിത്തീരുന്നത് എന്നു തോന്നുന്നു. മാറാടിനെക്കുറിച്ച് അത്തരമൊരു തിരിച്ചറിവ് നമ്മുടെ ഭരണാധികരികള്‍ക്ക് ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവിടെ നടപ്പിലാക്കേണ്ട വികസന പദ്ധതികളെക്കുറിച്ചുള്ള ആലോചനകള്‍ ഇതിന്റെ ഭാഗമാണ്. ആദിവാസി മേഖലയില്‍, അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് തന്നെ ഇത്തരമൊരു തിരിച്ചറിവ്, വര്‍ഗസമരവുമായി ബന്ധപ്പെട്ട അതിന്റെ യഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. കേരളത്തിലെ മുഖ്യധാരാ സമൂഹവും ഇത്തരമൊരു തിരിച്ചറിവിലേക്ക് ഉണരേണ്ടതുണ്ട്. അതില്ലാതെ വരുന്നതുകൊണ്ടാണ് വംശീയ, ജാതീയ, വര്‍ഗീയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള പരിഹാരങ്ങള്‍ തേടേണ്ടി വരുന്നത്. 

ചോദ്യം: ആദ്യത്തെ ഇഎംഎസ് സര്‍ക്കാരിന്റെ രൂപീകരണ കാലത്തും അതിനു മുമ്പും, സിവില്‍ സമൂഹത്തില്‍ ഇടതുപക്ഷ ആശയങ്ങളുടെ ഒരു മേല്‍ക്കോയ്മ രൂപപ്പെട്ടിരുന്നു. ജനപ്രിയ കലയുടെയും കലാകാരന്മാരുടെയും കാര്യത്തില്‍ പോലും, അവരുടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയും ഇടതുപക്ഷ അനുഭാവവും വ്യക്തമായിരുന്നു. രാമുകാര്യാട്ടും തോപ്പില്‍ ഭാസിയും പി ഭാസ്കരനും ബാബുരാജും വയലാറും ദേവരാജനും കെപിഎസിയും കെടിമുഹമ്മദും നിലമ്പൂര്‍ ആയിഷയും ശകരാടിയും ഒക്കെ അടങ്ങുന്ന ഇടതുപക്ഷത്തോട് വ്യക്തമായി കൂറുപുലര്‍ത്തിയ കലാകാരന്മാര്‍ ആണ് ജനപ്രിയ സിനിമയുടെ മേഖലയില്‍ പോലും പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് ഒരു കലാകാരനും ഇടതുപക്ഷത്തോട് കുറു പുലര്‍ത്തുന്നുവെന്ന് സ്വകാര്യമായി പറയാന്‍ പോലും നാണമുള്ളവരാണ്, അങ്ങനെയാണെങ്കില്‍ പോലും. കലയുടെ മേഖലയാകെ പുനരുത്ഥാനവാദത്തിന്റെ പ്രത്യയശാസ്ത്രത്തിന്മേല്‍ കെട്ടിപ്പൊക്കിയ ഗൃഹാതുരതാ വ്യവസായമായി അധ:പതിച്ചിരിക്കുന്നു. ആളുകളുടെ അഭിരുചിയും അങ്ങനെ മാറിപ്പോയിരിക്കുന്നു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും, സിവില്‍ സമൂഹത്തില്‍ ആശയമേല്‍ക്കോയ്മ വലതുപക്ഷാശയങ്ങള്‍ക്കാണ്, ആഗോളവല്‍ക്കരണം വെച്ച് നീട്ടുന്ന സ്വപ്നങ്ങള്‍ക്കാണ്...

പണിക്കര്‍: കേരളത്തില്‍ അമ്പതുകളില്‍ നിന്ന് വ്യത്യസ്തമായി ബൌദ്ധിക സാംസ്കാരിക മണ്ഡലത്തില്‍ വളരെ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. ജനജീവിതവുമായി ബന്ധമില്ലാത്ത കലയുടെ ലോകമാണ് ഇന്ന് നിലവിലുള്ളത്. ഇത് ആഗോളതലത്തിലുളള മാറ്റങ്ങളുടെ പരിണതഫലം കൂടിയാണ്. ആഗോള മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെയുടെയും മേല്‍ക്കോയ്മയുടേയും ഒക്കെ ഭാഗമാണ്. അതിന്റെ ഒരു പ്രധാനപ്പെട്ട വശം, ആഗോള മൂലധനത്തിന്റെ താല്‍പര്യത്തില്‍ അധിഷ്ഠിതമായി ഒരു സാംസ്കാരിക-ബൌദ്ധിക കാലാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അത്തരമൊരു കാലാവസ്ഥയാണ് കേരളത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്, ഇന്ത്യയിലാകെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഇത് വാസ്തവത്തില്‍, ദേശീയ മാധ്യമങ്ങളുടെ ഒരു താരതമ്യ പഠനത്തിലൂടെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അമ്പതുകളിലെ ദേശീയ മാധ്യമങ്ങളിലെ പ്രാദേശിക പേജുകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കുക, അതതു പ്രദേശത്തെ സാമൂഹ്യപ്രശ്നങ്ങള്‍, രാഷ്ട്രീയ പ്രശ്നങ്ങള്‍, ആളുകള്‍ക്കു ആക്ഷേപങ്ങളും അഭിപ്രായങ്ങളും എല്ലാം ഉള്‍കൊളളുന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമാണ്. ജനങ്ങളുടെ പ്രശ്നങ്ങളാണ് അതില്‍ കൈകാര്യം ചെയ്തിരുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ അല്ലെങ്കിലും, പൊതുവെ പൊതുജനങ്ങള്‍ക്ക് അവയില്‍ പ്രാതിനിധ്യം കിട്ടിയിരുന്നു. ഇന്ന് ഈ പേജുകളില്‍ വരുന്നത്, സമൂഹത്തിന്റെ മേലെക്കിടയിലുള്ള, ഒരു ശതമാനത്തിനു താഴെ വരുന്ന ആളുകളുടെ ജീവിതരീതിയെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളുമാണ്. ആഗോളമായുള്ള വരേണ്യതയുടെ താല്‍പര്യങ്ങളുമായി ബന്ധപ്പെടുന്ന ജീവിതമാണ് ഇവിടെ പ്രകാശിപ്പിക്കപ്പെടുന്നത്. ദേശീയ പത്രങ്ങള്‍ ഇന്ന് എടുത്തുനോക്കിയാല്‍ തോന്നുക ഇന്ത്യയില്‍ ജീവിക്കുന്നത് എത്ര സമ്പന്നരായ ജനങ്ങളാണ് എന്നാണ്. അമ്പതുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് മേല്‍ക്കോയ്മ നേടിയിരിക്കുന്നത് ആഗോളവല്‍ക്കരണം സൃഷടിക്കുന്ന മോഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമാണ്. അതിന് നമ്മുടെ മധ്യവര്‍ഗം കീഴ്പ്പെട്ടിരിക്കുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു സാംസ്കാരിക കാലാവസ്ഥ ഉണ്ടായി വരുന്നത് ഈ മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം താല്‍പര്യമില്ലാത്ത കാര്യമാണ്. ഇതാണ് വാസ്തവത്തില്‍ സംഭവിച്ചിരിക്കുന്നത്. 
 ഇടതുപക്ഷവുമായി ബന്ധപ്പെട്ട സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനത്തിന് രണ്ടു വശമുണ്ട്. ഒന്ന് സമൂഹത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന, അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട, പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങളും ജീവിതവും സംബന്ധിച്ച സര്‍ഗാത്മക സാഹിത്യമാണ്. തകഴിയുടെ \'തോട്ടിയുടെ മകന്‍\' പുരോഗമന സ്വഭാവമുള്ള സാഹിത്യമാണ് എന്നു പറയുന്നതില്‍ വാസ്തവത്തില്‍ ഈ കാഴ്ചപ്പാടാണുള്ളത്. സമൂഹത്തിലെ പുറമ്പോക്കില്‍ ജീവിക്കുന്നവരുടെ ആശയങ്ങളുടെയും വര്‍ഗമൂല്യങ്ങളുടെയും പ്രശ്നങ്ങള്‍ ആണ് പ്രകാശിപ്പിക്കപ്പെട്ടത്. അതായത് ഇത്തരം സാഹിത്യത്തിന്റെ പ്രമേയപരമായ ശ്രദ്ധ അധ:സ്ഥിത ജനതയുടെ ജീവിതമായിരുന്നു എന്നര്‍ത്ഥം. രണ്ടാമതായി സൂചിപ്പിച്ച സാഹിത്യത്തിന്റെ കാഴ്ചപ്പാട്, അത്തരം ജീവിതാവസ്ഥയില്‍ നിലനില്‍ക്കുന്ന ജനങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്ന ആശയങ്ങളുടെ ആഖ്യാനമാണ്. ഇന്ന് തൊണ്ണുറ്റൊമ്പത് ശതമാനം സാഹിത്യകാരന്മാര്‍ക്കും സാംസ്കാരിക വ്യക്തിത്വങ്ങള്‍ക്കും ഇത് രണ്ടിലും താല്‍പര്യമില്ല. ആദ്യത്തെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശ്വസിക്കുന്നത് വ്യക്തിപരമായ ചില പ്രതിസന്ധികള്‍, പ്രതിസന്ധികള്‍ എന്ന് അവര്‍ വിശ്വസിക്കുന്നത്, ആവിഷ്കരിക്കുക എന്നതാണ്. അതിന് സാമൂഹ്യമായി വിപുലമായ ബന്ധമൊന്നുമില്ല. ഒരു പാട് സാഹിത്യകാരന്മാര്‍ പല ഭാഷകളിലും എഴുതുന്ന കൃതികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത് ഇതാണ്. ഈ പ്രവണത ഇന്ത്യയില്‍ അമ്പതുകളില്‍ തന്നെ വന്നിട്ടുണ്ട്. കേരളത്തില്‍ ഇത് അടുത്ത കാലത്താണ് ശക്തിപ്പെട്ടത്. എന്നാല്‍ അമ്പതുകളിലെ സ്ഥിതി ഇന്നില്‍ നിന്ന്  വ്യത്യസ്തമായിരിക്കുന്നത്, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് അന്ന് പ്രാധാന്യം ലഭിച്ചിരുന്നു എന്നതാണ്. എന്നാല്‍ ഇന്ന് അത് പൂര്‍ണ്ണമായും തമസ്കരിക്കപ്പെടുകയാണ്. ദളിതരുടെ ജീവിതവുമായി ബന്ധപ്പെട്ട സാഹിത്യം അമ്പതുകളില്‍ നിരവധി ഉണ്ടായിട്ടുണ്ട്. തകഴിയും കേശവദേവും ബഷീറും എല്ലാം എഴുതിയവ. തോട്ടിയുടെ മകനും രണ്ടിടങ്ങഴിയും ചെമ്മീനും റിക്ഷക്കാരനും എല്ലാം പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതമാണ് ആവിഷ്കരിച്ചത്. ഇന്നിപ്പോള്‍ മുഖ്യധാര അറിയുന്ന, ദളിത് വിഷയം കൈകാര്യം ചെയ്ത ഒരു നോവല്‍, എം മുകുന്ദന്‍ അടുത്ത കാലത്തെഴുതിയ \'പുലയപ്പാട്ട്\' മാത്രമാണ്. ഈ മേഖലയാകെത്തന്നെ അവഗണിക്കപ്പെട്ടിരിക്കയാണ്. രണ്ടാമത് പറഞ്ഞ തരത്തില്‍ ജീവിത പരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശയമുള്‍കൊള്ളുന്ന ആഖ്യാനത്തില്‍ ഇന്ന് സംസ്കാരിക പ്രവര്‍ത്തകര്‍ക്കോ എഴുത്തുകാര്‍ക്കോ താല്‍പര്യമില്ല എന്നതാണ് സ്ഥിതി. ഇന്ന് സാമൂഹ്യപരിവര്‍ത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ആഗോളവല്‍ക്കരണവുമായി ബന്ധപ്പെട്ട സാമൂഹ്യമാറ്റത്തെക്കുറിച്ചുള്ളതാണ്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് വാസ്തവത്തില്‍ നടക്കുന്നത്. അതുകൊണ്ട് ആയിരത്തിത്തൊളളായിരത്തി മുപ്പതുകളിലോ നാല്‍പതുകളിലോ അമ്പതുകളിലോ ഉണ്ടായിരുന്ന കലയും സാഹിത്യവും ഇന്ന് വാസ്തവത്തില്‍ നഷ്ടമായിത്തീര്‍ന്നിരിക്കുന്നു. 

ചോദ്യം: ഇതൊരു പക്ഷേ ആധുനികത എന്നു പേരിട്ടു വിളിച്ച സാഹിത്യത്തിന്റെ കാലം മുതല്‍ തുടങ്ങിയ പ്രവണതയല്ലേ? 

പണിക്കര്‍: അതിന്റെ വേരുകള്‍ ആധുനികതാ സാഹിത്യത്തിന്റെ കാലത്തുണ്ടായിരുന്നു. എന്നാല്‍ അന്നും പുരോഗമന സാഹിത്യത്തിന്റെ സമാന്തരമായ ഒരു ധാര ശക്തമായി നിലനിന്നിരുന്നു. ഇന്നത് പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കയാണ്. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം ഇന്നുണ്ടെങ്കിലും അതിനെ പ്രതിനിധീകരിക്കുന്ന സാഹിത്യം ദുര്‍ബലമാണ്. 

ചോദ്യം: ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇത്രയധികം പ്രസിദ്ധീകരണങ്ങളും മാസികകളും മാധ്യമങ്ങളും ഉണ്ടായിട്ടും പുരോഗമന സ്വഭാവമുള്ള സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ബോധപൂര്‍വ്വമായ പ്രോത്സാഹനം എന്നല്ല ഉദ്ദേശിക്കുന്നത്, സര്‍ഗ്ഗാത്മകമായി  എന്തുകൊണ്ട് അത്തരമൊരന്തരീക്ഷത്തിലേക്ക് വളര്‍ന്നു വരാന്‍ കഴിയുന്നില്ല? 
പണിക്കര്‍: ഈ മേഖലയില്‍ അപ്രകാരം പ്രോത്സാഹനത്തിലൂടെയല്ല സാഹിത്യം ജനിക്കുന്നത്. അത് സമൂഹത്തിന്റെ സ്വാഭാവികമായ പ്രക്രിയയുടെ ഫലമായായി ഉണ്ടാകേണ്ടതാണ്. അതില്‍ പ്രധാനപ്പെട്ട കാര്യം വാസ്തവത്തില്‍, ഇങ്ങനെയുള്ള ഒരു ആവിഷ്കാര സാധ്യത ഉയര്‍ന്നു വരണമെങ്കില്‍, രാഷ്ട്രീയ-സാംസ്കാരിക മേഖലകള്‍ തമ്മില്‍ വളരെ അടുത്ത ഒരു ബന്ധം വളര്‍ന്നു വരണം എന്നുള്ളതാണ്. ഒരു പക്ഷേ, രാഷ്ട്രീയ-സാംസ്കാരിക സമരങ്ങള്‍ തമ്മിലുള്ള ഈ ജൈവബന്ധത്തിന്റെ അഭാവമാണ് ഇത്തരമൊരു സ്തംഭനത്തിന് ഇടയാക്കിയിരിക്കുന്നത്. പത്ത് പതിനഞ്ച് കൊല്ലം മുമ്പ് \'ഇടതുപക്ഷ സാംസ്കാരിക പരിപ്രേക്ഷ്യം\' എന്ന ലേഖനത്തില്‍ ഞാനിക്കാര്യം എഴുതിയിട്ടുണ്ട്. ഇന്ത്യയിലാകെ സാംസ്കാരി-ബൌദ്ധിക സമരങ്ങള്‍നേരിടുന്ന ഒരു ദൌര്‍ബല്യം, രാഷ്ട്രീയ-ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍തമ്മില്‍ വന്നു ചേര്‍ന്നിട്ടുള്ള ഈ വിടവാണ്. 
  താങ്കള്‍ ഉപയോഗിച്ച വാക്ക് പ്രോത്സാഹനം എന്നാണല്ലോ. അങ്ങിനെയുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ ഞാന്‍  ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ ഉപകരണവാദപരമായ സമീപനം എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. സംസ്കാരത്തിന്റെ മേഖലയെ ഏതെങ്കിലൂം ഒരാശയത്തിനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ്, അതിലൂടെ ഇടതുപക്ഷ സാംസ്കാരിക നേതൃത്വം നടത്തിയത്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ ഉണ്ടായ ഒരു സമീപനമാണിത്. എന്നാല്‍ അത് ഒരു ജൈവ ബന്ധത്തെ പ്രകാശിപ്പിക്കുന്നില്ല. ആ ജൈവ ബന്ധമാണ് 40കളിലും 50കളിലും നടന്നിട്ടുള്ളത്. പിന്നെ രാഷ്ട്രീയവും സംസ്കാരവും തമ്മിലുള്ള ആ ബന്ധം നഷ്ടപ്പെടുന്നതാണ് നാം കാണുന്നത്. അത് റീഇന്‍വോക്ക് ചെയ്യാന്‍ കഴിയണം. രാഷ്ട്രീയവും സാംസ്കാരിക പ്രവര്‍ത്തനവും തമ്മിലുള്ള പാരസ്പര്യം വീണ്ടെടുക്കേണ്ടതായുണ്ട്. 

ചോദ്യം: അധ്യാപകരുടെ ജീവിതത്തില്‍ സ്പര്‍ശിക്കുന്ന ഒരു നിയമവും ഇഎംഎസ് സര്‍ക്കാര്‍ കൊണ്ടുവരികയുണ്ടായി. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകരും പ്രവര്‍ത്തകരും എന്ന നിലയില്‍ പ്രത്യേകിച്ചും, എലിമെന്ററി തലത്തിലുള്ള അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വലിയൊരു പങ്കു വഹിച്ചിട്ടുണ്ടല്ലോ.  സാധാരണക്കാരുടെ ബുദ്ധിജീവികള്‍ എന്ന നിലയില്‍, ഗ്രാംഷി സൂചിപ്പിക്കുന്ന തരത്തിലുള്ള, ജൈവ ബുദ്ധിജീവികള്‍ എന്ന അര്‍ത്ഥത്തില്‍ ഈ വിഭാഗത്തിന്റെ പങ്ക് എത്രത്തോളമാണ്, മറ്റ് കാര്‍ഷിക പ്രക്ഷോഭങ്ങളെപ്പോലെത്തന്നെ ഇടതുപക്ഷാവബോധം രൂപീകരിക്കുന്നതിന് സഹായിച്ചത്? ഇന്ന് ഈ വിഭാഗത്തിനു സംഭവിച്ച മാറ്റത്തിന്റെ സ്വഭാവമെന്താണ്? 

പണിക്കര്‍: ഇത് വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. കാര്‍ഷിക അവബോധം രൂപപ്പെടുത്തുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച വിഭാഗമാണ് അധ്യാപകര്‍. അധ്യാപകരോടൊപ്പം ഇവിടെ ശക്തമായിരുന്ന വായനശാലാ പ്രസ്ഥാനത്തെയും കണക്കിലെടുക്കേണ്ടതുണ്ട്. പലപ്പോഴും അധ്യാപകരുടെ പ്രവര്‍ത്തന മണ്ഡലം ഈ ലൈബ്രറികളായിരുന്നു. പ്രാദേശിക വായനശാലകള്‍. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ വന്ന മാറ്റം, പട്ടണങ്ങളില്‍ മാത്രമായി പരിമിതപ്പെടാതെ, ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപരിക്കാന്‍ ഇടയായത് ഈ രണ്ട് തലത്തിലുള്ള ബൌദ്ധിക പ്രവര്‍ത്തനങ്ങളുടെ ചേര്‍ച്ചയിലൂടെയാണ് എന്നു കാണാം. ഗ്രാമീണ മേഖലയില്‍ കര്‍ഷക പ്രസ്ഥാനം പോലെ അധ്യാപകരുടെ പ്രവര്‍ത്തനം, ഇടതുപക്ഷ ആശയം വ്യാപരിക്കാന്‍ ഇടയാക്കി എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇടതുപക്ഷ റാഡിക്കലൈസേഷന് അവര്‍ സഹായിച്ചു. ക്ളാസ് മുറികളിലെ ഇടപെടലിലും ഇത്തരമൊരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. സമൂഹത്തിന്റെ വളര്‍ച്ചയില്‍ ഇടതുപക്ഷ മൂല്യബോധത്തിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ കാഴ്ചപ്പാട്, ക്ളാസ്മുറികളില്‍ വെച്ച് വളരെ സ്വാഭാവികമായി വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നു നല്‍കപ്പെട്ടു. അങ്ങനെ ഇടതുപക്ഷ സാമൂഹികാവബോധം സമൂഹത്തിലേക്ക് വ്യാപരിക്കുന്ന പ്രക്രിയയില്‍ അധ്യാപകര്‍ ബോധപൂര്‍വ്വവും അല്ലാത്തതുമായ ഒരു പങ്കാളിത്തം നിര്‍വ്വഹിച്ചു. 
 ഇന്ന്, സിലബസ് പരിഷ്കരണം എന്നു പറയുന്നത് ഈ റാഡിക്കലൈസേഷന്‍ ലക്ഷ്യം വെച്ചാവണം എന്ന് ഞാന്‍ അധ്യാപകരുടെ ഒരു യോഗത്തില്‍ പറയുകയുണ്ടായി. റാഡിക്കലൈസേഷന്‍ എന്നു പറയുന്നത് അധ്യാപകരെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗങ്ങളാകുക എന്ന അര്‍ത്ഥത്തിലല്ല. സമൂഹത്തിന്റെ പുരോഗതിയെ സംബന്ധിച്ച ഒരു കാഴ്ചപ്പാട് സ്വരൂപിക്കുക എന്നതാണ്. ഇന്ന് നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒരു മാറ്റം ലക്ഷ്യം വെച്ചുകൊണ്ടുള്ള അധ്യാപകവൃത്തി. അങ്ങനെയേ സമൂഹത്തിനു മുന്നോട്ടു പോകാന്‍ പറ്റൂ. മാറ്റത്തിനുള്ള വഴിതെളിയിക്കുന്നവരാകണം അധ്യാപര്‍. അതിന് ഉതകുന്ന വിധത്തില്‍ ആയിരിക്കണം സിലബസ് പരിഷ്കരണം. ഓരോ വിഷയത്തിലും ഇന്ന് എന്ത് സംഭവിക്കുന്നു എന്നത് ഉള്‍കൊള്ളുന്ന ഒന്നു മാത്രമല്ല സിലബസ്. അത് വേണം. അതുമാത്രമല്ല സിലബസ് പരിഷ്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരമൊരു കാഴ്ചപ്പാട് ഇല്ലാതായിരിക്കുന്നു എന്നതാണ് ഇന്ന് വന്നിട്ടുള്ള മാറ്റം. 
 ഇടതുപക്ഷ പ്രസ്ഥാനം മുന്നോട്ട് പോകുവാന്‍, നാം നേരത്തെ നവോത്ഥാന പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞ പോലെ, ഒരു സാംസ്കാരിക-ബൌദ്ധിക കുതിച്ചു ചാട്ടം, വിഛേദനം ആവശ്യമാണ്. ഈ വിഛേദനം സാധ്യമാക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. 
 ഇന്നത്തെ വിദ്യാഭ്യാസത്തിന് അങ്ങനെയൊരു കാഴ്ചപ്പാട് ഇല്ലാതായിരിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസം സാമൂഹ്യ ഉപകരണമല്ല, അത് സാമ്പത്തിക ഉപകരണമാണ്. കേരളത്തിലെ വിദ്യഭ്യാസം എന്നു പറയുന്നത്, 99.99 ശതമാനം ആളുകളുടെയും കാഴ്ചപ്പാട് വിദ്യാഭ്യാസം ഒരു ജോലി സമ്പാദിക്കാനുള്ള പ്രവര്‍ത്തനം മാത്രമാണ് എന്നാണ്. വിദ്യ ആര്‍ജിക്കാനല്ല. പരീക്ഷയുമായി ബന്ധപ്പെടാത്ത, എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെടാത്ത ഒരു വിദ്യാഭ്യാസത്തിനും ഇന്ന് പ്രസക്തി നല്‍കുന്നില്ല. അതുകൊണ്ട് അധ്യാപകരുടെ റോള്‍ തന്നെ തീരെ മാറിപ്പോയി. അധ്യാപകന്മാര്‍ വാസ്തവത്തില്‍, വലിയൊരു വിഭാഗം ഇന്ന് ട്യൂഷന്‍ മാസ്റ്റര്‍മാരാണ്. ട്യൂഷന്‍ എന്നത് സമൂഹത്തിന് ആവശ്യമായി മാറിക്കഴിഞ്ഞു. അല്ലെങ്കില്‍ കുട്ടികള്‍ക്ക് പരീക്ഷ പാസ്സാകാന്‍ ആവശ്യമായ ചെറിയ ചെറിയ ഗൈഡുകള്‍ എഴുതുന്ന ആളുകളാണ് അവര്‍. അധ്യാപകര്‍ നേരത്തെ പറഞ്ഞ പങ്ക് വഹിച്ചിരുന്ന കാലത്ത് അവര്‍ക്ക് വിദ്യാഭ്യാസത്തിനോടുള്ള സമീപനം വ്യത്യസ്തമായിരുന്നു. മാറിക്കഴിഞ്ഞ സമീപനത്തിന്റെ പ്രയോക്താക്കളായാണ് അവര്‍ ഇന്ന് പ്രത്യക്ഷപ്പെടുന്നത്. അധ്യാപകരെ കുറ്റം പറയുകയല്ല. അവര്‍ ഈ പുതിയ വ്യവസ്ഥിതിയുടെ ഇരകള്‍ മാത്രമാണ്. 

ചോദ്യം: ഇടതുപക്ഷ ആധുനികതയുടെ ഒരു ശൈഥില്യത്തിന്റെ ഘട്ടത്തിലാണ് ഇന്ന് നാം എത്തിനില്‍ക്കുന്നത് എന്നു കരുതുകയാണെങ്കില്‍, അതിനെ മറികടക്കാനും, ഇഎംഎസ് സര്‍ക്കാരിന്റെ പൈതൃകത്തിനെ മുന്നോട്ടു കൊണ്ടുപോകാനും നമുക്ക് എന്തു ചെയ്യാനാകും? 

പണിക്കര്‍: ഇഎംഎസിന്റെ മന്ത്രിസഭക്ക്, കേരളസമൂഹത്തെക്കുറിച്ച്, അതിന്റെ മൂന്ന് മേഖലകളിലെ കാതലായ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. ഒന്ന് സാമ്പത്തിക മേഖല, രണ്ട് ബൌദ്ധിക മേഖല, മൂന്ന് ഭരണതലം. ഈ മൂന്ന് മണ്ഡലങ്ങളിലെ ദൌര്‍ബല്യങ്ങളെക്കുറിച്ച്, പ്രതിസന്ധികളെ ക്കുറിച്ച്, അത് മറികടക്കാന്‍ ആവശ്യമായ നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ഭരണഘടനയുടെ ഉള്ളില്‍ നിന്നുകൊണ്ട് എന്തുതരം നടപടികള്‍ സാധ്യമാണ് എന്നു ചിന്തിക്കാനുള്ള പ്രായോഗികമായ കഴിവ് ഉണ്ടായിരുന്നു. ഇതാണ് വാസ്തവത്തില്‍ ആ മന്ത്രിസഭയുടെ പൈതൃകം എന്നു പറയാവുന്നത്. 
 ഇതില്‍ സാമ്പത്തിക രംഗത്തിന്റെ കാര്യത്തില്‍ രണ്ട് തലമുണ്ട്. ഒന്ന് കാര്‍ഷി മേഖല, മറ്റൊന്ന് വ്യവസായ മേഖല. വാസ്തവത്തില്‍ നാം വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒന്ന് ആ രണ്ട് കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ തുടങ്ങിയ വ്യവസായങ്ങളെക്കുറിച്ചാണ്. 70 അരി മില്ലുകള്‍, 127 എണ്ണ മില്ലുകള്‍, 7 ചായവ്യവസായം, 35 കശുവണ്ടി വ്യവസായങ്ങള്‍, 19 ബീഡി വ്യവസായങ്ങള്‍, 49 തുണിവ്യവസായങ്ങള്‍, 35 കയര്‍ വ്യവസായങ്ങള്‍, 60 സോ മില്‍സ്, അങ്ങനെ ആകെ 698 വ്യവസായങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തി അമ്പത്തേഴില്‍ മാത്രം തുടങ്ങി. കാര്‍ഷിക മേഖലയില്‍ ഉണ്ടായ മാറ്റങ്ങളോടൊപ്പം തന്നെ, വ്യവസായ വല്‍ക്കരണത്തിനുള്ള ശ്രമവും നടന്നു, പ്രത്യേകിച്ചും ചെറുകിട വ്യവസായ മേഖലയില്‍. രണ്ടാമത് ബൌദ്ധിക മേഖലയില്‍ നടത്തിയ പ്രവര്‍ത്തനമാണ്. വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റം. സ്വകാര്യ മേഖലയുടെ പിടിയില്‍ നിന്ന് വിദ്യാഭ്യാസത്തെ പുറത്തുകൊണ്ടുവരുവാനുള്ള ശ്രമം. മൂന്നാമതായി ഭരണതലത്തിലുള്ള കാഴ്ചപ്പാട്. ഭരണസംവിധാനത്തില്‍ മാറ്റം വരണം എന്നതു സംബന്ധിച്ച വളരെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഒരു അഡ്മിനിസ്ട്രേറ്റീവ്....രൂപീകരിക്കാന്‍ പോലും അന്ന് പരിപാടി ഉണ്ടായിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും. ഞാന്‍ നോക്കി കാണുന്ന പ്രധാനപ്പെട്ട കാര്യമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനു ശേഷം, ഇന്ത്യയില്‍ നിലനിന്ന കൊളോണിയല്‍ ബ്യൂറോക്രസിയുടെ സംസ്കാരത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കൊളോണിയല്‍ ബ്യൂറോക്രസിയുടെ സംസ്കാരം ജനങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുക എന്നതാണ്. ബ്യൂറോക്രസിയും ജനങ്ങളും തമ്മില്‍ വളരെ വലിയൊരു വിടവ് നിലവിലുണ്ടായിരുന്നു. കൊളോണിയലിസത്തിന്റെ സ്വഭാവം തന്നെ അതായിരുന്നു. അതില്‍ മാറ്റമുണ്ടാകണം എന്ന് വ്യക്തമായ ആശയം ഇഎംഎസ് മന്ത്രിസഭക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ആശയം അന്നുണ്ടാകുന്നത്. 
 57നു ശേഷം ഈ പറഞ്ഞ മൂന്നുകാര്യങ്ങളിലും പക്ഷേ സ്തംഭനാവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് നാം ആ പൈതൃകത്തില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത് ഈ മൂന്നു കാര്യത്തിലും വരുത്തേണ്ട മാറ്റങ്ങളാണ്. ആ പൈതൃകം ഏറ്റെടുത്തുകൊണ്ട് എങ്ങനെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധിക്കും എന്ന ആലോചന വേണം. കാര്‍ഷി മേഖലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കണം. വ്യവസായ മേഖലയില്‍ ചെറുകിട മേഖലക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നടപടികള്‍ ഉണ്ടാകണം. ഭരണതലത്തില്‍ അഴിച്ചുപണി നടക്കണം. കൊളോണിയല്‍ കാലഘട്ടത്തിലെ ഉദ്യോഗസ്ഥ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി സുതാര്യമായ ഒരു സംവിധാനം കൊണ്ടു വരണം. ഇന്നത്തെ സങ്കീര്‍ണ്ണമായ ഫയല്‍ സംവിധാനത്തില്‍ നിന്ന് ഒരു മാറ്റം വരണം.

No comments:

Post a Comment