Friday, September 7, 2012



ചരിത്രം കുഴിച്ചുചെല്ലുന്ന ഭാവന
അറക്കല്‍ ഗഫൂറിന്റെ നോവല്‍-ആര്‍ക്കിയോളജിയെക്കുറിച്ച്...

എന്നാല്‍ വിയര്‍പ്പ് വറ്റിക്കൊണ്ടിരിക്കുന്ന അവളുടെ ദേഹത്ത് നിന്ന് ഇടതു ഭാഗത്തേക്കു ചെരിഞ്ഞ്, തുറന്നിട്ട ജനലിലൂടെ മങ്ങിയ നക്ഷത്രങ്ങളെ നോക്കി നല്ല ശബ്ദത്തില്‍ എന്നാല്‍ ഒട്ടും ദുര്‍ഗന്ധമില്ലാതെ ഒരു നീണ്ട വളിയിട്ടപ്പോള്‍ അയാള്‍ക്ക് സെക്സില്‍ ആദ്യമായി മടുപ്പ് തോന്നി. സെക്സില്‍ അസാധാരണമായി  ഒന്നുമില്ലെന്നും അതിനുവേണ്ടി ജീവിതം തന്നെ മാറ്റിവെയ്ക്കുന്നത് എന്തൊരു വിണ്ഢിത്തമാണെന്നും അയാള്‍ക്കു ബോധ്യപ്പെട്ടു. 
പ്രൊഫസര്‍ പറഞ്ഞു: \"മീമി. ഇതുവരെ ഞാന്‍ ഇത്ര സംതൃപ്തനായിട്ടില്ല.\'\'\'അവള്‍ പുഞ്ചിരിച്ചു. ഷെല്‍ഫില്‍ നിന്നും \"ബുദ്ധന്റെ വചനങ്ങള്‍\'\' എന്ന പുസ്തകം നിവര്‍ത്തി വായിക്കാന്‍ കൊടുത്തു. 
\"കാതുകള്‍ക്ക് തീ പിടിച്ചിരിക്കുന്നു. ശബ്ദങ്ങള്‍ക്ക് തീ പിടിച്ചിരിക്കുന്നു. മൂക്കിനു തീ പിടിച്ചിരിക്കുന്നു. ഗന്ധങ്ങള്‍ക്ക് തീപിടിച്ചിരിക്കുന്നു. നാവിന് തീ പിടിച്ചിരിക്കുന്നു. ശരീരത്തിന് തീ പിടിച്ചിരിക്കുന്നു. മനസില്‍ പതിയുന്ന ധാരണകളെ ആശ്രയിച്ച് ഉത്ഭവിക്കുന്ന സന്തോഷകരവും ദു:ഖകരവും രണ്ടുമല്ലാത്തതുമായ എല്ലാ വികാരങ്ങള്‍ക്കും തീ പിടിച്ചിരിക്കുന്നു.\'\'
മീമി പുഞ്ചിരിച്ച് വീണ്ടും \"ബുദ്ധന്റെ വചനങ്ങള്‍\'\' നിവര്‍ത്തി വായിക്കാന്‍ പറഞ്ഞു. 
\"എന്തുകൊണ്ടാണ് ഇവയ്ക്ക് തീ പിടിച്ചിട്ടുള്ളത്? വികാരത്തിന്റെ അഗ്നി കൊണ്ട്, വിദ്വോഷത്തിന്റെ അഗ്നി കൊണ്ട്, ജനനത്തിന്റെയും വാര്‍ധക്യത്തിന്റെയും ദു:ഖത്തിന്റെയും വിലാപത്തിന്റേയും ക്ളേശത്തിന്റേയും ആകുലതയുടെയും നിരാശയുടേയും അഗ്നി കൊണ്ട്.\'\' (പേജ് 97, ഒരു ഭൂതത്തിന്റെ ഭാവിജീവിതം)

ഗഫൂര്‍ അറക്കലിന്റെ പ്രഥമ നോവലായ \"ഒരു ഭൂതത്തിന്റെ ഭാവിജീവിതം\'\' നിര്‍മ്മിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്്. വിദ്വേഷവും വികാരവും വിലാപവും ക്ളേശവും നിരാശയും, ഈ സമ്പല്‍ സമൃദ്ധിക്കിടയിലും, നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന സമകാലീന കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍. ഉത്തരം കിട്ടാത്ത പല സമസ്യകളും ഈ പുസ്തകത്തിലുണ്ട്. ഇരവിയുടെ ദുരൂഹമായ ജീവിതം തന്നെ അതില്‍ പ്രധാനം. ചരിത്രവും സത്യവും തേടിയുള്ള പ്രൊഫസറുടെ യാത്ര ചെന്നെത്തുന്നത് ദു:ഖത്തിലും വേദനയിലും ഏകാന്തതയിലും വിരക്തിയിലുമാണ്. ഒരു പക്ഷേ സമകാലീന കേരളീയ ബൌദ്ധിക ജീവിതത്തെ നോക്കി പരിഹസിക്കുകയും കൊഞ്ഞനം കുത്തുകയും സങ്കടപ്പെടുകയും ചെയ്യുന്നു, ഗഫൂര്‍ നോവലില്‍. അടുത്തിടെ ഏറെ വായനക്കാര്‍ പ്രശംസിച്ച ടി ഡി രാമകൃഷ്ണന്റെ \'ഫ്രാന്‍സിസ് ഇട്ടിക്കോര\' എന്ന നോവല്‍, പണം നമ്മുടെ സാമൂഹ്യജീവിതത്തിന്റെ എല്ലാ അര്‍ത്ഥവും തത്വവും കയ്യാളിയ പരിതസ്ഥിതിയില്‍ പിറന്ന കൃതിയാണ്. എന്നാല്‍, \'ഇട്ടിക്കോര\' ഇട്ടേച്ചു പോയ പല ചോദ്യങ്ങള്‍ക്കും സമസ്യകള്‍ക്കും ഗഫൂറിന്‍െ ഈ \'പോസ്റ്റ്ക്രിപ്റ്റ\'് ഉത്തരം നല്‍കുന്നു. \'ഇട്ടിക്കോര\'യുടെ വായനാനുഭവം സെന്‍സിറ്റീവ് ആയ ഒരു വായനക്കാരനു നല്‍കുന്ന അശാന്തിയെ, ഗഫൂര്‍ സ്വാന്തനപ്പെടുത്തുകയും, നമ്മെ ശാന്തിയുടെ തീരത്തേക്ക് നയിക്കുകയും ചെയ്യുന്നു. വിദ്വേഷകലുഷിതമായിത്തീരുന്ന കേരളീയ സാംസ്കാരിക ജീവിതത്തെ മുന്‍നിര്‍ത്തി, സ്വന്തം ചുറ്റുപാടില്‍ സംഭവിക്കുന്ന മൂല്യച്യുതിയെ ഒരു \'കോയാഹാസ്യ\'ത്തിലൂടെ മറികടന്ന്, ഗഫൂര്‍ വര്‍ത്തമാനത്തിന്റെ ഭൂതം പണിയുന്നു. 
പ്രൊഫ.ടികെആര്‍, നമ്മുടെ അക്കാദമിക ബുദ്ധിജീവിയുടെ എല്ലാ പാരവശ്യങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്ന കഥാപാത്രമാണ്. ചരിത്രകാരനായ അദ്ദേഹത്തെ കേന്ദ്രീകരിച്ച് നീങ്ങുന്ന ഈ ആഖ്യായിക, യഥാര്‍ത്ഥത്തില്‍ ആദിചേരന്മാരുടെ കാലം മുതലുള്ള കേരളത്തിന്റെ (തമിഴകത്തിന്റെ) ചരിത്രം അന്വേഷിക്കുന്നതാണ്. കേരളപ്പിറവി മുതല്‍ മാത്രം കേരളചരിത്രത്തെ അറിയുന്ന നമ്മുടെ ആധുനികതയുടെ ചരിത്രകാന്മാര്‍ക്കും, മധ്യകാലത്തെ ഫ്യൂഡല്‍ കാലം മുതല്‍ കേരള ചരിത്രത്തിന്റെ സമ്പദ്സമൃദ്ധിയെ കൊണ്ടാടുന്ന മേമ്പൊടി ചരിത്രകാരന്മാര്‍ക്കും ദഹിക്കാത്ത, കേരളത്തിന്റെ പൌരാണിക ചരിത്രത്തിന്റെ ഉത്ഖനനമാണ് ഈ പുസ്തകം. നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ ബൌദ്ധ-ജൈന പാരമ്പര്യങ്ങളെ ഈ നോവല്‍ കണ്ടെടുക്കുന്നു. ചെറിയ അധ്യായങ്ങളില്‍ വിഷയവൈവിധ്യം കൊണ്ട് വിസ്മയിപ്പിക്കുന്ന നോവലിന്റെ ഓരോ വരിയും, യഥാര്‍ത്ഥത്തില്‍ ഏറെ പണിപ്പെട്ട വായനയുടെയും അന്വേഷണത്തിന്റെയും ഫലമാണ്. \'ഫ്രാന്‍സിസ് ഇട്ടിക്കോര\' പതിനാലാം നൂറ്റാണ്ടിന്റെ പരിസരത്തുള്ള കേരളീയ സാമൂഹ്യജീവിതത്തെ ഉണര്‍ത്തിക്കൊണ്ടാണ് വര്‍ത്തമാനം പറയുന്നതെങ്കില്‍, ഗഫൂറിന്റെ ഈ ആഖ്യായിക അയോയുഗത്തിനും മുമ്പുള്ള കേരളത്തിന്റെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്നു. നോവലില്‍ കടന്നെത്തുന്ന മനുഷ്യര്‍ പലപ്പോഴും ഈ ചരിത്രഘട്ടങ്ങളുടെ തലച്ചോറ് സാന്ദ്രീകരിച്ച മനുഷ്യരാണ്. പൌരാണികതയിലേക്ക് ഉദ്ഖനനം ചെയ്തുപോകുന്ന നോവല്‍, അങ്ങിനെ, വര്‍ത്തമാനം എത്രത്തോളം ഭൂതബന്ധിതമാണെന്നും, ഭൂതം തന്നെയാണ് നമ്മുടെ ഭാവിയെന്നുമുള്ള ചരിത്രത്തിന്റെ വിസ്മയകരമായ ആവര്‍ത്തന ബന്ധിത്വത്തെ കാണിച്ചു തരുന്നു. ഇങ്ങിനെ അപരിചിതവും അവിശ്വസിനീയവുമായ നമ്മുടെ സ്വന്തം ഭൂതകാലത്തെയാണ് ഇവിടെ  അവതരിപ്പിക്കുന്നത് എന്നതുകൊണ്ടാകണം, ഈ നോവലിന്റെ ആദ്യവായന നടത്തിയവരെല്ലാം അത് ഒരു മാജിക്കല്‍ റിയലിസ്റ്റ് ആഖ്യായികയാണെന്ന് വിധിയെഴുതിയത്. സത്യത്തില്‍ മാജിക്കലായി ഇതില്‍ ഒന്നുമില്ലെന്നും എല്ലാം കേരളത്തിന്റെ ചരിത്രത്തില്‍ നിന്നുള്ള സത്യങ്ങളും വസ്തുതകളും ആണെന്നും ഗഫൂര്‍ പറയുന്നു. മുസ്രിസ് തുറമുഖം തേടിയുള്ള പട്ടണം ഉദ്ഖനനവും വേലായുധന്‍ പണിക്കശ്ശേരിയുടെ പഠന-വിവര്‍ത്തന സംരഭങ്ങളും സംഘകാല കൃതികളും ഒക്കെ കണ്ണോടിക്കുമ്പോള്‍, ഗഫൂറിന്റെ നോവല്‍ എങ്ങിനെ ചരിത്രത്തെ സത്യത്തിന്റെ പക്ഷത്തു നിന്ന് കൈകാര്യം ചെയ്തിരിക്കുന്നു എന്നു കാണാനാകും. നമ്മുടെ ആനന്ദിയന്‍ സാഹിത്യ ശൈലി, ചരിത്രത്തെ സ്വന്തം ദാര്‍ശനികാവശ്യത്തിനുവേണ്ടി തോന്നുംപടി അവതരിപ്പിച്ചുവെങ്കില്‍, ഈ കൃതി ഒരു വരിയില്‍ പോലും ചരിത്രസത്യത്തില്‍ നിന്ന് വഴിമാറിനടക്കുന്നില്ല, അത് എത്ര അവിശ്വസിനീയമായി നമുക്ക് തോന്നുന്നുവെങ്കിലും. ഈ നോവല്‍ വായനക്കായി കയ്യിലെടുക്കുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന സംഗതിയാണിത്. മൂടപ്പെടുകയും അജ്ഞാതമായിത്തീരുകയും മറച്ചുവെയ്ക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന ചരിത്രത്തെ കണ്ടെടുക്കുന്ന രീതി ഈ കൃതിയുടെ അപൂര്‍വ്വതയാണ്. അതിന് അങ്ങിനെ ആര്‍ക്കിയോളജിയുടേതായ ഒരു സ്വഭാവമുണ്ട്. 
ഇരവിയുടെ മന്ത്രവാദാനുഷ്ഠാനങ്ങളും സ്വന്തം പുരുഷന്റെ തന്റേതാക്കാനുള്ള മാരണവിദ്യകളും, അസ്വസ്ഥപ്പെടുത്തുന്ന ജ്ഞാനത്തിന്റെ ബഹിസ്ഫുരണവുമെല്ലാം ഈ നോവലിന്റെ ശ്രദ്ധേയമായ ഏടാണ്. പാരസ്പര്യങ്ങള്‍ ഒന്നുമില്ല എന്നു കരുതുന്ന പലതും ഇതില്‍ പാരസ്പര്യത്തിന്റെ ചരിത്രം പേറുന്നു. ഉദാഹരണമായി, ദളിത്-ബ്രാഹ്ണ പാരമ്പര്യങ്ങള്‍ താന്ത്രികവിദ്യയുടെ കാര്യത്തില്‍ പുലര്‍ത്തുന്ന പാരസ്പര്യം. ഇരവി എന്ന കഥാപാത്രത്തിന്റെ വളര്‍ച്ച എം പി നാരായണപിള്ളയുടെ പരിണാമത്തിലെ വിഹ്വലമായ ഭാവങ്ങള്‍ പകരുന്നതാണ്. ദാമ്പത്യബന്ധത്തിന്റെ അബോധത്തിന്റെ പണിപ്പുരകള്‍ പ്രൊഫസറുമായുള്ള അവളുടെ വൈവാഹിക ബന്ധത്തിലൂടെ വിവസ്ത്രമായിത്തീരുന്നുണ്ട്. വയനാട്ടില്‍ നിന്ന് കണ്ടുകിട്ടുന്ന ഇരവിയെ പ്രൊഫസര്‍ കല്ല്യാണം കഴിക്കുന്ന സാഹസം കാണിക്കുന്നതിലൂടെയാണ് അയാളുടെ ജീവിതം തന്നെ മാറിത്തീരുന്നത്. ഇരവിയുടെ അസാധാരണമായ പെരുമാറ്റവും സംസാരവും ഫ്രൊഫസറുടെ ചരിത്രത്തെസംബന്ധിച്ച ധാരണകളില്‍ തന്നെ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നു. ഒടുവില്‍ ഇരവി തിരോഭവിക്കുന്നതിലൂടെ പ്രൊഫസറുടെ ജീവിതം നിതാന്തമായ അലച്ചിലായിത്തിരുന്നു. ഒരര്‍ത്ഥത്തില്‍ ഈ യാത്ര ചരിത്രത്തേയും ജീവിതത്തിന്റെ അര്‍ത്ഥത്തേയും തേടിയുള്ള പ്രൊഫസറുടെ ഒരു ഗൌതമയാത്രയാണ്. ഈ യാത്രയില്‍ അയാള്‍ കടന്നുപോകുന്ന ഒരോ ജീവിത സന്ദര്‍ഭവും ഒരു മാജിക്കല്‍ റിയലിസ്റ്റ് അനുഭവമായിത്തീരുന്നുണ്ട് എന്നതു വാസ്തവം തന്നെ. അതേസമയം, ഹാസ്യവും പരിഹാസവും വിമര്‍ശനാത്കമതയും ആ സന്ദര്‍ഭങ്ങള്‍ക്ക് വര്‍ത്തമാനവുമായി ബന്ധിപ്പിക്കുന്ന ഒരു \'ഈതേറല്‍ സ്പേസ\'് സമ്മാനിക്കുന്നു. ഇത്ര ലളിതവും ഹൃസ്വവുമായ ഒരു കൃതിയില്‍ കേരളീയ പൌരാണിക ചരിത്രത്തിവും പ്രാദേശിക പാഠദേദങ്ങളും സംഗ്രഹിച്ചുവെച്ചിരിക്കുന്ന  കരകൌശലം നോവലിനെ സൂക്ഷ്മ വായനക്കായി തുറന്നിടുന്നു. 

\"മാചറു പൊന്നേ വലമ്പൂരി മുത്തേ
കാചറുവിരൈയേ കരുമ്പേ തേനേ
അരുംപെറര്‍ പാവാ യാരുയിര്‍ മരുന്തേ
പെരുകുടി വാണികന്‍ ശപരുമടമകളേ...\'\'

പ്രൊഫസര്‍ക്ക് അത്ഭുതം കൊണ്ട് ശ്വാസം മുട്ടി, 
\"നിനക്ക് ചിലപ്പതികാരം അറിയുമോ?\'\' 

\"നിങ്ങള്‍ക്ക് മാത്രമല്ലല്ലോ ചരിത്രമറിയുന്നത്? നിങ്ങള്‍ ചേരവംശത്തിന്റെ ഉറവിടമായി കണക്കാക്കിയത് കുട്ടനാടാണ്. അത് തെറ്റാണ്. തൊണ്ടിനാടാണ്. അതായത് ഇന്നത്തെ കോഴിക്കോട്. നിങ്ങള്‍ സംഘകാലകൃതിയിലെ കുടനാടിനെ കുട്ടനാടാക്കി. എന്നാലും നിങ്ങള്‍ രക്ഷപ്പെട്ടു. കാരണം കോഴിക്കോടും പണ്ട് കുട്ടനാടിന്റെ ഭാഗമായിരുന്നല്ലോ.\'\'

ഇരവി പറയുന്ന ചരിത്രം കേട്ട് പ്രൊഫസര്‍ക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് പ്രഭാതത്തില്‍ അയാള്‍ ഇരവിയെ കാണുന്നത്, കാക്കയെ അമ്പെയ്തുകൊന്ന് രക്തമൊലിപ്പിക്കുന്ന ജഡവുമായി നില്‍ക്കുന്നതായാണ്്. \'അമ്പും വില്ലും\' എന്നു പേരിട്ടിരിക്കുന്ന ഈ അധ്യായം, ഇരവി ഒരു പ്രേതമാണെന്ന പ്രൊഫസറുടെ നിഗമനത്തിലാണ് എത്തുന്നത്. അമ്പും വില്ലും ആദിചേരന്മാരുടെ കുലചിഹ്നമായിരുന്നു. കേരളത്തില്‍ നിന്ന് കണ്ടുകിട്ടിയ ചേര നാണയങ്ങളില്‍ അമ്പും വില്ലും അടയാളവുമാണ്. ഇങ്ങിനെ ഇരവിയുടെ സ്വത്വത്തെപ്പറ്റിയുള്ള സംശയങ്ങളുമായുള്ള അന്വേഷണം ഈ നോവലിന്റെ അന്തര്‍ധാരയായുണ്ട്. ആ അന്വേഷണത്തിന് അവസാനമാകുന്നത്, കേരളത്തിലെ ശിലായുഗ കാലത്തെ വേട-ഗോത്ര സംസ്കാരത്തെപ്പറ്റിയുള്ള ചര്‍ച്ചയിലാണ്. ഇങ്ങിനെ ലളിതമെങ്കിലും ഗഹനമായ അന്വേഷണങ്ങള്‍ പല അടരുകളിലായി ഈ നോവലില്‍ മുഴനീളം കാണാം.

\"എവിടെയായിരുന്നു?\'\'
ചോദ്യത്തിലെ പരിഹാസം കാര്യമാക്കാതെ പ്രൊഫസര്‍ സ്വിമ്മിങ് പൂളിന്റെ വക്കത്ത് മുട്ടുകുത്തി നിന്ന് ചോദിച്ചു: 
\"നിനക്കെന്താണ് വേണ്ടത്?\'\'
\"ചരിത്രം\'\'
\"ഏതു ചരിത്രം?\'\' 
പ്രൊഫസര്‍ക്ക് ആകാംക്ഷ കൊണ്ട് ഹൃദയം 
നെഞ്ചില്‍ മുട്ടുന്നതായി തോന്നി. 
ഇരവി പൊട്ടിച്ചിരിച്ചു. എന്നിട്ട് വെള്ളത്തില്‍ നിന്ന് തലയുയര്‍ത്തി.
\"യാതു മൂരെ യാവരുങ്കേളിര്‍
നീതുനന്റും പിറര്‍ തവാരാ......\'\'എന്നീ വരികള്‍ ചീവിടിന്റെ ശബ്ദത്തില്‍ പാടി ആഴത്തിലേക്ക് ഊളിയിട്ടു. 

പുറനാനൂറ് എന്ന സംഘകാലകൃതിയിലെ നൂറ്റിത്തൊണ്ണൂറ്റി രണ്ടാം കവിതയായിരുന്നു അത്. തന്റെ സൃഹൃത്തായ, ചിദംബരത്തെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസര്‍ അന്‍പരശന്‍ ആ കവിതയുടെ പൂര്‍ണ്ണരൂപവും അര്‍ത്ഥവും പ്രൊഫസര്‍ക്ക് പറഞ്ഞുകൊടുക്കുന്നു:
\"ഏതും എന്റെ നാടാണ്. ആരും എന്റെ സ്വന്തക്കാരാണ്. തിന്മയും നന്മയും മറ്റുള്ളവര്‍ വരുത്തുന്നതല്ല. തനിയെ വരുന്നതാണ്. വേദനിക്കുന്നതും അത് മാറുന്നതും സ്വയം വരുന്നതാണ്. ജനിച്ചു. മരിച്ചില്ല. അതുകൊണ്ട് ഇങ്ങനെ കഴിയുന്നു....\'\'

ലെമൂറിയന്‍ ഭൂഖണ്ഡം പിരിഞ്ഞ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് വേര്‍പ്പെട്ട ഭൂവിഭാഗമാണ് കേരളം എന്നു വരെയുള്ള ചരിത്രത്തിലേക്ക് പുസ്തകം മിന്നലാട്ടങ്ങള്‍ നടത്തുന്നു. 

അവള്‍ പതുക്കെ പറഞ്ഞു: \'
\'ഞാന്‍ ജനിച്ചു. പക്ഷേ മരണമില്ല. 
അതിനാല്‍ എന്റെ ജീവിതമാണ് ചരിത്രം.\'\' 
കാറിന്റെ പിന്‍സീറ്റിലിരുന്ന് നനഞ്ഞ വസ്ത്രങ്ങളാല്‍ 
ചുറ്റിവരിയപ്പെട്ട ഇരവി പിറുപിറുത്തു:
\"എന്റെ രാജ്യം ഒറ്റുകാരാല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു.\'\'
\"ഏതു രാജ്യം?\'\' ജിജ്ഞാസയോടെ പ്രൊഫസര്‍ ചോദിച്ചു. 
\"ഏതും എന്റെ ദേശമാണ്. ആരും എന്റെ സ്വന്തമാണ്....\'\'

ഇങ്ങിനെ പോകുന്ന ഇരവി പ്രൊഫസര്‍ക്കു നേരെ എയ്യുന്ന വാക്കുകള്‍. പ്രൊഫസര്‍ ഇതോടെ, തന്റെ ചരിത്രത്തിന്റെ അന്വേഷണ സൂചികള്‍ ആഫ്രിക്കയിലേക്കും ശ്രീലങ്കയിലേക്കും ചൈനയിലേക്കും എല്ലാം തിരിച്ചു വെയ്ക്കുന്നു. മറ്റുള്ളവരുടെ മനസ്സു വായിക്കാന്‍ കഴിയുന്ന സ്ഥിതിയില്‍ എത്തിച്ചേരുന്ന പ്രൊഫസര്‍, ഇരവിയുടെ തിരോധാനത്തോടെ വിഭ്രാന്തിയുടെയും വിമ്മിട്ടത്തിന്റേയും മാനസികാവസ്ഥയില്‍ പെടുന്നു. ഈ യാത്രയുടെ അന്ത്യമാണ് ഈ നോവലിന്റെ അന്ത്യം. 
കോഴിച്ചോരയും കൊടുങ്ങല്ലൂരും വയനാടന്‍ ചരിത്രവും കേരളത്തിന്റെ കടലോരങ്ങളുടെ പൌരാണിക ജീവിതസ്മൃതിയും പ്രാദേശിക ജീവിതക്കൂട്ടുകളും എല്ലാം അടരുകള്‍ തീര്‍ക്കുന്ന ഈ നോവല്‍ അതിന്റെ അതിസൂക്ഷ്മമായ തെരഞ്ഞെടുപ്പിന്റെ ക്രാഫ്റ്റുകൊണ്ടും, ആക്ഷേപഹാസ്യത്തിന്റെ ഈതേറിയല്‍ സ്പേസുകൊണ്ടും, അതിലുപരി  ചരിത്രാന്വേഷണം കൊണ്ടും, ശ്രദ്ധേയമായിത്തീരുന്നു. ചരിത്രമെന്താണ് എന്ന ചോദ്യത്തിന്റെ ദാര്‍ശനികമായ ഉത്തരം കൂടിയായി നോവലിനെ ഗഫൂര്‍ മാറ്റിത്തീര്‍ക്കുന്നു. മുത്തുമണികള്‍ കോര്‍ത്തുകെട്ടിയപോലെ സൂക്ഷ്മ ചരിത്രങ്ങള്‍ ഈ ആഖ്യായികയില്‍ കണ്ണിചേര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നു. നോവലിന്റെ ബൃഹദാഖ്യാനരൂപഘടനയെത്തന്നെ, ഇപ്രകാരം ചരിത്രത്തിന്റെ ഉപാഖ്യാനങ്ങള്‍ കൊണ്ട്  മാറ്റിപ്പണിയുന്നു. 
മലബാറിലെ പ്രാദേശിക ഫുട്ബോള്‍ ചരിത്രത്തെ മുന്‍നിര്‍ത്തി റോസ്പൂവ് കുഞ്ഞിമോനും റിവോള്‍വര്‍ മൂസാക്കയും കോച്ച് അല്‍ബ്രൂനിയും കടന്നു വരുന്ന ഒരു ഉജ്വല അധ്യായം ഈ നോവലിലുണ്ട്. പ്രൊഫസറും ശിഷ്യയായ സെലീനയും അന്വേഷിച്ചെത്തുന്ന ഈ പ്രാദേശിക ചരിത്രം കേട്ടു മടങ്ങുമ്പോള്‍, ഇതാണ് പ്രാദേശിക ചരിത്രത്തിന്റെ പ്രശ്നം, അതെപ്പോഴും വൈകാരികമായിരിക്കും, എന്നു പ്രൊഫസര്‍ കമന്റ് ചെയ്യുന്നത്, ഇത്തരത്തില്‍ ചരിത്രരീതിശാസ്ത്രത്തെ സംബന്ധിച്ച് നമ്മുടെ അക്കാദമിക്കുകള്‍ പുലര്‍ത്തുന്ന ചില തൊട്ടുകൂടായ്മകളും തീണ്ടിക്കുടായ്മകളെയുമാണ് പ്രശ്നവല്‍ക്കരിക്കുന്നതാണ്. നോവലിലുടനീളം ചരിത്രമെന്താണ് എന്ന ഈ ചര്‍ച്ച പൊന്തി വരുന്നു. \"ഉല്‍പാദനപരമായ ജീവിതമാണ് ചരിത്രമെന്നും\'\', അപ്പോള്‍ ജീവിതമോ എന്ന ചോദ്യത്തിന് \'ചരിത്രപരമായ ഉല്‍പാദനമാണ് ജീവിതമെന്നും\' രണ്ടു വാക്യങ്ങളില്‍, തന്റെ ദീര്‍ഘപ്രഭാഷണം കേള്‍ക്കാന്‍ കാത്തുനിന്ന ഒരു വിദേശ സെമിനാര്‍ സദസ്സിനു മുമ്പില്‍, പ്രൊഫസര്‍ പറഞ്ഞുവെയ്ക്കുന്നത്, ഏറെ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നുണ്ട്. സെമിനാര്‍ ഹാളിലെ ഡച്ച് വിദ്യാര്‍ഥി പ്രൊഫസര്‍ ഒരു മാര്‍ക്സിസ്റ്റാണോ എന്നു സംശയിക്കുന്ന ഭാഗം ഹാസ്യാത്മകമായി നോവല്‍കാരന്‍ വരച്ചിടുന്നു. ചരിത്രരീതിശാസ്ത്രത്തിന്റെ പക്ഷങ്ങളെയെല്ലാം ഗഫൂര്‍ ചര്‍ച്ചക്കെടുക്കുമ്പോഴും, ബൌദ്ധികതയുടെ കപടഗൌരവത്തെ എല്ലായ്പ്പോഴും തന്റെ സ്വതസിദ്ധമായ \'കോയഹാസ്യ\'ത്തിലൂടെ, ഒരു തരത്തിലുള്ള ന്യൂനോക്തിയിലൂടെയുള്ള പരിഹാസത്തിലൂടെ, കടത്തിവിടുകയും ചെയ്യുന്നുണ്ട്.
ഇങ്ങിനെ, സെലീനയുടെ ഫെമിനിസ്റ്റ് സ്വപ്നങ്ങളും, റോസ് പൂവ് കുഞ്ഞിമോന്റെയും സംഘത്തിന്റെയും ലോകകപ്പ് കളിയും, നിമി എന്ന കോള്‍ ഗേളിന്റെ ബൌദ്ധദര്‍ശനവും, വന്‍മതിലിന്റെ കഥയും, മതാതീതമായ ആത്മീയത അന്വേഷിച്ചു നടക്കുന്ന റാംമുഹമ്മദ് സിംഗിന്റെ ജീവിതവും, ക്വാണ്ടം ബിച്ചാമുവിന്റെ ബഹിരാകാശ ഗവേഷണവും, പൂതേരി വളപ്പിലെ മിച്ചഭൂമി സമരവും, പൊലീസ് സിഐഡിയുടെ ജീവിതത്തിന്റെ ദുരന്തഹാസ്യവും, എല്ലാം ചിരിയുടെയും ഹാസ്യത്തിന്റെയും, സാന്ത്വനവും അകല്‍ച്ചയും സമ്മാനിച്ചുകൊണ്ട്, നോവലിന്റെ ഉപഖ്യാനങ്ങളില്‍, ജീവിതബൃഹദാഖ്യാനത്തിന്റെ കൊച്ചു കിളിവാതിലുകള്‍ തീര്‍ക്കുന്നു. 
കൊടുങ്ങല്ലൂരിനടുത്ത് വടക്കന്‍ പറവൂരില്‍ പട്ടണം എന്ന പ്രദേശത്ത് പൌരാണിക മുസ്രിസ് തുറമുഖത്തിന്റെ അവശേഷിപ്പുകളില്‍ നടത്തുന്ന ഉദ്ഖനന പ്രദേശത്തെ ഏകാന്തമായ ഒരു രാത്രിയിലാണ് പുസ്തകം ഈ ലേഖകന്‍ വായിക്കാനിടയായത്. പട്ടണം ഗവേഷകര്‍ അന്വേഷിക്കുന്ന വിഷയങ്ങളാകെ ഈ നോവലില്‍ ചര്‍ച്ച ചെയ്യുന്നല്ലോ എന്നോര്‍ത്ത്, ഗഫൂറിലെ സൂക്ഷ്മസ്വനഗ്രാഹിയായ ഭാവനയുടെ പ്രവാചകസ്വഭാവം എന്നെ അത്ഭുതപ്പെടുത്തി.

No comments:

Post a Comment